ജോസഫ് പടന്നമാക്കൽ
ക്രിസ്തുവിനു മുന്നൂറു വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന 'കൗടല്യൻ' ഒരു തത്ത്വചിന്തകനും സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്ര തന്ത്രജ്ഞാനിയും ചിന്തകനുമായിരുന്നു. ചാണക്യനെന്നും വിഷ്ണുഗുപ്തനെന്നും അദ്ദേഹത്തെ അറിയപ്പെടുന്നു. കൗടല്യന്റെ 'അർത്ഥശാസ്ത്രം' ധനവിനിമയത്തെ സംബന്ധിച്ച ആദ്യത്തെ പൗരാണിക കൃതിയായി സാമ്പത്തിക വിദഗ്ദ്ധർ (Economists) വിലയിരുത്തുന്നു. മൗര്യ ചക്രവർത്തിമാരുടെ സാമ്പത്തിക നയങ്ങളും രാജ്യകാര്യങ്ങളുടെ പരിപാലനത്തിനുള്ള നിയമങ്ങളുമാണ് കൗടല്യന്റെ അർത്ഥ ശാസ്ത്രത്തിലുള്ളത്. പൗരാണികതയുടെ സാംസ്ക്കാരിക മഹത്വമറിയിക്കുന്ന ഈ ഗ്രന്ഥത്തിൽ ഭൂസ്വത്തുക്കളടക്കം ധനം വിനിമയം ചെയ്യുന്നതെങ്ങനെയെന്നും അതിനോടനുബന്ധിച്ചുളള സാമ്പത്തിക നേട്ടങ്ങളും പോംവഴികളും വിസ്മയകരമായി വിവരിച്ചിട്ടുണ്ട്. ആധുനിക ധനതത്ത്വ ശാസ്ത്രജ്ഞരെപ്പോലെ കൗടല്യന് എല്ലാവിധ വീക്ഷണ ചിന്താഗതികളുമുണ്ടായിരുന്നു. ബി.സി.യിൽ ജീവിച്ചിരുന്ന കൗടല്യന്റെ കൃതികളെ സൗകര്യപൂർവ്വം പടിഞ്ഞാറൻ എഴുത്തുകാർ തിരസ്ക്കരിച്ചുവെന്നതാണ് സത്യം. അതേസമയം രണ്ടു ശതവത്സരങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ആഡംസ്മിത്തിനെ പൗരാണിക ധനതത്ത്വ ശാസ്ത്രത്തിന്റെ പിതാവായും കരുതുന്നു.
ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് കൗടല്യൻ ജനിച്ചത്. ജനനം മഗധയിലായിരുന്നു. ഇന്ന് പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന തക്ഷശിലയിൽനിന്നും വിദ്യ നേടി. പിതാവിന്റെ മരണശേഷം തക്ഷശിലയിൽ തന്നെ ജീവിച്ചു. അദ്ദേഹത്തിന് 'കൗടല്യൻ' എന്ന പേര് ലഭിച്ചത് 'കുടല' എന്ന വംശപാരമ്പരയിൽ ജനിച്ചതുകൊണ്ടും ചാണക്യനായത് 'ചണക' ദേശത്തിൽ നിന്നു വന്നതുകൊണ്ടുമാവാമെന്നും അനുമാനിക്കുന്നു. യുദ്ധവീരനും ശൂരനുമായിരുന്ന ചന്ദ്ര ഗുപ്ത മൗര്യ ചക്രവർത്തിയെ കൊല്ലുവാൻ ശത്രുക്കൾ തക്കം നോക്കിയിരുന്ന നാളുകളിൽ ചക്രവർത്തി രക്ഷപ്പെട്ടത് ചാണക്യന്റെ (കൗടല്യൻ) തന്ത്രങ്ങൾ കൊണ്ടായിരുന്നു. ജ്യോതിഷത്തിലും വൈദ്യശാസ്ത്രത്തിലും പ്രാവണ്യം നേടിയിരുന്നു. അദ്ദേഹത്തിൻറെ തത്ത്വ ചിന്തകളിൽ സൊറാസ്ട്രിയൻ മതത്തിന്റെ സ്വാധീനവും പ്രകടമായി കാണാമായിരുന്നു. കൂടാതെ പേർഷ്യനും ഗ്രീക്കും ഭാഷകളിൽ അറിവും നേടിയിരുന്നു. ആധികാരികമായി ചില പണ്ഡിതർ അദ്ദേഹത്തെ സൊറാസ്ട്രിയൻ മതവിശ്വാസിയെന്നും വിശേഷിപ്പിക്കാറുണ്ട്. അദ്ദേഹത്തിൻറെ വിശ്വാസത്തെ സംബന്ധിച്ചുള്ള തെളിവുകൾ അപര്യാപ്തവുമാണ്. കൗടല്യനെ അനുബന്ധിച്ചുകൊണ്ടുള്ള ധാരാളം ഐതിഹ്യ കഥകളുണ്ടെങ്കിലും അതൊന്നും ചരിത്രമായി രേഖപ്പെടുത്താൻ സാധിക്കില്ല. ശത്രുസംഹാരം ചെയ്യാൻ എന്തു തരം അധർമ്മവും പ്രയോഗിക്കാമെന്ന കാഴ്ചപ്പാടായിരുന്നു കൗടല്യനുണ്ടായിരുന്നത്. അർത്ഥശാസ്ത്രം, നീതിസാരം, ചാണക്യനീതി എന്നീ മൂന്നു ഗ്രന്ഥങ്ങൾ കൗടല്യന്റെതായി അറിയപ്പെടുന്നു. 180 വിവിധ വിഷയങ്ങൾ കൗടല്യ കൃതികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു രാഷ്ട്രത്തെ സംബന്ധിച്ചുള്ള ഭരണ രീതികളും ഭരണ പ്രശ്നങ്ങളും സാമ്പത്തിക ശാസ്ത്രവും അടങ്ങിയതാണ് കൗടല്യന്റെ വിശ്വവിഖ്യാതമായ അർത്ഥ ശാസ്ത്രം.
'കൗടല്യൻ' മൗര്യ രാജവംശം സ്ഥാപിച്ച 'ചന്ദ്രഗുപ്‌ത മൗര്യൻ' ചക്രവർത്തിയുടെ രാജസദസിലെ കാര്യസ്ഥന്മാരിലൊരാളും ഉപദേഷ്ടാവുമായിരുന്നു. അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ കുറ്റക്കാരെ ശിക്ഷിക്കുന്ന വിധവും അവരോടു ധാർമ്മികമായി പെരുമാറേണ്ട രീതികളും സവിസ്തരം വിവരിച്ചിട്ടുണ്ട്. രാജ്യ താൽപര്യങ്ങൾക്കായി സമൂഹത്തിൽ നടത്തേണ്ട ചാരപ്രവൃത്തികളും രാജ്യത്തിനെതിരായി പ്രവർത്തിക്കുന്നവർക്കെതിരെ രഹസ്യമായി അവരെ വധിക്കേണ്ട വിവരങ്ങളും ഗ്രന്ഥത്തിലുണ്ട്. അനേക നൂറ്റാണ്ടുകളിൽ ചരിത്രകുതുകികളുടെ ദൃഷ്ടിയിൽനിന്നും അപ്രത്യക്ഷമായിരുന്ന ഈ പുസ്തകം 1905-ൽ വീണ്ടും കണ്ടെടുക്കുകയുണ്ടായി. കൗടല്യന്റെ (ചാണക്യന്റെ) തന്ത്രങ്ങളിൽ ചതിയും വഞ്ചനയും നിറഞ്ഞിരുന്നതിനാൽ ആരും അദ്ദേഹത്തെ ഒരു മഹാത്മാവായി ചിത്രീകരിക്കുന്നില്ല. എങ്കിലും മൗര്യ രാജാക്കന്മാരുടെ കാലത്തും അവസാനത്തെ മൗര്യരാജാവായ അശോകന്റെ കാലത്തും അവർക്കു സഹായകമായ നല്ല ഭരണം കാഴ്ച വെക്കാൻ കാരണമായതു കൗടല്യ കൃതികളും കൗടല്യ തന്ത്രങ്ങളുമെന്നും കരുതപ്പെടുന്നു.
പൗരാണിക ശാസ്ത്രങ്ങളുടെ ഉപജ്ഞാതാവായ കൗടല്യൻറെ കൃതികൾ സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപ്പെടാതെയും, മാറ്റങ്ങളില്ലാതെയും നമുക്കു ലഭിച്ചിട്ടുണ്ട്. അത് 'ഗണപതി ശാസ്ത്രി' തുടങ്ങിയ പണ്ഡിതന്മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമാണ്. സ്ത്രീകളെയും ശൂദ്രന്മാരെയും നിന്ദിച്ചുകൊണ്ടുള്ള ശ്ലോകങ്ങള്‍, ക്രാന്തദര്‍ശിയും, ജിതേന്ദ്രിയനുമായിരുന്ന കൗടല്യൻറെ മേല്‍ കെട്ടിവെയ്ക്കുന്നത് അനീതിയാകുമെന്നു തോന്നുന്നു. രാമന്‍, കൃഷ്ണന്‍ തുടങ്ങിയ ദേവന്മാരെ സ്തുതിച്ചുകൊണ്ടുള്ള ശ്ലോകങ്ങളും പിന്നീട് കൂട്ടിച്ചേര്‍ത്തതായിരിക്കാനാണ് കൂടുതല്‍ സാദ്ധ്യത. അതെല്ലാം കാലത്തിന്റെ ഒഴുക്കിൽ പിന്നീട് കൗടല്യ (ചാണക്യ) ശ്ലോകങ്ങളായി മാറ്റപ്പെട്ടതാകാം. കൗടല്യൻറെ കൃതികളുടെ ആധികാരിതയെപ്പറ്റി പണ്ഡിതരുടെയിടയിൽ വിഭിന്ന അഭിപ്രായങ്ങളാണുള്ളത്. പഴയ സംസ്കൃത ശ്ലോകങ്ങളിൽ രചിച്ച കൃതികളിൽ വൈരുദ്ധ്യങ്ങൾ പ്രകടമാകുന്നതാണ് കാരണം. സഹസ്രാബ്ദങ്ങള്‍ പിന്നിട്ട കവിതകളിൽ അത്തരം സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻറെ കൃതികളായ അർത്ഥശാസ്ത്രവും നീതിശാസ്ത്രവും വലിയ മാറ്റങ്ങളില്ലാതെ ലഭിച്ചിട്ടുണ്ട്.
'ഒരുവന്റെ സ്വകാര്യ ജീവിതത്തിൽ ധനം മുഴുവന്‍ നഷ്ടപ്പെട്ട് പാപ്പരാകുമ്പോഴാണ് ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വന്തം ഭാര്യയുടെപോലും തനിനിറം കാണുന്നതെന്ന്' കൗടല്യന്റെ ഉദ്ധരണിയിലുണ്ടായിരുന്നു. 'ഒരു രാജ്യത്തിലെ രാജാവ് ആഡംബരപ്രിയനായും സുഖലോലുപനായും തോഴികളുമൊത്തു വലിയ കൊട്ടാരങ്ങളിൽ താമസിക്കുമ്പോഴുമാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലാവുന്നതും ജനങ്ങൾ ദരിദ്രരാകുന്നതെന്നും' കൗടല്യന്റെ ശ്ലോകങ്ങളിലുണ്ട്. സമ്പത്തു കാലത്തു ധനം സമ്പാദിച്ചാൽ ആപത്തുകാലത്ത് പ്രയോജനപ്പെടുമെന്നും ഭാര്യക്കും മക്കൾക്കും രോഗം വന്നാൽ ചീകത്സിക്കാൻ ഉപകരിക്കുമെന്നും സ്വയം രോഗിയായാൽ ധനം വിനിയോഗിക്കുന്നതിൽ ഭാര്യ എതിർത്താൽപോലും ഭാര്യയെ ഉപേക്ഷിച്ചാണെങ്കിലും സ്വയം രക്ഷിക്കണമെന്നും കൗടല്യന്റെ സംസ്കൃതത്തിലുള്ള നീതിസാരം ഉരുവിടുന്നു.
മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന് ചക്രവർത്തി പദം കിട്ടിയത് കൗടല്യന്റെ കൗശലം കൊണ്ടെന്ന ഒരു വിശ്വാസം ഭാരതീയ സമൂഹത്തിലുണ്ട്. നന്ദവംശത്തോടുള്ള അസാധാരണമായ പകമൂലം നന്ദ രാജാവിനെ സ്ഥാനഭൃഷ്ടനാക്കാൻ കൗടല്യ തന്ത്രങ്ങൾ സഹായിച്ചിരുന്നു. ചന്ദ്രഗുപ്ത മൗര്യനു ചക്രവർത്തി പദം ലഭിക്കാനും മൗര്യ സാമ്രാജ്യത്തിന്റെ ഉദയത്തിനും കാരണക്കാരൻ അദ്ദേഹമായിരുന്നു. രാജ്യം ഭരിക്കുന്ന രാജാക്കന്മാരുടെ കൗശല്യവും കുശാഗ്രബുദ്ധിയും 'കൗടല്യ അഥവാ ചാണക്യ തന്ത്രമെന്ന' പേരിലറിയപ്പെടുന്നു. ബ്രിട്ടീഷ്കാർ രാജ്യം ഭരിച്ചതും ജനങ്ങളെ കൂട്ടിയടുപ്പിച്ചും വിഭജിച്ചുകൊണ്ടും ഭരണം തുടർന്നതും കൗടല്യ തന്ത്രം പ്രയോഗിച്ചുകൊണ്ടായിരുന്നു. കൗടല്യന്റെ കൗശലങ്ങളെപ്പറ്റി വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ടെങ്കിലും അദ്ദേഹം ഒരു മഹാപണ്ഡിതനും രാഷ്ട്രതന്ത്രജ്ഞതയിൽ അതി നിപുണനുമായിരുന്നുവെന്നതിലും സംശയമില്ല. 'കൗടല്യ (ചാണക്യ) തന്ത്രങ്ങൾ' കാലത്തെ അതിജീവിച്ച്, ഇന്നും രാജ്യഭരണകാര്യങ്ങളിൽ ചരിത്രസത്യങ്ങളായി നിലകൊള്ളുന്നതു കാണാം.
'ഒരു വേട്ടക്കാരൻ വേട്ടയാടുന്ന സമയം മൃഗങ്ങളുടെ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മൃഗങ്ങളെ വരുത്തി വധിക്കാറുണ്ട്. അതുപോലെ നിങ്ങൾക്ക് ആരോടെങ്കിലും ശത്രുതയുണ്ടെങ്കിൽ നയപരമായി അയാളോട് ഇടപെട്ടു കൗശല്യ ബുദ്ധിയുപയോഗിച്ചു അയാളെ കീഴ്പ്പെടുത്തണമെന്നുള്ളതായിരുന്നു' കൗടല്യ(ചാണക്യ) തന്ത്രം. ഒരു രാജാവിന്റെ ഭരണം വിജയപ്രദമാകുന്നതിനായി രാജ്യങ്ങൾ തമ്മിലുള്ള വ്യവസായങ്ങളും ഉടമ്പടികളും സഹായകമാകുമെന്നു കൗടില്യൻ (ചാണക്യൻ) വിശ്വസിച്ചിരുന്നു. വ്യവസായിക ഉൽപ്പന്നങ്ങളും, രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സേവനങ്ങളും, രാജ്യാന്തര കയറ്റുമതികളും, ഇറക്കുമതികളും, രാജ്യത്തിന്റെ സമ്പത്തു വർദ്ധിപ്പിക്കുമെന്നും അദ്ദേഹത്തിൻറെ പ്രമാണങ്ങളിലുണ്ടായിരുന്നു. പ്രജകൾക്കും അത് ഗുണപ്രദമാകും. ഓരോരുത്തരുടെയും സ്വകാര്യ സമ്പത്തിന്മേൽ ന്യായമായ നികുതി ചുമത്തിയാൽ രാജാവിന്റെ വരുമാനം വർദ്ധിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പ്രയോജനപ്പെടുമെന്നും വിശ്വസിച്ചിരുന്നു. തൊഴിലാളികൾക്ക് ന്യായമായ വേതനവും നിശ്ചയിക്കണമെന്നു കൗടല്യ തത്ത്വങ്ങൾ നിർദ്ദേശിക്കുന്നു. അങ്ങനെയെങ്കിൽ അവർ കഠിനമായി ജോലി ചെയ്യുകയും രാജ്യത്തിന്റെ ഉത്ഭാദനതോതു വർദ്ധിക്കുകവഴി രാജ്യം സാമ്പത്തികമായി വളർച്ച പ്രാപിക്കുകയും ചെയ്യും. മറ്റു രാജ്യങ്ങളുമായുള്ള വ്യാവസായിക ബന്ധത്തിനും സൗഹാർദ്ദപരമായ സമീപനത്തിനും ഇടയാകുകയും ചെയ്യും.
തെക്കുള്ള രാജ്യങ്ങളുമായി കൂടുതൽ ബന്ധങ്ങൾ സുദൃഢമാക്കാനും കൗടല്യൻ രാജാവിനെ ഉപദേശിച്ചിരുന്നു. കാരണം, വടക്കുള്ള രാജ്യങ്ങളെക്കാൾ ധാതു സമ്പുഷ്‌ടമായ (mineral) വിഭവങ്ങൾ കൂടുതലുമുണ്ടായിരുന്നത്, തെക്കുള്ള രാജ്യങ്ങൾക്കായിരുന്നു. രാജ്യത്തിന്റെ ഖജനാവ് ഭദ്രമാക്കാൻ സ്വർണ്ണം ആകാവുന്നത്ര ശേഖരിക്കാനും കൗടല്യ തന്ത്രങ്ങളിലുണ്ട്. സ്വർണ്ണം കൈവശമുണ്ടെങ്കിൽ രാജ്യത്തിനാവശ്യമായ വാണിജ്യ വിഭവങ്ങൾ വാങ്ങിക്കാനും സാധിക്കും. രാജ്യത്തെ ഒരു പട്ടാളശക്തികൊണ്ട് ബലവത്താക്കാനും കഴിയും. വിദേശികളെ രാജ്യത്തിലേക്ക് ആകർഷിക്കാനും അവരുടെ സാങ്കേതിക കഴിവുകൾ പ്രയോജനപ്പെടുത്താനും ഉപകരിക്കുന്നു. ഇറക്കുമതിയെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ഇറക്കുമതിമൂലം രാജ്യത്തില്ലാത്ത വിഭവങ്ങൾ ശേഖരിക്കാനും സ്വന്തം രാജ്യത്തു ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിഭവങ്ങൾ ലഭിക്കാനും സാധിക്കും. വ്യവസായിക നിയമങ്ങളും അദ്ദേഹം നിർദ്ദേശിച്ചു. പ്രത്യേകിച്ച് കയറ്റുമതി വിഭവങ്ങൾ സുഹൃത്തുക്കളല്ലാത്ത രാജ്യങ്ങൾക്ക് അയക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഉൽപ്പന്നങ്ങളുടെ വില വളരെ ന്യായവുമായിരിക്കണം. ആഡംബര വസ്തുക്കൾക്ക് പരമാവധി നികുതി ചുമത്താനുള്ള നിർദ്ദേശങ്ങളുമുണ്ടായിരുന്നു. സാധാരണ ജനങ്ങൾ നിത്യം ഉപയോഗിക്കുന്ന സാധനങ്ങൾക്ക് കുറഞ്ഞ നികുതി ചുമത്താനായിരുന്നു അർത്ഥ ശാസ്ത്രത്തിൽ അഭിപ്രായപ്പെട്ടിരുന്നത്.
കയറ്റുമതിയിലും ഇറക്കുമതിയിലുമുള്ള വ്യാപാര ക്രയവിക്രയങ്ങളിൽ സ്വർണ്ണമോ പണമോയെന്ന വ്യവസ്ഥയ്ക്ക് പരസ്പര ധാരണയും ഉദാരമനസ്ഥിതിയും പുലർത്താൻ ആവശ്യപ്പെട്ടു. ക്രയവസ്തുക്കൾ കൈമാറാൻ ചരക്കിനു ചരക്കു കൊടുത്തുള്ള വ്യാപാരം (ബാർട്ടർ ഇക്കോണമി) നിർദ്ദേശിച്ചു. തന്മൂലം ബിസിനസ് വർദ്ധിക്കുകയും രാജ്യത്തിന്റെ കയറ്റുമതി- ഇറക്കുമതി വ്യവസായം അഭിവൃത്തി പ്രാപിക്കുകയും വരുമാനം രാജ്യത്തിൽ വന്നുചേരുകയും ചെയ്യും. ഇരു രാജ്യങ്ങളും പുരോഗമിക്കുകയും ചെയ്യും. കയറ്റുമതി ഇറക്കുമതിയിനത്തിൽ രാജ്യത്തിനു കൂടുതൽ മുതലെടുപ്പുണ്ടാകുകയും ചെയ്യും. വിദേശികൾ വ്യാപാരം മുഖേന കടക്കാരാവുകയാണെങ്കിൽ അവർക്കെതിരെ നിയമനടപടികൾ പാടില്ലാന്നും കൗടല്യ ധനതത്ത്വ നിയമങ്ങളിലുണ്ട്.
ബാർട്ടർ സിസ്റ്റത്തിൽ (ചരക്കുകൾക്ക് പകരം ചരക്ക്) ഇറക്കുമതി-കയറ്റുമതി ചെയ്യുമ്പോൾ ആദ്യം ഒരു ഗവേഷണം ആവശ്യമാണ്. കയറ്റുമതി ചെയ്യുന്ന രാജ്യത്തിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിലെ ഉല്പന്നങ്ങളുമായി തുല്യവിലയും ലാഭവും കിട്ടിയാൽ മാത്രമേ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാനുളള തീരുമാനം എടുക്കാവൂ. അതിനു മുമ്പ് ശരിയായ മാർക്കറ്റ് ഗവേഷണവും അഭികാമ്യമായിരിക്കും. സ്വദേശീയമായ മാർക്കറ്റിലെ (Domestic) വിലയും വിദേശ മാർക്കറ്റിലെ വിലയും തമ്മിൽ ഒരു പഠനം ആവശ്യമാണ്. ലാഭകരമല്ലാത്ത ഉൽപ്പന്നങ്ങൾ വിദേശത്തു വിൽക്കാൻ താല്പര്യം കാണിക്കരുത്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില സ്വദേശ (Domestic) മാർക്കറ്റിലേതിനേക്കാളും കുറഞ്ഞിരിക്കണം. കൗടില്യന്റെ ഇത്തരം ദീർഘവീക്ഷണങ്ങൾ പിന്നീട് ക്ലാസിക്കലും ആധുനികതയിലുമുള്ള ധനതത്ത്വ വിദഗ്ദ്ധന്മാർ അനുകരിച്ചിരിക്കുന്നതായും കാണാം.
നികുതിദായകരോട് നികുതി പിരിക്കുന്നത് നീതിപൂർവ്വമായിരിക്കണമെന്നാണ് കൗടില്യ തത്ത്വം. നികുതി കൊടുക്കാൻ കഴിവുള്ളവർ മാത്രം നികുതി കൊടുത്താൽ മതിയെന്നും കൗടല്യ ശാസ്ത്രത്തിലുണ്ട്. നികുതി പിരിക്കുന്ന സമ്പ്രദായം ഇന്നുള്ള ആധുനിക രീതിയിലെ നിയമ വ്യവസ്ഥകൾ പോലെ തന്നെയാണ്. അദ്ദേഹത്തിൻറെ നികുതി നിയമങ്ങളിൽ മൂന്നു തത്ത്വങ്ങൾ അടങ്ങിയിട്ടുണ്ടായിരുന്നു. നികുതി ചുമത്തുന്നവന്റെ അമിതമായ അധികാരം നിയന്ത്രിക്കുകയെന്നത് ആദ്യത്തെ തത്ത്വമായിരുന്നു. രണ്ടാമത്തേത്, ഒരുവന് നികുതിയെന്നത് ഭാരമായി തോന്നരുതെന്നും മൂന്നാമത്തേത് കൂടുതൽ നികുതി ചുമത്തേണ്ട ആവശ്യം വരുന്നുവെങ്കിൽ അത് പടിപടിയായി (Graduating) സാവധാനം നടപ്പാക്കണമെന്നുമായിരുന്നു. അഭിവൃത്തി പ്രാപിക്കേണ്ടതും ദൃഢവുമായ ഒരു രാഷ്ട്രത്തിനുവേണ്ടി ശാസ്ത്രീയമായ നല്ലയൊരു നികുതി സമ്പ്രദായം ആവശ്യവുമായിരുന്നു.
ഒരു പൂന്തോട്ടത്തിൽ നിന്നും പാകമായ പഴവർഗങ്ങൾ നാം ശേഖരിക്കുന്നു. അതുപോലെ നികുതി പിരിക്കുന്നവരും വരുമാനമുള്ളവരിൽ നിന്നു മാത്രം നികുതി ഈടാക്കണം. ഭീമമായ നികുതി ചുമത്തരുതെന്നും അത് ഉത്ഭാദന മേഖലകളെ ബാധിക്കുമെന്നും കൗടല്യൻ നിർദ്ദേശിച്ചിരുന്നു. ഉത്ഭാദനത്തിനും ഉപഭോഗത്തിനും അനുപാതകമായി നികുതി ചുമത്തുകയെന്ന തത്ത്വ സംഹിത തന്നെയാണ് ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞരും പിന്തുടരുന്നത്. ധനികരും ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളുള്ളവരും സ്വർണ്ണം, വെള്ളി, പവിഴം മുതലാവകൾ കൈവശം വെച്ചിരുന്നവരും കഴിവിനനുസരിച്ചുള്ള നികുതി കൊടുക്കണമായിരുന്നു. തുണികൾ, ധാന്യങ്ങൾ, ഭക്ഷ്യ വിഭവങ്ങൾക്ക് മിതമായ നികുതിയും നികുതിയിളവുകളുമുണ്ടായിരുന്നു. കൗശലപ്പണിക്കാർക്കും വൈദഗ്ദ്ധ്യമേറിയ തൊഴിലാളികൾക്കും ശില്പികൾക്കും നികുതികൾ ചുമത്തേണ്ടത് വരുമാനമനുസരിച്ചായിരുന്നു. തൊഴിലുകളിൽ നൈപുണ്യമില്ലാത്തവർക്ക് കുറഞ്ഞ നികുതിയും നിർദ്ദേശിച്ചിരുന്നു.
ഒരു രാജ്യത്തിന്റെ ഭൗതികമായ വിജയങ്ങളുടെ മുന്നേറ്റം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതികളുടെ അടിസ്ഥാനത്തിലായിരിക്കും. എല്ലാ ഘടകങ്ങളും പ്രസ്ഥാനങ്ങളും ഭരണ നൈപുണ്യങ്ങളും സമ്പത്തിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ രാജ്യത്തിനുള്ളിലെ ഖജനാവിലെ സ്ഥിതിവിവരങ്ങൾ പഠിക്കുകയെന്നുള്ളതും വളരെയധികം പ്രാധാന്യം അർഹിക്കുന്നു. വരവിനനുസരിച്ചു ചെലവുകൾ നിയന്ത്രിക്കുന്നുവെങ്കിൽ ഒരു രാജാവിന് സാമ്പത്തിക കാര്യങ്ങളിലോ പട്ടാളത്തെ വിപുലീകരിക്കുന്നതിനോ പ്രയാസം വരില്ല. "കൗടില്യ പറയുന്നു, 'ശക്തമായ പട്ടാളം രാജ്യത്തിന്റെ ധനം സമ്പാദിക്കുന്ന ഒരു ഘടകമാണ്. എന്നാൽ ധനം രാജ്യത്തിന്റെ സുരക്ഷിതമായ ഖജനാവിനും പട്ടാളത്തെ പോറ്റുന്നതിനും അവരുടെ ക്ഷേമത്തിനും ആവശ്യവുമാണ്."
കൗടില്യന്റെ കാലത്ത് രാജഭരണത്തിലെ പുരോഗതിക്ക് മെച്ചമായ സാമ്പത്തിക വ്യവസ്ഥിതിയോടെയുള്ള ഒരു ഭരണകൂടം ആവശ്യമായിരുന്നു. യുദ്ധങ്ങളിലും രാജ്യവിസ്തൃതികളിലും താല്പര്യമുള്ള രാജാക്കന്മാരായിരുന്നു രാജ്യങ്ങളാകമാനം ഭരിച്ചിരുന്നത്. ഒരു രാജാവിന്റെ വരുമാന സ്രോതസുകൾ സ്വർണ്ണം, വെള്ളി മുതലായ ധാതു വസ്തുക്കളായിരുന്നു. തടി വിഭവങ്ങൾ, കൃഷി ഭൂമികൾ, രാജ കൈവശമുള്ള ഭൂമികൾ. കയറ്റുമതി, ഇറക്കുമതി എന്നിവകളിൽ നിന്നുമായി വരുമാനങ്ങളും നികുതിയും ലഭിച്ചിരുന്നു. രാജ്യത്തിന്റെ അടിസ്ഥാനപരമായ ഉൽപ്പന്നങ്ങളും വിഭവങ്ങളും മുതലാക്കിക്കൊണ്ടുള്ള മാതൃകാപരമായ നികുതി പിരിവുകൾക്കും കൗടല്യന്റെ തന്ത്രങ്ങളുണ്ടായിരുന്നു. വ്യത്യസ്തങ്ങളായ നികുതി വ്യവസ്ഥകൾക്ക് അദ്ദേഹം രൂപകൽപ്പനയും ക്രിയാത്മകമായ നികുതിപിരിവു തന്ത്രങ്ങളും നൽകിയിരുന്നു. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനുള്ളിൽ തന്നെ എല്ലാവിധ പരിഷ്കൃത പദ്ധതികളും നടപ്പാക്കുകയും വിഭവങ്ങൾ ശരിയായി പ്രയോജനപ്പെടുത്തുകയും ചെയ്തു. നികുതി ശേഖരിക്കുന്നത് നിയമാനുസൃതവും നീതി യുക്തവുമായിരിക്കണമെന്ന തത്ത്വത്തിൽ കൗടല്യൻ വിശ്വസിച്ചിരുന്നു. കൗൺസിലറെന്ന നിലയിൽ രാജസദസിലുണ്ടായിരുന്ന അദ്ദേഹത്തിൻറെ സദുപദേശങ്ങൾ രാജാവിനും ഭരണകൂടത്തിനും നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
കൗടല്യന്റെ സാമ്പത്തിക ശാസ്ത്രം റോമൻ സാമ്രാജ്യത്തിൽ നടപ്പായിരുന്ന നികുതി സമ്പ്രദായത്തിന് തുല്യമായിരുന്നു. ഒരുവന്റെ വരുമാനം നിശ്ചയിച്ചിരുന്നത്, വ്യക്തിഗതമായ സ്വത്തുക്കൾ, വസ്തുവകകൾ, കച്ചവട വ്യവസായങ്ങൾ, വിൽപ്പന-വാങ്ങൽ, കയറ്റുമതി-ഇറക്കുമതി എന്നീ മാനദണ്ഡങ്ങളിലായിരുന്നു. ഈ തത്ത്വങ്ങളിലൂടെ റോമ്മാ സാമ്രാജ്യത്ത് അക്കാലങ്ങളിൽ നികുതി ചുമത്തിയിരുന്നു. കേന്ദ്രീകൃതമായ ഒരു നികുതിസംവിധാനത്തിൽ നികുതിദായകന് നികുതി കൊടുക്കാനുള്ള കഴിവുണ്ടായിരിക്കണമെന്നും നികുതി കൊടുക്കുന്നവന്റെ സൗകര്യപ്രകാരം നികുതി ശേഖരിക്കണമെന്നും കൗടല്യ ശാസ്ത്രത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. നികുതി ശേഖരണത്തിനായി അമിത ചെലവുകളും പാഴ്ചെലവുകളും ദൂരീകരിക്കണം. ചെലവു ചുരുക്കൽ പദ്ധതികളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. നികുതി വ്യവസ്ഥകൾ മൂലം സാമ്പത്തിക വളർച്ചയ്ക്ക് തടസങ്ങൾ ഉണ്ടാകരുതെന്നും നികുതി കൊടുക്കുന്നവന്റെ സൗകര്യത്തിനായി സ്വർണ്ണവും നാണയങ്ങളും കന്നുകാലികളും, കൃഷി വിഭവങ്ങളും മറ്റു ലോഹ ധാതു വസ്തുക്കളും ക്രയ വിക്രയത്തിനായി ഉപയോഗിക്കണമെന്നും കൗടല്യ ഗ്രന്ഥം പറയുന്നു. നികുതി കൊടുക്കാൻ സാധിക്കാത്തവർക്ക് രാജ്യത്തിനു മറ്റുവിധത്തിലുള്ള സേവനം ചെയ്താലും മതിയാകും. കെട്ടിട പണികളിലും, റോഡ് നിർമ്മാണമേഖലകളിലും ഖനികളിൽ ഖനനത്തിനും വനത്തിലെ തടി വെട്ടലിലും നികുതിയ്ക്ക് പകരമായി സൗജന്യ സേവനമെന്ന വ്യവസ്ഥകളും അർത്ഥശാസ്ത്രത്തിലുണ്ടായിരുന്നു. കൗടല്യ ശാസ്ത്രപ്രകാരം അനേകർ രാജാവിന്റെ പട്ടാളത്തിനു സൗജന്യമായ സേവനം നൽകിയിരുന്നു.
കേന്ദ്രീകൃത നികുതി പിരിക്കുന്ന സമ്പ്രദായവും കൗടല്യ ശാസ്ത്രത്തിലുണ്ടായിരുന്നു. ഒരു കളക്‌ടർ ജനറിലിന്റെ കീഴിൽ നികുതി ശേഖരിക്കുകയും വസൂലാക്കുന്ന നികുതിയുടെ വിവരം രാജാവിന് റിപ്പോർട്ട് ചെയ്യുകയും വേണമായിരുന്നു. ഒരു രാജ്യത്തിന്റെ സർവ്വ സൈന്യാധിപനെപ്പോലെയുള്ള അധികാരവും കളക്‌ടർ ജനറിൽ നിക്ഷിപ്തമായിരുന്നു. മറ്റു കീഴുദ്വേഗസ്ഥരായ നികുതി ശേഖരിക്കുന്നവർ കളക്‌ടർ ജനറലിന് നികുതിയുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണമായിരുന്നു. സ്വർണ്ണം, വനവിഭവങ്ങൾ, വാണ്യജ്യം. തുന്നൽ, കൃഷി, മദ്യം, കന്നുകാലികളെ കൊല്ലുന്ന അറവു ശാലകൾ, വേശ്യകൾ, പാക്കപ്പലുകൾ മുതലായവകളിൽക്കൂടിയുള്ള വരുമാനങ്ങൾക്ക് നികുതി ഈടാക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഗ്രാമീണ കണക്കപ്പിള്ളമാരും അഞ്ചും ആറും ഗ്രാമത്തിന്റെമേലുള്ള കണക്കപ്പിള്ളമാരും നികുതി സംവിധാനത്തിന്റെ ഭാഗമായിരുന്നു. അവർ താമസിക്കുന്ന ചുറ്റുവട്ടമുള്ള വസ്തുവകകളുടെ ആസ്തിവിവരപ്പട്ടികകൾ ശേഖരിക്കണമായിരുന്നു. നികുതി കൊടുക്കുന്ന ഓരോരുത്തരുടെയും വാർഷിക വരുമാനവും ചെലവുകളും റിപ്പോർട്ട് ചെയ്യണമായിരുന്നു. നികുതി പിരിക്കുന്നവരെ 'ഗോപാൽസ്' എന്നായിരുന്നു വിളിച്ചിരുന്നത്. അവരെ അമേരിക്കയിലെ റവന്യൂ സർവീസായ ഐ.ആർ.എസുമായി തുലനം ചെയ്യാൻ സാധിക്കും.
ഇരുനൂറു വർഷങ്ങൾക്ക് മുമ്പ് എഴുതിയ ആഡംസ്മിത്തിന്റെ തൊഴിൽ നയങ്ങൾക്ക് സമാനമായിട്ടാണ് കൗടല്യന്റെ അർത്ഥശാസ്ത്രത്തിലുമുള്ളത്. തൊഴിലാളികൾക്ക് വേതനം കൊടുക്കേണ്ടത് ഓരോരുത്തരും തൊഴിൽ ചെയ്ത സമയമനുസരിച്ചും, ഉൽപ്പാദന (Production) തോതനുസരിച്ചും തൊഴിലിന്റെ നൈപുണ്യമനുസരിച്ചും വേണമെന്ന് കൗടല്യന്റെ അർത്ഥശാസ്ത്രം വിവരിക്കുന്നു. തൊഴിലാളികൾക്ക് ഒരേ നിരക്കിൽ ഒരുപോലെ കൂലി കൊടുക്കുന്നത് പ്രായോഗികമല്ല. വിദഗ്ദ്ധമായ തൊഴിലുകളിൽക്കൂടിയുള്ള ഉൽപ്പാദനവും പാടവമാവശ്യമില്ലാത്ത ഉൽപ്പാദനവും കാണും. ഓരോ ഉൽപ്പാദനത്തിനും ഉപഭോക്താക്കളുടെ ആവശ്യവും പരിഗണിക്കണം. ഉൽപ്പന്നങ്ങളുടെ മാർക്കറ്റ് വിലയും കണക്കാക്കണം. ഉൽപ്പാദനച്ചെലവും കണക്കാക്കണം. ഉൽപ്പാദിപ്പിക്കാനുള്ള അസംസ്‌കൃതപദാര്‍ത്ഥങ്ങളുടെ (Raw material) ചെലവുകളും കണക്കുകൂട്ടണം. അങ്ങനെ തൊഴിലാളികളുടെ വേതനം നിശ്ചയിക്കുകയെന്നതും ബുദ്ധിമുട്ടുള്ളതാണ്. ഉൽപ്പന്നങ്ങളുടെ (Products) ഗുണനിലവാരവും (quality) അളവുകളും തൂക്കങ്ങളും (quantity) കണക്കാക്കി തൊഴിൽവേതനം നിശ്ചയിക്കണമെന്നും അർത്ഥശാസ്ത്രം നിർദ്ദേശിക്കുന്നു.
'നിങ്ങളൊരു തൊഴിൽ ചെയ്യുകയാണെകിൽ അതിലുണ്ടാകുന്ന പരാജയങ്ങളെ ഭയപ്പെടരുതെന്നും അതുമൂലം നിങ്ങൾ ആ തൊഴിലിനെ ഉപേക്ഷിക്കരുതെന്നും' കൗടല്യൻ (ചാണക്യൻ) പറയുന്നു. 'തൊഴിലിനോട് നീതി കാണിച്ചുകൊണ്ട് ആത്മാർത്ഥമായി പ്രവർത്തിക്കുന്നവൻ സന്തുഷ്ടനായിരിക്കുമെന്നും' കൗടല്യന്റെ പ്രമാണമാണ്. തൊഴിൽ ഉടമകൾ തൊഴിലാളികളെ ചൂഷണം ചെയ്യാതിരിക്കാനുള്ള നിർദ്ദേശങ്ങളും അദ്ദേഹത്തിൻറെ ഇക്കണോമിക്സിലുണ്ട്. കൃഷിക്കാർ തങ്ങളുടെ വിളവെടുപ്പിനുമുമ്പായി തൊഴിൽ വേതനം കൊടുത്തിരിക്കണം. വ്യവസായികളും തൊഴിൽ ഉടമകളും ഉൽപ്പാദനത്തോടൊപ്പം സമയാ സമയങ്ങളിൽ തൊഴിലാളികൾക്ക് അർഹമായ വേതനം നൽകിയിരിക്കണം. ചില നിരുത്തരവാദികളായ തൊഴിലാളികൾ കാരണം ഉൽപ്പാദനവും അതോടനുബന്ധിച്ചുള്ള തൊഴിലുകൾക്കും തടസങ്ങളുണ്ടാകാറുണ്ടായിരുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളും അർത്ഥശാസ്ത്രത്തിൽ വിവരിച്ചിട്ടുണ്ട്.
EMalayalee
Malayalam Daily News
JPL News
Kalavedi
No comments:
Post a Comment