ജോസഫ് പടന്നമാക്കൽ
ജനാധിപത്യ റിപ്പബ്ലിക്കായ ഇൻഡ്യ എന്നും ലോക രാഷ്ട്രങ്ങളുടെയിടയിൽ തലയുയർത്തി നിന്ന രാഷ്ട്രമായിരുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധമതം, സിഖുമതം എന്നിങ്ങനെ നാനാ ജാതി മതങ്ങളെയും ഒരുപോലെ ബഹുമാനിച്ചുകൊണ്ടിരുന്ന, പാലിച്ചുകൊണ്ടിരുന്ന ഒരു ഭരണഘടനയായിരുന്നു നമുക്കുണ്ടായിരുന്നത്! എന്നാൽ പുതിയ പൗരത്വ ബില്ലിൽ മുസ്ലിമിനെ ഒഴിവാക്കി കൊണ്ടുള്ള നിയമം ഇന്ത്യയുടെ അന്തസ്സിനു കോട്ടം തട്ടാൻ കാരണമായി തീർന്നിരിക്കുന്നു. പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ രാജ്യങ്ങളിൽനിന്ന് മതപീഢനമൂലം ഇന്ത്യയിൽ വന്നെത്തിയ അഭയാർത്ഥികൾക്ക് ഇന്ത്യ പൗരത്വം നൽകുമെന്നു പ്രധാനമന്ത്രി നരേന്ദമോദി തിരഞ്ഞെടുപ്പുകാലത്തു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. 2014-ലെ ഒരു തിരഞ്ഞെടുപ്പു റാലിയിൽ ഹിന്ദുക്കളായ ബംഗ്ളാദേശികൾക്ക് പൗരത്വം കൊടുക്കുമെന്നും മോദി എടുത്തു പറഞ്ഞിരുന്നു. അന്നുമുതൽ മോദി സർക്കാർ അതിനായി ശ്രമിക്കുമ്പോഴെല്ലാം മുസ്ലിം വിരുദ്ധത, ഭൂരിപക്ഷാധിപത്യം എന്നെല്ലാമുള്ള പ്രതിപക്ഷങ്ങളുടെ കുറ്റാരോപണങ്ങളുമുണ്ടായിരുന്നു.
1955-ൽ 'ഇന്ത്യ' പാസാക്കിയ പൗരത്വബില്ലിനെ ഭേദഗതി ചെയ്തുകൊണ്ട് 2019-ൽ പാർലമെന്റിലും രാജ്യസഭയിലും നിയമം പാസാക്കി; ബില്ലിനെ പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറുന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നീ അഭയാർത്ഥികളായ മതവിഭാഗങ്ങൾക്ക് ഇന്ത്യയുടെ പൗരത്വവകാശങ്ങൾക്ക് യോഗ്യമാകുന്നു. പുതിയ നിയമം അനുസരിച്ചു 2014-ഡിസംബർ മുപ്പത്തിയൊന്നിനോ അതിനുമുമ്പോ കുടിയേറിയവരായ മുസ്ലിമുകൾ ഒഴിച്ചുള്ളവർക്ക് പൗരത്വം ലഭിക്കാൻ അവകാശമുണ്ടായിരിക്കും. 2019 ഡിസംബർ നാലാംതീയതി ഇന്ത്യൻ പാർലമെന്റും 2019 ഡിസംബർ പതിനൊന്നാംതിയ്യതി രാജ്യസഭയും ഈ നിയമം പാസ്സാക്കി. രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമത്തിന്റെ സാധുതകൾ ഉണ്ടാവുകയും ചെയ്തു. ഇനി നിയമം പ്രാബല്യത്തിൽ വരേണ്ടതായുണ്ട്. അതിനുമുമ്പ് സുപ്രീം കോടതിയുടെ തീരുമാനങ്ങളും ബാധകമായിരിക്കും. ആസാമിൽ ക്രമസമാധാനത്തിനായി 5000 പാരാ മിലിറ്ററി ട്രൂപ്പിനെ ഇന്ത്യ സർക്കാർ ഇറക്കിയിരിക്കുകയാണ്. ആസ്സാമിലും ത്രിപുരയിലും ഇന്റെനെറ്റ് സംവിധാനങ്ങൾ ബ്ലോക്ക് ചെയ്തു. അവിടെ ജനജീവിതം ദുഷ്ക്കരമാകുന്നു. രാജ്യം അക്രമത്തിലേക്ക് നീങ്ങുന്ന കാഴ്‌ചകളാണ് കാശ്മീർ മുതൽ കേരളം വരെ കാണപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ടത്തിൽ ഏറ്റവും വലിയ ജനരോക്ഷമാണ് ഇന്ന് നാടെങ്ങും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത്.
2016-ലാണ് ബിജെപി സർക്കാർ ആസാമിൽ ഭരണത്തിൽ വന്നത്. ബംഗ്ളാദേശിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദുക്കളെ പൗരത്വം നൽകി സ്വീകരിക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു അധികാരത്തിൽ എത്തിയത്. 2011-ലെ സെൻസസ് അനുസരിച്ച് ആസ്സാമിൽ 34.2 ശതമാനവും മുസ്ലിമുകളാണ്. അഞ്ചു വർഷം കൊണ്ട് നാലു ശതമാനം മുസ്ലിമുകൾ ആ പ്രദേശങ്ങളിൽ വർദ്ധിക്കുകയും ചെയ്തു. പൗരത്വനിയമം പാസായി നിയമം നടപ്പാക്കി കഴിഞ്ഞാൽ, ഹിന്ദുക്കൾ കൂട്ടമായി പൗരത്വം എടുത്തുകഴിയുമ്പോൾ വോട്ടുബാങ്കിന് കാര്യമായ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. ഇത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയിലുള്ള രഹസ്യ കാര്യ പരിപാടിയായിരുന്നുവെന്നും കരുതുന്നു.
2019 നവംബറിൽ സുപ്രീം കോർട്ട് ബാബ്‌റി മോസ്‌ക്കിന്റെ സ്ഥാനത്ത് ഹിന്ദു അമ്പലം പണിയാനുള്ള അനുവാദം കൊടുത്തു. 1992-ലായിരുന്നു ഹിന്ദു തീവ്രവാദികൾ ബാബ്‌റി മസ്ജിദ് പൊളിച്ചു കളഞ്ഞത്. ഈ സംഭവ വികാസങ്ങളെല്ലാം ഹിന്ദു ദേശീയത കൂടുതൽ ബലവത്താകുന്നതിനു കാരണമായി. അതോടൊപ്പം ഇന്ത്യൻ മുസ്ലിമുകളുടെ നിലനിൽപ്പ് ബുദ്ധിമുട്ടിലാവുകയുമുണ്ടായി. അവരുടെ ഭാവിയിലുള്ള സുരക്ഷ ബാധിക്കുന്ന പ്രശ്നവുമായി മാറി.
പൗരത്വ നിയമം ഭേദഗതിയോടെ പാസാക്കുമ്പോൾ ഭരണഘടനയുടെ പതിനാലാം വകുപ്പനുസരിച്ചാകണം. പതിനാലാം വകുപ്പ് ജാതിമത ഭേദമെന്യേ ഇന്ത്യയിൽ എല്ലാവർക്കും തുല്യ അവകാശം നല്കണമെന്നുള്ളതാണ്. എന്നാൽ 2019-ലെ ഭരണഘടനാ ഭേദഗതിയിൽ പൗരത്വം നൽകുന്നതു മുസ്ലിമുകൾ അല്ലാത്ത മറ്റു മതങ്ങൾക്കു മാത്രമെന്നു പറയുന്നു. പാർലമെന്റ് പാസാക്കിയ ഈ ബില്ല് ഇന്ത്യയുടെ മൗലിക നിയമത്തിനു തന്നെ വെല്ലുവിളിയായിരിക്കുന്നു. മുസ്ലിമല്ലാത്തവർക്ക് പൗരാവകാശമെന്ന പാർലമെന്റ് തീരുമാനത്തിൽ നിയമപരമായ സാധുത ലഭിക്കില്ല. സുപ്രീം കോടതി, ബില്ലിലെ പുതിയ വ്യവസ്ഥകളെ പരിഗണിച്ചശേഷം തള്ളിക്കളയാനാണ് സാധ്യത. ഒരുവന്റെ ജനനം കൊണ്ടും വംശപരമ്പരകൊണ്ടും രജിസ്റ്റർ ചെയ്ത വിദേശിക്കും പൗരത്വം നേടാമെന്ന് 1955-ലെ ഭരണഘടന 2,5,9 വകുപ്പുകൾ പ്രകാരം വ്യക്തമാക്കുന്നു. 1992, 2003, 2005, 2015 എന്നീ കാലഘട്ടങ്ങളിലായി അഞ്ചു പ്രാവിശ്യം കോൺഗ്രസ്സ് സർക്കാരുകളും രണ്ടു പ്രാവിശ്യം ബിജെപി സർക്കാരും ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. എന്നാൽ 2019-ലെ പൗരത്വം സംബന്ധിച്ച ഈ ബില്ലാണ് ഏറ്റവും വലിയ പ്രതിസന്ധിഘട്ടങ്ങളിൽക്കൂടി വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
ഇന്നത്തെ നിലവിലുള്ള നിയമം അനുസരിച്ച് അനധികൃതമായി കുടിയേറിയവർക്ക് പൗരത്വം നേടാൻ അവകാശമില്ല. അവർക്ക് പൗരത്വത്തിനു അപേക്ഷിക്കാനും സാധിക്കില്ല. അങ്ങനെയുള്ളവരെ രാജ്യത്തിനു പുറത്താക്കുകയോ ജയിലിൽ അടക്കുകയോ വേണമെന്നുള്ളതാണ് നിയമം. എന്നാൽ ആ നിയമത്തിനാണ് 2019ലെ പൗരത്വ അവകാശ ബില്ലിൽ ഭേദഗതി വരുത്തുന്നത്. പുതിയ പൗരാവകാശ നിയമം അനുസരിച്ച് വിദേശ രാജ്യങ്ങളായ ബംഗ്ളാദേശിലും പാക്കിസ്ഥാനിൽനിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നും നിയമാനുസൃതമല്ലാത്ത മുസ്ലിമുകളല്ലാത്തവർക്ക് പൗരത്വം കൊടുക്കുകയെന്നതാണ് വ്യവസ്ഥ. ഈ നിയമ പ്രകാരം മുസ്ലിമുകളെ മാത്രമേ ജയിലിൽ അടക്കാനോ രാജ്യത്തിനു പുറത്താക്കാനോ സാധിക്കുള്ളൂ. മുസ്ലിമല്ലാത്തവർക്ക് ഡോക്കുമെന്റുകളില്ലെങ്കിലും അനുവാദമില്ലാതെ വന്നാലും അവർ പൗരത്വത്തിന് യോഗ്യരാണെന്നുള്ള നിയമമാണ് പാസാക്കിയിരിക്കുന്നത്. മാതൃരാജ്യത്തു നിന്നു മതപീഡനം കൊണ്ട് വന്നവരായിരിക്കണമെന്നും പാസ്സാക്കിയ ബില്ലിൽ ചേർത്തിട്ടുണ്ട്. മുമ്പ്, ഈ മൂന്നു രാജ്യങ്ങളിൽനിന്നും വന്നവർക്കു പൗരത്വം അപേക്ഷിക്കണമെങ്കിൽ പതിനാലു വർഷം ഇന്ത്യയിൽ താമസിക്കണമായിരുന്നു. എന്നാൽ അത് പുതിയ നിയമത്തിൽ ആറു വർഷമായി കുറച്ചിരിക്കുന്നു.
പൗരത്വ ഭേദഗതിബില്ലു പാസായതിൽ പ്രതിപക്ഷം ഒന്നടങ്കവും മനുഷ്യാവകാശ പ്രവർത്തകരും എതിർക്കുന്നു. അത് വിവേചനമാണ്, ഭരണഘടന ആർട്ടിക്കിൾ പതിനാലിന് എതിരാണെന്ന് അവർ പറയുന്നു. ആർട്ടിക്കിൾ പതിനാല് എന്നുള്ളത് ഭരണഘടനയുടെ സുപ്രധാനമായ നിയമങ്ങളുടെ നാഴികക്കല്ലാണ്! ഇന്ത്യയുടെ പരമാധികാരത്തിനുള്ളിൽ ഒരു വ്യക്തിക്ക് നിയമത്തിൽ പക്ഷാപാതം പാടില്ലെന്നും സമത്വപൂർണ്ണമായ സംരക്ഷണം ഓരോ വ്യക്തിക്കും നല്കണമെന്നുള്ളതാണ് ആർട്ടിക്കിൾ പതിനാലിൽ വ്യക്തമാക്കുന്നത്. നിയമത്തിന്റെ മുമ്പിൽ തുല്യ സംരക്ഷണമെന്നു പറയുന്നത് രണ്ടു വ്യക്തികൾക്കിടയിൽ വിവേചനം കാണിച്ചുകൊണ്ടുള്ള നിയമം പാടില്ലെന്നുള്ളതാണ്. പതിനാലാം വകുപ്പനുസരിച്ച് ഓരോ പൗരന്റെ അവകാശങ്ങളും നിരുപാധികമായിരിക്കും.
2016-ൽ പൗരത്വ നിയമങ്ങൾ പാർലമെന്റിൽ കൊണ്ടുവന്നപ്പോൾ ബില്ല് പരാജയപ്പെട്ടിരുന്നു. അന്നത്തെ ഭേദഗതിയോടെ തയ്യാറാക്കിയ 2019-ലെ ബില്ലിന്റെ ലക്ഷ്യം അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ്, പാകിസ്ഥാൻ എന്നീ പ്രദേശങ്ങളിലുള്ള ഹിന്ദു, ജൈന ജനങ്ങളെ കൊണ്ടുവന്നു വോട്ടു ബാങ്ക് വർദ്ധിപ്പിക്കുകയെന്നതായിരുന്നു. ഹിന്ദുക്കൾ കൂട്ടമായി രാജ്യത്ത് കുടിയേറി മതാടിസ്ഥാനത്തിൽ' വോട്ട് നേടുകയെന്നതും ബിജെപിയുടെ പദ്ധതികളിലുണ്ടായിരുന്നു. പാക്കിസ്ഥാനിൽനിന്നും ബംഗ്ളാദേശിൽ നിന്നും അനധികൃതമായി അതിർത്തി സ്റ്റേറ്റുകളിൽ കുടിയേറിയ ഏകദേശം രണ്ടുലക്ഷം ഹിന്ദുക്കളോളം ഉള്ളതായി അനുമാനിക്കുന്നു. അവർക്കുള്ള വോട്ടവകാശം ബിജെപി യ്ക്ക് അനുകൂലമായി പ്രതീക്ഷിക്കുകയും ചെയ്യുന്നു.
1947-ൽ 'മുഹമ്മാദാലി ജിന്ന' ഇന്ത്യ വിഭജിക്കാൻ മുൻകൈ എടുത്തു. അതിനുമുമ്പ് മുഹമ്മദാലി ജിന്ന മുസ്ലിമുകൾക്ക് ഒരു രാഷ്ട്രമെന്നും ഹിന്ദുക്കൾക്ക് മറ്റൊരു രാഷ്ട്രമെന്ന വാദവുമായിരുന്നു ഉന്നയിച്ചിരുന്നത്. ഇന്ത്യയിലെ മുസ്ലിമുകൾക്ക് പ്രത്യേകമായ രാഷ്ട്രമെന്ന നിലയിലാണ് വിഭജനം നടന്നത്. എന്നിരുന്നാലും അന്നുള്ള ഇന്ത്യൻ നേതാക്കന്മാർ ഹിന്ദു രാഷ്ട്രത്തിനുപരി മതേതര രാഷ്ട്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടന തയ്യാറാക്കി. അതാണ് ആർട്ടിക്കിൾ പതിനാലിൽ സമത്വം ഉൾപ്പെടുത്താൻ കാരണം. ഇന്ത്യയിൽ ജീവിക്കുന്ന ആർക്കും പൂർണ്ണമായ മതസ്വാതന്ത്ര്യം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാഷണൽ രജിസ്റ്ററിൽ 19 ലക്ഷം ബംഗ്ളാദേശിൽ നിന്നുള്ള ഹിന്ദുക്കൾ പൗരത്വത്തിനുവേണ്ടി അപേക്ഷിച്ചിട്ടുണ്ട്. സുപ്രീം കോർട്ടിന്റെ നിർദ്ദേശത്തോടെ നാഷനൽ രജിസ്റ്ററിലുള്ള ഹിന്ദുക്കൾക്ക് പൗരാവകാശം കൊടുക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. അനേക ലക്ഷങ്ങൾ ബംഗ്ളാദേശികളായ മുസ്ലിമുകൾ ആസ്സാമിൽ നിയമപരമല്ലാതെ ജീവിക്കുന്നു. പത്തോമ്പതു ലക്ഷം രജിസ്റ്റർ ചെയ്ത ആസാമിലുള്ള ഹിന്ദുക്കൾക്ക് പൗരത്വം കൊടുക്കണമെന്നുള്ളത് ബിജെപി താൽപ്പര്യമാണ്. ഹിന്ദുക്കൾ അല്ലാത്തവർക്കും പൗരത്വം കൊടുക്കേണ്ടി വന്നാൽ വലിയ ഒരു കുടിയേറ്റ ജനതയെ ഇന്ത്യ സ്വീകരിക്കേണ്ടി വരും. അങ്ങനെയെങ്കിൽ രജിസ്റ്റർ ചെയ്ത ഹിന്ദുക്കളുടെ കാര്യത്തിൽ പൗരത്വം കൊടുക്കുന്നതിൽ അനശ്ചിതത്ത്വം ഉണ്ടാകും.
ഇസ്രായേൽ, യഹൂദ ജനത്തിനെന്നപോലെ ഇന്ത്യ, ഹിന്ദുക്കൾക്കുവേണ്ടിയെന്നുള്ള ചിന്തകൾ നടപ്പാക്കുകയെന്നതുമാണ് ഹിന്ദുത്വവാദികളുടെ ലക്ഷ്യവും. ഇത്, നാളിതുവരെ ഇന്ത്യ പുലർത്തിവന്നിരുന്ന മതേതരത്വത്തിനു തികച്ചും വിരുദ്ധമാണ്. അതുപോലെ എല്ലാ പൗരന്മാർക്കും തുല്യമായ ഭരണഘടനയും ബഹു മതവിശ്വാസങ്ങൾക്കുള്ള ഏകതാമനോഭാവവും കൈമുതലായ ഇന്ത്യയുടെ പ്രതിച്ഛായക്കും ഈ ബില്ല് മങ്ങലേൽപ്പിച്ചു. ബില്ല് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.
ഈ ബില്ല് ബംഗ്ലാദേശിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമുള്ള ന്യുനപക്ഷ സമുദായങ്ങളെ രക്ഷിക്കാൻ വേണ്ടിയെന്നു സർക്കാർ പറയുന്നു. പലരും മതനിന്ദയുടെ പേരിൽ ഈ രാജ്യങ്ങളിൽ ജയിലിൽ കിടക്കേണ്ട അവസ്ഥകൾ വരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് ബില്ല് അവതരിപ്പിക്കുന്നതെന്നു തോന്നുമെങ്കിലും അത് ഹിന്ദുക്കളെയും സിക്കുകാരെയും ബുദ്ധിസ്റ്റുകളെയും ജൈനന്മാരെയും പാഴ്സികളെയും ക്രിസ്ത്യാനികളെയും മാത്രമേ സഹായിക്കുള്ളൂ. മറ്റുള്ള രാജ്യങ്ങളിൽ മുസ്ലിമുകളും പീഢിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അവരുടെ കാര്യത്തിൽ ബില്ല് നിർമ്മിച്ചവർ നിശബ്ദരുമാണ്.
ഇന്ത്യയിൽ എത്തിയിരിക്കുന്ന അഭയാർഥികളിൽ ഭൂരിഭാഗം കടുത്ത ദാരിദ്ര്യത്തിൽ, വൃത്തിയും വെടിപ്പുമില്ലാതെ ജീവിക്കുന്നവരാണ്. മതപരമായി കാര്യങ്ങൾ അനുഷ്ഠിക്കുന്നവരോ ദാരിദ്ര്യം മൂലം മതം ചിന്തിക്കുന്നവരോ അല്ല. അവരുടെയിടയിലാണ് മനുഷ്യനെ വിഘടിപ്പിച്ച് മതത്തിന്റെ പേരിൽ പൗരത്വം കൊടുക്കുന്നത്. ഈ പൗരത്വം മനുഷ്യവകാശങ്ങൾക്കുപരി വെറും രാഷ്ട്രീയ അടവുകൾ മാത്രമാണ്. 2003-ൽ 213 ബംഗ്ളാദേശ് പൗരന്മാർ ഇന്ത്യയുടേയും ബംഗ്ളാദേശിന്റെയും അതിർത്തിയിൽ രാജ്യമില്ലാതെ കുടുങ്ങിയിരുന്നു. ഇരുരാജ്യങ്ങളും അവരെ സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു. എന്നാൽ 2014-ൽ ബിജെപി മതപീഡനം കൊണ്ട് പാകിസ്ഥാനിൽനിന്നും ബംഗ്ളാദേശിൽ നിന്നും പുറത്താക്കപ്പെട്ട ഹിന്ദുക്കൾക്ക് പൗരത്വം കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഒരു രാജ്യത്തിലേക്ക് വന്നുകയറുന്ന കുടിയേറ്റക്കാരുടെ മതം പരിഗണിക്കാതെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയെന്നതു പരിഷ്കൃത രാജ്യങ്ങളുടെ കടമയാണ്. ഭേദഗതി ചെയ്ത ഈ നിയമം ഇന്ത്യയുടെ അന്തസ്സായിരുന്ന ഭരണഘടന അനുശാസിച്ചിരുന്ന സമത്വമെന്ന ആശയത്തെ ദുർബലമാക്കിയിരിക്കുന്നു. ബില്ല്, പ്രാബല്യത്തിലായാൽ അനധികൃത മുസ്ലിമുകളെ കൂട്ടത്തോടെ ജയിലിൽ അടയ്ക്കുകയും അവരെ രാജ്യത്തിൽ നിന്ന് പുറത്താക്കലും തുടരും. ഒരേ ലക്ഷ്യത്തോടെ ഇന്ത്യയിൽ കുടിയേറിയ ജനവിഭാഗങ്ങളെ വേർതിരിച്ച് മുസ്ലിമുകൾക്കുമാത്രം പൗരത്വം നിഷേധിക്കുന്നത് വർഗീയത സൃഷ്ടിക്കാനും കാരണമാകും. മൗലികാവകാശങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് മാത്രമല്ല, രാജ്യത്തുള്ള ഏതൊരു സന്ദർശകർക്കും തുല്യമായിരിക്കും. ഈ സാഹചര്യത്തിൽ പ്രതിപക്ഷങ്ങളും സാമൂഹിക പ്രവർത്തകരും ഐക്യ രാഷ്ട്ര സംഘടനയും മുസ്ലിമുകളെ രാജ്യത്തിലെ മതേരത്വ നിയമങ്ങളിൽനിന്നും പുറത്തുനിർത്തിയതിൽ കുറ്റപ്പെടുത്തുന്നു. ബില്ലിന്റെ മറ്റു സങ്കീർണ്ണതകളും അനന്തരഫലങ്ങളും നിയമജ്ഞർ ചൂണ്ടി കാണിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഒരാൾക്ക് ഔദ്യോഗികമായി മുസ്ലിം പേര് മാറ്റുകയോ പേരിൽ തന്നെ ക്രിത്രിമത്വം കാണിക്കുകയോ ചെയ്യാം. അങ്ങനെ മതം തന്നെ നിശ്ചയിക്കാൻ സാധിക്കാതെ വരുന്നു.
ഇന്നു നിലവിലുള്ള ഭരണഘടന രാജ്യത്തു ജനിച്ചു വളർന്നവർക്കു മാത്രമുള്ള ഒന്നല്ല. ഭരണഘടന വിഭാവന ചെയ്ത മൗലികാവകാശങ്ങൾ ഈ രാജ്യത്ത് വന്നു കൂടുന്നവർക്കും കൂടി ബാധകമാണ്. പുതിയ നിയമത്തിൽ ഈ രാജ്യത്തെ പൗരത്വം തേടി ഹിന്ദുക്കൾക്ക് വരാം, കൃസ്ത്യാനികൾക്ക് വരാം എന്നാൽ മുസ്ലിമുകൾക്ക് വരാൻ പാടില്ലായെന്നുള്ള ഇവരുടെ അജണ്ട വെറും പ്രാകൃതമായിരിക്കുന്നു. മൃഗീയമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന ഒരു ഗവൺമെന്റിന് അവരുടെ സ്വാർത്ഥത നിറഞ്ഞ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയെന്നതും ബില്ലിന്റെ ഉദ്ദേശ്യങ്ങളിൽപ്പെടുന്നു. അതേസമയം ശ്രീ ലങ്കയിൽ നിന്നും പീഡനങ്ങൾ മൂലം ഓടിവന്നു ഇന്ത്യയിൽ താമസിക്കുന്ന തമിഴരും മുസ്ലിമുകളുമുണ്ട്. അവരുടെ കാര്യങ്ങൾ ഒന്നും തന്നെ ബില്ലിൽ പരാമർശിച്ചിട്ടില്ല.
ബംഗ്ളാദേശ് ഒരു മുസ്ലിം രാജ്യമായി പ്രഖ്യാപിച്ചിട്ടില്ല. അവിടെ ഒരു ജനാധിപത്യ സർക്കാരാണ് നിലകൊള്ളുന്നത്. ഇന്ത്യയുമായി ആത്മബന്ധം പുലർത്തുന്ന ഒരു രാജ്യമാണത്! അവിടെ ഹിന്ദുക്കളെ പീഡനം നടത്തുന്നുവെന്ന ചരിത്രവും ഇല്ല. ആ സ്ഥിതിക്ക് ബംഗ്ലാദേശവും ആയുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടാൻ മാത്രമേ ഈ ബില്ലുകൊണ്ട് പ്രയോജനം ലഭിക്കുള്ളൂ.
കഴിഞ്ഞ ആഗസ്റ്റിൽ ഇന്ത്യസർക്കാർ കാശ്മീരിന്റെ സ്വതന്ത്ര പദവി എടുത്തുകളഞ്ഞു. കാശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി ചേർത്തതുകൊണ്ടുള്ള അതിരൂക്ഷമായ ജനകീയ പ്രതികരണങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു രാജ്യത്ത് കൂനിന്മേൽ കുരു എന്ന പറഞ്ഞതുപോലെയാണ് രാജ്യം ഇന്ന് പാസാക്കിയിരിക്കുന്ന ഈ പൗരത്വ ഭേദഗതി നിയമം.
'മുസ്ലിം രാജ്യങ്ങളിലുള്ള ന്യുനപക്ഷങ്ങൾക്ക് മാനുഷിക പരിഗണ വെച്ചാണ് പൗരത്വം നൽകുന്നതെന്ന്' ഗവണ്മെന്റ് പറയുന്നു. 'അവർക്ക് അവരുടെ മതം അവിടെ ആചരിക്കാൻ സാധിക്കുന്നില്ല. പ്രാർത്ഥാനാലയങ്ങൾ മുസ്ലിം രാജ്യങ്ങൾ ഇടിച്ചു തകർക്കുന്നു. മുസ്ലിമുകൾ അല്ലാത്തവരുടെ സ്വത്തിന് യാതൊരു പരിരക്ഷയും ലഭിക്കുന്നില്ല.' അങ്ങനെ അമിത്ഷാ ബില്ലിനെ ന്യായികരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. 'ബംഗ്ളാദേശിലും പാകിസ്താനിലും അഫ്‌ഗാനിസ്ഥാനിലും ഭൂരിപക്ഷ മുസ്ലിമുകൾ മതപീഡനം ഏൽക്കുന്നില്ല. മുസ്ലിമുകൾക്ക് സമാധാനമായി ആ രാജ്യങ്ങളിൽ താമസിക്കാൻ സാധിക്കുന്നതുകൊണ്ട് ഇന്ത്യയിൽ അഭയം നൽകേണ്ട ആവശ്യമില്ലെന്നും' അമിത് ഷാ പറയുന്നു. ബില്ല് പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കാനാണെങ്കിൽ മുസ്ലിമുകളെ ഉൾപ്പെടുത്താത്ത ഒരു നയം സ്വീകരിക്കരുതായിരുന്നു. മുസ്ലിം ന്യുനപക്ഷത്തെ പീഡിപ്പിക്കുന്ന രാജ്യങ്ങളിൽ ചൈനയും മ്യാൻമറും ഉൾപ്പെടും! അക്കാര്യം ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. റോഹിൻഗ്യ മുസ്ലിമുകൾ മ്യാന്മറിലും ചൈനയിലും അഹമത്യ മുസ്ലിമുകൾ പാകിസ്താനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെടുന്നു. കൂടാതെ മ്യാൻമറിലുള്ള ഹിന്ദുക്കളുടെ പൗരത്വവകാശങ്ങളെപ്പറ്റി ബില്ലിൽ പറയുന്നുമില്ല.
അഫ്‌ഗാനിസ്ഥാനിൽ നിന്നും ബംഗ്ളാദേശിൽ നിന്നുമുള്ള കുടിയേറ്റക്കാരെ കൂടാതെ ചൈനയിലെ ടിബറ്റിൽ നിന്നും മുസ്ലിമുകളും ശ്രീ ലങ്കയിലെ തമിഴരും ഇന്ത്യയിൽ നിയമാനുസൃതമല്ലാതെ കുടിയേറിയവരുണ്ട്. അതുപോലെ ബർമ്മയിൽ നിന്ന് 'റോഹിഗ്യ മുസ്ലിമുകളും' പീഡനംമൂലം ഇന്ത്യയിൽ അനധികൃതമായി കഴിയുന്നു. മതപരമായ പീഡനം സഹിക്കുന്നവരെയാണ് സർക്കാർ പരിഗണിക്കുന്നതെങ്കിൽ ഈ രാജ്യങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതായുണ്ട്. പാകിസ്ഥാനിലെ 'അഹമത്യ' മുസ്ലിം സമൂഹവും മുസ്ലിം ഭൂരിപക്ഷത്തിൽ നിന്ന് മതപീഡനം ഏറ്റുവാങ്ങുന്നു. ആസ്സാമിലെ പൗരന്മാർക്കുള്ള ദേശീയ രജിസ്റ്ററിൽ (NRC) 1.9 മില്യൺ ജനങ്ങൾ നിയമാനുസൃതമല്ലാതെ, രാജ്യമില്ലാതെ ജീവിക്കുന്നു.
ഇന്ത്യ, യുണൈറ്റഡ് നാഷനുമായി മറ്റുരാജ്യങ്ങളിൽ നിന്നും പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് അഭയം കൊടുക്കാമെന്നുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യമല്ലാത്തതുകൊണ്ടു ഇന്ത്യയിലേക്ക് പ്രവഹിക്കുന്ന അഭയാർത്ഥികളെ സംരക്ഷിക്കണമെന്നുള്ള ഉത്തരവാദിത്വം ഇന്ത്യക്കില്ല. യുണൈറ്റഡ് നാഷനിൽ അഭയാർത്ഥി പ്രശ്നത്തിനുള്ള അംഗത്വം എടുക്കുന്ന കാര്യത്തിൽ വിവാദങ്ങളും ഉണ്ടായിട്ടില്ല. ഇന്ത്യ അങ്ങനെ ഒരു ഉടമ്പടിയിൽ ഒപ്പു വെച്ചാൽ മനുഷ്യത്വവകാശത്തെ മാനിക്കലുമാകാം. മതപീഡനം മൂലം രക്ഷപെടുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കലുമായിരിക്കും. എന്നാൽ ഇന്ത്യ പാസാക്കിയിരിക്കുന്ന ഈ നിയമത്തിൽ പ്രത്യേക മതവിഭാഗങ്ങൾക്കു മാത്രമായുള്ളത് മാനവികതയോടുള്ള ഒരു അവഹേളനമാണ്. ഹിന്ദുക്കൾക്കും മറ്റുമതങ്ങൾക്കും മുസ്ലിമുകളേക്കാൾ പരിഗണന നൽകുന്ന ഈ വ്യവസ്ഥ ഇന്ത്യയുടെ മതേതരത്വത്തെ തന്നെ തകർത്തിരിക്കുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ മൗലികാവകാശത്തിനുമേൽ കൈകടത്തലുമാണ്. ഇന്ത്യയുടെ ഭരണഘടനക്കെതിരെയുള്ള ഒരു വെല്ലുവിളികൂടിയാണ്.
ആയിരക്കണക്കിന് ശാസ്ത്രജ്ഞരും നിയമജ്ഞരും പണ്ഡിതരും ബില്ലിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തു വന്നിരിക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും ബില്ലിനെ എതിർത്തിരിക്കുന്നു. മതപരമായ ഈ വിവേചനത്തെ യുണൈറ്റഡ് നാഷനും എതിർത്തിട്ടുണ്ട്. വിദേശ രാഷ്ട്രങ്ങളിൽനിന്നുള്ള എതിർപ്പുകൾ ഇന്ത്യയുടെ മതേതരത്വത്തിനും പാരമ്പര്യത്തിനും കോട്ടം തട്ടിയിരിക്കുന്നു.
വംശീയ വിവേചനത്തിനെതിരെ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. പൗരത്വ നിയമത്തിനെതിരെ ഇന്ത്യ നിയമ ഭേദഗതികൾ വരുത്തിയതുമൂലം ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സമിതിയിലും തിരിച്ചടി ലഭിക്കാം. ഐക്യ രാഷ്ട്ര സമിതിയിൽ സ്ഥിരഅംഗത്വം വേണമെന്നുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ഇതൊരു മങ്ങലേൽക്കുകയുമാവാം.
ആഗോളതലത്തിലും ഭരണഘടനാ ഭേദഗതിയോടെ പാസാക്കിയ ബില്ലെനെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നു. അമേരിക്കയുടെ പ്രതിനിധികൾ ക്യാപിറ്റോൾ ഹില്ലിലും പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. വിദേശകാര്യ വകുപ്പ് പൗരത്വത്തിൽ മതത്തിന്റെ മാനദണ്ഡം കല്പിക്കുന്നതിനെപ്പറ്റിയും വിമർശിച്ചു. അമേരിക്കയുടെ ആഗോള മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന യൂസിഐആർഎഫ് (USCIRF) എന്ന ഫെഡറൽ സംഘടന അമേരിക്കൻ സർക്കാരിനോട് അമിത്ഷായ്ക്കെതിരെ ബില്ല് അവതരിപ്പിക്കാതിരിക്കാൻ വിലക്കു കല്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതുപോലെ അമേരിക്കയിലെ മറ്റു നേതാക്കന്മാരോടും മാനവികതയ്‌ക്കെതിരായ ഇന്ത്യയുടെ പൗരത്വ ഭരണഘടനാ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ,സ്വാതന്ത്ര്യം കിട്ടിയ നാളുകൾ മുതൽ മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനപരമായ ബില്ലുകൾ പാസാക്കിയിട്ടുണ്ട്. 1950-ൽ കോൺഗ്രസ്സ് ഹിന്ദുക്കൾക്കുവേണ്ടി മാത്രം നിയമങ്ങൾ കൊണ്ടുവന്നു. എന്നാൽ അതിനു തുല്യമായ ഒരു നിയമം മുസ്ലിമുകൾക്കായി കൊണ്ടുവന്നില്ല. ബിജെപി, യൂണിഫോം സിവിൽ കോഡിനെ പിന്തുണച്ചു. യാഥാസ്ഥിതികരായ ഹിന്ദുക്കൾ അത്തരം ഒരു ബില്ല് വേണമെന്ന് ശഠിച്ചു. കോൺഗ്രസിന്റെ നീണ്ടകാല ഭരണത്തിനിടയിൽ യാഥാസ്ഥിതിക മുസ്ലിമുകളെ പ്രീതിപ്പെടുത്താൻ താല്പര്യപ്പെട്ടിരുന്നു. താലാഖ് നിയമം ഒരിക്കലും നിരോധിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ബിജെപി താലാഖു നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ യാഥാസ്ഥികരായ ഹിന്ദുക്കൾ സന്തുഷ്ടരായിരുന്നു. ഹിന്ദു നിയമങ്ങളിലും മുസ്ലിം നിയമങ്ങളിലും സമത്വം വേണമെന്ന് തീവ്രമതം പുലർത്തുന്ന ഹിന്ദുക്കൾ ആഗ്രഹിച്ചു.
യാഥാസ്ഥിതിക ഹിന്ദുക്കളെ തൃപ്തിപ്പെടുത്താൻ ബാബറി മസ്ജിദ് പൊളിക്കുന്ന മുതൽ അവിടെ അമ്പലം പണിയാനുള്ള പദ്ധതിവരെ തയ്യാറാക്കിയത് ബിജെപിയാണ്. എന്നാൽ കോൺഗ്രസിന് അതിന് ധൈര്യം ഉണ്ടായില്ല. കാരണം, യാഥാസ്ഥിതികരായ മുസ്ലിമുകളുടെയും ലിബറൽ ഹിന്ദുക്കളുടെയും അപ്രീതി സമ്പാദിച്ചുകൊണ്ട് കോൺഗ്രസിന് നിലനിൽക്കാൻ സാധിക്കില്ല.
പശു ഭക്തരോടും പശുവിനെ പരിപാലിക്കുന്നവരോടും ബിജെപി കൂടുതൽ താൽപ്പര്യം കാണിക്കുന്നു. എന്നാൽ കോൺഗ്രസ്സ് കൂടുതലും പശുഭക്തിക്ക് പ്രാധാന്യം കൊടുക്കാറില്ല. ചരിത്ര ബുക്കിൽ ക്രൂരരായ മുസ്ലിം ആക്രമകാരികളുടെ ചരിത്രം കോൺഗ്രസ് അധികാരത്തിലായിരുന്ന സമയം മറച്ചു വെക്കാൻ ശ്രമിച്ചു. അതേ സമയം യാഥാസ്ഥിതരായ ഹിന്ദുക്കളെ പ്രീതിപ്പെടുത്താൻ സർവേക്കറിനെ വാഴ്ത്തുകയും ചെയ്യുന്നു. ഇതിൽനിന്നും മനസിലാക്കേണ്ടത് കോൺഗ്രസ്സും ബിജെപിയും 'വോട്ടുബാങ്ക് ' ലക്ഷ്യമിടുന്നതെന്നാണ്.
രാഷ്ട്രീയത്തിൽ പ്രധാനമായും മൂന്നു വലിയ ഗ്രുപ്പാണുള്ളത്. പുരോഗന ഹിന്ദുക്കൾ, യാഥാസ്ഥിതിക ഹിന്ദുക്കൾ, യാഥാസ്ഥിതിക മുസ്ലിമുകൾ എന്നിങ്ങനെ തരം തിരിക്കാം. ഇവരിൽ പുരോഗമന ആശയങ്ങളുള്ള ഹിന്ദുക്കളാണ് ഏറ്റവും വലിയ സമൂഹം. കോൺഗ്രസ്സ് വോട്ടു നേടുവാൻ നവീകരണ ചിന്താഗതിക്കാരായ ഹിന്ദുക്കളെ പ്രീതിപ്പെടുത്തുവാൻ ശ്രമിക്കുന്നു. പിന്തുണ തേടുന്നു. നയരൂപീകരണത്തിൽ പുരോഗമന (ലിബറൽ) ഹിന്ദുക്കളുടെ താൽപ്പര്യവും പരിഗണിക്കും. അതുപോലെ യാഥാസ്ഥിതിക മുസ്ലിമുകളെയും പ്രീതിപ്പെടുത്താൻ ശ്രമിക്കും. എന്നാൽ ബിജെപി ലിബറൽ ഹിന്ദുക്കളെ പിണക്കാതെ യാഥാസ്ഥിതിക ഹിന്ദുക്കളുടെ താല്പര്യത്തിനൊത്താണ് പ്രവർത്തിക്കാറുള്ളത്.
No comments:
Post a Comment