Friday, May 9, 2014

മദ്ധ്യകേരള മഹായിടവക ബിഷപ്പ് തോമസ്‌ കെ ഉമ്മനും സി.എസ.ഐ. യുടെ ചരിത്രവും, അവലോകനം

By ജോസഫ്‌ പടന്നമാക്കൽ


റവ. ബിഷപ്പ് തോമസ്‌ കെ ഉമ്മൻ 1953 നവംബർ, ഇരുപത്തിയൊമ്പതാം തിയതി ആലപ്പുഴ ജില്ലയിലുള്ള തലവടിയിൽ പരേതരായ കെ.സി.ഉമ്മന്റെയും മറിയാമ്മയുടെയും മകനായി ഒരു കൃഷി കുടുംബത്തിൽ ജനിച്ചു. തലവടിയിൽ  ഇദ്ദേഹത്തിന്റെ കുടുംബം തലമുറകളായി  കാഞ്ഞിരപ്പള്ളിയെന്ന വീട്ടുപേരിൽ അറിയപ്പെടുന്നു. തലവടിക്കരയിലുള്ള നൂറുകണക്കിന് കാഞ്ഞിരപ്പള്ളി കുടുംബങ്ങളിൽ  കത്തോലിക്കാ, യാക്കൊബാ, ഓർത്തോഡോക്സ്, സി.എസ.ഐ. എന്നിങ്ങനെ എല്ലാ സഭാ വിഭാഗക്കാരെയും കാണാം.


പൂർവികരെ തേടിയുള്ള വംശാവലി ചരിത്രങ്ങൾ  ബിബ്ലിക്കൽക്കാലം മുതലുണ്ട്. പുതിയനിയമത്തിൽ  ദാവീദിന്റെ ഗോത്രങ്ങൾമുതൽ യേശുവിന്റെ വംശാവലിവരെ വിവരിച്ചിട്ടുണ്ട്. ബിഷപ്പ് തോമസ്‌ ഉമ്മന്റെയും വംശാവലിയെ സംബന്ധിച്ച വിവരങ്ങൾ  ചുരുക്കമായി വിവരിക്കാം. കാരണം, പൂർവിക തലമുറകളെ തേടി അദ്ദേഹവും കുടുംബചരിത്രം രചിച്ചും കുടുംബയോഗങ്ങൾ വിളിച്ചുകൂട്ടിയും
നാടുമുഴുവൻ സഞ്ചരിച്ചതായി അറിയാം.



തലവടിയിലുള്ള 'കാഞ്ഞിരപ്പള്ളി കുടുംബം' നിലയ്ക്കൽ നിന്നും കോട്ടയം ജില്ലയിലുള്ള കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയ പൂർവിക കുടുംബങ്ങളിൽനിന്ന് പതിനഞ്ചാം നൂറ്റാണ്ടിൽ പിരിഞ്ഞുപോയവരാണ്.  പൂർവ്വകുടുംബത്തെപ്പറ്റി ഏകദേശം 200 കൊല്ലം മുമ്പ് തമിഴിന്റെ ഒരു ഉപഭാഷയായ നാനംമോനത്തിൽ,  താളിയോല ഗ്രന്ഥത്തിൽ രചിച്ചത് ശ്രീ പങ്കപ്പാട്ട് തങ്കപ്പൻപിള്ള തർജ്ജമ ചെയ്യുകയുണ്ടായി. 1913-ൽ നസ്രാണി ദീപികയിൽ അത് പ്രസിദ്ധീകരിക്കുകയും പിന്നീട് പരേതനായ കാഞ്ഞിരപ്പള്ളി കല്ലറക്കൽ കുരുവിള വർക്കി കാഞ്ഞിരപ്പള്ളി ദേശചരിത്രത്തിൽ ചേർക്കുകയും ചെയ്തു. 


ചരിത്രം തുടങ്ങുന്നതിങ്ങനെ, "ചായൽപ്പള്ളിയാകുന്ന നിലയ്ക്കൽപ്പള്ളി കൈക്കാരനായിട്ട് പൊറുത്തുവരുന്ന കാലങ്ങളിൽ ജന്തുക്കളുടെ ഉപദ്രവം കൊണ്ട് തൊമ്മിയെന്ന കാരണവർ കുടുംബങ്ങൾ സഹിതം നിലയ്ക്കൽനിന്നു പലായനം ചെയ്ത്‌ കാഞ്ഞിരപ്പള്ളിയിൽ വന്നു പാർത്തു." നിലയ്ക്കൽ നിന്ന് ഒരു തൊമ്മി കാരണവരിൽ നിന്ന് തുടങ്ങി പതിമൂന്നു തലമുറകളുടെ ചരിത്രം ഈ കൃതിയിൽ മുറിയാതെയുണ്ട്. അവരിൽ അഞ്ചാം തലമുറക്കാരൻ  തൊമ്മിയാണ് കാഞ്ഞിരപ്പള്ളി പഴയപള്ളി സ്ഥാപിച്ചത്. "പള്ളിയ്ക്ക് സ്ഥാനം നിർണ്ണയിക്കാനായി തെക്കുകൂർ രാജാവ് ഇടത്തിപ്പറമ്പിൽ കൊട്ടാരത്തിൽനിന്നും എഴുന്നള്ളിവന്ന് കാഞ്ഞിരമരത്തിന്റെ ശിഖരം മുറിച്ച് തിരുമേനി തന്നെ തന്റെ തൃക്കൈകൊണ്ട്  അളന്ന് മംഗാശ്ശേരി പുരയിടത്തിനു സമീപം കാവു നിന്ന സ്ഥലത്ത് പള്ളിയ്ക്ക് സ്ഥാനം തീർപ്പ് കല്പ്പിച്ചു."


"അതിനുശേഷം പെരിയ(വലിയ)വീടെന്നു പറയുന്ന വീടും മരപ്പണിയായ പള്ളിയും വെയ്പ്പിച്ചു. മാർ യൌസേപ്പ് മെത്രാന്റെ അനുവാദത്താൽ പള്ളികൂദാശ ചെയ്ത് ഉമ്മയുടെ (യേശുവിന്റെ അമ്മ) രൂപവും വെച്ച് കുർബാന ചൊല്ലിച്ചു. (കൊല്ലവർഷം 625, ചിങ്ങം 21; എ.ഡി. 1449 സെപ്റ്റംബർ 8). അഞ്ചാം തലമുറക്കാരൻ തൊമ്മിക്ക് രണ്ടു മക്കൾ. മൂത്ത മകൻ പട്ടമേറ്റു. രണ്ടാമത്തെ മകൻ കുഞ്ഞാക്കോയ്ക്ക് തൊമ്മിയെന്ന മകനുണ്ടായി. തൊമ്മി മുണ്ടിയപ്പള്ളിയിൽനിന്ന് വിവാഹം കഴിച്ച് തൊമ്മി, കുഞ്ഞാക്കോ, പുന്നൂസ് എന്ന് മൂന്നു മക്കൾ. കുഞ്ഞാക്കോയെന്ന മകൻ നിരണത്ത് പട്ടമുക്കിൽ നിന്ന് വിവാഹം കഴിച്ച് തൊമ്മിയെന്നും കുഞ്ഞാക്കൊയെന്നും മക്കൾ രണ്ടു പേർ. ഇവരിൽ തൊമ്മി കടശനാട്ടു നിന്നും വിവാഹം ചെയ്ത് വലിയവീട്ടിൽ താമസിച്ചു. രണ്ടാമൻ കുഞ്ഞാക്കോ ജേഷ്ഠനോട് പിണങ്ങി തലവടിയിൽപ്പോയി കാഞ്ഞിരപ്പള്ളിയെന്ന വീട്ടുപെരിൽ ഒരു ശാഖ സ്ഥാപിച്ചു." ജന്മനാടിന്റെ പേരിൽ തലവടി പ്രദേശങ്ങളിൽ കാഞ്ഞിരപ്പള്ളിയെന്നു കാണുന്ന കുടുംബങ്ങളുടെ മൂലകുടുംബം വലിയ വീടാണ്. കാഞ്ഞിരപ്പള്ളിയിലെ പടന്നമാക്കൽ, കടമപ്പുഴ, കുരിശും മൂട്ടിൽ, (തീമ്പള്ളി, മണ്ണിൽപ്പറമ്പിൽ) കരിപ്പാപറമ്പിൽ, കിഴക്കേത്തലയ്ക്കൽ എന്നീ കുടുംബങ്ങൾ മൂലകുടുംബത്തിൽ നിന്നും പിരിഞ്ഞു പോയതായി  താളിയോല ഗ്രന്ഥത്തിൽ രചിച്ച കൃതിയിലുണ്ട്. (റഫ. കാഞ്ഞിരപ്പള്ളി ചരിത്രം, 1952)    


ബിഷപ്പ് ഉമ്മൻ തോമസ്‌ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽ വിദ്യാഭ്യാസം നടത്തിയ ശേഷം മദ്ധ്യപ്രദേശിലെ ജബൽപ്പൂരുള്ള  ലീയൊനാർഡ്  തീയോളജിക്കൽ കോളേജിൽ നിന്ന്  ദൈവശാസ്ത്രത്തിൽ ഡിഗ്രിയും പൂനാ ബിബ്ലിക്കൽ സെമിനാരിയിൽനിന്ന് ബിരുദാനന്തര ഡിഗ്രിയും നേടി. 1982-ൽ സഭയുടെ ഡീക്കനായി. അതിനടുത്ത വർഷം തന്നെ പ്രെസ്ബൈറ്ററായി സഭാചുമതലകളിൽ ഏർപ്പെട്ടു.  2011 ഫെബ്രുവരിയിൽ ചർച്ച് ഓഫ് സൌത്ത് ഇന്ത്യയുടെ മദ്ധ്യകേരള രൂപതയിൽ ബിഷപ്പായി സ്ഥാനം ലഭിച്ചു. കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സി.എസ.ഐ (ചർച്ച് ഓഫ് സൌത്ത് ഇന്ത്യാ) യുടെ പന്ത്രണ്ടാമത്തെ  ബിഷപ്പായി വാഴിച്ചു. സഭയുടെ മോഡറെറ്ററായ ബിഷപ്പ് വസന്ത കുമാറിന്റെ കാർമ്മികത്വത്തിലായിരുന്നു  സ്ഥാനാരോഹണം. 2014 ജനുവരി പതിനൊന്നാംതിയതി അദ്ദേഹത്തെ വിജയവാഡായിൽ ചർച്ച് ഓഫ് സൌത്ത് ഇന്ത്യയുടെ സിനഡിൽ വെച്ച് ഡെപ്യൂട്ടി മോഡറെറ്ററായി തിരഞ്ഞെടുത്തു.


ബിഷപ്പ് തോമസ്‌ ഉമ്മൻ വിവാഹം ചെയ്തത് ഡോ. സൂസൻ തോമസിനെയാണ്. ആത്മീയമായ ഒരു കുടുംബാന്തരീക്ഷമാണ് ഈ ഭവനത്തിലുള്ളത്. സൂസൻ തോമസിന് പൂനാ ബിബ്ലിക്കൽ സെമിനാരിയിൽ നിന്ന് ബിരുദാനന്തര തീയോളജിയിൽ  ഡിഗ്രിയുമുണ്ട്. സൂസൻന്റെ കുടുംബം നെടുങ്കപ്പള്ളി, ചവണിക്കാമണ്ണിൽ എന്നറിയപ്പെടുന്നു.  ദൈവശാസ്ത്രത്തിൽ ലക്ചറർ  ആണ്. സോഷ്യൽ വർക്കറായും ജോലി ചെയ്തിട്ടുണ്ട്. ഈ ദമ്പതികൾക്ക് സോണിയും സൻറ്റീനായും രണ്ടു മക്കൾ, മരുമക്കൾ ആഷായും ഡോ. ജീനും.
 
ബിഷപ്പ് ഉമ്മൻ തോമസ്‌ ന്യൂയോർക്കിൽ സേവനം ചെയ്യവേ നോർമാൻ ഗോട്ട് വാൾഡിനു കീഴിൽ  ദൈവശാസ്ത്ര പഠനത്തിൽ ഗവേഷണം നടത്തിയിരുന്നു. 1994-ൽ  അദ്ദേഹം ന്യൂയോർക്കിലെ ചർച്ച്  ഓഫ് ഇന്ത്യയുടെ വികാരിയായിരുന്നു. 1982 ലാണ് ഈ പള്ളി സ്ഥാപിച്ചത്.
 

സഭയുടെ അവകാശങ്ങൾ പങ്കുപറ്റാൻ രാഷ്ട്രീയത്തിലും സഭാമക്കൾ ഇടപെടണമെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. രാജ്യത്തിലെ പൌരന്മാർക്കായി ജീവിക്കുകയെന്നത് രാഷ്ട്രത്തിന്റെയും സഭയുടെയും  ചുമതലയായി അദ്ദേഹം കരുതുന്നു. ജനങ്ങളിൽ സമാധാനം തകരുന്നുവെങ്കിൽ രാഷ്ട്രീയപാർട്ടികളെക്കാൾ
കൂടുതൽ സഭ ജനങ്ങളോടൊപ്പം നിൽക്കണമെന്ന കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്.  നാടിനുപദ്രവം നല്കുന്ന രാഷ്ട്രീയ ശക്തികൾക്കെതിരെ പോരാടാൻ കൂടെകൂടെ ആഹ്വാനം ചെയ്യാറുണ്ട്. മാരാമണ്‍ കണ്‍വൻഷനിൽ അദ്ദേഹം  നല്ലൊരു  വാഗ്മിയും കൂടിയാണ്.
  

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന പേരിലായിരുന്നു ഈ സഭ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഒരു മാസം കഴിഞ്ഞയുടൻ സഭയുടെ പേര് മാറ്റി ' ചർച്ച് ഓഫ് ഇന്ത്യാ' (സി.എസ.ഐ) എന്നാക്കി. ഭാരതത്തിന്റെ ദേശീയ പുഷ്പമായ താമരയാണ് കുരിശിനോടുകൂടി അടയാളമായി സഭ സ്വീകരിച്ചിരിക്കുന്നത്. തെക്കേ ഇന്ത്യയിലെ ആംഗ്ലിക്കൻ നവീകരണ സഭകളുടെ യൂണിയനാണ് സി.എസ് .ഐ. സഭകൾ. പ്രൊട്ടസ്റ്റന്റ്  സഭകളും അതിനോടനുബന്ധിച്ച മറ്റു സഭകളും  ഒന്നായി അറിയപ്പെടുന്ന ഈ സഭയിൽ അഞ്ചുമില്ലിയനിൽപ്പരം വിശ്വാസികളുണ്ട്‌.  കത്തോലിക്കാസഭ കഴിഞ്ഞാൽ അംഗസംഖ്യയിൽ ഇന്ത്യയിൽ ഏറ്റവും വലിയ സഭയാണ് സി.എസ്..ഐ.  കത്തോലിക്കാസഭയിലെ പാരമ്പര്യ തത്ത്വങ്ങളെക്കാളും യേശുവിന്റെ വചനങ്ങളിലാണ് സ്.എസ.ഐ സഭ പ്രാധാന്യം കല്പ്പിച്ചിരിക്കുന്നത്. യോഹന്നാൻ പതിനേഴാം അദ്ധ്യായം ഇരുപത്തിയൊന്നാം വാക്യം സഭയുടെ പ്രതിച്ഛായ ഉണർത്തുന്ന ആപ്ത വചനമായി സഭ കരുതുന്നു. "അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുമ്പോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനുവേണ്ടി ഞാൻ പ്രാർഥിക്കുന്നു". "അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി " എന്ന വചനം  സഭയുടെ പ്രാമാണിക സിദ്ധാന്തവും മുഖമുദ്രയുമാണ്.
 
 ഏ.ഡി. 1600-ൽ ബ്രിട്ടനിൽ ഒന്നാം എലിസബത്ത്  രാജ്ഞി ഭരിച്ചിരുന്ന കാലം മുതൽ ഇന്ത്യയിൽ ആംഗ്ലിക്കൻ സഭകളുടെ വേരൂകളൂന്നിയിരുന്നു.  ബ്രിട്ടീഷ് മിഷ്യനറിമാർ ഈ രാജ്യത്തുവന്ന് മതപ്രചരണം നടത്തിക്കൊണ്ടിരുന്നു. 1947-ൽ  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി ഒരു മാസം കഴിഞ്ഞ് സെപ്റ്റംബർ ഇരുപത്തിയേഴാം തിയതി മദ്രാസിലെ സെന്റ്‌. ജോർജ് കത്തീഡ്രലിൽ വെച്ച് ആഗ്ലിക്കൻ സഭകളുടെ ഒരു സമ്മേളനം കൂടി.  അന്നത്തെ തീരുമാനമനുസരിച്ച് സഭയ്ക്ക് ചർച്ച് ഓഫ് സൌത്ത്  ഇന്ത്യാ (സി.എസ.ഐ.) എന്നും നാമകരണം നല്കി. ബിഷപ്പ് സി.കെ. ജേക്കബ് ചരിത്ര പ്രസിദ്ധമായ ഈ നവോത്ഥാനസമ്മേളനം ഉത്ഘാടനം ചെയ്തു.  എപ്പിസ്ക്കൊപ്പൽകാരും അല്ലാത്തവരുമായുള്ള ആംഗ്ലിക്കൽ സഭകളുടെ ഈ ഒത്തുചേരൽ വിവിധ സഭകളിലെ പാരമ്പര്യ വിശ്വാസങ്ങളും ഓരോ  സഭകളും അനുഷ്ടിക്കേണ്ട പൊതുധാരണകളും ഉൾക്കൊണ്ടതായിരുന്നു. ആംഗ്ലിക്കൽ എപ്പിസ്കോപ്പൽ, കോണ്‍ഗ്രിഗേഷൻ, പ്രസ്ബിറ്റേറിയൻ,  മെതഡിസ്റ്റ് എന്നീ സഭകളുടെ കൂട്ടായ്മ അന്നൊരു ചരിത്രനേട്ടമായിരുന്നു.  ഭാരതത്തിന്റെ ദേശീയ പുഷപമായ താമരയും കുരിശും സഭയുടെ അടയാളമായി സ്വീകരിച്ചതും ദേശീയമായ  ഒരു കാഴ്ചപ്പാടും കൂടിയായിരുന്നു.  


റവ. ബിഷപ്പ് തോമസ്‌ ഉമ്മന്റെ ചുമതലയിലുള്ള  മദ്ധ്യകേരള സഭ,  അഖിലേന്ത്യാ സി.എസ്.ഐ സഭകളുടെ 22 രൂപതകളിൽപ്പെട്ട ഒന്നാണ്. അദ്ദേഹം സഭകളുടെ ഡെപ്യൂട്ടി മോഡറേറ്ററും കൂടിയാണ്.  ആംഗളിക്കൻ സഭ സ്വാതന്ത്ര്യം കിട്ടിയശേഷം അതിന്റെ വിദേശനാമം ഉപേക്ഷിച്ച് മദ്ധ്യ തിരുവിതാംകൂർ  രൂപതയെന്നറിയപ്പെട്ടിരുന്നു. പിന്നീട് കേരളം രൂപീകരിച്ചശേഷം മദ്ധ്യകേരള രൂപതയായി പേരിന് മാറ്റം വരുത്തി. രൂപതയുടെ ആസ്ഥാനം കോട്ടയവുമായി സ്ഥാപിച്ചു. 1879-ൽ ആംഗളിക്കൻ സഭയായിരുന്നപ്പോൾ സഭയുടെ ആദ്യത്തെ ബിഷപ്പ് റവ. ജെ.എം. സ്പീച്ചിയായിരുന്നു. 1947-ൽ സി.എസ.ഐ. ആയി പുനവിഷ്ക്കരിച്ച സമയം ബിഷപ്പ് റവ. സി.കെ.ജേക്കബായിരുന്നു സഭയെ നയിച്ചിരുന്നത്. 2011 മുതൽ സഭയുടെ ബിഷപ്പ് റവ. ഉമ്മൻ കെ തോമസാണ്. കോട്ടയം സി.എം.എസ് കോളേജുൾപ്പടെ   രൂപതവക അനേകമനേക സ്കൂളുകളും കോളേജുകളും ഹോസ്പ്പിറ്റലുകളും സഭയുടെ കീഴിൽ  പ്രവർത്തിക്കുന്നു.


 ദൈവത്തിൽ നിന്നകലുമ്പോഴാണ് മനുഷ്യൻ  ധാർമ്മികമായി അധപതിക്കുന്നതെന്ന് ബിഷപ്പ് ഉമ്മന്റെ മാരാമണ്‍ കണ്‍വെൻഷനിലെ പണ്ഡിതോചിതമായ  പ്രസംഗത്തിൽ മുഴങ്ങി കേൾക്കാം. പഴകിയ ചരിത്രത്തിന്റെ താളുകൾ തേടുകയാണെങ്കിലും ഈ അടിസ്ഥാന കാരണം ഓർമ്മിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം തുടരുന്നു, "ഇങ്ങനെ പോവുകയാണെങ്കിൽ, ധാർമ്മികത തകരുകയാണെങ്കിൽ അടിസ്ഥാനപരമായ ഒരു വിപ്ലവം ഈ രാജ്യത്തുണ്ടാകും. ഏതു ചരിത്രവും പഠിച്ചാൽ രാജ്യം തകരുന്നത്, ഭരണ കേന്ദ്രം തകരുന്നത്, എവിടെയെങ്കിലും മതം തകരുന്നത്, മഹാ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നതെല്ലാം കാരണം മതം അധപതിച്ചതുകൊണ്ടാണ്. തിരുത്തേണ്ട മതം, തിരുത്തേണ്ട വിശ്വാസി സമൂഹം തിരുത്തുവാൻ പരാജയപ്പെട്ടപ്പോഴാണ് ലോകത്തിലുണ്ടായ വിപ്ലവങ്ങൾക്കും പോരാട്ടങ്ങൾക്കും കാരണമെന്നും മനസിലാക്കുന്നു. അങ്ങനെയെങ്കിൽ വിശ്വാസി സമൂഹമേ ഞാനല്ലെങ്കിൽ അടുത്ത തലമുറ ഒരു വിപ്ലവത്തിന്റെ വക്കത്താണെന്ന് ഓർമ്മിപ്പിക്കട്ടെ. അതുകൊണ്ട് തിന്മ വർധിക്കുന്നത് ദൈവത്തിൽ നിന്നുള്ള അകല്ച്ചയാണ്."മാർത്തോമ്മാസഭയിലെ വലിയ മെത്രാപോലീത്താ  ക്രിസ്റ്റോസം ഉൾപ്പടെയുള്ളയുള്ളവർ അദ്ദേഹത്തിൻറെ പ്രസംഗം നിശബ്ദമായി ശ്രവിക്കുന്നത് യൂടുബിൽ കേൾക്കാം.
 

പ്രസംഗത്തിലെ ഒരു പ്രസക്തഭാഗത്തിൽ പറയുന്നു, " എന്റെ ബാല്യത്തിൽ ഒരു മദ്യപാനിക്ക് കിട്ടിയിരുന്ന പരിഗണന വീടിന്റെ പിന്നാമ്പുറമായിരുന്നു. ഇന്ന് എന്റെ കാലത്തെ മദ്യപാനിയുടെ സ്ഥാനം എന്നോടൊപ്പം വേദിയിലും. വ്യപിചാര കുറ്റത്തിന് ഒരുവളോ ഒരുവനോ പിടിയിലായാൽ അവന് അല്ലെങ്കിൽ അവൾക്ക് അംഗീകാരം കല്പ്പിച്ചിരുന്നത് ഗ്രാമത്തിന്റെ മൂലയിലായിരുന്നു. ഇന്ന് വേദികൾ പങ്കിടുന്നതും വ്യപിചാരിണികൾക്കാണ്. എത്ര ദയനീയമായ ചിത്രം. വീടും നാടും കുടുംബവും നശിക്കുന്ന ഒരു ധാർമ്മിക തകർച്ച നാടിന് ഭവിച്ചുകൊണ്ടിരിക്കുന്നതും ദുഃഖകരമാണ്. അധർമ്മം അധർമ്മമായി കാണാനുള്ള ഒരു പ്രാഥമിക ബോധം നമുക്കുണ്ടാവണം."

 
കേരള രാഷ്ട്രീയവും വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളും കസ്തൂരി,  ഗാഡ്ഗിൽ റിപ്പോർട്ടുകളെ പ്രതികൂലിച്ചുകൊണ്ട് സമരങ്ങൾ നടത്തുമ്പോൾ ബിഷപ്പ് ഉമ്മൻ വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നതും ചിന്തനീയമാണ്. ഗാഡ്‌ഗിൽ, കസ്തൂരി റിപ്പോർട്ടുകളെ അനുകൂലിച്ചു സംസാരിച്ചുകൊണ്ട് നാം വസിക്കുന്ന പ്രകൃതിയേയും, ഭൂമിയുടെ സമതുലനാവസ്ഥയേയും നമുക്കുവേണ്ടിയും നമ്മുടെ വരാനിരിക്കുന്ന തലമുറകൾക്കു വേണ്ടിയും സംരക്ഷിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. ഭൂമിയെയൊ, വെള്ളത്തെയോ, വായുവിനെയോ ചൂഷണം ചെയ്യുന്ന ഒരു വ്യവസായ സംരംഭത്തെയും  അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്രിമമായ കൃഷി ഉത്ഭാദനത്തെയും എതിർക്കുന്നു. രാസവളങ്ങൾ മണ്ണിനെ വിഷമയമുള്ളതാക്കുമെന്നും വിശ്വസിക്കുന്നു. ഗാഡ്ഗിൽ, കസ്തൂരി റിപ്പോർട്ടുകൾ ഇല്ലാതാക്കാനുള്ള ഏതു നീക്കത്തെയും സഭ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാഡ്ഗിൽ റിപ്പോർട്ടനുസരിച്ചുള്ള  പരിധിയ്ക്കുള്ളിൽ കൃഷിക്കാർക്ക് ഭൂമി പട്ടയം നല്കണമെന്നാണ് അദ്ദേഹത്തിൻറെ വാദം.  
 

കസ്തൂരിരംഗ റിപ്പോർട്ടിനെതിരായ   ഹർത്താലുകളെയും പ്രതിഷേധങ്ങളെയും ശക്തിയായി  എതിർത്തുകൊണ്ടുള്ള നയമാണ് അദ്ദേഹവും സഭയും എടുത്തിരിക്കുന്നത്. രാഷ്ട്രീയപാർട്ടികളും ജനവും  പശ്ചിമഘട്ട റിപ്പോർട്ടിനെ  ശരിയായി വിലയിരുത്താതുകൊണ്ടാണ് ഇന്ന് രാഷ്ട്രീയ അസമത്വങ്ങൾക്ക് കാരണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കസ്തൂരി, ഗാഡ്ഗിൽ റിപ്പോർട്ടുകളെ പരിപൂർണ്ണമായും പിന്താങ്ങിക്കൊണ്ട് സഭാവക പ്രസ്താവനകൾ ഇറക്കുകയും ചെയ്തു. ഇതിൽ  അദ്ദേഹത്തിനെതിരെ മറ്റുള്ള ക്രിസ്ത്യൻ മതങ്ങളുടെയും സ്ഥാപിത താല്പര്യക്കാരുടെയും  വിമർശനങ്ങളുമുണ്ട്. കേരള സംസ്ഥാനവും കേന്ദ്ര സർക്കാരും റിപ്പോർട്ടുകളെ അംഗീകരിച്ച് വേണ്ടവിധ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യാറുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നവർക്കാണ് റിപ്പോർട്ടുകൊണ്ട് ദോഷം വരുകയെന്നും  വിശ്വസിക്കുന്നു. പശ്ചിമഘട്ടം റിപ്പോർട്ടുകളെ പരിഗണിക്കാൻ അതാത് പ്രദേശത്ത് വസിക്കുന്ന ജനങ്ങൾക്കാണ്‌ അവകാശമെന്ന ഗാഡ്‌ഗിലിന്റെ അഭിപ്രായം ബിഷപ്പ് ഉമ്മനും ശരിവെയ്ക്കുന്നു. ഭൂമിയുടെ സമതുലനാവസ്ഥ നിലനിർത്തി പ്രകൃതിയെ രക്ഷിക്കുകയെന്നുള്ളത് അദ്ദേഹത്തിന്റെ സിദ്ധാന്തവാക്യവുമാണ്.  

 
വ്യത്യസ്ഥങ്ങളായ  അനേകമനേക  വ്യക്തിഗുണങ്ങൾ റവ. തോമസ്‌ ഉമ്മനിലുണ്ട്. സമയത്തിന്റെ വിലയിൽ അമിതപ്രാധാന്യം കൊടുക്കുന്നതും അദ്ദേഹത്തിൻറെ സവിശേഷതകളിൽ ഒന്നാണ്. അത് തന്റെ  കർമ്മജീവിതത്തിലുടനീളം പ്രകടമായി കാണാം. ചെയ്യേണ്ട ജോലികൾ പൂർത്തിയാക്കാതെ മറ്റു സാമൂഹിക  പരിപാടികളിൽ  അദ്ദേഹം സംബന്ധിക്കാറില്ല. സമയത്തിന്റെ വില നല്ലവണ്ണം വിലയിരുത്തി പ്രയോജനപ്പെടുത്തുന്നതുമൂലം സമയത്തെ ഒരിക്കലും ദുരുപയോഗം ചെയ്യുകയില്ല. ഒരു ദിവസം അവസാനിക്കുന്നത് അദ്ദേഹത്തിന് അപര്യാപ്തമായിട്ടാണ് അനുഭവപ്പെടാറുള്ളത്. സമയം രക്ഷിക്കാൻ സ്വന്തം ഇടവക ജനത്തോടുപോലും  മിതമായെ സംസാരിക്കുകയും ഇടപെടുകയുമുള്ളൂ. അധികം സംസാരിക്കുന്ന പ്രകൃതവുമില്ല. പുരോഹിതനായിരുന്ന കാലംമുതൽ മറ്റു പുരോഹിതരെപ്പോലെ അനാവശ്യമായി സമയം കളഞ്ഞ് നടക്കാറില്ലായിരുന്നു. പഞ്ചാരവാക്കുകൾ പറഞ്ഞ് ആരെയും പ്രീതിപ്പെടുത്താനും  മെനക്കെടാറില്ല. ഓരോ ദിവസം അനുഷ്ടിക്കേണ്ട  സുപ്രധാന തീരുമാനങ്ങളെ എങ്ങനെയെന്നും വിലയിരുത്തും. കാതലായ വിഷയങ്ങൾ പ്രാധാന്യം അനുസരിച്ച് ആദ്യം കൈകാര്യം ചെയ്യും.  വിഭിന്നങ്ങളായ അഭിപ്രായങ്ങൾ ചിലപ്പോൾ ചെവികൊള്ളാതെ സ്വയം യുക്തിപരമായ തീരുമാനങ്ങൾ എടുക്കുകകയും ചെയ്യുന്ന സ്വഭാവഗുണമാണ് അദ്ദേഹത്തിനുള്ളത്. 

 
അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നവർക്ക്  അദ്ദേഹമൊരു കർശന സ്വഭാവക്കാരനെന്ന്    തോന്നിയേക്കാം. ചിലർ അദ്ദേഹത്തിൻറെ വിട്ടുവീഴ്ച്ചാ മനോഭാവങ്ങളിൽ നീരസവും പ്രകടിപ്പിക്കാറുണ്ട്.  തീരുമാനങ്ങളെ ഇഷ്ടപ്പെടാത്ത ചിലർ തെറ്റിധാരണകൾ മൂലം മുഖം വീർപ്പിച്ചു നടക്കും. അതൊന്നും അദ്ദേഹം ഗൌനിക്കാറില്ല. എതിർപ്പുകാരുടെ വായ് അടപ്പിക്കുവാനും ശ്രമിക്കില്ല. ഉത്തരവാദിത്വത്തോടെ  കർത്തവ്യബോധത്തോടെ ആത്മാർഥതയോടെ സ്വന്തം ചുമതലകളെ നിർവഹിക്കുന്ന അദ്ദേഹത്തിനെതിരെ ആർക്കും ഒരു ആരോപണവും ഉന്നയിക്കാൻ സാധിക്കില്ല. ചുറ്റുമുള്ള സഹപ്രവർത്തകരെയും പുരോഹിതരെയും മടിയന്മാരായി നടക്കാൻ അനുവദിക്കുകയുമില്ല. സത്യത്തിൽ മാത്രം വിശ്വസിക്കുന്ന, മറ്റുള്ളവരുടെ നന്മ മാത്രം ചിന്തിക്കുന്ന, അദ്ദേഹത്തിനെതിരെ എതിർപ്പുകാരുടെ  തന്ത്രങ്ങളും വിലപ്പോവില്ല. മനസ്സുനിറയെ നന്മകൾ നിറച്ചുകൊണ്ടാണ് അദ്ദേഹം ദൈവത്തിന്റെ വചനങ്ങൾ പ്രചരിപ്പിക്കാറുള്ളത്.

 
ഏതു സാഹചര്യങ്ങളിലും കാലാവസ്ഥയിലും ദുരിതവും കഠിനവുമായ പ്രദേശങ്ങളിലും ജോലിചെയ്യാൻ മടിയില്ല. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരങ്ങളിലും,  ദരിദ്ര കോളനികളിലും, മത ഭ്രാന്തന്മാരുടെ കോട്ടകളിലും ജീവിച്ച് സുവിശേഷ ജോലികൾ നിർവഹിക്കാൻ ഒരിക്കലും അമാന്തം  കാണിക്കാറുമില്ല. അദ്ദേഹം മദ്യനിരോധനത്തിനായുള്ള  തീവ്രവക്താവും കൂടിയാണ്. സമർഥനായ ഒരു ആത്മീയ ഭരണാധികാരിയെന്നതിനു പുറമേ ജന്മനാ ലഭിച്ച നാനാതുറകളിലുള്ള അനേക കഴിവുകളും അദ്ദേഹത്തിൽ പ്രകടമായി കാണാം. നല്ല  വാഗ്മിയായതുകൊണ്ട് ജാതി മത ഭേദമേന്യേ  പ്രഭാഷണങ്ങൾ കേള്ക്കാൻ ജനം തിങ്ങിക്കൂടാറുണ്ട്.  മാരാമണ്‍ കണ്‍വൻഷനിലും നീണ്ട പ്രസംഗങ്ങൾ നടത്തി ജനങ്ങളുടെ പ്രശംസകൾ നേടാറുമുണ്ട്.




 





 


 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...