ജോസഫ് പടന്നമാക്കൽ
തമിഴ് നാട്ടിലുള്ള ഈറോഡ് ടൗണിൽ 1879 സെപ്റ്റംബർ പതിനേഴാം തിയതി ഇ.വി. രാമസ്വാമി (പെരിയാർ)ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ വെങ്കട നായ്ക്കർ ധനികനായ ഒരു വ്യവസായി ആയിരുന്നു. ഹിന്ദു വൈഷ്ണവത്തിലെ ഒരു തീവ്ര ഭക്തനുമായിരുന്നു. 'അമ്മ മുത്തമ്മാൾ എന്ന് വിളിക്കുന്ന ചിന്ന തയ്യമ്മാൾ വീട്ടു കാര്യങ്ങളുമായി കഴിഞ്ഞിരുന്നു. കൃഷ്ണ സാമിയെന്ന ഒരു മൂത്ത സഹോദരനും കണ്ണമ്മാൾ, പൊന്നുതോയ് എന്നിങ്ങനെ രണ്ടു സഹോദരികളുമുണ്ടായിരുന്നു. ആറാം വയസിൽ സ്‌കൂൾ പഠനം തുടങ്ങി പത്താം വയസിൽ അവസാനിപ്പിച്ചു. പന്ത്രണ്ടാം വയസിൽ അപ്പനെ ബിസിനസ്സ് കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി. 1898-ൽ പതിമൂന്നാം വയസിൽ അദ്ദേഹം നാഗമ്മാളിനെ വിവാഹം ചെയ്തു. യാഥാസ്ഥിതികയായിരുന്ന അദ്ദേഹത്തിൻറെ ഭാര്യയെ സാവധാനം തികഞ്ഞ യുക്തിവാദിയാക്കി. 1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു. നാഗമ്മാളും പെരിയാറിനൊപ്പം വൈക്കം സത്യാഗ്രഹത്തിലും ഗാന്ധിജിയുടെ നിസഹകരണപ്രസ്ഥാനത്തിലും പങ്കെടുത്തിരുന്നു.
മതത്തിന്റെ വിശ്വാസത്തെപ്പറ്റി പെരിയാർ തന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്നുണ്ട്. "ഞങ്ങളുടെ വീട്ടിൽ സന്യാസിമാരെയും പണ്ഡിറ്റുകളെയും പുരോഹിതരെയും ബഹുമാനിക്കണമെന്നുള്ള ഒരു ചിട്ടയുണ്ടായിരുന്നു. അവരെ ഞാൻ ഇഷ്ടപ്പെടാഞ്ഞതുകൊണ്ടു അവരെന്തു പറഞ്ഞാലും ഞാൻ അവരെ പരിഹസിക്കുമായിരുന്നു. അത് എന്റെ ഒരു വിനോദമായിരുന്നു. ഞാൻ പുരാണഗ്രന്ഥങ്ങൾ വായിച്ചിരുന്നില്ല. ആരുടേയും മതപ്രഭാഷണങ്ങൾ കേട്ടിട്ടുമുണ്ടായിരുന്നില്ല. ശൈവ-വൈഷ്‌ണവ പണ്ഡിതന്മാർ കൂടുതൽ പ്രഭാഷണങ്ങളും വിവരങ്ങളുമായി വരുമ്പോൾ അവരെ ഞാൻ ചോദ്യം ചെയ്യാനാരംഭിച്ചു. എന്റെ ചോദ്യങ്ങൾക്കുത്തരം പണ്ഡിതന്മാർ പരസ്‌പരവിരുദ്ധമായി പറയാൻ തുടങ്ങി. ഇത് എനിക്ക് പണ്ഡിതരുടെ പാണ്ഡ്യത്യത്തെ ചെളിവാരിയെറിയാനുള്ള അവസരവുമായിരുന്നു. പണ്ഡിതരോടുള്ള എന്റെ തർക്കമാണ് എന്നെ മത വിശ്വാസത്തിൽനിന്നും, പുരാണത്തിൽനിന്നും ശാസ്ത്രത്തിൽനിന്നും ദൈവത്തിൽനിന്നും അകറ്റി നിർത്തിയത്". ദ്രാവിഡരെ കീഴ്പ്പെടുത്തിയ ദൈവങ്ങളെ പൂജിക്കുന്നതിലും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രാഹ്മണാധിപത്യത്തിനെതിരെ പെരിയാർ ഒരു സന്ധിയില്ലാ സമരമായിരുന്നു നടത്തിയത്.
1904-ൽ പിതാവിന്റെ നിർബന്ധപ്രകാരം പെരിയാർ ബ്രഹ്മചര്യം അനുഷ്ഠിച്ചുകൊണ്ടുള്ള സന്യാസിയായി. തന്റെ ഇരുപത്തിയഞ്ചാം വയസിൽ വാരണാസി പുണ്യസ്ഥലം സന്ദർശിക്കാൻ പോയി. അവിടെ വർണ്ണവിവേചനമില്ലാതെ ആർക്കും താമസിക്കാമെന്നു ചിന്തിച്ചു. ബ്രാഹ്മണരല്ലാത്തവരെ അവിടെയുള്ള സത്രങ്ങളിൽ താമസിക്കാൻ അനുവദിച്ചിരുന്നില്ല. ബ്രാഹ്മണൻ അല്ലാത്തതിനാൽ ഒരിടത്തും ഭക്ഷണം പോലും നൽകില്ലായിരുന്നു. വിശപ്പ് സഹിക്ക വയ്യാത്തതിനാൽ ബ്രാഹ്മണർ വലിച്ചെറിയുന്ന ഉച്ഛിഷ്ടം തിന്ന് ഭക്ഷിക്കേണ്ടി വന്നു. കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ വയറു വിശന്നിരുന്ന രാമസാമി തെരുവ് പട്ടികളോട് മത്സരിച്ചു പുറത്തിട്ടിരുന്ന ഇല നക്കി വിശപ്പടക്കിയിരുന്നു. അങ്ങനെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രാമസാമിയുടെ കണ്ണുകൾ ആ കെട്ടിടത്തിന്റെ മുകളിൽ കൊത്തിയിരുന്ന അക്ഷരങ്ങളിലേക്ക് തിരിഞ്ഞു. തമിഴ് നാട്ടിലെ ഒരു ധനികനായ ദ്രാവിഡൻ ബ്രാഹ്മണർക്ക് ദാനം കൊടുത്തതായിരുന്നു ആ കെട്ടിടം. പെട്ടെന്ന് യുവാവായിരുന്ന രാമസ്വാമികളുടെ മനസ്സിൽ പലതും വന്നുകൂടി. ഒരു ദ്രവീഡിയൻ മനുഷ്യ സ്‌നേഹി ദാനമായി കൊടുത്ത കെട്ടിടത്തിനുള്ളിൽ എന്തുകൊണ്ട് ഒരു ദ്രാവിഡന് പ്രവേശനം നിഷേധിക്കുകുകയും ഭക്ഷണം നിരസിക്കുകയും ചെയ്യുന്നുവെന്ന ചോദ്യമായിരുന്നു മനസ്സിൽ വന്നത്. ബ്രാഹ്‌മണരുടെ മനസ്സ് കഠിനവും ദയയില്ലാത്തതും വർഗീയതയും നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? വിശക്കുന്നവന് അന്നം കൊടുക്കാൻ മടിക്കുന്ന ഈ ബ്രാഹ്മണരുടെ ദൈവത്തെ ദ്രാവിഡർക്ക് വേണോ? മരണം വരെ സവർണ്ണ മേധാവിത്വം അവർണ്ണന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ബ്രാഹ്മണിസം നശിപ്പിക്കണ്ടേ? മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്കൊന്നും നീതികരിക്കുന്ന ഉത്തരങ്ങൾ പെരിയാറിന്റെ മനസ്സിൽ വന്നു കൂടിയില്ല.
കാശിയിൽ(Banaras)നിന്ന്
കിട്ടിയ അപമാനം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആര്യൻ വർഗക്കാരോടും
അവരുടെ കണക്കില്ലാത്ത ദൈവങ്ങളോടും എന്തെന്നില്ലാത്ത വെറുപ്പ് അന്നുമുതൽ അദ്ദേഹത്തെ
അലട്ടാൻ തുടങ്ങി. ബനാറസ് അഥവാ കാശി വിശുദ്ധമായ ഒരു സ്ഥലമായിട്ടാണ്
കരുതുന്നെങ്കിലും എല്ലാ വൃത്തികേടുകളുടെയും അസാന്മാർഗികതയുടേയും വ്യപിചാര
ശാലകളുടേയും സങ്കേതമെന്നും പെരിയാർ രേഖപ്പെടുത്തിയിട്ടുണ്ട്. ചതിയും വഞ്ചനയും
യാചകരുടെ ശല്യവും വളരെയേറെയാണ്. ഗംഗാ നദികളിൽക്കൂടി ഒഴുകി നടക്കുന്ന ശവ ശരീരങ്ങളും
അദ്ദേഹത്തിൽ വെറുപ്പുണ്ടാക്കി. ബ്രഹ്‌മചര്യം പ്രതിജ്ഞ ചെയ്ത അദ്ദേഹം
പുനർചിന്തനത്തിൽ വീണ്ടും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു.
മതങ്ങൾ ഇന്ന്
മനുഷ്യമനസ്സിൽ വിഷവും ഭയവും വർദ്ധിപ്പിക്കുന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥയെ
ദൈവത്തിന്റെ മനുഷ്യർ ചൂഷണം ചെയ്യുന്നു. മതാന്ധതയുമായി നടക്കുന്ന ഭക്തജനങ്ങളെ
നിത്യനരകമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്നു. പെരിയാർ മതത്തെ
വാകൊണ്ടും പേനാകൊണ്ടും യുക്തിപൂർവം എതിർത്തിരുന്നു. നിഷ്കളങ്കരായവരെ മതത്തിന്റെ
മുഖംമൂടി അണിഞ്ഞിരുന്നവർ ചതിക്കുന്നുവെന്ന് പെരിയാർ വിശ്വസിച്ചിരുന്നു. ഒരു തികഞ്ഞ
യുക്തിവാദിയെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിക്കുമായിരുന്നു. ഹൈന്ദവ ശാസ്ത്രങ്ങളെയും
പുരാണങ്ങളെയും സ്മൃതികളെയും അദ്ദേഹം പരിഹസിച്ചിരുന്നു. ബ്രാഹ്മണ സൂക്തങ്ങൾക്കെതിരെ
അക്രോശിച്ചിരുന്നു. ഈ പുരാണങ്ങളെല്ലാം മനുഷ്യനെ അന്ധവിശ്വാസത്തിലേയ്ക്ക്
നയിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം ഒരിക്കൽ മതങ്ങളുടെ
അർത്ഥമില്ലാത്ത ഗവേഷണ പ്രബന്ധങ്ങളെല്ലാം കത്തിച്ചു ചാമ്പലാക്കണമെന്നും പറഞ്ഞു. ദൈവ
വിശ്വാസം മനുഷ്യനെ അധൈര്യനാക്കുന്നുവെന്നും വിശ്വസിച്ചിരുന്നു. മനുഷ്യന് പ്രകൃതി
കനിഞ്ഞു നൽകിയ ഗുണങ്ങളും സ്ഥിരോത്സാഹവും, ജിജ്ഞാസയും
ഉന്മേഷവും ദൈവ വിശ്വാസികളിൽ മങ്ങലേൽപ്പിക്കുന്നു. ദൈവ ഭയമെന്നുള്ളത് ഒരുവന്റെ
വിഡ്ഢി ചിന്തകളുടെ ആരംഭമാണ്. പെരിയാർ കൂടുതലായും ആക്രമിച്ചത് ഹിന്ദു മതങ്ങളെയും
അവരുടെ ദൈവങ്ങളെയുമായിരുന്നു. ദൈവങ്ങൾ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും
സമത്വത്തിനും വിഘാതമെന്നും ആദ്ദേഹം വിശ്വസിച്ചു. ഒരു മനുഷ്യൻ സ്വയം അഭിമാനിയായി
ജീവിക്കണമെങ്കിൽ മതം ഉപേക്ഷിക്കണമെന്നാണ് അദ്ദേഹം ഉപദേശിച്ചത്.
മനുഷ്യന്റെ
പുരോഗതിക്ക് മതം തടസ്സമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മതം സാമൂഹിക
അസമത്വങ്ങൾക്ക് ഇടയാക്കുന്നു. നീതിയും സത്യവും നിലനിർത്താൻ മതത്തിന്റെ സ്ഥാനത്ത്
യുക്തിയാൽ അധിഷ്ഠിതമായ ആശയ സംവിധാനങ്ങൾ നടപ്പാക്കേണ്ടതുണ്ട്. അതിനു മതത്തെ
ഇല്ലാതാക്കണം. വിശ്വാസവും അതിന്റെ കാര്യ കാരണങ്ങളാലുള്ള അന്വേഷണവും രണ്ടും വ്യത്യസ്തങ്ങളാണ്.
ആദ്യം മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കൂ. അതിനു ദൈവത്തോട്
സംസാരിക്കുന്നതിനേക്കാൾ മനുഷ്യൻ ആദ്യം വിവേകമുള്ളവനാകണം. യുക്തി ചിന്തകൾ മനുഷ്യനെ
സമത്വത്തിലേക്ക് നയിക്കുമ്പോൾ മതം മനുഷ്യനെയും മനുഷ്യനെയും തമ്മിൽ ഭിന്നിപ്പിക്കാൻ
ശ്രമിക്കുന്നു. അന്ധവിശ്വാസങ്ങളും പീഡനങ്ങളും ചൂഷണങ്ങളും അതിനുള്ളിലുണ്ട്. മതം
മനുഷ്യരെ ഭീരുക്കളാക്കുന്നു. മടിയന്മാരുമാക്കുന്നു. സമൂഹത്തിൽ താണവരായവരെ മതം
ചൂഷണം ചെയ്യുന്നു. യുക്തി ചിന്തകൾ മനുഷ്യനെ സ്വതന്ത്രമാക്കുകയും ചെയ്യും.
അമ്പലങ്ങളിലും പൂജകളിലും വഴിപാടുകളിലും അർപ്പിക്കുന്ന നമ്മുടെ പണം രാജ്യത്തിനുവേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ ദരിദ്രരുടെയും താണ ജനങ്ങളുടെയും നിലവാരം ഉയരുമായിരുന്നു. എന്നാൽ ഇത്തരം യുക്തി ചിന്തകളുടെ ശത്രു ദൈവമെന്നും പെരിയാർ ചിന്തിച്ചിരുന്നു. ദൈവത്തിൽ അന്ധമായ വിശ്വാസം കാരണം ബൗദ്ധികമായി കാര്യകാരണ സഹിതം ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവുകളും അവിടെ ഇല്ലാതാവുന്നു. എല്ലാം ദൈവത്താൽ സാധ്യമെന്നു ദൈവിക ചിന്തകർ പറയും. 'അവനില്ലാതെ ഒന്നും സാധ്യമല്ല' യെന്ന് വഴിനീളെ പാസ്റ്റർമാരും പ്രസംഗിക്കുന്നുണ്ട്. ദൈവിക ജ്ഞാനികൾ പറയും, 'ദൈവത്തെ നമുക്ക് കാണാൻ സാധിക്കില്ലെങ്കിലും ദൈവം അവിടെ ഉണ്ടായിരുന്നു. അവൻ ആയിരിക്കുന്നവനാകുന്നു. അവൻ എന്നും അങ്ങനെയായിരിക്കും'. പെരിയാറിന്റെ അഭിപ്രായത്തിൽ അതെല്ലാം വിഡ്ഢിത്വ ചിന്തകളെന്നാണ്. ആധികാരികമായി അവർക്ക് ഒരു വിവരണവും ദൈവത്തെപ്പറ്റി നൽകാൻ സാധിക്കില്ല. നമ്മുടെ അറിവിനുപരി ഒരു ശക്തിയുണ്ടെങ്കിൽ ആ ശക്തിയെത്തേടി നമ്മളെ എന്തിനു സ്വയം വിഡ്ഢികളാക്കണം. ദൈവമെന്നു പറയുന്നത് വ്യാജവും കെട്ടുകഥയും ഭാവനയുമാണ്. ദൈവ വാദികൾ പറയും 'ദൈവത്തെ മനസിലാക്കാൻ സാധ്യമല്ലെന്ന്'. അങ്ങനെയെങ്കിൽ അവർക്കെങ്ങനെ ദൈവത്തെ മനസിലായി? ദൈവത്തിന്റെ പ്രതിപുരുഷന്മാരായി ഇത്തരം വേദം ഓതുവാൻ അവർക്കെന്തവകാശം? പെരിയാറിന്റെ യുക്തി ചിന്തകൾ ഇങ്ങനെ പോവുന്നു, 'ദൈവം ഇല്ല, ദൈവം ഒരിക്കലും ഉണ്ടായിരുന്നില്ല, ദൈവത്തെ സൃഷ്ടിക്കുന്നവൻ വിഡ്ഢിയാണ്. ദൈവത്തെപ്പറ്റി പ്രസംഗിക്കുന്നവർ സത്യമില്ലാത്തവരാണ്. ദൈവത്തോട് പ്രാത്ഥിക്കുന്നവർ വൈകൃത ചിന്തകളുള്ള അപരിഷ്കൃതരാണ്'.
ബ്രാഹ്മണിസത്തിനെതിരായുളള യുദ്ധം പെരിയാറിനെ യുക്തിവാദത്തിൽ കൂടുതൽ ദൃഢവിശ്വസിയാക്കി. പാരമ്പര്യമായി ബ്രാഹ്മണർക്ക് പൂജാരികളെന്ന നിലയിൽ അമിതമായി ബഹുമാനം കല്പ്പിച്ചിരുന്നു. ബ്രാഹ്മണർ അവരുടെ സ്ഥാനം ദുരുപയോഗം ചെയ്യുന്നതിൽ പെരിയാർ അവരെ അമിതമായി വിമർശിച്ചിരുന്നു. മതത്തിന്റെ പാരമ്പര്യമായുള്ള വ്യവസ്തമൂലം ബ്രാഹ്മണർ ജനത്തെ ചൂഷണം ചെയ്യുന്നു. ദൈവവും മതവും ശാസ്ത്രവും പുരാണങ്ങളും ഇതിഹാസങ്ങളും ഉയർന്ന ജാതിക്കാരുടെ ആയുധങ്ങളാണ്. മണ്ണിന്റെ മക്കളെ അവർ അടിമകളാക്കുന്നു. അവരെ വർണ്ണാശ്രമ ധർമ്മമെന്നു പറഞ്ഞു നാലാംതരമോ അഞ്ചാം തരമോ ആയി വിഭജിക്കുന്നു. ബ്രാഹ്മണരെ സമൂഹത്തിലെ ഉന്നതരായി കരുതുന്നമൂലം അവർ ബ്രാഹ്മണരല്ലാത്തവരെ പീഡിപ്പിക്കുന്ന ഒരു മനസ്ഥിതിയാണുള്ളത്. ബ്രാഹ്മണരുണ്ടാക്കിയിരുന്ന നിയമങ്ങളും അനീതി നിറഞ്ഞതാണ്. മതമെന്ന് പറയുന്നത് ബ്രാഹ്മണരുടെ മേധാവിത്വം നിലനിർത്തുന്നതിനാണ്. മതത്തെ ഇല്ലാതാക്കി അവിടെ യുക്തി ചിന്തകൾ നടപ്പാക്കണമെന്ന് പെരിയാർ വാദിച്ചിരുന്നു.
പെരിയാറിന്റെ എല്ലാ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാന തത്ത്വം യുക്തിവാദമെന്നു കാണാം. രാജ്യത്തുള്ള അരാജകത്വത്തിന് കാരണം നമ്മുടെ യുക്തി ചിന്തകളെ അടിച്ചമർത്തുന്നതാണെന്നു പെരിയാർ വിശ്വസിച്ചിരുന്നു. എന്ത് കാര്യങ്ങളാണെങ്കിലും വെറും വിശ്വാസത്തിന്റെ പുറത്തുപോകാതെ കാര്യ കാരണങ്ങൾ സഹിതം ചിന്തിക്കാനും പഠിക്കണം. മറ്റുളളവരുടെ ഉപദേശങ്ങളെ കണക്കാക്കാതെ തനതായി വിചിന്തനം ചെയ്യണം. ബുദ്ധിപരമായി മുന്നേറണം. നിഷേധിക്കേണ്ടത് നിഷേധിക്കണം. എന്തിനെങ്കിലും നമ്മുടെ സേവനം ആവശ്യമുണ്ടെങ്കിൽ അതിനും തയാറാകണം. നവീകരണം ആവശ്യമെങ്കിൽ ഭയരഹിതമായി നടപ്പാക്കണം. വർഗ വിവേചനമായിരുന്നു പെരിയാറിന്റെ ഏറ്റവും വലിയ പ്രശ്‍നം. ചാതുർവർണ്യ വ്യവസ്ഥ ഇല്ലാതാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ഹിന്ദു മതത്തിന്റെ ആരാധനയിൽ പങ്കെടുക്കുന്നുവെങ്കിൽ ബ്രാഹ്മണരെ ഉയർത്തി പിടിച്ചിരിക്കുന്നതായി കാണാം. ദ്രാവിഡരെ ശൂദ്രന്മാരും പഞ്ചമന്മാരും ആയി ചിത്രീകരിച്ചിരിക്കുന്നു. പെരിയാർ പറഞ്ഞു, ഹിന്ദു മതമെന്ന് പറയുന്നത് ഒരു മതമല്ല. ചില സ്ഥാപിത താല്പര്യക്കാരുടെ താൽപ്പര്യം അനുസരിച്ച് അജ്ഞത നിറഞ്ഞ നിരക്ഷരരെ ചൂഷണം ചെയ്യാൻ വേണ്ടി ഈ മതം സ്ഥാപിച്ചു. നാം ഈ മതം സ്വീകരിക്കണോ വേണ്ടയോ എന്ന് പെരിയാർ ചോദിക്കുന്നു? സാമൂഹിക വളർച്ചയ്ക്ക് ഈ മതം സഹായകമാണോ? പെരിയാറിന്റെ കാഴ്ചപ്പാടിൽ ദൈവവും മതവും മനുഷ്യനും ബ്രാഹ്മണരായവരുടെ സൃഷ്ടിയാണ്. ബ്രാഹ്‌മണ പ്രതാപത്തിനായുള്ളതാണ്. അദ്ദേഹം പറയുന്നു, 'ഓയിൽ വിളക്കിനു പകരം ഇലെക്ട്രിക്കൽ ബൾബ് വന്നു. കാളവണ്ടി യുഗത്തിൽ നിന്ന് ഏവിയേഷൻ വിപ്ലവം സാർവത്രികമായി. അതുപോലെ പൗരാണികവും കാലഹരണപ്പെട്ടതുമായ ദൈവത്തെയും മതത്തെയും പരിഷ്‌ക്കരിക്കേണ്ടതായുണ്ട്. 'ദൈവത്തെ മറന്ന് മനുഷ്യനെ സ്നേഹിക്കുകയെന്നതായിരുന്നു' അദ്ദേഹത്തിൻറെ ആപ്തവാക്യം.
ഭൗതിക വാദിയും യുക്തിവാദിയുമായ പെരിയാറിനു ഒരു മതങ്ങളിലും വിശ്വസമില്ലായിരുന്നു. മതങ്ങൾ നീതിയ്ക്കും സാമൂഹിക നന്മയ്ക്കും എതിരായി പ്രവർത്തിക്കുന്നുവെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നത്. ഹിന്ദുമതം കൂടാതെ മറ്റു മതങ്ങളോടും അദ്ദേഹം മല്ലിട്ടിരുന്നു. മതങ്ങളിൽ നീതി നൽകുന്നത് ഇസ്‌ലാം മതം മാത്രമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'ഞാൻ ഹിന്ദുവായി ജനിച്ചതിൽ ലജ്ജിക്കുന്നു. ഞാൻ മുസ്ലിമായി മരിക്കാനും തയ്യാറായിരുന്നു. ബ്രാഹ്മണരല്ലാത്തവർ ഇസ്‌ലാമിലേക്ക് മതം മാറാനും ഒരിക്കൽ അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങനെയെങ്കിൽ അവർ ഹിന്ദുമതത്തിലെ ദുരാചാരങ്ങളിൽ നിന്ന് വിമുക്തമാകും. ഇസ്‌ലാമിൽ വർഗ വിവേചനമോ ചാതുർവർണ്യ വ്യവസ്ഥകളോയില്ല. അതെ സമയം അദ്ദേഹം മറ്റൊരു തരത്തിലും പറഞ്ഞു, ഇസ്‌ലാം നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ ബുദ്ധമതവും പരിഗണിക്കാം. പെരിയാർ സ്വന്തം ജീവിതത്തിൽ ഗൗതമ ബുദ്ധനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കാരണം ബുദ്ധൻ ഹിന്ദു മതത്തിലെ ബ്രഹ്മനിലോ ആത്മത്തിലോ വിശ്വസിച്ചിരുന്നില്ല.
ക്രിസ്ത്യൻ മതത്തെ വിമർശിക്കാനും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ഇസ്ലാം മതവും ക്രിസ്തുമതവും സമൂഹത്തിൽനിന്ന് ഇല്ലാതാക്കാൻ സാധിക്കില്ല. ക്രിസ്തുമതത്തിൽ രണ്ടായിരം കൊല്ലം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇന്ന് കാലത്തിനു യോജിച്ചതല്ല. സ്വർഗ്ഗമെന്നു പറയുന്നത് എല്ലാ മതങ്ങൾക്കും പണം ശേഖരിക്കാനുള്ള ഒരു ഉപാധിയാണ്. "കാര്യകാരണ സഹിതം നിങ്ങൾക്ക് ക്രിസ്തുവിനെ സ്വീകരിക്കാൻ സാധിക്കുമോ? ബൈബിൾ അപകടം പിടിച്ച സന്മാർഗ്ഗത്തിലേക്കുള്ള വഴി എന്നുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ച് 'ദി ബൈബിൾ ഈസ് എ ഡേഞ്ചറസ് മോറൽ ഗൈഡ്' എന്ന ഒരു ലേഖനവും അദ്ദേഹം എഴുതിയിട്ടുണ്ട്. ബ്രാഹ്മണ സിദ്ധാന്തങ്ങളെ തകർക്കാൻ ക്രിസ്തു മതം പ്രാപ്തമല്ലെന്നും അദ്ദേഹം വിശ്വസിച്ചു. ഇന്ത്യയിലെ പ്രാചീന മതങ്ങളിലെല്ലാം ക്രിസ്തുമതമുൾപ്പടെ ബ്രാഹ്മണ സിദ്ധാന്തങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്നും പെരിയാർ വിശ്വസിച്ചിരുന്നു.
"മനുഷ്യൻ എന്ത് കൊടും പാപം ചെയ്താലും ദൈവ പ്രീതിക്കായി പാപപരിഹാരം ചെയ്‌താൽ മതിയെന്നും പുരോഹിതന് പണം നൽകിയാൽ മതിയെന്നുമുള്ള വിഡ്ഢിത്തരങ്ങളെ അദ്ദേഹം ആക്ഷേപിച്ചിരുന്നു. കുഞ്ഞുങ്ങൾ ജനിക്കാൻ മതപുരോഹിതരുടെ മന്ത്രവും വേദോച്ഛാരണങ്ങളും ദൈവത്തെ ഉണർത്തുമെന്ന വിശ്വാസവും വെറും കബളിപ്പിക്കലാണ്. പുരോഹിതന് പണം കൊടുത്താൽ ഏതു സത്യമല്ലാത്തവനും ക്രൂരനും സ്വർഗം കിട്ടും. അതേ സമയം നീതിമാനായ ഒരുവന് അമ്പല പൂജകളിൽ പങ്കാളിയായില്ലെങ്കിൽ അതേ ദൈവം അവനു മുക്തി നൽകില്ല. എന്തു തരം പ്രാകൃത വിശ്വാസമെന്നും പെരിയാർ ചോദിക്കുന്നു. തല മുണ്ഡനം ചെയ്‌താൽ മാത്രമേ ദൈവത്തിനു പ്രീതി വരുമെന്നുള്ളത് മറ്റൊരു അന്ധവിശ്വാസമാണ്. ഒരു സമുദായത്തിൽ മാത്രം ജനിക്കുന്നവർക്ക് പൂജ ചെയ്യാൻ അനുവദിക്കുന്ന ദൈവവും യുക്തിക്ക് അനുയോജ്യമല്ല. "മതമാണ് മനുഷ്യരുടെ തിന്മകൾക്ക് കാരണം. മതം അല്ലെങ്കിൽ അന്ധവിശ്വാസം മനുഷ്യന്റെ പുരോഗതിക്ക് തടസം നിൽക്കുന്നു. യുക്തി ചിന്തകൾകൊണ്ട് മതങ്ങളെ നിരോധിക്കണം. ചാതുർ വർണ്ണ വ്യവസ്ഥയും ബ്രാഹ്മണ മേധാവിത്വവും അവസാനിപ്പിക്കണം." പെരിയാറിന്റെ ഇത്തരം തത്ത്വചിന്തകൾ അദ്ദേഹത്തിൻറെ അനുയായികളെ സ്വാഭിമാന ബോധമുള്ളവരാക്കിയിരുന്നു.
ഈറോഡിലെ ധനികനായ ഒരു വ്യാപാരിയായിരുന്നെങ്കിലും അദ്ദേഹം സ്വന്തം വ്യവസായ സ്ഥാപനങ്ങൾ ഉപേക്ഷിച്ച് 1905 മുതൽ പൊതു ജീവിതത്തിലേക്ക് പ്രവേശിച്ചു. സാമൂഹിക സേവനമായിരുന്നു ലക്ഷ്യം. ഒരിക്കൽ ഈറോഡ് മുഴുവൻ വസന്ത എന്ന പകർച്ച വ്യാധി ബാധിച്ചു. നൂറു കണക്കിന് ജനം മരിക്കുകയും ആയിരക്കണക്കിനു ജനം ജീവനുവേണ്ടിയുള്ള മുറവിളിയും മുഴക്കിയിരുന്നു. എന്നാൽ മനുഷ്യ സ്നേഹിയായ പെരിയാർ മറ്റു ധനികരെപ്പോലെ നാട്ടിലെ ദുരവസ്ഥകൾ കണ്ടില്ലെന്ന് നടിച്ചില്ല. മരിച്ച ശരീരങ്ങൾ അദ്ദേഹം തോളിൽ ചുമന്നുകൊണ്ട് അടക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചു കൊണ്ടിരുന്നു. പകരുന്ന പ്ളേഗ് ബാധിതരായവരെ ആരും കൈകൾ കൊണ്ട് സ്പർശിക്കാൻ തയ്യാറാകുമായിരുന്നില്ല. മരണാചാരങ്ങളിലും പങ്കു കൊള്ളില്ലായിരുന്നു.
1918-ൽ പെരിയാർ ഈറോഡ് മുനിസിപ്പാലിറ്റിയുടെ ചെയർമാനായിരുന്നു. അക്കാലങ്ങളിൽ രാജഗോപാലാചാരിയുമായി അടുത്ത സൗഹാർദ്ദ ബന്ധമുണ്ടായിരുന്നു. 1919-ൽ രാജഗോപാലാചാരിയുടെ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേരാൻ പെരിയാറിനെ ക്ഷണിച്ചു. ഈറോഡ് മുനിസിപ്പാലിറ്റിയുടെ ചെയർമാൻ സ്ഥാനം രാജി വെച്ച് അദ്ദേഹം കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങി. 1920ൽ മഹാത്മാ ഗാന്ധിയോടൊപ്പം ബ്രിട്ടീഷുകാർക്കെതിരെ നിസഹകരണ പ്രസ്ഥാനത്തിൽ പങ്കു ചേർന്നു. നിസഹകരണ പ്രസ്ഥാനമായി സഹകരിച്ച കാരണം അറസ്റ്റുകൾ ഒന്നൊന്നായി സ്വീകരിച്ചുകൊണ്ടിരുന്നു. മഹാത്മാ ഗാന്ധിയെ മനസുകൊണ്ട് ആദർശവാനായി സ്വീകരിച്ച കാരണം ഗാന്ധിയുടെ ഓരോ വാക്കും പെരിയാർ ദൈവ വാക്കായി കരുതിയിരുന്നു. ഉദാഹരണമായി ഖാദി വസ്ത്രം ധരിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന വിശിഷ്ട വിദേശ വസ്ത്രങ്ങൾ ഒന്നായി ബഹിഷ്‌കരിച്ചു. അദ്ദേഹത്തിൻറെ കുടുംബത്തിലുള്ള എല്ലാവരെയും എൺപതു വയസുള്ള അമ്മയെയും ഖാദി വസ്ത്രം ഉടുപ്പിച്ചു. പിന്നീട് പെരിയാർ തമിഴ് നാട് കോൺഗ്രസിന്റെ പ്രസിഡണ്ടായി.
അമ്പലങ്ങളുടെ പട്ടണമെന്നറിയപ്പെട്ടിരുന്ന വൈക്കത്ത് ഈഴവർക്ക് അമ്പല വഴികളിൽക്കൂടി നടക്കാൻ അനുവാദമില്ലായിരുന്നു. അതുകൊണ്ടു കോൺഗ്രസ്സ് പാർട്ടി അവിടെ സത്യാഗ്രഹം തുടങ്ങി. സമരങ്ങളുടെ വിജയത്തിനായി തമിഴ്‌നാട്ടിൽ നിന്നും പെരിയാറിനോട് അവിടെ വരുവാനും സത്യാഗ്രഹത്തിന്റെ നേതൃത്വം എടുക്കാനും ആവശ്യപ്പെട്ടു. അദ്ദേഹം നേതൃത്വം ഏറ്റെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ഒരു വർഷത്തോളം ജയിൽ ശിക്ഷ കിട്ടി. സത്യാഗ്രഹം ഏകദേശം ഒരു വർഷത്തോളം നീണ്ടു നിന്നു'. അതിനുശേഷം തെരുവുകൾ താണ ജാതികൾക്കും തുറന്നു കൊടുത്തു. വൈക്കം സത്യാഗ്രഹത്തിന്റെ വിജയം പെരിയാറിനെ സംബന്ധിച്ച ഒരു ചരിത്ര നേട്ടമായിരുന്നു. കോടാനുകോടി ജനങ്ങളുടെ ആരാധ്യ പുരുഷനായും അറിയപ്പെടാൻ തുടങ്ങി.
1950-ൽ 'പൊന്മൊഴികൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് അദ്ദേഹത്തെ ശിക്ഷിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. അമ്പലങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബങ്ങൾക്ക് യാതൊരു ദൈവികമായ ശക്തിയില്ലെന്ന പ്രചാരണങ്ങളും റാലികളും സംഘടിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൻറെ അനുയായികൾ പൊതുസ്ഥലങ്ങളിൽ വിനായകന്റെ ബിംബങ്ങൾ തകർക്കാൻ തുടങ്ങി.1958-ൽ വർണ്ണ വിവേചനത്തിനെതിരെയും പെരിയാറിന്റെ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ബ്രാഹ്മണരുടെ ഹോട്ടലുകളുടെ മുമ്പിൽ 'ബ്രാഹ്മണ ഹോട്ടൽ' എന്ന് പേരുകളുള്ള ബോർഡുകൾ അവർ ഉയർന്ന ജാതിയെന്നു കാണിക്കാൻ തൂക്കിയിടാറുണ്ടായിരുന്നു. 'ബ്രാഹ്മണ' എന്ന പേരുള്ള ഹോട്ടലിലെ ബോർഡുകൾ നശിപ്പിക്കാൻ പെരിയാർ ആഹ്വാനം ചെയ്തു. അതുമൂലം 'ബ്രാഹ്മണ' എന്ന് പേരുള്ള ബോർഡുകളെല്ലാം തമിഴ്‌നാട്ടിലെ ഹോട്ടലുകളിൽ നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിൻറെ അനുയായികൾ ബ്രാഹ്മണരുമായി ഏറ്റുമുട്ടലുകൾ ആരംഭിച്ചപ്പോൾ പെരിയാറിനെ അറസ്റ്റ് ചെയ്തു ആറു മാസം ശിക്ഷിച്ചു.
1967-ൽ സി.എൻ. അണ്ണാദുരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ 'ഡി. എം. കെ.' പാർട്ടിയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയിരുന്നു. തിരുച്ചിറപ്പള്ളിയിൽ പോയി പെരിയാറിന്റെ ഉപദേശവും അനുഗ്രഹവും മേടിച്ച ശേഷമാണ് അണ്ണാദുരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. പെരിയാറിന്റെ വലംകൈ ആയിരുന്ന അണ്ണാദുരെ മദ്രാസ് സ്റ്റേറ്റിന് 'തമിഴ്‌നാട്' എന്ന പേര് നൽകി. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മൂന്നു ഭാഷകൾക്ക് പകരം തമിഴും ഇംഗ്ലീഷും മാത്രം പഠിച്ചാൽ മതിയെന്ന നിയമം പാസ്സാക്കി.പെരിയാറിന്റെ യുക്തിവാദി ആശയങ്ങൾ ഉൾക്കൊണ്ട അണ്ണാദുരെ, ഗവണ്മെന്റ് ഓഫിസുകളിൽ നിന്നും ഹിന്ദു ദേവന്മാരുടെ പടങ്ങളും പ്രതിമകളും നീക്കം ചെയ്യാൻ സർക്കുലർ കത്തുകൾ അയച്ചു. അണ്ണാദുരയുടെ ചീഫ് സെക്രട്ടറി ഒരു ബ്രാഹ്മണനായിരുന്നു.
1973 ഡിസംബർ ഇരുപത്തി നാലാം തിയതി മഹാനായ ചിന്തകനും ലോകം അറിയപ്പെട്ടിരുന്ന യുക്തിവാദിയും ആയ പെരിയാർ മരണമടഞ്ഞു. ലക്ഷോപലക്ഷം ആരാധകരായ തമിഴരെ പെരിയാറിന്റെ വേർപാട് ദുഃഖിതരാക്കിയിരുന്നു. തമിഴ്‌നാട് മുഴുവൻ ദുഃഖ ആചരണം പ്രഖ്യാപിക്കുകയും ഔദ്യോഗികമായി ശവസംസ്‌ക്കാര ചടങ്ങുകൾ സ്റ്റേറ്റിന്റെ ചുമതലയിൽ നിർവഹിക്കുകയും ചെയ്തു.
ശാസ്ത്രവും മതവും തമ്മിൽ രണ്ടു ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. മതത്തിന്റെ ഏറ്റവും വലിയ ശത്രു ശാസ്ത്രമാണ്. നമ്മുക്കു ലഭിച്ചിരിക്കുന്ന സാംസ്ക്കാരികതയുടെ ഈ യുഗം ആകാശത്തുനിന്ന് പൊട്ടി മുളച്ചതല്ല. ഓരോ സംസ്ക്കാരങ്ങളും ആധുനികതയുടെ വളർച്ചയും അറിവിന്റെ പരിണിതഫലമായി ഉണ്ടായതാണ്. ശാസ്ത്രത്തിന്റെ കുതിച്ചുകയറ്റം അതിനൊരു നിദാനമായിരുന്നു. വാസ്തവത്തിൽ ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് മതം എന്നുമൊരു വിലങ്ങു തടിയായിരുന്നു. ശാസ്ത്രീയമായി ചിന്തിക്കാൻ മതമൊരിക്കലും നമ്മെ അനുവദിച്ചിരുന്നില്ല. മതത്തെ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു വ്യവസായ സ്ഥാപനമോ ഫാക്ടറിയോടോ ഉപമിക്കാം. അതൊരു ബിസിനസ്സ് സ്ഥാപനമല്ലെങ്കിൽ പുരോഹിതരും മെത്രാന്മാരും രൂപത മേധാവികളും ശങ്കര മഠങ്ങളും ആശ്രമങ്ങളും ശങ്കരാചാര്യന്മാരും സായി ബാബായും കുന്നുകൂട്ടിയിട്ടിരിക്കുന്ന ഇത്രമാത്രം സ്വത്തുക്കളുടെ അധിപന്മാരായതെങ്ങനെ? തിരുപ്പതിയിലെ അമ്പലങ്ങളും വേളാങ്കണ്ണി പള്ളിയും ഓരോ മാസവും സമാഹരിക്കുന്ന സ്വർണ്ണം, വെള്ളികൾക്ക് ഒരു അതിരില്ല. അതിന്റെ ഉത്തരം വളരെ ലളിതമാണ്. മതമെന്ന് പറയുന്നത് ലാഭമുണ്ടാക്കുന്ന ഒരു വ്യവസായം മാത്രം. മതവും ബ്രാഹ്മണിസവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചെറുത്തു നിന്ന ഇരുപതാം നൂറ്റാണ്ടിലെ വീരനായകനായ ഇ.വി. രാമസ്വാമി പെരിയാറെന്ന യുക്തിവാദി ചരിത്രത്തിൽ എന്നുമെന്നും സ്ഥായിയായ ഒരു നക്ഷത്രമായി അണയാത്ത ദീപമായി ജ്വലിച്ചുകൊണ്ടിരിക്കും.
Raja Gopalachari |
Periyar University |
Annadurai |
With Mohammad Ali Jinna, Ambedkar |