ഗ്രന്ഥകാരനായ ശ്രീ ജോർജ് നെടുവേലിയും അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊത്ത് ഏകദേശം രണ്ടാഴ്ചയോളം ഡാന്യൂബ് നദിയിൽക്കൂടി ബോട്ടു യാത്ര ചെയ്തിരുന്നു. അതിലെ വിവരങ്ങളും അതിനോടനുബന്ധിച്ച ഓർമ്മക്കുറിപ്പുകളും 'ഡാന്യൂബിന്റെ നാട്ടിലെന്ന' പുസ്തകത്തിൽ അദ്ദേഹം ഗവേഷണ പാടവത്തോടെ വിവരിച്ചിട്ടുണ്ട്. പുസ്തകത്തിലെ ഓരോ പേജുകളും വായനക്കാരനെ നദിയിൽക്കൂടി യാത്രക്കാരനൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. സാധാരണ യാത്രാ പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ള ഒരു വ്യക്തിയല്ല ഞാൻ. യാത്രാവിവരങ്ങൾ അടങ്ങിയ പുസ്തകങ്ങളിൽ കൂടുതലായും മുമ്പു കേട്ടിട്ടുള്ള അതേ പല്ലവികൾ തന്നെയാണ് ആവർത്തിക്കുന്നതെന്നും തോന്നിപ്പോവാറുണ്ട്. എങ്കിലും കേരളത്തിന്റെ പൗരാണിക സഞ്ചാര സാഹിത്യകൃതിയായ പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ 'വർത്തമാനപുസ്തകം' എന്നെ ആകർഷിച്ച ഒരു കൃതിയാണ്. അതുപോലെ ശ്രീ ജോർജ് നെടുവേലിയുടെ ഇരുനൂറു പേജുകളടങ്ങിയ യാത്രാ വിവരണ ഗ്രന്ഥം സഞ്ചാരസാഹിത്യത്തിനുപരി നിശബ്തയിൽ നിശ്ചലമായിരിക്കുന്ന ചരിത്രത്തിന്റെ കാഴ്ചപ്പാടായിതന്നെയാണ് എനിക്കനുഭവപ്പെട്ടത്.
മലയാളത്തിൽ സാധാരണ രചിക്കപ്പെടുന്ന സഞ്ചാര കൃതികൾ കൂടുതലും പുണ്യസ്ഥലങ്ങളെ തേടിയുള്ളതായിരിക്കും. അത്തരം സാഹിത്യ കൃതികൾക്ക് ദിവ്യത്വവും കല്പിക്കാറുണ്ട്. ദേവി ദേവന്മാരുടെ നാടോടി കഥകളോ, അല്ലെങ്കിൽ പുണ്യസ്ഥലങ്ങളായ പലസ്തിൻ, ജറുസലേം, ലൂർദ്, വത്തിക്കാൻ, വേളാങ്കണ്ണി മാതാവ് എന്നിവടങ്ങളിലുള്ള അത്ഭുത കഥകളോ, വർണ്ണിക്കുന്ന സഞ്ചാരകൃതികളാണ് കൂടുതലായും ഗ്രന്ഥശേഖരങ്ങളിലുള്ളത്. ചെറുപ്രായം മുതൽ കേൾക്കുന്ന അത്തരം കഥകൾ വായനക്കാരെ മുഷിപ്പിക്കുന്നുവെന്നുള്ള വസ്തുതകളും എഴുതുന്നവർ മനസിലാക്കുന്നില്ല. ഭാരതത്തിൽ തന്നെ നാം കണ്ണോടിക്കുകയാണെങ്കിൽ നമ്മുടെ രാജ്യം സാംസ്ക്കാരികതയിലും പൗരാണികതയിലും കലകളിലും ശിൽപ്പ വൈഭവത്തിലും സമ്പന്നരെന്നു കാണാം. അതൊന്നും ഭൂരിഭാഗം ഒരു യാത്രികന്റെ കണ്ണിൽപ്പെടാറില്ല.
ശ്രീ ജോർജ് നെടുവേലി എഴുതിയ ഈ പുസ്തകം വെറുമൊരു യാത്രാ വിവരണമല്ല. ഉയരുകയും അസ്തമിക്കുകയും ചെയ്ത അനേക സാമ്രാജ്യങ്ങളുടെ കഥകളാണ് ജോർജിന്റെ തൂലികയിൽനിന്നും നെയ്തെടുത്ത മനോഹരമായ ഈ പുസ്തകം. അതിനുള്ളിൽ പ്രേമമുണ്ട്, ചിരിയുണ്ട്, കണ്ണുനീരുണ്ട്. രക്തച്ചൊരിച്ചിലുകളും രക്തസാക്ഷികളുമുണ്ട്. വികാര വിചാര വീഥികളിൽക്കൂടി വായനക്കാർ നിറുത്താതെ ഈ പുസ്തകം വായിച്ചുതീർക്കുമെന്നതിൽ തർക്കമില്ല. വൈവിധ്യമാർന്ന സംസ്ക്കാരങ്ങളുടെയും ഭാഷകളുടെയും രക്തപ്പുഴകളുടെയും കഥകൾ ഈ നദിയ്ക്ക് പറയാനുണ്ട്. ആ കഥകൾ മനസിനെയുണർത്തണമെങ്കിൽ ജോർജിന്റെ ഹൃദ്യമായ മലയാളത്തിൽ എഴുതിയ ഈ പുസ്തകം സഹായകമാകും. പുസ്തകം വായിച്ചുകഴിയുമ്പോൾ നമ്മുടെ വിജ്ഞാനത്തിന്റെ പരിധി എത്രമാത്രമെന്നും മനസിലാക്കാൻ സാധിക്കും. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മണ്ഡലങ്ങളിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് തയാറാക്കിയ ഒരു ഗവേഷണ ഗ്രന്ഥമാണിത്. ഇതിലെ ഉള്ളടക്കത്തിലുള്ള വിഷയങ്ങൾ പലതും സ്‌കൂളിൽ പഠിക്കാൻ സാധിച്ചെന്നു വരില്ല. ഒരു പണ്ഡിതന്റെ വൈദഗ്ദ്ധ്യത്തോടെ ഗഹനമായി പഠിച്ചശേഷമാണ് ശ്രീ ജോർജ് ഈ പുസ്തകം തയാറാക്കിയത്. ഇത് വെറും യാത്രാവിവരണം മാത്രമല്ല. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും ഹിറ്റ്ലറിൻറെ വളർച്ചയും തളർച്ചയും യഹൂദ കൂട്ടക്കൊലകളും ന്യൂറൻ ബെർഗ് വിസ്താരങ്ങളും ഒരു സമ്പൂർണ്ണ ചരിത്രകാരന്റെ വീക്ഷണത്തോടെ പുസ്തകത്തിലുടനീളം പരാമർശിച്ചിട്ടുണ്ട്.
റോമൻ ഇതിഹാസത്തിലെ സമുദ്രദേവതയായ 'ഡാന്യൂബിയൂസിൽ'നിന്നും (Danubius) ഡാന്യൂബ് എന്ന പേരിനു തുടക്കമിട്ടു. ഡാന്യൂബ് നദി പ്രധാനമായും ജർമ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, ക്രോയേറ്റിയ, സെർബിയ, റൊമാനിയ, ബൾഗേറിയ, മൊൾഡോവ എന്നീ ഭൂവിഭാഗങ്ങളിക്കൂടി ഒഴുകുന്നു. ഡാന്യൂബിന്റെ കഥയിൽ ഗ്രന്ഥകാരൻ ദേവി ദേവന്മാരേയോ ദൈവങ്ങളെയോ അവരുടെ നാടോടി കഥകളെയോ വിശുദ്ധരെയോ ചേർത്തിട്ടില്ല. അതേ സമയം ദേവീ ദേവന്മാരോടനുബന്ധിച്ചുള്ള പൗരാണികതയും കലകളും ശില്പവിദ്യകളും ഹൃദ്യമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. സുഗന്ധം പരത്തുന്ന പുഷ്പലതാതികളും ഹരിതക പച്ച നിറഞ്ഞ കുന്നുകളും മേടുകളും തടാകങ്ങളും താഴ്വരകളും ഡാന്യൂബ് എന്ന നീല നദിയ്ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. വായനക്കാരനും ഗ്രന്ഥകാരനൊപ്പം യാത്ര ചെയ്യുന്നു. ഈ നദിയുടെ തീരത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത അനേകമനേക രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും കഥകൾ ഇതിലുണ്ട്. അതിൽ അസ്തമിച്ചു പോയ റോമാ സാമ്രാജ്യവും ഓട്ടോമൻ സാമ്രാജ്യവും കിഴക്കേ യൂറോപ്പിലെയൊന്നാകെയുള്ള തകർന്ന രാജ്യങ്ങളുടെ ചരിത്രങ്ങളുമുൾപ്പെടും. ഉദിച്ചുയർന്ന നദിതട സംസ്ക്കാരവും പൗരാണിക യുഗങ്ങളിലെ മനുഷ്യന്റെ ജീവിത പ്രയാണ യാത്രകളും ഇതിലുണ്ട്. ആധുനികതയുടെ മുഖഛായയും പ്രതിഫലിക്കുന്നുണ്ട്. അവസാനം ബർലിൻ വാളിനെ ഗ്രന്ഥകാരൻ ശുഭകരമായിത്തന്നെ തകർക്കുന്നു.
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും മുസോളിനിയുടെയും ഹിറ്റലറിന്റെയും വളർച്ചയും പതനവും വായിക്കാം. സാര്‍വ്വത്രികവും സാര്‍വ്വകാലീകവുമായ മൂല്യങ്ങളുള്ള കലാസൃഷ്‌ടികളും വിവരിച്ചിരിക്കുന്നു. ജർമ്മനിയുടെ ഉയർച്ചയുടെയും താഴ്ചയുടെയും കാലങ്ങളിലെയും ഹിറ്റ്ലർ യുഗത്തിലെ സാമ്പത്തിക ശാസ്ത്രവും ഭംഗിയായി വിവരിച്ചിട്ടുണ്ട്. ശീതസമരം ഉണ്ടായ കഥയും തന്മയത്വമായി വർണ്ണിച്ചിരിക്കുന്നു. ഓരോ അദ്ധ്യായങ്ങളും ചരിത്ര കുതുകികളായവർക്ക് വിജ്ഞാനമുളവാക്കുന്നതുമാണ്. യൂറോപ്യൻ രാജ്യങ്ങളിലെ സാംസ്ക്കാരിക നഗരങ്ങൾ കടന്നുപോവുന്ന 2600 കിലോമീറ്ററോളം നീളമുള്ള ഒരു നദിയാണ് ഡാന്യൂബ്. ജർമ്മനിയിലെ ചുടല കരിങ്കാട്ടിൽനിന്നും ആരംഭിച്ച് കറുത്ത കടലെന്നർത്ഥമുള്ള 'ബ്ളാക്ക് സീയിൽ' ഈ നദി അവസാനിക്കുന്നു. യൂറോപ്പിന്റെ അതിമനോഹരമായ കാഴ്ചകളും സാംസ്ക്കാരിക സ്തൂപങ്ങളും കലാസങ്കേതങ്ങളും നിറഞ്ഞ തീരപ്രദേശത്തുകൂടിയാണ് നദിയൊഴുകുന്നത്.
പത്തു രാജ്യാതിർത്തികൾ കടന്നുകൊണ്ട് ഡാന്യൂബ് നദി സ്വച്ഛമായി എന്നുമെന്നപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണിത്. യൂറോപ്പ് കടന്നുപോവുന്ന റഷ്യയുടെ വോൾഗാ നദി ഏറ്റവും നീളം കൂടിയ നദിയായി കരുതപ്പെടുന്നു. നദിയൊഴുകുന്ന മുപ്പതു ശതമാനത്തോളം ഭൂവിഭാഗങ്ങൾ ഹംഗറിയിലാണ്. വാസ്തവത്തിൽ ജർമ്മനിയിൽ നിന്ന് തുടങ്ങുന്ന നദിയുടെ താലോലിക്കുന്ന ഭവനം ഹംഗറിയെന്നു പറയാം. യൂറോപ്പിലെ പത്തുമില്യൻ ജനങ്ങൾ കുടിവെള്ളത്തെ ആശ്രയിക്കുന്നത് ഈ നദിയെയാണ്. തെളിമയാർന്ന വെള്ളമാണ് ഡാന്യൂബു നദിയിൽക്കൂടി ദിനംപ്രതി പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. സഞ്ചാരികളുടെ കപ്പൽ സഞ്ചാരം മൂലം നദിയുടെ കുറെ ഭാഗങ്ങൾ മലിനമായിട്ടുമുണ്ട്. ആയിരക്കണക്കിന് വിദേശികളായ വിനോദ യാത്രക്കാരാണ് ദിനം പ്രതി ഈ നദിയിൽക്കൂടി യാത്ര ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശങ്ങളാണ് നദിയുടെ ഇരു കരകളിലുമുള്ളത്.
ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായിക യാത്രാ വഴിയായിരുന്നു ഡാന്യൂബ്. മലകളും കാടുകളും ഇടകലർന്ന ഭൂപ്രദേശങ്ങൾ ഡാന്യൂബ് നദിയുടെ നീണ്ടുകിടക്കുന്ന ഇരുകരകളിലും ദൃശ്യമാണ്. നീലിമയാർന്ന ഈ നദി ജർമ്മനിയിൽ നിന്നും ചെറിയ നദികളായി ആരംഭിക്കുന്നു. പിന്നീട് യൂറോപ്പിൽ അത് വൻനദിയായി തീരുന്നു. യൂറോപ്പിലെ പ്രധാനപ്പെട്ട ജലഗതാഗതങ്ങളുമായി സന്ധിക്കുന്നുമുണ്ട്. വിയന്നാ മുതൽ ബുഡാപെസ്റ്റ് വരെയുള്ള സാംസ്ക്കാരിക നഗരങ്ങളിൽക്കൂടിയും നദി പ്രവഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഡാന്യൂബ്നദി ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ ആകർഷണമായി മാറിക്കഴിഞ്ഞത്.
ഡാന്യുബ് നദിക്ക് നിറഭേദങ്ങളോടെയുള്ള പല മുഖങ്ങളുണ്ട്. റോമ്മായുടെ ശില്പകലകളിൽ ഡാന്യുബിനെ മുഖശ്രീയുള്ള ഒരു പുരുഷനായി ചമയിച്ചുകൊണ്ട് പ്രതിമകളുണ്ടാക്കുന്നു. താടിയുള്ള ബുദ്ധിമാനായ ദൈവമായിട്ടാണ് ചിത്രീകരിച്ചിരിച്ചിരിക്കുന്നതും. മറ്റെല്ലായിടത്തും അവളൊരു സുന്ദരിയായ സ്ത്രീ. സൗകുമാര്യത്തിന്റെയും കൃപയുടെയും ആകർഷത്വത്തിന്റെയും ദേവതയായും കാണപ്പെടും. രക്തപ്പുഴകളൊഴുകിയ നാളുകളിൽ അവളുടെ മുഖം ദുഃഖങ്ങൾ അമർത്തിക്കൊണ്ടുള്ളതായിരിക്കാം. ഡോണറ്റ്സ്‍ച്ചിങ്ങെന്ന (Donaueschingen) റോമായിലെ ഈ നദീ തീരത്തുള്ള പട്ടണത്തിൽ, കറുത്ത വനങ്ങളിൽ അവളൊരു കൗമാരിയായ ബാലികയാണ്. അമ്മയെ നോക്കി ഉത്ഘണ്ടയോടെ നോക്കി നിൽക്കുന്ന പ്രതിരൂപമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. 'അമ്മ അവിടെ ഡാന്യൂബ് നദിയിൽ നിന്നും വരുന്ന വെള്ളം കൊണ്ട് താഴ്വരകളെ സംരക്ഷിക്കുന്നതായും തീറ്റുന്നതായുമുള്ള പ്രതീകമാണ് കാഴ്ചക്കാർക്ക് അനുഭവപ്പെടുന്നത്. മകളോട് കിഴക്കിലേയ്ക്ക് സഞ്ചരിക്കാനുള്ള വഴികളും ചൂണ്ടിക്കാണിക്കുന്നു.
കവികളുടെ ഭാവനയിൽ അവളുടെ നിറത്തെ അതാത് രാജ്യങ്ങളിലെ സംസ്ക്കാരമനുസരിച്ചു വർണ്ണിച്ചിരിക്കുന്നു. സൗന്ദര്യമെന്നത് ഓരോരുത്തരും മനസ്സിൽ സൃഷ്ടിക്കുന്ന വികാരങ്ങൾക്കനുസരിച്ചിരിക്കും. 1866-ൽ ജോൺ സ്ട്രൗസ് (Johann Strauss II ) രചിച്ച കവിതയിൽ അവളൊരു നീല സുന്ദരിയാണ്. ഓസ്ട്രിയൻ കവിയായ അദ്ദേഹം പ്രഷ്യയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട, അവിടെ അകപ്പെട്ട ജനത്തിനെ രക്ഷിച്ച ഡാന്യൂബ് നദിയെയാണ് വർണ്ണിക്കുന്നത്. പ്രഷ്യയും ഓസ്ട്രിയയുമായി ഏഴാഴ്ചക്കാലത്തോളം യുദ്ധമുണ്ടായിരുന്നു. യുദ്ധത്തിൽ ഓസ്ട്രിയ പരാജയപ്പെടുകയാണുണ്ടായത്. ബൾഗേറിയക്കാർക്ക് അവളൊരു വെളുത്ത സുന്ദരി. ഹംഗറിക്കാർ അവളെ സുവർണ്ണ തലമുടികളോടെയുള്ള 'ബ്ലോണ്ട് റ്റിസ്സാ'യെന്ന് വിളിക്കുന്നു. സെർബിയാക്കാർക്കു അവൾ വെള്ളിനക്ഷത്രം പോലെ നിറമുള്ള സുന്ദരിയും.
വിവിധ സംസ്‌ക്കാരങ്ങളാൽ സമ്മിശ്രമായ വിശാല ഹൃദയമുള്ളവരുടെ നദിയാണിത്. പത്തു രാജ്യങ്ങളുടെ ഹരിതക പച്ച നിറഞ്ഞ ഭൂവിഭാഗങ്ങൾക്ക് അവൾ ജീവന്റെ ജലം നൽകുന്നു. അവളെക്കാൾ നീളമുള്ള വോൾഗാ നദിക്ക് 2290 മൈൽ നീളമുണ്ട്. പക്ഷെ വോൾഗാ നദി റക്ഷ്യയെ മാത്രമേ നനയ്ക്കുന്നുള്ളൂ. പൗരാണിക കാലംമുതൽ ഈ നദിയിൽക്കൂടി കച്ചവടബന്ധങ്ങൾ ഉണ്ടായിരുന്നു. കുടിയേറ്റക്കാർ വന്നുംപോയും വിവിധ ഭൂവിഭാഗങ്ങൾ കീഴടക്കിയും അധിവസിച്ചിരുന്നു. കൊള്ളക്കാരും സാഹസികരും ഈ നദിയുടെ ഹൃദയഭാഗത്തുകൂടി സഞ്ചരിച്ചിരുന്നു. മാറി മാറി വരുന്ന ആചാരങ്ങൾക്കും ആശയങ്ങൾക്കും മാറ്റങ്ങളുടേതായ ചരിത്രവീഥികൾക്കും അവളെന്നും സാക്ഷിയായിരുന്നു. ഏകദേശം 5000 വർഷങ്ങൾക്കു മുമ്പ് ടർക്കികൾ അവിടെ ഇരുമ്പ്, വെള്ളി പോലുള്ള ലോഹങ്ങൾകൊണ്ട് ആയുധങ്ങളും കലാവസ്തുക്കളും നിർമ്മിച്ചിരുന്നു. കച്ചവടങ്ങളും കൃഷികളും ചെയ്തിരുന്നതായി പുരാവസ്തു ശാസ്ത്രങ്ങളിലുണ്ട്. പുതിയ ഇനം മരങ്ങളും ചെടികളും പഴവർഗങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിച്ചിരുന്നു. പഴങ്കാല ചരിത്രത്തിലെ കിഴക്കേ യൂറോപ്പിനെ ടർക്കികൾ ആക്രമിക്കുകയും നദിതീരത്തുള്ള സ്ഥലങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. ട്യൂലിപ് (Tulip) പോലുള്ള മനോഹര പുഷ്പ്പങ്ങളും കോൺസ്റ്റാന്റിനോപ്പിളിൽ (Constantinople) നിന്നുവന്ന കുടിയേറ്റക്കാർ അവിടെയുള്ള താഴ്വരകളിൽ നട്ടു വളർത്തിയിരുന്നു.
ന്യുറം ബർഗിലെ കൊട്ടാര സന്ദർശന വിവരങ്ങളടങ്ങുന്ന പ്രത്യേകമായ ഒരു അദ്ധ്യായം ജോർജിന്റെ ഈ യാത്രാവിവരണ പുസ്തകത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്. നാസി ഭരണകാലങ്ങളിൽ അവിടം നാസികളുടെ ഒരു സങ്കേതമായിരുന്നു. അവിടെനിന്നായിരുന്നു നാസികൾ ലോകമഹായുദ്ധ കാലങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും. ദേശീയ ഭീകരത വളർത്താൻ കൊട്ടാരത്തിന്റെ മുമ്പിൽക്കൂടി വമ്പിച്ച റാലികളും നടത്തിയിരുന്നത് ചരിത്രമാണ്. ഹിറ്റ്ലർ നാസികളെ വൈകാരികമായ പ്രസംഗങ്ങളിൽക്കൂടി സംബോധന ചെയ്തുകൊണ്ടിരുന്നതിനും ഭീകര കിരാതത്വം നാടുമുഴുവൻ വ്യപിപ്പിയ്ക്കാൻ ആഹ്വാനം ചെയ്യുന്നതിനും ന്യുറൻ ബെർഗ് സാക്ഷ്യമായിരുന്നു. നാസികുറ്റവാളികളെ വിചാരണ ചെയ്യാനുള്ള അനുയോജ്യമായ ഒരു സ്ഥലമായി ന്യുറൻബർഗ് തെരഞ്ഞെടുക്കാനും അത് കാരണമായി.
പ്രതിഭാഗത്തിനായി പ്രസിദ്ധരായ ജർമ്മൻ വക്കീലന്മാരും ഹാജരായിരുന്നു. കുറ്റക്കാരായി മുദ്രകുത്തിയവർ രാജ്യത്തിലെ നിയമം മാത്രം അനുസരിച്ചുള്ളുവെന്ന വാദങ്ങളൊന്നും കോടതി ചെവികൊണ്ടില്ല. 1946 ഒക്ടോബർ പതിനാറിനുമുമ്പ് പത്തുപേരെ തൂക്കിലേറ്റി ശിക്ഷാവിധി നടപ്പാക്കി. തുക്കാനുള്ള മരണവിധി നടപ്പാക്കിയത് 'സർജൻ മാസ്റ്റർ ജോൺ വുഡ്‌സ് (1903-50)' ആയിരുന്നു. 'കുറ്റവാളികളെ തൂക്കിക്കൊല്ലാനുള്ള ജോലി തന്നെ ഏൽപ്പിച്ചതിൽ 'വുഡ്‌സ്' സന്തുഷ്ടാനാണെന്നും താൻ ചെയ്തില്ലെങ്കിൽ അത് മറ്റാരെങ്കിലും ചെയ്യാൻ നിർബന്ധിതനാകുമെന്നും പത്തു മനുഷ്യരെ 103 മിനിറ്റിനുള്ളിൽ ഇല്ലാതാക്കണമെന്നും' അയാൾ ടൈം മാഗസിനോട് അന്നു പറഞ്ഞു.
1942 ഡിസംബറിൽ സഖ്യകക്ഷികളായ ഗ്രേറ്റ് ബ്രിട്ടനും യുണൈറ്റഡ് സ്റ്റേറ്റും സോവിയറ്റ് യൂണിയനുമൊത്ത് പൗരജനങ്ങളെ കൊന്നവർക്കെതിരെ ജൂറിയെ നിയമിക്കാൻ തീരുമാനിച്ചു. ലക്ഷക്കണക്കിന് ജർമ്മൻ ഉദ്യോഗസ്ഥരെ വിസ്താരമില്ലാതെ വധിക്കാനായിരുന്നു സ്റ്റാലിൻ നിർദ്ദേശിച്ചത്. വിൻസ്റ്റൺ ചർച്ചിലും അതിന്റെ സാധ്യതയെ ആരാഞ്ഞിരുന്നു. എന്നാൽ അമേരിക്ക ഇരു രാജ്യങ്ങളുടെയും അഭിപ്രായങ്ങൾ നിരാകരിച്ചു. ഒടുവിൽ ഉയർന്ന ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാൽ മതിയാകുമെന്നും തീരുമാനമെടുത്തു. കുറ്റവാളികളെ വിസ്തരിക്കുമ്പോൾ ശരിയായ ഡോക്യൂമെന്റുകളും വേണമെന്ന് ആവശ്യപ്പെട്ടു. തെളിവുകളില്ലാതെ ആരെയും ശിക്ഷിക്കാൻ പാടില്ലാന്നും അമേരിക്കാ ശഠിച്ചു.
ഡാന്യൂബിന്റെ കഥകളിലുൾപ്പെട്ട രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധകുറ്റവാളികളെ വിസ്തരിക്കുന്നതായ 'ന്യുറൻ ബർഗ് ട്രയൽ' ആരെയും വികാരാധീനമാക്കുന്നതാണ്. വിജയിച്ചവന്റെ നീതിയായിരുന്നു അവിടെ നടപ്പാക്കിയിരുന്നത്. 1945 നും 1949 നുമിടയിലായി പതിമൂന്നു ന്യായവിചാരങ്ങൾ ന്യുറൻബെർഗ് നിയമ പീഠത്തിങ്കലുണ്ടായിരുന്നു. അവരിൽ നാസിപാർട്ടിയിലെ ഉയർന്ന ഔദ്യോഗിക ഉദ്യോഗസ്ഥരും പട്ടാള മേധാവികളും, ജർമ്മൻ വ്യവസായികളും അറ്റോർണിമാരും ഡോക്ടർമാരുമുൾപ്പെട്ട യുദ്ധകുറ്റവാളികളുമുണ്ടായിരുന്നു. മനുഷ്യത്വത്തിനും സമാധാനത്തിനുമെതിരായ കുറ്റങ്ങളായിരുന്നു അവരിൽ ആരോപിച്ചത്.1945-ൽ അഡോൾഫ് ഹിറ്റ്ലർ വിചാരണയ്ക്കുമുമ്പ് തന്നെ ആത്മഹത്യ ചെയ്തു. ന്യുറൻബെർഗ് വിചാരണ അന്തർദേശീയ കോടതികൾക്കുള്ള മാർഗ ചരിത്രമായി തീരുകയും ചെയ്തു. ഈ കെട്ടിടത്തിനുള്ളൽത്തന്നെ അന്തർദേശീയ കുറ്റവാളികൾക്കുള്ള ഒരു കോടതി 1975 നവംബർ ഇരുപതാം തിയതി ആരംഭിച്ചു. പിന്നീടുള്ള കാലങ്ങളിൽ മനുഷ്യത്വത്തിനെതിരെയുള്ള അന്തർദേശീയ കൂട്ടക്കൊലകൾക്കെല്ലാം ഈ നീതിപീഠത്തിൽനിന്നും വിധി കൽപ്പിച്ചിരുന്നു.
1961 ആഗസ്റ്റ് പതിമൂന്നാം തിയതി കിഴക്കേ ജർമ്മനി കിഴക്കും പടിഞ്ഞാറും വേർതിരിച്ചുകൊണ്ടുള്ള മതിൽക്കെട്ടിന്റെ നിർമ്മാണങ്ങൾ ആരംഭിച്ചു. ആദ്യം മുള്ളുവേലികൾ കൊണ്ടു അതിരു തിരിച്ചിരുന്നു. നെടുനീളെ ആയുധധാരികളായ പട്ടാളക്കാർ കാവലും നിന്നിരുന്നു. പടിഞ്ഞാറ് ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പേർ മുള്ളുവേലികൾ ചാടി കിഴക്കേ ജർമ്മനിയിൽ രക്ഷപെട്ടു. ഏതാനും ആഴ്ചകൾക്കുള്ളിൽ മുള്ളുവേലികൾ കോൺക്രീറ്റ് ഭിത്തികളാക്കി. 1962 ജൂൺ മാസം രണ്ടാമതൊരു മതിലും ആദ്യത്തെ മതിലിനു സമാനമായി തീർത്തു. കിഴക്കേ ജർമ്മനിയിൽ നിന്നും പടിഞ്ഞാറെ ജർമ്മനിക്ക് പലായനം ചെയ്യുന്നവരെ കാഴ്ചയിൽ തന്നെ വെടി വെച്ചിടുമായിരുന്നു. രണ്ടു മതിലുകൾക്കും ഇടയിലുള്ള ഇടനാഴികളെ 'മരണത്തിന്റെ ഇടനാഴി'യെന്നറിയപ്പെട്ടിരുന്നു. മതിലുകൾ നല്ല ഉറപ്പോടെയും സുരക്ഷയോടെയും പണി തീർത്തിരുന്നു. 'ബോർഡർ വാൾ' എന്നറിയപ്പെടുന്ന മതിലുകൾ പണിതുയർത്താൻ അഞ്ചു വർഷമെടുത്തു. 1975-ൽ മതിലുകൾ പൂർത്തിയാക്കിയതുകൊണ്ടു ബോർഡർ വാൾ-75 എന്നും ഈ മതിലുകൾ അറിയപ്പെടുന്നു. മതിലുകൾ മൊത്തം 45000 കോൺക്രീറ്റ് കട്ടകൾകൊണ്ടാണ് നിർമ്മിച്ചത്. ഓരോ കട്ടയ്ക്കും 3.2 അടി വീതിയും 12 അടി പൊക്കവും മൂന്നു ടൺ ഭാരവുമുണ്ടായിരുന്നു. മുപ്പതു വർഷത്തോളം ശീതസമരത്തിന്റെ പ്രതീകമായി ജർമ്മൻ മതിൽക്കെട്ടുകളെ കരുതിയിരുന്നു. 79 മൈലുകൾ ദീർഘദൂരത്തോളം മതിൽക്കെട്ടിനു നീളമുണ്ട്.
ഏകദേശം 300 നിരീക്ഷണസ്തുപങ്ങളും (watch towers൦) മതിലുകളുടെ സമീപങ്ങളായി സ്ഥാപിച്ചിട്ടുണ്ട്. 250-ൽപ്പരം പ്രത്യേകം പരിചയം നേടിയ ജർമ്മൻ നായ്ക്കളും മതിലിനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 29 ബങ്കറുകളും കിടങ്ങുകളും മതിലിനുടനീളം കുഴിച്ചിട്ടുണ്ട്. 65 മൈലുകൾ ദൂരം വാഹനങ്ങൾ സഞ്ചരിക്കാതിരിക്കാനും ഭടന്മാർക്ക് ഒളിച്ചിരിക്കാനുമുള്ള കിടങ്ങുകളുമുണ്ട്. എന്നിട്ടും സ്വാതന്ത്ര്യത്തിനായി മോഹിക്കുന്ന 5000 ജനങ്ങളോളം രക്ഷപെട്ടു. അങ്ങനെ രക്ഷപെടാൻ ശ്രമിച്ചവരിൽ നൂറു കണക്കിന് ജനം മരിക്കുകയും ചെയ്തു. 1987 ജൂണിൽ മതിലുകൾക്കു മുമ്പിൽ നിന്ന് 'റൊണാൾഡ് റീഗൻ' ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം ചെയ്തു. രണ്ടു വർഷത്തിനുശേഷം ആയിരക്കണക്കിന് കിഴക്കും പടിഞ്ഞാറും ജർമ്മനിയിലുള്ളവർ മതിലിടിച്ചു തകർക്കാനും മതിൽക്കെട്ടുകൾ മറി കടന്നു ചാടാനും തുടങ്ങി. 1990 ഒക്ടോബർ മൂന്നാം തിയതി കിഴക്കും പടിഞ്ഞാറുമുള്ള ജർമ്മനികൾ ഒന്നായി, ഒരേ ജനതയായി വിളംബരം ചെയ്തു. മുപ്പതു വർഷങ്ങൾ രണ്ടു ജനതയുടെ മറയായി നിന്ന ചരിത്രത്തിന്റെ ആ മതിൽക്കെട്ടുകൾ മുഴുവനായി തകർക്കപ്പെട്ടു. അതിന്റെ അവശിഷ്ടങ്ങൾ ലോകമാകമാനമുള്ള മ്യൂസിയത്തിൽ ഇന്ന് സൂക്ഷിക്കുന്നു. എങ്കിലും ആ പാഴ്‌വസ്‌തുക്കൾ പുനരുത്‌പാദനം (recycling)നടത്തുകയും ജർമ്മനിയുടെ നിർമ്മാണപദ്ധതികൾക്കായി ഉപയോഗിക്കുകയുമുണ്ടായി.
കേരളത്തിലെ സഞ്ചാരസാഹിത്യത്തെപ്പറ്റി ചുരുക്കമായി ഒന്ന് പറഞ്ഞുകൊള്ളട്ടെ. പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ റോമാ വിവരണമുൾപ്പെട്ട വർത്തമാന പുസ്തകം ഇന്ത്യയിലെ ആദ്യത്തെ സഞ്ചാരസാഹിത്യമായി വിലയിരുത്തുന്നു. 1790-ൽ എഴുതിയ ഈ കൃതി പ്രസിദ്ധീകരിച്ചത് 1936-ലായിരുന്നു. ഒരു കാലഘട്ടത്തിന്റെ സാംസ്‌ക്കാരികവും ഉപരിപ്ലവങ്ങളുമടങ്ങിയ വർത്തമാന പുസ്തകം ഒരു സഞ്ചാര ഡയറിയെക്കാൾ ചരിത്ര പുസ്തകമായി കരുതുകയായിരിക്കും ഉചിതം.1895-ൽ 'പരുമല ബിഷപ്പ് ഗ്രിഗോറിയോസ്' എഴുതിയ 'ഓശ്ലോം യാത്ര'യുടെ മലയാള പരിവർത്തനം അച്ചടിച്ച സഞ്ചാര സാഹിത്യത്തിന്റെ ആദ്യത്തെ കൃതിയായി കരുതുന്നു. പദ്യത്തിൽ എഴുതിയ ആദ്യത്തെ യാത്രാ വിവരണം ധർമ്മ രാജാവിന്റെ രാജേശ്വരം യാത്രയാണ്. മലയാളത്തിലെ സഞ്ചാരസാഹിത്യ നായകരിൽ പ്രമുഖനായി എസ്.കെ. പൊറ്റക്കാടിനെ വിലമതിക്കുന്നു. കൂടാതെ കെ.പി. കേശവമേനോൻ, കെ.എം. പണിക്കർ, ഡോ.കെ.എം. ജോർജ്, നിത്യ ചൈതന്യ യതി, ഇ.എംഎസ് എന്നിവരും സഞ്ചാര സാഹിത്യത്തിൽ തിളങ്ങിനിന്നവരാണ്.
പ്രസിദ്ധരായ യാത്രാവിവരണങ്ങൾ നൽകിയ സാഹിത്യകാരുടെ കൃതികളോടൊപ്പം ശ്രീ ജോർജ് നെടുവേലിയുടെ 'ഡാന്യൂബിന്റെ നാട്ടിൽ' എന്ന സഞ്ചാരഗ്രന്ഥവും വളരെ ഉയർന്നനിലവാരം പുലർത്തുന്നു. ശ്രീ ജോർജ്, കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഉസ്മാനിയാ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. പുളിങ്കുന്നിലാണ് ജനിച്ചത്. പിതാവ് പ്രസിദ്ധ ആയുർവേദ വൈദ്യനായിരുന്ന വൈദ്യ കലാനിധി ചെറിയാൻ വൈദ്യനും മാതാവ് മറിയാമ്മ ചെറിയാനും. നൈജീരിയയിൽ പത്തു വർഷം സാമ്പത്തിക ശാസ്ത്രവും നിയമവും പഠിപ്പിച്ചിരുന്നു. ഇപ്പോൾ കുടുംബമായി ഫ്ലോറിഡയിൽ താമസിക്കുന്നു. മലയാള സഞ്ചാരസാഹിത്യത്തെ മനോഹരമായ ഒരു കൃതിയിൽക്കൂടി പൊൻതിലകക്കുറിയണിയിച്ച ജോർജ് നെടുവേലിക്ക് സർവ്വവിധ മംഗളങ്ങളും അഭിനന്ദനങ്ങളും നേരുന്നു. അദ്ദേഹത്തിൻറെ ശക്തമായ തൂലികയിൽനിന്നും ഇത്തരം നല്ല പുസ്തകങ്ങൾ ഭാവിയിൽ പ്രസിദ്ധീകരിക്കാനും അഭിലഷിക്കുന്നു. അമേരിക്കൻ പ്രവാസി സാഹിത്യത്തിനും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്.
Danubius and Vindobona |
Prof. Prem raj Pushpakaran writes -- 2024 marks the birth centenary year of Nitya Chaitanya Yati and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
ReplyDelete