ജോസഫ് പടന്നമാക്കൽ
വയനാടൻ പ്രദേശങ്ങളിലെ നക്സൽ മുന്നണിയിൽ പ്രവർത്തിച്ച തീവ്രവിപ്ലവകാരിണി, മധുര പതിനേഴുകാരി, രാഷ്ട്രീയ തടവുകാരി, സർക്കാരിനെപ്പോലും ഞടുക്കിയ പോരാളിയായിരുന്ന അജിത, അവർ നക്സലിസത്തിന്റെയും മാവോ പ്രത്യേയ ശാസ്ത്രത്തിന്റെയും പ്രതീകമായിരുന്നു. സാമൂഹിക പരിവർത്തനങ്ങൾക്കായി വിപ്ലവപാത തെരഞ്ഞെടുത്ത അജിതയുടെ സുധീരമായ പോരാട്ടങ്ങൾ ചരിത്രരേഖകളിൽ കുറിക്കപ്പെട്ടിരിക്കുന്നു. നക്സലൈറ്റ് അജിതയെന്നാണ് ഇവരെ അറിയപ്പെടുന്നത്. മലയാള സാഹിത്യത്തിലെ വടക്കുംപാട്ടിലുള്ള വീരഗാഥകൾ പാടുമ്പോൾ സ്ത്രീകളിൽ ഉണ്ണിയാർച്ചയെപ്പറ്റി ഏവരും സ്തുതിക്കും. ഉണ്ണിയാർച്ചയുടെ ആയുധം വാളും പരിചയുമായിരുന്നു. 1960 കളിലെ വടക്കുനിന്നുമുള്ള കുന്നിക്കൽ നാരായണന്റെ മകൾ അജിതയും നക്സൽ സായുധ സേനയിലെ നിർഭയ നാരിയായും അറിയപ്പെടുന്നു. എഴുപതുകളിൽ നാടിനെ കിടുകിടാ വിറപ്പിച്ച ഒരു ചരിത്രവും അവർക്കുണ്ട്.
ആരാണ് അജിത? 1968-ലെ നക്സൽ താരവും പുൽപ്പള്ളി സ്റ്റേഷൻ ആക്രമിച്ചവരിൽ ഒരാളും അവിടെ രക്തത്തിൽ മുക്കിയ വിരലടയാളങ്ങൾ മതിലുകളിൽ പതിക്കുകയും ചെയ്ത വിപ്ലവ റാണിയായിരുന്നു. ചിലർക്ക് പുരാണങ്ങളിലെ ഐതിഹാസിക രൂപംപോലെയാണ്. വടക്കേ ഇന്ത്യൻ ചമ്പൽക്കാടുകളിലെ റാണിയായിരുന്ന ബണ്ഡിറ്റ് (Bandit)ഫൂലൻ ദേവിയോടും അവരെ ഉപമിക്കുന്നവരുമുണ്ട്. മറ്റുള്ളവർ വയനാടൻ വനങ്ങളിലെ പ്രതികാര ദാഹിയായ ഉഗ്രസർപ്പംപോലെ തീതുപ്പുന്ന കലഹകാരിണിയായും ചിത്രീകരിക്കുന്നു.
വടക്കേ മലബാറിലെ വയനാട് പ്രദേശങ്ങളിൽനിന്നാണ്, ജന്മി മുതലാളിത്വത്തിനെതിരെ കുപിതരായ ഒരു പറ്റം ചെറുപ്പക്കാർ സായുധ വിപ്ലവവുമായി അങ്കം വെട്ടാനിറങ്ങിയത്. അവർ ഒരു പ്രത്യായ ശാസ്ത്രത്തിൽ വിശ്വസിച്ചിരുന്നവരും ആശയ പാണ്ഡിത്യം നിറഞ്ഞവരും വിദ്യാസമ്പന്നരുമായിരുന്നു. രക്തപങ്കിലമായ ഒരു വിപ്ലവത്തിൽക്കൂടിയേ സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മൂല്യങ്ങളെ കൈവരിക്കാൻ സാധിക്കൂവെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. അതിനവർ തെരഞ്ഞെടുത്തത് വനങ്ങളാൽ നിബിഡമായ വയനാട്ടിലെ പുൽപ്പള്ളിയെന്ന പ്രദേശമായിരുന്നു. കൽക്കട്ടായിലെ നക്സലൈറ്റ് ഭീകരനായിരുന്ന കനുസന്യാലിനെ വീരയോദ്ധാവും ആരാധ്യപുരുഷനുമായി സ്വീകരിച്ചിരുന്നു. നക്സലിസത്തിന്റെ വളർച്ചയോടൊപ്പം ഈ പ്രത്യായ ശാസ്ത്രം സാഹിത്യമേഖലകളിലും സ്ഥാനം പിടിച്ചു. കവിതകളും ഇതിഹാസങ്ങളും ചരിത്രങ്ങളും രചിക്കപ്പെട്ടു. പുതിയ പുതിയ ആശയസംഹിതകളുടെ നൂറുകണക്കിന് പുസ്തകങ്ങളും ഗ്രന്ഥപ്പുരകളിൽ സ്ഥാനം നേടി. രക്തസാക്ഷി സ്തൂപങ്ങൾ വയനാടൻ പ്രദേശങ്ങളിൽ ഉയർത്തപ്പെട്ടു. വർഗീസിന്റെ സ്തൂപത്തുങ്കൽ സന്ദർശകർ വന്നും പോയിക്കൊണ്ടുമിരിക്കുന്നു. ചിലർ രക്തക്കറയാർന്ന അന്നത്തെ ചരിത്രത്തിന്റെ ഏടുകളും തപ്പുന്നുണ്ട്.
കുന്നിക്കൽ നാരായണന്റെയും മന്ദാകിനിയുടെയും മകളായ അജിത തീവ്ര നക്സൽ പ്രസ്ഥാനങ്ങളിൽകൂടി വളർന്നു. 1970-കളിൽ പുൽപ്പള്ളി പ്രദേശങ്ങളിലെ വനങ്ങളിൽക്കൂടി ഒളിച്ചും പതുങ്ങിയും പാത്തു നടന്നും ആദിവാസികളുടെ കുടിലുകളിൽ കിടന്നുറങ്ങിയും വിപ്ളവപ്രസ്ഥാനങ്ങളുമായി പ്രവർത്തിച്ചിരുന്നു. ഭരിച്ചിരുന്ന സർക്കാരുകൾക്കുപോലും അവരും സഹപ്രവർത്തകരും ഭീതി ജനിപ്പിച്ചിരുന്നു. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ നവോത്ഥാനത്തിനായും ഭൂമിയില്ലാത്ത കർഷക ദരിദ്രർക്ക് വേണ്ടിയും സമൂഹത്തിൽ ഉച്ഛനീചത്വങ്ങൾ അനുഭവിക്കുന്ന ദളിതർക്കുവേണ്ടിയും പോരാടാനായി പ്രചോദനം ലഭിച്ചിരുന്നത് മാവോയുടെ ഫാസിസത്തിനെതിരായുള്ള പ്രത്യായ ശാസ്ത്രങ്ങളിൽനിന്നായിരുന്നു. നൈസർഗികമായി അടവും ആവേശവും ജ്വലിക്കാൻ കാരണം അജിതയുടെ മാതാപിതാക്കൾ തന്നെയായിരുന്നു. ജനിച്ച നാളുമുതൽ വിപ്ലവപ്രസ്ഥാനങ്ങളുമായി അലിഞ്ഞുചേർന്നിരുന്ന അച്ഛന്റെയും അമ്മയുടെയും കഥകൾ കേട്ടുകൊണ്ടാണ് ബാലികയായ അജിത വളർന്നു വന്നത്.
ചൈനയിൽ മാവോസേതൂങ് ചോദ്യം ചെയ്യാൻ പാടില്ലാത്ത വിധം സാമ്രാജ്യപതിയായി കഴിയുന്ന കാലങ്ങളിൽ ചെങ്കൊടിയും പിടിച്ചു നടന്നിരുന്ന അജിതയുടെ പ്രായം വെറും പതിനേഴു വയസായിരുന്നു. അന്ന് ആ യുവതിയ്ക്ക് സ്‌കൂളിലെ പഠനത്തെക്കാൾ താൽപ്പര്യം മാവോയുടെ തത്ത്വങ്ങൾ പഠിക്കുകയെന്നതായിരുന്നു. ഇടിമുഴങ്ങുമ്പോലെ നക്സൽബാരിസം ബംഗാളിന്റെ മണ്ണിൽ ഉറച്ച കാലഘട്ടത്തിൽ തന്നെ ഈ പെൺകുട്ടി ഭൂപ്രഭുക്കർക്കെതിരായി പൊരുതാൻ തുടങ്ങി. സമപ്രായക്കാരായ കുമാരികൾ ചെത്തിമിനുങ്ങി നടക്കുന്ന കാലങ്ങളിൽ അജിതയ്ക്ക് പ്രേമം പോരാട്ടങ്ങളോടായിരുന്നു. പ്രീഡിഗ്രി പൂർത്തിയാക്കാതെ മറ്റു നേതാക്കളോടൊപ്പം ഊണും ഉറക്കവും നടപ്പും വനാന്തരങ്ങളിലാക്കി.
അജിതയുടെ ആത്മകഥയായി എഴുതിയ 'ഓർമ്മക്കുറിപ്പുകൾ' മലയാളത്തിലെ കൃതികളിൽ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നാണ്. വിദ്യാർഥിനിയായിരിക്കുമ്പോൾ മുതലുള്ള സമര കഥകൾ അതിൽ വിവരിച്ചിട്ടുണ്ട്. ആദ്യത്തെ വിപ്ലവം സ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു. പാറപോലെ സമരവീര്യം തലയ്ക്കു കേറി മത്തു പിടിച്ചിരുന്ന ചെറുപ്രായത്തിൽ ഒരിക്കൽ കുട്ടികളെ മുഴുവൻ ക്ലാസ്സിൽ നിന്നുമിറക്കി ഒരു പ്രകടനം സംഘടിപ്പിച്ചിരുന്നു. സർക്കാർ വക നൽകിയിരുന്ന റേഷൻ അരി കുറച്ചതിലുള്ള പ്രതിഷേധമായിരുന്നു അത്. സ്‌കൂളിലെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാൽ രക്ഷകർത്താക്കളെ കൊണ്ടുവന്നു സ്‌കൂളിൽ മാപ്പു പറയണമെന്നായി സ്‌കൂൾ അധികൃതർ. എന്നാൽ പിതാവായ കുന്നിക്കൽ നാരായണൻ ക്ഷമ പറയുന്നതിനു പകരം സ്‌കൂളിൽ കൂടുതൽ സംഘർഷമുണ്ടാക്കുമെന്ന് പ്രതികരിച്ചുകൊണ്ട് സ്‌കൂളിലേയ്ക്ക് ഒരു കത്തെഴുതി. കുന്നിക്കൽ നാരായണനെന്ന ഭീകര കമ്മ്യൂണിസ്റ്റ് നേതാവിന്റെ കത്തു കിട്ടിയപ്പോഴേ സ്‌കൂളധികൃതർ ഭയന്നുപോയി. ആരുടേയും ക്ഷമാപണം ആവശ്യപ്പെടാതെ കുട്ടികളെ മുഴുവൻ ക്ലാസ്സിൽ കയറ്റുകയും ചെയ്തു. കത്തി ജ്വലിക്കുന്ന പന്തം പോലെ വിപ്ലവങ്ങളുമായി മുന്നേറിയിരുന്ന അച്ഛൻ കുന്നിക്കൽ നാരായണൻ മുബൈയിലെ ഒരു സജീവ മാർക്സിസ്റ്റ് പ്രവർത്തകനായിരുന്നു.
നക്സൽ പ്രവർത്തന കാലത്ത് സഖാക്കളിൽ ഭൂരിഭാഗം പേരും അജിതയോട് മാന്യമായിട്ടായിരുന്നു പെരുമാറിയിരുന്നത്. എന്നാൽ ചിലർ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. അജിത ചെറുപ്രായമായതുകൊണ്ട് ചിലരുടെ ബലഹീനതകളും മോഹങ്ങളും അവരോടു പ്രകടിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. അപ്പോഴെല്ലാം വർഗീസ്, തേറ്റമല കൃഷ്ണൻ കുട്ടി എന്നിവർ അവരെ സംരക്ഷിച്ചിരുന്നു. അജിത മുതിർന്ന സഖാക്കളുടെ സംരക്ഷണയിലായിരുന്നതുകൊണ്ട് ആർക്കും ഒരു പരിധിവിട്ട് പെരുമാറാൻ സാധിച്ചിട്ടില്ല. പത്തൊമ്പതുകാരിയായ അവർ സുരക്ഷിതമായി ഇവരുടെയൊക്കെ സംരക്ഷണയിൽ കാട്ടിൽ കിടന്നുറങ്ങിയിരുന്നു. തണുപ്പായിരുന്നതുകൊണ്ട് ചുറ്റും വിറകുകൊള്ളികൾകൊണ്ട് തീ കൂട്ടുമായിരുന്നു. എല്ലാവർക്കും അവരോട് സ്നേഹം തന്നെയായിരുന്നു. കൂട്ടത്തിൽ ഏകപെണ്ണായ അവർക്ക് സഖാക്കൾ ആങ്ങളമാരെപ്പോലെയുമായിരുന്നു.
ഒരു പെണ്ണ് വിപ്ലവത്തിൽ പങ്കെടുക്കുന്നതുകൊണ്ടു ആദ്യമൊക്കെ അജിതയുടെ അച്ഛൻ കർശനമായി ഈ യത്നത്തിൽനിന്നും പിന്തിരിയാൻ പറയുമായിരുന്നു. പക്ഷെ, വിപ്ലവം തീവ്രമായി തലയ്ക്കുപിടിച്ചും ആവേശം പൂണ്ടുമിരുന്ന അജിത ആരും പറയുന്നത് അനുസരിക്കില്ലായിരുന്നു. ആരെയും വകവെക്കാതെ അക്കാര്യത്തിൽ വാശി പിടിച്ചിരുന്നു. കേരളത്തിൽ പിന്നീടുണ്ടായ ഭൂപരിഷ്‌ക്കരണം അന്നത്തെ വിപ്ളവത്തിന്റെ പ്രതിഫലനമായിരുന്നുവെന്നു അജിത വിശ്വസിക്കുന്നു. ജന്മികൾക്കെതിരായ സമരങ്ങൾ കാരണം ഭൂപരിഷ്‌ക്കരണ ബില്ലുകൾ പാസായി. ജന്മിത്വം ഇല്ലാതായി. അതിന്റെയെല്ലാം ക്രെഡിറ്റ് മാർസിസ്റ്റ് പാർട്ടി എടുക്കുന്നുണ്ടെങ്കിലും ജന്മിത്വം അവസാനിപ്പിക്കാനുള്ള മൗലിക കാരണം നക്സലുകളുടെ 1970 കളിലെ വിപ്ലവ പ്രസ്ഥാനമായിരുന്നു. മാർസിസ്റ്റുകൾ ഭൂപരിഷ്ക്കരണങ്ങൾക്ക് മുമ്പോട്ടു വന്നില്ലായിരുന്നെങ്കിലും അത് നടപ്പാക്കാൻവേണ്ടി വീണ്ടും അതിനായുള്ള വിപ്ലവങ്ങൾ കേരളമണ്ണിൽ നിന്നും പൊട്ടിപ്പുറപ്പെടുമായിരുന്നു.
1968 നവംബർ ഇരുപത്തിരണ്ടാം തിയതി 300 പേരുള്ള ഗൊറില്ലകൾ തലശേരി പോലീസ് സ്റ്റേഷനും പിന്നീട് പുൽപ്പള്ളി പോലീസ് സ്റ്റേഷനും ആക്രമിച്ചിരുന്നു. അതിനു ശേഷം ആ ഗ്രൂപ്പ് ഒളിവിലായിരുന്നു. രണ്ടുദിവസം കഴിഞ്ഞു സായുധ ധാരികളായ നക്സൽകാർ തോക്കും നാടൻ ബോംബുമായി പുൽപ്പള്ളി വയനാട് സ്റ്റേഷൻ ആക്രമിക്കുകയുണ്ടായി. സബ് ഇൻസ്‌പെക്ടർ അടക്കം അനേക പോലീസുകാർ മുറിവേൽക്കുകയും മരിക്കുകയുമുണ്ടായി. അക്കൂടെ വയർലസ് ഓപ്പറേറ്ററായിരുന്ന ഒരു പോലീസുകാരനും മരിച്ചു. അടുത്തടുത്തു രണ്ടുസംഭവങ്ങളായി നടന്ന തലശേരി,പുൽപ്പള്ളി പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച കേസുകളിൽ അജിതമാത്രമേ സ്ത്രീയായി ഉണ്ടായിരുന്നുള്ളൂ.
ചെറുകിട കൃഷിക്കാരെയും കൂലിപ്പണി ചെയ്തുകൊണ്ടിരുന്നവരെയും ആദിവാസികളെയും ജന്മി മുതലാളിമാർ അടിമകളെപ്പോലെ പീഡിപ്പിച്ചിരുന്നു. നിത്യവൃത്തിയ്ക്കു ജോലിചെയ്യുന്ന ദരിദ്രരായവരെ മുതലാളിമാർ മൃഗീയമായി ഉപദ്രവിച്ചാലും കേസുകളുമായി ചെന്നാൽ സ്ഥലത്തുള്ള പോലീസുകാർ മുതലാളിമാരുടെയൊപ്പമേ നിൽക്കുവായിരുന്നുള്ളൂ. നീതി ലഭിക്കാത്ത അത്തരം ബൂർഷാ വ്യവസ്ഥിതിയിൽ ജന്മിമാരെയും പോലീസുകാരെയും നക്സലുകൾ അവരുടെ ശത്രുക്കളായി പ്രഖ്യാപിച്ചു. ഈ പോലീസാക്രമണശേഷം സായുധരായ നക്സലുകൾ വയനാട്ടിലെ ഉൾവനങ്ങളിൽ കയറി ഒളിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അജിതയുൾപ്പടെയുള്ളവരെ അറസ്റ്റു ചെയ്തു.
അജിത എന്നും അച്ഛന്റെ കുട്ടിയായിരുന്നു. അവർ ഇന്നും അങ്ങനെ അഭിമാനിക്കുന്നു. രാഷ്ട്രീയമായ ചിന്താഗതികൾ അവരുടെ മനസ്സിൽ പൊട്ടിമുളച്ചത് അച്ഛനിൽ നിന്നായിരുന്നു. അടിച്ചു തല്ലി വളർത്തുകയെന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു. അച്ഛനൊന്നു മുഖം കറുപ്പിച്ചാൽ അജിതയ്ക്കു വിഷമമാകുമായിരുന്നു. സ്നേഹവാത്സല്യങ്ങളോടെ ആ പിതാവെന്നും മോളോയെന്നോ മോളൂട്ടിയെന്നോ വിളിക്കുമായിരുന്നുള്ളൂ. അങ്ങനെ അച്ഛനുമായി അവർക്ക് സുദൃഢമായ ഒരു ആത്മബന്ധമുണ്ടായിരുന്നു. എന്നാൽ അജിതയുടെ 'അമ്മ അങ്ങനെയായിരുന്നില്ല. ചെറിയ കാര്യത്തിനും കൂടെ കൂടെ അവർ തമ്മിൽ വഴക്കുണ്ടാക്കുമായിരുന്നു.'അമ്മ മന്ദാകിനി ദൈവത്തിൽ വിശ്വാസമില്ലാത്ത ഒരു നാസ്തിക ചിന്തകയായിരുന്നു. ഇരുവരും തീവ്രവിപ്ലവ മുന്നണിയിലെ സജീവ പ്രവർത്തകരായി ഒന്നിച്ചു പ്രവർത്തിച്ചു. അജിതയുടെ അച്ഛൻ കുന്നിക്കൽ നാരായണൻ 1979-ൽ മരിച്ചു. അമ്മ മന്ദാകിനി 2006 ഡിസംബർ പതിനേഴാംതീയതിയും മരിച്ചു. മരിക്കുമ്പോൾ അവർക്ക് എൺപത്തിയൊന്നു വയസു പ്രായമുണ്ടായിരുന്നു.
അമ്മ മന്ദാകിനി ഒരു ഗുജറാത്തി ബ്രാഹ്മണ സ്ത്രീയായിരുന്നെങ്കിലും അന്തപ്പുരത്തിനുള്ളിൽ മാത്രം ജീവിതം ഒതുക്കി വെച്ചിരുന്നില്ല. സാമൂഹിക സാംസ്ക്കാരിക തലങ്ങളിൽ പൊതുജനങ്ങളുമായി എന്നും നല്ല സമ്പർക്കമുണ്ടായിരുന്നു. ഇറച്ചിയും മീനും കഴിക്കുമായിരുന്നു. എല്ലാവരോടും സ്വതന്ത്രയായി പ്രവർത്തിക്കുന്ന ഒരു സ്വഭാവമായിരുന്നു അവർക്കുണ്ടായിരുന്നത്. മന്ദാകിനി 'ക്യുറ്റ് ഇൻഡ്യ' സമരത്തിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തിരുന്നു. അതിനുശേഷം മാവോ സിദ്ധാന്തങ്ങളിൽ ആകൃഷ്ടയായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിലാണ് കുന്നിക്കൽ നാരായണനുമായി അടുത്തത്. പിന്നീട് രണ്ടുപേരും വിവാഹം കഴിക്കാതെ തന്നെ ഒന്നായി ജീവിക്കാൻ തുടങ്ങി. അജിതയുടെ ജനന ശേഷം കുടുംബം കോഴിക്കോടേയ്ക്ക് മാറി താമസിച്ചു.
ജാതിയിൽ താണ തിയ്യ കുടുംബത്തിൽ നിന്നും വിവാഹം ചെയ്തതിൽ മന്ദാകിനിയുടെ കുടുംബത്തിന് അജിതയുടെ അച്ഛൻ കുന്നിക്കൽ നാരായണനെ ഉൾക്കൊള്ളാൻ സാധിക്കില്ലായിരുന്നു. അറിഞ്ഞുകൂടാത്ത ഗുജറാത്തി ഭാഷയിൽ ബന്ധുജനങ്ങളോടു സംസാരിക്കുന്നതിലും അദ്ദേഹത്തിനു ബുദ്ധിമുട്ടായിരുന്നു. ഒരു കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു 'അമ്മ മന്ദാകിനിക്കുണ്ടായിരുന്നത്. താലി കഴുത്തിലില്ലാഞ്ഞതും പ്രശ്നമായിരുന്നു. ഒരു കമ്മ്യുണിസ്റ്റ് പാർട്ടി കല്യാണമായിരുന്നു അവരുടേത്. വിവാഹത്തിന് പാർട്ടിയിലെ ഒരു സീനിയർ പ്രവർത്തകൻ കാർമ്മികത്വം വഹിച്ചിരുന്നു. ലളിതമായി നടന്ന കല്യാണത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കളും സംബന്ധിച്ചിരുന്നു. അങ്ങനെയാണ് അവർ ഭാര്യ ഭർത്താക്കന്മാരായത്.
ഒന്നായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി വലതും ഇടതുമായി പിളർന്ന സമയം ഏതു പാർട്ടിയിൽ ചേരണമെന്ന ആശയസംഘർഷങ്ങൾ ഭൂരിഭാഗം സഖാക്കളുടെ മനസുകളിൽ ആഞ്ഞടിച്ചിരുന്നു. പിളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തീവ്രഗ്രൂപ്പായ വിഭാഗം നക്സൽബാരി പാർട്ടി രൂപീകരിച്ചു. ബംഗാളിലായിരുന്നു തുടക്കം. അതിന്റെ അലയടികൾ കേരളത്തിലും മുഴങ്ങാൻ തുടങ്ങി. കുന്നിക്കൽ നാരായണനായിരുന്നു ആദികാലങ്ങളിലെ നക്സൽ പാർട്ടിയുടെ പ്രമുഖൻ. അക്കാലഘട്ടത്തിൽ കിട്ടാവുന്ന മാവോയുടെ തത്ത്വങ്ങളടങ്ങിയ ലഘുലേഖകളും പുസ്‌തകങ്ങളും അദ്ദേഹം വായിക്കുമായിരുന്നു. പീക്കിങ് റേഡിയോ ശ്രദ്ധിക്കാനും വലിയ താല്പര്യമായിരുന്നു. തീവ്രചിന്തകൾ അടങ്ങിയ മാവോയിസം പ്രചരിപ്പിക്കുന്നതു കാരണം നാരായണനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ആരെയും കൂസാക്കാതെ നക്സൽബാരി മുന്നേറ്റത്തിനായി അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കേരളം മുഴുവൻ വ്യാപിപ്പിച്ചു. സംഘടന വളരുംതോറും സർക്കാരിനും തലവേദനയായി തീർന്നിരുന്നു.
നക്സലിസം വളർത്താനുള്ള പ്രവർത്തനങ്ങളിൽ ആദ്യകാലത്ത് കുന്നിക്കൽ നാരായണനൊപ്പം ഫിലിപ്പ് എം പ്രസാദ്, കെ.പി. നാരായണൻ, വർഗീസ് മുതൽപേർ പ്രവർത്തിച്ചിരുന്നു. 1968 നവംബർ ഇരുപത്തിയെട്ടാം തീയതി കുന്നിക്കൽ നാരായണന്റെയും വർഗീസിന്റെയും നേതൃത്വത്തിൽ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണമുണ്ടായപ്പോൾ അവരോടൊപ്പം അജിതയുമുണ്ടായിരുന്നു. അറുപതംഗ നക്സലുകൾ പോലീസ് സ്റ്റേഷൻ ആക്രമിച്ച വേളയിൽ അജിതയുടെ പ്രായം പതിനെട്ടു വയസ്സായിരുന്നു. നക്സൽ ബാരികളുടെ സംഘിടതമായ ഈ ആക്രമണം നാടിനെ മുഴുവൻ നടുക്കി. പിറ്റേദിവസത്തെ പ്രഭാത വാർത്തകളിലെ തലക്കെട്ട് നക്സൽബാരികൾ നടത്തിയ പോലീസ് സ്റ്റേഷൻ ആക്രമത്തെപ്പറ്റിയായിരുന്നു. പത്തു ദിവസത്തിനുള്ളിൽ അടയ്ക്കാത്തോട് എന്ന സ്ഥലത്തുവെച്ച് അജിതയെ അറസ്റ്റ് ചെയ്തു.
അജിതയെ സംബന്ധിച്ച് ജയിൽ പീഡനം കഠിനമായിരുന്നു. പീഡനങ്ങളും യാതനകളും നൽകിയിരുന്നു. ആരോടും സംസാരിക്കാൻ സാധിക്കാതെ ഏകാന്തമായ ഒരു തടവറയായിരുന്നു അവർക്ക് നൽകിയിരുന്നത്. നിയമങ്ങൾ തെറ്റി സംസാരിച്ചാൽ മാനസികമായ പീഡനങ്ങളും കൊടുക്കുമായിരുന്നു. ഒരിക്കൽ ജയിലിലുണ്ടായിരുന്ന ഒരു യുവതി അജിതയോടു സംസാരിച്ചതിന് അവരുടെ മുമ്പിൽവെച്ച് ആ യുവതിയെ ജയിലധികൃതർ മൃഗീയമായി തല്ലി. ചിലപ്പോൾ ജയിലിൽ കിടന്ന മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കുമായിരുന്നു. ജയിലിൽ കിടക്കുന്ന ലൈംഗികത്തൊഴിലാളികളുടെ ജീവിത നിലവാരം കാണുമ്പോഴായിരുന്നു അജിതയുടെ മനസിനെ വേദനിപ്പിച്ചിരുന്നത്. ജീവിക്കാൻ വേണ്ടി കൊച്ചു പെൺകുട്ടികളും ലൈംഗികം വിറ്റുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. ഒരിക്കൽ ജയിലിലായാലും പുറത്തുപോയാൽ ജീവിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ അതേ തൊഴിലുകൾ അവർ തുടർന്നുകൊണ്ടിരുന്നു.
അജിത ജയിൽവിമോചിതയായ ശേഷം സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള തീരുമാനങ്ങൾക്കു കാരണവും ഇത്തരം ദുഃഖകരങ്ങളായ സംഭവങ്ങളായിരുന്നു. ഏകാന്തമായ സെല്ലുകളിൽ അവർ വായനയും തുടർന്നുകൊണ്ടിരുന്നു. എട്ടു വർഷത്തെ ജയിൽ വാസത്തിനുള്ളിൽ തിരികെ നാട്ടിൽ വന്നപ്പോൾ കേരളത്തിന്റെ പശ്ചാത്തലവും സ്ഥിതിഗതികളും പാടേ മാറിപ്പോയിരുന്നു. ജനങ്ങളുടെ സ്നേഹം അവർക്ക് ആർജിക്കാൻ സാധിച്ചിരുന്നു. സാമൂഹിക തലങ്ങളിലും ജനസേവനത്തിനും അടരാടുന്ന അജിതയെ മറ്റൊരു തരത്തിലുള്ള വിപ്ലവകാരിണിയായി ജനം മാനിക്കാൻ തുടങ്ങി. മാദ്ധ്യമങ്ങളുടെ ചിന്താശക്തികൾക്കും മാറ്റം വന്നു. ഇപ്പോൾ അവരെയും നക്സലൈറ്റ് നീക്കങ്ങളെയും പുകഴ്ത്തിക്കൊണ്ടാണ് പത്രങ്ങളിൽ പഴയകാല സ്മരണകൾ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനങ്ങൾ വരാറുള്ളത്. വർഗീയ വാദികൾ ട്രെയിൻ തകർക്കുമ്പോഴും കെട്ടിടങ്ങൾ തകർക്കുമ്പോഴും നിസഹായരായ ദളിത ജനത്തെ പീഡിപ്പിക്കുമ്പോഴും അത്തരം കഥകൾ വിപ്ളവങ്ങളായി സിനിമകളിലും മറ്റും പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ നക്സൽ വിപ്ലവം അങ്ങനെയുള്ളതല്ല. ദളിതരെയും ദരിദ്രരെയും പീഡിപ്പിക്കുന്നവരെയും വർഗീയ ശക്തികളെയും നശിപ്പിക്കുകയെന്നതായിരുന്നു നക്സൽബാരികളുടെ ലക്ഷ്യം.
ജീവപര്യന്തം തടവുശിക്ഷ കിട്ടിയ അജിത എട്ടുവർഷം കഴിഞ്ഞു ജയിൽ വിമോചിതയായി. അതിനുശേഷം സ്ത്രീകളുടെ ഉന്നമനത്തിനായും ക്ഷേമത്തിനായുമുള്ള സാമൂഹികപ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. 'ബോധന' എന്ന സംഘടനയിൽക്കൂടിയാണ് അവരുടെ പ്രവർത്തന മേഖലകൾ ആരംഭിച്ചത്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ഈ സംഘടന കൈകാര്യം ചെയ്യുന്നു. സമൂഹത്തിൽ എല്ലാ തലങ്ങളിലും സ്ത്രീയെ അവഗണിക്കുന്ന നിലപാടാണുള്ളത്. ഇടതു പ്രസ്ഥാനങ്ങൾ പോലും സ്ത്രീകളെ നാടാകെ അവഹേളിക്കുന്നതും കാണാം. ഇവകളെല്ലാം സസൂഷ്മം മനസിലാക്കിയ അജിത സമൂഹത്തിൽ നിലവിലുളള ഉച്ഛനീചത്വങ്ങളെയും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെയും ആരുടേയും മുഖം നോക്കാതെ ചോദ്യം ചെയ്തു വരുന്നു.
സ്ത്രീകളുടെ ക്ഷേമത്തിനായി 'അന്വേഷി വുമൺ' എന്ന പ്രസ്ഥാനത്തിനും രൂപം നൽകി. അവിടെ കൗൺസിലിംഗ് ആണ് പ്രധാനമായുള്ളത്. പൊതു സമൂഹത്തിലും ഈ സംഘടന സജീവമായി പ്രവർത്തിക്കുന്നു. സ്ത്രീ സമരങ്ങൾ, പെൺവാണിഭങ്ങൾ മുതലായ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ 'അന്വേഷി' പ്രശ്ന പരിഹാരങ്ങൾക്കായി ഓടിയെത്താറുണ്ട്. സ്ത്രീകൾക്കെതിരെയുള്ള കുറ്റങ്ങൾക്ക് സമരങ്ങളും നടത്തിയിട്ടുണ്ട്. വളരെയധികം മാറ്റങ്ങൾ സംഘടന കൈവരിച്ചു. സ്ത്രീകൾക്ക് പ്രശ്നങ്ങൾ വരുമ്പോൾ അവർ ഓടിയെത്തുന്ന ഒരു അഭയകേന്ദ്രവും കൂടിയാണിത്. പലവിധ സെമിനാറുകൾ, ക്ളാസുകൾ ഇവിടെ നടത്തുന്നു. ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. ഇന്ന് സംഘടന വളർന്നു വലുതായിരിക്കുന്നു. പലതരം കേസുകൾ അവിടെ വരുന്നുണ്ടെങ്കിലും ഗാർഹിക വഴക്കുകളും പീഡനങ്ങളുമാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്. പ്രശ്നങ്ങൾ 'അമ്മയും മക്കളും തമ്മിലോ, സഹോദരർ സഹോദരികൾ തമ്മിലോ ഭാര്യ ഭർത്താക്കന്മാർ തമ്മിലോ എങ്ങനെയുമാവാം. അവരുടെയെല്ലാം പ്രശ്നങ്ങളെ ശ്രവിക്കാനും പരിഹാരം നിർദ്ദേശിക്കാനും കഴിവും പരിചയവുമുള്ള കൗൺസിലർമാരും അവിടെ പ്രവർത്തിക്കുന്നു.
മദ്യപിച്ചു വരുന്ന ഭർത്താക്കന്മാർ, സ്ത്രീധനം ചോദിച്ചു വരുന്ന ഭർത്താക്കന്മാർ ഇങ്ങനെ ബഹുവിധ പ്രശ്നങ്ങളിലൂടെയാണ് സ്ത്രീകൾ അജിതയുടെ സഹായത്തിനെത്തുന്നത്. കൂടെ കൂടെ പ്രശ്നങ്ങളുമായി വരുന്ന സ്ത്രീകൾക്ക് പിന്നീട് പോവാനൊരിടം ഇല്ലാതെയാകും. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരെ താമസിക്കാൻ അഭയ കേന്ദ്രങ്ങളുമുണ്ട്. അവരെയും അവരുടെ മക്കളെയും പ്രശ്നങ്ങൾ തീരുന്നവരെ താമസിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് സ്‌കൂളിൽ പോവാനുള്ള സൗകര്യങ്ങളും ഉണ്ടാക്കി കൊടുക്കുന്നു. എന്നിട്ടു അവരുടെ മാനസിക ശക്തി വീണ്ടെടുക്കാൻ ശ്രമിക്കും. ചിലർക്ക് ആത്മഹത്യാ പ്രവണതകളും കാണും. ചില സ്ത്രീകൾക്ക് ജീവിതത്തിൽ ഒന്നിനും കൊള്ളുകയില്ലായെന്നുള്ള തോന്നലും ഉണ്ടാകാറുണ്ട്. അജിതയുടെ മേൽനോട്ടത്തിൽ സ്വന്തമായി ഒരു ലൈബ്രറിയുമുണ്ട്. അവിടെ പതിനായിരക്കണക്കിന് പുസ്തകങ്ങളും ഇരുന്നൂറിൽപ്പരം അംഗങ്ങളുമുണ്ട്.
രാഷ്ട്രീയ വീക്ഷണത്തിൽ അജിതയുടെ സഹയാത്രികനായിരുന്നു യാക്കൂബ്. അജിത ജയിലിൽ നിന്ന് വന്നശേഷം അവർ തമ്മിൽ സ്നേഹത്തിലുമായി, വിവാഹവും കഴിച്ചു. യാക്കൂബ് പറയുന്നു, "പ്രീഡിഗ്രി പഠിക്കുന്ന കാലങ്ങളിൽ ജോലി കിട്ടാൻ യാതൊരു സാധ്യതയുമില്ലായിരുന്നു. തൊഴിലില്ലായമ രൂക്ഷമായ കാലവും. അറിവുകിട്ടാൻ കോളേജിന്റെ ആവശ്യവുമില്ല. അങ്ങനെയിരിക്കെ അജിത ജയിലിൽ നിന്ന് പുറത്തു വരുന്ന വിവരം കിട്ടി. അജിതയ്ക്ക് സ്വീകരണം കൊടുക്കാൻ കർഷക തൊഴിലാളിയായി വയനാട്ടിൽ പോയി. അക്കാലത്ത് ജീവിക്കാനായി എല്ലാ പണികളും, റോഡ് വെട്ടും ചെയ്യുന്ന കാലങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. അജിതയുമായി പരസ്പ്പരം തമ്മിൽ കണ്ടുമുട്ടി. ഇഷ്ടമായി. പിന്നീട് വിവാഹവും നടന്നു."
അജിതയ്ക്ക് ഒരു മകളും ഒരു മകനുമുണ്ട്. മകൾ 'ഗാർജി' പേരുകേട്ട ഒരു എഴുത്തുകാരിയാണ്. അനേക ഇംഗ്ലീഷ് നോവലുകളും എഴുതിയിട്ടുണ്ട്. അജിതയുടെ പത്രാധിപ നേതൃത്വത്തിൽ 'സംഘടിത' എന്ന ഒരു മാസികയും പ്രസിദ്ധീകരിക്കുന്നു. സ്ത്രീകൾ മാത്രം എഴുതുന്ന ഈ മാസിക 2010-ൽ ആരംഭിച്ചു. പ്രഗത്ഭരായ പല സ്ത്രീകളും ഈ സാഹിത്യ സമാഹാരത്തിൽ എഴുത്തുകാരായുണ്ട്. സാംസ്‌കാരികവും രാഷ്ട്രീയപരവുമായ അറിവുകൾ നിരത്തിക്കൊണ്ട് സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രസിദ്ധീകരിക്കാൻ 'സംഘടിത' മാസിക താല്പര്യം കാണിക്കുന്നു. അജിതയെഴുതിയ ഓർമ്മക്കുറിപ്പുകളുടെ ഇംഗ്ലീഷ് പതിപ്പുമുണ്ട്.
അജിത ഇന്ന് മദ്ധ്യവയസ്ക്കയാണ്. അവർ അപകടകാരിയോ ഭയാനകമായ കണ്ണുകളോടുകൂടിയ പഴയ വിപ്ലവകാരിയോ അല്ല. കാലം അവരെ മാറ്റിയെടുത്തു. എന്നാലും ഇന്നും അവർ സംസാരിക്കാറുള്ളത് ചൂഷിത വർഗങ്ങൾക്കെതിരെയും നിഷ്കളങ്കർക്കു വേണ്ടിയും ഭൂമിയില്ലാത്ത ദരിദർക്കു വേണ്ടിയുമാണ്. അവരുടെ യുദ്ധം തോക്കുകൾ കൊണ്ടല്ല. മനുഷ്യരെ ബൗദ്ധിക തലങ്ങളിൽ ബോധവാന്മാരാക്കുന്ന ആയുധങ്ങളാണ് ഇന്നവർ ഉപയോഗിക്കുന്നത്. അവരിൽ ഇന്ന് പുതിയൊരു മനുഷ്യസ്ത്രീ അവതരിച്ചിരിക്കുന്നു. പരിവർത്തനാത്മകങ്ങളായ ലക്ഷ്യങ്ങളോടെ സ്ത്രീക്കൾക്കായി രൂപീകരിച്ച 'അന്വേഷി'യെന്ന സംഘടനയും 'ബോധന' എന്ന സംഘടനയും മനുഷ്യരെ സന്മാർഗ നിലവാരങ്ങളിലേക്ക് ബോധവൽക്കരിക്കുകയെന്നതാണ് ലക്ഷ്യം.
1993-ൽ സ്ഥാപിതമായ 'അന്വേഷി' ആയിരക്കണക്കിന് കേസുകളിൽ ഇതിനകം പരിഹാരങ്ങൾ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. പേരുകേട്ട രാഷ്ട്രീയ പ്രഭുക്കന്മാരുടെ ലൈംഗിക വലകൾ പൊട്ടിച്ചുകൊണ്ട് അവരെ പൊതുജനമദ്ധ്യേ അപഹാസ്യരാക്കാനും സാധിച്ചു. കൊച്ചു പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്കും ലൈംഗിക പീഡകർക്കുമെതിരെ പ്രതിഷേധങ്ങളും മഹായോഗങ്ങളും സംഘടിപ്പിക്കാറുണ്ട്. ഉന്നത രാഷ്ട്രീയക്കാരുടെ പലരുടെയും പകൽമാന്യത വെളിച്ചത്തു കൊണ്ടുവരാനും സാധിച്ചു. 1997-ൽ സൂര്യനെല്ലി കേസിൽ പി.ജെ. കുര്യന്റെ പങ്കും കുപ്രസിദ്ധമായിരുന്നു. ഇടുക്കിയിലുള്ള സ്‌കൂളിൽ പഠിക്കുന്ന ഒരു കൊച്ചുകുട്ടിയെ പ്രമുഖ രാഷ്ട്രീയക്കാർ ഉൾപ്പടെ അനേകർ ഒരു മാസത്തോളം ദുരുപയോഗം ചെയ്തു. ആ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതും ദൂരസ്ഥലങ്ങളിൽപ്പോലും കൊണ്ടുപോയി പീഡിപ്പിച്ചതും പത്രങ്ങളിലെ കൊട്ടിഘോഷിക്കപ്പെട്ട വാർത്തകളായിരുന്നു. ഒരു പെൺകുട്ടിയുടെ ജീവിതം നഷ്ടപ്പെട്ടപ്പോൾ അതിനുത്തരവാദികളായവർ ഇന്നും സമൂഹത്തിൽ മാന്യന്മാരായി നടക്കുന്നു. ഇടുക്കിയിൽ തെരഞ്ഞെടുപ്പ് വന്നപ്പോൾ കുര്യനെതിരായ പ്രചരണങ്ങളിൽ അജിതയും പങ്കെടുത്തിരുന്നു. ആ വർഷം ലോകസഭാ തെരഞ്ഞെടുപ്പിൽ പതിനായിരം വോട്ടിനു കുര്യൻ പരാജിതനായി. ജനങ്ങളെ മണ്ടന്മാരാക്കാൻ രാഷ്ട്രീയക്കാർക്ക് പലവിധ അടവുകളും കാണും. അത്തരക്കാരായ സാമൂഹിക ദ്രോഹികളുടെ നട്ടെല്ലൊടിക്കാനും ജനങ്ങളെ ബോധവാന്മാരാക്കാനും അജിത മുമ്പിൽ തന്നെയുണ്ട്. കൈകളിൽ ചെങ്കൊടിക്ക് പകരം കറതീർന്ന ജീവകാരുണ്യത്തിന്റെ സ്നേഹമാണ് അജിതയെന്ന വിപ്ലവകാരിയിൽ ഇന്നു നിറഞ്ഞിരിക്കുന്നത്.
(തുടരും)
No comments:
Post a Comment