By ജോസഫ് പടന്നമാക്കൽ
ഗംഗയെന്ന അപ്സരകന്യക ഹൈന്ദവ പുരാണങ്ങളിലെ ഒരു ദേവിയും ദുഃഖ പര്യവസായിയായ ഒരു പ്രേമ കഥയിലെ ഇതിഹാസ നായികയുമാണ്. അവർ കാലത്തിനെയും അതിജീവിക്കുന്നുവെന്നാണ് വിശ്വാസം. ഹസ്തിനപുരത്ത് ശാന്തനുവെന്നൊരു രാജകുമാരനുണ്ടായിരുന്നു. പതിവുപോലെ ഒരു ദിവസം സായം സവാരിയ്ക്കായി അദ്ദേഹം നദിതീരത്തുകൂടി നടക്കുകയായിരുന്നു. പ്രശാന്ത സുന്ദരമായ പ്രകൃതിയും നീലാകാശവും നദിയിൽക്കൂടി തെളിമയാർന്ന വെള്ളവും നിറ കവിഞ്ഞ ദിനത്തിൽ സുന്ദരിയായ ഒരു പെണ്‍ക്കുട്ടിയെ നദി തടത്തിൽ കണ്ടു. അവൾ ഗംഗയാണെന്നു പറഞ്ഞു. കണ്ട മാത്രയിൽ ശാന്തനുവിനു അവളിൽ പ്രേമം മൊട്ടിട്ടു. അവൾ ചെയ്യുന്ന പ്രവർത്തികളെ അവൻ ഒരിയ്ക്കലും തടയരുതെന്ന വ്യവസ്ഥയിൽ അവളവനെ വിവാഹം കഴിച്ചു. ഏഴു കുഞ്ഞുങ്ങളുണ്ടായി. ഉണ്ടായ കുഞ്ഞുങ്ങളെ അവൾ നദിയിലേക്കെറിഞ്ഞു . അവളവരെ ദേവലോകത്തിലെത്തിച്ചു. എട്ടാമത്തെ കുഞ്ഞുണ്ടായപ്പോൾ ' അരുതെയെന്നു പറഞ്ഞ്' ശാന്തനു തടഞ്ഞു. വ്യവസ്ഥകൾ പാലിക്കാത്ത ശാന്തനുവിനെ ഏകനാക്കി നദിയിൽ അവൾ അപ്രത്യക്ഷയായി. അവൾ അപ്സര കന്യകയായിരുന്നുവെന്ന് ശാന്തനുവിനറിയില്ലായിരുന്നു. ഗംഗയെ പ്രതീക്ഷിച്ച് നദിതീരത്തെന്നും അവൻ കാത്തിരിക്കുമായിരുന്നു. അവൾ വന്നില്ല. ദുഃഖം നിറഞ്ഞ പ്രേമത്തിന്റെ കണ്ണുനീരും ഗംഗാ നദിയിൽക്കൂടി ഒഴുകുന്നുണ്ട്.
ആരാണ് ഗംഗാ? അവളൊരിക്കൽ ഹിമാലയത്തിൽ മഞ്ഞു കട്ടിയായിരുന്നു. ഇന്നവൾ വെള്ളത്തിന്റെ കാവല്ക്കാരി, വലുതും ചെറുതുമായ അനേകമരുവികൾ അവളിൽ വന്നുചേരുന്നു. തപസനുഷ്ഠിക്കുന്നവരുടെ സംരക്ഷകയായി അവളെന്നും താഴ്വരകളിലും കുന്നിന്മേടുകളിലുമുണ്ട്. മീൻ പിടിക്കുന്ന മുക്കവരുടെ കൂട്ടുകാരിയും കുഞ്ഞുങ്ങൾക്ക് കളിക്കാനുള്ള കടലാസു ബോട്ടുമാണ്.
പുരാണ ദേവിദേവ സങ്കല്പ്പങ്ങളിൽ ഭാരതത്തിലെ നദികളെല്ലാം പുണ്യ നദികളായി കരുതുന്നു. കവികൾ നദികളെ സുന്ദരികളായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്ര കലകളിലും സംഗീത കലകളിലും ഗംഗയും യമുനയും സരസ്വതിയും കാവേരിയും സുന്ദരികൾ തന്നെ. നിരവധി സംസ്ക്കാരങ്ങളുടെ ഉദയവും അസ്തമയവും ഈ പുണ്യനദിയുടെ തീരത്തുണ്ടായിരുന്നു. ഗംഗയെന്നാൽ ഹൈന്ദവ സംസ്ക്കാരത്തിന്റെ വൈകാരികത ഉയർത്തുന്നതാണ്. ഗംഗയുടെ തീരങ്ങളിലുള്ള ഓരോ ഭവനങ്ങളിലും പരിശുദ്ധിയുടെ ഗംഗാജലം നിറഞ്ഞ പാത്രങ്ങൾ കാണും. ഭക്ഷണത്തിനൊപ്പം ഗംഗാ ജലം വേണം. വീട് ശുദ്ധിയാക്കാനും ഈ പുണ്യ ജലം തളിക്കുന്നു. ആയിരക്കണക്കിന് ദേവി ദേവന്മാരുടെ പ്രതിമകൾ ഗംഗയുടെ ആഴങ്ങളിൽ താക്കാറുണ്ട്.
ഗംഗാ നദി ലോക രാജ്യങ്ങളിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ്. 2500 കിലോമീറ്ററോളം ഈ നദിയ്ക്ക് നീളമുണ്ട്. ഹിമാലയത്തിൽ നിന്നാണ് നദിയുടെ ഉത്ഭവം. ബംഗാൾ ഉൾക്കടലിൽ അവസാനിക്കുന്നു. ഗംഗയൊഴുകുന്നത് ഹൈന്ദവരുടെ പുണ്യനഗരമായ വരണാസിയിൽക്കൂടിയെന്നതും നദിയുടെ പ്രത്യേകതയാണ്.
ഗംഗാനദി ഇന്ത്യയിലെ പത്തു ലക്ഷം ചതുരശ്ര മൈൽ വസിക്കുന്ന ജനങ്ങൾക്ക് ഉപകാരപ്പെടാറുണ്ട്. 420 മില്ല്യൻ ജനങ്ങൾ ഈ നദിയെ പ്രത്യക്ഷമായും പരോക്ഷമായും പ്രയോജനപ്പെടുത്തുന്നു. അത് ഏകദേശം ഇന്ത്യയിലെ അമ്പതു ശതമാനം ജനങ്ങൾക്ക് തുല്യമാണ്. ബ്രിട്ടന്റെ അഞ്ചിരട്ടി ജനസംഖ്യയ്ക്ക് തുല്യവും. ഉത്തർഖണ്ടിൽനിന്നും തുടങ്ങി കോണ്‍പൂ ർ, അലഹബാദ്, വരണാസ്സി, പാറ്റ്നാ, ഭഗൽപ്പൂർ പട്ടണങ്ങളിൽക്കൂടി ഈ നദി ഒഴുകുന്നു. മിർസാപ്പൂരും കടന്ന് അവസാനം ബംഗാൾ ഉൾക്കടലിൽ ഗംഗാ നദി പതിക്കുന്നു.
ഗംഗാ നദിയോളം മലിനവെള്ളമൊഴുകുന്ന മറ്റൊരു നദി ലോകത്തുണ്ടാവില്ല. ലോകാരോഗ്യ സംഘടന ചുവപ്പു വര വരച്ചിരിക്കുന്ന ഗംഗയുടെ പരിസരത്തെ ദുർഗന്ധം നിറഞ്ഞ മാലിന്യങ്ങളുടെ കൂമ്പാരം മറ്റേതു നദികളിലും പരിസരങ്ങളിലും അടിഞ്ഞിരിക്കുന്നതിനേക്കാൾ മൂവായിരമിരട്ടി കൂടുതലായുണ്ട്. മലിനമായ വസ്തുക്കളും രാസപദാർത്ഥങ്ങളും കൂടാതെ മാരകമായ രോഗാണുക്കളും ഗംഗയുടെ പരിസരങ്ങളിൽ തളം കെട്ടി കിടപ്പുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ ഈ നദി ഏകദേശം 420 മില്ല്യൻ ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു. കുടി വെള്ളത്തിനും ഭക്ഷണത്തിനും കൃഷിയാവശ്യത്തിനും ജനങ്ങൾ ഗംഗയെയാണ് ആശ്രയിക്കുന്നത്. കൂടാതെ കോടാനുകോടി തീർത്ഥാടകരും ഗംഗയുടെ പരിസരങ്ങളിൽ തിങ്ങി കൂടാറുണ്ട്. അവരുടെ കുളിയും ജപമാലയും പ്രാർത്ഥനയും അനുഷ്ടിക്കുന്നത് പുണ്യനദിയായ ഗംഗയുടെ പരിസരങ്ങളിലാണ്.
ദേശീയരെയും വിദേശീയരേയും ഒരുപോലെ ആകർഷിക്കുന്ന ഈ നദി എന്തുകൊണ്ട് ജുഗുപ്സാവഹമായ രീതിയിൽ ദുർഗന്ധം നിറഞ്ഞിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനകൾ കൂടെ കൂടെ ചോദ്യം ചെയ്യാറുണ്ട്. രാഷ്ട്ര ഭരണ കൂടങ്ങൾ ഒന്നിനു പുറകെ ഒന്നായി കടന്നു പോയിട്ടും ഗംഗയുടെ ഈ ശോചനീയാവസ്ഥ ശ്രദ്ധിക്കപ്പെടാതെ പോയതും പരീസ്ഥിതിയെ അവഗണിക്കലായിരുന്നു. പുരാണങ്ങളിൽ വിശുദ്ധ ജലം ഒഴികിയിരുന്ന ഗംഗാ ഇന്ന് ചീഞ്ഞളിഞ്ഞ ചപ്പ് , ചവറ്, എച്ചിൽ, ഉച്ഛിഷ്ട വസ്തുക്കളുടെ സംഭരണിയായത് രാഷ്ട്രത്തിനു തന്നെ ഒരു തലവേദനയായി മാറിയിരിക്കുന്നു.
ഗംഗയുടെ സമീപ പ്രദേശങ്ങളിലെ ഫാക്റ്ററികളിലുള്ള നിരുത്തരവാദമായി തൊഴിലിൽ എർപ്പെട്ടിരിക്കുന്നവർ ഉപയോഗരഹിതമായ അസംസ്കൃത പദാർത്ഥങ്ങളും ചീഞ്ഞു മണം പിടിച്ച പാഴ്വസ്തുക്കളും ഏകദേശം ഒരു മില്ല്യൻ ലിറ്ററോളം ദിനംപ്രതി ഗംഗയിലേയ്ക്ക് വലിച്ചെറിയുന്നു. കഴിഞ്ഞ ഇരുപതുവർഷം കൊണ്ട് മനുഷ്യർ വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ ഗംഗാ നദിയിൽ അനേക മടങ്ങുകൾ ഇരട്ടിക്കുകയും ചെയ്തു. അടുത്ത ഇരുപതു വർഷം കൊണ്ട് എറിയുന്ന പാഴായവകളുടെ അളവു നൂറിരട്ടിയാകുമെന്നും കണക്കാക്കുന്നു.
ഗംഗയുടെ തീരങ്ങളിലുള്ള ചെറുകിട വ്യവസായികളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നദിയ്ക്കുള്ളിൽ തന്നെയാണ്. ലെതർ വ്യവസായികളാണ് ഗംഗയിലെ പരിസരങ്ങളിൽ കൂടുതലായുള്ളത്. പാഴായ കെമിക്കൽ വസ്തുക്കളും ആവശ്യമില്ലാത്ത അസംസ്കുത ഉൽപ്പന്നങ്ങളും അവർ നിത്യേന നദിയിലേക്ക് വലിച്ചെറിയുന്നു. വരൾച്ചക്കാലത്തും ഒഴുക്കില്ലാ വെള്ളത്തിലും വിഷമയങ്ങളായ രാസ വസ്തുക്കൾ വെള്ളത്തിന്റെ അടിഭാഗത്ത് അടിഞ്ഞുകിടക്കും. ആഗോള നിലവാരമുള്ള ഫാക്റ്ററികളും അസംസ്കൃത സാധനങ്ങൾ പരിസരശുദ്ധിയോടെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും ഗംഗയുടെ തീരങ്ങളിൽ നടപ്പാക്കാനുള്ള പദ്ധതികൾ സർക്കാർ നാളിതുവരെയായും ഗൌനിച്ചിട്ടില്ല.
ജനസംഖ്യ വർദ്ധിച്ചതും വ്യവസായങ്ങളുടെ വളർച്ചയും ഗംഗാനദിയുടെ നില ഗുരുതരമാവാനും കാരണമായി. ആയിരക്കണക്കിന് മൃതദേഹങ്ങൾ ഗംഗയുടെ തീരത്ത് കത്തിക്കാറുണ്ട്. അനേകർ മോക്ഷ പ്രാപ്തിക്കായി മൃതദേഹങ്ങൾ ഗംഗയിൽ നിക്ഷേപിക്കുന്നു. അനാഥമായി അലയുന്ന ചത്ത ശരീരങ്ങളിൽനിന്നും ആത്മാക്കൾ നേരിട്ട് പരമാത്മാവിൽ പ്രാപിക്കുമെന്ന വിശ്വാസമാണ് പരമ്പരാഗതമായി അവിടെ മനുഷ്യർ പുലർത്തി വരുന്നത്.
നിയമ പരമല്ലാതെ വിവാഹം കഴിക്കാത്ത സ്ത്രീകളിൽനിന്നുമുണ്ടാകുന്ന കുഞ്ഞുങ്ങളെയും ഗംഗയിൽ വലിച്ചെറിയാറുണ്ട്. കുടുംബത്തിൻറെ മാനഹാനി ഭയന്നും മരിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർഗം കിട്ടുമെന്നുള്ള വിശ്വാസവുമാണ് അവിവാഹിത സ്ത്രീകളെ അത്തരം കടുംകൈകൾക്ക് പ്രേരിപ്പിക്കുന്നത്. വടക്കേന്ത്യൻ മാമൂലുകളനുസരിച്ച് പെണ്ണായി പിറക്കുന്ന കുഞ്ഞുങ്ങൾ ചില കുടുംബങ്ങളുടെ ശാപമായി കരുതുന്നു. അങ്ങനെയുള്ള പെണ്‍കുഞ്ഞുങ്ങളെ ഗംഗയിലൊഴുക്കി ജീവനോടെ കൊല്ലാനും മടിക്കില്ല. രാത്രിയുടെ ഒളിവിൽ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങൾ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും പ്രയാസമാണ്.
ഗംഗയുടെ സമീപത്തു താമസിക്കുന്നവർ പരിസരം ശുദ്ധിയായി സൂക്ഷിക്കുന്നതിന് തികച്ചും ഉദാസീനരാണ്. ചത്ത കന്നുകാലികളെയും മൃഗങ്ങളെയും വീടുകളിൽ വേണ്ടാത്ത പാഴ്വസ്തുക്കളെയും ഗംഗയിലേയ്ക്ക് വലിച്ചെറിയും. മരിച്ചവരുടെ ശരീരങ്ങളും ഗംഗയിൽ ഒഴുക്കാറുണ്ട്. ഗംഗയിലൊഴുകുന്ന ശവ ശരീരത്തിൽ നിന്നും ആത്മാവ് പുനർജന്മമില്ലാതെ മുക്തി പ്രാപിക്കുമെന്ന വിശ്വാസവും ഗംഗാ ഭക്തരുടെയിടയിലുണ്ട്. നദിയിൽ സ്നാനം ചെയ്യുന്നവർ ശവ ശരീരം തൊട്ടു മുമ്പിൽക്കൂടി ഒഴുകി നടന്നാലും ഗൌനിക്കാറില്ല. ദൈവം ഒഴുകി നടക്കുന്ന പ്രേതങ്ങളുടെ ആത്മാക്കളെ വഹിക്കാൻ ഏതു സമയത്തും വന്നെത്തുമെന്ന വിശ്വാസമാണ് വെള്ളത്തിൽ സ്നാനം ചെയ്യുന്നവർക്കുമുള്ളത്. ചത്ത മാംസ കഷണങ്ങൾ സ്വർഗത്തിലേക്കുള്ള ആത്മാവിന്റെ വിശാലമായ വഴിയാണെന്നുമുള്ള അന്ധവിശ്വാസവും മരിച്ചവരുടെ ബന്ധുക്കളിലുണ്ട്. ഗംഗയിലെ ദുർഗന്ധമേറിയ വെള്ളം ദൈവത്തിന്റെ മാധുര്യമേറിയ പാലും തേനുമെന്നാണ് കരുതുന്നത്.
ഗംഗയിലെ മാലിന്യങ്ങൾക്ക് പ്രധാന കാരണം മനുഷ്യരുടെ അജ്ഞതയും പ്രാകൃത ചിന്തകളും അന്ധവിശ്വാസങ്ങളുമാണ്. ഗംഗയിലെ സ്നാനം കൊണ്ട് കുടുംബം ഐശ്വര്യവും സമ്പത്തുള്ളതുമായി തീരുമെന്ന് കുബേര ദരിദ്ര വിത്യാസമില്ലാതെ ജനം വിശ്വസിക്കുന്നു. പാപ പങ്കിലമായ സ്വന്തം ആത്മാവ് ഗംഗയിലെ സ്നാനത്തോടെ ശുദ്ധമാകുമെന്ന വിശ്വാസവും അവരിലുണ്ട്. കൊടും രോഗങ്ങൾക്കുള്ള ശമനം തേടിയും ഗംഗാ സ്നാനം നിർവഹിക്കുന്നു. ഗംഗയുടെ പരിസരങ്ങളിലുള്ള ആചാരാനുഷ്ഠാനങ്ങൾ പ്രകൃതിയും വായുവും അന്തരീക്ഷവും മലിനങ്ങളാക്കുമെന്ന് ജനങ്ങളെ ബോധവൽക്കരിച്ചാലും അവർ അന്ധവിശ്വാസങ്ങളിൽ തന്നെ ഉറച്ചു നിൽക്കും.
പുണ്യ നദിയായ ഗംഗയുടെ തീരങ്ങളിൽ തീർത്ഥാടകർക്കായി താമസിക്കാനുള്ള കേന്ദ്രങ്ങളും റിസോർട്ടുകളുമുണ്ടെങ്കിലും പുണ്യം തേടി വരുന്ന യാത്രാക്കാർ വഴിയോരങ്ങളിൽ ടെന്റുകൾ കെട്ടി താമസം തുടങ്ങും. ചുറ്റുമുള്ള ഗംഗയുടെ തീരങ്ങളിൽ പ്രാഥമികാവശ്യങ്ങളും നടത്തി നിരുപയോഗ വസ്തുക്കൾ നദിയിലേക്കും വലിച്ചെറിയും. ദിനം പ്രതി ലക്ഷക്കണക്കിനു തീർത്ഥാടകരാണ് പട്ടണത്തിലെത്തുന്നത്. ഗംഗയിലെ വെള്ളത്തിൽ കുളിക്കുകയും തുണി കഴുകയും പൊങ്ങി നടക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും കാഷ്ടം കണക്കാക്കാതെ ആ വെള്ളം കുടിക്കുകയും ചെയ്യുന്നു. നദിയിലെ മലിന വെള്ളത്തിൽ കുളി ജപ കർമ്മാദികൾ നടത്തുന്നതു മൂലം ആ പ്രദേശങ്ങളിൽ ശിശു മരണം സാധാരണമാണ്. കുഞ്ഞുങ്ങളിലും പ്രായമായവരിലും ഗുരുതരമായ ത്വക്കുരോഗങ്ങളും ബാധിക്കാറുണ്ട്. മാലിന്യവും കെമിക്കലും കെട്ടി കിടക്കുന്ന പ്രകൃതിയിൽ ജീവിക്കുന്ന കാരണം അംഗവൈകല്യവും വൈരൂപ്യവുമുള്ള കുഞ്ഞുങ്ങളും മാതാപിതാക്കൾക്ക് ജനിക്കാറുമുണ്ട്.
ഗംഗയുടെ ശുചീകരണത്തിനായി സർക്കാർ തീവ്രമായ തീരുമാനങ്ങൾ കൈക്കൊള്ളാത്ത പക്ഷം ഗംഗാ നദിയും പരിസരങ്ങളും നശിക്കാൻ അധിക കാലം വേണ്ടി വരില്ല. അടുത്ത കാലത്തൊന്നും ഉടനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും തോന്നുന്നില്ല. സർക്കാരിന്റെ അനാസ്ഥ, ജനങ്ങളുടെ അന്ധവിശ്വാസം, രാഷ്ട്രീയക്കാരുടെ വോട്ടു ബാങ്ക് എന്നിങ്ങനെ നദീ തട പരിഷ്ക്കാരത്തിനായി തടസങ്ങളേറെയുണ്ട്. സമൂഹത്തിന്റെ എല്ലാ വിഡ്ഢിത്തരങ്ങൾക്കു കൂട്ടു നില്ക്കുന്ന സർക്കാരിന്റെ മനോഭാവം മാറാത്തിടത്തോളം കാലം ഗംഗയുടെ പരീസ്ഥിതി പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരിക്കും. പകർച്ച വ്യാധികൾ ബാധിച്ച ചില തീർത്ഥാടകർ ഗംഗയിലെ വെള്ളമുപയോഗിച്ചു് സമീപ വാസികൾക്ക് കോളറാ മുതലായ മാരക രോഗങ്ങൾ പകർന്നു കൊടുത്തിട്ടു പോവാറുണ്ട്. ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനകളും ലോകബാങ്കും ഗുരുതരമായ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ മുമ്പോട്ടു വന്നതുകൊണ്ട് ആശയ്ക്ക് വകയുമുണ്ട്.
ഗംഗാ നദിയെ വേണ്ടവിധം പരിരക്ഷിച്ചില്ലെങ്കിൽ നദി തികച്ചും ഇല്ലാതാകുന്ന അവസ്ത വരുമെന്ന് ബനാറസ് യൂണിവേഴ്സിറ്റിയിലെ പരീസ്ഥിതി ശാസ്ത്രജ്ഞൻ ഡോ . സി.സി. ത്രിപാഠിയുടെ പഠന റിപ്പോർട്ടിൽ കാണുന്നു. മൂന്നു മില്ല്യൻ ഗ്യാലൻ ഓടയിൽ നിന്നൊഴുകുന്ന മലിന വസ്തുക്കളാണ് ഗംഗയിൽ പതിക്കുന്നത്. ശരിയായ സംരക്ഷണം നല്കി ഇതിനെ തടയാത്ത പക്ഷം കാലാന്തരത്തിൽ ഗംഗാനദി മുറിഞ്ഞ് ജലാശയങ്ങൾ നിറഞ്ഞ തടാകങ്ങളായി മാറുമെന്നും പഠന റിപ്പോർട്ടിലുണ്ട്.
ഗംഗയോടനുബന്ധിച്ച് രണ്ട് അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. 1854-ൽ ഹരിദ്വാരയിൽ ബ്രിട്ടീഷുകാർ ഒരണക്കെട്ടുണ്ടാക്കിയിരുന്നു. ഗംഗയുടെ ഉപരിതലങ്ങളിൽ നിന്നു വരുന്ന ഈ വെള്ളം ഹിമാലയ താഴ്വരകളിലെ ഗംഗയുടെ തടാക തീരങ്ങളിലുള്ള ജനം ഉപയോഗിക്കുന്നു. അണക്കെട്ട് കാരണം ഗംഗയിൽ വെള്ളമൊഴുക്കിനു തടസമുണ്ടാകാറുണ്ട്. ബംഗ്ലാദേശത്തെയ്ക്ക് ഒഴുകുന്ന പ്രദേശത്ത് ഹൈഡ്രോ ഇലക്ട്രിക്കിൽ വിധത്തിലുള്ള ഒരു കൂറ്റൻ അണക്കെട്ട് പടുത്തുയർത്തിയിട്ടുണ്ട്. ആ അണക്കെട്ടുമൂലം ഗംഗയിൽ ഒഴുകി നടന്ന ഡോൾഫിൻ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നു. പക്ഷി മൃഗാദികളും അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു.
നദി തടങ്ങൾ ഫലഭൂയിഷ്ട മായതുകൊണ്ട് ധാന്യങ്ങൾ സമൃദ്ധമായി വളരാറുണ്ട്. സ്വാഭാവിക വളക്കൂറുള്ള മണ്ണും പുല്ലുമുള്ളതുകൊണ്ട് ഗംഗയുടെ പരിസരത്ത് കന്നുകാലികളെ വളർത്താൻ അനുയോജ്യമായ ഭൂപ്രദേശമാണ്. ഇതുമൂലം നിയന്ത്രിക്കാൻ പാടില്ലാത്ത വിധം ലക്ഷക്കണക്കിന് ബംഗ്ലാദേശികളാണ് അനധീകൃതമായി ഗംഗയുടെ തീരങ്ങളിൽ കുടിയേറുന്നത്.കനാലുകൾ വഴി ഗംഗയിലെ മലിനവെള്ളം കൃഷി ഭൂമികളിലും ഒഴുകുന്നു. ഉപനദികളിലും കനാലുകളിലും ഗംഗയിലെ മാലിന്യം ഒഴുകിയടിഞ്ഞു കൂടാറുമുണ്ട്. കൃഷി സ്ഥലങ്ങളിലേക്ക് ഗംഗയിലെ വെള്ളം കൊണ്ടുപോവുന്നതുകൊണ്ട് വേനൽക്കാലമാകുമ്പോൾ ഗംഗാ മുഴുവൻ വരണ്ടിരിക്കും.
ഗംഗാ നദിയെ നാശത്തിലേക്ക് നയിക്കാൻ മൂന്നു കാരണങ്ങളാണ് പ്രധാനമായുമുള്ളത്. അതിനുള്ള നടപടിക്രമങ്ങൾ സർക്കാർ തീവ്രമായി നടപ്പിലാക്കേണ്ടതുണ്ട്. (1)വാരണാസിയിലും സമീപ പ്രദേശങ്ങളിലുമുള്ള ശവദാഹ പ്രക്രീയകളും ദഹിപ്പിക്കലും, അന്തരീക്ഷ മലിനീകരണമുൾപ്പടെ പ്രകൃതിയെ ദുരിതമാക്കാറുണ്ട്. ഗംഗയുടെ പരിസരത്തുള്ള ക്രിമേഷൻ ഗ്രൗണ്ടുകൾ ഗംഗാ ശുദ്ധികരിക്കുന്ന പ്രവർത്തനങ്ങൾക്ക് തടസവുമാവുന്നു. അതിനുള്ള നിവാരണ മാർഗങ്ങളും വിലയിരുത്തേണ്ടതായുണ്ട്. (2)വീടുകളിലെ ഉപയോഗമില്ലാത്ത പാഴ്വസ്തുക്കളെ ഗംഗയിലെറിയുന്ന പ്രവണത കർശനമായി നിയന്ത്രിക്കണം. അതിനായി ജനങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകളും നൽകേണ്ടതായി വരും. (3)വ്യവസായികൾ തള്ളി കളയുന്ന വിഷം നിറഞ്ഞ കെമിക്കലുകളും അസംസ്കൃത സാധനങ്ങളും മെറ്റലുകളും ഗംഗയിൽ സംസ്ക്കരിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
സാമ്പത്തികമായി വളരുന്ന ഇന്ത്യയോടൊപ്പം ആരോഗ്യ പരിപാലനത്തിനും മാറ്റം വരുത്തണം. അമ്പതു വർഷങ്ങൾക്കു മുമ്പ് ഗംഗാ നദിയിൽ ശുദ്ധമായ വെള്ളം ഒഴുകിയിരുന്നുവെന്ന് അവിടുത്തെ പഴമക്കാർ പറയും. ഇന്ന് ആ വെള്ളം ഉപയോഗിച്ചാൽ മനുഷ്യൻ രോഗാണുക്കൾ ബാധിച്ച് രോഗികളാകും. വൻകിട ബിസിനസുകാരെയും ഫാക്റ്ററി ഉടമകളെയും ആദ്യം നിയന്ത്രിക്കണമെന്ന് അവിടെയുള്ള ചെറുകിട ബിസിനസുകാർ പറയും. സാധുക്കളെ ഉപദ്രവിക്കാനാണ് സർക്കാർ കൂടുതലും താല്പര്യം കാണിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. അടുത്ത കാലത്ത് താണ വർഗക്കാരായ ഏതാനും ദളിതരെ ഗംഗയിലെ വിശുദ്ധ ജലം എടുക്കാൻ അനുവദിച്ചു. അതുകൊണ്ട് സാമൂഹിക ഉച്ഛനീചത്വങ്ങൾ ഇല്ലാതാവുകയോ ഗംഗാ ശുദ്ധിയാവുകയോ ഇല്ലെന്നുള്ള സത്യവും ഗംഗയെ മലിനമാക്കുന്നവർ ചിന്തിക്കേണ്ടതുമുണ്ട്.
ഇന്ത്യാ പുരോഗമിക്കുന്നതിനൊപ്പം ആകാശത്തിൽക്കൂടി ഷട്ടിൽ സർവീസ് തുടങ്ങാനും മെട്രോ പട്ടണങ്ങളുണ്ടാക്കാനും ന്യൂക്ലീയർ ബോംബ് പൊട്ടിക്കാനും താല്പര്യം കാണിക്കാറുണ്ട്. എങ്കിൽ എന്തുകൊണ്ട് മലിനം കെട്ടി കിടക്കുന്ന നമ്മുടെ പരീസ്ഥിതികളെ ശുദ്ധീകരിക്കുന്ന പദ്ധതികളാവിഷ്ക്കരിച്ചു കൂടാ? പ്രധാനമന്ത്രി മോഡിയുടെ വാഗ്ദാനങ്ങളിലൊന്ന് ഗംഗാനദി വൃത്തിയാക്കുമെന്നുള്ളതാണ്. അദ്ദേഹത്തിനത് സാധിച്ചില്ലെങ്കിൽ ഇനി മറ്റാരിലും പ്രതീക്ഷിച്ചതുകൊണ്ട് കാര്യമില്ല. ഗംഗയുടെ പരിതാപാവസ്ഥയിൽ നിരാശനായ പ്രധാനമന്ത്രി മോഡി പരിഹാരം കാണുമെന്ന് ഉറപ്പിച്ചു പറയുന്നു.
ഗംഗയുടെ തീരങ്ങൾ കാണാൻ ദിനംപ്രതി വിദേശികളുടെ തന്നെ വൻപ്രവാഹമുണ്ട്. അവിടുത്തെ ദുർഗന്ധവും പ്ലാസ്റ്റിക്ക് കൂട്ടങ്ങളും കുപ്പികളും പശുവിൻ ചാണകവും ദഹിപ്പിച്ച ശവശരീരങ്ങളുടെ അവശിഷ്ടവും മൃഗങ്ങളുടെ കാഷ്ടവും പാഴായ മരാമത്തു വസ്തുക്കളും അഴുക്കുകൾ ഒഴുകി നടക്കുന്ന ഗംഗയും കാണുമ്പോൾ ഈ പുണ്യഭൂമിയെ ശപിച്ചുകൊണ്ട് ഇനി ഒരിയ്ക്കലും മടങ്ങി വരില്ലന്ന് പറഞ്ഞ് അവർ തിരിയെ പോവുന്നു.
പ്രഭാത സൂര്യന്റെ കിരണങ്ങളിൽ പ്രേമത്തിന്റെ വീണയും വായിച്ചു കൊണ്ട് നിത്യവും ശാന്തനു മഹാരാജാവ് ആ നദി തീരത്തുണ്ടായിരുന്നു. അപ്സര കന്യകയായ ഗംഗാ അയാളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അവൾ മാറ്റമില്ലാത്ത നിത്യ സുന്ദരിയായിരുന്നു. 'നീ ആരെന്ന് 'അവൾ അയാളോട് ചോദിച്ചു.' ഞാൻ ദ്വാപരയുഗത്തിൽ ഹസ്തിനപുരം ഭരിച്ചിരുന്ന രാജാവായ ശാന്തനുവെന്നു' പറഞ്ഞു. മുമ്പിൽ നില്ക്കുന്ന സുന്ദരി തന്റെ ഭാര്യ ഗംഗയെന്നറിഞ്ഞപ്പോൾ വികാര തരംഗങ്ങൾകൊണ്ട് ശാന്തനുവിന് സ്വയം നിയന്ത്രിക്കാൻ സാധിക്കില്ലായിരുന്നു. 'തന്റെ മക്കളെല്ലാം ദേവലോകത്ത് സുഖമായി കഴിയുന്നുവെന്നു പറഞ്ഞ് ' ഗംഗാ അദ്ദേഹത്തോട് യാത്ര പറഞ്ഞപ്പോൾ 'പ്രിയേ നീ പോവരുതെന്നും താൻ എകനാണെന്നും 'ശാന്തനു അവളോട് പറഞ്ഞു. ഗംഗ പറഞ്ഞു, "ഞാൻ മഞ്ഞുകട്ടകൾ തട്ടി നിരത്തി ഉയരത്തിലെ കൊടുമുടികളില്നിന്നും പുണ്യമായ ഈ നദിയിൽക്കൂടി നിന്നെ കാണാൻ ഒഴുകി വന്നു. അഴുക്കു ചാലുകൾ നിറഞ്ഞ ഗ്രാമങ്ങളും പട്ടണങ്ങളും ദുർഗന്ധം നിറഞ്ഞ കുഴികളും ഓടകളും ഞാൻ കണ്ടു. പാപികൾ ശുദ്ധമാകാൻ എന്നിൽ മുങ്ങുന്നു. അവരുടെ പാപങ്ങളും ഈ നദിയിൽ നിറച്ചു. നിന്റെ രാജ്യത്ത് താമസിക്കാൻ ഞാനില്ല. ദുഃഖങ്ങൾ നല്കിക്കൊണ്ട് അവൾ അവനിൽ നിന്നും മറഞ്ഞു.
Video on the River Ganga
No comments:
Post a Comment