By ജോസഫ് പടന്നമാക്കൽ
ഭാരത രത്നം നേടിയ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യാ പഴങ്കാല ചരിത്രത്തിൽ തിളങ്ങിനിന്നിരുന്ന ഒരു മഹാത്മാവായിരുന്നു. അക്കാലങ്ങളിലുള്ള ജനം അദ്ദേഹത്തെയും മഹാത്മാവെന്നായിരുന്നു വിളിച്ചിരുന്നത്. അലഹാബാദിലെ പണ്ഡിതന്മാരുടെ പാരമ്പര്യമുള്ള ഒരു നിർദ്ധനബ്രാഹ്മണ കുടുംബത്തിൽ 1861 ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ജനിച്ചു. ഏഴ് സഹോദരീ സഹോദരന്മാരുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ ഈ പോരാളി സ്കൂൾ ജീവിതം മുതൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നു. 1886-ൽ രാഷ്ട്രീയത്തിലും പ്രവേശിച്ചു. മാളവ്യായെ തന്റെ മൂത്ത സാഹോദരനെപ്പോലെ മഹാത്മാ ഗാന്ധി കരുതിയിരുന്നു. ഒരു ബൌദ്ധിക ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും സ്വാതന്ത്ര്യ യോദ്ധാവുമായിരുന്നു. ഭാരതീയ ദേശീയതയിൽ നവോദ്ധാന ചിന്തകൾക്കും അക്കാലത്ത് പ്രാമുഖ്യം നൽകിക്കൊണ്ടിരുന്നു.
മാളവ്യാ അഞ്ചാം വയസുമുതൽ സംസ്കൃതം പഠിക്കാൻ തുടങ്ങി. പണ്ഡിറ്റ് ഹർ ദേവ ധർമ്മാ ജ്ഞാനോപദേശ പാഠശാലയിൽ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. വിധാ വർദിനി സഭാ സ്കൂളിലും പിന്നീട് അലഹാബാദ് ഡിസ്ട്രിക്റ്റ് സ്കൂളിലും പഠനം തുടർന്നു. ചെറുപ്പ കാലം മുതൽ കവിതകൾ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചിരുന്നു. മെട്രിക്കുലേഷൻ പാസായ ശേഷം കൽക്കട്ടാ യൂണിവെഴ്സിറ്റിയിൽ നിന്നും ബി.എ. ബിരുദം നേടി. കുടുംബത്തിൽ കടുത്ത സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെങ്കിലും സ്കോളർഷിപ്പ് സഹിതമായിരുന്നു അദ്ദേഹം പഠനം നടത്തിയിരുന്നത്. സംസ്കൃതത്തിൽ എം.എ. പാസായ ശേഷം അദ്ദേഹത്തിൻറെ പിതാവിന്റെ കുലത്തൊഴിലായ അമ്പലങ്ങളിലെ ഭാഗവതം വായിക്കാൻ പിതാവ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ചൻ പണ്ഡിറ്റ് പ്രേംധറും പിതാവ് പണ്ഡിറ്റ് ബൈജ നാഥും സംസ്കൃത പണ്ഡിതരായിരുന്നു. പിതാവ് ഭാഗവതം വായിച്ച് ശ്രോതാക്കളെ രസിപ്പിക്കുന്ന ഭാഗവത പാരായണ കാഥികനുമായിരുന്നു. മാളവ്യാക്കും ബാല്യത്തിൽ മൊട്ടിട്ടിരുന്ന ആഗ്രഹങ്ങൾ പിതാവിനെപ്പോലെ ഭാഗവതം വായിക്കാൻ പ്രാവിണ്യം നേടണമെന്നായിരുന്നു. പിന്നീടുള്ള ജീവിതത്തിൽ വീട്ടിലെ ദാരിദ്ര്യം മൂലം അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ മറ്റൊരു വഴിക്കു തിരിഞ്ഞു. സാഹചര്യങ്ങളുടെ സമ്മർദം മൂലം 1884-ൽ അടുത്തുള്ള അലഹാബാദ് ഡിസ്ട്രിക്റ്റ് സ്കൂളിൽ നാൽപ്പതു രൂപയ്ക്ക് അദ്ധ്യാപകനായി ജോലിയാരംഭിച്ചു.
പിന്നീട് അദ്ധ്യാപക ജോലിയുപേക്ഷിച്ചുകൊണ്ട് 1887-ൽ നാഷണൽ വീക്കിലിയിൽ എഡിറ്ററായി ജോലി തുടങ്ങി. അതിനു ശേഷം നിയമത്തിൽ എൽ.എൽ. ബി. ബിരുദം നേടി. അലഹാബാദ് ഡിസ്ട്രിക്റ്റ് കോർട്ടിൽ പ്രാക്റ്റീസും തുടങ്ങിയിരുന്നു. 1893-ൽ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ചൌറി-ചോര കേസിൽ 177 സ്വാതന്ത്ര്യ സമര പോരാളികൾക്കുവേണ്ടി കോടതിയിൽ ഹാജരായി. അദ്ദേഹം 1911-ൽ ആനി ബസന്റിനെ കണ്ടുമുട്ടി. ബനാറസിൽ ഒരു യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ അവരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങി.
1878-ൽ പതിനാറാം വയസിൽ മിർസാ പൂരിൽ നിന്നുള്ള കുമാരി ദേവിയെ അദ്ദേഹം വിവാഹം കഴിച്ചു. അഞ്ചു പുത്രന്മാരും അഞ്ചു പുത്രികളുമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഇളയ പുത്രനായ ഗോവിന്ദ മാളവ്യാ സ്വാതന്ത്ര്യ സമര സേനാനിയും 1961-ൽ മരിക്കുംവരെ പാർല മെന്റ് അംഗവും ബനാറസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായിരുന്നു.
സിവിൽ ക്കേസുകളുടെ ആധികാരിക നിയമജ്ഞനായിട്ടാണ് അദ്ദേഹം പ്രാക്റ്റീസാരംഭിച്ചത്.അക്കാലത്ത് പ്രസിദ്ധനായ ഒരു വക്കീലായി അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. 1913-ൽ അമ്പതാം വയസിൽ ദേശീയ സ്വാതന്ത്ര്യ പ്രവർത്തനത്തിനായി തന്റെ വരുമാനമാർഗമായ വക്കീൽ ജോലി ഉപേക്ഷിച്ചു. നിയമ വിജ്ഞാനത്തിൽ അതിവേഗം കുതിച്ചുയർന്ന അദ്ദേഹത്തെ വെല്ലാൻ സിവിൽ നിയമങ്ങളിൽ മറ്റൊരു നിയമജ്ഞനില്ലായിരുന്നുവെന്ന് അക്കാലങ്ങളിൽ ജീവിച്ചിരുന്ന പ്രസിദ്ധരായവരുടെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. സർ മിർസാ ഇസ്മായൽ എഴുതിയിരിക്കുന്നത് "മഹാനായ ഒരു നിയമജ്ഞൻ പറഞ്ഞതു താൻ കേട്ടിട്ടുണ്ടെന്നും മാളവ്യാ ഒന്നു മനസു വെച്ചിരുന്നുവെങ്കിൽ ഭാരതീയ നിയമ വ്യവസ്ഥയിൽ തന്നെ അദ്ദേഹമൊരു അഭിമാനമാകുമായിരുന്നുവെന്നുമാണ്". നിയമജ്ഞരിൽ നിയമജ്ഞനായി തിളങ്ങി നിന്നിരുന്ന നാളുകളിൽ ആ ദേശസ്നേഹി രാജ്യ സേവനത്തിനു വേണ്ടി മഹത്തായ ആ തൊഴിൽ വേണ്ടെന്നു വച്ചു. " ഗോപാല കൃഷ്ണ ഗോഖലെ പറഞ്ഞു,' മാളവ്യായുടെ സ്വയം ത്യാഗം ഒരു സത്യമായിരുന്നു. ദാരിദ്ര്യം നിറഞ്ഞ ഒരു കുടുംബത്തിൽ ജനിച്ചു. ദാരിദ്രത്തെ തിരിച്ചറിഞ്ഞു. സ്വയം പ്രയത്നിച്ച് മാസം ആയിരക്കണക്കിന് രൂപയുടെ വരുമാനവും നേടിയിരുന്നു. ആഡംബരത്തെയും അദ്ദേഹം രുചിച്ചു. നേടിയ സാമ്പത്തിക നേട്ടങ്ങൾ രാഷ്ട്രത്തിനു വേണ്ടിയും വിനിയോഗിച്ചു. അതെല്ലാം ത്യജിച്ച് വീണ്ടും അദ്ദേഹം ദാരിദ്ര്യത്തെ തെരഞ്ഞെടുത്തു".
1886-ലെ കല്ക്കട്ടാ കോണ്‍ഗ്രസിലെ വികാരോജ്ജലമായ ഒരു പ്രസംഗത്തിനു ശേഷം അദ്ദേഹം സ്വന്തം ഉപജീവനമായ വക്കീലുപണിയുപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. സരോജിനി നായിഡുവിനെ അറസ്റ്റു ചെയ്ത ശേഷം അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. അമ്പതു വർഷത്തോളം അമ്പതു ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രസിഡന്റു മാരോടൊ പ്പം പ്രവർത്തിച്ചു. 1909 മുതൽ നാലു പ്രാവിശ്യം ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. 1937-ൽ സാമൂഹിക ദീനാനുകമ്പ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്താൻ രാഷ്ട്രീയത്തോടു താല്ക്കാലികമായി വിട്ടുനിന്നു. രാഷ്ട്രീയത്തിൽ അദ്ദേഹം തീവ്ര ദേശീയ വാദികൾക്കും മിത വാദികൾക്കും ഉദാര ചിന്താഗതിക്കാർക്കും മദ്ധ്യേയായിരുന്നു പ്രവർത്തിച്ചിരുന്നത്. തീവ്ര വാദിയായ തിലകന്റെയും മിതവാദിയായ ഗോഖലയുടെയും ചിന്തകൾക്കനുസരിച്ച് അനുയായികളും ഇരുകൂട്ടർക്കൊപ്പമുണ്ടായിരുന്നു. 1928-ലെ സൈമണ്‍ കമ്മീഷൻ റിപ്പോർട്ടിനെ എതിർക്കാൻ അദ്ദേഹം ലജപുത് റായി, ജവഹർലാൽ നെഹ്റു, തുടങ്ങിയ അനേക സ്വാതന്ത്ര്യ യോദ്ധാക്കളുമായി പ്രവർത്തിച്ചിരുന്നു.ബ്രിട്ടീഷുകാർ ഭരണ സംവിധാനത്തിനായി സൈമണ്‍ കമ്മീഷൻ റിപ്പോർട്ടിന്റെ നക്കലെഴുതിയുണ്ടാക്കിയത് മുസ്ലിമുകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കുന്ന രൂപേണയായിരുന്നു
സ്വാതന്ത്ര്യ സമര യോദ്ധാവിനെക്കാളും രാഷ്ട്രീയ നേതാവിനെക്കാളും തികഞ്ഞൊരു വിദ്യാഭ്യാസ ചിന്തകനായിട്ടാണ് മാളവ്യായെ ലോകമറിയുന്നത്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ സ്വന്തം അനുഭവത്തിൽക്കൂടി അദ്ദേഹം നല്ലവണ്ണം മനസിലാക്കിയിരുന്നു. വിദ്യാർത്ഥികളുടെ പ്രാരഭ ജീവിതത്തിലെ ദുരിതങ്ങൾ അദ്ദെഹത്തിന്റെയും ജീവിതാനുഭവങ്ങളായിരുന്നു. 250 വിദ്യാർത്ഥികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന മാക്ഡോണാൾഡ്സ് റസിഡൻസി സ്കൂൾ 1903 -ൽ തുടങ്ങി. 1.3 ലക്ഷം രൂപാ അക്കാലത്ത് പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തു. ഈ സ്ഥാപനം താൻ സ്വപ്നം കണ്ടിരുന്ന ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ മുന്നോടിയായിരുന്നു. അത് വാസ്തവികമാകാൻ 1916 വരെ കാത്തിരിക്കേണ്ടി വന്നു. ദീർഘ ചിന്താഗതിയുടെ ഫലമായാണ് ബനാറസ് ഹിന്ദു യൂണി വേഴ്സിറ്റിയെന്ന ചിരകാലാഭിലാഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ സാഫല്യമായത്. ശാസ്ത്ര സാങ്കേതിക എഞ്ചിനീയറിഗ് വിഷയങ്ങളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ അവിടെനിന്ന് വർഷംതോറും പഠിച്ചു പുറത്തിറങ്ങുന്നു. 1919-1938 കാലഘട്ടങ്ങളിൽ മാളവ്യാ ആ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും കൂടിയായിരുന്നു. ഒത്തൊരുമിച്ചു ജോലി ചെയ്യുക, പൊതു ജനങ്ങളിൽ നിന്ന് വൻ തുകകൾ സമാഹരിക്കുക, എന്നിവകളിൽക്കൂടി കർമ്മനിരതനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. വിശ്വപ്രസിദ്ധമായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനെന്ന നിലയിൽ അദ്ദേഹത്തിൻറെ നാമം ഭാരത ചിന്താമണ്ഡലത്തിൽ എന്നും തെളിഞ്ഞു നില്ക്കുന്നതു കാണാം.
മാളവ്യാ നല്ലൊരു പത്ര പ്രവർത്തകനായിരുന്നു. 1886 ലെ കൽകട്ടായിൽ നടന്ന രണ്ടാം കോണ്‍ഗ്രസ് സമ്മേളനത്തിൽ മാളവ്യാ ചെയ്ത ഒരു പ്രസംഗം ഹിന്ദുസ്ഥാൻ ടൈംസിന്റെ ചെയർമാൻ രാജാ റമ്പാൽ സിംഗിന് (പ്രതാപ് ഗട്ട് ജില്ലാ) വളരെയധികം ഇഷ്ടപ്പെട്ടു. 1887-ൽ ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്റു ചെയ്യുന്ന ചുമതല മാളവ്യായെ ഏൽപ്പിച്ചു. മാളവ്യായുടെ വിവിധ വിഷയങ്ങളിലുള്ള പുസ്തകരചനകളും കവിതകളും ഒരു പത്രപ്രവർത്തകനാകാനുള്ള എല്ലാ യോഗ്യതകളും നേടിയിരുന്നു. 1883- ൽ അദ്ദേഹത്തിന്റെ അനേക കവിതകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. 1908-ൽ ബ്രിട്ടീഷ്കാർ പ്രസ് ആക്റ്റ് കൊണ്ടുവന്നപ്പോൾ ആ നിയമത്തെ ശക്തിയായി പ്രതിക്ഷേധിച്ച് അഖിലേന്ത്യാ പ്രസ് കോണ്ഫ്രൻസ് വിളിച്ചു കൂട്ടുകയുണ്ടായി.1912-1926 വരെ ഹിന്ദുസ്ഥാൻ ടൈംസ് ചെയർമാനുമായിരുന്നു. 1930-ൽ ഹിന്ദുസ്ഥാൻ ടൈംസ് സാമ്പത്തികമായി തകർന്നപ്പോൾ ആ പത്രത്തെ കടക്കെണിയിൽ നിന്നും കരകയറ്റി രക്ഷിച്ചത് മാളവ്യായായിരുന്നു. ബ്രിട്ടീഷ് കാർക്കെതിരെ ശബ്ദമുയർത്താൻ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ആവശ്യകതയും അദ്ദേഹത്തിനു തോന്നി. മോട്ടിലാൽ നെഹ്രുവിന്റെ സഹായത്തോടെ 1909- ൽ 'ലീഡർ' എന്ന പത്രം ആരംഭിച്ചു. 1909-മുതൽ അതിന്റെ എഡിറ്ററും 1911-1919 വരെ ആ പത്രത്തിന്റെ പ്രസിഡണ്ടുമായിരുന്നു. അദ്ദേഹം 'മര്യാദ' യെന്ന പേരിൽ ഒരു ഹിന്ദി പത്രവും ആരംഭിച്ചിരുന്നു. 1924-ൽ ഹിന്ദുസ്ഥാൻ പത്രത്തിന്റെ മുഴുവൻ ചുമതലകളും മാളവ്യായ്ക്കായിരുന്നു. 1933-ൽ ബനാറസ് യൂണിവേഴ്സിറ്റിയിൽ നിന്ന് 'സനാതന ധർമ്മ' എന്ന പേരിൽ ഒരു ഹിന്ദു മാഗസിനും ആരംഭിച്ചു.
ഹിന്ദു ധർമ്മത്തിലെ അടിയുറച്ച വിശ്വാസംകൊണ്ട് നേരായ വഴി, നേരായ ചിന്ത, നേരായ പ്രതികരണം നേരായ പ്രവർത്തന മണ്ഡലങ്ങൾ എന്നീ തത്ത്വസംഹിതകൾ പ്രായോഗിക ജീവിതത്തിൽ പ്രാബല്യമാക്കാൻ അദ്ദേഹമെന്നും ശ്രമിച്ചിരുന്നു. പ്രയാഗ ഹിന്ദു സമാജം സെക്രട്ടറി, (1880) മദ്ധ്യഭാരത ഹിന്ദു സമാജ കോണ്‍ഫ്രൻസ് , അലഹാബാദ്, എന്നിങ്ങനെ വിവിധ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുകയും സംഘടനകളെ നയിക്കുകയും ചെയ്തിരുന്നു. സനാതനവും ഭാരത ധർമ്മവും പ്രചരിപ്പിക്കുന്ന വിവിധ സംഘടനകളിലും അദ്ദേഹം വളരെ ഊർജ സ്വലതയോടെ പ്രവർത്തിച്ചിരുന്നു. ഋഷികുലം ബ്രഹ്മചര്യാശ്രമത്തിന്റെ രക്ഷാധികാരിയുമായിരുന്നു. വേദങ്ങളിലെ 'സത്യ മേവ ജയതേ' എന്ന ഹൈന്ദവത്വത്തിന്റെ ആപ്ത വാക്യം ഭാരതം മുഴുവൻ പ്രചരിപ്പിച്ചതും മാളവ്യായായിരുന്നു. അദ്ദേഹം രാഷ്ട്രീയ സാമൂഹിക നേതാവിനൊപ്പം ഒരു മത നേതാവും കൂടിയായിരുന്നു. ഹരിദ്വാരിൽ അനേക ആചാരകർമ്മങ്ങളിലും മാളവ്യാ നേതൃത്വം കൊടുത്തിട്ടുണ്ട്.
സാമൂഹിക ഉച്ഛനീചത്വങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം അദ്ദേഹത്തിൻറെ പ്രവർത്തന മണ്ഡലങ്ങളിൽ ഉടനീളം കാണാം. മാളവ്യായുടെ നേതൃത്വത്തിലുള്ള തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരെയുള്ള സമരം ജനലക്ഷങ്ങളെ ആകർഷിച്ചിരുന്നു. ചതുർവർണ്ണ വ്യവസ്ഥിതിക്കെതിരെ അദ്ദേഹത്തിന്റെ പോരാട്ടം സ്വന്തം സമുദായത്തിൽ ശതൃക്കളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. ദളിതർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അമർഷം പൂണ്ട് ശ്രീ ഗൌഡബ്രാഹ്മണ സമുദായം അദ്ദേഹത്തെ സമുദായത്തിൽനിന്ന് പുറത്താക്കി. ഹിന്ദു ദളിതർക്ക് അമ്പലങ്ങളിൽ പ്രവേശനം നടത്തണമെന്ന സന്ദേശങ്ങളുമായി രഥയാത്രകൾ നടത്തിയിരുന്നു. ഗോദാവരിയിൽ മുങ്ങി മന്ത്രങ്ങളുമുച്ഛരിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കലാരമമ്പലത്തിനു സമീപത്ത് പ്രകടനങ്ങൾ സംഘടിപ്പിക്കുമായിരുന്നു.
അദ്ദേഹം അഖില ഭാരത സേവാ സംഘം എന്ന സംഘടനയുടെ രക്ഷാധികാരിയായിരുന്നു. വെള്ളപ്പൊക്കവും ഭൂമികുലുക്കവും പ്രകൃതി ക്ഷോപവും കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുകയെന്നായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അഖില ഭാരത സേവാ സമിതിയുടെ കീഴിൽ ബോയി സ്കൌട്ടും ആരംഭിച്ചു. ദേശഭക്തനായ ഒരാൾ സ്കൌട്ടിനെ നയിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. ബ്രിട്ടീഷ് ദേശീയ ഗാനം ആലപിക്കുന്നതിനു പകരം വന്ദേ മാതരം ആലപിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. 'വസന്ത' (Plague) വന്ന് നാടാകെ രോഗ ബാധിതരായിരുന്ന കാലത്ത് മാളവ്യാ രാവും പകലുമില്ലാതെ അവർക്കു വേണ്ടി കഠിനാധ്വാനം ചെയ്തു. രോഗ ബാധിതരായവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചീകത്സിക്കുകയും പകർച്ചവ്യാധി പിടിക്കാതെ മറ്റുള്ളവരിൽ നിന്ന് അകന്നു ദൂരെ സ്ഥലങ്ങളിൽ പാർപ്പിക്കുകയും രോഗികളുടെ ശുശ്രുഷകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കുകയും ചെയ്തിരുന്നു. കിടപ്പാടമില്ലാത്തവർക്ക് കിടപ്പാടം കൊടുത്തും ദരിദ്രർക്ക് ഭക്ഷണവും വസ്ത്രവും കൊടുത്തും ഈ സംഘടന അനേകരെ സഹായിച്ചിരുന്നു. കഷ്ടപ്പെടുന്നവർക്ക് ആശ്വാസം നല്കുന്ന മാളവ്യായെന്ന മനുഷ്യ സ്നേഹി അക്കാലങ്ങളിൽ ജനങ്ങളുടെ പ്രിയങ്കരനായിരുന്നു. സമൂഹത്തിൽ താണവരെ മനുഷ്യത്വത്തോടെ ദർശിക്കാനുള്ള ആവേശവും അദ്ദേഹത്തിൽ പ്രതിഫലിച്ചിരുന്നു. 1933-ൽ ഗാന്ധിജി ഹരിജന സേവനം തുടങ്ങുന്നതിനു വളരെ മുമ്പേ മാളവ്യാ അവർക്കു വേണ്ടി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സ്ത്രീ വിമോജനത്തിനായും ശൈശവ വിവാഹങ്ങൾക്കെതിരെയും പ്രവർത്തിച്ചിരുന്നു. തീണ്ടലും തൊടീലും സമൂഹത്തിൽനിന്നും തുടച്ചുമാറ്റാൻ വിപ്ലവം നയിക്കുന്ന സംഘടനയായ ബോംബെ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്നു.
1941-ൽ പശു സംരക്ഷണ സമിതി ആദ്യമായി ആരംഭിച്ചത് മാളവ്യായാണ്. 'ധർമ്മ നിഷ്ഠയോടെയും ഈശ്വര ഭക്തിയോടെയും ജീവിക്കുന്ന ആദർശവാനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയെന്നാണ്' മാളവ്യായെപ്പറ്റി ഗാന്ധിജി പറഞ്ഞത്. 'തിലകനെ ഹിമാലയത്തോടും ഗോഖലയെ അഗാധമായ സമുദ്രത്തോടും ഉപമിച്ചപ്പോൾ മാളവ്യായെ ഉപമിച്ചത് നിർമ്മലവും പരിശുദ്ധവുമായ വ്രതസ്നാന പുണ്യജലമൊഴുകുന്ന നദിയോടായിരുന്നു. ഐശ്വര്യ സമ്പൂർണ്ണമായ വ്യക്തി പ്രഭാവവും സുന്ദരവും ശാന്തവുമായ ജീവിതവും തീരാത്ത മനുഷ്യസ്നേഹവും അദ്ദേഹത്തെ മഹാത്മാവാക്കി. 'കറതീർന്ന പരിപാവനമായ ഒരു ജീവിതത്തിന്റെ പരിമളം പരത്തുന്ന ഒരു വെളുത്ത റോസാപൂ പോലെയാണ്' മാളവ്യായെന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ഉപമിച്ചു. ' ഒരു കുഞ്ഞിന്റെ ലാളിത്യവും ഒപ്പം അനീതിക്കെതിരെയുള്ള ശക്തിയേറിയ വാക്കുകളും സുപ്രാധാന തീരുമാനങ്ങളിൽ വിട്ടു വീഴ്ചയില്ലാത്ത മനോഭാവവും വ്യക്തിത്വവും താത്ത്വിക ചിന്തകനായ മാളവ്യായിൽ നിറഞ്ഞിരുന്നുവെന്നു ' എഡ്ഗാർ സ്നോ എഴുതി. ഡോ. സർവ്വേപ്പള്ളി രാധാകൃഷ്ണൻ പറഞ്ഞു, "പണ്ഡിറ്റ് മാളവ്യാ ഒരു കർമ്മ യോഗിയായിരുന്നു. ഹിന്ദു മതത്തിന്റെ പ്രവാചകൻ മാത്രമല്ല സനാതനത്വത്തിന്റെ ആത്മാവും കൂടിയായിരുന്നു. കഴിഞ്ഞ കാലങ്ങളിലെ ഹൈന്ദവ ചിന്താഗതികളെ ചികയുന്നതോടൊപ്പം കാലത്തിനനുസരിച്ചു മുന്നേറാനും അദ്ദേഹം ആവേശഭരിതനായിരുന്നു. പുണ്യ ഭൂമിയായ കാശിയും ജ്ഞാനത്തിന്റെ കേദാര കേന്ദ്രമായ ബനാറസ് ഹിന്ദു സർവ്വകലാശാലയും മാളവ്യായും പരിശുദ്ധിയുടെ ത്രിവേണി സംഗമത്തിലെ ഘടകങ്ങളാണെന്ന് സനാതന ഭക്തർ കരുതുന്നു.
പണ്ഡിറ്റ് മദൻ മോഹൻ മാളവ്യാ സ്വാതന്ത്ര്യത്തിന്റെ പുലരി കാണുന്നതിനു മുമ്പ് 1946-ൽ മരിച്ചു. ബനാറസ് യൂണിവേഴ്സിറ്റിയുടെ കവാടത്തിൽ വലിയ ഒരു സ്തൂപത്തിൽ മാളവ്യായുടെ ഒരു പ്രതിമ കാണാം. അത്തരം പ്രതിമകൾ അലഹാബാദിലും ഭോപാലിലും ലക്നൗവിലും വിവിധ പട്ടണങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഗോരഖ്പൂരിലും ജയപ്പൂരിലും അദ്ദേഹത്തിൻറെ നാമത്തിൽ എഞ്ചിനീയറിംഗ് കോളെജുകളുമുണ്ട്. ഇന്ത്യാ സർക്കാർ മാളവ്യയുടെ പേരിൽ അഞ്ചു രൂപാ നാണയവും പോസ്റ്റേജ് സ്റ്റാമ്പും ഇറക്കിയിരുന്നു.
നരേന്ദ്ര മോഡി പ്രധാന മന്ത്രി സ്ഥാനാർത്ഥിയായിരുന്നപ്പോൾ മാളവ്യായുടെ പ്രതിമയിൽ പുഷ്പ മാല ചാർത്തിയത് വലിയ വിവാദമായിരുന്നു. ചിലർ പിറ്റേന്ന് ഗംഗാജലം കൊണ്ടുവന്ന് പ്രതിമ കഴുകി ശുദ്ധിയാക്കി. അന്ന് വിവാദമായ സംഭവത്തോടൊപ്പം പ്രതിമയെ പുണ്യ ജലംകൊണ്ട് ശുദ്ധിയാക്കിയവർ മാളവ്യായെയും മറന്നിരുന്നു. എന്നാൽ പ്രധാനമന്ത്രി മോഡി മറന്നില്ല. അന്ന് മാലയണിയിച്ചു. ഇന്ന് മാളവ്യായ്ക്ക് രത്നവും അണിയിച്ചു.ഭാരത ഭൂമിയിലാകമാനം ഇന്ത്യൻ ദേശീയതയുടെ സവിശേഷ വ്യക്തിപ്രഭാവമുള്ള മദന മോഹൻ മാളവ്യയുടെ വിസ്മരിക്കപ്പെട്ട ജീവിതത്തെ 'ഭാരത രത്നം' നല്കി ദേശീയ ശ്രദ്ധയിലെത്തിച്ചതിന് മോഡിജി സർക്കാനൊപ്പം ഓരോ ഭാരതീയനും അഭിമാനിക്കുകയും ചെയ്യാം.
നൂറു ജന്മങ്ങൾ കൊണ്ട് ചെയ്തു തീർക്കേണ്ട സംഗതികൾ ഒറ്റ ജന്മം കൊണ്ട് ഈ മനുഷ്യൻ നിർവഹിച്ച കഥ വായിച്ചപ്പോൾ അറിയാതെ ആ മഹാന്റെ മുമ്പിൽ ഞാനും എന്റെ ശിരസ്സ് നമിച്ചു പോയി. 'സത്യമേവ ജയതേ' മാളവ്യാ മന്ത്രിച്ചിരുന്ന സനാതനം മുണ്ടോകപനിഷത്തിന്റെ ഒരു മന്ത്രമാണ്. അധർമ്മത്തിന്റെ മേൽ സത്യം മാത്രം ജയിക്കും. മാളവ്യായുടെ ഹൃദയ മന്ത്രമായ ' സത്യ മേവ ജയതേ 'സ്വതന്ത്ര ഭാരതത്തിന്റെയും ആപ്തവാക്യമാണ്. ഭാരതത്തിന്റെ ദേശീയ ചിന്ഹമായ അശോകസ്തംഭത്തിൽ, ദേവനാഗരിയിൽ ഈ ശ്ലോകം കൊത്തി വെച്ചിട്ടുണ്ട്. ഗാന്ധിജി പറഞ്ഞു, 'എന്റെ മതമെന്നാൽ സത്യമാണ്. അഹിംസയുമാണ്. അദൃശ്യമായ ആ സത്യം എന്റെ ദൈവമാണ്. അഹിംസയെന്നാൽ അധർമ്മത്തിനെതിരെ ആ ദൈവത്തെ പ്രാപിക്കാനുള്ള വഴിയും.'
Gandhi and the goats:
Gandhi, Miraben (centre) and Pandit Madan Mohan Malaviya (right) visited the
Dairy Show at the Royal Agricultural Hall, London, ...
|
No comments:
Post a Comment