ജോസഫ് പടന്നമാക്കൽ
1975-ജൂണിൽ തുടങ്ങി ഇരുപത്തിയൊന്നു മാസങ്ങളോളം നീണ്ടുനിന്ന അടിയന്തിരാവസ്ഥ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ ചരിത്രത്തിന്റെ ഇടനാഴികയിലെ ഇരുണ്ട ഒരു അദ്ധ്യായമായി കരുതുന്നു. അസ്വാതന്ത്ര്യത്തിന്റെ അടിയന്തിരാവസ്ഥയിൽനിന്നും 1977 മാർച്ച് 21-നു മോചനം ലഭിച്ചിട്ട് നാൽപ്പതു വർഷം തികയുന്നു. ഭരണഘടന വാഗ്ദാനം ചെയ്തിരുന്ന നിയമങ്ങളെ അവഗണിച്ചുകൊണ്ടായിരുന്നു അന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശപ്രകാരം പ്രസിഡന്റ് ഫക്രൂദിൻ ആലി അഹമ്മദ് അടിയന്തിരാവസ്ഥ 1975 ജൂൺ ഇരുപത്തിയഞ്ചാം തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭരണഘടന 352 വകുപ്പുപ്രകാരം നടപ്പാക്കിയ ഒരു തീരുമാനമായിരുന്നു അത്.
സാധാരണ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് യുദ്ധകാലങ്ങളിലും പ്രകൃതി ക്ഷോപമുണ്ടാവുമ്പോഴും ആഭ്യന്തര കലാപങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോഴുമായിരുന്നു. എന്നാൽ ഏകാധിപതികളായ ഭരണാധികാരികൾ സ്വന്തം താല്പര്യങ്ങൾ പരിരക്ഷിക്കുന്നതിന് ഈ അധികാരം ദുർവിനിയോഗം ചെയ്യാറുണ്ട്. പാക്കിസ്ഥാനുമായും ചൈനയുമായും യുദ്ധമുണ്ടായപ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എങ്കിലും യുദ്ധത്തിനുശേഷം അങ്ങനെയൊരു പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്തു.
അടിയന്തിരാവസ്ഥയ്ക്ക് മുമ്പ് 1972 മുതൽ 1975 വരെ ഇന്ത്യയുടെ സാമ്പത്തിക മേഖലകൾ മൊത്തം പ്രശ്ന സങ്കീർണ്ണങ്ങളായിരുന്നു. പാകിസ്താനുമായുള്ള യുദ്ധം മൂലം ദേശീയ വരുമാനത്തിനും സാരമായ ഇടിവുണ്ടായി. ബംഗ്ളാദേശിനെ പാക്കിസ്ഥാനിൽ നിന്നും സ്വതന്ത്രമാക്കിയതിലും യുദ്ധം വിജയിച്ചതിലും ഇന്ദിരാഗാന്ധി ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളുടെ വിശ്വാസം നേടിയിരുന്നു. എന്നാൽ യുദ്ധംമൂലം സംഭവിച്ച ബംഗ്ളാദേശിൽ നിന്നുള്ള അഭയാർഥികളുടെ പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഏകദേശം എട്ടു മില്യൺ അഭയാർഥികൾ ബംഗ്ളാദേശിൽനിന്നും ഇന്ത്യയിൽ അഭയം തേടി. ദൈനംദിനമുള്ള അഭയാർത്ഥികളുടെ പ്രവാഹംമൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരുന്നു.
യുദ്ധത്തിനു ശേഷം അമേരിക്ക ഇന്ത്യക്കുള്ള സകല സാമ്പത്തിക സഹായങ്ങളും നിർത്തൽ ചെയ്തിരുന്നു. ആഗോള മാർക്കറ്റിൽ ഓയിൽ വില വർദ്ധിക്കുകയും ചെയ്തു. അതിനാൽ നിത്യോപയോഗ സാധനങ്ങൾക്ക് മുപ്പതു ശതമാനത്തിൽ കൂടുതൽ വില വർദ്ധിക്കുകയുമുണ്ടായി. വിലപ്പെരുപ്പം സാധാരണ ജനങ്ങൾക്ക് താങ്ങാൻ സാധിക്കാത്ത വിധമായിരുന്നു. വ്യവസായ വളർച്ചയും ഇടിഞ്ഞു പോയിരുന്നു. ഫാക്റ്ററികൾ അടയ്ക്കുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്തു. സർക്കാരിന്റെ വരുമാനം കുറഞ്ഞപ്പോൾ ഫെഡറൽ ജോലിക്കാർക്ക് ശമ്പളം കൊടുക്കാനും സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടായി. അത് ഫെഡറൽ ജോലിക്കാരുടെയിടയിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായി. 1972-1973 കാലങ്ങളിൽ മഴയില്ലാതാവുകയും കൃഷിഭൂമികൾ വരളുകയും ചെയ്തു. അതുമൂലം രാജ്യത്തിലെ ഉത്ഭാദന മേഖലയിൽ എട്ടു ശതമാനത്തോളം ഭക്ഷ്യ വിഭവങ്ങളും കുറഞ്ഞു. രാജ്യം മുഴുവനും സാമ്പത്തിക അരാജകത്വം അനുഭവപ്പെട്ടു. ഇന്ദിരാ ഗാന്ധി ഭരണത്തിനോട് ജനങ്ങൾ അതൃപ്തി പ്രകടിപ്പിക്കാനും തുടങ്ങി.
ഗുജറാത്തിലും ബിഹാറിലും വിദ്യാർത്ഥി പ്രക്ഷോപണങ്ങൾ കൊടുമ്പിരികൊണ്ടിരുന്നു. അത്യാവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധങ്ങൾ നാടുമുഴുവൻ വ്യാപിച്ചു. കോൺഗ്രസിനെയും പ്രധാനമന്ത്രിയെപ്പറ്റിയുമുള്ള അഭിപ്രായങ്ങൾ ജനങ്ങളുടെയിടയിൽ മോശമായിത്തുടങ്ങി. അഴിമതികൾകൊണ്ട് ജനജീവിതം തന്നെ ക്ലേശകരമായിരുന്നു. മൊറാർജി ദേശായിയെപ്പോലെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ പരസ്യമായി പ്രസ്താവനകൾ ഇറക്കിയും പ്രതിഷേധങ്ങൾ പ്രകടിപ്പിച്ചുകൊണ്ടും രംഗത്തു വന്നു. പുതിയതായി ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യങ്ങൾ രാജ്യം മുഴുവൻ വ്യാപിച്ചു. 1975 ജൂണിൽ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടത്തുകയും അവിടെ കോൺഗ്രസ്സ് പരാജയപ്പെടുകയും ചെയ്തു.
തൊഴിലില്ലായ്‌മ, അഴിമതി, ഭക്ഷ്യവിഭവങ്ങളുടെ അപര്യാപ്തത, എന്നീ കാരണങ്ങളാൽ 1974-ൽ ബിഹാറിൽ പ്രക്ഷോപണം ആരംഭിച്ചു. അവരോടൊപ്പം ജയപ്രകാശ് നാരായനും സമരത്തിൽ പങ്കെടുക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ സമരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു. ബിഹാറിലെ കോൺഗ്രസ്സ് സർക്കാരിനെ ഡിസ്മിസ് ചെയ്യാൻ ജയപ്രകാശ് ആവശ്യപ്പെട്ടു. സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ തലങ്ങളിൽ ഒരു വിപ്ലവത്തിനായും അദ്ദേഹം ആഹ്വാനം ചെയ്തു. സ്ട്രെയ്ക്കുകളും പ്രതിഷേധങ്ങളും അതിരൂക്ഷമായിക്കൊണ്ടിരുന്നു. സർക്കാർ രാജി വെക്കണമെന്നുള്ള സമരക്കാരുടെ ആവശ്യം കോൺഗ്രസ്സ് പാർട്ടി പൂർണ്ണമായും നിരസിക്കുകയും ചെയ്തു.
1971 -ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി 'റായ് ബറേലി' മണ്ഡലത്തിൽ രാജനാരായണനെ തോൽപ്പിച്ചു ലോകസഭാ അംഗത്വം നേടിയിരുന്നു. സർക്കാരിന്റെ സംവിധാനങ്ങളും വാഹനങ്ങളും ഉപയോഗിച്ച് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്നുള്ള കുറ്റാരോപണം ശ്രീ രാജനാരായൻ ഉന്നയിച്ചു. അതിന്റെ വെളിച്ചത്തിൽ അദ്ദേഹം ഇന്ദിരാ ഗാന്ധിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസ് കൊടുത്തു. അലഹബാദ് കോടതിയിൽ പ്രധാനമന്ത്രി ഇന്ദിരയെ വിസ്തരിച്ചത്, ഇന്ത്യയുടെ കോടതികളുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. 1975 ജൂൺ പന്ത്രണ്ടാം തിയതി ജഡ്ജി ജഗ്‌മോഹൻലാൽ സിൻഹ ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്നു വിധിച്ചു. സർക്കാരിന്റെ സംവിധാനങ്ങൾ ഉപയോഗിച്ചും ജനങ്ങളെ പണം കൊടുത്ത് പ്രലോഭിപ്പിച്ചും വോട്ടു നേടിയെന്നതായിരുന്നു, കുറ്റം. കൂടാതെ എം.പി സ്ഥാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലാന്നും വിധിയിലുണ്ടായിരുന്നു. ഭരിക്കുന്ന കോൺഗ്രസ്സ് പാർട്ടി പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ ഇന്ദിരയ്ക്ക് ഇരുപതു ദിവസം സാവകാശവും കൊടുത്തു.
അലഹബാദ് കോടതിവിധിയ്ക്കെതിരെ ചോദ്യം ചെയ്തുകൊണ്ട് ഇന്ദിരാ ഗാന്ധി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ജൂൺ ഇരുപത്തിനാലാം തിയതിയുള്ള സുപ്രീം കോടതിയുടെ വിധി ഇന്ദിരയ്ക്ക് എം.പിയായി തുടരാമെന്നും പക്ഷെ പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പാടില്ലാന്നുമായിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന വി.ആർ. കൃഷ്ണയ്യരായിരുന്നു വിധി പ്രസ്താവിച്ചത്.
സുപ്രീം കോടതി വിധിയിൽ ഇന്ദിരാഗാന്ധിയെ പൂർണ്ണമായും കുറ്റവിമുക്തയാക്കിയില്ലെന്നും അവർക്ക് പാർലമെൻറ് സമ്മേളനങ്ങളിൽ സംബന്ധിക്കാൻ അവകാശമില്ലാത്ത സ്ഥിതിക്ക് പ്രധാനമന്ത്രിസ്ഥാനം രാജി വെക്കണമെന്നും പ്രതിപക്ഷങ്ങൾ ആവശ്യപ്പെട്ടു. 1975 ജൂൺ ഇരുപത്തിയഞ്ചാം തിയതി രാജ്യം മുഴുവൻ പ്രകടനങ്ങളും പണിമുടക്കുകളും തുടങ്ങി. സർക്കാരുമായി സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷങ്ങളും രംഗത്തിറങ്ങി. രാജ്യത്ത് ആഭ്യന്തര സമാധാനം തകർന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഉപദേശപ്രകാരം പ്രസിഡന്റ് ഫക്രുദിൻ അലി അഹമ്മദ് ഉടൻ തന്നെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.
'ജനാധിപത്യത്തിന്റെ പേരിൽ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന ഒരു പ്രവണത രാജ്യത്ത് ഉടലെടുത്തിരുന്നു' വെന്നു ഇന്ദിരാഗാന്ധി 1975 ജൂൺ 26നു റേഡിയോയിൽക്കൂടി ജനങ്ങളെ അറിയിച്ചു. അടിയന്തിരാവസ്ഥയെ ന്യായികരിച്ചുകൊണ്ട് ഇന്ദിര പറഞ്ഞു:- "തിരഞ്ഞെടുത്ത സർക്കാരിനെ ചില തല്പരകഷികൾ ഭരിക്കാൻ സമ്മതിക്കാത്തത്, അടിയന്തിരാവസ്ഥയുടെ കാരണമായിരുന്നു. പ്രക്ഷോപണങ്ങൾ നിയന്ത്രിക്കാനാവാതെ അതിരു കടന്നിരുന്നു. രാജ്യത്തിന്റെ സമാധാനവും തകർന്നിരുന്നു. രാജ്യം മുഴുവനും അക്രമാസക്തമായി പ്രവർത്തിക്കാനും തുടങ്ങി. ചില വ്യക്തികൾ പട്ടാളത്തിൽ കലഹമുണ്ടാക്കാനും ശ്രമിച്ചു. പോലീസിനെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കാൻ ശ്രമിക്കുകയുമുണ്ടായി. രാജ്യത്തിന്റെ ഐക്യം തകർക്കാനും ശ്രമങ്ങളുണ്ടായി. വർഗീയ ലഹളകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതകളും എതിർപക്ഷം ആരംഭിച്ചിരുന്നു. ഒരു രാജ്യം അസ്വസ്ഥമാകുമ്പോൾ, അരാജകത്വത്തിൽ വഴുതി വീഴുമ്പോൾ ഒരു സർക്കാരിന് എങ്ങനെ നിശബ്ദമായി നിലകൊള്ളാൻ സാധിക്കും? ഏതാനും വ്യക്തികളുടെ അപകടകരമായ നീക്കം മൂലം ഭൂരിഭാഗം ജനതയുടെ അവകാശങ്ങളെയും ഇല്ലാതാക്കുന്നു."
അതേസമയം ജയപ്രകാശ് നാരായനും മറ്റു നേതാക്കന്മാരും ചിന്തിച്ചത്, 'ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ സർക്കാരിനെതിരെ ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെ''ന്നായിരുന്നു. 'ബിഹാറിലും ഗുജറാത്തിലുമുള്ള പ്രകടനങ്ങൾ സമാധാനപരമായിരുന്നു. എന്തുതന്നെ സംഭവങ്ങളുണ്ടായാലും സർക്കാരിന് അത് നിയന്ത്രിക്കാനും അധികാരമുണ്ടായിരുന്നു. ഭീഷണിയുണ്ടായിരുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കല്ല മറിച്ചു കോൺഗ്രസ് ഭരണകൂടത്തിനും പ്രധാനമന്ത്രിക്കുമായിരുന്നു.'
രാജ്യത്തുണ്ടായിരുന്ന പത്രങ്ങളുടെയും മാസികകളുടെയും വൈദ്യുതി അന്നേദിവസം വിച്ഛേദിച്ചു. പത്രങ്ങൾക്കു സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പിറ്റേദിവസം ജൂൺ ഇരുപത്തിയാറാം തിയതി രാവിലെ പ്രതിപക്ഷത്തുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്യാനും ആരംഭിച്ചു. കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളെ അടിയന്തിരാവസ്ഥയുടെ വിവരങ്ങൾ അറിയിച്ചത് പ്രസിഡന്റിന്റെ പ്രഖ്യാപനം കഴിഞ്ഞായിരുന്നു. ജനാധിപത്യ മര്യാദകൾ സമൂലം കാറ്റിൽ പറത്തിക്കൊണ്ടിരുന്നു. വിദേശമാധ്യമങ്ങൾ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെയും അടിയന്തിരാവസ്ഥയേയും പത്രസ്വാതന്ത്ര്യ വിലക്കുകളെയും വിമർശിക്കുന്നുണ്ടായിരുന്നു.
1975 ജൂലൈ ഇരുപത്തിയഞ്ചാംതീയതി ജയപ്രകാശ് നാരായൻ ഡൽഹിയിൽ രാംലീല ഗ്രൗണ്ടിൽ ഒരു രാഷ്ട്രീയ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയതലങ്ങളിൽ സത്യാഗ്രഹത്തിനായി ആഹ്വാനം ചെയ്തു. പട്ടാളത്തിനോടും, പോലീസുകാരോടും, സർക്കാർ ജോലിക്കാരോടും സർക്കാരിന്റെ അനീതി നിറഞ്ഞ യാതൊരു തീരുമാനങ്ങളെയും അനുസരിക്കേണ്ടതില്ലെന്നും പറഞ്ഞു. ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ റയിൽവേ ജോലിക്കാരുടെ ദേശീയ സമരത്തിനും തുടക്കമിട്ടു.
ഭരണഘടനയുടെ 352 വകുപ്പുപ്രകാരം ഭരണം നടത്താൻ അസാധ്യമാവുമ്പോൾ ജനാധിപത്യ നടത്തിപ്പിന് അപകടം സംഭവിക്കുമ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാമെന്നുണ്ട്. അടിയന്തിരാവസ്തയിൽ കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ വെട്ടി കുറയ്ക്കാനും സാധിക്കും. തീരുമാനങ്ങൾ മുഴുവനും എടുക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തവുമായിരിക്കും. ഒരു പൗരനു നൽകിയിട്ടുള്ള മൗലികവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാരിനു കഴിയും. അടിയന്തിരാവസ്ഥയിൽ ഒരുവന്റെ മൗലികവകാശങ്ങൾ പുനഃസ്ഥാപിക്കാനായി കോടതിയെ സമീപിക്കാനും സാധിക്കില്ല.
പത്രക്കാർക്ക് വാർത്തകൾ പ്രസിദ്ധീകരിക്കണമെങ്കിൽ സെൻസർ ബോർഡിൽനിന്ന് മുൻകൂട്ടി അനുവാദം വേണമായിരുന്നു. പത്രസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് പ്രസ്സ് സെൻസർഷിപ്പ് കർശനമാക്കി. പത്രപ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞതുകൊണ്ടു പല പത്രങ്ങളും മുഖ പ്രസംഗം ഇല്ലാതെ പ്രസിദ്ധീകരിച്ചു. അച്ചടിച്ച പത്രങ്ങൾ പൊലീസുകാരെ ഉപയോഗിച്ച് കത്തിച്ചു കളഞ്ഞു. ഇരുന്നൂറിൽപ്പരം പത്രങ്ങളുടെയും ആയിരത്തിൽപ്പരം മാസികകളുടെയും പ്രവർത്തനങ്ങൾ നിലപ്പിച്ചു. പത്രസ്വാതന്ത്ര്യം തടഞ്ഞതിൽ ഇന്ത്യൻ എക്സ്പ്രസ്സും സ്റ്റേറ്റ്സ്മാൻ പത്രങ്ങളും എതിർത്തിരുന്നു. പലപ്പോഴും സെൻസർഷിപ്പ് കാരണം വാർത്തകൾ നീക്കം ചെയ്തതു കൊണ്ട് പത്രത്തിന്റെ പേജുകൾ ശൂന്യമായി അച്ചടിക്കാതെ പ്രസിദ്ധികരിച്ചിരുന്നു.
കേന്ദ്രസർക്കാർ അവസരങ്ങൾ പാഴാക്കാതെ അധികാരം ദുർവിനിയോഗം ചെയ്തുകൊണ്ടിരുന്നു. സർക്കാരിനെ എതിർക്കുന്നവരെയെല്ലാം അറസ്റ്റു ചെയ്തു. ഏകദേശം ഒരു ലക്ഷത്തി പതിനോരായിരം ജനങ്ങളെ ജയിലിനുള്ളിലാക്കിയിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പീഡനങ്ങളും അതി ഭീകരമായിരുന്നു. പോലീസ് ക്യാമ്പുകളിൽ അനേകരെ പീഡിപ്പിച്ചു കൊല്ലുകയുമുണ്ടായി.മതമൈത്രി നശിപ്പിക്കുന്ന ആർ.എസ്.എസ്, ജമാ ഇ ഇസ്‌ലാമി പോലുള്ള വർഗീയ സംഘടനകൾ നിരോധിച്ചു. പൊതുസമരങ്ങൾക്കും ജാഥാകൾക്കും ഹർത്താലുകൾക്കും വിലക്ക് കൽപ്പിച്ചു.
ഇന്ദിരാഗാന്ധിയുടെ മകൻ സജ്ജയ ഗാന്ധിക്ക് അന്ന് ഔദ്യോഗികമായ സ്ഥാനമാനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം ഭരണ സംവിധാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. ഡൽഹിയിലെ ചേരികൾ മുഴുവൻ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. കിടക്കാൻ കൂരയില്ലാത്ത ആയിരക്കണക്കിന് പട്ടിണി പാവങ്ങളെയാണ് ചേരിയിൽ നിന്നും മാറ്റിയത്. അനേകരെ നിർബന്ധിതമായി വന്ധീകരണം നടത്തി. നിർബന്ധിത വന്ധീകരണം അതിക്രൂരമായിരുന്നു. ഇരയായവരിൽ തൊണ്ണൂറു ശതമാനം ജനങ്ങളും ദരിദ്രരായിരുന്നു. വന്ധീകരണത്തിനു തയ്യാറാകാത്തവരെ പോലീസ് വേട്ടയാടി ക്രൂരമായി മർദ്ദിക്കുകയും ചെയ്യുമായിരുന്നു. പ്രതിഷേധിക്കുന്നവരിൽ നിരവധി പേർ വെടിവെപ്പിലും മരിച്ചു.
കേരളത്തിലും അടിയന്തിരാവസ്ഥമൂലം ജനങ്ങൾക്ക് ഭീതിയും ഭയവും ദുരന്തങ്ങളുമുണ്ടായിരുന്നു. അന്ന് അച്യുത മേനോൻ മുഖ്യമന്ത്രിയും കെ കരുണാകരൻ ആഭ്യന്തര മന്ത്രിയുമായിരുന്നു. നക്സലൈറ്റ് പ്രവർത്തകർ, സിപിഎം പ്രവർത്തകർ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച് ആയിരക്കണക്കിന് പൗരന്മാരെ തടങ്കലിലാക്കി. അടിയന്തിരാവസ്ഥയെ പ്രതിഷേധിച്ചവരെയും മുന്നറിയിപ്പില്ലാതെ ജയിലഴികളിൽ ആക്കിയിരുന്നു. നിരപരാധികളായ ജനങ്ങളെ അടിച്ചവശരാക്കിയിരുന്നു. ചിലർക്ക് ലോക്കപ്പ് മരണങ്ങളും ഉണ്ടായി. പ്രൊഫ. ഈച്ചിര വാരിയരുടെ മകൻ രാജൻ ഉൾപ്പടെ അനേകർ പോലീസ് കസ്റ്റഡികളിൽ അക്കാലങ്ങളിൽ മരിച്ചിരുന്നു.
പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഭരണഘടനയുടെ നാല്പത്തിരണ്ടാം വകുപ്പ് ഭേദഗതി വരുത്തി. അലഹബാദ് കോടതി വിധിപോലുള്ള നിയമങ്ങൾ അസ്ഥിരപ്പെടുത്തി. ഒരു പ്രധാന മന്ത്രീയുടെയോ, പ്രസിഡണ്ടിന്റെയോ, വൈസ് പ്രസിഡണ്ടിന്റെയോ തിരഞ്ഞെടുപ്പിനെ കോടതിയ്ക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നുള്ള നിയമവും നടപ്പിലാക്കി. ഇന്ദിരാഗാന്ധിയുടെ നിലനിൽപ്പിനാവശ്യമുള്ള ഭരണഘടനാ ഭേദഗതികളും പാർലമെന്റിൽ പാസ്സാക്കികൊണ്ടിരുന്നു. ജനങ്ങളും നേതാക്കളും അടിയന്തിരാവസ്ഥയെ ഭയപ്പെട്ടിരുന്നമൂലം നിയമങ്ങൾ പാസ്സാക്കിയെടുക്കുന്ന സമയം പ്രതിപക്ഷങ്ങളിൽനിന്ന് അധികം എതിർപ്പുകളുണ്ടാകാറില്ലായിരുന്നു.
1977 മാർച്ചു ഇരുപത്തിയൊന്നിന് അടിയന്തിരാവസ്ഥ പിൻവലിച്ചു. അതിനു ഒരു മാസം മുമ്പ് പ്രസിഡന്റ് ഫക്രുദിൻ ആലി മരിച്ചു പോയതുകൊണ്ട് രാഷ്ടപതിയുടെ ചുമതലയുണ്ടായിരുന്ന ഉപരാഷ്ട്രപതി ബി.ഡി. ജെട്ടി യാണ് അടിയന്തിരാവസ്ഥ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിട്ടത്. എങ്കിലും ജയിലുകളിലായിരുന്ന പ്രതിപക്ഷ നേതാക്കന്മാർ കൂടുതൽ കരുത്തോടെ ജനപിന്തുണ ആർജിച്ചിരുന്നു. ഇരുപത്തിയൊന്നു മാസത്തെ അടിയന്തിരാവസ്ഥയ്ക്കുശേഷം 1977 മാർച്ചിൽ ഇന്ദിരാ സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. ജയിലിൽ നിന്നും എല്ലാ നേതാക്കന്മാരെയും പ്രവർത്തകരെയും മോചിപ്പിച്ചു. തിരഞ്ഞെടുപ്പ് നടത്താൻ സമയക്കുറവായിരുന്നെങ്കിലും പ്രതിപക്ഷങ്ങൾ യോജിച്ചുകൊണ്ട് ജനതാപാർട്ടിയെന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു. ജയപ്രകാശ് നാരായനെ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യവും അടിയന്തിരാവസ്ഥയുമായിരുന്നു തിരഞ്ഞെടുപ്പുകാലങ്ങളിൽ ദേശീയ വിഷയങ്ങളായി ചർച്ചചെയ്യപ്പെട്ടിരുന്നത്. പൊതു ജനങ്ങൾക്ക് കോൺഗ്രസ്സ് സർക്കാരിനോട് കടുത്ത അമർഷമുണ്ടായിരുന്നു. കോൺഗ്രസ്സ് അല്ലാത്തവരുടെ വോട്ടുകൾ വിഭജിക്കാതെ ഒന്നിച്ചുനിന്ന് പോരാടാനായിരുന്നു സർവ്വ പാർട്ടികളും തീരുമാനിച്ചത്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി പരാജയപ്പെട്ടു. അത്തവണ നടത്തിയ തിരഞ്ഞെടുപ്പിൽ പുതിയതായി രൂപംകൊണ്ട ജനതാ പാർട്ടി 345 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 187 സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഇന്ദിരാ ഗാന്ധി 'റായി ബറേലി'യിലും മകൻ സജ്ജയ ഗാന്ധി അമേത്തിയായിലും പരാജയപ്പെട്ടു. പുതിയ സർക്കാർ പാസാക്കിയ നിയമ ഭേദഗതിപ്രകാരം ഭാവിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ കേന്ദ്ര മന്ത്രിസഭ ഒന്നടങ്കം തീരുമാനം എടുക്കണമെന്നായിരുന്നു. ആഭ്യന്തര സമാധാനത്തിനു കോട്ടംതട്ടിയാൽ അടിയന്തിരാവസ്ഥ ഒരു പ്രതിവിധിയല്ലെന്നും നിയമത്തിലുൾപ്പെടുത്തി. ആയുധം വെച്ചുള്ള വിപ്ളവങ്ങളുണ്ടായാലേ അടിയന്തിരാവസ്ഥയ്ക്ക് പ്രാബല്യമുള്ളൂവെന്നുള്ള നിയമവും പാസാക്കി.
അടിയന്തിരാവസ്ഥ രാജ്യത്തിന് അത്യന്താപേക്ഷിതമായിരുന്നുവെന്നു ചിന്തിച്ചിരുന്നവരുമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ 'ഇരുപതു ഇനം' പദ്ധതികൾ രാജ്യപുരോഗതിക്കായുള്ള കർമ്മ പരിപാടികളായിരുന്നു. അതുമൂലം രാജ്യത്തിന്റെ കൃഷിയുത്ഭാദനം വർദ്ധിച്ചു. പുതിയതായ വ്യവസായങ്ങളും ഫാക്റ്ററികളും ഉടലെടുത്തു. ഉത്പ്പാദനമേഖലകളിലും കാര്യമായ പുരോഗതിയുണ്ടായി. കയറ്റുമതികൾ വർദ്ധിപ്പിക്കാൻ സാധിച്ചു. വിദേശ നാണയ സംഭരണം വർദ്ധിച്ചു. ഹിന്ദു മുസ്ലിം വർഗീയ ലഹളകൾക്ക് ശമനമുണ്ടായി. 1960 മുതൽ 1970 വരെ വർഗീയ ലഹളകൾ ഇന്ത്യയിൽ പൊട്ടിപ്പുറപ്പെടുകയെന്നത് സാധാരണമായിരുന്നു. രാഷ്ട്രീയ വർഗീയ ലഹളകൾക്ക് ശമനം വന്നു. കൊലപാതക രാഷ്ട്രീയവും ഇല്ലായിരുന്നു. സർക്കാർ ഓഫിസുകൾ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. കൈക്കൂലി മേടിക്കാൻ ഉദ്യോഗസ്ഥർ ഭയപ്പെട്ടിരുന്നു. കൃത്യ സമയങ്ങളിൽ ജോലിക്കാർ ഓഫിസുകളിൽ ഹാജരായിക്കൊണ്ടിരുന്നു. നിയമം അനുസരിച്ചും പൗരധർമ്മങ്ങൾ മാനിച്ചും ജനജീവിതം തുടർന്നിരുന്നു. പൗര ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമുണ്ടായിരുന്നു. സ്ത്രീകൾക്ക് ഭയരഹിതരായി വഴികളിൽ സഞ്ചരിക്കാമായിരുന്നു. രാഷ്ട്രീയക്കാരുടെ പ്രകടനങ്ങൾക്കും സമരങ്ങൾക്കും ഹർത്താലുകൾക്കും കുറവുണ്ടായിരുന്നു. സ്‌കൂളുകളും ഹോസ്പിറ്റലുകളും സമരങ്ങളില്ലാതെ പ്രവർത്തിച്ചിരുന്നു. ജനങ്ങളുടെയിടയിൽ അച്ചടക്ക ബോധം ഉണ്ടാവുന്നതിനും കാരണമായി.
അടിയന്തിരാവസ്ഥയുടെ മറവിൽ നടത്തിയ ബലമായ വന്ധീകരണം ചില കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. ദരിദ്ര കുടുംബങ്ങളിൽ പത്തും അതിലധികവും മക്കളെ സൃഷ്ടിക്കുന്നവരുണ്ടായിരുന്നു. ഇങ്ങനെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയല്ലാതെ അവർക്ക് വേണ്ട വിദ്യാഭ്യാസമോ ആഹാരമോ നൽകില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ബലമായ വന്ധീകരണം ആവശ്യവുമായിരുന്നു. നിയന്ത്രണമില്ലാതെ മക്കളെ സൃഷ്ടിക്കുന്നവരെ അടിയന്തിരാവസ്ഥ നല്ലയൊരു പാഠം പഠിപ്പിച്ചുവെന്നതും മറ്റൊരു യാഥാർഥ്യമാണ്.
അടിയന്തിരാവസ്ഥയുടെ ഭീകരത സംബന്ധിച്ചും അനുകൂലിച്ചും എഴുത്തുകാർ പുസ്തകങ്ങൾ എഴുതിക്കൊണ്ടിരുന്നു. സാഹിത്യമേഖലകളും കലകളും വികസിക്കുകയും ചെയ്തു. ചിലർ രണ്ടാം സ്വാതന്ത്ര്യ സമരമായും അടിയന്തിരാവസ്ഥയെ ചിത്രീകരിച്ചു. സൽമാൻ റഷ്ദിയുടെ മിഡ് നൈറ്റ് ചിൽഡ്രൻ,('Midnight Children') വി എസ് നൈപാൾസ്ന്റെ ഇന്ത്യ എ വൂണ്ടഡ് കൺട്രി (India: A wounded Country') എന്നീ ഗ്രന്ഥങ്ങൾ കണക്കില്ലാതെ വിറ്റഴിഞ്ഞിരുന്നു. അടിയന്തിരാവസ്ഥയെ സംബന്ധിച്ച സിനിമകളും അന്നത്തെ ഇന്ത്യയുടെ സ്ഥിതിഗതികളെ വിവരിച്ചിട്ടുണ്ട്. ഗാന്ധി ശിക്ഷ്യൻ വിനോബാ ഭാവെ അടിയന്തിരാവസ്ഥയെ പുകഴ്ത്തിയിരുന്നു. ജനങ്ങളിൽ അച്ചടക്കം സൃഷ്ടിക്കാൻ സാധിച്ചുവെന്നായിരുന്നു അടിയന്തിരാവസ്ഥയെ വിനോബാ ഭാവെ വിശേഷിപ്പിച്ചത്. കോൺഗ്രസ് പാർട്ടിയുടെ എതിരാളികൾ അദ്ദേഹത്തെ സർക്കാരിന്റെ വിശുദ്ധനെന്നു വിളിച്ചവഹേളിച്ചു. പ്രസിദ്ധ മറാട്ടി എഴുത്തുകാരൻ പുരുഷോത്തം ലക്ഷ്മൺ (Purushottam Laxman) വിനോബാഭാവെയെ 'വാനരോബാ'യെന്നു (വാനരൻ) പരിഹസിച്ചുകൊണ്ട് അപകീർത്തികരമായ ലേഖനങ്ങൾ എഴുതിയിരുന്നു.
Jayaprakash Narayan |
No comments:
Post a Comment