Thursday, October 26, 2017

യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും



ജോസഫ് പടന്നമാക്കൽ

'യേശു ബുദ്ധമത തത്ത്വങ്ങൾ പഠിച്ച ഒരു ഗുരുവായിരുന്നുവോ' എന്ന വിഷയം സമകാലിക ലോകത്തിൽ വളരെയേറെ പ്രസക്തവും വിവാദപരവുമാണ്. യേശുവും ബുദ്ധനും വ്യത്യസ്ത കാലങ്ങളിൽ ജീവിച്ചിരുന്നെങ്കിലും ഈ രണ്ടു ദിവ്യപ്രഭകളുടെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും നിരവധി  സാമ്യങ്ങൾ ദർശിക്കാൻ സാധിക്കും. യേശു ഒരു യഹൂദൻ, പ്രവാചകൻ, സൗഖ്യം പ്രാപിപ്പിക്കുന്നവൻ, വിപ്ലവകാരി, ദൈവപുത്രൻ, പാപപൊറുതി വരുത്തുന്നവൻ എന്നിങ്ങനെയെല്ലാമുള്ള വിശേഷണങ്ങളിൽ അറിയപ്പെടുന്നു. അതുപോലെ അദ്ദേഹം ഒരു ബുദ്ധമത ചിന്തകനെന്നും പഠിക്കാൻ സാധിക്കും. അതിനു ചരിത്രപരമായ തെളിവുകളും പൗരാണിക ലിഖിതങ്ങളും  പരിഗണിക്കേണ്ടതായുമുണ്ട്. യേശുവിനെപ്പറ്റിയുള്ള പ്രവചനങ്ങളും ഐതിഹാസിക കഥകളുംപോലെ ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളിൽ ബുദ്ധനെപ്പറ്റി വിവരിച്ചിരിക്കുന്നതും കൗതുകകരമാണ്.

യേശുവിനു ബുദ്ധമത ചിന്തകളിൽ അറിവുണ്ടായിരുന്നുവെന്ന് സുവിശേഷങ്ങളിൽനിന്നും വ്യക്തമാണ്. യേശു നൽകിയ ഉപദേശങ്ങളിൽ പലതും അദ്ദേഹത്തിനു മുമ്പു ജീവിച്ചിരുന്ന ബുദ്ധനും  നല്കിയിട്ടുണ്ടായിരുന്നു. ബുദ്ധമതം പഠിക്കാനായി യേശു ഇന്ത്യയിൽ വന്നുവെന്നും ഒരു ബുദ്ധശിക്ഷ്യന്റെ കീഴിൽ മതസിദ്ധാന്തങ്ങൾ പഠിച്ചുവെന്നും ഒരു വിശ്വാസം ഉണ്ട്. അദ്ദേഹം ഇന്ത്യയിൽ വന്നിട്ടില്ലെങ്കിൽ തന്നെയും ഇന്ത്യയിലെ ഏതെങ്കിലും ബുദ്ധ സന്യാസിമാർ യഹൂദായിൽ ബുദ്ധമതം  പ്രചരിപ്പിച്ചിരുന്നുവെന്നും അനുമാനിക്കണം. യേശുവും അവരോടൊപ്പം ബുദ്ധ പ്രഭാഷണങ്ങളിൽ പങ്കുചേർന്നിരിക്കണം. അദ്ദേഹത്തിന്റെ അജ്ഞാത ജീവിതത്തിൽ എവിടെ, എങ്ങനെ ബുദ്ധമതം പഠിച്ചുവെന്ന് ചരിത്രപരമായ ഒരു തെളിവ് കൊണ്ടുവരാൻ സാധ്യമല്ല.

ക്രിസ്തുവിനു മുമ്പുമുതൽ ഇന്ത്യയും യഹൂദരാജ്യവും തമ്മിൽ കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു. കൂടാതെ പടിഞ്ഞാറുള്ളവർക്കും ആ രാജ്യം  ഈജിപ്റ്റിലേക്ക് പ്രവേശിക്കാനുള്ള സൈന്യങ്ങളുടെ ഒരു കവാടം കൂടിയായിരുന്നു.  ഇന്ത്യയിലേക്കുള്ള യഹൂദന്മാരുടെ കുടിയേറ്റം തന്നെ ക്രിസ്തുവിനുമുമ്പ് തുടങ്ങിയതാണ്. യേശുവിന്റെ യഹൂദരാജ്യം റോമ്മായുടെ ഭാഗമായിരുന്നു. അന്ന് ഇന്ത്യയുമായി കച്ചവട ബന്ധങ്ങൾ റോമ്മായുമായി ഉണ്ടായിരുന്നു. റോമ്മാ അന്നത്തെ ഏറ്റവും വലിയ ധനിക രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ നിന്ന് സ്വർണ്ണവും സുഗന്ധ ദ്രവ്യങ്ങളും ശേഖരിച്ച് മറ്റു രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നു. കച്ചവടങ്ങൾ മെഡിറ്ററേനിയൻ കടലിൽക്കൂടിയും യഹൂദ രാജ്യത്തിൽക്കൂടിയും ആയിരുന്നതിനാൽ ജെറുസലേം ഒരു പ്രധാന കച്ചവട കേന്ദ്രവുമായിരുന്നു. ഇങ്ങനെയുള്ള കച്ചവട ബന്ധങ്ങൾ കാരണം സൊറാസ്ട്രിയൻ മതത്തെപ്പറ്റിയും ബുദ്ധമതത്തെപ്പറ്റിയും യഹൂദ രാജ്യത്തിലെ ജനങ്ങൾക്ക് അറിവും നല്ലയൊരു കാഴ്ചപ്പാടുമുണ്ടായിരുന്നു. മറ്റുള്ള രാജ്യങ്ങളിലെ വിശേഷങ്ങൾ അറിയാൻ അവിടുത്തെ  ജനങ്ങൾക്ക്  താല്പര്യവുമുണ്ടായിരുന്നു. കച്ചവടക്കാർ സഞ്ചരിക്കുന്ന വഴികളിലെ രാജ്യങ്ങളിലെപ്പറ്റിയുള്ള വിവരങ്ങൾ യഹൂദരെ അന്നുള്ള നാവികർ അറിയിച്ചുകൊണ്ടുമിരുന്നു.

ബുദ്ധമതം യേശു ക്രിസ്തുവിന്റെ കാലത്ത് യഹൂദ രാജ്യത്തുണ്ടായിരുന്നുവെന്ന ചരിത്രപരമായ തെളിവുകളില്ല.  യേശുവിന്റെ കാലത്ത് ബുദ്ധമതം ഉണ്ടായിട്ട് 500 വർഷം കഴിഞ്ഞിരുന്നു. ബുദ്ധമതം അക്കാലത്ത് ഇന്ത്യയിൽ നിന്നും ഏഷ്യാ മുഴുവനായി വ്യാപിച്ചിരുന്നു. മിഡിൽ ഈസ്റ്റിലും ബുദ്ധമത പ്രചാരകർ എത്തിയിരുന്നു. അഫ്‌ഗാനിസ്ഥാൻ, പേർഷ്യ, ബാഗ്ദാദ് എന്നിവിടങ്ങളിലും ബുദ്ധമതം പ്രചരിച്ചിരുന്നുവെന്നും വ്യക്തമാണ്. പിന്നീട് സിറിയ, ടർക്കി, ഗ്രീസ് മുതലായ രാജ്യങ്ങളിലും ബുദ്ധമത തത്ത്വങ്ങൾ പ്രചരിക്കാൻ തുടങ്ങി. അശോകന്റെ കാലത്ത്  മിഷിനറിമാരെ ബുദ്ധന്റെ സന്ദേശങ്ങളുമായി  സിലോൺ, സിറിയ, ഈജിപ്റ്റ്, ഗ്രീസ് എന്നിവടങ്ങളിലും അയച്ചിരുന്നു. മാക്സ് മുള്ളറിന്റെ ലേഖനങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത് അശോക ചക്രവർത്തിയുടെ കാലത്തിനുമുമ്പും ബുദ്ധമത മിഷിനറിമാർ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ മതം പ്രചരിപ്പിക്കുന്നുണ്ടായിരുന്നു എന്നാണ്. ഈജിപ്റ്റിലെ അലക്‌സാണ്ടറിയായിൽ ക്രിസ്തുവിനുമുമ്പ് ബുദ്ധമതം ഉണ്ടായിരുന്നതായി രേഖകൾ കണ്ടെടുത്തിട്ടുണ്ട്.

പന്ത്രണ്ടാം വയസിൽ ബാലനായ യേശു വേദശാസ്ത്രികളോട് തർക്കിക്കുന്നുണ്ട്. പഴയ നിയമത്തിലെ കണ്ണിനു പകരം കണ്ണ്, ക്രൂരതയുടെ മറ്റു പ്രമാണങ്ങൾ എന്നിവകൾക്കെതിരെയായിരിക്കാം അദ്ദേഹം വാദ പ്രതിവാദങ്ങൾ നടത്തിയത്. കൗമാരത്തിൽ തന്നെ യേശുവിനു സൊറാസ്ട്രിയൻ മതത്തിലും  ബുദ്ധമതത്തിലും അറിവുണ്ടായിരുന്നിരിക്കണം. അപ്പനില്ലാതെ ജനിച്ചതുകൊണ്ടു സ്വന്തം സമൂഹത്തിൽ അദ്ദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പരിഹാസങ്ങളും അന്നത്തെ സമൂഹത്തിൽനിന്നു ലഭിച്ചുകാണും. അതുകൊണ്ടു സ്വന്തം ജനങ്ങളിൽ നിന്നും മാറി നിന്ന് സഞ്ചാരിയെപ്പോലെ ദേശങ്ങൾ സഞ്ചരിച്ച് ആ കാലഘട്ടത്തിൽ അദ്ദേഹം ബുദ്ധമതവും സൊറാസ്ട്രിയൻ മതവും പഠിച്ചിരുന്നിരിക്കാം. ബുദ്ധമതം യേശുവിനെഎത്രമാത്രം സ്വാധീനിച്ചുവെന്നത് അദ്ദേഹം അജ്ഞാത കാലങ്ങളിൽ  എവിടെയായിരുന്നുവെന്നുള്ള പഠനം അനുസരിച്ചിരിക്കും. യഹൂദ ദേശത്തു മാത്രമാണ് യേശു ജീവിച്ചിരുന്നതെങ്കിൽ ബുദ്ധമതമായുള്ള സ്വാധീനം വളരെ കുറച്ചാകാനെ സാദ്ധ്യതയുള്ളൂ. യഹൂദ രാജ്യത്തുനിന്ന് പുറം നാടുകളായ മെസൊപൊട്ടോമിയായിൽ അദ്ദേഹം യാത്ര ചെയ്തുവെങ്കിൽ അദ്ദേഹത്തിൻറെ ബുദ്ധമതവുമായുള്ള സ്വാധീനത്തിന് സാധ്യത വളരെയേറെയായിരിക്കും.

ബൈബിളിൽ സുവിശേഷകരായ മാത്യുവിലും മാർക്കിലുമുള്ള വചനങ്ങളിൽ യേശുവിനെ 'നസ്രായൻ' എന്ന് വിളിച്ചിട്ടുണ്ട്. എന്നാൽ 'നസ്രായൻ' എന്ന ഒരു പട്ടണത്തെപ്പറ്റി ബൈബിളിലോ ആദ്യകാല കൃതികളിലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. നസ്രായൻ എന്നുള്ളത് യഹൂദരുടെ ഒരു ഉപവിഭാഗ വർഗമാകാം. അപ്പോസ്തോലിക പ്രവർത്തികളിൽ പോളിനെ (അപ്പ. 24:5.) നസ്രായേൽക്കാരുടെ നേതാവായി ചിത്രീകരിച്ചിട്ടുണ്ട്. ബൈബിളല്ലാത്ത ആദ്യ ഗ്രന്ഥങ്ങളിൽ യേശു യഹൂദ രാജ്യത്തുനിന്ന് പുറമെ സഞ്ചരിച്ചതായി എഴുതിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പഴയ ഗ്രന്ഥങ്ങളിൽ യേശു സഞ്ചരിക്കുന്ന ഒരു പ്രവാചകനായി ചിത്രീകരിച്ചിട്ടുണ്ട്. യേശുവിനെ 'മിശിഹായ' ആയി ചിത്രീകരിച്ചിരിയ്ക്കുന്നതും അലഞ്ഞു നടന്നിരുന്ന ഒരു പ്രവാചകനായിരുന്നതുകൊണ്ടായിരുന്നു. അദ്ദേഹം ഒരു സ്ഥലത്തും കൃത്യമായി താമസിക്കുന്നുണ്ടായിരുന്നില്ല. എത്ര മാത്രം യേശു യാത്ര ചെയ്തിട്ടുണ്ടോ അത്രമാത്രം യേശുവിനെ ബുദ്ധമതവും ബുദ്ധമത ആശയങ്ങളും സ്വാധീനിച്ചിരിക്കണം.

അജ്ഞാതമായ കാലഘട്ടത്തിൽ യേശു നാടുകൾ ചുറ്റിക്കറങ്ങി അറിവു തേടി നടന്നുകാണും. പന്ത്രണ്ടാം വയസിൽ 'ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിലെന്നു' പറഞ്ഞ യേശു ഈശ്വരനെന്ന സത്യത്തെ തേടി യാത്ര ആരംഭിച്ചിരിക്കണം. വളർത്തുപിതാവായ ജോസഫിന്റെ തൊഴിൽ ആശാരിപ്പണിയിൽ  ഏർപ്പെട്ടിരിക്കാൻ സാധ്യതയില്ല. അസാധാരണമായ ഗുരുക്കന്മാർ അദ്ദേഹത്തിന് ശിക്ഷണം നൽകിയിരിക്കാം. യഹൂദ രാജ്യത്തിൽ നിന്നും അപ്രത്യക്ഷമായതിൽ പിന്നീട് നീണ്ട കാലഘട്ടത്തിനു ശേഷം യേശുവിനെ വീണ്ടും കാണുന്നത് ഇരുപത്തിയൊമ്പതാം വയസ്സിലാണ്. സ്നാപകൻ യേശുവിന് ജ്ഞാന സ്നാനം കൊടുത്ത ശേഷം ചുറ്റുമുള്ളവർ അദ്ദേഹത്തിൻറെ ജ്ഞാന പ്രബോധനം കേട്ട് അതിശയിച്ചുപോയി. അവന്റെ ദൈവ രാജ്യത്തെ സംബന്ധിച്ചുള്ള അപാരമായ ദൈവിക അറിവും അവിടെ വന്നവർ ശ്രവിച്ചിരുന്നു. 'ഇവൻ ആശാരിയുടെ മകൻ തന്നെയോയെന്നു' കേട്ടുനിന്നവർ പരസ്പ്പരം ചോദിക്കുന്നുണ്ട്. ഇത്രമാത്രം അറിവോടെ യേശു സംസാരിക്കുന്നത് അതിനുമുമ്പ് ആരും ശ്രവിച്ചിട്ടുണ്ടായിരുന്നില്ല. ഒന്നുകിൽ യേശു അഗാധമായി ദൈവിക ജ്ഞാനം ദേശാടനങ്ങളിൽക്കൂടി നേടി കാണും. അല്ലെങ്കിൽ യേശുവിനു ഇത്രമാത്രം ജ്ഞാനമുണ്ടായിരിക്കുമെന്ന് ജനത്തിനു അറിവുണ്ടായിരിക്കില്ല.

1888-ൽ 'യേശുവിന്റെ അജ്ഞാതകാല ജീവിതം' (The unknown life of Jesus) എന്ന ഒരു പുസ്തകം ഒരു റക്ഷ്യൻ ഡോക്ടറായിരുന്ന 'നിക്കോളാസ് നൊട്ടൊവിച്ച്' എഴുതിയിരുന്നു. കാശ്മീരിൽ ലഡാക്കിനു സമീപം 'ഹിംമിസ്' എന്ന് പേരുള്ള ഒരു ആശ്രമം നൊട്ടൊവിച്ച് സന്ദർശിച്ചതായി അവകാശപ്പെടുന്നുണ്ട്. അദ്ദേഹം പറഞ്ഞിരിക്കുന്നത്, ആശ്രമം സന്ദർശിച്ചപ്പോൾ അവിടെ 'ഈസാ'യുടെ (യേശു) വചനങ്ങൾ എഴുതി വെച്ചിട്ടുണ്ടായിരുന്നുവെന്നാണ്. കൂടാതെ യേശുവിന്റെ ഇന്ത്യയിൽക്കൂടിയുള്ള യാത്രകളും,  ശൂദ്രന്മാരെ സ്വന്തം ജനമായി കരുതുന്നതും ബ്രാഹ്മണരോടുള്ള വഴക്കും പേർഷ്യയിലെ സൊറാസ്ട്രിയൻ പുരോഹിതരുടെ വാദങ്ങളും എഴുതി വെച്ചിട്ടുണ്ടായിരുന്നു. യേശു പതിനാലു വയസുമുതൽ ഇരുപത്തിയൊമ്പതു വയസുവരെ ഇന്ത്യയിൽ ആയിരുന്നുവെന്നും അനുമാനങ്ങളുമുണ്ട്. 'നൊട്ടൊവിച്ച്' എഴുതിയ 'യേശു ചരിത്രം' 1894-ൽ വമ്പിച്ച ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിയിച്ചിരുന്നു. ക്രിസ്ത്യൻ സഭകളിൽ കോളിളക്കമുണ്ടാവുകയും പുസ്തകത്തെ എതിർക്കുകയുമുണ്ടായി. അത് വെറും ഊഹോപാഹങ്ങളടങ്ങിയ ചരിത്ര കിംവദന്തികളെന്നും പ്രഖ്യാപിച്ചു.  ജർമ്മൻ പണ്ഡിതനായിരുന്ന 'മാക്സ് മുള്ളർ' യേശുവിന്റെ കാശ്മീരിൽ വന്ന വാദത്തെ തള്ളിക്കളഞ്ഞു. 'മാക്സ് മുള്ളർ' കാശ്മീരിലെ വിവാദ ആശ്രമം സന്ദർശിച്ചശേഷം അവിടെ ഒരു ഡോക്യൂമെന്റും കണ്ടെത്താനായില്ലെന്നും എഴുതിയിരുന്നു. കൂടാതെ 'നൊട്ടൊവിച്ച്' ഒരിക്കലും ആ ആശ്രമം സന്ദർശിച്ചിട്ടുണ്ടായിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിൽ വേദങ്ങൾ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തും ശ്രുതികളും സ്മൃതികളും പഠിച്ചും യൂറോപ്യന്മാർ ഇന്ത്യൻ സംസ്ക്കാരവുമായി തങ്ങൾക്ക് എന്തെങ്കിലും ചരിത്ര ബന്ധം ഉണ്ടോയെന്ന് പഠനം നടത്തുന്നുണ്ടായിരുന്നു. ബി.സി. 1500നു മുമ്പുതന്നെ ആര്യൻ ജനതയുടെ കുടിയേറ്റം തുടങ്ങിയിരുന്നു. ഭൂരിഭാഗം യൂറോപ്പ്യൻ ഭാഷകളുടെയും തുടക്കം സംസ്കൃതമെന്നു കാണാം. ഹാരപ്പായിലും, മോഹൻജോ ദാരോയിലും സരസ്വതി സംസ്‌ക്കാരത്തിലും ഇന്ത്യൻ ജനത ജീവിച്ചിരുന്ന നാളുകളിൽ ആര്യന്മാരും ഇവിടെയുണ്ടായിരുന്നു. ദ്രാവിഡ ജനതയുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന സംസ്കൃത ഭാഷ കാലക്രമേണ ആര്യന്മാരുടെയിടയിൽ വികസിച്ചു യൂറോപ്പിലേക്ക് പകർന്നതാകാം. ഒരു ചോദ്യം ഇവിടെ പ്രസക്തമാകുന്നത്, ആര്യൻ ജനങ്ങളിൽ സെമറ്റിക്ക് വർഗക്കാർ ഇവിടെ വസിച്ചിരുന്നോയെന്നാണ്! അവർ ഇവിടെ നിന്നും പോയി ഈജിപ്റ്റിലും യഹൂദ രാജ്യത്തും താമസിച്ചിരിക്കാം. അങ്ങനെ ബുദ്ധമതവും യഹൂദരിൽ ചിലരുടെയിടയിൽ സ്വാധിനിച്ചിരിക്കാം.

ബുദ്ധന്റെയും ശിക്ഷ്യന്മാരുടെയും അതുപോലെ ക്രിസ്തുവിന്റെയും ശിക്ഷ്യന്മാരുടെയും ജീവിതത്തിൽ  ധാരാളം സാമ്യമുള്ള സംഭവങ്ങളും കാണുന്നു. സമാനമായ കഥകൾ യാദൃശ്ചികമായി സംഭവിച്ചിരിക്കുന്നതായും കാണാം. ബുദ്ധമതം ക്രിസ്തുവിനു മുമ്പുള്ളതെങ്കിലും ബുദ്ധമതത്തിലെ പല ഉപമ കഥകളും ബൈബിളിൽ നിന്ന് കോപ്പി അടിച്ചതെന്നു തോന്നിപ്പോവും. ഡി ബുൻസൻ (De Bunsen) എഴുതിയിരിക്കുന്നത് 'ഗൗതമ ബുദ്ധനും അദ്ദേഹത്തിൻറെ ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും പുരാതന ഗ്രന്ഥത്തിലും യേശുവിന്റെ തത്ത്വങ്ങളും സമാന ജീവിതവും 'എഴുതിയിരിക്കുന്നത് യാദൃശ്ചികമാകാൻ സാദ്ധ്യതയില്ലെന്നാണ്'. അദ്ദേഹം എഴുതി 'നസ്രത്തിലെ യേശുവിന്റെ ചരിത്രവും പുതിയ നിയമവും ബുദ്ധന്റെ കോപ്പി മാത്രമാണ്. അതിലെ പുരാവൃത്ത വിജ്ഞാനങ്ങൾ മറ്റുള്ള രാജ്യങ്ങളിൽ നിന്നും കടമെടുത്തതുമാണ്'.

നൊട്ടൊവിച്ച് എഴുതിയ ചരിത്രം സത്യമെന്നു ആധികാരികമായി സ്ഥാപിക്കാൻ അതിനോടനുബന്ധിച്ച ഡോകുമെന്റുകളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ കഥകളുമായി യോജിച്ചുകൊണ്ടു യേശു കാശ്മീരിൽ വന്നുവെന്നു വിശ്വസിക്കുന്ന അനേകം അനുയായികളെ നൊട്ടൊവിച്ചിനു നേടാൻ സാധിച്ചു. നൊട്ടൊവിച്ചിനെ അനുകരിച്ചിരുന്ന മറ്റൊരു ഗവേഷകനായ 'ഡഹാൻ ലേവി'യുടെ 'അഞ്ചാം സുവിശേഷം' എന്ന പുസ്തകത്തിൽ 'യേശു പതിമൂന്നാം വയസ്സിൽ യഹൂദിയാ വിട്ടുവെന്നും കച്ചവടക്കാരുമായി യാത്രകൾ നടത്തി ഡമാസ്‌ക്കസും ബാബിലോണിയായും പേർഷ്യയും വഴി കാശ്മീരിൽ എത്തിയെന്നും' എഴുതിയിരിക്കുന്നു. 'കൂടാതെ ഇന്ത്യ മുഴുവൻ അദ്ദേഹം സഞ്ചരിച്ചുകൊണ്ടു പ്രഭാഷണം നടത്തിയിരുന്നു. പതിമൂന്നാം വയസുമുതൽ ഇന്ത്യയിൽ താമസിച്ചിരുന്ന അദ്ദേഹം പിന്നീട് യഹൂദ രാജ്യത്തു മടങ്ങിയെത്തുകയും ചെയ്തു.'

യേശുവും ബുദ്ധനും സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വ്യാപ്തിയെപ്പറ്റി സമാനചിന്തകളോടെ പറഞ്ഞിരിക്കുന്നുതായി കാണാം. യേശു പറഞ്ഞു, നിന്നെ വെറുക്കുന്നവരെ നീ സ്‌നേഹിക്കുമ്പോൾ നീ ചെയ്യുന്നത് എനിക്കുവേണ്ടിയാണ്, മറ്റാർക്കും വേണ്ടിയല്ല. ബുദ്ധനും 'വിഷയ മഹാവാഗയിൽ' (VisayaMahavagga) പറഞ്ഞതും അതു തന്നെയായിരുന്നു. 'നീ മറ്റുള്ളവരെ സ്നേഹിച്ചില്ലെങ്കിൽ നിന്നെ ആര് സ്നേഹിക്കും! നിന്നെ ആരും സ്നേഹിക്കുന്നില്ലെങ്കിൽ നിനക്ക് എങ്ങനെ എന്നെ സ്നേഹിക്കാൻ സാധിക്കും?' യേശു പറഞ്ഞു 'വാൾ ഉറയിൽ ഇടൂ. വാളെടുക്കുന്നവൻ വാളാൽ മരിക്കും'. ബുദ്ധനും പറഞ്ഞത് അതു തന്നെ. 'മറ്റൊരുവന്റെ ജീവനെ നാം എടുക്കരുത്'. സാമൂഹികമായ അരാജകത്വം ഉണ്ടായപ്പോൾ ബുദ്ധനും യേശുവും പറഞ്ഞത് ഒന്നുതന്നെയായിരുന്നു. 'യേശു സ്നേഹിച്ചതുപോലെ നാമും പരസ്പ്പരം സ്നേഹിക്കണമെന്നു' യേശു പറഞ്ഞു. 'നിന്റെ ജീവിതം നിന്നെ സ്നേഹിച്ചവർക്കായി നൽകുന്നതിലും മറ്റൊരു സ്നേഹമില്ലന്നു' ബുദ്ധനും പറഞ്ഞു. 'ഒരു അമ്മ കുഞ്ഞിനെ പരിചരിക്കുന്നത് നോക്കൂ. അതുപോലെ നിന്റെ അഗാധമായ സ്നേഹം ലോകത്തിനു മുഴുവനായി നൽകുകയെന്നത്' ബുദ്ധന്റെ സന്ദേശമായിരുന്നു. 'സ്നേഹം, സത്യം, ക്ഷമ എന്നത് യേശുവിന്റെ തത്ത്വം പോലെ ബുദ്ധന്റെയും പ്രമാണങ്ങളായിരുന്നു. സ്നേഹമാണ് മതമെന്ന് ഈ രണ്ടു ഗുരുക്കന്മാരും ഒരു പോലെ പഠിപ്പിച്ചു.

നന്മ ചെയ്യാൻ യേശുവും ബുദ്ധനും ഉപമകളിൽക്കൂടി ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നു. ബുദ്ധൻ പറഞ്ഞു, 'നിനക്ക് ഒരു ഭരണിയുണ്ടെങ്കിൽ നീ അതിൽ വെള്ളം നിറക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിലെ ഓരോ തുള്ളി വെള്ളവും പ്രാധാന്യം അർഹിക്കുന്നു. അനേകായിരം തുള്ളി വെള്ളം കൊണ്ട് ആ ഭരണി നിറഞ്ഞിരിക്കുന്നത്, നാം കാണും. മാത്യുവിന്റെ സുവിശേഷത്തിൽ യേശുവും തന്റെ അനുയായികളോട് പറഞ്ഞിരിക്കുന്നത് ഇങ്ങനെ തന്നെ. വെള്ളത്തുള്ളികൾക്ക് പകരം കടുകുമണി യേശു ഉപമയായി സ്വീകരിച്ചു. 'ഓരോ കടുകുമണിക്കും പ്രാധാന്യം ഉണ്ട്. ഒരു കടുകുമണി നടുകയാണെങ്കിൽ ഒരിക്കൽ അത് വൻവൃക്ഷമായി തീരുന്നു. ചെറിയ പക്ഷികൾ അതിന്റെ ശിഖരത്തിൽ വിശ്രമം തേടുന്നു. ഇവിടെ യേശുവും ബുദ്ധനും നന്മ ചെയ്യുന്ന പ്രവൃത്തിയെ ചെറു കടുകുമണിയോടും വെള്ളത്തുള്ളികളോടും ഉപമിച്ചിരിക്കുകയാണ്.

'സ്വയം കുറ്റം കാണാതെ മറ്റുള്ളവരിൽ കുറ്റം കാണുന്നതിനെയും' ബുദ്ധനും യേശുവും ഒരുപോലെയാണ് പ്രതികരിച്ചിരിക്കുന്നത്. ബുദ്ധൻ പറഞ്ഞു, (ഉദനവർഗ 27:1) 'മറ്റുള്ളവരിൽ കുറ്റം കാണുകയെന്നത്‌ എളുപ്പമാണ്. ഒരുവൻ എപ്പോഴും അപരന്റെ തെറ്റുമാത്രം കാണുന്നുവെങ്കിൽ അവൻ ഒരു ചതിയനു തുല്യമാണ്‌. അവൻ ചൂത് കളിക്കുന്നത് മറച്ചുവെച്ചുകൊണ്ടു മറ്റുള്ളവരുടെ ചൂതുകളിയെ ചൂണ്ടി കാണിക്കും. മറ്റുള്ളവരുടെ പോരായ്മകളെ മാത്രം നാം കാണരുത്." "നിന്റെ കണ്ണിലെ കോലിരിക്കുമ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുന്നുവെന്ന്" യേശുവും പറഞ്ഞു. പാപത്തിൽ മുങ്ങിയിരിക്കുന്ന വ്യപിചാരിണിയെ കല്ലെറിയാൻ കാത്തിരിക്കുന്ന ജനക്കൂട്ടത്തോട് യേശു പറഞ്ഞു, "നിന്നിൽ പാപമില്ലാത്തവർ അവളെ കല്ലെറിയട്ടെ". ബുദ്ധനും പറഞ്ഞിട്ടുണ്ട്, "തെറ്റുകൾ കൂമ്പാരമായി നിറഞ്ഞിരിക്കുന്ന നിനക്ക് മറ്റുള്ളവരെ വിധിക്കാൻ എന്തധികാരം."(ധമപാദ 4:7). ബുദ്ധൻ പറഞ്ഞു, 'ഒരുവന്റെ കണ്ണുകൾ ഒരു ആട്ടിൻക്കുട്ടിയെപ്പോലെയാണ്. നിനക്ക് സന്മാർഗിക നിയമങ്ങൾ അറിയാമെങ്കിലും അതിലുമുപരി നിന്റെ കണ്ണുകൾ നിന്നെ പഠിപ്പിക്കും.' (ഉദയവർഗ 22:4) ലുക്കിന്റെ സുവിശേഷത്തിൽ (ലൂക്ക് 11:34-36) യേശുവും പറയുന്നുണ്ട്, "ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും."

യേശുവും ബുദ്ധനും മലകളെയും കുന്നുകളെയും മരങ്ങളെയും നീലാകാശത്തെയും പ്രകൃതിയെയും ചൂണ്ടി കാണിച്ചുകൊണ്ട് ഉപദേശങ്ങൾ നൽകുമായിരുന്നു. 'സദ്‌ധർമ പുദരിക സൂത്രയിൽ' (Saaddaharma Pudarika Sutra) ബുദ്ധൻ പറഞ്ഞു, "നീലാകാശം നല്ലതിനെയും ചീത്തയെയും തിരിച്ചറിയുന്നില്ല. സൂര്യ പ്രകാശവും ചന്ദ്രന്റെ ശോഭയും മനുഷ്യ ജീവജാലങ്ങൾക്കെല്ലാം തുല്യമായുള്ളതാണ്. ദൈവത്തിന്റെ മുമ്പിൽ നന്മയും തിന്മയും ഒരുപോലെയാണ്. ദൈവം മനുഷ്യരിൽ തിരിച്ചു വിത്യാസം നടത്തുന്നില്ലെങ്കിൽ മനുഷ്യൻ എന്തിന് ദൈവത്തിന്റെ ഹിതത്തേക്കാളുപരി സ്വാർത്ഥതയോടെ  ജീവിക്കുന്നു." യേശു പറഞ്ഞു, "സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ."(മാത്യു 5:45) ദൈവം സൂര്യനെ സൃഷ്ടിച്ചു. തിന്മയുള്ളവർക്ക് പ്രകാശം നൽകാൻ പാടില്ലാന്നു ചന്ദ്രനോടും സൂര്യനോടും ദൈവം കല്പിച്ചില്ല. നന്മയുള്ളവർക്കു മാത്രം മഴ കിട്ടണമെന്നും പറഞ്ഞിട്ടില്ല. ദൈവം മനുഷ്യരെ നന്മ തിന്മകളായി വേർതിരിക്കുന്നില്ലെങ്കിൽ മനുഷ്യന് നന്മകളെയും തിന്മകളെയും സംബന്ധിച്ച വിധി പറയാനുള്ള അവകാശം എവിടെ?

യേശു പറഞ്ഞു 'ദരിദ്രർ അനുഗ്രഹീതരാകുന്നു. അവർ ദൈവത്തോട് കൂടുതൽ അടുത്തിരിക്കുന്നു. സ്വർഗത്തിൽ അവർ വാഴ്ത്തപ്പെട്ടിരിക്കും.' (മത്തായി 19:21) ബുദ്ധനും അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. 'ദൈവം ദരിദ്രരോട് കൂടുതൽ അടുത്തിരിക്കും. ദരിദ്രനായ ഒരു മനുഷ്യന് നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ടു അവർക്ക് സന്തോഷപ്രദമായ ഒരു ജീവിതമുണ്ടായിരിക്കും.' (ധമ്മപാദ 15:4) ബുദ്ധൻ വീണ്ടും പറഞ്ഞു, 'നീ ഒരു വിഡ്ഢിയെങ്കിൽ നിനക്ക് പരോപകാരപ്രദമായ പ്രവർത്തനങ്ങൾ സാധിക്കില്ല. ദാനം കൊടുക്കുന്നവനു ഈ ജീവിതത്തിൽ സന്തോഷം ലഭിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ജീവിതത്തിൽ അവൻ സന്തോഷം നേടും'.

യേശു ഉപമയിൽക്കൂടി ഒരു കഥ പറയുന്നുണ്ട്. "ഒരു ധനികൻ അവന്റെ സ്വത്തിന്റെ ഒരു വീതം ദാനം കൊടുക്കുന്നു. അതുപോലെ ഒരു വിധവയും അവൾക്കുണ്ടായിരുന്ന സമ്പാദ്യമായ ഏതാനും നാണയങ്ങൾ ദാനം കൊടുക്കുന്നു. ഇവിടെ വിധവയുടെ ദാനം ചെറുതായിരിക്കാം. എന്നാൽ അവരുടെ ദാനം ധനികന്റെ ദാനത്തെക്കാൾ ഉത്തമമായിരിക്കും. വിധവ അവർക്കുള്ളതെല്ലാം ദാനം ചെയ്തു. ധനികൻ കൊടുത്തത് അയാളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മാത്രം." (ലൂക്ക 21:1-4) ബുദ്ധൻ പറയുന്നു, "ഒരു ദാനവും ചെറുതല്ല. ദാനം നല്ല വിശ്വാസത്തോടെ അർഹനായവന് നൽകണം. ബുദ്ധനിൽ വിശ്വാസമുള്ളവനു സ്വർഗ്ഗരാജ്യത്തിൽ അർഹമായ സ്ഥാനം ലഭിക്കും". യോഹന്നാന്റെ  സുവിശേഷത്തിലും അതുതന്നെ വായിക്കാം. യേശു പറയുന്നു, "എന്നെ പ്രതി മരിക്കുന്നവൻ മരിക്കുന്നില്ല."

യേശുവും ബുദ്ധനും പിശാചിനെ ഒരുപോലെയാണ് നേരിടുന്നത്. "ഒരുവന്റെ ശരീരത്തിൽ പിശാച് ബാധിക്കുന്നു.  പിശാച് അവനിൽ നിന്ന് ഒഴിയുകയും വീണ്ടും അവസരം ലഭിക്കുമ്പോൾ പിശാച് വന്നുപെടുകയും ചെയ്യുന്നു.(ലുക്കാ 4:13) ബുദ്ധൻ പറയുന്നു, 'പിശാചിന് അദ്ദേഹത്തെ ഉപദ്രവിക്കാൻ അവസരം കൊടുക്കില്ല. പിശാച് ബുദ്ധനെ ഉപദ്രവിക്കാൻ സാധിക്കാതെ വരുമ്പോൾ അവൻ തനിയെ പോവുന്നു'. ബുദ്ധനും യേശുവും പറയുന്ന ചുരുക്കം, പിശാച് പരീക്ഷിക്കാൻ തുനിയുമ്പോൾ അതിനു സാധിക്കാതെ പിശാച് മടങ്ങിപ്പോവുന്നുവെന്നാണ്. യേശു പറഞ്ഞു, "ഹൃദയ ശുദ്ധിയുള്ളവർക്ക് മാത്രം ദൈവത്തെ കാണാൻ സാധിക്കും" (മാത്യു 5:8) ബുദ്ധനും യേശുവിനെപ്പോലെ സംസാരിച്ചു. "ശുദ്ധമായ ഹൃദയത്തോടെ ദൈവത്തെ ധ്യാനിക്കുന്നുവെങ്കിൽ അവർക്ക് ദൈവത്തോട് സംസാരിക്കാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും സാധിക്കും. (ദിഗ നികയാ 19:43) ശുദ്ധമായ മനസും ഹൃദയവുമാണ് ദൈവത്തിങ്കൽ എത്തിക്കാൻ ഫലപ്രദമെന്ന് രണ്ടുപേരും വിശ്വസിച്ചിരുന്നു.

ബുദ്ധന്റെയും യേശുവിന്റെയും മരണത്തിനും മരണശേഷമുള്ള കാര്യങ്ങളിലും സാമ്യത കാണുന്നുണ്ട്. വാതിലുകൾ അടച്ചിട്ടിരുന്നുവെങ്കിലും യേശുവിന് അവരുടെ ശിക്ഷ്യന്മാരുടെ നടുവിൽ വരാൻ സാധിച്ചു. (ജോൺ 20:26). ബുദ്ധന്റെ മരണശേഷം അനുയായികൾ പറയുന്നു, 'ബുദ്ധനു യാതൊരു തടസ്സവുമില്ലാതെ ഭിത്തികളിൽക്കൂടി പോവാൻ സാധിച്ചു.(അംഗുത്തര നികയാ 3:60) യേശു പീറ്ററിനെയും ജോണിനെയും ജെയിംസിനെയും ഒരു മലമുകളിൽ കൊണ്ടുപോയി. യേശു അവരുടെ മുമ്പിൽ ദൈവികമായ പ്രകാശത്തോടെ എത്തി. വെളുത്ത മഞ്ഞുപോലെ. (ജോൺ 20:26) ബുദ്ധനെപ്പറ്റിയും അങ്ങനെയുള്ള കഥയുണ്ട്. ബുദ്ധന്റെ ഏറ്റവും പ്രിയങ്കരനായ ശിക്ഷ്യൻ 'ആനന്ദ' പറയുന്നു, 'ബുദ്ധൻ ഒരു സുവർണ്ണ കുപ്പായം ധരിച്ചിരുന്നു. ബുദ്ധന്റെ ശരീരം പ്രകാശമയമായതുകൊണ്ട് ധരിച്ചിരുന്ന സുവർണ്ണ വസ്ത്രം തിളങ്ങിയിരുന്നില്ല. സ്വർണ്ണത്തേക്കാൾ ബുദ്ധന്റെ ദേഹം തിളങ്ങിയിരുന്നത് വിസ്മയകരമായിരുന്നു'. ഇത് ദിഖ നികയായിൽ (DighaNikaya. 16:4:37) വിവരിച്ചിട്ടുണ്ട്. ഒരു പക്ഷെ ബുദ്ധന്റെയും യേശുവിന്റെയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കാം. യേശുവും ബുദ്ധനും മരണത്തോട് സമീപിക്കുന്ന കാലങ്ങളിൽ ദൈവിക പ്രഭയോടെ അവരുടെ ശരീരം തിളങ്ങിയിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

'ഗ്‌നോസ്റ്റിക്സിസം' ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുമതത്തിന്റെ ഒരു ഉപവിഭാഗമായി അറിയപ്പെട്ടിരുന്നു. അതിന്റെ തത്ത്വചിന്തകളിൽ ചിലത് ക്രിസ്തുമത വിശ്വസത്തോടു സാമ്യമുണ്ടെങ്കിലും കൂടുതലും അവരുടെ തത്ത്വങ്ങൾ ക്രിസ്തീയ വിശ്വാസത്തിനു എതിരായുള്ളതാണ്. ആദിമ സഭയ്ക്ക് മൂന്നു നൂറ്റാണ്ടോളം ഏറ്റവും ഭീക്ഷണിയായിരുന്നത് 'ഗ്‌നോസ്റ്റിക്സിസം' മതമായിരുന്നു. പേഗനിസത്തിൽ നിന്നും ഉത്ഭവിച്ച ഈ മതത്തിൽ തത്ത്വ ചിന്തകനായ പ്ളേറ്റോയുടെ ചിന്തകൾ നിറഞ്ഞിരുന്നു. 'ഗ്‌നോസ്റ്റിക്സിസം' വിശ്വസിച്ചിരുന്നത് 'രക്ഷയുടെ കവാടം തുറക്കപ്പെടുന്നത് ദൈവിക ജ്ഞാനം വർദ്ധിക്കുന്നതനുസരിച്ചെന്നാണ്'. അറിവ് അന്ധകാരത്തെ നീക്കി മുക്തി നൽകുന്നു. യേശുവിനെയും യേശുവിന്റെ അടിസ്ഥാന തത്ത്വങ്ങളെയും അവർ വിശ്വസിക്കുന്നുണ്ടായിരുന്നു. എന്നാൽ 'ഗ്‌നോസ്റ്റിക്ക്' മതവിശ്വാസംപോലെ അറിവിൽക്കൂടിയാണ് രക്ഷ നേടുന്നതെന്ന് യേശു പറഞ്ഞിട്ടില്ല. 'നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കപ്പെടുമെന്നാണ്' പറഞ്ഞിരിക്കുന്നത്. 'ഗ്‌നോസ്റ്റിക്സിസം' ചിന്തകളിൽ ക്രിസ്തുമതത്തേക്കാൾ കൂടുതൽ ബുദ്ധമത വിശ്വാസത്തോടായിരുന്നു അടുപ്പം. ബുദ്ധ മതത്തെപോലെ അവർ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു. ഈ ജന്മത്തുള്ള എല്ലാ കഷ്ടപ്പാടുകളിൽനിന്നും നമ്മെ പുനർജ്ജന്മം വഴി മുക്തിയിലേക്ക് നയിക്കുന്നുവെന്നും ഗ്‌നോസ്റ്റിക്ക് തത്ത്വങ്ങളിലുണ്ട്. 'നാമാകുന്ന ദൈവിക പ്രകാശം സ്വർഗത്തിൽ എത്താൻ മരണാനന്തര ജീവിതത്തിൽക്കൂടി വീണ്ടും വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. എല്ലാവരുടെയും ലക്ഷ്യം ക്രിസ്തുവിൽ ലയിക്കുകയെന്നതാണ്'. അത് ബുദ്ധനിൽ പ്രാപിക്കുന്നതിന് തുല്യമെന്നു ബുദ്ധമതവും വിശ്വസിക്കുന്നു.

യേശു നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നു. എന്നാൽ അദ്ദേഹത്തിൽ ദൈവിക ചൈതന്യം ഉണ്ടായിരുന്നു. ആ ചൈതന്യം പിതാവിങ്കൽ ലയിക്കുന്നു. പുത്രനും പിതാവും ഒന്നാകുന്നു. ബുദ്ധനും അതുപോലെ മനുഷ്യനായിരുന്നു. എങ്കിലും അദ്ദേഹത്തിൽ ദൈവിക ചൈതന്യം പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ ദൈവിക ചൈതന്യത്തെ 'ധർമ്മകായ' എന്ന് പറയുന്നു. 'കർമ്മ നിഷ്ഠകൾക്കും ഈ രണ്ടു മതങ്ങളും പ്രാധാന്യം കൽപ്പിച്ചിരുന്നു. നന്മയ്‌ക്കൊപ്പം ദോഷമുള്ള കർമ്മങ്ങളും സംഭവിക്കാം. ബുദ്ധൻ അനുയായികളെ എങ്ങനെ പരിജ്ഞാനം നേടാമെന്ന് ഉപദേശിച്ചു. യേശു അനുയായികളെ പിതാവിനെ അനുകരിക്കാൻ പഠിപ്പിച്ചു. സമാധാനം കൈവരിക്കാനായി ദരിദ്രരെ സഹായിക്കാൻ ബുദ്ധനും യേശുവും ഒരുപോലെ ഉപദേശിച്ചു. ഭക്ഷണവും വസ്ത്രവും ആവശ്യക്കാർക്ക് നൽകാനും സത്യത്തെ പിന്തുടരാനും അതുവഴി നിത്യസത്യം കൈവരിക്കാമെന്നും രണ്ടുപേരും പഠിപ്പിച്ചു.






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...