Tuesday, August 2, 2016

റിയോ 2016: ഒളിമ്പിക്‌സും ചരിത്രവും



By ജോസഫ് പടന്നമാക്കൽ

പൗരാണിക കാലം മുതൽ തുടർന്നു വരുന്ന 'ഒളിമ്പിക്സ് കായിക മേളകൾ' ആധുനികതയിലും  പ്രകാശിതമായി തന്നെ നിലകൊള്ളുന്നു. ഇത് ഒരുവന്റെ ശക്തിയുടെയും മാനസിക ഉല്ലാസത്തിന്റെയും പരീക്ഷണമാണ്. ആദരവിന്റെയും യശസ്സിന്റെയും മാറ്റുനോക്കലാണ്.  നാലു വർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന കായിക മത്സരങ്ങളുടെ കേന്ദ്രീകരണ കൂട്ടായ്മയും.  ഗ്രീക്ക് സംസ്ക്കാരത്തിന്റെ പാരമ്പര്യത്തിൽനിന്നും നവീകരണാചാരത്തിന് അനുസൃതമായി പരിവർത്തനാത്മകമായ ഒളിമ്പിക്സ്  ലക്ഷോപലക്ഷം ജനങ്ങളിൽ ഉള്‍പ്പുളകമുണ്ടാക്കുന്നു. ഗുസ്തി, ജാവലിൻ, ഓട്ടം എന്നിങ്ങനെ വിവിധയിനം കായിക മല്‍സരക്കളികളുമായി വന്നെത്തുന്ന ഒളിമ്പിക്സ് താരങ്ങൾ അവർ വസിക്കുന്ന രാജ്യത്തിന്റെ യശസ്സുമുയർത്തുന്നു.


പഴങ്കാലത്തിലെ മനസ്സിൽ സൂക്ഷിച്ച കായിക സ്പന്ദനം പോലെ ആധുനികതയുടെ ഒളിമ്പിക്സ് ഗെയിംസിൽ കായിക പ്രേമികൾ അധികമൊന്നും താല്പര്യം കാണിക്കുന്നില്ല. ഇന്നുള്ള താരങ്ങൾക്ക് അന്നത്തെപ്പോലെ ആദരവും നൽകാറില്ല. അതലറ്റുകളിൽ ചിലർ ഉത്തേജനത്തിനടിമയാകുന്നു. ഒരുവന്റെ ശക്തി വർദ്ധിപ്പിക്കാനായി നിയമാനുസൃതമല്ലാത്ത ഉത്തേജനമരുന്നുകൾ ഉപയോഗിക്കുന്നു. അത്യാഗ്രഹ മോഹികളായ കായിക താരങ്ങളിൽ വർദ്ധിച്ചു വരുന്ന ഒരു ദുരവസ്ഥയാണിത്. അവരറിയാതെ തന്നെ സാവധാനമവരുടെ ആരോഗ്യവും നശിക്കുന്നു. ചിലർക്ക് ലിംഗ വ്യത്യാസങ്ങൾ തന്നെ സംഭവിക്കാം.


പഴയകാലത്ത് ഗ്രീക്ക് സംസാരിക്കുന്നവർ മാത്രമേ മത്സരത്തിൽ പങ്കെടുത്തിരുന്നുള്ളൂ. ഇന്ന് ഭാഷകൾക്കും വംശീയതയ്ക്കും ഭൂമിശാസ്ത്രത്തിനുമുപരി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും മത്സരാർത്ഥികൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നു. പണ്ടു കളികൾ ഒളിമ്പിയായിൽ മാത്രമേ നടത്തിയിരുന്നുള്ളൂ. ഇന്ന് ഓരോ നാലുവർഷങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളായി  അനുയോജ്യങ്ങളായ പട്ടണങ്ങൾ തിരഞ്ഞെടുത്ത് മത്സരങ്ങൾ നടത്തുന്നു. കാലത്തിന്റെ പരിവർത്തനങ്ങളിൽ ഇങ്ങനെയെല്ലാം വ്യത്യസ്‌തതകളുണ്ടെങ്കിലും ഒളിമ്പിക്സ്നെ ലോകം ആദരവോടെയാണ് എന്നും മാനിക്കുന്നത്.


ചരിത്രമൊന്നു അവലോകനം ചെയ്യുകയാണെങ്കിൽ ആദ്യത്തെ ഒളിമ്പിക്സ് ഗെയിംസിന്റെ തുടക്കം 776 ബി.സി.മുതലെന്നു കാണാം. മതത്തിന്റെ പ്രാചീന വിശ്വസത്തിൽ  അന്ന് നടത്തപ്പെട്ടിരുന്ന  കായിക പ്രകടനങ്ങൾ  ഒളിമ്പിയൻ ദൈവങ്ങൾക്ക് കാഴ്ച വെച്ചിരുന്നു. ഒളിമ്പിയായുടെ സമതല പ്രദേശങ്ങളിൽ അക്കാലങ്ങളിൽ ഒളിമ്പിക്സ്  ഗെയിമുകൾ നടത്തിയിരുന്നു. പന്ത്രണ്ടു നൂറ്റാണ്ടോളം ഒളിമ്പിക്സ് തുടർന്നുകൊണ്ടിരുന്നു. AD 393-ൽ തീയോഡോഷ്യസ് എന്ന ചക്രവർത്തി 'ഒളിമ്പിക്സ്' പേഗൻ വിശ്വാസങ്ങളിലുള്ള ആചാരങ്ങളെന്നു കൽപ്പിച്ച് രാജ വിളംബരത്തിൽക്കൂടി രാജ്യത്ത് ഒളിമ്പിക്സ് നടത്തുന്നത് നിരോധിച്ചു. പൗരാണിക കാലത്തു ഒളിമ്പിക്സ് ഗെയിംസ് ഒളിമ്പിയായിൽ നടത്തിയിരുന്നു.  പെലോപോന്നീസ്‌ ദ്വീപുകളുടെ സമീപമാണ് ഒളിമ്പിയ. ഗ്രീക്ക് ഇതിഹാസമനുസരിച്ചു ഈ ദ്വീപുകളുടെ സ്ഥാപകൻ 'പെലോപ്സ്' എന്ന ദേവനാണ്.  അമ്പലങ്ങളും, ക്ഷേത്രങ്ങളും, പുണ്യസങ്കേതങ്ങളും നിറഞ്ഞ നാടാണവിടം. വന്ദനീയമായ  സ്പോർട്സ് സൗകര്യങ്ങൾ, പ്രകൃതി സൗന്ദര്യം എന്നിവകൾകൊണ്ട് ആ ഭൂപ്രദേശങ്ങൾ വിസ്മയഭരിതമാണ്. പത്താം നൂറ്റാണ്ടുമുതൽ ഒളിമ്പിയാ നഗരം മതങ്ങളുടെ ആരാധന കേന്ദ്രങ്ങളും ആയ്രിരുന്നു. സെയൂസ് (Zeus) എന്ന ഗ്രീക്ക് ദേവന്റെ ക്ഷേത്രവും ഒളിമ്പിയായുടെ മധ്യഭാഗത്തുണ്ട്. ഹേരാ (Hera) യുടെ ക്ഷേത്രവും അവിടെ സ്ഥിതി ചെയ്യുന്നു. 'ഒളിമ്പിക്സ് ഗെയിംസ്' പുരാതന കാലങ്ങളിൽ  മതപരമായ ആഘോഷങ്ങളോടൊപ്പ മായിരുന്നു നടത്തിയിരുന്നത്. എങ്കിലും എല്ലാ മതവിശ്വാസങ്ങളും ഉൾപ്പെട്ട മതേതരത്വ കാഴ്ചപ്പാടും ഒളിമ്പിക്സ് കായിക മത്സരങ്ങളിൽ പ്രകടമായിരുന്നു.


പത്തൊമ്പതാം നൂറ്റാണ്ടു മുതലാണ് ഒളിമ്പിക്സ് ആഗോള പ്രസിദ്ധമായി തീർന്നത്. ബി.സി. എട്ടാം നൂറ്റാണ്ടു മുതൽ എ.ഡി നാലാം നൂറ്റാണ്ടു വരെ ഓരോ നാലു വർഷം കൂടുംതോറും ഒളിമ്പിക്സ് അരങ്ങേറുമായിരുന്നു. ഗ്രീക്ക് ദേവൻ സീയൂസിന്റെ പേരിലായിരുന്നു ഒളിമ്പിക്സ് നടത്തിയിരുന്നത്.   1994 മുതൽ സമ്മർ, വിന്റർ ഒളിമ്പിക്സുകൾ ഓരോ ഈരണ്ടു വർഷങ്ങളായി കായിക പ്രഭയോടെ ആരംഭിച്ചു. സിയൂസിന്റെ (Zeus)മകൻ ഹെർക്കുലീസും അക്മെനെ  (Acmene) യെന്ന ദേവതയും ഒളിമ്പിക്സ് സ്ഥാപിച്ചെന്നു ഗ്രീക്ക് പുരാണങ്ങളിലും മറ്റു ഗതകാലകഥകളിലും പറയുന്നു. ബി. സി. ആറാം നൂറ്റാണ്ടായപ്പോൾ ഗ്രീക്കിലെ ഒളിമ്പിക്സ് വലിയൊരു  സ്പോർട്സ് ആഘോഷമായി മാറി. പഴയ കാലങ്ങളിലുള്ള ഒളിമ്പിക്സ് ആഗസ്റ്റ് ആറിനും സെപ്റ്റംബർ പത്തിനും മദ്ധ്യേ ഓരോ നാലു  വർഷങ്ങളിലും ആഘോഷിച്ചിരുന്നു. സിയൂസിന്റെ ആരാധനയായി മതപരമായ ആഘോഷമായിട്ടായിരുന്നു കൊണ്ടാടിയിരുന്നത്. 1898-ൽ നടത്തിയ ഒളിമ്പിക്സ് ഗെയിംസിനെ ആദ്യത്തെ മാരത്തോൺ എന്നു പറയുന്നു. ഒരു ഗ്രീക്ക് പട്ടാളക്കാരൻ മാരത്തോണിൽ നിന്നും ഏതൻ‌സ് വരെ 25 മൈലുകളോളം ഓടി. 490 ബി.സി യിൽ സിയൂസ് പേർഷ്യാക്കാരെ തോൽപ്പിച്ച ആഘോഷമായും ഒളിമ്പിക്സിനെ കരുതി. പൗരാണിക ഒളിമ്പിക്സിൽ പുരുഷന്മാരെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളൂ.  മത്സരങ്ങൾ കാണാൻ പോലും സ്ത്രീകളെ അനുവദിച്ചിരുന്നില്ല.


1896-ൽ ഗ്രീസിലുള്ള ഏതൻസിൽ ആധുനിക ഒളിമ്പിക്സ് ആദ്യമായി നടത്തി. ജോർജിയോ ഒന്നാമൻ രാജാവായിരുന്നു പരിപാടികൾ ഉദ്ഘാടനം ചെയ്തത്. പതിമൂന്നു രാജ്യങ്ങളിൽ നിന്നായി 280 പേര് ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുത്തു. കാഴ്ചക്കാരായി ഏകദേശം 60000 പേരുണ്ടായിരുന്നു. അന്ന് നടത്തിയ ഒളിമ്പിക്സിൽ  48 ഇനം കായിക മത്സരങ്ങളുണ്ടായിരുന്നു. അക്കൂടെ ട്രാക്കിലും പൊതുവീഥിയിൽ കൂടിയുമുള്ള ഓട്ടങ്ങളും ജിംനാസ്റ്റിക്കുകളും, നീന്തലും, ഗുസ്തിയും സൈക്ലിങും ഭാരം എടുക്കലും ഷൂട്ടിങ്ങും ഉണ്ടായിരുന്നു. അഞ്ചു പരസ്പര ബന്ധിതമായ മോതിരങ്ങളാണ് ഒളിമ്പിക്സിന്റെ ആധുനിക അടയാളങ്ങൾ.  ഈ അഞ്ചു മോതിരങ്ങളുടെ ചിന്ഹങ്ങൾ വടക്കും, തെക്കുമുള്ള  അമേരിക്കകൾ, ഏഷ്യാ, ആഫ്രിക്കാ, യൂറോപ്പ്, ആസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളെ  സൂചിപ്പിക്കുന്നു. 1920-ൽ അതലെറ്റുകൾ ആദ്യമായി വെള്ള നിറമുള്ള ഒളിമ്പിക്സ്  പതാക  കൈകളിലേന്തിക്കൊണ്ട്  കായിക മേളകൾക്കു തുടക്കമിട്ടു.


1924 ൽ പാരീസിൽ നടത്തിയ ഒളിമ്പിക്സിന്റെ   അരങ്ങേറ്റത്തിനു ശേഷമാണ് ആഗോള തലത്തിൽ ഒളിമ്പിക്‌സറിയപ്പെടാൻ  തുടങ്ങിയത്.  പാരീസിൽ നടത്തിയ മത്സരങ്ങളിൽ അന്ന് 3000 കായിക താരങ്ങൾ പങ്കെടുത്തിരുന്നു. നൂറിൽപ്പരം സ്ത്രീകളും ഉണ്ടായിരുന്നു. 44 രാഷ്ട്രങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ആദ്യമായി മത്സരങ്ങളുടെ പര്യവസാനമായി 'ക്ലോസിങ്ങ് സെറിമണി' ആചരിച്ചു.  ആ വർഷം തന്നെ വിന്റർ (Winter) ഒളിമ്പിക്‌സും ഉണ്ടായിരുന്നു. സ്‌കേറ്റിങ്, ഐസ് ഹോക്കി, എന്നീ ഗെയിമുകൾ വിന്റർ ഒളിമ്പിക്സുകളുടെ പ്രത്യേകതകളായിരുന്നു. എൺപതു വർഷങ്ങൾക്കുശേഷം 2004--ൽ ഏതൻസിൽ വീണ്ടും സമ്മർ ഒളിമ്പിക്സ് നടത്തിയത് മറ്റൊരു ചരിത്രത്തിനും മുഹൂർത്തം കുറിച്ചു. 201 രാജ്യങ്ങളിൽനിന്നും വന്നു ചേർന്ന   പതിനോരായിരത്തോളം കായികതാരങ്ങൾ അതിൽ പങ്കെടുത്തിരുന്നു. അക്കൊല്ലം ഷോട്പുട് (Shotput)  പുതിയ ഐറ്റമായി ഗെയിമുകൾക്കൊപ്പം ഉണ്ടായിരുന്നു.


2016-ആഗസ്റ്റ് അഞ്ചാം തിയതി മുതൽ ആഗസ്റ്റ് ഇരുപത്തിയൊന്നാം തിയതിവരെ ഒളിമ്പിക്സ് ‌ ഗെയിമുകൾ ബ്രസീലിലുള്ള റിയോ ഡി ജെനീറോയെന്ന (Rio de Janeiro) സ്ഥലത്തു നടത്തപ്പെടുന്നു. ബഹുവിധങ്ങളായ സ്പോർട്സ് ഐറ്റങ്ങളുമായി  ഈ വർഷം റെക്കോർഡ് ഭേദിച്ചുകൊണ്ട് അനേക രാജ്യങ്ങൾ പങ്കെടുക്കുന്നുവെന്നതും ഒളിമ്പിക്സിന്റെ  പ്രത്യേകതയാണ്. പതിനായിരത്തിയഞ്ഞൂറിൽ കൂടുതൽ അതലറ്റുകൾ ഈ മഹനീയ അന്തർദേശീയ കായിക വേളകളിൽ പങ്കെടുക്കുന്നുണ്ട്. കൊസോവോയും സൗത്ത് സുഡാനും ഒളിമ്പിക്സിൽ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്. 28 തരം സ്പോർട്സുകൾ  ഒളിമ്പിക്സിൽ അരങ്ങേറുന്നുണ്ട്. 306-ൽ പ്പരം മെഡലുകളും വിജയികളെ കാത്തിരിക്കുന്നു.


ഒളിമ്പിക്സ് നടത്തുന്ന തെക്കേ അമേരിക്കയിലെ ആദ്യത്തെ ഭൂപ്രദേശമാണ് ബ്രസീലിലുള്ള 'റിയോ' എന്ന നഗരം. ഭൂരിഭാഗം ജനങ്ങളും അവിടെ പോർട്ടുഗീസ് സംസാരിക്കുന്നു. അഴിമതികൾ നിറഞ്ഞിരുന്ന ഒരു രാജ്യമായതുകൊണ്ട് ഒളിമ്പിക്സ്‌ നടത്താൻ എതിർപ്പുകളുണ്ടായിരുന്നു. ആരോഗ്യപരമായ  പരീസ്ഥിതീയും ആ ഭൂപ്രദേശത്തില്ല. കൊതുകുകൾ കടിച്ചുണ്ടാകുന്ന 'സിക്കാ വൈറസ്'  (Zika virus) വ്യാപകമായി പെരുകിയതിലും സന്ദർശകരിൽ പരിഭ്രാന്തിയുണ്ടാക്കുന്നു. തെക്കേ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും റിയോ ഡി ജെനീറോയിലേക്ക് ആകർഷിച്ചിരിക്കുകയാണ്. 2016-ലെ ഒളിമ്പിക്സ് അവിടെ നടക്കുന്നതിനാൽ റിയോ  ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. റിയോ 2016 ഒളിമ്പിക്സെന്ന പേരിലാണ് ഈ കായിക മേള അറിയപ്പെടുന്നത്. നാലു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന  കായിക മേളകൾ സ്പോൺസർ ചെയ്യുന്ന ആതിഥേയ രാജ്യങ്ങൾ അത് ഭാഗ്യവുമായി കരുതുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ഇത്തവണത്തെ ഒളിമ്പിക്സിന് പലവിധ സാങ്കേതിക തടസങ്ങളും നേരിടേണ്ടതായി വന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളായിരുന്നു കാരണം. കൂടാതെ അവിടം കൊതുകുകളിൽ നിന്നും ലഭിക്കുന്ന ''സിക്കാ' (Zika virus)' യെന്ന പകർച്ചവാദി രോഗവും പ്രശ്നമായിരുന്നു.  ലോകത്തിന്റെ നാനാഭാഗത്തുമുള്ള അതലറ്റുകൾ 2016 ആഗസ്റ്റ്‌ അഞ്ചാം തിയതി 'മാറാകണ'യെന്ന (Maracanã Stadium) നിറമാർന്ന സ്റ്റേഡിയത്തിൽ ദീപങ്ങളും കത്തിച്ചുകൊണ്ട് അണിഞ്ഞൊരുങ്ങുന്നത് ഒരു ചരിത്രമുഹൂർത്തമായിരിക്കും. അന്നേ ദിവസം ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്സ് ദിനവുമായിരിക്കും.  ബില്ല്യൻ കണക്കിന് ഡോളർ ചെലവാക്കി നടത്തുന്ന ഒളിമ്പിക്സ് അതിന്റെ മൂല്യത്തിനനുസരിച്ചുകൊണ്ട് എന്ത് വൈശിഷ്ട്യമാണുള്ളതെന്നും ചോദ്യങ്ങൾ വരാറുണ്ട്. ഒളിമ്പിക്സ് നടത്തുന്ന രാജ്യങ്ങൾ ഭീമമായ തുകകൾ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി ചിലവാക്കേണ്ടി വരുന്നു. നൂറ്റാണ്ടുകളായി ആചരിക്കുന്ന പാരമ്പര്യമായതു കൊണ്ടും ഓരോ രാജ്യങ്ങളുടെയും അഭിമാന പ്രശ്നമായതുകൊണ്ടും ഒളിമ്പിക്സിനെ പരമാവധി ആഡംബരമാക്കാൻ ആതിഥേയ രാജ്യങ്ങൾ ശ്രമിക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ ഒളിമ്പിക്സിൽ പരമ്പരാഗതമായ ആഡംബരങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. വില കൂടിയ സ്തൂപങ്ങൾ ഒഴിവാക്കി എല്ലാം താൽക്കാലികമായിട്ടാണ് കെട്ടി പൊക്കിയിരിക്കുന്നത്. 2004 ഏതൻസിലും 2008 ചൈനയിലും നടത്തിയ പ്രൗഢിയുടേതായ ഒളിമ്പിക്സ് ഇത്തവണ റിയോയിൽ ഉണ്ടായിരിക്കില്ല.


റിയോയിൽ 32 കായിക വേദികളിലായിട്ടാണ് ഒളിമ്പിക്സ് നടത്തുന്നത്. ഒരു ഒളിമ്പിക്സ് സ്റ്റേഡിയം തയ്യാറാക്കുകയെന്നത് ആ രാജ്യത്തെ സംബന്ധിച്ച് വളരെയധികം പണച്ചിലവും ബുദ്ധിമുട്ടുമുള്ള കാര്യമാണ്. ആയിരക്കണക്കിന് പ്രസിദ്ധരായ അതലറ്റുകൾക്ക് ഒന്നാം തരം സൗകര്യങ്ങളുണ്ടാക്കണം. ശാസ്ത്രീയമായ സാനിറ്റേഷൻ സൗകര്യങ്ങളുമുണ്ടാവണം. നല്ല ടോയ്‌ലെറ്റുകളും മറ്റു സൗകര്യങ്ങളും നിർമ്മിക്കണം. എങ്കിലും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതുകൊണ്ട് പല രാജ്യങ്ങളും ഒളിമ്പിക്സ് നടത്താൻ ഉത്സാഹം കാണിക്കുന്നു. വലിയ തുക ഇൻവെസ്റ്റ് ചെയ്താലും ടൂറിസ്റ്റുകളുടെ വരവുമൂലം ആ പണം വീണ്ടെടുക്കാമെന്നും കരുതുന്നു. റിയോയെ സംബന്ധിച്ച് അവിടം അത്യധികം പ്രകൃതി സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശങ്ങളാണ്. തെളിമയാർന്ന വെള്ളം ഒഴുകുന്ന നദികളും, പച്ചവിരിച്ച പുൽത്തകിടികളും, ചെടികളും പുഷ്പങ്ങളും ഫലഭൂയിഷ്ഠങ്ങളായ  ഭൂപ്രദേശങ്ങളും വിനോദ യാത്രാക്കാരെ ആകർഷിക്കുന്നു. ആ രാജ്യം സാംസ്‌കാരികപരമായി വളരെയധികം പ്രാധാന്യമുള്ളതും പാരമ്പര്യാധിഷ്ഠിതവുമാണ്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ ആധുനിക രീതികളിലുള്ള ജീവിത സൗകര്യങ്ങൾ ആവശ്യമാണ്. സാനിറ്റേഷൻ സൗകര്യങ്ങൾ, മെച്ചമായ യാത്രാ സൗകര്യങ്ങൾ, പൊതു സുരക്ഷിതത്വം, താമസിക്കാൻ നല്ലയിടങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ മുതലായ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതായുമുണ്ട്.


2016-ൽ അരങ്ങേറുന്ന റിയോ ഒളിപിക്‌സ് എന്തുകൊണ്ടും പരിതാപകരമായ തയ്യാറെപ്പുകളാണ് നടത്തിയിട്ടുള്ളതെന്നു ഒളിമ്പിക്സുമായി ബന്ധപ്പെട്ട വിദഗ്ദ്ധരായ  പലരും അഭിപ്രായപ്പെടുന്നു. 2014-ൽ ഒളിമ്പിക്സ് കമ്മറ്റി ഒളിമ്പിക്സിനായി ഈ രാജ്യം തിരഞ്ഞെടുത്തശേഷം അവിടെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടു. രാജ്യം മുഴുവനുമായി അടിയന്തിരമായ സ്ഥിതിവിശേഷത്തിലുമായി. രാജ്യത്തിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അഴിമതിയാരോപണങ്ങളിൽപ്പെട്ടതു കാരണം രാജ്യം തന്നെ അരാജകത്വത്തിലായിരുന്നു. അവിടുത്തെ പ്രസിഡന്റിനെ പുറത്താക്കാനുള്ള നടപടികളും ആരംഭിച്ചു. എങ്കിലും കെട്ടിട നിർമ്മാണ പദ്ധതികൾ പരിമിതിക്കുള്ളിൽ തന്നെ നടത്തിയെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. കൂടാതെ ''സിക്കാ '  (Zika virus)' എന്ന വൈറസ് പനി നാടു മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു  റിയോ ഡി ജെനീറോയിലുള്ള ഒളിമ്പിക്സ് പൊതുവെ അസന്തുഷ്ടി നിറഞ്ഞതാണ്. ഒളിമ്പിക്സിന്റെ നടത്തിപ്പിനുള്ള വരുമാനമായ ടിക്കറ്റുപോലും വിറ്റു തീർക്കാൻ സാധിക്കാഞ്ഞതും  ഒളിമ്പിക്സ് പ്രവർത്തകരെ ചിന്താ കുഴപ്പത്തിലാക്കിയിട്ടുണ്ട്. 2004-ൽ ഏതൻസ് പോലും ഒളിമ്പിക്സിന്റെ പണികൾ അവസാന ദിവസമാണ് പൂർത്തിയാക്കിയതെങ്കിലും  ഇത്രമാത്രം പ്രശ്നങ്ങൾ അന്നുണ്ടായിരുന്നില്ല.


ഒരു കാലത്ത് ലോകത്തിൽ ഹോക്കിയിൽ ഏറ്റവും മികച്ച ടീമായി കരുതിയിരുന്നത് പാക്കിസ്ഥാനെയായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ഇത്തവണത്തെ ഒളിമ്പിക്സ് ടീമിൽ പാക്കിസ്ഥാനിൽ നിന്നും കളിക്കാരായി ആരും യോഗ്യത നേടിയില്ല. പാക്കിസ്ഥാന് ഹോക്കിയിൽ കളിക്കാൻ യോഗ്യത നേടാൻ സാധിക്കാഞ്ഞത് ഇത് ആദ്യ തവണയാണ്. ഒളിമ്പിക്സിൽ യോഗ്യത നേടാത്തവർക്ക് ഒളിമ്പിക്സ് കമ്മറ്റി  വൈൽഡ് കാർഡ് ('wild card' )എന്ന പേരിൽ അവസരം നൽകാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങൾ സാധാരണ നൽകുന്നത് ജൂഡോ, ഷൂട്ടിംഗ് എന്നിവകൾക്കാണ്, വൈൽഡ് കാർഡിൽ കളിച്ച കായികതാരങ്ങളും ഗോൾഡ് മെഡൽ നേടിയ ചരിത്രം ഒളിമ്പിക്സിലുണ്ടായിട്ടുണ്ട്. അങ്ങനെ അവസരം ലഭിച്ച ഏഴു കളിക്കാർ മാത്രമാണ് ഇത്തവണ പാക്കിസ്ഥാനെ പ്രതിനിധികരിച്ച് ഒളിമ്പിക്സിൽ സംബന്ധിക്കുന്നത്. 1992-ലാണ് പാകിസ്ഥാൻ അവസാനമായി ഒരു ഒളിമ്പിക്സ് മെഡൽ നേടുന്നത്. 1960-ൽ ഗുസ്തിയിലും 1988-ൽ ബോക്സിങ്ങിലും മെഡലുകൾ നേടി. ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളും കായിക താരങ്ങളുടെ താല്പര്യക്കുറവുമാണ് പാക്കിസ്ഥാനിൽ നിന്ന് ഒരു താരത്തിനും യോഗ്യത നേടാൻ കഴിയാഞ്ഞത്. രാജ്യത്തു അന്താരാഷ്ട്ര നിലവാരമുള്ള ഒരു കളിസ്ഥലമില്ലെന്നും കാരണമായി പറയുന്നു. പരിശീലനത്തിനായി വേണ്ടത്ര സാമ്പത്തിക സഹായം സർക്കാരിൽനിന്നു ലഭിക്കുന്നില്ലായെന്നും കളിക്കാർ പറയുന്നു. സ്പോർട്സ് കാര്യങ്ങളിൽ സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്ന നയങ്ങളാണ് പാക്കിസ്ഥാനുള്ളത്. മത മൗലികതയുടെ ചട്ടക്കൂടിനുള്ളിൽ അവരെ കായികമായി വളരാൻ അനുവദിക്കില്ല.


1920 മുതൽ ഇന്ത്യൻ അതലെറ്റുകൾ ഒളിമ്പിക്സിൽ പങ്കു കൊള്ളുന്നുണ്ട്. ഈ വർഷം റിയോ ഒളിമ്പിക്സിലേയ്ക്ക് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ 120 അതലറ്റുകളെ അയക്കുന്നു. 2012-ൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യ അയച്ചതിനെക്കാളും ഇത്തവണത്തെ ഒളിമ്പിക്സിൽ മുപ്പത്തിയേഴു താരങ്ങൾ കൂടുതലായുണ്ട്. മൂന്നു ബോക്സേഴ്സും ഇന്ത്യയിൽനിന്ന് പങ്കെടുക്കാൻ യോഗ്യരായിരിക്കുന്നു. റക്ഷ്യയിലെയും മറ്റു പല രാജ്യങ്ങളിലെയും പോലെ ഇന്ത്യൻ ടീമുകളിലെ കളിക്കാരും ഉത്തേജനത്തിനു അടിമകളായവരുണ്ട്. ഒളിമ്പിക്സ് പ്രവർത്തക സമിതി പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് നൂറു കണക്കിന് ഇന്ത്യൻ താരങ്ങൾ ഉത്തേജനത്തിനു അടിമപ്പെട്ടതുകൊണ്ട് യോഗ്യതാ ടെസ്റ്റിൽ പരാജയപ്പെട്ടു. പോഡിയത്തിൽ ഉയർന്നു നിന്ന് സ്വർണ്ണ മെഡൽ കരസ്ഥമാക്കാമെന്ന അത്യാഗ്രഹമാണ് പലരെയും ഉത്തേജനത്തിനു പ്രേരിപ്പിക്കുന്നത്. രക്തവും വിയർപ്പും കളഞ്ഞുണ്ടാക്കിയ അവരുടെ കരിയർ അതോടെ നശിക്കുമെന്ന വിചാരം ഉത്തേജനത്തിനടിമയാകുന്നവർ ചിന്തിക്കുകയില്ല.


125 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിൽ നാളിതുവരെ ഒമ്പതു സ്വർണ്ണവും ആറു വെള്ളിയും പതിനൊന്നു വെങ്കിലവും ഉൾപ്പടെ 26 മെഡലുകളാണ് നേടിയിരിക്കുന്നത്. അതിൽ ഹോക്കിയിൽ നിന്നാണ് എട്ടു സ്വർണ്ണ മെഡലുകൾ നേടിയത്. ഗുസ്തി, ടെന്നീസ്, ഷൂട്ടിംഗ്,ബാറ്റ്മിന്റൻ എന്നീ ഇനങ്ങളിലും ഇന്ത്യയ്ക്ക് മെഡലുകൾ ലഭിച്ചിട്ടുണ്ട്. പരമ്പരാഗതമായ ഇത്തരം മത്സരങ്ങൾ കൂടാതെ ഇത്തവണത്തെ മത്സരങ്ങളിൽ മറ്റിനങ്ങളിലും ഇന്ത്യയ്ക്ക് മെഡൽ കിട്ടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ സ്പോർട്സ് നിലവാരം ഉയർത്തണമെന്നു അഭിലഷിക്കുന്നു. സ്പോർട്സിന്റെ പുരോഗമനത്തിനായി സർക്കാർ എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. പതിനഞ്ചു കായികയിനങ്ങളിലായി 118 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധികരിച്ചു ഇത്തവണ റിയോ 2016 ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. അമ്പെയ്ത്തിൽ പ്രാവീണ്യം നേടിയ ദീപിക കുമാരിയും ബോംബയാലാ ദേവിയും മെഡൽ കിട്ടുമെന്നുള്ള ടീമിന്റെ പ്രതീക്ഷാ താരങ്ങളാണ്. വനിതാ ജിംനാസ്റ്റിക്കിൽ ത്രിപുരകാരി ദിപാ കർമ്മാക്കറും ഗോൾഫിന് കർണാടകക്കാരൻ അനിർബാൻ ലാഹരിയും റിയോയിലെ ഒളിമ്പിക്സിൽ മെഡൽ നേടുമെന്ന പ്രതീക്ഷകളിലാണ്. 'സിക്കാ' വൈറസു ഭയം മൂലം പ്രസിദ്ധരായ ലോകത്തിലെ അനേക സ്പോർട്സ് താരങ്ങൾ പങ്കെടുക്കുന്നില്ല. ആ സാഹചര്യത്തിൽ ഇന്ത്യ മുമ്പുള്ള വർഷങ്ങളേക്കാൾ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു മെഡലുകൾ നേടുമെന്ന പ്രതീക്ഷകളിലുമാണ്.


സർക്കാരിന്റെ ഒത്താശയോടെ ഒളിമ്പിക്സിലെ ഏറ്റവും വലിയ ശക്തിയായ റക്ഷ്യയിലെ താരങ്ങൾ ഉത്തേജനം ഉപയോഗിച്ചതിന്റെ പേരിൽ അവരെ അയോഗ്യത കല്പിച്ചിരിക്കുകയാണ്. ഒട്ടും കളങ്കമില്ലാത്ത കളിക്കാരാണെങ്കിൽ തന്നെയും ഉത്തേജനത്തിന്റെ പേരിൽ പലരെയും സംശയത്തിന്റെ പേരിലാണ് ആൾക്കാർ വിലയിരുത്തുന്നത്. കാനഡായിലെ അതലറ്റ് താരം 'ബെൻ ജോൺസന്റെ' കഥയും ശോചനീയമാണ്. 1988-ൽ സിയോളിൽ വെച്ച് നടത്തിയ ഒളിമ്പിക്സിൽ ബെൻ ജോൺസൺ നൂറു മീറ്ററിൽ സ്വർണ്ണ മെഡൽ നേടി ലക്ഷക്കണക്കിന് ആരാധകരുടെ പ്രീതി സമ്പാദിച്ചിരുന്നു. പക്ഷെ ആ സന്തോഷം മൂന്നു ദിവസമേ നീണ്ടു നിന്നുള്ളൂ. ഉത്തേജന പരിശോധനയിൽ പരാജയപ്പെട്ടതോടെ അയാളുടെ സ്വപ്നങ്ങളൊക്കെ അന്നവിടെ തകരുകയായിരുന്നുണ്ടായത്. കിഴക്കൻ ജർമ്മനിയിലെ താരങ്ങളും എഴുപതുകളിൽ ഉത്തേജനത്തിനടിമപ്പെട്ട ചരിത്രമാണ് ഒളിമ്പിക്സിനുള്ളത്. 2010 മുതൽ 2014 വരെ റഷ്യൻ സർക്കാരിന്റെ ഒത്താശയോടെ നാലുവർഷത്തോളം ഉത്തേജക മരുന്നുപയോഗം നടന്നതിന്റെ പേരിൽ അന്താരാഷ്ട്ര ഉത്തേജന വിരുദ്ധ ഏജൻസി റഷ്യ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് എതിർത്തിരുന്നു. അമേരിക്കയും ജപ്പാനും കാനഡായും ജർമ്മനിയും റഷ്യായ്ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടാണ് അന്താരാഷ്ട്ര തർക്ക കോടതിയിൽ ഉന്നയിച്ചത്.


ഇത്തവണ ഒളിമ്പിക്സിൽ ഒരു പ്രത്യേകതകൂടിയുണ്ട്. 206 രാജ്യങ്ങളിലെ പതിനായിരത്തിലധികം താരങ്ങളോടൊപ്പം വീടും നാടുമില്ലാത്ത അഭയാർതഥികളായ പത്തു കായികാ താരങ്ങളും  മത്സരിക്കുന്നുണ്ട്. 'അഭയാർത്ഥികളുടെ സംഘ'മെന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. അവർക്ക് സ്വന്തമായി വീടില്ല. എങ്കിലും റിയോയിൽ ഒളിമ്പിക്സ് മത്സരങ്ങൾക്കായി അവർ വന്നെത്തുമ്പോൾ ഒരു വീട്ടിൽ താമസിക്കും. ആഗസ്റ്റ് അഞ്ചു മുതൽ ഇരുപത്തൊന്നുവരെ മത്സരങ്ങളിൽ പങ്കുകൊള്ളും. ലക്ഷ്യമില്ലാതെ അവർ പിന്നീട് പരസ്പരം വിവിധ സ്ഥലങ്ങളിലേക്ക് പിരിഞ്ഞു പോകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ഭീകര പ്രവർത്തനങ്ങളും ആഭ്യന്തര പ്രശ്നങ്ങളും കാരണം അനേകായിരങ്ങളോടൊപ്പം രാജ്യം വിട്ടവരാണ് ഇവർ. ആഭ്യന്തര വിപ്ലവം ശമിക്കുന്നവരെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയണം. അഭയാർത്ഥികളെയും ഒളിമ്പിക്സ് കമ്മറ്റി പരിഗണയിൽ എടുത്തതുകൊണ്ടാണ് ഇവർക്ക് മത്സരിക്കാനുള്ള അവസരം ലഭിച്ചത്. സ്വന്തമായി അഡ്രസില്ലാത്ത  താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതും ഒരു ചരിത്ര മുഹൂർത്തമാണ്. പ്രത്യേക രാജ്യങ്ങളില്ലാത്ത ഇവർ 'അഭയാർഥികളുടെ ഒളിമ്പിക്സ് റ്റീം' എന്ന ഒളിമ്പിക്സ് പതാകയുടെ ബാനറിലായിരിക്കും  മത്സരിക്കുക. ദക്ഷിണ സുഡാൻ, കോംഗോ, സിറിയ, എത്യോപിയാ എന്നീ പ്രദേശങ്ങളിലുള്ള നാൽപ്പത്തി മൂന്നു കായികതാരങ്ങളിൽനിന്നാണ് പത്തുപേരെ യോഗ്യത കൽപ്പിച്ചു ഒളിമ്പിക്സ് കമ്മറ്റി തിരഞ്ഞെടുത്തത്. ഒളിമ്പിക്സിൽ വർഷങ്ങളായി പരിശീലനം നടത്തുന്നവരും ഇവരോടൊപ്പമുണ്ട്.  അഭയാർത്ഥികളും മനുഷ്യരാണെന്ന സത്യം ഇവർ ലോകത്തിന്റെ മുമ്പിൽ കാഴ്ച്ച വെയ്ക്കുകയാണ്. ദുരന്തപൂർണ്ണമായ ഒരു ജീവിതം അവർ തരണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ കഴിവുകളെ ലോകത്തിന്റെ മുമ്പിൽ തെളിയിക്കുകയെന്ന ഒരു മാനുഷിക സമീപനമായിരുന്നു ഒളിമ്പിക്സ് കമ്മറ്റി സ്വീകരിച്ചത്. അതുമൂലം സമാധാനത്തിന്റെ ഒളിമ്പിക്സ് ദീപം കൈകളിൽ പിടിച്ചുകൊണ്ട്‌ അരങ്ങേറുന്ന അഭയാർത്ഥി കായിക താരങ്ങൾ ഇത്തവണ ലോകത്തിന്റെ ശ്രദ്ധയെതന്നെ ആകർഷിക്കുന്നു.

Zeus, God of Olybics 











No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...