Wednesday, September 20, 2017

നായർ സമുദായവും സാംസ്ക്കാരിക ചരിത്രവും


ജോസഫ് പടന്നമാക്കൽ

ഹിന്ദുമതത്തിലെ പുരാതന ജനവിഭാഗമായ നായന്മാരുടെ വ്യക്തമായ ഒരു ചരിത്രം എഴുതുക എളുപ്പമല്ല. വർണ്ണ വിഭാഗങ്ങളിൽ നായർ സമൂഹങ്ങൾ ചാതുർ വർണ്ണ്യത്തിനു പുറത്തുള്ളവരെങ്കിലും ബ്രാഹ്മണരുടെ വരവോടെ ഇവരെ സവർണ്ണരായി പരിഗണിച്ചിരുന്നു. സത് ശൂദ്രന്മാരെന്നും അറിയപ്പെട്ടിരുന്നു. ഭൂരിഭാഗം ചരിത്ര ചിന്തകരുടെ നായന്മാരെപ്പറ്റിയുള്ള വീക്ഷണങ്ങൾ വെറും അനുമാനങ്ങളിൽ ഒതുങ്ങിയിരിക്കുന്നതായി കാണാം. അവരുടെ പഴങ്കാല മൂല്യങ്ങളെപ്പറ്റി ചരിത്രകാരുടെ ഗ്രന്ഥപ്പുരകളിൽ അധികമൊന്നുമില്ല. അവരെപ്പറ്റി പോർട്ടുഗീസുകാരുടെ വരവിനു മുമ്പുള്ള ചരിത്ര വസ്തുതകൾ അവ്യക്തവും അപൂർണ്ണവുമാണ്. 

നായന്മാരിൽ അനേകം ഉപാന്തരവിഭാഗങ്ങളുണ്ട്. പൊതുവായി അവരെ കിരിയത്തുനായർ, ഇല്ലത്തുനായർ, സ്വരൂപത്തു നായർ, പാദമംഗലം നായർ എന്നിങ്ങനെ നാലുതരങ്ങളായും തിരിച്ചിട്ടുണ്ട്. കിരിയത്തു നായന്മാർ മലബാറിലും കൊച്ചിയിലും കൂടുതലായും കാണപ്പെടുന്നു. ബ്രാഹ്മണരുമായി സംബന്ധത്തിൽ ഏർപ്പെടാതെ വർഗശുദ്ധി ഇവർ പാലിച്ചിരുന്നു. രാജാവിനു വേണ്ടി യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ക്ഷത്രീയ വർഗങ്ങളായി ഇവരെ കരുതുന്നു. ഇല്ലത്തു നായന്മാർ നമ്പൂതിരി കുടുംബങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടു കഴിഞ്ഞിരുന്നു. കൃഷിയും സൈനിക ജോലിയുമായി ഇവർ ഉപജീവനം നടത്തിയിരുന്നു. സ്വരൂപത്തുനായന്മാർ രാജാക്കന്മാരുടെയും നാടുവാഴികളുടെയും സഹായികളായിരുന്നു. എന്നാൽ ഇവരേക്കാൾ കൂടിയ നായർ ജാതിയായ ഇല്ലത്തു നായന്മാരും രാജസേവ ചെയ്തിരുന്നു. പാദമംഗലം നായന്മാർ തമിഴ്‌നാട്ടിൽനിന്ന് വന്നവരാണ്. ഇവരെ നായന്മാരായി നാട്ടു നായന്മാർ അംഗീകരിക്കുന്നില്ല. ഇവർ വിവാഹ സമയം വരൻ വധുവിന്റെ കഴുത്തിൽ താലി കെട്ടുന്നത് ദേവന്റെ സന്നിധാനത്തിലായതുകൊണ്ടാകാം പാദ മംഗലം നായന്മാരെന്നു വിളിക്കുന്നത്.

'നായർ' എന്നുള്ളത് സംസ്കൃത വാക്കായ നായകനിൽനിന്നു വന്നുവെന്നു വ്യഖ്യാനിക്കുന്നു. അതിന്റെ അർത്ഥം നേതാവെന്നാണ്. തെക്കേ ഇന്ത്യയിൽ നായകനെന്ന വാക്ക് പല വിധത്തിൽ അറിയപ്പെടുന്നു. നായകൻ, നായ്ക്കർ, നായക് എന്നെല്ലാം പദങ്ങളുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളിലെ പദങ്ങളുമായി നായർ എന്ന വാക്കിനു എന്തെങ്കിലും ബന്ധമുള്ളതായി സ്ഥിതികരിച്ചിട്ടില്ല. നായന്മാരുടെ എല്ലാ ഉപവിഭാഗങ്ങളും പേരിന്റെ കൂടെ ജാതിപ്പേരും ഉപയോഗിക്കുന്നുണ്ട്. ബഹുമാന സൂചകമായിട്ടാണ് അവർ കുലനാമം പേരിന്റെകൂടെ ചേർക്കാറുള്ളത്. ഫ്യൂഡൽ മനസ്ഥിതി ചിന്തകളാണ് പേരിന്റെ കൂടെ ജാതിപ്പേരും കൂട്ടി ചേർക്കാൻ അവരെ പ്രേരിപ്പിക്കുന്നതും. അടിയോടി, ഇളയിടം, കൈമൾ, കർത്താ, കുറുപ്പ്, മന്നാഡിയാർ, മേനോൻ, നമ്പിയാർ, നായനാർ, നെടുങ്ങാടി, പണിക്കർ, പിള്ളൈ, തമ്പി, ഉണ്ണിത്താൻ, വല്യത്താൻ, വാഴുന്നോർ, എന്നിങ്ങനെ അനേക കുലനാമങ്ങളിൽ നായന്മാരെ അറിയപ്പെടുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന ശ്രീ ചട്ടമ്പി സ്വാമികൾ തന്റെ പ്രാചീന മലയാളത്തിൽ രചിച്ച പുസ്തകങ്ങളിൽ നായന്മാരുടെ ഉത്ഭവത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. തമിഴ് പുസ്തകങ്ങളിൽ നായന്മാരുടെ ആരംഭ ചരിത്രത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. പക്ഷെ അനുബന്ധമായി ഒരു തമിഴ് പുസ്തകത്തിന്റെ പേരും അദ്ദേഹത്തിൻറെ കൃതികളിലില്ല. നായന്മാർ സർപ്പാരാധനക്കാരായിരുന്നെന്നും ചരിത്രത്തിന്റെ തുടക്കം മുതൽ അവർ കേരളത്തിൽ ഉണ്ടായിരുന്നെന്നും നെടുനീളം സ്വാമിയുടെ പുസ്തകങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഭൂമിക്കവകാശികൾ നായന്മാർ മാത്രമായിരുന്നുവെന്നും ഉറപ്പിച്ചു പറയുന്നു.  

തമിഴ് നാട്ടിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സർപ്പാരാധനയുണ്ട്. പ്രാകൃത ജാതികളും സർപ്പത്തെ ആരാധിച്ചിരുന്നു. ആ സ്ഥിതിക്ക് സർപ്പാരാധനയുടെ അടിസ്ഥാനത്തിൽ നായന്മാരുടെ ചരിത്രം നിർണ്ണയിക്കാൻ സാധിക്കില്ല. കൂടാതെ കേരളത്തിലെ സർപ്പാരാധനയിൽ ഒപ്പം പ്രത്യേക രീതിയിലുള്ള ആചാരങ്ങളും നാടൻ പാട്ടുകളുമുണ്ട്. അത് വേറിട്ട മറ്റൊരു ജാതിയായ പുള്ളുവരാണ് പാടുന്നത്. നായന്മാരല്ല. സർപ്പാരാധന നടത്തുമ്പോൾ അമ്പലത്തിനുള്ളിലോ പുറമെയോ നായന്മാർക്കുള്ള പങ്ക് വ്യക്തമല്ല. ഈ സ്ഥിതിക്ക് സർപ്പാരാധനയുടെ അടിസ്ഥാനത്തിൽ നായന്മാരുടെ ചരിത്രം എഴുതുന്നവർ തെറ്റായ വിവരങ്ങൾ ചരിത്രമായി പ്രചരിപ്പിക്കുന്നുവെന്ന് വേണം അനുമാനിക്കാൻ. നാഗന്മാർ ഇന്ത്യ ഭരിച്ചിരുന്നുവെന്നും നായന്മാർ നാഗന്മാരുമായി ബന്ധമുണ്ടെന്നുമാണ് മറ്റൊരു തത്ത്വം. എന്നാൽ നാഗാലാൻഡിൽ ഉള്ളവർ മംഗോളിയൻ വർഗക്കാരാണ്. ചൈനയിൽ മംഗോൾ രാജവംശം നശിച്ചപ്പോൾ പതിനാറാം നൂറ്റാണ്ടിൽ കുടിയേറിയവരാണ് നാഗന്മാർ. അവർക്ക് സർപ്പത്തെ ആരാധിക്കുന്ന ഒരു പാരമ്പര്യവും ഇല്ല. വാസ്തവത്തിൽ നാഗന്മാർ എന്നത് ഒരു വർഗ്ഗമല്ല.

കേരളത്തിൽ സർപ്പാരാധനയോടനുബന്ധിച്ചുള്ള കഥകളിൽ നിരവധി വ്യാഖ്യാനങ്ങളുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തവുമാണ്. സർപ്പാരാധന, 'രാഹുവും കേതുവും' എന്ന ജ്യോതിഷ ഭാവനകളിലുള്ള രണ്ടു ഗ്രഹങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. അത് സൂര്യഗ്രഹണത്തെ സംബന്ധിച്ച് ഹിന്ദുക്കളുടെ ഇടയിലുള്ള വിശ്വാസമാണ്. സൂര്യഗ്രഹണ സമയം രാഹു, ചന്ദ്രനെ വിഴുങ്ങുന്നുവെന്ന് ഒരു വിശ്വാസമാണ് അവരുടെയിടയിലുള്ളത്. ചന്ദ്രനെ സർപ്പം വിഴുങ്ങുന്നുവെന്നും വിശ്വാസം ഉണ്ട്. ഭയംകൊണ്ട് രാഹുവിൽനിന്നും സംഭവിക്കാവുന്ന വിനാശ കാലം ഒഴിവാക്കാൻ സർപ്പാരാധന നടത്തുന്നു. സർപ്പത്തെ അവർ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് കാരണം.

സാമൂഹിക വിജ്ഞാനികളായ ചിലരുടെ അഭിപ്രായത്തിൽ നായന്മാർക്ക് തദ്ദേശജന്യമായ ഒരു  സംസ്ക്കാരത്തെ ചൂണ്ടി കാണിക്കാൻ സാധിക്കില്ലെന്നുള്ളതാണ്. അവരെ, പാരമ്പര്യങ്ങളും ആചാരങ്ങളുമനുസരിച്ച് കേരളത്തിലെ മറ്റു ജനവിഭാഗങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. നായന്മാർ നേപ്പാളിലെ 'നേവാർ' വർഗക്കാരെന്ന ഒരു തത്ത്വമുണ്ട്. അവരുടെ തനതായ ഭവന നിർമ്മാണ കലാശൈലിയും ചാതുര്യവും അതിനു തെളിവാണ്. മരുമക്കത്തായം നായന്മാർക്കും നേപ്പാളിലെ നേവാർ സമൂഹത്തിനും പൊതുവിലുള്ളതാണ്. അതുപോലെ സ്വത്തവകാശവും 'അമ്മ വഴികളിൽ മരുമക്കൾക്കു ലഭിക്കുമായിരുന്നു. 

പരിശുരാമൻ എന്ന ഐതിഹ്യ കഥയുടെ അടിസ്ഥാനത്തിലും നായന്മാരെപ്പറ്റി പരാമർശനങ്ങളുണ്ട്. നായന്മാരുടെ പൂർവിക വംശം ബ്രാഹ്മണരെന്നാണ് ഒരു കഥ. പരിശുരാമന്റെ ക്ഷത്രീയ വിരോധം മൂലമുള്ള ശാപമോചനത്തിനായി ബ്രാഹ്മണരായിരുന്ന ഇവർ പൂണൂൽ പൊട്ടിച്ചു തെക്ക് താമസം തുടങ്ങിയെന്നും വിശ്വസിക്കുന്നു. അവരുടെ നാഗാരാധനയും കളരിപ്പയറ്റും അഭ്യാസങ്ങളും പൂണൂലു ധരിക്കാത്തതും ഈ തത്ത്വങ്ങൾക്ക് ബലം നൽകുന്നു. പഴയ തമിഴ് പുസ്തകങ്ങൾ വിശകലനം ചെയ്തിരുന്ന ചട്ടമ്പി സ്വാമികളുടെ അഭിപ്രായത്തിൽ നാഗന്മാർ നാഗ പ്രഭുക്കളായിരുന്നുവെന്നും ചേര രാജ്യത്തിലെ ജന്മികളായിരുന്നുവെന്നും എഴുതിയിട്ടുണ്ട്. നായന്മാർ ബ്രാഹ്മണർക്ക് മുമ്പ് ഇവിടെയുണ്ടായിരുന്നുവെന്നും ക്ഷത്രിയന്മാരുടെയും രാജാക്കന്മാരുടെയും പിന്തുടർച്ചക്കാരെന്നുമാണ് ചട്ടമ്പി സ്വാമി എഴുതിയിരിക്കുന്നത്. 

വിദേശത്തുനിന്നു വന്ന ചില യാത്രക്കാരുടെ രേഖകളിൽ നിന്നും നായന്മാർ വളരെ കുലമഹിമയുള്ള യോദ്ധാക്കളായിരുന്നുവെന്നു എഴുതപ്പെട്ടിട്ടുണ്ട്. ഒരു ഗ്രീക്ക്സഞ്ചാരിയായ മേഗസ്തീനോസ് എന്ന യാത്രികന്റെ രേഖകളിൽ മലബാറിലെ നായന്മാരെപ്പറ്റിയും ചേര രാജാക്കന്മാരുടെ ഭരണത്തെപ്പറ്റിയുമുള്ള പരാമർശനം ഏറ്റവും പഴക്കമേറിയതെന്നും കരുതുന്നു. എന്നിരുന്നാലും നായന്മാരുടെ ഉത്ഭവകഥ തികച്ചും അനശ്ചിതത്വത്തിലും പരസ്പ്പര വിരുദ്ധങ്ങളായ സംഭാവ്യകതകൾ നിറഞ്ഞതുമാണ്. 

വർണ്ണ വ്യവസ്ഥകൾക്ക് തുടക്കമിട്ടത് നമ്പൂതിരിമാരുടെ വരവിനുശേഷമാണ്. രണ്ടാം ചേരവംശ രാജാവായിരുന്ന രാമ വർമ്മ കുലശേഖര രാജാവിന്റെ കാലത്ത് (1020-1102) ചോളന്മാർ ചേര രാജ്യത്തെ ആക്രമിച്ചിരുന്നു. നായന്മാർ ചാവേറുകളായി ചേര രാജാക്കന്മാർക്കുവേണ്ടി യുദ്ധം ചെയ്തു. ചേരന്മാർ നായന്മാരായിരുന്നോ, അതോ നായന്മാർ ചേരരാജാക്കന്മാരുടെ യോദ്ധാക്കളോയെന്നത്, ചരിത്ര രേഖകളിൽ അവ്യക്തമാണ്.

'ശ്രീ നാഗം അയ്യ' 1901-ൽ എഴുതിയ ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ നായന്മാരുടെ സാമൂഹിക ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. ആരോഗ്യവാന്മാരായ നായന്മാരും നായർ സ്ത്രീകളും ഇന്ത്യയിൽ ഏറ്റവും സൗന്ദര്യമുള്ളവരെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വളരെയധികം ശുചിത്വ ബോധമുള്ളവരാണ് നായന്മാർ. അവരുടെ വേഷങ്ങളിലും ലാളിത്യമുണ്ട്. ഭക്ഷണ രീതികളും ജീവിത രീതികളും വ്യത്യസ്തവും സസ്യാഹാരികളുമായിരുന്നു. പുരുഷന്മാർ തലയിൽ മുമ്പിൽ കിടക്കുന്ന തലമുടി കൂട്ടിക്കെട്ടി ഒരു കുടുമ വെച്ചിരിക്കും. 'കുടുമ' തമിഴ് ബ്രാഹ്മണരുടെ രീതിയിൽ വലതു ഭാഗത്തോ ഇടത്തു ഭാഗത്തോ ആകാം. സ്ത്രീകൾക്ക് നീണ്ട തലമുടി കാണും. അവർ അത് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. കൂടെ കൂടെ കുളിക്കുകയും തലമുടിയിൽ എണ്ണ പെരട്ടിയും തലമുടി ചീപ്പുകൊണ്ട് ചീകിക്കൊണ്ടുമിരിക്കും. തലമുടി ബണ്ണുപോലെ ഉച്ചിയിലോ സൈഡിലോ കെട്ടി വെക്കും. അവരുടെ അന്നുള്ള വേഷവിധാനങ്ങൾ പരിഷ്കൃതമായ രാജ്യങ്ങൾക്കും മാതൃകയായിരുന്നു. 

നായന്മാരിലെ പുരുഷന്മാർ കൗപീനം ധരിച്ചിരുന്നു. നാലടി നീളത്തിലുള്ള ഒരു മുണ്ടും അരയ്ക്ക് ചുറ്റും ഉടുത്തിരിക്കും. തോളിൽ ഒരു തുകർത്തുമുണ്ടായിരിക്കും. ഉടുത്തിരിക്കുന്ന മുണ്ടു വടക്കേ ഇന്ത്യക്കാർ കാലിനോട് ചേർത്തു താറു പാച്ചുന്നതുപോലെ നായന്മാർ ചെയ്തിരുന്നില്ല. പാദം വരെ എത്തുന്ന മുണ്ടായിരുന്നു ധരിച്ചിരുന്നത്. തോളിൽ ഇട്ടിരിക്കുന്നതിനെ നേര്യത് എന്ന് പറയുന്നു. പുറത്തു പോകുന്ന സമയം നേര്യതു തലയിൽ ചുറ്റിയിരിക്കും. സ്ത്രീകൾ കൂടുതലും പട്ടുകരയുള്ള മുണ്ടുകൾ ഉടുത്തിരുന്നു. ഇരുപതാം നൂറ്റാണ്ടു വരെ റൗക്ക വേഷങ്ങളായിരുന്നു സ്ത്രീകൾ ധരിച്ചിരുന്നത്. അവരുടെ വേഷവിധാനങ്ങൾ ഇന്ന് നിലവിലില്ല. ആധുനിക വേഷങ്ങൾ പാടെ പഴയ സാംസ്ക്കാരിക വേഷങ്ങളെ  പരിപൂർണ്ണമായും മാറ്റിക്കളഞ്ഞു. പുരുഷന്മാർ കഴുത്തിൽ മന്ത്രതകിട് കെട്ടുന്നതുകൂടാതെ കാതും കിഴിച്ചു കമ്മലിട്ടിരുന്നു. സാമ്പത്തിക സ്ഥിതിയുള്ളവർ വിലകൂടിയ മുത്തുകൾ പതിച്ച കമ്മലുകൾ ധരിക്കുമ്പോൾ സ്ത്രീകൾ കഴുത്തു നിറയെ ആഭരണങ്ങളും ധരിച്ചിരുന്നു. ധനികരായ സ്ത്രീകൾ വജ്ര രത്നം പതിപ്പിച്ച മുക്കുത്തിയും വെള്ളി, സ്വർണ്ണ പാദസ്വരങ്ങളും അണിഞ്ഞിരുന്നു. 

ധനികരായ നായന്മാർക്ക് നാലുകെട്ട് വീടുകളും ചിലർക്ക് എട്ടുകെട്ടു വീടുകളും പടിപ്പുരകളുമുണ്ടായിരുന്നു. മരങ്ങൾ ഉൾപ്പടെ ഓരോ കുലത്തിനും സർപ്പക്കാവുകളും കാണും. ചുരുക്കം ധനികരായ നായന്മാർക്ക് സർപ്പക്കാവിനടുത്ത് അമ്പലവും ഉണ്ടായിരിക്കും. സർപ്പാക്കാവിൽ താന്ത്രിക മന്ത്രങ്ങളടങ്ങിയ ആരാധനയ്‌ക്കൊപ്പം പൂജാവിധി അനുസരിച്ചുള്ള സ്നാനവും എടുക്കാറുണ്ട്. ശുദ്ധ ജലം നിറഞ്ഞ കുളവും വീടിനോടു അനുബന്ധിച്ചു കാണും.

നായന്മാരുടെയിടയിൽ മരുമക്കത്തായ സമ്പ്രദായം സാമൂഹിക വ്യവസ്ഥകളുടെ ഭാഗമായിരുന്നു. ഇന്ന് മരുമക്കത്തായവും വൈകൃതങ്ങളായ നായന്മാരുടെ മറ്റു ആചാരങ്ങളും ചരിത്രത്തിന്റെ നീർക്കുഴിയിൽ വെറും കൊമളകളായി മാത്രം അവശേഷിക്കുന്നു. സാംസ്‌കാരികവും സാമൂഹികമായുള്ള മുന്നേറ്റത്തോടെ മരുമക്കത്തായം പാടെ ഇല്ലാതായി. ആധുനിക വിദ്യാഭാസത്തോടെ സാമൂഹിക നിലപാടുകളിലും മാറ്റങ്ങൾ വന്നു. നായന്മാർ മരുമക്കത്തായ സമ്പ്രാദായത്തിൽ നിന്ന് മക്കത്തായ സമ്പ്രദായം തിരഞ്ഞെടുത്തു. മാതാപിതാക്കളുടെ തറവാട്ടിൽ നിന്നും മാറി മക്കൾ വെവ്വേറെ വീടുകളിൽ മാറി താമസിക്കാൻ തുടങ്ങി. ജന്മിത്വം അവസാനിക്കുകയും നാലുകെട്ടും എട്ടുകെട്ടും വീടുകൾ ഇല്ലാതാവുകയും ചെയ്തു. ഇന്നും ചില പുരാതന കുടുംബങ്ങളിൽ ജീർണ്ണാവസ്ഥയിലുള്ള പണിപ്പുരകളും നാലുക്കെട്ടും കാണാം. 

വടക്കൻ കളരിപ്പയറ്റ് നായന്മാരുമായി ബന്ധിതമാണ്. പുരാതനകാലത്ത് കളരിപ്പയറ്റ് അവരുടെ വിദ്യാഭ്യാസമായി അനുബന്ധിതമായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചെറുപ്പം മുതൽ കളരിപ്പയറ്റ് പഠിക്കുകയും യുദ്ധം വരുമ്പോൾ അവർക്ക് ലഭിച്ച പാടവം രാജ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നു. കളരിപ്പയറ്റിൽ 'മർമ്മം അടി' വികസിതമായ ഒരു വിദ്യയാണ്. മർമ്മ ശാസ്ത്രം വശത്താക്കിയവർക്ക് താൽക്കാലികമായി ശത്രുവിനെ ബലഹീനനോ വികലാംഗനോ ആക്കുവാൻ സാധിക്കുമായിരുന്നു. ഒരു പ്രത്യേക ഞരമ്പിൽ ഒരു വിരൽ അമർത്തി ഒരാളെ കൊല്ലാനും സാധിക്കുമായിരുന്നു. മർമ്മത്തിൽ അടിക്കാനുള്ള കഴിവ് ചൈനാക്കാരുടെ മർമ്മ ചീകത്സയുടെ തത്ത്വം പോലെയായിരുന്നു. ഇന്ന് മർമ്മ ശാസ്ത്രം രോഗ ചീകത്സയ്ക്ക് മാത്രമേ ഉപയോഗിക്കുള്ളൂ. നായർ വിഭാഗത്തിലുള്ള കുറുപ്പുമാരും പണിക്കർമാരും കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നവരായിരുന്നു. 

മദ്ധ്യകാല സമൂഹത്തിൽ നായന്മാരുടെയിടയിൽ ഫ്യൂഡൽ പ്രഭുക്കന്മാർ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിൽ സൂചനകളുണ്ട്. ബ്രിട്ടീഷ്കാർ വരുന്നതിനുമുമ്പ് അവർ മിലിട്ടറിയിലും സർക്കാരിലും പ്രധാന ജോലികൾ വഹിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നായന്മാർ ഭരണകൂടത്തിന് ഒരു ഭീക്ഷണിയായിട്ടായിരുന്നു കരുതിയിരുന്നത്. അവരുടെ ശാരീരിക പ്രകൃതിയും അഭ്യാസങ്ങളും കളരിപ്പയറ്റും യുദ്ധ സാമർഥ്യവും കൊളോണിയൽ ഭരണകൂടം ഭയപ്പെട്ടിരുന്നു. 1793-ൽ കളരിപ്പയറ്റും നായന്മാരുടെ ആയുധം കൈവശം വെക്കാനുള്ള അധികാരവും ബ്രിട്ടീഷ്കാർ നിയമം മൂലം ഇല്ലാതാക്കി. അങ്ങനെയൊരു നിയമം കൊണ്ടുവന്നത് നായന്മാരെ സംബന്ധിച്ച് അവരുടെ അഭിമാന ക്ഷതത്തിനും കാരണമായി. 1950-ൽ ഭൂനിയമം വന്നത് ജന്മിമാരായ ഭൂ ഉടമകൾക്ക് ഒരു തിരിച്ചടിയായിരുന്നു. അത് ഏറ്റവും ബാധിച്ചത് നായന്മാരെയായിരുന്നു. ജന്മിമാരായ നായന്മാർക്ക് വൻതോതിൽ ഭൂമി നഷ്ടപ്പെടുകയും ചെയ്തു. ഒറ്റ രാത്രികൊണ്ട് പലരും ദാരിദ്ര്യത്തിലുമായി. അങ്ങനെ ഇരുപതാം നൂറ്റാണ്ടായപ്പോൾ നായന്മാരുടെ അധഃപതനവും തുടങ്ങി.  

കെട്ടുകല്യാണം, തിരണ്ടുകല്യാണം എന്നീ ആചാരങ്ങൾ നായർമാർക്കിടയിലും ഈ അടുത്ത കാലം വരെ പതിവുണ്ടായിരുന്നു. ഒരു പെൺക്കുട്ടി ഋഗുമതിയാകുന്നതിനു മുമ്പുമുതൽ താലികെട്ടെന്ന ചടങ്ങുണ്ട്. സാധാരണ രീതിയിൽ പെൺക്കുട്ടിയുടെ കഴുത്തിൽ താലികെട്ടുന്നത് സ്വന്തം അമ്മാവന്റെ മകൻ മുറചിറക്കനോ അല്ലെങ്കിൽ ഒരു നമ്പൂതിരിയോ ആയിരിക്കും. അവർ തമ്മിൽ വിവാഹിതരാവുന്നെങ്കിലും വൈവാഹിക ജീവിതമോ ലൈംഗിക ബന്ധമോ ഉണ്ടായിരിക്കണമെന്നില്ല. നായരാണ് കഴുത്തിൽ താലി കെട്ടുന്നതെങ്കിൽ അവരെ ഇണങ്ങന്മാരെന്നു പറയുന്നു. ഈ കല്യാണത്തിനെ കെട്ടുകല്യാണമെന്നു പറയുന്നു. ഒരു പെൺകുട്ടി ആദ്യമായി ഋഗുമതിയായ ശേഷം തിരണ്ടു കല്യാണമെന്ന ചടങ്ങുണ്ട്. ഈ ആചാരം ഈഴവരുടെയിടയിലുമുണ്ടായിരുന്നു. ഋഗുമതിയാകുന്ന ദിനം മുതൽ പെൺക്കുട്ടിയെ വീടിനു പുറത്തുള്ള ചാവടിയിൽ താമസിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ മറ്റുള്ളവർ ഉപയോഗിക്കുന്ന പാത്രങ്ങളോ, വസ്ത്രങ്ങളോ ഉപയോഗിക്കാനോ സ്പർശിക്കാനോ പാടില്ല. പെൺക്കുട്ടിയ്ക്ക് തൊട്ടുകൂടാ എന്ന അയിത്തം കൽപ്പിക്കുന്നു.

ആർത്തവ ദിനങ്ങൾ കഴിഞ്ഞശേഷം അഞ്ചാം ദിവസം പുലർച്ചേ, മറ്റു സ്ത്രീകളോടൊപ്പം സംഘമായി പെൺക്കുട്ടിയെ വീടിനു സമീപത്തുള്ള കുളത്തിലോ പുഴയിലോ കൊണ്ടുപോയി 'തീണ്ടാരിക്കുളി'യ്ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ടിട്ടുള്ള കുളിക്കടവിലിറക്കി തേച്ചുകുളിപ്പിക്കുന്നു. അതോടൊപ്പം, സമീപക്ഷേത്രത്തിൽനിന്നും ലഭ്യമാക്കിയ 'പുണ്യാഹം' കൊണ്ടു് തീണ്ടാരിപ്പുരയും വീടും തളിച്ചു ശുദ്ധമാക്കുന്നു. ഇതിനുശേഷം, പെൺക്കുട്ടിയെ പുതിയ വസ്ത്രവും അലങ്കാരങ്ങളും ധരിപ്പിച്ച് വീട്ടിൽ കൊണ്ടുവരുകയും സമീപവാസികൾക്കു് സദ്യ നൽകുകയും ചെയ്യുന്നു. ചെണ്ടകൊട്ടും വാദ്യമേളങ്ങളും സഹിതം തീണ്ടാരിക്കല്ല്യാണം ആഘോഷിച്ചിരുന്നു. ചട്ടമ്പി സ്വാമി മുതൽ നായന്മാരുടെയിടയിലുണ്ടായിരുന്ന പരിഷ്‌കാരവാദികൾ യുക്തിഹീനമായ ഇത്തരം ആചാരങ്ങളെ ശക്തിയുക്തം എതിർത്തിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി, അപ്രായോഗികവും സാമൂഹ്യനീതിയനുസരിച്ച് വിവേകശൂന്യവുമായ ഇത്തരം ആചാരങ്ങൾ ഒട്ടുമിക്കവാറും കാലഹരണപ്പെട്ടു പോവുകയും ചെയ്തു. 

നായന്മാരുടെ ഇടയിലുള്ള വിവാഹരീതികൾ സാമൂഹിക പരിഷ്കർത്താക്കളുടെ ശ്രമം മൂലവും പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സ്വാധീനം മൂലവും പരിവർത്തന വിധേയമായിക്കൊണ്ടിരുന്നു. തീണ്ടാരിക്കല്യാണം പോലുള്ള ചടങ്ങുകൾ തികച്ചും നിലവിലില്ലാതായി. 1955-ലെ ഹിന്ദു വിവാഹമനുസരിച്ചുള്ള നിയമം നായന്മാർ പാലിക്കേണ്ടതായുണ്ട്. സാംസ്ക്കാരികപരമായി വളരെയേറെ പുരോഗമിച്ച നായന്മാർ വിവാഹ ചടങ്ങുകളും വളരെ ലളിതമാക്കി. എങ്കിലും വിവാഹിതരാകാൻ പോകുന്ന വധുവരന്മാരുടെ ജാതക പൊരുത്തം നോക്കാറുണ്ട്. ഇന്നും യാഥാസ്ഥിതികരായ നായന്മാർ ജാതകപൊരുത്തം ഒത്താലെ  വിവാഹ നിശ്ചയം നടത്തുള്ളൂ. ജ്യോതിഷം തീർപ്പുകല്പിച്ചാൽ വധുവരന്മാർ തമ്മിൽ പൊരുത്തപ്പെട്ടാൽ കല്യാണം നടത്താനുള്ള അനുയോജ്യമായ ശുഭ മുഹൂർത്തവും നിശ്ചയിക്കും. ആഘോഷങ്ങളിൽ ബ്രാഹ്മണർക്ക് ദാനം കൊടുക്കുന്ന ഒരു ഏർപ്പാടുമുണ്ട്. വധുവും വരനും പ്രധാന പന്തലിൽ ഹാജരാകുമ്പോൾ അവരുടെ തലയിൽമേൽ വരന്റെയും വധുവിന്റെയും ആൾക്കാർ 'അരി' വിതറി വർഷിക്കാറുണ്ട്. സാധാരണയായി വധുവിന്റെ ഗൃഹത്തിലാകും വിവാഹവേദി ഒരുക്കപ്പെടുന്നത്. വിവാഹമണ്ഡപത്തിലേക്കു പുറപ്പെടുന്നതിനുമുമ്പ് കുടുംബത്തിലെ മുതിർന്നവർക്ക് മുറുക്കാനും പണവും ചേർത്തു് ദക്ഷിണ നല്കുന്ന ചടങ്ങും പതിവായിരുന്നു.

ശ്രീ രാമകൃഷ്‌ണനെപ്പോലെയോ സ്വാമി വിവേകാനന്ദനെപ്പോലെയോ ആദരിക്കുന്ന മഹാനായ ഒരു ഗുരുവാണ് ചട്ടമ്പി സ്വാമികൾ. ശ്രീ ചട്ടമ്പി സ്വാമി 1853 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തിയതി തിരുവനന്തപുരത്ത് കണ്ണാമലയിൽ ജനിച്ചു. അധഃകൃതരായ ജനവിഭാഗത്തിന്റെ ഉന്നമനമായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. പഴയ കുടുംബങ്ങളിൽ നിന്നും അമ്പലങ്ങളിൽനിന്നും വേദങ്ങളുടെ മാനുസ്ക്രിപ്റ്റുകൾ ശേഖരിച്ചു ഗവേഷണങ്ങൾ നടത്തി ഗ്രന്ഥങ്ങൾ രചിച്ചിരുന്നു. 1892-ൽ സ്വാമിജി കൊച്ചിയിൽവെച്ച് വിവേകാനന്ദനെ സന്ദർശിച്ചതും ചരിത്രമായി ജ്വലിക്കുന്നു. കുട്ടിക്കാലം മുതൽ ഉയർന്ന ജാതികളിലുണ്ടായിരുന്ന ഐത്യാചാരങ്ങളെ എതിർത്തിരുന്നു. യാഥാസ്ഥിതിക സമൂഹങ്ങളെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ ജീവിത യാത്രകളുടെ തുടക്കം. സ്ത്രീകൾക്കും വേദം പഠിക്കാമെന്ന് ചട്ടമ്പി സ്വാമികൾ സമർത്ഥിച്ചിരുന്നു. ബ്രാഹ്മണ മേധാവിത്വത്തെ അടിച്ചുപൊളിച്ചെഴുതിയതായിരുന്നു സ്വാമിജിയുടെ പ്രസക്തി. 'ഐത്യം' അറബിക്കടലിൽ താഴ്ത്താൻ ചട്ടമ്പി സ്വാമി പ്രഖ്യാപിച്ചു. 

സ്വാമികൾ പറഞ്ഞു, "നായന്മാർ കേരളത്തിന്റെ നേതൃ നിരയിലുള്ളവരായിരുന്നു. കേരളമെന്നു പറയുന്നത് ബ്രാഹ്മണർക്ക് തീറെഴുതി കൊടുത്തിരിക്കുന്നതല്ല. എന്നാൽ ബ്രാഹ്മണർ ഇവിടെ കുടിയേറി നായന്മാരുടെ വസ്തു വകകളും സ്വത്തുക്കളും തട്ടിയെടുത്തു. പിന്നീട് നായന്മാരെ ബ്രാഹ്മണരുടെ അടിയാളന്മാരാക്കി." സ്വാമിജി എഴുതിയ 'വേദാധികാര നിരൂപണം' വേദങ്ങൾ ബ്രാഹ്മണരുടെ കുത്തകയല്ലെന്നും വേദങ്ങൾ എല്ലാ ഹിന്ദുക്കൾക്കും ഉള്ളതെന്നും' തെളിയിച്ചിട്ടുണ്ട്. 'ഐത്യം' കല്പിച്ചിരുന്ന വീടുകളിൽപ്പോലും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നു. ചട്ടമ്പി സ്വാമികൾ കാവി വസ്ത്രമില്ലാത്ത ഒരു വിശുദ്ധനായിരുന്നു. വേദങ്ങൾ, ജ്യോതിഷം, വ്യാകരണം, യോഗ, തർക്ക ശാസ്ത്രം, ആയുർവേദം, സിദ്ധം, എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സ്വാമികൾ,പ്രാവിണ്യം നേടിയിരുന്നു. എല്ലാവരും ഒരേ ജാതിയിൽ, ഒരേ മതത്തിൽ ജനിച്ചുവെന്നും മതങ്ങളിൽ 'മാനവികത' എന്ന  മതം മാത്രമേയുള്ളൂവെന്നും ഒരുവനും വർഗ വർണ്ണ വ്യവസ്ഥിതിയിൽ ജനിച്ചുവെന്നു ഒരു വേദ ഗ്രന്ഥത്തിലുമില്ലെന്നും എല്ലാവർക്കും തുല്യമായ സാമൂഹിക, സാമുദായിക, രാഷ്ട്രീയ അവകാശങ്ങൾ ഉണ്ടെന്നും സ്വാമികൾ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. 1924 മെയ് അഞ്ചാം തിയതി സ്വാമിജി സമാധിയടഞ്ഞു. സമാധി പീഠത്തിൽ ശിവന്റെ ഒരു അമ്പലവുമുണ്ട്.

ഭാരതകേസരി ശ്രീ മന്നത്തു പത്ഭനാഭൻ ആധുനിക നായർ സമൂഹത്തിന്റെ വിജ്ഞാനാഭ്യുദയ പിതാവെന്ന് അറിയപ്പെടുന്നു. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും കേരളം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ ചിന്തകനുമായിരുന്നു. 

സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ നായന്മാർ കേരളത്തിലെ മറ്റേതു സമുദായങ്ങളേക്കാൾ സംഭാവനകൾ നൽകിയിട്ടുണ്ട്. തിരുവിതാംകൂർ രാജ്യത്തിലെ ദളവായായിരുന്ന വേലുത്തമ്പി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ ആദ്യത്തെ പോരാളിയും രക്തസാക്ഷിയുമായിരുന്നു. സർ ചേറ്റൂർ ശങ്കരൻ നായർ മഹാത്മാ ഗാന്ധിക്കു മുമ്പു തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി ചുമതലകൾ വഹിച്ചിരുന്നു. ബുദ്ധിജീവിയും സ്വാതന്ത്ര്യ സമരപോരാളിയുമായ വി.കെ. കൃഷ്ണമേനോൻ ഇന്ത്യയുടെ പ്രതിരോധ മന്ത്രി പദം അലങ്കരിച്ചു. അദ്ദേഹം ഇംഗ്ലണ്ടിൽ ലേബർ പാർട്ടി അംഗവും ഇന്ത്യ ലീഗിന്റെ പ്രസിഡണ്ടുമായിരുന്നു. പാലക്കാടുകാരിയായിരുന്ന ക്യാപ്റ്റൻ 'ലക്ഷ്മി സെഗാൾ' സുബാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു. മറ്റൊരു സ്വാതന്ത്ര്യ സമര പോരാളി കെ. കേളപ്പനെ കേരള ഗാന്ധിയെന്ന് വിളിക്കുന്നു. മാതൃഭൂമി എഡിറ്ററായിരുന്ന കെ.പി.കേശവമേനോനും ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചിരുന്നു. ഗാന്ധിജിയോടൊപ്പം സി. കൃഷ്ണൻ നായർ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു. കൂടാതെ ജപ്പാൻ വ്യവസായ പ്രമുഖനായിരുന്ന 'നായർ സാൻ' എന്നറിയപ്പെട്ടിരുന്ന മാധവൻ നായർ ഇന്ത്യൻ നാഷണൽ ആർമിയുടെ അംഗമായിരുന്നു. ജപ്പാൻ പട്ടാളത്തോടൊപ്പം അദ്ദേഹവും ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തു. 'കുതിര പക്കി'യെന്നു അറിയപ്പെട്ടിരുന്ന വൈക്കം പത്ഭനാഭ പിള്ള തിരുവിതാംകൂർ പട്ടാളത്തിന്റെ നായകനായിരുന്നു. ടിപ്പു സുൽത്താനെ തോൽപ്പിച്ചത് അദ്ദേഹത്തിൻറെ നേതൃത്വത്തിലായിരുന്നു. ഇങ്ങനെ രാജ്യത്തിനുവേണ്ടി സേവനമർപ്പിച്ച നൂറു കണക്കിന് ധീര ദേശാഭിമാനികളായ നായന്മാരുടെ ചരിത്രം ഇന്ത്യ ചരിത്രത്തെ പ്രശോഭിതമാക്കുന്നു. 





King of Cochin attended by Nairs 

Nalukettu




No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...