ജോസഫ് പടന്നമാക്കൽ
നാൽപ്പതു വർഷങ്ങൾക്കു മുമ്പുള്ള അടിയന്തിരാവസ്ഥയെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം നമ്മുടെ ഓർമ്മയിലെത്തുന്നത് കക്കയം ക്യാമ്പിൽ പോലീസിന്‍റെ ഇടികൊണ്ട് ദാരുണമായി കൊലചെയ്യപ്പെട്ട രാജനെന്ന കലാലയ വിദ്യാർത്ഥിയെപ്പറ്റിയായിരിക്കും. സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൗരന്‍റെയും വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൊളുത്തുകളിട്ടുകൊണ്ടുള്ള കരിനിയമങ്ങൾ അന്ന് നടപ്പിലാക്കിയിരുന്നു. വാര്യര്‍ സമുദായത്തിൽപ്പെട്ട രാജൻ 1976-ൽ കോഴിക്കോട് റീജിണൽ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. ഭാവി വാഗ്ദാനങ്ങളുമായുള്ള ഈ യുവാവ് പഠിക്കാൻ അതി സമർത്ഥനായിരുന്നു. നല്ലയൊരു പാട്ടുകാരനായിരുന്ന രാജൻ കോളേജ് യൂണിയൻ സാംസ്ക്കാരിക കലാ സെക്രട്ടറിയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരുപോലെ പ്രിയപ്പെട്ടവനുമായിരുന്നു. പോലീസ് കസ്റ്റഡിയിലിരുന്ന രാജന്‍റെ മരണം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായ തെളിവുകൾ ഒന്നും തന്നെയില്ല.
രാജന്‍റെ പിതാവായിരുന്ന പ്രൊഫ. ടി വി ഈച്ചര വാര്യര്‍ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട തന്‍റെ മകനെ തേടി മരണം വരെ അലഞ്ഞു നടന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായിട്ടായിരുന്നു, ആ പിതാവിന്റെ കഥയും അവസാനിച്ചത്. 1928 ഒക്ടോബർ ഇരുപത്തിയെട്ടാം തിയതി ചിറങ്കരയിൽ കൃഷ്ണ വാര്യറിന്‍റെയും മിസ്സസ് തിരുവുള്ളക്കാവ് വാരിയത്ത് കൊച്ചുകുട്ടിയുടെയും മകനായി ഈച്ചര വാര്യര്‍ ജനിച്ചു. വാര്യര്‍, സ്വാതന്ത്ര്യ സമരത്തിൽ തീവ്രമായി പ്രവർത്തിച്ചിരുന്നു. കൊച്ചിൻ പ്രജാമണ്ഡലം രാഷ്ട്രീയ പാർട്ടിയിലും അംഗമായിരുന്നു. പിന്നീട് കമ്മ്യുണിസ്റ്റ് പാർട്ടിയിലും ചേർന്നു. ഹിന്ദി ഭാഷയിൽ മഹാരാജാസ് കോളേജിലും ചിറ്റൂർ ഗവണ്മെന്റ് കോളേജിലും പ്രൊഫസറായിരുന്നു. രാധാ വാര്യരെ വിവാഹം കഴിച്ചു. മകൻ രാജൻ മരിച്ച ശേഷം അദ്ദേഹം മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന വക്താവുമായിരുന്നു. രാജനെ കൂടാതെ രമയും ചാന്ദിനിയും രണ്ടു പെണ്മക്കളുമുണ്ടായിരുന്നു..
1975 മുതൽ 1977 വരെയുള്ള ഇന്ത്യയുടെ അടിയന്തിരാവസ്ഥ മൂലം ജനങ്ങളുടെ പൗരാവകാശങ്ങൾ ഇല്ലാതാക്കിയിരുന്നു. അക്കാലത്ത് പോലീസിന്‍റെ ക്രൂരതകൾ നാടു മുഴുവൻ വ്യാപിച്ചിരുന്നു. നക്സൽ നീക്കങ്ങൾ ശക്തി പ്രാപിച്ച കാലവുമായിരുന്നു. ഗ്രാമീണ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയെന്നത് സാധാരണവുമായിരുന്നു. പോലീസും പ്രതികാരം ചെയ്തുകൊണ്ടിരുന്നു. സർക്കാരിനും അടിയന്തിരാവസ്ഥയ്ക്കും എതിരായി നിൽക്കുന്നവരെ നക്സലെന്നു മുദ്ര കുത്തിയിരുന്നു.
കോഴിക്കോട് ഫറോഖ് കോളേജിൽ നടത്തിയ ഒരു കലോത്സവത്തിൽ രാജൻ സംഗീതം ആലപിച്ച ശേഷം മടങ്ങി വരവെയാണ് രാജനെയും കൂട്ടുകാരെയും അറസ്റ്റു ചെയ്തത്. നക്സൽ സംഘടനകളുമായി കൂട്ടുകെട്ടുണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. രാജനെ ബലം പ്രയോഗിച്ചു പോലീസ് ജീപ്പിൽ കയറ്റിയ സമയം അനേക വിദ്യാർത്ഥികൾ കാഴ്ചക്കാരായി നോക്കി നിന്നു. കണ്ടുനിന്നവർ പോലീസിന്‍റെ പീഡനമുറ പേടിച്ചു തെളിവുകൾ കൊടുക്കാൻ മുമ്പോട്ട് വന്നുമില്ല. ആരെങ്കിലും തെളിവുകൾ കൊടുക്കാൻ തയ്യാറായി വന്നാൽ അവരെ പിന്നീട് ശത്രുക്കളായി അധികാരത്തിലുള്ളവർ കണ്ടിരുന്നു. അത്തരക്കാർക്ക് ഭീഷണിയോ പണം കൊടുത്ത് പിൻവാങ്ങിപ്പിക്കുകയോ ചെയ്യുമായിരുന്നു.
മകനെ തേടിയ പിതാവ് നീതിക്കായി ഇറങ്ങി തിരിച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനെ കണ്ടിട്ടും നീതി ലഭിച്ചില്ല. അടിയന്തിരാവസ്ഥ കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത്. മേനോനിൽ നിന്ന് മോശമായ പെരുമാറ്റമാണ് ലഭിച്ചതെന്ന് വാര്യര്‍ തന്‍റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. കരുണാകരനായിരുന്നു ആഭ്യന്തര മന്ത്രി. അടിയന്തിരാവസ്ഥ കാലത്ത് പീഢനം കൊടുക്കാൻ പൊലീസിന് സമ്മതം കൊടുത്തിരുന്നതും കരുണാകരനായിരുന്നു. രാജനെന്തു സംഭവിച്ചെന്ന് വ്യക്തമായി കരുണാകരന് അറിയാമായിരുന്നു. അന്നത്തെ നക്സൽകാരെ വേട്ടയാടാനായി നിയമിച്ചിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരായിരുന്നു ജയറാം പടിക്കലും പുലിക്കോടൻ നാരായണനും. മൃഗതുല്യമായ പീഢനങ്ങളും മൂന്നാം മുറകളും കസ്റ്റഡിയിലുള്ളവരെ അവർ ചെയ്തുകൊണ്ടിരുന്നു. നാസികളുടെ പീഢനങ്ങളെക്കാൾ ഭയാനകമായിരുന്നു ഇവരുടെ ക്രൂരതകൾ. ഈ പോലീസ് ഉദ്യോഗസ്ഥർ നിർദോഷികൾക്കെതിരെ നടത്തിയ തേരോട്ടങ്ങൾ ചരിത്രത്തിനു പോലും മാപ്പു നൽകാൻ സാധിക്കില്ല.
എന്തുകൊണ്ട് രാജനെ പോലീസ് പിടിച്ചു? സർക്കാരും പോലീസുകാരും അക്കാലങ്ങളിൽ അടിയന്തിരാവസ്ഥയെ വിമർശിക്കുന്നവരെയെല്ലാം സംശയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. നക്സലൈറ്റിലെ ഏതാനും ചെറുപ്പക്കാർ ഒരു പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. രാജൻ തന്‍റെ പിതാവിന്റെ ആശയങ്ങളെ പിന്തുടർന്ന് മാർക്സിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. അവനൊരിക്കലും നക്സലറ്റിൽ ഉണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അവൻ പങ്കാളിയുമായിരുന്നില്ല. അവന്‍റെ പിതാവ് പ്രൊഫസർ വാര്യര്‍ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്നു. സ്വാഭാവികമായും മാർക്സിസ്റ്റ് ചിന്താഗതിക്കാരനെന്ന നിലയിൽ രാജനെയും നക്സലായി സംശയിച്ചു. കൂടാതെ അന്നത്തെ ആഭ്യന്തരമന്ത്രിയായി ഭരണകാര്യങ്ങൾ വഹിച്ചിരുന്നത് കെ. കരുണാകരനായിരുന്നു. തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയും ഏതു സമയത്തും ഈച്ചിര വാര്യരോട് എതിരിടാൻ അവസരം കാത്തിരുന്ന ഒരു ചാണക്യനുമായിരുന്നു. ഇന്ദിരാ ഗാന്ധിയെ ദൈവമായി പൂജിച്ചിരുന്ന ആളും ഗുരുവായൂർ അമ്പലത്തിന്‍റെ വലിയ ഭക്തനുമായിരുന്നു.
അതേ മാനദണ്ഡങ്ങളോടെയുള്ള ഇന്ദിരാ ഗാന്ധിയുടെ ഭക്തനായ ശ്രീ ജയറാം പടിക്കലിനെയാണ് അന്വേഷണ കമ്മീഷന്‍റെ ചുമതലയും ഏൽപ്പിച്ചത്. ഭരണഘടന വാഗ്ദാനം ചെയ്തുകൊണ്ടുള്ള നിയമങ്ങൾ കാറ്റിൽ പറപ്പിച്ചുകൊണ്ടു പ്രവർത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു ശ്രീ ജയ റാം പടിക്കൽ. പോലീസ് സ്റ്റേഷൻ ആക്രമിച്ച യഥാർത്ഥ പ്രതികളെപ്പറ്റി യാതൊരു തെളിവും കിട്ടാത്ത സ്ഥിതിക്ക് അവർക്കൊരു കുറ്റകൃത്യം വഹിക്കുന്നതിനായി ബലിയാടിനെ വേണമായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും തമ്മിൽ തീവ്രമായ ശത്രുതാ മനോഭാവം പുലർത്തുന്ന കാലവുമായിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും മാറി മാറി ഈ പാർട്ടികൾ ഭരിച്ചു പോന്നിരുന്നു.
രാജനെ കാണാതായ ശേഷം അവന്‍റെ അമ്മ രാധയ്ക്ക് ഭ്രാന്ത് പിടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. പിന്നീടുള്ള അവരുടെ ജീവിച്ചിരുന്ന അടുത്ത ഇരുപത്തിനാലു വർഷക്കാലവും മാനസികാസുഖത്തിൽ നിന്നും ഒരിക്കലും മുക്തി നേടിയിട്ടുണ്ടായിരുന്നില്ല. രാജന്‍റെ അപ്പൻ ഈച്ചിര വാര്യര്‍ സമ്പാദിച്ച പണം മുഴുവൻ കേസിനായി ചിലവഴിച്ചു. അവസാനം അദ്ദേഹം പാപ്പരായി. എന്നിട്ടും അദ്ദേഹത്തിന്‍റെ മകനെ എന്തിനു അറസ്റ്റു ചെയ്‌തെന്നും അറിയാൻ സാധിച്ചിട്ടില്ല. അദ്ദേഹം മകനെവിടെയെന്നന്വേഷിച്ച് അറിയാവുന്ന സ്ഥലങ്ങൾ മുഴുവൻ യാത്ര ചെയ്തു. സകല പോലീസ് ഉദ്യോഗസ്ഥന്മാരുടെയും വാതിക്കൽ മുട്ടി യാചിച്ചു. യാതൊരു ഫലവുമുണ്ടായില്ല. ഡി.ഐ.ജി. ജയ റാം പടിക്കലിന്റെ ഉത്തരവോടെ രാജനെ അറസ്റ്റു ചെയ്ത വിവരം അദ്ദേഹം മനസിലാക്കി. അന്ന് സ്റ്റേറ്റ് ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരനെ കണ്ടു. കേരളാസ്റ്റേറ്റ് സെക്രട്ടറിക്ക് പലതവണകൾ പെറ്റിഷൻ അയച്ചുകൊണ്ടിരുന്നു. ഒരു മറുപടിയും കൈപ്പറ്റിയതായ രേഖകളും കിട്ടിയില്ല. കണ്ണീരിൽ കുതിർന്ന കണ്ണുകളുമായി തന്‍റെ മകൻ എവിടെയെന്നുള്ള അന്വേഷണം തുടർന്നു കൊണ്ടിരുന്നു.
ശ്രീ വാര്യര്‍ തന്‍റെ മകനെ തേടി ഇന്ത്യയുടെ പ്രസിഡന്‍റിനും ആഭ്യന്തര മന്ത്രിക്കും ലോകസഭാംഗങ്ങൾക്കും കത്തുകൾ എഴുതിയിരുന്നു. പ്രധാനമന്ത്രിക്കും കത്തയച്ചു. യാതൊരു മറുപടിയും ലഭിച്ചില്ല. അതിനോടനുബന്ധിച്ചുള്ള എല്ലാ പോലീസുദ്യോഗസ്ഥരെയും കണ്ടു. ഏതാനും വിദ്യാർഥികളെ ഇതേ കാലയളവിൽ കോളേജിൽനിന്നും അറസ്റ്റ് ചെയ്തിരുന്നുവെന്ന് വിവരം കിട്ടി. അവർ സെൻട്രൽ ജയിലിൽ ഉണ്ടെന്നും മനസിലാക്കി. അദ്ദേഹം മൂന്നു സെൻട്രൽ ജയിലുകളും സന്ദർശിച്ചു. മറ്റുള്ള പോലീസ് ക്യാമ്പുകളും തേടി. മുഖ്യമന്ത്രി അച്യുതമേനോന് രാജന്‍റെ അറസ്റ്റിനെപ്പറ്റി വ്യക്‌തിപരമായി അറിവുണ്ടെന്നു മനസിലാക്കി പല തവണകൾ സന്ദർശിച്ചു. അവസാനം അച്യുത മേനോൻ നിസ്സഹായനെപ്പോലെ അക്കാര്യങ്ങളിൽ തനിക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്നും ആഭ്യന്തര മന്ത്രിയായ കരുണാകരന്‍റെ ചുമതലയിൽപ്പെട്ട വകുപ്പാണ് രാജന്‍റെ കേസെന്നും അറിയിച്ചു.
അതിനുശേഷം അദ്ദേഹം പൊതുജനങ്ങളുടെ സഹായം അപേക്ഷിച്ച് നാടുമുഴുവൻ ലഘുലേഖകൾ വിതരണം ചെയ്യാൻ തുടങ്ങി. അക്കാലത്തായിരുന്നു തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരുന്നത്. കരുണാകരൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കൽപ്പറ്റയിലും മറ്റു മണ്ഡലങ്ങളിലും പ്രസംഗിച്ചു നടന്നിരുന്ന കാലവുമായിരുന്നു. ചില തിരഞ്ഞെടുപ്പു വേളകളിൽ രാജൻ ഒരു കൊലക്കേസ് പ്രതിയായിരുന്നുവെന്നും സൂചിപ്പിച്ചു. അതുകൊണ്ടാണ് രാജനെ അറസ്റ്റു ചെയ്തു തടങ്കിലിലാക്കിയതെന്നും പ്രഖ്യാപിച്ചു. മജിസ്ട്രേറ്റിന്റെ മുമ്പിൽ നിയമാനുസൃതമായി രാജനെ ഒരിക്കലും ഹാജരാക്കിയിട്ടുമില്ലായിരുന്നു.
കരുണാകരനും വാര്യരും തൃശൂരുള്ള ഒരേ പ്രദേശങ്ങളിൽ നിന്നുമുള്ളവരായിരുന്നു. ജാതിയുടെ കാര്യത്തിലും വലിയ വ്യത്യാസമില്ലാതെ ഒരാൾ 'മാരാരും' മറ്റെയാൾ 'വാര്യരു'മായിരുന്നു. എങ്കിലും രാഷ്ട്രീയ കാര്യങ്ങളിൽ രണ്ടുപേരും രണ്ടു വിഭിന്ന ചിന്തകളിലായിരുന്നത് മത്സരത്തിന് കാരണമായി. പ്രൊഫ. വാര്യര്‍ കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്നെങ്കിലും പാർട്ടിക്കു വേണ്ടി ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. അടിയന്തിരാവസ്ഥ കാലത്ത് അച്യുത മേനോനായിരുന്നു മുഖ്യമന്ത്രി. വലതു കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും ഒന്നിച്ചുള്ള മന്ത്രി സഭയായിരുന്നതുകൊണ്ട് അച്യുതമേനോൻ കരുണാകരനെ എന്നും ഭയപ്പെട്ടിരുന്നു. കരുണാകരൻ കമ്മ്യൂണിസ്റ്റുകാരെ വെറുക്കന്നപോലെ അച്യുതമേനോനെയും വെറുത്തിരുന്നു. ജയറാം പടിക്കലും കരുണാകരനും സംസ്ഥാനത്ത് ഒരു മുഷ്ടിഭരണമായിരുന്നു നടത്തിയിരുന്നത്. ഒരിക്കൽ ധീരനായിരുന്ന അച്യുതമേനോന് കരുണാകരനോടും ജയറാം പടിക്കലിനോടും മല്ലിടാനുള്ള കഴിവുണ്ടായിരുന്നില്ല.
ഈച്ചിര വാര്യര്‍ മകനെ തേടി തന്റെ കൈകൾ കൂപ്പിക്കൊണ്ട് കരുണാകരന്‍റെ ഓഫിസിലെത്തുമ്പോൾ അദ്ദേഹം പറയും, "മിസ്റ്റർ വാര്യര്‍! നാം തമ്മിൽ ചെറുപ്പം മുതൽ പരസ്പ്പരം അറിയുന്നവരല്ലേ, കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നതായിരിക്കും." എന്നു പറഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചു വിടുമായിരുന്നു. രാജൻ മരിച്ചുവെന്ന് കരുണാകരന് അറിയാമായിരുന്നു. പിതാവിന്‍റെ മുമ്പിൽ നല്ലപിള്ള ചമഞ്ഞുകൊണ്ട് ഒരു ഒളിച്ചു കളി നടത്തിയിരുന്നുവെന്നു മാത്രം. രാജന്‍റെ പ്രശ്നങ്ങളുമായി കരുണാകരനെ സന്ദർശിച്ചിരുന്നപ്പോഴെല്ലാം കരുണാകരൻ എന്തൊക്കെയോ ഒളിച്ചു വെക്കുന്നുണ്ടെന്നു സംസാരത്തിൽ മനസിലാകുമായിരുന്നുവെന്ന് ശ്രീ വാര്യർ തന്‍റെ ഓർമ്മക്കുറിപ്പുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ശ്രീ വാര്യറിന് കരുണാകരനോട് പരിഭവമില്ല. വിഭിന്ന രാഷ്ട്രീയ ചിന്താഗതികളിൽ വ്യക്തിപരമായ വൈരാഗ്യങ്ങൾ വീട്ടാനും കരുണാകരൻ അവസരം നോക്കി നിൽക്കുകയായിരുന്നു.
വാര്യരെ പ്രയാസപ്പെടുത്തിയിരുന്നത് ശ്രീ അച്യുത മേനോന്റെ പെരുമാറ്റമായിരുന്നു. ഒരു മുഖ്യ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ കാണാൻ ചെന്നാൽ ജയറാം പടിക്കലിനോടോ കരുണാകരനോടോ ചോദിക്കാൻ പറയും. അദ്ദേഹത്തിന്‍റെ താഴെയുള്ള ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ലഭിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നറിഞ്ഞപ്പോൾ ഈച്ചരവാര്യരിൽ വിസ്മയമുണ്ടാകുമായിരുന്നു. ഒരിക്കൽ ഈച്ചിര വാര്യരോടും അദ്ദേഹത്തിന്റെ സഹോദരൻ മാധവനോടും വളരെ പരുക്കനായും നീചമായും സംസാരിച്ചു. "നിങ്ങളുടെ മകനുവേണ്ടി കേരളം മുഴുവനുമുള്ള ജയിലുകളിൽ അന്വേഷിച്ചിറങ്ങാൻ എനിക്ക് സമയമില്ലെന്ന്" അസഭ്യമായ ഭാഷയിലായിരുന്നു സംസാരിച്ചത്. വാര്യര്‍ നിശബ്ദനായി മുഖ്യമന്ത്രി പറയുന്നത് കേട്ടു. പിന്നെ ഒരിക്കലും അദ്ദേഹത്തെ കാണാൻ പോയിട്ടില്ല,
വാര്യരെ ദുഖിപ്പിച്ചത് അച്യുത മേനോനെ രക്ഷിച്ച ഒരു പഴങ്കാല കഥ ഓർത്തപ്പോഴാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയ ശേഷം അന്നുള്ള സർക്കാരുകൾ കമ്മ്യുണിസ്റ്റുകാരെ വേട്ടയാടുന്ന കാലങ്ങളായിരുന്നു. വാര്യരുടെ കുടുംബവും അച്യുത മേനൊന്‍റെ കുടുംബവും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. 1949-ൽ രാത്രിയിൽ പോലീസ് അച്യുതമേനോനെ അറസ്റ്റു ചെയ്യാൻ അദ്ദേഹത്തിൻറെ വീട്ടിൽ എത്തി. അദ്ദേഹം പുറം വാതിൽക്കൽക്കൂടി ജീവനുംകൊണ്ടോടി, പാതിരാത്രിക്ക് ഈച്ചിര വാര്യരുടെ തറവാട്ടിൽ രക്ഷിക്കണമേയെന്നു പറഞ്ഞോടിയെത്തി. അന്ന് വാര്യറിന്‍റെ പിതാവും കുടുംബവും കോൺഗ്രസ് അനുഭാവികളായിരുന്നു. സർക്കാരിനെ പിന്തുണക്കുന്ന കുടുംബമായിരുന്നതുകൊണ്ട് മേനോന് അഭയം കൊടുത്താലും ആർക്കും സംശയമുണ്ടാവുമായിരുന്നില്ല. അറസ്റ്റ് ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നു മുദ്ര കുത്തി വധിക്കുകയായിരുന്നു പതിവ്. വാര്യറിന്‍റെ സഹോദരൻ മാധവനും മറ്റൊരു സഹോദരനും രാത്രിയിൽ തന്നെ അവിടെ നിന്ന് എട്ടു പത്ത് കിലോ മീറ്റർ അകലെയുള്ള വാര്യരുടെ അകന്ന ഒരു ബന്ധുവീട്ടിൽ മേനോനെ ഒളിപ്പിച്ചു താമസിപ്പിച്ചു. അനുജന്മാരുമൊത്ത് പോവുന്ന വഴിയിൽ പോലീസിന്‍റെ പിടിയിൽ അകപ്പെട്ടിരുന്നെങ്കിൽ എല്ലാവരുടെയും ജീവൻ അപകടപ്പെടുമായിരുന്നു. അവിടെയാണ് കരുണാകരനേക്കാളൂം മേനോന്‍റെ പ്രവർത്തനങ്ങളിൽ വാര്യർക്ക് പ്രയാസം വന്നത്. അനുജന്മാർ വീട്ടിൽ മടങ്ങി വരുന്നവരെ ഈച്ചിര വാര്യർ രാത്രിമുഴുവൻ ഉറങ്ങാതെ പരിഭ്രാന്തിയിലായിരുന്നു.
വാര്യര്‍ കാണാതായ മകനെ തേടി അറിയാവുന്ന അധികാര സ്ഥാനങ്ങളിൽ മുഴുവൻ പരാതി കൊടുത്തു. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് കേസ് ഫയൽ ചെയ്തു. അദ്ദേഹത്തിൻറെ മകൻ പോലീസ് കസ്റ്റഡിയിലായിരുന്നുവെന്നും അതുകൊണ്ടു കോടതിയുടെ മുമ്പിൽ ഹാജരാക്കണമെന്നുമായിരുന്നു കേസ്. കേരളാ ഹൈക്കോടതിയുടെ ചരിത്രത്തിൽ അങ്ങനെയൊരു കേസ് ആദ്യമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍റെ രാജിക്കു വരെ അത് കാരണമായി. ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടുപോയ മകനെ തേടിയുള്ള ഈച്ചര വാരിയരുടെ യാതനകൾ കേരള മനഃസാക്ഷിയെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. പക്ഷെ സർക്കാർ കള്ളസാക്ഷികളെ കൊണ്ട് കോടതികളിൽ മൊഴി കൊടുപ്പിച്ചു. സർക്കാരിന്‍റെ അവിശ്വസിനീയമായ രേഖകളും കൃത്രിമമായി എഴുതിയുണ്ടാക്കി. രാജനെ കസ്റ്റഡിയിൽ എടുത്തില്ലായെന്നു, ഡി ഐ ജി ജയറാം പടിക്കൽ കോടതിയിൽ പറഞ്ഞു. രാജൻ ഏതോ നക്സൽ സങ്കേതത്തിലെന്നു വിദ്യാർഥികൾ പറഞ്ഞെന്നും പോലീസ് അവനെ അന്വേഷിക്കുന്നുവെന്നും അവൻ എവിടെയെന്നു കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ലന്നും കോടതിയെ അറിയിച്ചു.
കോടതി വിധിയുടെ വെളിച്ചത്തിൽ രാജനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്നും ഒരു പക്ഷെ രാജൻ മരിച്ചത് പോലീസ് കസ്റ്റഡിയിൽ നിന്നുമായിരുന്നുവെന്നും വാര്യർക്ക് മനസിലായി. മൃതദേഹം കണ്ടെത്താഞ്ഞതിനാൽ അവന്‍റെ പേരിലുള്ള കുറ്റാരോപണങ്ങളും എടുത്തുകളഞ്ഞിരുന്നു. കുറ്റവാളികളുടെ പട്ടിക കൈകാര്യം ചെയ്തിരുന്ന ക്രൈം ബ്രാഞ്ചിന്റെ ചീഫ് ആയിരുന്ന ജയറാം പടിക്കലിനെയും കേസിൽ പ്രതിയായി ഉൾപ്പെടുത്തിയിരുന്നു. കോടതി ജയറാം പടിക്കൽ കുറ്റം ചെയ്‌തെന്ന് വിധിക്കുകയും ചെയ്തു. പക്ഷെ വീണ്ടും അപ്പീൽ കൊടുത്തു കഴിഞ്ഞപ്പോൾ ആ വിധി അസ്ഥിരപ്പെടുത്തുകയും ചെയ്തു. വിധിയുടെ അടിസ്ഥാനത്തിൽ 1978-ൽ കരുണാകരൻ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയും ചെയ്തു.
നക്സൽ വർഗീസിനെ വധിച്ചതുമായി ബന്ധപ്പെട്ട കേസിലുണ്ടായിരുന്ന ലക്ഷ്‌മണയെ രാജൻ വധക്കേസിലും കുറ്റപ്പെടുത്തുന്നുണ്ട്. കാരണം അദ്ദേഹം അന്ന് ഡി.ഐ.ജി. യായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത്, രാജനെ പോലീസിന്‍റെ മൂന്നാം മുറയനുസരിച്ചു ഉരുട്ടുന്ന സമയങ്ങളിൽ ലക്ഷ്മണ കോഴിക്കോട് കക്കയം ക്യാമ്പിലുണ്ടായിരുന്നു. എങ്കിലും ലക്ഷ്മണയ്‌ക്കെതിരെ തെളിവില്ലാഞ്ഞതുകൊണ്ടു കോടതിയിൽ നിന്നും ശിക്ഷ കിട്ടിയില്ല. അദ്ദേഹത്തിന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയയുമായി അടുത്ത സൗഹാർദമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി അദ്ദേഹത്തിന്‍റെ കുടുംബ സുഹൃത്തുമായിരുന്നു. രാഷ്ട്രീയ ചിന്താഗതികളിൽ ലക്ഷ്മണ കരുണാകരന്‍റെ കടുത്ത ആരാധകനും കോൺഗ്രസുകാരനുമായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ ശേഷം ലക്ഷ്മണ ഡി.ഐ.ജി. യാവുകയും പിന്നീട് ഐ.ജി യായി വിരമിക്കുകയുമുണ്ടായി.
അടുത്ത കാലത്ത് രാജന്‍റെ മൃതദേഹത്തെ സംബന്ധിച്ച് ചില കഥകളും പുറത്തു വരുന്നുണ്ട്. 2005 ഡിസംബർ ഇരുപത്തിരണ്ടാം തിയതി വന്ന ഹിന്ദു പത്രത്തിൽ രാജൻ മരിച്ചത് കക്കയം ക്യാമ്പിലെ ഉരുട്ടൽ മൂലമല്ലെന്നു റിപ്പോർട്ടു ചെയ്തിട്ടുണ്ട്. രാജന്‍റെ ശരീരത്തിന്‍റെ സ്വകാര്യ ഭാഗത്ത് ഒരു പോലീസുകാരന്‍റെ തോക്കുകൊണ്ടുള്ള അടികാരണം മരിച്ചതെന്നാണ് വാർത്ത. അതിനുശേഷം രാജന്‍റെ മൃതദേഹം കക്കയം ക്യാമ്പിന്‍റെ പുറകുവശത്തുള്ള സ്ഥലത്തിട്ടു കത്തിക്കുകയായിരുന്നു. കൊച്ചിയടുത്തുള്ള വരാപ്പുഴ താമസിക്കുന്ന സാമൂഹിക പ്രവർത്തകനായ എഴുപത്തി നാല് വയസുള്ള 'ഡേവിസ് ചക്കി'യെത്താണ് ഈ വാർത്ത പുറത്തു വിട്ടത്. അന്ന് ചക്കിയത്ത് പോലീസ് ഡിപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നു. പലരും വിചാരിച്ചിരുന്നത് അവന്‍റെ ശരീരം കക്കയം അണക്കെട്ടിൽ വലിച്ചെറിഞ്ഞെന്നായിരുന്നു. രാജൻ മരിച്ചുവെന്ന് ഉറപ്പായ ശേഷം സീനിയർ പോലീസ് ഓഫീസറായ ജയറാം പടിക്കൽ മൃതദേഹം കത്തിക്കാൻ മറ്റു പോലീസുകാരോട് ആജ്ഞ നൽകുകയായിരുന്നു. കക്കയം ക്യാമ്പിലെ അന്നുണ്ടായിരുന്ന സുലൈമാനും രാജൻ മരിച്ചതെങ്ങനെയെന്ന ചക്കിയത്തിന്‍റെ അതേ അഭിപ്രായം തന്നെ വിവരിച്ചിരുന്നു. സ്വകാര്യ ഭാഗത്ത് ഇടികിട്ടിയ ഉടനെ രാജൻ വലിയൊരു അലർച്ചയോടെ ബോധംകെട്ടു വീഴുകയും നിമിഷങ്ങൾക്കുള്ളിൽ മരിക്കുകയും ചെയ്തെന്നുള്ള കഥയാണ് സുലൈമാനും പറയാനുള്ളത്.
രാജൻ മരിച്ച ദിവസം സ്പെഷ്യൽ പോലീസ് ക്യാമ്പിന്‍റെ ചുമതലയുണ്ടായിരുന്നത് ജയറാം പടിക്കലിനായിരുന്നു. ക്യാമ്പിന്‍റെ ഗേറ്റുകളും വാതിലുകളും അടയ്ക്കാൻ ആജ്ഞ കൊടുത്തു. മൃതശരീരം ക്യാമ്പിന്‍റെ പുറകിൽ കൊണ്ടുവരാൻ പോലീസുകാരോട് ജയറാം പടിക്കൽ ആവശ്യപ്പെട്ടു. പിന്നീട് കത്തിക്കുകയായിരുന്നു. ഒരേ അഭിപ്രായങ്ങൾ തന്നെ അന്ന് പോലീസിലുണ്ടായിരുന്ന ചക്കിയത്തും സുലൈമാനും രാമഭദ്രനും പറഞ്ഞപ്പോൾ അതിൽ സത്യമുണ്ടെന്ന് അനുമാനിക്കണം. ഈ വിവരങ്ങൾ പറയുമ്പോൾ ഈച്ചിര വാര്യര്‍ ജീവിച്ചിരുന്നില്ല.
ദൈവത്തിന്‍റെ പുണ്യഭൂമിയിൽ രാജനോടൊപ്പം ഉരുട്ടിയ മറ്റൊരു പ്രതി പോലീസ് സ്റ്റേഷനിലെ പീഡനത്തെ വിവരിക്കുന്നുണ്ട്. രാജന്‍റെ തുടകൾ കൂട്ടി ഭാരമേറിയ തടിക്കഷണവും ചങ്ങലയും കെട്ടി ഉരുട്ടുന്ന സമയം ജയറാം പടിക്കൽ അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഭീമാകാരന്മാരായ രണ്ടു തടിയന്മാരും ആ തടിക്കഷണത്തിന്‍റെ രണ്ടറ്റത്തും ഇരിക്കുന്നുണ്ടായിരുന്നു. അവശനായ രാജൻ കരഞ്ഞപ്പോൾ ഒരു പോലീസുകാരൻ മുമ്പിൽക്കൂടി വന്നു തോക്കുകൊണ്ട് വന്നു രാജന്‍റെ നാഭികൂട്ടി അടിച്ചു താഴെയിട്ടു. "കക്കയം പോലീസ് സ്റ്റേഷനിൽ നിന്ന് തോക്ക് കട്ടത് ആരെന്നു" ജയറാം പടിക്കൽ ചോദിച്ചു. രാജന് കുറ്റം സമ്മതിക്കാൻ കഴിവില്ലായിരുന്നു. അവശശബ്ദത്തിൽ അവൻ പറഞ്ഞു, "സർ, ദയവായി എന്നെ വിശ്വസിച്ചാലും, സത്യമായും 'സർ' എനിക്കറിയില്ല, ഞാൻ അപ്പോൾ അവിടെയില്ലായിരുന്നു. ആരോ കുട്ടികൾ ചെയ്തതാണ്." പിന്നീടവൻ ശബ്ദിച്ചില്ല. അവന്‍റെ ശബ്ദം നിലച്ചിരുന്നു. അപ്പോഴേക്കും അവൻ മരിച്ചിരുന്നു. രാജനെ ഉരുട്ടി കൊല്ലുന്നത് കണ്ടവരായ അമ്പതിനും അറുപത്തിനുമിടയ്ക്കുള്ള സാക്ഷികൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. പലരും സംഭവങ്ങൾ പുറത്തു പറയാൻ പേടിക്കുന്നു. ജീവനുതന്നെ ഭീഷണി വരുമെന്ന് ഭയപ്പെടുന്നു. ഡെപ്യുട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസായിരുന്ന ജയറാം പടിക്കലാണ് ഉരുട്ടൽ പരിപാടികൾക്ക് ആജ്ഞ നൽകിയത്.
മാതൃഭൂമി പത്രം ഒരിക്കൽ എഴുതി, കക്കയം പോലീസ് സ്റ്റേഷനിലെ ഒരു കോൺട്രാക്ട് ഡ്രൈവർ നാൽപ്പതു വർഷങ്ങൾക്കു ശേഷം പുതിയ വിവരങ്ങളുമായി വന്നിരിക്കുന്നു. 'രാജന്‍റെ പീഡിതമായ ശരീരം ആദ്യം ഐസിനകത്തു സൂക്ഷിച്ചു. പന്നികളുടെ തീറ്റിക്കായി ഒരു സർക്കാർ ഫാക്ടറിയിൽ പൊടിച്ചു. കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട് ഓഫ് ഇൻഡ്യായെന്ന (Meat Products of India’, Koothattukulam) കമ്പനിയാണ് ഈ പ്രക്രിയകൾ നടത്തിയത്.' മരിച്ച ഒരാളിന്‍റെ ശവശരീരം കാണാൻ സാധിക്കുന്നില്ലെങ്കിൽ ആരെയും കൊലക്കുറ്റം ചുമത്താൻ സാധിക്കില്ലെന്നാണ് നിയമം. മറ്റുള്ളവരുടെ ദൃക്‌സാക്ഷി വിവരണങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ കഥ ഇവിടെ വിവരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.
ഈച്ചിര വാര്യര്‍ തന്‍റെ മകനെ തേടി അവസാനം വരെ പൊരുതി. അദ്ദേഹത്തിന്‍റെ തീരാ ദുഃഖത്തിനുള്ള ഉത്തരം ഒരിക്കലും കിട്ടിയില്ല. 'ഒരു പിതാവിന്‍റെ ഓർമ്മകുറിപ്പുകൾ ' എന്ന പേരിൽ വാര്യര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാണാതായ മകനെ തേടിയുള്ള ഒരു അപ്പന്‍റെ കരളലിയിക്കുന്ന കഥകൾ ആ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. രാജന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലുടനീളം എന്നുമുണ്ടായിരുന്ന ഒരു ചോദ്യമായിരുന്നു. മലയാളികൾ ഒരുപാടു കാലം ഈ ചെറുപ്പക്കാരന്‍റെ ദുരന്തകഥ മനസ്സിൽ കൊണ്ടുനടന്നിരുന്നു.അതിനായി നീതി കിട്ടാൻ ഈച്ചിര വാര്യര്‍ മുട്ടാത്ത വാതിലുകൾ ഇല്ല. ആരും അദ്ദേഹത്തോട് നീതി പാലിക്കാൻ തയാറായുമില്ല. വാര്യർക്ക് മകൻ ഒരിക്കൽ തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം മരിക്കുന്നവരെയും അദ്ദേഹം പുലർത്തിയിരുന്നു. രാത്രിയുടെ അന്തിയാമങ്ങളിൽ വീടിനു പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാൽ മതി അദ്ദേഹം ടോർച്ചടിച്ചു വാതില് തുറന്നു നോക്കുമായിരുന്നു. ഭാര്യയോട് പറയുമായിരുന്നു, "രാധേ, ഒരു പാത്രം ചോറും ഒരു വാഴയിലയും അവന്റെ ഊൺമേശയിൽ നീ എന്നും കരുതിയിരിക്കണം. ഏതു സമയവും അവൻ പടി കയറി വീടിനുള്ളിൽ വരാം. അവൻ വിശന്നായിരിക്കാം വരുന്നത്. അവൻ വരും. തീർച്ചയായും അവൻ..."
മൂന്നു മക്കളിൽ രാധയ്ക്കെപ്പോഴും രാജനോടായിരുന്നു ഇഷ്ടം. അമ്മയും മകനും തമ്മിൽ കാണുന്ന സമയമെല്ലാം ഈണം വെച്ച് ഒന്നിച്ചു പാടുമായിരുന്നു. സ്‌കൂളിൽ നിന്ന് വരുമ്പോഴേ അവനെന്തെങ്കിലും കഴിക്കാൻ അമ്മയുടെ അടുത്തു കൂടും. കൊഞ്ചിക്കൊണ്ട് അവൻ പാട്ടു പാടി അമ്മയെ സുഖിപ്പിക്കും. 'അമ്മ അതിൽ ആനന്ദം കണ്ടെത്തിയിരുന്നു. അവധി ദിവസങ്ങളിൽ പാതിരാ കഴിഞ്ഞാലും ഒന്നിച്ചു പാട്ടു പാടിക്കൊണ്ടിരിക്കും. ആരെയും ഉറക്കില്ലായിരുന്നു. അവൻ എന്നും അമ്മയുടെ മോനായിരുന്നു. രണ്ടായിരാമാണ്ട് മാർച്ചു മൂന്നാം തിയതി രാജന്‍റെ 'അമ്മ' രാധ ഈ ലോകത്തോട് യാത്ര പറഞ്ഞു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് അവശയായി അവർ ബെഡിൽ കിടക്കുന്ന സമയം ഭർത്താവിന്‍റെ കൈകൾ പിടിച്ചുകൊണ്ടു ഒരു സഞ്ചി നിറയെ ചില്ലറ നാണയങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു. അത് രാജൻ വരുമ്പോൾ കൊടുക്കണമെന്നു പറഞ്ഞു.
എന്തിനായിരുന്നു ഈച്ചിര വാര്യർ മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയത്? സ്വതന്ത്ര ഇന്ത്യയിൽ പോലീസ് മേധാവികൾക്ക് ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നു. എങ്ങനെ വേണമെങ്കിലും പീഢിപ്പിക്കാം. എപ്പോൾ വേണമെങ്കിലും കൊല്ലാം. മരിച്ച ശരീരത്തെ അജ്ഞാതമായി മറവു ചെയ്യാം. സീനിയർ പോലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും സർക്കാരിന്‍റെ ചുവപ്പു നാടകളും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ, സമൂഹത്തിൽ നിന്നും ഇരയുടെ ബന്ധു ജനങ്ങളിൽ നിന്നും ഒളിച്ചു വെക്കും. ഇത് ഏതാനും സംഭവങ്ങളിൽ നിന്നുമുള്ള വെറും കഥകൾ മാത്രമല്ല. ഇന്നത്തെ ഭാരതത്തിന്‍റെ കഥയാണ്. സ്വന്തം അനുഭവപാഠത്തിൽ നിന്നും പഠിച്ച ഇങ്ങനെയുള്ള ഒരു വ്യവസ്ഥിതിയ്‌ക്കെതിരെ ശ്രീ ടി വി ഈച്ചര വാര്യര്‍ പൊരുതി. ദുർഗ്രാഹ്യമായ സാഹചര്യങ്ങളിൽ അപ്രത്യക്ഷ്യമായ ഒരു മകനെ തേടിയുള്ള യാത്രയുടെ നെടുവീർപ്പുകളും അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ട്. ഭാരതത്തിന്റെ പതാക സ്വാതന്ത്ര്യ നാളുകളിൽ പാറി പറക്കുന്ന സമയം ആ പതാകയിൽ ഒരു പിതാവിന്‍റെയും ഒരു അമ്മയുടെയും ഒരു മകന്റെയും കണ്ണുനീർത്തുള്ളികളുടെ കഥകളും പറയുന്നുണ്ടാകാം.
(അവസാനിച്ചു)
K.Karunakaran
and Indira at Guruvayur
|
The film Piravi
is Rajan Eachara Warrier's case.
|
Jayaram padikkal |
കരളലിയിക്കുന്ന വാർത്ത തന്നെ....
ReplyDelete