By ജോസഫ് പടന്നമാക്കൽ
ചിന്തിക്കാൻ പ്രായമാകാത്ത നാളുകളിൽ ഒരു കുമാരൻ അല്ലെങ്കിൽ ഒരു കുമാരി തങ്ങളുടെ സെമിനാരി അല്ലെങ്കിൽ മഠം മതിൽക്കെട്ടിനുള്ളിലെ ആത്മീയ ജയിൽ വാസത്തിന്റെ തുടക്കമിടും. കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ ചെയ്യാത്ത കുറ്റത്തിനാണ് അവർ ശിക്ഷയനുഭവിക്കുന്നത്. സ്ത്രീയാണെങ്കിൽ അവളുടെ ദേഹം മുഴുവനും കറുത്ത പഴുന്തുണി പോലുള്ള കുപ്പായമിട്ടു നടത്തും. എത്ര സുന്ദരിയാണെങ്കിലും പഴുന്തുണി വേഷത്തിൽ കാണുന്ന കന്യാസ്തിയെ പ്രേമിക്കാൻ വരുന്നവരും ചുരുക്കമായിരിക്കും. അറബി നാട്ടിലെ നീളമുള്ള കുപ്പായമിട്ട് പുരുഷനും നടക്കണം. പൌരാഹിത്യം മറ്റെല്ലാ തൊഴിലുകളെക്കാളും കർമ്മങ്ങളെക്കാളും ഉത്തമമെന്ന് ചിന്തിക്കാൻ കഴിവില്ലാത്ത പ്രായത്തിൽ കൗമാരക്കാരെ വിശ്വസിപ്പിക്കും. അവൻ പിന്നീട് ദൈവത്തിങ്കലേക്കുള്ള സ്വപ്നങ്ങളും മനക്കോട്ടയും കെട്ടി അൾത്താര ബാലനായി ധൂപ ക്കുറ്റി വീശാൻ തുടങ്ങും. പുരോഹിതൻ അവിടെ ഒരു കുഞ്ഞാടിനെ ബലിമൃഗമാക്കുകയാണ്. കുടുംബത്തിലൊരു അച്ചനെ കാണാൻ അല്ലെങ്കിൽ മകൾ കന്യാസ്ത്രിയെ കാണാൻ സ്വന്തം മാതാപിതാക്കൾ പ്രാർഥനകളും വഴിപാടും നേർച്ചകളുമായി മറ്റൊരു ലോകത്തായിരിക്കും. പെറ്റമ്മയുടെ സ്വപ്നവും മകന്റെ ദൈവവിളിയിലായിരിക്കും. മനസുനിറയെ ദൈവത്തെ നിറച്ച അവൻ സെമിനാരിയിൽ അല്ലെങ്കിൽ അവൾ മഠത്തിൽ ചേരുന്നു. അവരുടെ പാഴായ ജീവിതം അവിടെ തുടങ്ങുകയാണ്.
വീപ്പക്കുറ്റിയ്ക്കകത്തുരുട്ടുന്ന പോലെ സെമിനാരിയ്ക്കുള്ളിൽ ഉരുട്ടിയ ജീവിതം കഴിയുമ്പോൾ മാതാപിതാക്കളുടെ സ്വപ്നങ്ങൾ പൂവണഞ്ഞുകൊണ്ട് മകൻ പുരോഹിതനാവുകയാണ്. പുത്തൻ കുർബാനയ്ക്ക് വടിയും പിടിച്ച് മെത്രാനും കാണും. കൈ മുത്തുന്നതും ഭക്തമനസുകൾക്ക് ഏതോ ദിവ്യമായ അനുഭവം പോലെയാണ്. പൌരാഹിത്യത്തിൽ നിന്ന് പിരിഞ്ഞു വന്നാലും അയാളുടെ പാകപ്പെടുത്തിയ മനസ് പെട്ടെന്ന് മാറ്റിയെടുക്കാനും പ്രയാസമാണ്.അന്നും മനസു നിറയെ പുരോഹിത മനസായിരിക്കും. അതിനു മാറ്റം വരണമെങ്കിൽ കാലങ്ങളെ പിന്നെയും അതിജീവിക്കണം. ഭക്തിയും സാമൂഹിക പ്രവർത്തനകളും സാമൂഹിക നീതിയും പരോപകാര പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകാൻ അയാൾ വീണ്ടും ആഗ്രഹിക്കും. ദൈവശാസ്ത്രത്തിൽ മാത്രം പരിജ്ഞാനം നേടിയ അദ്ദേഹത്തിൻറെ കഴിവിനുതകുന്ന ഒരു തൊഴിൽ കണ്ടുപിടിക്കുകയെന്നതും എളുപ്പമല്ല.
പൌരാഹിത്യം ഉപേക്ഷിച്ച ദുഃഖം അവരിൽ നിറഞ്ഞിരിക്കുന്നതായും കാണാം. കുറ്റ ബോധം അവരുടെ മനസുകളെ അലട്ടിക്കൊണ്ടിരിക്കും. വ്യക്തിപരമായ ഒരാളിന്റെ സ്വതന്ത്ര ജീവിതത്തിൽ തടസങ്ങൾ വരുമ്പോഴാണ് പൌരാഹിത്യം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കാറുള്ളത്. പൌരാഹിത്യം ഉപേക്ഷിച്ചാലും പലരുടെയും വ്യക്തി ജീവിതത്തിൽ അവരുടെ ഉള്ളിന്റെയുള്ളിൽ പുരോഹിതമനസ്സ് പിന്നീടുള്ള കാലങ്ങളിലും നിറഞ്ഞിരിക്കുന്നതായും കാണാം. മുമ്പ് പുരോഹിതരായിരുന്നവരുമായി ഇടപെടുകയാണെങ്കിൽ അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളും ദീന ദയാ മയമായ അനുകമ്പയും മനോഭാവവും തിരിച്ചറിയാൻ കഴിയും. അവർ പുരോഹിതരായിരുന്നുവെന്ന വസ്തുത അറിയത്തില്ലെങ്കിൽ പോലും കാഴ്ചയിൽ ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും.
സഭയുടെ തത്ത്വങ്ങളുമായി പൊരുത്തപ്പെട്ട ജീവിതം സാധിക്കാത്തതു കൊണ്ട് ചിലർ പൌരാഹിത്യം ഉപേക്ഷിക്കുന്നു. മറ്റു ചിലർ ജീവിതകാലം മുഴുവൻ അവിവാഹിതരായി കഴിഞ്ഞുകൊള്ളാമെന്നുള്ള വ്രതവാഗ്ദാനം കാറ്റിൽ പറത്തിക്കൊണ്ട് സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാൻ പൌരാഹിത്യം ഉപേക്ഷിക്കുന്നു. വാസ്തവത്തിൽ അത് തെറ്റല്ല. സ്നേഹം അവിടെ പങ്കിടുകയാണ്.
പൌരാഹിത്യം ഉപേക്ഷിച്ച് വിവാഹിതരാകാൻ കത്തോലിക്കാ സഭ തടസമാണെങ്കിൽ അത് ദൈവ ശാസ്ത്രം വിലക്കുന്നില്ല. ക്രിസ്തു നിയമങ്ങളുണ്ടാക്കിയത് കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്നല്ലായിരുന്നു. യേശുവിന്റെ യാത്രയിൽ ഒപ്പം വിവാഹിതരും അവിവാഹിതരുമുണ്ടായിരുന്നു. അവിടുത്തെ കാഴ്ചപ്പാടിൽ വൈവാഹിക ജീവിതവും പരിശുദ്ധമാണ്. പരിശുദ്ധാത്മാവ് വിവാഹിതരായവരെയും നയിക്കുന്നുവെന്ന് സുവിശേഷങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
സഭയെന്നാൽ ദൈവമല്ല. പള്ളിയിലും ദിവ്യബലികളിലും കൂദാശകളിലും സഭയ്ക്കാരും ദൈവികാധികാരം കൊടുത്തിട്ടില്ല. സഭ ഒരു സംഘടന മാത്രം. ആ സംഘടനയെ ഭരിക്കാൻ അധികാരമുള്ള യാഥാസ്ഥിതികരായ പുരോഹിതരും അഭിഷിക്തരും നിറഞ്ഞിരിക്കും. സഭയ്ക്ക് ദൈവിക ശക്തിയൊന്നുമില്ല. മറ്റുള്ള സഭകളിലുള്ളതു പോലെ സഭയ്ക്കുള്ളിൽ യേശുവുമുണ്ടായിരിക്കാം. സഭയ്ക്ക് ദൈവികമായി യാതൊരധികാരവുമില്ലാത്ത സ്ഥിതിക്ക് ഒരു പുരോഹിതൻ സഭ വിട്ടു പോയെങ്കിൽ അത് ദൈവത്തോടുള്ള പ്രതിജ്ഞാ ലംഘനമല്ല. സഭയ്ക്ക് മനുഷ്യന്റെ അധികാരമേയുള്ളൂ. ആ സഭയിൽ അധികാരമോഹികളായ പണത്തിന്റെ പിന്നാലെ പായുന്ന കുറെ സ്വാർത്ഥ മതികളായ പുരോഹിതരെയും കാണാം.
സഭയ്ക്ക് തെറ്റാ വരമുണ്ടെന്ന് മാർപ്പായ്ക്കു പോലും പറയാൻ സാധിക്കില്ല. ദൈവം മാത്രമാണ് തെറ്റാവരമുള്ളവൻ. മാർപ്പാപ്പയുടെ തെറ്റാവരമെന്ന തത്ത്വം അധികാരത്തിൽ കടിച്ചു തൂങ്ങാൻ സഭ തന്നെ കണ്ടുപിടിച്ച ഒരു പോംവഴിയാണ്. 1870-ലെ ഒന്നാം വത്തിക്കാൻ കൌണ്സിൽ കണ്ടുപിടിച്ച ഒരു കുതന്ത്രം മാത്രം. ക്രിസ്ത്യൻ നവീകരണ തീവ്ര വാദികൾ ബൈബിൾ തെറ്റാവരമെന്ന് പ്രഖ്യാപിച്ചപ്പോൾ കാനോൻ നിയമങ്ങൾ നടപ്പാക്കുന്ന മാർപ്പാപ്പായും തെറ്റാവരമെന്ന് അന്നത്തെ സുനഹദോസ് തീരുമാനിച്ചു. മനുഷ്യനെഴുതിയ ബൈബിളും കാനോൻ നിയമങ്ങളും തെറ്റാവരമായി കരുതുന്നവർ വിഡ്ഢികളുടെ സ്വർഗഭൂമിയിൽ കുരയ്ക്കുന്നവരന്നേ പറയാൻ സാധിക്കൂ. ശാസ്ത്രം പുരോഗമിച്ചപ്പോഴും പരിണാമ തത്ത്വങ്ങൾ അവതരിപ്പിച്ചപ്പോഴും മഹാ സ്പോടന തത്ത്വം പരിഗണിച്ചപ്പോഴും മതം പഠിപ്പിച്ചത് പൊള്ളയായിരുന്നുവെന്ന് സാമാന്യ ജനങ്ങൾ മനസിലാക്കാനും തുടങ്ങി. 1859-ൽ ജീവ ജാലങ്ങളുടെ ആരംഭത്തെപ്പറ്റി ഡാർവിൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പിന്നാലെയായിരുന്നു മാർപ്പാപ്പായുടെ തെറ്റാവരമെന്ന അബദ്ധ തത്ത്വം മാർക്കറ്റിലിറക്കിയത്.
ബൈബിളെന്ന പുസ്തകം നവീകരണക്കാരുടെ തെറ്റാവരമുള്ള കടലാസ്സു മാർപ്പാപ്പായായപ്പോൾ മാർപ്പായ്ക്ക് തെറ്റാവരമുണ്ടന്നു കത്തോലിക്കാ സഭയും സ്ഥാപിച്ചു. മനുഷ്യരുടെ മനസ്സിൽ ഭയം സൃഷ്ടിച്ചതിനൊപ്പം ലോകത്തിനും മാറ്റങ്ങൾ വന്നു. സാമാന്യ ബോധമുള്ളവർ സഭ പഠിപ്പിച്ച തെറ്റായ ചിന്തകളെ അകത്തി മാറ്റി ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു ചിന്തിക്കാനും തുടങ്ങി.
സഭയ്ക്ക് തെറ്റു പറ്റിയെന്നു പറഞ്ഞാൽ സഭയിലടിയുറച്ചു വിശ്വസിക്കുന്നവർ 'അതിനുള്ള തെളിവെന്തെന്ന്' മറുചോദ്യം ചോദിക്കും. ദൈവം നമുക്ക് ബുദ്ധിയും മനസും ചിന്തിക്കാനുള്ള കഴിവും തന്നിരിക്കുന്നത് പുരോഹിതരുടെ സാരോപദേശം കേട്ടിട്ട് അടിമയെപ്പോലെ നേർച്ചയും പ്രാർത്ഥനയുമായി കഴിയാൻ വേണ്ടിയല്ല. സ്വയം യുക്തിപരമായി ചിന്തിക്കാനാണ്' ദൈവം നിശ്ചയിച്ചത്. മ റ്റുള്ളവർ എഴുതിവെച്ച പഴംപുരാണങ്ങൾ അപ്പാടെ വിശ്വസിച്ച് സ്വീകരിക്കാനല്ല. മാർപ്പായ്ക്ക് തെറ്റാവരമുണ്ടെന്ന് സഭയുടെ പക്കലുള്ള തെളിവെന്താണ്? ബുദ്ധിയും ബോധവും ത്യജിച്ച് തെറ്റാ വരമെന്ന ബിംബത്തെയും കടലാസ്സു മാർപാപ്പായെയും സഭാ മക്കൾ ആരാധിക്കണോ? സഭയിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ഏതാനും പുരോഹിതരാണ് തെറ്റാവരത്തിന്റെ ഉറവിടം. മെത്രാനോ കർദ്ദിനാളിനോ ലോകത്തിലൊരു പുരോഹിതനോ തെറ്റാവരമെന്ന അധികാരം കൊടുത്തിട്ടില്ല. മനുഷ്യമനസുകൊണ്ട് അവർ പുരോഹിതരായി. അതേ മനസുകൊണ്ട് അവർ പൌരാഹിത്യം വേണ്ടെന്നു വെച്ചു. മനുഷ്യനാണ് തലയിൽ കൈവെച്ച് ഒരു പുരോഹിതന് പൌരാഹിത്യം നല്കുന്നത്. അല്ലാതെ അത് ദൈവം കല്പ്പിച്ച കൈവെപ്പു പാരമ്പര്യമൊന്നുമല്ല. ദ്രവ്യാഗ്രഹമുള്ള മനുഷ്യത്വം നശിച്ച പുരോഹിതരുടെ പ്രവർത്തനത്തിൽ മനംനൊന്ത് ഒരുവൻ പൌരാഹിത്യം വേണ്ടെന്നു വെച്ചാൽ അതിൽ തെറ്റൊന്നും കാണാൻ സാധിക്കില്ല.
പുരോഹിതനായ ഒരുവന്റെ ജീവിതത്തിൽ പൌരാഹിത്യം ഉപേക്ഷിക്കുകയെന്ന തീരുമാനമെടുക്കാൻ എളുപ്പമല്ല. പൗരാഹിത്യമെന്ന കുരുക്കഴിക്കാൻ' മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം അയാൾ സ്വയം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകാം. സുപ്രധാനമായ ഈ തീരുമാനത്തിനായി ചിലപ്പോൾ കണ്ണീരോടെ അനേക തവണകൾ പ്രാർത്ഥിച്ചിട്ടുണ്ടാവാം. പൌരാഹിത്യത്തിൽ ഒരുവൻ പ്രവേശിക്കുന്നതിനെക്കാളും പൌരാഹിത്യം ഉപേക്ഷിക്കുമ്പോൾ അയാൾക്ക് ഉറച്ച വിശ്വാസവും ധൈര്യവും ആവശ്യമാണ്. മുന്നോട്ടുള്ള അയാളുടെ ജീവിതം അന്ധകാരം നിറഞ്ഞതായിരിക്കുമെന്ന മാനസിക വിഭ്രാന്തിയും അലട്ടിക്കൊണ്ടിരിക്കും. പൌരാഹിത്യ ജീവിതത്തിലേക്ക് ഒരാളുടെ ജീവിതം അടിയറ വെയ്ക്കുമ്പോൾ ചുറ്റും ജനം "ഹോശാനാ ഹോശാന' എന്ന് പാടിക്കൊണ്ട് വാഴ്ത്തും. അയാൾ പൌരാഹിത്യം ത്യജിക്കുമ്പോൾ പിന്നീട് ഉച്ചത്തിലുള്ള അലർച്ചകളും ശബ്ദകോലാഹലങ്ങളും ശ്രവിക്കാം. ബന്ധുക്കളും സുഹൃത്തുക്കളും സഹിതം "അവനെ ക്രൂശിക്കൂ, അവനെ ക്രൂശിക്കൂ" വെന്ന് പറഞ്ഞ് ഉച്ചത്തിൽ അട്ടഹസിക്കാൻ തുടങ്ങും. പൌരാഹിത്യം തെരഞ്ഞെടുക്കുന്നതും പൌരാഹിത്യം ഉപേക്ഷിക്കുന്നതും ഒരുപോലെ ദൈവത്തിങ്കലേക്കുള്ള വഴിയാണ്.പരിശുദ്ധി നശിച്ച ദേവാലയത്തിൽ പ്രവേശിച്ച് യേശു ചുങ്കക്കാരെയും ഫരീസിയരെയും പുറത്താക്കിയപ്പോൾ ജനം അവിടുത്തെ ഹോശാന പാടി സ്വീകരിച്ചു. അതുപോലെ ദൈവത്തിങ്കലേയ്ക്ക് കുരിശുമായി പോവുന്ന യേശുവിനെയും ജനം ക്രൂശിക്കൂ, ക്രൂശിക്കൂവെന്ന് പറഞ്ഞ് അക്രോശിച്ചിരുന്നു.
പുരോഹിതർ പൌരാഹിത്യം ഉപേക്ഷിക്കുന്നത് അവരുടെ വിശ്വാസം നശിച്ചതുകൊണ്ടെന്നു മെത്രാനും കൂടെ നടക്കുന്ന പുരോഹിതരും ചിന്തിക്കുന്നു. എന്നാൽ അത് സത്യമല്ല. പിരിഞ്ഞു പോകുന്ന പുരോഹിതർ ക്രൈസ്തവ ചിന്തകളിൽ മാറ്റമില്ലാതെ അഗാധമായി വിശ്വസിക്കുന്നവരാണ്.വിശ്വാസം അവരിൽ കൂടുതൽ ബലവത്തായതുകൊണ്ടാണ് അവർ സഭ വിടുന്നത്. വാസ്തവത്തിൽ പൌരാഹിത്യം ഉപേക്ഷിക്കുന്നവർ വിശ്വാസത്തിൽ പാകത നേടുന്നവരാണ്. ഒന്നുമറിയാത്ത പ്രായത്തിൽ അവരുടേതല്ലാത്ത തെറ്റുകൊണ്ട് അവരാഗ്രഹിക്കാത്ത പൌരാഹിത്യക്കുടുക്കിൽ അകപ്പെട്ടു പോയി. കുരുക്കുകൾ അഴിച്ച് സ്വയം വിവേകവും അറിവും വരുമ്പോഴാണ് അവർ പൌരാഹിത്യം വേണ്ടെന്നു വെയ്ക്കുന്നത്.
സഭയുടെ ചട്ടക്കൂടിനുള്ളിൽ ദൈവത്തിനു രണ്ടാം സ്ഥാനമേ കല്പ്പിച്ചിട്ടുള്ളൂ. പുരോഹിതരായിരിക്കുന്ന കാലഘട്ടത്തിൽ സ്വന്തം മനസാക്ഷിയിലെ ദൈവത്തെക്കാളുപരി സഭയുടെ കാനോനിക തത്ത്വങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കണം. കാരണം കത്തോലിക്കാ സഭയെ നയിക്കുന്നത് എന്നും യാഥാസ്ഥിതികരുടെ ഒരു നേതൃത്വമാണ്. സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് അടിച്ചേല്പ്പിക്കുന്ന ഒരു സ്വേച്ഛാധിപത്യമാണ് സഭയ്ക്കുള്ളത്. സ്വന്തം ഇഷ്ടപ്രകാരം പൗരാഹിത്യമെന്ന കറക്കു കമ്പനിയിൽ നിന്നും സ്വതന്ത്രരായി പുറത്തിറങ്ങിയ പുരോഹിതരെ ഇനിമേൽ പീഡിപ്പിക്കാൻ അധികാരമത്തു പിടിച്ച പുരോഹിത പ്രഭുക്കൾക്ക് സാധിക്കില്ല. ദൈവത്തിങ്കലേക്കുള്ള സ്വതന്ത്രമായ യാത്രയ്ക്കിടയിൽ ഭൂമിയിലെ മറ്റൊരുവന്റെ മാധ്യസ്ഥം സ്വതന്ത്രരാകുന്ന ഈ പുരോഹിതർക്ക് ആവശ്യമില്ല. കൂലിയില്ലാ ജോലി ചെയ്ത പുരോഹിതരുടെയും കന്യാസ്ത്രികളുടെയും ആയുഷ്ക്കാല വേതനവും സഭ ഇവർക്ക് നല്കാനും ബാധ്യസ്ഥരാണ്. ചർച്ച് ആക്റ്റിനെ അവഗണിച്ച് നിയമത്തിനു വിട്ടുകൊടുക്കാതെ പിടിച്ചടക്കിയ സഭാ പൌരരുടെ സ്വത്ത് ഇന്നും അഭിഷിക്ത കൊർപ്പറേഷന്റെ കൈവശം തന്നെയാണ്.
നിർബന്ധിതമായി അടിച്ചേൽപ്പിച്ചിരിക്കുന്ന ബ്രഹ്മചര്യം പൊട്ടിച്ചെറിഞ്ഞ ഒരു പുരോഹിതന് ഒരു വിപ്ലവകാരിയുടെ മനസുമുണ്ടായിരിക്കും. ബ്രഹ്മചര്യത്തോടല്ല, അയാളെ കൂച്ചിക്കെട്ടിയ സമൂഹത്തിനെതിരെയാണ് വിപ്ളവ കൊടുങ്കാറ്റ് വീശുന്നത്. ദൈവ വിളിയെന്നു പറഞ്ഞ്, ക്രിസ്തുവിന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്യാൻ യുവാക്കളെ ആവശ്യമുണ്ടെന്നു പറഞ്ഞ് പത്രങ്ങളിൽ പരസ്യം ചെയ്തും കള്ള വാഗ്ദാനങ്ങൾ നല്കിയുമാണ് പാവങ്ങളായ ഇവരെ പൌരാഹിത്യത്തിൽ ചാടിച്ചത്. ബ്രഹ്മചര്യത്തിന്റെ ഉള്ക്കാഴ്ചയോടെയാണ് പൌരാഹിത്യത്തിൽ പ്രവേശിക്കുന്നതെങ്കിലും അയാളുടെ ബ്രഹ്മചര്യത്തെ നിത്യവ്രതമായി കൈക്കൊള്ളാൻ സാധിക്കില്ല. മനുഷ്യനായ പുരോഹിതനിലും ബലഹീനതകളുണ്ട്. ആത്മീയഗുരുക്കളും ബിഷപ്പുമാരും അയാളിലെ ബ്രഹ്മചര്യത്തെ അഴിഞ്ഞുപോവാതെ പിടിച്ചു കെട്ടി മുറുക്കിക്കൊണ്ടിരിക്കും. ഇവിടെ ബ്രഹ്മചര്യമെന്നു പറയുന്നത് ഒരു സഹന ശക്തി മാത്രം. അത്യാഗാധമായ ഹൃദയത്തിനുള്ളിൽ അയാളെന്നും ഏകാകിയാണ്. ബ്രഹ്മചര്യം പോലെ വയസാകുമെന്ന ചിന്തയും അയാളെ അലട്ടിക്കൊണ്ടിരിക്കും. ജീവിതത്തിന്റെ സായം കാലങ്ങളിൽ പുരോഹിതർക്കുള്ള നേഴ്സിംഗ് ഹോമുകളിൽ ബുദ്ധിയും ബോധവും നശിച്ച മറ്റു പുരോഹിതരോടൊപ്പം കഴിയേണ്ട കാലങ്ങളെപ്പറ്റിയും ചിന്തിക്കും. പൌരാഹിത്യത്തിൽക്കൂടി യുവത്വത്തിൽ അനുഭവിക്കുന്ന സൌഭാഗ്യങ്ങൾ അന്ന് കാത്തു കിടക്കുന്നത് കഠിനമായ ദുഖങ്ങളെയായിരിക്കും. ഏകാന്തതയ്ക്ക് ശമനം വരുമെങ്കിലും പുറകോട്ടുള്ള അന്ധകാര ജീവിതവും നഷ്ടബോധവും അനുഭവിച്ച ഏകാന്തതയും മനസ്സില് എന്നും തളം കെട്ടി നില്ക്കും.
ഒരു പുരോഹിതൻ ഒരു സ്ത്രീയുമായി പ്രണയത്തിലായാൽ പിന്നീടയാൾക്ക് പൌരാഹിത്യം ജയിലറയാവുകയാണ്. സ്നേഹിച്ച ഹൃദയങ്ങൾ തമ്മിൽ പരസ്പരം അടുക്കണമെങ്കിൽ ചുറ്റുമുള്ള ഭ്രാന്തൻ സമൂഹത്തിന്റെ കഴുകന്റെ ദൃഷ്ടികളുള്ള കണ്ണുകളെയും അതിജീവിക്കണം. സ്നേഹം പരിശുദ്ധമാണെങ്കിലും പൌരാഹിത്യത്തിൽ അതൊരു മാനസിക വിപ്ലവമുണ്ടാക്കുന്നു. ലൈംഗികതയെ മാറ്റി നിർത്തി ഇവിടെ രണ്ടു ഹൃദയങ്ങൾ തമ്മിൽ പരസ്പരം അടുക്കുകയാണ്. ശേഷിക്കുന്ന ജീവിതത്തിൽ ഏകാന്തതയിൽ നിന്നും മുക്തി നേടാൻ' ഒരു പുരോഹിതൻ കൂട്ടുകാരിയെ തേടിയാൽ സമൂഹമൊന്നാകെ പൊട്ടിത്തെറിയുണ്ടാവുകയാണ്. പൌരാഹിത്യം അയാളിൽ ചുറ്റിപ്പറ്റിയിരിക്കുന്നതുകൊണ്ട് സ്നേഹിക്കുന്നതും രഹസ്യമായി വേണം. ഒരു പുരോഹിതൻ മറ്റൊരുവളെ സ്നേഹിക്കുന്നുവെങ്കിൽ ആ സ്നേഹം പരിശുദ്ധമെങ്കിൽ എന്തിനയാളെ തടയണം. സ്നേഹം പൌരാഹിത്യത്തിന് തടസമാകുന്നതെങ്ങനെ? "ദൈവം സ്നേഹമാണെന്ന്" യോഹന്നാൻ സുവിശേഷം നാലാം അദ്ധ്യായം എട്ടാം വാക്യത്തിൽ പറയുന്നു, എങ്കിലെന്തുകൊണ്ട് പുരോഹിതന് ദൈവത്തിന്റെ ആ സ്നേഹം നിഷേധിക്കണം? "ബ്രഹ്മചര്യം സകലരെയും സ്നേഹിക്കാൻ കാരണമാകുമെന്ന്" പഴം കാലത്തിലെ പുരോഹിതർ പറയും, സത്യമതെല്ലെന്നും മനസിലാക്കണം. വിവാഹിതരും തുല്യമായി മറ്റുള്ളവരെ സ്നേഹിക്കാറുണ്ട്. പ്രേമിക്കുന്നത് തിന്മയായി സഭ കരുതുന്നു. പുരോഹിതരുടെ ലൈംഗികാസക്തി തടഞ്ഞ് അവരുടെമേൽ യജമാന അടിമത്വം സൃഷ്ടിക്കുകയാണ് അഭിഷിക്തർക്കെന്നും താല്പര്യമുള്ളത്. പുരുഷമേധാവിത്വം സഭയിലെന്നും അഴിഞ്ഞാടുന്നു. സ്ത്രീകളെ സമൂഹത്തിൽ എന്നും താണവരായി കാണുന്നു. ഇതിൽ നിന്നും ഒരു സ്വതന്ത്ര വിമോചനത്തിനായിരിക്കാം കന്യാസ്ത്രികളും കൂടു വിട്ട് അവരുടെ ജയിലറകളിൽനിന്നും പുറത്തു ചാടുന്നത്.
ക്രിസ്തുവിന്റെ സന്ദേശങ്ങളിൽ ആരും ബ്രഹ്മചര്യം കാക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ല. പത്രോസിന്റെ അമ്മായിയമ്മയെ യേശു രോഗ വിമുക്തനാക്കി. ദൈവത്തിന്റെ തീരുമാനം അങ്ങനെയെങ്കിൽ, കുടുംബ ജീവിതം നയിക്കുന്നവരെയും സ്നേഹിക്കുന്നുവെങ്കിൽ സഭയെ എന്തിനു ഭയക്കണം? സഭ ദൈവത്തെക്കാളും ഉപരിയോ? വിവാഹിതനായ പത്രോസിനെയും കുടുംബത്തെയും യേശുവിന് പ്രിയമെങ്കിൽ പൌരാഹിത്യം ഉപേക്ഷിക്കുന്ന പുരോഹിതരെയും വിവാഹിതരാകുന്നവരെയും യേശുവിന് പ്രിയം തന്നെയായിരിക്കും.
പൌരാഹിത്യം ഉപേക്ഷിച്ചു വരുന്നവരോട് സ്നേഹമായി പെരുമാറാൻ സമൂഹവും തയാറാകണം. സമൂഹത്തിന്റെ തെറ്റായ ധാരണകൾക്കും മാറ്റം വരണം. പൌരാഹിത്യം വേണ്ടെന്നു വെച്ചു പുറത്തിറങ്ങുന്ന സഹോദരങ്ങളെ വെറുതെ വിടൂ, കൊച്ചിയിൽ അറബിക്കടലിന്റെ മടിത്തട്ടിൽ അവരോടൊപ്പം കൂടുന്ന ഈ മഹാസമ്മേളനം വഴി അവർക്കൊപ്പം ഒരു ജനശക്തിയുണ്ടെന്ന കാര്യവും സമൂഹത്തെ അറിയിക്കണം. പൌരാഹിത്യം ഉപേക്ഷിക്കാൻ മനതന്റെടമുള്ള പുരോഹിതർ സമൂഹത്തിന്റെ വെല്ലുവിളികളും സ്വീകരിച്ചുകൊണ്ടു തന്നെയാണ് പുറത്തു ചാടിയത്. യേശുവിന്റെ ചൈതന്യവുമായാണ് അവർ പൌരാഹിത്യത്തോട് വിട പറഞ്ഞത്. അവർക്കു വേണ്ടി വീണ്ടും ഉച്ചത്തിൽത്തന്നെ ഹോശാനാ പാടാം.
മനുഷ്യ ജീവിതം മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. പുരോഹിതനായി ജീവിച്ചുകൊള്ളാമെന്ന് അന്ന് പുരോഹിതൻ മറ്റൊരു പുരോഹിതന്റെ മുമ്പിലാണ് പ്രതിജ്ഞ ചെയ്തതെങ്കിൽ പൌരാഹിത്യം ഉപേക്ഷിച്ച അതേ മനുഷ്യൻ വീണ്ടും പ്രതിജ്ഞ ചെയ്യുകയാണ് "സമൂഹമേ ഞാനിനി നിങ്ങളിൽ ഒരാളായി നിങ്ങളോടൊപ്പമായിരിക്കും." തെറ്റാവരമെന്ന ബിംബത്തെ തട്ടിത്തെറിപ്പിച്ച ശേഷമാണ് ദൈവത്ത്ന്റെ നിയോഗം ഇവിടെ പൂർത്തികരിക്കുന്നത്. പുതിയ ജീവിതം തുറന്നതുവഴി പുരോഹിതനുണ്ടായിരുന്ന തുച്ഛമായ വരുമാനം നിലച്ചേക്കാം. ജോലി നഷ്ടപ്പെട്ടേക്കാം. കുടുംബവും സഹോദരങ്ങളും മാതാപിതാക്കളും ഉപേക്ഷിച്ചേക്കാം. കുടുംബത്തിൽ നിന്നും കിട്ടേണ്ട ഓഹരികൾ മറ്റുളളവർ കവർന്നെടുത്തേക്കാം. ജനിച്ചു വീണ സഭയിൽനിന്നും പുറത്താക്കുമെന്ന ഭയവും ഉണ്ടായേക്കാം. പ്രശ്ന സങ്കീർണ്ണങ്ങളുമായി പൌരാഹിത്യം ഉപേക്ഷിച്ചു വരുന്ന ഇയാളുടെ മനസും തളർന്നിരിക്കാം. സമൂഹമനസാക്ഷിക്ക് ഇതു കണ്ട് കണ്ണടക്കാൻ സാധിക്കില്ല.
നമ്മുടെ സമൂഹത്തോട് എനിക്കൊന്നേ പറയാനുള്ളൂ ; നിസഹായരായ പൌരാഹിത്യമുപേക്ഷിച്ചു വരുന്നവരുടെ മനസിനെ തകർക്കാതെ അവരെ വെറുതെ വിടൂ. പുരോഹിതരും നമ്മുടെ കുടുംബങ്ങളിൽ നിന്നുള്ളവരെന്ന് അവർ പൌരാഹിത്യത്തിന്റെ ചട്ടക്കൂട്ടിലായിരുന്ന കാലത്ത് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്. പുരോഹിതരായിരുന്ന് നിങ്ങൾക്കുവേണ്ടി മുമ്പ് ആത്മീയ ജോലി ചെയ്തിരുന്ന ഇവർ ഇനി മുതൽ നമ്മോടൊപ്പം ജീവിക്കേണ്ടവരാണ്. മുടിയനായ പുത്രനെ സ്നേഹമുള്ള പിതാവ് സ്വീകരിച്ചു. എങ്കിൽ എന്തുകൊണ്ട് ദൈവത്തിനായി ജോലി ചെയ്ത നിങ്ങളുടെ മകനെ നിങ്ങൾ തള്ളി പറയുന്നു. പൌരാഹിത്യം ഉപേക്ഷിച്ചവർക്കായി കൂടുന്ന കൊച്ചി സമ്മേളനത്തിന്റെ വിജയത്തിനായി ഹോശാന പാടാം. അധികാര ശ്രേണികളിലുള്ള കയാഫാസിന്റെ മക്കൾ അങ്ങകലേനിന്ന് 'അവനെ ക്രൂശിക്കുക, ക്രൂശിക്കുക ' എന്നട്ടഹസിക്കട്ടെ. അവരെയായിരുന്നു, യേശു അണലി സന്തതികളെന്നു വിളിച്ചത്. പത്രോസ് വാളൂരിയതും അവർക്കെതിരെയായിരുന്നു. സത്യമായ ക്രിസ്തു ഇന്ന് ദുഖിതരായ സന്യസ്തമുപേക്ഷിച്ച സഹോദരി സഹോദരന്മാരോടൊപ്പമുണ്ട്.
No comments:
Post a Comment