Sunday, May 4, 2014

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ ആധുനിക സഭയുടെ പ്രവാചകൻ


By  ജോസഫ് പടന്നമാക്കൽ


വിശുദ്ധനായി  പ്രഖ്യാപനം


വത്തിക്കാനിൽ  പത്രോസിന്റെ ബസലീക്കായിൽ ഫ്രാൻസീസ് മാർപ്പാപ്പ തന്റെ മുൻഗാമികളായ മാർപ്പാപ്പാമാർ ജോണ്‍ ഇരുപത്തിമൂന്നാമനേയും ജോണ്‍ പോൾ രണ്ടാമനേയും സഭയുടെ വിശുദ്ധരായി പ്രഖ്യാപിച്ചത് ഒരു  ചരിത്രമുഹൂർത്തമായിരുന്നു. ഫ്രാൻസീസ് മാർപ്പാപ്പായെപ്പോലെ  ജോണ്‍ ഇരുപത്തിമൂന്നാമനും ജനങ്ങളുടെ മാർപ്പാപ്പായായിരുന്നു. ജോണും ലളിതമായ ജിവിതമായിരുന്നു നയിച്ചിരുന്നത്. 'ഫ്രാൻസീസ് മാർപ്പാപ്പ'യായ ബർഗോളിയുടെ വിശ്വാസം അർജന്റീനായിലെ  ഒരു സാധു ഗ്രാമത്തിൽനിന്ന് പൊട്ടിമുളച്ചെങ്കിൽ  'ജോണ്‍ ഇരുപത്തിമൂന്നാമൻ' മാർപ്പാപ്പയായ  റോങ്കല്ലിയുടെ വിശ്വാസം വളർന്നത്‌ വടക്കേ ഇറ്റലിയിലെ ഒരു സാധു കർഷകകുടുംബത്തിൽ നിന്നായിരുന്നു.  വിദൂരങ്ങളായ  ഭൂഖണ്ഡങ്ങൾ കടന്ന്,  വ്യത്യസ്തങ്ങളായ  സംസ്ക്കാരങ്ങളുള്ള   രാജ്യങ്ങളിൽനിന്ന് ഒരേ ചിന്താഗതിയോടെ രണ്ടു ബുദ്ധിജീവികളെ സഭയ്ക്ക് ലഭിച്ചതും ദൈവകൃപ തന്നെയാണ്. ജോണിനെ ചരിത്രത്തിലെ നല്ലവനായ മാർപ്പായായി കാണുന്നു. അതേ പ്രതിഫലനമാണ് ഫ്രാൻസീസ് മാർപ്പാപ്പയും. ജോണിനെപ്പോലെ ആരെക്കണ്ടാലും ഫ്രാൻസീസും  സൗഹാർദ്ദത്തിന്റെ പ്രതീകമായ  ഹസ്ത ദാനം നല്കുന്നു. രണ്ടുപേരുടെയും കൂട്ടുകാർ സമൂഹത്തിന്റെ താഴെക്കിടയിലുള്ള സാധാരണക്കാരും. "എന്റെ ജനം സാധുക്കളാണ്, ഞാൻ അവരിൽ ഒരുവനെന്ന് ബെർഗോളി പറഞ്ഞപ്പോൾ ഇറ്റലിയിലെ പാവപ്പെട്ട കർഷകരുടെയിടയിൽ വളർന്ന കഥയും റോങ്കല്ലി പറയുമായിരുന്നു. ലളിതമായ കുടുംബപശ്ചാത്തലത്തിൽ വളർന്ന  ജോണ്‍ മാർപ്പാപ്പയെപ്പോലെ സാധുക്കളോടൊപ്പം വളർന്ന ഫ്രാൻസീസും അഭിമാനിയാണ്‌.   ക്രിസ്തുവിന്റെ പ്രേഷിത ചൈതന്യത്തിൽ  ആവേശഭരിതനായി  ജോണിനെപ്പോലെ  കുഞ്ഞുങ്ങളെ  താലോലിച്ചുകൊണ്ട് ഫ്രാന്സീസും ഉമ്മ വെയ്ക്കുന്നു.

പത്രോസിന്റെ സിംഹാസനത്തിൽ   അഞ്ചു വർഷം  മാത്രമിരുന്ന്  സഭയെ നയിച്ച  'അഞ്ചെല്ലോ റോങ്കല്ലിയെന്ന' ജോണ്‍ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പാ  കോടാനുകോടി ജനങ്ങളുടെ പ്രിയപ്പെട്ട മാർപ്പാപ്പയായിരുന്നു.  ആ മഹാനെ ക്രൈസ്തവരും  അക്രൈസ്തവരും  ഒന്നുപോലെ  ആദരിച്ചിരുന്നു. ജോണ്‍ ഇരുപത്തി മൂന്നാമന്റെ ജീവിതകഥ അനുകരണീയമായ ഒരു സത്യ ക്രിസ്ത്യാനിയുടെതാണ്.  1958 ഒക്ടോബർ ഇരുപത്തിയെട്ടാം തിയതി സെന്റ്‌. പീറ്റേഴ്സ് ബസ്സലീക്കായിൽ  തടിച്ചു കൂടിയ ജനത്തോടായി അദ്ദേഹം പറഞ്ഞു, "നിങ്ങളെന്നെ ജോണെന്ന് വിളിക്കൂ, 77 വയസുള്ള വൃദ്ധനായ ഞാൻ ഒരിക്കൽ ഒരു സാധാരണ കൃഷിക്കാരന്റെ മകനായിരുന്നു."  ഈ കൃഷിപുത്രൻ താല്ക്കാലിക മാർപ്പാപ്പയെന്നും  ജനം വിചാരിച്ചു.  രണ്ടാം വത്തിക്കാൻ കൌണ്‍സിൽ വിളിച്ചുകൂട്ടിയ മഹത്വത്തിൽ   സർവ്വ ലോകത്തെയും വിസ്മയിപ്പിച്ചുകൊണ്ട്‌ മഹാനായ മാർപ്പാപ്പായായി അദ്ദേഹത്തെ ചരിത്രം   ആദരിക്കുന്നു. അഞ്ചു വർഷത്തോളം നീണ്ടുനിന്ന സുനഹദോസ് ആ മഹാന്റെ മരണത്തിനും  സാക്ഷിയായിരുന്നു.  അകത്തോലിക്കർക്കും  അക്രൈസ്തവർക്കും  ഒരുപോലെ വാതിൽ തുറന്നുകൊടുത്തുകൊണ്ട് സഭയെ നൂതന ചിന്താഗതികളിൽ ഉയർത്തണമെന്നായിരുന്നു അദ്ദേഹത്തിൻറെ ലക്‌ഷ്യം. ദൗർഭാഗ്യവശാൽ പിന്നീടുവന്ന യാഥാസ്ഥിതികരായ മാർപ്പാപ്പാമാർ സഭയെ ഇരുന്നൂറുകൊല്ലം കൂടി പുറകോട്ടാക്കിയെന്നതും ദുഖകരമായ ഒരു ചരിത്ര സത്യമാണ്.

മലമുകളിൽനിന്ന്  വ്യത്യസ്ത നദികളിലേക്കൊഴുകിക്കൊണ്ടിരിക്കുന്ന ശ്രോതസുകളെ വേർപെടുത്തുന്ന   മാർഗരേഖയായി  രണ്ടാം വത്തിക്കാൻ സുനഹദോസിനെ അറിയപ്പെടുന്നു. ലാറ്റിൻ കുർബാനകളെ  അതാതു ദേശങ്ങളിലെ  ഭാഷകളിലാക്കി തർജിമ ചെയ്ത്  അചാരാനുഷ്ടാനങ്ങളുടെ ഭാഗമാക്കി. പ്രാർത്ഥനകളെയും കുർബാനയേയും  ഹൃദയങ്ങളുടെ ഭാഷയായി അദ്ദേഹം ഗൌനിച്ചിരുന്നു. സർവ്വലോക രാജ്യങ്ങളിലെ ജനവികാരങ്ങളെ മാനിച്ച് ശ്ലൈഹികകാലത്തെപ്പോലെ ക്രിസ്ത്യൻ ഐക്യം പുനസ്ഥാപിക്കുകയെന്നതും സുനഹദോസിൻറെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. മറ്റുള്ള മതങ്ങളുമായി സൗഹാർദ്ദബന്ധം പുനസ്ഥാപിച്ച്  സർവ്വലോക  മൈത്രിയുണ്ടാക്കുവാനും സുനഹദോസിന്റെ  അജണ്ടായിലുണ്ടായിരുന്നു. ക്രിസ്തുനാഥന്റെ മരണത്തിൽ  കാരണക്കാരെന്ന് പഴിചാരി നൂറ്റാണ്ടുകളായി  യഹൂദരും ക്രിസ്ത്യാനികളും  തമ്മിലുണ്ടായിരുന്ന   വിള്ളലുകൾ  ഇല്ലാതാക്കിക്കൊണ്ട്  യഹൂദ ജനതയ്ക്ക് ക്രിസ്തുവിന്റെ മരണത്തിൽ പങ്കില്ലെന്നും  സുനഹദോസ് പ്രഖ്യാപിച്ചു.

1958 ഒക്റ്റോബർ ഇരുപതാം തിയതി റോങ്കല്ലിയെ മാർപ്പാപ്പായായി കർദ്ദിനാൾ സംഘം തെരഞ്ഞെടുക്കുമ്പോൾ ഈ എഴുപത്തിയാറുകാരനെ ഒരു താല്ക്കാലിക മാർപ്പാപ്പായായി മാത്രമേ ജനം  കരുതിയുള്ളൂ. മറ്റൊരു മാർപാപ്പയെ വിവേകപൂർവ്വം തെരഞ്ഞെടുക്കാനുള്ള  സമയ പരിധിക്കായും അന്ന് ജോണ്‍ മാർപ്പാപ്പയെ വിലയിരുത്തി.  എന്നാൽ,  പരസ്പര വിരുദ്ധമായി  വിചാരങ്ങൾക്കുമപ്പുറം  ചരിത്രം  മഹാനായ ഒരു  മാർപ്പാപ്പയെ കണ്ടെത്തി.  ക്രിസ്തുവിന്റെ  പ്രിയപ്പെട്ട ശിക്ഷ്യനായ ജോണെന്ന നാമം അദ്ദേഹമന്നു  സ്വീകരിച്ചു. മാത്രവുമല്ല ജോണ്‍ എന്ന പേരുകാരായ മാർപാപ്പാമാർ  ചുരുങ്ങിയ കാലങ്ങളേ  സഭയെ ഭരിച്ചിരുന്നുള്ളൂ. 

പതിമൂന്നു മക്കളുള്ള ഒരു കുടുംബത്തിൽ മൂന്നാമനായി അഞ്ചെല്ലോ റോങ്കല്ലി  1881 നവമ്പർ 25 തിയതി വടക്കേ ഇറ്റലിയിലുള്ള സോട്ടോ ഇൽ മോണ്ടെ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ജിയോവന്നി ബാറ്റിസ്റ്റ റോങ്കല്ലിയും മാതാവ് മരിയന്ന ജൂലിയാ മസ്സോല്ലായുമായിരുന്നു. പാരമ്പര്യമനുസരിച്ച് അദ്ദേഹത്തിൻറെത് ഉന്നതകുല കുടുംബമായിരുന്നു.  ക്ഷയിച്ചുപോയ പ്രഭു കുടുംബത്തിലെ കഷ്ടപ്പെടുന്ന  ദരിദ്രനായിട്ടായിരുന്നു   റോങ്കല്ലി വളർന്നത്‌. അദ്ദേഹത്തിന്റെ കുടുംബം കൃഷിയിൽ നിന്നായിരുന്നു ഉപജീവനം നടത്തിയിരുന്നത്. പന്ത്രണ്ടാം വയസ്സിൽ ബെർഗാമോയിൽ രൂപതാ വക സെമിനാരിയിൽ പഠനം ആരംഭിച്ചു. അവിടെ  സാമൂഹിക  കാഴ്ചപ്പാടുള്ള  ഇറ്റാലിയൻ നേതാക്കന്മാരുടെ ആശയങ്ങളെ ചിന്തിക്കാനും  പഠിക്കാനും  തുടങ്ങി. റോമിലുള്ള  സെമിനാരിയിൽ സ്കോളർഷിപ്പ് സഹിതം പഠനമാരംഭിച്ചു.  ഇടയ്ക്കുവെച്ച് പഠനം നിർത്തി  പട്ടാളസേവനത്തിനായി പോവേണ്ടി വന്നു.   ഒരു വർഷം അവിടെ സേവനം ചെയ്തു.  വീണ്ടും  സെമിനാരിയിൽ മടങ്ങി വന്ന് ദൈവശാസ്ത്രത്തിൽ  ഡോക്ടറെററ്ബിരുദത്തിന് പഠനം ആരംഭിച്ചു.

1904 ആഗസ്റ്റ് പത്താം തിയതി കർഷക പുത്രനായ റോങ്കല്ലി വൈദിക  പട്ടമേറ്റു. ബെർഗാമൊയിൽ അന്ന് പുതിയതായി വന്ന ബിഷപ്പിന്റെ സെക്രട്ടറിയായി നിയമിതനായി. അദ്ദേഹവുമൊത്ത് സാമൂഹിക  പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങളും ക്ഷേമങ്ങളും മനസിലാക്കി പ്രവർത്തിച്ചു. കൂടാതെ അദ്ദേഹം രൂപതാവക സെമിനാരിയിലും പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ അദ്ദേഹത്തെ വീണ്ടും പട്ടാളത്തിലേക്ക് വിളിച്ചു. അവിടെ മെഡിക്കൽ ചാപ്ലയിനായി സേവനം ചെയ്തു. യുദ്ധത്തിനുശേഷം അദ്ദേഹത്തെ സെമിനാരിയുടെ ആദ്ധ്യാത്മിക ഡിറക്റ്ററായി നിയമിച്ചു. 1921 ൽ ബനഡിക്റ്റ്  പതിനഞ്ചാമൻ മാർപ്പാപ്പാ അദ്ദേഹത്തെ റോമിലേക്ക് വിളിച്ച് വേദപ്രചാര വിശ്വാസസമൂഹങ്ങളുടെ ഡിറക്റ്ററായി ചുമതലകൾ കൊടുത്തു.   

റോങ്കല്ലി  1925-ൽ ബൾഗേറിയായിൽ   ആർച്ച് ബിഷപ്പായിട്ട്  അഭിഷിക്തനായി. അവിടെ തലസ്ഥാന നഗരമായ സോഫിയായിൽ പൌരസ്ത്യറീത്ത്  സഭകളുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു. 1934-ൽ  ടർക്കിയിലും ഗ്രീസിലും സേവനം ചെയ്തു.  അക്കാലത്ത് കെമാൽ അതാതുർക്ക് എന്ന ഭരണാധികാരി ക്രിസ്ത്യൻ സഭകളോട് ശത്രുത പുലർത്തുന്ന കാലവും. ഇസ്റ്റാംബുളിൽ നയതന്ത്രങ്ങളിൽക്കൂടി  അദ്ദേഹത്തിന് ദേശീയ നേതാക്കന്മാരുമായി  മത സൌഹാർദ്ദം പുലർത്താനും  സാധിച്ചു. അന്നവിടെ ആർച്ച് ബിഷപ്പായ റോങ്കല്ലി  ടർക്കിഷ് ഭാഷയിൽ ആരാധന ക്രമം നടപ്പിലാക്കി.  കൂടാതെ ടർക്കിയുടെ പ്രസിദ്ധനായ  രാഷ്ട്രതന്ത്രജ്ഞനായും അറിയപ്പെട്ടു.  ഓർത്തഡോക്സ് സഭകളുമായി മൈത്രിയുമുണ്ടാക്കി. 1939- ൽ  ഓർത്തോഡോക്സ് സഭകളുടെ അധിപൻ ബഞ്ചമിൻ പാത്രിയാക്കീസുമായി സൗഹാർദ്ദ ബന്ധം സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹം ഇസ്റ്റാം ബുളിലായിരുന്നു. യഹൂദരെ  നാസികളുടെ പീഡനങ്ങളിൽ നിന്നും രക്ഷിക്കാൻ അവരെ ഒളി സങ്കേതങ്ങളിൽ പാർപ്പിച്ചും  മരണക്കുടുക്കിൽനിന്ന് രക്ഷപ്പെടുത്തിയും സഹായിച്ചിരുന്നു. നാസികളുടെ അധീനതയിലായിരുന്ന ഗ്രീസിൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾക്ക് കാര്യമായ ഫലമൊന്നും ലഭിച്ചില്ല. 1944-ൽ അദ്ദേഹത്തിന് 64 വയസുള്ളപ്പോൾ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ  പാരീസിൽ  അംബാസഡർ പദവിയുള്ള  നുണ്‍ഷിയോയായി നിയമിച്ചു. അവിടെ  യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിച്ചും ശുശ്രൂഷിച്ചും   കർമ്മരംഗങ്ങളിൽ മുമ്പിൽ തന്നെയുണ്ടായിരുന്നു. അതിനായി പട്ടണങ്ങൾതോറും  നീണ്ട യാത്രകളും നടത്തിയിരുന്നു.  

എഴുപത്തിരണ്ടാം വയസ്സിൽ  പന്ത്രണ്ടാം പീയൂസ് മാർപാപ്പാ അദ്ദേഹത്തെ  കർദ്ദിനാളായി വാഴിച്ചു. വെനീസിലെ 'പാട്രിയാ' എന്ന നിലയിൽ ബൃഹത്തായ  ഒരു രൂപതയുടെ ഭരണാധികാര ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തു. അവിടെ അദ്ദേഹം ജനങ്ങളുടെ പ്രിയങ്കരനായ കർദ്ദിനാളുമായിരുന്നു. ഇടവകകൾ കൂടെ കൂടെ സന്ദർശിക്കുകയും സാധാരണക്കാരുമായി ഇടപെടുകയും തൊഴിലാളികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പാവങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ ഉത്സിതനായി   മനസ് നിറയെ സന്തോഷിച്ചിരുന്നു. പുതിയ ഇടവകകൾ സ്ഥാപിക്കുന്നതിനൊപ്പം ദരിദ്രരും കഷ്ടപ്പെടുന്നവരുമായ ജനതകളുമായി  സാമൂഹിക ബന്ധങ്ങൾ  അരക്കിട്ടുറപ്പിച്ചിരുന്നു. അവരുടെ  ദുഃഖങ്ങളിൽ  എന്നുമദ്ദേഹം പങ്കുചേർന്നിരുന്നു.  

1958 ൽ പന്ത്രണ്ടാം പീയൂസ് മരിച്ചപ്പോൾ അദ്ദേഹത്തെ മാർപ്പാപ്പായായി തെരഞ്ഞെടുത്തു.  എഴുപത്തിയേഴുകാരനായ ഈ വയോവൃദ്ധൻ  ലോകത്തെ  വിസ്മയിപ്പിച്ചുകൊണ്ട്  ചരിത്രത്തിലെ  വിഖ്യാതനായ മാർപ്പാപ്പയായി  അറിയപ്പെടാൻ തുടങ്ങി.   മാറ്റത്തിന്റെതായ സഭയുടെ നവോത്വാന ചൈതന്യം അദ്ദേഹത്തിൽക്കൂടി  ആഞ്ഞടിച്ചുകൊണ്ടിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നും കർദ്ദിനാൾമാരെ വാഴിച്ച്, വിപുലീകരിച്ച് ഇറ്റലിക്കാരുടെ കുത്തകയായിരുന്ന കർദ്ദിനാൾ കോളേജിനെ   ആഗോള നിലവാരമുള്ളതാക്കി. രണ്ടാം  വത്തിക്കാൻ സുനഹദോസ് വിളിച്ചുകൂട്ടി കാനോൻ നിയമങ്ങൾ പരിഷ്ക്കരിച്ചു.  സഭയുടെ തത്ത്വങ്ങൾക്കും പഠനങ്ങൾക്കും നവമായ ഒരു ജീവിതം പകർന്നു കൊടുത്തു.  പിരിഞ്ഞു പോയ ക്രിസ്ത്യൻ സമൂഹങ്ങളെ ഒന്നാക്കി യേശുവിൻറെ  ചൈതന്യം ഉത്തേജിപ്പിക്കുകയെന്നത്  പരമമായ ലക്ഷ്യമായിരുന്നു.  മാർപാപ്പായെ മാത്രം അനുസരിച്ചുകൊണ്ടുള്ള  സഭയല്ലാതെ തുറന്ന ചർച്ചകളായിരുന്നു വത്തിക്കാൻ കൌണ്‍സിലിൽ   മുഴങ്ങി കേട്ടിരുന്നത്.  പ്രോട്ടസ്റ്റന്റ് സഭയിലെ നേതാക്കന്മാരും  നിരീക്ഷകരായി ഉണ്ടായിരുന്നു. 

സഭയിലെ യാഥാസ്ഥിതികരായ കർദ്ദിനാൾമാർ ജോണ്‍ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പായുടെ  നീക്കങ്ങളെ  ശക്തിയായി  എതിർക്കുന്നുമുണ്ടായിരുന്നു. സഭയെ നവീകരിക്കാനുള്ള  മാർപ്പാപ്പായുടെ മനോവിശാലതയിൽ ഭീതിയോടെ    യാഥാസ്ഥിതികനായ 'കർദ്ദിനാൾ ഒട്ടവാനി '  മാർപാപ്പായോട് പറഞ്ഞു, "പാപ്പാ,  പ്രൊട്ടസ്റ്റന്റു  വിഭാഗക്കാർ മതനിന്ദകരാണ്. അവരോടുള്ള ഒത്തുതീർപ്പുകൾ  സഭയ്ക്ക് ഉപദ്രവം ചെയ്യും."  സ്നേഹാദരവകളോടെ   മാർപ്പാപ്പാ  ഒട്ടവാനിയെ നോക്കി മറുപടി പറഞ്ഞു, " ഇല്ല  മകനേ അവർ മതനിന്ദകരെന്നു  മാത്രം പറയരുത്, ദൈവത്തിലൊന്നായ നമ്മിൽനിന്ന്  പിരിഞ്ഞുപോയ സഹോദരങ്ങളാണവർ. ഒട്ടവാനി വീണ്ടും  പറഞ്ഞു, "അല്ല  പാപ്പാ, അവർ പിശാചുക്കളുടെ സമൂഹമാണ്. വിഷമായ സർപ്പങ്ങളാണ്'.   മാർപ്പാപ്പാ  ഒട്ടവാനിയോടായി , 'പ്രിയപ്പെട്ടവനേ അങ്ങനെ പറയരുത്, അവർ പിരിഞ്ഞു പോയ മാലാഖമാരെന്നു പറയൂ" !

ജോണ്‍ ഇരുപത്തി മൂന്നാമൻ മാർപ്പാപ്പ റോമിലെ ബിഷപ്പെന്നതിലുപരി   രൂപതയെ പരിപാലിക്കുന്നതിനൊപ്പം ഹോസ്പിറ്റിലുകളും ജയിലുകളും  സ്കൂളുകളും സന്ദർശിക്കുവാനും സമയം കണ്ടെത്തിയിരുന്നു.   റോമിലെ റെജീന ജയിലിൽ മാർപ്പാപ്പാ സന്ദർശിച്ചപ്പോൾ അവിടെ വസിക്കുന്നവരോട് പറഞ്ഞു, "നിങ്ങൾക്ക് എന്റെ പക്കൽ വരാൻ കഴിയില്ല, അതുകൊണ്ട് ഞാൻ നിങ്ങളുടെ സമീപം വരുന്നു"

രണ്ടാം വത്തിക്കാൻ കൌണ്‍സിൽ ആരംഭിച്ചത് 1962 ഒക്ടോബർ പതിനൊന്നാം തിയതിയായിരുന്നു. മാർപ്പാപ്പയുടെ  പൂനിലാവത്തുള്ള   അന്നത്തെ രാത്രിയിലെ 'ചന്ദ്രനിലെ പ്രഭാഷണം'  (the Sermon on the moon)  എന്ന പ്രസംഗം   ചരിത്ര പ്രസിദ്ധമാണ്.  രണ്ടാം വത്തിക്കാൻ  കൌണ്‍‍സിലിന്റെ  ആദ്യദിനം  സെന്റ്‌. പീറ്റേഴ്സ്  ബസലീക്കായിൽ ജനം തിങ്ങിക്കൂടിയിരുന്ന വേളയിൽ ചന്ദ്രപ്രഭയെ നോക്കി മാർപ്പാപ്പയന്ന്   പ്രഭാഷണമാരംഭിച്ചു. പ്രസംഗം  ലളിതവും കാവ്യാത്മകവും മാധുര്യമേറിയതുമായിരുന്നു. ക്രൈസ്തവ മൂല്യങ്ങളെ ഒന്നായി കാണുവാനുള്ള  സന്ദേശമായിരുന്നു പ്രസംഗത്തിൽ മുഴങ്ങി കേട്ടത്. വിശ്വാസികളും അവിശ്വാസികളും തിങ്ങിക്കൂടിയിരുന്ന  വേളയിൽ   ചന്ദ്രനെ നോക്കിക്കൊണ്ടായിരുന്നു അവരെയന്ന്  ജോണ്‍ മാർപ്പാപ്പാ  അഭിവാദ്യം ചെയ്തത്.

"പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഞാനിന്ന്  നിങ്ങളുടെ ശബ്ദം  ശ്രവിക്കുന്നു.  എന്റേത് ഒരു നാവിൽനിന്നു വരുന്ന ഒരു ശബ്ദം മാത്രം. എന്നാൽ ഈ   ശബ്ദം ലോകത്തിന്റെ ശബ്ദമായി ചുരുങ്ങിയിരിക്കുന്നു.  ലോകമാകമാനമുള്ള ജനത്തെ   ഇവിടെയിന്നു   പ്രതിനിധികരിച്ചിരിക്കുന്നതും കാണാം.  പൂനിലാവുള്ള ഇന്നത്തെ രാത്രിയിൽ  എന്റെ നിഴലുകൾക്കൊപ്പം   ആകാശത്തിലെ   ചന്ദ്രൻപോലും  ഇന്നത്തെ നമ്മുടെ പരിപാടികൾ കാണാൻ  മുമ്പോട്ടു കുതിക്കുന്നുവെന്നും   പറയാൻ കഴിയും. നാനൂറു വർഷം  ചരിത്രമുള്ള   സെന്റ് പീറ്റർ ബസ്ലിക്കാപോലും അചിന്തനമായ ഒരു  മുഹൂർത്തത്തിന് മുമ്പോരുകാലത്തും  ഇങ്ങനെ  സാക്ഷിയായിട്ടില്ല. ഞാനെന്ന വ്യക്തി ഇവിടെ ഒന്നുമല്ല. സംസാരിക്കുന്നത് നിങ്ങളുടെ സഹോദരനാണ്. ദൈവത്തിന്റെ കൃപയാൽ ഞാനൊരു പുരോഹിതനായി.  പൌരാഹിത്യവും   ദൈവത്തിന്റെ കൃപയും ഞാനും നിങ്ങളുമെന്ന സാഹോദര്യബന്ധവും ഒന്നായികണ്ട്  സായംസന്ധ്യയുടെ ഇന്നത്തെ മുഖമുദ്രയായി  ഭവിക്കട്ടെയെന്നും  ആശംസിക്കുന്നു. നമ്മിലുള്ള മനസിലെ പൂജാദികളോടെ അവിടുത്തെ മഹത്വം വാഴ്ത്തപ്പെടട്ടെ. സമസ്ത ലോകത്തിന്റെ അടിയുറച്ച  സാഹോദര്യത്തിൽ   ഞാനെന്നും  വിശ്വസിച്ചിരുന്നു.  ആകാശത്തിനു മുമ്പിൽ,  നമുക്കു ചുറ്റുമായ   പ്രപഞ്ചത്തിനു മുമ്പിൽ    ദൈവസ്നേഹത്തെയും  വിശ്വാസത്തെയും സഹോദര്യ സ്നേഹത്തെയും പരോപകാര  മനസിനെയും  വിലമതിക്കാം.  പ്രതീക്ഷകളാണ് നമ്മെ  മുമ്പൊട്ട് നയിക്കുന്നത്.  ഭവനങ്ങളിലേക്ക്  മടങ്ങിപ്പോവുമ്പോൾ  നിങ്ങളുടെ ഓമനിക്കുന്ന കുഞ്ഞുങ്ങളെ കാണില്ലേ !.  നിങ്ങളുടെ പാപ്പായും   കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുവെന്ന് അവരോട് പറയൂ. നിങ്ങൾ  ഒരു  പക്ഷെ ഉണങ്ങാത്ത കണ്ണുനീർ  അവരിൽ കണ്ടേക്കാം. ദുഖത്തിലും ദുരിതത്തിലും  പാപ്പായായ ഞാനും അവരോടൊപ്പമുണ്ടെന്നു  പറയൂ! പൊഴിഞ്ഞുപോയ  കാലങ്ങളെ  വിസ്മരിച്ച്  സത്യത്തിന്റെ മേൽക്കൂരയിൽ  പണിയുന്ന ഞാനുൾപ്പെട്ട നമ്മുടെ സഭ ഇനിമേൽ  എന്റെയും നിങ്ങളുടെതുമായിരിക്കും. വിശ്വസിക്കുന്നവരുടെ മദ്ധ്യേ  ഞാൻ പാപ്പായും ഉണ്ടായിരിക്കും. ഈ സുനഹദോസിന്റെ   ലക്ഷ്യവും വേദനിക്കുന്നവരുടെ  കഴിഞ്ഞകാല മുറിവുകളെ ഉണക്കാൻകൂടിയുമാണ്"

ജോണ്‍ ഇരുപത്തി മൂന്നാമന്റെ മനസ്സ് മിക്കപ്പോഴും  ഒരു തത്ത്വ ചിന്തകനെപ്പോലെയായിരുന്നു. അദ്ദേഹം പറയുമായിരുന്നു,  "പണ്ഡിതനോ പാമരനോ, കുബേരനോ ആരാണെങ്കിലും   സമാധാനമില്ലെങ്കിൽ ജീവിതത്തിന്റെ അർത്ഥമെന്ത്? ഒരപ്പന് മക്കളെ ലഭിക്കുക സുഗമമാണ്. എന്നാൽ  മാതൃകാപരമായ ഒരപ്പനെ മക്കൾക്ക് ലഭിക്കുക ദുഷ്ക്കരവുമാണ്.  മനുഷ്യനെന്ന് പറയുന്നത് വീഞ്ഞിനു തുല്ല്യം. പഴകുംതോറും അതിന്റെ വീര്യം കൂടി ഉത്തമ വീഞ്ഞാകും. കുറെ മനുഷ്യർ വിന്നാഗിരിയായി മാറുന്നു.  പഴകിയ വീഞ്ഞുപോലെയാണ്‌ പഴക്കം ചെന്ന മനുഷ്യരും. അതിൽ നന്മയുടെ സത്ത കണ്ടെത്തണം.  ചെറിയവനെന്നുള്ള എന്റെ വിചാരങ്ങളും ഒന്നുമല്ലാത്തവനെന്ന തോന്നലും എന്നെ  നന്മകളുടെ  കൂടപിറപ്പുകളാക്കിയിരുന്നു". മാർപ്പാപ്പാ ഒരു ഫലിതപ്രിയനുമായിരുന്നു. "രാത്രി കാലങ്ങളിൽ കൂടെ കൂടെ അർദ്ധ ബോധാവസ്ഥയിൽ ഞാനുണരാറുണ്ട്. സഭയുടെ സുപ്രധാനമായ നീറുന്ന പ്രശ്നങ്ങൾ മാർപ്പായോട് പറയണമെന്നും ചിന്തിക്കും. സുപ്രഭാതത്തിൽ ഉണരുമ്പോൾ ഞാൻ തന്നെ മാർപ്പാപ്പയെന്ന് തിരിച്ചറിയുന്നു." " ഒരിക്കൽ ഒരു കുട്ടിയോടു പറഞ്ഞൂ, "മോനെ ആർക്കും മാർപ്പാപ്പായാകാൻ കഴിയും. ഞാനതിനൊരു തെളിവാണ്." തന്റെ മരണത്തെപ്പറ്റിയും  കൂടെ കൂടെ അദ്ദേഹം പറയുമായിരുന്നു. "എന്റെ വഴികളിലെ  യാത്ര അവസാനിക്കാറായി. സഞ്ചരിച്ചിരുന്ന  പാത ഇനി മുമ്പോട്ടില്ല. എങ്കിലും നോക്കൂ, ഞാനിപ്പോൾ നില്ക്കുന്നത് വാരികൂട്ടിയിരിക്കുന്ന ഒരു കച്ചികൂമ്പാരത്തിന്റെ മുകളിലാണ്. അടുത്തടുത്തു വരുന്ന എന്റെ മരണം പടിപടിയായി പിന്തുടരാൻ എനിക്ക് കഴിയുന്നു. എന്റെയവസാനം മൃദുലമായി നീങ്ങുകയും ചെയ്യുന്നു."

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറലായിരുന്ന ചക്രവർത്തി രാജഗോപാലാചാരി   ജോണ്‍ മാർപ്പാപ്പയെ സന്ദർശിച്ച വേളയിൽ 'മഹാനായ ഗാന്ധിജിയുടെ നാട്ടിൽനിന്നും വരുന്ന അങ്ങേയ്ക്ക് സ്വാഗതം' എന്നു പറഞ്ഞായിരുന്നു മാർപ്പാപ്പ  അദ്ദേഹത്തിന് ഹസ്തദാനം നല്കിയത്. 'മരിച്ചുപോയ എന്റെ പിതാവിനെ കണ്ട പ്രതീതിയായിരുന്നു മാർപ്പാപ്പയുമായി അന്നത്തെ കൂടികാഴ്ചയെന്ന്' രാജഗോപാലാചാരി മരിക്കുവോളം പറയുമായിരുന്നു. ‍

1963 ജൂണ്‍ മൂന്നാം തിയതി, എണ്‍പത്തിയൊന്നാം വയസ്സിൽ ജോണ്‍ മാർപ്പാപ്പ   ലോകത്തോട്‌ യാത്ര പറഞ്ഞു. സഭയുടെ ചരിത്ര താളുകളിൽ  പുതിയൊരു അദ്ധ്യായം കുറിച്ചുകൊണ്ടാണ് ജോണ്‍ ഇരുപത്തിമൂന്നാമൻ  വിശുദ്ധ പദവിയിൽ എത്തിയിരിക്കുന്നത് . ലോകമുള്ളടത്തോളം കാലം രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ ചൈതന്യം  വിശുദ്ധനിൽ  എന്നും തെളിഞ്ഞു നില്ക്കും. ഒരു പ്രവാചകന്റെ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിൽ പ്രകാശിതമായിരുന്നത്.  സത്യവും ധർമ്മവും  നിലനിർത്തി  നന്മയുടെ പ്രവാചകനായി യേശുവിന്റെ വചനങ്ങൾ പ്രചരിപ്പിക്കാനുള്ള  തീവ്രമായ  ഉള്ക്കാഴ്ച  അന്ത്യനാളുകൾവരെയും അദ്ദേഹം പുലർത്തിയിരുന്നു.  മഹാനായ ഒരു പുരോഹിതനെ വിശുദ്ധ ഗണങ്ങളിൽ ഉൾപ്പെടുത്തിയതിൽ സഭയ്ക്കെന്നും അഭിമാനിക്കുകയും ചെയ്യാം.




 മാർപ്പാപ്പയുമായി  പ്രസിഡണ്ട്‌ ഐസനോവർ (1959)

 2001 ലെ ഭൌതിക ശരീര പ്രദക്ഷിണം.
 



ബാലനായ റോങ്കല്ലി


യുവാവായ റോങ്കല്ലി


മാർപ്പാപ്പായായി  എഴുന്നള്ളത്ത് 

ബെല്ജിയം രാജാവിന്റെയും രാജ്ഞിയുടെയും നടുവിൽ 
 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...