Friday, December 27, 2019

2019 -ലെ സംഭവജടിലമായ വാർത്തകൾ, അവലോകനം

Image result for 2019 goodbye pictures

ജോസഫ് പടന്നമാക്കൽ

മനസിൽ പതിഞ്ഞ ഓർമ്മകളുമായി 2019 എന്ന വർഷവും ഇനി ചരിത്രമായി മാറുന്നു.   മുൻകാലങ്ങളെപ്പോലെ പ്രശ്നസങ്കീർണ്ണമായ ഒരു വർഷമാണ്  കടന്നുപോയത്.  ഭീകരാക്രമണങ്ങൾക്കും പ്രകൃതി ദുരന്തങ്ങൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും മുൻ വർഷങ്ങളെപ്പോലെ  കഴിഞ്ഞുപോയ  വർഷത്തിനും മാറ്റമില്ലായിരുന്നു. ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ശബ്ദങ്ങൾക്കുപകരം മുറവിളികളുടെയും ഒച്ചപ്പാടുകളുടെയും അക്രമങ്ങളുടെയും ശബ്ദമായിരുന്നു എവിടെയും!  പ്രത്യക്ഷമായും പരോക്ഷമായും 2019-ലെ  രാഷ്ട്രീയ തീരുമാങ്ങൾ ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇന്ത്യയിലെ പാർലമെന്റ് തിരഞ്ഞെടുപ്പുകളും അസംബ്ളി തിരഞ്ഞെടുപ്പുകളും ജനങ്ങളുടെ വികാരങ്ങളെയും   ആവേശങ്ങളെയും   തീവ്രമായി ഉണർത്തിയിരുന്നു.  ചന്ദ്രയാൻ, പൗരത്വ ഭേദഗതി നിയമങ്ങൾ, സ്ത്രീകളുടെ സുരക്ഷിതത്വം, തെരുവുകളിലെ ശക്തമായ പ്രകടനങ്ങൾ മുതലായവകൾ 2019 -ലെ പ്രധാനപ്പെട്ട ചർച്ചകളായിരുന്നു. ഹോങ്കോങ്ങിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയതും പാരീസിൽ 850 വർഷം പഴക്കമുള്ള കത്തീഡ്രൽ തീകത്തി നശിച്ചതും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കോൺഗ്രസ്സ് പ്രമേയത്തിലൂടെ ഇമ്പിച്ചു ചെയ്തതും  ആഗോള വാർത്തകളിൽ സ്ഥാനം പിടിച്ചു.

2019 ഭാരതത്തെ സംബന്ധിച്ചിടത്തോളം ശുഭമായിട്ടല്ല കടന്നുപോവുന്നത്. ഭാവിയിൽ എന്തു സംഭവിക്കുമെന്നു പറയാൻ സാധിക്കാത്ത വിധം ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം വരുത്തിയെന്ന് വലിയൊരു വിഭാഗം ഇന്ത്യൻ ജനത വിശ്വസിക്കുന്നു. കേരളം ഉൾപ്പടെ ഇൻഡ്യ മുഴുവൻ പുതിയ പൗരത്വ ബില്ലിനെതിരെ പ്രതിക്ഷേധങ്ങൾ  ആളിക്കത്തുന്നു. കാശ്‍മീരിലെ പീഡനങ്ങൾക്കെതിരെയും വർഗീയതയ്‌ക്കെതിരെയും ഹിന്ദുവും മുസൽമാനുമായുള്ള  വേർതിരിവിനെതിരെയും മതത്തിന്റെ പേരിൽ ഇന്ത്യയെ രണ്ടായി കാണുന്നതിനെതിരെയും പൗരത്വ ബില്ലിനെതിരെയും നാഷനൽ പൗരത്വ രജിസ്റ്ററിനെതിരെയും ഭരണഘടനയുടെ മൗലികാവകാശങ്ങളെ തിരസ്ക്കരിക്കുന്നതിനെതിരെയും ജനാധിപത്യത്തിന്റെ മഹത്വത്തിന് കളങ്കം വരുത്തിയതിനെതിരെയും നാടെങ്ങും   പ്രതിഷേധങ്ങൾ അലയടിച്ചുകൊണ്ടിരിക്കുന്നു.  ജീവനും രക്തവും കൊടുത്തുനേടിയ മതേതരത്വം അപകടത്തിലെന്നു  രാജ്യത്തിലെ വലിയൊരു ജനവിഭാഗം വിശ്വസിക്കുന്നു.  370-ാം വകുപ്പ് എടുത്തു കളയല്‍, കാശ്മീർ വിഭജനം, രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബിജെപിയുടെ ദീര്‍ഘകാല അജന്‍ഡകള്‍ പലതും നടപ്പിലായിട്ടും ഝാര്‍ഖണ്ഡില്‍ പരാജയം നേരിട്ടത് ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കുകയും  ചെയ്തു.

2019-ലെ പതിനേഴാം ലോകസഭാ പൊതുതിരഞ്ഞെടുപ്പ്  ഏപ്രിൽ പതിനൊന്നു മുതൽ  മെയ് പത്തൊമ്പതു വരെ ഏഴു ഘട്ടങ്ങളിലായി നടത്തിയിരുന്നു. മെയ് ഇരുപത്തിമൂന്നാം തിയതി വോട്ടെണ്ണൽ പൂർത്തിയാക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. 900 മില്യൺ ജനങ്ങൾ വോട്ടുചെയ്യാൻ യോഗ്യരായിരുന്നു. 67 ശതമാനവും ജനങ്ങൾ വോട്ടു രേഖപ്പെടുത്തിയതും സ്ത്രീകളുടെ പങ്കാളിത്വവും ചരിത്രം കുറിച്ചു.  ഭാരതീയ ജനത പാർട്ടി 303 സീറ്റുകളിൽ വിജയികളായി ഭൂരിപക്ഷ പാർട്ടിയായി പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി ഐക്യമത്യ മുന്നണി മൊത്തം 353 സീറ്റുകൾ നേടി വമ്പിച്ച ഭൂരിപക്ഷത്തിനർഹമാവുകയുമുണ്ടായി.  37.3 ശതമാനം മൊത്തം വോട്ടുകൾ നേടുകയും ചെയ്തു.  അതേ സമയം എൻഡി എ ഐക്യമുന്നണി അറുപതു കോടി വോട്ടർമാരിൽ 45 ശതമാനം വോട്ടുകൾ നേടുകയുമുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 52 സീറ്റുകളും കോൺഗ്രസ്സ് ഐക്യമുന്നണി മൊത്തം 91  സീറ്റുകളും നേടിയിരുന്നു.

2019 ആഗസ്റ്റ് ഒമ്പതാം തിയതി രാജ്യസഭയിലും ലോകസഭയിലും കാശ്മീരിന്റെ  പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള ബില്ല് പാസാക്കി പ്രസിഡണ്ട് ഒപ്പിടുകയും ചെയ്തു. ബുധനാഴ്‌ച പാതിരാത്രി സമയം ജമ്മു കാശ്മീരും ലഡാക്കും രണ്ടു പ്രദേശങ്ങളായി കേന്ദ്ര സർക്കാരിന്റെ കീഴിലാക്കുകയും അന്നുവരെ സ്വയം ഭരണ പ്രദേശമായിരുന്ന കാശ്മീരിന്റെ  പദവി എടുത്തു കളയുകയും ചെയ്തു. ഭരണഘടനയുടെ കാശ്മീരിന്റെ പ്രത്യേക അവകാശമായ 370 എടുത്തു കളയുകയും 70 വർഷമായി നിലവിലിരുന്ന കാശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കുകയും ചെയ്തു. 1947 -ൽ ഉണ്ടാക്കിയ നിയമമാണ് മോദി സർക്കാർ ഇല്ലാതാക്കിയത്. പതിനായിര കണക്കിന് പട്ടാളത്തെ കാശ്മീരിൽ അയച്ചു. മില്യൺ കണക്കിന് കാശ്മീരികൾ ജീവിക്കുന്നത് പൂട്ടിയിട്ട ഭവനങ്ങൾക്കുള്ളിലെന്ന പോലെയാണ്. ഇന്റർനെറ്റും ഫോണും വിച്ഛേദിച്ചു. രാഷ്ട്രീയ നേതാക്കന്മാരെയും പ്രസിദ്ധരായവരെയും ജയിലിൽ അടച്ചിരിക്കുന്നു.  ജോലിക്കു പോകാനും കുട്ടികൾക്ക് സ്‌കൂളിൽ പോവാനും സാധിക്കാത്ത ദുരന്താവസ്ഥയാണ്‌ കാശ്മീരിൽ  നിലവിലുള്ളത്. ഭരണഘടനാ 370 നീക്കം ചെയ്തത് രാഷ്ട്രത്തിന്റെ ദൃഢതയ്ക്കും സുസ്ഥിരതയ്ക്കുമുള്ള പുത്തനായ ഒരു  അദ്ധ്യായമാണെന്ന്'  പ്രധാനമന്ത്രി മോദി രാഷ്ട്രത്തോടായി പറഞ്ഞിരുന്നു.

1955-ൽ 'ഇന്ത്യ' പാസാക്കിയ പൗരത്വബില്ലിനെ ഭേദഗതി ചെയ്തുകൊണ്ട് 2019-ൽ  പാർലമെന്റിലും രാജ്യസഭയിലും നിയമം പാസാക്കി; ബില്ലിനെ പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറുന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നീ അഭയാർത്ഥികളായ മതവിഭാഗങ്ങൾക്ക് ഇന്ത്യയുടെ പൗരത്വവകാശങ്ങൾക്ക് യോഗ്യമാകുന്നു. പുതിയ നിയമം അനുസരിച്ചു 2014-ഡിസംബർ മുപ്പത്തിയൊന്നിനോ അതിനുമുമ്പോ കുടിയേറിയവരായ മുസ്ലിമുകൾ ഒഴിച്ചുള്ളവർക്ക് പൗരത്വം ലഭിക്കാൻ അവകാശമുണ്ടായിരിക്കും. 2019 ഡിസംബർ നാലാംതീയതി ഇന്ത്യൻ പാർലമെന്റും 2019 ഡിസംബർ പതിനൊന്നാംതിയ്യതി രാജ്യസഭയും ഈ നിയമം പാസ്സാക്കി. രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമത്തിന്റെ സാധുതകൾ ഉണ്ടാവുകയും ചെയ്തു. ഇനി നിയമം പ്രാബല്യത്തിൽ വരേണ്ടതായുണ്ട്. അതിനുമുമ്പ് സുപ്രീം കോടതിയുടെ തീരുമാനങ്ങളും ബാധകമായിരിക്കും. ആസാമിൽ ക്രമസമാധാനത്തിനായി 5000 പാരാ മിലിറ്ററി ട്രൂപ്പിനെ ഇന്ത്യ സർക്കാർ ഇറക്കിയിരിക്കുകയാണ്. ആസ്സാമിലും ത്രിപുരയിലും ഇന്റെനെറ്റ് സംവിധാനങ്ങൾ ബ്ലോക്ക് ചെയ്തു. അവിടെ ജനജീവിതം ദുഷ്ക്കരമാകുന്നു. രാജ്യം അക്രമത്തിലേക്ക് നീങ്ങുന്ന കാഴ്‌ചകളാണ്‌ കാശ്മീർ മുതൽ കേരളം വരെ കാണപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ടതിൽ  ഏറ്റവും വലിയ ജനരോക്ഷമാണ് ഇന്ന് നാടെങ്ങും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത്.

2019 മാർച്ചിൽ  'ഡൊണാൾഡ് ട്രംപിന്റെ' അധികാരവിനിയോഗത്തെപ്പറ്റി യുഎസ് അറ്റോർണി 'വില്യം ബാർ',  രണ്ടുവർഷത്തോളം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ചുരുക്കം പ്രസിദ്ധീകരിച്ചിരുന്നു.  റിപ്പോർട്ടനുസരിച്ച്  2016-ലെ   തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ റഷ്യയുമായി  ട്രംപും  അദ്ദേഹത്തിൻറെ രഹസ്യാന്വേഷകരും യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്നു തെളിഞ്ഞിരുന്നു. ട്രംപിനെ കോൺഗ്രസ് ഹൌസ് ഇമ്പീച്ച് ചെയ്തതാണ്,  ഈ വർഷത്തെ ചരിത്രത്തിലെ വലിയ ഒരു സംഭവം. കഴിഞ്ഞ ആഗസ്റ്റിൽ പ്രസിഡന്റ് ട്രംപും ഉക്രേനിയൻ പ്രസിഡണ്ടു 'വോളോഡിമിർ സിലിൻസ്‌ക്യ' (Volodymyr Zelensky)യുമായുള്ള രഹസ്യ സംഭാഷണം ഇമ്പിച്ച്മെന്റ് വരെ എത്തി. അമേരിക്കയുടെ മുൻ വൈസ് പ്രസിഡണ്ടായ ജോ ബൈഡന്റെ മകന്റെ ഉക്രൈനിലുള്ള ബിസിനസ് സാമ്രാജ്യത്തെപ്പറ്റിയുള്ള അന്വേഷണം നടത്താൻ ഉക്രൈൻ പ്രസിഡണ്ടിനെ പ്രേരിപ്പിക്കുന്നതായിരുന്നു സംഭാഷണം. ജോ ബൈഡൻ  അമേരിക്കയുടെ ഡെമോക്രറ്റിക്ക് സ്ഥാനാർത്ഥിയായി ജയിക്കാൻ സാധ്യതയുള്ള സമയത്താണ് നിയമങ്ങൾ ലംഘിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ എതിരാളിയുടെ ബിസിനസ്സ് ബന്ധവുമായുള്ള അന്വേഷണവുമായി ട്രംപ് അധികാര സ്ഥാനത്തിരുന്നുകൊണ്ട് ഒരു വിദേശ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചത്. ഉക്രേനിയൻ സർക്കാരിനുള്ള  400 മില്യൺ ഡോളർ മിലിറ്ററി സഹായം അമേരിക്കൻ സർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ബൈഡന്റെ മകനെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാമെന്നുള്ള  വ്യവസ്ഥയിൽ ബ്ലോക്ക് ചെയ്ത ഫണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.

 സെപ്റ്റമ്പർ മാസം ഹൌസ് സ്പീക്കർ 'നാൻസി പെലോസി' പ്രസിഡൻഡിനെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. നവംബർ മാസത്തിൽ അതേ സംബന്ധിച്ചുള്ള വിസ്താരവും തുടങ്ങി. ഇമ്പീച്ച് മെന്റ് വിസ്താരം നേടുന്ന അമേരിക്കയിലെ നാലാമത്തെ പ്രസിഡണ്ടാണ് ട്രംപ്. ആൻഡ്രൂ ജാക്സൻ, റിച്ചാർഡ് നിക്സൺ, ബിൽ ക്ലിന്റൺ എന്നിവരാണ് മറ്റു മൂന്നുപേർ. അധികാരം ദുർവിനിയോഗം ചെയ്യൽ, കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തൽ, എന്നിവകളായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ. ഡിസംബർ പതിനെട്ടാം തിയതി ഹൌസ് ഓഫ് റെപ്രെസെന്റിറ്റീവ്സ്  ഇമ്പീച്ച്‌ ചെയ്യാനുള്ള പ്രമേയം വോട്ടിനിടുകയും  പാസാവുകയും ചെയ്തു. അങ്ങനെ അമേരിക്കയുടെ ചരിത്രത്തിൽ ഇമ്പീച്ച് ചെയ്ത  മൂന്നാമത്തെ പ്രസിഡണ്ടായി പ്രസിഡന്റ് ട്രംപ് സ്ഥാനം പിടിക്കുകയും ചെയ്തു.

കോളേജ് അഡ്മിഷൻ ലഭിക്കുന്നതിന് കോഴ കൊടുത്ത അമേരിക്കയിലെ  പ്രസിദ്ധ ഹോളിവുഡ് നടികളുടെ മേലും നടന്മാരുടെ പേരിലും പ്രമാദമായ കേസുകൾ ചാർജു ചെയ്തിരിക്കുന്നതും  2019 ലെ ഡയറിയിൽ കുറിച്ചിരിക്കുന്നു.  പ്രവേശനം  ലഭിക്കുന്നതിനായി  കോളേജ് അധികാരികളെ സ്വാധീനിക്കുന്ന ഈ കൂടിയാലോചന അമേരിക്കയിൽ മുഖ്യധാരാ മീഡിയാകളിൽ  വാർത്തകളായുണ്ടായിരുന്നു.  'ബോസ്റ്റൺ' കോടതിയിൽ നിന്നും കഴിഞ്ഞ മാർച്ച് മാസത്തിൽ കുറ്റാരോപിതരായവർ പുറത്തിറങ്ങുമ്പോൾ അനേകം റിപ്പോർട്ടർമാർ അവർക്കു ചുറ്റും കൂടിയിരുന്നു. ഇരുപതുകൊല്ലം വരെ ശിക്ഷിക്കാവുന്ന വകുപ്പുകളാണ് അവരുടെമേൽ ചുമത്തിയിരിക്കുന്നത്. ചിലരെ ഹൃസ്വമായ കാലങ്ങളിലേക്ക് കോടതി ശിക്ഷിക്കുകയും ചെയ്തു.    കോഴ വിവാദത്തിൽ  കഴിഞ്ഞ മാർച്ചിൽ   ഏകദേശം അമ്പത് വിദ്യാർഥികളുടെമേൽ കേസ് ചാർജ് ചെയ്തിരുന്നു.   'ഫെലിസിറ്റി ഹഫ് മാൻ', 'ലോറി ലൗഗിൻ' എന്നീ നടന്മാരുൾപ്പടെ, ധനികരായ മാതാപിതാക്കന്മാർ  ലക്ഷക്കണക്കിന് ഡോളർ  പ്രവേശനത്തിനായി കോളേജ് അഡ്മിഷൻ കൗൺസിലർ  'വില്ലിൻ റിക്കിന്' നൽകിയെന്നും തെളിഞ്ഞു.  വ്യാജ അതലറ്റുകൾക്കും കൃത്രിമമായ  ടെസ്റ്റ് സ്‌കോറുകൾ നേടിയവർക്കും   ഐവി ലീഗ് കോളേജുകളിൽ പ്രവേശനം നൽകിയതുമൂലം   ക്രിമിനൽ കേസുകൾ തുടരുന്നു.

മദ്ധ്യ ഹോങ്കോങ്ങിൽ രാജ്യം വിഭജിക്കത്തക്കവിധം 2019 ജൂൺ പന്ത്രണ്ടാം തിയതി ചൈന വൻകരയ്‌ക്കെതിരെ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിരുന്നു.  ജൂൺ മാസത്തിൽ തുടങ്ങിയ പ്രതിഷേധങ്ങൾ മാസങ്ങളോളം നീണ്ടു നിന്നിരുന്നു. ഹോങ്കോങ്ങിൽ രാഷ്ട്രീയ കുറ്റവാളികളെ ചൈന വൻകരയിൽ വിസ്തരിക്കാനുള്ള ഒരു ബില്ലായിരുന്നു   ജനങ്ങളെ പ്രകോപിച്ചത്. ഏകദേശം ഒരു മില്യൺ പ്രതിഷേധക്കാർ മാർച്ചിൽ പങ്കെടുത്തിരുന്നു. 1997 വരെ ഹോങ്കോങ് ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു. ചൈനയുടെ ഭരണത്തെക്കാളും അന്ന് അവർക്ക് ബ്രിട്ടീഷ് ഭരണം പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഈ സ്വാതന്ത്ര്യം അപകടത്തിലാകുമെന്നും ജേർണലിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും ചൈന വൻകര വിസ്തരിക്കുമെന്നും ഹോങ്കോങ് ജനത ഭയപ്പെട്ടിരുന്നു. ബില്ല് സെപ്റ്റംബറിൽ പിൻവലിച്ചെങ്കിലും ഇന്നും ഹോങ്കോങ്ങിൽ അസ്വസ്ഥത തുടരുന്നു. പോലീസും പ്രതിക്ഷേധക്കാരും തമ്മിൽ അക്രമപരമായ ഏറ്റുമുട്ടലുകൾ നിത്യം പതിവാണ്.

2019 ഏപ്രിൽ മാസം ജപ്പാന്റെ ചക്രവർത്തി അകിഹിതോയും രാജ്ഞി മിച്ചിക്കോയും (Akihito, with Empress Michiko) സ്ഥാനത്യാഗം ചെയ്തു. മുപ്പതു വർഷം അദ്ദേഹം ജപ്പാന്റെ രാജകീയ സിംഹാസനം അലങ്കരിച്ചിരുന്നു. കഴിഞ്ഞ 200 വർഷത്തിനുള്ളിൽ ആദ്യമായി സ്ഥാനത്യാഗം ചെയ്ത രാജാവാണ് അദ്ദേഹം. 2016 മുതൽ അദ്ദേഹം ജാപ്പനീസ് നിയമനിർമ്മാതാക്കളോട്  നിയമം മാറ്റാനും തന്നെ ഈ രാജകീയ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് രാജാവിന് സ്ഥാന ത്യാഗം ചെയ്യാമെന്നുള്ള നിയമം പ്രാബല്യത്തിൽ വന്നത്. അകിഹിതോയുടെ മകൻ 'നാരു ഹിതോ' അടുത്ത കിരീടാവകാശിയായി ചുമതലയേറ്റെടുത്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ  2019  മെയ് ഇരുപത്തിനാലാം തീയതി രാജിവെച്ചു.  യൂറോപ്പ്യൻ യൂണിയനിൽ നിന്നും പിൻവാങ്ങുന്ന പ്രശ്‍നം സംബന്ധിച്ചായിരുന്നു രാജി.  മൂന്നുവർഷത്തോളം അവർ ബ്രിട്ടന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നു.  കൺസർവേറ്റിവ് പാർട്ടിയുടെ നേതാവായിരുന്നു അവർ.  പാർലമെന്റിന്റെ അവിശ്വസ പ്രമേയങ്ങളെ അവർ തരണം ചെയ്തിരുന്നെങ്കിലും യൂറോപ്പ്യൻ  യൂണിയനുമായി മൂന്നു പ്രാവശ്യം  കരാർ ഉണ്ടാക്കുന്നതിൽ'  പരാജയപ്പെട്ടത് അവരുടെ രാജിക്കു കാരണമായിരുന്നു. ലണ്ടൻ മേയറായിരുന്ന 'ബോറിസ് ജോൺസൺ'  ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയും ഏറ്റെടുത്തു. സസ്സെക്സിലെ ഡ്യൂക്കായ പ്രിൻസ് ഹാരിയ്ക്കും ഭാര്യ മെഗാൻ മാർക്ലെയ്‌ക്കും  മെയ് ആറാംതീയതി ആദ്യത്തെ ആൺകുട്ടി ജനിച്ചു. ബ്രിട്ടനിലെ ഏഴാം കിരീടാവകാശിയാണ് ഈ കുഞ്ഞ്.

'ഉർസുല വോൻ ഡെർ 'എന്ന വനിത യൂറോപ്പ്യൻ യൂണിയന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതും 2019 ലെ സുപ്രധാന വാർത്തയായിരുന്നു. 'ജീന്‍ ക്ലോഡ് ജങ്കറിന്‍റെ' പിന്‍ഗാമിയായിട്ടാണ് അവർ ഈ ഉന്നത പദവി അലങ്കരിക്കുന്നത്.   ആദ്യമായിട്ടാണ് ഒരു സ്ത്രീ യൂറോപ്പ്യൻ യൂണിയന്റെ തലപ്പത്ത് എത്തുന്നത്.  ബെൽജിയത്തിൽ ജനിച്ചു വളർന്ന ഇവർ ഡിസംബർ ഒന്നിന് പ്രസിഡന്റായി ചുമതല ഏറ്റെടുത്തു. രാഷ്ട്രീയ ജീവിതം ജർമ്മനിയിലായിരുന്നു. 2005 മുതൽ 2019 വരെ ജർമ്മൻ സർക്കാരിന്റെ പല ഔദ്യോഗിക ചുമതലകളും വഹിച്ചിരുന്നു. ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രറ്റിക്ക് പാർട്ടിയിലും ഈ അറുപത്തൊന്നുകാരി പ്രവർത്തിച്ചിരുന്നു.

ഫ്രാൻ‌സിൽ നോട്ടർഡാമിലുണ്ടായ  തീപിടുത്തം ലോകം മുഴുവൻ ശ്രദ്ധേയമാവുകയും പ്രധാന വാർത്തകളിൽ ഒന്നാവുകയും ചെയ്തു.  850 വർഷം പഴക്കമുള്ള കത്തീഡ്രലാണ് അഗ്നിക്കിരയായത്. കത്തീഡ്രലിന്റെ മേൽക്കൂര മുഴുവനായി കത്തി നശിച്ചിരുന്നു. തീപിടുത്തത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. കത്തീഡ്രലിന്റെ കാലാകാലങ്ങളായ  നവീകരണ പണികൾ തീപിടുത്തത്തിനു കാരണമാകാമെന്നും അനുമാനിക്കുന്നു. നോട്ടർഡാം കത്തീഡ്രൽ അഞ്ചുവർഷം കൊണ്ട് പുതുക്കി പണിയുമെന്ന് പ്രസിഡന്റ് 'ഇമ്മാനുവേൽ മാക്രോൺ' പ്രസ്താവിച്ചെങ്കിലും അതിന്റെ പണി തീരണമെങ്കിൽ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും  വസ്തു സംബന്ധമായ  വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

'കാട്ടുതീ' ബ്രസീലിലുള്ള ആമസോൺ വനങ്ങൾ കത്തിയെരിയാൻ കാരണമായി. കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായ തീപിടുത്തം ചരിത്രം കുറിക്കുന്നതായിരുന്നു. വനങ്ങൾ നശിപ്പിച്ച് കൃഷി ഭൂമിയാക്കുന്നതിലും വ്യവസായവൽക്കരണം നടത്തുന്നതിലും അവിടെയുള്ള പരിസ്ഥിതി വാദികൾ 'പ്രസിഡന്റ് ജൈർ ബോൾസെന്റൊ'യെ പഴി ചാരുന്നുണ്ട്.   തെക്കേ അമേരിക്കയിലെ ഒമ്പതു  രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ വനങ്ങൾ ലോകത്തിലെ ഏറ്റവും വിസ്തൃതമായ വനം പ്രദേശങ്ങളാണ്. പരിസ്ഥിതി സംസ്ക്കരണത്തിന് ഏറ്റവുമധികം ഒച്ചപ്പാട് ഉണ്ടാവുന്ന പ്രദേശവുമാണ്, അവിടം.  ലോകത്ത് ആവശ്യമുള്ള 20 ശതമാനം ഓക്സിജൻ ഉത്ഭാദിപ്പിക്കുന്നത് ഈ വനഭൂമിയാണ്. അതുകൊണ്ട് ഈ പ്രദേശങ്ങളെ ഭൂഗോളത്തിന്റെ ശ്വാസനാളങ്ങളായി  അറിയപ്പെടുന്നു.

ബ്രെസീലിൽ 2019 ജനുവരി പതിനഞ്ചിന് ബ്രൂമഡിന്യോ അണക്കെട്ടു പൊട്ടിയപ്പോൾ മുന്നൂറിൽ പ്പരം ജീവനുകളാണ് ഒലിച്ചുപോയത്. എത്രപേർ അപകടത്തിൽ കുടുങ്ങിയെന്നു കൃത്യമായ ഒരു കണക്കും ലഭ്യമല്ല. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ  ദിനങ്ങളാണ് 2019 നൽകിയിട്ടു പോവുന്നത്. മണ്ണും വെള്ളവുമൊലിച്ചു സമീപ പ്രദേശങ്ങളിലെ വീടുകൾ മുഴുവൻ മൂടിപോയിരുന്നു.

2019  മാർച്ചു പതിനഞ്ചാം തിയതി ന്യൂസിലാൻഡിൽ രണ്ടു മുസ്ലിം ദേവാലയങ്ങളിലായി ആയുധ ധാരികൾ വെടിവെപ്പ് നടത്തി നിരവധി പേർ മരിച്ചു. ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ സംഭവമായിരുന്നു അത്. പ്രധാനമന്ത്രി  'ജസിന്ത ആർഡൺ ' മോസ്‌ക്കിൽ  വന്നവരെയെല്ലാം ആലിംഗനം ചെയ്തുകൊണ്ട് അശ്വസിപ്പിക്കുന്നതും ഹൃദ്യമായിരുന്നു.   വെടിപ്പിൽ 51 പേർ മരിക്കുകയും  49 പേർ മുറിവേൽക്കുകയും ചെയ്തു. ന്യൂസിലാൻഡിലെ  ഇസ്‌ലാമിക സെന്ററിൽ തോക്കു ധാരിയുടെ വെടിവെപ്പിനുശേഷം പ്രധാനമന്ത്രി 'ജസിന്ത ആർഡീൻ'' ദേശീയ തലത്തിൽ തോക്ക് കൈവശം വെക്കുന്നതു നിരോധിക്കുകയുമുണ്ടായി.

അമേരിക്കയിൽ ആഗസ്റ്റ് മാസത്തിലുണ്ടായ രണ്ടു വെടിവെപ്പുകളും ഭീകരവും  ഭയഭരിതവുമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.  ഒന്ന് 'എല്പ്പാസായിലെ  'വെടിവെപ്പും അടുത്തത് ഒഹായോയിലുള്ള 'ഡേറ്റോൺ' എന്ന സ്ഥലത്തും വെടിവെപ്പുകൾ നടന്നു.  29 ആളുകളുടെ ജീവൻ അപഹരിക്കുകയും 50-ൽ കൂടുതൽ ജനം മുറിവേൽക്കുകയുമുണ്ടായി. 2019ലെ കണക്കനുസരിച്ച് 369 വെടിവെപ്പുകൾ വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടായിട്ടുണ്ട്. 28 കൂട്ടമരണങ്ങളും സംഭവിച്ചിട്ടുണ്ട്.

2019 ഒക്ടോബർ ഇരുപത്തിയേഴാം തീയതി യുഎസ് ഓപ്പറേഷൻ സ്‌ക്വാഡിൽ നിന്നും രക്ഷപെടാൻ കഴിയാതെ സ്വയം ദേഹത്തു ഘടിപ്പിച്ച ബോംബുസ്ഫോടനത്തിൽ  ഐഎസ്എസ് തീവ്ര സുപ്രീം കമാണ്ടർ 'ബാഗ്ദാദി' ആത്മഹത്യ ചെയ്തു. അയാളോടൊപ്പം മൂന്നു മക്കളും മരണപ്പെട്ടു. ബാഗ്ദാദി രക്ഷപെടാൻ ശ്രമിക്കുന്ന സമയത്തും ജീവനുംകൊണ്ട് ഓടുമ്പോഴും ഉച്ചത്തിൽ  നിലവിളിക്കുന്നുണ്ടായിരുന്നു. 'ബാഗ്ദാദിയെ' തേടിയുള്ള അമേരിക്കൻ ഓപ്പറേഷന് പേരിട്ടത് 'കൈല മുള്ളർ' എന്നായിരുന്നു. കൈലയുടെ അമ്മ 'മാർഷാ മുള്ളർ' മകളുടെ പേരിലുള്ള ഓപ്പറേഷന്റെ പേരുകേട്ടപ്പോൾ കരഞ്ഞുപോയി. 'ദൈവമേ, 'കൈല' എത്ര നല്ല സമ്മാനമാണ് തങ്ങൾക്കു തന്നിട്ടുപോയതെന്നും' ആ 'അമ്മ വിലപിച്ചുകൊണ്ടു പറഞ്ഞു. കൈല  2012-മുതൽ അഭയാർത്ഥികൾക്കുവേണ്ടി  സാമൂഹിക സേവനം ചെയ്യുകയായിരുന്നു. 2015-ൽ അവർ കൊല്ലപ്പെട്ടു.

ഏപ്രിൽ ഇരുപത്തിയൊന്നാം തിയതി ശ്രീ ലങ്കയിൽ ഒരു ക്രിസ്ത്യൻ പള്ളിയിലും മൂന്നു ആഡംബര ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമം ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. മുന്നോറോളം പേരാണ് ആക്രമത്തിൽ വെടിയേറ്റ് മരിച്ചത്. അഞ്ഞൂറിൽ കൂടുതൽ ജങ്ങൾക്കു  വെടിവെപ്പിൽ പരിക്കേൽക്കുകയുമുണ്ടായി. തമിഴ് പുലികളുമായുള്ള ഏറ്റുമുട്ടലുകൾക്കുശേഷം ആദ്യമായിട്ടാണ് ഇത്രമാത്രം മനുഷ്യ കുരുതികൾ ശ്രീലങ്കയിൽ സംഭവിച്ചത്.  മരിച്ചവരിൽ നിരവധി വിദേശികളും ഇന്ത്യക്കാരുമുണ്ടായിരുന്നു.  അവരിൽ ഒരു മലയാളിയുടെ ജീവനും നഷ്ടപ്പെട്ടു. 'നാഷണൽ തൗഹീദ്  ജമാഹത്തു' ഭീകരസംഘടനയിൽ പെട്ട ഏഴു ചാവേറുകളാണ് സ്ഫോടനം നടത്തിയത്.  സ്ഫോടനം നടത്തിയവരെല്ലാം ശ്രീലങ്കക്കാരായിരുന്നു.

ചന്ദ്രന്റെ ഉപരിതലത്തിലെ ഇരുണ്ട ഭാഗങ്ങളിൽ ചൈനയുടെ വാഹനം എത്തിയതും  ശാസ്ത്രത്തിൽ ചൈന കൈവരിച്ച  നേട്ടമായിരുന്നു. അതിവേഗം കുതിച്ചുപായുന്ന ചൈനയുടെ ശൂന്യാകാശ ടെക്കനോളജി സ്ഥാപിച്ചത് 2003-ലാണ്. കഴിഞ്ഞ ജനുവരിയിൽ ചൈനയുടെ റോ ബോട്ടിക്ക് സ്പേസ് വാഹനം, 'ചാങ്‌സ്-4' ചന്ദ്രന്റെ ഇരുണ്ട ഭൂമിയിലിറങ്ങിയ ആദ്യത്തെ വാഹനമായിരുന്നു. സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും വാഹനങ്ങൾ ചന്ദ്രനിൽ എത്തിയിട്ടുണ്ടെങ്കിലും ആ വാഹനങ്ങൾ ഭൂമിയോടഭിമുഖമായ പ്രദേശങ്ങളിലെയാണ് പടങ്ങൾ എടുത്തിട്ടുള്ളത്.

കഴിഞ്ഞ ഒക്ടോബർ മാസം 'നാസാ'യുടെ ശൂന്യാകാശ സഞ്ചാരികളായ 'ക്രിസ്റ്റിന കോച്ചും' 'ജെസീക്ക മേയറും'  ശൂന്യാകാശത്ത്  ഏറ്റവും കൂടുതൽ 'നടത്തം'   പൂർത്തിയാക്കിയ ആദ്യത്തെ രണ്ടു സ്ത്രീകളായി ചരിത്രം കുറിക്കപ്പെട്ടു.  അമേരിക്ക ആദ്യമായി ശൂന്യാകാശ യാത്രക്ക് സ്ത്രീകളെ പങ്കെടുപ്പിക്കാൻ പദ്ധതിയിട്ടത് 1978-ലാണ്. 1983-ൽ സോവിയറ്റ് യൂണിയൻ രണ്ടു സ്ത്രീകളെ ശൂന്യാകാശത്ത് അയക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്തിരുന്നു. 'കോച്ചും' 'മേയറും' 2013-ലെ ശൂന്യാകാശ പരിശീലന ക്ലാസ്സിൽ പ്രായോഗിക പരിജ്ഞാനം നേടിയവരാണ്‌. ആദ്യമായി സ്ത്രീ ജനങ്ങളിൽനിന്നും ശൂന്യാകാശത്തിൽ  ഏറ്റവും കൂടുതൽ നടന്നുകൊണ്ടു ഉലാത്തിയവരും  ഇവർ തന്നെ.

2019-ൽ  ആദ്ധ്യാത്മിക ലോകത്തിൽ ഏറ്റവും ശ്രദ്ധപറ്റിയ  മഹത്‌വ്യക്തി ഫ്രാൻസീസ് മാർപാപ്പാ തന്നെയാണ്.  ഫെബ്രുവരി മാസത്തിൽ അദ്ദേഹം  യുഎഇ യും അറബിനാടുകളും സന്ദർശിക്കുകയുണ്ടായി.  ചരിത്രത്തിലാദ്യമാണ്  ഒരു മാർപാപ്പാ അറബി നാട്ടിലെത്തുന്നത്. അബുദാബിയിൽ എത്തിയ മാർപാപ്പായെ അബുദാബി കിരീടാവകാശിയായ 'ഷെയ്ക്ക് മുഹമ്മദ് ബിൻ സയിദ്'  സ്വീകരിച്ച് ആനയിക്കുകയുണ്ടായി. സർവ്വ മത സമ്മേളനത്തിലും ലക്ഷക്കണക്കിന് ജനം പങ്കെടുത്തിരുന്നു. ലോക സമാധാനം ലക്ഷ്യമിട്ടായിരുന്നു മാർപാപ്പായുടെ ഈ യാത്ര.  രണ്ടു വലിയ മതങ്ങളായ ഇസ്‌ലാമും ക്രിസ്തുമതവും  തമ്മിലുള്ള കൂടിച്ചേരലിൽ  അറബി ലോകം  സഹകരിക്കുകയും ചെയ്തു.   മതങ്ങൾ  തമ്മിലുള്ള അകൽച്ചകളും കുറയുന്നത് ഈ ആത്മീയ കൂട്ടായ്മകളിൽ പ്രകടമായിരുന്നു.

ഹൃസ്വമായ ജീവിതമാണ് നമുക്കെല്ലാമുള്ളത്.  വിട പറയുന്ന 2019-ൽ സ്നേഹമുണ്ടായിരുന്നു. ചിരിയും വെറുപ്പുമുണ്ടായിരുന്നു. വെറുപ്പിനെ നാം ഇല്ലാതാക്കണം. കഴിഞ്ഞതിനെപ്പറ്റി നാം ആകുലപ്പെടേണ്ടതില്ല! സുന്ദരമായ പ്രപഞ്ചകണികയിൽ  2020 സഞ്ചരിക്കട്ടെയെന്നും കാംഷിക്കുന്നു.   ശാന്തിയും സമാധാനവും എവിടെയും ലോകമെമ്പാടും വിതറട്ടെയെന്നും  അഭിലാഷിക്കാം! ഓരോ വർഷത്തിൻറെ ആരംഭവും മറ്റൊരു വർഷത്തിന്റെ അവസാനവുമാണ്‌.  ഗുഡ് ബൈ 2019! ആരംഭത്തിന്റെ പുതുവർഷം നന്മകൾ വിതക്കട്ടെ! മാറ്റങ്ങളുടെ മുഴക്കമേറിയ നവദിനങ്ങളുടെ  ശുഭാശംസകൾ ഏവർക്കും എന്റെ  പ്രിയപ്പെട്ട വായനക്കാർക്കും നേരുന്നു.





Image result for modi pictures"


Image result for kashmir fighting 2019 pictures

Her ‘performance has been extraordinary’: Jacinda Ardern lauded for her response to New Zealand mosque attacks
Prime Minister Jacinda Ardern (New Zealand)
Image result for pope arabia pictures

Image result for christina koch and jessica meyer"

Tuesday, December 17, 2019

പൗരത്വ ഭേദഗതിബിൽ, വിശദീകരണങ്ങളും ന്യൂനതകളും



ജോസഫ് പടന്നമാക്കൽ

ജനാധിപത്യ റിപ്പബ്ലിക്കായ ഇൻഡ്യ എന്നും ലോക രാഷ്ട്രങ്ങളുടെയിടയിൽ തലയുയർത്തി നിന്ന രാഷ്ട്രമായിരുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധമതം, സിഖുമതം  എന്നിങ്ങനെ നാനാ ജാതി  മതങ്ങളെയും ഒരുപോലെ  ബഹുമാനിച്ചുകൊണ്ടിരുന്ന,  പാലിച്ചുകൊണ്ടിരുന്ന ഒരു ഭരണഘടനയായിരുന്നു നമുക്കുണ്ടായിരുന്നത്! എന്നാൽ പുതിയ പൗരത്വ ബില്ലിൽ മുസ്ലിമിനെ ഒഴിവാക്കി കൊണ്ടുള്ള നിയമം  ഇന്ത്യയുടെ അന്തസ്സിനു കോട്ടം തട്ടാൻ കാരണമായി തീർന്നിരിക്കുന്നു. പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ രാജ്യങ്ങളിൽനിന്ന് മതപീഢനമൂലം ഇന്ത്യയിൽ വന്നെത്തിയ അഭയാർത്ഥികൾക്ക് ഇന്ത്യ പൗരത്വം നൽകുമെന്നു  പ്രധാനമന്ത്രി നരേന്ദമോദി തിരഞ്ഞെടുപ്പുകാലത്തു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. 2014-ലെ ഒരു തിരഞ്ഞെടുപ്പു റാലിയിൽ ഹിന്ദുക്കളായ ബംഗ്ളാദേശികൾക്ക് പൗരത്വം കൊടുക്കുമെന്നും മോദി എടുത്തു പറഞ്ഞിരുന്നു. അന്നുമുതൽ മോദി സർക്കാർ അതിനായി ശ്രമിക്കുമ്പോഴെല്ലാം മുസ്ലിം വിരുദ്ധത, ഭൂരിപക്ഷാധിപത്യം എന്നെല്ലാമുള്ള പ്രതിപക്ഷങ്ങളുടെ കുറ്റാരോപണങ്ങളുമുണ്ടായിരുന്നു.

1955-ൽ 'ഇന്ത്യ' പാസാക്കിയ പൗരത്വബില്ലിനെ ഭേദഗതി ചെയ്തുകൊണ്ട് 2019-ൽ  പാർലമെന്റിലും രാജ്യസഭയിലും നിയമം പാസാക്കി; ബില്ലിനെ പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറുന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നീ അഭയാർത്ഥികളായ മതവിഭാഗങ്ങൾക്ക് ഇന്ത്യയുടെ പൗരത്വവകാശങ്ങൾക്ക് യോഗ്യമാകുന്നു. പുതിയ നിയമം അനുസരിച്ചു 2014-ഡിസംബർ മുപ്പത്തിയൊന്നിനോ അതിനുമുമ്പോ കുടിയേറിയവരായ മുസ്ലിമുകൾ ഒഴിച്ചുള്ളവർക്ക് പൗരത്വം ലഭിക്കാൻ അവകാശമുണ്ടായിരിക്കും. 2019 ഡിസംബർ നാലാംതീയതി ഇന്ത്യൻ പാർലമെന്റും 2019 ഡിസംബർ പതിനൊന്നാംതിയ്യതി രാജ്യസഭയും ഈ നിയമം പാസ്സാക്കി. രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമത്തിന്റെ സാധുതകൾ ഉണ്ടാവുകയും ചെയ്തു. ഇനി നിയമം പ്രാബല്യത്തിൽ വരേണ്ടതായുണ്ട്. അതിനുമുമ്പ് സുപ്രീം കോടതിയുടെ തീരുമാനങ്ങളും ബാധകമായിരിക്കും. ആസാമിൽ ക്രമസമാധാനത്തിനായി 5000 പാരാ മിലിറ്ററി ട്രൂപ്പിനെ ഇന്ത്യ സർക്കാർ ഇറക്കിയിരിക്കുകയാണ്. ആസ്സാമിലും ത്രിപുരയിലും ഇന്റെനെറ്റ് സംവിധാനങ്ങൾ ബ്ലോക്ക് ചെയ്തു. അവിടെ ജനജീവിതം ദുഷ്ക്കരമാകുന്നു. രാജ്യം അക്രമത്തിലേക്ക് നീങ്ങുന്ന കാഴ്‌ചകളാണ്‌ കാശ്മീർ മുതൽ കേരളം വരെ കാണപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ടത്തിൽ ഏറ്റവും വലിയ ജനരോക്ഷമാണ് ഇന്ന് നാടെങ്ങും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത്.

2016-ലാണ് ബിജെപി സർക്കാർ ആസാമിൽ ഭരണത്തിൽ വന്നത്. ബംഗ്ളാദേശിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദുക്കളെ പൗരത്വം നൽകി സ്വീകരിക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു അധികാരത്തിൽ എത്തിയത്. 2011-ലെ സെൻസസ് അനുസരിച്ച് ആസ്സാമിൽ 34.2 ശതമാനവും മുസ്ലിമുകളാണ്. അഞ്ചു വർഷം കൊണ്ട് നാലു ശതമാനം മുസ്ലിമുകൾ ആ പ്രദേശങ്ങളിൽ വർദ്ധിക്കുകയും ചെയ്തു. പൗരത്വനിയമം പാസായി നിയമം നടപ്പാക്കി കഴിഞ്ഞാൽ, ഹിന്ദുക്കൾ കൂട്ടമായി പൗരത്വം എടുത്തുകഴിയുമ്പോൾ വോട്ടുബാങ്കിന് കാര്യമായ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. ഇത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയിലുള്ള രഹസ്യ കാര്യ പരിപാടിയായിരുന്നുവെന്നും കരുതുന്നു.

2019 നവംബറിൽ സുപ്രീം കോർട്ട് ബാബ്‌റി മോസ്‌ക്കിന്റെ സ്ഥാനത്ത് ഹിന്ദു അമ്പലം പണിയാനുള്ള അനുവാദം കൊടുത്തു. 1992-ലായിരുന്നു ഹിന്ദു തീവ്രവാദികൾ ബാബ്‌റി മസ്ജിദ് പൊളിച്ചു കളഞ്ഞത്. ഈ സംഭവ വികാസങ്ങളെല്ലാം ഹിന്ദു ദേശീയത കൂടുതൽ ബലവത്താകുന്നതിനു കാരണമായി. അതോടൊപ്പം ഇന്ത്യൻ മുസ്ലിമുകളുടെ നിലനിൽപ്പ് ബുദ്ധിമുട്ടിലാവുകയുമുണ്ടായി. അവരുടെ ഭാവിയിലുള്ള സുരക്ഷ ബാധിക്കുന്ന പ്രശ്നവുമായി മാറി.

പൗരത്വ നിയമം ഭേദഗതിയോടെ പാസാക്കുമ്പോൾ ഭരണഘടനയുടെ പതിനാലാം വകുപ്പനുസരിച്ചാകണം. പതിനാലാം വകുപ്പ് ജാതിമത ഭേദമെന്യേ ഇന്ത്യയിൽ എല്ലാവർക്കും തുല്യ അവകാശം നല്കണമെന്നുള്ളതാണ്. എന്നാൽ 2019-ലെ ഭരണഘടനാ ഭേദഗതിയിൽ പൗരത്വം നൽകുന്നതു മുസ്ലിമുകൾ അല്ലാത്ത മറ്റു മതങ്ങൾക്കു മാത്രമെന്നു പറയുന്നു. പാർലമെന്റ് പാസാക്കിയ ഈ ബില്ല് ഇന്ത്യയുടെ മൗലിക നിയമത്തിനു തന്നെ വെല്ലുവിളിയായിരിക്കുന്നു. മുസ്ലിമല്ലാത്തവർക്ക് പൗരാവകാശമെന്ന പാർലമെന്റ് തീരുമാനത്തിൽ നിയമപരമായ സാധുത ലഭിക്കില്ല. സുപ്രീം കോടതി, ബില്ലിലെ പുതിയ വ്യവസ്ഥകളെ പരിഗണിച്ചശേഷം തള്ളിക്കളയാനാണ് സാധ്യത. ഒരുവന്റെ ജനനം കൊണ്ടും വംശപരമ്പരകൊണ്ടും രജിസ്റ്റർ ചെയ്ത വിദേശിക്കും പൗരത്വം നേടാമെന്ന് 1955-ലെ ഭരണഘടന 2,5,9  വകുപ്പുകൾ പ്രകാരം വ്യക്തമാക്കുന്നു. 1992, 2003, 2005, 2015 എന്നീ കാലഘട്ടങ്ങളിലായി അഞ്ചു പ്രാവിശ്യം കോൺഗ്രസ്സ് സർക്കാരുകളും രണ്ടു പ്രാവിശ്യം ബിജെപി സർക്കാരും ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. എന്നാൽ 2019-ലെ പൗരത്വം സംബന്ധിച്ച  ഈ ബില്ലാണ് ഏറ്റവും വലിയ പ്രതിസന്ധിഘട്ടങ്ങളിൽക്കൂടി വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.

ഇന്നത്തെ നിലവിലുള്ള നിയമം അനുസരിച്ച് അനധികൃതമായി കുടിയേറിയവർക്ക് പൗരത്വം നേടാൻ അവകാശമില്ല. അവർക്ക് പൗരത്വത്തിനു അപേക്ഷിക്കാനും സാധിക്കില്ല. അങ്ങനെയുള്ളവരെ രാജ്യത്തിനു പുറത്താക്കുകയോ ജയിലിൽ അടക്കുകയോ വേണമെന്നുള്ളതാണ് നിയമം. എന്നാൽ ആ നിയമത്തിനാണ് 2019ലെ പൗരത്വ അവകാശ ബില്ലിൽ ഭേദഗതി വരുത്തുന്നത്. പുതിയ പൗരാവകാശ നിയമം അനുസരിച്ച് വിദേശ രാജ്യങ്ങളായ ബംഗ്ളാദേശിലും പാക്കിസ്ഥാനിൽനിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നും നിയമാനുസൃതമല്ലാത്ത മുസ്ലിമുകളല്ലാത്തവർക്ക് പൗരത്വം കൊടുക്കുകയെന്നതാണ് വ്യവസ്ഥ. ഈ നിയമ പ്രകാരം മുസ്ലിമുകളെ മാത്രമേ ജയിലിൽ അടക്കാനോ രാജ്യത്തിനു പുറത്താക്കാനോ സാധിക്കുള്ളൂ. മുസ്ലിമല്ലാത്തവർക്ക് ഡോക്കുമെന്റുകളില്ലെങ്കിലും അനുവാദമില്ലാതെ വന്നാലും അവർ പൗരത്വത്തിന് യോഗ്യരാണെന്നുള്ള നിയമമാണ് പാസാക്കിയിരിക്കുന്നത്. മാതൃരാജ്യത്തു നിന്നു മതപീഡനം കൊണ്ട് വന്നവരായിരിക്കണമെന്നും പാസ്സാക്കിയ ബില്ലിൽ ചേർത്തിട്ടുണ്ട്. മുമ്പ്, ഈ മൂന്നു രാജ്യങ്ങളിൽനിന്നും വന്നവർക്കു പൗരത്വം അപേക്ഷിക്കണമെങ്കിൽ പതിനാലു വർഷം ഇന്ത്യയിൽ താമസിക്കണമായിരുന്നു. എന്നാൽ അത് പുതിയ നിയമത്തിൽ ആറു വർഷമായി കുറച്ചിരിക്കുന്നു.

പൗരത്വ ഭേദഗതിബില്ലു പാസായതിൽ പ്രതിപക്ഷം ഒന്നടങ്കവും മനുഷ്യാവകാശ പ്രവർത്തകരും എതിർക്കുന്നു. അത് വിവേചനമാണ്, ഭരണഘടന ആർട്ടിക്കിൾ പതിനാലിന് എതിരാണെന്ന് അവർ പറയുന്നു. ആർട്ടിക്കിൾ പതിനാല് എന്നുള്ളത് ഭരണഘടനയുടെ സുപ്രധാനമായ നിയമങ്ങളുടെ നാഴികക്കല്ലാണ്! ഇന്ത്യയുടെ പരമാധികാരത്തിനുള്ളിൽ ഒരു വ്യക്തിക്ക് നിയമത്തിൽ പക്ഷാപാതം പാടില്ലെന്നും സമത്വപൂർണ്ണമായ സംരക്ഷണം ഓരോ വ്യക്തിക്കും നല്കണമെന്നുള്ളതാണ് ആർട്ടിക്കിൾ പതിനാലിൽ വ്യക്തമാക്കുന്നത്. നിയമത്തിന്റെ മുമ്പിൽ തുല്യ സംരക്ഷണമെന്നു പറയുന്നത് രണ്ടു വ്യക്തികൾക്കിടയിൽ വിവേചനം കാണിച്ചുകൊണ്ടുള്ള നിയമം പാടില്ലെന്നുള്ളതാണ്. പതിനാലാം വകുപ്പനുസരിച്ച് ഓരോ പൗരന്റെ അവകാശങ്ങളും നിരുപാധികമായിരിക്കും.

2016-ൽ പൗരത്വ നിയമങ്ങൾ പാർലമെന്റിൽ കൊണ്ടുവന്നപ്പോൾ ബില്ല് പരാജയപ്പെട്ടിരുന്നു. അന്നത്തെ ഭേദഗതിയോടെ തയ്യാറാക്കിയ 2019-ലെ ബില്ലിന്റെ ലക്ഷ്യം അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ്, പാകിസ്ഥാൻ എന്നീ പ്രദേശങ്ങളിലുള്ള ഹിന്ദു, ജൈന ജനങ്ങളെ കൊണ്ടുവന്നു വോട്ടു ബാങ്ക് വർദ്ധിപ്പിക്കുകയെന്നതായിരുന്നു. ഹിന്ദുക്കൾ കൂട്ടമായി രാജ്യത്ത് കുടിയേറി മതാടിസ്ഥാനത്തിൽ' വോട്ട് നേടുകയെന്നതും ബിജെപിയുടെ പദ്ധതികളിലുണ്ടായിരുന്നു. പാക്കിസ്ഥാനിൽനിന്നും ബംഗ്ളാദേശിൽ നിന്നും അനധികൃതമായി അതിർത്തി സ്റ്റേറ്റുകളിൽ കുടിയേറിയ ഏകദേശം രണ്ടുലക്ഷം ഹിന്ദുക്കളോളം ഉള്ളതായി അനുമാനിക്കുന്നു. അവർക്കുള്ള വോട്ടവകാശം ബിജെപി യ്ക്ക് അനുകൂലമായി പ്രതീക്ഷിക്കുകയും ചെയ്യുന്നു.

1947-ൽ 'മുഹമ്മാദാലി ജിന്ന' ഇന്ത്യ വിഭജിക്കാൻ മുൻകൈ എടുത്തു. അതിനുമുമ്പ് മുഹമ്മദാലി ജിന്ന മുസ്ലിമുകൾക്ക് ഒരു രാഷ്ട്രമെന്നും ഹിന്ദുക്കൾക്ക് മറ്റൊരു രാഷ്ട്രമെന്ന വാദവുമായിരുന്നു ഉന്നയിച്ചിരുന്നത്. ഇന്ത്യയിലെ മുസ്ലിമുകൾക്ക് പ്രത്യേകമായ രാഷ്ട്രമെന്ന നിലയിലാണ് വിഭജനം നടന്നത്. എന്നിരുന്നാലും അന്നുള്ള ഇന്ത്യൻ നേതാക്കന്മാർ ഹിന്ദു രാഷ്ട്രത്തിനുപരി മതേതര രാഷ്ട്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടന തയ്യാറാക്കി. അതാണ് ആർട്ടിക്കിൾ പതിനാലിൽ സമത്വം ഉൾപ്പെടുത്താൻ കാരണം. ഇന്ത്യയിൽ ജീവിക്കുന്ന ആർക്കും പൂർണ്ണമായ മതസ്വാതന്ത്ര്യം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാഷണൽ രജിസ്റ്ററിൽ 19 ലക്ഷം ബംഗ്ളാദേശിൽ നിന്നുള്ള ഹിന്ദുക്കൾ പൗരത്വത്തിനുവേണ്ടി അപേക്ഷിച്ചിട്ടുണ്ട്. സുപ്രീം കോർട്ടിന്റെ നിർദ്ദേശത്തോടെ നാഷനൽ രജിസ്റ്ററിലുള്ള ഹിന്ദുക്കൾക്ക് പൗരാവകാശം കൊടുക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. അനേക ലക്ഷങ്ങൾ  ബംഗ്ളാദേശികളായ മുസ്ലിമുകൾ ആസ്സാമിൽ നിയമപരമല്ലാതെ ജീവിക്കുന്നു. പത്തോമ്പതു ലക്ഷം  രജിസ്റ്റർ ചെയ്ത ആസാമിലുള്ള ഹിന്ദുക്കൾക്ക് പൗരത്വം കൊടുക്കണമെന്നുള്ളത് ബിജെപി താൽപ്പര്യമാണ്. ഹിന്ദുക്കൾ അല്ലാത്തവർക്കും പൗരത്വം കൊടുക്കേണ്ടി വന്നാൽ വലിയ ഒരു കുടിയേറ്റ ജനതയെ  ഇന്ത്യ സ്വീകരിക്കേണ്ടി വരും. അങ്ങനെയെങ്കിൽ രജിസ്റ്റർ ചെയ്ത ഹിന്ദുക്കളുടെ കാര്യത്തിൽ പൗരത്വം കൊടുക്കുന്നതിൽ അനശ്ചിതത്ത്വം ഉണ്ടാകും.

ഇസ്രായേൽ, യഹൂദ ജനത്തിനെന്നപോലെ ഇന്ത്യ, ഹിന്ദുക്കൾക്കുവേണ്ടിയെന്നുള്ള ചിന്തകൾ നടപ്പാക്കുകയെന്നതുമാണ് ഹിന്ദുത്വവാദികളുടെ ലക്ഷ്യവും. ഇത്, നാളിതുവരെ ഇന്ത്യ പുലർത്തിവന്നിരുന്ന മതേതരത്വത്തിനു തികച്ചും വിരുദ്ധമാണ്. അതുപോലെ എല്ലാ പൗരന്മാർക്കും തുല്യമായ ഭരണഘടനയും ബഹു മതവിശ്വാസങ്ങൾക്കുള്ള ഏകതാമനോഭാവവും കൈമുതലായ ഇന്ത്യയുടെ പ്രതിച്ഛായക്കും ഈ ബില്ല് മങ്ങലേൽപ്പിച്ചു. ബില്ല് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.

ഈ ബില്ല് ബംഗ്ലാദേശിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമുള്ള ന്യുനപക്ഷ സമുദായങ്ങളെ രക്ഷിക്കാൻ വേണ്ടിയെന്നു സർക്കാർ പറയുന്നു. പലരും മതനിന്ദയുടെ പേരിൽ ഈ രാജ്യങ്ങളിൽ  ജയിലിൽ കിടക്കേണ്ട അവസ്ഥകൾ വരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് ബില്ല്  അവതരിപ്പിക്കുന്നതെന്നു തോന്നുമെങ്കിലും അത് ഹിന്ദുക്കളെയും സിക്കുകാരെയും ബുദ്ധിസ്റ്റുകളെയും ജൈനന്മാരെയും പാഴ്സികളെയും ക്രിസ്ത്യാനികളെയും മാത്രമേ സഹായിക്കുള്ളൂ. മറ്റുള്ള രാജ്യങ്ങളിൽ മുസ്ലിമുകളും പീഢിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അവരുടെ കാര്യത്തിൽ ബില്ല് നിർമ്മിച്ചവർ നിശബ്ദരുമാണ്.

ഇന്ത്യയിൽ എത്തിയിരിക്കുന്ന അഭയാർഥികളിൽ ഭൂരിഭാഗം കടുത്ത ദാരിദ്ര്യത്തിൽ, വൃത്തിയും വെടിപ്പുമില്ലാതെ ജീവിക്കുന്നവരാണ്. മതപരമായി കാര്യങ്ങൾ അനുഷ്ഠിക്കുന്നവരോ ദാരിദ്ര്യം മൂലം മതം ചിന്തിക്കുന്നവരോ അല്ല. അവരുടെയിടയിലാണ് മനുഷ്യനെ വിഘടിപ്പിച്ച് മതത്തിന്റെ പേരിൽ പൗരത്വം കൊടുക്കുന്നത്. ഈ പൗരത്വം മനുഷ്യവകാശങ്ങൾക്കുപരി വെറും രാഷ്ട്രീയ അടവുകൾ മാത്രമാണ്. 2003-ൽ 213 ബംഗ്ളാദേശ് പൗരന്മാർ ഇന്ത്യയുടേയും ബംഗ്ളാദേശിന്റെയും അതിർത്തിയിൽ രാജ്യമില്ലാതെ കുടുങ്ങിയിരുന്നു. ഇരുരാജ്യങ്ങളും അവരെ സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു. എന്നാൽ 2014-ൽ ബിജെപി മതപീഡനം കൊണ്ട് പാകിസ്ഥാനിൽനിന്നും ബംഗ്ളാദേശിൽ നിന്നും പുറത്താക്കപ്പെട്ട ഹിന്ദുക്കൾക്ക് പൗരത്വം കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒരു രാജ്യത്തിലേക്ക് വന്നുകയറുന്ന കുടിയേറ്റക്കാരുടെ മതം പരിഗണിക്കാതെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയെന്നതു പരിഷ്കൃത രാജ്യങ്ങളുടെ കടമയാണ്. ഭേദഗതി ചെയ്ത ഈ നിയമം ഇന്ത്യയുടെ അന്തസ്സായിരുന്ന ഭരണഘടന അനുശാസിച്ചിരുന്ന സമത്വമെന്ന ആശയത്തെ ദുർബലമാക്കിയിരിക്കുന്നു. ബില്ല്, പ്രാബല്യത്തിലായാൽ അനധികൃത മുസ്ലിമുകളെ കൂട്ടത്തോടെ ജയിലിൽ അടയ്ക്കുകയും അവരെ  രാജ്യത്തിൽ നിന്ന് പുറത്താക്കലും തുടരും. ഒരേ ലക്ഷ്യത്തോടെ ഇന്ത്യയിൽ കുടിയേറിയ ജനവിഭാഗങ്ങളെ വേർതിരിച്ച് മുസ്ലിമുകൾക്കുമാത്രം പൗരത്വം നിഷേധിക്കുന്നത് വർഗീയത സൃഷ്ടിക്കാനും കാരണമാകും.  മൗലികാവകാശങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് മാത്രമല്ല, രാജ്യത്തുള്ള ഏതൊരു സന്ദർശകർക്കും തുല്യമായിരിക്കും. ഈ സാഹചര്യത്തിൽ പ്രതിപക്ഷങ്ങളും സാമൂഹിക പ്രവർത്തകരും ഐക്യ രാഷ്ട്ര സംഘടനയും മുസ്ലിമുകളെ രാജ്യത്തിലെ മതേരത്വ നിയമങ്ങളിൽനിന്നും പുറത്തുനിർത്തിയതിൽ കുറ്റപ്പെടുത്തുന്നു.  ബില്ലിന്റെ മറ്റു സങ്കീർണ്ണതകളും അനന്തരഫലങ്ങളും നിയമജ്ഞർ ചൂണ്ടി കാണിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഒരാൾക്ക് ഔദ്യോഗികമായി മുസ്ലിം പേര് മാറ്റുകയോ പേരിൽ തന്നെ ക്രിത്രിമത്വം കാണിക്കുകയോ ചെയ്യാം. അങ്ങനെ മതം തന്നെ നിശ്ചയിക്കാൻ സാധിക്കാതെ വരുന്നു.

ഇന്നു നിലവിലുള്ള ഭരണഘടന രാജ്യത്തു ജനിച്ചു വളർന്നവർക്കു മാത്രമുള്ള ഒന്നല്ല. ഭരണഘടന വിഭാവന ചെയ്ത മൗലികാവകാശങ്ങൾ ഈ രാജ്യത്ത് വന്നു കൂടുന്നവർക്കും കൂടി ബാധകമാണ്.  പുതിയ നിയമത്തിൽ ഈ രാജ്യത്തെ പൗരത്വം തേടി ഹിന്ദുക്കൾക്ക് വരാം, കൃസ്ത്യാനികൾക്ക് വരാം എന്നാൽ മുസ്ലിമുകൾക്ക് വരാൻ പാടില്ലായെന്നുള്ള ഇവരുടെ അജണ്ട വെറും പ്രാകൃതമായിരിക്കുന്നു. മൃഗീയമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന ഒരു ഗവൺമെന്റിന് അവരുടെ സ്വാർത്ഥത നിറഞ്ഞ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയെന്നതും ബില്ലിന്റെ ഉദ്ദേശ്യങ്ങളിൽപ്പെടുന്നു.   അതേസമയം ശ്രീ ലങ്കയിൽ നിന്നും പീഡനങ്ങൾ മൂലം ഓടിവന്നു ഇന്ത്യയിൽ താമസിക്കുന്ന തമിഴരും മുസ്ലിമുകളുമുണ്ട്. അവരുടെ കാര്യങ്ങൾ ഒന്നും തന്നെ ബില്ലിൽ പരാമർശിച്ചിട്ടില്ല.

ബംഗ്ളാദേശ് ഒരു മുസ്ലിം രാജ്യമായി പ്രഖ്യാപിച്ചിട്ടില്ല. അവിടെ ഒരു ജനാധിപത്യ സർക്കാരാണ് നിലകൊള്ളുന്നത്. ഇന്ത്യയുമായി ആത്മബന്ധം പുലർത്തുന്ന ഒരു രാജ്യമാണത്! അവിടെ ഹിന്ദുക്കളെ പീഡനം നടത്തുന്നുവെന്ന ചരിത്രവും ഇല്ല. ആ സ്ഥിതിക്ക് ബംഗ്ലാദേശവും ആയുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടാൻ മാത്രമേ ഈ ബില്ലുകൊണ്ട് പ്രയോജനം ലഭിക്കുള്ളൂ.

കഴിഞ്ഞ ആഗസ്റ്റിൽ ഇന്ത്യസർക്കാർ കാശ്മീരിന്റെ സ്വതന്ത്ര പദവി എടുത്തുകളഞ്ഞു. കാശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി ചേർത്തതുകൊണ്ടുള്ള അതിരൂക്ഷമായ ജനകീയ പ്രതികരണങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു രാജ്യത്ത് കൂനിന്മേൽ കുരു എന്ന പറഞ്ഞതുപോലെയാണ് രാജ്യം ഇന്ന് പാസാക്കിയിരിക്കുന്ന ഈ പൗരത്വ ഭേദഗതി നിയമം.

'മുസ്ലിം രാജ്യങ്ങളിലുള്ള ന്യുനപക്ഷങ്ങൾക്ക് മാനുഷിക പരിഗണ വെച്ചാണ് പൗരത്വം നൽകുന്നതെന്ന്' ഗവണ്മെന്റ് പറയുന്നു. 'അവർക്ക് അവരുടെ മതം അവിടെ ആചരിക്കാൻ സാധിക്കുന്നില്ല. പ്രാർത്ഥാനാലയങ്ങൾ മുസ്ലിം രാജ്യങ്ങൾ ഇടിച്ചു തകർക്കുന്നു. മുസ്ലിമുകൾ അല്ലാത്തവരുടെ സ്വത്തിന് യാതൊരു പരിരക്ഷയും ലഭിക്കുന്നില്ല.' അങ്ങനെ അമിത്ഷാ ബില്ലിനെ ന്യായികരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. 'ബംഗ്ളാദേശിലും പാകിസ്താനിലും അഫ്‌ഗാനിസ്ഥാനിലും ഭൂരിപക്ഷ മുസ്ലിമുകൾ മതപീഡനം ഏൽക്കുന്നില്ല. മുസ്ലിമുകൾക്ക് സമാധാനമായി ആ രാജ്യങ്ങളിൽ താമസിക്കാൻ സാധിക്കുന്നതുകൊണ്ട് ഇന്ത്യയിൽ അഭയം നൽകേണ്ട ആവശ്യമില്ലെന്നും' അമിത് ഷാ പറയുന്നു. ബില്ല് പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കാനാണെങ്കിൽ മുസ്ലിമുകളെ ഉൾപ്പെടുത്താത്ത ഒരു നയം സ്വീകരിക്കരുതായിരുന്നു. മുസ്ലിം ന്യുനപക്ഷത്തെ പീഡിപ്പിക്കുന്ന രാജ്യങ്ങളിൽ ചൈനയും മ്യാൻമറും ഉൾപ്പെടും! അക്കാര്യം ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. റോഹിൻഗ്യ മുസ്ലിമുകൾ മ്യാന്മറിലും  ചൈനയിലും അഹമത്യ മുസ്ലിമുകൾ പാകിസ്താനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെടുന്നു. കൂടാതെ മ്യാൻമറിലുള്ള ഹിന്ദുക്കളുടെ പൗരത്വവകാശങ്ങളെപ്പറ്റി ബില്ലിൽ പറയുന്നുമില്ല.

അഫ്‌ഗാനിസ്ഥാനിൽ നിന്നും ബംഗ്ളാദേശിൽ നിന്നുമുള്ള കുടിയേറ്റക്കാരെ കൂടാതെ ചൈനയിലെ ടിബറ്റിൽ നിന്നും മുസ്ലിമുകളും  ശ്രീ ലങ്കയിലെ തമിഴരും ഇന്ത്യയിൽ നിയമാനുസൃതമല്ലാതെ കുടിയേറിയവരുണ്ട്. അതുപോലെ ബർമ്മയിൽ നിന്ന് 'റോഹിഗ്യ മുസ്ലിമുകളും' പീഡനംമൂലം ഇന്ത്യയിൽ അനധികൃതമായി കഴിയുന്നു. മതപരമായ പീഡനം സഹിക്കുന്നവരെയാണ് സർക്കാർ പരിഗണിക്കുന്നതെങ്കിൽ ഈ രാജ്യങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതായുണ്ട്. പാകിസ്ഥാനിലെ 'അഹമത്യ' മുസ്ലിം സമൂഹവും മുസ്ലിം ഭൂരിപക്ഷത്തിൽ നിന്ന് മതപീഡനം ഏറ്റുവാങ്ങുന്നു. ആസ്സാമിലെ പൗരന്മാർക്കുള്ള ദേശീയ രജിസ്റ്ററിൽ (NRC) 1.9 മില്യൺ ജനങ്ങൾ നിയമാനുസൃതമല്ലാതെ, രാജ്യമില്ലാതെ ജീവിക്കുന്നു.

ഇന്ത്യ, യുണൈറ്റഡ് നാഷനുമായി മറ്റുരാജ്യങ്ങളിൽ നിന്നും പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് അഭയം കൊടുക്കാമെന്നുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യമല്ലാത്തതുകൊണ്ടു ഇന്ത്യയിലേക്ക് പ്രവഹിക്കുന്ന അഭയാർത്ഥികളെ സംരക്ഷിക്കണമെന്നുള്ള ഉത്തരവാദിത്വം ഇന്ത്യക്കില്ല. യുണൈറ്റഡ് നാഷനിൽ അഭയാർത്ഥി പ്രശ്നത്തിനുള്ള അംഗത്വം എടുക്കുന്ന കാര്യത്തിൽ വിവാദങ്ങളും ഉണ്ടായിട്ടില്ല. ഇന്ത്യ അങ്ങനെ ഒരു ഉടമ്പടിയിൽ ഒപ്പു വെച്ചാൽ മനുഷ്യത്വവകാശത്തെ മാനിക്കലുമാകാം. മതപീഡനം മൂലം രക്ഷപെടുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കലുമായിരിക്കും. എന്നാൽ ഇന്ത്യ പാസാക്കിയിരിക്കുന്ന ഈ നിയമത്തിൽ പ്രത്യേക മതവിഭാഗങ്ങൾക്കു മാത്രമായുള്ളത് മാനവികതയോടുള്ള ഒരു അവഹേളനമാണ്. ഹിന്ദുക്കൾക്കും മറ്റുമതങ്ങൾക്കും മുസ്ലിമുകളേക്കാൾ പരിഗണന നൽകുന്ന ഈ വ്യവസ്ഥ ഇന്ത്യയുടെ മതേതരത്വത്തെ തന്നെ തകർത്തിരിക്കുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ മൗലികാവകാശത്തിനുമേൽ കൈകടത്തലുമാണ്. ഇന്ത്യയുടെ ഭരണഘടനക്കെതിരെയുള്ള ഒരു വെല്ലുവിളികൂടിയാണ്.

ആയിരക്കണക്കിന് ശാസ്ത്രജ്ഞരും നിയമജ്ഞരും പണ്ഡിതരും ബില്ലിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തു വന്നിരിക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും ബില്ലിനെ എതിർത്തിരിക്കുന്നു. മതപരമായ ഈ വിവേചനത്തെ യുണൈറ്റഡ് നാഷനും എതിർത്തിട്ടുണ്ട്. വിദേശ രാഷ്ട്രങ്ങളിൽനിന്നുള്ള എതിർപ്പുകൾ ഇന്ത്യയുടെ മതേതരത്വത്തിനും പാരമ്പര്യത്തിനും കോട്ടം തട്ടിയിരിക്കുന്നു.

വംശീയ വിവേചനത്തിനെതിരെ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. പൗരത്വ നിയമത്തിനെതിരെ ഇന്ത്യ നിയമ ഭേദഗതികൾ വരുത്തിയതുമൂലം ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സമിതിയിലും തിരിച്ചടി ലഭിക്കാം. ഐക്യ രാഷ്ട്ര സമിതിയിൽ സ്ഥിരഅംഗത്വം വേണമെന്നുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ഇതൊരു മങ്ങലേൽക്കുകയുമാവാം.

ആഗോളതലത്തിലും ഭരണഘടനാ ഭേദഗതിയോടെ പാസാക്കിയ ബില്ലെനെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നു. അമേരിക്കയുടെ പ്രതിനിധികൾ ക്യാപിറ്റോൾ ഹില്ലിലും പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. വിദേശകാര്യ വകുപ്പ് പൗരത്വത്തിൽ മതത്തിന്റെ മാനദണ്ഡം കല്പിക്കുന്നതിനെപ്പറ്റിയും വിമർശിച്ചു. അമേരിക്കയുടെ ആഗോള മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന യൂസിഐആർഎഫ്‌ (USCIRF) എന്ന ഫെഡറൽ സംഘടന അമേരിക്കൻ സർക്കാരിനോട് അമിത്ഷായ്ക്കെതിരെ ബില്ല് അവതരിപ്പിക്കാതിരിക്കാൻ വിലക്കു കല്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതുപോലെ അമേരിക്കയിലെ മറ്റു നേതാക്കന്മാരോടും മാനവികതയ്‌ക്കെതിരായ ഇന്ത്യയുടെ പൗരത്വ ഭരണഘടനാ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ,സ്വാതന്ത്ര്യം കിട്ടിയ നാളുകൾ മുതൽ മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനപരമായ ബില്ലുകൾ പാസാക്കിയിട്ടുണ്ട്. 1950-ൽ കോൺഗ്രസ്സ് ഹിന്ദുക്കൾക്കുവേണ്ടി മാത്രം നിയമങ്ങൾ കൊണ്ടുവന്നു. എന്നാൽ അതിനു തുല്യമായ ഒരു നിയമം മുസ്ലിമുകൾക്കായി കൊണ്ടുവന്നില്ല. ബിജെപി, യൂണിഫോം സിവിൽ കോഡിനെ പിന്തുണച്ചു. യാഥാസ്ഥിതികരായ ഹിന്ദുക്കൾ അത്തരം ഒരു ബില്ല് വേണമെന്ന് ശഠിച്ചു. കോൺഗ്രസിന്റെ നീണ്ടകാല ഭരണത്തിനിടയിൽ യാഥാസ്ഥിതിക മുസ്ലിമുകളെ പ്രീതിപ്പെടുത്താൻ താല്പര്യപ്പെട്ടിരുന്നു. താലാഖ് നിയമം ഒരിക്കലും നിരോധിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ബിജെപി താലാഖു നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ യാഥാസ്ഥികരായ ഹിന്ദുക്കൾ സന്തുഷ്ടരായിരുന്നു. ഹിന്ദു നിയമങ്ങളിലും മുസ്ലിം നിയമങ്ങളിലും സമത്വം വേണമെന്ന് തീവ്രമതം പുലർത്തുന്ന ഹിന്ദുക്കൾ ആഗ്രഹിച്ചു.

യാഥാസ്ഥിതിക ഹിന്ദുക്കളെ തൃപ്തിപ്പെടുത്താൻ ബാബറി മസ്ജിദ് പൊളിക്കുന്ന മുതൽ അവിടെ അമ്പലം പണിയാനുള്ള പദ്ധതിവരെ തയ്യാറാക്കിയത് ബിജെപിയാണ്. എന്നാൽ കോൺഗ്രസിന് അതിന് ധൈര്യം ഉണ്ടായില്ല. കാരണം, യാഥാസ്ഥിതികരായ മുസ്ലിമുകളുടെയും ലിബറൽ ഹിന്ദുക്കളുടെയും അപ്രീതി സമ്പാദിച്ചുകൊണ്ട് കോൺഗ്രസിന് നിലനിൽക്കാൻ സാധിക്കില്ല.

പശു ഭക്തരോടും പശുവിനെ പരിപാലിക്കുന്നവരോടും ബിജെപി കൂടുതൽ താൽപ്പര്യം കാണിക്കുന്നു. എന്നാൽ കോൺഗ്രസ്സ് കൂടുതലും പശുഭക്തിക്ക് പ്രാധാന്യം കൊടുക്കാറില്ല. ചരിത്ര ബുക്കിൽ ക്രൂരരായ മുസ്ലിം ആക്രമകാരികളുടെ ചരിത്രം കോൺഗ്രസ് അധികാരത്തിലായിരുന്ന സമയം മറച്ചു വെക്കാൻ ശ്രമിച്ചു. അതേ സമയം യാഥാസ്ഥിതരായ ഹിന്ദുക്കളെ പ്രീതിപ്പെടുത്താൻ സർവേക്കറിനെ വാഴ്ത്തുകയും ചെയ്യുന്നു. ഇതിൽനിന്നും മനസിലാക്കേണ്ടത് കോൺഗ്രസ്സും ബിജെപിയും 'വോട്ടുബാങ്ക് ' ലക്ഷ്യമിടുന്നതെന്നാണ്.

രാഷ്ട്രീയത്തിൽ പ്രധാനമായും മൂന്നു വലിയ ഗ്രുപ്പാണുള്ളത്. പുരോഗന ഹിന്ദുക്കൾ, യാഥാസ്ഥിതിക ഹിന്ദുക്കൾ, യാഥാസ്ഥിതിക മുസ്ലിമുകൾ എന്നിങ്ങനെ തരം തിരിക്കാം. ഇവരിൽ പുരോഗമന ആശയങ്ങളുള്ള ഹിന്ദുക്കളാണ് ഏറ്റവും വലിയ സമൂഹം. കോൺഗ്രസ്സ് വോട്ടു നേടുവാൻ നവീകരണ ചിന്താഗതിക്കാരായ ഹിന്ദുക്കളെ പ്രീതിപ്പെടുത്തുവാൻ ശ്രമിക്കുന്നു. പിന്തുണ തേടുന്നു. നയരൂപീകരണത്തിൽ പുരോഗമന (ലിബറൽ) ഹിന്ദുക്കളുടെ താൽപ്പര്യവും പരിഗണിക്കും. അതുപോലെ യാഥാസ്ഥിതിക മുസ്ലിമുകളെയും പ്രീതിപ്പെടുത്താൻ ശ്രമിക്കും. എന്നാൽ ബിജെപി ലിബറൽ ഹിന്ദുക്കളെ പിണക്കാതെ യാഥാസ്ഥിതിക ഹിന്ദുക്കളുടെ താല്പര്യത്തിനൊത്താണ് പ്രവർത്തിക്കാറുള്ളത്.














Friday, December 13, 2019

മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ മതത്തിനുവേണ്ടിയോ?



ജോസഫ് പടന്നമാക്കൽ

കെ.സി.ആർ.എം നോർത്ത് അമേരിക്ക ഇക്കഴിഞ്ഞ ഡിസംബർ പതിനൊന്നാം തിയതി  സംഘടിപ്പിച്ച ടെലി കോൺഫറൻസിൽ   ന്യൂഡൽഹി സെന്റ്. സേവിയേഴ്സ് കോളേജിന്റെ മുൻ പ്രിൻസിപ്പാളായിരുന്ന റെവ. ഡോ. വത്സൻ തമ്പുവിന്റെ 'മതം' എന്ന വിഷയത്തോടാധാരമാക്കിയുള്ള  പ്രഭാഷണം ശ്രവിക്കാനിടയായി. 'മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ മതത്തിനുവേണ്ടിയോ' എന്ന വിഷയം അദ്ദേഹം വളരെ യുക്തിപൂർവം അവതരിപ്പിക്കുകയും കേട്ടുകൊണ്ടിരുന്ന അമേരിക്കയിലെ നാനാ ഭാഗത്തു വസിക്കുന്ന നവീകരണ ചിന്താഗതിക്കാരായ പ്രവാസികൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ചോദ്യോത്തരവേളകളിൽ അദ്ദേഹം നൽകിയ ഉത്തരങ്ങൾ' സരസവും പണ്ഡിതോചിതവുമായിരുന്നു. 'വത്സൻ തമ്പു' കൽക്കട്ടയിൽനിന്ന് പ്രബന്ധം അവതരിപ്പിച്ചപ്പോൾ സുപ്രസിദ്ധ വാഗ്മിയും എഴുത്തുകാരനുമായ എ.സി ജോർജ് ഈ കോൺഫറൻസിനെ കൊച്ചിയിൽനിന്നും മോഡറേറ്റ് ചെയ്തു. പ്രസിഡന്റ് ചാക്കോ കളരിക്കൽ ഡിട്രോയിറ്റിൽനിന്നു ടെലികോൺഫറൻസിൽ സംബന്ധിച്ചവരെ സ്വാഗതവും ചെയ്തു.

ദൈവശാസ്ത്രത്തെ ഉൾക്കൊണ്ടുള്ള പ്രബന്ധമായിരുന്നതിനാൽ വിഷയവുമായി എനിക്ക് പൊരുത്തപ്പെടാൻ സാധിക്കില്ലായിരുന്നു. മതവുമായി കാര്യമായി ബന്ധം പുലർത്താത്ത എനിക്ക് അവരുടെ ചർച്ചകളിൽ പങ്കുചേരാതെ കേൾവിക്കാരനെപ്പോലെ നിശബ്ദനായി മാറിനിൽക്കേണ്ടിയും വന്നു. മതത്തെപ്പറ്റി ഒരിക്കലും ചിന്തിക്കാത്ത എന്റെ മനസും മതമെന്തെന്നറിയാൻ തമ്പുവിന്റെ  പ്രഭാഷണത്തോടൊപ്പം ജിജ്ഞാസഭരിതനായിരുന്നു. മതത്തെ അദ്ധ്യാത്മികതയിൽ ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. ആദ്ധ്യാത്മിക ചിന്തകളുമായി, ദൈവവുമായി, ബന്ധം പുലർത്തുന്നവർക്ക് ഈ പ്രഭാഷണം ഒരു മാർഗ്ഗദീപം തന്നെ! എന്നാൽ ഒരു യുക്തിവാദിക്ക് അത്തരം തീയോളജിക്കൽ മുദ്രണം ചെയ്ത ചിന്തകൾ അനുകൂലിക്കുവാൻ സാധിച്ചെന്നും വരില്ല. 

മതം മനുഷ്യനുവേണ്ടിയോ എന്ന ചോദ്യത്തിനുത്തരമായി 'മതത്തിന്റെ ആവശ്യമെന്തെന്നു' മറുചോദ്യമുണ്ടാകാം. ഉത്തരം കിട്ടില്ല! മതമില്ലാത്ത നിരവധി സമൂഹങ്ങൾ  ലോകത്തുള്ള സ്ഥിതിക്ക് ഈ ചോദ്യവും പ്രസക്തമായിരിക്കില്ല. ഇനി, മനുഷ്യൻ മതത്തിനുവേണ്ടിയോ എന്ന ചോദ്യത്തിനും ഉത്തരം പറയാൻ മിടുക്കരായവർ  ദൈവശാസ്ത്ര ബിരുദക്കാർ തന്നെയാണ്. വാസ്തവത്തിൽ മതം മനുഷ്യനുവേണ്ടിയുമല്ല; മനുഷ്യൻ മതത്തിനുവേണ്ടിയുമാകരുത്. മനുഷ്യൻ മനുഷ്യനായി ജീവിക്കണം. ഓരോ രാജ്യത്തിലെയും നിയമ സംഹിതകളിൽ ജീവിക്കുന്ന മനുഷ്യന് മതം ഒരു ചൂണ്ടുപലകയല്ല. മനുഷ്യത്വത്തിൽക്കൂടി മനുഷ്യനെ കാണുകയാണ് വേണ്ടത്. അതിനിടയിൽ നുഴഞ്ഞു കയറിയ ഒന്നാണ് മതമെന്നുള്ളത്! അക്കൂടെ മതത്തെ വിറ്റു ജീവിക്കുന്ന കുറെ പുരോഹിത സമൂഹങ്ങളും മതങ്ങളെ  നിയന്ത്രിക്കുന്നു.

ഡോക്ടർ വത്സൻ തമ്പു മതാചാരങ്ങളെ വിമർശനാത്മക രൂപേണ കാണുന്നു. 'മതത്തിൽ നിലവിലുള്ള പല ആചാരങ്ങളും ദുരാചാരങ്ങളാണെന്നും സത്യത്തെ തേടിക്കൊണ്ടുള്ള നിതാന്തമായ അന്വേഷണമാണ് കാലത്തിന്റെ ആവശ്യമെന്നും' അദ്ദേഹം പറഞ്ഞു. 'അന്വേഷിപ്പിൻ കണ്ടെത്തുമെന്നുള്ളത്' യേശുവിന്റെ വചനമാണ്. വിശുദ്ധരായവർ സത്യം അന്വേഷിക്കുന്നു. എന്നാൽ പുരോഹിതന്റെ സത്യവും ധർമ്മവും വാചാലമായ നിലപാടുകളോടെ വെറും വാക്കാൽ മാത്രം അവശേഷിച്ചു. അയാളുടെ വേദ പ്രമാണം പണം മാത്രമായിരുന്നു. പണമായിരുന്നു അയാളുടെ ദൈവവുമെന്ന് ഡോക്ടർ തമ്പു പറഞ്ഞു. ചോദ്യം ചോദിക്കുന്നവനാണ് ആത്മീയതയുള്ളവനെന്നും തമ്പു വിശ്വസിക്കുന്നു. ആത്മീയതയ്ക്കുവേണ്ടി പുരോഹിതനെ ആശ്രയിക്കണ്ടെന്നും ദൈവത്തിനിടയിൽ ഒരു ഇടനിലക്കാരനെ ആവശ്യമില്ലെന്നും ആവശ്യമുള്ളത് നാം തന്നെ ദൈവത്തോട് ചോദിക്കണമെന്നും അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ മുഴങ്ങിയിരുന്നു. ദൈവവും മതവും വിചിന്തനം ചെയ്യുന്നവർക്ക് തമ്പുവിന്റെ പ്രഭാഷണം മനസിന് കുളിർമ്മ നൽകും. ദൈവത്തെയും മതത്തെയും സ്വന്തം ജീവിതത്തിൽനിന്നും അകറ്റി നിർത്തുന്നവക്ക് തമ്പു പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചെന്നും വരില്ല.

ആരും ഒരു മതവുമായിട്ടല്ല ജനിക്കുന്നത്. ജനിക്കുമ്പോൾ സ്വന്തമായി ഒരു രാജ്യവുമില്ല. ചിലപ്പോൾ  ആകാശത്തിൽ വിമാനത്തിലായിരിക്കാം ഒരുവൻ ജനിക്കുന്നത്! ശൈശവത്തിൽ മാമ്മോദീസ മുങ്ങുന്ന ഒരു കുഞ്ഞിന് അവന്റെ മതം എന്താണെന്ന് അവൻ അല്ലെങ്കിൽ അവൾ അറിയില്ല! അതിനുശേഷം കുഞ്ഞിന്റെ തലയിൽ പ്രോഗ്രാം തുടങ്ങുന്നു. താൻ ഹിന്ദുവാണ്, മുസ്ലിമാണ്, ബ്രാഹ്മണനാണ്‌, നായരാണ്, സീറോ മലബാറാണ്, മുന്തിയ ജാതിയാണ്, ഓർത്തോഡോക്‌സാണ്' എന്നെല്ലാം തലയിൽ പ്രോഗ്രാം ചെയ്യാൻ ആരംഭിക്കും. പിന്നീട്, ക്രിസ്ത്യാനികളാണെങ്കിൽ ഇല്ലാത്ത ഒരു തോമ്മാശ്ലീഹായെയും തലയ്ക്കുള്ളിൽ കയറ്റും. അവിടെ മനുഷ്യൻ മതത്തെ സൃഷ്ടിക്കുകയാണ്. ഈ മതങ്ങളെല്ലാം കൂടി വയലാർ പാടിയതുപോലെ ദൈവങ്ങളെയും സൃഷ്ട്ടിക്കുന്നു.

ഓരോ സഭയിലും ജാതിയ സമൂഹങ്ങളിലും ക്രിസ്തുവിനു തന്നെ പല സ്വഭാവ രൂപഭാവങ്ങളാണുള്ളത്. നമുക്കെല്ലാം പൂച്ചക്കണ്ണുള്ള യൂറോപ്പ്യൻ ക്രിസ്തുവിന്റെ പടങ്ങളെയും രൂപങ്ങളെയുമാണിഷ്ടം! പഴയ നിയമത്തിലെ കൃസ്തു കോപിഷ്ഠനാണ്. ആ ദൈവത്തിന് പ്രതികാരം ചെയ്യണം. മനുഷ്യനെ പരീക്ഷിക്കണം. സ്വന്തം മകനെ ബലി കൊടുക്കാൻ ആവശ്യപ്പെടുന്നു. ബാബേൽ ഗോപുരം തകർക്കുന്നു. പാപികളെന്നു പറഞ്ഞു സോദം ഗോമോറോ നശിപ്പിക്കുന്നു. എന്നാൽ, പുതിയ നിയമത്തിലെ യേശുവെന്ന ക്രിസ്തു കരുണാമയനാണ്. ബലിയല്ല കരുണയാണ് വേണ്ടതെന്ന് പഠിപ്പിക്കുന്നു. ഇങ്ങനെ പരസ്പ്പര വിരുദ്ധമായ ഒരേ ദൈവത്തിനെ, ഓന്തിന്റെ സ്വഭാവം പോലെ ഭാവങ്ങൾ മാറ്റുന്ന ഒരു ദൈവത്തെ മനുഷ്യൻ പൂജിക്കുന്നു. പോരാ! പുരോഹിതന്റെ ദൈവത്തിന് നാം സ്തോത്ര ഗീതങ്ങൾ പാടിക്കൊണ്ടിരിക്കണം. ഹല്ലേലൂയാ, ഹരേ റാം എന്നൊക്കെയുള്ള ഭാഷകളിൽക്കൂടി അവനെ പ്രകീർത്തിച്ചുകൊണ്ടിരിക്കണം പോൽ! അല്ലാത്ത പക്ഷം എരിയുന്ന തീയിൽ പൊരിക്കുന്ന നരകവും! അവിടെ അട്ടയും പുഴുവും തേളുമുണ്ട്! ഹിന്ദുവായ ഗാന്ധി നരകത്തിലും മറിയക്കുട്ടിയെ കൊന്ന ബെനഡിക്റ്റ് സ്വർഗ്ഗത്തിലും. മതമെന്നു പറയുന്നത് എന്തൊരു വിരോധാഭാസം! ചിന്തിക്കൂ!!! ജനിക്കുമ്പോഴേ തറവാട്ടു മഹിമ, പോരാഞ്ഞു ജാതി മഹത്വം പഠിപ്പിക്കുകയും ചെയ്യുന്നു.

മുപ്പതു വർഷങ്ങൾക്കുമുമ്പ് കത്തോലിക്കരെ 'സീറോ മലബാർ' എന്ന പേരിലല്ല അറിയപ്പെട്ടിരുന്നത്.  ഈ വാക്കുതന്നെ ഞാൻ കേൾക്കാൻ തുടങ്ങിയത് അമേരിക്കയിൽ സീറോ മലബാർ പള്ളികൾ സ്ഥാപിച്ചതുമുതലാണ്. ഞാനും ഈ സഭയുടെ അംഗമാണെന്ന് ആരൊക്കെയോ പറഞ്ഞു! എന്റെ എസ് എസ് എൽ സി ബുക്കിൽ കുറിച്ചിരിക്കുന്നത് 'റോമൻ സിറിയൻ കാത്തലിക്ക്' എന്നാണ്. അന്ന്, എന്റെ ജാതി ഉൾപ്പെട്ടുള്ള ആ ബുക്ക് കൈവശം ലഭിച്ചപ്പോൾ അഭിമാനം കൊണ്ടിരുന്നു. അതായിരുന്നു എന്റെ തലച്ചോറിനുള്ളിൽ എനിക്ക് ലഭിച്ചിരുന്ന പ്രോഗ്രാമിങ്ങും.

എഴുപതുകളിൽ അമേരിക്കയിൽ മലയാളികൾ കുടിയേറുന്ന സമയം നാട്ടിൽനിന്നും പട്ടക്കാരെ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നില്ല. അന്നു ചെറിയ സമൂഹമായിരുന്ന ഓരോ മലയാളിക്കും പരസ്പ്പരം സഹായം ആവശ്യമായിരുന്നു. ഹിന്ദുവാണെങ്കിലും ക്രിസ്ത്യാനിയാണെങ്കിലും കത്തോലിക്കനോ ഓർത്തോഡോക്സോ എന്തുമാകട്ടെ, ജാതി അവനു പ്രശ്നമായിരുന്നില്ല. പരസ്പ്പരം സ്നേഹത്തോടെ കുടുബങ്ങളും കഴിഞ്ഞിരുന്നു. അവിടേക്കാണ്, പുരോഹിതരുടെ ഇറക്കുമതികൾ ആരംഭിച്ചത്. പള്ളികൾ പണി തുടങ്ങി. പിരിവുകൾ ആരംഭിച്ചു. പരസ്പ്പരം മുന്തിയ ജാതി ആരെന്നുള്ള മത്സരങ്ങളും തുടങ്ങി. അമേരിക്കയിൽ തോമ്മാശ്ലീഹായും വന്നു. ഇറക്കുമതി ചെയ്ത പുരോഹിതർ, സ്നേഹമായി കഴിഞ്ഞിരുന്ന ഭാര്യയേയും ഭർത്താവിനെയും തമ്മിൽ തല്ലിപ്പിക്കാനും തുടങ്ങി. ചങ്ങാതികളായിരുന്നവർ പരസ്പ്പരം കണ്ടാൽ മിണ്ടാതുമായി. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും കുടുംബങ്ങൾ മത്സരത്തോടെയും ശത്രുതയോടെയും കഴിയുന്നവരുമുണ്ട്. ഈ നാട്ടിൽ  വന്നെത്തിയ മതങ്ങളും പുരോഹിതരും ഉപജീവനത്തിനായി വന്ന മലയാളികളെ തമ്മിൽ വിഭിന്ന തട്ടുകളിലുമാക്കി.

എല്ലാ മതങ്ങളും സ്ത്രീയെ അടിച്ചു താഴ്ത്തിയിരിക്കുകയാണ്. പുരുഷന്റ തല ക്രിസ്തുവിന്റേതും സ്ത്രീയുടെ തല പുരുഷന്റേതുമെന്നൊക്കെയുള്ള വചനങ്ങളും പഠിക്കണം. സ്ത്രീ ഒരു മതത്തിൽ  ഉപഭോഗ വസ്തു മാത്രം. അവളെ അങ്ങനെ കരുതുന്നതും സ്ത്രീക്കിഷ്ടമാണ്. അവൾക്ക് പർദ്ദ ധരിക്കണം! പള്ളിയിൽ തലമുണ്ടിട്ടു മൂടണം! കന്യാസ്ത്രീകളെ അറബിയുടെയും യഹൂദന്റെയും വേഷം കെട്ടിക്കണം! ഒരു നൂറ്റാണ്ടു മുമ്പ് സ്ത്രീ മാറു മറയ്ക്കാൻ പാടില്ലായിരുന്നു. ബ്രാഹ്മണസ്ത്രീ 'സ്പാർത്ത' വിചാരണങ്ങളെ നേരിടണമായിരുന്നു. സർവ്വവിധ വിലക്കും പുരുഷമതം അവൾക്ക് കൊടുത്തിരിക്കുകയാണ്. സവർണ്ണാശ്രമം ചിലരുടെ രക്തത്തിൽ ഒഴുകുന്നു. ദളിതനെ പച്ചയോടെ ചുട്ടുകൊല്ലുന്ന വ്യവസ്ഥിതി ഇന്നും വടക്കേ ഇന്ത്യയിലുണ്ട്. പാക്കിസ്ഥാനിൽ മുസ്ലിമുകളല്ലാത്തവരുടെ ജീവിതം ഭീതി ജനകമാണ്‌. സമ്പന്ന രാജ്യമായ അമേരിക്കയിൽ ജീവിക്കുന്ന നമുക്ക് മതം എന്ന വ്യത്യാസം മനസിലാവില്ല. അത് മനസിലാവണമെങ്കിൽ മതഭ്രാന്തന്മാർ വസിക്കുന്ന വടക്കേ ഇന്ത്യയിൽ ജീവിക്കണം. പ്രാകൃത ദൈവങ്ങളും ക്രൂര ദൈവങ്ങളുമെല്ലാം നിറ വർണ്ണ ഭംഗികളോടെ അവരുടെയിടയിൽ വസിക്കുന്നു.

മനുഷ്യൻ മനുഷ്യനെ തിന്നിരുന്ന കാട്ടാള ജീവിതകാലത്തായിരിക്കാം പ്രവാചകരും മതവുമൊക്കെ ആരംഭിച്ചത്. മതങ്ങളുടെ കാലപ്പഴക്കം കൂടുന്തോറും ബാർബേറിയൻ ചിന്താഗതികൾ ആ മതങ്ങളിൽ കാണാൻ സാധിക്കും. അത് ഗ്രീക്ക് മതത്തിലും ഹിന്ദു മതത്തിലുമുണ്ട്. പേഗനീസം വളർത്തുന്ന ക്രിസ്തുമതത്തിലുമുണ്ട്. എല്ലാ സെമറ്റിക്ക് മതങ്ങളിലും അന്ധവിശ്വാസങ്ങൾ പുലർത്തിവരുന്നവർ മനുഷ്യനെ നയിക്കുന്നു.

മതങ്ങൾ നൽകുന്ന ധാർമ്മിക മൂല്യങ്ങളാണ്, ലോകത്തുള്ള ശാന്തിയും സമാധാനത്തിനും നിദാനമെന്നു പുരോഹിതർ പറയുന്നു. അത് ശരിയല്ല! മനുഷ്യരെ ജാതികളായി തിരിച്ച് കുറേപേർക്കു മാത്രം സുഖം നൽകുന്ന മതങ്ങൾ എന്ത് സമാധാനമാണ് ഉണ്ടാക്കുന്നത്. തെറ്റും ശരിയും ഏതെന്ന് തിരിച്ചറിയാനുള്ള വിശേഷബുദ്ധി നമ്മുടെ കൈവശമുള്ള സ്ഥിതിക്ക് മതത്തന്റെ ആവശ്യമെന്തിന്? നമുക്ക് ശരിയെന്നുള്ള ചില കാര്യങ്ങൾ മതത്തിലുണ്ടെന്നു കരുതി മതം മാത്രമാണ് ശരിയെന്നു വിചാരിക്കുന്നത് ഭോഷത്വം മാത്രം. ബൈബിൾ അനുസരിച്ച് ജീവിക്കണമെന്ന് ചില പുരോഹിതർ പറയും. ബൈബിളിലെ 'ഉത്തമ ഗീതങ്ങളും' 'ലോത്ത് പ്രവാചകനും' നമ്മുടെ സന്മാർഗികതയ്ക്ക് ചേർന്നവയുമല്ല. അതിനു വിലക്കുമില്ല. എന്നാൽ ലൂസിയുടെ പുസ്തകം പൈങ്കിളി കഥകളായി പുരോഹിതലോകം  ചിത്രീകരിക്കുകയും ചെയ്യുന്നു. വത്തിക്കാൻ മ്യുസിയത്തിലെ നഗ്നരൂപങ്ങൾ കണ്ടാൽ ദൈവികത്വം അവരിൽ ഉത്തേജിപ്പിച്ചെക്കാം. 

മനുഷ്യൻ ജീവിക്കുന്നത് മതങ്ങൾ കല്പിക്കുന്നതുപോലെയല്ല. ഓരോ മനുഷ്യന്റെയും ജീവിത സാഹചര്യങ്ങൾ അനുസരിച്ച് അവൻ ജീവിക്കുന്നു. രാജ്യങ്ങൾക്ക് വ്യത്യസ്തങ്ങളായ നിയമങ്ങൾ കാണും. രാജ്യത്തിന്റെ നിയമങ്ങളും പോലീസും സമൂഹത്തിന്റെ സംവിധാനങ്ങളും അനുസരിച്ചാണ് നമുക്ക് ജീവിക്കേണ്ടത്. അവിടെ മതത്തിന് ഒരു സ്ഥാനവുമില്ല. ഒരുവനു ശിക്ഷ വിധിക്കുന്നത് കോടതിയാണ്, മതമല്ല. സമൂഹം അംഗീകരിച്ചിരിക്കുന്ന നിയമം ചിലപ്പോൾ മതം അംഗീകരിക്കാം. ചിലപ്പോൾ മതം അംഗീകരിക്കാതെയും വരാം. അവിടെ ദേശീയ ചിന്തകൾ ഉൾക്കൊണ്ടുകൊണ്ട് മതത്തെ നാം അനുസരിക്കാതെ തിരസ്ക്കരിക്കേണ്ടിയും വരുന്നു.

മതം പുലർത്തുന്ന രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ കുറവായിരിക്കുമെന്നു ചിലർ ചിന്തിക്കുന്നു. അതു  തെറ്റായ കണക്കാണ്. മതത്തിന്റ സ്വാധീനം കുറയുന്ന രാജ്യങ്ങളിലാണ് കുറ്റകൃത്യങ്ങൾക്കു ശമനം വരുന്നത്. എല്ലാ ഭീകരതയ്ക്കും തുടക്കം മതം തന്നെയാണ്. ബിൽലാദനം ഹിറ്റലറും ഗോഡ്സെയും മതത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്നു. ഭഗവദ് ഗീത ഉരുവിട്ടുകൊണ്ടാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചത്. ഒറ്റുകാരനായ യൂദാസും യേശുവിനൊപ്പം നടന്നവനായിരുന്നു. അവനും കേട്ടുവളർന്നത് ദൈവിക പ്രഭാഷണങ്ങൾ തന്നെയായിരുന്നു. മുപ്പതു വെള്ളിക്കാശിന് അവൻ ഗുരുവിനെ ഒറ്റു കൊടുത്തെങ്കിൽ, ഇന്നുള്ള അൾത്താരയുടെ ഒറ്റുകാർ തട്ടിയെടുക്കുന്ന കോടാനുകോടി വെള്ളിക്കാശുകളുടെ കണക്കുകൾ എത്രയെന്നു വിവരിക്കാനും സാധിക്കില്ല. 'ചർച്ച് ആക്റ്റ്' അവരെ ഭയപ്പെടുത്തുന്നു. അവരുടെ സ്വത്തുക്കളുടെ മേലുള്ള സർക്കാരിന്റെ ഓഡിറ്റിനെയും നിഷേധിക്കുന്നു. ആദിമസഭയിലെ വ്യവസ്ഥിതിയെ അംഗീകരിക്കാനും തയ്യാറല്ല.

ഏതോ കാലത്ത് ആരോ ഉണ്ടാക്കിവെച്ച മതനിയമങ്ങൾ നാം എല്ലാ കാലത്തും ഒരുപോലെ പരിപാലിക്കണമെന്നില്ല. മതേതരത്വ രാജ്യമെന്നു വിചാരിച്ചിരുന്ന,  ഇന്ത്യയിൽ' പൗരത്വ അവകാശത്തിനു തന്നെ മാറ്റം വരുത്തിയിരിക്കുന്നു. അഭയാർഥികൾക്ക് പൗരത്വം കൊടുക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ മുസ്ലിമുകളെ അകറ്റി നിർത്തിക്കൊണ്ടുള്ള   നിയമം ഉണ്ടാക്കിയിരിക്കുന്നു. ഇന്ന് നാം ശരിയെന്നു വിചാരിക്കുന്നത് നാളെ ശുദ്ധ അബദ്ധമായി മാറുമെന്നുള്ളതാണ് സത്യം.

സ്വവർഗ ജീവിതം സഭയുടെ നിയമം അനുസരിച്ച് പാപം! എന്നാൽ സ്വവർഗ വിവാഹം  ഔദ്യോഗികമായി സർക്കാർ അനുവദിച്ചുകഴിഞ്ഞു. ഇന്നലത്തെ അബദ്ധം ഇന്ന് ആചാരമാകുംപോലെ ഇന്നത്തെ ആചാരം നാളത്തെ അബദ്ധമാകാം! മതം ഒരു വ്യവസായമായി പോവുന്നു. അതിന്റെ ലാഭം പുരോഹിതർക്ക് മാത്രം! അല്മേനി നിക്ഷേപിക്കുന്ന പൈസയുടെ മുതലും പലിശയും കൂട്ടി സ്വർഗത്തിൽ ലഭിക്കും. അത്തരം ഒരു തട്ടിപ്പാണ് മതപ്രസ്ഥാനങ്ങളും പുരോഹിതരും നടത്തുന്നത്.

ഇന്ത്യയിൽ പുതിയ കാർ വന്നപ്പോൾ അംബാസഡർ കമ്പനിക്കാർ പുത്തനായി വന്ന കാർ നിർമ്മാതാക്കളുടെ ലൈസൻസ് റദ്ദാക്കാൻ ശ്രമിച്ചിരുന്നു. അവരുടേത് നിലനിർത്താനും ശ്രമിച്ചിരുന്നു.  കാലം മാറിയപ്പോൾ മതത്തിനു പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ലൂസിയുടെ പുസ്തകം സീറോ മലബാർ സഭയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്നു! മാറ്റങ്ങൾ കൂടിയേ തീരൂ! ചർച്ച് ആക്റ്റും സ്ത്രീകൾക്ക് പൗരാഹിത്യം കൊടുക്കേണ്ടതുമായ സാമൂഹിക മാറ്റങ്ങൾക്കും തുടക്കമിടുന്നു.

കത്തോലിക്ക മതത്തിനുമാത്രമായി ദൈവം ഇല്ലെന്ന് മാർപാപ്പയും പറഞ്ഞു. "സ്വവർഗ രതിക്കാരെ വിധിക്കാൻ' ഞാൻ ആരെന്നുള്ള" ഫ്രാൻസീസ് മാർപാപ്പയുടെ പ്രസ്താവനയും സഭയുടെ ഒരു വിപ്ലവ മുന്നേറ്റമായിരുന്നു. എങ്കിലും മതത്തിനു മാറ്റം സംഭവിക്കണമെങ്കിൽ ആയിരം കൊല്ലം വേണ്ടി വരുന്നു. മതത്തിന്റെ പരിണാമം വളരെ സാവധാനമാണ്. മാറ്റങ്ങൾ മൂലം ശതകോടി വർഷങ്ങളുടെ ചരിത്രമറിയുന്ന ദൈവത്തിന്റെ ത്രികാല ജ്ഞാനവും  മാറ്റേണ്ടതായി വരുന്നു. ആയിരം വർഷം മുമ്പ് നടപ്പാക്കിയിരുന്ന സ്വവർഗാനുരാഗികളെ മതഭ്രഷ്ട് കല്പിച്ചിരുന്നതും സവർണ്ണ ജാതി വ്യവസ്ഥിതിയും മാറിക്കൊണ്ടിരിക്കുന്നു. ഇത്രമാത്രം ത്രികാല ജ്ഞാനമുള്ള ഈ ദൈവത്തിന് അന്നുണ്ടാക്കിയ നിയമങ്ങൾ ഒക്കെ മാറ്റപ്പെടുമെന്നു അറിഞ്ഞു കൂടായിരുന്നോ? ഇപ്പോഴത്തെ മാർപാപ്പ മാറ്റങ്ങൾ ആഗ്രഹിക്കുന്ന ആളാണ്‌. അപ്പോൾ വിശ്വാസത്തിനും പരിക്കേൽക്കും. അതും മതത്തിന് ഒരു വെല്ലുവിളിയായി തീരുന്നു.





Tuesday, December 10, 2019

തിരുവിതാംകൂർ രാജവാഴ്ചയുടെ അസ്തമയവും ജനാധിപത്യത്തിന്റെ ഉദയവും -3



ജോസഫ് പടന്നമാക്കൽ

ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീരുമാനങ്ങൾ അഭിമാനിക്കത്തക്കതാണെന്ന്  നമുക്കു മനസിലാക്കാൻ സാധിക്കും.  നാട്ടുരാജ്യങ്ങളിൽ ഒരു നിയമനിർമ്മാണ സഭ നിലവിലുണ്ടായിരുന്ന ഏക രാജ്യവും തിരുവിതാംകൂറായിരുന്നു. ആറു ഔദ്യോഗിക അംഗങ്ങളും രണ്ടു അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെട്ട ഒരു നിയമ കൗൺസിൽ 1888-ൽ തിരുവിതാകൂറിലുണ്ടായിരുന്നു. പിന്നീട് 1898-ൽ നിയമോപദേശകരുടെ അംഗംസംഖ്യ എട്ടുമുതൽ പതിനഞ്ചു വരെ വർദ്ധിപ്പിക്കുകയുണ്ടായി. അവരിൽ അഞ്ചിൽ രണ്ടുപേർ അനൗദ്യോഗമായുള്ളവരുമായിരുന്നു. ഒരു തിരഞ്ഞെടുപ്പിനെ അക്കാലങ്ങളിൽ അംഗീകരിച്ചിരുന്നില്ല. 1920ലും 1922 ലും രാജ്യത്തിന്റെ നിയമങ്ങളെ സംബന്ധിച്ച് പരിഷ്‌ക്കാരങ്ങളുണ്ടായിരുന്നു.

1932-ൽ തിരുവിതാംകൂർ രാജാവായി കിരീട ധാരണം ചെയ്ത ശ്രീ ചിത്തിര തിരുന്നാളിന്റെ ഭരണകാലത്ത് വിപ്ളവപരമായ നിരവധി നിയമ പരിഷ്ക്കാരങ്ങളും നടപ്പിലാക്കിയിരുന്നു. നിയമ നിർമ്മാണ സഭകളെ ശ്രീ മൂലം അസംബ്ലിയെന്നും ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ എന്നും രണ്ടായി തിരിച്ചിരുന്നു. 1932-ൽ നിയമ സഭകളുടെ ഭരണ പരിഷ്‌ക്കാരങ്ങളിൽ തൃപ്തരല്ലാത്ത ഒരു വിഭാഗം ജനങ്ങൾ നിവർത്തന പ്രസ്ഥാനമെന്ന സംഘടന രൂപീകരിച്ചു. അന്നത്തെ ജനസംഖ്യയിൽ ക്രിസ്ത്യാനികളും ഈഴവരും മുസ്ലിമുകളും മൊത്തം ജനസംഖ്യയുടെ  എഴുപതു ശതമാനം ഉണ്ടായിരുന്നെങ്കിലും നിയമ നിർമ്മാണ സഭകളിലെ അംഗങ്ങളിൽ ഭൂരിപക്ഷവും നായന്മാരും മറ്റു സവർണ്ണ ജാതികളുമായിരുന്നു. വസ്തു ഉള്ളവർക്കു മാത്രം നിയമ സഭയിൽ പ്രാതിനിധ്യം ലഭിച്ചിരുന്നതിനാൽ! നായന്മാർക്ക് അതൊരു നേട്ടമായിരുന്നു. രാജ്യം മുഴുവൻ ഭരണസ്വാതന്ത്ര്യം അനുഭവിക്കുന്നതും നിയന്ത്രിക്കുന്നതും നായന്മാർ മാത്രമായിരുന്നു. ഈഴവരും മതന്യുന പക്ഷങ്ങളും അസംബ്ളി അംഗത്വം തങ്ങളുടെ ജനസംഖ്യയുടെ  അനുപാതത്തിൽ വേണമെന്നു ആവശ്യപ്പെട്ടിട്ടും സർക്കാർ ചെവികൊള്ളുന്നില്ലായിരുന്നു. അതുമൂലം ഈഴവരും മറ്റു മത ന്യുന പക്ഷങ്ങളും വോട്ടിങ്ങിൽ നിന്ന് വേറിട്ടുനിന്നുകൊണ്ടു പ്രതിക്ഷേധങ്ങൾ അറിയിച്ചുകൊണ്ടിരുന്നു.

1938-ൽ ഹരിപുരയിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ, രാജാക്കന്മാർ ഭരിക്കുന്ന  സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും പാർട്ടി അവരുടെ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ  അകന്നുനിൽക്കാനും  തീരുമാനിച്ചിരുന്നു.  തിരുവിതാംകുർ സ്റ്റേറ്റ് കോൺഗ്രസും കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സും അതേ വർഷം സ്ഥാപിതമായി. 1930-ലെ കാർഷിക തൊഴിലാളി മുന്നേറ്റം രാഷ്ട്രീയത്തിൽ ഇടതുമുന്നണികൾ ജന്മമെടുക്കാൻ കാരണമായി. അത്, പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി എന്ന സംഘടനയായി മാറുകയും ചെയ്തു. മലബാറിലെ ദേശീയ മുസ്ലിമുകൾ ഇടതു മുന്നണികൾക്ക് പിന്തുണ കൊടുക്കുകയുമുണ്ടായി. ട്രാവൻകുർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ദിവാൻ ഭരണം അവസാനിപ്പിക്കണമെന്നുള്ള സമരങ്ങളും ആരംഭിച്ചു. എന്നാൽ ഗാന്ധിജി ഇടപെട്ട് അങ്ങനെയൊരു തീരുമാനത്തിൽനിന്നും സ്റ്റേറ്റ് കോൺഗ്രസിനെ പിൻവലിപ്പിച്ചു. ഇത് കോൺഗ്രസ്സ് പാർട്ടിയിൽ വിഭജനത്തിനു കാരണമായി. അന്ന്, ഇടതു ചായ്'വുള്ള യുവാക്കൾ ഒത്തുകൂടി സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തനം അവസാനിപ്പിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുകയുമുണ്ടായി.

തിരുവിതാംകൂറിനെ സംബന്ധിച്ചടത്തോളം സ്വാതന്ത്ര്യം നേടിയശേഷമുള്ള അധികാര കൈമാറ്റം സമാധാന പൂർവമായിരുന്നില്ല. 1946 ഒക്ടോബർ മാസം തിരുവിതാംകൂറിൽ എവിടെയും അക്രമങ്ങൾകൊണ്ട് പുകയുകയായിരുന്നു. സർ സിപി യുടെ കിരാത പോലീസു വേട്ടയ്ക്കും ഭരണത്തിനുമെതിരായുള്ള കാർഷിക തൊഴിലാളികളുടെ വാരിക്കുന്തവുമേന്തിയുള്ള സമരം തിരുവിതാംകൂറിനെ രക്തഭൂമിയായ ഒരു രാജ്യമാക്കി മാറ്റിയിരുന്നു. 1947-ൽ സ്വാതന്ത്ര്യം നേടിയശേഷം തിരുവിതാംകൂർ പൂർണ്ണ സ്വാതന്ത്ര്യമുള്ള, സർവ്വാധികാര സ്വതന്ത്ര രാഷ്ട്രമായിരിക്കുമെന്ന് സർ സിപി പ്രഖ്യാപിച്ചു. സിപിയുടെ ഈ പ്രഖ്യാപനം ജനങ്ങളെ പ്രകോപ്പിക്കുകയും ഒടുവിൽ അദ്ദേഹത്തിന്റെ വധശ്രമം വരെ എത്തുകയുമുണ്ടായി. സി.പി.  രഹസ്യമായി രാജ്യം വിടുകയും ചെയ്തു.

ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തരം ജനകീയമായ ഒരു സർക്കാരിന്റെ ആവശ്യമുന്നയിച്ചുകൊണ്ട് നാടിന്റെ നാനാ ഭാഗത്തുനിന്നും ശബ്ദതരംഗങ്ങൾ ഉയർന്നിരുന്നു. 1947 സെപ്റ്റംബർ നാലാം തിയതി തിരുവിതാംകൂറിൽ ഒരു ജനകീയ സർക്കാർ രൂപീകരിക്കുന്നതിനായുള്ള രാജ വിളംബരമുണ്ടായി. പ്രായപൂർത്തിയായവർക്ക് വോട്ടാവകാശം നിശ്ചയിച്ചുകൊണ്ട് ഒരു അസംബ്ലി രൂപീകരിക്കാൻ തീരുമാനിച്ചു. അതനുസരിച്ച് 1948 ഫെബ്രുവരിമാസത്തിൽ തിരുവിതാംകൂറിലെ 120 അസംബ്ലി മണ്ഡലങ്ങളിലായി ആദ്യത്തെ തിരഞ്ഞെടുപ്പ് നടത്തി. സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പുമായിരുന്നു അത്. കോൺഗ്രസിനു 97 സീറ്റും തമിഴ്‌നാട് കോൺഗ്രസ് 14 സീറ്റുകളും നേടി കോൺഗ്രസ്‌ ഭൂരിപക്ഷ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനേഴു സീറ്റുകളിൽ നിരോധിച്ചിരുന്ന കമ്മ്യുണിസ്റ്റുകൾ പാർട്ടി ലേബലില്ലാതെ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടിയില്ല.

1948 മാർച്ച് ഇരുപത്തിനാലാം തിയതി അസംബ്ലിയെ നിയമങ്ങൾ രൂപീകരിക്കാനുള്ള ലെജിസ്ലേറ്റീവ് അസംബ്ലിയായി രാജാവ് പ്രഖ്യാപിച്ചു. താൽക്കാലികമായി ഒരു സർക്കാർ രൂപീകരിക്കാനും ആവശ്യപ്പെട്ടു. ചില പ്രധാനപ്പെട്ട വകുപ്പുകൾ രാജാവ് സ്വന്തം ചുമതലയിൽ വഹിച്ചുകൊണ്ട് മറ്റു വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ചുമതല താൽക്കാലിക സർക്കാരിനു നൽകാനും തീരുമാനിച്ചു. 1948 മാർച്ച് ഇരുപത്തിനാലാം തിയതി പട്ടം താണുപിള്ള തിരുവിതാംകൂറിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി ചുമതലയെടുത്തു. സി.കേശവനും ടി.എം. വർഗീസും ഉൾപ്പടെ മൂന്നംഗ മന്ത്രിസഭാ കവടിയാർ കൊട്ടാരത്തിൽ മഹാരാജാവിന്റ മുമ്പാകെ സത്യപ്രതിജ്ഞയും  ചെയ്തു. രാജകീയ ഭരണം അവസാനിപ്പിച്ച് ഒരു ജനാധിപത്യ സംവിധാനത്തിലുള്ള സർക്കാരിന്റെ തുടക്കമായിരുന്നു അത്. പ്രായപൂർത്തി വോട്ടവകാശത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായും തിരുവിതാംകൂർ അറിയപ്പെട്ടു. പട്ടം താണുപിള്ളയുടെ മന്ത്രിസഭ കാര്യക്ഷമമായി പ്രവർത്തിച്ചില്ല. മന്ത്രിമാർ മൂന്നുപേരും തമ്മിൽ സ്വരച്ചേർച്ചയില്ലാതായി തീർന്നു. ആരാണ് വലിയവനെന്നുള്ള പേഴ്സണാലിറ്റി കോംപ്ലക്സ് ഒരു കാരണമായിരുന്നു. നായർ, ക്രിസ്ത്യൻ, ഈഴവ എന്നുള്ള ചേരി തിരിവും ആരംഭിച്ചു. മൂന്നംഗം മാത്രമുള്ള മന്ത്രിസഭയ്ക്ക് ശരിയായി ഭരിക്കാനും സാധിക്കുന്നില്ലായിരുന്നു. വർഗീയതയും ചേരി തിരിഞ്ഞുള്ള കളിയും തുടങ്ങി. ടി.എം.വർഗീസിനെതിരെ ശക്തമായ ഒരു ഗ്രുപ്പ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ടി.എം. വർഗീസിനെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ട ഒരു നേതാവ് അക്കാലത്തുണ്ടായിരുന്നില്ല. അദ്ദേഹത്തെ വർഗീയവാദിയും സൂത്രശാലിയുമായി പ്രതിയോഗികൾ വിലയിരുത്തിക്കൊണ്ടിരുന്നു. നിഷ്കളങ്കനും ആത്മാർത്ഥതയുള്ളവനും ജനങ്ങളെ സ്നേഹിക്കുന്നവനുമായ ഒരു നേതാവായിരുന്നു അദ്ദേഹം.

അന്ന് ദേശീയ ലെവലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാർട്ടി ഘടകം തിരുവിതാംകൂറിൽ രൂപീകരിച്ചിട്ടില്ലായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ്സ് മുഖ്യമന്ത്രിയായ പട്ടം താണുപിള്ള ഏകാധിപത്യ മനോഭാവമാണ് പുലർത്തിയിരുന്നത്. സി.കേശവനോടോ, ടി.എം. വർഗീസിനോടോ ആലോചിക്കാതെ തീരുമാനങ്ങൾ മുഴുവൻ പട്ടം താണുപിള്ള സ്വയം നിർവഹിച്ചുകൊണ്ടിരുന്നു. എങ്കിലും പട്ടത്തിന്റെ ഏകാധിപത്യത്തിന്റെ പേരിൽ ടി.എം. വർഗീസോ സി. കേശവനോ മന്ത്രിസഭയിൽ നിന്നും രാജി വെക്കാൻ മുതിർന്നില്ല. നിശബ്ദമായി ക്യാബിനറ്റിന്റെ അന്തസ് കാത്തു സൂക്ഷിക്കാൻ ശ്രമിച്ചു.

സ്വാതന്ത്ര്യ സമര പോരാളിയായ സി. കേശവൻ സാവധാനം പട്ടം തണുപിള്ളയുടെ ഏകാധിപത്യ പ്രവണതയെ എതിർക്കാൻ തുടങ്ങി. അങ്ങനെ പാർട്ടിയിൽ പിളർപ്പ് ആരംഭിച്ചു. 1948 ഒക്ടോബർ ഒമ്പതാം തിയതി ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് 'കേരളാ പ്രദേശ് കോൺഗ്രസ്സ്' എന്ന ലേബലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചു. അതനുസരിച്ച് പട്ടം മന്ത്രിസഭ രാജി വെക്കാനും പ്രമേയം പാസാക്കി. എന്നാൽ പട്ടം താണുപിള്ള രാജി വെക്കാൻ തയ്യാറായില്ല. പാർട്ടിയുടെ അച്ചടക്കത്തിനും പാർട്ടി വിഭജിക്കുന്നതിനും അത് കാരണമായി. പട്ടം താണുപിള്ളയ്ക്ക് ഭൂരിപക്ഷം അസംബ്ലിയുടെ പിന്തുണയുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ശ്രീ പട്ടം താണുപിള്ള 'നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ' തീരുമാനം തിരസ്ക്കരിച്ചതുമൂലം സ്റ്റേറ്റ് കോൺഗ്രസ്സ് അസംബ്ലിയിൽ പട്ടം താണുപിള്ളയ്ക്കെതിരെ അവിശ്വസപ്രമേയം കൊണ്ടുവന്നു. ആ സാഹചര്യത്തിൽ പട്ടം താണുപിള്ള 1949 ഒക്ടോബർ പതിനേഴാം തിയതി മുഖ്യമന്ത്രിപദം രാജി വെച്ചു.

പട്ടം താണുപിള്ള രാജി വെച്ചയുടൻ പറവൂർ ടി.കെ. നാരായണപിള്ളയെ കോൺഗ്രസ്സ് നിയമസഭാ കഷിയുടെ നേതാവായും മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം എ.ജെ ജോൺ, കെ.ആർ ഇലങ്കത്ത്, വി.ഓ.മാർക്കോസ്, എൻ.കുഞ്ഞുരാമൻ, ഇ.കെ. മാധവൻ എന്നിവർ അംഗങ്ങളായി മന്ത്രി സഭ രൂപീകരിച്ചു. ആർ.വി. തോമസിനെ നിയമസഭയുടെ സ്പീക്കറായും തിരഞ്ഞെടുത്തു. 1948 ഒക്ടോബർ ഇരുപത്തിരണ്ടാം തിയതി പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞയും ചെയ്തു. പുത്തനായി രൂപീകരിച്ച രാഷ്ട്രീയ സംവിധാനത്തിൽ പട്ടം താണുപിള്ളയ്ക്ക് യാതൊരു സ്ഥാനവും കൊടുക്കാഞ്ഞതിനാൽ അദ്ദേഹം കോൺഗ്രസ്സ് പാർട്ടി വിടുകയും 'പ്രജാ സോഷ്യലിസ്റ്റ് പാർട്ടി' എന്ന ഒരു പാർട്ടി രൂപീകരിക്കുകയും ചെയ്തു.

1948 ഡിസംബറിൽ 'ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്' എന്ന പ്രാദേശിക പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് ചേർന്നു. സി.കേശവൻ പ്രസിഡണ്ടായി ട്രാവൻകൂർ ഡിസ്ട്രിക്റ്റ് കോൺഗ്രസ്സ് രൂപീകരിക്കുകയുമുണ്ടായി. സമുദായ സൗഹാർദ്ദത്തോടെ ഭരണം നിർവഹിക്കാൻ പറവൂർ ടി.കെ. നാരായണപിള്ള അങ്ങേയറ്റം ശ്രമിക്കുന്നുണ്ടായിരുന്നു. മന്ത്രിസഭയ്ക്ക് നായന്മാരുടെയും ഈഴവരുടെയും സഹകരണം ലഭിക്കാൻ അങ്ങേയറ്റം നയതന്ത്രരൂപേണ കാര്യങ്ങൾ നിർവഹിച്ചിരുന്നു. മന്നത്തു പത്ഭനാഭനെയും ആർ. ശങ്കറെയും ദേവസ്വം ബോർഡിന്റെ ചുമതല ഏൽപ്പിച്ചു. എന്നാൽ ഈ നിയമനം കൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല. മന്നത്തിന്റെയും ശങ്കറിന്റെയും വാചാലമായ പ്രസംഗങ്ങൾ സർക്കാരിനെ ക്രിസ്ത്യൻ സർക്കാരായി ചിത്രീകരിച്ചു. ദേവസ്വം ബോർഡിന്റെ ചുമതലക്കാരെന്ന നിലയിൽ അവർ ഹിന്ദുക്കളെ സംഘടിപ്പിച്ച് മന്ത്രിസഭയുടെ പേരിൽ അങ്ങനെയൊരു വൈകാരികത സൃഷ്ടിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് മുഴുവൻ ജാതി വർഗീയത സൃഷ്ടിക്കാൻ ഇവർക്കു  സാധിച്ചു.

1949 ജൂലൈ ഒന്നാം തിയതി സർദാർ പട്ടേലിന്റെയും വി.പി.മേനോന്റെയും നേതൃത്വത്തിൽ തിരുവിതാംകൂറും കൊച്ചിയും രാജ്യങ്ങൾ തമ്മിൽ സംയോജനം നിലവിൽവന്നു. അക്കാലത്ത് അനേകം നാട്ടുരാജ്യങ്ങൾ തമ്മിൽ യോജിപ്പിക്കുന്ന ശ്രമത്തിലുമായിരുന്നു. തിരുവിതാംകൂർ രാജാവ് രാജപ്രമുഖനായി സ്ഥാനമേറ്റെടുത്തു. പറവൂർ ടി.കെ. നാരായണ പിള്ളയുടെ നേതൃത്വത്തിൽ തിരുകൊച്ചിയുടെ ആദ്യത്തെ മന്ത്രിസഭയും സ്ഥാനാരോഹിതരായി. ഈ.ജോൺ ഫിലിപ്പോസ്, കുഞ്ഞിരാമൻ, ആനി മസ്ക്രീൻ, ഇ.കെ. മാധവൻ, ഇക്കണ്ട വാരിയർ, കെ. അയ്യപ്പൻ, പനമ്പള്ളി ഗോവിന്ദമേനോൻ, റ്റി.എ. അബ്ദുള്ള എന്നിവർ സഹമന്ത്രിമാരുമായിരുന്നു. പിന്നീട് റ്റി.എ.അബ്ദുള്ളയും, ആനി മസ്‌ക്രീനിനും, കെ. അയ്യപ്പനും മന്ത്രിസഭയിൽ നിന്ന് രാജി വെച്ചു. ജോൺ പീലിപ്പോസിനെതിരെ ചില കുറ്റാരോപണങ്ങൾ ഉണ്ടാവുകയും അതുമൂലം ആനി മാസ്ക്രീൻ ഉൾപ്പടെയുള്ളവർ അദ്ദേഹത്തോട് രാജി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തിൽ ക്യാബിനറ്റിന് സ്വതന്ത്രമായ തീരുമാനം എടുക്കാൻ  സാധിക്കാത്തതിനാൽ പറവൂർ ടി. കെ. നാരായണപിള്ളയുടെ മന്ത്രിസഭ 1951 ഫെബ്രുവരി ഇരുപത്തിനാലാം തിയതി രാജി വെക്കുകയും ചെയ്തു.

1951 ഫെബ്രുവരി ഇരുപത്തിയെട്ടാം തിയതി സി കേശവനെ അസംബ്ലിയുടെ നേതാവായും മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം ഇല്ലാതാക്കാൻ സി കേശവൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. ക്യാബിനറ്റിന്റെ ഐക്യമത്യവും അദ്ദേഹം ആഗ്രഹിച്ചു. നിയമസഭയിലെ പ്രഗത്ഭരായ എ.ജെ.ജോണിനെയും ടി.കെ.നാരായണപിള്ളയെയും പനമ്പള്ളി ഗോവിന്ദമേനോനെയും മന്ത്രിസഭയിൽ ചേർത്തു. എന്നാൽ സി കേശവൻ വിചാരിച്ചപോലെ കാര്യങ്ങൾ നീങ്ങിയില്ല. പനമ്പള്ളിയെ  ക്യാബിനറ്റിൽ എടുത്തതിൽ എ. ജെ. ജോണും പറവൂർ ടി.കെ. നാരായണപിള്ളയും എതിർത്തു. പനമ്പള്ളിയും അതുപോലെ ജോണും പറവൂർ ടികെയും മന്ത്രിസഭയിൽ പ്രവർത്തിക്കുന്നതിൽ ഇഷ്ടപ്പെട്ടില്ല. ഈ രാഷ്ട്രീയക്കളരിയിൽ സി. കേശവന് ഒന്നുകിൽ എ.ജെ ജോണിനെയും പറവൂർ ടി.കെ നാരായണ പിള്ളയെയും മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യുകയോ അല്ലെങ്കിൽ പനമ്പള്ളിയെ  പുറത്താക്കുകയോ ചെയ്യണമായിരുന്നു. അദ്ദേഹം ഒരു വ്യക്തമായ തീരുമാനമെടുക്കാനാവാതെ പനമ്പള്ളിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. അത് വലിയ പ്രശ്നങ്ങൾക്ക് ഇടയാവുകയും ചെയ്തു.

പനമ്പള്ളിയും പാർട്ടിയും തമ്മിൽ ഇടയാൻ തുടങ്ങി. കൊച്ചി രാജ്യവും തിരുവിതാംകൂറും തമ്മിലുള്ള പ്രാദേശിക നിലവാരങ്ങളിലുള്ള രാഷ്ട്രീയ ചിന്താഗതികൾ ഉടലെടുക്കാനും തുടങ്ങി. കൊച്ചിയിലെ എം.എൽ.എ മാർ ഒന്നായി സി.കേശവനെതിരെ റാലി സംഘടിപ്പിച്ചു. പനമ്പള്ളി ഒഴിച്ച് ആരെ വേണമെങ്കിലും കൊച്ചിയിൽ നിന്നു മന്ത്രി സഭയിൽ ചേർക്കാമെന്നു സി കേശവൻ പ്രഖ്യാപിച്ചു. എന്നാൽ കൊച്ചിയിലെ എംഎൽഎ മാർ അത് തിരസ്ക്കരിക്കുകയും പ്രശ്ന പരിഹാരത്തിനായി കോൺഗ്രസ് ഹൈക്കമാൻഡിന്റെ സഹായം തേടുകയും ചെയ്തു.

ഹൈക്കമാന്റ് പ്രാദേശിക പ്രശ്നത്തിന് ഇടപെടരുതെന്നു സി.കേശവൻ ആവശ്യപ്പെട്ടു. ഒടുവിൽ കൊച്ചിയിൽ നിന്നുള്ള പതിനെട്ട് എം.എൽ.എ മാർ സി കേശവൻ മന്ത്രിസഭയ്‌ക്കെതിരെ വോട്ടു ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഡെമോക്രറ്റിക്ക് രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ മന്നത്തു പത്ഭനാഭനും ആർ ശങ്കറും സി കേശവന്റെ മന്ത്രിസഭയെ പിന്താങ്ങി. പനമ്പള്ളിയ്ക്കു പകരം കൊച്ചിയിൽ നിന്നുള്ള മറ്റേതെങ്കിലും എം.എൽ.എ യെ മന്ത്രിസഭയിൽ എടുക്കുന്നതിന് യോജിക്കുകയും ചെയ്തു. എങ്കിലും എ.ജെ. ജോണും പറവൂർ ടി.കെ. നാരായണ പിള്ളയും രാജി വെക്കണമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. കോൺഗ്രസ്സിന്റെ ഐക്യമത്യം ആവശ്യമെന്ന് ഹൈക്കമാൻഡിന് തോന്നി. അതനുസരിച്ച് എ.ജെ.ജോണും പറവൂർ റ്റീ.കെയും മന്ത്രിസഭയിൽ നിന്ന് രാജി വെക്കുകയും ചെയ്തു. മന്ത്രിസഭ ഉടച്ചു വാർക്കുകയും പുതിയ മന്ത്രിമാരായി കുട്ടി കൃഷ്ണമേനോൻ, എൽ.എം പൈലി, എന്നിവരെ കൊച്ചിയിൽനിന്നും കെ.എം കോര, സി. ചന്ദ്ര ശേഖരപിള്ള എന്നിവരെ മന്ത്രിമാരായി തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കുകയും ചെയ്തു.

1950 ജനുവരി ഇരുപത്തിയാറാം തിയതി ഇന്ത്യയെ ഒരു ജനാധിപത്യ റിപ്പബ്ലിക്ക് രാഷ്ട്രമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് 1951-1952 -ൽ പട്ടംതാണുപിള്ള പ്രജാസോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ ഒരു രാഷ്ട്രീയ സംഘടന രൂപീകരിച്ചിരുന്നു. മന്നത്തു പത്മനാഭനും ആർ ശങ്കറും നേതാക്കന്മാരായി ഡെമോക്രറ്റിക്ക് കോൺഗ്രസ്സ് പാർട്ടിയെന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയും രൂപീകരിച്ചിട്ടുണ്ടായിരുന്നു.

1952 ആരംഭത്തോടെ ഇന്ത്യയുടെ ദേശീയ ലവലിലുള്ള പാർലമെന്റ് തെരഞ്ഞെടുപ്പുകളും അസംബ്ലി തിരഞ്ഞെടുപ്പുകളും നടന്നു. ഇരുപത്തിയൊന്നു വയസായിരുന്നു വോട്ടുചെയ്യാനുള്ള പ്രായപരിധി.   തിരുകൊച്ചിയിലും 1951 അവസാനത്തോടെയും 1952 ആരംഭത്തോടെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ ശക്തമായി നടക്കുന്നുണ്ടായിരുന്നു. 108 അസംബ്ലി സീറ്റുകളിലും പന്ത്രണ്ടു പാർലമെന്റ് സീറ്റുകളിലും തിരഞ്ഞെടുപ്പ് തകൃതിയായി നടന്നു. കോൺഗ്രസിന് 44 സീറ്റും സോഷ്യലിസ്റ്റുകൾക്ക് പതിനൊന്നും ബാക്കി 53 പേർ സ്വതന്ത്രരായവരും തിരഞ്ഞെടുപ്പിൽ വിജയിച്ചു. കമ്മ്യുണിസ്റ്റുകാരെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നതുകൊണ്ടു അവർക്ക് സ്വന്തം ലേബലിൽ മത്സരിക്കാൻ സാധിക്കില്ലായിരുന്നു. തന്മൂലം സ്വതന്ത്രരായി അവർ മത്സരിച്ചു. സ്വതന്ത്രരിൽ പകുതിയിൽ കൂടുതലും കമ്മ്യുണിസ്റ്റുകാരായിരുന്നു. എട്ടുപേർ തമിഴ്നാട് കോൺഗ്രസ്സും ആറു പേർ ആർ.എസ്പി പാർട്ടിയിലുള്ളവരുമായിരുന്നു.  സ്വതന്ത്രരുടെയും തമിഴ്നാട് കോൺഗ്രസിന്റെയും പിന്തുണയോടെ എ.ജെ. ജോണിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചു. അസംബ്ലിയിൽ എ.ജെ. ജോൺ രണ്ടു വോട്ടിനു പനമ്പള്ളിയെ തോൽപ്പിച്ചാണ് നേതൃത്വം കരസ്ഥമാക്കിയത്.

1952 മാർച്ച് പന്ത്രണ്ടാം തിയതി എ.ജെ. ജോൺ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി സഭയിൽ പനമ്പള്ളി ഗോവിന്ദ മേനോൻ, ടി.എം. വർഗീസ്, കളത്തിൽ വേലായുധൻ നായർ, വി. മാധവൻ, കെ. കൊച്ചുകുട്ടൻ എന്നിവർ മന്ത്രിമാരായിരുന്നു. തമിഴ്നാട് കോൺഗ്രസിനെ പ്രതിനിധികരിച്ച് ചിദംബര നാടാരും ക്യാബിനറ്റിലുണ്ടായിരുന്നു. ജോൺ മന്ത്രിസഭയും അധിക കാലം നീണ്ടു നിന്നില്ല. തമിഴ്നാട് കോൺഗ്രസ്സ്, തെക്കുള്ള തിരുവിതാംകൂർ പ്രദേശങ്ങൾ മദ്രാസുമായി ചേരണമെന്ന് ആവശ്യപ്പെട്ടു. തെക്കുള്ളവർ കൂടുതൽ ജനങ്ങളും തമിഴ് സംസാരിക്കുന്നതായിരുന്നു കാരണം. തമിഴ്നാട് കോൺഗ്രസ് പിന്തുണ പിൻവലിക്കുകയും 'ചിദമ്പര നാടാർ' മന്ത്രി സ്ഥാനം രാജി വെക്കുകയുമുണ്ടായി. തമിഴ് നാട് കോൺഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ മന്ത്രിസഭ പുറത്താവുകയുമുണ്ടായി.അങ്ങനെ, ഭാഷാപ്രശ്നത്തിന്റെ പേരിൽ എ.ജെ. ജോൺ മന്ത്രിസഭ അവിശ്വാസ പ്രമേയത്തിലൂടെ താഴെ വീണു. താൽക്കാലിക സർക്കാരായി മന്ത്രിസഭ തുടർന്നു.

1954 ഫെബ്രുവരിയിൽ തിരുകൊച്ചിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്നു. അപ്രാവിശ്യം മൊത്തം 118 അസംബ്ലി മണ്ഡലങ്ങളുണ്ടായിരുന്നു. കോൺഗ്രസ്സ് 45, തമിഴ്നാട് കോൺഗ്രസ്സ് 12, പിഎസ്പി 19, കമ്മ്യൂണിസ്റ്റ് 23, ആർഎസ്പി 9, കെ.എസ് പി മൂന്ന് എന്നിങ്ങനെയായിരുന്നു, അന്നത്തെ  കക്ഷി നില!തിരഞ്ഞെടുപ്പിനുമുമ്പ് പിഎസ്പിയും കോൺഗ്രസും തമ്മിൽ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യത്തിൽ ഒരു ധാരണയുണ്ടായിരുന്നെങ്കിലും പിഎസ്പി കോൺഗ്രസിനെ പിന്താങ്ങുന്നതിൽനിന്നും പിൻവാങ്ങിയിരുന്നു. രാഷ്ട്രീയ അനശ്ചിതത്വം ഉണ്ടായിരുന്നതിനാൽ 'കോൺഗ്രസ്സ്' പിഎസ്പിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ പിന്താങ്ങാൻ തീരുമാനിച്ചു. അങ്ങനെ പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ഒരു നാലംഗ മന്ത്രിസഭ നിലവിൽ വന്നു. ഗവൺമെന്റിന്, കോൺഗ്രസിൽനിന്നും തമിഴ്നാട് കോൺഗ്രസിൽ നിന്നും എതിർപ്പുകൾ ഉണ്ടായിക്കൊണ്ടിരുന്നു. ഗവൺമെന്റ് എൻ.എസ്.എസ്-നു ശരിയായ പ്രാതിനിധ്യം   കൊടുത്തില്ലെന്നായിരുന്നു ഒരു പ്രധാന കാരണം. ആറു കോൺഗ്രസ്സ് എം.എൽ.എ മാരുടെ സഹായത്തോടെ തമിഴ്നാട് കോൺഗ്രസ്സ് അവിശ്വാസ പ്രമേയം കൊണ്ടുവരുകയും മന്ത്രിസഭ താഴെ വീഴുകയും 1956-ൽ മന്ത്രിസഭാ രാജി വെക്കുകയുമുണ്ടായി. ഇതിനിടയിൽ രണ്ടു പിഎസ്‌പി ക്കാർ കോൺഗ്രസിനെ പിന്താങ്ങി. തമിഴ്‌നാട് കോൺഗ്രസിന്റെ സഹായത്തോടെ പനമ്പള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിൽ അഞ്ചംഗ മന്ത്രിസഭ തിരുകൊച്ചിയിൽ നിലവിൽ വന്നു. പനമ്പള്ളി മന്ത്രിസഭയും നിലനിൽക്കാതെ വന്നപ്പോൾ തിരുകൊച്ചിയിൽ പ്രസിഡന്റ് ഭരണം നടപ്പാക്കി. പി.എസ്. റാവു രാജപ്രമുഖന്റെ ഉപദേശകനായി ഭരണം തുടർന്നു.

1956 നവംബർ ഒന്നാം തിയതി തിരുകൊച്ചിയും മലബാറും യോജിച്ചുകൊണ്ട് കേരളാസ്റ്റേറ്റ് നിലവിൽ വന്നു. കേരളാ പുനഃസംഘടനയിൽ കേരളത്തിന് തെക്കുള്ള പ്രദേശങ്ങൾ തമിഴ്‌നാടിന്റെ ഭാഗങ്ങളായി തീർന്നു. തോവാള, അഗസ്തീശ്വരം, കാൽക്കുളം, വിളവിൻകോട്, മുതലായ നാഞ്ചനാടൻ പ്രദേശങ്ങൾ നഷ്ടപ്പെട്ടപ്പോൾ മലബാറും കാസർകോട് താലൂക്കും കണ്ണൂരും കേരളത്തിനു ലഭിച്ചു.

1957-ൽ കേരളം രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നു. കമ്മ്യുണിസ്റ്റ് പാർട്ടി ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമസഭയിലെ വലിയ കക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് സ്വതന്ത്രരുടെ സഹായവും വേണ്ടി വന്നു. കോൺഗ്രസ്സ് 43, കമ്മ്യുണിസ്റ്റ് 60, പിഎസ്പി 9, മുസ്ലിം ലീഗ് 8, അഞ്ചു കമ്യുണിസ്റ്റ് അനുഭാവികളായ സ്വതന്ത്രർ, മറ്റൊരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു കഷി നില. 1957 ഏപ്രിൽ അഞ്ചാം തിയതി ഇ.എം.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ടിവിതോമസ്‌, അച്യുതമേനോൻ, കെ.സി. ജോർജ്, ജോസഫ് മുണ്ടശേരി, എ.ആർ. മേനോൻ, കെ.പി. ഗോപാലൻ, വി.ആർ.കൃഷ്ണയ്യർ, ടി.എ. മജീദ്, പി.കെ. ചാത്തൻ, കെ.ആർ. ഗൗരി എന്നിവർ ക്യാബിനറ്റ്  മന്ത്രിമാരുമായിരുന്നു. 28 മാസമേ ഈ മന്ത്രി സഭ ഭരിച്ചുള്ളൂ. മന്ത്രിസഭയെക്കെതിരെ വിമോചനസമരം ശക്തമായി ആഞ്ഞടിച്ചു. ഈ ഭരണകാലത്താണ് നിരവധി ആരോപണങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വന്നത്.

1959-ൽ വിദ്യാഭ്യാസബില്ലിനെതിരെ പ്രക്ഷോപണം ആഞ്ഞടിച്ചു. മതനേതാക്കന്മാരും പുരോഹിതരും മെത്രാന്മാരും നായർ സമുദായവും മന്നവും ശങ്കറും ചാക്കോയും സമര മുന്നണിയിലുണ്ടായിരുന്നു. കൃഷി പരിഷ്‌ക്കാരങ്ങൾ ഭൂഉടമകളെയും വേദനിപ്പിച്ചിരുന്നു. നാടു മുഴുവൻ പോലീസ് ലാത്തി ചാർജും വെടിവെപ്പും നടത്തി. രാജ്യത്ത് അസമാധാനം എവിടെയും വ്യാപിച്ചപ്പോൾ കേന്ദ്രം ഇടപെട്ടു. കേന്ദ്രം കമ്മ്യുണിസ്റ്റ് സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുകയും 1959 ജൂൺ പന്ത്രണ്ടാം തിയതി തുടങ്ങിയ വിമോചന സമരം അവസാനിക്കുകയും ചെയ്തു. ഇതുമൂലം അനേകരുടെ ജീവൻ നഷ്ടപ്പെട്ടു. കോൺഗ്രസിനും ഇന്ദിരാഗാന്ധിക്കും കേരളത്തിൽ അധികാരം ഉറപ്പിക്കാമെന്ന ഉറച്ച വിശ്വാസവുമുണ്ടായി.








Paravur T.K. Narayana Pilla

A.J. John






4. വിമോചന സമരവും പറയപ്പെടാത്ത കഥകളും:

5. മഹാനായ  ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടും കമ്മ്യൂണിസവും: 

6. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരും തിരുവിതാംകൂറും:

7. പ്രാചീന കേരളത്തിലെ  ആട്ടവും കൂത്തും കഥകളിയും, ചരിത്രം:



Friday, December 6, 2019

തിരുവിതാംകൂർ രാജവാഴ്ചയും നിവർത്തന പ്രക്ഷോപണങ്ങളും-2

King Chithra Thirunnal and Nehru
ജോസഫ് പടന്നമാക്കൽ

1947-ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു ഏതാനും മാസങ്ങൾക്കു മുമ്പ്! ദിവാൻ സർ സിപി രാമസ്വാമി അയ്യർ 'തിരുവിതാംകൂർ' രാജ്യം ഇന്ത്യൻയുണിയനിൽ നിന്നും വേറിട്ട്, ഒരു സ്വതന്ത്ര രാഷ്ട്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിൽനിന്ന് ബ്രിട്ടീഷുകാർ പൂർണ്ണമായും പിൻവാങ്ങുന്ന അന്നുമുതൽ രാജ്യം സ്വതന്ത്രമായി പുതിയ ഭരണസംവിധാനങ്ങളോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവാന്റെ ഈ പ്രഖ്യാപനം നാടുമുഴുവനും, ഇന്ത്യ ഒന്നാകെയും കോളിളക്കം സൃഷ്ടിച്ചു. ബ്രിട്ടീഷുകാർ രാജ്യം വിട്ടപ്പോൾ വിഭജനമനുസരിച്ചുള്ള ബ്രിട്ടീഷ് ഉടമ്പടിയിൽ നാട്ടു രാജാക്കന്മാർക്ക് സ്വതന്ത്രമായി ഭരിക്കാനോ, പാക്കിസ്ഥാനോടോ ഇന്ത്യൻ യൂണിയനോടോ ചേരാനോ അവകാശമുണ്ടായിരുന്നു.

1947 ജൂൺ മൂന്നാം തിയതി, 'ബ്രിട്ടീഷ് സർക്കാർ' ഇന്ത്യൻ ജനതയോടായി 'ഇന്ത്യ താമസിയാതെ തന്നെ ഒരു സ്വതന്ത്രരാഷ്ട്രമായിരിക്കുമെന്നു' അറിയിച്ചിരുന്നു. 1947 ജൂൺ പതിനൊന്നാം തിയതി  ഈ  പ്രഖ്യാപനത്തിനെതിരായി സർ സി.പി. രാമസ്വാമി അയ്യർ, 'തിരുവിതാംകൂർ' ഇന്ത്യൻ യൂണിയനിൽ ഉൾപ്പെട്ട രാജ്യമായിരിക്കില്ലെന്നും' അറിയിച്ചു. 'തിരുവിതാംകൂർ പൂർണ്ണമായ ഭരണാധികാരങ്ങളോടെ സ്വതന്ത്രമായ ഭരണഘടനയുള്ള ഒരു രാജ്യമായിരിക്കുമെന്നും' ജനങ്ങളെ ബോധിപ്പിച്ചു. സർ സി.പി. യുടെ ഈ പ്രഖ്യാപനം രാജാവിന്റെ അനുവാദത്തോടെയായിരുന്നില്ലെന്നും അതല്ല ആയിരുന്നുവെന്നും ചരിത്രകാരുടെയിടയിൽ വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ട്. ഫെഡറിലിന് നാമമാത്രമായ അധികാരം നൽകിക്കൊണ്ട്, സംസ്ഥാനങ്ങൾക്ക് കൂടുതലധികാരമുള്ള അമേരിക്കൻ സമ്പ്രദായം രാജാവ് കാംഷിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്. പാക്കിസ്ഥാനിൽനിന്നും 'മുഹമ്മദാലി ജിന്ന' അന്ന് സി.പിയെ അനുമോദിച്ചുകൊണ്ട് ഒരു കമ്പി സന്ദേശമയച്ചിരുന്നു. ഇരുരാജ്യങ്ങളും സൗഹാർദ്ദപരമായ രാജ്യങ്ങളായി തുടരണമെന്നും ആശംസിച്ചു. പാക്കിസ്ഥാനുമായി വ്യാപാരക്കരാറുണ്ടാക്കുമെന്ന സി.പിയുടെ പ്രഖ്യാപനത്തെ അന്നുള്ള ദേശീയവാദികൾ എതിർത്തു.

ബ്രിട്ടീഷുകാരിൽ നിന്നും മോചനം നേടിയ നാട്ടു രാജ്യങ്ങളിൽ ഏറ്റവും സാംസ്ക്കാരിക നേട്ടങ്ങൾ  കൈവരിച്ചവരും വിദ്യാസമ്പന്നരും പുരോഗമിച്ച രാജകീയ സംസ്ഥാനവും തിരുവിതാംകൂറായിരുന്നു. കെട്ടുറപ്പുള്ള, ആധുനികമായ ഒരു ഭരണ സംവിധാനം 'തിരുവിതാംകൂർ' എന്ന കൊച്ചു രാജ്യത്തിനുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് വിശേഷ ദിനങ്ങളിൽ ഇരുപത്തൊന്ന് ആചാരവെടികൾ കല്പിച്ചിരുന്ന കാലത്ത് തിരുവതാംകൂറിനു ആചാരാനുഷ്ഠാനങ്ങൾക്കായി പത്തൊമ്പത് ആചാര വെടികൾ വെക്കാനുള്ള അംഗീകാരമുണ്ടായിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി 'ക്ലമന്റ് ആറ്റ്ലി' 1947 ഫെബ്രുവരി ഇരുപതാം തിയതി ഇന്ത്യക്ക്! ബ്രിട്ടനിൽ നിന്നും ഭരണകൈമാറ്റം ഉടൻ നല്കുന്നതായിരിക്കുമെന്നു ബ്രിട്ടന്റെ പാർലമെന്റ് ഹൌസായ 'ഹൌസ് ഓഫ് കോമൺസിനെ' അറിയിച്ചു. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിനു അധികാരം കൈമാറുന്നത് എന്തടിസ്ഥാനത്തിലെന്നു ആദ്യം ചോദ്യം ചെയ്തതും തിരുവിതാംകൂറായിരുന്നു.  ഇന്ത്യയിൽ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യവും കേരളമായിരുന്നു. കേന്ദ്രീകൃത ബ്രിട്ടീഷ് സർക്കാരിനെ ചോദ്യം ചെയ്യാൻ കഴിവുള്ളവരും അന്ന് കേരളത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസത്തിലും വ്യവസായത്തിലും രാഷ്ട്രീയചിന്തകളിലും സാഹിത്യത്തിലും കലകളിലും തിരുവിതാംകൂർ ഇന്ത്യയിലെ മറ്റെല്ലാ നാട്ടുരാജ്യങ്ങളെക്കാളും വളരെ മുമ്പിലായിരുന്നു. സ്വയം ഭരണത്തോടെ രാജ്യത്തെ സിംഗപ്പൂർ മോഡലാക്കാമെന്നും സി.പി. കരുതിയിരുന്നു. ടുറിസ്റ്റ് മേഖലയായ കന്യാകുമാരിയും നാഞ്ചിനാടുമുൾപ്പെട്ട ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു അന്നത്തെ തിരുവിതാംകൂർ. ഒരു രാജ്യത്തിനുവേണ്ട എല്ലാ വിഭവങ്ങളും തിരുവിതാംകൂറിന്റെ മണ്ണിൽ ഉത്ഭാദിപ്പിക്കാൻ സാധിക്കുമായിരുന്നു. വനസമ്പത്തും തീരദേശങ്ങളും നിറഞ്ഞ അനുഗ്രഹീതമായ ഈ നാടിനെ 'കാശ്മീർ' കഴിഞ്ഞാൽ ഭൂമിയുടെ സ്വർഗ്ഗമെന്നും വിദേശികൾ വിശേഷിപ്പിക്കുമായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ വിദേശശക്തിയായ ഡച്ചുകാരെ നാവിക യുദ്ധത്തിൽക്കൂടി തോൽപ്പിച്ച ഏഷ്യയിലെ ഏകരാജ്യം തിരുവിതാംകൂറായിരുന്നു. 1920-ൽ നെഹ്‌റു തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ 'ബ്രിട്ടീഷ് ഇന്ത്യയിൽ വിദ്യാഭ്യാസ നിലവാരത്തിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന സംസ്ഥാനമാണ്' തിരുവിതാംകൂർ എന്നും പറയുകയുണ്ടായി. കോൺഗ്രസ്സും കമ്മ്യുണിസ്റ്റ് പാർട്ടിയും ഒരു പോലെ വളർന്ന സംസ്ഥാനവും തിരുവിതാംകൂറായിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന രാജ്യമായിരുന്ന തിരുവിതാംകൂറിനു വിദേശ രാജ്യങ്ങളുമായി സമുദ്രത്തിൽക്കൂടിയുള്ള വ്യവസായ ട്രാൻസ്‌പോർട് സൗകര്യങ്ങളുമുണ്ടായിരുന്നു. തിരുവിതാംകൂർ പ്രദേശങ്ങൾ അറ്റോമിക്ക് ശക്തിയ്ക്കാവശ്യമായ 'തോറിയം' നിറഞ്ഞ പ്രദേശങ്ങളുമായിരുന്നു.

തിരുവിതാംകൂർ മഹാരാജാവ് അന്ന് ദിവാൻ 'സർ സിപി രാമസ്വാമി അയ്യരുടെ'  കൈകളിൽ വെറും പാവയായി മാറിയിരുന്നു. ഭരണം മുഴുവൻ നടത്തിയിരുന്നത് സി.പി. യും അമ്മറാണിയുമൊത്തായിരുന്നു. രാജാവിന്റ 'അമ്മ സേതു പാർവതി ബായ്ക്ക് സിപിയുടെ പ്രവർത്തനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ രാജാവ് പ്രായപൂർത്തിയാകും മുമ്പ് 1924 മുതൽ 1931 വരെ അവർ റീജന്റായി തിരുവിതാംകൂറിനെ ഭരിച്ചിരുന്നു. തിരുവിതാംകൂറിൽ ദിവാനായിരുന്നപ്പോൾ അമ്മറാണിയുമായി  സി.പി രാമസ്വാമി അയ്യർ അവിഹിത ബന്ധങ്ങൾ പുലർത്തിയിരുന്നുവെന്ന് നാടാകെ പാട്ടായിരുന്നു! അതുകൊണ്ട് അദ്ദേഹത്തെ കൊട്ടാരത്തിലെ റാണിയുടെ 'റാസ്പുട്ടിൻ' എന്നും വിളിച്ച് പരിഹസിച്ചിരുന്നു.

സ്വതന്ത്ര തിരുവിതാംകൂറിനുള്ള നിർണ്ണായകമായ തീരുമാനമെടുത്തത് 'സി.പി. രാമസ്വാമി അയ്യർ' തന്നെയെന്ന് അന്നുള്ള ജനങ്ങളും രാഷ്ട്രീയ പ്രവർത്തകരും ചിന്തിച്ചിരുന്നു. സി.പിയ്‌ക്കെതിരെ ജനകീയ പ്രക്ഷോപണങ്ങളും ആരംഭിച്ചിരുന്നു. അന്ന് കേരളസ്റ്റേറ്റ് സോഷ്യലിസ്റ്റ് പാർട്ടി നേതാവായ കെ.സി.എസ് മണി സി.പി.യെ. വധിക്കാൻ ശ്രമിക്കുകയുണ്ടായി. തിരുവനന്തപുരം സ്വാതിതിരുന്നാൾ  അക്കാദമിയിൽ ഒരു പരിപാടി നടന്നുകൊണ്ടിരിക്കെ വേദിയിലിരുന്ന സി.പിയെ സോഷ്യലിസ്റ്റ് പ്രവർത്തകനായ മണി വാളുകൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിൽ അംഗവസ്ത്രം ധരിച്ചിരുന്നതുകൊണ്ട് സി.പി. കഴുത്തിലേറ്റ വെട്ടിൽ അധികം പരിക്കില്ലാതെ കഷ്ടി രക്ഷപെട്ടു. പെട്ടെന്ന്, ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു സുഖം പ്രാപിക്കുകയും ചെയ്തു.

ശ്രീധര മേനോനെപ്പോലുള്ള ചരിത്രകാരുടെ അഭിപ്രായത്തിൽ സ്വതന്ത്ര തിരുവിതാംകൂറിനുള്ള തീരുമാനം എടുത്തിരുന്നത് രാജാവായിരുന്നുവെന്നാണ്. സർ സി.പി. ഇന്ത്യൻ യൂണിയനോട് ചേരുവാൻ ആദ്യം എതിർത്തെങ്കിലും പിന്നീട് അദ്ദേഹം തീരുമാനത്തിനു മാറ്റം വരുത്തുകയായിരുന്നു. ഇന്ത്യൻ യൂണിയനോട് ചേരുവാനുള്ള ഒരു കത്തും തയ്യാറാക്കിയിരുന്നു. തിരുവിതാംകൂർ, ഇന്ത്യൻ യൂണിയനോട് ലയിക്കുന്ന കത്ത് അയക്കുന്നതിനുമുമ്പുതന്നെ വ്യക്തിപരമായ അദ്ദേഹത്തിനെതിരെ നടന്ന ആക്രമത്തിൽ അദ്ദേഹം മുറിവേൽക്കുകയായിരുന്നു. എന്നിരുന്നാലും തിരുവിതാംകൂർ ഇന്ത്യൻ യൂണിയനോട് ചേരുന്ന വിവരം അറിയിച്ചുകൊണ്ട് ചിത്തിര തിരുന്നാൾ മഹാരാജാവ് 'വൈസ്രോയി മൗണ്ട് ബാറ്റണ്' ടെലിഗ്രാം ചെയ്യുകയും ചെയ്തു.

1936 മുതൽ തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ സിപി ഇന്ത്യ കണ്ടതിൽ വെച്ച് സമർത്ഥനായ ഒരു ഭരണാധികാരിയായിരുന്നു. 1879 നവംബർ പന്ത്രണ്ടാം തിയതി തമിഴ്‌നാട്ടിലെ ആർക്കോട്ടിൽ അദ്ദേഹം ജനിച്ചു. അതി ബുദ്ധിമാനായ ഒരു നിയമജ്ഞനായിരുന്നു അദ്ദേഹം. രാജകീയ കാലത്ത് അദ്ദേഹം നടപ്പാക്കിയ പദ്ധതികളും പരിഷ്‌കാരങ്ങളും ഇന്നും കേരളജനത അനുഭവിക്കുന്നുവെന്നുള്ളതും യാഥാർഥ്യമാണ്. കന്യാകുമാരി മുതൽ കൊച്ചിവരെ വിസ്തൃതമായിരുന്ന തിരുവിതാംകൂറിന്റെ ആധുനിക നേട്ടങ്ങൾക്കും വളർച്ചക്കും കാരണക്കാരൻ സർ സിപി രാമസ്വാമിയെന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.

1936-ൽ ക്ഷേത്ര പ്രവേശന വിളംബരം രാജാവ് നടത്തിയെങ്കിലും അതു നടപ്പാക്കുന്നതിനുവേണ്ടി പ്രവർത്തിച്ചത് സി.പിയായിരുന്നു. പഴഞ്ചൻ ചിന്താഗതികളും യാഥാസ്ഥിതിക മനസുകളുമായിരുന്ന രാജകുടുംബങ്ങൾ ഭരിച്ചിരുന്ന തിരുവിതാംകൂറിനെ ഒരു പരിഷ്കൃത രാജ്യമായി വികസിപ്പിച്ചതും അദ്ദേഹം തന്നെ. 1940-ൽ തിരുവിതാംകൂറിലെ പ്രധാന റോഡുകൾ അദ്ദേഹം ദേശവൽക്കരിച്ചിരുന്നു. റോഡുകൾ ദേശവൽക്കരിച്ച ഇന്ത്യയിലെ ആദ്യത്തെ ഭരണാധികാരിയായിരുന്നു സി.പി. 88 കിലോമീറ്ററോളം തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ള 'ഹൈവേ' സിമന്റിട്ടത് സി.പിയായിരുന്നു. അത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു. തിരുവിതാംകുറിൽ അന്നുവരെയുണ്ടായിരുന്ന തൂക്കിക്കൊല നിർത്തൽ ചെയ്തു. പ്രായപൂർത്തിയായവർക്കുള്ള വോട്ടവകാശം നടപ്പാക്കി. തിരുവിതാംകൂറിനെ സിംഗപ്പൂർ മോഡലിൽ ഒരു ക്യാപിറ്റലിസ്റ്റ് വ്യവസായ രാജ്യമാക്കണമെന്നായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. ആലുവായിൽ ഇന്ത്യൻ അലുമിനയം കമ്പനികളെ ക്ഷണിച്ച് വ്യവസായം തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചു. കമ്പനിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ ഓഫ് ട്രാവൻകുർ ലിമിറ്റഡ് (എഫ്.എ.സി.ടി) എന്ന വിഖ്യാതമായ കമ്പനിയുടെ സ്ഥാപകൻ സി.പിയാണ്. അമോണിയം സൾഫേറ്റ് ഉണ്ടാക്കുന്ന എഫ്.എസി.ടി സ്ഥാപിച്ചത് അമേരിക്കൻ സഹകരണത്തോടെയായിരുന്നു. പുനലൂർ ഉള്ള ട്രാവൻകുർ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചതും അദ്ദേഹമാണ്. പെരുമ്പാവൂരിലെ ട്രാവൻകുർ റയോൺസ്, കുണ്ടറയിലെ അലുമിനിയം കേബിളുണ്ടാക്കുന്ന ഫാക്റ്ററി മുതലായ സംരംഭങ്ങളോടെ തിരുവിതാംകൂറിനെ ഒരു വ്യവസായ രാജ്യമാക്കണമെന്നായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.

തിരുവിതാംകൂർ യൂണിവേഴ്സിറ്റി, സ്ഥാപിച്ചതും സിപിയായിരുന്നു. പിന്നീട് ഇത് കേരള യൂണിവേഴ്സിറ്റിയായി. കലകളെയും സംഗീതത്തെയും പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം സ്വാതി തിരുന്നാൾ മ്യൂസിക്ക് അക്കാദമി സ്ഥാപിച്ചു. കർണ്ണാട്ടിക്ക് സംഗീതത്തിലെ ഇതിഹാസമായിരുന്ന 'ചെമ്മൻഗുടി'യായിരുന്നു കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പാൾ. വിദ്യാഭ്യാസ പരിഷ്‌കരണത്തിന് സർ സിപി തുനിഞ്ഞതുമൂലം അദ്ദേഹത്തെ ഒരു ക്രിസ്ത്യൻ വിരോധിയായി അന്നുള്ളവർ കണ്ടിരുന്നു. സി.പി.യുടെ വിദ്യാഭ്യാസ ബില്ലിനെതിരായ ക്രിസ്ത്യൻ സമരങ്ങൾക്കും ഒരു കണക്കില്ല. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിസ്ട്രിക്റ്റ് ജഡ്ജി 'അന്നാ ചാണ്ടി'യെ നിയമിച്ചതു സി.പിയായിരുന്നു. അതുപോലെ സി.പി. നിയമിച്ച 'മേരി പുന്നൻ ലൂക്കോസ്' ഇന്ത്യയിലെ ആദ്യത്തെ സർജൻ ജനറൽ ആയിരുന്നു. സാധുക്കളായ കുഞ്ഞുങ്ങൾക്കുവേണ്ടി  അദ്ദേഹം സ്‌കൂളുകളിൽ ഉച്ച ഭക്ഷണം ഏർപ്പെടുത്തി. ക്രിസ്ത്യാനികൾ വിശ്വസിക്കുന്നപോലെ ജാതിയമായ കാഴ്ച്ചപ്പാടിൽ അദ്ദേഹത്തെ കാണുന്നതിലും സത്യമില്ല. നീതിയും ധർമ്മവും സത്യവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തിൽ തെളിഞ്ഞു നിന്നിരുന്നത്!

ആധുനിക തിരുവിതാംകൂറിന്റ ശില്പിയായിരുന്ന സർ സി.പി. രാജ്യം ഭരിക്കുന്ന കാലങ്ങളിൽ ഭൂരിഭാഗം ജനതയും അദ്ദേഹത്തെ വെറുത്തിരുന്നു. മുതലാളിത്വ ബൂർഷ്വ, ഏകാധിപതി, സാമ്രാജ്യവാദി, ക്രിസ്ത്യൻ വിരോധി, കമ്മ്യുണിസ്റ്റ് വിരോധി എന്നിങ്ങനെയെല്ലാമുള്ള വിശേഷങ്ങളിലും അദ്ദേഹം അറിയപ്പെടുന്നു. തിരുവിതാംകൂറിന്റെ ഇന്നത്തെ നിർമ്മാണങ്ങളുടെ ശില്പിയായ ഇദ്ദേഹത്തെ കൂടുതലും അറിയുന്നത് പുന്നപ്ര വയലാർ വെടിവെപ്പ് നടത്തിയ വില്ലൻ ഭരണാധികാരിയെന്ന നിലയിലാണ്. സി.പി ഒരിക്കലും പുന്നപ്ര വയലാർ ലഹളയിലെ വെടിവെപ്പിനെപ്പറ്റി പരിതപിച്ചിട്ടില്ല. വാരിക്കുന്തമായി പോലീസുകാരുടെ ജീവൻ എടുക്കാൻ പാഞ്ഞെത്തുന്ന ജനക്കൂട്ടത്തിനു നേരെ വെടിവെപ്പല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്നും ഏതൊരു ഭരണാധികാരിയാണെങ്കിലും അതേ നയംതന്നെ പിന്തുടരുമായിരുന്നുവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. കമ്മ്യുണിസ്റ്റാശയങ്ങൾക്ക് അദ്ദേഹം എതിരല്ലായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ മുതലെടുപ്പിനുവേണ്ടി കമ്മ്യുണിസ്റ്റാശയങ്ങൾ ദുർവിനിയോഗം ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിന്റെ എതിർപ്പ്. 1959-ൽ ഇ.എം.എസ് മന്ത്രിസഭയെ ഭരണഘടനയുടെ 356 വകുപ്പനുസരിച്ച് നെഹ്‌റു ഭരണകൂടം പുറത്താക്കിയപ്പോൾ അതിനെ ആദ്യം എതിർത്തത് സർ സി.പി. രാമസ്വാമി അയ്യരായിരുന്നു.

തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ഏറ്റവുമധികം സൗധങ്ങളും മണിമന്ദിരങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകെട്ടിടങ്ങളും പടുത്തുയർത്തി തിരുവിതാംകൂറിനെ ആധുനിവൽക്കരിച്ച സർ സിപി യെ ആദരിക്കാനായി യാതൊരു സ്മരണാർഹമായ ചരിത്ര സ്മാരകങ്ങളും തിരുവിതാംകൂറിലില്ലായെന്നതും ഖേദകരമാണ്. തിരുവനന്തപുരം പട്ടണത്തിൽക്കൂടി സഞ്ചരിക്കുകയാണെങ്കിൽ നിരവധി സാസ്‌ക്കാരിക സ്ഥാപനങ്ങളുടെയും വിദ്യാമന്ദിരങ്ങളുടെയും സ്ഥാപനശിലകളിൽ സർ സിപി രാമസ്വാമി അയ്യരുടെ പേരും മുന്ദ്രയും പതിഞ്ഞിരിക്കുന്നതു കാണാം.

1947 ആഗസ്റ്റ് പത്തൊമ്പതാം തിയതി സി.പി. രാമസ്വാമി അയ്യർ, ദിവാൻ പദവി രാജി വെച്ചു. പകരം പി.ജി.എൻ. ഉണ്ണിത്താൻ ദിവാന്റെ പദവി ഏറ്റെടുത്തു. കാശ്മീർ പ്രശ്‍നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ 'ഇന്ത്യ' യുണൈറ്റഡ് നാഷനിൽ അവതരിപ്പിച്ചപ്പോൾ ഇന്ത്യയെ നയിക്കേണ്ട പ്രതിനിധികളുടെ നേതാവ്, സർ സി.പി. രാമസ്വാമി അയ്യരായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി വാദിക്കാൻ ഏറ്റവും കഴിവുള്ള പ്രഗത്ഭനായ നേതാവായും അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. എന്നാൽ 'സ്വതന്ത്ര തിരുവിതാംകൂർ' എന്ന ആശയമായി അദ്ദേഹം കാണിച്ച മണ്ടത്തരം മൂലം അദ്ദേഹത്തെ നയതന്ത്രപ്രതിനിധികളുടെ നേതാവാക്കാതെ രാഷ്ട്രം തഴയുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ അർഹമായ സ്ഥാനമാനങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിനു കൊടുക്കില്ലായിരുന്നു. പിന്നീട്, കുറേക്കാലം കഴിഞ്ഞ ശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി നിയമനം നൽകി. ഗവണ്മെന്റ് ഓഫ് ഇന്ത്യ അദ്ദേഹത്തെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ ആയി നിയമിച്ചു. മരണം വരെയും വ്യക്തിപരമായി ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവുമായുള്ള ബന്ധം തുടർന്നിരുന്നു. 1966 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി അദ്ദേഹം ലണ്ടനിൽ വെച്ചു മരിച്ചു.

രാജാവിന്റെ ശ്രീമൂലം നിയമസഭകളിലും സർക്കാർ സർവീസിലും സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ കാല്പിത മൂല്യങ്ങളെ നടപ്പാക്കാൻ സി കേശവന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഒരു വിപ്ലവസംഘടനയായിരുന്നു നിവർത്തന പ്രസ്ഥാനം. തിരുവിതാംകൂറിൽ സവർണ്ണരും അവർണ്ണരും തമ്മിൽ ജാതിവ്യത്യാസം അങ്ങേയറ്റമുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. ഈഴവർക്കും മുസ്ലിമുകൾക്കും ക്രിസ്ത്യാനികൾക്കും നായന്മാരെപ്പോലെയോ നമ്പൂതിരിമാരെപ്പോലെയോ പൊതുസേവനങ്ങളിൽ തുല്യനീതി നേടുകയെന്നുള്ളതായിരുന്നു നിവർത്തന പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കം മുതൽ തന്നെ രാജകീയ സംസ്ഥാനമായ തിരുവിതാംകൂറിനു തനതായ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ പ്രശ്നസങ്കീർണ്ണതകളിൽക്കൂടിയാണ് രാജഭരണം തുടർന്നിരുന്നത്. അക്കാലങ്ങളിൽ ഒരു നല്ല സർക്കാരിനുവേണ്ടി ഭൂരിഭാഗം രാഷ്ട്രീയ നേതാക്കന്മാരും അവരുടെ സംഘടനകളും നിലകൊണ്ടു.  രാഷ്ട്രീയവകാശങ്ങൾക്കായി, തുല്യതയ്ക്കായി, മനുഷ്യാവകാശങ്ങൾക്കായി തിരുവിതാംകൂറിലെവിടെയും സമരങ്ങൾ വ്യാപിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ വിദ്യാസമ്പന്നരായ തിരുവിതാംകൂറിലെ പ്രമുഖരായവർ രാജഭരണത്തിന്റെ അസമത്വങ്ങളെ വിമർശിക്കാനാരംഭിച്ചു.

ഉന്നതമായ സർക്കാർ ഉദ്യോഗങ്ങളിലേക്ക് തമിഴ് ബ്രാഹ്‌മണരെ നിയമിക്കുന്നതിൽ തിരുവിതാകൂറിലെ ബുദ്ധിജീവികളുടെയിടയിൽ നീരസം ജ്വലിച്ചിരുന്നു. ഉയർന്ന ജോലികൾക്കും സേവനങ്ങൾക്കും  യോഗ്യരായവർ തിരുവിതാംകൂറിലുണ്ടായിരുന്നെങ്കിലും സർക്കാർ അത്തരം പോസ്റ്റുകൾ തിരുവിതാംകൂറിനു വെളിയിലുള്ള ബ്രാഹ്മണർക്ക് നൽകാനിഷ്ടപ്പെട്ടിരുന്നു. പ്രതിക്ഷേധങ്ങൾ കൂടുതലും ആഞ്ഞടിച്ചത് ഈഴവരുടെ സങ്കേതങ്ങളിൽ നിന്നായിരുന്നു. സർക്കാർ ജോലികളിൽ ഈഴവർക്കും തുല്യമായ പ്രാതിനിധ്യം നൽകണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

1930-ലാണ് നിവർത്തന വിപ്ലവങ്ങൾ തിരുവിതാംകൂറിൽ ആഞ്ഞടിക്കാൻ തുടങ്ങിയത്. ശ്രീ മൂലം നിയമസഭയിലേക്ക് കരം കൊടുക്കുന്ന ഭൂവുടമകൾക്കു മാത്രമേ വോട്ടുചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഭൂവുടമകൾ കൂടുതലും സവർണ്ണ ജാതികളിൽപ്പെട്ടവരായിരുന്നു. തന്മൂലം ശ്രീമൂലം നിയമസഭ സവർണ്ണ ജാതികളായ നായന്മാരും ബ്രാഹ്മണരും നിയന്ത്രിച്ചിരുന്നു. വർണ്ണ, ജാതി വിവേചനത്തിൽ അധിഷ്ടിതമായ ഈ ജനാധിപത്യ പ്രക്രീയക്കെതിരായി നിവർത്തന പ്രക്ഷോപകർ സമരങ്ങൾ തൊടുത്തുവിട്ടിരുന്നു. പിന്നോക്ക സമുദായക്കാർക്കും തുല്യമായ പ്രാതിനിധ്യമുള്ള വോട്ടിങ്ങ് സമ്പ്രദായം നടപ്പാക്കണമെന്ന് പ്രക്ഷോപകർ ആവശ്യപ്പെട്ടു. അതുവരെ ഭരണകാര്യങ്ങളിൽ സർക്കാരുമായി സഹകരിക്കരുതെന്നും തീരുമാനമെടുത്തു.

നിലവിലുണ്ടായിരുന്ന നിയമ നിർമ്മാണത്തിലും പൊതു സേവനങ്ങളിലും ജാതി തിരിച്ചുള്ള തിരുവിതാകൂർ സർക്കാരിന്റെ വിവേചനത്തിനെതിരെ പ്രതിഷേധങ്ങൾ നാടെങ്ങും അലയടിച്ചിരുന്നു. 1888-ൽ നിയമം പ്രാബല്യത്തിൽ വന്ന കാലം മുതൽ നിയമ സാമാജികരായി തിരഞ്ഞെടുക്കുമ്പോഴെല്ലാം ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും ഈഴവർക്കും അർഹമായ പ്രാതിനിധ്യം നൽകാതെ അവരെ തഴയുന്ന നിയമ വ്യവസ്ഥിതിയായിരുന്നുണ്ടായിരുന്നത്. നിയമസഭ സാമാജികത്വവും സർക്കാർ ജോലികളും ബ്രാഹ്മണരായ സവർണ്ണർക്കും ക്ഷത്രിയർക്കും നായന്മാർക്കും മാത്രമായിരുന്നുണ്ടായിരുന്നത്. അവർ ജനസംഖ്യയിൽ ന്യൂനപക്ഷവുമായിരുന്നു. ഭൂരിഭാഗം ഹിന്ദുക്കളും ഈഴവരായിരുന്നു. മറ്റു ജാതികളിൽപ്പെട്ടവർക്കൊന്നും അവരുടെ ജനസംഖ്യയുടെ അനുപാതത്തിൽ അസംബ്ലിയിലും പൊതു ജനസേവനത്തിലും അംഗത്വം നൽകിയിരുന്നില്ല.

വസ്തുക്കൾക്ക് നികുതി കൊടുക്കുന്നതനുസരിച്ചായിരുന്നു വോട്ടവകാശത്തിന്റെ യോഗ്യത  നിശ്ചയിച്ചിരുന്നത്. അക്കാലങ്ങളിൽ നികുതി കൊടുക്കുന്നവരും ഭൂവുടമകളും നായന്മാരുടെ സമൂഹങ്ങളിൽ നിന്നായിരുന്നു. അവർണ്ണർക്കും ഈഴവർക്കും മറ്റു മതന്യുന പക്ഷങ്ങൾക്കും നിയമ അസംബ്ലിയിൽ വളരെ പരിമിതമായി മാത്രമേ അംഗത്വമുണ്ടായിരുന്നുള്ളൂ. വസ്തു ഉള്ളവർക്കു മാത്രം വോട്ടവകാശമെന്ന നിയമം മാറ്റി പ്രായപൂർത്തിയായ എല്ലാവർക്കും വോട്ടവകാശം നൽകണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഓരോ മതങ്ങളുടെയും ജനസംഖ്യ അനുസരിച്ച് നിയമ നിർമ്മാണ സഭയിൽ അംഗത്വം കൊടുക്കണമെന്നും രാജകീയ സർക്കാരിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

ശ്രീമൂലം നിയമസഭയിലേക്കുള്ള വോട്ടവകാശ യോഗ്യത നേടാനായി വസ്തുവുള്ളവരും കരം കൊടുക്കുന്നവരുമായിരിക്കണമെന്ന വ്യവസ്ഥമൂലം നിയമ നിർമ്മാണസഭ നായന്മാരുടെയും ബ്രാഹ്മണരുടെയും കുത്തകയായി തീർന്നു. ഓരോ ജാതികളുടെയും ജനസംഖ്യാനുപാതമായി നിയമസഭയിൽ പ്രാതിനിധ്യം വേണമെന്നുള്ള ആവശ്യമായി രാജ്യം മുഴുവൻ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിലവിലുള്ള നിയമത്തിൽ അതൃപ്തരായ ഈഴവരും ക്രിസ്ത്യാനികളും മുസ്ലിമുകളും ഒന്നായി 'ആൾ ട്രാവൻകോർ സംയുക്ത രാഷ്ട്രീയസമിതി' എന്ന സംഘടന രൂപീകരിച്ചു. 1932-ഡിസംബർ പതിനേഴിന് തിരുവനന്തപുരത്തുള്ള എൽ.എം.എസ് ഹാളിൽ രാജാവിനു സമർപ്പിക്കാനുള്ള  അവകാശങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനം തയ്യാറാക്കി. നിവേദനം യഥാസമയം രാജാവിന് സമർപ്പിക്കുകയും ചെയ്തു.

സവർണ്ണരെപ്പോലെ പിന്നോക്ക സമുദായങ്ങൾക്കും നിയമസഭയിൽ തുല്യ പ്രാതിനിധ്യം വേണമെന്നു സർക്കാരിനോടാവശ്യപ്പെട്ടുള്ള മെമ്മോറാണ്ടത്തിനു ഭരണഭാഗത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. 1933-ജനുവരി ഇരുപത്തിയഞ്ചാം തിയതി ഇതേ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ഇ.ജെ.ജോണിന്റെ അദ്ധ്യക്ഷതയിൽ വീണ്ടും യോഗം ചേർന്നു. രാജകീയ നിയമസഭയെ ബഹിഷ്‌ക്കരിക്കാനും വരുന്ന സഭായോഗങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലിമുകളും ഈഴവരും പങ്കു ചേരണ്ടാന്നും തീരുമാനിച്ചു. തിരഞ്ഞെടുപ്പുകാലങ്ങളിലും മത്സര രംഗത്ത് വരാതെ ഒഴിഞ്ഞു നിൽക്കാനും തീരുമാനിച്ചു. അങ്ങനെ പുതിയതായി രൂപീകരിച്ച നിവർത്തന സംഘടനയുടെ നിസഹകരണ പ്രസ്ഥാനത്തിൽ സാമാജികരെന്ന നിലയിൽ സി കേശവൻ, എൻ.വി ജോസഫ്, പികെ കുഞ്ഞ് എന്നിവർ നേതൃത്വം ഏറ്റെടുത്തു.  എസ്.എൻ.ഡി.പി സംഘടന പ്രക്ഷോപകർക്ക്  പൂർണ്ണമായ പിന്തുണയും നൽകി.

1932 ജൂലൈ മുപ്പത്തിയൊന്നാം തിയതി കൊല്ലത്ത് സി.വി.കുഞ്ഞിരാമന്റെ നേതൃത്വത്തിൽ 'ആൾ ട്രാവൻകോർ ഈഴവ ലീഗിന്റെ' യോഗം ചേരുകയും രാജഭരണത്തിന്റെ നേതൃത്വത്തിൽ വരുന്ന ഏതു തരം തിരഞ്ഞെടുപ്പുകളെയും ബഹിഷ്‌ക്കരിക്കാനും തീരുമാനിച്ചു. ഈഴവ മുസ്ലിം ക്രിസ്ത്യാനികളുടെ അവകാശങ്ങൾ അംഗീകരിക്കും വരെ സമരം മുമ്പോട്ട് കൊണ്ടുപോവാനും പദ്ധതിയിട്ടു.

രാജഭരണത്തിനെതിരായി ശക്തിയായി പോരാടിയ ഒരു യോദ്ധാവായിരുന്നു സി കേശവൻ. രാജാവിനെ ധിക്കരിച്ചു പ്രസംഗിക്കുന്നതിനാൽ പലപ്പോഴും അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തന മണ്ഡലങ്ങളിലും നിയമസഭയിലും പങ്കുചേരാതെ സമരം നാടാകെ വ്യാപിപ്പിച്ചിരുന്നു. 1935 മെയ് പതിനൊന്നാം തിയതി കോഴഞ്ചേരിയിൽ നടന്ന മീറ്റിംഗിൽ സി.കേശവൻ നടത്തിയ പ്രസംഗം പ്രകോപനം സൃഷ്ടിക്കുന്നതായിരുന്നു. സി കേശവനെ അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹ കുറ്റം ചുമത്തുകയും ചെയ്തു. അറസ്റ്റ്മൂലം സമരം കൂടുതൽ ഊർജതയോടെ ശക്തമാവുന്നതിനുമാത്രം സഹായിച്ചു. എന്തുതന്നെ സഹനങ്ങൾ സഹിക്കേണ്ടി വന്നാലും സമരം മുമ്പോട്ടു കൊണ്ടുപോവാൻ തന്നെ അതിലെ പ്രവർത്തകർ തീരുമാനിച്ചു. അവസാനം സമരമുന്നണിയുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. സർക്കാരിന് ശക്തമായ അന്നത്തെ ജനപ്രക്ഷോപത്തെ അടിച്ചമർത്താനുള്ള ശേഷിയുണ്ടായിരുന്നില്ല.

ശ്രീമൂലം നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എല്ലാ വിഭാഗങ്ങൾക്കും സുതാര്യവും തീർത്തും ജനകീയമാക്കുന്നതിനും ഒരു പബ്ലിക്ക് സർവീസ് കമ്മീഷനെ 1935-ൽ നിയമിച്ചു. സർക്കാർ ജോലികൾക്ക് കഴിവും സമുദായ പരിഗണനകൾ വെച്ചും നിയമനം നല്കുവാനായും തീരുമാനിച്ചു. താഴ്ന്ന പോസ്റ്റുകൾ സമുദായ അടിസ്ഥാനത്തിൽ വിതരണം ചെയ്യാനും തീരുമാനിച്ചു. വരുന്ന ജോലിയൊഴിവുകൾ ഓരോ സമുദായത്തിനും ക്രമം അനുസരിച്ച് മാറി മാറി (റൊട്ടേഷൻ) നൽകിയിരുന്നു. പ്രായപൂർത്തി വോട്ടവകാശം നിശ്ചയിക്കുകയും വസ്തുക്കരത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടവകാശം റദ്ദുചെയ്യുകയും ചെയ്‌തു. ഈഴവർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കുമായി റിസർവേഷൻ സീറ്റുകളും അനുവദിച്ചു. ശ്രീമൂലം സഭയിൽ നായന്മാരുടെ എണ്ണം കുറയുകയും പകരം എല്ലാ സമുദായങ്ങൾക്കും ഈഴവർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും തുല്യ പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു. 1936 നവംബർ പന്ത്രണ്ടാംതിയ്യതി മുതൽ ജാതി മത ഭേദമില്ലാതെ എല്ലാവർക്കും അമ്പല പ്രവേശനമുണ്ടെന്നുള്ള മഹാരാജാവിന്റെ പ്രഖ്യാപനം ചരിത്രത്തിന്റെ തന്നെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു.

നിവർത്തന പ്രക്ഷോപണം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം നായന്മാർക്കും മറ്റു ഉന്നത ജാതിക്കാർക്കും നിയമസഭയിലുണ്ടായിരുന്ന മേധാവിത്വം തകർത്തുവെന്നുള്ളതാണ്. അതേസമയം പിന്നോക്ക സമുദായക്കാർക്ക് അർഹമായ പ്രാതിനിധ്യം നിയമസഭയിൽ ലഭിക്കുകയും ചെയ്തു. നിവർത്തന പ്രക്ഷോപം മൂലം 'തിരുവിതാകൂർ' ഇന്ത്യയിലെ ആദ്യത്തെ ഒരു രാഷ്ട്രീയ സാമ്പത്തിക സുധാര്യതയുള്ള സംസ്ഥാനമായും അറിയപ്പെട്ടു. സർക്കാരിന് നിവർത്തന പ്രക്ഷോപകരുടെ സുധീരമായ പോരാട്ടത്തിന്റെ മുമ്പിലും ജനങ്ങളുടെ അഭിപ്രായദൃഢതയിലും പിടിവാശികളുപേക്ഷിച്ച് ഒത്തുതീർപ്പിനു കീഴടങ്ങേണ്ടി വന്നു. പ്രക്ഷോപകരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. പരിഷ്‌ക്കരിച്ച നിയമം അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് 1937 ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുകയും ചെയ്തു. ഈഴവ സാമാജികരെ എസ്എൻഡിപി യോഗവും മുസ്ലിം ക്രിസ്ത്യൻ പ്രതിനിധികളെ സംയുക്ത രാഷ്ട്രീയ കോൺഗ്രസ്സും നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. ടി.എം. വർഗീസിനെ ശ്രീ മൂലം അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയുണ്ടായി.

തിരഞ്ഞെടുപ്പിൽക്കൂടി ഈഴവർക്ക് ആദ്യമായി നിയമസഭയിൽ പ്രാതിനിധ്യം ലഭിച്ചു. നിവർത്തന പ്രക്ഷോപം ഒരു ജനകീയ മുന്നേറ്റമായിരുന്നു. അതുമൂലം ചരിത്രത്തിലാദ്യമായി താണ ജാതികളും പിന്നോക്കക്കാരും ഒന്നിക്കുന്നതിനും ഒരേ പ്ലാറ്റഫോറങ്ങൾ പങ്കിട്ടു ഒന്നിച്ചു പൊരുതാനുള്ള അവസരങ്ങൾക്കും വഴി തെളിച്ചു. അനീതിയ്‌ക്കെതിരായുള്ള ഈ പോരാട്ടത്തിൽ ഒത്തൊരുമിച്ച് വിജയം കരസ്ഥമാക്കുകയുമുണ്ടായി. സാമുദായിക രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള ഈ സമരം ഇന്ത്യയിൽ തന്നെ ആദ്യത്തെ സംഭവമായിരുന്നു. തിരുവിതാംകൂറിലല്ലാതെ ഇത്തരം സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾക്കുവേണ്ടി മറ്റൊരിടത്തും സമരം നടന്നിട്ടില്ല. ജനാധിപത്യ വോട്ടിങ്ങ് സമ്പ്രദായത്തിൽക്കൂടി വന്ന ഈ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഭരണ കാര്യങ്ങൾ നിർവ്വഹിക്കുകയുമുണ്ടായി. നായന്മാരും ഈഴവരും മറ്റെല്ലാ മതവിഭാഗങ്ങളും ഉൾപ്പെട്ട ഒരു സർക്കാരിനെ പ്രായപൂർത്തി വോട്ടവകാശ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണമെന്ന വൈകാരിക ഭാവവും ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു.

1948 മാർച്ചു ഇരുപത്തിനാലാം തിയതി പട്ടം താണുപിള്ള മുഖ്യ മന്ത്രിയായി. ടി.എം. വർഗീസും സി.കേശവനും മന്ത്രിമാരായുള്ള  ആദ്യത്തെ ജനകീയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു.
തുടരും:


തിരുവിതാംകൂർ രാജവാഴ്ചക്കാലത്തെ ചരിത്ര രൂപരേഖ:

https://www.emalayalee.com/varthaFull.php?newsId=199886


Maharani Sethu Lakshmi Bayi


CP the founder of University of Kerala 


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...