Thursday, October 26, 2017

യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും



ജോസഫ് പടന്നമാക്കൽ

'യേശു ബുദ്ധമത തത്ത്വങ്ങൾ പഠിച്ച ഒരു ഗുരുവായിരുന്നുവോ' എന്ന വിഷയം സമകാലിക ലോകത്തിൽ വളരെയേറെ പ്രസക്തവും വിവാദപരവുമാണ്. യേശുവും ബുദ്ധനും വ്യത്യസ്ത കാലങ്ങളിൽ ജീവിച്ചിരുന്നെങ്കിലും ഈ രണ്ടു ദിവ്യപ്രഭകളുടെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും നിരവധി  സാമ്യങ്ങൾ ദർശിക്കാൻ സാധിക്കും. യേശു ഒരു യഹൂദൻ, പ്രവാചകൻ, സൗഖ്യം പ്രാപിപ്പിക്കുന്നവൻ, വിപ്ലവകാരി, ദൈവപുത്രൻ, പാപപൊറുതി വരുത്തുന്നവൻ എന്നിങ്ങനെയെല്ലാമുള്ള വിശേഷണങ്ങളിൽ അറിയപ്പെടുന്നു. അതുപോലെ അദ്ദേഹം ഒരു ബുദ്ധമത ചിന്തകനെന്നും പഠിക്കാൻ സാധിക്കും. അതിനു ചരിത്രപരമായ തെളിവുകളും പൗരാണിക ലിഖിതങ്ങളും  പരിഗണിക്കേണ്ടതായുമുണ്ട്. യേശുവിനെപ്പറ്റിയുള്ള പ്രവചനങ്ങളും ഐതിഹാസിക കഥകളുംപോലെ ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളിൽ ബുദ്ധനെപ്പറ്റി വിവരിച്ചിരിക്കുന്നതും കൗതുകകരമാണ്.

യേശുവിനു ബുദ്ധമത ചിന്തകളിൽ അറിവുണ്ടായിരുന്നുവെന്ന് സുവിശേഷങ്ങളിൽനിന്നും വ്യക്തമാണ്. യേശു നൽകിയ ഉപദേശങ്ങളിൽ പലതും അദ്ദേഹത്തിനു മുമ്പു ജീവിച്ചിരുന്ന ബുദ്ധനും  നല്കിയിട്ടുണ്ടായിരുന്നു. ബുദ്ധമതം പഠിക്കാനായി യേശു ഇന്ത്യയിൽ വന്നുവെന്നും ഒരു ബുദ്ധശിക്ഷ്യന്റെ കീഴിൽ മതസിദ്ധാന്തങ്ങൾ പഠിച്ചുവെന്നും ഒരു വിശ്വാസം ഉണ്ട്. അദ്ദേഹം ഇന്ത്യയിൽ വന്നിട്ടില്ലെങ്കിൽ തന്നെയും ഇന്ത്യയിലെ ഏതെങ്കിലും ബുദ്ധ സന്യാസിമാർ യഹൂദായിൽ ബുദ്ധമതം  പ്രചരിപ്പിച്ചിരുന്നുവെന്നും അനുമാനിക്കണം. യേശുവും അവരോടൊപ്പം ബുദ്ധ പ്രഭാഷണങ്ങളിൽ പങ്കുചേർന്നിരിക്കണം. അദ്ദേഹത്തിന്റെ അജ്ഞാത ജീവിതത്തിൽ എവിടെ, എങ്ങനെ ബുദ്ധമതം പഠിച്ചുവെന്ന് ചരിത്രപരമായ ഒരു തെളിവ് കൊണ്ടുവരാൻ സാധ്യമല്ല.

ക്രിസ്തുവിനു മുമ്പുമുതൽ ഇന്ത്യയും യഹൂദരാജ്യവും തമ്മിൽ കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു. കൂടാതെ പടിഞ്ഞാറുള്ളവർക്കും ആ രാജ്യം  ഈജിപ്റ്റിലേക്ക് പ്രവേശിക്കാനുള്ള സൈന്യങ്ങളുടെ ഒരു കവാടം കൂടിയായിരുന്നു.  ഇന്ത്യയിലേക്കുള്ള യഹൂദന്മാരുടെ കുടിയേറ്റം തന്നെ ക്രിസ്തുവിനുമുമ്പ് തുടങ്ങിയതാണ്. യേശുവിന്റെ യഹൂദരാജ്യം റോമ്മായുടെ ഭാഗമായിരുന്നു. അന്ന് ഇന്ത്യയുമായി കച്ചവട ബന്ധങ്ങൾ റോമ്മായുമായി ഉണ്ടായിരുന്നു. റോമ്മാ അന്നത്തെ ഏറ്റവും വലിയ ധനിക രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ നിന്ന് സ്വർണ്ണവും സുഗന്ധ ദ്രവ്യങ്ങളും ശേഖരിച്ച് മറ്റു രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നു. കച്ചവടങ്ങൾ മെഡിറ്ററേനിയൻ കടലിൽക്കൂടിയും യഹൂദ രാജ്യത്തിൽക്കൂടിയും ആയിരുന്നതിനാൽ ജെറുസലേം ഒരു പ്രധാന കച്ചവട കേന്ദ്രവുമായിരുന്നു. ഇങ്ങനെയുള്ള കച്ചവട ബന്ധങ്ങൾ കാരണം സൊറാസ്ട്രിയൻ മതത്തെപ്പറ്റിയും ബുദ്ധമതത്തെപ്പറ്റിയും യഹൂദ രാജ്യത്തിലെ ജനങ്ങൾക്ക് അറിവും നല്ലയൊരു കാഴ്ചപ്പാടുമുണ്ടായിരുന്നു. മറ്റുള്ള രാജ്യങ്ങളിലെ വിശേഷങ്ങൾ അറിയാൻ അവിടുത്തെ  ജനങ്ങൾക്ക്  താല്പര്യവുമുണ്ടായിരുന്നു. കച്ചവടക്കാർ സഞ്ചരിക്കുന്ന വഴികളിലെ രാജ്യങ്ങളിലെപ്പറ്റിയുള്ള വിവരങ്ങൾ യഹൂദരെ അന്നുള്ള നാവികർ അറിയിച്ചുകൊണ്ടുമിരുന്നു.

ബുദ്ധമതം യേശു ക്രിസ്തുവിന്റെ കാലത്ത് യഹൂദ രാജ്യത്തുണ്ടായിരുന്നുവെന്ന ചരിത്രപരമായ തെളിവുകളില്ല.  യേശുവിന്റെ കാലത്ത് ബുദ്ധമതം ഉണ്ടായിട്ട് 500 വർഷം കഴിഞ്ഞിരുന്നു. ബുദ്ധമതം അക്കാലത്ത് ഇന്ത്യയിൽ നിന്നും ഏഷ്യാ മുഴുവനായി വ്യാപിച്ചിരുന്നു. മിഡിൽ ഈസ്റ്റിലും ബുദ്ധമത പ്രചാരകർ എത്തിയിരുന്നു. അഫ്‌ഗാനിസ്ഥാൻ, പേർഷ്യ, ബാഗ്ദാദ് എന്നിവിടങ്ങളിലും ബുദ്ധമതം പ്രചരിച്ചിരുന്നുവെന്നും വ്യക്തമാണ്. പിന്നീട് സിറിയ, ടർക്കി, ഗ്രീസ് മുതലായ രാജ്യങ്ങളിലും ബുദ്ധമത തത്ത്വങ്ങൾ പ്രചരിക്കാൻ തുടങ്ങി. അശോകന്റെ കാലത്ത്  മിഷിനറിമാരെ ബുദ്ധന്റെ സന്ദേശങ്ങളുമായി  സിലോൺ, സിറിയ, ഈജിപ്റ്റ്, ഗ്രീസ് എന്നിവടങ്ങളിലും അയച്ചിരുന്നു. മാക്സ് മുള്ളറിന്റെ ലേഖനങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത് അശോക ചക്രവർത്തിയുടെ കാലത്തിനുമുമ്പും ബുദ്ധമത മിഷിനറിമാർ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ മതം പ്രചരിപ്പിക്കുന്നുണ്ടായിരുന്നു എന്നാണ്. ഈജിപ്റ്റിലെ അലക്‌സാണ്ടറിയായിൽ ക്രിസ്തുവിനുമുമ്പ് ബുദ്ധമതം ഉണ്ടായിരുന്നതായി രേഖകൾ കണ്ടെടുത്തിട്ടുണ്ട്.

പന്ത്രണ്ടാം വയസിൽ ബാലനായ യേശു വേദശാസ്ത്രികളോട് തർക്കിക്കുന്നുണ്ട്. പഴയ നിയമത്തിലെ കണ്ണിനു പകരം കണ്ണ്, ക്രൂരതയുടെ മറ്റു പ്രമാണങ്ങൾ എന്നിവകൾക്കെതിരെയായിരിക്കാം അദ്ദേഹം വാദ പ്രതിവാദങ്ങൾ നടത്തിയത്. കൗമാരത്തിൽ തന്നെ യേശുവിനു സൊറാസ്ട്രിയൻ മതത്തിലും  ബുദ്ധമതത്തിലും അറിവുണ്ടായിരുന്നിരിക്കണം. അപ്പനില്ലാതെ ജനിച്ചതുകൊണ്ടു സ്വന്തം സമൂഹത്തിൽ അദ്ദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പരിഹാസങ്ങളും അന്നത്തെ സമൂഹത്തിൽനിന്നു ലഭിച്ചുകാണും. അതുകൊണ്ടു സ്വന്തം ജനങ്ങളിൽ നിന്നും മാറി നിന്ന് സഞ്ചാരിയെപ്പോലെ ദേശങ്ങൾ സഞ്ചരിച്ച് ആ കാലഘട്ടത്തിൽ അദ്ദേഹം ബുദ്ധമതവും സൊറാസ്ട്രിയൻ മതവും പഠിച്ചിരുന്നിരിക്കാം. ബുദ്ധമതം യേശുവിനെഎത്രമാത്രം സ്വാധീനിച്ചുവെന്നത് അദ്ദേഹം അജ്ഞാത കാലങ്ങളിൽ  എവിടെയായിരുന്നുവെന്നുള്ള പഠനം അനുസരിച്ചിരിക്കും. യഹൂദ ദേശത്തു മാത്രമാണ് യേശു ജീവിച്ചിരുന്നതെങ്കിൽ ബുദ്ധമതമായുള്ള സ്വാധീനം വളരെ കുറച്ചാകാനെ സാദ്ധ്യതയുള്ളൂ. യഹൂദ രാജ്യത്തുനിന്ന് പുറം നാടുകളായ മെസൊപൊട്ടോമിയായിൽ അദ്ദേഹം യാത്ര ചെയ്തുവെങ്കിൽ അദ്ദേഹത്തിൻറെ ബുദ്ധമതവുമായുള്ള സ്വാധീനത്തിന് സാധ്യത വളരെയേറെയായിരിക്കും.

ബൈബിളിൽ സുവിശേഷകരായ മാത്യുവിലും മാർക്കിലുമുള്ള വചനങ്ങളിൽ യേശുവിനെ 'നസ്രായൻ' എന്ന് വിളിച്ചിട്ടുണ്ട്. എന്നാൽ 'നസ്രായൻ' എന്ന ഒരു പട്ടണത്തെപ്പറ്റി ബൈബിളിലോ ആദ്യകാല കൃതികളിലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. നസ്രായൻ എന്നുള്ളത് യഹൂദരുടെ ഒരു ഉപവിഭാഗ വർഗമാകാം. അപ്പോസ്തോലിക പ്രവർത്തികളിൽ പോളിനെ (അപ്പ. 24:5.) നസ്രായേൽക്കാരുടെ നേതാവായി ചിത്രീകരിച്ചിട്ടുണ്ട്. ബൈബിളല്ലാത്ത ആദ്യ ഗ്രന്ഥങ്ങളിൽ യേശു യഹൂദ രാജ്യത്തുനിന്ന് പുറമെ സഞ്ചരിച്ചതായി എഴുതിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പഴയ ഗ്രന്ഥങ്ങളിൽ യേശു സഞ്ചരിക്കുന്ന ഒരു പ്രവാചകനായി ചിത്രീകരിച്ചിട്ടുണ്ട്. യേശുവിനെ 'മിശിഹായ' ആയി ചിത്രീകരിച്ചിരിയ്ക്കുന്നതും അലഞ്ഞു നടന്നിരുന്ന ഒരു പ്രവാചകനായിരുന്നതുകൊണ്ടായിരുന്നു. അദ്ദേഹം ഒരു സ്ഥലത്തും കൃത്യമായി താമസിക്കുന്നുണ്ടായിരുന്നില്ല. എത്ര മാത്രം യേശു യാത്ര ചെയ്തിട്ടുണ്ടോ അത്രമാത്രം യേശുവിനെ ബുദ്ധമതവും ബുദ്ധമത ആശയങ്ങളും സ്വാധീനിച്ചിരിക്കണം.

അജ്ഞാതമായ കാലഘട്ടത്തിൽ യേശു നാടുകൾ ചുറ്റിക്കറങ്ങി അറിവു തേടി നടന്നുകാണും. പന്ത്രണ്ടാം വയസിൽ 'ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിലെന്നു' പറഞ്ഞ യേശു ഈശ്വരനെന്ന സത്യത്തെ തേടി യാത്ര ആരംഭിച്ചിരിക്കണം. വളർത്തുപിതാവായ ജോസഫിന്റെ തൊഴിൽ ആശാരിപ്പണിയിൽ  ഏർപ്പെട്ടിരിക്കാൻ സാധ്യതയില്ല. അസാധാരണമായ ഗുരുക്കന്മാർ അദ്ദേഹത്തിന് ശിക്ഷണം നൽകിയിരിക്കാം. യഹൂദ രാജ്യത്തിൽ നിന്നും അപ്രത്യക്ഷമായതിൽ പിന്നീട് നീണ്ട കാലഘട്ടത്തിനു ശേഷം യേശുവിനെ വീണ്ടും കാണുന്നത് ഇരുപത്തിയൊമ്പതാം വയസ്സിലാണ്. സ്നാപകൻ യേശുവിന് ജ്ഞാന സ്നാനം കൊടുത്ത ശേഷം ചുറ്റുമുള്ളവർ അദ്ദേഹത്തിൻറെ ജ്ഞാന പ്രബോധനം കേട്ട് അതിശയിച്ചുപോയി. അവന്റെ ദൈവ രാജ്യത്തെ സംബന്ധിച്ചുള്ള അപാരമായ ദൈവിക അറിവും അവിടെ വന്നവർ ശ്രവിച്ചിരുന്നു. 'ഇവൻ ആശാരിയുടെ മകൻ തന്നെയോയെന്നു' കേട്ടുനിന്നവർ പരസ്പ്പരം ചോദിക്കുന്നുണ്ട്. ഇത്രമാത്രം അറിവോടെ യേശു സംസാരിക്കുന്നത് അതിനുമുമ്പ് ആരും ശ്രവിച്ചിട്ടുണ്ടായിരുന്നില്ല. ഒന്നുകിൽ യേശു അഗാധമായി ദൈവിക ജ്ഞാനം ദേശാടനങ്ങളിൽക്കൂടി നേടി കാണും. അല്ലെങ്കിൽ യേശുവിനു ഇത്രമാത്രം ജ്ഞാനമുണ്ടായിരിക്കുമെന്ന് ജനത്തിനു അറിവുണ്ടായിരിക്കില്ല.

1888-ൽ 'യേശുവിന്റെ അജ്ഞാതകാല ജീവിതം' (The unknown life of Jesus) എന്ന ഒരു പുസ്തകം ഒരു റക്ഷ്യൻ ഡോക്ടറായിരുന്ന 'നിക്കോളാസ് നൊട്ടൊവിച്ച്' എഴുതിയിരുന്നു. കാശ്മീരിൽ ലഡാക്കിനു സമീപം 'ഹിംമിസ്' എന്ന് പേരുള്ള ഒരു ആശ്രമം നൊട്ടൊവിച്ച് സന്ദർശിച്ചതായി അവകാശപ്പെടുന്നുണ്ട്. അദ്ദേഹം പറഞ്ഞിരിക്കുന്നത്, ആശ്രമം സന്ദർശിച്ചപ്പോൾ അവിടെ 'ഈസാ'യുടെ (യേശു) വചനങ്ങൾ എഴുതി വെച്ചിട്ടുണ്ടായിരുന്നുവെന്നാണ്. കൂടാതെ യേശുവിന്റെ ഇന്ത്യയിൽക്കൂടിയുള്ള യാത്രകളും,  ശൂദ്രന്മാരെ സ്വന്തം ജനമായി കരുതുന്നതും ബ്രാഹ്മണരോടുള്ള വഴക്കും പേർഷ്യയിലെ സൊറാസ്ട്രിയൻ പുരോഹിതരുടെ വാദങ്ങളും എഴുതി വെച്ചിട്ടുണ്ടായിരുന്നു. യേശു പതിനാലു വയസുമുതൽ ഇരുപത്തിയൊമ്പതു വയസുവരെ ഇന്ത്യയിൽ ആയിരുന്നുവെന്നും അനുമാനങ്ങളുമുണ്ട്. 'നൊട്ടൊവിച്ച്' എഴുതിയ 'യേശു ചരിത്രം' 1894-ൽ വമ്പിച്ച ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിയിച്ചിരുന്നു. ക്രിസ്ത്യൻ സഭകളിൽ കോളിളക്കമുണ്ടാവുകയും പുസ്തകത്തെ എതിർക്കുകയുമുണ്ടായി. അത് വെറും ഊഹോപാഹങ്ങളടങ്ങിയ ചരിത്ര കിംവദന്തികളെന്നും പ്രഖ്യാപിച്ചു.  ജർമ്മൻ പണ്ഡിതനായിരുന്ന 'മാക്സ് മുള്ളർ' യേശുവിന്റെ കാശ്മീരിൽ വന്ന വാദത്തെ തള്ളിക്കളഞ്ഞു. 'മാക്സ് മുള്ളർ' കാശ്മീരിലെ വിവാദ ആശ്രമം സന്ദർശിച്ചശേഷം അവിടെ ഒരു ഡോക്യൂമെന്റും കണ്ടെത്താനായില്ലെന്നും എഴുതിയിരുന്നു. കൂടാതെ 'നൊട്ടൊവിച്ച്' ഒരിക്കലും ആ ആശ്രമം സന്ദർശിച്ചിട്ടുണ്ടായിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിൽ വേദങ്ങൾ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തും ശ്രുതികളും സ്മൃതികളും പഠിച്ചും യൂറോപ്യന്മാർ ഇന്ത്യൻ സംസ്ക്കാരവുമായി തങ്ങൾക്ക് എന്തെങ്കിലും ചരിത്ര ബന്ധം ഉണ്ടോയെന്ന് പഠനം നടത്തുന്നുണ്ടായിരുന്നു. ബി.സി. 1500നു മുമ്പുതന്നെ ആര്യൻ ജനതയുടെ കുടിയേറ്റം തുടങ്ങിയിരുന്നു. ഭൂരിഭാഗം യൂറോപ്പ്യൻ ഭാഷകളുടെയും തുടക്കം സംസ്കൃതമെന്നു കാണാം. ഹാരപ്പായിലും, മോഹൻജോ ദാരോയിലും സരസ്വതി സംസ്‌ക്കാരത്തിലും ഇന്ത്യൻ ജനത ജീവിച്ചിരുന്ന നാളുകളിൽ ആര്യന്മാരും ഇവിടെയുണ്ടായിരുന്നു. ദ്രാവിഡ ജനതയുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന സംസ്കൃത ഭാഷ കാലക്രമേണ ആര്യന്മാരുടെയിടയിൽ വികസിച്ചു യൂറോപ്പിലേക്ക് പകർന്നതാകാം. ഒരു ചോദ്യം ഇവിടെ പ്രസക്തമാകുന്നത്, ആര്യൻ ജനങ്ങളിൽ സെമറ്റിക്ക് വർഗക്കാർ ഇവിടെ വസിച്ചിരുന്നോയെന്നാണ്! അവർ ഇവിടെ നിന്നും പോയി ഈജിപ്റ്റിലും യഹൂദ രാജ്യത്തും താമസിച്ചിരിക്കാം. അങ്ങനെ ബുദ്ധമതവും യഹൂദരിൽ ചിലരുടെയിടയിൽ സ്വാധിനിച്ചിരിക്കാം.

ബുദ്ധന്റെയും ശിക്ഷ്യന്മാരുടെയും അതുപോലെ ക്രിസ്തുവിന്റെയും ശിക്ഷ്യന്മാരുടെയും ജീവിതത്തിൽ  ധാരാളം സാമ്യമുള്ള സംഭവങ്ങളും കാണുന്നു. സമാനമായ കഥകൾ യാദൃശ്ചികമായി സംഭവിച്ചിരിക്കുന്നതായും കാണാം. ബുദ്ധമതം ക്രിസ്തുവിനു മുമ്പുള്ളതെങ്കിലും ബുദ്ധമതത്തിലെ പല ഉപമ കഥകളും ബൈബിളിൽ നിന്ന് കോപ്പി അടിച്ചതെന്നു തോന്നിപ്പോവും. ഡി ബുൻസൻ (De Bunsen) എഴുതിയിരിക്കുന്നത് 'ഗൗതമ ബുദ്ധനും അദ്ദേഹത്തിൻറെ ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും പുരാതന ഗ്രന്ഥത്തിലും യേശുവിന്റെ തത്ത്വങ്ങളും സമാന ജീവിതവും 'എഴുതിയിരിക്കുന്നത് യാദൃശ്ചികമാകാൻ സാദ്ധ്യതയില്ലെന്നാണ്'. അദ്ദേഹം എഴുതി 'നസ്രത്തിലെ യേശുവിന്റെ ചരിത്രവും പുതിയ നിയമവും ബുദ്ധന്റെ കോപ്പി മാത്രമാണ്. അതിലെ പുരാവൃത്ത വിജ്ഞാനങ്ങൾ മറ്റുള്ള രാജ്യങ്ങളിൽ നിന്നും കടമെടുത്തതുമാണ്'.

നൊട്ടൊവിച്ച് എഴുതിയ ചരിത്രം സത്യമെന്നു ആധികാരികമായി സ്ഥാപിക്കാൻ അതിനോടനുബന്ധിച്ച ഡോകുമെന്റുകളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ കഥകളുമായി യോജിച്ചുകൊണ്ടു യേശു കാശ്മീരിൽ വന്നുവെന്നു വിശ്വസിക്കുന്ന അനേകം അനുയായികളെ നൊട്ടൊവിച്ചിനു നേടാൻ സാധിച്ചു. നൊട്ടൊവിച്ചിനെ അനുകരിച്ചിരുന്ന മറ്റൊരു ഗവേഷകനായ 'ഡഹാൻ ലേവി'യുടെ 'അഞ്ചാം സുവിശേഷം' എന്ന പുസ്തകത്തിൽ 'യേശു പതിമൂന്നാം വയസ്സിൽ യഹൂദിയാ വിട്ടുവെന്നും കച്ചവടക്കാരുമായി യാത്രകൾ നടത്തി ഡമാസ്‌ക്കസും ബാബിലോണിയായും പേർഷ്യയും വഴി കാശ്മീരിൽ എത്തിയെന്നും' എഴുതിയിരിക്കുന്നു. 'കൂടാതെ ഇന്ത്യ മുഴുവൻ അദ്ദേഹം സഞ്ചരിച്ചുകൊണ്ടു പ്രഭാഷണം നടത്തിയിരുന്നു. പതിമൂന്നാം വയസുമുതൽ ഇന്ത്യയിൽ താമസിച്ചിരുന്ന അദ്ദേഹം പിന്നീട് യഹൂദ രാജ്യത്തു മടങ്ങിയെത്തുകയും ചെയ്തു.'

യേശുവും ബുദ്ധനും സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വ്യാപ്തിയെപ്പറ്റി സമാനചിന്തകളോടെ പറഞ്ഞിരിക്കുന്നുതായി കാണാം. യേശു പറഞ്ഞു, നിന്നെ വെറുക്കുന്നവരെ നീ സ്‌നേഹിക്കുമ്പോൾ നീ ചെയ്യുന്നത് എനിക്കുവേണ്ടിയാണ്, മറ്റാർക്കും വേണ്ടിയല്ല. ബുദ്ധനും 'വിഷയ മഹാവാഗയിൽ' (VisayaMahavagga) പറഞ്ഞതും അതു തന്നെയായിരുന്നു. 'നീ മറ്റുള്ളവരെ സ്നേഹിച്ചില്ലെങ്കിൽ നിന്നെ ആര് സ്നേഹിക്കും! നിന്നെ ആരും സ്നേഹിക്കുന്നില്ലെങ്കിൽ നിനക്ക് എങ്ങനെ എന്നെ സ്നേഹിക്കാൻ സാധിക്കും?' യേശു പറഞ്ഞു 'വാൾ ഉറയിൽ ഇടൂ. വാളെടുക്കുന്നവൻ വാളാൽ മരിക്കും'. ബുദ്ധനും പറഞ്ഞത് അതു തന്നെ. 'മറ്റൊരുവന്റെ ജീവനെ നാം എടുക്കരുത്'. സാമൂഹികമായ അരാജകത്വം ഉണ്ടായപ്പോൾ ബുദ്ധനും യേശുവും പറഞ്ഞത് ഒന്നുതന്നെയായിരുന്നു. 'യേശു സ്നേഹിച്ചതുപോലെ നാമും പരസ്പ്പരം സ്നേഹിക്കണമെന്നു' യേശു പറഞ്ഞു. 'നിന്റെ ജീവിതം നിന്നെ സ്നേഹിച്ചവർക്കായി നൽകുന്നതിലും മറ്റൊരു സ്നേഹമില്ലന്നു' ബുദ്ധനും പറഞ്ഞു. 'ഒരു അമ്മ കുഞ്ഞിനെ പരിചരിക്കുന്നത് നോക്കൂ. അതുപോലെ നിന്റെ അഗാധമായ സ്നേഹം ലോകത്തിനു മുഴുവനായി നൽകുകയെന്നത്' ബുദ്ധന്റെ സന്ദേശമായിരുന്നു. 'സ്നേഹം, സത്യം, ക്ഷമ എന്നത് യേശുവിന്റെ തത്ത്വം പോലെ ബുദ്ധന്റെയും പ്രമാണങ്ങളായിരുന്നു. സ്നേഹമാണ് മതമെന്ന് ഈ രണ്ടു ഗുരുക്കന്മാരും ഒരു പോലെ പഠിപ്പിച്ചു.

നന്മ ചെയ്യാൻ യേശുവും ബുദ്ധനും ഉപമകളിൽക്കൂടി ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നു. ബുദ്ധൻ പറഞ്ഞു, 'നിനക്ക് ഒരു ഭരണിയുണ്ടെങ്കിൽ നീ അതിൽ വെള്ളം നിറക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിലെ ഓരോ തുള്ളി വെള്ളവും പ്രാധാന്യം അർഹിക്കുന്നു. അനേകായിരം തുള്ളി വെള്ളം കൊണ്ട് ആ ഭരണി നിറഞ്ഞിരിക്കുന്നത്, നാം കാണും. മാത്യുവിന്റെ സുവിശേഷത്തിൽ യേശുവും തന്റെ അനുയായികളോട് പറഞ്ഞിരിക്കുന്നത് ഇങ്ങനെ തന്നെ. വെള്ളത്തുള്ളികൾക്ക് പകരം കടുകുമണി യേശു ഉപമയായി സ്വീകരിച്ചു. 'ഓരോ കടുകുമണിക്കും പ്രാധാന്യം ഉണ്ട്. ഒരു കടുകുമണി നടുകയാണെങ്കിൽ ഒരിക്കൽ അത് വൻവൃക്ഷമായി തീരുന്നു. ചെറിയ പക്ഷികൾ അതിന്റെ ശിഖരത്തിൽ വിശ്രമം തേടുന്നു. ഇവിടെ യേശുവും ബുദ്ധനും നന്മ ചെയ്യുന്ന പ്രവൃത്തിയെ ചെറു കടുകുമണിയോടും വെള്ളത്തുള്ളികളോടും ഉപമിച്ചിരിക്കുകയാണ്.

'സ്വയം കുറ്റം കാണാതെ മറ്റുള്ളവരിൽ കുറ്റം കാണുന്നതിനെയും' ബുദ്ധനും യേശുവും ഒരുപോലെയാണ് പ്രതികരിച്ചിരിക്കുന്നത്. ബുദ്ധൻ പറഞ്ഞു, (ഉദനവർഗ 27:1) 'മറ്റുള്ളവരിൽ കുറ്റം കാണുകയെന്നത്‌ എളുപ്പമാണ്. ഒരുവൻ എപ്പോഴും അപരന്റെ തെറ്റുമാത്രം കാണുന്നുവെങ്കിൽ അവൻ ഒരു ചതിയനു തുല്യമാണ്‌. അവൻ ചൂത് കളിക്കുന്നത് മറച്ചുവെച്ചുകൊണ്ടു മറ്റുള്ളവരുടെ ചൂതുകളിയെ ചൂണ്ടി കാണിക്കും. മറ്റുള്ളവരുടെ പോരായ്മകളെ മാത്രം നാം കാണരുത്." "നിന്റെ കണ്ണിലെ കോലിരിക്കുമ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുന്നുവെന്ന്" യേശുവും പറഞ്ഞു. പാപത്തിൽ മുങ്ങിയിരിക്കുന്ന വ്യപിചാരിണിയെ കല്ലെറിയാൻ കാത്തിരിക്കുന്ന ജനക്കൂട്ടത്തോട് യേശു പറഞ്ഞു, "നിന്നിൽ പാപമില്ലാത്തവർ അവളെ കല്ലെറിയട്ടെ". ബുദ്ധനും പറഞ്ഞിട്ടുണ്ട്, "തെറ്റുകൾ കൂമ്പാരമായി നിറഞ്ഞിരിക്കുന്ന നിനക്ക് മറ്റുള്ളവരെ വിധിക്കാൻ എന്തധികാരം."(ധമപാദ 4:7). ബുദ്ധൻ പറഞ്ഞു, 'ഒരുവന്റെ കണ്ണുകൾ ഒരു ആട്ടിൻക്കുട്ടിയെപ്പോലെയാണ്. നിനക്ക് സന്മാർഗിക നിയമങ്ങൾ അറിയാമെങ്കിലും അതിലുമുപരി നിന്റെ കണ്ണുകൾ നിന്നെ പഠിപ്പിക്കും.' (ഉദയവർഗ 22:4) ലുക്കിന്റെ സുവിശേഷത്തിൽ (ലൂക്ക് 11:34-36) യേശുവും പറയുന്നുണ്ട്, "ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും."

യേശുവും ബുദ്ധനും മലകളെയും കുന്നുകളെയും മരങ്ങളെയും നീലാകാശത്തെയും പ്രകൃതിയെയും ചൂണ്ടി കാണിച്ചുകൊണ്ട് ഉപദേശങ്ങൾ നൽകുമായിരുന്നു. 'സദ്‌ധർമ പുദരിക സൂത്രയിൽ' (Saaddaharma Pudarika Sutra) ബുദ്ധൻ പറഞ്ഞു, "നീലാകാശം നല്ലതിനെയും ചീത്തയെയും തിരിച്ചറിയുന്നില്ല. സൂര്യ പ്രകാശവും ചന്ദ്രന്റെ ശോഭയും മനുഷ്യ ജീവജാലങ്ങൾക്കെല്ലാം തുല്യമായുള്ളതാണ്. ദൈവത്തിന്റെ മുമ്പിൽ നന്മയും തിന്മയും ഒരുപോലെയാണ്. ദൈവം മനുഷ്യരിൽ തിരിച്ചു വിത്യാസം നടത്തുന്നില്ലെങ്കിൽ മനുഷ്യൻ എന്തിന് ദൈവത്തിന്റെ ഹിതത്തേക്കാളുപരി സ്വാർത്ഥതയോടെ  ജീവിക്കുന്നു." യേശു പറഞ്ഞു, "സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ."(മാത്യു 5:45) ദൈവം സൂര്യനെ സൃഷ്ടിച്ചു. തിന്മയുള്ളവർക്ക് പ്രകാശം നൽകാൻ പാടില്ലാന്നു ചന്ദ്രനോടും സൂര്യനോടും ദൈവം കല്പിച്ചില്ല. നന്മയുള്ളവർക്കു മാത്രം മഴ കിട്ടണമെന്നും പറഞ്ഞിട്ടില്ല. ദൈവം മനുഷ്യരെ നന്മ തിന്മകളായി വേർതിരിക്കുന്നില്ലെങ്കിൽ മനുഷ്യന് നന്മകളെയും തിന്മകളെയും സംബന്ധിച്ച വിധി പറയാനുള്ള അവകാശം എവിടെ?

യേശു പറഞ്ഞു 'ദരിദ്രർ അനുഗ്രഹീതരാകുന്നു. അവർ ദൈവത്തോട് കൂടുതൽ അടുത്തിരിക്കുന്നു. സ്വർഗത്തിൽ അവർ വാഴ്ത്തപ്പെട്ടിരിക്കും.' (മത്തായി 19:21) ബുദ്ധനും അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. 'ദൈവം ദരിദ്രരോട് കൂടുതൽ അടുത്തിരിക്കും. ദരിദ്രനായ ഒരു മനുഷ്യന് നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ടു അവർക്ക് സന്തോഷപ്രദമായ ഒരു ജീവിതമുണ്ടായിരിക്കും.' (ധമ്മപാദ 15:4) ബുദ്ധൻ വീണ്ടും പറഞ്ഞു, 'നീ ഒരു വിഡ്ഢിയെങ്കിൽ നിനക്ക് പരോപകാരപ്രദമായ പ്രവർത്തനങ്ങൾ സാധിക്കില്ല. ദാനം കൊടുക്കുന്നവനു ഈ ജീവിതത്തിൽ സന്തോഷം ലഭിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ജീവിതത്തിൽ അവൻ സന്തോഷം നേടും'.

യേശു ഉപമയിൽക്കൂടി ഒരു കഥ പറയുന്നുണ്ട്. "ഒരു ധനികൻ അവന്റെ സ്വത്തിന്റെ ഒരു വീതം ദാനം കൊടുക്കുന്നു. അതുപോലെ ഒരു വിധവയും അവൾക്കുണ്ടായിരുന്ന സമ്പാദ്യമായ ഏതാനും നാണയങ്ങൾ ദാനം കൊടുക്കുന്നു. ഇവിടെ വിധവയുടെ ദാനം ചെറുതായിരിക്കാം. എന്നാൽ അവരുടെ ദാനം ധനികന്റെ ദാനത്തെക്കാൾ ഉത്തമമായിരിക്കും. വിധവ അവർക്കുള്ളതെല്ലാം ദാനം ചെയ്തു. ധനികൻ കൊടുത്തത് അയാളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മാത്രം." (ലൂക്ക 21:1-4) ബുദ്ധൻ പറയുന്നു, "ഒരു ദാനവും ചെറുതല്ല. ദാനം നല്ല വിശ്വാസത്തോടെ അർഹനായവന് നൽകണം. ബുദ്ധനിൽ വിശ്വാസമുള്ളവനു സ്വർഗ്ഗരാജ്യത്തിൽ അർഹമായ സ്ഥാനം ലഭിക്കും". യോഹന്നാന്റെ  സുവിശേഷത്തിലും അതുതന്നെ വായിക്കാം. യേശു പറയുന്നു, "എന്നെ പ്രതി മരിക്കുന്നവൻ മരിക്കുന്നില്ല."

യേശുവും ബുദ്ധനും പിശാചിനെ ഒരുപോലെയാണ് നേരിടുന്നത്. "ഒരുവന്റെ ശരീരത്തിൽ പിശാച് ബാധിക്കുന്നു.  പിശാച് അവനിൽ നിന്ന് ഒഴിയുകയും വീണ്ടും അവസരം ലഭിക്കുമ്പോൾ പിശാച് വന്നുപെടുകയും ചെയ്യുന്നു.(ലുക്കാ 4:13) ബുദ്ധൻ പറയുന്നു, 'പിശാചിന് അദ്ദേഹത്തെ ഉപദ്രവിക്കാൻ അവസരം കൊടുക്കില്ല. പിശാച് ബുദ്ധനെ ഉപദ്രവിക്കാൻ സാധിക്കാതെ വരുമ്പോൾ അവൻ തനിയെ പോവുന്നു'. ബുദ്ധനും യേശുവും പറയുന്ന ചുരുക്കം, പിശാച് പരീക്ഷിക്കാൻ തുനിയുമ്പോൾ അതിനു സാധിക്കാതെ പിശാച് മടങ്ങിപ്പോവുന്നുവെന്നാണ്. യേശു പറഞ്ഞു, "ഹൃദയ ശുദ്ധിയുള്ളവർക്ക് മാത്രം ദൈവത്തെ കാണാൻ സാധിക്കും" (മാത്യു 5:8) ബുദ്ധനും യേശുവിനെപ്പോലെ സംസാരിച്ചു. "ശുദ്ധമായ ഹൃദയത്തോടെ ദൈവത്തെ ധ്യാനിക്കുന്നുവെങ്കിൽ അവർക്ക് ദൈവത്തോട് സംസാരിക്കാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും സാധിക്കും. (ദിഗ നികയാ 19:43) ശുദ്ധമായ മനസും ഹൃദയവുമാണ് ദൈവത്തിങ്കൽ എത്തിക്കാൻ ഫലപ്രദമെന്ന് രണ്ടുപേരും വിശ്വസിച്ചിരുന്നു.

ബുദ്ധന്റെയും യേശുവിന്റെയും മരണത്തിനും മരണശേഷമുള്ള കാര്യങ്ങളിലും സാമ്യത കാണുന്നുണ്ട്. വാതിലുകൾ അടച്ചിട്ടിരുന്നുവെങ്കിലും യേശുവിന് അവരുടെ ശിക്ഷ്യന്മാരുടെ നടുവിൽ വരാൻ സാധിച്ചു. (ജോൺ 20:26). ബുദ്ധന്റെ മരണശേഷം അനുയായികൾ പറയുന്നു, 'ബുദ്ധനു യാതൊരു തടസ്സവുമില്ലാതെ ഭിത്തികളിൽക്കൂടി പോവാൻ സാധിച്ചു.(അംഗുത്തര നികയാ 3:60) യേശു പീറ്ററിനെയും ജോണിനെയും ജെയിംസിനെയും ഒരു മലമുകളിൽ കൊണ്ടുപോയി. യേശു അവരുടെ മുമ്പിൽ ദൈവികമായ പ്രകാശത്തോടെ എത്തി. വെളുത്ത മഞ്ഞുപോലെ. (ജോൺ 20:26) ബുദ്ധനെപ്പറ്റിയും അങ്ങനെയുള്ള കഥയുണ്ട്. ബുദ്ധന്റെ ഏറ്റവും പ്രിയങ്കരനായ ശിക്ഷ്യൻ 'ആനന്ദ' പറയുന്നു, 'ബുദ്ധൻ ഒരു സുവർണ്ണ കുപ്പായം ധരിച്ചിരുന്നു. ബുദ്ധന്റെ ശരീരം പ്രകാശമയമായതുകൊണ്ട് ധരിച്ചിരുന്ന സുവർണ്ണ വസ്ത്രം തിളങ്ങിയിരുന്നില്ല. സ്വർണ്ണത്തേക്കാൾ ബുദ്ധന്റെ ദേഹം തിളങ്ങിയിരുന്നത് വിസ്മയകരമായിരുന്നു'. ഇത് ദിഖ നികയായിൽ (DighaNikaya. 16:4:37) വിവരിച്ചിട്ടുണ്ട്. ഒരു പക്ഷെ ബുദ്ധന്റെയും യേശുവിന്റെയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കാം. യേശുവും ബുദ്ധനും മരണത്തോട് സമീപിക്കുന്ന കാലങ്ങളിൽ ദൈവിക പ്രഭയോടെ അവരുടെ ശരീരം തിളങ്ങിയിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

'ഗ്‌നോസ്റ്റിക്സിസം' ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുമതത്തിന്റെ ഒരു ഉപവിഭാഗമായി അറിയപ്പെട്ടിരുന്നു. അതിന്റെ തത്ത്വചിന്തകളിൽ ചിലത് ക്രിസ്തുമത വിശ്വസത്തോടു സാമ്യമുണ്ടെങ്കിലും കൂടുതലും അവരുടെ തത്ത്വങ്ങൾ ക്രിസ്തീയ വിശ്വാസത്തിനു എതിരായുള്ളതാണ്. ആദിമ സഭയ്ക്ക് മൂന്നു നൂറ്റാണ്ടോളം ഏറ്റവും ഭീക്ഷണിയായിരുന്നത് 'ഗ്‌നോസ്റ്റിക്സിസം' മതമായിരുന്നു. പേഗനിസത്തിൽ നിന്നും ഉത്ഭവിച്ച ഈ മതത്തിൽ തത്ത്വ ചിന്തകനായ പ്ളേറ്റോയുടെ ചിന്തകൾ നിറഞ്ഞിരുന്നു. 'ഗ്‌നോസ്റ്റിക്സിസം' വിശ്വസിച്ചിരുന്നത് 'രക്ഷയുടെ കവാടം തുറക്കപ്പെടുന്നത് ദൈവിക ജ്ഞാനം വർദ്ധിക്കുന്നതനുസരിച്ചെന്നാണ്'. അറിവ് അന്ധകാരത്തെ നീക്കി മുക്തി നൽകുന്നു. യേശുവിനെയും യേശുവിന്റെ അടിസ്ഥാന തത്ത്വങ്ങളെയും അവർ വിശ്വസിക്കുന്നുണ്ടായിരുന്നു. എന്നാൽ 'ഗ്‌നോസ്റ്റിക്ക്' മതവിശ്വാസംപോലെ അറിവിൽക്കൂടിയാണ് രക്ഷ നേടുന്നതെന്ന് യേശു പറഞ്ഞിട്ടില്ല. 'നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കപ്പെടുമെന്നാണ്' പറഞ്ഞിരിക്കുന്നത്. 'ഗ്‌നോസ്റ്റിക്സിസം' ചിന്തകളിൽ ക്രിസ്തുമതത്തേക്കാൾ കൂടുതൽ ബുദ്ധമത വിശ്വാസത്തോടായിരുന്നു അടുപ്പം. ബുദ്ധ മതത്തെപോലെ അവർ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു. ഈ ജന്മത്തുള്ള എല്ലാ കഷ്ടപ്പാടുകളിൽനിന്നും നമ്മെ പുനർജ്ജന്മം വഴി മുക്തിയിലേക്ക് നയിക്കുന്നുവെന്നും ഗ്‌നോസ്റ്റിക്ക് തത്ത്വങ്ങളിലുണ്ട്. 'നാമാകുന്ന ദൈവിക പ്രകാശം സ്വർഗത്തിൽ എത്താൻ മരണാനന്തര ജീവിതത്തിൽക്കൂടി വീണ്ടും വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. എല്ലാവരുടെയും ലക്ഷ്യം ക്രിസ്തുവിൽ ലയിക്കുകയെന്നതാണ്'. അത് ബുദ്ധനിൽ പ്രാപിക്കുന്നതിന് തുല്യമെന്നു ബുദ്ധമതവും വിശ്വസിക്കുന്നു.

യേശു നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നു. എന്നാൽ അദ്ദേഹത്തിൽ ദൈവിക ചൈതന്യം ഉണ്ടായിരുന്നു. ആ ചൈതന്യം പിതാവിങ്കൽ ലയിക്കുന്നു. പുത്രനും പിതാവും ഒന്നാകുന്നു. ബുദ്ധനും അതുപോലെ മനുഷ്യനായിരുന്നു. എങ്കിലും അദ്ദേഹത്തിൽ ദൈവിക ചൈതന്യം പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ ദൈവിക ചൈതന്യത്തെ 'ധർമ്മകായ' എന്ന് പറയുന്നു. 'കർമ്മ നിഷ്ഠകൾക്കും ഈ രണ്ടു മതങ്ങളും പ്രാധാന്യം കൽപ്പിച്ചിരുന്നു. നന്മയ്‌ക്കൊപ്പം ദോഷമുള്ള കർമ്മങ്ങളും സംഭവിക്കാം. ബുദ്ധൻ അനുയായികളെ എങ്ങനെ പരിജ്ഞാനം നേടാമെന്ന് ഉപദേശിച്ചു. യേശു അനുയായികളെ പിതാവിനെ അനുകരിക്കാൻ പഠിപ്പിച്ചു. സമാധാനം കൈവരിക്കാനായി ദരിദ്രരെ സഹായിക്കാൻ ബുദ്ധനും യേശുവും ഒരുപോലെ ഉപദേശിച്ചു. ഭക്ഷണവും വസ്ത്രവും ആവശ്യക്കാർക്ക് നൽകാനും സത്യത്തെ പിന്തുടരാനും അതുവഴി നിത്യസത്യം കൈവരിക്കാമെന്നും രണ്ടുപേരും പഠിപ്പിച്ചു.






Sunday, October 22, 2017

സിസ്റ്റർ അഭയയുടെ കൊലപാതകവും പുതപ്പിച്ചിരിക്കുന്ന നീതിയും




ജോസഫ് പടന്നമാക്കൽ

കോട്ടയം പയസ് മൌണ്ട് കോൺവെന്റിലെ അന്തേവാസിനിയായിരുന്ന സിസ്റ്റർ അഭയ മരിച്ചിട്ട് കാൽനൂറ്റാണ്ടിൽപ്പരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 'സിസ്റ്റർ അഭയക്കൊലക്കേസ്'  1990 കാലങ്ങളിലെ പ്രക്ഷുബ്ധമായ വാർത്തകളിൽ ഒന്നായിരുന്നു.  പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും  അതിന്റെ തീ കെട്ടടങ്ങിയിട്ടില്ല. ഇത് ഒരു പാവം പെൺകുട്ടിയുടെ ദാരുണമായ കഥയാണ്. നിയമത്തിനും നീതിക്കും ബലമില്ലെന്ന സത്യം അഭയക്കൊലക്കേസ് ചൂണ്ടി കാണിക്കുന്നു. ദരിദ്രർക്കും ബലഹീനർക്കും നീതി നിഷേധിക്കപ്പെടുന്നതിന്റെ അടയാളമാണ് അവർ.  ഇന്ത്യൻ കോടതികളുടെ നീക്കങ്ങൾ വളരെ സാവധാനമായതുകൊണ്ടു ഈ കേസ് ഇന്നും അവസാനിപ്പിച്ചിട്ടില്ല. അതിലെ കുറ്റക്കാരെ ശിക്ഷിച്ചുമില്ല. കേസിനോടനുബന്ധിച്ചു 2008-ൽ രണ്ടു പുരോഹിതരെയും ഒരു കന്യാസ്‌ത്രിയെയും അറസ്റ്റു ചെയ്തിരുന്നു.

കോട്ടയം സമീപമായി അരീക്കരയെന്ന സ്ഥലത്ത് വെറും സാധാരണ കർഷകനായി ജീവിച്ച അയക്കരക്കുന്നേൽ തോമസിന്റെ മകളായിട്ടാണ് അഭയ ജനിച്ചത്. വീട്ടിലെ സാമ്പത്തിക ഭദ്രത ഇല്ലായ്മയാലും കല്ല്യാണപ്രായം വരുമ്പോൾ വിവാഹം കഴിപ്പിക്കാൻ നിവൃത്തിയില്ലാത്തതിനാലും, ചില കന്യാസ്ത്രികളുടെ പ്രേരണയാലുമാണ് ഈ പെൺകുട്ടി അന്ന് മഠത്തിൽ ചേർന്നത്. കൊല നടക്കുന്ന സമയം ഈ പത്തൊമ്പതുകാരി,  ക്നാനായി സമുദായ വക സെന്റ് ജോസഫ്സ് കോൺവെന്റിൽ നൊവിഷ്യറ്റായി   പ്രീഡിഗ്രിക്കു പഠിച്ചിരുന്നു.  പിറ്റേ ദിവസം പരീക്ഷയായിരുന്നതുകൊണ്ട് നേരം അതിക്രമിച്ചിട്ടും അവൾ  ഉറങ്ങിയിരുന്നില്ല.

1992 മാർച്ച് ഇരുപത്തിയേഴാം തിയതി അതിരാവിലെ അഭയയെ കാണുന്നില്ലെന്ന് വിവരം വന്നു. ദൃക് സാക്ഷി വിവരം അനുസരിച്ച് അവരെ മാർച്ച് ഇരുപത്തിയേഴാം തിയതി വെളുപ്പിനെ നാലുമണിക്ക് വെള്ളം കുടിക്കാനായി അടുക്കളയിൽ പോയതായി കണ്ടവരുണ്ട്. അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജിന്റെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. ഫ്രിഡ്ജിന്റെ അടിയിൽ ഒരു ചെരുപ്പ് കണ്ടെത്തിയിരുന്നു. മറ്റേ ചെരിപ്പ് ഹോസ്റ്റലിന്റെ കിണറിന്റെ സമീപവും. പെട്ടെന്ന് തന്നെ അവരുടെ ശരീരം കിണറിനുള്ളിൽ കാണപ്പെട്ടു. പോസ്റ്റ് മാർട്ടം ചെയ്യാൻ മൃതശരീരം അയച്ചപ്പോൾ ശരീരത്തിൽ മുറിവിന്റെ പാടുകളുണ്ടായിരുന്നു. ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കൊലപാതകമെന്ന് നല്ല തെളിവുകൾ ഉണ്ടായിട്ടും അഭയ മുങ്ങി മരിച്ചതെന്നും ആത്മഹത്യയെന്നും വരുത്തി വെച്ച് ലോക്കൽ പോലീസ് റിപ്പോർട്ട് തയാറാക്കി.

ആദ്യം അഭയയുടെ മരണം പത്രങ്ങളിൽ വെറും ചരമയറിയിപ്പുകൾ പോലെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ദുരൂഹതകൾ നിറഞ്ഞ വാർത്തകളുടെ പ്രവാഹമായി മാറുകയായിരുന്നു. സംഭവങ്ങളുടെ നൂലാമാലകൾ കേരള കത്തോലിക്കാ സഭയെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. കുറ്റാന്വേഷണങ്ങൾ, സാമൂഹികമായ ഉരസലുകൾ,  ഒച്ചപ്പാടുകൾ, രാഷ്ട്രീയക്കളികൾ, സമുദായത്തിന്റെ പ്രതികളെ രക്ഷിക്കാനുള്ള നെട്ടോട്ടങ്ങൾ, കേസിലേക്ക് കോടികളുടെ പണത്തിന്റെ ഒഴുക്ക് ഇതെല്ലാം അഭയക്കേസിന്റെ ഭാഗങ്ങളായി മാറിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും കൊലക്കേസിന് നാളിതുവരെയും ഒരു അവസാന തീരുമാനം കല്പിച്ചിട്ടില്ല. സ്ഥലത്തെ പോലീസ് അന്ന് അന്വേഷണങ്ങളുമായി മുമ്പോട്ട് പോയി. പക്ഷെ കുറ്റാന്വേഷണത്തിൽ മുഴുകിയിരുന്ന ഓഫിസർമാർ അഭയയുടെ മരണം ഒരു ആത്മഹത്യയായി സ്ഥിതികരിക്കുകയായിരുന്നു.

1992-ൽ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ അഭയക്കേസിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്കുവാനാവശ്യപ്പെട്ടുകൊണ്ട് ഒരു കമ്മറ്റി രൂപീകരിച്ചു. അന്വേഷണത്തിൽ പോരായ്മകളും പരിമിതികളും ചൂണ്ടിക്കാണിച്ച് അതിനെതിരായി സാമൂഹിക പ്രവർത്തകരും മുമ്പോട്ടു വന്നിരുന്നു. കൂടാതെ സിബിഐ ഈ കേസ് അനേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു 67 കന്യാസ്ത്രികൾ ഒപ്പിട്ട ഒരു പെറ്റിഷൻ മുഖ്യമന്ത്രിക്കും അയച്ചു. 1993 മാർച്ച് ഇരുപത്തിയൊമ്പതാം തിയതി സി.ബി.ഐ. പുതിയ അന്വേഷണം ആരംഭിച്ചു. അഭയക്കേസിന്റെ ഘാതകനെ കണ്ടുപിടിക്കുമെന്നു പ്രതിജ്ഞ ചെയ്ത ജോമോൻ ആക്ഷൻ കൗൺസിലിന്റെ മറവിൽ കാശു തട്ടുന്നുവെന്ന ആരോപണങ്ങളുമായി അഭയയുടെ പിതാവ് തന്നെ രംഗത്തു വന്നിരുന്നു. അതിനിടയ്ക്ക് ശ്രീ പുത്തൻപുരയ്ക്കൽ   പത്ര ആഫീസുകൾ കയറിയിറങ്ങി  അഭയ മരണത്തിനുമുമ്പ് ബലാൽസംഗം  ചെയ്തുവെന്ന വാർത്തയും ഇറക്കി. ആ വാർത്തയുടെ നായകനായി അയാൾ അവിടെ നിറഞ്ഞു നിന്നിരുന്നു. ഈ കേസ് മറ്റാരും കൈകാര്യം ചെയ്യരുതെന്ന ദുരുദ്ദ്യേശ്യവും അയാൾക്കുണ്ടായിരുന്നു. കേസ് ഡയറിയുമായി ബോളിവുഡ് ഫിലിമിന്റെ പ്രൊഡക്ഷനിലും പങ്കാളിയാകാനും സാധിച്ചു. വെറും പബ്ലിസിറ്റി മാത്രം ആഗ്രഹിച്ചിരുന്ന ശ്രീ പുത്തൻപുരക്കൽ കോടതികൾക്കു പോലും ശല്യങ്ങളായിരുന്നുവെന്നു പരാമർശനങ്ങൾ ഉണ്ടായിരുന്നു. പണം ഉണ്ടാക്കാൻ വേണ്ടി സമരിയാക്കാരനായി അഭിനയിച്ചു നടക്കുന്ന ഒരു സാമൂഹിക പ്രവർത്തകനാണ് ജോമോൻ പുത്തൻ പുരയ്ക്കലെന്നും പറയുന്നു. പ്രതികളെ അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ ഏറ്റവും തടസം നിന്നതും ഇദ്ദേഹമായിരുന്നു.

സിബിഐ ഓഫിസർ വർഗീസ് പി തോമസിന്റെ നേതൃത്വത്തിൽ അന്ന് കേസ് സി ബി ഐ ഏറ്റെടുത്തു. വർഗീസ് പി തോമസ് ഈ കേസ് കൈകാര്യം ചെയ്യുകയും ഇതൊരു കൊലപാതകമെന്ന് ഡയറിയിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. എന്നാൽ അക്കൊല്ലം ഡിസംബർ മാസത്തിൽ കാര്യങ്ങൾ ഒന്നുകൂടി വഷളാവുകയായിരുന്നു. കേസന്വേഷണത്തിൽ നിന്നും പിന്മാറി ശ്രീ വർഗീസ് തോമസ് തന്റെ ജോലി രാജിവെക്കുകയാണുണ്ടായത്. അതിനുശേഷം അദ്ദേഹം ഒരു പ്രസ് കോൺഫെറൻസ് വിളിച്ചുകൂട്ടി സത്യമായ ദിശയിൽ കേസന്വേഷിക്കാൻ തന്റെ മേലുദ്യോഗസ്ഥർ അനുവദിക്കുന്നില്ലായിരുന്നുവെന്നും പറഞ്ഞു. 1994 ജനുവരിയിൽ കൊച്ചിയിൽ നടത്തിയ പ്രസ്സ് കോൺഫറൻസിൽ 'തന്റെ മനസാക്ഷി തന്റെ  മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ അനുവദിക്കാത്തതുകൊണ്ടു ജോലി രാജി വെച്ചുവെന്നു' അറിയിച്ചു. കേസ് ഡയറിയിൽ 'അഭയ' ആത്മഹത്യ ചെയ്‌തെന്ന് എഴുതുവാൻ ഉന്നത ഓഫിസർമാരിൽ നിന്ന് സ്വാധീനമുണ്ടായിരുന്നു. സിബിഐ യുടെ കൊച്ചി യൂണിറ്റ് മേധാവിയായിരുന്ന ത്യാഗരാജനെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ഒരു പെറ്റിഷൻ ഫയൽ ചെയ്തിരുന്നു. 1994-ൽ ഏതാനും എംപി മാരും ത്യാഗരാജനെ ആ സ്ഥാനത്തുനിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. തന്മൂലം ശ്രീ എം.എൽ.ശർമ്മ സിബിഐ ഡയറക്റ്റർ ആയി അഭയയുടെ ചുമതലകൾ വഹിക്കാൻ നിയമിതനായി.

ഈ കേസിനെ സംബന്ധിച്ചു സി ബി ഐ തയാറാക്കിയ 1996-ലെ ആദ്യത്തെ റിപ്പോർട്ടിൽ അഭയ  കൊല്ലപ്പെട്ടതോ, ആത്മഹത്യയോ എന്നത് സ്ഥിതികരിച്ചില്ല. അതിനുശേഷം മൂന്നു കൊല്ലം കഴിഞ്ഞു തയാറാക്കിയ റിപ്പോർട്ടിൽ ഇതൊരു കൊലപാതകമായിരുന്നുവെന്നു സ്ഥിതികരിച്ചിട്ടുണ്ട്. എന്നാൽ അതിലെ കുറ്റവാളികൾ ആരെന്നു വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. 2005-ൽ സിബിഐ മറ്റൊരു റിപ്പോർട്ട് തയ്യാറാക്കിയതിൽ ക്നാനായി രൂപതയിൽ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും ഉൾപ്പടെ നാലുപേരെ പ്രതികളാക്കിയിരുന്നു. രൂപതയുടെ ചാൻസലരായിരുന്ന ഫാദർ തോമസ് എം കോട്ടൂർ, ഫാദർ ജോസ് പുതുക്കയിൽ, കന്യാസ്ത്രി സിസ്റ്റർ സെഫി, ഹോസ്റ്റലിലെ ഒരു അന്തേവാസി എന്നിവരെ നാർക്കോട്ടിക് ടെസ്റ്റിന് വിധേയമാക്കി. 2008 നവംബർ പത്തൊമ്പതാം തിയതി അവരിൽ പുരോഹിതരും കന്യാസ്ത്രിയുമടക്കം മൂന്നുപേരെ സി.ബി.ഐ. അറസ്റ്റു ചെയ്തു.

പയസ് കോൺവന്റിലുള്ള സിസ്റ്റർ സെഫി കോടാലികൊണ്ടു അഭയയുടെ തലയ്ക്കിട്ടു മൂന്നു പ്രാവശ്യം തല്ലിയെന്നു എറണാകുളത്തെ ചീഫ് മജിസ്‌റെറ്റിനോട് സിബിഐ വെളിപ്പെടുത്തി, കോടാലിയുടെ കൈപിടികൊണ്ടു വലത്തെ ചെവിയിൽ രണ്ടുപ്രാവശ്യം തല്ലിയ വിവരവും മൂന്നാമത്തേത് തലയിലെന്ന വിവരവും കോടതിയെ അറിയിച്ചു. സംഭവിച്ചതു മുഴുവൻ കോൺവെന്റിലെ അടുക്കളയിൽ വച്ചായിരുന്നു. തലയിൽ തല്ലിയ ഉടൻ അഭയാ ബോധം കെട്ടു പോയിരുന്ന വിവരവും സിബിഐ അറിയിച്ചു. കിണറ്റിൽ അഭയ മരിച്ചുവെന്ന് ബോദ്ധ്യം വന്ന ശേഷമാണ് കുറ്റവാളികൾ അവിടെനിന്നും പോയത്. കുറ്റവാളികളിൽ തോമസ് കോട്ടൂർ ഒന്നാം പ്രതിയും പുതുക്ക രണ്ടാം പ്രതിയും സെഫി മൂന്നാം പ്രതിയുമാണ്.  തലയിൽ അടിയേറ്റശേഷം ബോധ രഹിതയായ  അഭയയുടെ ശരീരം സിസ്റ്റർ സെഫിയുടെ സഹായത്തോടെ വലിച്ചിഴച്ച് കിണറ്റിൽ വലിച്ചെറിഞ്ഞു. അഭയയുടെ മരണം തീർച്ചയാക്കുന്നവരെ  മൂന്നുപേരും അവിടെ കാത്തിരുന്നുവെന്നും സിബിഐ പറഞ്ഞു.

 അഭയ കിണറ്റിൽ മരിച്ചതിനുശേഷം കുറ്റവാളികൾ അടുക്കളയുടെ വാതിൽ പുറത്തുനിന്നു പൂട്ടി. തെളിവുകളെല്ലാം ഉടൻ തന്നെ നശിപ്പിക്കാൻ പ്രതികൾ ആരംഭിക്കുകയും ചെയ്തു. ഇരുപത്തിയാറു വയസുള്ള സിസ്റ്റർ സെഫി അഭയയുടെ തലയ്ക്കിട്ടു ഒരു കോടാലികൊണ്ടു അടിച്ച വിവരം സിബിഐ വെളിപ്പെടുത്തിയപ്പോൾ കത്തോലിക്കാ സമുദായവും പ്രത്യേകിച്ച് ക്നാനായ സമുദായവും ഒരു ഞെട്ടലോടെയാണ് വാർത്ത ശ്രവിച്ചത്. കോൺവെന്റിലെ അടുക്കളയുടെ സമീപമായി ഒരു ചെറിയ മുറിയിൽ സിസ്റ്റർ സെഫിയും  കോട്ടൂരും പുതുക്കയും തുല്യമായി പ്രകൃതി വിരുദ്ധ ലൈംഗികത പങ്കിടുന്നത് അഭയ കണ്ടതായിരുന്നു സെഫിയെ ഈ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്. സ്വന്തം മാനം നഷ്ടപ്പെടുമെന്ന ഭയം സെഫിയിൽ വൈകാരികമായ സ്ഫോടനമുണ്ടാക്കിയിരുന്നു. അടുക്കളയിൽ കണ്ട ലൈംഗിക കേളികൾ അഭയ മേലാധികാരികൾക്ക് റിപ്പോർട്ട് ചെയ്യുമെന്നും അങ്ങനെ വന്നാൽ അവരെ മഠത്തിൽ നിന്നും പറഞ്ഞു വിടുമെന്നും ഭയപ്പെട്ടു.

സിബിഐ കോടതിയിൽ പറഞ്ഞു, ഈ രണ്ടു പുരോഹിതരും കന്യാസ്ത്രീയും കൂടി സ്വാധീനമുള്ള  ഉദ്യോഗസ്ഥരുടെ സഹായത്തോടെ അഭയയുടെത് ആത്മഹത്യയെന്ന്‌ വരുത്തി വെക്കാൻ എല്ലാ തെളിവുകളും നശിപ്പിച്ചിരുന്നു. അന്വേഷണ  ഉദ്യഗസ്ഥരെയും സ്ഥലത്തെ പോലീസുകാരെയും പിന്നീട് ക്രൈം ബ്രാഞ്ചിനെ തന്നെ സ്വാധീനിക്കുകയും ചെയ്തു. ഇതിൽ കുറ്റവാളികൾ മറ്റു പലരുമുണ്ടെങ്കിലും വ്യക്തമായ തെളിവുകളോടെ ഇവരെ മാത്രമേ ഈ കൊലപാതകമായി ബന്ധപ്പെടുത്താൻ സാധിക്കുന്നുള്ളൂ. കൂടുതൽ ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ അന്വേഷണ ഏജൻസികൾ തയ്യാറാകുന്നുമില്ല. ഡോക്ടർ സി രാധാകൃഷ്ണൻ തയ്യാറാക്കിയ മെഡിക്കൽ കോളേജിന്റെ റിപ്പോർട്ടിലും മൂന്നു ഗുരുതരമായ മുറിവുകൾ തലയിൽ കണ്ടുവെന്നുണ്ടായിരുന്നു. സിബിഐ യ്ക്ക് എതിരെ പ്രതിഷേധ റാലികളും മറ്റു പ്രകടനങ്ങളും ക്നാനായ സമുദായം സംഘടിപ്പിക്കുന്ന വിവരവും സിബിഐ കോടതിയെ ബോദ്ധ്യപ്പെടുത്തി. പ്രധാന ഉദ്ദേശ്യം കേസ് അട്ടിമറിക്കാനെന്നും കോടതിയെ അറിയിച്ചു.

കൊലപാതകത്തിന്റെ സാഹചര്യങ്ങൾ കൃത്യമായി കണ്ട ഒരു സാക്ഷി, 'സഞ്ജു മാത്യുവിന്റെ' വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടു പുരോഹിതരെയും ഒരു കന്യാസ്‌ത്രിയെയും സിബിഐ അന്ന് കസ്റ്റഡിയിൽ എടുത്തത്. ഈ കേസ് അന്വേഷിച്ച സബ് ഇൻസ്‌പെക്‌ടർ ശ്രീ അഗസ്റ്റിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ചിങ്ങവനം ചാലിച്ചറയിൽ വീട്ടിൽ കൈകളിൽ ഞരമ്പ് മുറിച്ച നിലയിലായിരുന്നു അഗസ്റ്റിന്റെ ശരീരം കണ്ടെത്തിയത്. തന്റെ മരണത്തിന്റെ ഉത്തരവാദിത്വം സിബിഐ ആണെന്നും അവരുടെ പീഡനങ്ങളിൽ പൊറുതി മുട്ടി മരിക്കുന്നുവെന്നും നാലു വരികളുള്ള ഒരു ആത്മഹത്യക്കുറിപ്പും മൃതദേഹത്തിനു സമീപത്തു നിന്നും ലഭിച്ചിരുന്നു. അഭയ ആത്മഹത്യ ചെയ്ത വിവരം അന്ന് തയ്യാറാക്കിയത് ശ്രീ അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ട ശേഷം നിർണ്ണായകമായ പല തെളിവുകളും നശിപ്പിക്കാൻ നേതൃത്വം കൊടുത്തത് മരിച്ച അദ്ദേഹമായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

ഈ കേസിൽ പ്രതികളെ പിടികൂടാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് 1996, 1999, 2005 എന്നീ വർഷങ്ങളിൽ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയുടെ അനുവാദം തേടി ഒരു റിപ്പോർട്ട് അയച്ചിരുന്നു. എന്നാൽ മൂന്നു തവണയും സിബിഐ യുടെ അപേക്ഷ എറണാകുളം ജുഡീഷ്യൽ കോടതി തള്ളിക്കളയുകയായിരുന്നു. അന്വേഷണം തുടരാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. അതിനെ തുടർന്നാണ് മൂന്നു പ്രതികൾക്കും കുറ്റപത്രം നൽകിയത്. ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് സിബി ഐ സ്ഥിതികരിച്ചിട്ടുണ്ടങ്കിലും  കേസിനു ഒരു തുമ്പും കിട്ടാതെ തീരുമാനമാകാതെ കേസ് നീട്ടിക്കൊണ്ടു പോവുന്നു. അഭയാക്കേസിന്റെ വഴിതിരിച്ചുവിട്ട അദൃശ്യ ശക്തികൾ കേസിനെ ഇല്ലാതാക്കാൻ ഇന്നും നിഗുഢതയിൽ അതി രഹസ്യമായി തന്നെ പ്രവർത്തിക്കുന്നു. കോടിക്കണക്കിന് രൂപയാണ് പ്രതികളെ രക്ഷിക്കാൻ അജ്ഞാതരായി ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.കുറ്റവാളികൾ മൂന്നുപേരും ജാമ്യത്തിലും നടക്കുന്നു. കേസിനെപ്പറ്റി അറിയാമെന്നു ധരിക്കുന്ന മറ്റു മൂന്നു പേരെക്കൂടി നാർക്കോ അനാലിസിസിന് വിധേയമാക്കാനും സിബിഐ ശ്രമിക്കുന്നുണ്ട്.

അഭയക്കേസിന്റെ തുടക്കം മുതൽ ഇതിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗസ്ഥർക്കും കേസിനാസ്പദമായ വസ്തുതകൾക്കും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുന്നതും പതിവായിരുന്നു. യാദൃശ്ചികമായ അത്തരം സംഭവങ്ങൾ കേസിന് തടസവും സൃഷ്ടിച്ചിരുന്നു. ഈ കേസന്വേഷണത്തോട് ബന്ധപ്പെട്ടിരുന്ന ഏതാനും ഉദ്യോഗസ്ഥരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളും ചിന്തിക്കേണ്ടതായുണ്ട്.  തുടക്കത്തിൽ കെ.ടി.മൈക്കിൾ എന്ന പോലീസ് ഓഫീസറാണ് നിർണ്ണായകമായ ഈ കേസ് കൈകാര്യം ചെയ്തത്. അദ്ദേഹം ഈ കേസ് ആത്മഹത്യയെന്നു വരുത്തി വെച്ചു. ഐ.എ.എസ് കേഡറിലുണ്ടായിരുന്ന ഓഫിസർ കിഷോറിൽ നിന്ന് അഭയ ഉപയോഗിച്ചിരുന്ന തോണ്ടി സാധനങ്ങൾ മടക്കി മേടിക്കുന്നതിനും ഉത്തരവ് നേടി. അതെല്ലാം കോർട്ടിൽനിന്നും തിരികെ മേടിച്ചതു കാരണം അഭയ ഉപയോഗിച്ചിരുന്ന തലയിൽ ഇടുന്ന മുണ്ട്, ചെരിപ്പ്, വ്യക്തിപരമായ ഡയറി, മുതലായ അതിപ്രധാനമായ തെളിവുകൾ നശിപ്പിക്കാനും സാധിച്ചു. 1997 മാർച്ച് ഇരുപതാം തിയതി സിബിഐ കേസ് പുനഃരന്വേഷണം ആരംഭിച്ചു. കെ.ടി. മൈക്കിൾ തുടക്കത്തിൽ തന്നെ ഈ കേസിന് തുരങ്കം വെച്ചെന്നും സി.ബി.ഐ. കണ്ടെത്തി. സി.ബി.ഐ. യുടെ ഈ കണ്ടെത്തൽ കേരള ഹൈക്കോടതിയ്ക്കും ബോധ്യപ്പെട്ടിരുന്നു. ഏതോ അജ്ഞാതമായ കരങ്ങൾ ആരംഭം മുതൽ ഈ കേസിനെ തുടച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും സി.ബി.ഐ.യ്ക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റം തെളിയാതിരിക്കാൻ ആരോ സ്വാധീനമുള്ളവർ കുറ്റാന്വേഷണ ഏജൻസികളെയും സർക്കാരിനെയും സ്വാധീനിച്ചുകൊണ്ടിരുന്നു.

2008 നവംബർ ഇരുപത്തിയഞ്ചു വരെ കേസിൽ വേണ്ടത്ര  പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.  കാര്യങ്ങൾ വീണ്ടും വിവാദമാവുകയും വഷളാവുകയും 2008 നവംബർ ഇരുപത്തിയഞ്ചാം തിയതി അഭയയുടെ ഓട്ടോപ്സി ചെയ്യാൻ നേതൃത്വം കൊടുത്ത സബ് ഇൻസ്‌പെക്ടർ വി.വി. അഗസ്റ്റിൻ ആത്മഹത്യ ചെയ്യുകയും ചെയ്തു. പ്രതികൾക്ക് ജാമ്യം കൊടുക്കുന്ന അപേക്ഷയിൽ രണ്ടു ജഡ്ജിമാർ തമ്മിൽ പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകൾ പ്രകടമാക്കുകയൂം ചെയ്തു. പിന്നീട് ഫോറെൻസിക്ക് ഡയറക്ടർ മാലിനിയുടെ സംഭവം സംസാര വിഷയമായി. തോമസ് കോട്ടൂരിന്റെയും ജോസ് പുതുക്കയുടെയും നാർക്കോ ടെസ്റ്റ് നടത്തിയത് നളിനിയുടെ നേതൃത്വത്തിൽ ആയിരുന്നു. അതിലെ ടെസ്റ്റ് റിപ്പോർട്ടിന്റെ സിഡി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഹാജരാക്കിയിരുന്നു.  സിഡിയിൽ കൃത്രിമത്വം കാണിച്ചുവെന്ന് അന്ന് ആരോപണങ്ങളുമുണ്ടായി. ജഡ്ജ് 'രാമകുമാർ' കേരളാ ഹൈക്കോടതിയിൽ നിന്ന് ഡോ. മാലിനിയെ നാർക്കോ ടെസ്റ്റിംഗ് സംബന്ധിച്ച് ചോദ്യം ചെയ്തുകൊണ്ട് കത്തയച്ചിരുന്നു. ജസ്റ്റിസ് ഹേമയും സിഡി യിൽ കൃത്രിമത്വം കാണിച്ചുവെന്നു ആരോപിച്ചിരുന്നു. കോടതിയിൽ അസൽ സീഡി ഹാജരാക്കാൻ ഓർഡറും കൊടുത്തു. ദൗർഭാഗ്യവശാൽ ജനന സർട്ടിഫിക്കേറ്റ് തിരുത്തിയ കേസിൽ ഡോ. മാലിനിയെ സർവീസിൽ നിന്ന് പറഞ്ഞു വിട്ടിരുന്നു.

തുടർച്ചയായുള്ള ഇത്തരം സംഭവപരമ്പരകളിൽ നിന്നും മനസിലാക്കേണ്ടത് ഏതോ സ്വാധീനമുള്ള വ്യക്തികൾ ആരംഭം മുതൽ അഭയക്കേസിനെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നുവെന്നാണ്. തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചു. റിപ്പോർട്ടുകൾ തിരുത്തിയെഴുതിയിരുന്നുവെന്ന് ഉത്തരവാദിത്വപ്പെട്ടവർ അറിയുന്നതും വർഷങ്ങൾക്കു ശേഷമാണ്. കൊലപാതകമെന്ന് തീർച്ചയാക്കാൻ ഒരു ഡമ്മി ടെസ്റ്റും നടത്തിയിരുന്നു. സി.ബിഐ ഇതൊരു കൊലപാതകമെന്ന് കണ്ടെത്തിയിരുന്നെങ്കിലും ശരിയായ തെളിവിന്റെ അഭാവത്തിൽ കേസ് എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഓരോരോ കാലഘട്ടത്തിലെ   ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കേസ് 2008 വരെ കാര്യമായി പുരോഗമനമില്ലാതെ അന്വേഷിക്കുകയുണ്ടായി.

പതിനാറു വർഷത്തിനുശേഷമാണ് 2008 നവംബർ പത്തൊമ്പതാം തിയതി രണ്ടു പുരോഹിതരെയും ഒരു കന്യാസ്‌ത്രിയെയും സി.ബി.ഐ   അറസ്റ്റ് ചെയ്തത്.  കൊലപാതകത്തിനും തെളിവുകൾ നശിപ്പിച്ചതിനും അവരുടെ പേരിൽ കുറ്റങ്ങൾ ചാർത്തുകയുണ്ടായി. പുരോഹിതരുടെയും കന്യാസ്ത്രിയുടെയും നാർക്കോ ടെസ്റ്റുകൾ വാർത്തകളിലും ചാനലുകളിലും ടെലിവിഷനിലും  കാണിച്ചത് വലിയ വിവാദമായിരുന്നു. അതിൽ കുറ്റവാളികൾ കുറ്റം സമ്മതിക്കുന്നുണ്ട്. രണ്ടു പുരോഹിതരുമായും ലൈംഗിക ബന്ധം ഉണ്ടായിരുന്നവെന്നു സിസ്റ്റർ സെഫി  അംഗീകരിക്കുന്നുമുണ്ട്. പുറത്താക്കിയ വീഡിയോ പൗരന്മാരുടെ അവകാശം ധിക്കരിക്കലെന്ന പേരിൽ പിൻവലിക്കുകയും ചെയ്തു.

സിസ്റ്റർ അഭയക്കേസിൽ ചരടുകൾ വലിച്ചുകൊണ്ടിരിക്കുന്ന അറിയപ്പെടാത്തവർ പലരുമുണ്ട്. കണ്ടിട്ടും കാണാതെ ആ ചരടുകൾ വലിച്ചുകൊണ്ടിരിക്കുന്നതും പള്ളിമേടകളിൽനിന്നാണ്.  ഏതു തരം ക്രിമിനൽക്കേസുകൾ എടുത്താലും അതിന്റെ പിന്നിൽ ചരട് വലിക്കാൻ കഥാപാത്രങ്ങൾ കാണും. ഇതിൽ ഒന്നാം പ്രതി കുറ്റകരമായി മൗനം ദീക്ഷിക്കുന്ന സഭാ നേതൃത്വമാണ്. പള്ളിയും പട്ടക്കാരനും ഉൾപ്പെടുന്ന ആദ്യത്തെ കേസല്ല ഇത്. മാടത്തരുവി കേസ് മുതൽ എത്രയോ കേസുകൾ തെളിയാതെ മാഞ്ഞു പോവുന്നു. സിബിഐ യും പോലീസുമല്ല മന്ത്രിസഭ തന്നെ താഴെയിടാൻ കെൽപ്പുള്ളവരാണ് സഭാ നേതൃത്വമെന്നത് കഴിഞ്ഞ കാല രാഷ്ട്രീയ സ്ഥിതികൾ തന്നെ ഉദാഹരണങ്ങളാണ്. അതിനൊക്കെ കൈത്താങ്ങും വിളക്കുമായി പത്രക്കാരും മെത്രാൻ പുരോഹിത ശിങ്കടികളും കാണും.

അഭയയുടെ മരണത്തിനുമുമ്പ് തന്നെ പയസ് മൗണ്ടിലെ രാത്രി സഞ്ചാരികളെപ്പറ്റി കോട്ടയം പട്ടണം മുഴുവൻ പാട്ടായിരുന്നു. ഇന്നും കോട്ടയം നിവാസികളിൽ അത്തരം സഞ്ചാരികളെപ്പറ്റി വിവരങ്ങൾ അറിയാവുന്ന അനേക ദൃക്‌സാക്ഷികളുണ്ട്. പക്ഷെ കോടതികളും വിസ്താരങ്ങളും സാക്ഷികളുമായി പോവാൻ ആരും തയാറാവുകയില്ല. സഭയുടെ വളർത്തുമക്കളായ കുഞ്ഞാടുകളിൽ നിന്നും ഭീക്ഷണികളും കാരണമാകാം. സത്യം അവിടെ മൂടി വെച്ചിരിക്കുകയാണ്. എല്ലാവരുടെയും ചിന്തകൾ സഭയെ രക്ഷിക്കണമെന്നുള്ളതാണ്. സത്യത്തെ വ്യപിചരിക്കുന്നതിൽ സഭ പല്ലുകാട്ടി ചിരിക്കുന്നുമുണ്ട്. അഭയയുടെ ദുരൂഹ മരണത്തിൽ സഭയ്ക്ക് പങ്കുണ്ടെന്ന് തികച്ചും വ്യക്തമായ വസ്തുതയാണ്. പതിറ്റാണ്ടുകളായി തെളിയാതെ അഭയക്കേസിന് തീർപ്പു കൽപ്പിക്കാതെ കിടക്കുന്നത് ഇതിന്റെ പിന്നിലുള്ള ശക്തി വലിയ ഒരു സമൂഹമായി പ്രവർത്തിക്കുന്നതുകൊണ്ടാണ്. ചിലർക്ക് അതിൽനിന്നും വലിയ സ്ഥാനമാനങ്ങൾ കിട്ടി. പിന്നിൽ പ്രവർത്തിച്ചവർക്കും പണമായി വലിയ തുകയും. ഇതിലെ സത്യം കോട്ടയത്തുള്ള പലർക്കും രാഷ്ട്രീയ നേതാക്കന്മാർക്കും സഭാധികാരികൾക്കും അറിയാം.

ദിനം പ്രതി പുതിയ വെളിപ്പെടുത്തലുകൾ വരാറുണ്ട്. ഈ വെളിപ്പെടുത്തലുകൾ അന്വേഷണ സംഘത്തിന്റെ മാർഗം തിരിച്ചുവിടാനുള്ള അടവുകളാണെന്നും സംശയിക്കണം. അഭയയുടെ ഈ കേസ് തെളിയണമെന്ന് ആഗ്രഹിക്കുന്ന അനേകായിരങ്ങൾ കേരളത്തിലുണ്ട്. പക്ഷെ അത് തെളിയരുതെന്ന് ചിന്തിക്കുന്നവർ അതിലേറെ ജനവുമുണ്ട്. അഭയക്കൊലക്കേസിലെ അദൃശ്യ ശക്തികളെ പുറംലോകത്തു കൊണ്ടുവരാൻ ഒരു ഇടയലേഖനം പോലും ഇറക്കാൻ തയ്യാറായിട്ടില്ല. അതേസമയം  ചാരവൃത്തി നടത്തിയിരുന്ന ഫ്രഞ്ചുകാരി മാതാഹരിയെ  യേശുവായി ചിത്രീകരിച്ചുവെന്നു പറഞ്ഞു മലയാള മനോരമയിലെ ഛായാപടം  കണ്ട പുരോഹിതർക്ക് കേരളം മുഴുവൻ ഒച്ചപ്പാടുണ്ടാക്കാൻ യാതൊരു മടിയുമുണ്ടായിരുന്നില്ല. അഭയ  കൊല്ലപ്പെട്ടതിൽ നഷ്ടപ്പെട്ടത് പാവം അവളുടെ മാതാപിതാക്കൾക്ക് മാത്രം. കുഞ്ഞുങ്ങൾക്ക് മുല കൊടുത്തിട്ടില്ലാത്ത കന്യാസ്ത്രികൾക്കോ ആഡംബര മോഡിയിൽ ജീവിതം കൊട്ടിഘോഷിക്കുന്ന പൗരാഹിത്യത്തിനോ ഒരു മകളുടെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന മാതാപിതാക്കളുടെ വേദന മനസ്സിലാവുകയില്ല.

അഭയയുടെ അപ്പൻ തോമസ് മരിക്കുന്ന വരെ മകളെപ്പറ്റി പറയുമായിരുന്നു, "എന്റെ മോളെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം ആദ്യം മനസ്സിൽ വരുന്നത് എന്നിൽ ഒരു കുറ്റബോധമാണ്. അവളെ അന്ന് കെട്ടിച്ചുവിടാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഞങ്ങളിന്ന് സന്തോഷത്തോടെ പേരക്കുട്ടികളുമായി കഴിയുമായിരുന്നു. അവരോടൊത്ത് കളിച്ച് ശിഷ്ടായുസ്സ് എനിക്ക് കഴിച്ചുകൂട്ടാൻ സാധിക്കുമായിരുന്നു. അവളും ഭർത്താവുമൊത്തുള്ള ജീവിതം എന്ത് രസകരമാകുമായിരുന്നു. ഇതാലോചിക്കുമ്പോഴൊക്കെ ഞാൻ എന്നെത്തന്നെ നിയന്ത്രിക്കുമെങ്കിലും അറിയാതെ ചിലപ്പോൾ പൊട്ടിക്കരഞ്ഞു പോവും." നൊന്തു പ്രസവിച്ച അവളുടെ അമ്മയുടെ കണ്ണീരിനും കണക്കില്ലായിരുന്നു. അവർ പറഞ്ഞു, "മകളെക്കുറിച്ചു വന്ന ഒരു സിനിമാ ഞാൻ കണ്ടിരുന്നു. അയൽക്കാരോടൊപ്പമാണ് തീയറ്ററിൽ സിനിമാ കാണാൻ പോയത്. അതിൽ ഒരു പെങ്കൊച്ചിനെ കാലിൽ വലിച്ചിട്ടു കിണറ്റിലിടുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചു തകർന്നു പോയി. എന്റെ മോളെയും ആ ദുഷ്ടന്മാർ കൊന്നത് അങ്ങനെയല്ലേ?" ലീലാമ്മയുടെ വാക്കുകൾ ആരുടേയും ഉള്ളിൽത്തട്ടുന്നതായിരുന്നു.

ഈ കേസ് തെളിയാൻ സാധ്യത വളരെ കുറവായിരുന്നു. കാരണം മരണം നടന്നത് ഒരു കന്യാസ്ത്രി കോൺവെന്റിൽ ആയിരുന്നു. കേസ് തെളിയുന്നതിലുപരി കേസ് തെളിയാതിരിക്കാനുള്ള ചരടുവലികൾ കോൺവെന്റിലും മെത്രാൻ അരമനയിലും തകൃതിയായി നടക്കുന്നുണ്ടായിരുന്നു.  പാവം അഭയ, അവളുടെ ഘാതകരെ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും സഭയ്ക്കുവേണ്ടി ജീവിതം അടിയറ വെച്ച അവളുടെ മരണം ഹൃദയമുള്ളവർക്ക് കേട്ടിരിക്കാൻ കഴിയില്ലായിരുന്നു. അധികാരത്തിമിർപ്പും സമ്പന്നരോടുള്ള മമതയും ദുഷ്പ്രബുദ്ധതയും പൗരാഹിത്യത്തിന്റെ പ്രത്യേകതകളാണ്.   അഭയ!  നീ മാപ്പു നൽകിയാലും! ഇരുട്ടിന്റെ ആത്മാവായി  അലയുന്ന നിന്നെ, നിനക്കു നീതിതരാത്ത ലോകത്തിലെ വിശുദ്ധ രൂപക്കൂട്ടിനുള്ളിൽ അടച്ചിടാൻ അനുവദിക്കരുത്.






Thomas (Abhaya's Father)

Tuesday, October 17, 2017

ക്രിസ്തുവിന്‍റെയും കൃഷ്ണന്‍റെയും സാദൃശ്യങ്ങളും അകവും പുറവും ചിന്തകളും



ജോസഫ് പടന്നമാക്കൽ

ഹിന്ദുമതവും ക്രിസ്തുമതവും തമ്മിൽ വലിയ അന്തരം ഉണ്ടെങ്കിലും ഈ രണ്ടുമതങ്ങളിലും  പരസ്പരം പൊരുത്തങ്ങളും സമാനാര്‍ത്ഥകങ്ങളായ ആശയങ്ങളും ദർശിക്കാൻ സാധിക്കും. ക്രിസ്ത്യൻ മതങ്ങളുടെ കേന്ദ്ര ബിന്ദുവായ ക്രിസ്തുവിന്റെയും ഹിന്ദു മതത്തിന്റെ ദൈവമായ കൃഷ്ണന്റെയും ജീവചരിത്രം പരിശോധിച്ചാൽ സമാനതകൾ നിറഞ്ഞതെന്നു കാണാൻ സാധിക്കും. ക്രിസ്തുവിന്റെയും കൃഷ്ണന്റെയും പേരുകളിലും ഒരേ അർത്ഥം ധ്വാനിക്കുകയും ചെയ്യുന്നു. എങ്കിലും ചരിത്രപരമായി രണ്ടു പേരുടെയും പേരുകളുടെ അടിസ്ഥാന തത്ത്വം തെളിയിക്കാൻ സാധിക്കില്ല. ഇരുവരുടെയും പേരുകൾക്ക് സാമ്യം വന്ന ചരിത്രത്തെ നിഷേധിക്കാനും സാധിക്കില്ല. ക്രിസ്തു എന്ന വാക്കിന്റെ അർത്ഥം അഭിഷിക്തനെന്നാണ്. 'ക്രിസ്തോസ്' എന്ന ഗ്രീക്ക് പദത്തിൽനിന്നും ഈ പദം ഉത്ഭവിച്ചു. 'കൃഷ്ണ' എന്ന തത്തുല്യമായ ഗ്രീക്ക് പദവും 'ക്രിസ്തോസ്' തന്നെയാണ്.ഇസ്കോൺ (ISKCON)സ്ഥാപക വേദാന്തിയായ സ്വാമി പ്രഭുപാദ ക്രിസ്തുവിനെ ഗുരുവായി കാണുന്നു. സംസ്കൃതത്തിലും 'ക്രിസ്റ്റോസ്' എന്നാൽ കൃഷ്ണനാണെന്നും പ്രഭുപാദ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൃഷ്ണൻ പരബ്രഹ്മമായ മഹാവിഷ്ണുവിന്റെ അവതാര പുത്രനായി കരുതുന്നു. ക്രിസ്തു പരബ്രഹ്മത്തിന്റെ സ്ഥാനത്തുള്ള പിതാവിന്റെ പുത്രനും. രണ്ടു പേരും ഉദര ശിശുവായി രൂപമായതു ദൈവത്തിൽ നിന്നായിരുന്നുവെന്നും വിശ്വസിക്കുന്നു. ക്രിസ്തു നസ്രത്തിലും കൃഷ്ണൻ ദ്വാരകയിലും ജനിച്ചു. അവരുടെ ജനനോദ്ദേശ്യം ദിവ്യന്മാരും ദീർഘ ദർശികളും ജനനത്തിനുമുമ്പു തന്നെ പ്രവചിച്ചിട്ടുണ്ടായിരുന്നു. അസാധാരണമായ സ്ഥലങ്ങളിലാണ് രണ്ടുപേരും ജനിച്ചത്. ക്രിസ്തു കന്നുകാലി കൂട്ടിലും കൃഷ്ണൻ ജയിലിലും ജനിച്ചു. ദീർഘ ദർശികളുടെയും ദിവ്യന്മാരുടെയും പ്രവചനം അനുസരിച്ച് ശിശുവധത്തിൽ നിന്നും ഇരുവരും ദൈവിക സന്ദേശത്താൽ രക്ഷപ്പെട്ടു.

ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റി കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്. "ഞാനാണ് സർവ്വത്തിന്റെയും ആരംഭം. സർവ്വതും എന്നിൽ നിന്നും പുറപ്പെടുന്നു". അതുപോലെ യേശുവും പറഞ്ഞു, "ഞാനാകുന്നു ജീവന്റെ അപ്പം. എന്നിൽക്കൂടി വരുന്നവന് വിശക്കില്ല, എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കില്ല." യേശുവിന്റെ ജനന മരണ വിവരങ്ങളും ദൗത്യവും ഭൂമിയിലെ ജീവിതവും പുതിയ നിയമത്തിലെ സുവിശേഷങ്ങളിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ സുവിശേഷങ്ങളിലെ ക്രിസ്തുവും ഭഗവദ് ഗീതയിലെ കൃഷ്ണനും തമ്മിലുള്ള സാമ്യതകൾ പണ്ഡിതരുടെയിടയിലുള്ള ചർച്ചാ വിഷയങ്ങളാണ്. യാദൃശ്ചികമായിട്ടാണെങ്കിലും മതങ്ങളെപ്പറ്റി തീക്ഷ്ണതയുള്ളവർക്കെല്ലാം ഈ വിഷയം താല്പര്യമുള്ളതായിരിക്കും. പുരാതന ദൈവങ്ങളും ക്രിസ്തുവുമായുള്ള സാമ്യം ക്രിസ്തുവിനു മുമ്പ് എഴുതിയ റോമൻ പുരാണങ്ങളിലും പേഗൻ ദൈവങ്ങളിലും പ്രകടമായി കാണാവുന്നതാണ്.

പിശാചിന്റെയും തിന്മയുടെയും പരീക്ഷണങ്ങൾ ക്രിസ്തുവിലും കൃഷ്ണനിലും ഫലിച്ചില്ല.  ക്രിസ്തുവിനെ എപ്പോഴും ആട്ടിടയനായി ചിത്രീകരിക്കുന്നു. കൃഷ്ണനെ ഗോപാലകനായും. ഇസ്രായേലിനെയും ഇസ്രായേൽ ജനതയെയും രക്ഷിക്കാനായി ക്രിസ്തു വന്നു. സ്വന്തം ജനതയുടെ രക്ഷയായിരുന്നു പ്രഥമ ഉദ്ദേശ്യം. കൃഷ്ണനും സ്വന്തം ജനതയുടെ രക്ഷക്കായി യാദവ കുലത്തിൽ വളർന്നു. സ്നേഹവും സമാധാനവുമായിരുന്നു കൃഷ്ണനും ക്രിസ്തുവും പഠിപ്പിച്ചത്. ഭാരത ഇതിഹാസത്തിലെ ശ്രീ കൃഷ്ണന്റെയും നസ്രത്തിലെ ക്രിസ്തുവിന്റെയും മരണം തന്നെ തുലനം ചെയ്താലും ഇരുവരുടെയും മരണം ഭൂമിയിൽ സ്പർശിക്കാതെയായിരുന്നുവെന്നു കാണാം. കൃഷ്ണൻ മരത്തിന്റെ കൊമ്പിൽ വേടന്റെ മുനയുള്ള അമ്പിനാൽ കൊല്ലപ്പെട്ടപ്പോൾ ക്രിസ്തു കൂർത്ത ഇരുമ്പാണിയാൽ മരത്തിന്റെ മുകളിൽ ക്രൂശിക്കപ്പെട്ടു. ക്രിസ്തുവും കൃഷ്ണനും തങ്ങളുടെ മരണത്തിനു കാരണമായവരോട് ക്ഷമിച്ചിരുന്നു. കൃഷ്‌ണൻ അമ്പെയ്ത വേടനു ശാപമോഷം കൊടുത്തപ്പോൾ ക്രിസ്തു തന്നെ ക്രൂശിച്ചവർക്കായി 'പിതാവേ ഇവരോട് ക്ഷമിക്കണമേ'യെന്നു വിലപിച്ചു. ക്രിസ്തുവും കൃഷ്ണനും മരണത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുകയും സ്വർഗാരോഹണം ചെയ്യുകയും ചെയ്യുന്നു.

കൃഷ്ണൻ ദൈവവും മനുഷ്യനുമായി ഹിന്ദുക്കൾ വിശ്വസിക്കുന്നു. പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവും. അതുപോലെ ക്രിസ്തുവിലും ക്രിസ്ത്യാനികൾ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനായും കാണുന്നു. രണ്ടു പേരും മനുഷ്യരുടെ രക്ഷകരായി പിറന്നു. നീതിയിൽ അടിസ്ഥാനമായ ഒരു ജീവിതം കൈവരിക്കാൻ ഭഗവദ് ഗീതയും ബൈബിളും ഒരുപോലെ മാർഗ്ഗദീപമാണ്. ഗീതയിൽ കൃഷ്ണൻ പറയുന്നു. 'ഓ അർജുന, നീതിയില്ലാതാകുമ്പോൾ അനീതി നിലനിൽക്കുമ്പോൾ ഞാൻ മനുഷ്യനായി അവതരിക്കും. മനുഷ്യനായി ജീവിക്കും. ധർമ്മം നിലനിർത്താനും നീതിമാന്മാരെ സംരക്ഷിക്കാനും അധാർമ്മികളെ ശിക്ഷിക്കാനും ഞാൻ ഈ ഭൂമിയിൽ കാലാകാലങ്ങളിൽ അവതരിക്കും. യേശുവും പറഞ്ഞു, ദൈവം നിങ്ങളുടെ പിതാവെങ്കിൽ പിതാവ് എന്നെ സ്നേഹിച്ചതുപോലെ നിങ്ങളെയും സ്നേഹിക്കും. ഞാൻ പിതാവിങ്കൽ നിന്ന് വന്നു.  സ്വയം വന്നതല്ല. പിതാവിനാൽ എന്നെ അയക്കപ്പെട്ടതാണ്".

ഏക ദൈവത്തെപ്പറ്റി ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ ആവർത്തിച്ചു പറയുന്നുണ്ട്. "ഞാനാകുന്നു വഴി, എന്നിലേക്ക് വരുവിൻ, ദൈവങ്ങൾക്കോ ജ്ഞാനികൾക്കോ എന്റെ ആരംഭത്തെ അറിയില്ല. സർവ്വ ദൈവങ്ങളുടെയും ബ്രഹ്മജ്ഞാനികളുടെയും ഉറവിടം ഞാനാണ്. യേശു സുവിശേഷത്തിലും പറയുന്നു, 'ഞാൻ വഴിയും സത്യവുമാകുന്നു. ഞാനാകുന്നു ജീവനും. എന്നിൽക്കൂടിയല്ലാതെ ആരും പിതാവിങ്കൽ എത്തില്ല. നിങ്ങൾ  എന്നെ അറിയുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുന്നു.' കൃഷ്ണൻ ശിക്ഷ്യന്മാരോട് ഇന്ദിരീയങ്ങളെ നിയന്ത്രിക്കുവാനും മനസിനെ ഏകാഗ്രമാക്കാനും  ഉപദേശിക്കുന്നുണ്ട്. 'ഭൗതിക ലോകം വെടിഞ്ഞുകൊണ്ട് ആത്മീയതയിൽ സഞ്ചരിക്കുന്ന ഒരു യോഗിയ്ക്ക് ഏകാഗ്രമായ സമാധിയിൽക്കൂടി ആത്മത്തെ തിരിച്ചറിയാൻ സാധിക്കുന്നു. യോഗിയായ അവസ്ഥയിൽ  അവിടെ ആത്മജ്ഞാനം കണ്ടെത്തുന്നു'. ക്രിസ്തുവും അതുപോലെ പറഞ്ഞു, 'നീ പ്രാർഥിക്കുമ്പോൾ ഏകാഗ്രമായി ഒരു മുറിയിൽ കയറി വാതിലടക്കുക. രഹസ്യത്തിൽ നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് പരസ്യമായി നിനക്ക് പ്രതിഫലം നൽകും'.

ത്രിത്വം ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ഒരുപോലെ ആചരിക്കുന്നു. ക്രിസ്തുവും കൃഷ്ണനും ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ്. ബ്രഹ്മ, വിഷ്ണു(പുത്രൻ) മഹേശൻ എന്നീ ത്രിമൂർത്തികൾ ഹൈന്ദവ ത്രിത്വമായി കരുതുന്നു. അതിൽ വിഷ്ണുവിന്റെ പുത്രനായി വന്ന അവതാര മൂർത്തിയാണ് കൃഷ്ണൻ. ക്രിസ്തുവിന്റെയും കൃഷ്ണന്റെയും ജനനത്തിനുശേഷം രാജകോപം ഉണ്ടാവുകയും ദിവ്യ ശക്തിയാൽ രക്ഷപെടുകയും ചെയ്തു. രാജകോപത്തിൽ നിന്നും രക്ഷപെടാൻ ഈ രണ്ടു ദിവ്യ ശിശുക്കളും ശൈശവത്തിലേ പലായനം ചെയ്യേണ്ടി വന്നു. സർപ്പവുമായി രണ്ടുപേർക്കും ബന്ധം ഉണ്ട്. കൃഷ്ണൻ, സർപ്പത്തിന്റെ തലയിൽ ചവിട്ടി നൃത്തം ചെയ്തപ്പോൾ യേശുവിന്റെ അമ്മ സർപ്പത്തിന്റെ തലയിൽ ചവുട്ടി ഞെരിച്ചുകൊണ്ട് നരക സർപ്പത്തെ തകർക്കുന്ന സ്ത്രീയായും ചിത്രീകരിച്ചിരിക്കുന്നു. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടങ്ങളാണ് രണ്ടുപേരുടെയും ജീവിതത്തിൽ സ്പർശിച്ചിരിക്കുന്നത്.

ക്രിസ്തു ക്രിസ്ത്യാനികൾക്കും കൃഷ്ണൻ ഹിന്ദുക്കൾക്കും ദൈവത്തിന്റെ പ്രതിരൂപങ്ങളെന്നു വിശ്വസിക്കുന്നു. വിവേകാനന്ദൻ പറഞ്ഞു, "അരൂപിയായ ദൈവത്തെ ആരാധിക്കുന്നതിലും എളുപ്പം രൂപമുള്ള ദൈവത്തെ ആരാധിക്കുന്നതാണ്." ക്രിസ്തുവിനെ ഏറ്റവുമധികം ആഴത്തിൽ പഠിച്ച യോഗിയായിരുന്നു സ്വാമി വിവേകാനന്ദൻ. വിവേകാനന്ദൻ പറഞ്ഞു, 'ദൈവത്തെപ്പറ്റി  അറിയാത്തവരോടും വേദഗ്രന്ഥങ്ങൾ ആദ്യം പഠിക്കുന്നവരോടും രൂപ ഭാവങ്ങളോടെയുള്ള ഒരു ക്രിസ്തുവിനെ അവതരിപ്പിക്കും. 'സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കൂ'വെന്നു പറയും. ഒരു പടികൂടി കടന്ന് ദൈവത്തെ കുറച്ചുകൂടി അറിഞ്ഞവനോട് പറയും, "ഞാൻ മുന്തിരി വള്ളിയാകുന്നു. നിങ്ങൾ അതിന്റെ ശാഖകളും". എന്നാൽ ദൈവത്തെ പൂർണ്ണമായി അറിഞ്ഞവരോടും അവന്റെ ശിക്ഷ്യരോടും അവൻ പറയുന്നത്, "ഞാനും പിതാവും ഒന്നാകുന്നു" എന്നായിരിക്കും. 'ശ്രീ രാമ കൃഷ്ണനിലും അതേ സത്യം കുടികൊള്ളുന്നു. നരേനെന്നു വിളിക്കുന്ന വിവേകാനന്ദനോട് രാമകൃഷ്ണൻ വെളിപ്പെടുത്തി, 'അവൻ ആരാണോ രാമൻ, അവൻ ആരാണോ കൃഷ്ണൻ, രാമകൃഷ്ണനായി 'ഞാനെന്ന' ഈ ശരീരത്തിൽ കുടികൊള്ളുന്നു. രാമകൃഷ്ണനെന്നാൽ രാമനും കൃഷ്ണനുമാണ്. ചൈതന്യ മൂർത്തീകരണമാണ്‌. 'ഞാനെന്ന' സത്യവും അതാണ്. ദൈവം നമ്മിൽ തന്നെയുണ്ട്.'

ഒരു ഗുരുവിന്റെ ശിക്ഷ്യന്മാർ അവരുടെ ഗുരുവിന്റെ ഉപദേശങ്ങളിൽ മാത്രമേ സത്യമുള്ളൂവെന്നു പറയും. അത് ഗുരുക്കന്മാർ നയിക്കുന്ന മതങ്ങളുടെ അനുയായികളിൽ കാണുന്ന ദുഖകരമായ ഒരു പ്രവണതയാണ്. അവർ മറ്റുള്ള ഗുരുക്കന്മാരെ ഇകഴ്ത്തി സംസാരിക്കും. അന്ധമായ വിശ്വസമാണ് അവരെ നയിക്കുന്നത്. അവന്റെ ഗുരു ഇത് അറിയുന്നുവെങ്കിൽ ഗുരു ലജ്ജകൊണ്ട് തല താഴ്ത്തും.  വിവേകാനന്ദൻ അതിനുദാഹരണമായി എടുത്തു കാണിക്കുന്നത് യേശുവിനെയാണ്. "നസ്രത്തിലെ യേശു ഗുരുസ്ഥാനീയനായി പഠിപ്പിക്കുന്നുവെന്ന് വിചാരിക്കുക. ഒരു മനുഷ്യൻ വന്നു അദ്ദേഹത്തോട് പറയുന്നു, 'ഗുരോ അങ്ങയുടെ ഏറ്റവും നല്ല അദ്ധ്യാപനം എന്താണ്'? ഞാൻ വിചാരിക്കുന്നത് അങ്ങ് പഠിപ്പിക്കുന്നതു മാത്രം പൂർണ്ണമെന്നാണ്. ഞാൻ അങ്ങ് പഠിപ്പിച്ചതെല്ലാം കൃത്യമായി പാലിച്ച് അതനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, പ്രഭോ അങ്ങയെ മാത്രം ദൈവപുത്രനായി ആരാധിക്കാൻ എനിക്ക് സാധിക്കില്ല'. യേശുവിന്റെ ഉത്തരം എന്തായിരിക്കും? "കൊള്ളാം സഹോദരാ, യുക്തമെന്നു തോന്നുന്നതെന്തോ, നിന്റെതായ ആ വഴി നീ പിന്തുടരുക. ഞാൻ പഠിപ്പിക്കുന്നത് മെച്ചമെന്ന് നീ പറഞ്ഞാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ച് അതൊരു വിഷയമല്ല. ഞാൻ അത് ഗൗരവമായി എടുക്കുന്നുമില്ല. സത്യം മാത്രം ഞാൻ പഠിപ്പിക്കുന്നു. സത്യം എന്നത് ആരുടേയും കുത്തകയല്ല. സത്യത്തെ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല. സത്യമെന്നു പറയുന്നത് അനശ്വരനായ ദൈവം മാത്രമാണ്. നിന്റെ കർമ്മങ്ങളുമായി നീ മുമ്പോട്ട് പോകൂ." എന്നാൽ ഇക്കാലത്തെ അദ്ദേഹത്തിൻറെ ശിക്ഷ്യന്മാർ പറയുന്നതെന്തായിരിക്കും? 'നീ അവന്റെ ശിക്ഷണം സ്വീകരിച്ചാലും ഇല്ലെങ്കിലും ദൈവപുത്രനായ യേശു പറയുന്നത് മാത്രം അനുസരിച്ചാൽ നിനക്ക് രക്ഷ നേടാം. അല്ലായെങ്കിൽ രക്ഷയുടെ കവാടങ്ങൾ നിനക്കായി തുറന്നിരിക്കില്ല.'

വിവേകാനന്ദൻ ഷിക്കാഗോയിൽ ആയിരുന്ന സമയം കൊടും മഴയുള്ള ഒരു സന്ധ്യാ സമയം ഏതാനും സ്ത്രീകൾ ഡിട്രോയിറ്റിൽനിന്നു നൂറു മൈലുകളോളം യാത്ര ചെയ്തു അദ്ദേഹത്തെ കാണാൻ വന്നു. അദ്ദേഹത്തെ കണ്ടയുടൻ അവരിൽ ഒരാൾ പറഞ്ഞു, 'ഭൂമുഖത്തുണ്ടായിരുന്ന യേശുവിനെ കാണുന്നതുപോലെയാണ് ഇപ്പോൾ ഞങ്ങൾ അങ്ങയെ കാണുന്നത്! ഞങ്ങൾക്ക് അങ്ങയുടെ അനുഗ്രഹവും ഉപദേശവും തന്നാലും!'. വിവേകാനന്ദൻ അത്യധികമായ വിനയഭാവത്തോടെ പറഞ്ഞു, 'സഹോദരികളെ, യേശുവിന്റെ ദൈവികമായ ആ ശക്തി എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ നിങ്ങളെ സ്വതന്ത്രമാക്കുമായിരുന്നു. ക്രിസ്തു സത്യത്തെ പ്രകാശത്തിലേക്ക് നയിച്ചു. സ്വർഗ്ഗ രാജ്യം നിന്റെ ഉള്ളിലെന്നു പറഞ്ഞു'. വിവേകാനന്ദനിൽ അന്ന് പ്രതിധ്വനിച്ചത് ക്രിസ്തുവിന്റെ ശബ്ദമായിരുന്നു. അത് നിന്നിലുണ്ട്. അത് നിനക്കുള്ള നീതിയാണ്. ഗീതയിലും പറയുന്നുണ്ട്, "എന്നെ കാണുന്നവൻ എല്ലാം കാണുന്നു. എന്നിൽ എല്ലാം ദർശിക്കുന്നു. അവനെ ഞാൻ ഒരിക്കലും കൈവിടില്ല. അവന് എന്നെ നഷ്ടപ്പെടുകയുമില്ല." ക്രിസ്തുവും അതിനു തുല്യമായി പറയുന്നുണ്ട്. "എന്നെ പ്രതി ജീവൻ നഷ്ടപ്പെടുന്നവൻ അത് കണ്ടെത്തും." നസ്രായൻ കിഴക്കിന്റെ പുത്രനായിരുന്നു. പടിഞ്ഞാറുള്ളവർ അക്കാര്യം മറക്കുന്നു. സത്യത്തെ അനലംകൃതമാക്കുന്നു. നാം കാണുന്ന ഈ ഭൗതിക ജീവിതത്തിൽ വളരെ കുറച്ചു മാത്രമേ സത്യത്തിന്റെ അംശം ലഭിക്കുന്നുള്ളൂ. സത്യമെന്നത് ഈ ജീവിതമല്ലെന്നു ക്രിസ്തു പറഞ്ഞാൽ പരമോന്നതമായ മറ്റൊന്നുണ്ടെന്നാണ് അർത്ഥം. വിവേകാനന്ദൻ പറഞ്ഞു, 'അവൻ കിഴക്കിന്റെ പുത്രനെന്ന നിലയിൽ പ്രായോഗിക ജീവിതത്തിലും സത്യത്തെ തുറന്നു കാണിച്ചു'. അവൻ തന്നെ പ്രകാശിതനായ സത്യമായിരുന്നു.

മഹാത്മാ ഗാന്ധിയ്ക്ക് ക്രിസ്തുവിനെ മതിയായിരുന്നു. ക്രിസ്ത്യാനികളെ അദ്ദേഹം തള്ളി പറഞ്ഞു. തെക്കേ ആഫ്രിക്കയിൽ നിന്നു ക്രിസ്ത്യാനികളിൽ നിന്നും ലഭിച്ച വർണ്ണ വിവേചനമാണ് അദ്ദേഹത്തെ അങ്ങനെയൊരു ചിന്തകളിൽ എത്തിക്കാൻ കാരണം. മിഷനറിമാരോട് അദ്ദേഹം പറയുമായിരുന്നു. 'ഞാൻ നിങ്ങളുടെ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നു. എന്നാൽ ക്രിസ്ത്യാനികളെ എനിക്ക് ഇഷ്ടമില്ല. നിങ്ങളുടെ ക്രിസ്ത്യാനികളിൽ ക്രിസ്തുവിനെപ്പോലെ ആരുമില്ല. നിങ്ങൾ എന്തുകൊണ്ട് ക്രിസ്തുമതത്തിൽ ചേരുന്നില്ലെന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഗാന്ധി പറഞ്ഞു, "തന്റെ സ്വന്തം മതമായ ഹൈന്ദവ മതത്തിൽ നിന്നും ലഭിക്കുന്നത് ക്രിസ്തുമതത്തിൽ നിന്നും ലഭിക്കില്ല. ഒരു നല്ല ഹിന്ദുവെന്നു ഞാൻ പറഞ്ഞാൽ നല്ലയൊരു ക്രിസ്ത്യാനിയെന്നും അർത്ഥമാക്കേണ്ടതുണ്ട്. യേശുവിന്റെ വിശ്വാസിയായി അദ്ദേഹത്തിൻറെ ഉപദേശങ്ങൾ സ്വീകരിക്കേണ്ട ആവശ്യം എനിക്കില്ല. അല്ലെങ്കിൽ യേശുവിനെ പിന്തുടരേണ്ട ആവശ്യവുമില്ല. അതെല്ലാം എന്റെ മതമായ സനാതനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.”

ഹിന്ദുമതത്തിലെ അഗാധമായ ജ്ഞാനവും താൻ അനുഷ്ഠിക്കുന്ന മതത്തിലെ വിശ്വസത്തോടുമൊപ്പം ഗാന്ധിജി ക്രിസ്തുവിന്റെ ആശയങ്ങളും സ്വന്തം ജീവിതത്തിൽ പകർത്തിയിരുന്നു. എന്നാൽ ഹിന്ദു മതത്തിൽ തന്നെ കടുത്ത മതഭീകരവാദികൾ വർഗീയത പ്രചരിപ്പിക്കുന്നുണ്ടെന്ന വസ്തുത ഗാന്ധിജി മനസിലാക്കിയിട്ടുണ്ടായിരുന്നില്ല. അവസാനം തീവ്ര വർഗീയ ഫാസിസ്റ്റുകളായ ഹിന്ദുത്വയുടെ ആശയങ്ങളിൽ മുഴുകിയവർ ഗാന്ധിജിയുടെ മരണത്തിനും കാരണമായി. മതത്തിന്റെ ഉള്ളറയിൽ മലിനമായ വർഗീയ ഫാസിസ്റ്റ് ആശയങ്ങൾ ഹിന്ദുക്കൾക്ക് മാത്രമല്ല ക്രിസ്ത്യാനികളിലും മുസ്ലിമുകളിലുമുണ്ട്. ക്രിസ്ത്യാനിറ്റി ക്രിസ്തുവിന്റെ ആശയങ്ങളെ ദുഷിപ്പിച്ചുകൊണ്ട് ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നു. ഇസ്‌ലാമിസം ദൈവത്തിനു സമർപ്പിച്ചുകൊണ്ടുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്ലാം മതത്തെയും കലുഷിതമാക്കി. മതം മറ്റൊരു തരത്തിലും രൂപാന്തരം പ്രാപിക്കാം. മതത്തിന്റെ അടിസ്ഥാനമായ ആശയങ്ങൾ നാസിസവും, ഫാസിസവും കമ്മ്യുണിസവുമായി മാറ്റപ്പെട്ടു. തീവ്രമായ ആശയങ്ങൾ മനുഷ്യകുലത്തിന് വേദനകൾ സംഭാവന ചെയ്തുകൊണ്ടിരുന്നു.  ഇസങ്ങളുടെ വളർച്ചയിൽ ക്രിസ്തുവിന്റെ ആശയങ്ങളെയും വലിച്ചു നീട്ടി മറ്റൊരു വിധമാക്കി.

ക്രിസ്ത്യാനിറ്റിയെ അധികാരകേന്ദ്രികൃതമായ പുരോഹിത സമ്പ്രദായം നയിക്കുന്നു. അവർ ക്രിസ്തുവിനെയും മാമ്മോനെയും ഒന്നിച്ചു പന്താടുന്നു. എന്നാൽ ക്രിസ്തുവിനെ പിന്തുടർന്ന അവിടുത്തെ ശിക്ഷ്യഗണങ്ങൾ ആത്മാവിൽ ദരിദ്രരായിരുന്നു. ഇന്ന് ക്രിസ്ത്യാനിയാകണമെങ്കിൽ സംഘടിത മതത്തിൽ അംഗത്വം എടുക്കണം. പാരമ്പര്യമായ ആചാരങ്ങളും പിന്തുടരണം. ക്രിസ്തു പഠിപ്പിച്ച  ദൈവത്തിന്റെ വചനങ്ങൾ ഹൃദയത്തിൽ നിന്നുമായിരുന്നു. 'രണ്ടോ മൂന്നോ പേർ ഒന്നിക്കുന്നേടത്തും അവന്റെ നാമം ശ്രവിക്കപ്പെടു'മായിരുന്നു. ബുദ്ധമതത്തിനും സിക്കുമതത്തിനും ഇസ്ലാം മതത്തിനും സ്ഥാപകരുണ്ട്. അതുപോലെ ക്രിസ്തുമതവും ക്രിസ്തു സ്ഥാപിച്ചുവെന്നാണ് വെപ്പ്. എന്നാൽ ക്രിസ്തു ക്രിസ്തുമതം സ്ഥാപിച്ചിട്ടില്ല. എ.ഡി. 317 മുതൽ കോൺസ്റ്റാന്റിൻ ചക്രവർത്തിയാണ് ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ചത്. സത്യത്തിൽ ക്രിസ്ത്യാനിറ്റിയും ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല.

ഹിന്ദുമതത്തെ സംബന്ധിച്ച്, ദൈവത്തെ ഏതു പേരിലും വിളിക്കാം. ഹിന്ദുമതത്തിന്റെ കാര്യത്തിൽ കണക്കില്ലാത്ത ദൈവങ്ങളുണ്ട്. ദശലക്ഷക്കണക്കിന് ദൈവങ്ങളുണ്ടെന്ന് ആളുകൾ പറയും. എന്നാൽ യഥാർത്ഥത്തിൽ, ഹിന്ദുക്കളിൽ അധികവും ഒരു ദൈവത്തെ മാത്രം ആരാധിക്കുന്നവരാണ്. അവരുടെ ദൈവമാണ് യഥാർത്ഥ ദൈവമെന്ന് അവർ കരുതുന്നു. ഒരേ മതത്തിന്റെ, ഒരേ ദൈവത്തിന്റെ വ്യത്യസ്ത സാക്ഷാൽക്കാരങ്ങളാണ് അവരെല്ലാം എന്നതുകൊണ്ട് മറ്റു ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളോടും അവർ സംതൃപ്തരാണ്. അവർ അവരുടെ ദൈവത്തെ വിശ്വസിക്കുന്നു. എന്നാൽ മറ്റൊരു പേരിൽ ദൈവത്തെ വിശ്വസിക്കുന്നതിൽ പ്രശ്നമില്ലെന്ന് അവർ കരുതുന്നു. ദൈവത്തിന്റെ പേർ എന്താണ് എന്നത് പ്രശ്നമേയല്ല, അതാണ് ഹിന്ദുമതത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ദൈവനാമം അവരെ സംബന്ധിച്ച് യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ല.

ഹിന്ദുമതം അനേകം ആചാരങ്ങളും വിശ്വസങ്ങളും കലർന്നതാണ്. അതുകൊണ്ട് ക്രിസ്തുമതവും ഹിന്ദുമതവും തമ്മിൽ സാമ്യപ്പെടുത്തുക എളുപ്പമല്ല. എന്നാൽ ക്രിസ്തുമതത്തിലെ ചില സിദ്ധാന്തങ്ങൾ ഹിന്ദുമതത്തിലുമുണ്ട്. ഒരു വിത്യാസമെന്തെന്നാൽ ഹിന്ദുമതം ക്രിസ്തു മതത്തെ ഒരു അംഗീകൃത മതമായി അംഗീകരിച്ചിട്ടുണ്ട്. ബൈബിൾ അനുസരിച്ച് ക്രിസ്തുമതത്തിന് ഹിന്ദു മതത്തെ അംഗീകരിക്കാൻ സാധിക്കില്ല. ഹിന്ദുമതത്തിന് സർവ്വ മതങ്ങളെയും ഉൾക്കൊള്ളുന്ന സഹന ശക്തിയുണ്ട്. ഹിന്ദുക്കൾ ശ്രീ കൃഷ്ണനു തുല്യമായി ക്രിസ്തുവിനെ കണ്ടാലും ക്രിസ്ത്യാനികൾ എതിർക്കും. എല്ലാ മതങ്ങളും ദൈവത്തിങ്കലേക്കുള്ള അനേക വഴികളെന്ന് ഹിന്ദു മതം പഠിപ്പിക്കുന്നു. എന്നാൽ ക്രിസ്തുമതം ക്രിസ്തു മാത്രം ഏകവും സത്യവുമെന്ന് വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ വചനങ്ങൾ സൗകര്യപൂർവം അങ്ങനെ ക്രിസ്ത്യാനികൾ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അതിനുദാഹരണമായി പറയുന്നത് വചനം തന്നെയാണ്. 'ഞാൻ വഴിയും സത്യവും ജീവനുമാകുന്നു. എന്നിൽകൂടിയല്ലാതെ ആരും പിതാവിങ്കൽ എത്തുന്നില്ലാ'യെന്നാണ്. അത് ഹൈന്ദവ മതത്തിന്റെ തത്ത്വങ്ങൾ അനുസരിച്ച് 'ഞാൻ ദൈവമെന്ന' സത്തയിൽ സ്വന്തം ആത്മത്തെ കണ്ടെത്തുകയുമാവാം. യേശു സ്വന്തം ആത്മത്തെ കണ്ടെത്തിയപോലെ ഹൈന്ദവരിലെ അനേക ഋഷിമാരും അങ്ങനെതന്നെ ചിന്തിച്ചിട്ടുണ്ട്.

ക്രിസ്തുമതത്തിലും ഹിന്ദു മതത്തിലും പ്രാകൃത മനുഷ്യർ ചെയ്തുകൊണ്ടിരുന്ന ആചാരങ്ങൾ ഇന്നും നിലവിലുണ്ട്. പാപ പൊറുതിക്കായി കോപിഷ്ഠനായ ദൈവത്തിനു ചെയ്യുന്ന പ്രാശ്ചത്യങ്ങൾ ഹിന്ദു മതം ഉൾപ്പടെ എല്ലാ പ്രാചീന മതങ്ങളിലും കാണാം. മൃഗബലി ഹിന്ദുമതത്തിലും യഹൂദ മതത്തിലുമുണ്ട്. ഈ മതങ്ങളെല്ലാം ഇത്തരം ആചാരങ്ങളും കർമ്മങ്ങളും ദൈവിക ആജ്ഞകളനുസരിച്ച് അനുഷ്ടിക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. 1950-ൽ ഫ്രഞ്ച് ചരിത്രകാരനായ 'അലൈൻ ഡാനിലയോ' എഴുതിയിരിക്കുന്നത് സുവിശേഷത്തിലെ ക്രിസ്തുവിന്റെ ജനനം ബുദ്ധന്റെയും കൃഷ്ണന്റെയും ഐതിഹ്യ കഥകളുമായി വളരെയധികം സാമ്യമുണ്ടെന്നാണ്. ബുദ്ധന്മാരെപ്പോലെയും ജൈനന്മാരെപ്പോലെയും ആദ്യമ ക്രിസ്ത്യൻ സമൂഹത്തിലും കഠിന വ്രതങ്ങളുണ്ടായിരുന്നു. തിരുശേഷിപ്പ് വണക്കം, വിശുദ്ധ ജലം, എന്നിവകൾ ഉദാഹരണങ്ങളാണ്. 'ആമേൻ' എന്ന വാക്ക് സംസ്കൃതത്തിലെ 'ഓം' പദത്തിൽ നിന്നും രൂപാന്തരപ്പെട്ടതാണ്. കുന്തിരിക്കം, വിശുദ്ധ അപ്പം, പ്രസാദം, പള്ളിക്കുള്ളിൽ അൾത്താര, വേദിക്ക് ജപമാലപോലുള്ള റോസറി, ക്രിസ്ത്യൻ ത്രീത്വം, ക്രിസ്ത്യൻ പ്രദക്ഷിണവും രൂപം എഴുന്നള്ളിപ്പും ഇങ്ങനെ ആചാര രീതികളിൽ സാമ്യം കാണുന്നു.

ഹിന്ദുയിസം സർവ്വതും ദൈവികമെന്നു വിശ്വസിക്കുന്നു. കല്ലിലും ദൈവമയമെന്ന വിശ്വസമാണ് പുലർത്തുന്നത്. നന്മയിലും തിന്മയിലും ദൈവത്തെ കാണുന്നു. ക്രിസ്ത്യാനികളുടെ വിശ്വസം അനുസരിച്ച് ദൈവം തിന്മയെ സൃഷ്ടിക്കുന്നില്ലായെന്നാണ്. നന്മയും തിന്മയും തിരഞ്ഞെടുക്കുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു മേലെന്നു വിശ്വസിക്കുന്നു. ഹിന്ദു മതത്തിന്റെ ആരംഭം കണ്ടുപിടിക്കാൻ സാധിക്കില്ല. എന്നാൽ ക്രിസ്തുമതം ഉണ്ടായിട്ട് രണ്ടായിരം വർഷങ്ങൾ മാത്രമേ ആയുള്ളൂ.

മഹാത്മാ ഗാന്ധിയും ഗോഡ്സെയും ഭഗവദ്ഗീത വായിച്ചിരുന്നു. പക്ഷെ ഗാന്ധി രക്തസാക്ഷിയും ഗോഡ്‌സെ കൊലയാളിയുമായി. ഏതു പരിശുദ്ധ പുസ്തകം എടുത്താലും വ്യത്യസ്ത അർത്ഥങ്ങളിൽ വ്യഖ്യാനിക്കാൻ സാധിക്കും. പ്രസിഡന്റ് ഒബാമ ഡൽഹിയിൽ വന്നു പ്രസംഗിച്ചപ്പോൾ ബൈബിളിലെ വിശ്വാസമാണ് തന്റെ ജീവിതത്തെ ശക്തമാക്കിയതെന്നു പ്രസംഗിച്ചിരുന്നു. മനുഷ്യാവകാശത്തിനു  വേണ്ടി സമരം ചെയ്ത അമേരിക്കയുടെ മാർട്ടിൻ ലൂഥർ കിംഗിൽ ആവേശം കയറിയിരുന്നത് ബൈബിൾ വാക്യങ്ങളും യേശു ക്രിസ്തുവും മഹാത്മാ ഗാന്ധിയുമായിരുന്നു. ഹിന്ദുത്വ ഗ്രുപ്പിന് 'ഡോക്ടർ എൻ. ഗോപാല കൃഷ്ണൻ' എന്ന ശക്തനായ ഒരു നേതാവുണ്ട്. കടലാസുകൾ നിറയെ ബിരുദങ്ങളും ഡോക്ട്രേറ്റ് ബിരുദങ്ങളും അയാൾക്കുണ്ട്. അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിനെതിരെയും യേശു ക്രിസ്തുവിനെതിരെയും ചില വീഡിയോകൾ ഇറക്കിയിട്ടുണ്ട്. അതിൽ അദ്ദേഹം യേശു വാളുമായി പട പൊരുതുന്ന, ശത്രുക്കളെ സംഹരിക്കാൻ ഉപദേശിക്കുന്ന ഒരു അക്രമകാരിയാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ക്രൈസ്തവർക്കെതിരെ ധർമ്മ യുദ്ധം നടത്തണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

ചക്രവർത്തിമാരും രാജാക്കന്മാരും മതത്തിന്റെ പേരിൽ കഴിഞ്ഞ കാലങ്ങളിൽ കൊല്ലും കൊലയും നടത്തി. അത്തരം നരഹത്യകൾ വിശുദ്ധ ഗ്രന്ഥങ്ങൾ വ്യാഖ്യാനം ചെയ്തു നീതികരിച്ചിട്ടുമുണ്ട്. നഥുറാം ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ കൊന്ന ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്,  ഒരേ വിശുദ്ധ ഗ്രന്ഥം രണ്ടായി വായിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നാണ്. രണ്ടു പേരും ഭഗവദ് ഗീത വായിച്ചിരുന്നു. ഒരാൾ ഗാന്ധിയായി. മറ്റെയാൾ ഗോഡ്‌സെയുമായി. തിലകനും ഔറോബിന്ദോ ഗോഷിനും (Aurobindo Ghose) ഗാന്ധിക്കും ഗീതയിൽ വ്യത്യസ്ത ചിന്തകളാണുണ്ടായിരുന്നത്. ഗാന്ധിജി ഗീതയിൽ വായിച്ചത് അഹിംസാ സിദ്ധാന്തങ്ങളായിരുന്നു. മറ്റുള്ളവർ യുദ്ധവും ആക്രമവും, വസ്ത്രാക്ഷേപവും, നുണയും, ചതിയും കൊലയും ധർമ്മമെന്നു വ്യാഖ്യാനിച്ചു. ഗാന്ധിജി പറഞ്ഞു, 'ഭഗവദ് ഗീത എന്നെ സംബന്ധിച്ചടത്തോളം നിത്യതയുടെ തത്ത്വങ്ങളാണ്. വെറുപ്പിനെ സ്നേഹം കൊണ്ടും അസത്യത്തെ സത്യം കൊണ്ടും കീഴ്പ്പെടുത്താൻ ഭഗവദ് ഗീത പഠിപ്പിക്കുന്നു'. വിവേകാനന്ദൻ പറഞ്ഞു, 'പ്രിയപ്പെട്ടവരേ, നസ്രത്തിലെ യേശുവിന്റെ കാലങ്ങളിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ അവന്റെ കാൽപാദങ്ങൾ കണ്ണുനീരുകൊണ്ടല്ല ഹൃദയാമൃതമായ രക്തംകൊണ്ട് കഴുകുമായിരുന്നു.' വിവേകാനന്ദൻ അങ്ങനെ പറഞ്ഞത് ചർച്ചിയാനിറ്റിയുടെ ക്രിസ്തുവിനെപ്പറ്റിയല്ല നസ്രത്തിൽ ജീവിച്ചെന്നു കരുതുന്ന യോഗിയായ ഒരു ക്രിസ്തുവിനെപ്പറ്റിയായിരുന്നു.






Thursday, October 12, 2017

വീര സവർക്കർ: നായകനോ പ്രതിനായകനോ?




ജോസഫ് പടന്നമാക്കൽ

സ്വാതന്ത്ര്യ സമരപോരാളിയും പിന്നീട് സ്വാതന്ത്ര്യ സമരങ്ങൾക്ക് പ്രതിനായകനുമായിരുന്ന  വിനായക ദാമോദര സവർക്കർ അഥവാ വീര സവർക്കർ ഹിന്ദുത്വ ആശയ സംഹിതകളുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. അദ്ദേഹത്തിൻറെ വിപ്ലവ പാതകളിൽക്കൂടിയുള്ള സംഭവ ബഹുലങ്ങളായ ജീവിതം  പുരാണങ്ങളിലുള്ള ഐതിഹാസിക വീരന്മാരെപ്പോലെ വിസ്മയകരവും നിഗൂഢാത്മകവുമായിരുന്നു.  യുവാവായിരുന്ന കാലങ്ങളിൽ  സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേർന്നിരുന്നെങ്കിലും പിന്നീട് ബ്രിട്ടീഷുകാർക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് എതിരായി പ്രവർത്തിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ജയിലിൽ കിടന്നപ്പോൾ ജയിൽ മോചനത്തിനായി കരുണ കിട്ടാൻ സ്വാതന്ത്ര്യ സമരത്തിന് എതിരായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞ ചെയ്യണമായിരുന്നു. അവരോട് കൂറും പുലർത്തണമായിരുന്നു. ആ പ്രതിജ്ഞ അദ്ദേഹം മരണം വരെ പാലിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ നാസിക്കിൽ ചിപ്‌വാൻ ബ്രാഹ്‌മണ കുടുംബത്തിൽ വിനായക് ദാമോദർ സവർക്കർ  1883 മെയ് ഇരുപത്തിയെട്ടാം തിയതി ജനിച്ചു. അച്ഛൻ ദാമോദരനും അമ്മ രാധാഭായി സവർക്കറുമായിരുന്നു. ഗണേഷ്, നാരായൺ എന്ന രണ്ടു സഹോദരരും 'മൈന' എന്ന സഹോദരിയുമുണ്ടായിരുന്നു.  "ഭയപ്പെടരുത്, ദൈവമാണ്! ശക്തി, അതുകൊണ്ട് നിന്നെക്കാളും ശത്രു ശക്തനെങ്കിലും വിജയം വരെ യുദ്ധം ചെയ്യൂ," ഇതായിരുന്നു സവർക്കറിന്റെ ആപ്ത വാക്യം. 'മിത്രമേള' എന്ന യുവാക്കളുടെ സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. ദേശീയ കാഴ്ചപ്പാടോടെയുള്ള വിപ്ലവമായിരുന്നു ലക്ഷ്യം. 1901-ൽ സവർക്കർ 'യമുന ഭായി'യെ വിവാഹം ചെയ്തു. 1902-ൽ പൂനയിൽ ഫെർഗുസൺ കോളേജിൽ പഠനം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ ചെലവുകൾ വഹിച്ചിരുന്നത് അദ്ദേഹത്തിൻറെ ഭാര്യാ പിതാവായിരുന്ന രാമചന്ദ്ര ട്രിയമ്പക ചിപ്ലൂങ്കർ (Ramchandra Triambak Chiplunkar) ആയിരുന്നു. യുവാവായിരുന്നപ്പോൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നവർ ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് എന്നീ തീവ്ര രാഷ്ട്രീയ ചിന്തകരായിരുന്നു.

ഹിന്ദു വർഗീയ വിഭാഗീയ ചിന്തകൾ സവർക്കറിന്റെ മനസ്സിൽ ചെറുപ്പം മുതലേയുണ്ടായിരുന്നു. 1894-95-ൽ പന്ത്രണ്ടാം വയസ്സിൽ സ്‌കൂൾ കുട്ടികളുമൊത്ത് ഹിന്ദു മുസ്ലിം ലഹളയുടെ പശ്ചാത്തലത്തിൽ  പൂനയിൽ ഒരു മോസ്‌ക്ക് ആക്രമിക്കുകയുണ്ടായി. കല്ലുകളെറിഞ്ഞു മോസ്‌ക്കിന്റെ ജനലുകൾ തകർക്കുകയും മോസ്‌ക്കിന് ഭീമമായ നഷ്ടങ്ങൾ വരുത്തുകയുമുണ്ടായി. ഹിന്ദുക്കൾ മുസ്ലിമുകളെ കൊല്ലുന്ന വേളയിൽ കുട്ടിയായിരുന്ന സവർക്കരും കൂട്ടുകാരും തെരുവുകളിൽ തുള്ളിക്കൊണ്ടു ഡാൻസ് ചെയ്യുമായിരുന്നു. അവരുടെ ധീരതയുടെ അടയാളമായി മോസ്‌ക്കിന്റെ മുകളിൽ ഹിന്ദുക്കളുടെ  ചിന്ഹങ്ങളുള്ള കൊടികളും ഉയർത്തുമായിരുന്നു. ബ്രിട്ടീഷുകാരോട് കൂറ് പുലർത്തുന്നതിനുമുമ്പ് ഹൈന്ദവ ആചാരമായ സതി നിർത്തൽ ചെയ്തതിലും അദ്ദേഹം എതിർപ്പു പ്രകടിച്ചുകൊണ്ടുള്ള ലേഖനങ്ങൾ എഴുതിയിരുന്നു.

ക്രിസ്ത്യാനികളെയും സവർക്കർ ആക്രമിച്ചു കൊണ്ടിരുന്നു. "ഹിന്ദു മതത്തിന്റെ അടിസ്ഥാനം തകർക്കാനാണ് സർക്കാർ ഓരോ നിയമവും പാസാക്കുന്നതെന്നും ഹിന്ദുക്കളുടെ ഇടയിലുള്ള വർണ്ണ വ്യവസ്ഥകളെ നശിപ്പിക്കണമെന്ന ഉദ്ദേശത്തിലാണ് വലിയ തോതിൽ തൊഴിലാളികളെ നിയമിച്ചു റെയിൽവേ നിർമ്മിക്കുന്നതെന്നും" അദ്ദേഹം എഴുതി. റയിൽ ചക്രവണ്ടികൾ നിർമ്മിക്കുന്നതും ഹൈന്ദവരുടെ തൊഴിൽ ധർമ്മത്തിനെതിരായി അദ്ദേഹം വീക്ഷിച്ചു. ക്രിസ്ത്യൻ മിഷ്യൻ സ്‌കൂളുകൾ പ്രവർത്തിക്കാൻ സർക്കാർ ഭീമമായ പണം നൽകുന്നുവെന്നും ആവലാതിപ്പെട്ടിരുന്നു. അദ്ദേഹം എഴുതി "വൈസ്രോയി 'കാനിംഗ്‌ പ്രഭു'വിന്റെ ലക്ഷ്യം ഇന്ത്യ മുഴുവൻ ക്രിസ്ത്യൻ രാജ്യമാക്കുകയെന്നതാണ്. ഒരു സിപ്പോയി ക്രിസ്തുമതം സ്വീകരിച്ചാൽ അയാളെ പുകഴ്ത്തുകയും അയാൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം നൽകുകയും ചെയ്യുന്നു. അയാൾക്ക് പെട്ടെന്ന് ശമ്പളം വർദ്ധിക്കുകയും സ്ഥാനക്കയറ്റം നൽകുകയും പതിവാണ്. സർക്കാരിന്റെ ലക്ഷ്യം ഹിന്ദുമതത്തെ നശിപ്പിച്ചു ക്രിസ്തുമതം പ്രചരിപ്പിക്കുകയെന്നതാണ്. ഓരോ പള്ളിയും ഇടിച്ചു താഴെയിടണം, കുരിശുകൾ തകർക്കണം, ഓരോ ക്രിസ്ത്യാനിയെയും സമൂഹത്തിൽനിന്നും തുടച്ചുമാറ്റണം."

ബിരുദമെടുത്ത ശേഷം അദ്ദേഹം നിയമം പഠിക്കാനായി ഇംഗ്ളണ്ടിൽ പോയി. ഭാരതത്തിന്റെ സാംസ്‌കാരികവും പൈതൃകവുമായ ഹിന്ദു മതത്തിലേക്ക് വീണ്ടും വരാൻ സവർക്കർ 'ഹിന്ദുത്വ' ആശയ സംഹിതകൾക്ക് രൂപം കൊടുത്തു'. അദ്ദേഹം യുക്തിവാദി, മാനവ മത ചിന്തകൻ, പ്രകൃതി തത്ത്വ ജ്ഞാനി, നാസ്തിക ചിന്തകൻ, സാർവത്രിക ചിന്തകൻ എന്നിങ്ങനെ അറിയപ്പെടുന്നു. എല്ലാ മതങ്ങളുടെയും യാഥാസ്ഥിതികത്വം അദ്ദേഹം എതിർത്തിരുന്നു. യാഥാർഥ്യ വാദങ്ങൾക്കും പ്രായോഗിക വീക്ഷണ വാദങ്ങൾക്കും മുൻഗണന കൊടുത്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ യുദ്ധം എന്ന അർത്ഥം വരുന്ന 'ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്' (The Indian War of Independence) എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.  ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിൻറെ പുസ്തകം നിരോധിക്കുകയും ചെയ്തു.

സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ ദേശീയ പട്ടാളത്തെ സംഘടിപ്പിക്കുന്ന സമയത്ത് സവർക്കർ കൊളോണിയൽ ബ്രിട്ടീഷുകാർക്കുവേണ്ടി യുവജനങ്ങളെ പട്ടാളത്തിൽ ചേർത്തുകൊണ്ടിരുന്നു. 'ഇന്ത്യാ ഹിന്ദുക്കളുടെ' എന്ന മുദ്രിത  ചിന്തകളുടെ' അടിസ്ഥാനത്തിൽ ഹിന്ദുക്കളെ രണ്ടായി വിഭജിച്ച് സ്വാതന്ത്ര്യ സമരത്തിനു വിഘ്നം വരുത്താനും പ്രവർത്തിച്ചിരുന്നു. വർഗീയ ചിന്തകൾ ഉണർത്തി രാജ്യത്തെ വിഭജിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും അദ്ദേഹം ഗാന്ധിജിക്ക് എതിരായി പ്രവർത്തിക്കുകയായിരുന്നു. ഗാന്ധിജിയുടെ വധത്തിലെ ഗൂഢാലോചനക്കാരിൽ സവർക്കരുടെ പേരുമുണ്ടായിരുന്നു. തെളിവുകളുടെ അഭാവത്തിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ഗാന്ധി വധത്തിൽ സവർക്കറിനെയോ ആർ.എസ്.എസിനെയോ കുറ്റപ്പെടുത്തുന്നതിൽ യാതൊരു നീതികരണവുമില്ല. അങ്ങനെയൊരു ചിന്താഗതി മാറി മാറി വന്ന കോൺഗ്രസ് സർക്കാരുകളും  നേതാക്കളും ജനങ്ങളുടെ മനസ്സിൽ സൃഷ്ടിച്ചിട്ടുണ്ട്. ഗാന്ധി വധത്തിൽ ആർ.എസ്.എസിനു പങ്കില്ലെന്ന് എല്ലാ ജുഡീഷ്യറി കമ്മീഷനുകളും വ്യക്തമാക്കിയിട്ടുള്ളതാണ്. ഗാന്ധിവധത്തെ സംബന്ധിച്ച്  കുറ്റാന്വേഷകരുടെ അനേകം ജഡ്‌ജുമെന്റുകൾ ഉണ്ട്. ആ ജഡ്‌ജുമെന്റിൽ എല്ലാം അവരെ കുറ്റവിമുക്തരാക്കിയിട്ടേയുള്ളൂ. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആർ.എസ്.എസ് കാർക്ക് ഗാന്ധിവധത്തിൽ പങ്കുണ്ടോയെന്നന്വേഷിക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് കപൂറെന്ന റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയെ അതിനായി നിയമിച്ചിരുന്നു. അദ്ദേഹം വിശദമായി ഗാന്ധിവധത്തെ പഠിച്ചുകൊണ്ട് അവർക്കു ഗാന്ധിവധത്തിൽ യാതൊരു പങ്കുമില്ലെന്ന വിധത്തിൽ റിപ്പോർട്ട് തയ്യാറാക്കി. ഒരു ജുഡീഷ്യറി  ബോഡി ഗാന്ധിവധത്തിൽ ആർ.എസ്.എസ്. സംഘടനയ്ക്ക് പങ്കില്ലെന്നു തെളിയിച്ചിട്ടും വീണ്ടും കുപ്രചരണങ്ങളുമായി നടക്കുന്നത് നീതീകരിക്കാൻ സാധിക്കാത്ത രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമാണ്.

നരേന്ദ്ര മോദി മന്ത്രിസഭ വന്നതിൽ പിന്നീട് സവർക്കരുടെ ചരിത്രം വ്യത്യസ്തങ്ങളായിട്ടാണ് ഇന്ന് വ്യാഖ്യാനിക്കുന്നത്. സവർക്കർ രാജ്യത്തിന്റെ ഉത്തമപുത്രനെന്നും സർവ്വ ജനതയ്ക്കും  മാതൃകയായിരുന്നുവെന്നും അദ്ദേഹത്തിൻറെ ജന്മദിനാശംസയിൽ മോദി പറയുകയുണ്ടായി. ഹിന്ദുത്വയുടെ ഈ ദിവ്യന്റെ പ്രതിമയ്ക്ക് മുമ്പിൽ പ്രധാനമന്ത്രി തല കുനിച്ചു ആദരിക്കുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ഇന്ത്യ ചരിത്രത്തിനും വില തീരാത്ത സംഭാവനകളാണ് സവർക്കർ നൽകിയിരിക്കുന്നതെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയും അഭിപ്രായപ്പെടാറുണ്ട്.  അദ്ദേഹത്തെ ഒരു സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക രാഷ്ട്രീയ ചിന്തകനുമായിട്ടാണ് ആധുനിക ചരിത്രത്തിൽ അറിയപ്പെടുന്നത്. വാസ്തവത്തിൽ സവർക്കർ സ്വാതന്ത്ര്യത്തിനായി പൊരുതിയോ എന്ന ചോദ്യത്തിന് പൊരുതിയെന്ന ഉത്തരം മാത്രമേയുള്ളൂ. പക്ഷെ അദ്ദേഹത്തിൻറെ സ്വാതന്ത്ര്യ സമര ശ്രമങ്ങളൊക്കെ പത്തൊമ്പതാം നൂറ്റാണ്ടിലുള്ള യുവത്വകാലങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നു. ഹിന്ദുത്വ പ്രസ്ഥാനം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം ഒരു നാസ്തികനോ യുക്തിവാദിയോ ആയിരുന്നു.

1906-ൽ കപ്പൽ യാത്ര ചെയ്ത് അദ്ദേഹം ഇംഗ്ലണ്ടിൽ നിയമം പഠിക്കാൻ പോയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പട പൊരുതാൻ അവിടെ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംഘടനയുണ്ടാക്കി. സംഘടനയുടെ മുമ്പാകെ അദ്ദേഹം പറഞ്ഞിരുന്നു, "നമ്മൾ കൊളോണിയൽ ബ്രിട്ടീഷുകാരെപ്പറ്റിയുള്ള ആരോപണങ്ങൾ അവസാനിപ്പിക്കണം; അവരുടെ നിയമങ്ങളെപ്പറ്റിയുള്ള ആവലാതികൾ ഇല്ലാതാക്കണം;  ഒരു നിയമത്തിന്റെ പരിധി നാം നിശ്ചയിക്കാതെ നിയമം ഉണ്ടാക്കാനുള്ള അധികാരം നമുക്കു വേണം." 'മറ്റൊരു തരത്തിൽ പറഞ്ഞാൽ നമുക്ക് വേണ്ടത് പൂർണ്ണ സ്വാതന്ത്ര്യമാണ്'. എന്നിരുന്നാലും സമയം വന്നപ്പോൾ ഇന്ത്യയിൽ കൊളോണിയൽ സാമ്രാജ്യത്തിനെതിരെയുണ്ടായ വിപ്ലവങ്ങളെ സവർക്കർ എതിർക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരെ പൂർണ്ണമായും പിന്താങ്ങുന്ന ഒരു നയം അദ്ദേഹം സ്വീകരിച്ചു. ഇങ്ങനെയുള്ള മാറ്റങ്ങൾ സംഭവിച്ചത് അദ്ദേഹത്തിനു ഒരു കൊലക്കേസിനോടനുബന്ധിച്ചുള്ള അമ്പതു കൊല്ലം ജയിൽശിക്ഷ ലഭിച്ചപ്പോഴായിരുന്നു. ആൻഡമാൻ ഐലൻഡിലെ ജയിലിലായിരുന്നു അദ്ദേഹത്തെ ശിക്ഷയ്‌ക്കുശേഷം പാർപ്പിച്ചിരുന്നത്.

1909 ജൂലൈ ഒന്നാം തിയതി അദ്ദേഹത്തിൻറെ സുഹൃത്തായ മദൻ ലാൽ ഡിംഗാര എന്നയാൾ ഒരു ബ്രിട്ടീഷ് ഓഫീസറായ കാഴ്‌സൺ വൈലിയേ വധിച്ചതിൽ സവർക്കറും നിരീക്ഷണത്തിലായിരുന്നു. ആ വർഷം തന്നെ അദ്ദേഹം നേതൃത്വം കൊടുക്കുന്ന സംഘടനയിലെ അംഗങ്ങൾ നാസിക്ക് കളക്റ്ററായിരുന്ന  ജാക്‌സണെക്കൂടീ കൊലപ്പെടുത്തിയതോടെ അദ്ദേഹത്തെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. 'അഭിനവ ഭാരത സംഘടന'യിലെ ഒരാൾക്ക് സവക്കർ തോക്ക് കൊടുത്തുവെന്നായിരുന്നു കേസ്. ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആരോപിച്ചു. വിചാരണ ഇന്ത്യയിൽ നടത്താനുള്ള കോടതി വിധി പ്രകാരം അദ്ദേഹത്തെ കപ്പൽ മാർഗം ഇന്ത്യയിൽ അയക്കുകയും ഇടയ്ക്ക് മര്‍സെലീസില്‍ കപ്പൽ എത്തിയപ്പോൾ അദ്ദേഹം കപ്പലിൽനിന്ന് രക്ഷപെടുകയുമുണ്ടായി. എന്നാൽ വീണ്ടും പിടിക്കപ്പെടുകയും ആൻഡമാൻ ജയിലിൽ അയക്കുകയും ചെയ്തു. അമ്പത് വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. 1921-ൽ ജയിൽ വിമുക്തനാക്കുകയും ചെയ്തു. ആൻഡമാനിൽ എണ്ണച്ചക്ക് വലിക്കുകയായിരുന്നു ജോലി. മറ്റുള്ളവർ ആട്ടുന്നതുപോലെ ഒരു നിശ്ചിത എണ്ണ ലഭിച്ചില്ലെങ്കിൽ മർദ്ദനവും ലഭിക്കുമായിരുന്നു.

സവർക്കർ അധികാരികളുടെ  ദയയ്ക്കായി ഒരു കത്ത് എഴുതി,  "1911-ൽ മറ്റുള്ള കുറ്റവാളികളോടൊപ്പം താൻ ഇവിടെ എത്തിയപ്പോൾ തന്നെ മാത്രം അപകടകാരിയായ ജയിൽപ്പുള്ളികൾക്കുള്ള 'ഡി' ഗണങ്ങളിൽ തരം തിരിച്ചു. മറ്റുള്ള കുറ്റവാളികളോട് ആ വിവേചനം  ഉണ്ടായിരുന്നില്ല. തന്നെ മാത്രം ഏകാന്തമായി ഒരു ഇരുട്ടുമുറിയിൽ ആറു മാസം അടച്ചിട്ടു. നല്ല നടപ്പുകാരനായി ആറുമാസവും ജയിലിനുള്ളിൽ കഴിഞ്ഞിട്ടും, മറ്റുള്ളവർ തന്നോടൊന്നിച്ച് ജയിലിൽ അടയ്ക്കപ്പെട്ടവരായിട്ടും താനൊഴിച്ച് ആറുമാസം കഴിഞ്ഞപ്പോൾ മറ്റെല്ലാവരെയും കുറ്റവിമുക്തരാക്കി പറഞ്ഞു വിട്ടു. സർ, അമ്പതു കൊല്ലം എനിക്ക് തന്ന ജയിൽ ശിക്ഷ ഞാൻ ഭയപ്പെടുന്നു. മറ്റുള്ള കുഴപ്പക്കാരും, കൂടുതൽ കുറ്റങ്ങൾ ചെയ്തവരും, വില്ലന്മാരുമായ കുറ്റവാളികളെ വിമുക്തരാക്കിയപ്പോൾ തന്റെ ജീവിതം മാത്രം എന്തുകൊണ്ടു പന്താടുന്നു? അത് തികച്ചും അനീതിയാണ്. 1906-1907-ൽ വിപ്ലവ പാതയിൽ താൻ എത്തിയ കാരണം ചിലർ അന്ന്  തെറ്റായി തന്നെ നയിച്ചതുകൊണ്ടായിരുന്നു. ഇന്ത്യ മുഴുവൻ അരാജകത്വത്തിലെന്നും രാജ്യം നശിക്കാൻ പോവുന്നുവെന്നും വിപ്ലവകാരികൾ തന്റെ മനസ്സിൽ കുത്തിനിറച്ചിരുന്നു". 'ദയാപൂർവം തന്നെ ജയിൽ വിമുക്തമാക്കുമെങ്കിൽ ബാക്കിയുള്ള കാലം ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും' ദയാ ഹർജിയിൽ എഴുതിയിരുന്നു.

മൂന്നു പ്രാവശ്യവും എഴുതിയ ദയാഹർജിയിൽ ഉത്തരങ്ങളൊന്നും ലഭിക്കാത്തതിനാൽ വീണ്ടും നാലാംപ്രാവിശ്യം അദ്ദേഹം എഴുതി, "വിദേശ രാജ്യത്തും രാജ്യത്തിനുള്ളിലും താൻ മൂലം അനേകർ സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്. അവരെല്ലാം തന്റെ നേതൃത്വത്തിനായി കാത്തു നിൽക്കുന്നു. അവരെയെല്ലാം ബ്രിട്ടീഷ് സർക്കാരിന്റെ സഹായികളായി മടക്കി കൊണ്ടുവരുകയും ചെയ്യാം. ബ്രിട്ടീഷ് സർക്കാരിനുവേണ്ടി ഏതു നിലവാരത്തിലും ജോലി ചെയ്യാനും തയ്യാറാണ്. തന്റെ മനഃസാക്ഷിയിൽനിന്നാണ് ഇതെല്ലാം പറയുന്നത്." 'മുടിയനായ ഒരു പുത്രൻ തന്റെ പിതൃഗൃഹത്തിലേക്ക് കാരുണ്യത്തിനായി മടങ്ങി വരുന്നുവെന്നു കരുതി ഈ ദയാഹർജി സ്വീകരിക്കണമെന്നും' അദ്ദേഹം അപേക്ഷിച്ചു.

1920-ൽ എഴുതിയ ഒരു കത്തിൽ അദ്ദേഹം വടക്കേ ഇന്ത്യയിൽ നിന്നുള്ള വർഗീയതയെ ചെറുക്കാൻ എല്ലാ ബുദ്ധിജീവികളും ബ്രിട്ടീഷ് സർക്കാരിനോട് സഹകരിക്കണമെന്നും ഇന്ത്യയുടെ താൽപ്പര്യത്തിന് അത് ആവശ്യമെന്നും നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. സവർക്കറിന്റെ പിന്നീടുള്ള കത്തുകൾ മുഴുവൻ ബ്രിട്ടീഷ് സാമ്രാജ്യത്തെ പുകഴ്ത്തുന്നതായിരുന്നു. 'തന്നിൽ നിന്ന് സുരക്ഷിത പ്രശ്നമാണ് ആഗ്രഹിക്കുന്നെങ്കിൽ താനൊരിക്കലും ബ്രിട്ടീഷ് സർക്കാറിനെതിരെ രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും'  പ്രതിജ്ഞ ചെയ്തു. പത്തു വർഷത്തോളം കാരുണ്യത്തിനായുള്ള തുടർച്ചയായ ദയാഹർജികൾക്കുശേഷം    1921-ൽ സവർക്കറിനെയും സഹോദരനെയും രത്ന ഗിരിയിലുള്ള ജയിലിലേക്ക് മാറ്റി.  രാഷ്ട്രീയത്തിൽ പ്രവർത്തിക്കില്ലെന്നുള്ള വ്യവസ്ഥയിലും രത്നഗിരി വിട്ടു പോവില്ലെന്ന വ്യവസ്ഥയിലും അദ്ദേഹത്തെ 1924-ൽ ജയിൽ വിമുക്തനാക്കുകയും ചെയ്തു. 1937 വരെ ആ നിയന്ത്രണമുണ്ടായിരുന്നു.

1924-ൽ ബ്രിട്ടീഷുകാർക്ക് കൂറ് പ്രഖ്യാപിച്ചുകൊണ്ട് സവർക്കർ കത്തെഴുതിയതും ബ്രിട്ടീഷ് സർക്കാരിനെ സേവിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തതും സ്വാതന്ത്ര്യ സമരത്തിൽ തുടർന്നും പങ്കുകൊള്ളാൻ അദ്ദേഹത്തിൻറെ നയതന്ത്രമായ അടവായിരുന്നുവെന്നു ചിലർ വാദിക്കുന്നു. എന്നാൽ പിന്നീടുളള ചരിത്രം മുഴുവൻ സവർക്കർ ബ്രിട്ടീഷുകാരോട് കൂറ് പുലർത്തിയുള്ളതായിരുന്നു. അങ്ങനെയുള്ള ഒരു മനുഷ്യനെ വീരനായി ചിത്രീകരിക്കുന്നതും തികച്ചും വിരോധാഭാസമെന്നെ പറയാൻ സാധിക്കുള്ളൂ. 1926-ലാണ് ബാരിസ്റ്റർ സവർക്കർ എന്ന പേരിൽ ചിത്രഗുപ്ത എന്ന എഴുത്തുകാരൻ ജീവചരിത്രം പ്രസിദ്ധീകരിച്ചത്. ആ പുസ്തകത്തിൽ ഒരു വീരനായകനായി സവർക്കറെ ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ സവർക്കറിന്റെ മരണശേഷം രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞു 1987-ൽ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. അതിലെ പ്രസാധകൻ ശ്രീ രവീന്ദ്ര രാംദാസ് ആമുഖത്തിലെഴുതിയിരിക്കുന്നത് 'ചിത്ര ഗുപ്ത' മറ്റാരുമല്ല അത് വീര സവർക്കർ തന്നെയെന്നാണ്. ആത്മകഥയെ മറ്റൊരു പേരിൽ ജീവചരിത്രമായി എഴുതി സ്വയം വീരപട്ടം നേടിയെന്നതും ഒരു പരാജിതനായ മനുഷ്യന്റെ നൈരാശ്യം നിറഞ്ഞ രോദനത്തിനുള്ള ഉദാഹരണമാണ്.

 സ്വയം തൂലികാനാമത്തിൽ എഴുതിയിരിക്കുന്ന പുസ്തകത്തിൽ സവർക്കർ ജന്മസിദ്ധമായ കഴിവുള്ളവൻ, സർവ്വരാലും ആരാധ്യൻ, രണവീരൻ, അതി സ്വഭാവ വൈശിഷ്ട്യമുള്ള ആദരണീയൻ, ദൃഢമായ മനസിന്റെ ഉടമ, ആർക്കും കീഴടക്കാൻ സാധിക്കാത്ത അജയ്യൻ, ചങ്കുറപ്പോടെ വലിയ കാര്യങ്ങൾ നേടിയെടുക്കുന്ന അതുല്യ വ്യക്തി എന്നിങ്ങനെ സ്വയം വിശേഷണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് തൂലിക നാമത്തിൽ എഴുതിയ സ്വയം വിശേഷണങ്ങൾ ജീവചരിത്രമായി പ്രസിദ്ധീകരിച്ചതും പരിഹാസകരമാണ്. സ്വാതന്ത്ര്യ സമരത്തിൽ ഇതിനേക്കാൾ കൊടും യാതനകൾ സഹിച്ചവരായവർ ആൻഡമാൻ ജയിലഴികളിൽ കിടന്ന് മരിച്ചിട്ടുണ്ട്. അവരുടെ ചരിത്രമൊന്നും പുറം ലോകം അറിഞ്ഞിട്ടില്ല. അതേ സമയം ജയിലിൽ കിടന്ന് സവർക്കർ മോചനം ലഭിക്കാൻ ഇന്ത്യൻ സ്വാത്രന്ത്ര്യത്തിനെതിരെ പ്രവർത്തിക്കുകയായിരുന്നു. കൊളോണിയൽ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ സമരത്തെ ഇദ്ദേഹം ചതിക്കുകയായിരുന്നു. ഒരു ദേശീയ വാദിക്കോ, രാജ്യസ്നേഹിക്കോ സവർക്കറിന്റെ വഞ്ചന ഒരിക്കലും പൊറുക്കാൻ സാധിക്കില്ല.

ജയിലിൽ കിടക്കുമ്പോൾ അദ്ദേഹം 'ഹിന്ദുത്വ' ആശയങ്ങൾ സംബന്ധിച്ച് പുസ്തകങ്ങൾ എഴുതിയിരുന്നു. വിപളവ പ്രസ്ഥാനങ്ങളിൽ പങ്കുകൊള്ളുകയില്ലെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തെ ജയിൽ വിമുക്തനാക്കിയത്. അദ്ദേഹം യാത്രകൾ നടത്തിയും ശക്തമായ പ്രസംഗങ്ങൾ ചെയ്തും, എഴുതിയും ഹിന്ദുക്കളിൽ രാഷ്ട്രീയ ഐക്യം സ്ഥാപിക്കാൻ ശ്രമിച്ചും സേവന നിരതനായി പ്രവർത്തിച്ചു കൊണ്ടിരുന്നു. ഹിന്ദു സംസ്ക്കാരത്തിൽ ജനിച്ച ജൈനന്മാരും ബുദ്ധന്മാരും ഹിന്ദുത്വയുടെ ഭാഗമായി കരുതിയിരുന്നു. യാത്രകൾ ചെയ്തും ഗംഭീരങ്ങളായ പ്രസംഗങ്ങൾ ചെയ്തും എഴുതിയും ഹിന്ദു ഐക്യമത്യത്തിനായി ശ്രമിച്ചു.  ഗാന്ധിയുടെ 1942 ക്വിറ്റ് ഇന്ത്യയെ എതിർത്തു. അദ്ദേഹം  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ വിമർശകനായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ സവർക്കരുടെ മനസ്സിൽ വർഗീയത കടന്നുകൂടിയെങ്കിലും 'ഹിന്ദുത്വ' എന്ന ചിന്തകൾ മനസ്സിൽ വീശിയത് ഇരുപതാം വയസുമുതലാണ്. ആദ്യകാലങ്ങളിൽ എഴുതിയിരുന്നത് ബ്രിട്ടീഷുകാർക്കെതിരായ സമരങ്ങളെല്ലാം ക്രിസ്ത്യാനികൾക്കെതിരെയുള്ള സമരങ്ങളായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തോടൊപ്പം ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ആക്രമിക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. സ്വയം പരാജിതനായ സവർക്കർ അവസാന ജയിൽവാസ  നാളുകളിൽ ഹിന്ദുത്വയുടെ പ്രവാചകനായി മാറി. ഹിന്ദുത്വയുടെ ആശയങ്ങൾ ക്രോഡീകരിച്ചുകൊണ്ട്  1923 ലും 1928 ലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിൻറെ ആശയങ്ങളുമായി മുമ്പോട്ട് പോവുന്നതിൽ ബ്രിട്ടീഷുകാരുടെ പിന്തുണയുമുണ്ടായിരുന്നു. ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം മല്ലിട്ടു ജീവിക്കാൻ അവർ ആഗ്രഹിച്ചിരുന്നു. അങ്ങനെ കൊളോണിയൽ ഭരണം സുഗമമായി കൊണ്ടുപോവാനും സാധിക്കുമായിരുന്നു.

ഹിന്ദുത്വ തത്ത്വങ്ങൾ സനാതന ധർമ്മമായി വ്യത്യാസമുണ്ടെങ്കിലും ഭാരതത്തിൽ വസിക്കുന്ന മുസ്ലിമുകളും ക്രിസ്ത്യാനികളും ഹിന്ദു സംസ്ക്കാരവും ആചാരരീതികളും സ്വീകരിക്കണമെന്ന ചിന്താഗതിയായിരുന്നു സവർക്കറിനുണ്ടായിരുന്നത്. മുസ്ലിമുകൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുത്വ സംസ്ക്കാരമുണ്ടെങ്കിലും ഈ രണ്ടു മതങ്ങളും ഇന്ത്യ അവരുടെ പുണ്യ ഭൂമിയായി കാണുന്നില്ലെന്നായിരുന്നു  വാദം. സവർക്കർ പറഞ്ഞിരുന്നു, "മുസ്ലിമുകൾക്ക് ഭാരതത്തേക്കാൾ പ്രിയം അവരുടെ പുണ്യഭുമിയായ മെക്കായോടും അവരുടെ പ്രവാചകന്മാരോടുമാണ്. മുസ്ലിമുകൾക്ക് പാക്കിസ്താനികളോ അഫ്‌ഗാനിസ്ഥാനികളോ ആകാൻ കഴിയില്ല. കാരണം അവർക്ക് താൽപ്പര്യം സൗദി അറേബിയാ മാത്രമാണ്. മുസ്ലിമുകളുടെ പുണ്യ നഗരങ്ങളായ മെക്കായും മദീനയും അവരുടേതായ രാജ്യത്താണ്".

1920 നു മുമ്പുമുതൽ തുടങ്ങിയ സവർക്കറിന്റെ ഹിന്ദുത്വ ആശയങ്ങൾ സ്വാതന്ത്ര്യ സമ്പാദനത്തിനുള്ള തടസങ്ങൾക്കു സഹായകരമായിരുന്നു. അത് ബ്രിട്ടീഷുകാർ അഭിനന്ദിക്കുകയും വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ജയിൽ മോചിതനായ സവർക്കറിന് കൊളോണിയൽ സർക്കാർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതു നിരോധിച്ചിരുന്നെങ്കിലും ഹിന്ദുത്വയുടെ രത്ന ഗിരി മഹാസഭയിൽ  പ്രവർത്തിക്കുന്നതിനു എതിരില്ലായിരുന്നു. ഇന്ന് 'ഘർവാപസി'യെന്നു പറയുന്നത് ഇതേ സംഘടനയാണ്. മുസ്ലിമുകളുടെ മോസ്‌ക്കിൽ പ്രാർത്ഥനയുടെ സമയത്ത് മോസ്‌ക്കിന്റെ മുമ്പിൽ പാട്ടു വെക്കുകയെന്നതും ഇവരുടെ ഹോബിയായിരുന്നു. ഹിന്ദുത്വയുടെ സ്ഥാപക നേതാവായ കെ.ബി. ഹെഡ്‌ജുവറുമായി  (K.B. Hedgewar) സവർക്കർ പരസ്പ്പരം ചർച്ച നടത്തുന്നതിലും ബ്രിട്ടീഷ് സർക്കാർ എതിർത്തിരുന്നില്ല. അവർ കൂടുതലും ചർച്ച ചെയ്തിരുന്നത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്ന കാര്യത്തിലായിരുന്നു.

സവർക്കറും മുസ്ലിം ലീഗുമായി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആദ്യകാലങ്ങളിൽ സഹകരണ മുണ്ടായിരുന്നെകിലും മുസ്ലിമുകളാണ് ഹിന്ദുത്വയുടെ ഒന്നാം ശത്രുക്കളെന്നും ബ്രിട്ടീഷുകാർ അല്ലായെന്നും സവർക്കർ കൂടെ കൂടെ പറഞ്ഞിരുന്നു. ക്വിറ്റ് ഇന്ത്യ കാലത്ത് കോൺഗ്രസ്സ് നേതാക്കൾ ജയിലിൽ കിടന്ന സമയം ഹിന്ദുത്വയും സവർക്കരിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭയും സിൻഡിലും ബംഗാളിലും ബ്രിട്ടീഷുകാരോടൊത്തു ഭരണങ്ങളിൽ സഹകരിച്ചും സഹായിക്കുന്നുമുണ്ടായിരുന്നു. മുസ്ലിമുകൾ ചിന്തിക്കാൻ തുടങ്ങുന്നതിനു പതിനാറു വർഷം മുമ്പുതന്നെ ഇന്ത്യ പാക്കിസ്ഥാൻ ഇരു രാഷ്ട്ര തീയറി സവർക്കർ അവതരിപ്പിച്ചിരുന്നു. പിന്നീട് ഇന്ത്യ രണ്ടായി വിഭജിക്കുകയും ചെയ്തു. കാലക്രമേണ ഇന്ത്യ രണ്ടായി വിഭജിച്ചപ്പോൾ പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞതിൽ സവർക്കർ ഗാന്ധിയെ കുറ്റപ്പെടുത്താൻ തുടങ്ങി. സ്വന്തം അനുയായികളുടെ ഇടയിൽ ഗാന്ധിജിയെപ്പറ്റി വെറുപ്പുണ്ടാക്കിക്കൊണ്ടിരുന്നു. അതുമൂലം സവർക്കറിൻറെ അടുത്ത ആരാധകനായ നഥുറാം ഗോഡ്സെയ്ക്ക് ഗാന്ധിയെ വധിക്കാനുള്ള പ്രചോദനവുമുണ്ടായി.

1925 സെപ്റ്റംബർ മാസത്തിലെ ഹിന്ദുത്വയുടെ ഒരു സൗഹാർദ സമ്മേളന ശേഷം ഹെഡ്‌ജുവർ (K.B. Hedgewar) ആർ.എസ്.എസ് സംഘടന സ്ഥാപിച്ചു. ബ്രിട്ടീഷുകാരുടെ അടിമയായ സവർക്കർ ആ സംഘടനയുടെ തീവ്ര പ്രവർത്തകനുമായിരുന്നു. ബ്രിട്ടീഷുകാർ അന്നത്തെ ഹിന്ദു രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ഹിന്ദു വർഗീയ വാദികളുടെ വളർച്ച കൊളോണിയൽ ഭരണത്തിന് ആവശ്യമായിരുന്നതിനാൽ ഹിന്ദുത്വയുടെ പ്രവത്തനങ്ങളിൽ സർക്കാരിന്  തടസങ്ങളുണ്ടായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിമുകളും വിഭജിച്ചു നിൽക്കുകയെന്നതും അവരുടെ നയമായിരുന്നു. 1937-ൽ സവർക്കറിനെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധം വന്നപ്പോൾ കൊളോണിയൽ ഇന്ത്യയും ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാമെന്ന വ്യവസ്ഥയിൽ കോൺഗ്രസ്സ് കൊളോണിയൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദു മഹാസഭയുടെ പ്രസിഡന്റെന്ന നിലയിൽ സവർക്കരും ബ്രിട്ടീഷ് വൈസ്രോയി ലിൻലീതഗൗവിനെ (Linlithgow) കണ്ടിരുന്നു.

ജയിൽവാസം കഴിഞ്ഞശേഷമുള്ള പുതിയ സാഹചര്യത്തിൽ സവർക്കർ പറഞ്ഞു, "ബ്രിട്ടീഷ് രാജഭരണം ഹിന്ദുക്കളെ അനുഭാവപൂർവം പരിഗണിക്കുന്നു. ഹിന്ദുക്കളുടെ പിന്തുണയും ആഗ്രഹിക്കുന്നു. നമ്മുടെ താൽപ്പര്യവും അത് തന്നെയാണ്. അതുകൊണ്ടു ബ്രിട്ടീഷ് സർക്കാരുമായി നമ്മൾ സഹകരണത്തോടെ പ്രവർത്തിക്കണം. ഹിന്ദുമത തത്ത്വങ്ങളിൽ അധിഷ്ഠിതമായ ആശയങ്ങളിൽ നമ്മോടൊത്ത് സർക്കാർ പ്രവർത്തിക്കുന്നുണ്ട്.  ഗ്രേറ്റ് ബ്രിട്ടനും ഹിന്ദുക്കളും തമ്മിൽ സഹവർത്തിത്വമാർജിച്ചുകൊണ്ടു ഒത്തൊരുമയോടെ ബ്രിട്ടീഷ് ഭരണത്തിന് ശക്തി നൽകണം.  ഇനിമേൽ ആ രാജ്യവുമായി ഹിന്ദുക്കൾക്ക് ശത്രുതയുണ്ടായിരിക്കില്ല."

മഹാത്മാ ഗാന്ധി സത്യാഗ്രഹം നടത്തിയിരുന്ന നാളുകളിൽ സവർക്കർ യുവാക്കളോട് ബ്രിട്ടീഷ് പട്ടാളത്തിൽ ചേരാൻ പ്രോത്സാഹനം നൽകുകയായിരുന്നു. 1941-ൽ ബോസിന്റെ പട്ടാളം ജപ്പാന്റെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിക്കാനുള്ള പദ്ധതികളിട്ടിരുന്നു. ആ സമയം ഭഗൽപൂരിൽ നടന്ന 1941-ലെ സമ്മേളനത്തിൽ ഹിന്ദുക്കൾ ഒരു നിമിഷം പോലും കളയാതെ ബ്രിട്ടന്റെ ശത്രുക്കളോട് പോരാടണമെന്നായിരുന്നു സവർക്കർ ആഹ്വാനം ചെയ്തത്. ബ്രിട്ടന്റെ കമാണ്ടർ സവർക്കറിനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 1942-ൽ ഇന്ത്യ വിടുക (ക്യുറ്റ് ഇന്ത്യ) വിപ്ലവങ്ങളിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളുണ്ടായിരുന്നു.  ഗാന്ധിജിയുടെ പ്രകടനങ്ങൾ നേരിടാൻ സവർക്കർ ഹിന്ദു പട്ടാളക്കാരോട് ആജ്ഞകൾ നൽകി.

സുബാഷ് ബോസ് അക്കാലങ്ങളിൽ ജർമ്മനിയിൽ വന്നു ഐ.എൻ.ഐ പട്ടാളത്തെ സംഘടിപ്പിക്കുകയായിരുന്നു. സവർക്കർ ബ്രിട്ടീഷ് പട്ടാളത്തോടു ഒത്തു ചേർന്ന് പ്രവർത്തിക്കുക മാത്രമല്ല ബ്രിട്ടീഷ് പട്ടാളത്തിനുവേണ്ടി ഹിന്ദു യുവാക്കളെ റിക്രൂട്ട് ചെയ്തുകൊണ്ടുമിരുന്നു. കിഴക്കുള്ള സ്ഥലങ്ങളിൽ ബോസിന്റെ ഐ.എൻ.എ പട്ടാളമെന്നു കരുതുന്നവരെ വധിക്കാനും ആജ്ഞ കൊടുത്തിരുന്നു. ഒരു വർഷം കൊണ്ടു സവർക്കർ ബ്രിട്ടീഷ് പട്ടാളത്തിനുവേണ്ടി ഒരു ലക്ഷം ഹിന്ദു മഹാസഭക്കാരെ റിക്രൂട്ട് ചെയ്തിരുന്നു.

ബ്രിട്ടീഷ് പട്ടാളം സവർക്കറും ഹിന്ദു മഹാസഭയുമായി യോജിച്ചെങ്കിലും സുബാഷ് ബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയെ അവർക്കു പരാജയപ്പെടുത്താൻ സാധിച്ചെങ്കിലും പിന്നീട് റെഡ്‌ഫോർട്ടിൽ ഐ.എൻ.ഐ പട്ടാളക്കാരെ പരസ്യമായി വിസ്തരിക്കാനുള്ള തീരുമാനം ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന ഇന്ത്യൻ പട്ടാളത്തിൽ ധാർമ്മിക രോഷം ഉയർത്താൻ ഇടയാക്കി. 1946-ൽ അത് കൊളോണിയൽ നേവിയിൽ പട്ടാള ഇടർച്ചയ്ക്കും കാരണമായി. വിസ്താരങ്ങൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ ബ്രിട്ടീഷുകാർക്ക് ഭരണം അവസാനിപ്പിച്ചു ഇന്ത്യ വിടേണ്ടി വന്നു.

1966 ഫെബ്രുവരി ഇരുപത്തിയാറാം തിയതി സംഭവബഹുലമായ ഒരു ജീവിതത്തിന് അന്ത്യം കുറിച്ചുകൊണ്ട് 'വിനായക ദാമോദർ സവർക്കർ' ലോകത്തോട് യാത്ര പറഞ്ഞു. സവർക്കരുടെ രാഷ്ട്രീയ ചരിത്രം ഇടതും വലതുമായ രാഷ്ട്രീയ ചിന്തകരുടെയിടയിൽ ഇന്നും വിവാദപരമായി തന്നെ തുടരുന്നു. അദ്ദേഹം എന്തെങ്കിലും രാഷ്ട്രത്തിനായി ചെയ്തിട്ടുണ്ടെങ്കിൽ ഭൂരിഭാഗം ജനതയും രാഷ്ട്രീയ പാർട്ടികളും അദ്ദേഹത്തെ മനസിലാക്കാതെ പോയതു ദൗർഭാഗ്യകരമെന്നും ചിന്തിക്കണം. അദ്ദേഹം ആരെന്നുള്ളത്,  നീണ്ടകാലം ഇന്ത്യ ഭരിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയുടെ കണ്ണിൽപ്പെടാതെ പോയതുമാവാം കാരണം. അദ്ദേഹം എഴുതിയ സാഹിത്യ കൃതികൾ കൂടുതലും മറാത്തിയിലായിരുന്നതുകൊണ്ട് മഹാരാഷ്ട്രക്ക് പുറത്തുള്ളവർക്ക് അദ്ദേഹത്തെപ്പറ്റി നേരാം വണ്ണം പഠിക്കാൻ സാധിച്ചിട്ടില്ല. മഹാത്മാഗാന്ധി വിരോധി എന്ന ലേബലും സത്യമായിരിക്കണമെന്നില്ല. സവർക്കറിനെപ്പോലെ വില്ലനായി ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു സ്വാതന്ത്ര്യ സമരയോദ്ധാവ് ഇന്ത്യയുടെ ചരിത്രത്തിൽ ചൂണ്ടി കാണിക്കാൻ സാധിക്കില്ല. അതിനുള്ള കാരണങ്ങൾ അദ്ദേഹത്തിൻറെ സമര തന്ത്രങ്ങൾ, ഹിന്ദുത്വ ആശയങ്ങൾ, ഗാന്ധിജിയുമായുള്ള ആശയവിത്യാസങ്ങൾ എന്നിവകളായിരുന്നു. 



Standing: Shankar Kistaiya, Gopal Godse, Madanlal Pahwa, Digambar Badge. Sitting: Narayan Apte, Vinayak D. Savarkar, Nathuram Godse, Vishnu Karkare



The family man: Savarkar (right) with his brothers Ganesh, aka Babarao (centre), and Narayan.

Tuesday, October 3, 2017

തൂക്കുമരം കണ്ട കർദ്ദിനാൾ സിമോണിയും നാസ്തിക വിസ്പോടനങ്ങളും





ജോസഫ് പടന്നമാക്കൽ

2014ൽ ഫ്രാൻസിസ് മാർപ്പാപ്പ അൽബേനിയായിലെ 'ടിറാൻ' സന്ദർശിച്ചപ്പോൾ പുതിയതായി കർദ്ദിനാളായി തിരഞ്ഞെടുത്ത ഏണസ്റ്റ് സിമോണി (Ernest Simoni) അനുഭവിച്ച കൊടും യാതനകളുടെ കഥകൾ അന്നൊരു സമ്മേളനത്തിൽ വെച്ച് കേട്ടിരുന്നു. കമ്മ്യുണിസ്റ്റ് സ്റ്റാലിനിസ്റ്റ് പ്രത്യായ ശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ഭരണകൂടത്തിന്റ കൊടും ക്രൂരതകൾ അനുഭവിച്ച ഒരു അൽബേനിയൻ പുരോഹിതന്റെ ഹൃദയസ്പർശിയായ വാക്കുകൾ ഫ്രാൻസിസ് മാർപ്പാപ്പയുടെ കണ്ണുകളെ ഈറനാക്കിയിരുന്നു. യാതനകളിൽക്കൂടിയാണ് ഇന്ന് വൃദ്ധനായ ആ അൽബേനിയൻ പുരോഹിതൻ തന്റെ  ജീവിതം മുഴുവൻ തള്ളി നീക്കിയത്. പതിറ്റാണ്ടുകൾ അദ്ദേഹത്തെ തടവറകൾക്കുള്ളിൽ  കമ്മ്യുണിസ്റ്റധികാരികൾ പീഡിപ്പിച്ചിരുന്നു. നീണ്ട പതിനെട്ടു വർഷം നിർബന്ധിത കഠിന ജോലി ചെയ്യേണ്ടി വന്നു. അന്നത്തെ അധികാര വർഗത്തിന്റെ പൈശാചിക മനുഷ്യവേട്ട ലോകമാകമാനമുള്ള ജനതകളെ ഞെട്ടിച്ചിരുന്നു. വത്തിക്കാൻ 2017 നവംബർ പത്തൊമ്പതാം തിയതി പതിനേഴ് കർദ്ദിനാൾമാരെ വാഴിക്കുന്നുണ്ട്. അവരിൽ മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ പതിമ്മൂന്ന് പേർക്കേ കഴിയുകയുള്ളൂ. കർദ്ദിനാളായി തീരുമാനിച്ച ഏണസ്റ്റ് സിമോണിയ്ക്ക്  എൺപത് വയസ്സ് കഴിഞ്ഞതിനാൽ അദ്ദേഹത്തിന് മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന സമയം വോട്ടവകാശം ഉണ്ടായിരിക്കില്ല.

എൺപതു വയസിൽ കൂടുതൽ പ്രായമുള്ള നാലു പേരിൽ തിരഞ്ഞെടുത്ത കർദ്ദിനാൾ സിമോണിയ്ക്ക്  ഒക്ടോബർ പതിനെട്ടാം തിയതി എൺപത്തിയെട്ടു വയസു തികഞ്ഞു. വത്തിക്കാൻ റേഡിയോ അദ്ദേഹത്തെ കർദ്ദിനാളായി വാഴ്ത്തുന്നുവെന്ന വാർത്ത അറിയിച്ചപ്പോൾ അത് ശ്രദ്ധിച്ചുകൊണ്ടിരുന്ന സിമോണിയെ  സംബന്ധിച്ച് വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹം പറഞ്ഞു, 'പോപ്പിന്റെ വാക്കുകൾ വത്തിക്കാൻ റേഡിയോവിൽ കൂടി ശ്രവിച്ചപ്പോൾ എന്നെ സംബന്ധിച്ച് അത് വലിയൊരു വിസ്മയമായിരുന്നു. അങ്ങനെയൊന്ന് ജീവിതത്തിൽ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല.' 'ഒരു സാധുവായ മിഷിണറിക്ക് ഇങ്ങനെ അനുഗ്രഹം കിട്ടിയത് ദൈവത്തിന്റെ കൃപകൊണ്ടെന്നും' കർദ്ദിനാൾ വിശ്വസിക്കുന്നു. ലോകം മുഴുവൻ നന്മ പ്രദാനം ചെയ്യട്ടെയെന്നും അദ്ദേഹം  പറഞ്ഞു.

അൽബേനിയായിലുള്ള ട്രോഷണി (Troshani, Albania) എന്ന പട്ടണത്തിൽ 1928 ഒക്ടോബർ ഇരുപത്തിയെട്ടാം തിയതി സിമോണി ജനിച്ചു. ഒരു ദരിദ്ര കുടുംബത്തിലാണ്  വളർന്നത്.  കുഞ്ഞായിരുന്നപ്പോൾ മുതൽ  അദ്ദേഹത്തിന് പുരോഹിതനാകാനുള്ള മോഹമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് സമീപത്തുള്ള പള്ളിയിൽ കൈക്കാരനായും പ്രാർത്ഥനയുമായും കുർബാനയിൽ പുരോഹിതരെ സഹായിച്ചും മുഴുവൻ ദിവസവും പള്ളി പ്രവർത്തനങ്ങളും കുട്ടികളെ വേദപാഠം പഠിപ്പിക്കലുമായി കഴിഞ്ഞിരുന്നു. പിതാവിന്റെ ദൈവിക ഭക്തിയും പള്ളി ഭക്തിയും  കണ്ടു വളർന്ന ബാലനായ സിമോണിൽ ഒരു പുരോഹിതനാകാനുള്ള മോഹം ദൃഢമായിക്കൊണ്ടിരുന്നു. പത്താം വയസ്സിൽ ഫ്രാൻസിസ്‌ക്കൻ സെമിനാരി സ്‌കൂളിൽ വിദ്യാഭ്യാസവും അതിനുശേഷം മൈനർ സെമിനാരിയിൽ വൈദിക പഠനവും ആരംഭിച്ചു. റക്ഷ്യയുടെ ഏകാധിപതിയായിരുന്ന സ്റ്റാലിന്റെ അതേ നയം ഉൾക്കൊണ്ടിരുന്ന 'എൻവർ ഹോക്‌സാ' (Enver Hoxha) 1944-ൽ അധികാരം ഏൽക്കുന്നവരെ സിമോണി തന്റെ സെമിനാരി പഠനം തുടർന്നു. സഭയുടെ വക സെമിനാരികളും പള്ളികളും അടച്ചുപൂട്ടാൻ ഒരു നിയമം 'എൻവറെന്ന'  ഈ  ഏകാധിപതിയുടെ കാലത്ത് നടപ്പാക്കിയിരുന്നു. രാജ്യത്തുള്ള എല്ലാ മതങ്ങളും തുടച്ചു നീക്കാൻ  ആജ്ഞാപനവും ഉണ്ടായിരുന്നു.

സെമിനാരി നിർത്തൽ ചെയ്യുന്നതുവരെ സിമോണി അതേ സെമിനാരിയിൽ തന്നെ പത്തുകൊല്ലം പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൊഫസ്സർമാർ ഭൂരിഭാഗവും ജർമ്മൻകാരും ഓസ്ട്രിയാക്കാരുമായതുകൊണ്ട് അവരുടെ സംസ്‌കാരവുമായി ഒത്തുചേർന്നായിരുന്നു വളർന്നത്. 'സെമിനാരിയൻ' എന്ന നിലയിൽ അന്നുണ്ടായിരുന്ന ബിഷപ്പ് അദ്ദേഹത്തെ കമ്മ്യുണിസ്റ്റുകാർ എത്താത്ത ഒരു ഗ്രാമപ്രദേശത്ത് അയച്ചു. മതങ്ങൾ നിരോധിച്ചുകൊണ്ടുള്ള മിലിറ്ററി ഭരണത്തിന്റെ കർശന നിയമം മൂലം ഒളിവു സങ്കേതങ്ങളിൽ ഇരുന്നുകൊണ്ടു സൈമൺ വൈദിക പഠനം തുടർന്നു.സ്റ്റാലിൻ അക്കാലത്ത് പടിഞ്ഞാറൻ രാജ്യങ്ങളുമായി ശീതസമരം പ്രഖ്യാപിച്ച നാളുകളായിരുന്നു. സിമോണിയുടെ തത്ത്വശാസ്ത്ര പഠനശേഷം അദ്ദേഹത്തിന് നിർബന്ധിത മിലിറ്ററി സേവനത്തിന് പോവേണ്ടി വന്നു. മിലിറ്ററി സേവന ശേഷം അദ്ദേഹം രൂപതവക സെമിനാരിയിലെ ദൈവശാസ്ത്രം പഠിക്കാനാരംഭിച്ചു.

1956 ഏപ്രിൽ ഏഴാംതീയതി ഫാദർ സിമോണി പുരോഹിതനായി ആദ്യത്തെ കുർബാന അർപ്പിച്ചു. അദ്ദേഹത്തിൻറെ ആദ്യത്തെ പ്രേഷിത ജോലി ഷിക്കോഡെറോ (Shkoder൦)എന്ന സ്ഥലത്തായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു യുവാവായ പുരോഹിതനെ അറസ്റ്റ് ചെയ്ത ഒഴിവിലാണ് അദ്ദേഹത്തെ നിയമിച്ചത്. അവിടെ സേവനം ചെയ്തിരുന്ന കാലത്താണ് സിമോണി കമ്യുണിസ്റ്റുകാരുടെ നോട്ടപ്പുള്ളിയായത്. അൾത്താരയിൽ അദ്ദേഹത്തെ സഹായിക്കാൻ അനേകം ചെറിയ കുട്ടികളുമുണ്ടായിരുന്നു. അദ്ദേഹം കാർമ്മികനായി കുർബാന അർപ്പിക്കുന്ന സമയങ്ങളിൽ പള്ളി നിറയെ ജനവും സംബന്ധിച്ചിരുന്നു. നാസ്തികത്വത്തിൽ വിശ്വസിച്ചിരുന്ന രാജ്യം 1960 ആയപ്പോൾ ദൈവിക വിശ്വാസികൾക്കെതിരെ ശക്തമായ യുദ്ധവും പ്രഖ്യാപിച്ചിരുന്നു.

അക്കാലത്ത് ഫാദർ സിമോണിയോടു  കമ്മ്യുണിസ്റ്റുകാർ ചോദിക്കുമായിരുന്നു, 'നിങ്ങൾക്ക് ജനങ്ങളെ ദൈവത്തിന്റെ അസ്തിത്വപ്പറ്റി കള്ളം പറഞ്ഞുകൊണ്ട് എത്രനാൾ ചതിക്കാൻ സാധിക്കും'? "സഭ  രണ്ടായിരം കൊല്ലമായി ഉള്ളതാണ്; ആത്മാക്കളെ രക്ഷിക്കുക എന്നതാണ് സഭയുടെ ലക്ഷ്യം; നിങ്ങളുടെയും ആത്മാവിനെ രക്ഷിക്കാൻ സഭ നിലകൊള്ളുന്നുവെന്ന്" അദ്ദേഹം മറുപടി പറയുമായിരുന്നു. ഫാദർ സിമോണിയുടെ  ഇത്തരമുള്ള വാദങ്ങൾ കമ്മ്യുണിസ്റ്റുകാരെ പ്രകോപിപ്പിക്കുകയും അദ്ദേഹം അവരുടെ പാർട്ടിക്ക് ഒരു ഭീക്ഷണിയാവുന്ന തോന്നലുകൾ ഉണ്ടാവുകയും ചെയ്തു. സർക്കാരിനെതിരെ പ്രസ്താവനകളിറക്കുന്നതിനു പ്രേരിപ്പിക്കാൻ കമ്മ്യുണിസ്റ്റുകാർ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കു പണം നൽകിയിരുന്നു. വരാൻ പോവുന്ന വിപത്തിലും അവരുടെ ചതിയിലും സിമോണി ബോധവാനായിരുന്നു.

1944-ൽ കമ്മ്യുണിസം അൽബേനിയായിൽ പ്രാബല്യത്തിൽ വരുകയും കത്തോലിക്കാ സഭയെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യാനുള്ള പ്രയത്‌നങ്ങൾ ആരംഭിക്കുകയും ചെയ്തു. അല്ബേനിയായെ പൂർണ്ണമായും നിരീശ്വര വാദികളുടെ ആദ്യത്തെ രാജ്യമായി വിളംബരം ചെയ്തു. പുരോഹിതരെ നശിപ്പിക്കാതെ നിരീശ്വര വാദം വിജയിക്കാൻ സാധിക്കില്ലെന്നായിരുന്നു ഭരണാധികാരികൾ ചിന്തിച്ചിരുന്നത്. 1945-ലാണ് പുരോഹിതർക്കെതിരായുള്ള യുദ്ധം ആരംഭിച്ചത്. ഫ്രാൻസിസ്‌ക്കൻ പ്രൊഫസർമാരായ അനേകം പുരോഹിതരെ തോക്കുധാരികളായ പട്ടാളക്കാർ വെടിവെച്ചു കൊന്നു.

പതിനാലാം നൂറ്റാണ്ടുമുതൽ സഭയ്‌ക്കെതിരായ പീഡനം ഓട്ടോമൻ സാമ്രാജ്യമാണ് തുടങ്ങി വെച്ചത്.  അതിക്രൂരമായ പീഡനങ്ങളും ആക്രമണങ്ങളും വഴിയാണ് അൽബേനിയായെ കീഴ്പ്പെടുത്തിയത്. അൽബേനിയായിൽ ഇന്ന് ഭൂരിഭാഗവും മുസ്ലിം ജനതയാണ്. എന്നാൽ മറ്റുള്ള ബാൽക്കിൻ രാജ്യങ്ങളിലെല്ലാം ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. 1912-ൽ അൽബേനിയാ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നും വേറിട്ടു സ്വതന്ത്രമായ ശേഷം കത്തോലിക്കരുടെ എണ്ണം അവിടെ ഗണ്യമായി കുറഞ്ഞിരുന്നു. കത്തോലിക്കർ അൽബേനിയായുടെ മൊത്തം ജനസംഖ്യയുടെ ഇരുപതു ശതമാനം വരും. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫാസിസ്റ് ഇറ്റലി അൽബേനിയായെ കീഴ്പ്പെടുത്തി. ഇറ്റലിയുടെ ഭാഗമായി ചേർക്കുകയും ചെയ്തു. എന്നാൽ ഇറ്റലിക്ക് അധിക കാലം ആ രാജ്യം കൈവശം വെക്കുവാൻ സാധിച്ചില്ല.

സോവിയറ്റ് യൂണിയന്റെ ബാൽക്കൻസിലുള്ള നാസികൾക്കെതിരെയുള്ള തുടർച്ചയായ യുദ്ധ വിജയത്തിൽ അൽബേനിയൻ കമ്മ്യുണിസ്റ്റുകാർ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു.  അൽബേനിയൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാവായ 'എൻവർ ഹോക്സ' (Enver Hoxha) ഭരണാധികാരിയായി. രാജ്യത്തുള്ള പൗര സ്വാതന്ത്ര്യം ഇല്ലാതാക്കി. മതം രാജ്യത്തിന്റെ ശത്രുവായി പ്രഖ്യാപിച്ചു. അന്നുവരേയും മുസ്ലിമുകളും കത്തോലിക്കരും ഓർത്തോഡോക്സുകാരും സമാധാനപരമായി അവിടെ കഴിഞ്ഞിരുന്നു. ഹോക്സയുടെ ഭരണം 1944 മുതൽ അദ്ദേഹം മരിക്കുന്ന 1985 വരെ തുടർന്നിരുന്നു. അയാൾക്ക് ഏറ്റവും വിരോധം കത്തോലിക്കാ സഭയോടായിരുന്നു. വത്തിക്കാനെ ഒരു ഫാസിസ്റ്റായും കമ്മ്യുണിസ്റ്റ് വിരോധിയായും കണ്ടതായിരുന്നു കാരണം.

ചൈനായുടെ സാംസ്ക്കാരിക വിപ്ലവ വിജയത്തിനുശേഷം 'ഹോക്സേ', മാവോയുടെ ആശയങ്ങൾ പിന്തുടർന്നിരുന്നു. ഹോക്സേ അദ്ദേഹത്തിൻറെ രീതിയിൽ മറ്റൊരു സാംസ്ക്കാരിക വിപ്ലവം നടപ്പാക്കി. 1967-ൽ അൽബേനിയ ലോകത്തിലെ ആദ്യത്തെ നിരീശ്വര രാജ്യമായി പ്രഖ്യാപിച്ചു. പീഡനങ്ങൾ,  കാരാഗ്രഹ വാസം, രാജ്യത്തിൽ നിന്ന് പുറത്താക്കൽ, വധശിക്ഷ എന്നിവകൾ കമ്മ്യുണിസ്റ്റ് അൽബേനിയായിൽ നിത്യ സംഭവങ്ങളായി മാറി. ആരെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയോ ഭരണത്തിനെതിരെയോ വിമർശിച്ചാൽ മരണ ശിക്ഷവരെ നൽകിയിരുന്നു. കത്തോലിക്കാ വിശ്വാസം പുലർത്തുന്നവർക്ക് വത്തിക്കാനുമായി ബന്ധമില്ലാത്ത സ്റ്റേറ്റുവക പള്ളികൾ രാജ്യമെങ്ങും സ്ഥാപിച്ചു. പുരോഹിതർക്കും ബിഷപ്പുമാർക്കും കഠിന ശിക്ഷകൾ നൽകിയിരുന്നു. സർക്കാരിന്റെ മത സംവിധാനങ്ങളെ എതിർക്കുന്നവർക്കും ശിക്ഷകൾ കൊടുത്തിരുന്നു.

1963-ൽ ക്രിസ്തുമസ് ദിവസം ഫാദർ സിമോണിയെ   അറസ്റ്റ് ചെയ്യാനുള്ള വാറൻറ് ലഭിച്ചു. ജോൺ എഫ് കെന്നഡിയുടെ ആത്മാവിനു വേണ്ടി അന്ന് പാതിരാ കുർബാന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പോലീസ് വന്ന് രാത്രിയിൽതന്നെ അദ്ദേഹത്തിൻറെ കൈകളിൽ ചങ്ങലയിട്ടു. സർക്കാരിനെതിരെ ഗുഡാലോചന നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. തെളിവുകൾ കിട്ടുമെന്ന് മോഹിച്ചുകൊണ്ടു ജഡ്ജി അദ്ദേഹത്തോട് "താങ്കൾ ജനങ്ങളോട് ക്രിസ്തുവിനുവേണ്ടി മരിക്കാൻ തയ്യാറാകുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചു. "ശത്രുക്കളെ സ്നേഹിക്കാനും ക്ഷമിക്കാനുമാണ് യേശു  പഠിപ്പിച്ചത്" എന്ന് ജഡ്ജി മുമ്പാകെ മറുപടി നൽകി.

പട്ടാളക്കോടതി അദ്ദേഹത്തെ വെടി വെച്ചുകൊല്ലാൻ ഉത്തരവും കൊടുത്തു. ക്രൂരമായി മർദ്ദിക്കുകയും മൂന്നു മാസം ഏകാന്ത തടവിലിടുകയും ചെയ്തു. പള്ളി ഉപേക്ഷിക്കാനുള്ള സമ്മർദത്തിന് വഴിപ്പെടാത്തതിനാൽ മനുഷ്യത്വ രഹിതമായ എല്ലാ മൃഗീയ പീഡനങ്ങൾക്കും ഇരയാകേണ്ടി വന്നു. അദ്ദേഹത്തെ സ്വതന്ത്രനാക്കിയെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. പതിനെട്ടു വർഷം കൽക്കരി, ചെമ്പു ഖനികളിൽ കഠിന ജോലി ചെയ്യിപ്പിച്ചു. പിന്നീട് പത്തു വർഷം മലിന വസ്തുക്കൾ ഒഴുകുന്ന കനാലുകൾ വൃത്തിയാക്കുന്ന ജോലികളിൽ ചുമതലപ്പെടുത്തി.

ജയിലിൽ കിടക്കുമ്പോൾ മനഃപാഠമായി പഠിച്ച പ്രാർത്ഥനകളും ലത്തീൻ ഭാഷയിൽ രഹസ്യമായി കുർബാനയും ചൊല്ലുമായിരുന്നു. മറ്റുള്ള ജയിൽ അന്തേവാസികൾക്ക് കുർബാനയും കുമ്പാസാരവും നൽകിയിരുന്നു. അൽബേനിയായിൽ അന്ന് ഇരുന്നൂറിൽ താഴെ മാത്രമേ പുരോഹിതരുണ്ടായിരുന്നുള്ളൂ. എല്ലാവരെയും തന്നെ ഭരണകൂടത്തിന്റെ നയമനുസരിച്ച് ജയിലിൽ അടച്ചിരുന്നു. അനേകം പുരോഹിതരെയും മതത്തിൽ വിശ്വസിച്ചിരുന്ന മറ്റു മതങ്ങളിൽപ്പെട്ടവരായ അനേകായിരങ്ങളെയും  കൊല്ലുകയും ചെയ്തു. ആയിരക്കണക്കിന് ആരാധാനാലയങ്ങൾ പിടിച്ചെടുത്തു. അവകളെല്ലാം പിന്നീട് സിനിമാക്കൊട്ടകളും ജിംനേഷ്യവും മീറ്റിംഗ് ഹാളുകളുമാക്കി മാറ്റിയെടുത്തു.

ജയിൽ ജീവിതകാലത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നുണ്ട്. 'ജയിലിന്റെ അവസ്ഥ ഭീകരവും മനസിനെ ആഘാതം ഏൽപ്പിക്കുന്നതുമായിരുന്നു. നീണ്ട മണിക്കൂറോളം ചെമ്പു ഖനികളിൽ ജോലി ചെയ്യണമായിരുന്നു. തണുപ്പ് അതി കഠിനമായിരുന്നതുകൊണ്ടു അതിനുള്ളിൽ അനേകർ മരിച്ചു വീണു. ചെമ്പു ഖനികളിൽ നിന്നും ലഭിക്കുന്ന ചെമ്പിന്റ മായം കലർന്ന ചുവപ്പുനിറമുള്ള വെള്ളം കുടിച്ചു ജീവിക്കേണ്ടി വന്നു. 1973-ൽ ജയിലിനുള്ളിൽ അന്തേവാസികളുടെ ഒരു വിപ്ലവം ഉണ്ടായി. ബഹളം അവസാനിച്ചു കഴിഞ്ഞപ്പോൾ ജയിൽ വീണ്ടും സുരക്ഷിതാ കാവൽക്കാരുടെ നിയന്ത്രണത്തിലായി. ഫാദർ സിമോണിയേയും  ചോദ്യം ചെയ്തു.  സിമോണിയുടെ  സ്വാധീനം മൂലമാണ് വിപ്ലവം ഉണ്ടായതെന്നും കുറ്റാരോപണം ഉണ്ടായി. ഏതായാലും അദ്ദേഹത്തിൻറെ പേരിലുള്ള കുറ്റാരോപണം റദ്ദാക്കുകയും അടുത്ത എട്ടുവർഷംകൂടി ജയിൽ വാസം തുടരുകയും ചെയ്തു. വിശ്വാസികൾക്ക് രഹസ്യമായി ലാറ്റിൻ ഭാഷയിൽ കുർബാന അർപ്പിക്കുമായിരുന്നു. അദ്ദേഹത്തിൻറെ ഒരു സുഹൃത്ത് പുറമെനിന്ന് റൊട്ടിയും വീഞ്ഞും എത്തിക്കുമായിരുന്നു. അങ്ങനെ അവർക്ക് ആചാര പ്രകാരമുള്ള കുർബാന അർപ്പിക്കാൻ സാധിച്ചിരുന്നു.

1981-ൽ പതിനെട്ടു വർഷത്തെ ജയിൽ വാസത്തിനു ശേഷം ഫാദർ സിമോണി മോചിതനായി. അദ്ദേഹത്തോട് വിവാഹം കഴിക്കാൻ കമ്മ്യൂണിസ്റ്റുകാർ നിർബന്ധിച്ചു. അതിനായി അദ്ദേഹത്തിൻറെ മാതാപിതാക്കളെയും സ്വാധീനിച്ചിരുന്നു. പൗരാഹിത്യം ഉപേക്ഷിക്കാനും നിർദേശിച്ചു. വിവാഹം കഴിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ വിടുകയില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പും കൊടുത്തിരുന്നു. അങ്ങനെ ഭയപ്പെടുത്തിയുള്ള പ്രലോഭനങ്ങളിൽ സിമോണി വീഴാൻ തയ്യാറായിരുന്നില്ല. അദ്ദേഹം പറയുമായിരുന്നു, "ഞാൻ ഒരു സുന്ദരിയെ വിവാഹം ചെയ്തു. ഞാൻ പ്രേമിച്ച എന്റെ വധു സഭയെന്ന മണവാട്ടിയായിരുന്നു." അധികാരികളുടെ കണ്ണിൽപ്പെടാതെ 1981 മുതൽ 1991 വരെ ഷകോഡർ (Shkoder) എന്ന സ്ഥലത്ത് അദ്ദേഹം കുർബാന അർപ്പിക്കുകയും കുമ്പസാരിപ്പിക്കുകയും ചെയ്യുമായിരുന്നു. 1990 ജൂലൈ 5 നു വീണ്ടും അദ്ദേഹത്തിന് സർക്കാരിൽ നിന്നും സമൻസ് വന്നു. ആരെങ്കിലും അദ്ദേഹം കുർബാന അർപ്പിക്കുന്ന വിവരം പറഞ്ഞു കാണുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ ആ സമൻസ് വിധിക്കാനായിരുന്നില്ല, സന്തോഷിക്കാനായിരുന്നു. പള്ളികൾ വീണ്ടും തുറക്കാൻ പോവുന്ന സദ് വാർത്തയായിരുന്നു  ലഭിച്ചത്. കമ്മ്യുണിസ്റ്റ് ഭരണം അവസാനിച്ചുകൊണ്ട് മതേതര സർക്കാർ നിലവിൽ വന്നു. സഭയുമായി വീണ്ടും സർക്കാർ നല്ലൊരു ബന്ധം സ്ഥാപിക്കാൻ പോവുന്ന വിവരവും അറിയിച്ചു.

1991-ൽ നാസ്തികരായ കമ്മ്യുണിസ്റ്റുകാരുടെ   ഭരണം താഴെ വീണപ്പോൾ ഫാദർ സിമോണി ഒരു മലയുടെ സമീപമായി മിഷിണറി  ജോലിയും ആതുര സേവനവുമായി പൗരാഹിത്യ ചുമതലകളിൽ വീണ്ടും ഏർപ്പെട്ടു. മതപീഡനം ലോക രാജ്യങ്ങളിൽ ഏറ്റവുമധികം അനുഭവിച്ച ഒരു രാജ്യം അൽബേനിയാ ആയതുകൊണ്ടാണ് പോപ്പ് ഫ്രാൻസിസ് തന്റെ ആദ്യത്തെ യൂറോപ്പ്യൻ യാത്ര ആ രാജ്യത്തു നിശ്ചയിച്ചത്.

2016-ൽ മാർപാപ്പ പതിനേഴു പേരെ കർദ്ദിനാൾ സ്ഥാനത്തേയ്ക്ക് മഹത്വപ്പെടുത്തിയിരുന്നു. അവരിൽ 88 വയസുകാരനായ ഫാദർ സിമോണി ഒരിക്കലും ബിഷപ്പോ ആർച്ച് ബിഷപ്പോ ആയിരുന്നില്ല. പ്രായം കവിഞ്ഞുപോയ അദ്ദേഹത്തിന് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുമ്പോൾ വോട്ടവകാശവും ഉണ്ടായിരിക്കില്ല. പിന്നെ എന്തുകൊണ്ട് മാർപാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി തിരഞ്ഞെടുത്തു. അൽബേനിയൻ കത്തോലിക്കർ സഭയ്ക്ക് വേണ്ടി സഹിച്ചതിന്റെ അടയാളമായിട്ടാണ് മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്താനുള്ള തീരുമാനമെടുത്തത്. 2.7 മില്ല്യൻ കത്തോലിക്കരാണ് അൽബേനിയായിൽ ഉള്ളത്. കർദ്ദിനാൾമാരുടെ ചുവന്ന വേഷം സഭയ്ക്കു വേണ്ടി രക്തം ചൊരിഞ്ഞവരുടെ പ്രതീകമായി കണക്കാക്കുന്നു. വേഷവിധാനത്തിൽ അർത്ഥവത്തായ  ചിന്തകളുണ്ടെങ്കിലും ആധുനിക ലോകത്ത് അവരുടെ വേഷം ഒരു ആഡംബരമായി കരുതുന്നു.

ഫാദർ  സിമോണി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെങ്കിലും പൗരാഹിത്യം ഉപേക്ഷിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. പതിനെട്ടു വർഷം കഠിന തടവിൽ പീഡിതനായി ജയിലിൽനിന്നും പുറത്തു വന്ന അദ്ദേഹത്തിന് വത്തിക്കാനിൽ മാർപ്പാപ്പ പ്രഖ്യാപിച്ച വാഴ്ത്തപ്പെട്ട അൽബേനിയൻ രക്തസാക്ഷികളിൽ പലരെയും  വ്യക്തിപരമായി അറിയാമായിരുന്നു. അവരുടെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്ന സമയമെല്ലാം  സിമോണി ജീവിക്കുന്ന രക്തസാക്ഷിയെപ്പോലെ മൂകമായി നോക്കി നിന്ന് അവിടെയുള്ള ദൃശ്യങ്ങളൊക്കെ കാണുമായിരുന്നു.

അൽബേനിയായിൽ കമ്യൂണിസ്റ്റ് പീഡനം അനുഭവിച്ച് മരണമടഞ്ഞ 38 പേരെ ഇതിനോടകം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് അവർ മാതൃകയായിരിക്കണമെന്നാണ് സഭ നിഷ്ക്കർഷിക്കുന്നത്. അൽബേനിയായിലെ സഭയിലെ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ടവരെന്ന ചടങ്ങ്  2016 നവംബർ അഞ്ചാം തിയതി നടത്തിയിരുന്നു. അന്ന് അൽബേനിയൻ ജനതയിൽ വാഴ്ത്തപ്പെട്ടവരിൽ രക്തസാക്ഷികളായ രണ്ടു ബിഷപ്പുമാരും 21 പുരോഹിതരും ഏഴു ഫ്രാൻസിസ്‌ക്കൻ അച്ചന്മാരും മൂന്നു ഈശോസഭക്കാരും ഒരു സെമിനാരിയനും നാലു അൽമേനികളുമുണ്ടായിരുന്നു. ഈ രക്തസാക്ഷികളെ മരണത്തിനു മുമ്പ് തല്ലുകയും ഉരുട്ടുകയും വൈദ്യുതി ഷോക്ക് കൊടുക്കുകയും വഴി മൃഗീയമായി പീഡിപ്പിച്ചിരുന്നു. പീഡനം നൽകിയിട്ടും അവർ വിശ്വസത്തിൽനിന്നും പിന്തിരിയാൻ തയ്യാറല്ലായിരുന്നു. രണ്ടു പുരോഹിതരെ കക്കൂസിലെ വെള്ളത്തിൽ തല മുഴുവൻ കീഴ്പ്പോട്ടായി ഇട്ട് വധിച്ചിരുന്നു. മറ്റൊരാളെ ജീവനോടെ കുഴിച്ചിട്ടു കൊന്നു. 22 വയസുള്ള മരിയാ തുചി (Maria Tuci) എന്ന യുവ കന്യാസ്ത്രി ഫ്രാൻസിസ്‌ക്കൻ സഹോദരിയായി സേവനം ചെയ്യവേ അവരെ നഗ്നയാക്കി ഒരു ചാക്കിനുള്ളിൽ കെട്ടിയിട്ടു. ആക്രമകാരിയായ ഒരു കാട്ടുപൂച്ചയും ചാക്കിനുള്ളിൽ അവരോടൊപ്പം കെട്ടിയിട്ടുണ്ടായിരുന്നു. കാട്ടുപൂച്ചയിൽനിന്നും അവർക്കു കിട്ടിയ ഗുരുതരമായ മുറിവു കാരണം പിന്നീട് അവർ മരിച്ചു പോയി.

2014-ൽ മാർപാപ്പാ സന്നിഹിതനായിരുന്ന ഒരു മീറ്റിംഗിൽ 86 വയസുള്ള ഫാദർ സിമോണി  അന്ന് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം പറയുന്ന ഓരോ വാക്കും ആ ദേവാലയത്തിലെ ശാന്തമായ  അന്തരീക്ഷത്തിൽ നിശ്ശബ്ദതയോടെ ഓരോരുത്തരും കാതോർത്ത് കേൾക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞ സമയം ഫ്രാൻസീസ് മാർപ്പാപ്പയും കുനിഞ്ഞിരുന്ന് കരയുകയായിരുന്നു.  പ്രസംഗം കഴിഞ്ഞു വൈദികൻ സാവധാനം മാർപ്പായുടെ സമീപത്ത് വന്നു. അതിനുമുമ്പ് തന്നെ മാർപ്പാപ്പാ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റിരുന്നു. വയോധികനായ ആ വൈദികൻ മാർപ്പാപ്പായുടെ മുമ്പിൽ മുട്ടുമ്മേൽ കമിഴ്ന്നു വീണു. കണ്ണുനീർ തുടച്ചുകൊണ്ട് മാർപാപ്പാ വൈദികനെ പിടിച്ചെഴുന്നേൽപ്പിച്ചു. ആശ്ലേഷിച്ചുകൊണ്ടു തലകൾ പരസ്പ്പരം ചേർത്തു പിടിച്ചു. അതിനുശേഷം മാർപ്പാപ്പാ ഫാദർ സിമോണിയുടെ തലയിൽ കൈകൾ വെച്ച് അനുഗ്രഹിച്ചു. ആ സമയമെല്ലാം മാർപ്പാപ്പായുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. സദസ് മുഴുവൻ ഹർഷാരവത്തോടെ കൈകളും അടിക്കുന്നുണ്ടായിരുന്നു.

മാർപ്പാപ്പാ പറഞ്ഞു, 'ഞാൻ സ്പർശിച്ച ഈ മനുഷ്യൻ സഭയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. കരുണയും ലാളിത്യവും എളിമയും കലർന്ന ഈ പുരോഹിതന്റെ തിരഞ്ഞെടുത്ത വഴികൾ കഠിനവും ദുർഘടം നിറഞ്ഞതുമായിരുന്നു. സഹനദാസനായിട്ടായിരുന്നു ക്രിസ്തുവിന്റെ ഈ രാജകുമാരൻ ജീവിച്ചിരുന്നത്. ഏതു നിമിഷവും ജീവനു വില പറഞ്ഞുകൊണ്ടിരുന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ മുമ്പിൽ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടിരുന്നു. വെടിയുണ്ടകൾ ചങ്കിൽ തുളച്ചു കയറുന്ന ദിനങ്ങളെയും മനസിനുള്ളിൽ ദർശിച്ചു. സഭയ്ക്കുവേണ്ടി സുധീരം പോരാടിയ ഈ വൈദികനെ സഭയുടെ രാജകുമാരനായി വാഴിച്ചുകൊണ്ടു അദ്ദേഹത്തിൻറെ തലയിൽ ഒരു ചുവന്ന തൊപ്പി അണിയിക്കുകയാണ്.' അൽബേനിയ മഹാന്മാരുടെയും രക്തസാക്ഷികളുടെയും നാടെന്നും മാർപ്പാപ്പ വിശേഷിപ്പിക്കുകയുണ്ടായി.

ഇന്ന് അൽബേനിയായിൽ ഏതു മതത്തിലും വിശ്വസിക്കാനുള്ള പൂർണ്ണമായ മത സ്വാതന്ത്ര്യമുണ്ട്. കത്തോലിക്കരും ഓർത്തോഡോസുകാരും മുസ്ലിമുകളും ഒരു പോലെ പീഡനം സഹിച്ചതുകൊണ്ടു പരസ്പ്പര ധാരണയും മത സഹിഷ്ണതയും സഹകരണവും രാജ്യം മുഴുവൻ നിഴലിച്ചിരിക്കുന്നത് കാണാം. യൂറോപ്പ് മുഴുവൻ കമ്മ്യൂണിസം താഴെ വീണു. മതേതരത്വം പുനഃസ്ഥാപിച്ചതുകൊണ്ടു മതങ്ങൾക്ക് ഇന്ന് അവിടെയെല്ലാം യഥേഷ്ടം പ്രവർത്തിക്കാം.

കർദ്ദിനാൾ സിമോണിയ്ക്കു പറയാനുള്ള സന്ദേശം 'നാം സത്യമെന്നു അനുശാസിക്കുന്നതിൽ ഉറച്ചു നിൽക്കുകയെന്ന'താണ്. ദൈവസ്നേഹത്തിന് അതിരില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഭൗതികതയെ മാത്രം സ്നേഹിച്ചാൽ ഈ ലോകം നമ്മെ ചതിക്കും. 'സത്യവും ജീവനുമായ ദൈവത്തിന്റെ വഴി മാത്രം തെരഞ്ഞെടുത്തു ജീവിക്കാനാണ്' അദ്ദേഹത്തിൻറെ യുവജനങ്ങളോടുള്ള ഉപദേശം. ഫാദർ സിമോണിയുടെ അഭിപ്രായത്തിൽ 'നിങ്ങൾ ഏതു മതത്തിൽ വിശ്വസിച്ചാലും അതിന്റെ നന്മയെ മാത്രം കാണുവാനാണ്'. 'ശത്രു തൂക്കുമരത്തിൽ കൊണ്ടുപോവുമ്പോഴും പകയും വിദ്വെഷവുമില്ലാത  ശത്രുവിനോട് ക്ഷമിക്കണമെന്നും' അദ്ദേഹം ആവശ്യപ്പെടുന്നു. ഒന്നേകാൽ ബില്ല്യൻ വിശ്വാസികളുള്ള സഭയുടെ രാജകുമാരനായി ഫ്രാൻസീസ് മാർപ്പാപ്പാ അദ്ദേഹത്തെ വാഴിക്കുകയാണ്. ഫ്രാൻസീസ് മാർപ്പാപ്പ ചുംബിച്ച ജീവിക്കുന്ന രക്തസാക്ഷിയായും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

ഒരു ക്രിസ്തുമസ് രാത്രിയിൽ പാതിരാ കുർബാനയുടെ ഇടവേളയിൽ സഭയുടെ മഹാനായ  ഇടയനെ  അറസ്റ്റു ചെയ്ത ഈ ദേവാലയവും ദേവാലയം ഇരുന്ന സ്ഥലവും മർദ്ദിച്ചു ജോലി ചെയ്യിപ്പിച്ച ഖനികളും ജീവിച്ച ജയിലറകളും  ഇനിമേൽ  സംഭവബഹുലമായ കാലങ്ങളുടെ ചരിത്രമായിട്ടായിരിക്കും അറിയപ്പെടുന്നത്.






Enver Hoxha






കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...