ജോസഫ് പടന്നമാക്കൽ
സ്വാതന്ത്ര്യ സമരപോരാളിയും പിന്നീട് സ്വാതന്ത്ര്യ സമരങ്ങൾക്ക് പ്രതിനായകനുമായിരുന്ന വിനായക ദാമോദര സവർക്കർ അഥവാ വീര സവർക്കർ ഹിന്ദുത്വ ആശയ സംഹിതകളുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. അദ്ദേഹത്തിൻറെ വിപ്ലവ പാതകളിൽക്കൂടിയുള്ള സംഭവ ബഹുലങ്ങളായ ജീവിതം പുരാണങ്ങളിലുള്ള ഐതിഹാസിക വീരന്മാരെപ്പോലെ വിസ്മയകരവും നിഗൂഢാത്മകവുമായിരുന്നു. യുവാവായിരുന്ന കാലങ്ങളിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേർന്നിരുന്നെങ്കിലും പിന്നീട് ബ്രിട്ടീഷുകാർക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് എതിരായി പ്രവർത്തിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ജയിലിൽ കിടന്നപ്പോൾ ജയിൽ മോചനത്തിനായി കരുണ കിട്ടാൻ സ്വാതന്ത്ര്യ സമരത്തിന് എതിരായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞ ചെയ്യണമായിരുന്നു. അവരോട് കൂറും പുലർത്തണമായിരുന്നു. ആ പ്രതിജ്ഞ അദ്ദേഹം മരണം വരെ പാലിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ നാസിക്കിൽ ചിപ്‌വാൻ ബ്രാഹ്‌മണ കുടുംബത്തിൽ വിനായക് ദാമോദർ സവർക്കർ 1883 മെയ് ഇരുപത്തിയെട്ടാം തിയതി ജനിച്ചു. അച്ഛൻ ദാമോദരനും അമ്മ രാധാഭായി സവർക്കറുമായിരുന്നു. ഗണേഷ്, നാരായൺ എന്ന രണ്ടു സഹോദരരും 'മൈന' എന്ന സഹോദരിയുമുണ്ടായിരുന്നു. "ഭയപ്പെടരുത്, ദൈവമാണ്! ശക്തി, അതുകൊണ്ട് നിന്നെക്കാളും ശത്രു ശക്തനെങ്കിലും വിജയം വരെ യുദ്ധം ചെയ്യൂ," ഇതായിരുന്നു സവർക്കറിന്റെ ആപ്ത വാക്യം. 'മിത്രമേള' എന്ന യുവാക്കളുടെ സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. ദേശീയ കാഴ്ചപ്പാടോടെയുള്ള വിപ്ലവമായിരുന്നു ലക്ഷ്യം. 1901-ൽ സവർക്കർ 'യമുന ഭായി'യെ വിവാഹം ചെയ്തു. 1902-ൽ പൂനയിൽ ഫെർഗുസൺ കോളേജിൽ പഠനം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ ചെലവുകൾ വഹിച്ചിരുന്നത് അദ്ദേഹത്തിൻറെ ഭാര്യാ പിതാവായിരുന്ന രാമചന്ദ്ര ട്രിയമ്പക ചിപ്ലൂങ്കർ (Ramchandra Triambak Chiplunkar) ആയിരുന്നു. യുവാവായിരുന്നപ്പോൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നവർ ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് എന്നീ തീവ്ര രാഷ്ട്രീയ ചിന്തകരായിരുന്നു.
ഹിന്ദു വർഗീയ വിഭാഗീയ ചിന്തകൾ സവർക്കറിന്റെ മനസ്സിൽ ചെറുപ്പം മുതലേയുണ്ടായിരുന്നു. 1894-95-ൽ പന്ത്രണ്ടാം വയസ്സിൽ സ്‌കൂൾ കുട്ടികളുമൊത്ത് ഹിന്ദു മുസ്ലിം ലഹളയുടെ പശ്ചാത്തലത്തിൽ പൂനയിൽ ഒരു മോസ്‌ക്ക് ആക്രമിക്കുകയുണ്ടായി. കല്ലുകളെറിഞ്ഞു മോസ്‌ക്കിന്റെ ജനലുകൾ തകർക്കുകയും മോസ്‌ക്കിന് ഭീമമായ നഷ്ടങ്ങൾ വരുത്തുകയുമുണ്ടായി. ഹിന്ദുക്കൾ മുസ്ലിമുകളെ കൊല്ലുന്ന വേളയിൽ കുട്ടിയായിരുന്ന സവർക്കരും കൂട്ടുകാരും തെരുവുകളിൽ തുള്ളിക്കൊണ്ടു ഡാൻസ് ചെയ്യുമായിരുന്നു. അവരുടെ ധീരതയുടെ അടയാളമായി മോസ്‌ക്കിന്റെ മുകളിൽ ഹിന്ദുക്കളുടെ ചിന്ഹങ്ങളുള്ള കൊടികളും ഉയർത്തുമായിരുന്നു. ബ്രിട്ടീഷുകാരോട് കൂറ് പുലർത്തുന്നതിനുമുമ്പ് ഹൈന്ദവ ആചാരമായ സതി നിർത്തൽ ചെയ്തതിലും അദ്ദേഹം എതിർപ്പു പ്രകടിച്ചുകൊണ്ടുള്ള ലേഖനങ്ങൾ എഴുതിയിരുന്നു.
ക്രിസ്ത്യാനികളെയും സവർക്കർ ആക്രമിച്ചു കൊണ്ടിരുന്നു. "ഹിന്ദു മതത്തിന്റെ അടിസ്ഥാനം തകർക്കാനാണ് സർക്കാർ ഓരോ നിയമവും പാസാക്കുന്നതെന്നും ഹിന്ദുക്കളുടെ ഇടയിലുള്ള വർണ്ണ വ്യവസ്ഥകളെ നശിപ്പിക്കണമെന്ന ഉദ്ദേശത്തിലാണ് വലിയ തോതിൽ തൊഴിലാളികളെ നിയമിച്ചു റെയിൽവേ നിർമ്മിക്കുന്നതെന്നും" അദ്ദേഹം എഴുതി. റയിൽ ചക്രവണ്ടികൾ നിർമ്മിക്കുന്നതും ഹൈന്ദവരുടെ തൊഴിൽ ധർമ്മത്തിനെതിരായി അദ്ദേഹം വീക്ഷിച്ചു. ക്രിസ്ത്യൻ മിഷ്യൻ സ്‌കൂളുകൾ പ്രവർത്തിക്കാൻ സർക്കാർ ഭീമമായ പണം നൽകുന്നുവെന്നും ആവലാതിപ്പെട്ടിരുന്നു. അദ്ദേഹം എഴുതി "വൈസ്രോയി 'കാനിംഗ് പ്രഭു'വിന്റെ ലക്ഷ്യം ഇന്ത്യ മുഴുവൻ ക്രിസ്ത്യൻ രാജ്യമാക്കുകയെന്നതാണ്. ഒരു സിപ്പോയി ക്രിസ്തുമതം സ്വീകരിച്ചാൽ അയാളെ പുകഴ്ത്തുകയും അയാൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം നൽകുകയും ചെയ്യുന്നു. അയാൾക്ക് പെട്ടെന്ന് ശമ്പളം വർദ്ധിക്കുകയും സ്ഥാനക്കയറ്റം നൽകുകയും പതിവാണ്. സർക്കാരിന്റെ ലക്ഷ്യം ഹിന്ദുമതത്തെ നശിപ്പിച്ചു ക്രിസ്തുമതം പ്രചരിപ്പിക്കുകയെന്നതാണ്. ഓരോ പള്ളിയും ഇടിച്ചു താഴെയിടണം, കുരിശുകൾ തകർക്കണം, ഓരോ ക്രിസ്ത്യാനിയെയും സമൂഹത്തിൽനിന്നും തുടച്ചുമാറ്റണം."
ബിരുദമെടുത്ത ശേഷം അദ്ദേഹം നിയമം പഠിക്കാനായി ഇംഗ്ളണ്ടിൽ പോയി. ഭാരതത്തിന്റെ സാംസ്‌കാരികവും പൈതൃകവുമായ ഹിന്ദു മതത്തിലേക്ക് വീണ്ടും വരാൻ സവർക്കർ 'ഹിന്ദുത്വ' ആശയ സംഹിതകൾക്ക് രൂപം കൊടുത്തു'. അദ്ദേഹം യുക്തിവാദി, മാനവ മത ചിന്തകൻ, പ്രകൃതി തത്ത്വ ജ്ഞാനി, നാസ്തിക ചിന്തകൻ, സാർവത്രിക ചിന്തകൻ എന്നിങ്ങനെ അറിയപ്പെടുന്നു. എല്ലാ മതങ്ങളുടെയും യാഥാസ്ഥിതികത്വം അദ്ദേഹം എതിർത്തിരുന്നു. യാഥാർഥ്യ വാദങ്ങൾക്കും പ്രായോഗിക വീക്ഷണ വാദങ്ങൾക്കും മുൻഗണന കൊടുത്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ യുദ്ധം എന്ന അർത്ഥം വരുന്ന 'ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്' (The Indian War of Independence) എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിൻറെ പുസ്തകം നിരോധിക്കുകയും ചെയ്തു.
സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ ദേശീയ പട്ടാളത്തെ സംഘടിപ്പിക്കുന്ന സമയത്ത് സവർക്കർ കൊളോണിയൽ ബ്രിട്ടീഷുകാർക്കുവേണ്ടി യുവജനങ്ങളെ പട്ടാളത്തിൽ ചേർത്തുകൊണ്ടിരുന്നു. 'ഇന്ത്യാ ഹിന്ദുക്കളുടെ' എന്ന മുദ്രിത ചിന്തകളുടെ' അടിസ്ഥാനത്തിൽ ഹിന്ദുക്കളെ രണ്ടായി വിഭജിച്ച് സ്വാതന്ത്ര്യ സമരത്തിനു വിഘ്നം വരുത്താനും പ്രവർത്തിച്ചിരുന്നു. വർഗീയ ചിന്തകൾ ഉണർത്തി രാജ്യത്തെ വിഭജിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും അദ്ദേഹം ഗാന്ധിജിക്ക് എതിരായി പ്രവർത്തിക്കുകയായിരുന്നു. ഗാന്ധിജിയുടെ വധത്തിലെ ഗൂഢാലോചനക്കാരിൽ സവർക്കരുടെ പേരുമുണ്ടായിരുന്നു. തെളിവുകളുടെ അഭാവത്തിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ഗാന്ധി വധത്തിൽ സവർക്കറിനെയോ ആർ.എസ്.എസിനെയോ കുറ്റപ്പെടുത്തുന്നതിൽ യാതൊരു നീതികരണവുമില്ല. അങ്ങനെയൊരു ചിന്താഗതി മാറി മാറി വന്ന കോൺഗ്രസ് സർക്കാരുകളും നേതാക്കളും ജനങ്ങളുടെ മനസ്സിൽ സൃഷ്ടിച്ചിട്ടുണ്ട്. ഗാന്ധി വധത്തിൽ ആർ.എസ്.എസിനു പങ്കില്ലെന്ന് എല്ലാ ജുഡീഷ്യറി കമ്മീഷനുകളും വ്യക്തമാക്കിയിട്ടുള്ളതാണ്. ഗാന്ധിവധത്തെ സംബന്ധിച്ച് കുറ്റാന്വേഷകരുടെ അനേകം ജഡ്‌ജുമെന്റുകൾ ഉണ്ട്. ആ ജഡ്‌ജുമെന്റിൽ എല്ലാം അവരെ കുറ്റവിമുക്തരാക്കിയിട്ടേയുള്ളൂ. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആർ.എസ്.എസ് കാർക്ക് ഗാന്ധിവധത്തിൽ പങ്കുണ്ടോയെന്നന്വേഷിക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് കപൂറെന്ന റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയെ അതിനായി നിയമിച്ചിരുന്നു. അദ്ദേഹം വിശദമായി ഗാന്ധിവധത്തെ പഠിച്ചുകൊണ്ട് അവർക്കു ഗാന്ധിവധത്തിൽ യാതൊരു പങ്കുമില്ലെന്ന വിധത്തിൽ റിപ്പോർട്ട് തയ്യാറാക്കി. ഒരു ജുഡീഷ്യറി ബോഡി ഗാന്ധിവധത്തിൽ ആർ.എസ്.എസ്. സംഘടനയ്ക്ക് പങ്കില്ലെന്നു തെളിയിച്ചിട്ടും വീണ്ടും കുപ്രചരണങ്ങളുമായി നടക്കുന്നത് നീതീകരിക്കാൻ സാധിക്കാത്ത രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമാണ്.
നരേന്ദ്ര മോദി മന്ത്രിസഭ വന്നതിൽ പിന്നീട് സവർക്കരുടെ ചരിത്രം വ്യത്യസ്തങ്ങളായിട്ടാണ് ഇന്ന് വ്യാഖ്യാനിക്കുന്നത്. സവർക്കർ രാജ്യത്തിന്റെ ഉത്തമപുത്രനെന്നും സർവ്വ ജനതയ്ക്കും മാതൃകയായിരുന്നുവെന്നും അദ്ദേഹത്തിൻറെ ജന്മദിനാശംസയിൽ മോദി പറയുകയുണ്ടായി. ഹിന്ദുത്വയുടെ ഈ ദിവ്യന്റെ പ്രതിമയ്ക്ക് മുമ്പിൽ പ്രധാനമന്ത്രി തല കുനിച്ചു ആദരിക്കുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ഇന്ത്യ ചരിത്രത്തിനും വില തീരാത്ത സംഭാവനകളാണ് സവർക്കർ നൽകിയിരിക്കുന്നതെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയും അഭിപ്രായപ്പെടാറുണ്ട്. അദ്ദേഹത്തെ ഒരു സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക രാഷ്ട്രീയ ചിന്തകനുമായിട്ടാണ് ആധുനിക ചരിത്രത്തിൽ അറിയപ്പെടുന്നത്. വാസ്തവത്തിൽ സവർക്കർ സ്വാതന്ത്ര്യത്തിനായി പൊരുതിയോ എന്ന ചോദ്യത്തിന് പൊരുതിയെന്ന ഉത്തരം മാത്രമേയുള്ളൂ. പക്ഷെ അദ്ദേഹത്തിൻറെ സ്വാതന്ത്ര്യ സമര ശ്രമങ്ങളൊക്കെ പത്തൊമ്പതാം നൂറ്റാണ്ടിലുള്ള യുവത്വകാലങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നു. ഹിന്ദുത്വ പ്രസ്ഥാനം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം ഒരു നാസ്തികനോ യുക്തിവാദിയോ ആയിരുന്നു.
1906-ൽ കപ്പൽ യാത്ര ചെയ്ത് അദ്ദേഹം ഇംഗ്ലണ്ടിൽ നിയമം പഠിക്കാൻ പോയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പട പൊരുതാൻ അവിടെ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംഘടനയുണ്ടാക്കി. സംഘടനയുടെ മുമ്പാകെ അദ്ദേഹം പറഞ്ഞിരുന്നു, "നമ്മൾ കൊളോണിയൽ ബ്രിട്ടീഷുകാരെപ്പറ്റിയുള്ള ആരോപണങ്ങൾ അവസാനിപ്പിക്കണം; അവരുടെ നിയമങ്ങളെപ്പറ്റിയുള്ള ആവലാതികൾ ഇല്ലാതാക്കണം; ഒരു നിയമത്തിന്റെ പരിധി നാം നിശ്ചയിക്കാതെ നിയമം ഉണ്ടാക്കാനുള്ള അധികാരം നമുക്കു വേണം." 'മറ്റൊരു തരത്തിൽ പറഞ്ഞാൽ നമുക്ക് വേണ്ടത് പൂർണ്ണ സ്വാതന്ത്ര്യമാണ്'. എന്നിരുന്നാലും സമയം വന്നപ്പോൾ ഇന്ത്യയിൽ കൊളോണിയൽ സാമ്രാജ്യത്തിനെതിരെയുണ്ടായ വിപ്ലവങ്ങളെ സവർക്കർ എതിർക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരെ പൂർണ്ണമായും പിന്താങ്ങുന്ന ഒരു നയം അദ്ദേഹം സ്വീകരിച്ചു. ഇങ്ങനെയുള്ള മാറ്റങ്ങൾ സംഭവിച്ചത് അദ്ദേഹത്തിനു ഒരു കൊലക്കേസിനോടനുബന്ധിച്ചുള്ള അമ്പതു കൊല്ലം ജയിൽശിക്ഷ ലഭിച്ചപ്പോഴായിരുന്നു. ആൻഡമാൻ ഐലൻഡിലെ ജയിലിലായിരുന്നു അദ്ദേഹത്തെ ശിക്ഷയ്‌ക്കുശേഷം പാർപ്പിച്ചിരുന്നത്.
1909 ജൂലൈ ഒന്നാം തിയതി അദ്ദേഹത്തിൻറെ സുഹൃത്തായ മദൻ ലാൽ ഡിംഗാര എന്നയാൾ ഒരു ബ്രിട്ടീഷ് ഓഫീസറായ കാഴ്‌സൺ വൈലിയേ വധിച്ചതിൽ സവർക്കറും നിരീക്ഷണത്തിലായിരുന്നു. ആ വർഷം തന്നെ അദ്ദേഹം നേതൃത്വം കൊടുക്കുന്ന സംഘടനയിലെ അംഗങ്ങൾ നാസിക്ക് കളക്റ്ററായിരുന്ന ജാക്‌സണെക്കൂടീ കൊലപ്പെടുത്തിയതോടെ അദ്ദേഹത്തെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. 'അഭിനവ ഭാരത സംഘടന'യിലെ ഒരാൾക്ക് സവക്കർ തോക്ക് കൊടുത്തുവെന്നായിരുന്നു കേസ്. ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആരോപിച്ചു. വിചാരണ ഇന്ത്യയിൽ നടത്താനുള്ള കോടതി വിധി പ്രകാരം അദ്ദേഹത്തെ കപ്പൽ മാർഗം ഇന്ത്യയിൽ അയക്കുകയും ഇടയ്ക്ക് മര്‍സെലീസില്‍ കപ്പൽ എത്തിയപ്പോൾ അദ്ദേഹം കപ്പലിൽനിന്ന് രക്ഷപെടുകയുമുണ്ടായി. എന്നാൽ വീണ്ടും പിടിക്കപ്പെടുകയും ആൻഡമാൻ ജയിലിൽ അയക്കുകയും ചെയ്തു. അമ്പത് വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. 1921-ൽ ജയിൽ വിമുക്തനാക്കുകയും ചെയ്തു. ആൻഡമാനിൽ എണ്ണച്ചക്ക് വലിക്കുകയായിരുന്നു ജോലി. മറ്റുള്ളവർ ആട്ടുന്നതുപോലെ ഒരു നിശ്ചിത എണ്ണ ലഭിച്ചില്ലെങ്കിൽ മർദ്ദനവും ലഭിക്കുമായിരുന്നു.
മൂന്നു പ്രാവശ്യവും എഴുതിയ ദയാഹർജിയിൽ ഉത്തരങ്ങളൊന്നും ലഭിക്കാത്തതിനാൽ വീണ്ടും നാലാംപ്രാവിശ്യം അദ്ദേഹം എഴുതി, "വിദേശ രാജ്യത്തും രാജ്യത്തിനുള്ളിലും താൻ മൂലം അനേകർ സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്. അവരെല്ലാം തന്റെ നേതൃത്വത്തിനായി കാത്തു നിൽക്കുന്നു. അവരെയെല്ലാം ബ്രിട്ടീഷ് സർക്കാരിന്റെ സഹായികളായി മടക്കി കൊണ്ടുവരുകയും ചെയ്യാം. ബ്രിട്ടീഷ് സർക്കാരിനുവേണ്ടി ഏതു നിലവാരത്തിലും ജോലി ചെയ്യാനും തയ്യാറാണ്. തന്റെ മനഃസാക്ഷിയിൽനിന്നാണ് ഇതെല്ലാം പറയുന്നത്." 'മുടിയനായ ഒരു പുത്രൻ തന്റെ പിതൃഗൃഹത്തിലേക്ക് കാരുണ്യത്തിനായി മടങ്ങി വരുന്നുവെന്നു കരുതി ഈ ദയാഹർജി സ്വീകരിക്കണമെന്നും' അദ്ദേഹം അപേക്ഷിച്ചു.
1920-ൽ എഴുതിയ ഒരു കത്തിൽ അദ്ദേഹം വടക്കേ ഇന്ത്യയിൽ നിന്നുള്ള വർഗീയതയെ ചെറുക്കാൻ എല്ലാ ബുദ്ധിജീവികളും ബ്രിട്ടീഷ് സർക്കാരിനോട് സഹകരിക്കണമെന്നും ഇന്ത്യയുടെ താൽപ്പര്യത്തിന് അത് ആവശ്യമെന്നും നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. സവർക്കറിന്റെ പിന്നീടുള്ള കത്തുകൾ മുഴുവൻ ബ്രിട്ടീഷ് സാമ്രാജ്യത്തെ പുകഴ്ത്തുന്നതായിരുന്നു. 'തന്നിൽ നിന്ന് സുരക്ഷിത പ്രശ്നമാണ് ആഗ്രഹിക്കുന്നെങ്കിൽ താനൊരിക്കലും ബ്രിട്ടീഷ് സർക്കാറിനെതിരെ രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും' പ്രതിജ്ഞ ചെയ്തു. പത്തു വർഷത്തോളം കാരുണ്യത്തിനായുള്ള തുടർച്ചയായ ദയാഹർജികൾക്കുശേഷം 1921-ൽ സവർക്കറിനെയും സഹോദരനെയും രത്ന ഗിരിയിലുള്ള ജയിലിലേക്ക് മാറ്റി. രാഷ്ട്രീയത്തിൽ പ്രവർത്തിക്കില്ലെന്നുള്ള വ്യവസ്ഥയിലും രത്നഗിരി വിട്ടു പോവില്ലെന്ന വ്യവസ്ഥയിലും അദ്ദേഹത്തെ 1924-ൽ ജയിൽ വിമുക്തനാക്കുകയും ചെയ്തു. 1937 വരെ ആ നിയന്ത്രണമുണ്ടായിരുന്നു.
1924-ൽ ബ്രിട്ടീഷുകാർക്ക് കൂറ് പ്രഖ്യാപിച്ചുകൊണ്ട് സവർക്കർ കത്തെഴുതിയതും ബ്രിട്ടീഷ് സർക്കാരിനെ സേവിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തതും സ്വാതന്ത്ര്യ സമരത്തിൽ തുടർന്നും പങ്കുകൊള്ളാൻ അദ്ദേഹത്തിൻറെ നയതന്ത്രമായ അടവായിരുന്നുവെന്നു ചിലർ വാദിക്കുന്നു. എന്നാൽ പിന്നീടുളള ചരിത്രം മുഴുവൻ സവർക്കർ ബ്രിട്ടീഷുകാരോട് കൂറ് പുലർത്തിയുള്ളതായിരുന്നു. അങ്ങനെയുള്ള ഒരു മനുഷ്യനെ വീരനായി ചിത്രീകരിക്കുന്നതും തികച്ചും വിരോധാഭാസമെന്നെ പറയാൻ സാധിക്കുള്ളൂ. 1926-ലാണ് ബാരിസ്റ്റർ സവർക്കർ എന്ന പേരിൽ ചിത്രഗുപ്ത എന്ന എഴുത്തുകാരൻ ജീവചരിത്രം പ്രസിദ്ധീകരിച്ചത്. ആ പുസ്തകത്തിൽ ഒരു വീരനായകനായി സവർക്കറെ ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ സവർക്കറിന്റെ മരണശേഷം രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞു 1987-ൽ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. അതിലെ പ്രസാധകൻ ശ്രീ രവീന്ദ്ര രാംദാസ് ആമുഖത്തിലെഴുതിയിരിക്കുന്നത് 'ചിത്ര ഗുപ്ത' മറ്റാരുമല്ല അത് വീര സവർക്കർ തന്നെയെന്നാണ്. ആത്മകഥയെ മറ്റൊരു പേരിൽ ജീവചരിത്രമായി എഴുതി സ്വയം വീരപട്ടം നേടിയെന്നതും ഒരു പരാജിതനായ മനുഷ്യന്റെ നൈരാശ്യം നിറഞ്ഞ രോദനത്തിനുള്ള ഉദാഹരണമാണ്.
സ്വയം തൂലികാനാമത്തിൽ എഴുതിയിരിക്കുന്ന പുസ്തകത്തിൽ സവർക്കർ ജന്മസിദ്ധമായ കഴിവുള്ളവൻ, സർവ്വരാലും ആരാധ്യൻ, രണവീരൻ, അതി സ്വഭാവ വൈശിഷ്ട്യമുള്ള ആദരണീയൻ, ദൃഢമായ മനസിന്റെ ഉടമ, ആർക്കും കീഴടക്കാൻ സാധിക്കാത്ത അജയ്യൻ, ചങ്കുറപ്പോടെ വലിയ കാര്യങ്ങൾ നേടിയെടുക്കുന്ന അതുല്യ വ്യക്തി എന്നിങ്ങനെ സ്വയം വിശേഷണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് തൂലിക നാമത്തിൽ എഴുതിയ സ്വയം വിശേഷണങ്ങൾ ജീവചരിത്രമായി പ്രസിദ്ധീകരിച്ചതും പരിഹാസകരമാണ്. സ്വാതന്ത്ര്യ സമരത്തിൽ ഇതിനേക്കാൾ കൊടും യാതനകൾ സഹിച്ചവരായവർ ആൻഡമാൻ ജയിലഴികളിൽ കിടന്ന് മരിച്ചിട്ടുണ്ട്. അവരുടെ ചരിത്രമൊന്നും പുറം ലോകം അറിഞ്ഞിട്ടില്ല. അതേ സമയം ജയിലിൽ കിടന്ന് സവർക്കർ മോചനം ലഭിക്കാൻ ഇന്ത്യൻ സ്വാത്രന്ത്ര്യത്തിനെതിരെ പ്രവർത്തിക്കുകയായിരുന്നു. കൊളോണിയൽ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ സമരത്തെ ഇദ്ദേഹം ചതിക്കുകയായിരുന്നു. ഒരു ദേശീയ വാദിക്കോ, രാജ്യസ്നേഹിക്കോ സവർക്കറിന്റെ വഞ്ചന ഒരിക്കലും പൊറുക്കാൻ സാധിക്കില്ല.
ജയിലിൽ കിടക്കുമ്പോൾ അദ്ദേഹം 'ഹിന്ദുത്വ' ആശയങ്ങൾ സംബന്ധിച്ച് പുസ്തകങ്ങൾ എഴുതിയിരുന്നു. വിപളവ പ്രസ്ഥാനങ്ങളിൽ പങ്കുകൊള്ളുകയില്ലെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തെ ജയിൽ വിമുക്തനാക്കിയത്. അദ്ദേഹം യാത്രകൾ നടത്തിയും ശക്തമായ പ്രസംഗങ്ങൾ ചെയ്തും, എഴുതിയും ഹിന്ദുക്കളിൽ രാഷ്ട്രീയ ഐക്യം സ്ഥാപിക്കാൻ ശ്രമിച്ചും സേവന നിരതനായി പ്രവർത്തിച്ചു കൊണ്ടിരുന്നു. ഹിന്ദു സംസ്ക്കാരത്തിൽ ജനിച്ച ജൈനന്മാരും ബുദ്ധന്മാരും ഹിന്ദുത്വയുടെ ഭാഗമായി കരുതിയിരുന്നു. യാത്രകൾ ചെയ്തും ഗംഭീരങ്ങളായ പ്രസംഗങ്ങൾ ചെയ്തും എഴുതിയും ഹിന്ദു ഐക്യമത്യത്തിനായി ശ്രമിച്ചു. ഗാന്ധിയുടെ 1942 ക്വിറ്റ് ഇന്ത്യയെ എതിർത്തു. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ വിമർശകനായിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ സവർക്കരുടെ മനസ്സിൽ വർഗീയത കടന്നുകൂടിയെങ്കിലും 'ഹിന്ദുത്വ' എന്ന ചിന്തകൾ മനസ്സിൽ വീശിയത് ഇരുപതാം വയസുമുതലാണ്. ആദ്യകാലങ്ങളിൽ എഴുതിയിരുന്നത് ബ്രിട്ടീഷുകാർക്കെതിരായ സമരങ്ങളെല്ലാം ക്രിസ്ത്യാനികൾക്കെതിരെയുള്ള സമരങ്ങളായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തോടൊപ്പം ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ആക്രമിക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. സ്വയം പരാജിതനായ സവർക്കർ അവസാന ജയിൽവാസ നാളുകളിൽ ഹിന്ദുത്വയുടെ പ്രവാചകനായി മാറി. ഹിന്ദുത്വയുടെ ആശയങ്ങൾ ക്രോഡീകരിച്ചുകൊണ്ട് 1923 ലും 1928 ലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിൻറെ ആശയങ്ങളുമായി മുമ്പോട്ട് പോവുന്നതിൽ ബ്രിട്ടീഷുകാരുടെ പിന്തുണയുമുണ്ടായിരുന്നു. ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം മല്ലിട്ടു ജീവിക്കാൻ അവർ ആഗ്രഹിച്ചിരുന്നു. അങ്ങനെ കൊളോണിയൽ ഭരണം സുഗമമായി കൊണ്ടുപോവാനും സാധിക്കുമായിരുന്നു.
ഹിന്ദുത്വ തത്ത്വങ്ങൾ സനാതന ധർമ്മമായി വ്യത്യാസമുണ്ടെങ്കിലും ഭാരതത്തിൽ വസിക്കുന്ന മുസ്ലിമുകളും ക്രിസ്ത്യാനികളും ഹിന്ദു സംസ്ക്കാരവും ആചാരരീതികളും സ്വീകരിക്കണമെന്ന ചിന്താഗതിയായിരുന്നു സവർക്കറിനുണ്ടായിരുന്നത്. മുസ്ലിമുകൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുത്വ സംസ്ക്കാരമുണ്ടെങ്കിലും ഈ രണ്ടു മതങ്ങളും ഇന്ത്യ അവരുടെ പുണ്യ ഭൂമിയായി കാണുന്നില്ലെന്നായിരുന്നു വാദം. സവർക്കർ പറഞ്ഞിരുന്നു, "മുസ്ലിമുകൾക്ക് ഭാരതത്തേക്കാൾ പ്രിയം അവരുടെ പുണ്യഭുമിയായ മെക്കായോടും അവരുടെ പ്രവാചകന്മാരോടുമാണ്. മുസ്ലിമുകൾക്ക് പാക്കിസ്താനികളോ അഫ്‌ഗാനിസ്ഥാനികളോ ആകാൻ കഴിയില്ല. കാരണം അവർക്ക് താൽപ്പര്യം സൗദി അറേബിയാ മാത്രമാണ്. മുസ്ലിമുകളുടെ പുണ്യ നഗരങ്ങളായ മെക്കായും മദീനയും അവരുടേതായ രാജ്യത്താണ്".
1920 നു മുമ്പുമുതൽ തുടങ്ങിയ സവർക്കറിന്റെ ഹിന്ദുത്വ ആശയങ്ങൾ സ്വാതന്ത്ര്യ സമ്പാദനത്തിനുള്ള തടസങ്ങൾക്കു സഹായകരമായിരുന്നു. അത് ബ്രിട്ടീഷുകാർ അഭിനന്ദിക്കുകയും വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ജയിൽ മോചിതനായ സവർക്കറിന് കൊളോണിയൽ സർക്കാർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതു നിരോധിച്ചിരുന്നെങ്കിലും ഹിന്ദുത്വയുടെ രത്ന ഗിരി മഹാസഭയിൽ പ്രവർത്തിക്കുന്നതിനു എതിരില്ലായിരുന്നു. ഇന്ന് 'ഘർവാപസി'യെന്നു പറയുന്നത് ഇതേ സംഘടനയാണ്. മുസ്ലിമുകളുടെ മോസ്‌ക്കിൽ പ്രാർത്ഥനയുടെ സമയത്ത് മോസ്‌ക്കിന്റെ മുമ്പിൽ പാട്ടു വെക്കുകയെന്നതും ഇവരുടെ ഹോബിയായിരുന്നു. ഹിന്ദുത്വയുടെ സ്ഥാപക നേതാവായ കെ.ബി. ഹെഡ്‌ജുവറുമായി (K.B. Hedgewar) സവർക്കർ പരസ്പ്പരം ചർച്ച നടത്തുന്നതിലും ബ്രിട്ടീഷ് സർക്കാർ എതിർത്തിരുന്നില്ല. അവർ കൂടുതലും ചർച്ച ചെയ്തിരുന്നത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്ന കാര്യത്തിലായിരുന്നു.
സവർക്കറും മുസ്ലിം ലീഗുമായി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആദ്യകാലങ്ങളിൽ സഹകരണ മുണ്ടായിരുന്നെകിലും മുസ്ലിമുകളാണ് ഹിന്ദുത്വയുടെ ഒന്നാം ശത്രുക്കളെന്നും ബ്രിട്ടീഷുകാർ അല്ലായെന്നും സവർക്കർ കൂടെ കൂടെ പറഞ്ഞിരുന്നു. ക്വിറ്റ് ഇന്ത്യ കാലത്ത് കോൺഗ്രസ്സ് നേതാക്കൾ ജയിലിൽ കിടന്ന സമയം ഹിന്ദുത്വയും സവർക്കരിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭയും സിൻഡിലും ബംഗാളിലും ബ്രിട്ടീഷുകാരോടൊത്തു ഭരണങ്ങളിൽ സഹകരിച്ചും സഹായിക്കുന്നുമുണ്ടായിരുന്നു. മുസ്ലിമുകൾ ചിന്തിക്കാൻ തുടങ്ങുന്നതിനു പതിനാറു വർഷം മുമ്പുതന്നെ ഇന്ത്യ പാക്കിസ്ഥാൻ ഇരു രാഷ്ട്ര തീയറി സവർക്കർ അവതരിപ്പിച്ചിരുന്നു. പിന്നീട് ഇന്ത്യ രണ്ടായി വിഭജിക്കുകയും ചെയ്തു. കാലക്രമേണ ഇന്ത്യ രണ്ടായി വിഭജിച്ചപ്പോൾ പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞതിൽ സവർക്കർ ഗാന്ധിയെ കുറ്റപ്പെടുത്താൻ തുടങ്ങി. സ്വന്തം അനുയായികളുടെ ഇടയിൽ ഗാന്ധിജിയെപ്പറ്റി വെറുപ്പുണ്ടാക്കിക്കൊണ്ടിരുന്നു. അതുമൂലം സവർക്കറിൻറെ അടുത്ത ആരാധകനായ നഥുറാം ഗോഡ്സെയ്ക്ക് ഗാന്ധിയെ വധിക്കാനുള്ള പ്രചോദനവുമുണ്ടായി.
1925 സെപ്റ്റംബർ മാസത്തിലെ ഹിന്ദുത്വയുടെ ഒരു സൗഹാർദ സമ്മേളന ശേഷം ഹെഡ്‌ജുവർ (K.B. Hedgewar) ആർ.എസ്.എസ് സംഘടന സ്ഥാപിച്ചു. ബ്രിട്ടീഷുകാരുടെ അടിമയായ സവർക്കർ ആ സംഘടനയുടെ തീവ്ര പ്രവർത്തകനുമായിരുന്നു. ബ്രിട്ടീഷുകാർ അന്നത്തെ ഹിന്ദു രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ഹിന്ദു വർഗീയ വാദികളുടെ വളർച്ച കൊളോണിയൽ ഭരണത്തിന് ആവശ്യമായിരുന്നതിനാൽ ഹിന്ദുത്വയുടെ പ്രവത്തനങ്ങളിൽ സർക്കാരിന് തടസങ്ങളുണ്ടായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിമുകളും വിഭജിച്ചു നിൽക്കുകയെന്നതും അവരുടെ നയമായിരുന്നു. 1937-ൽ സവർക്കറിനെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധം വന്നപ്പോൾ കൊളോണിയൽ ഇന്ത്യയും ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാമെന്ന വ്യവസ്ഥയിൽ കോൺഗ്രസ്സ് കൊളോണിയൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദു മഹാസഭയുടെ പ്രസിഡന്റെന്ന നിലയിൽ സവർക്കരും ബ്രിട്ടീഷ് വൈസ്രോയി ലിൻലീതഗൗവിനെ (Linlithgow) കണ്ടിരുന്നു.
ജയിൽവാസം കഴിഞ്ഞശേഷമുള്ള പുതിയ സാഹചര്യത്തിൽ സവർക്കർ പറഞ്ഞു, "ബ്രിട്ടീഷ് രാജഭരണം ഹിന്ദുക്കളെ അനുഭാവപൂർവം പരിഗണിക്കുന്നു. ഹിന്ദുക്കളുടെ പിന്തുണയും ആഗ്രഹിക്കുന്നു. നമ്മുടെ താൽപ്പര്യവും അത് തന്നെയാണ്. അതുകൊണ്ടു ബ്രിട്ടീഷ് സർക്കാരുമായി നമ്മൾ സഹകരണത്തോടെ പ്രവർത്തിക്കണം. ഹിന്ദുമത തത്ത്വങ്ങളിൽ അധിഷ്ഠിതമായ ആശയങ്ങളിൽ നമ്മോടൊത്ത് സർക്കാർ പ്രവർത്തിക്കുന്നുണ്ട്. ഗ്രേറ്റ് ബ്രിട്ടനും ഹിന്ദുക്കളും തമ്മിൽ സഹവർത്തിത്വമാർജിച്ചുകൊണ്ടു ഒത്തൊരുമയോടെ ബ്രിട്ടീഷ് ഭരണത്തിന് ശക്തി നൽകണം. ഇനിമേൽ ആ രാജ്യവുമായി ഹിന്ദുക്കൾക്ക് ശത്രുതയുണ്ടായിരിക്കില്ല."
മഹാത്മാ ഗാന്ധി സത്യാഗ്രഹം നടത്തിയിരുന്ന നാളുകളിൽ സവർക്കർ യുവാക്കളോട് ബ്രിട്ടീഷ് പട്ടാളത്തിൽ ചേരാൻ പ്രോത്സാഹനം നൽകുകയായിരുന്നു. 1941-ൽ ബോസിന്റെ പട്ടാളം ജപ്പാന്റെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിക്കാനുള്ള പദ്ധതികളിട്ടിരുന്നു. ആ സമയം ഭഗൽപൂരിൽ നടന്ന 1941-ലെ സമ്മേളനത്തിൽ ഹിന്ദുക്കൾ ഒരു നിമിഷം പോലും കളയാതെ ബ്രിട്ടന്റെ ശത്രുക്കളോട് പോരാടണമെന്നായിരുന്നു സവർക്കർ ആഹ്വാനം ചെയ്തത്. ബ്രിട്ടന്റെ കമാണ്ടർ സവർക്കറിനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 1942-ൽ ഇന്ത്യ വിടുക (ക്യുറ്റ് ഇന്ത്യ) വിപ്ലവങ്ങളിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളുണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രകടനങ്ങൾ നേരിടാൻ സവർക്കർ ഹിന്ദു പട്ടാളക്കാരോട് ആജ്ഞകൾ നൽകി.
സുബാഷ് ബോസ് അക്കാലങ്ങളിൽ ജർമ്മനിയിൽ വന്നു ഐ.എൻ.ഐ പട്ടാളത്തെ സംഘടിപ്പിക്കുകയായിരുന്നു. സവർക്കർ ബ്രിട്ടീഷ് പട്ടാളത്തോടു ഒത്തു ചേർന്ന് പ്രവർത്തിക്കുക മാത്രമല്ല ബ്രിട്ടീഷ് പട്ടാളത്തിനുവേണ്ടി ഹിന്ദു യുവാക്കളെ റിക്രൂട്ട് ചെയ്തുകൊണ്ടുമിരുന്നു. കിഴക്കുള്ള സ്ഥലങ്ങളിൽ ബോസിന്റെ ഐ.എൻ.എ പട്ടാളമെന്നു കരുതുന്നവരെ വധിക്കാനും ആജ്ഞ കൊടുത്തിരുന്നു. ഒരു വർഷം കൊണ്ടു സവർക്കർ ബ്രിട്ടീഷ് പട്ടാളത്തിനുവേണ്ടി ഒരു ലക്ഷം ഹിന്ദു മഹാസഭക്കാരെ റിക്രൂട്ട് ചെയ്തിരുന്നു.
ബ്രിട്ടീഷ് പട്ടാളം സവർക്കറും ഹിന്ദു മഹാസഭയുമായി യോജിച്ചെങ്കിലും സുബാഷ് ബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയെ അവർക്കു പരാജയപ്പെടുത്താൻ സാധിച്ചെങ്കിലും പിന്നീട് റെഡ്‌ഫോർട്ടിൽ ഐ.എൻ.ഐ പട്ടാളക്കാരെ പരസ്യമായി വിസ്തരിക്കാനുള്ള തീരുമാനം ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന ഇന്ത്യൻ പട്ടാളത്തിൽ ധാർമ്മിക രോഷം ഉയർത്താൻ ഇടയാക്കി. 1946-ൽ അത് കൊളോണിയൽ നേവിയിൽ പട്ടാള ഇടർച്ചയ്ക്കും കാരണമായി. വിസ്താരങ്ങൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ ബ്രിട്ടീഷുകാർക്ക് ഭരണം അവസാനിപ്പിച്ചു ഇന്ത്യ വിടേണ്ടി വന്നു.
1966 ഫെബ്രുവരി ഇരുപത്തിയാറാം തിയതി സംഭവബഹുലമായ ഒരു ജീവിതത്തിന് അന്ത്യം കുറിച്ചുകൊണ്ട് 'വിനായക ദാമോദർ സവർക്കർ' ലോകത്തോട് യാത്ര പറഞ്ഞു. സവർക്കരുടെ രാഷ്ട്രീയ ചരിത്രം ഇടതും വലതുമായ രാഷ്ട്രീയ ചിന്തകരുടെയിടയിൽ ഇന്നും വിവാദപരമായി തന്നെ തുടരുന്നു. അദ്ദേഹം എന്തെങ്കിലും രാഷ്ട്രത്തിനായി ചെയ്തിട്ടുണ്ടെങ്കിൽ ഭൂരിഭാഗം ജനതയും രാഷ്ട്രീയ പാർട്ടികളും അദ്ദേഹത്തെ മനസിലാക്കാതെ പോയതു ദൗർഭാഗ്യകരമെന്നും ചിന്തിക്കണം. അദ്ദേഹം ആരെന്നുള്ളത്, നീണ്ടകാലം ഇന്ത്യ ഭരിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയുടെ കണ്ണിൽപ്പെടാതെ പോയതുമാവാം കാരണം. അദ്ദേഹം എഴുതിയ സാഹിത്യ കൃതികൾ കൂടുതലും മറാത്തിയിലായിരുന്നതുകൊണ്ട് മഹാരാഷ്ട്രക്ക് പുറത്തുള്ളവർക്ക് അദ്ദേഹത്തെപ്പറ്റി നേരാം വണ്ണം പഠിക്കാൻ സാധിച്ചിട്ടില്ല. മഹാത്മാഗാന്ധി വിരോധി എന്ന ലേബലും സത്യമായിരിക്കണമെന്നില്ല. സവർക്കറിനെപ്പോലെ വില്ലനായി ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു സ്വാതന്ത്ര്യ സമരയോദ്ധാവ് ഇന്ത്യയുടെ ചരിത്രത്തിൽ ചൂണ്ടി കാണിക്കാൻ സാധിക്കില്ല. അതിനുള്ള കാരണങ്ങൾ അദ്ദേഹത്തിൻറെ സമര തന്ത്രങ്ങൾ, ഹിന്ദുത്വ ആശയങ്ങൾ, ഗാന്ധിജിയുമായുള്ള ആശയവിത്യാസങ്ങൾ എന്നിവകളായിരുന്നു.
Standing: Shankar Kistaiya, Gopal Godse, Madanlal Pahwa, Digambar Badge. Sitting: Narayan Apte, Vinayak D. Savarkar, Nathuram Godse, Vishnu Karkare |
The family man: Savarkar (right) with his brothers Ganesh, aka Babarao (centre), and Narayan. |
No comments:
Post a Comment