പതിനാലാം ലോകസഭാതിരഞ്ഞെടുപ്പിലെ ബി.ജെ.പി. യുടെ വൻവിജയം ഇന്ത്യയുടെ രാഷ്ട്രീയവേലിയേറ്റ ചരിത്രത്തിലെ പുതിയൊരു അദ്ധ്യായമായിരുന്നു. ആ പോരാട്ടത്തിൽ എന്നും ശക്തി തെളിയിച്ചിരുന്ന കോണ്ഗ്രറസിലെ വമ്പന്മാർ പലരും നിലംപതിച്ചു. ജനങ്ങളുടെ വിധിയിൽക്കൂടി സംഭവിച്ച ഒരു ഡൈനാസ്റ്റിയുടെ ഭരണകൈമാറ്റം ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു. ചരിത്ര വിജയമായ ഈ തിരഞ്ഞെടുപ്പിൽ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം നരേന്ദ്ര മോഡിയെ അഭിനന്ദിച്ചു. ഒബാമ അദ്ദേഹത്തെ വൈറ്റ് ഹൌസിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുമായി പരസ്പര ധാരണയില്ക്കൂടി ആഗോള പങ്കാളിത്തബന്ധം സ്ഥാപിക്കാനും മോഡിയെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ആഗ്രഹം പ്രകടിപ്പിച്ചു.
2063 ദിവസം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മോഡി എന്തുകൊണ്ടും മറ്റേതു നേതാക്കന്മാരേക്കാളും രാജ്യം ഭരിക്കാൻ യോഗ്യൻ തന്നെയാണ്. മോഡി പറയും, "നിങ്ങൾക്കെന്നെ സ്നേഹിക്കാം, വെറുക്കാം ; പക്ഷെ ഇനിമേൽ തഴയാൻ സാധിക്കില്ല". ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യണമെന്ന ചിന്തകളുമായി മാത്രം നടക്കുന്ന ഒരു ജോലി ഭ്രാന്തനാണദ്ദേഹം. വർക്ക്ഹോളിക്ക് (Workaholic) എന്ന് ഇംഗ്ലീഷിൽ പറയും. നാല് മണിക്കൂറാണ് ദിവസത്തിൽ ഉറങ്ങുന്നത്. കഴിഞ്ഞ ആറുവർഷമായി തന്റെ ഓഫീസില്നിന്നും ഒരു ദിവസംപോലും അവധിയെടുത്തില്ലെന്ന സത്യവും വിസ്മയമായി തോന്നാം. ഇനിയുള്ള നാളുകളിൽ നാം കാണുക മോഡിയുടെ ഇന്ത്യയെയാണ്. വരും നാളുകളിൽ മോഡിയുടെ സ്വപ്നം ഇന്ത്യയുടെ സ്വപ്നമായി മാറുന്ന ചരിത്ര മുഹൂർത്തങ്ങളായിരിക്കുമെന്നും കരുതാം.
നരേന്ദ്രമോഡിയെപ്പോലെ എന്തുകൊണ്ടും ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ നേതൃത്വത്തിനുള്ള എല്ലാ ഗുണങ്ങളും തികഞ്ഞ മറ്റൊരു നേതാവിനെ കണ്ടെത്തുക പ്രയാസമാണ്. ഇന്ത്യാ നയിക്കുവാൻ കരുത്തനായ നേതാവ് മോഡിയെന്നതിലും സംശയമില്ല. ഭരിക്കാൻ വേണ്ട എല്ലാ ഗവേഷണങ്ങളും ഗുജറാത്തിൽ പരീക്ഷിച്ചശേഷമാണ് അദ്ദേഹം ഇന്ത്യയുടെ അമരക്കാരനായി തലപ്പത്ത് വന്നത്. അമേരിക്കയുടെ സി.ആർ.എസ് (Congressional Research Service) റിപ്പോർട്ടനുസരിച്ച് മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്തിനെ 'അനുകരിക്കേണ്ട ഭരണകൂടമെന്നും' വിശേഷിപ്പിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ മാറ്റങ്ങൾക്കായി വാഗ്ദാനം ചെയ്യാൻ കഴിവുള്ള നേതാവ് മോഡി മാത്രമാണ്. ഒരു രാഷ്ട്രത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ പ്രായോഗിക വശങ്ങളും അദ്ദേഹം ശരിയായി പഠിച്ചിട്ടുണ്ട്. മോഡിയുടെ ഭാവിഭാരതം ഏതാനും വർഷങ്ങൾക്കുള്ളിൽ വ്യവസായവൽക്കരണം നേടിയ വ്യതസ്ത രാഷ്ട്രമായിരിക്കുമെന്നും വിദക്തർ അഭിപ്രായപ്പെടുന്നു. “നികുതി കൊടുക്കുന്നവന്റെ പണം പാഴാക്കി കളയുന്നതല്ല രാഷ്ട്രീയം. അനാവശ്യ പാഴ്ചെലവുകൾ ഇല്ലാതാക്കുമ്പോഴാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ അവബോധമുളവാകുന്നതെന്ന്" രാഷ്ട്രീയ പ്രതിയോഗികളെ മോഡി മിക്കപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്. ഗുജറാത്തല്ല ഇന്ത്യയെന്ന് പ്രതീക്ഷകൾ ഇല്ലാത്തവർ പറയും. ഗുജറാത്ത് മോഡലും ഭാരത മോഡലും പരസ്പര വിരുദ്ധമല്ല. മോഡിയുടെ ഗുജറാത്തിൽ പുതിയ തന്ത്രങ്ങളിൽക്കൂടിയുള്ള സാമ്പത്തിക പരീക്ഷണങ്ങൾ അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചത്.
അമ്മ ജീവിച്ചിരിക്കെ ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനും മോഡിക്ക് ഭാഗ്യം ലഭിച്ചു. മോഡിയെന്ന നേതാവ് രാഹൂലിനെപ്പോലെ വാരുണ്യവർഗത്തിൽ ജനിച്ചുവളർന്ന വ്യക്തിപ്രഭാവമായിരുന്നില്ല. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുവിൽ ജനങ്ങളുടെ ബാലറ്റുപ്പെട്ടികളിൽക്കൂടി ഭാരതസിംഹാസനം പിടിച്ചെടുത്തതും ഒരു സാഹസികതയുടെ വിജയമായിരുന്നു. രാഹൂലിനെപ്പോലെ കൊട്ടാരതുല്യമായ വീടുകളിൽ വളർന്ന് വെള്ളിക്കരണ്ടിയുമായ ഒരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1950 സെപ്റ്റംബർ 17 ന് ഗുജറാത്തിലെ വഡ്നാഗറിൽ ഒരു ചെറുകച്ചവടക്കാരന്റെ മകനായി ജനിച്ചു. അദ്ദേഹം ദാമോദരദാസ് മുല്ച്ചന്ദ് മോഡിയുടെയും ശ്രീമതി ഹീരാ ബെന്റെയും ആറു മക്കളിൽ മൂന്നാമനായിരുന്നു. സാധാരണക്കാരനിൽ സാധാരണക്കാരനായി എളിമയും വിനയവും ദൈവഭക്തിയുമുള്ള ഒരു കുടുംബത്തിൽ വളർന്നു. ബാല്യകാലത്തിൽ അന്നന്നത്തെ അപ്പത്തിനായി റെയിൽവേ ട്രാക്കിൽക്കൂടി ചായവിറ്റ് മാതാപിതാക്കളടങ്ങിയ സ്വന്തം കുടുംബത്തെയും സംരക്ഷിച്ചിരുന്നു. താഴെക്കിടയിലുള്ള ഒരു സമൂഹത്തിൽ ബാല്യകാലം കഴിച്ചുകൂട്ടി. നന്നേ ചെറുപ്പത്തിൽ ബാലവേല ചെയ്തുകൊണ്ട് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി സ്കൂൾ വിദ്യാഭ്യാസം നടത്തിയിരുന്നു. പത്താം വയസ്സിൽ സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ 'രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ' മീറ്റിങ്ങുകളിൽ പങ്കു ചേരുമായിരുന്നു. തുടർച്ചയായ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മോഡിയുടെ മൂന്നു വിജയങ്ങളും ഗുജറാത്തിന്റെ സാമ്പത്തിക നേട്ടങ്ങളും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തോളം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു.
വിവേകമുള്ളവൻ മോഡിയുടെ ജീവിതവഴികളെ അനുഗമിച്ച് അദ്ദേഹത്തിൽ ഒരു ആദർശപുരുഷനെ കണ്ടുപിടിക്കും. ഗുജറാത്തിന്റെ നീണ്ടകാല മുഖ്യമന്ത്രിയെന്ന നിലയിൽ അധികാരത്തിന്റെ സുവർണ്ണകലകളിൽ നല്ലവണ്ണം പ്രാവിണ്യം നേടിയിട്ടുണ്ട്. ഒരു നേതാവിനുവേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിൽ സമ്പുഷ്ടമായുണ്ട്. അതിനായി രാവുംപകലും ഒന്നുപോലെ കടന്നുവന്ന വഴികളിൽക്കൂടി കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തു. പ്രധാനമന്ത്രിപദത്തിന്റെ പടിവാതിക്കലെത്താൻ നരേന്ദ്ര മോഡി നീണ്ടയൊരു യാത്ര നടത്തേണ്ടി വന്നു. ഒരു പൈസാ പോലും പാർട്ടിഫണ്ടിൽനിന്നോ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നോ സ്വന്തം പോക്കറ്റിൽ ഇട്ടിട്ടില്ല.
ഭാരതത്തിനു വെളിയിലുള്ള രാജ്യങ്ങളിൽ മോഡിയുടെ നയങ്ങളേയും വ്യക്തിത്വത്തെപ്പറ്റിയും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണുള്ളത്. തിരഞ്ഞെടുപ്പു വേളകളിൽ അദ്ദേഹം വിദേശനയങ്ങളെപ്പറ്റി അധികമൊന്നും സംസാരിച്ചില്ല. ഇന്ത്യയിലെ വോട്ടർമാർ സാധാരണ ഗതിയിൽ അത്തരം കാര്യങ്ങൾ കാര്യമായി ഗൌനിക്കാറുമില്ല. എന്നാൽ പാരമ്പര്യമായി ബി.ജെ.പി. യെന്നും കോണ്ഗ്രസിനേക്കാൾ പാകിസ്ഥാന്റെയും കാശ്മീരിന്റെയും പ്രശ്നങ്ങൾ വരുമ്പോൾ ശക്തമായ നിലപാടാണ് എടുക്കാറുള്ളത്. വിദേശ മൂലധനം രാജ്യത്ത് സ്വരൂപിക്കാനും 'മോഡിയെക്ണോമിക്സ്' ശ്രമിക്കുമെന്ന് നിരീക്ഷകർ കരുതുന്നു. തിരഞ്ഞെടുപ്പു വേളകളിലും ഇക്കാര്യം അദ്ദേഹം ഊന്നിപ്പറയാറുണ്ടായിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫ് അദ്ദേഹത്തെ അഭിനന്ദിക്കുകയും ഹാർദ്ദമായി ആ രാജ്യം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. പുതിയ ഭരണസംവിധാനത്തിൽ രണ്ട് ന്യൂക്ലീയർ രാജ്യങ്ങൾ തമ്മിൽ വിദ്വേഷം മറന്ന് പരസ്പരം വിട്ടുവീഴ്ച്ചകളിൽക്കൂടി സമാധാനം സൃഷ്ടിക്കുമെന്നും പ്രതീക്ഷകൾ നല്കുന്നു.
ബുഷിന്റെ കാലംമുതൽ അമേരിക്കയിൽ മാറിമാറി വന്ന ഭരണകൂടങ്ങൾ മോഡിയിലെന്നും കുറ്റാരോപണങ്ങൾ നടത്തിയിട്ടേയുള്ളൂ. അമേരിക്കാ സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്ന കാലങ്ങളിലെല്ലാം അതാതുകാലത്തെ സർക്കാരുകൾ അദ്ദേഹത്തിനെന്നും വിസാ നിഷേധിക്കുകയാണുണ്ടായത്. ഗുജറാത്ത് കൂട്ടമരണങ്ങൾക്ക് പൂർണ്ണ ഉത്തരവാദിത്വം മോഡിയിൽ പഴിചാരാൻ എതിരാളികളെന്നും ശ്രമിക്കുമായിരുന്നു. ഒരു മുസ്ലിം വിരോധിയെന്ന കാഴ്ച്ചപ്പാടുണ്ടാക്കാനും ലോകം മുഴുവനുള്ള മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരുന്നു. സുപ്രീംകോടതി ഇന്ത്യയിലെ പ്രമുഖരായ നിയമജ്ഞരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയുണ്ടാക്കി ഗുജറാത്തിലെ കൂട്ടക്കൊലകളെപ്പറ്റി ഒരു അന്വേഷണം നടത്തിയിരുന്നു. മോഡിയുടെ പേരിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും കൂട്ടക്കൊലയിൽ മോഡിക്ക് യാതൊരു പങ്കില്ലെന്നും അന്വേഷണ കമ്മിറ്റി കണ്ടെത്തിയിട്ടും എതിരാളികളുടെ നാവടയ്ക്കുവാൻ സാധിച്ചില്ല.
വിദേശനയങ്ങളെക്കാളും ദേശീയമായ കാഴ്ചപ്പാടുകൾക്കാണ് കൂടുതലും നരേന്ദ്ര മോഡി പ്രാധാന്യം കൊടുത്തിരിക്കുന്നത്. 2000 മുതൽ 2010 വരെയുള്ള കാലയളവുകൾ നോക്കുകയാണെങ്കിലും ശരാശരി ഇന്ത്യയുടെ ദേശീയ വരുമാനം ഒരോ വർഷവും 9 ശതമാനം വെച്ച് കൂടുന്നുണ്ടായിരുന്നു. ജനസംഖ്യാ നിരക്ക് വർദ്ധിക്കുന്നതോടൊപ്പം ഈ കാലയളവുകളിൽ ജനങ്ങളുടെ ആളോഹരി വരുമാനവും ഇരട്ടിച്ചതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. 2013 ആയപ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴോട്ടാവുകയും വിലപ്പെരുപ്പം വർദ്ധിക്കുകയും ചെയ്തു. ആഗോള മാക്രോ ഇക്കണോമിക്സ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയേയും ബാധിച്ചുവെന്നതാണ് സത്യം. പ്രതിപക്ഷങ്ങൾ അതിൽ മുതലെടുക്കുകയും ചെയ്തു. മോഡിയുടെ വൻ വിജയത്തിനും ഇതൊരു കാരണമായി നിരീക്ഷകർ വിലയിരുത്തുന്നു. എന്നിരുന്നാലും ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞുപോയത് സാമ്പത്തികനേട്ടങ്ങളുടെ അത്ഭുതപരമ്പരകൾ സൃഷ്ടിച്ച കാലങ്ങളായിരുന്നു . എന്നാൽ 2013-14 കാലങ്ങളിൽ ദേശീയ വളർച്ച 5 ശതമാനമായി ചുരുങ്ങി. തിരഞ്ഞെടുപ്പു വേളകളിൽ രാഷ്ട്രത്തിന്റെ സാമ്പത്തിക ആന്തരികഘടകങ്ങൾക്ക് സമൂലം മാറ്റം വരുത്തുമെന്നും മോഡിയുടെ വാഗ്ദാനങ്ങളിൽ ഉണ്ടായിരുന്നു. മോഡിതരംഗങ്ങളുടെ ശുഭാബ്ദിവേളയിൽ അന്നേ ദിവസം ഇന്ത്യയിൽ ഓഹരികളുടെ വില വർദ്ധിക്കുകയും ചെയ്തു.
മോഡിയുടെ ഉദാരവല്ക്കരണ സാമ്പത്തികശാസ്ത്രം ഭാരതവും ലോകം മുഴുവനും ഇന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ നടപ്പാക്കിയപോലെ 'മോഡിസാമ്പത്തികം' ഭാരതത്തിന്റെ മറ്റു സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് വെല്ലുവിളികളായിരിക്കും. മോഡിയുടെ അജണ്ടാകൾ നടപ്പിലാക്കാൻ ഏകപാർട്ടി ഭരണസംവിധാനം കഴിഞ്ഞ 30 വർഷങ്ങൾകൂടി ഭാരതത്തിൽ നിലവിൽവന്നതും ആശ്വാസകരമാണ്. കുത്തഴിഞ്ഞ കഴിഞ്ഞകാല ഭരണസംവിധാനങ്ങളെ ഇല്ലാതാക്കി മോഡിയെന്നും പുത്തനായ മാറ്റങ്ങൾക്കായി ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു.
സത്യവും നീതിയുമുള്ള അഴിമതിരഹിതനായ രാഷ്ട്രീയക്കാരനാണ് മോഡിയെങ്കിലും അദ്ദേഹത്തിൻറെ കർമ്മരംഗങ്ങളിൽ വിമർശകർ ധാരാളമുണ്ട്. എന്നിരുന്നാലും ശതൃക്കൾപോലും അദ്ദേഹം നല്ലൊരു ഭരണാധികാരിയെന്ന് സമ്മതിക്കും. ജോലികാര്യങ്ങളിൽ കൃത്യനിഷ്ഠ പാലിക്കുന്ന വലിയ കർശനക്കാരനാണ്. സദാ ഭയത്തോടെയാണ് കൂടെയുള്ളവർ ജോലി ചെയ്യുന്നത്. ഇങ്ങനെയുള്ള വ്യക്തിഗുണങ്ങളിലും അദ്ദേഹം ചുറ്റുമുള്ള എല്ലാ ജനങ്ങൾക്കും സുസമ്മതനാണ്. വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ കഠിനാധ്വാനി വൈകാരികമായ ജനസമ്പർക്ക പരിപാടികളിൽ എന്നും പുറകോട്ടായിരുന്നു. പകരം 2001 മുതൽ ഗുജറാത്തിനു വന്നിരിക്കുന്ന നേട്ടങ്ങളാണ് അദ്ദേഹത്തിന് കൂടുതലായും പറയാനുള്ളത്. ഏതാണ്ട് 60 മില്ല്യൻ ജനങ്ങളുള്ള ഗുജറാത്ത് സംസ്ഥാനം ചൈനയോടൊപ്പംതന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകത്തക്കവണ്ണം. പുരോഗമിച്ചിട്ടുണ്ട്.
'ഗുജറാത്ത് മോഡൽ' എന്ന മോഡിപദംകൊണ്ടുദ്ദേശിക്കുന്നത് രാജ്യത്തിനുള്ളിലെ ഉപഭോഗവസ്തുക്കളുടെ ആന്തരിക ധനതത്ത്വശാസ്ത്ര പുരോഗതിയെന്നാണ്. നാഗരികത പടുത്തുയർത്തുക, അധികാര വികേന്ദ്രീകരണം നടത്തി ചുവപ്പുനാടകളെ ഇല്ലാതാക്കുക, ആഗോള വ്യവസാവൽക്കരണത്തിൽ രാജ്യത്തെ പ്രമുഖ ഗണങ്ങളിലെത്തിക്കുക മുതലായവകൾ രാഷ്ട്രപുഷ്ടിയുടെ ഘടകങ്ങളാണ്. മോഡിയുടെ പാർട്ടി തിരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം നേടിയയുടൻ ഇന്ത്യൻസ്റ്റോക്കുകൾ പതിനെട്ടു ശതമാനമുയർന്നതും മോഡിയിൽ ഇന്ത്യയുടെ സ്വപ്നങ്ങളെപ്പറ്റിയുള്ള പ്രതീക്ഷകളാണ് സ്പുരിക്കുന്നത്. ഇന്ത്യയുടെ വ്യവസായ രാജാവായ ടാറ്റായുടെ കാർനിർമ്മാണ ഫാക്ടറി ഗുജറാത്തിൽ മാറ്റപ്പെട്ടതും മോഡിയുടെ ഇടപെടൽ കാരണമായിരുന്നു.
'ഗുജറാത്ത് മോഡ'ലെന്നത് പൊലിപ്പിച്ചു പറയുന്നതെന്നും അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രതിയോഗികൾ വിമർശിക്കാറുണ്ട്. ഗുജറാത്തിലെ സാമ്പത്തിക പുരോഗതിയിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചതും ചൂണ്ടികാണിക്കുന്നു. സാധാരണക്കാരുടെ നിലവാരങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ലന്നും പറയുന്നു. സാമ്പത്തിക സുരഷിതത്വം നേടിയവർക്കുമാത്രം വിദ്യാഭ്യാസത്തിലും വ്യവസായ സംരംഭങ്ങളിലും പുരോഗതിയുണ്ടായി. ദരിദ്രർ വീണ്ടും ദരിദ്രരായ സ്ഥിതിവിശേഷമാണ് മോഡി ധനതത്ത്വശാസ്ത്രത്തിൽ ഇന്നുമവിടെ പ്രതിഫലിക്കുന്നത്. മോഡിയുടെ വിദേശകോർപ്പറേറ്റ് പദ്ധതികൾ സ്വദേശവല്ക്കരണ സാമൂഹിക വ്യവസ്ഥയെ തകിടം മറിക്കുന്നതുമൂലം രാജ്യത്തിനുള്ളിൽ വ്യവസായ അസമത്വങ്ങളും അസ്വസ്ഥതകളും അസമാധാനവും സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ പ്രതിയോഗികൾ ആരോപിക്കുന്നു. മോഡിയുടെ പദ്ധതികളിൽ ശുഭാപ്തി വിശ്വാസം കാണാതെ വലിയൊരു ജനം അതൃപ്തരായിരിക്കും. വ്യവസായസ്ഥാപനങ്ങൾക്ക് സ്ഥലം വിട്ടുകൊടുക്കാൻ ജനം സമ്മതിച്ചെന്നിരിക്കില്ല. അവിടെ സാമൂഹിക അരാജകത്വവും ഉണ്ടാകാം. ഭാരതം മുഴുവൻ വ്യവസായവൽക്കരിക്കുന്നത് പ്രയാസമുള്ള വിഷയമല്ലെന്ന് മോഡിയും കരുതുന്നു.
തീരുമാനങ്ങളെടുക്കുന്നതിൽ മോഡി പലപ്പോഴും ഏകാധിപതിയെപ്പോലെയാണ്. ആരും ചോദ്യം ചെയ്യപ്പെടാത്ത ചൈനാമോഡൽ തീരുമാനങ്ങൾ അദ്ദേഹം എടുക്കുമ്പോൾ ജനാധിപത്യ മൂല്യങ്ങളെ ബലികഴിക്കേണ്ടിയും വരുന്നു. ഓഫീസുകളിലെ ചുവപ്പുനാടകളോട് അദ്ദേഹം പറയും " ഇവിടം ബട്ടനമർത്തി ജോലി ചെയ്യുന്നവിടമല്ല, ജനങ്ങളുമായി ഒത്തൊരുമിച്ച് ജോലി ചെയ്യൂ" ഇത്തരം ചിന്തകൾ പ്രധാന മന്ത്രിയെന്ന നിലയിൽ നടപ്പാക്കുക എളുപ്പമായിരിക്കില്ല. ആ സ്ഥാനം വഹിക്കുമ്പോൾ ആയിരക്കണക്കിന് ജനങ്ങളുടെ നൂറായിരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും. മോഡിയുടെ പദ്ധതികൾപോലെ ജനാധിപത്യ ഇന്ത്യയെ ചൈനയെപ്പോലെ മാറ്റം വരുത്തുകയെന്നത് അപ്രായോഗികമാണ്. അങ്ങനെയുള്ള ചിന്താഗതികൾ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥക്ക് സമമാകും.
നരേന്ദ്ര മോഡി ഇന്ത്യയെ ശാക്തികചേരിയിലുള്ള രാഷ്ട്രങ്ങളിൽ മുമ്പനായി മാറ്റാനുള്ള സ്വപ്നത്തിലാണ്. ഉത്ഭാതനത്തിലും ശാസ്ത്ര സാങ്കേതിക വിദ്യകളിലും ഇന്ത്യ സ്വയംപര്യാപ്തി നേടണമെന്നും ആഗ്രഹിക്കുന്നു. ഭരണ സംവിധാനങ്ങളിൽ ലക്ഷ്യബോധത്തോടെയുള്ള യാത്രയായിരുന്നു എന്നുമദ്ദേഹം പിന്തുടർന്നിരുന്നത്. നൂറുകണക്കിന് ഇന്ത്യയിലെ പട്ടണങ്ങൾ നവീകരിക്കാനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഗംഗാനദിയിലെ അഴുക്കുചാലുകൾ ഇല്ലാതാക്കി വെള്ളം ശുദ്ധീകരിക്കാനും പ്രകൃതിയെ രക്ഷിക്കാനും പരിപാടിയിടുന്നു. ഗുജറാത്തിലെ അദ്ദേഹത്തിന്റെ ഭരണം പൊതുവേ അഴിമതിരഹിതമെന്ന് കണക്കാക്കുന്നു. അതേ നയം തന്നെ ഇന്ത്യാ മുഴുവനായി നടപ്പിലാക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
മോഡിയിൽ പ്രതീക്ഷകളേറെയുണ്ടെങ്കിലും വ്യക്തിപരമായ നിലയിൽ അദ്ദേഹത്തിൻറെ പുരോഗമനാശയങ്ങൾക്കെതിരെ കാർമേഘങ്ങളും പടർന്നിട്ടുണ്ട്. ഹിന്ദുത്വാ പ്രചരിപ്പിക്കുന്ന ഹിന്ദുദേശീയവാദിയെന്ന നിലയിൽ അദ്ദേഹത്തെ അറിയപ്പെടുന്നു. 2002 ലെ മുസ്ലീം കൂട്ടകൊലകളിലെ മാനഹാനി ഇന്നും അദ്ദേഹത്തിൽ പഴിചാരുന്നുണ്ട്. സുപ്രീം കോടതി, കേസുകളിൽനിന്ന് വിമുക്തനാക്കിയെങ്കിലും അതെ ചൊല്ലിയുള്ള ചോദ്യശരങ്ങൾക്ക് വ്യക്തമായ ഉത്തരം നല്കാതെ അദ്ദേഹമെന്നും നിശബ്ദത പാലിക്കുന്നതും രാഷ്ട്രീയ പ്രതിയോഗികൾ മുതലെടുത്തിരുന്നു.
എന്തെല്ലാം കുറവുകളുണ്ടെങ്കിലും നരേന്ദ്ര മോഡി നല്ലയൊരു ഭരണാധികാരിയെന്ന് പ്രതിയോഗികൾപോലും പറയും. ഇന്ന് ഗുജറാത്തിൽ മാത്രമല്ല ഭാരതം മുഴുവനും അദ്ദേഹത്തെ ജനം ആദരിക്കുന്നു. മൂന്നു പ്രാവിശ്യം ഗുജറാത്തിന്റെ മുഖ്യമന്ത്രിക്കസേര നിലനിർത്തിക്കൊണ്ട് ഏകനായ പടയാളിയെപ്പോലെ അദ്ദേഹം പൊരുതി. ഗുജറാത്തിലെ 'രാജീവ് ഗാന്ധി ഫൗണ്ടേഷൻ' ഗവേഷണമനുസരിച്ച് മോഡിയുടെ ഗുജറാത്തിനെ സാമ്പത്തിക മേഖലയിലുള്ള ഏറ്റവും അഭിവൃത്തി പ്രാപിച്ച സംസ്ഥാനമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ലോകസഭയിൽ ഒറ്റയ്ക്ക് ഭരിക്കാനും ഭൂരിപക്ഷമുള്ളതുകൊണ്ട് ശക്തമായ തീരുമാനങ്ങളെടുക്കാനും പ്രയാസമുണ്ടാവില്ല. ജനങ്ങളുടെ ക്ഷേമത്തിനായി പ്രയത്നിക്കുമ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ വിഭാഗിയ മതചിന്തകൾ കടന്നുവരാനും സാധ്യതയില്ല. മതരാഷ്ട്രീയത്തിലും മതന്യൂനപക്ഷ രാഷ്ട്രീയത്തിലും ഉപരിയായിമാത്രമേ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഇനിമേൽ ചിന്തിക്കാൻ സാധിക്കുകയുള്ളൂ.
മോഡിയും അമ്മയും |
No comments:
Post a Comment