Thursday, December 1, 2016
വിലയില്ലാതായ ഇന്ത്യൻരൂപയും വിമർശനങ്ങളും
ജോസഫ് പടന്നമാക്കൽ
നരേന്ദ്ര മോദി സർക്കാർ 2016 നവംബർ എട്ടാം തിയതി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മൂല്യങ്ങളില്ലാതാക്കിയത് ഇന്ത്യൻ സാമ്പത്തിക മേഖലകളിലെ സുപ്രധാനമായ ഒരു നയവും ചരിത്രമുഹൂർത്തവുമായിരുന്നു. പണം പൂഴ്ത്തി വെപ്പുകാരും പണം കൈവശം വെച്ചിരിക്കുന്ന ഭീകരരും രാഷ്ട്രീയ ലാഭം കൊയ്യാൻ ആഗ്രഹിക്കുന്നവരും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയില്ല. അഴിമതികൾ നിറഞ്ഞ ഇന്ത്യയുടെ കറുത്ത അദ്ധ്യായങ്ങളെ ശുദ്ധീകരിക്കാനുള്ള ധീരമായ ഒരു നീക്കം കൂടിയായിരുന്നു ഈ തീരുമാനം. നികുതി കൊടുക്കാതെ ബ്ളാക്ക് പണം സംഭരിച്ചുവെച്ചിരുന്നവർക്കെതിരായ ഒരു പ്രഹരവും. ഇന്ത്യയിലെ 86 ശതമാനം ജനങ്ങളും ക്രയവിക്രയം ചെയ്തിരുന്നത് പിൻവലിച്ച ആയിരം, അഞ്ഞൂറ് നോട്ടുകൾ മുഖേനയായിരുന്നു. കറൻസികളുടെ മൂല്യം ഇല്ലാതാക്കിയ മോദിയുടെ നടപടികൾക്കെതിരെ ലോകമാകമാനമുള്ള മീഡിയാകൾ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾ തന്നെ ഇന്ന് പരസ്പ്പരം രണ്ടു ചേരികളിലായി നിന്നുകൊണ്ട് വാക്‌യുദ്ധങ്ങൾ നടത്തുന്നത് നിത്യ സംഭവങ്ങളായും മാറി.
ഇന്ത്യയിലെ ഇന്നുള്ള ചർച്ചകളിൽ ഏറ്റവും അതിപ്രധാനമായ വിഷയം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒരു സുപ്രഭാതത്തിൽ വിലയില്ലാതായിയെന്നുള്ളതാണ്. പക്ഷെ പലരും കറൻസി പിൻവലിക്കലിന്റെ പ്രയോജനം മനസിലാക്കാതെയാണ് സംസാരിക്കുന്നത്. ചിലർ ഇത് മുതലാക്കി രാഷ്ട്രീയ കൊയ്ത്തുകളും കൊയ്യാൻ ആഗ്രഹിക്കുന്നു. സർക്കാരിനെതിരെ സംസാരിച്ചാൽ വോട്ടു ബാങ്ക് ക്ലിപ്തപ്പെടുത്താമെന്നും കരുതുന്നു. ഇന്ന് ഇന്ത്യയിൽ നിലവിലുള്ള വ്യവസ്ഥിതിയെയും കുറ്റപ്പെടുത്തുന്നു. എങ്കിലും ഒന്നറിയുക. ഇന്ത്യയ്ക്ക് സുദൃഢമായ ഒരു ഭരണവ്യവസ്ഥിതിയുണ്ട്. ഇവിടം സിറിയായിലും ഇറാക്കിലും പോലുള്ള വ്യവസ്ഥിതിയല്ല നിലവിലുള്ളതെന്നതിലും സന്തോഷിക്കുക.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സർക്കാർ റദ്ദാക്കിയത് ആസൂത്രിതവും കൊള്ളയുമായിരുന്നുവെന്നു മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ് രാജ്യസഭയിൽ ഭരണകക്ഷിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടു പ്രസ്താവിച്ചിരുന്നു. മൃദുവായി സംസാരിക്കുന്ന മൻമോഹൻസിംഗ് രാജ്യസഭയിൽ എന്നും നിശബ്ദത പാലിക്കുകയായിരുന്നു പതിവ്. മൻമോഹൻ സിംഗിനെപ്പോലുള്ള ലോകപ്രസിദ്ധനായ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ അഭിപ്രായം കോൺഗ്രസിനും പ്രതിപക്ഷങ്ങൾക്കും ഒരു നേട്ടമായിരുന്നു. 'കറൻസികൾ റദ്ദാക്കിയ നയം സർക്കാരിന്റെ പിടിപ്പുകേടിന്റെ സ്‌മാരകവും പരാജവുമായി കണക്കാക്കാമെന്നും' മൻമോഹൻ സിംഗ് പറഞ്ഞപ്പോൾ പ്രതിപക്ഷങ്ങൾ ഒന്നടങ്കം സർക്കാരിനെതിരെ ഒന്നായി അണിനിരന്നു.
മൻമോഹൻ സിംഗ് ഇതിനു മുമ്പുള്ള സർക്കാരുകളുടെ കാലങ്ങളിൽ നടന്ന കറൻസികൾ റദ്ദാക്കിയ കഥകൾ വിസ്മരിച്ചിരിക്കുന്നു. ഇന്ത്യയിൽ കറൻസികൾ റദ്ദാക്കിയ ചരിത്രം ആദ്യത്തേതല്ല. 1938-ൽ ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ പതിനായിരത്തിന്റെ നോട്ട് 1946-ൽ പിൻവലിച്ചു. പിന്നീട് 1954-ലും ആയിരത്തിന്റെ കറൻസി പുറത്തിറക്കുകയും അത് 1978-ൽ ജനതാ സർക്കാർ റദ്ദാക്കുകയുമുണ്ടായി. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി 'അവരുടെ അവസരവാദ സേവകനായി 'സിംഗ്' സംസാരിക്കുകയായിരുന്നുവെന്നു പ്രസിദ്ധ നിയമജ്ഞനായ 'രാം ജെത്മലാനി' സിംഗിനെതിരെ പ്രതികരിച്ചുകൊണ്ടു പറയുകയുണ്ടായി. അമ്പത് ദിവസത്തെ കാത്തിരിപ്പിനുശേഷം പ്രശ്നങ്ങൾ നേരെയാകുമെന്ന മോദിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ടു 'ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം നാമെല്ലാം അന്ന് ജീവിച്ചിരിക്കില്ലെന്നും' മൻമോഹൻ പറഞ്ഞു. ബ്രിട്ടീഷ് സാമ്പത്തിക ചിന്തകനായ 'കെയിൻസിന്റെ' ഗ്രന്ഥത്തിൽനിന്നുള്ള ' ഉദ്ധരണി' പ്രസംഗമദ്ധ്യേ മൻമോഹൻസിംഗ് ആവർത്തിക്കുകയായിരുന്നു. ഭാവിയിലെ കണക്കുകൂട്ടൽ തെറ്റിയതുകൊണ്ടായിരിക്കാം മൻമോഹൻ സിംഗിന്റെ രാഷ്ട്രീയ ജൈത്രയാത്രയിലും പരാജയം സംഭവിച്ചതെന്ന് വിമർശനവുമുണ്ടായിരുന്നു.
എന്തിനാണ് കറൻസി പിൻവലിച്ചെതെന്നുള്ള ചോദ്യങ്ങളാണ് നാടിന്റെ നാനാഭാഗത്തുനിന്നും കേൾക്കുന്നത്. ഇന്ത്യയിലെ ഭീകരരുടെയിടയിൽ കുന്നുകൂടിയ നോട്ടുകൾ ഉണ്ടെന്നും രാജ്യസുരക്ഷയ്ക്കുവേണ്ടിയാണ് അത്തരം ഒരു തീരുമാനമെടുത്തതെന്നും ഇന്ത്യൻ ധനകാര്യ വകുപ്പിൽനിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നുണ്ട്. കൂടാതെ നാടിന്റെ നാനാഭാഗത്തും കള്ളപ്പണവും വ്യാജകറൻസികളും അഴിമതിപ്പണവും കെട്ടുകളായി സൂക്ഷിച്ചു വെച്ചിരിക്കുന്നു. രഹസ്യയറകളിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും രൂപത്തിൽ ഒളിച്ചുവെച്ചിരിക്കുന്ന ഈ കറൻസികൾക്ക് നികുതിയും കൊടുക്കുന്നില്ല. ഇന്ത്യയിലെ സാമ്പത്തികത്തിന്റെ കറപുരണ്ട ദുഷിച്ച പ്രവണതകളെ നിയന്ത്രിക്കാനും ഇതുകൊണ്ട് ഉപകരിക്കുന്നു. വിലപ്പെരുപ്പം മൂലം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം പരിതാപക സ്ഥിതിയിലാണ്. കറൻസികളുടെ പ്രവാഹം കുറയുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. നോട്ടു പിൻവലിച്ചതോടെ അതിന്റെ മെച്ചങ്ങൾ ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ദൃശ്യമാണ്. വിലപ്പെരുപ്പം ഏറ്റവും കൂടുതൽ ബാധിച്ചിരുന്നത് ദരിദ്രരരായവരെയായിരുന്നു. പൂഴ്ത്തിവെപ്പുമൂലം സർക്കാരിന് കിട്ടേണ്ടിയിരുന്ന ഭീമമായ നികുതിയും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. കൂടാതെ പണംകൊണ്ടുള്ള ക്രയവിക്രയങ്ങളും കുറയും. എല്ലാ അഴിമതിക്കാരും പിൻവാതിക്കൽക്കൂടി കറൻസികൾ രൊക്കം മേടിച്ചു ആവശ്യക്കാർക്ക് കാര്യങ്ങൾ സാധിച്ചുകൊടുത്തിരുന്നു. ശതകോടിക്കണക്കിനു അഴിമതിപ്പണം മന്ത്രിമാരുൾപ്പടെയുള്ളവരുടെ രഹസ്യസങ്കേതങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. കള്ളപ്പണക്കാരുടെ പ്രവാഹത്തിൽ എല്ലാ ജാതി മത രാഷ്ട്രീയ വിഭാഗങ്ങളിലുള്ളവരുണ്ട്. പെട്ടികളുമായി പണം കൊടുത്തുള്ള അഴിമതികളും സർക്കാർ കോൺട്രാക്റ്റർമാരുടെ കള്ളക്കളികളും ഉദ്യോഗസ്ഥ പ്രഭൃതികളുടെ കൈക്കൂലി മേടിച്ചുള്ള നിയമലംഘനങ്ങളും രാഷ്ട്രീയ നേതാക്കന്മാരുടെ പണക്കൊഴുപ്പും ഇനിയുള്ള കാലങ്ങളിൽ ബുദ്ധിമുട്ടായി തീരും. സർക്കാർ തുടങ്ങി വെച്ച ഈ യത്‌നംമൂലം ഒളിഞ്ഞിരിക്കുന്നവരായ പലരുടെയും വരുമാനം പുറത്തെടുക്കാനും സാധിക്കും. വരവിൽ കൂടുതൽ പണം സൂക്ഷിച്ചവർ അതനുസരിച്ചു സർക്കാരിന് കൃത്യമായി നികുതിയടക്കേണ്ടതായും വരും. ഇന്ത്യയിലെ ജനങ്ങളിൽ ഇന്ന് ഒരു ശതമാനം ജനങ്ങൾ മാത്രമേ നികുതി കൊടുക്കുന്നുള്ളൂവെന്നു സ്ഥിതിവിവരക്കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
ഭാരതത്തിന്റെ സാമ്പത്തികഘടനകൾ യൂറോപ്പ്യൻ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ കറൻസി പിൻവലിക്കേണ്ട ഒരു അവസ്ഥ വന്നാൽ ഭൂരിഭാഗം ജനങ്ങളെയും അത് ബാധിക്കില്ല. കാരണം ജനങ്ങളിലധികവും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡുകളുമാണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ അറിവുകൾ ഭൂരിഭാഗം ജനതയ്ക്കുമുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർ വിരളമായേ കാണുകയുള്ളൂ. എന്നാൽ ഇന്ത്യയിലെ കഥകൾ തികച്ചും വ്യത്യസ്തമാണ്. ദാരിദ്ര്യത്തിൽ കഴിയുന്ന ഇന്ത്യയിലെ നല്ലൊരു ജനവിഭാഗത്തിന് ബാങ്ക് അക്കൗണ്ട് ഉണ്ടെന്നു പറയുന്നത് ആഡംബരമായിട്ടാണ് കണക്കാക്കുന്നത്. ഇന്നുള്ള സർക്കാർ ജനങ്ങളുടെ സാമ്പത്തികയിടപാടുകൾ വളരെ ലളിതമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങൾ കറൻസികളും നാണയത്തുട്ടുകളും മാത്രമേ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉപയോഗിക്കുള്ളൂ. ഡിജിറ്റൽ ലോകം ഭൂരിഭാഗം ജനതയ്ക്കും അജ്ഞാതമാണ്. ഇന്ത്യയിൽ 85 ശതമാനം ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾക്കായി ക്രയവിക്രയങ്ങൾ നടത്തുന്നത് രൊക്കം പണം കൊടുത്തുകൊണ്ടാണ്. സാധാരണക്കാരുടെ ദൈനദിന ജീവിതത്തിനു എന്നും കൈവശം പണം കൂടിയേ തീരൂ.
അപ്രതീക്ഷിതമായ സർക്കാരിന്റെ നോട്ടു പിൻവലിക്കൽ തീരുമാനം രാജ്യം മുഴുവൻ വിസ്മയകരമാക്കിയെങ്കിലും മോദി സർക്കാർ അധികാരം ലഭിച്ച നാളുകൾ മുതൽ ബ്ളാക്ക് പണം ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. അഴിമതിക്കാർ നിയമത്തിന്റെ പഴുതുകളിൽക്കൂടി രക്ഷപെടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഭരണഘടന പരിഷ്‌ക്കാരങ്ങളിൽക്കൂടി സർക്കാർ നടത്തുന്നുണ്ട്. കള്ളപ്പണക്കാരെ നിരീക്ഷിക്കാനായി ഒരു സ്പെഷ്യൽ അന്വേഷണ കമ്മീഷനെ 2012-ൽ നിയമിച്ചിരുന്നു. 2016 ഡിസംബർ മുപ്പതുവരെയാണ് കറൻസി മാറാനും ബാങ്കിൽ ഡിപ്പോസിറ്റു ചെയ്യാനും പോസ്‌റ്റോഫീസുവഴി പണം മാറാനുമുള്ള സൗകര്യങ്ങൾ സർക്കാർ അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ ദുരിതങ്ങൾ ഒഴിവാക്കാൻ സർക്കാർ ഒരു യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ ധ്വരിത നടപടികളും സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പുരോഗമനത്തിനുവേണ്ടി സാമ്പത്തിക പരിഷ്‌ക്കാരം ലക്ഷ്യം വെച്ചുകൊ ണ്ടുള്ള സർക്കാരിന്റെ ഈ തീരുമാനം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഗൗരവപൂർവം സ്വീകരിക്കാൻ സാധിച്ചിട്ടില്ല. കറൻസികൾ പിൻവലിച്ചതുകൊണ്ടുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കാരണം വമ്പിച്ച ലഹളകൾക്കു വരെ ഭീഷണികൾ മുഴങ്ങുന്നുണ്ട്. ദരിദ്രരായവരെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. അന്നന്നുള്ള അപ്പം കൊണ്ട് ജീവിക്കുന്ന അവർക്ക് ബാങ്ക് അക്കൗണ്ട് കാണില്ല. കൈകളിൽ നിക്ഷേപിച്ചിരിക്കുന്ന നോട്ടുകൾ മാറാൻ മണിക്കൂറോളം ബാങ്കുകളുടെ മുമ്പിൽ ലൈൻ നിൽക്കണം. ജീവിതകാലം മുഴുവൻ പണിയെടുത്തു മിച്ചം വെച്ച അവരുടെ കൈകളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന നോട്ടുകൾ എന്ത് ചെയ്യണമെന്ന് അവർക്കറിയില്ല. എങ്കിലും ഇന്നത്തെ വെല്ലുവിളികൾ നേരിടാൻ കൂടുതൽ ഡിജിറ്റൽ ബാങ്കുകൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഷോപ്പുകളിലും സൗകര്യപ്രദമായ കടകളിലും ജനങ്ങൾക്ക് പണം പിൻവലിക്കാൻ എ.ടി. എം മെഷീനുകൾ സ്ഥാപിച്ചു. റോഡ് സൈഡുകളിലും ഡിജിറ്റൽ സംവിധാനങ്ങളോടെയുള്ള അത്തരം സ്റ്റാളുകൾ സ്ഥാപിച്ചിട്ടുണ്ട്.
കറൻസി പിൻവലിച്ചതിനുശേഷം പണം കൈവശം സൂക്ഷിച്ചിരിക്കുന്നവരുടെയും ബാങ്കിൽ നിക്ഷേപമുള്ളവരുടെയും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി അനേക ഗ്രാമങ്ങളിൽ ഡിജിറ്റൽ വഴി സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ട്. അഹമ്മദ് ബാദിനു അറുപതു മൈൽ ദൂരമുള്ള 'അകോദര' എന്ന ഗ്രാമം ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ പ്രദേശമായി തെരഞ്ഞെടുത്തു. അവിടെയുള്ള മുഴുവൻ ജനങ്ങളും പണം കൈകാര്യം ചെയ്യുന്നത് ഡിജിറ്റൽ സമ്പ്രദായത്തിൽക്കൂടിയാണ്. അകോദരായിലെ 1200 ഗ്രാമവാസികളും ഗോതമ്പ് പൊടി, പൊട്ടറ്റോ ചിപ്സുമുതൽ മൊബയിൽ ബാങ്കിൽ കൂടി പണം കൈകൈകാര്യം ചെയ്യുന്നു. നോട്ടുകളുടെ മൂല്യം ഇല്ലാതെയായതിൽ അവിടുത്തെ ഗ്രാമവാസികൾ ശ്രദ്ധിക്കുന്നേയില്ല. കാരണം, അവർക്ക് പേപ്പർ കറൻസിയുടെ ആവശ്യമധികമില്ല. ജനങ്ങളെ ഇന്റർനെറ്റും മൊബയിലും ഉപയോഗിക്കാൻ റിസർവ് ബാങ്കും പ്രോത്സാഹിപ്പിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ കറൻസികൾ കൈകളിൽ സൂക്ഷിക്കുകയോ ബാങ്കിൽ 'ലൈൻ' നിൽക്കേണ്ട ആവശ്യമോ ഉണ്ടാവുകയില്ല. പണത്തിന്റെ പേരിലുള്ള മാനസിക സമ്മർദം അനുഭവിക്കേണ്ടിയും വരില്ല. പണത്തിന്റെ മൂല്യമില്ലാതാക്കി പുതിയ കറൻസി സംവിധാനം ആരംഭിച്ചപ്പോൾ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഒരു തിരിച്ചടിയായിരുന്നുവെന്നത് ശരിതന്നെ. അതുമൂലം ഇന്ത്യയ്ക്ക് പുതിയ ഒരു സാമ്പത്തിക വ്യവസ്ഥയുടെ മാറ്റം തന്നെ വന്നു. ഇന്ത്യ മൊത്തമുള്ള ജനങ്ങളെ ഡിജിറ്റൽ സംവിധാനത്തിന്റെ ആവശ്യകതയെ ബോധവാന്മാരാക്കി. ഡിജിറ്റൽ വഴി പണം കൈകാര്യം ചെയ്യാൻ കൂടുതൽ ജനങ്ങൾ തയാറാകുന്നു. കറൻസികൾ ഇല്ലാതെ ഇന്ത്യ മുഴുവൻ പരിപൂർണ്ണമായി ഡിജിറ്റൽ ലോകമാക്കണമെന്നാണ് മോദി സർക്കാരിന്റെ ലക്ഷ്യവും. അങ്ങനെ ബാങ്കുകളുടെ മുമ്പിൽ സമയം കളയാതെ ഡിജിറ്റലിന്റ ഗുണങ്ങൾ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കും പ്രാപ്യമാകും.
പഴയവീടുകൾ നാം പുതുക്കി പണിയുന്നുവെന്നു വിചാരിക്കുക. വീട് പുനരുദ്ധരിക്കുമ്പോൾ നിത്യം നാം ഉറങ്ങിക്കൊണ്ടിരുന്ന മുറിയിൽ നിന്നും സൗകര്യങ്ങളില്ലാത്ത മറ്റൊരു മുറിയിൽ ശയനം ചെയ്യേണ്ടി വന്നേക്കാം. പരുപരുത്ത തറകളിൽ ദിവസങ്ങളോളം കിടക്കേണ്ടി വന്നേക്കാം. സ്വന്തം ഭവനം നവീകരിക്കുമ്പോൾ ഇത്തരം ഒരു അസൗകര്യം ഉണ്ടായാൽ ക്ഷമയോടെ സഹിക്കാനുള്ള കഴിവുകൾ നമുക്കുണ്ട്. തന്റെ സഹോദരന്റെ വീട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ട്, തനിക്കെന്തുകൊണ്ട് ഇല്ലായെന്ന് അപ്പോളാരും ആവലാതിപ്പെടാറില്ല. സഹോദരന്റെ വീടും ഒരിക്കൽ പുതുക്കി പണിയേണ്ടി വരുമെന്നും നമുക്കറിയാം. ഏതാണ്ട് അതേ സ്ഥിതിവിശേഷമാണ് നമ്മുടെ നാടിനുള്ളത്. അഴിമതിയും കരിഞ്ചന്തയും കള്ളപ്പണവും കാരണം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥിതി കുത്തഴിഞ്ഞതായിരുന്നു. അതിനെ പുതുക്കി പണിയാൻ ഒരു അടിയന്തര സാഹചര്യത്തോടെ സർക്കാർ മെനകെട്ടിട്ടുണ്ടെങ്കിൽ രാജ്യനന്മയെ കരുതി സഹനം സഹിക്കാൻ ഓരോ പൗരനും കടമയുണ്ട്. കുബേര ദരിദ്ര, വർഗ വർണ്ണ വ്യത്യാസം കൂടാതെ അഭിപ്രായങ്ങൾ പറയാനും സ്വാതന്ത്ര്യമുണ്ട്. അത്തരം അഭിപ്രായങ്ങൾ സ്വീകരിക്കുകയോ സ്വീകരിക്കാതെയിരിക്കുകയോ ചെയ്യാം.
കറൻസികൾ പിൻവലിക്കൽ ഇന്നല്ലെങ്കിൽ മറ്റൊരു ദിനം രാജ്യത്തിനു അത്യാവശ്യമായി നടപ്പാക്കേണ്ട ഒന്നായിരുന്നു. അക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ മെച്ചമായി മറ്റാർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ഇത്തരം രാജ്യ താല്പര്യത്തിനായുള്ള കാര്യങ്ങൾ പരമരഹസ്യമായി തന്നെ ചെയ്യേണ്ടതാണ്. രാജ്യത്തിലെ ഉന്നതർക്കും രാഷ്ട്രീയക്കാർക്കും, ധനികർക്കും അമ്പാനിമാർക്കും കറൻസി വിവരങ്ങൾ അറിയാമായിരുന്നുവെന്ന ആരോപണങ്ങൾക്കൊന്നും തെളിവുകളില്ല. അതുകൊണ്ടു അത്തരമുള്ള കുറ്റാരോപണങ്ങൾ അപ്രസക്തങ്ങളുമാണ്. അങ്ങനെയുള്ള കാര്യങ്ങൾ സത്യമെങ്കിൽ തന്നെയും ഒരു മഹാരാജ്യത്തെ സംബന്ധിച്ചു തൽക്കാലം ഗൗനിക്കാതിരിക്കുകയായിരിക്കും നല്ലത്. മറ്റുള്ളവരെ ചിന്തിക്കുന്നതിനു പകരം സ്വയം സുരക്ഷിതരെന്ന് നോക്കുക. സമയാ സമയങ്ങളിൽ നാം നികുതി കൊടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും നിയമത്തിന്റെ മുമ്പിൽ സുരക്ഷിതരാണ്. അടുത്ത വീട്ടിലെ നമ്മുടെ സഹോദരന്റെ ആഡംബര വീടിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല. ആരെങ്കിലും നികുതി വെട്ടിച്ചു രക്ഷപെടുന്നുണ്ടെങ്കിൽ അവരെപ്പറ്റി നാം പ്രയാസപ്പെടേണ്ട കാര്യമില്ല. മോദിയുടെ പ്രയത്നങ്ങൾ വിജയകരമായാൽ ഒരിക്കൽ അവരും പണത്തിന്റെ സ്രോതസ് എവിടെയെന്നു ബോധ്യപ്പെടുത്തേണ്ടി വരും.
സർക്കാരിന്റെ ഈ തീരുമാനം ഒരു ദിവസംകൊണ്ടുണ്ടായതല്ല. 'ജൻ ധൻ യോജന' (Jan Dhan Yojna) പദ്ധതി പ്രകാരം എല്ലാ വിഭാഗം ജനങ്ങളും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സർക്കാരിൽനിന്നും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെ അക്കൗണ്ട് തുടങ്ങിയവർക്കെല്ലാം നിർണ്ണായകമായ കറൻസി പിൻവലിക്കകൊണ്ട് കാര്യമായി ബുദ്ധിമുട്ടുകൾ ബാധിച്ചിട്ടില്ല. 2014 ആഗസ്റ്റ് എട്ടാംതീയതി ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും വേണമെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ പദ്ധതിയാണ് ജൻ ധൻ യോജന. ആദ്യ ദിവസത്തിൽ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ പുതുതായി തുറന്നിരുന്നു.
സ്ഥാവര ജംഗമ സ്വത്തുക്കളുള്ളവർ ആ വിവരങ്ങൾ ടാക്സധികാരികൾക്ക് പ്രത്യേക ഒരു ഫോം (Form)വഴി വെളിപ്പെടുത്താനും സർക്കാരിന്റെ ഉത്തരവുണ്ടായിരുന്നു. ഭൂരിഭാഗം ജനങ്ങളും അത് കാര്യമായി എടുത്തില്ല. സർക്കാർ സ്വീകരിച്ച അടുത്ത നടപടി അത്തരക്കാരുടെ പണമിടപാടുകളെ വെളിച്ചത്തു കൊണ്ടുവരുകയെന്നതായിരുന്നു. അതിനായി ജനങ്ങൾക്ക് മാനസിക സമ്മർദമുണ്ടാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സർക്കാരിനു പിൻവലിക്കേണ്ടിയും വന്നു. സർക്കാരിന്റെ കറൻസി പരിഷ്‌കാര നടപടികളിൽ സാധാരണക്കാർ സന്തോഷിക്കുകയാണ് വേണ്ടത്. ആത്മഹത്യയും മരണവുമെല്ലാം നോട്ടു പ്രശ്നമായി ബന്ധപ്പെട്ടതല്ല. അതെല്ലാം വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് എഴുതും. അടിയന്തിരമായ ഈ സാഹചര്യങ്ങളിൽ വികാരങ്ങൾക്ക് മുൻതൂക്കം കൊടുക്കാതെ സ്വയം ചിന്താശക്തിയെ പരിപോഷിപ്പിക്കുകയാണ് മെച്ചമായുള്ളത്. നോട്ടുപിൻവലിക്കൽ വഴി സാധാരണ ജനം സഹിക്കുന്നുണ്ടെന്ന വസ്തുത ശരിയാണ്. എന്നാൽ എത്രകാലം അഴിമതിയിൽ കുളിച്ചിരിക്കുന്ന സ്വന്തം രാജ്യത്തിന്റെ നിജസ്ഥിതി കണ്ടു രാജ്യസ്നേഹമുള്ള ഒരു പൗരൻ നിശ്ശബ്ദനായിരിക്കും! ചൂഷകരെ സ്വന്തം കണ്ണുവെട്ടത്തു കണ്ടില്ലെന്നു നടിക്കാൻ എത്രകാലം അവനു സാധിക്കും? രാജ്യത്തിലെ ജനങ്ങൾ നിർണ്ണായകമായ ഈ ഘട്ടത്തിൽ ഇതൊരു അടിയന്തിരാവസ്ഥപോലെ സർക്കാരിനോട് സഹകരിക്കുകയാണ് വേണ്ടത്.
ഹോസ്പിറ്റലുകൾ പഴയ നോട്ടുകൾ സ്വീകരിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗർഭിണികളും വൃദ്ധ ജനങ്ങളും അംഗഭംഗം വന്നവരും ബാങ്കുകളുടെ മുമ്പിൽ മണിക്കൂറുകളോളം ലൈൻ നിന്ന് കഷ്ടപ്പെടുന്നുവെന്നാണ് പരാതി. രാജ്യം അഭിമുഖീകരിക്കുന്ന നല്ലയൊരു കാര്യത്തെ സഹായിക്കാൻ ഉദാരമതികളായ വോളന്റീയേഴ്സ് രംഗത്തു വരേണ്ടതും അവരെ സഹായിക്കേണ്ടതും ആവശ്യമാണ്. രാജ്യനന്മയെ കരുതി ഇടയ്ക്കിടെ അവർക്ക് ഭക്ഷണവും കുടിക്കാനും കൊടുത്ത് ആശ്വസിപ്പിക്കാമായിരുന്നു. അത്തരക്കാർക്ക് ലൈൻ നിൽക്കാതെ ബാങ്കിങ്ങ് ഇടപാടുകൾ നടത്താൻ മുൻഗണനയുണ്ടായിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്.
മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നോട്ടുകൾ റദ്ദുചെയ്തത് ഔദ്യോഗികമായി രാഷ്ട്രം നടപ്പിലാക്കി കഴിഞ്ഞു. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സർക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചേ മതിയാവൂ. ഇനി നമുക്ക് മറ്റൊരു നിവൃത്തിയില്ല. ആ സാഹചര്യത്തിൽ സർക്കാരിനോട് സഹകരിക്കുകയായിരിക്കും ഉത്തമം.
നിർണ്ണായകമായ സമയങ്ങളിൽ പരിഷ്‌ക്കരിച്ച രാജ്യങ്ങളിലെ ജനങ്ങൾ പൊതു നന്മയെ കരുതി ഒന്നായി സർക്കാരിനൊപ്പം നിൽക്കും. സർക്കാരിന്റെ നിയമങ്ങളെ പാലിക്കും. നമുക്കനുവദിച്ചിരിക്കുന്ന സ്വതന്ത്രമായ അഭിപ്രായങ്ങൾ ദുരുപയോഗപ്പെടുത്താനുള്ളതല്ല. മാർക്കറ്റിൽ ഇന്ന് അനധികൃതമായ കള്ളപ്പണത്തിന്റെ പ്രവാഹമാണ്. ബ്ളാക് പണവും കള്ളപ്പണവും നമ്മുടെ സാമ്പത്തിക ശാസ്ത്രത്തെ തകർക്കും. പ്രധാനമന്ത്രിയുടെ നയം മൂലം അത്തരക്കാരുടെ വീട്ടിലും രഹസ്യസ്ഥലങ്ങളിലും സൂക്ഷിച്ച പണത്തിനു ഒരു വിലയുമില്ലാതായി. അതുകൊണ്ടു സർക്കാരിനും രാജ്യത്തിനും ഗുണമുണ്ട്. സൂക്ഷിച്ചിരിക്കുന്ന വിലയില്ലാത്ത പണത്തിനു പകരമായി പുതിയ കറൻസികൾ അച്ചടിക്കേണ്ടതായില്ല. സാമ്പത്തികം മെച്ചപ്പെടുന്നതുകൊണ്ടു നേട്ടങ്ങളേയുള്ളൂ. നഷ്ട്ടങ്ങളുടെ കണക്കു കുറവായിരിക്കും. സാധാരണക്കാർക്ക് നഷ്ടപ്പെടാനൊന്നുമില്ല. നികുതി കൊടുക്കാതെ പണം സൂക്ഷിച്ചുവെച്ചവർ മാത്രം മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ചാൽ മതിയാകും.
ദേശീയ വരുമാനത്തിന്റെ മുപ്പതു ശതമാനം ബ്ളാക്ക് മണിയെന്നാണ് വെപ്പ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ റദ്ദു ചെയ്തതിൽ പിന്നീട് ബാങ്കിൽ ഡിപ്പോസിറ്റുകൾ നിറഞ്ഞിരിക്കുന്നു. അതുമൂലം സർക്കാരിന് കൂടുതൽ നികുതി വരുമാനം കിട്ടും. നിക്ഷേപകർക്ക് പലിശ കുറയുമെങ്കിലും ബാങ്കുകൾക്ക് കുറഞ്ഞ പലിശയിൽ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും പണം കടം കൊടുക്കാൻ സാധിക്കും. ഉൽപ്പാദന മേഖലയിൽ ആദ്യകാലങ്ങളിൽ ക്ഷീണം സംഭവിക്കുമെങ്കിൽ ഭാവിയിൽ അനുകൂലമായ സാഹചര്യങ്ങളുണ്ടാകുമെന്നും അങ്ങനെ ജി.ഡി.പി (Gross Domestic Product ) കുതിച്ചുപൊങ്ങുമെന്നും കണക്കുകൂട്ടലുകളുണ്ട്. രണ്ടു ശതമാനം ജി.ഡി.പി. കുറയുമെന്ന് മൻമോഹൻ പറഞ്ഞെങ്കിലും അതെല്ലാം താൽക്കാലികമെന്നു മാത്രമാണ് മറ്റു സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. അനധികൃതമായ 'കറുത്ത പണം' തടയാൻ സാധിച്ചാൽ അത് മോദി സർക്കാരിന്റെ ചരിത്രപരമായ നേട്ടവുമായിരിക്കും.
Subscribe to:
Post Comments (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
ജോസഫ് പടന്നമാക്കൽ ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന...
-
ജോസഫ് പടന്നമാക്കൽ ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
No comments:
Post a Comment