Thursday, September 7, 2017

ബുദ്ധമതവും ബ്രാഹ്മണരുടെ ആധിപത്യവും നിഷ്ഠുരതകളും


ജോസഫ് പടന്നമാക്കൽ

ആര്യ ബ്രാഹ്മണരുടെ ചരിത്രം അവലോകനം ചെയ്‌താൽ ഭാരതത്തിൽ ഉദയം ചെയ്ത ബുദ്ധമതത്തെ സമൂലം ഇല്ലാതാക്കിയത് അവർ നേതൃത്വം കൊടുത്തിരുന്ന മതമായിരുന്നുവെന്നു കാണാം.  അഫ്‌ഗാനിസ്ഥാനിൽ താലിബൻകാർക്ക് തുല്യമായ ക്രൂരകൃത്യങ്ങൾ ബ്രാഹ്മണർ ബുദ്ധമതത്തോടു ചെയ്തിട്ടുണ്ട്. എക്കാലവും  ഹൈന്ദവ മതത്തിന്റെ മേൽക്കോയ്മകൾ ഉണ്ടായിരുന്നത് ബ്രാഹ്മണർക്കായിരുന്നു. ഹിന്ദുത്വ മുന്നണികൾ അഫ്‌ഗാനിസ്ഥാനിൽ താലിബൻകാർ ബുദ്ധമത വിഹാരങ്ങൾ തകർത്തപ്പോൾ വിമർശിച്ചിരുന്നു. അതേസമയം ഹിന്ദുത്വ ശക്തികളുടെ പൂർവിക തലമുറകൾ ബുദ്ധ മതക്കാരുടെ പ്രതിമകൾ നശിപ്പിക്കുക മാത്രമല്ല ചെയ്തത് അനേകായിരം ബുദ്ധമതാനുയായികളെ കൊല ചെയ്യുകയും ചെയ്തു.

ബുദ്ധമതം കൃസ്തുവിനു മുമ്പും കേരളത്തിലുണ്ടായിരുന്നതായ തെളിവുകൾ ചരിത്രകാർ നിരത്തിയിട്ടുണ്ട്. കേരളത്തിലെ നിരവധി നാട്ടു രാജാക്കന്മാരുടെ ശാസനങ്ങളും സംഘകാല കൃതികളും ബുദ്ധമതത്തിന്റെ പൗരാണികതയെ സൂചിപ്പിക്കുന്നു. അശോകന്റെ കല്ലിൽ കൊത്തി വെച്ച ചില ലിഖിതങ്ങളും കണ്ടു കിട്ടിയിട്ടുണ്ട്. അശോക ചക്രവർത്തിയുടെ കാലത്ത് ബുദ്ധമതം പ്രചാരണത്തിനായി ബുദ്ധ സന്യാസികളെ ലോകത്തിന്റെ നാനാഭാഗത്തും അയച്ചിരുന്നു. അവരിൽ ചിലർ കേരളത്തിൽ ബുദ്ധമതം പ്രചരിപ്പിച്ചിരുന്നു. അശോകന്റെ സൈന്യക ബലത്താലോ കേരളത്തിലെ ചേരമാൻ രാജാക്കന്മാരുടെ മതസഹിഷ്ണതയാലോ കേരളത്തിലെ ജനങ്ങൾ സൗഹാർദ്ദപരമായി തന്നെ ബുദ്ധമതം സ്വീകരിച്ചിരുന്നു.

ഹൈന്ദവ തത്ത്വങ്ങളായ സമത്വം, സാഹോദര്യം സഹാനുഭൂതി, അഹിംസ, എന്നിവകൾ ബുദ്ധ മതക്കാരിൽ നിന്നും പകർത്തിയെടുത്തതാണ്. സത്പത ബ്രാഹ്മണം പറയുന്നു, 'ഈ പ്രപഞ്ചത്തെ ദൈവം നിയന്ത്രിക്കുന്നു, ദൈവത്തെ നിയന്ത്രിക്കുന്നത് മന്ത്രമാണ്. മന്ത്രം ബ്രാഹ്മണന്റെ ഉള്ളിലും സ്ഥിതി ചെയ്യുന്നു. അതുകൊണ്ടു ബ്രാഹ്മണരാണ് ഭൂമിയിലെ ദൈവം.' ബ്രാഹ്മണരെ അനുസരിക്കാൻ, താഴ്ന്നവരിൽ ഭയം സൃഷ്ടിക്കാൻ അവർ മന്ത്രവും ശാപവും ഉപയോഗിച്ചിരുന്നു. എന്നാൽ ബുദ്ധമതക്കാർ നാം കാണുന്ന സത്യങ്ങളിൽ മാത്രം വിശ്വസിക്കാനും ഉപദേശിച്ചു. കാര്യ കാരണങ്ങളില്ലാതെ ഭയമരുതെന്നും ബുദ്ധമതം പഠിപ്പിച്ചിരുന്നു. നന്മ മാത്രം ചെയ്യാനും പ്രജകളുടെ ക്ഷേമത്തിനായി രാജാവിനെ സഹായിക്കാനും വേണ്ടവിധ പ്രോത്സാഹനങ്ങൾ നൽകിയിരുന്നു. ബുദ്ധമതം ജനങ്ങളുടെ ക്ഷേമത്തിനായി പൊതുനന്മ ആഗ്രഹിച്ചപ്പോൾ ബ്രാഹ്മണർ ലോകം സൃഷ്ടിച്ചത് തങ്ങൾക്കുമാത്രമെന്നും വാദിച്ചു. അങ്ങനെ പരസ്പ്പര വിരുദ്ധങ്ങളായ ആശയ സംഘട്ടനങ്ങൾ ബുദ്ധമതക്കാരും ബ്രാഹ്മണരും തമ്മിലാരംഭിച്ചു.

കേരളത്തിൽ 'പള്ളി' കൂട്ടി അനേക സ്ഥലനാമങ്ങൾ കാണാം. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, പള്ളിപ്പുറം, ഇടപ്പള്ളി ഇങ്ങനെ സ്ഥലനാമങ്ങൾ അറിയപ്പെടുന്നു. പള്ളിയെന്ന അർത്ഥം ബുദ്ധ വിഹാരമെന്നാണ്. കേരളത്തിൽ 1200 വർഷങ്ങളോളം ബുദ്ധ പാരമ്പര്യമുണ്ടെന്ന് അനുമാനിക്കുന്നു. സ്‌കൂളിനെ തന്നെ വിളിച്ചിരുന്നത് എഴുത്തുപള്ളി അല്ലെങ്കിൽ പള്ളിക്കൂടമെന്നായിരുന്നു. ക്രിസ്ത്യാനികളും മുസ്ലിമുകളും അവരുടെ ആരാധനാലയങ്ങളെ പള്ളിയെന്നു വിളിക്കുന്നു. ബുദ്ധമത വിരോധിയായിരുന്ന 'കുമാരില ഭട്ട ' യുടെയും ശങ്കരാചാര്യരുടെയും നേതൃത്വത്തിൽ ബുദ്ധന്മാരുടെ  പള്ളികളെല്ലാം നശിപ്പിച്ചു കളഞ്ഞു. 1200 വർഷം പഴക്കമുള്ള ബുദ്ധസംസ്ക്കാരത്തെ നശിപ്പിച്ചുകൊണ്ട് അവർ ചാതുർവർണ്യം നടപ്പാക്കി. ഈഴവരും അതിൽ താണവരും ചാതുർ വർണ്യത്തിനു പുറത്തുള്ള അടിമകളായിരുന്നു. ബുദ്ധ വിഹാരങ്ങൾ അമ്പലങ്ങളായി മാറ്റി. ഭൂരിഭാഗം ജനതയ്ക്ക് അമ്പലങ്ങളിൽ തീണ്ടൽ കല്പിച്ചിരുന്നു. 'കേരള' എന്ന വാക്കുപോലും ദ്രവീഡിയൻ ബുദ്ധമത പദമായ 'ചേരള' എന്ന പദത്തിൽ നിന്നു വന്നതാണ്. പിന്നീട് കേര വൃക്ഷങ്ങളുടെ നാടെന്ന അർത്ഥത്തിൽ സംസ്കൃതീകരിക്കുകയും ചെയ്തു.

ബുദ്ധ മതക്കാർക്കുണ്ടായ അതേ വിധിയാണ് തെക്കേ ഇന്ത്യയിൽ ജൈനമതത്തിനും ഉണ്ടായത്. എ.ഡി.  300-400 കാലങ്ങളിലുള്ള ജൈനന്മാരെപ്പറ്റിയുള്ള അറിവുകൾ വളരെ പരിമിതമാണെന്ന് പ്രൊഫ. ബഹാഹുദ്ദിന്റെ പ്രബന്ധത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സംഘകാലത്തിന്റെ ആരംഭത്തിൽ ക്രിസ്തുവർഷം 470 AD യിൽ ജൈനമതം വളർന്നുവെന്നും അഞ്ചും ആറും നൂറ്റാണ്ടുകളിൽ ജൈനമതം സർവ്വയിടങ്ങളിലും വ്യാപിച്ചിരുന്നുവെന്നും പ്രസിദ്ധ ചരിത്രകാരനായ കുമാര സ്വാമി അയ്യങ്കാർ രേഖപ്പെടുത്തിയിരിക്കുന്നു. ബ്രാഹ്മണന്മാരുടെ ആചാരം പോലെ ജൈനന്മാരും അവരുടെ വിശുദ്ധരെ ബിംബങ്ങളായി ആരാധിച്ചിരുന്നു. തമിഴ്‌നാട്ടിൽ ജൈനന്മാരുടെ ആരാധനാലയങ്ങൾ നീക്കപ്പെട്ടതിനു ശേഷമായിരിക്കണം ഹിന്ദുക്കളുടെ അമ്പലങ്ങളുടെ തുടക്കം. ജൈനന്മാരെ നശിപ്പിച്ച 63 സന്യാസിമാരുടെ ബിംബങ്ങൾ തമിഴ്‌നാട്ടിലെ ഏതാനും അമ്പലങ്ങളിൽ ഇന്നും പൂജിക്കുന്നുണ്ട്. ജൈന ബിംബങ്ങളുടെ അവശിഷ്ടങ്ങൾ തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. തകർക്കപ്പെട്ട ഓരോ ജൈന വിഗ്രഹങ്ങൾക്കും അതിന്റേതായ കഥകൾ പറയാനുണ്ടാകും. മധുര മീനാക്ഷി അമ്പല ഭിത്തികളിൽ ജൈന രാജാക്കന്മാരുടെ ഛായാ പടങ്ങൾ കാണാം.

ബുദ്ധന്മാർ ആദ്ധ്യാത്മിക ചിന്തകളിലും സന്യാസിമാരുടെ ജീവിതത്തിനും മാത്രമേ പ്രാധാന്യം കല്പിച്ചിരുന്നുള്ളൂ. കുടുംബ ജീവിതം നയിക്കുന്നവരിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അതിനാൽ ശരിയായ കാഴ്ചപ്പാടില്ലാതെ ജീവിതം എങ്ങനെ നയിക്കണമെന്ന കാര്യത്തിൽ സാധാരണ ജനങ്ങൾ ആശയക്കുഴപ്പത്തിലായിരുന്നു. രാഷ്ട്രീയമായുള്ള സ്വാധീനം ഇല്ലാതാകുകയും സാമ്പത്തികമായുള്ള അധഃപതനവും കാരണങ്ങളാൽ ബുദ്ധമതം ക്ഷയിക്കുകയുണ്ടായി. അശോകനെപ്പോലുള്ള രാജാക്കന്മാരും ജനങ്ങളും ബുദ്ധന്മാരുടെ ആശ്രമങ്ങളെ സഹായിച്ചുകൊണ്ടിരുന്നു. സാമ്പത്തിക പിന്തുണ അവസാനിച്ചപ്പോൾ ബുദ്ധമതത്തിനു ക്ഷീണം സംഭവിക്കാൻ തുടങ്ങി. അശോകന്റെ അഹിംസാ മുന്നേറ്റത്തിന് ഏതാനും നൂറ്റാണ്ടുകൾക്ക് ശേഷമായിരുന്നു അലക്‌സാണ്ടർ ഇന്ത്യയെ ആക്രമിച്ചത്. സന്യാസവും പരിത്യാഗവും കഠിനമായ വൃതവും പാലിക്കുന്നവർക്കു മാത്രം ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. ആശ്രമ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവരെ മാത്രം ജനങ്ങൾക്കു സ്വീകാര്യമായിരുന്നു.

ബുദ്ധമതം അവരുടെ ആശ്രമത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. ആശ്രമ ജീവിതം അവസാനിക്കുന്നതിനൊപ്പം അവിടെ ബുദ്ധമതവും ഇല്ലാതാകുമായിരുന്നു. ബിഹാറിലെ 'ഉത്തന്ധപുര' ആശ്രമം നിറുത്തേണ്ടി വന്നത് മുസ്ലിം ആക്രമണ ശേഷമായിരുന്നു. നളന്ദയിലെയും വിക്രമശിലയിലെയും കൂട്ടക്കൊലകളും ബുദ്ധമതത്തിന്റെ അവസാനത്തിന്റെ നാഴികക്കല്ലുകളായിരുന്നു. വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും വിചാരങ്ങളും ആശയങ്ങളും തത്ത്വചിന്തകളും ബുദ്ധമതം പകർത്തിയിരുന്നു. ഒന്നാം നൂറ്റാണ്ടിൽ തന്നെ പലവിധ ആത്മീയ പരിശീലനവും ഐതിഹ്യ കഥകളും ബുദ്ധമതത്തിൽ വന്നുകൂടി. ഉദാഹരണമായി ആറാം നൂറ്റാണ്ടിൽ ചില ബുദ്ധമതക്കാർ താന്ത്രിക്ക് സാധനകൾ സ്വീകരിച്ചു. എന്നിട്ടു സ്വയം സുഖ സൗകര്യങ്ങൾക്കായി ആത്മീയതയെ ദുർവിനിയോഗം ചെയ്തു. താന്ത്രിക്കിലെ അറിവ് അവർക്ക് ദഹിക്കില്ലായിരുന്നു. താന്ത്രിക ബുദ്ധമതം അതുമൂലം അധഃപതിക്കാൻ തുടങ്ങി.

ഹിമാലയൻ ഇൻസ്റ്റിട്യൂട്ടിലെ ആദ്ധ്യാത്മിക നേതാവായ 'പണ്ഡിറ്റ് രാജ്മണി ട്യുഗുനൈറ്റോ (Rajmani Tugnait൦) എഴുതിയിരിക്കുന്നു, 'അഞ്ചു മുതൽ പത്താം നൂറ്റാണ്ടു വരെ ബുദ്ധമതത്തിൽ വജ്രയാന, സിദ്ധയാന, സഹജയാന, എന്നിങ്ങനെ മൂന്നു സ്‌കൂളുകൾ വടക്കു കിഴക്കേ ഇന്ത്യയിൽ ഉണ്ടായിരുന്നു. നേപ്പാളിലും, സിക്കിമിലും ടിബറ്റിലും സ്‌കൂളിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നു. വലിയ ജ്ഞാനികളായ ഗുരുക്കന്മാരും യോഗികളുമായിരുന്നു ആ സ്‌കൂളിന്റെ സ്ഥാപകർ. എന്നാൽ അനുയായികൾ സ്‌കൂളിന്റെ തത്ത്വങ്ങളെ ദുരുപയോഗപ്പെടുത്തുകയും അസാന്മാര്‍ഗ്ഗികമായ ജീവിതം ആരംഭിക്കുകയും ചെയ്തു.' പലരും അദ്ധ്യാത്മികതയ്ക്കുപരി ജീവിക്കാൻ വേണ്ടി സന്യാസിമാരാകാൻ തുടങ്ങി. അതുമൂലം വർദ്ധിച്ചു വരുന്ന സന്യാസികളെ തീറ്റി പോറ്റേണ്ട കടമ സമൂഹത്തിനു വന്നു. കാര്യങ്ങൾ വഷളായപ്പോൾ ശങ്കരാചാര്യരും കുമാരില ഭട്ടായും ബുദ്ധമതത്തെ ഇന്ത്യയിൽ ഇല്ലാതാക്കി.

കേരളമുൾപ്പടെ ഇന്ത്യയൊന്നാകെ സാമൂഹികമായ ഒരു പരിവർത്തനത്തിനു കാരണക്കാർ ബുദ്ധമതക്കാരായിരുന്നു. ജൈനന്മാരും പരിവർത്തനത്തിന് കൂട്ടാളികളായിരുന്നു. ഇരുമ്പുകൊണ്ടുള്ള പണി ആയുധങ്ങളുടെ സഹായത്തോടെ കൃഷി ചെയ്യാനാരംഭിച്ചതും ബുദ്ധമതക്കാരായിരുന്നു. അത് കൃഷിയുടെ വളർച്ചയ്ക്കു കാരണമായിരുന്നു. അതിന്റെ ഫലമായി കൃഷിസ്ഥലങ്ങളുടെ വ്യാപ്തിയും വർദ്ധിച്ചു. കൃഷി ഉത്ഭാദനവും വർദ്ധിച്ചു. ഒപ്പം വാണിജ്യവും പുരോഗമിച്ചുകൊണ്ടിരുന്നു. നവീകരിച്ച റോഡുകളും റോഡുകൾ തമ്മിൽ പരസ്പ്പരം ബന്ധിച്ചും നാടിന്റെ നാനാ ഭാഗങ്ങളിലും കാണപ്പെടാൻ  തുടങ്ങി. ആവശ്യത്തിനു മാത്രം ഭക്ഷ്യ വിഭവങ്ങൾ ഉണ്ടായിരുന്ന ഒരു സാമ്പത്തിക വ്യവസ്ഥയിൽ വിഭവങ്ങൾ മിച്ചവുമായി. ജനങ്ങളുടെ സാമ്പത്തിക ഭദ്രത കൂടുതൽ ദൃഢമുള്ളതായി തീർന്നു. ഭക്ഷ്യ വിഭവങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോറുകളും നിലവിൽ വന്നു. കൃഷിയുൽപ്പന്നങ്ങളും കന്നുകാലികളും കൈമാറ്റം ചെയ്യുന്ന ബാർട്ടർ സംവിധാനമായിരുന്നു അന്നു നിലവിലുണ്ടായിരുന്നത്. അതുമൂലം വാണിജ്യമേഖല ഏതാനും പേരുടെ നിയന്ത്രണത്തിലുമായി തീർന്നു. ഒരേ സാമൂഹിക ചുറ്റുപാടുകളിൽ മനുഷ്യർതമ്മിൽ പലതരം വർഗങ്ങളായും തിരിയാനിടയായി.

അദ്ധ്വാനിക്കുന്ന കൃഷിക്കാരുടെയിടയിൽ വേറിട്ട ചിന്താഗതിക്കാരായ ബ്രാഹ്മണരുടെ കഥ മറ്റൊരു തരത്തിലായിരുന്നു. ബ്രാഹ്മണർ ധർമ്മം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന ജോലികൾ മാത്രമേ ചെയ്തിരുന്നുള്ളൂ. കൃഷി ചെയ്യുകയോ കച്ചവടം ചെയ്യുകയോ ഇല്ലായിരുന്നു. ധർമ്മം മേടിക്കുന്നവരും കൊടുക്കുന്നവരും ദൈവത്തോട് അടുത്തു പ്രവർത്തിച്ചിരുന്നു. കൃഷിക്കാരെയും കച്ചവടക്കാരെയും അവർ താണ ജാതികളിലുള്ളവരായി കരുതാൻ തുടങ്ങി. മനുസ്മ്രിതി അനുസരിച്ച് ഒരു ശൂദ്രൻ സ്വത്ത് സമ്പാദിക്കാൻ പാടില്ലെന്നാണ്. അവന്റെ സ്വത്തുക്കൾ ബ്രാഹ്മണന് യാതൊരു സന്ദേഹമില്ലാതെ എടുത്തുകൊണ്ടു പോവാൻ സാധിക്കുമായിരുന്നു. ബ്രാഹ്മണനു ദാനം കൊടുക്കാത്തവനെ കൊല്ലാനും പുരാണങ്ങൾ പറയുന്നുണ്ട്. അതേ സമയം കൃഷി ഉത്തമമെന്ന് ബുദ്ധന്മാർ വിശ്വസിച്ചിരുന്നു. കൃഷി ചെയ്യുന്നവരെ ചെറുതാക്കുന്നതും ബുദ്ധമത പ്രമാണഗ്രന്ഥങ്ങൾക്ക് എതിരായിരുന്നു.

ബുദ്ധമതത്തിന്റെ വൈഭവം തെളിയിച്ചത് വൈദ്യ ശാസ്ത്രത്തിന്റെ നിപുണതയിൽ കൂടിയായിരുന്നു. വൈദ്യവും മരുന്ന് നിർമ്മാണവും അവരുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി തീർന്നു. മന്ത്രവാദവും കാട്ടു മരുന്നുകളും മാത്രം ഉപയോഗിച്ചിരുന്ന ഒരു ജനതയുടെയിടയിൽ അവർ വിജ്ഞാനത്തിന്റ വേരുകൾ പാകിയിരുന്നു. അശോക മഹാരാജാവ് തന്നെ നിരവധി ഔഷധ തോട്ടങ്ങൾ നിർമ്മിച്ചിരുന്നു. മരുന്നുകൾ നിർമ്മിക്കുന്ന അറിവുകൾ നൽകാൻ പഠന ശാലകളും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ മരുത്വമല അവകളിൽ ഒന്നാണ്. ആയുർവേദത്തിന്റെ വളർച്ചയുടെ കാരണക്കാരും ബുദ്ധ സന്യാസികളായിരുന്നു.

'രാസവൈശേഷിക സൂത്ര' എന്ന കൃതി രചിച്ചത് ബുദ്ധസന്യാസിയായ നാഗാർജുനന്റെ ശിക്ഷ്യനായ നരസിംഹനായിരുന്നു. നരസിഹന്റെ പ്രയത്ന ഫലമായിട്ടാണ് കേരളീയ ജനതയ്ക്ക് ഔഷധ സസ്യങ്ങളെ സംബന്ധിച്ച ജ്ഞാനം ലഭിച്ചത്. വാസ്തു ശിൽപ്പ ശാസ്ത്രവും ബുദ്ധമതക്കാരുടെ സംഭാവനയായിരുന്നു. ബുദ്ധ മതക്കാരാണ് കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളെല്ലാം പണി തീർത്തത്. പിന്നീട് ബുദ്ധമത ക്ഷേത്രങ്ങൾ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോഴും ബുദ്ധന്മാരുടെ ശിൽപ്പകല ഹിന്ദുക്കൾ പിന്തുടർന്നു. ക്ഷേത്രോത്സവങ്ങളും വെടിക്കെട്ടും പൂരവും രഥോത്സവവും ബുദ്ധന്മാരുടെ പകർപ്പാണ്. 'അമര കോശം' രചിച്ചയാൾ മാവേലിക്കരയ്ക്കടുത്ത് തകഴിയിലാണ് ജനിച്ചത്. അമരകോശം രചിക്കാൻ ഇരുപതു വർഷങ്ങൾ എടുത്തു. അതിനു ശേഷം അദ്ദേഹം ശ്രീ ലങ്കയിൽ പോയി സിംഹൻ എന്ന നാമം സ്വീകരിച്ചു. വിക്രമാദിത്യ കൊട്ടാരത്തിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന പണ്ഡിത സദസിൽ 'അമര സിംഹ'നുമുണ്ടായിരുന്നു. അമരകോശം രചിച്ചത് ബുദ്ധമതക്കാരനാണെങ്കിലും ഇത് ബ്രാഹ്മണരുടെയും ജൈനന്മാരുടെയും  ആധികാര ഗ്രന്ഥംകൂടിയാണ്.

കൊടുങ്ങല്ലൂരിൽ 'മേത്തല ഗ്രാമത്തിൽ' തൃക്കണാമതിലകം തെക്കായി ബുദ്ധന്റെ സ്തൂപങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ബുദ്ധ വിഹാരങ്ങളുടെ വളരെയേറെ നാശനഷ്ടങ്ങളും കാണാം. 'സത്യപുത്രൻ' എന്ന ചേര രാജാവിന്റെ കാലത്ത് 'മഹിഷ്മതിപട്ടണം 'ചേരരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. 'മണിമേഖല' എന്ന പ്രാചീന ഗ്രന്ഥത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. തൃശൂരുള്ള വടക്കുംനാഥ അമ്പലവും കൊടുങ്ങലൂരുള്ള കുറുമ്പ അമ്പലവും ബുദ്ധന്മാരുടെ അമ്പലങ്ങളായിരുന്നു. കൊല്ലം, ആലപ്പുഴ, മാവേലിക്കര, കറുമാടി എന്നീ സ്ഥലങ്ങളിൽനിന്നെല്ലാം ബുദ്ധന്റെ വിഗ്രഹങ്ങൾ കണ്ടു കിട്ടിയിട്ടുണ്ട്. മാനസിക രോഗികളെ ചീകത്സിക്കുന്ന തിരുവാടി അമ്പലവും കുഷ്ഠ രോഗികളെ ചീകത്സിക്കുന്ന തകഴി അമ്പലവും ബുദ്ധന്മാരുടെ അമ്പലങ്ങളായിരുന്നു. ഇങ്ങനെയുള്ള മാനുഷിക സേവനങ്ങൾ സാധാരണ ഹൈന്ദവ അമ്പലങ്ങളിൽ കാണപ്പെടുന്നതല്ല. A.D. 900-ത്തിൽ ബുദ്ധ മതവും ജൈന മതവും തമിഴ്‌നാട്ടിൽനിന്നും പൂർണ്ണമായും നിർമ്മാജനം ചെയ്തിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ പാണ്ഡിയൻ രാജാക്കന്മാരുടെ പിന്തുണയോടെ ബ്രാഹ്മണർ കൂട്ടത്തോടെ കേരളത്തിൽ കുടിയേറാൻ തുടങ്ങി. ബ്രാഹ്മണരുടെ ഈ കുടിയേറ്റ പ്രവാഹം കേരളത്തിലുള്ള ബുദ്ധ മതക്കാരെ പലായനം ചെയ്യിപ്പിച്ചിരിക്കാം.

സാമൂഹിക തലങ്ങളിൽ വിവിധ മേഖലകളിലായി ബുദ്ധസന്യാസികൾ പരിഷ്ക്കാരങ്ങൾ നടത്തിയിരുന്നു. ആദിമ ദ്രാവിഡരുടെ മൃഗബലിയും മനുഷ്യ ബലികളും അവസാനിപ്പിക്കാൻ ബുദ്ധമതത്തിന്റെ സ്വാധീനം കൊണ്ട് സാധിച്ചു. ഇന്നു കാണുന്ന കേരളത്തിലെ അമ്പല ഉത്സവങ്ങൾക്ക് കാരണവും ബുദ്ധമതത്തിന്റെ പ്രഭാവം മൂലമായിരുന്നു.  കൃഷി ചെയ്യുന്ന രീതികളും കലപ്പ ഉപയോഗിക്കുന്നതും ബുദ്ധമത സന്യാസികളിൽ നിന്ന് പകർത്തിയതാണ്. പള്ളിക്കൂടങ്ങളും നിരവധി ചീകത്സാ കേന്ദ്രങ്ങളും അവരുടെ സംഭാവനയാണ്. അതുവരെ മന്ത്രവാദവും പ്രാകൃത ചീകത്സകളും പരിശീലിച്ചിരുന്ന കേരള ജനതയ്ക്ക് ബുദ്ധമതക്കാർ പുത്തനായ സാമൂഹിക വ്യവസ്ഥകളിലുള്ള പരിഷ്‌കാരങ്ങൾ നൽകിക്കൊണ്ടിരുന്നു.

സംഘകാലത്ത് ജീവിച്ചിരുന്ന പ്രസിദ്ധരായ രാജാക്കന്മാർ ബുദ്ധ മതക്കാരായിരുന്നു.  തമിഴ് കൃതിയായ 'ചിലപ്പതികാരം' അക്കാലത്തെ ബുദ്ധമത സ്വാധീനം ചെലുത്തിയിരുന്നു. തമിഴിലെ മറ്റൊരു കൃതിയായ മണിമേഖല എഴുതിയത് 'ചിത്തലൈ ചാത്തനാർ' എന്ന ബുദ്ധ സന്യാസിയായിരുന്നു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധ പണ്ഡിതനാണ് ആര്യദേവൻ അഥവാ ആര്യഭട്ടൻ. നാഗാർജുനയുടെ അനുയായി ആയിരുന്ന അദ്ദേഹം 'ചാത്തൂസ്സിക' എന്ന ഗ്രന്ഥം എഴുതി. അദ്ദേഹം കൊടുങ്ങലൂരിൽ  ജീവിച്ചിരുന്നു. പൂജ്യം കണ്ടുപിടിച്ചത് ആര്യഭട്ടൻ ആണ്.

ബി.സി. 483-273 മുതൽ ബുദ്ധന്റെ മരണശേഷം അശോകന്റെ കാലം വരെ ബുദ്ധമതത്തിൽ ബ്രാഹ്‌മണരുടെ ചിന്താഗതികളും ആശയങ്ങളും കൂട്ടിച്ചേർക്കാൻ ശ്രമിച്ചിരുന്നു. ബുദ്ധമതം ഇന്ത്യ മുഴുവൻ വ്യാപിച്ചപ്പോൾ ബുദ്ധമതത്തെ നശിപ്പിക്കുന്ന പ്രവണത തുടങ്ങി. ബുദ്ധ മതത്തിൽ വിശ്വസിക്കുന്നവർക്കെതിരെ  കൊല്ലും കൊലയും ആരംഭിച്ചു. അവരുടെ തത്ത്വങ്ങളെ ഉന്മൂലനം ചെയ്യാനും തുടങ്ങി. അതിന്റെ ഫലമായി ബുദ്ധമതം പതിനെട്ടു ഉപവിഭാഗങ്ങളായി പിരിഞ്ഞിരുന്നു.  അതിൽ ഹീനയാനവും മഹായാനവും പ്രധാന വിഭാഗങ്ങളായി കരുതുന്നു. വടക്കേ ഇന്ത്യയിൽ ബ്രാഹ്മണ മേധാവിത്വം വളർന്നപ്പോൾ ബുദ്ധമതക്കാരെ പുറത്താക്കാനുള്ള ശ്രമങ്ങളും തുടങ്ങി. തെക്കെ ഇന്ത്യയിൽ നിന്ന് ജൈനന്മാരെയും പുറത്താക്കിക്കൊണ്ടിരുന്നു. ക്രിസ്തു വർഷം  700-1100 വരെയുള്ള കാലഘട്ടങ്ങളിൽ തെക്കേ ഇന്ത്യയിലും ബ്രാഹ്മണരുടെ ആധിപത്യം നേടിയിരുന്നു. എ.ഡി. 1100-1400 മുതൽ കർണ്ണാടകയിലും കേരളത്തിലും പരിപൂർണ്ണമായും ബുദ്ധമതം നശിച്ചിരുന്നു. കാലക്രമേണ ഇന്ത്യ മുഴുവനും ബ്രാഹ്മണർക്ക് ആർക്കും ചോദ്യം ചെയ്യാൻ സാധിക്കാത്തവണ്ണം ആധിപത്യം നേടാൻ കഴിഞ്ഞു.

എ.ഡി.830-നും 966 നുമിടയിൽ ഹിന്ദു നവോത്ഥാനത്തിൻറെ മറവിൽ ബുദ്ധന്റെ പ്രതിമകളും സ്തൂപങ്ങളും വിഹാരങ്ങളും നശിപ്പിച്ചുകൊണ്ടിരുന്നു. അദ്വൈത വേദാന്തികളുടെ വർഗീയതമൂലം കണക്കില്ലാത്ത ബുദ്ധമതാനുയായികളെ കൊന്നതായി പുരാതന  ഗ്രന്ഥങ്ങളും സാഹിത്യ കൃതികളും വ്യക്തമാക്കുന്നു. ആത്മീയ ഗുരുക്കളും ശങ്കരാചാര്യരും രാജാക്കന്മാരും ബുദ്ധവിഹാരങ്ങളെയും അവരുടെ സംസ്‌കാരങ്ങളെയും നശിപ്പിച്ചതിൽ അഭിമാനിക്കുന്നതായ ചരിത്ര കൃതികളുമുണ്ട്. ഇന്ന് അവരുടെ അനുയായികൾ ബാബ്‌റി മസ്ജീതും തകർത്തു. ഭാവിയിൽ തകർക്കാനുള്ള മുസ്ലിം ദേവാലയങ്ങളുടെ ലിസ്റ്റും അവർ തയ്യാറാക്കിയിട്ടുണ്ട്.

'പുഷ്യമിത്ര സംഗ' എന്ന ഹിന്ദു രാജാവ് '84000' ബുദ്ധ സ്തൂപങ്ങൾ നശിപ്പിച്ചു. അവകളെല്ലാം അശോക ചക്രവർത്തി പണി കഴിപ്പിച്ചതായിരുന്നു. ബുദ്ധന്മാരുടെ വാസസ്ഥലങ്ങൾ നശിപ്പിക്കുകയും അനേകായിരം ബുദ്ധ ഭിഷുക്കളെ കൊന്നൊടുക്കുകയും ചെയ്തു. 'ജലാലുക' എന്ന രാജാവ് അയാളുടെ രാജ്യാതിർത്തിയിലുണ്ടായിരുന്ന ബുദ്ധന്മാരെ കൊന്നൊടുക്കി. ബുദ്ധഗീതങ്ങൾ പാടുമ്പോഴുള്ള ശബ്ദം രാജാവിന്റെ ഉറക്കത്തിനെ തടസപ്പെടുത്തിയെന്നത് കൊലകൾക്ക് കാരണമായിരുന്നു. കാശ്മീരിൽ 'കിന്നാര' എന്ന രാജാവ് ആയിരക്കണക്കിന് ബുദ്ധ വിഹാരങ്ങൾ പിടിച്ചെടുത്തു. ബ്രാഹ്മണരെ പ്രീതിപ്പെടുത്താൻ ഗ്രാമങ്ങളും കൈയ്യടക്കി. ബുദ്ധ വിഹാരങ്ങൾ പിടിച്ചെടുത്ത ശേഷം അവകളെ ഹിന്ദുക്കളുടെ അമ്പലങ്ങളായും മാറ്റപ്പെടുമായിരുന്നു. സമൂഹത്തിൽ താണവർക്കും തൊട്ടുകൂടാ ജാതികൾക്കും അമ്പലങ്ങളിൽ പ്രവേശനം നൽകിയിരുന്നില്ല. ബുദ്ധന്മാരുടെ ആരാധനാലയങ്ങൾ പിടിച്ചെടുത്ത ശേഷം അമ്പലത്തിനോടനുബന്ധിച്ച് അർത്ഥ സത്യങ്ങളായ ചരിത്രങ്ങളോ കെട്ടുകഥകളോ,പുരാണങ്ങളോ എഴുതുമായിരുന്നു. തിരുപ്പതിയും എല്ലോറയും പൂരിയും ബദരീനാഥും അയോദ്ധ്യായും ശൃംഗരിയും ബോധി ഗയയും സാരനാഥും നളന്ദയും ശബരി മലയും  ബുദ്ധന്മാരുടെ അധീനതയിലുള്ളതായിരുന്നു. ഓരോ കാലത്തും ബ്രാഹ്മണരുടെ പ്രേരണമൂലം അവകളെല്ലാം പിടിച്ചെടുത്തുവെന്നു പുരാവസ്തു ശാസ്ത്രം തെളിയിക്കുന്നു.

ശങ്കരാചാര്യരുടെ വർഗീയ വിദ്വെഷത്തെപ്പറ്റി ഡോ. ജയപ്രകാശ് നൽകുന്ന വിവരണം, "കേരളത്തിൽ ശങ്കരാചാര്യർക്ക് കുമാരില ഭട്ടയെന്ന സുഹൃത്തുണ്ടായിരുന്നു. അയാൾ കടുത്ത ബുദ്ധമത വിരോധിയുമായിരുന്നു. ബുദ്ധമതക്കാരെ അയാളുടെ ഭീകര സംഘടന ഇല്ലായ്‌മ ചെയ്തുകൊണ്ടിരുന്നു. ബ്രാഹ്മണ വിശ്വസമില്ലാത്തവരെ തീയിലിട്ടു കൊല്ലുന്നത് അയാളുടെ വിനോദമായിരുന്നുവെന്ന് 'ശങ്കര ദിഗ്‌വിജയ' എന്ന കൃതിയിലുണ്ട്. 'കുമാരിലഭട്ട' ഉജ്ജയിനിലെ രാജാവായിരുന്ന 'ശുദ്ധൻവാനെ' പ്രേരിപ്പിച്ച് ബുദ്ധമതക്കാരെ ഇല്ലായ്മ ചെയ്തിരുന്നു. ബുദ്ധ സന്യാസികളെ കാളകളോടൊപ്പം കഴുത്തിൽ വളകളിട്ടു വണ്ടികളിൽ ബന്ധിച്ചും പീഡിപ്പിച്ചിരുന്നു. ബുദ്ധമതം ഇല്ലാതാക്കിയ 'കുമാരില'യുടെ ക്രൂരമായ നശീകരണങ്ങളുടെയും കൂട്ടക്കൊലകളുടെയും വിവരങ്ങൾ കേരളോൽപത്തിയിലും വിവരിച്ചിട്ടുണ്ട്.

ഡോ. ജയപ്രകാശിന്റെ ഗവേഷണപ്പണിപ്പുരയിലെ വിവരങ്ങളനുസരിച്ച് അമ്പലപ്പുഴ, കരുനാഗപ്പള്ളി, പള്ളിക്കൽ, മാവേലിക്കര, നീലം പേരൂർ എന്നീ സ്ഥലങ്ങളിൽ ബുദ്ധന്റെ അനേക ബിംബങ്ങൾ കണ്ടുകിട്ടിയിട്ടുണ്ടെന്നാണ്. അവകളെല്ലാം ഒന്നുകിൽ ഉടച്ചതോ അല്ലെങ്കിൽ ബുദ്ധ വിഹാരങ്ങളിൽ നിന്ന് എറിഞ്ഞു കളഞ്ഞതോ ആവാം. ശബരിമല അയ്യപ്പന്റെയും തിരുവനന്തപുരത്തെ ശ്രീ പത്മനാഭന്റെയും ബിംബങ്ങൾ ബുദ്ധന്റെ സാദൃശ്യത്തിലെന്നും കാണാം. പത്മനാഭ വിഗ്രഹത്തെ വിഷ്ണുവായി ആരാധിക്കുന്നു. ആലുവാ നദിയുടെ തീരത്ത് ആയിരക്കണക്കിന് ബുദ്ധമതക്കാരെ കൊന്നടുക്കിയ ചരിത്രവുമുണ്ട്. 'ആലവൈ' എന്ന വാക്കിന്റെ അർത്ഥം ത്രിശൂലം എന്നാണ്. ഈ ആയുധം വെച്ചാണ് ഹിന്ദു വർഗീയ വാദികൾ ബുദ്ധന്മാരെ കൊന്നൊടുക്കിയത്. അതുപോലെ തമിഴ് നാട്ടിലെ 'വൈഗൈ' നദിയുടെ തീരത്ത് വൈഷ്ണവർ ആയിരക്കണക്കിന് ബുദ്ധമതക്കാരെ കൊന്നൊടുക്കി. ക്രൂരമായ ഈ കൊലകളെപ്പറ്റി തമിഴിലെ പ്രാചീന കൃതികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

തമിഴ് നാട്ടിൽ ചുവടുറച്ച ശൈവ മതവും വൈഷ്‌ണവ മതവും ബുദ്ധമതത്തിന്റെ അധഃപതനത്തിനു കാരണമായി. ഈ രണ്ടു മതങ്ങളും ബുദ്ധമതത്തെ നശിപ്പിക്കാൻ ശ്രമിച്ചതായി ചരിത്ര രേഖകളുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ തഞ്ചാവൂരിൽ ജീവിച്ചിരുന്ന സംബന്ധ മൂർത്തിയുടെ കിങ്കരന്മാർ ബുദ്ധ മതക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. 'കുമാരീല ഭട്ടന്റെ' അനുയായി ആയിരുന്നു അയാൾ. ഏഴാം നൂറ്റാണ്ടിൽ രചിച്ച തമിഴിലെ 'ആലവൈപതികം' എന്ന കൃതിയിൽ ഇയാൾ '8ooo' ബുദ്ധസന്യാസികളെ കൊന്നൊടുക്കിയതായി എഴുതപ്പെട്ടിരിക്കുന്നു. അവരുടെ സ്ത്രീകളെ അമ്പല കൂത്തച്ചികളായും വെപ്പാട്ടികളായും സംബന്ധ മൂർത്തിയുടെ കിങ്കരന്മാർ ഉപയോഗിച്ചുകൊണ്ടിരുന്നു. വേദങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു മതവും 'കുമാരില ഭട്ടൻ' സ്വീകരിക്കില്ലായിരുന്നു. ബുദ്ധ മത പ്രചാരണം അയാൾ അനുവദിക്കാതിരുന്നത് കൊണ്ട് ഭാരതത്തിൽ ബുദ്ധമതം ക്ഷയിക്കാൻ തുടങ്ങി. വാഗ്‌വാദങ്ങളിൽ ബുദ്ധസന്യാസിമാരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ ബുദ്ധമതത്തിന്റെ അധഃപതനം കാരണമെന്തെന്ന് യുവാക്കളായ ബുദ്ധമത അനുയായികളോട് അംബേദ്ക്കർ വിവരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു, 'ജഡികങ്ങളായ ലോകത്ത് ബുദ്ധമതം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായിയെന്നു തോന്നാം. എങ്കിലും ബുദ്ധമതത്തിലെ അദ്ധ്യാത്മികത ഭാരതത്തിന്റെ ആത്മാവിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ബുദ്ധന്മാരുടെ ചില ആരാധന രീതികളും പരിപാലനവും വൈഷ്‌ണവർക്കും ശൈവ മതക്കാർക്കും രുചിക്കിന്നില്ലായിരുന്നു. അവർ ബുദ്ധ മതത്തിനെതിരായി തീവ്രമായ പ്രചാരണം നടത്തിയിരുന്നതുകൊണ്ടു ബുദ്ധമതം ഇന്ത്യയിൽ ക്ഷയിക്കാൻ കാരണമായി.' അലാവുദിൻ കില്ജിയുടെ ആക്രമത്തിലും ബീഹാറിൽ ആയിരക്കണക്കിന് ബുദ്ധ മതാനുയായികൾ മരണപ്പെട്ടു. അനേകർ ടിബറ്റിലേയ്ക്കും നേപ്പാളിലേയ്ക്കും ചൈനയിലേക്കും പലായനം ചെയ്തു. ഭൂരിഭാഗം ജനവും ഹിന്ദുമതത്തിൽ ചേർന്നു. മറ്റൊരു കാരണം ബുദ്ധ മതം പ്രായോഗിക ജീവിതത്തിൽ ആചരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഹിന്ദു മതത്തിലെ ആചാരങ്ങൾ പാലിക്കാൻ പ്രയാസമുണ്ടായിരുന്നില്ല. കൂടാതെ അന്നത്തെ രാഷ്ട്രീയ സ്ഥിതികൾ ബുദ്ധമതത്തിന്റെ വളർച്ചക്ക് അനുകൂലമായിരുന്നില്ല.

അമേരിക്ക ഭൂഖണ്ഡത്തിൽ വെളുത്തവരായവർ വലതു കൈയിൽ തോക്കുകളുമേന്തി ഇടതു കൈയിൽ ബൈബിളുമായി റെഡ് ഇന്ത്യക്കാരുടെ സംസ്‌കാരങ്ങൾ നശിപ്പിച്ചെങ്കിൽ കിഴക്കിന്റെ ഈ ഉപഭൂഖണ്ഡത്തിൽ ബ്രാഹ്മണ പുരോഹിതർ അധരങ്ങളിൽ മന്ത്രങ്ങൾ ഉരുവിട്ട് ഇടതുകൈകളിൽ ത്രിശൂലവുമായി ബുദ്ധന്മാരെ പീഡിപ്പിച്ചും കൊന്നും അവരുടെ മതം ഇല്ലാതാക്കി.  കൂടാതെ ബുദ്ധ,ജൈന  സംസ്‌കാരങ്ങളെ കവർന്നെടുക്കുകയും ചെയ്തു.















Ayyappa was Buddha 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...