ജോസഫ് പടന്നമാക്കൽ
സനാതന ധർമ്മം ഉൾക്കൊള്ളുന്ന ഹിന്ദുമതത്തെ വൈകൃതമാക്കുന്ന തത്ത്വ സംഹിതകളാണ് വിനായക് ദാമോദർ സവർക്കർ (Vinayak Damodar Savarkar) സ്ഥാപിച്ച ഹിന്ദുത്വയ്ക്കുള്ളത്. യൂ.പി. മുഖ്യമന്ത്രിയും അമ്പല പൂജാരിയുമായ ആദിത്യന്റെ വെറുപ്പിൽനിന്നുമുണ്ടായ രാഷ്ട്രീയവും പ്രഭാഷണങ്ങളും അതിനുള്ള തെളിവുകളാണ്. ആദിത്യ യോഗിയെന്ന കാവിവസ്ത്രധാരി ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി പദമേറ്റെടുത്തപ്പോൾ ഇന്ത്യൻ ജനാധിപത്യം വർഗീയ രാഷ്ട്രീയത്തിലേക്ക് വീണടിഞ്ഞുവോയെന്നും തോന്നിപ്പോയി. ഇന്ത്യയുടെ മതേതരത്വം കൈവെടിഞ്ഞുകൊണ്ട് ഇവിടം ഒരു ഹിന്ദുരാഷ്ട്രം കെട്ടിപൊക്കണമെന്ന മോഹങ്ങളായി നടക്കുന്നവർ! സവർണ്ണ മേധാവിത്വം രാജ്യത്തു പുനഃസ്ഥാപിക്കണമെന്നു ചിന്തിക്കുന്നവരാണ്.
ഹിന്ദുമതം ഒരു മതമല്ല മറിച്ച് അനേക ഋഷിമാരാൽ എഴുതപ്പെട്ട ധർമ്മിഷ്ട തത്ത്വങ്ങളടങ്ങിയ ജീവിതത്തിലേക്കുള്ള ഒരു വഴികാട്ടിയാണ്. ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന അനേകമനേകം ഋഷിമാരുടെ ചിന്തകളിൽ നിന്നും രൂപം പ്രാപിച്ച ധർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ അവരുടെ ഗ്രന്ഥപ്പുരകളിൽ നിറഞ്ഞിരിക്കുന്നു. ചരിത്രാതീത കാലം മുതൽ പൊതുവെ ഹിന്ദുക്കൾ നല്ലവരും സമാധാന പ്രിയരുമാണ്. പുറമെയുള്ള ശക്തികൾ ഇന്ത്യയെ ആക്രമിച്ച ചരിത്രമുണ്ട്. എന്നാൽ ഹിന്ദുക്കൾ മറ്റു മത വിഭാഗങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന രാജ്യങ്ങളിൽ പോയി ആക്രമിച്ച ചരിത്രമില്ല. ക്രിസ്ത്യാനികളും മുസ്ലിമുകളും ഇന്ത്യാ ഭരിച്ചു. സത്യം, ധർമ്മം, അഹിംസാ തത്ത്വങ്ങൾ പ്രായോഗിഗ തലങ്ങളിൽ വിശ്വസിച്ചിരുന്ന ഹിന്ദുക്കൾ പ്രതിരോധിച്ചതല്ലാതെ, അവരുടെ ഭരണം ഏറ്റുവാങ്ങിയതല്ലാതെ ശത്രുവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയിൽ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടനയും നമുക്കുണ്ട്. നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഓരോ ഭാരതീയനും അഭിമാനിക്കേണ്ടതു തന്നെയാണ്. എന്നാൽ ആ കാഴ്ചപ്പാട് ഹിന്ദുത്വയെന്ന പുതിയ മതത്തിന്റെ വരവോടെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മൗലിക ചിന്തകൾ മാത്രം ഉൾക്കൊള്ളുന്ന ഹിന്ദുമഹാസഭയുടെയും ആർ.എസ്.എസ് എന്ന മതസംഘടനയുടെയും സ്വാധീനം വർധിച്ചതുമൂലം ഹിന്ദുമതത്തിലുണ്ടായിരുന്ന ധർമ്മ ചിന്താഗതികൾക്ക് പാളിച്ചകൾ സംഭവിച്ചു. പകരം ഹിന്ദുത്വ മതം അക്രമ ചിന്താഗതികൾ പ്രചരിപ്പിക്കുകയും ജനദ്രോഹ പരിപാടികൾ നടപ്പാക്കുകയും ചെയ്യുന്നു.
ഒരു പൂജാരി മുഖ്യമന്ത്രിയാകുന്നതും അദ്ദേഹത്തിൻറെ കഴിഞ്ഞകാല വർഗീയ ചിന്താഗതികളും അഹിന്ദുക്കളെയും ദളിതരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. വർണ്ണാശ്രമ ധർമ്മത്തിനു വെളിയിലുണ്ടായിരുന്ന ഈഴവ ജാതി മുതൽ താഴോട്ടുള്ളവർ ബ്രാഹ്മണ വൈഷ്‌ണവ ജാതികൾക്കെതിരെ അവകാശങ്ങൾക്കായി സമരം ചെയ്തവരാണ്. തീണ്ടലും തൊടീലും സഹികെട്ട വലിയൊരു ജനവിഭാഗം ഹൈന്ദവ മതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേക്ക് ചെക്കേറി. വടക്കേ ഇന്ത്യയിൽ ഇന്നും ദളിതരെ പച്ചയായി ചുട്ടു കരിക്കുന്ന കഥകളാണ് വാർത്തകളിൽ വായിക്കുന്നത്. ഭാവിയിൽ 'ഹിന്ദുത്വ' എന്ന പുതിയ മതസിദ്ധാന്തം ബ്രാഹ്മണരൊഴിച്ചുള്ള മറ്റുള്ളവർക്കും ഭീഷണിയാകുമെന്നു ചിന്തിക്കുന്നവരുമുണ്ട്.
യോഗി ആദിത്യ നാഥൻ ഉത്തർക്കണ്ഡിലെ പഞ്ചുർ ഗ്രാമത്തിൽ ഗർവാൾ ഡിസ്ട്രിക്ടിൽ 1972 ജൂൺ അഞ്ചാം തിയതി ജനിച്ചു. ബാല്യത്തിൽ 'അജയ് സിംഗ് ബിഷ്ട'നെന്നു വിളിച്ചിരുന്നു. അച്ഛൻ 'ആനന്ദ് സിംഗ് ബിഷ്ട്' വനം വകുപ്പ് ഓഫീസറായിരുന്നു. ഈ കുടുംബം രജപുത്രന്മാരുടെ പരമ്പരകളായി അറിയപ്പെടുന്നു. ഉത്തർഖണ്ഡിലുള്ള ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിത ശാസ്ത്രത്തിൽ ബിരുദം നേടി. അയോദ്ധ്യാ ശ്രീ രാമ ക്ഷേത്ര പ്രവർത്തനങ്ങൾക്കായുള്ള സംഘടനയിൽ ചേർന്നു. പിന്നീട് 1990-ൽ വീട് വിട്ടിറങ്ങി. ഗോരഖ് നാഥ് മഠം അധിപൻ മഹന്ത് അവൈദ്യനാഥിന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. അവിടെ ആശ്രമ അന്തേവാസിയും പുരോഹിതനുമായി. അതിനുശേഷം 'യോഗി ആദിത്യനാഥ്' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. യോഗി അവൈദ്യനാഥിന്റെ പിൻഗാമിയായും തിരഞ്ഞെടുത്തു. പിന്നീട് അദ്ദേഹം സ്വന്തം നാട്ടിൽ കൂടെക്കൂടെ സന്ദർശിച്ചുകൊണ്ടിരുന്നു. 1998-ൽ ജന്മ നാട്ടിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.
ഉത്തർപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഭൂരിപക്ഷം നേടിയതുകൊണ്ട് 2017 മാർച്ചുമുതൽ മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. വർഗീയത ഇളക്കി വിട്ടുകൊണ്ട് അതിതീവ്രമായ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചതും യോഗിയായിരുന്നു. 1998 മുതൽ അഞ്ചു പ്രാവിശ്യം തുടർച്ചയായി ഇന്ത്യൻ പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ടു. 'യോഗി ആദിത്യൻ' ഗോരഖ് പുർ മഠത്തിലെ പ്രധാന മഠാധിപതി കൂടിയാണ്. അദ്ദേഹത്തിൻറെ ആത്മീയ ഗുരു മഹന്ത് അവൈദ്യനാഥ് 2014 സെപ്റ്റമ്പറിൽ മരിച്ചു. അതിനുശേഷം ആ സ്ഥാനത്തേയ്ക്ക് ആദിത്യനെ തിരഞ്ഞെടുത്തിരുന്നു. ഇദ്ദേഹം പട്ടാളമുറയിലുള്ള 'ഹിന്ദു യുവ വാഹിനി'യെന്ന സംഘടനയുടെ സ്ഥാപകനാണ്. ഈ സംഘടന അനേക വർഗീയ ലഹളകൾക്കും കാരണമായിട്ടുണ്ട്. കോടതി വിധികളെ തിരസ്ക്കരിച്ചുകൊണ്ടും നിയമം കൈകളിലെടുത്തുകൊണ്ടുമാണ് പ്രതിയോഗികളെ പലപ്പോഴും ഇവരുടെ മിലിറ്റന്റ് (Militant) സംഘടന അക്രമിക്കാറുള്ളത്.
ചതുർ വേദങ്ങളിൽ ഏകദൈവ വിശ്വാസങ്ങളാണുള്ളതെങ്കിലും പുരാണങ്ങളും മനുവിയൻ തത്ത്വങ്ങളും പാലിക്കുന്നവർ ജാതിയിൽ കൂടിയവരെന്ന ചിന്തകളുമായി നടക്കുന്നവരാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സംഭവവികാസങ്ങളിൽ കൂടുതലും സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ ചരിത്രങ്ങളുൾപ്പെട്ടതായിരുന്നു. ശ്രീ നാരായണഗുരുവും അയ്യങ്കാളിയും പൽപ്പുവും സഹോദരൻ അയ്യപ്പനും ഹൈന്ദവ മ്ലേച്ഛന്മാരുടെ മനോഭാവത്തിനെതിരെ വിപ്ലവം നടത്തി. ജനാധിപത്യത്തിൽ മതവികാരങ്ങൾ വളർന്നാൽ അവിടം ഫാസിസമാകുമെന്നും മുസോളിനിയുടെ ഇറ്റലിയോ ഹിറ്റ്ലറിൻറെ ജർമ്മനിയോ ആവർത്തിക്കുമെന്നും ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എങ്കിലും ആദിത്യ നാഥിന്റെ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യപ്രകടനങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് ആശ നൽകുന്നതാണ്. ഇത് അദ്ദേഹത്തിൻറെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ കണക്കിൽപ്പെടുത്തുമ്പോൾ 'കപടതയോ' 'ആത്മാർത്ഥതയോ' ഏതെന്നു നിശ്ചയമില്ല. 'ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വർഗീയതയെന്നുള്ള' വിവേകാനന്ദന്റെ ആപ്തവാക്യം ആദിത്യനെ ബാധിക്കില്ലെന്നും ചിന്തിക്കാം.
രാജ്യത്ത് എന്തുതന്നെ പീഢനങ്ങളും കൊലപാതകങ്ങളും സംഭവിച്ചാലും അതിനുള്ള തെളിവുകൾ മുഴുവൻ നശിപ്പിക്കുന്നത് അഴിമതിയിൽ പൂണ്ട പോലീസുകാരും അവരുടെ മേലുദ്യോഗസ്ഥരുമാണ്. കേരളത്തിന്റെ പശ്ചാത്തലം അവലോകനം ചെയ്താലും ജനമനഃസാക്ഷിയെ മുറിവേൽപ്പിച്ച അനേകമനേക ക്രൂരതയുടെ ചരിത്രങ്ങൾ തെളിഞ്ഞു വരുന്നത് കാണാം. ഇവിടം കമ്മ്യൂണിസവും കോൺഗ്രസ്സും മാറി മാറി ഭരിച്ചിട്ടും കുറ്റകൃത്യങ്ങൾക്ക് യാതൊരു കുറവും വന്നിട്ടില്ല. യു.പി.യിൽ ആയിരക്കണക്കിന് ദളിതരെയാണ് സവർണ്ണ രാഷ്ട്രീയക്കാർ വർഷംതോറും ചുട്ടുകരിക്കുന്നത്. അവിടെ കൊലപാതക രാഷ്ട്രീയങ്ങൾ നിത്യ സംഭവങ്ങളുമാണ്.
ലക്‌നോവിൽ സോണിയാ ഗാന്ധിയുടെ മണ്ഡലത്തിൽ എട്ടുവർഷം മുമ്പ് ഒരു ദളിത യുവതി അതിദാരുണമാം വിധം ബലാൽസംഗത്തിനിരയായിരുന്നു. അതിനുശേഷം വർഷം തോറും അവർ സവർണ്ണ മേധാവികളിൽനിന്നും പീഢനങ്ങൾ ഏറ്റുകൊണ്ടിരുന്നു. ഈ വർഷവും അവരെ അതിക്രൂരതകൾക്കിരയായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്! കൂട്ടബലാത്സംഗത്തിനും, തുടർച്ചയായ ആസിഡ് ആക്രമണങ്ങൾക്കും ഇരയായ ദളിത് യുവതിയെ ലഖ്‌നൗ, കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ചെന്നു സന്ദർശിച്ചു. നിരവധി തവണകൾ അവർ ആസിഡ് ആക്രമണത്തിനു ഇരയായിരുന്നു. കഴിഞ്ഞ ഭരണകൂടങ്ങൾ ഒരിക്കലും കുറ്റക്കാർക്കെതിരെ കേസുകളെടുക്കാൻ തയ്യാറായിരുന്നില്ല. യോഗി ഒരു ലക്ഷം രൂപയുടെ ചെക്ക് അവരുടെ ഭർത്താവിനെ ഏൽപ്പിച്ചു. നീണ്ട എട്ടു വർഷത്തെ യുവതിയുടെ യാതനകൾക്കു ശേഷം നാളിതുവരെ മറ്റാരിൽനിന്നും കിട്ടാതിരുന്ന സഹായം മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിച്ചത് തികച്ചും മാനുഷിക പരിഗണനകൾ തന്നെയായിരുന്നു.
കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നടപടികളെടുക്കാനും ആജ്ഞാപിച്ചു. എത്രയും വേഗം അവരെ പിടികൂടാനും നിർദ്ദേശങ്ങൾ നൽകി. സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്ത് ഈ വിഷയത്തിൽ ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. ഇക്കാലമത്രയും കുറ്റവാളികൾ യാതൊരു ശിക്ഷണ നടപടികളുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുകയായിരുന്നു. യോഗിയുടെ ഉത്തരവിനെ തുടർന്ന് പോലീസന്വേഷണം ആരംഭിച്ചു. നേരത്തെ ആക്രമിച്ച സംഘങ്ങൾ തന്നെയാണ് അടുത്ത കാലത്തും അവരെ ആക്രമിച്ചത്. ഏതോ ദ്രാവകം ബലമായി അവരെ കുടിപ്പിക്കുകയും ചെയ്തു. ഈ സംഭവങ്ങളിൽ അധികൃതർ ഒരിക്കലും ചെറുവിരൽ പോലും അനക്കിയിട്ടുണ്ടായിരുന്നില്ല.
പ്രധാനമന്ത്രി മോദിയുടെ കേന്ദ്രത്തിലെ പദ്ധതികൾ യൂ.പി.യിലും നടപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ മതമോ വർഗ്ഗമോ വർണ്ണ ചിന്തകളോ ഉണ്ടായിരിക്കില്ലാന്നുള്ള അദ്ദേഹത്തിൻറെ പ്രസ്താവനകളും അഹിന്ദുക്കൾക്ക് ആശ്വാസം നൽകുന്നു. 'ഒരു പ്രത്യേക സമൂഹത്തെയോ സമുദായത്തെയോ പ്രീതിപ്പെടുത്തുന്ന നയങ്ങളും ഉണ്ടായിരിക്കില്ല. സ്ത്രീകളുടെ സുരക്ഷിതത്തിനും ജോലിക്കും പ്രാധാന്യം നൽകും. ഗുണ്ടാ വിളയാട്ടം, അഴിമതികൾ, സർക്കാരിന്റെ ചുവപ്പുനാടകൾ മുതലായവകൾ അവസാനിപ്പിക്കും. രാജ്യത്തിലെ അരാജകത്വവും രാഷ്ട്രീയ കുഴപ്പങ്ങളും ഇല്ലാതാക്കും. നിയമരാഹിത്യവും അനുവദിക്കില്ല'. ഇങ്ങനെ രാജ്യധർമ്മത്തിനായുള്ള മൗലിക ചിന്തകൾ അദ്ദേഹത്തിൻറെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഭാരതത്തിന്റെ ഹൃദയസ്ഥാനമായ ഉത്തർപ്രദേശിൽ ഇനിമുതൽ നീതിയിൽ അധിഷ്ഠിതമായ ഒരു ഭരണം സ്ഥാപിക്കുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജാതിയോ, മതമോ, രാഷ്ട്രീയമോ വിത്യാസമില്ലാതെ എല്ലാവരും ഇന്ത്യക്കാരെന്ന കാഴ്ചപ്പാടിൽ ഭരണം നടപ്പാക്കുമെന്നും പറഞ്ഞു. തുല്യനീതിയും തുല്യനിയമവും തന്റെ ഭരണത്തിൻറെ സവിശേഷതകളായിരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ പ്ലാറ്റ്ഫോറങ്ങൾ പങ്കിട്ടിരുന്ന സമയങ്ങളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത്. അധികാരം ലഭിച്ച നാളുമുതൽ അദ്ദേഹത്തിൽ ഒരു പാകത നിറഞ്ഞ രാഷ്ട്രീയക്കാരനെയും നിരീക്ഷകർ കാണുന്നു.
ഉത്തർ പ്രദേശം മുഴുവൻ തെരുവുകളിൽ പ്രേമിച്ചു നടക്കുന്നവർക്കെതിരെ 'ആന്റി റോമിയോ' സ്‌ക്വാഡ് (Anti Romeo squad)രൂപീകരിച്ചു. പരസ്പ്പര സമ്മതത്തോടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വഴിയേ പ്രേമിച്ചുനടക്കാനും ബുദ്ധിമുട്ടാവും. സ്ത്രീകൾക്ക് തെരുവുകൾ സുരക്ഷിതമാക്കാനുള്ള പദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുന്നത്. ഏതു പാതിരാത്രിക്കും സ്ത്രീകൾക്ക് പേടിക്കാതെ നടക്കാമെന്നും ആദിത്യ പറയുന്നു. നിയമവിരുദ്ധമായി നടത്തുന്ന കന്നുകാലികളുടെ അറവുശാലകൾ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം നിരോധിച്ചു. ഗോക്കളെ കള്ളക്കടത്തു നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷണ നടപടികൾ നടപ്പാക്കി. ടുബാക്കോ, പാൻ എന്നിവകൾ സർക്കാർ ഓഫിസുകളിൽ നിരോധിച്ചു. ഒരോ ജോലിക്കാരും വർഷത്തിൽ 100 മണിക്കൂർ സ്വച്ഛ ഭാരതത്തിനായി യത്നിക്കാൻ പ്രതിജ്ഞ ചെയ്യണമെന്നും നിർദേശിച്ചു.
2005-ൽ ആദിത്യ യോഗിയുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികളെ ശുദ്ധികലശം നടത്തി ഹിന്ദു മതത്തിലേക്ക് മതം മാറ്റാനുള്ള യജ്ഞം ആരംഭിച്ചു. ഉത്തർപ്രദേശിലെ എട്ടായിൽ ഒരു തവണ 1800 ക്രിസ്ത്യാനികളെ മതം മാറ്റി. ഉത്തർപ്രദേശിനെ പൂർണ്ണമായും ഹിന്ദു സംസ്ഥാനം ആക്കുന്നവരെ തനിക്കു വിശ്രമമില്ലെന്നാണ് ആദിത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മദർ തെരേസായെ അദ്ദേഹം വെറുത്തിരുന്നു. ദാരിദ്ര്യം മുതലെടുത്ത് ദരിദ്രരായ ഹിന്ദുക്കളെ മതം മാറ്റുകയെന്നത് അവരുടെ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവർക്കു വേണ്ടിയിരുന്നത് ദരിദ്രരെയല്ല ദാരിദ്ര്യമായിരുന്നുവെന്നും പറഞ്ഞു. പാർലമെന്റ് മെമ്പറും അമ്പലപൂജാരിയുമായ ആദിത്യന്റെ മുഖ്യമന്ത്രിപദം തികച്ചും അയാളുടെ ഇസ്‌ലാമിയ ക്രിസ്തീയ വിരോധത്തിൽനിന്നും നേടിയെടുത്തതായിരുന്നു.
കഴിഞ്ഞ വർഷം ഉത്തർ പ്രദേശിൽ ഒരു മുസ്ലിം യുവാവ് പശുവിനെ കൊന്നതിന് വർഗീയവാദികൾ അയാളെ പച്ചയോടെ പിച്ചിക്കീറി. ആ മനുഷ്യന്റെ കുടുംബത്തെ മുഴുവനും കുറ്റക്കാരാക്കിക്കൊണ്ട് കേസ് കൊടുക്കണമെന്നാണ് ആദിത്യനും അയാളുടെ അനുയായികളും അന്നു പറഞ്ഞത്. യൂ.പി. യെ ഒറ്റ മുസ്ലിമില്ലാത്ത സ്വതന്ത്ര സംസ്ഥാനമാക്കാമെന്നാണ് അയാൾ ഉൾനാടൻ ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പുപ്രചരണങ്ങൾ നടത്തിയിരുന്നത്. ദളിതർക്ക് മോഹനങ്ങളായ വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് വോട്ടു ബാങ്കിൽ നേട്ടങ്ങൾ കൊയ്തു. നിരുത്തരവാദപരങ്ങളായ പ്രസ്ഥാനവനകളുമായി വോട്ടുകളിൽക്കൂടി അധികാരം പിടിച്ചെടുത്ത ആദിത്യൻ ഭരണത്തിലും അങ്ങനെയുള്ള ചിന്തകൾ തുടർന്നാൽ രാജ്യം അരാജകത്തിലാകുമെന്നും ബോധ്യപ്പെട്ടുവരുന്നു.
2007 ജനുവരിയിൽ ഹിന്ദു മുസ്ലിം ലഹളയിൽ അപകടപ്പെട്ട 'രാജ് കുമാർ അഗ്രഹാരി' എന്ന ഒരു ഹിന്ദു യുവാവിനെ ഗുരുതരമായ പരിക്കുപറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ പ്രകോപനപരമായ അന്തരീക്ഷം ഉണ്ടാകാതിരിക്കാൻ സ്ഥലത്തെ മജിസ്‌ട്രേറ്റ് ആദിത്യനെ അവിടം സന്ദർശിക്കുന്നതിൽനിന്നും വിലക്കിയിരുന്നു. ആദ്യം അദ്ദേഹം സമ്മതിച്ചെങ്കിലും അഗ്രഹാരിയുടെ മരണശേഷം മജിസ്ടേറ്റിന്റെ ഉത്തരവിനെ വകവെക്കാതെ ഒരു കൂട്ടം അനുയായികളുമായി അവിടേയ്ക്ക് യാത്ര ചെയ്തു. ആദിത്യനും അനുയായികളും അഗ്രഹാരിയുടെ മരണത്തിൽ വികാരഭരിതരായി സത്യാഗ്രഹം ആരംഭിച്ചു. പ്രകോപനപരമായ പ്രസംഗം ചെയ്യുകയും അദ്ദേഹത്തിൻറെ അനുയായികൾ സമീപത്തുള്ള ഒരു മുസ്ലിം പള്ളി തീ വെച്ച് നശിപ്പിക്കുകയുമുണ്ടായി. പോലീസ് അവിടെ കർഫ്യു ഏർപ്പെടുത്തി. ആദിത്യൻ നിയമം ലംഘിക്കുകയും പോലീസ് ഉടനടി അറസ്റ്റ് ചെയ്യുകയുമുണ്ടായി. സമാധാന ലംഘനത്തിന് ഇരുപത്തിനാല് മണിക്കൂറുകൾ ജയിലിൽ ഇട്ടു. അദ്ദേഹത്തിൻറെ അറസ്റ്റ് നാടു മുഴുവൻ പ്രത്യാഘാതത്തിനു കാരണമായി. മുംബൈ ഗോരഖ്‌പൂർ ട്രെയിനിന്റെ അനേക കോച്ചുകൾ 'ഹിന്ദു യുവ വാഹിനികൾ' കത്തിച്ചു നശിപ്പിച്ചു. അറസ്റ്റിനുശേഷം ഡിസ്ട്രിക്റ്റ് ജഡ്ജിയെയും സ്ഥലത്തെ പോലീസ് ചീഫിനെയും സ്ഥലം മാറ്റം നടത്തിയിരുന്നു. ഗോരഖ്‌പൂർ മുഴുവൻ ലഹള പൊട്ടിപ്പുറപ്പെട്ടു. മോസ്ക്കുകളും ഭവനങ്ങളും, ബസുകളും ട്രെയിനും ലഹളക്കാർ കത്തിച്ചു. അദ്ദേഹം ജയിൽ വിമുക്തനായശേഷം പാർലമെന്റിലും പ്രതിഷേധങ്ങളുണ്ടായിരുന്നു.
2011 മാർച്ചിൽ ഒരു ഡോക്യുമെന്ററി ഫിലിമിൽ ഹിന്ദുമത മൗലിക വാദിയായ ആദിത്യനാഥനെ സമുദായ മൈത്രി നശിപ്പിക്കുന്ന പ്രവർത്തനങ്ങളിലും റാലികൾ സംഘടിപ്പിക്കുന്നതിലും വിമർശിക്കുന്നുണ്ട്. ആദിത്യനാഥൻ സന്നിഹിതനായിരുന്ന ഒരു സ്റ്റേജിലെ മറ്റൊരു പ്രാസംഗികന്റെ വെറുപ്പിന്റെ പ്രസംഗം വിവാദപരവും ക്രൂരവുമായിരുന്നു. മുസ്ലിം സ്ത്രീകളുടെ ശവങ്ങൾ കുഴിമാടത്തിൽ നിന്നുപോലും മാന്തി പുറത്തെടുത്ത് ലൈംഗിക ഭോഗത്തിലേർപ്പെടണമെന്ന് സ്റ്റേജിലുണ്ടായിരുന്ന ഒരുവൻ പ്രസംഗിച്ചതും കോളിളക്കം സൃഷ്ടിച്ചിരുന്നു. അയാളുടെ പ്രസംഗം സോഷ്യൽ മീഡിയാകളിൽ വൈറലാവുകയും ചെയ്തു. 2014-ൽ പുറത്തുവന്ന യൂട്യൂബിൽ ആദിത്യന്റെ വർഗീയ വിദ്വേഷം നിറഞ്ഞ ഒരു പ്രസംഗം ശ്രവിക്കാൻ സാധിക്കും. "ഒരു ഹിന്ദുവായ പെൺകുട്ടിയെ ഒരു മുസ്ലിം വിവാഹം ചെയ്യുകയാണെങ്കിൽ നൂറു മുസ്ലിം യുവതികളെ ഹിന്ദുക്കളാക്കി വിവാഹം ചെയ്യണമെന്നു" അദ്ദേഹം പറഞ്ഞു. അവർ ഒരു ഹിന്ദുവിനെ കൊല്ലുന്നുവെങ്കിൽ നാം നൂറു മുസ്ലിമുകളെ വധിക്കണമെന്നും അതേ വീഡിയോയിൽ പറയുന്നുണ്ട്.
യോഗ പ്രാക്റ്റീസ് ചെയ്യാൻ ആഗ്രഹമില്ലാത്തവർ ഇന്ത്യ വിടണമെന്നും ആഹ്വാനം ചെയ്തു. സുപ്രിസിദ്ധ നടൻ ഷാരൂഖാനെ പാകിസ്ഥാനിലെ ഒരു ഭീകരനായ 'ഹഫീസ് സായിദ്നോടും ഉപമിച്ചു. 'ഷാരൂഖാനെ ഒരു താരമാക്കിയത് രാജ്യത്തിലെ ഭൂരിഭാഗം ജനമെന്നും അവരെല്ലാം ഒത്തുചേർന്നുകൊണ്ട് ഷാരൂഖാന്റെ സിനിമ ബോയ്‌ക്കോട്ട് ചെയ്യുന്നുവെങ്കിൽ അയാൾ പിന്നെ തെരുവിൽക്കൂടി നടക്കേണ്ടി വരുമെന്നും' ആദിത്യൻ പറഞ്ഞു. അറബി നാടുകളിലും ഗൾഫ് മേഖലകളിലുമുള്ള തൊഴിലുടമകൾ രാജ്യത്തുനിന്നും ഹിന്ദുക്കളെ നീക്കം ചെയ്താലുള്ള ഒരു സ്ഥിതിവിശേഷത്തെപ്പറ്റി ശ്രീ ആദിത്യനാഥ് ചിന്തിച്ചിട്ടുണ്ടോ? താങ്കൾ പറയുന്ന ഒരു ഷാരൂഖാൻ തെരുവിൽ നടന്നേക്കാം. ഗൾഫ് നാടുകളിൽ മുസ്ലിമുകളുടെ ഔദാര്യ മനസ്ഥിതിയില്ലായിരുന്നെങ്കിൽ എത്രയായിരം ഹിന്ദു ജനങ്ങൾ തെരുവുകളിൽക്കൂടി അലയുമായിരുന്നുവെന്ന സത്യം മനസിലാക്കാനുള്ള കഴിവ് ശ്രീ യോഗി ആദിത്യനില്ലാതെ പോയി.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയും ആദിത്യനും രണ്ടു ഭിന്ന ധ്രുവങ്ങളിലാണ് പ്രവർത്തിക്കുന്നതെങ്കിലും സമയാസമയങ്ങളിൽ ആശയപരമായി അവർ ഇരുവരും ഐക്യപ്പെടാറുണ്ട്. 2002-ൽ നടന്ന ഗുജറാത്ത് കലാപം മോദിയെ ദേശീയ രാഷ്ട്രീയത്തിലും സ്വന്തം പാർട്ടിയിലും പ്രസിദ്ധനാക്കി. ആദിത്യൻ പാർട്ടിയിൽ പ്രസിദ്ധനല്ലായിരുന്നെങ്കിലും അദ്ദേഹവും ജന പ്രിയനായി അറിയപ്പെട്ടു കഴിഞ്ഞു. കാരണം, രണ്ടുപേരും ഹിന്ദുത്വയുടെ വക്താക്കളും പശുവിനെ അമ്മയായി കരുതുന്നവരും അയോദ്ധ്യായിൽ രാമക്ഷേത്രം പണിയണമെന്ന് ചിന്തിക്കുന്നവരുമാണ്. മുസ്ലിമുകളെ വെറുപ്പിച്ചുകൊണ്ടു രണ്ടുപേരും അധികാരം നേടുകയും ചെയ്തു. അയോദ്ധ്യാ പ്രശ്‍നം വടക്കേ ഇന്ത്യയിലുള്ള ഓരോ ഹിന്ദുവിന്റെയും മനസുകളിൽ ആളിക്കത്തുന്ന ഒരു വിഷയമാണ്. അതുപോലെ പശുവിനോടുള്ള അത്യഗാധമായ ആരാധന വിദ്യാഹീനരായ ഹിന്ദുക്കളിൽ മേലെക്കിടയിലുള്ള ഹിന്ദുക്കൾ കുത്തി നിറച്ചു. ഭൂരിഭാഗം ജനങ്ങളും പശുക്കളെ കൊല്ലുന്നവരെ ശിക്ഷിക്കണമെന്ന അഭിപ്രായക്കാരാണ്. മോദിയുടെ കറൻസി റദ്ദാക്കൽ (ഡീമോണിറ്റഷൻ) പദ്ധതികൾക്കും ആദിത്യന്റെ പിന്തുണയുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് 'മോദിക്കണോമിസ്' ശക്തി നൽകുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ആദിത്യനാഥും ബി.ജെ.പി യും തമ്മിൽ വലിയ തർക്കങ്ങളുണ്ടായിരുന്നു. എങ്കിലും ആദിത്യനാഥ് സ്വാധീനമുള്ള രാഷ്ട്രീയക്കാരനായതിനാൽ ബി.ജെ.പി. വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് സൗമ്യമായി പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. ഏതാനും വർഷങ്ങളായി ബിജെപി യുമായി ആദിത്യനാഥിന് നല്ല ബന്ധമുണ്ടായിരുന്നില്ല. ഹിന്ദുത്വ വിഭാവന ചെയ്ത ആശയങ്ങളിൽനിന്ന് ബി.ജെ.പി. വ്യത്യസ്തങ്ങളായി പ്രവർത്തിക്കുന്നതിനാൽ അദ്ദേഹം അസന്തുഷ്ടനായിരുന്നു. 'ഹിന്ദു യുവ വാഹിനി'യുടെയും ഗോരഖ് പുർ മഠത്തിന്റെയും പിന്തുണ ബലത്തോടെ ബി.ജെ.പി.യുടെ രാഷ്ട്രീയ അജണ്ടകളെ അദ്ദേഹം അംഗീകരിക്കില്ലായിരുന്നു. ബിജെപി അദ്ദേഹത്തെ ശ്രദ്ധിക്കാതെ വന്നപ്പോൾ അവരുടെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ അദ്ദേഹത്തിൻറെ സ്ഥാനാർഥികളെ നിർത്താൻ തുടങ്ങി. ഉദാഹരണമായി 2002-ൽ ഗോരഖ് പുരിൽ ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി രാധ മോഹൻ ദാസ് അഗർവാൾനെ ബി.ജെ.പി യ്ക്ക് എതിരായി മത്സരിപ്പിച്ചു. ആദിത്യന്റെ നിലപാടുമൂലംക്യാബിനറ്റ് മന്ത്രിയായിരുന്ന ബിജെപി യുടെ സ്ഥാനാർഥി 'ശിവ് പ്രതാപ് ശുക്ല' ദയനീയമായി പരാജയയപ്പെടുകയുമുണ്ടായി. എതിർപ്പുകളും ആശയസംഘട്ടനങ്ങളും സാധാരണമെങ്കിലും ആദിത്യ ബിജെപി നേതാക്കന്മാരുമായി നല്ല ബന്ധത്തിലാണ് കഴിയുന്നത്. സുപ്രധാനങ്ങളായ തീരുമാനങ്ങൾ എടുക്കുന്ന സമയം എൽ.കെ.അദ്വാനിയും രാജേന്ദ്ര സിങ്ങും അശോക സിങ്ങും അദ്ദേഹത്തെ വ്യക്തിപരമായി സന്ദർശിക്കാറുണ്ടായിരുന്നു.
ആദിത്യ നാഥ്, ഡൊണാൾഡ് ട്രംപിന്റെ വലിയ ആരാധകനാണ്. ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ നിരോധിച്ചതിൽ അദ്ദേഹം ട്രംപിനെ അഭിനന്ദിക്കുന്നുണ്ട്. ഭീകരതയെ തടയാൻ ഇന്ത്യയും അതേ വഴികൾ തുടരണമെന്നാണ് ആദിത്യൻ ആഹ്വാനം ചെയ്തത്. ഇന്ത്യയ്ക്ക് മുസ്ലിം രാജ്യങ്ങൾ ഓയിൽ നല്കില്ലെന്നു തീരുമാനിച്ചാൽ ആദിത്യന്റെ വിഷം ചീറ്റുന്ന ഇത്തരം ചിന്തകളും വാക്കുകളും നിർവീര്യമാകും.
മതമെന്നു പറയുന്നത് മനുഷ്യനെ മയക്കുന്ന കറുപ്പെന്നു കാറൽ മാർക്സ് പറഞ്ഞിരുന്നു. അത് ഇന്ത്യയെ സംബന്ധിച്ച് സത്യമല്ലെന്നാണ് ആദിത്യന്റെ അഭിപ്രായം. എങ്കിലും ജനാധിപത്യത്തിൽ, മതത്തിന്റെ വിഷം കലർത്താതെ ഒരു പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ലെന്നുള്ളതും സത്യങ്ങളാണ്. മതത്തിന്റെ രക്ഷകരെന്നു പ്രഖ്യാപിച്ചുകൊണ്ട് വാസ്തവത്തിൽ അവർ ഹിന്ദുമതത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. പശുവാണ് അവരുടെ പരിശുദ്ധ ദൈവമെങ്കിൽ ആയിക്കൊള്ളട്ടെ, വിരോധമില്ല. പശുവിന്റെ ഇറച്ചി നിങ്ങൾ തിന്നരുത്. കാരണം അത് നിങ്ങളുടെ ദൈവം മാത്രം. എന്നാൽ പശു ഹിന്ദുക്കൾ അല്ലാത്തവരുടെ ദൈവമല്ല. സനാതന ധർമ്മത്തിലെ വേദങ്ങളുടെ ദൈവമല്ല. പശുവിന്റെ ചാണകവും മൂത്രവും ദിവ്യ ഔഷധങ്ങളായി കരുതാൻ അഹിന്ദുക്കൾക്ക് ബുദ്ധിമുട്ടുണ്ട്. മുസ്ലിമുകളും ക്രിസ്ത്യാനികളും കാളയിറച്ചിയും പശുവിറച്ചിയും തിന്നരുതെന്നു പറയാൻ നിങ്ങൾക്കെന്തവകാശം? പശുവിനെ കൊന്നാൽ ജീവപര്യന്തം. മനുഷ്യനെ കൊന്നാൽ ഒന്നുമില്ല. അത് കിരാത യുഗത്തിലെ അപരിഷ്കൃത മനുഷ്യരുടെയും ഇന്നത്തെ കാവിവസ്ത്ര ധാരികളുടെയും മതമൗലിക വാദികളുടെയും ചിന്തകളാണ്. അറവു ശാലകൾ അടച്ചുപൂട്ടിയവഴി ആയിരക്കണക്കിന് മുസ്ലിമുകളും ഹിന്ദുക്കളും തെരുവുകളിൽ പട്ടിണിയായി കഴിയുമ്പോൾ ആദിത്യ യോഗി പശുക്കളെ തീറ്റിയും കുരങ്ങന്മാരെ കൊഞ്ചിച്ചും നീറോയുടെ അതേ വീണ വായിച്ചുകൊണ്ടിരിക്കുന്നു.
കൈക്കൂലി വാങ്ങുന്ന ആന്റി റോമിയോ സ്‌ക്വാഡ് . |
CM Yogi visits gang-rape survivor in hospital |