Tuesday, August 30, 2016

പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം




ജോസഫ് പടന്നമാക്കൽ

ചരിത്രത്തിന്റെ നിയോഗമെന്നോണം 2008 നവമ്പറിൽ ബാറാക്ക് ഒബാമ അമേരിക്കയുടെ നാൽപ്പത്തി നാലാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഹാനായ അദ്ദേഹത്തിന്റെ കഥ അമേരിക്കയുടെ ചരിത്രംകൂടിയാണ്.
പൊട്ടിത്തകർന്ന കുടുംബബന്ധങ്ങളുമായി മല്ലടിച്ചു കഴിഞ്ഞിരുന്ന ഒരു ഇടത്തരം സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.  കഠിനാധ്വാനവും ഉന്നത വിദ്യാഭ്യാസവും അദ്ദേഹത്തെ വിസ്മയകരമാം വിധം ഉയരങ്ങളുടെ കൊടുമുടിയിലെത്തിച്ചു. പരോപകാര പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും  മറ്റുള്ളവർക്കു വേണ്ടിയുള്ള സ്വയം  ജീവിതാർപ്പണങ്ങളും   ഒബാമയെ അനുഗ്രഹീതനായ ഒരു  വ്യക്തിപ്രതിഭയാക്കി. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാലും മാതാപിതാക്കളുടെ വൈവാഹിക ബന്ധ തകർച്ചമൂലവും വളർത്തിയത് മുത്തച്ഛനും മൂത്തശ്ശിയുമായിരുന്നു. അക്കാലങ്ങളിൽ മുത്തച്ഛൻ പട്ടാളത്തിൽ ജോലിചെയ്തിരുന്നു.  മുത്തശ്ശി  ഒരു ബാങ്കിൽ മാനേജ്മെന്റ് കേഡറിൽ ജോലിക്കാരിയുമായിരുന്നു.


1961 ആഗസ്റ്റ് നാലാം തിയതി ഒബാമ ജനിച്ചു. അദ്ദേഹത്തിൻറെ മാതാപിതാക്കൾ കെൻസാസ്കാരി ആൻ ഡുൻഹാമും കെനിയാക്കാരൻ സീനിയർ ബാറാക്ക് ഒബാമയുമായിരുന്നു. 'അമ്മ വെളുമ്പിയും അപ്പൻ ആഫ്രിക്കൻ കറുത്തവനുമായിരുന്നു. സീനിയർ ബാറാക്ക് ഒബാമയും ആൻ ഡുൻഹാമും പരസ്പരം തമ്മിൽ കണ്ടു മുട്ടിയത് അവർ ഹാവായ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോഴായിരുന്നു. ഒബാമയ്ക്ക് രണ്ടു വയസുള്ളപ്പോൾ അപ്പൻ അമ്മയെ ഉപേക്ഷിച്ചു. പിന്നീട് സീനിയർ ഒബാമ ഹാർവാർഡിലെ പഠനശേഷം സ്വന്തം നാടായ കെനിയായിൽ മടങ്ങിപ്പോവുകയാണുണ്ടായത്.


ഒബാമയുടെ പിതാവ് ഒബാമ സീനിയറിനെപ്പറ്റി വിചിത്രങ്ങളായ കഥകളാണ് കേൾക്കുന്നത്. തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ ആടുമാടുകളെ മേയിക്കുകയായിരുന്നു അദ്ദേഹത്തിൻറെ കെനിയായിലെ ജോലി. സ്‌കോളർഷിപ്പ് കിട്ടിയ കാരണം അമേരിക്കയിൽ പഠിക്കാനായി വന്നു. കെനിയായിൽ ഗർഭിണിയായ അദ്ദേഹത്തിൻറെ ആദ്യ ഭാര്യയെ കൂടെ കൊണ്ടുവന്നില്ല. അമേരിക്കയിൽ ഒബാമയുടെ അമ്മയെ വിവാഹം ചെയ്തതായി രേഖകളൊന്നുമില്ല. ഒബാമയ്ക്ക് രണ്ടു വയസുള്ളപ്പോൾ അപ്പൻ ഒബാമ  ബോസ്റ്റണിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകാരണം അമ്മയെയും കുഞ്ഞിനേയും ബോസ്റ്റണിൽ കൊണ്ടുവന്നില്ല. കാലക്രമേണ അവരുടെ ബന്ധം അവസാനിപ്പിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്തിരിക്കാം. പിതാവ് ഒബാമ സീനിയർ മറ്റൊരു അമേരിക്കക്കാരിയേയും കൊണ്ട് കെനിയായിൽ മടങ്ങി പോയി. അതിനുശേഷം നല്ല ജോലികൾ അവിടെ ചെയ്തിരുന്നെങ്കിലും ലഹരി പദാർത്ഥങ്ങൾക്കും മയക്കു മരുന്നുകൾക്കും അടിമയായിരുന്നു. പത്തൊമ്പതു വർഷങ്ങൾക്കുശേഷം   കെനിയായിൽ ഒരു മോട്ടോർ അപകടത്തിൽപ്പെട്ടു അദ്ദേഹം മരണമടയുകയാണുണ്ടായത്.


ഒബാമ സീനിയറുമായി ബന്ധം വേർപെടുത്തിയ ശേഷം ഒബാമയുടെ അമ്മ 'ആന്‍' ഇന്തോനേഷ്യക്കാരനായ 'ലോലോ സോട്ടോറോയെ' വിവാഹം ചെയ്തു. അന്നു ഇരുവരും യൂണിവേഴ്സിറ്റി ഓഫ് ഹവായിൽ പഠിക്കുകയായിരുന്നു. ഒബാമയ്ക്ക് ആറു വയസ്സുള്ളപ്പോള്‍ അമ്മയുടെയും രണ്ടാനപ്പന്റെയും ഒപ്പം ഇന്തോനേഷ്യക്ക് താമസം മാറ്റി. അവിടെ അദ്ദേഹം കത്തോലിക്കാ സ്‌കൂളിലും മുസ്ലിം സ്‌കൂളിലും പഠിച്ചു. ഒബാമയുടെ സഹോദരി 'മായ' അവിടെവച്ചാണ് ഉണ്ടാകുന്നത്. ഒബാമക്ക് 10 വയസ്സുള്ളപ്പോള്‍, അദ്ദെഹത്തെ ഹവായിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അയയ്ക്കാന്‍ 'ആൻ'  തീരുമാനിച്ചു. അഞ്ചാം ക്ലാസ് മുതൽ ഹൈസ്ക്കൂൾ പൂർത്തിയാക്കുംവരെ ഒബാമയുടെ മുത്തച്ഛൻ സ്റ്റാൻലിയുടെയും മുത്തശ്ശി  മെഡലിൻ ഡുൻഹാമിന്റെയും സംരക്ഷണയിൽ വളർന്നു. ഹാവായിലുള്ള പേരും പെരുമയുമുണ്ടായിരുന്ന പുനാഹ് സ്‌കൂളിൽ പഠിച്ചു. ഒബാമ പറയും "ഞാൻ ഒരു ഹാവായിക്കാരനും പിന്നീട് ഇൻഡോനേഷ്യൻ കുട്ടിയായും വളർന്നു. കൂടാതെ വ്യത്യസ്തങ്ങളായ രണ്ടു സാംസ്‌ക്കാരിക പശ്ചാത്തലങ്ങളിൽ കറുത്തവനും വെളുത്തവനുമായ കുട്ടിയായും വളർന്നു. " ഒബാമയുടെ അർദ്ധസഹോദരി ഡോ.മായാ സോടോറോ  ഹാവായി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി സ്പെഷ്യലിസ്റ്റാണ്.


മുത്തച്ഛനും  മൂത്തശ്ശിയുമായുള്ള താമസകാലങ്ങളിൽ അദ്ദേഹം അന്ന് പഠിക്കാൻ വലിയ നിപുണനായിരുന്നില്ല. 1970-ൽ സ്‌കൂളിൽ പഠിക്കുന്ന കാലങ്ങളിൽ ഒരു സാധാരണ വിദ്യാർത്ഥിയെപ്പോലെയുള്ള ഗ്രേഡുകൾ മാത്രം ലഭിച്ചിരുന്നു. അദ്ദേഹം നല്ലവണ്ണം ബാസ്‌ക്കറ്റ്ബാൾ കളിക്കുമായിരുന്നു. മാതാപിതാക്കളുടെ കുടുംബ തകർച്ചയും അവരുടെ സ്വരച്ചേർച്ചയില്ലായ്മയും അദ്ദേഹത്തിൻറെ ബാല്യത്തെയും കൗമാരത്തെയും ബാധിച്ചിരുന്നു. പിന്നീട് ലക്ഷ്യമില്ലാതെ അശ്രദ്ധമായ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. മയക്കു മരുന്നുകളും ലഹരികളും ഉപയോഗിക്കാൻ തുടങ്ങി. മർവാണായും കൊക്കയിനും ഉപയോഗിക്കുമായിരുന്നു. മതകാര്യങ്ങളെ സംബന്ധിച്ച് ഒബാമ എഴുതി, "അദ്ദേഹത്തിൻറെ മാതാപിതാക്കളും മുത്തച്ഛനും മൂത്തശ്ശിയും ദൈവ വിശ്വാസികളല്ലായിരുന്നു. അതുകൊണ്ട് ഞാനും ഒരു മതവിശ്വാസിയായി വളർന്നില്ല." 1972-ൽ ഒബാമ ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലങ്ങളിൽ രണ്ടാനപ്പനായ   'ലോലോ സോട്ടോ'യുമായുള്ള ബന്ധം ഒബാമയുടെ അമ്മ വേർപെടുത്തി. 1987 മാർച്ചു മൂന്നാംതിയതി ലോലോ സോട്ടോ ജാക്കർത്തായിൽവെച്ച് മരണമടഞ്ഞു.


ഹൈസ്‌കൂൾ കഴിഞ്ഞു ഒബാമ ലോസ് ഏഞ്ചൽസിലുള്ള ഓസിഡന്റൽ കോളേജിൽ ചേർന്നു. അവിടെ രണ്ടു വർഷം പഠിച്ച ശേഷം  കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ  (ന്യൂയോർക്ക്) പഠനം  തുടർന്നു. രാഷ്ട്രീയത്തെപ്പറ്റിയും ആഗോള കാര്യങ്ങളെയും അദ്ദേഹം അഗാധമായി പഠിക്കാനും ആരംഭിച്ചു. 1983 -ൽ പൊളിറ്റിക്കൽ സയൻസിൽ കൊളംബിയാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദമെടുത്തു. ഒരു വർഷം കൂടി ഗവേഷണത്തിനായി അദ്ദേഹം ന്യൂയോർക്കിൽ സമയം ചെലവഴിച്ചു. പിന്നീട് ഷിക്കാഗോയിൽ സാധുക്കളായ കറുത്ത വർഗ്ഗക്കാരുടെയിടയിൽ സോഷ്യൽ വർക്കാറായുള്ള ജോലി സ്വീകരിച്ചു. അങ്ങനെയാണ് അമേരിക്കയിലെ കറുത്തവരായവരുടെ ദുരവസ്ഥയെപ്പറ്റി ഒബാമ മനസിലാക്കാനും പഠിക്കാനും തുടങ്ങിയത്.


1995-ൽ ഗർഭപാത്രത്തിലുണ്ടായ കാൻസർ മൂലം  ഒബാമയുടെ 'അമ്മ  മരണമടഞ്ഞു.  'അമ്മ'  1995 -ൽ മരിക്കുംവരെ അങ്ങേയറ്റം ലിബറൽ ചിന്താഗതിക്കാരിയായിരുന്നു. 1950  ലെയും 1960 ലെയും പൗരാവകാശ സമരങ്ങളിൽ അവർ ആവേശഭരിതയായിരുന്നു. മകനെയും മനുഷ്യാവകാശങ്ങളുടെ മഹനീയത പഠിപ്പിക്കുമായിരുന്നു. ഒബാമ ഒരിക്കൽ എഴുതി, "ഒരു കറുത്തവനായിരിക്കുകയെന്നുള്ളത് ശ്രേഷ്ഠമായ ഒന്നാണ്. കറുത്തവനെപ്പോലെ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. കറുത്തവനിൽ മഹത്തായ ഒരു സംസ്‌കാരത്തിന്റെയും പാരമ്പര്യം ഉൾക്കൊള്ളുന്നു. കറുത്തവനെന്നുള്ള ചിന്താഗതികൾ'  നമ്മെ പുണർന്ന ഈശ്വര വരദാനമാണ്.  മഹത്തായ കർത്തവ്യങ്ങളും ജീവിതായോധനത്തിലെ പോരാട്ടങ്ങളും  നമ്മിൽ നിഷിപ്തമായിരിക്കും."


ഹാവായിലെ ഒബാമയുടെ സമ്മിശ്രമായ സംസ്ക്കാര ജീവിതത്തിൽ ഒത്തൊരുമിച്ചു ജീവിക്കാൻ ആഫ്രിക്കൻ ജനത അവിടെ അധികമുണ്ടായിരുന്നില്ല. തന്റേതായ വ്യക്തിത്വവളർച്ചക്കായി മാതൃകാപരമായി അനുകരിക്കാൻ ഒരു അച്ഛനോ കുടുംബത്തിലെ മറ്റാരുമോ സമൂഹമോ ഉണ്ടായിരുന്നില്ല. വെളുത്തവനായ മുത്തച്ഛനുമായി ഒത്തിണങ്ങി പോവാനും ബുദ്ധിമുട്ടായിരുന്നു. ഒബാമ പിന്നീട് എഴുതി "അമേരിക്കയുടെ കറുത്തവനായി വളരാനാണ് ഞാൻ ശ്രമിച്ചത്. കറുത്തവനായ എന്റെ ആകാരമൊഴികെ ആർക്കും ഞാനങ്ങനെ ചിന്തിക്കുന്നുവെന്നും  മനസിലാകില്ലായിരുന്നു."


കൊളംബിയാ യൂണിവേഴ്സിറ്റിയിലെ പഠനശേഷം അദ്ദേഹം ഒരു  ക്രിസ്ത്യൻ   പള്ളിയോടനുബന്ധിച്ചുള്ള സ്ഥാപനത്തിൽ സോഷ്യൽ വർക്കാറായി ജോലി ചെയ്തു. സോഷ്യൽ വർക്കറെന്ന നിലയിൽ   ഒബാമയെ ഏൽപ്പിക്കപ്പെട്ട ചുമതല പള്ളിയുടെ നിക്ഷേപങ്ങളും ധനവും പാവങ്ങളായ കറുത്ത വർഗക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയെന്നായിരുന്നു. കറുത്തവർ താമസിക്കുന്ന കോളനികളിലും അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. കറുത്തവർക്ക് താമസിക്കാനുള്ള പ്രോജക്റ്റ് കെട്ടിടങ്ങൾ ശരിയായി നോട്ടമില്ലാതെ, കേടുപാടുകൾ തീർത്ത് സംരക്ഷിക്കാതെ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു. അന്നത്തെ ചുമതലപ്പെട്ടവർ കെട്ടിടങ്ങൾ വേണ്ടത്ര പരിപാലിക്കുന്നില്ലായിരുന്നു. അദ്ദേഹത്തിൻറെ കറുത്തവർക്കായുള്ള ക്ഷേമ പ്രയത്നങ്ങൾക്ക് കുറച്ചു പ്രയോജനമുണ്ടായെങ്കിലും സിറ്റി ഭരണാധികാരികളുടെ അമിത മേധാവിത്വം പ്രൊജക്റ്റുകളുടെ  നടത്തിപ്പിന് തടസമായിരുന്നു. കറുത്തവരുടെ അർഹമായ അവകാശങ്ങൾക്കായി പോരാടാനും നിയമങ്ങളുടെ പഴുതുകളിൽക്കൂടി അവകാശങ്ങൾ നേടിയെടുക്കാനും തനിക്ക് ഒരു നിയമ ഡിഗ്രിയാവശ്യമെന്നും ഒബാമ മനസിലാക്കി.


1988-ൽ ഒബാമ ഹാർവാർഡിൽ നിയമ ബിരുദത്തിനു ചേർന്നു. അവിടെ ഏറ്റവും സമർത്ഥനായ വിദ്യാർഥിയായിരുന്നു. ഒബാമ 1990 -1991 അക്കാദമിക്ക് വർഷത്തിലെ   ഹാർവാർഡ് ലോ റിവ്യൂ”വിന്റെ ആദ്യത്തെ കറുത്ത വർഗക്കാരനായ പ്രസിഡന്റായിരുന്നു.  അന്നുമുതൽ അദ്ദേഹം  മീഡിയാകളുടെ ശ്രദ്ധകളിൽപ്പെടാനും തുടങ്ങി. 'റാൻഡം ഹാവ്സ്' എന്ന പ്രസിദ്ധീകരണ കമ്പനി വർഗ വർണ്ണ ബന്ധങ്ങളെ സംബന്ധിച്ച് ഒരു പുസ്തകം എഴുതാനുള്ള കോൺട്രാക്റ്റും കൊടുത്തു. ''എന്റെ പിതാവിൽ നിന്നുമാർജ്ജിച്ച സ്വപ്നങ്ങൾ" (Dreams from My Father) എന്ന ടൈറ്റിൽ പേജോടെ അദ്ദേഹം ഒരു പുസ്തകം എഴുതി. . ആഫ്രോ അമേരിക്കൻ  വർഗത്തിന്റെയും പാരമ്പര്യമായി ആർജ്ജിതമായ ഒരു സംസ്ക്കാരത്തിന്റെയും കഥയായിരുന്നു ആ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നത്.1995-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒരു ആത്മകഥാരൂപത്തിലാണ് രചിച്ചിരിക്കുന്നത്. കറുത്ത ആഫ്രിക്കകാരനായ ഒരു അപ്പനിൽ നിന്നും ജനിച്ചതും അപ്പന്റെ അഭാവത്താൽ വെളുത്തവർ വളർത്തിയതും തന്റെ വ്യക്തിത്വം സ്ഥാപിക്കാനുള്ള പ്രതിസന്ധി ഘട്ടങ്ങളും   ഓർമ്മക്കുറിപ്പുകളിൽക്കൂടി  വിവരിച്ചിട്ടുണ്ട്.


മതപരമായ കാര്യങ്ങളിൽ അദ്ദേഹത്തിൻറെ ആത്മീയ ഗുരു റെവറന്റ് ജെറീമിയ റൈറ്റായിരുന്നു.  റെവറന്റ് റൈറ്റ്‌ , ഷിക്കാഗോ ട്രിനിറ്റി യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ് പള്ളിയുടെ പാസ്റ്ററായിരുന്നു. 1988-ൽ ഒബാമ മാമ്മോദീസ്സാ മുങ്ങിയത് ആ പള്ളിയിലായിരുന്നു. ഒബാമ,  ഓഡസിറ്റി ഓഫ് ഹോപ്പ് (audacity of hope) എന്ന പേരിൽ രണ്ടാമതൊരു ബുക്കും പ്രസിദ്ധീകരിച്ചു.  അദ്ദേഹം ദേശീയ തലങ്ങളിൽ പ്രസിദ്ധനായപ്പോൾ 'തോട്സ് ഓൺ റീക്ലെയിമിങ് അമേരിക്കൻ ഡ്രീം' (Thoughts on Reclaiming the American Dream (2006),) പുസ്തകവും പ്രസിദ്ധീകരിച്ചു.അത്  രാജ്യത്തു ഏറ്റവും വിറ്റഴിഞ്ഞ പുസ്തകമായിരുന്നു. മാമോദീസാ കൈക്കൊണ്ട ദിവസം ഒബാമയെഴുതി, 'ദൈവത്തിന്റെ ആത്മാവ് മാടി വിളിക്കുന്നതായി എനിക്കനുഭവപ്പെടുന്നു. അവന്റെ ഇഷ്ടം പൂർത്തികരിക്കാനായി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. ഇന്നുമുതൽ എന്റേത് അവന്റെ സത്യത്തെ തേടിയുള്ള ഒരു അന്വേഷണവുമായിരിക്കും. കൂടാതെ ഈ ദിനം എന്റെ ആത്മീയ തീർത്ഥയാത്രയുടെ ആരംഭവും കൂടിയാണ്.'


ഹാർവാർഡിലെ ആദ്യവർഷ പഠനം കഴിഞ്ഞു ഷിക്കാഗോയിലെ സിഡ്‌ലി  ആൻഡ് ഓസ്റ്റിൻ ലോ ഫെമിൽ (sidley austin law firm) അദ്ദേഹം ട്രെയിനിങ് തുടങ്ങി. അവിടെയാണ് അദ്ദേഹത്തിൻറെ ഭാവി വധു മിഷാൽ  റോബിൻസൺനെ കണ്ടുമുട്ടിയത്. അവർ പ്രിൻസ്റ്റണിലെയും ഹാർവാർഡിലെയും ഡിഗ്രികൾ നേടിയവരായിരുന്നു. കൂടാതെ ഒബാമയ്ക്ക് പരിശീലനം കൊടുക്കുന്ന സൂപ്പർവൈസറുമായിരുന്നു.   നാലുവർഷത്തെ സൗഹാർദ്ദത്തിനുശേഷം 1992-ൽ അവർ വിവാഹിതരായി. കറുത്തവരും വെളുത്തവരുമായ സാധാരണക്കാർ താമസിക്കുന്ന ഷിക്കാഗോയിലെ ഒരു ഗ്രാമത്തിൽ ഈ ദമ്പതികൾ താമസമാക്കി. അവിടെ 1998-ൽ അവരുടെ ആദ്യത്തെ പുത്രി 'മലിയ ആൻ' ജനിച്ചു. രണ്ടാമത്തെ പുത്രി നടേഷാ 2001-ലും ജനിച്ചു.


1991-ൽ ഹാർവാർഡിലെ പഠനശേഷം ഷിക്കാഗോയിൽ തിരിച്ചെത്തിയ ഒബാമ ഡമോക്രാറ്റിക്‌ പാർട്ടിയിൽ പ്രവർത്തിക്കാൻ തുടങ്ങി.  പൗരാവകാശ നിയമങ്ങളുടെ അറ്റോർണിയായും ജോലി തുടങ്ങി.  ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായി ഭരണഘടനയെപ്പറ്റി പഠിപ്പിച്ചുകൊണ്ടിരുന്നു.  പ്രശസ്ത നിയമസ്ഥാപനങ്ങളില്‍ മികച്ച ജോലികളില്‍ പ്രവേശിക്കാമായിരുന്നെങ്കിലും ഒബാമ നഗരത്തിലെ ഡമോക്രാറ്റിക് പാര്‍ട്ടിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണുണ്ടായത്. ഒന്നര ലക്ഷം പാവപ്പെട്ട കറുത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള ഒരു പ്രോജെക്റ്റില്‍ അദ്ദേഹം പങ്കാളിയാവുകയും ആ പരിശ്രമം 1992-ല്‍ ബില്‍ ക്ലിന്റന്‍ ഇല്ലിനോയി സംസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജയിക്കാനും കാരണമായി.  'കാരള്‍ മോസ്‌ലി ബ്രൌണ്‍' എന്ന കറുത്ത വര്‍ഗ്ഗക്കാരിയെ അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാനും സഹായിച്ചു.


1995-ൽ ഒബാമ  ഇല്ലിനോയി സ്റ്റേറ്റ് സെനറ്റ് മത്സരത്തിൽ വിജയിയായി. എട്ടുവർഷം അദ്ദേഹം സ്റ്റേറ്റ് സെനറ്ററായിരുന്നു. അതിനിടയിൽ അമേരിക്കൻ കോൺഗ്രസ്‌ അംഗമാകാനുള്ള മത്സരത്തിൽ വളരെ പരിതാപകരമായ നിലയിൽ പരാജയപ്പെട്ടു. ആ  തിരഞ്ഞെടുപ്പിൽ സാമ്പത്തികമായി തകരുകയും ചെയ്തു. എങ്കിലും അടിപതറാതെ തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. 2004-ൽ നടക്കാൻ പോവുന്ന യൂ എസ് സെനറ്റർ മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ 2001-ൽ ആരംഭിച്ചു.  സ്വന്തം ഭാര്യ മിഷാൽ വരെ അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അവർക്ക് ഒബാമയുടെ രാഷ്ട്രീയ ഭാവിയിൽ വിശ്വാസമുണ്ടായിരുന്നില്ല. 2002-ൽ ഇറാക്കിന്റെ അധിനിവേശത്തിനെതിരെ ഒബാമ ഒരു പ്രസംഗം ചെയ്തതോടെ അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവി തെളിഞ്ഞു വന്നു. ഇറാക്ക് യുദ്ധത്തെ എതിർത്തിരുന്ന ലിബറൽ ഡമോക്രാറ്റുകളുടെ പിന്തുണ അങ്ങനെ അദ്ദേഹത്തിനു നേടാൻ സാധിച്ചു.  ഒരു ദേശീയ നേതാവിന്റെ മതിപ്പുണ്ടാകാൻ കാരണമായതും  യുദ്ധത്തെ എതിർത്തുകൊണ്ടുള്ള അദ്ദേഹത്തിൻറെ  പ്രസംഗ ചാതുര്യമായിരുന്നു.


കറുത്ത വർഗക്കാരനായ ബാറാക്ക് ഒബാമയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള ജൈത്രയാത്ര അദ്ദേഹത്തിൻറെ ഒരു സ്വപ്നമായിരുന്നു. അൽഗോറിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത ഡെമോക്രാറ്റിക്‌ നാഷണൽ കൺവെൻഷനിൽ ഇല്ലിനോയ് സെനറ്റർ എന്ന നിലയിൽ അദ്ദേഹം ലോസ് ഏഞ്ചൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. അന്ന് അദ്ദേഹത്തിൻറെ ക്രെഡിറ് കാർഡിൽ പണമില്ലാത്തതിനാൽ സമ്മേളനസ്ഥലത്തിലേക്കുള്ള ടാക്സി പിടിക്കാൻ സാധിച്ചില്ല. ആരുടെയൊക്കെയോ സഹായത്താൽ പണം കടം മേടിച്ചു ടാക്സി പിടിച്ചു സമ്മേളന സ്ഥലത്തെത്തിയത് വളരെ താമസിച്ചാണ്. പാർട്ടിയിൽ അന്ന് അപ്രധാന വ്യക്തിയായതുകൊണ്ടു സുപ്രധാനമായ സമ്മേളനങ്ങളിലൊന്നും അദ്ദേഹത്തിന് പ്രവേശിക്കാൻ സാധിച്ചില്ല. നിരാശനായി അദ്ദേഹം സ്വന്തം സ്ഥലത്തേയ്ക്ക് അന്ന് മടങ്ങി പോവുകയാണുണ്ടായത്.


സ്റ്റേറ്റ്സെനറ്റർ എന്ന നിലയിൽ ചുമതലകൾ വഹിക്കവെ 2004 -ൽ തിരഞ്ഞെടുക്കാൻ പോകുന്ന യൂ എസ് സെനറ്ററെന്ന പദവിയിലേയ്ക്കും ഒബാമ നോട്ടമിട്ടു. 'പീറ്റർ ഫിറ്റസ് ജെറാൾഡ്' എന്ന ഒരു റിപ്പബ്ലിക്കനായിരുന്നു ആ സ്ഥാനം അന്ന് വഹിച്ചിരുന്നത്. അദ്ദേഹം വീണ്ടും സെനറ്ററായി മത്സരിക്കുന്നില്ലെന്നും തീരുമാനിച്ചിരുന്നു. 2002-ൽ സാദം ഹുസൈനെതിരെ ഇറാക്കിൽ യുദ്ധം നടത്താനായുള്ള പ്രമേയം കോൺഗ്രസ്സ് പാസാക്കി. പ്രസിഡന്റ് ജോർജ് ബുഷിന് അതിനുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം നൽകുകയും ചെയ്തു. ഒബാമ യുദ്ധത്തിനെതിരായി റാലികൾ സംഘടിപ്പിച്ചുകൊണ്ടിരുന്നു. 'താൻ നല്ല കാര്യങ്ങൾക്കായുള്ള യുദ്ധത്തെ എതിർക്കുന്നില്ല. പക്ഷെ ഇറാക്കിലെ ഈ യുദ്ധം വിഡ്ഢിത്തരമാണെന്ന് 'ഒബാമ ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ടിരുന്നു. രാജ്യത്തിനെ സാമ്പത്തികമായി തകർക്കുന്ന ഇത്തരം ഒരു യുദ്ധത്തിന് കൂട്ടുനിൽക്കാൻ സാധ്യമല്ലെന്നും ഒബാമ പ്രഖ്യാപിച്ചു. ബുഷിന്റെ യുദ്ധനയങ്ങൾക്കെതിരായി പ്രസംഗിച്ചുകൊണ്ടു പ്രസിഡന്റായി മത്സരിക്കാൻ തയാറായി നിൽക്കുന്ന ജോൺ കെറിയെയും നോർത്ത് കരോളിനായിലെ ജോൺ എഡ്വേർഡ്നെയും ഹിലാരി ക്ലിന്റനെയും ഒബാമ അനുകൂലിച്ചിരുന്നു. ആദ്യകാലങ്ങളിൽ യുദ്ധത്തിനെതിരായുള്ള ഒബാമയുടെ നീക്കം അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് അദ്ദേഹത്തിൻറെ നയം അനേകായിരങ്ങൾ പിന്തുടരുകയും പ്രസിദ്ധമാവുകയുമുണ്ടായി. അത് പിൽക്കാലത്തു അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവി അരക്കിട്ടുറപ്പിക്കാൻ സഹായകമാവുകയും ചെയ്തു.


2004-ലെ  തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ,  ബോസ്റ്റണിൽ ''ജോൺ കെറിയെ തിരഞ്ഞെടുക്കാനുള്ള ദേശീയ സമ്മേളനത്തിൽ ഡമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ ഒബാമ നടത്തിയ ഒരു പ്രസംഗം ചരിത്രപ്രസിദ്ധമായിരുന്നു. അദ്ദേഹം പറഞ്ഞു, 'അമേരിക്കയിൽ ലിബറലോ, കൺസർവേറ്റിവോ എന്നിങ്ങനെ ഒരു തിരിച്ചുവിത്യാസമില്ല. ഒരേ ചിന്തകൾക്കധിഷ്ഠിതമായ അമേരിക്കൻ ഐക്യനാടുകളിൽ നാം അഭിമാനിക്കണം. കറുത്ത വർഗക്കാർക്കോ, വെളുത്തവർക്കോ ലാറ്റിനോകൾക്കോ ഏഷ്യാക്കാർക്കോ പ്രത്യേകമായ ഒരു അമേരിക്കയില്ല. അവിടെയെല്ലാം ഓരോരുത്തരുടെയും ബോധമണ്ഡലത്തിൽ ഈ സ്വപ്ന ഭൂമിയായ അമേരിക്കൻ ഐക്യനാടുകളുണ്ട്. രാജ്യത്തിന്റെ ഐക്യവും പ്രതീക്ഷകളുമാണ് നമുക്കിന്നു ആവശ്യമായിരിക്കുന്നത്.'  ഉജ്വലമായ ആ പ്രസംഗത്തിനു ശേഷം ദേശീയ രാഷ്ട്രീയത്തിലേക്ക് ഒബാമ അതിവേഗം കുതിച്ചു കയറി. പിന്നീട് അദ്ദേഹം യു എസ് സെനറ്റിൽ മത്സരിച്ചപ്പോൾ വോട്ടർമാരുടെയിടയിൽ സംസാരവിഷയമായിരുന്നതു ഒബാമയുടെ ആകർഷണീയമായ ഈ പ്രസംഗമായിരുന്നു.


ഒബാമ യൂ എസ് സെനറ്റിൽ മത്സരിക്കാനായി ആഫ്രിക്കൻ അമേരിക്കൻ ജനതകളിൽ പ്രചരണം തുടങ്ങി. വെളുത്തവരായ ലിബറൽ ജനതയുടെ  പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അമ്പത്തിമൂന്നു ശതമാനം വോട്ടുകൾ അദ്ദേഹത്തിനു ലഭിക്കുമെന്നത് തീർച്ചയായിരുന്നു. പ്രധാന എതിരാളിയായ 'ജാക്ക് റയാൻ' മത്സര രംഗത്തുനിന്നും പിന്മാറിയത് ഒബാമയ്ക്ക് നേട്ടമായി. വിവാഹ മോചനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിന്റെ പേരിലാണ് റയാനു മത്സര രംഗത്തുനിന്നും പിന്മാറേണ്ടി വന്നത്. റിപ്പബ്ലിക്കൻ കൺസർവേറ്റിവ് 'അലൻ കെയ്‌സ്നെ' പരാജയപ്പെടുത്തിക്കൊണ്ട് 70 ശതമാനം വോട്ടുകൾ നേടി ഒബാമ വിജയിയായി. ഒബാമയുടെ   യൂ.എസ്. സെനറ്റിലേക്കുള്ള മത്സരം   ചരിത്രത്തിലെ ഏറ്റവും ഭൂരിപക്ഷം നേടിയ വിജയമായിരുന്നു. കറുത്ത വർഗക്കാരിൽ നിന്നും അമേരിക്കൻ സെനറ്ററായ ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു ഒബാമ.


കഠിനാധ്വാനത്തിലൂടെയും സ്വന്തം പ്രയത്നക്കളിൽക്കൂടിയും നേടിയെടുത്ത നേട്ടങ്ങളുടെ ചവിട്ടുപടികളാണ് ഒബാമയുടെ ജീവിതത്തിൽ കൂടി നാം ദർശിക്കുന്നത്. 2004-ലെ കൺവൻഷനിൽ നല്ലയൊരു വാഗ്മിയെന്ന നിലയിൽ അതിഗംഭീരമായ ഒരു പ്രസംഗം അദ്ദേഹം ചെയ്തപ്പോൾ ഭാവിയിലെ പ്രസിഡന്റ് എന്ന നിലയിൽ ജനം വിധിയെഴുതിക്കഴിഞ്ഞിരുന്നു. കറുത്ത വർഗക്കാരിൽ നിന്നും ഒരു പ്രസിഡന്റ് അമേരിക്കൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ലായിരുന്നു. അദ്ദേഹം പ്രസിഡന്റാകാൻ സാധ്യതയില്ലെന്നാണ് 2008-ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എല്ലാവിധ കണക്കുകൂട്ടലുകളും പ്രവചനങ്ങളും വ്യക്തമാക്കിയിരുന്നത്. നന്നേ ചെറുപ്പമായിരുന്നതും ദേശീയ തലത്തിൽ  രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിനു വേണ്ടത്ര പരിചയമില്ലാത്തതും ഒരു കുറവായിരുന്നു. എന്നാൽ അമേരിക്കയെ വിസ്മയിപ്പിച്ചുകൊണ്ടു അദ്ദേഹം ഡമോക്രാറ്റിക്ക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാവുകയാണുണ്ടായത്.


2008 നവംബർ നാലാം തിയതി അമേരിക്കയുടെ നാല്‌പ്പിത്തിനാലാം പ്രസിഡണ്ടായി ആഫ്രിക്കൻ അമേരിക്കനായ ബാറാക്ക് ഒബാമയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായ നാളുകളിൽ ഒബാമയ്ക്ക് നിയമ നിർമ്മാണ കാര്യങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സെനറ്റ് നിയന്ത്രിച്ചിരുന്നത് റിപ്പബ്ലിക്കരായിരുന്നു. കറുത്ത വർഗ്ഗക്കാരായ ഡെമോക്രാറ്റുകൾപോലും അദ്ദേഹത്തോട് സഹകരിക്കാത്ത സ്ഥിതിവിശേഷമായിരുന്നുണ്ടായിരുന്നത്. എങ്കിലും അദ്ദേഹം രണ്ടു പാർട്ടികളിലെയും റിപ്പബ്ലിക്കരും ഡെമോക്രാറ്റുകളുമായി നല്ല മൈത്രീബന്ധം സ്ഥാപിച്ചു. ഡെമോക്രാറ്റുകളുടെ നേതാവ് കറുത്ത വർഗക്കാരനായ 'എമിൽ ജോസ്' ഒബാമയുടെ വലിയ സുഹൃത്തും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഉപദേഷ്ടാവുമായിരുന്നു. തിരഞ്ഞെടുപ്പുകളിൽ സാമ്പത്തിക പരിഷ്‌ക്കാരം വരുത്താൻ സാധിച്ചു. കുഞ്ഞുങ്ങളുടെ ക്ഷേമകാര്യങ്ങളും ആരോഗ്യ പരിപാലനങ്ങൾക്കുമായി അവരെ സഹായിക്കുന്ന ബില്ലുകളും സെനറ്റിൽ അവതരിപ്പിച്ചു. വൃദ്ധരായവരുടെയും തൊഴിലാളികളുടെയും ക്ഷേമകാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു. തൊഴിലാളി യൂണിയനുകളുടെ ന്യായമായ അവകാശങ്ങൾക്കായും ദരിദ്രരായവരുടെ സാമ്പത്തിക ഉന്നമനത്തിനായും ബില്ലുകൾ പാസ്സാക്കിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.


 2017 ജനുവരിയിൽ ഒബാമയുടെ  പ്രസിഡന്റ് കാലാവധി അവസാനിക്കും. ഡിജിറ്റൽ ക്യാമറാകൊണ്ടു വൈറ്റ് ഹൌസിൽ ഫോട്ടോകളെടുത്ത ആദ്യത്തെ പ്രസിഡന്റാണ് ബാറാക്ക് ഒബാമ. വിദ്യാഭ്യാസവും കഠിനാധ്വാനവും കൈമുതലായുള്ളവർക്ക് അമേരിക്കായെന്നും അവസരങ്ങളുടെ നാടായിരുന്നു. കറുത്തവനായ ഒരാൾ അമേരിക്കായെന്ന സ്വപ്നഭൂമിയിലെ അവസരങ്ങൾ മുതലാക്കിയതും   വിശ്വവിഖ്യാതമായ കൊളംബിയാ, ഹാർവാർഡ് യൂണിവേഴ്‌സിറ്റികളിൽനിന്നും റോഡ് സ്‌കോളറായി ബിരുദങ്ങൾ നേടിയതും ലോകത്തിലേക്കും ശക്തിയേറിയ ഒരു രാഷ്ട്രത്തിന്റെ തലവനും മുഖ്യ സൈന്യാധിപനായതും ചരിത്രപ്രതിപത്തിയുള്ളവർക്കു ശുഷ്‌ക്കാന്തിയുളവാക്കുന്നതാണ്.  മഹാനായ ഒബാമയുടെ നേട്ടങ്ങളുടേതായ ജൈത്രയാത്രകൾ ഭാവി തലമുറകൾക്കു പ്രചോദനം നല്കുമെന്നതിൽ സംശയമില്ല.


Image result for obama childhood pictures


മുത്തച്ഛൻ സ്റ്റാൻലി, മുത്തശ്ശി  മെഡലിൻ ഡുൻഹാ

'ലോലോ സോട്ടോറോയും  ആന്‍'ഡുൻഹാമും





 സീനിയർ ബാറാക്ക് ഒബാമയും ആൻ ഡുൻഹാമും


.




Obama and half sister Dr. Maya


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...