By ജോസഫ് പടന്നമാക്കൽ
"ആദ്ധ്യാത്മികമായ ജീവിതം നയിക്കാൻ, ദൈവത്തെ സ്നേഹിക്കാൻ, സമൂഹത്തെ സേവിക്കാൻ ഞാനൊരു സന്യാസിനിയായി. എന്റെ പ്രതീക്ഷകൾ അവിടെ തകരുകയായിരുന്നു. ആശ്രമ കവാടത്തിനുള്ളിൽ നിത്യവും ഞാൻ കരഞ്ഞിരുന്നു. ജനിച്ചു വീണ വീടിനെയും ജനിപ്പിച്ച മാതാപിതാക്കളെയും നാടിനെയും ത്യജിച്ചുകൊണ്ട് ഈ മഠം മതിൽക്കെട്ടിനുള്ളിൽ എന്റെ ജീവിതം അടിയറവെച്ചു. അവരെന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. സഹിക്കാവുന്നതിലും ഞാൻ സഹിച്ചു. ഇനി വയ്യ. സഹനങ്ങളുമായി, കണ്ണീരുമായി ഇവരോടൊത്തുള്ള അടിമപ്പാളയത്തിൽ എനിക്കിനി ജീവിക്കാൻ കഴിയില്ല. ലോകത്തിന്റെ മുമ്പിൽ ഞാനായിരിക്കാം കുറ്റക്കാരി. അല്ലെങ്കിൽ അവർ നിങ്ങളെ ബൗദ്ധികമായി കീഴ്‌പ്പെടുത്തിയിരിക്കാം. ലോകമേ, എന്നോട് ക്ഷമിച്ചാലും. ദൈവത്തിന്റെ മുമ്പിൽ ഞാൻ തെറ്റുകാരിയല്ല. സത്യം നിങ്ങൾ മനസിലാക്കണം." ഇത് പറഞ്ഞത് പാലായിൽ ചേർപ്പുങ്കൽ കർമ്മീലിത്താ മഠത്തിൽനിന്നും സഭാ വസ്ത്രം ഉപേക്ഷിച്ച സിസ്റ്റർ മേരി സെബാസ്റ്റ്യനായിരുന്നു. ശിഷ്ടകാലം ജീവിക്കാനുള്ള സാമ്പത്തിക സഹായം സഭയോടാവശ്യപ്പെട്ടപ്പോൾ സഭയും പുരോഹിത ലോകവും അവർക്കെതിരെ ഭീക്ഷണികൾ മുഴക്കി. ക്രിമിനൽ കുറ്റങ്ങൾ ചാർത്തിക്കൊണ്ടുള്ള കള്ളക്കേസ്സുകൾ ഫയൽ ചെയ്തു. ഇന്ത്യാ മുഴുവനുമുള്ള വാർത്താ മീഡിയാകൾ സഭയുടെ ഈ പീഡനം റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധങ്ങൾ നാനാ ഭാഗത്തുനിന്നുയർന്നപ്പോൾ അവരുടെ 25 വർഷത്തെ സേവനത്തിനു പ്രതിഫലമെന്നോണം സഭ അവർക്ക് തുച്ഛമായ അഞ്ചു ലക്ഷം രൂപാ കൊടുത്ത് പ്രശ്നങ്ങളവസാനിപ്പിച്ചു.
സഭ പഠിപ്പിക്കുന്നത് കരുണയും ദയയും സ്നേഹവും സമസൃഷ്ടങ്ങളോടുള്ള സഹാനുഭൂതിയുമാണ്. എന്നാൽ 45 വയസുള്ള സിസ്റ്റർ മേരി സെബാസ്റ്റ്യൻ മഠമധികാരികളെയും സഭയേയും ഭയപ്പെട്ടിരുന്നു. മഠം അവരെ കേസുകളുമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. ജീവനു വിലപറഞ്ഞുകൊണ്ടുള്ള ഭീഷണികളും ചിലയിടങ്ങളിൽനിന്നു മുഴങ്ങി. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായി അവർ ആ മഠത്തിൽ സേവനം ചെയ്തു. സഹനം മടുത്താണ് മഠമുപേക്ഷിക്കാൻ തീരുമാനിച്ചത്. സഭയെ കുറ്റപ്പെടുത്തുന്നവരോട് സഭയൊരിക്കലും കരുണ കാണിക്കില്ല. പീഡനം സഹിക്കാഞ്ഞ് ഈ വർഷം ജനുവരിയിൽ സഭയുപേക്ഷിക്കാൻ സിസ്റ്റർ മേരി തീരുമാനമെടുത്തു.
സന്യാസിനിയായി അവർ സേവനം ചെയ്തിരുന്നതു പാലായിൽ ചേർപ്പുങ്കലുള്ള കർമ്മിലീത്താ മഠത്തിലായിരുന്നു. കന്യാസ്ത്രിയായുള്ള സേവനത്തിൽനിന്നും വിരമിക്കുന്നതിനു മുമ്പ് മൂന്നു വർഷം സന്യാസിനി ജീവിതത്തിൽ നിന്നും വേറിട്ട് സാധാരണക്കാരെപ്പോലെ സ്വതന്ത്രമായി ജീവിക്കാനുള്ള അനുവാദം അവർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ജീവിക്കാൻ സഭയുടെ നിയമം അനുശാസിക്കുന്നുണ്ട്. മറ്റുള്ളവരും ഇതേ ആവശ്യം ഉന്നയിക്കുമെന്ന് ഭയപ്പെട്ട് മേലധികാരികൾ അവരുടെ അപേക്ഷ നിരസിക്കുകയാണുണ്ടായത്. മെയ് മാസത്തിൽ അവർക്ക് സഭ വിടുവാനുള്ള അനുവാദം കിട്ടി. സഭയിൽ തുടരാൻ സാധിക്കില്ലാത്ത സ്ഥിതിക്ക് ശിഷ്ടകാലം ജീവിക്കാനുള്ള നഷ്ടപരിഹാരവും അവർ ആവശ്യപ്പെട്ടു. എന്നാൽ അവരുടെ ആവശ്യങ്ങൾ അധികാരികൾ നിരസിക്കുകയാണുണ്ടായത്.
സിസ്റ്റർ മേരി സെബാസ്റ്റ്യൻ മഠമുപേക്ഷിക്കാൻ തീരുമാനിച്ചതുമൂലം മഠത്തിലെ അധികാരികളെ പ്രകോപിതരാക്കിയിരുന്നു. മഠം അവരെ മോഷണക്കുറ്റും ചുമത്തി കേസ് കൊടുത്തു. അനാഥാലയത്തിലെ കുട്ടികൾക്ക് പീഡനം നൽകിയെന്ന് പറഞ്ഞ് മനുഷ്യാവകാശ കമ്മീഷന്റെ മുമ്പാകെ പച്ചക്കള്ളങ്ങൾ തൊടുത്തുവിട്ടു. കരുണയുടെ വർഷത്തിൽ ക്രൂരതകളെത്രമാത്രമാകാമോ അതെല്ലാം അവിടെയുള്ള കർമ്മലീത്താ കന്യാസ്ത്രികൾ സിസ്റ്റർ മേരി സെബാസ്റ്റ്യനോട് ചെയ്തു. അവരെ മഠം കന്യാസ്ത്രികൾ മറ്റുള്ളവരുടെ മുമ്പിൽ മാനസിക സമനില തെറ്റിയ കന്യാസ്‌ത്രിയായി ചിത്രീകരിച്ചു. കന്യാസ്ത്രീകളുടെ അധീനതയിലുള്ള ഹോസ്പിറ്റലിലെ ഡോക്ടർമാരെ സ്വാധീനിച്ച് ഭ്രാന്തന്മാർക്കുള്ള ഗുളികകൾ തീറ്റിച്ചുവെന്നും അവർ പരാതിപ്പെടുന്നു.
സഭയിൽനിന്നു പിരിഞ്ഞുപോകുന്ന കന്യാസ്ത്രി ജീവിക്കാനായി ഒരു തുകയാവശ്യപ്പെട്ടപ്പോൾ അധികാരികളെ കൂടുതൽ ക്ഷുപിതരാക്കി. മേരിയ്ക്ക് നാനാഭാഗത്തുനിന്നും ഭീഷണികൾ വന്നുകൊണ്ടിരിക്കുന്നതിനാലും ജീവനെ ഭയന്നും പ്രശ്‍നം മനുഷ്യാവകാശ കമ്മീഷനെയും മഹിളാ സമാജങ്ങളെയും അറിയിച്ചു. സഭയിൽ നിന്ന് പുറത്തു ചാടിയെങ്കിലും അവരെ മഠത്തിലെ അധികാരികൾ ജീവിക്കാൻ അനുവദിക്കുന്നില്ലായിരുന്നു. മാനസികമായി തകർക്കാൻ നാനാ ഭാഗത്തുനിന്നും പ്രതികാര നടപടികൾ എടുത്തുകൊണ്ടിരുന്നു. മഠം വക സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചു പോലീസിൽ കേസ് കൊടുത്തു. പോലീസുകാരും മഠത്തിനൊപ്പം നിന്ന് സിസ്റ്ററോട് ക്രൂരമായിട്ടാണ് പെരുമാറിയത്. അവർ മഠത്തിലായിരുന്ന സമയത്ത് മഠത്തിനോടനുബന്ധിച്ചുള്ള ശിശുഭവനിലെ കുട്ടികളെ ഉപദ്രവിച്ചിരുന്നുവെന്നും പീഡിപ്പിച്ചിരുന്നുവെന്നും പറഞ്ഞ് മറ്റൊരു പരാതി ശിശുക്ഷേമ സമിതിയ്ക്കും മഠം കന്യാസ്ത്രികൾ കൊടുത്തിട്ടുണ്ട്.
കർത്താവിന്റെ മണവാട്ടികൾ മഠം മന്ദിരങ്ങളിൽ കത്തിയെരിയുന്ന വാർത്തകളാണ് നാം സമീപകാലത്തെ പത്രങ്ങളിലും വാർത്താ മീഡിയാകളിലും കാണുന്നത്. മഠം മതിൽക്കൂട്ടിൽ ചിലർ പീഡിപ്പിക്കപ്പെടുന്നു. ചിലരെ പെരുവഴിയിൽ ഇറക്കി വിടുന്നു. മതം നിർദ്ദേശിക്കുന്ന അനുസരണയുടെ ചട്ടക്കൂട്ടിനുള്ളിൽ അവരെ ചവുട്ടി മെതിക്കുന്നു. കന്യാസ്ത്രി മഠങ്ങളിലെ ഇരുണ്ട ഇടനാഴികളിൽ സംഭവിക്കുന്ന കഥകൾ പുറം ലോകമറിയുകയില്ല. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ, കന്യാസ്ത്രീയുടെ ജഡം കിണറ്റിൽ കണ്ടാൽ. തുടക്കത്തിൽ വാർത്തകൾ വലുതായി കാണും. പിന്നീട് വാർത്തകളുടെ പ്രാധാന്യം കുറഞ്ഞ് മഠത്തിനുള്ളിൽ സംഭവിക്കുന്ന പീഡനങ്ങളുടെയും യാതനകളുടെയും ക്രൂര മരണങ്ങളുടെയും കഥകൾ വിസ്മൃതിയിലാണ്ടുപോവും
രാഷ്ട്രീയ സാമൂഹിക സാമ്പത്തിക തലങ്ങളിൽ ശക്തവും സ്വാധീനവുമുള്ള കത്തോലിക്കാ സഭയ്‌ക്കെതിരെ പോരാടിയാലും വിജയം കാണുക പ്രയാസമാണ്. മനസാക്ഷിയെന്നത് സമൂലം നശിച്ച സഭാധികാരികൾ നിസ്സഹായരായവരുടെ വേദനകൾ ഗൗനിക്കുകയുമില്ല. അധികാര വർഗം എന്നും പുരോഹിത ലോകത്തിനൊപ്പമായിരിക്കും. ഏതു രാഷ്ട്രീയ പാർട്ടികൾ ഭരിച്ചാലും ബിഷപ്പുമാരുടെയും മത മേധാവികളുടെയും താല്പര്യങ്ങൾക്കേ മുൻഗണന നൽകുകയള്ളൂ.
വർഷങ്ങൾക്കു മുമ്പ് മൂവാറ്റുപുഴയടുത്തുള്ള മാറിക മഠത്തിൽ അതിക്രൂരമായി ഒരു കന്യാസ്ത്രീയുടെ മുഖത്ത് മറ്റൊരു കന്യാസ്ത്രി തിളച്ച വെള്ളമൊഴിച്ച് മുഖം പൊള്ളിച്ചു. ആ കഥ വലിയ പ്രാധാന്യത്തോടെ അന്നത്തെ മാതൃഭൂമി, കേരള കൗമുദി പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അന്നു കുറ്റക്കാരായവരെയോ, അധികാരികളെയോ നിയമത്തിനു മുമ്പിൽ കൊണ്ടുവരാതേ സഭ മാറിക സംഭവം മറച്ചു വെച്ചു. മാത്രമല്ല പോലീസിൽ ചാർജ് ചെയ്ത ആ കേസ് പണം കൊടുത്ത് ഇല്ലാതാക്കുകയും ചെയ്തു. പാവപ്പെട്ട കന്യാസ്ത്രീകളുടെ ജീവന് പുൽക്കൊടിയുടെ വില പോലും കല്പിക്കാറില്ല. പ്രതിക്ഷേധിക്കുന്നവരെ മാനസിക രോഗിയെന്ന് മുദ്ര കുത്തും. അസുഖമെന്നു സ്ഥാപിക്കാൻ സഭയുടെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന മാനസിക ഡോക്ടർമാരുണ്ട്. അത്തരക്കാരായ ഡോക്ടർമാർ അവർ പ്രതിജ്ഞ ചെയ്ത മെഡിക്കൽ എത്തിക്സിന് യാതൊരു വിലയും കല്പിക്കാറില്ല.
2015 ഡിസംബർ ഒന്നാം തിയതി വാഗമണ്ണിന് സമീപമുള്ള ഉളുപ്പുണിയിലെ മഠത്തിൽ ഒരു കന്യാസ്ത്രിയെ അതിദാരുണാം വിധം കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള കിണറ്റിൽ വലിച്ചെറിഞ്ഞു. സെന്റ് തെരേസാ കോൺവെന്റിലെ സിസ്റ്റർ ലിസായാണ് അന്ന് മരിച്ചത്. മഠത്തിലെ മറ്റു സഹ കന്യാസ്ത്രീകളുടെ മൊഴികളിൽ സിസ്റ്റർ ലിസാ മാനസിക രോഗിയായിരുന്നുവെന്നു സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇത്തരം നുണക്കഥകൾ തത്തമ്മ പറയുന്നപോലെ കൂടെയുള്ള കന്യാസ്ത്രികളും പറയും. കാരണം മഠങ്ങളിൽ അവരുടെ നിലനില്പിന്റെയും പ്രശ്നമാണ്. കിണറ്റിൽ മരിച്ചുകണ്ട കന്യാസ്ത്രിക്ക് മാനസിക സമ്മർദമുണ്ടായിരുന്നെന്നും കൗണ്സിലിംഗിന് പോയിരുന്നുവെന്നും സഹ കന്യാസ്ത്രീകൾ മൊഴി നൽകി. വേണ്ടത്ര തെളിവുകൾ ഇല്ലാതിരുന്നതിനാൽ കേസ് മാഞ്ഞു പോവുകയും ചെയ്തു.
ഒരു വൈദികന്റെ ലൈംഗിക പീഡനം ചെറുത്തതിനെ തുടര്‍ന്ന് സഭ ഒരു യുവ കന്യാസ്ത്രിയെ പുറത്താക്കിയ കഥയും വാർത്തയായിരുന്നു. പീഡനങ്ങളും മാനസിക സമ്മർദവും സ്ഥലം മാറ്റങ്ങളും അടിയും തൊഴിയും ആ കന്യാസ്ത്രീയുടെ ജീവിതാനുഭവങ്ങളായിരുന്നു. കണ്ണൂര്‍ മേലെചൊവ്വ സ്വദേശിനിയായ കന്യാസ്ത്രീക്കാണ് ഈ ദുരനുഭവങ്ങൾ അന്ന് സംഭവിച്ചത്. പുരോഹിതൻ പീഡിപ്പിക്കാൻ ശ്രമിച്ച സമയം അവരന്നു മദ്ധ്യപ്രദേശിൽ പാഞ്ചോരിൽ അധ്യാപികയായി ജോലി നോക്കുന്നുണ്ടായിരുന്നു. അന്നുമുതൽ ആ യുവകന്യാസ്ത്രിയെ സഭയിലെ മുരടിച്ച മുതിർന്ന കന്യാസ്ത്രികൾ നിരന്തരമായി ദ്രോഹിക്കാൻ തുടങ്ങി. പുരോഹിതന്റെ കാമലീലകളെ മറച്ചു വെയ്ക്കാൻ അവരെ ഇറ്റലിയിലെ രഹസ്യ സങ്കേതത്തിൽ പാർപ്പിച്ചു. അവിടെ ടോയിലറ്റുകളും മുഷിഞ്ഞ വസ്ത്രങ്ങളും പാത്രങ്ങളും കഴുകി അടിമവേല ചെയ്യിപ്പിച്ചിരുന്നു. അവിടെനിന്നും പാതിരായ്ക്കിറക്കി വിട്ട അവർ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഇറ്റാലിയൻ തെരുവീഥികളിൽകൂടി ആരുമാരുമില്ലാതെ അലഞ്ഞു നടന്നു. ഒടുവിൽ മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിയ അവരുടെ ആലുവായിലുള്ള മാതൃസ്ഥാപനം അവരെ സ്വീകരിച്ചില്ല. തലമുണ്ടും കൈവശമുള്ള ബാഗും വലിച്ചെറിഞ്ഞു കൊണ്ട് അവിടുത്തെ കന്യാസ്ത്രികൾ 'സ്വന്തം വീട്ടിലേയ്ക്ക് പോടീയെന്നു' ആക്രോശിച്ചുകൊണ്ടു കഴുത്തിനു പിടിച്ചു പുറത്തു ചാടിച്ചു. പത്തു മണിക്കൂറോളം ഗേറ്റിനു പുറത്തുനിന്ന കന്യാസ്ത്രിയെ നാട്ടുകാർ ആലുവാ ജനസേവക മന്ദിരത്തിൽ എത്തിച്ചു. പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അവർ ഈ കേസിൽ താല്പര്യം കാണിച്ചില്ല. സഭാ വസ്ത്രം തിരിച്ചുമേടിച്ചുകൊണ്ടു അവരെ മഠത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അവരുടെ ചാരിത്രത്തിനു വിലപറഞ്ഞ പുരോഹിതൻ ആരെന്നറിയാതെ ഇന്നും സമൂഹത്തിൽ മാന്യനായി നടക്കുന്നു.
സിസ്റ്റർ മേരി സെബാസ്റ്റ്യന്റെ കഥയും ഏതാണ്ട് ഇതുപോലെ തന്നെ. പഠിക്കുന്ന കാലങ്ങളിൽ ഇവർ ഒരു പുരോഹിതനെ സ്നേഹിച്ചുവെന്ന കിംവദന്തികളുടെ പേരിൽ അവർക്കെതിരെ മഠം തുടങ്ങിയ പീഡന കഥകൾക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എന്നാൽ അതിൽ സത്യമുണ്ടായിരുന്നില്ലെന്നും സിസ്റ്റർ പറയുന്നു. അഥവാ സ്നേഹിച്ചെങ്കിൽ തന്നെ മറ്റു കന്യാസ്ത്രികൾ എന്തിനു അസൂയപ്പെടണം? ഒരു സ്ത്രീയും പുരുഷനും തമ്മിൽ പരസ്പരം കണ്ടാൽ ആകർഷണം വരാം. പ്രേമിച്ചെന്നും വരും. ഒരാളിന്റെ സമ്മതം കൂടാതെ കുപ്പായത്തിനുള്ളിൽ ഉരുണ്ടു കളിക്കാൻ വരുമ്പോഴാണ് പ്രശ്നങ്ങൾ വളരുന്നത്. പുരോഹിതരും കന്യാസ്ത്രികളും ഇട്ടിരിക്കുന്ന വസ്ത്രങ്ങളെ തിരുവസ്ത്രങ്ങളെന്നു വിളിക്കുന്നു. തിരുവസ്ത്രത്തിൽ പ്രേമവും അശുദ്ധ ചിന്തകളും പാടില്ലാന്നാണ് വെപ്പ്. പ്രകൃതി നൽകിയ പ്രേമമെന്ന വികാരം അശുദ്ധ ചിന്തയോ? മനസ്സിൽ വരുന്ന കാമവികാരങ്ങളെ ജീവിതകാലം മുഴുവൻ നിയന്ത്രിച്ചു ജീവിക്കുന്നതും പ്രകൃതി വിരുദ്ധമാണെന്നു മനസിലാക്കണം. ദൈവം തന്ന കഴിവുകളെ നേരായ വഴി ഉപയോഗിക്കാതിരിക്കുന്നതും ദൈവ നിന്ദയാണ്. ഒരു കന്യാസ്ത്രി മറ്റൊരാളെ സ്നേഹിച്ചുവെന്നുള്ള കുറ്റമാരോപിച്ചുകൊണ്ട് അവരെ ശിക്ഷിക്കുന്നതും ബാലിശമാണ്.
സിസ്റ്റർ മേരിയോട് മഠത്തിലെ മേലാധികാരികൾക്ക് വിദ്വെഷമുണ്ടാകാൻ മറ്റൊരു കാരണവുമുണ്ട്. പാലായിൽ ശാന്തി നിലയമെന്ന പേരിൽ ഒരു സ്‌പെഷ്യൽ സ്‌കൂൾ കന്യാസ്ത്രികൾ നടത്തുന്നുണ്ട്. സർക്കാർ ഗ്രാന്റ് കിട്ടാൻ അവിടെയുള്ള കന്യാസ്ത്രീകളെ കള്ളപ്പേരിൽ അദ്ധ്യാപികരായി ചേർക്കുമായിരുന്നു. ഡോക്കുമെന്റുകൾ തിരുത്തി സർക്കാരിൽനിന്ന് കൂടുതൽ ഗ്രാന്റും മേടിക്കുമായിരുന്നു. കന്യാസ്ത്രീകൾ സർക്കാരിനെ ചതിച്ചു പണമുണ്ടാക്കുന്നതിൽ സിസ്റ്റർ മേരി പ്രതിക്ഷേധിച്ചിരുന്നു. ഇത് തെറ്റാണെന്നു പരസ്യമായി അവരോടു പറയുമായിരുന്നു. അന്നു മുതൽ വിവിധ സ്ഥലങ്ങളിലേക്ക് അവർക്ക് സ്ഥലമാറ്റം നൽകിക്കൊണ്ടിരുന്നു. കുട്ടികളെ പഠിപ്പിക്കാൻ അനുവദിക്കാതെ ഒരു അക്കാഡമിക്ക് വർഷം പൂർത്തിയാകുന്നതിനു മുമ്പും അവർക്ക് സ്ഥലം മാറ്റം കൊടുത്തിരുന്നു. സ്ഥലം മാറ്റുന്ന കോൺവെന്റുകളുടെ നടത്തിപ്പുകാരും ഈ സിസ്റ്ററെ ദേഹോപദ്രവം ഉൾപ്പടെ എല്ലാവിധ പീഡനങ്ങളും കൊടുത്തിരുന്നു. ചെയ്യാത്ത കാര്യങ്ങൾക്കും കുറ്റങ്ങൾ ചാർത്തിക്കൊണ്ടു കള്ളിയെന്നു വിളിക്കുമായിരുന്നു. അവർക്കു വരുന്ന കത്തുകളും ഒളിച്ചു വെച്ചിരുന്നു. മേരി പറയുന്നു, 'ഞാൻ അവരോടു ക്ഷമിച്ചു. സഹിച്ചു, ഇനി എനിക്കു കഴിയില്ല.'
കാപട്യം നിറഞ്ഞ കന്യാസ്ത്രികൾ ചിന്തിക്കാൻ പ്രായമാകാത്ത പതിനാറും പതിനേഴും വയസുള്ള പെൺകുട്ടികളെ മയക്കി കന്യാസ്ത്രീ മഠത്തിൽ ചേർക്കും. അവരുടെ കുടുംബ വക ഓഹരികൾ തട്ടിയെടുക്കും. ദരിദ്ര കുടുംബത്തിൽ നിന്നു വന്ന കന്യാസ്ത്രികളെങ്കിൽ അവരെ അടിമകളെപ്പോലെ പണിയെടുപ്പിക്കും. മുതിർന്ന കന്യാസ്ത്രികളുടെയും പുരോഹിതരുടെയും അടിവസ്ത്രങ്ങൾ വരെ പാവപ്പെട്ട വീട്ടിൽ നിന്നു വരുന്ന കുട്ടികൾ കഴുകി കൊടുക്കണം. ഉദ്യോഗം നോക്കുന്ന കന്യാസ്ത്രികളെങ്കിൽ അവർ അദ്ധ്വാനിച്ചു നേടുന്ന പണവും തട്ടിയെടുക്കും. ഭവനങ്ങൾ മുറിച്ചും തീവണ്ടികളും കൊള്ളയടിക്കുന്നവരെ ഭൗതിക കൊള്ളക്കാരെന്നു വിളിക്കാമെങ്കിൽ ഇവർ സഭയുടെ സംഘിടിതമായ ആത്മീയ കൊള്ളക്കാരാണ്. പാവപ്പെട്ട പെൺകുട്ടികളുടെ അദ്ധ്വാനഫലം ചൂഷണം ചെയ്യുന്നതിനു പുറമെ അവരുടെ അനുസരണ ശീലവും വേണം പോലും. കൊച്ചുകുട്ടിയായിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കണം. എന്നാൽ മഠത്തിനുള്ളിലെ വൃദ്ധ കന്യാസ്ത്രികളെയും മദർ സുപ്പീരിയറെന്ന പൈശാചിക വേഷം ധരിച്ച സ്ത്രീയേയും നിലനിൽപ്പിനായി സദാ നമസ്ക്കരിച്ചുകൊണ്ടുമിരിക്കണം. മഠം നിയമങ്ങൾ തെറ്റിച്ചാൽ മനുഷ്യത്വമില്ലാതെ പട്ടിണിക്കിടുകയും കൊടുക്കാവുന്ന ശിക്ഷ മുഴുവൻ നൽകുകയും ചെയ്യും. ഇത്തരം ക്രൂരമായ സ്ത്രീകളുടെ അടിമത്വ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാൻ സാമൂഹിക പ്രവർത്തകരോ മഹിളാ സമാജം പോലുള്ള സംഘടനകളോ വരാറില്ല. ഒരു കന്യാസ്ത്രീയുടെ ജീവനുപോലും ഇവർ വില കല്പിക്കാറില്ലെന്നുള്ള സത്യം സമീപകാല സംഭവങ്ങളിൽനിന്നും വ്യക്തമാണ്.
ചെറുപ്രായത്തിൽ മഠത്തിൽ ചേരുന്ന കുട്ടികൾ നിത്യവുമവിടെ ഒരു സ്വപ്ന ലോകത്തിലെന്നപോലെ മണവാളനെ കാത്തിരിക്കും. മണവാളനായ ഈശോയെ അവർ ഒരിക്കലും കാണില്ല. ഹൃദയം പൊട്ടിയും തളർന്നും ഊണിലും ഉറക്കത്തിലും പ്രാർഥിച്ചുകൊണ്ടിരിക്കും. മണവാളനെന്ന സങ്കൽപ്പത്തിൽ നിന്നും മുക്തി നേടുമ്പോൾ ചിന്തകളുണരുമ്പോൾ അവരുടെ പടുത്തുയർത്തിയ സ്വപ്നങ്ങളെല്ലാം കൈവിട്ടുപോയിരിക്കും. പുറത്തിറങ്ങിയാലും ജീവിക്കാനും കഴിയില്ല. വെറുപ്പോടുകൂടിയ സമൂഹവും സ്വന്തം സഹോദരരും തള്ളിപ്പറയും. ഒടുവിൽ മഠമെന്ന ശവക്കല്ലറയ്ക്കുള്ളിൽ ജീവിതം ഹോമിച്ചു പാഴാക്കി നശിപ്പിച്ചു കളയേണ്ടിയും വരും. സ്വന്തമായി മാതാപിതാക്കളിൽനിന്ന് എന്തെങ്കിലും കിട്ടാനുള്ളത് മഠം തട്ടിയെടുത്തിരിക്കും. കുടുംബത്തിൽ ബാക്കിയെന്തെങ്കിലുമുണ്ടെങ്കിൽ അത് കുടുംബത്തിലുള്ളവരുടെ അധീനതയിലുമായിരിക്കും.
മഠം മതിൽക്കൂട്ടിനുള്ളിൽ വികാരങ്ങളടക്കി വീർപ്പു മുട്ടാതെ ഒരു പുരുഷനുമായി ജീവിക്കുകയാണ് ഉത്തമമെന്ന് മഠത്തിൽ ചേരണമെന്ന് ചിന്തിക്കുന്ന പെൺകുട്ടികൾ മനസിലാക്കണം. അക്കാര്യം സെന്റ് പോൾ വചനങ്ങളിലും പറഞ്ഞിട്ടുണ്ട്. 'കർത്താവിന്റെ മണവാട്ടിയെന്ന' സുന്ദരമായ പദങ്ങൾ പുരോഹിതർ കുട്ടികളെ പ്രലോഭിപ്പിക്കാനുണ്ടാക്കിയ വാക്കുകളെന്നും മനസിലാക്കണം. മഠത്തിൽ ചേരുന്നതിനു മുമ്പ് ജനിപ്പിച്ച മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിക്കണമെന്ന സാരോപദേശവും ലഭിക്കും. പ്രകൃതി നൽകിയ ചെറുപ്പകാലത്തിലെ അഴകും സൗന്ദര്യവും നശിക്കുമ്പോൾ പിന്നെ പന്ത് പുരോഹിതരുടെയും മദർ സുപ്പീരിയരുടെയും കോർട്ടിലായിരിക്കും. പിന്നീടു ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാത്ത പാവം കന്യാസ്ത്രീകളെ എവിടെ വേണമെങ്കിലും പന്തു തട്ടാം. അധികാരമുള്ളവരുടെ ചെരുപ്പുകളും തുടച്ചു ജീവിച്ചില്ലെങ്കിൽ ഈ പെൺകുട്ടികളെ കരിയിലപോലെ തൂത്തെറിയുകയും ചെയ്യും.
കർത്താവൊരിക്കലും ആരോടും മണവാട്ടിയാകാൻ പറഞ്ഞിട്ടില്ല. വേദഗ്രന്ഥങ്ങൾ തപ്പിയാലും അങ്ങനെയുള്ള വചനങ്ങൾ കാണുകയുമില്ല. മനുഷ്യനുള്ള കൈകാലുകളും മറ്റു അവയവങ്ങളും ചിന്തിക്കാനുള്ള കഴിവുകളും പ്രകൃതി തന്നിരിക്കുന്നത് അവകളെ നിശ്ചലമാക്കാനല്ല. ഓരോ അവയവങ്ങൾക്കും അതിന്റേതായ പ്രവർത്തന ശക്തികളുണ്ട്. മനസിനുന്മേഷം തരുന്ന പ്രവർത്തനങ്ങളെ പ്രവർത്തനരഹിതമാക്കുന്നതും പ്രകൃതി വിരുദ്ധമാണ്. പ്രകൃതി തന്ന കഴിവുകളെ പ്രയോജനപ്പെടുത്തുന്നതിനു പകരം ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുകയല്ല വേണ്ടത്. ഒരു സ്ത്രീയ്ക്ക് ഒരു പുരുഷൻ വേണമെന്നുള്ളത് പ്രകൃതി നിയമമാണ്. പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങളും അതിന്റെ ഇണയെ കണ്ടെത്തുന്നതായി കാണാം. പ്രകൃതിയുടെ ഇഷ്ടാനുഷ്ഠാനങ്ങൾ കാത്തു സൂക്ഷിക്കുന്നതും ഈശ്വര സാക്ഷാത്ക്കരമാണ്. യേശുപോലും വികാരങ്ങളെയടക്കി ജീവിച്ചിരുന്ന ബ്രഹ്മചാരിയായിരുന്നുവെന്നു ചരിത്രത്തിൽ യാതൊരു തെളിവുകളുമില്ല.
മാതാപിതാക്കൾ കുട്ടികളെ ക്രിസ്തീയ സ്‌കൂളുകളിൽ പഠിപ്പിക്കാൻ വിടുന്നത്, കുട്ടികൾ വഴിപിഴച്ചു പോകാതിരിക്കാനെന്നു വിശ്വസിക്കുന്നു. അവിടെ സാമ്പത്തികമായി ഉയർന്ന കുട്ടികൾക്ക് വേണ്ട പരിഗണയും ശ്രദ്ധയും കൊടുക്കും. ദരിദ്ര കുടുംബത്തിൽപ്പെട്ടവരെങ്കിൽ ആ കുട്ടികളെ മാനസികമായി തകർക്കുകയും ചെയ്യും. പ്രസവിക്കാത്ത ഈ സ്ത്രീകളിൽ ഭൂരിഭാഗം പേർക്കും കുട്ടികളോട് സ്നേഹം കാണില്ല. കുഞ്ഞാടുകളുടെ കാര്യത്തിലും അവരുടെ പണത്തിലും നോട്ടമിട്ടിരിക്കുന്ന അഭിഷിക്തർ ആദ്യം കുഞ്ഞാടുകളെ സംരക്ഷിക്കാതെ മഠങ്ങളിൽ നടക്കുന്ന ക്രൂരതകൾക്കു പരിഹാരം കാണരുതോ?
ഒരു കന്യാസ്ത്രി ഒരു പുരുഷനോട് സംസാരിച്ചാൽ വലിയ കുറ്റം. അതെ സമയം ഒരു പുരോഹിതനായാൽ അയാൾക്ക് വ്യപിചാരം ചെയ്യാം, പ്രകൃതി വിരുദ്ധ പണികളും നടത്താം, അശ്ളീല പടങ്ങൾ കൊണ്ട് ലാപ്ടോപ് നിറച്ചു നടക്കാം. എതിർക്കുന്നവരെ ഗുണ്ടകളെക്കൊണ്ട് തല്ലിപ്പിക്കാം. കൊല്ലാം. ഈ സ്വപ്ന സഞ്ചാരികളായ പുരോഹിതർക്ക് ബലിയും അർപ്പിക്കാം. എങ്കിലും അയാൾ സമൂഹത്തിലെ മാന്യൻ തന്നെ. പക്ഷെ ഒരു സ്ത്രീ അല്ലെങ്കിൽ കന്യാസ്ത്രി അടി പതറിയാൽ അവരെ സമുദായ ഭ്രഷ്ട് കൽപ്പിക്കാൻ കഴുകന്മാർ അവസരം കാത്തു കിടക്കുകയാണ്. അഗ്നിപർവതം പോലെ പൊട്ടിയുരുകുന്ന ഹൃദയവുമായി മരിച്ചു ജീവിക്കുന്ന അവളെ ആത്മഹത്യയിൽ എത്തിക്കുന്ന സമൂഹമാണ് ചുറ്റുമുള്ളത്. കൈകൾ വളരുന്നതും കാലുകൾ വളരുന്നതും നോക്കി ഓമനിച്ചു വളർത്തിയ കുട്ടികൾ കാപട്യം നിറഞ്ഞ സമൂഹത്തിലാണ് ജീവിക്കുന്നതെന്ന വസ്തുതയും അവരുടെ മാതാപിതാക്കളുമറിയുന്നില്ല.
"ഞാൻ എന്റെ ജീവിതത്തെ ഭയപ്പെടുന്നു. മഠം ഭരിക്കുന്നവർ അധികാരവും പണവുമുള്ളവരാണ്. അവർക്ക് ഏതു സമയത്തും എന്നെ ദേഹോപദ്രവം ചെയ്യാമെന്നു" വാർത്താ ലേഖകരോട് സിസ്റ്റർ മേരി പറഞ്ഞു. 'സഭയിൽ ചേർന്ന കാലം മുതൽ ചെയ്യാത്ത കുറ്റത്തിന് അവരെ എന്നും പഴി ചാരുമായിരുന്നുവെന്നും' പറഞ്ഞു. സിസ്റ്റർ തുടരുന്നു, '1997-ൽ സോഷ്യോളജിയിൽ മാസ്റ്റർ ബിരുദത്തിനു പഠിക്കുന്ന സമയം താൻ ഒരു പുരോഹിതനായി പ്രേമത്തിലാണെന്നും മറ്റു സഹ കന്യാസ്ത്രികൾ പറഞ്ഞുണ്ടാക്കി. അന്ന് എന്റെ ഭാഗത്തുനിന്നും സത്യം ഉൾക്കൊള്ളാൻ ആരുമുണ്ടായിരുന്നില്ല. ചെയ്യാത്ത കുറ്റത്തിന് അവരെന്നെ ഒരു ധ്യാന കേന്ദ്രത്തിൽ അയച്ചു. അവിടെ എനിക്കന്നു ആരോടും സംസാരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പുറം ലോകമായി യാതൊരു സമ്പർക്കമില്ലാതെ അവരെന്നെ അന്ധകാരമായ മുറികളിൽ ഏകയാക്കിയിരുന്നു. അന്നുള്ള എന്റെ ജീവിതം ഭീകരവും ഭയാനകവുമായിരുന്നു.'
സിസ്റ്റർ മേരി സെബാസ്റ്റ്യനു ലഭിച്ച പീഡനം സഭാ ചരിത്രത്തിൽ ആദ്യത്തെതോ ഒറ്റപ്പെട്ടതായ സംഭവമോ അല്ല. അടുത്ത കാലത്തു സിസ്റ്റർ മേരി ചാണ്ടിയും സിസ്റ്റർ ജെസ്മിയും കന്യാസ്ത്രി ജീവിതത്തിലെ അവരുടെ ദുഖകരമായ കഥകളടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മേലാധികാരികളിൽ നിന്നും പീഡനം സഹിക്കാൻ മേലാതെ മുപ്പത്തിമൂന്നു വർഷത്തെ സേവന ശേഷം സിസ്റ്റർ ജെസ്മി സഭാ വസ്ത്രം ഉപേക്ഷിച്ചു. അവർ എഴുതിയ 'ആമേൻ' എന്ന ഗ്രന്ഥം വളരെയേറെ വിവാദപരമായിരുന്നു. സിസ്റ്റർ അഭയായുടെ മരണത്തിനുത്തരവാദികൾ രണ്ടു പുരോഹിതരായിരുന്നു. ഇതിൽ നിന്നെല്ലാം മനസിലാക്കേണ്ടത് സഭ പരിശുദ്ധമല്ലെന്നാണ്.
സഭയിൽനിന്നു പുറത്തിറങ്ങിയ സിസ്റ്റർ മേരി സെബാസ്റ്റ്യന് ഇനി സ്വന്തം സമുദായത്തിൽനിന്നും കുടുംബക്കാരിൽനിന്നും വലിയ വെല്ലുവിളികളെയും നേരിടേണ്ടി വരും. 'മഠം ചാടി'യെന്ന പേരിന്റെ കൂടെ അനാശാസ്യ കഥകളും കിംവദന്തികളും പ്രചരിക്കും. ഇത്തരണത്തിൽ ഒരു സ്ത്രീ മഠത്തിനു വെളിയിൽ ജീവിതം തുടരണമെങ്കിൽ ആത്മധൈര്യവും വേണം. മേരിയുടെ കുടുംബത്തിലുള്ളവർ അവരെ സ്വീകരിക്കാൻ തയ്യാറല്ല. കാരണം ഒരു കന്യാസ്ത്രി മഠം ജീവിതം ഉപേക്ഷിച്ചു മടങ്ങി വരുന്നത് കുടുംബത്തിനും അപമാനമാണ്. ജനം അവരെ കാണുന്നത് യേശുവിനെ ചതിച്ച സ്ത്രീയെന്നാണ്. അവർ തുടങ്ങി വെച്ച ഈ സമരം യേശുവിനോടല്ല, ചട്ടങ്ങൾ മാറ്റപ്പെടാത്ത കാലഹരണപ്പെട്ട സഭയോടാണെന്നത് ജനം മനസിലാക്കുന്നുമില്ല.
No comments:
Post a Comment