Tuesday, October 17, 2017

ക്രിസ്തുവിന്‍റെയും കൃഷ്ണന്‍റെയും സാദൃശ്യങ്ങളും അകവും പുറവും ചിന്തകളും



ജോസഫ് പടന്നമാക്കൽ

ഹിന്ദുമതവും ക്രിസ്തുമതവും തമ്മിൽ വലിയ അന്തരം ഉണ്ടെങ്കിലും ഈ രണ്ടുമതങ്ങളിലും  പരസ്പരം പൊരുത്തങ്ങളും സമാനാര്‍ത്ഥകങ്ങളായ ആശയങ്ങളും ദർശിക്കാൻ സാധിക്കും. ക്രിസ്ത്യൻ മതങ്ങളുടെ കേന്ദ്ര ബിന്ദുവായ ക്രിസ്തുവിന്റെയും ഹിന്ദു മതത്തിന്റെ ദൈവമായ കൃഷ്ണന്റെയും ജീവചരിത്രം പരിശോധിച്ചാൽ സമാനതകൾ നിറഞ്ഞതെന്നു കാണാൻ സാധിക്കും. ക്രിസ്തുവിന്റെയും കൃഷ്ണന്റെയും പേരുകളിലും ഒരേ അർത്ഥം ധ്വാനിക്കുകയും ചെയ്യുന്നു. എങ്കിലും ചരിത്രപരമായി രണ്ടു പേരുടെയും പേരുകളുടെ അടിസ്ഥാന തത്ത്വം തെളിയിക്കാൻ സാധിക്കില്ല. ഇരുവരുടെയും പേരുകൾക്ക് സാമ്യം വന്ന ചരിത്രത്തെ നിഷേധിക്കാനും സാധിക്കില്ല. ക്രിസ്തു എന്ന വാക്കിന്റെ അർത്ഥം അഭിഷിക്തനെന്നാണ്. 'ക്രിസ്തോസ്' എന്ന ഗ്രീക്ക് പദത്തിൽനിന്നും ഈ പദം ഉത്ഭവിച്ചു. 'കൃഷ്ണ' എന്ന തത്തുല്യമായ ഗ്രീക്ക് പദവും 'ക്രിസ്തോസ്' തന്നെയാണ്.ഇസ്കോൺ (ISKCON)സ്ഥാപക വേദാന്തിയായ സ്വാമി പ്രഭുപാദ ക്രിസ്തുവിനെ ഗുരുവായി കാണുന്നു. സംസ്കൃതത്തിലും 'ക്രിസ്റ്റോസ്' എന്നാൽ കൃഷ്ണനാണെന്നും പ്രഭുപാദ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൃഷ്ണൻ പരബ്രഹ്മമായ മഹാവിഷ്ണുവിന്റെ അവതാര പുത്രനായി കരുതുന്നു. ക്രിസ്തു പരബ്രഹ്മത്തിന്റെ സ്ഥാനത്തുള്ള പിതാവിന്റെ പുത്രനും. രണ്ടു പേരും ഉദര ശിശുവായി രൂപമായതു ദൈവത്തിൽ നിന്നായിരുന്നുവെന്നും വിശ്വസിക്കുന്നു. ക്രിസ്തു നസ്രത്തിലും കൃഷ്ണൻ ദ്വാരകയിലും ജനിച്ചു. അവരുടെ ജനനോദ്ദേശ്യം ദിവ്യന്മാരും ദീർഘ ദർശികളും ജനനത്തിനുമുമ്പു തന്നെ പ്രവചിച്ചിട്ടുണ്ടായിരുന്നു. അസാധാരണമായ സ്ഥലങ്ങളിലാണ് രണ്ടുപേരും ജനിച്ചത്. ക്രിസ്തു കന്നുകാലി കൂട്ടിലും കൃഷ്ണൻ ജയിലിലും ജനിച്ചു. ദീർഘ ദർശികളുടെയും ദിവ്യന്മാരുടെയും പ്രവചനം അനുസരിച്ച് ശിശുവധത്തിൽ നിന്നും ഇരുവരും ദൈവിക സന്ദേശത്താൽ രക്ഷപ്പെട്ടു.

ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റി കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്. "ഞാനാണ് സർവ്വത്തിന്റെയും ആരംഭം. സർവ്വതും എന്നിൽ നിന്നും പുറപ്പെടുന്നു". അതുപോലെ യേശുവും പറഞ്ഞു, "ഞാനാകുന്നു ജീവന്റെ അപ്പം. എന്നിൽക്കൂടി വരുന്നവന് വിശക്കില്ല, എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കില്ല." യേശുവിന്റെ ജനന മരണ വിവരങ്ങളും ദൗത്യവും ഭൂമിയിലെ ജീവിതവും പുതിയ നിയമത്തിലെ സുവിശേഷങ്ങളിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ സുവിശേഷങ്ങളിലെ ക്രിസ്തുവും ഭഗവദ് ഗീതയിലെ കൃഷ്ണനും തമ്മിലുള്ള സാമ്യതകൾ പണ്ഡിതരുടെയിടയിലുള്ള ചർച്ചാ വിഷയങ്ങളാണ്. യാദൃശ്ചികമായിട്ടാണെങ്കിലും മതങ്ങളെപ്പറ്റി തീക്ഷ്ണതയുള്ളവർക്കെല്ലാം ഈ വിഷയം താല്പര്യമുള്ളതായിരിക്കും. പുരാതന ദൈവങ്ങളും ക്രിസ്തുവുമായുള്ള സാമ്യം ക്രിസ്തുവിനു മുമ്പ് എഴുതിയ റോമൻ പുരാണങ്ങളിലും പേഗൻ ദൈവങ്ങളിലും പ്രകടമായി കാണാവുന്നതാണ്.

പിശാചിന്റെയും തിന്മയുടെയും പരീക്ഷണങ്ങൾ ക്രിസ്തുവിലും കൃഷ്ണനിലും ഫലിച്ചില്ല.  ക്രിസ്തുവിനെ എപ്പോഴും ആട്ടിടയനായി ചിത്രീകരിക്കുന്നു. കൃഷ്ണനെ ഗോപാലകനായും. ഇസ്രായേലിനെയും ഇസ്രായേൽ ജനതയെയും രക്ഷിക്കാനായി ക്രിസ്തു വന്നു. സ്വന്തം ജനതയുടെ രക്ഷയായിരുന്നു പ്രഥമ ഉദ്ദേശ്യം. കൃഷ്ണനും സ്വന്തം ജനതയുടെ രക്ഷക്കായി യാദവ കുലത്തിൽ വളർന്നു. സ്നേഹവും സമാധാനവുമായിരുന്നു കൃഷ്ണനും ക്രിസ്തുവും പഠിപ്പിച്ചത്. ഭാരത ഇതിഹാസത്തിലെ ശ്രീ കൃഷ്ണന്റെയും നസ്രത്തിലെ ക്രിസ്തുവിന്റെയും മരണം തന്നെ തുലനം ചെയ്താലും ഇരുവരുടെയും മരണം ഭൂമിയിൽ സ്പർശിക്കാതെയായിരുന്നുവെന്നു കാണാം. കൃഷ്ണൻ മരത്തിന്റെ കൊമ്പിൽ വേടന്റെ മുനയുള്ള അമ്പിനാൽ കൊല്ലപ്പെട്ടപ്പോൾ ക്രിസ്തു കൂർത്ത ഇരുമ്പാണിയാൽ മരത്തിന്റെ മുകളിൽ ക്രൂശിക്കപ്പെട്ടു. ക്രിസ്തുവും കൃഷ്ണനും തങ്ങളുടെ മരണത്തിനു കാരണമായവരോട് ക്ഷമിച്ചിരുന്നു. കൃഷ്‌ണൻ അമ്പെയ്ത വേടനു ശാപമോഷം കൊടുത്തപ്പോൾ ക്രിസ്തു തന്നെ ക്രൂശിച്ചവർക്കായി 'പിതാവേ ഇവരോട് ക്ഷമിക്കണമേ'യെന്നു വിലപിച്ചു. ക്രിസ്തുവും കൃഷ്ണനും മരണത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുകയും സ്വർഗാരോഹണം ചെയ്യുകയും ചെയ്യുന്നു.

കൃഷ്ണൻ ദൈവവും മനുഷ്യനുമായി ഹിന്ദുക്കൾ വിശ്വസിക്കുന്നു. പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവും. അതുപോലെ ക്രിസ്തുവിലും ക്രിസ്ത്യാനികൾ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനായും കാണുന്നു. രണ്ടു പേരും മനുഷ്യരുടെ രക്ഷകരായി പിറന്നു. നീതിയിൽ അടിസ്ഥാനമായ ഒരു ജീവിതം കൈവരിക്കാൻ ഭഗവദ് ഗീതയും ബൈബിളും ഒരുപോലെ മാർഗ്ഗദീപമാണ്. ഗീതയിൽ കൃഷ്ണൻ പറയുന്നു. 'ഓ അർജുന, നീതിയില്ലാതാകുമ്പോൾ അനീതി നിലനിൽക്കുമ്പോൾ ഞാൻ മനുഷ്യനായി അവതരിക്കും. മനുഷ്യനായി ജീവിക്കും. ധർമ്മം നിലനിർത്താനും നീതിമാന്മാരെ സംരക്ഷിക്കാനും അധാർമ്മികളെ ശിക്ഷിക്കാനും ഞാൻ ഈ ഭൂമിയിൽ കാലാകാലങ്ങളിൽ അവതരിക്കും. യേശുവും പറഞ്ഞു, ദൈവം നിങ്ങളുടെ പിതാവെങ്കിൽ പിതാവ് എന്നെ സ്നേഹിച്ചതുപോലെ നിങ്ങളെയും സ്നേഹിക്കും. ഞാൻ പിതാവിങ്കൽ നിന്ന് വന്നു.  സ്വയം വന്നതല്ല. പിതാവിനാൽ എന്നെ അയക്കപ്പെട്ടതാണ്".

ഏക ദൈവത്തെപ്പറ്റി ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ ആവർത്തിച്ചു പറയുന്നുണ്ട്. "ഞാനാകുന്നു വഴി, എന്നിലേക്ക് വരുവിൻ, ദൈവങ്ങൾക്കോ ജ്ഞാനികൾക്കോ എന്റെ ആരംഭത്തെ അറിയില്ല. സർവ്വ ദൈവങ്ങളുടെയും ബ്രഹ്മജ്ഞാനികളുടെയും ഉറവിടം ഞാനാണ്. യേശു സുവിശേഷത്തിലും പറയുന്നു, 'ഞാൻ വഴിയും സത്യവുമാകുന്നു. ഞാനാകുന്നു ജീവനും. എന്നിൽക്കൂടിയല്ലാതെ ആരും പിതാവിങ്കൽ എത്തില്ല. നിങ്ങൾ  എന്നെ അറിയുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുന്നു.' കൃഷ്ണൻ ശിക്ഷ്യന്മാരോട് ഇന്ദിരീയങ്ങളെ നിയന്ത്രിക്കുവാനും മനസിനെ ഏകാഗ്രമാക്കാനും  ഉപദേശിക്കുന്നുണ്ട്. 'ഭൗതിക ലോകം വെടിഞ്ഞുകൊണ്ട് ആത്മീയതയിൽ സഞ്ചരിക്കുന്ന ഒരു യോഗിയ്ക്ക് ഏകാഗ്രമായ സമാധിയിൽക്കൂടി ആത്മത്തെ തിരിച്ചറിയാൻ സാധിക്കുന്നു. യോഗിയായ അവസ്ഥയിൽ  അവിടെ ആത്മജ്ഞാനം കണ്ടെത്തുന്നു'. ക്രിസ്തുവും അതുപോലെ പറഞ്ഞു, 'നീ പ്രാർഥിക്കുമ്പോൾ ഏകാഗ്രമായി ഒരു മുറിയിൽ കയറി വാതിലടക്കുക. രഹസ്യത്തിൽ നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് പരസ്യമായി നിനക്ക് പ്രതിഫലം നൽകും'.

ത്രിത്വം ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ഒരുപോലെ ആചരിക്കുന്നു. ക്രിസ്തുവും കൃഷ്ണനും ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ്. ബ്രഹ്മ, വിഷ്ണു(പുത്രൻ) മഹേശൻ എന്നീ ത്രിമൂർത്തികൾ ഹൈന്ദവ ത്രിത്വമായി കരുതുന്നു. അതിൽ വിഷ്ണുവിന്റെ പുത്രനായി വന്ന അവതാര മൂർത്തിയാണ് കൃഷ്ണൻ. ക്രിസ്തുവിന്റെയും കൃഷ്ണന്റെയും ജനനത്തിനുശേഷം രാജകോപം ഉണ്ടാവുകയും ദിവ്യ ശക്തിയാൽ രക്ഷപെടുകയും ചെയ്തു. രാജകോപത്തിൽ നിന്നും രക്ഷപെടാൻ ഈ രണ്ടു ദിവ്യ ശിശുക്കളും ശൈശവത്തിലേ പലായനം ചെയ്യേണ്ടി വന്നു. സർപ്പവുമായി രണ്ടുപേർക്കും ബന്ധം ഉണ്ട്. കൃഷ്ണൻ, സർപ്പത്തിന്റെ തലയിൽ ചവിട്ടി നൃത്തം ചെയ്തപ്പോൾ യേശുവിന്റെ അമ്മ സർപ്പത്തിന്റെ തലയിൽ ചവുട്ടി ഞെരിച്ചുകൊണ്ട് നരക സർപ്പത്തെ തകർക്കുന്ന സ്ത്രീയായും ചിത്രീകരിച്ചിരിക്കുന്നു. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടങ്ങളാണ് രണ്ടുപേരുടെയും ജീവിതത്തിൽ സ്പർശിച്ചിരിക്കുന്നത്.

ക്രിസ്തു ക്രിസ്ത്യാനികൾക്കും കൃഷ്ണൻ ഹിന്ദുക്കൾക്കും ദൈവത്തിന്റെ പ്രതിരൂപങ്ങളെന്നു വിശ്വസിക്കുന്നു. വിവേകാനന്ദൻ പറഞ്ഞു, "അരൂപിയായ ദൈവത്തെ ആരാധിക്കുന്നതിലും എളുപ്പം രൂപമുള്ള ദൈവത്തെ ആരാധിക്കുന്നതാണ്." ക്രിസ്തുവിനെ ഏറ്റവുമധികം ആഴത്തിൽ പഠിച്ച യോഗിയായിരുന്നു സ്വാമി വിവേകാനന്ദൻ. വിവേകാനന്ദൻ പറഞ്ഞു, 'ദൈവത്തെപ്പറ്റി  അറിയാത്തവരോടും വേദഗ്രന്ഥങ്ങൾ ആദ്യം പഠിക്കുന്നവരോടും രൂപ ഭാവങ്ങളോടെയുള്ള ഒരു ക്രിസ്തുവിനെ അവതരിപ്പിക്കും. 'സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കൂ'വെന്നു പറയും. ഒരു പടികൂടി കടന്ന് ദൈവത്തെ കുറച്ചുകൂടി അറിഞ്ഞവനോട് പറയും, "ഞാൻ മുന്തിരി വള്ളിയാകുന്നു. നിങ്ങൾ അതിന്റെ ശാഖകളും". എന്നാൽ ദൈവത്തെ പൂർണ്ണമായി അറിഞ്ഞവരോടും അവന്റെ ശിക്ഷ്യരോടും അവൻ പറയുന്നത്, "ഞാനും പിതാവും ഒന്നാകുന്നു" എന്നായിരിക്കും. 'ശ്രീ രാമ കൃഷ്ണനിലും അതേ സത്യം കുടികൊള്ളുന്നു. നരേനെന്നു വിളിക്കുന്ന വിവേകാനന്ദനോട് രാമകൃഷ്ണൻ വെളിപ്പെടുത്തി, 'അവൻ ആരാണോ രാമൻ, അവൻ ആരാണോ കൃഷ്ണൻ, രാമകൃഷ്ണനായി 'ഞാനെന്ന' ഈ ശരീരത്തിൽ കുടികൊള്ളുന്നു. രാമകൃഷ്ണനെന്നാൽ രാമനും കൃഷ്ണനുമാണ്. ചൈതന്യ മൂർത്തീകരണമാണ്‌. 'ഞാനെന്ന' സത്യവും അതാണ്. ദൈവം നമ്മിൽ തന്നെയുണ്ട്.'

ഒരു ഗുരുവിന്റെ ശിക്ഷ്യന്മാർ അവരുടെ ഗുരുവിന്റെ ഉപദേശങ്ങളിൽ മാത്രമേ സത്യമുള്ളൂവെന്നു പറയും. അത് ഗുരുക്കന്മാർ നയിക്കുന്ന മതങ്ങളുടെ അനുയായികളിൽ കാണുന്ന ദുഖകരമായ ഒരു പ്രവണതയാണ്. അവർ മറ്റുള്ള ഗുരുക്കന്മാരെ ഇകഴ്ത്തി സംസാരിക്കും. അന്ധമായ വിശ്വസമാണ് അവരെ നയിക്കുന്നത്. അവന്റെ ഗുരു ഇത് അറിയുന്നുവെങ്കിൽ ഗുരു ലജ്ജകൊണ്ട് തല താഴ്ത്തും.  വിവേകാനന്ദൻ അതിനുദാഹരണമായി എടുത്തു കാണിക്കുന്നത് യേശുവിനെയാണ്. "നസ്രത്തിലെ യേശു ഗുരുസ്ഥാനീയനായി പഠിപ്പിക്കുന്നുവെന്ന് വിചാരിക്കുക. ഒരു മനുഷ്യൻ വന്നു അദ്ദേഹത്തോട് പറയുന്നു, 'ഗുരോ അങ്ങയുടെ ഏറ്റവും നല്ല അദ്ധ്യാപനം എന്താണ്'? ഞാൻ വിചാരിക്കുന്നത് അങ്ങ് പഠിപ്പിക്കുന്നതു മാത്രം പൂർണ്ണമെന്നാണ്. ഞാൻ അങ്ങ് പഠിപ്പിച്ചതെല്ലാം കൃത്യമായി പാലിച്ച് അതനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, പ്രഭോ അങ്ങയെ മാത്രം ദൈവപുത്രനായി ആരാധിക്കാൻ എനിക്ക് സാധിക്കില്ല'. യേശുവിന്റെ ഉത്തരം എന്തായിരിക്കും? "കൊള്ളാം സഹോദരാ, യുക്തമെന്നു തോന്നുന്നതെന്തോ, നിന്റെതായ ആ വഴി നീ പിന്തുടരുക. ഞാൻ പഠിപ്പിക്കുന്നത് മെച്ചമെന്ന് നീ പറഞ്ഞാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ച് അതൊരു വിഷയമല്ല. ഞാൻ അത് ഗൗരവമായി എടുക്കുന്നുമില്ല. സത്യം മാത്രം ഞാൻ പഠിപ്പിക്കുന്നു. സത്യം എന്നത് ആരുടേയും കുത്തകയല്ല. സത്യത്തെ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല. സത്യമെന്നു പറയുന്നത് അനശ്വരനായ ദൈവം മാത്രമാണ്. നിന്റെ കർമ്മങ്ങളുമായി നീ മുമ്പോട്ട് പോകൂ." എന്നാൽ ഇക്കാലത്തെ അദ്ദേഹത്തിൻറെ ശിക്ഷ്യന്മാർ പറയുന്നതെന്തായിരിക്കും? 'നീ അവന്റെ ശിക്ഷണം സ്വീകരിച്ചാലും ഇല്ലെങ്കിലും ദൈവപുത്രനായ യേശു പറയുന്നത് മാത്രം അനുസരിച്ചാൽ നിനക്ക് രക്ഷ നേടാം. അല്ലായെങ്കിൽ രക്ഷയുടെ കവാടങ്ങൾ നിനക്കായി തുറന്നിരിക്കില്ല.'

വിവേകാനന്ദൻ ഷിക്കാഗോയിൽ ആയിരുന്ന സമയം കൊടും മഴയുള്ള ഒരു സന്ധ്യാ സമയം ഏതാനും സ്ത്രീകൾ ഡിട്രോയിറ്റിൽനിന്നു നൂറു മൈലുകളോളം യാത്ര ചെയ്തു അദ്ദേഹത്തെ കാണാൻ വന്നു. അദ്ദേഹത്തെ കണ്ടയുടൻ അവരിൽ ഒരാൾ പറഞ്ഞു, 'ഭൂമുഖത്തുണ്ടായിരുന്ന യേശുവിനെ കാണുന്നതുപോലെയാണ് ഇപ്പോൾ ഞങ്ങൾ അങ്ങയെ കാണുന്നത്! ഞങ്ങൾക്ക് അങ്ങയുടെ അനുഗ്രഹവും ഉപദേശവും തന്നാലും!'. വിവേകാനന്ദൻ അത്യധികമായ വിനയഭാവത്തോടെ പറഞ്ഞു, 'സഹോദരികളെ, യേശുവിന്റെ ദൈവികമായ ആ ശക്തി എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ നിങ്ങളെ സ്വതന്ത്രമാക്കുമായിരുന്നു. ക്രിസ്തു സത്യത്തെ പ്രകാശത്തിലേക്ക് നയിച്ചു. സ്വർഗ്ഗ രാജ്യം നിന്റെ ഉള്ളിലെന്നു പറഞ്ഞു'. വിവേകാനന്ദനിൽ അന്ന് പ്രതിധ്വനിച്ചത് ക്രിസ്തുവിന്റെ ശബ്ദമായിരുന്നു. അത് നിന്നിലുണ്ട്. അത് നിനക്കുള്ള നീതിയാണ്. ഗീതയിലും പറയുന്നുണ്ട്, "എന്നെ കാണുന്നവൻ എല്ലാം കാണുന്നു. എന്നിൽ എല്ലാം ദർശിക്കുന്നു. അവനെ ഞാൻ ഒരിക്കലും കൈവിടില്ല. അവന് എന്നെ നഷ്ടപ്പെടുകയുമില്ല." ക്രിസ്തുവും അതിനു തുല്യമായി പറയുന്നുണ്ട്. "എന്നെ പ്രതി ജീവൻ നഷ്ടപ്പെടുന്നവൻ അത് കണ്ടെത്തും." നസ്രായൻ കിഴക്കിന്റെ പുത്രനായിരുന്നു. പടിഞ്ഞാറുള്ളവർ അക്കാര്യം മറക്കുന്നു. സത്യത്തെ അനലംകൃതമാക്കുന്നു. നാം കാണുന്ന ഈ ഭൗതിക ജീവിതത്തിൽ വളരെ കുറച്ചു മാത്രമേ സത്യത്തിന്റെ അംശം ലഭിക്കുന്നുള്ളൂ. സത്യമെന്നത് ഈ ജീവിതമല്ലെന്നു ക്രിസ്തു പറഞ്ഞാൽ പരമോന്നതമായ മറ്റൊന്നുണ്ടെന്നാണ് അർത്ഥം. വിവേകാനന്ദൻ പറഞ്ഞു, 'അവൻ കിഴക്കിന്റെ പുത്രനെന്ന നിലയിൽ പ്രായോഗിക ജീവിതത്തിലും സത്യത്തെ തുറന്നു കാണിച്ചു'. അവൻ തന്നെ പ്രകാശിതനായ സത്യമായിരുന്നു.

മഹാത്മാ ഗാന്ധിയ്ക്ക് ക്രിസ്തുവിനെ മതിയായിരുന്നു. ക്രിസ്ത്യാനികളെ അദ്ദേഹം തള്ളി പറഞ്ഞു. തെക്കേ ആഫ്രിക്കയിൽ നിന്നു ക്രിസ്ത്യാനികളിൽ നിന്നും ലഭിച്ച വർണ്ണ വിവേചനമാണ് അദ്ദേഹത്തെ അങ്ങനെയൊരു ചിന്തകളിൽ എത്തിക്കാൻ കാരണം. മിഷനറിമാരോട് അദ്ദേഹം പറയുമായിരുന്നു. 'ഞാൻ നിങ്ങളുടെ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നു. എന്നാൽ ക്രിസ്ത്യാനികളെ എനിക്ക് ഇഷ്ടമില്ല. നിങ്ങളുടെ ക്രിസ്ത്യാനികളിൽ ക്രിസ്തുവിനെപ്പോലെ ആരുമില്ല. നിങ്ങൾ എന്തുകൊണ്ട് ക്രിസ്തുമതത്തിൽ ചേരുന്നില്ലെന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഗാന്ധി പറഞ്ഞു, "തന്റെ സ്വന്തം മതമായ ഹൈന്ദവ മതത്തിൽ നിന്നും ലഭിക്കുന്നത് ക്രിസ്തുമതത്തിൽ നിന്നും ലഭിക്കില്ല. ഒരു നല്ല ഹിന്ദുവെന്നു ഞാൻ പറഞ്ഞാൽ നല്ലയൊരു ക്രിസ്ത്യാനിയെന്നും അർത്ഥമാക്കേണ്ടതുണ്ട്. യേശുവിന്റെ വിശ്വാസിയായി അദ്ദേഹത്തിൻറെ ഉപദേശങ്ങൾ സ്വീകരിക്കേണ്ട ആവശ്യം എനിക്കില്ല. അല്ലെങ്കിൽ യേശുവിനെ പിന്തുടരേണ്ട ആവശ്യവുമില്ല. അതെല്ലാം എന്റെ മതമായ സനാതനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.”

ഹിന്ദുമതത്തിലെ അഗാധമായ ജ്ഞാനവും താൻ അനുഷ്ഠിക്കുന്ന മതത്തിലെ വിശ്വസത്തോടുമൊപ്പം ഗാന്ധിജി ക്രിസ്തുവിന്റെ ആശയങ്ങളും സ്വന്തം ജീവിതത്തിൽ പകർത്തിയിരുന്നു. എന്നാൽ ഹിന്ദു മതത്തിൽ തന്നെ കടുത്ത മതഭീകരവാദികൾ വർഗീയത പ്രചരിപ്പിക്കുന്നുണ്ടെന്ന വസ്തുത ഗാന്ധിജി മനസിലാക്കിയിട്ടുണ്ടായിരുന്നില്ല. അവസാനം തീവ്ര വർഗീയ ഫാസിസ്റ്റുകളായ ഹിന്ദുത്വയുടെ ആശയങ്ങളിൽ മുഴുകിയവർ ഗാന്ധിജിയുടെ മരണത്തിനും കാരണമായി. മതത്തിന്റെ ഉള്ളറയിൽ മലിനമായ വർഗീയ ഫാസിസ്റ്റ് ആശയങ്ങൾ ഹിന്ദുക്കൾക്ക് മാത്രമല്ല ക്രിസ്ത്യാനികളിലും മുസ്ലിമുകളിലുമുണ്ട്. ക്രിസ്ത്യാനിറ്റി ക്രിസ്തുവിന്റെ ആശയങ്ങളെ ദുഷിപ്പിച്ചുകൊണ്ട് ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നു. ഇസ്‌ലാമിസം ദൈവത്തിനു സമർപ്പിച്ചുകൊണ്ടുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്ലാം മതത്തെയും കലുഷിതമാക്കി. മതം മറ്റൊരു തരത്തിലും രൂപാന്തരം പ്രാപിക്കാം. മതത്തിന്റെ അടിസ്ഥാനമായ ആശയങ്ങൾ നാസിസവും, ഫാസിസവും കമ്മ്യുണിസവുമായി മാറ്റപ്പെട്ടു. തീവ്രമായ ആശയങ്ങൾ മനുഷ്യകുലത്തിന് വേദനകൾ സംഭാവന ചെയ്തുകൊണ്ടിരുന്നു.  ഇസങ്ങളുടെ വളർച്ചയിൽ ക്രിസ്തുവിന്റെ ആശയങ്ങളെയും വലിച്ചു നീട്ടി മറ്റൊരു വിധമാക്കി.

ക്രിസ്ത്യാനിറ്റിയെ അധികാരകേന്ദ്രികൃതമായ പുരോഹിത സമ്പ്രദായം നയിക്കുന്നു. അവർ ക്രിസ്തുവിനെയും മാമ്മോനെയും ഒന്നിച്ചു പന്താടുന്നു. എന്നാൽ ക്രിസ്തുവിനെ പിന്തുടർന്ന അവിടുത്തെ ശിക്ഷ്യഗണങ്ങൾ ആത്മാവിൽ ദരിദ്രരായിരുന്നു. ഇന്ന് ക്രിസ്ത്യാനിയാകണമെങ്കിൽ സംഘടിത മതത്തിൽ അംഗത്വം എടുക്കണം. പാരമ്പര്യമായ ആചാരങ്ങളും പിന്തുടരണം. ക്രിസ്തു പഠിപ്പിച്ച  ദൈവത്തിന്റെ വചനങ്ങൾ ഹൃദയത്തിൽ നിന്നുമായിരുന്നു. 'രണ്ടോ മൂന്നോ പേർ ഒന്നിക്കുന്നേടത്തും അവന്റെ നാമം ശ്രവിക്കപ്പെടു'മായിരുന്നു. ബുദ്ധമതത്തിനും സിക്കുമതത്തിനും ഇസ്ലാം മതത്തിനും സ്ഥാപകരുണ്ട്. അതുപോലെ ക്രിസ്തുമതവും ക്രിസ്തു സ്ഥാപിച്ചുവെന്നാണ് വെപ്പ്. എന്നാൽ ക്രിസ്തു ക്രിസ്തുമതം സ്ഥാപിച്ചിട്ടില്ല. എ.ഡി. 317 മുതൽ കോൺസ്റ്റാന്റിൻ ചക്രവർത്തിയാണ് ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ചത്. സത്യത്തിൽ ക്രിസ്ത്യാനിറ്റിയും ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല.

ഹിന്ദുമതത്തെ സംബന്ധിച്ച്, ദൈവത്തെ ഏതു പേരിലും വിളിക്കാം. ഹിന്ദുമതത്തിന്റെ കാര്യത്തിൽ കണക്കില്ലാത്ത ദൈവങ്ങളുണ്ട്. ദശലക്ഷക്കണക്കിന് ദൈവങ്ങളുണ്ടെന്ന് ആളുകൾ പറയും. എന്നാൽ യഥാർത്ഥത്തിൽ, ഹിന്ദുക്കളിൽ അധികവും ഒരു ദൈവത്തെ മാത്രം ആരാധിക്കുന്നവരാണ്. അവരുടെ ദൈവമാണ് യഥാർത്ഥ ദൈവമെന്ന് അവർ കരുതുന്നു. ഒരേ മതത്തിന്റെ, ഒരേ ദൈവത്തിന്റെ വ്യത്യസ്ത സാക്ഷാൽക്കാരങ്ങളാണ് അവരെല്ലാം എന്നതുകൊണ്ട് മറ്റു ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളോടും അവർ സംതൃപ്തരാണ്. അവർ അവരുടെ ദൈവത്തെ വിശ്വസിക്കുന്നു. എന്നാൽ മറ്റൊരു പേരിൽ ദൈവത്തെ വിശ്വസിക്കുന്നതിൽ പ്രശ്നമില്ലെന്ന് അവർ കരുതുന്നു. ദൈവത്തിന്റെ പേർ എന്താണ് എന്നത് പ്രശ്നമേയല്ല, അതാണ് ഹിന്ദുമതത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ദൈവനാമം അവരെ സംബന്ധിച്ച് യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ല.

ഹിന്ദുമതം അനേകം ആചാരങ്ങളും വിശ്വസങ്ങളും കലർന്നതാണ്. അതുകൊണ്ട് ക്രിസ്തുമതവും ഹിന്ദുമതവും തമ്മിൽ സാമ്യപ്പെടുത്തുക എളുപ്പമല്ല. എന്നാൽ ക്രിസ്തുമതത്തിലെ ചില സിദ്ധാന്തങ്ങൾ ഹിന്ദുമതത്തിലുമുണ്ട്. ഒരു വിത്യാസമെന്തെന്നാൽ ഹിന്ദുമതം ക്രിസ്തു മതത്തെ ഒരു അംഗീകൃത മതമായി അംഗീകരിച്ചിട്ടുണ്ട്. ബൈബിൾ അനുസരിച്ച് ക്രിസ്തുമതത്തിന് ഹിന്ദു മതത്തെ അംഗീകരിക്കാൻ സാധിക്കില്ല. ഹിന്ദുമതത്തിന് സർവ്വ മതങ്ങളെയും ഉൾക്കൊള്ളുന്ന സഹന ശക്തിയുണ്ട്. ഹിന്ദുക്കൾ ശ്രീ കൃഷ്ണനു തുല്യമായി ക്രിസ്തുവിനെ കണ്ടാലും ക്രിസ്ത്യാനികൾ എതിർക്കും. എല്ലാ മതങ്ങളും ദൈവത്തിങ്കലേക്കുള്ള അനേക വഴികളെന്ന് ഹിന്ദു മതം പഠിപ്പിക്കുന്നു. എന്നാൽ ക്രിസ്തുമതം ക്രിസ്തു മാത്രം ഏകവും സത്യവുമെന്ന് വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ വചനങ്ങൾ സൗകര്യപൂർവം അങ്ങനെ ക്രിസ്ത്യാനികൾ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അതിനുദാഹരണമായി പറയുന്നത് വചനം തന്നെയാണ്. 'ഞാൻ വഴിയും സത്യവും ജീവനുമാകുന്നു. എന്നിൽകൂടിയല്ലാതെ ആരും പിതാവിങ്കൽ എത്തുന്നില്ലാ'യെന്നാണ്. അത് ഹൈന്ദവ മതത്തിന്റെ തത്ത്വങ്ങൾ അനുസരിച്ച് 'ഞാൻ ദൈവമെന്ന' സത്തയിൽ സ്വന്തം ആത്മത്തെ കണ്ടെത്തുകയുമാവാം. യേശു സ്വന്തം ആത്മത്തെ കണ്ടെത്തിയപോലെ ഹൈന്ദവരിലെ അനേക ഋഷിമാരും അങ്ങനെതന്നെ ചിന്തിച്ചിട്ടുണ്ട്.

ക്രിസ്തുമതത്തിലും ഹിന്ദു മതത്തിലും പ്രാകൃത മനുഷ്യർ ചെയ്തുകൊണ്ടിരുന്ന ആചാരങ്ങൾ ഇന്നും നിലവിലുണ്ട്. പാപ പൊറുതിക്കായി കോപിഷ്ഠനായ ദൈവത്തിനു ചെയ്യുന്ന പ്രാശ്ചത്യങ്ങൾ ഹിന്ദു മതം ഉൾപ്പടെ എല്ലാ പ്രാചീന മതങ്ങളിലും കാണാം. മൃഗബലി ഹിന്ദുമതത്തിലും യഹൂദ മതത്തിലുമുണ്ട്. ഈ മതങ്ങളെല്ലാം ഇത്തരം ആചാരങ്ങളും കർമ്മങ്ങളും ദൈവിക ആജ്ഞകളനുസരിച്ച് അനുഷ്ടിക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. 1950-ൽ ഫ്രഞ്ച് ചരിത്രകാരനായ 'അലൈൻ ഡാനിലയോ' എഴുതിയിരിക്കുന്നത് സുവിശേഷത്തിലെ ക്രിസ്തുവിന്റെ ജനനം ബുദ്ധന്റെയും കൃഷ്ണന്റെയും ഐതിഹ്യ കഥകളുമായി വളരെയധികം സാമ്യമുണ്ടെന്നാണ്. ബുദ്ധന്മാരെപ്പോലെയും ജൈനന്മാരെപ്പോലെയും ആദ്യമ ക്രിസ്ത്യൻ സമൂഹത്തിലും കഠിന വ്രതങ്ങളുണ്ടായിരുന്നു. തിരുശേഷിപ്പ് വണക്കം, വിശുദ്ധ ജലം, എന്നിവകൾ ഉദാഹരണങ്ങളാണ്. 'ആമേൻ' എന്ന വാക്ക് സംസ്കൃതത്തിലെ 'ഓം' പദത്തിൽ നിന്നും രൂപാന്തരപ്പെട്ടതാണ്. കുന്തിരിക്കം, വിശുദ്ധ അപ്പം, പ്രസാദം, പള്ളിക്കുള്ളിൽ അൾത്താര, വേദിക്ക് ജപമാലപോലുള്ള റോസറി, ക്രിസ്ത്യൻ ത്രീത്വം, ക്രിസ്ത്യൻ പ്രദക്ഷിണവും രൂപം എഴുന്നള്ളിപ്പും ഇങ്ങനെ ആചാര രീതികളിൽ സാമ്യം കാണുന്നു.

ഹിന്ദുയിസം സർവ്വതും ദൈവികമെന്നു വിശ്വസിക്കുന്നു. കല്ലിലും ദൈവമയമെന്ന വിശ്വസമാണ് പുലർത്തുന്നത്. നന്മയിലും തിന്മയിലും ദൈവത്തെ കാണുന്നു. ക്രിസ്ത്യാനികളുടെ വിശ്വസം അനുസരിച്ച് ദൈവം തിന്മയെ സൃഷ്ടിക്കുന്നില്ലായെന്നാണ്. നന്മയും തിന്മയും തിരഞ്ഞെടുക്കുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു മേലെന്നു വിശ്വസിക്കുന്നു. ഹിന്ദു മതത്തിന്റെ ആരംഭം കണ്ടുപിടിക്കാൻ സാധിക്കില്ല. എന്നാൽ ക്രിസ്തുമതം ഉണ്ടായിട്ട് രണ്ടായിരം വർഷങ്ങൾ മാത്രമേ ആയുള്ളൂ.

മഹാത്മാ ഗാന്ധിയും ഗോഡ്സെയും ഭഗവദ്ഗീത വായിച്ചിരുന്നു. പക്ഷെ ഗാന്ധി രക്തസാക്ഷിയും ഗോഡ്‌സെ കൊലയാളിയുമായി. ഏതു പരിശുദ്ധ പുസ്തകം എടുത്താലും വ്യത്യസ്ത അർത്ഥങ്ങളിൽ വ്യഖ്യാനിക്കാൻ സാധിക്കും. പ്രസിഡന്റ് ഒബാമ ഡൽഹിയിൽ വന്നു പ്രസംഗിച്ചപ്പോൾ ബൈബിളിലെ വിശ്വാസമാണ് തന്റെ ജീവിതത്തെ ശക്തമാക്കിയതെന്നു പ്രസംഗിച്ചിരുന്നു. മനുഷ്യാവകാശത്തിനു  വേണ്ടി സമരം ചെയ്ത അമേരിക്കയുടെ മാർട്ടിൻ ലൂഥർ കിംഗിൽ ആവേശം കയറിയിരുന്നത് ബൈബിൾ വാക്യങ്ങളും യേശു ക്രിസ്തുവും മഹാത്മാ ഗാന്ധിയുമായിരുന്നു. ഹിന്ദുത്വ ഗ്രുപ്പിന് 'ഡോക്ടർ എൻ. ഗോപാല കൃഷ്ണൻ' എന്ന ശക്തനായ ഒരു നേതാവുണ്ട്. കടലാസുകൾ നിറയെ ബിരുദങ്ങളും ഡോക്ട്രേറ്റ് ബിരുദങ്ങളും അയാൾക്കുണ്ട്. അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിനെതിരെയും യേശു ക്രിസ്തുവിനെതിരെയും ചില വീഡിയോകൾ ഇറക്കിയിട്ടുണ്ട്. അതിൽ അദ്ദേഹം യേശു വാളുമായി പട പൊരുതുന്ന, ശത്രുക്കളെ സംഹരിക്കാൻ ഉപദേശിക്കുന്ന ഒരു അക്രമകാരിയാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ക്രൈസ്തവർക്കെതിരെ ധർമ്മ യുദ്ധം നടത്തണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

ചക്രവർത്തിമാരും രാജാക്കന്മാരും മതത്തിന്റെ പേരിൽ കഴിഞ്ഞ കാലങ്ങളിൽ കൊല്ലും കൊലയും നടത്തി. അത്തരം നരഹത്യകൾ വിശുദ്ധ ഗ്രന്ഥങ്ങൾ വ്യാഖ്യാനം ചെയ്തു നീതികരിച്ചിട്ടുമുണ്ട്. നഥുറാം ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ കൊന്ന ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്,  ഒരേ വിശുദ്ധ ഗ്രന്ഥം രണ്ടായി വായിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നാണ്. രണ്ടു പേരും ഭഗവദ് ഗീത വായിച്ചിരുന്നു. ഒരാൾ ഗാന്ധിയായി. മറ്റെയാൾ ഗോഡ്‌സെയുമായി. തിലകനും ഔറോബിന്ദോ ഗോഷിനും (Aurobindo Ghose) ഗാന്ധിക്കും ഗീതയിൽ വ്യത്യസ്ത ചിന്തകളാണുണ്ടായിരുന്നത്. ഗാന്ധിജി ഗീതയിൽ വായിച്ചത് അഹിംസാ സിദ്ധാന്തങ്ങളായിരുന്നു. മറ്റുള്ളവർ യുദ്ധവും ആക്രമവും, വസ്ത്രാക്ഷേപവും, നുണയും, ചതിയും കൊലയും ധർമ്മമെന്നു വ്യാഖ്യാനിച്ചു. ഗാന്ധിജി പറഞ്ഞു, 'ഭഗവദ് ഗീത എന്നെ സംബന്ധിച്ചടത്തോളം നിത്യതയുടെ തത്ത്വങ്ങളാണ്. വെറുപ്പിനെ സ്നേഹം കൊണ്ടും അസത്യത്തെ സത്യം കൊണ്ടും കീഴ്പ്പെടുത്താൻ ഭഗവദ് ഗീത പഠിപ്പിക്കുന്നു'. വിവേകാനന്ദൻ പറഞ്ഞു, 'പ്രിയപ്പെട്ടവരേ, നസ്രത്തിലെ യേശുവിന്റെ കാലങ്ങളിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ അവന്റെ കാൽപാദങ്ങൾ കണ്ണുനീരുകൊണ്ടല്ല ഹൃദയാമൃതമായ രക്തംകൊണ്ട് കഴുകുമായിരുന്നു.' വിവേകാനന്ദൻ അങ്ങനെ പറഞ്ഞത് ചർച്ചിയാനിറ്റിയുടെ ക്രിസ്തുവിനെപ്പറ്റിയല്ല നസ്രത്തിൽ ജീവിച്ചെന്നു കരുതുന്ന യോഗിയായ ഒരു ക്രിസ്തുവിനെപ്പറ്റിയായിരുന്നു.






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...