King Chithra Thirunnal and Nehru |
1947-ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു ഏതാനും മാസങ്ങൾക്കു മുമ്പ്! ദിവാൻ സർ സിപി രാമസ്വാമി അയ്യർ 'തിരുവിതാംകൂർ' രാജ്യം ഇന്ത്യൻയുണിയനിൽ നിന്നും വേറിട്ട്, ഒരു സ്വതന്ത്ര രാഷ്ട്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിൽനിന്ന് ബ്രിട്ടീഷുകാർ പൂർണ്ണമായും പിൻവാങ്ങുന്ന അന്നുമുതൽ രാജ്യം സ്വതന്ത്രമായി പുതിയ ഭരണസംവിധാനങ്ങളോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവാന്റെ ഈ പ്രഖ്യാപനം നാടുമുഴുവനും, ഇന്ത്യ ഒന്നാകെയും കോളിളക്കം സൃഷ്ടിച്ചു. ബ്രിട്ടീഷുകാർ രാജ്യം വിട്ടപ്പോൾ വിഭജനമനുസരിച്ചുള്ള ബ്രിട്ടീഷ് ഉടമ്പടിയിൽ നാട്ടു രാജാക്കന്മാർക്ക് സ്വതന്ത്രമായി ഭരിക്കാനോ, പാക്കിസ്ഥാനോടോ ഇന്ത്യൻ യൂണിയനോടോ ചേരാനോ അവകാശമുണ്ടായിരുന്നു.
1947 ജൂൺ മൂന്നാം തിയതി, 'ബ്രിട്ടീഷ് സർക്കാർ' ഇന്ത്യൻ ജനതയോടായി 'ഇന്ത്യ താമസിയാതെ തന്നെ ഒരു സ്വതന്ത്രരാഷ്ട്രമായിരിക്കുമെന്നു' അറിയിച്ചിരുന്നു. 1947 ജൂൺ പതിനൊന്നാം തിയതി ഈ പ്രഖ്യാപനത്തിനെതിരായി സർ സി.പി. രാമസ്വാമി അയ്യർ, 'തിരുവിതാംകൂർ' ഇന്ത്യൻ യൂണിയനിൽ ഉൾപ്പെട്ട രാജ്യമായിരിക്കില്ലെന്നും' അറിയിച്ചു. 'തിരുവിതാംകൂർ പൂർണ്ണമായ ഭരണാധികാരങ്ങളോടെ സ്വതന്ത്രമായ ഭരണഘടനയുള്ള ഒരു രാജ്യമായിരിക്കുമെന്നും' ജനങ്ങളെ ബോധിപ്പിച്ചു. സർ സി.പി. യുടെ ഈ പ്രഖ്യാപനം രാജാവിന്റെ അനുവാദത്തോടെയായിരുന്നില്ലെന്നും അതല്ല ആയിരുന്നുവെന്നും ചരിത്രകാരുടെയിടയിൽ വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ട്. ഫെഡറിലിന് നാമമാത്രമായ അധികാരം നൽകിക്കൊണ്ട്, സംസ്ഥാനങ്ങൾക്ക് കൂടുതലധികാരമുള്ള അമേരിക്കൻ സമ്പ്രദായം രാജാവ് കാംഷിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്. പാക്കിസ്ഥാനിൽനിന്നും 'മുഹമ്മദാലി ജിന്ന' അന്ന് സി.പിയെ അനുമോദിച്ചുകൊണ്ട് ഒരു കമ്പി സന്ദേശമയച്ചിരുന്നു. ഇരുരാജ്യങ്ങളും സൗഹാർദ്ദപരമായ രാജ്യങ്ങളായി തുടരണമെന്നും ആശംസിച്ചു. പാക്കിസ്ഥാനുമായി വ്യാപാരക്കരാറുണ്ടാക്കുമെന്ന സി.പിയുടെ പ്രഖ്യാപനത്തെ അന്നുള്ള ദേശീയവാദികൾ എതിർത്തു.
ബ്രിട്ടീഷുകാരിൽ നിന്നും മോചനം നേടിയ നാട്ടു രാജ്യങ്ങളിൽ ഏറ്റവും സാംസ്ക്കാരിക നേട്ടങ്ങൾ കൈവരിച്ചവരും വിദ്യാസമ്പന്നരും പുരോഗമിച്ച രാജകീയ സംസ്ഥാനവും തിരുവിതാംകൂറായിരുന്നു. കെട്ടുറപ്പുള്ള, ആധുനികമായ ഒരു ഭരണ സംവിധാനം 'തിരുവിതാംകൂർ' എന്ന കൊച്ചു രാജ്യത്തിനുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് വിശേഷ ദിനങ്ങളിൽ ഇരുപത്തൊന്ന് ആചാരവെടികൾ കല്പിച്ചിരുന്ന കാലത്ത് തിരുവതാംകൂറിനു ആചാരാനുഷ്ഠാനങ്ങൾക്കായി പത്തൊമ്പത് ആചാര വെടികൾ വെക്കാനുള്ള അംഗീകാരമുണ്ടായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി 'ക്ലമന്റ് ആറ്റ്ലി' 1947 ഫെബ്രുവരി ഇരുപതാം തിയതി ഇന്ത്യക്ക്! ബ്രിട്ടനിൽ നിന്നും ഭരണകൈമാറ്റം ഉടൻ നല്കുന്നതായിരിക്കുമെന്നു ബ്രിട്ടന്റെ പാർലമെന്റ് ഹൌസായ 'ഹൌസ് ഓഫ് കോമൺസിനെ' അറിയിച്ചു. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിനു അധികാരം കൈമാറുന്നത് എന്തടിസ്ഥാനത്തിലെന്നു ആദ്യം ചോദ്യം ചെയ്തതും തിരുവിതാംകൂറായിരുന്നു. ഇന്ത്യയിൽ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യവും കേരളമായിരുന്നു. കേന്ദ്രീകൃത ബ്രിട്ടീഷ് സർക്കാരിനെ ചോദ്യം ചെയ്യാൻ കഴിവുള്ളവരും അന്ന് കേരളത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസത്തിലും വ്യവസായത്തിലും രാഷ്ട്രീയചിന്തകളിലും സാഹിത്യത്തിലും കലകളിലും തിരുവിതാംകൂർ ഇന്ത്യയിലെ മറ്റെല്ലാ നാട്ടുരാജ്യങ്ങളെക്കാളും വളരെ മുമ്പിലായിരുന്നു. സ്വയം ഭരണത്തോടെ രാജ്യത്തെ സിംഗപ്പൂർ മോഡലാക്കാമെന്നും സി.പി. കരുതിയിരുന്നു. ടുറിസ്റ്റ് മേഖലയായ കന്യാകുമാരിയും നാഞ്ചിനാടുമുൾപ്പെട്ട ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു അന്നത്തെ തിരുവിതാംകൂർ. ഒരു രാജ്യത്തിനുവേണ്ട എല്ലാ വിഭവങ്ങളും തിരുവിതാംകൂറിന്റെ മണ്ണിൽ ഉത്ഭാദിപ്പിക്കാൻ സാധിക്കുമായിരുന്നു. വനസമ്പത്തും തീരദേശങ്ങളും നിറഞ്ഞ അനുഗ്രഹീതമായ ഈ നാടിനെ 'കാശ്മീർ' കഴിഞ്ഞാൽ ഭൂമിയുടെ സ്വർഗ്ഗമെന്നും വിദേശികൾ വിശേഷിപ്പിക്കുമായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ വിദേശശക്തിയായ ഡച്ചുകാരെ നാവിക യുദ്ധത്തിൽക്കൂടി തോൽപ്പിച്ച ഏഷ്യയിലെ ഏകരാജ്യം തിരുവിതാംകൂറായിരുന്നു. 1920-ൽ നെഹ്‌റു തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ 'ബ്രിട്ടീഷ് ഇന്ത്യയിൽ വിദ്യാഭ്യാസ നിലവാരത്തിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന സംസ്ഥാനമാണ്' തിരുവിതാംകൂർ എന്നും പറയുകയുണ്ടായി. കോൺഗ്രസ്സും കമ്മ്യുണിസ്റ്റ് പാർട്ടിയും ഒരു പോലെ വളർന്ന സംസ്ഥാനവും തിരുവിതാംകൂറായിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന രാജ്യമായിരുന്ന തിരുവിതാംകൂറിനു വിദേശ രാജ്യങ്ങളുമായി സമുദ്രത്തിൽക്കൂടിയുള്ള വ്യവസായ ട്രാൻസ്‌പോർട് സൗകര്യങ്ങളുമുണ്ടായിരുന്നു. തിരുവിതാംകൂർ പ്രദേശങ്ങൾ അറ്റോമിക്ക് ശക്തിയ്ക്കാവശ്യമായ 'തോറിയം' നിറഞ്ഞ പ്രദേശങ്ങളുമായിരുന്നു.
തിരുവിതാംകൂർ മഹാരാജാവ് അന്ന് ദിവാൻ 'സർ സിപി രാമസ്വാമി അയ്യരുടെ' കൈകളിൽ വെറും പാവയായി മാറിയിരുന്നു. ഭരണം മുഴുവൻ നടത്തിയിരുന്നത് സി.പി. യും അമ്മറാണിയുമൊത്തായിരുന്നു. രാജാവിന്റ 'അമ്മ സേതു പാർവതി ബായ്ക്ക് സിപിയുടെ പ്രവർത്തനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ രാജാവ് പ്രായപൂർത്തിയാകും മുമ്പ് 1924 മുതൽ 1931 വരെ അവർ റീജന്റായി തിരുവിതാംകൂറിനെ ഭരിച്ചിരുന്നു. തിരുവിതാംകൂറിൽ ദിവാനായിരുന്നപ്പോൾ അമ്മറാണിയുമായി സി.പി രാമസ്വാമി അയ്യർ അവിഹിത ബന്ധങ്ങൾ പുലർത്തിയിരുന്നുവെന്ന് നാടാകെ പാട്ടായിരുന്നു! അതുകൊണ്ട് അദ്ദേഹത്തെ കൊട്ടാരത്തിലെ റാണിയുടെ 'റാസ്പുട്ടിൻ' എന്നും വിളിച്ച് പരിഹസിച്ചിരുന്നു.
ശ്രീധര മേനോനെപ്പോലുള്ള ചരിത്രകാരുടെ അഭിപ്രായത്തിൽ സ്വതന്ത്ര തിരുവിതാംകൂറിനുള്ള തീരുമാനം എടുത്തിരുന്നത് രാജാവായിരുന്നുവെന്നാണ്. സർ സി.പി. ഇന്ത്യൻ യൂണിയനോട് ചേരുവാൻ ആദ്യം എതിർത്തെങ്കിലും പിന്നീട് അദ്ദേഹം തീരുമാനത്തിനു മാറ്റം വരുത്തുകയായിരുന്നു. ഇന്ത്യൻ യൂണിയനോട് ചേരുവാനുള്ള ഒരു കത്തും തയ്യാറാക്കിയിരുന്നു. തിരുവിതാംകൂർ, ഇന്ത്യൻ യൂണിയനോട് ലയിക്കുന്ന കത്ത് അയക്കുന്നതിനുമുമ്പുതന്നെ വ്യക്തിപരമായ അദ്ദേഹത്തിനെതിരെ നടന്ന ആക്രമത്തിൽ അദ്ദേഹം മുറിവേൽക്കുകയായിരുന്നു. എന്നിരുന്നാലും തിരുവിതാംകൂർ ഇന്ത്യൻ യൂണിയനോട് ചേരുന്ന വിവരം അറിയിച്ചുകൊണ്ട് ചിത്തിര തിരുന്നാൾ മഹാരാജാവ് 'വൈസ്രോയി മൗണ്ട് ബാറ്റണ്' ടെലിഗ്രാം ചെയ്യുകയും ചെയ്തു.
1936 മുതൽ തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ സിപി ഇന്ത്യ കണ്ടതിൽ വെച്ച് സമർത്ഥനായ ഒരു ഭരണാധികാരിയായിരുന്നു. 1879 നവംബർ പന്ത്രണ്ടാം തിയതി തമിഴ്‌നാട്ടിലെ ആർക്കോട്ടിൽ അദ്ദേഹം ജനിച്ചു. അതി ബുദ്ധിമാനായ ഒരു നിയമജ്ഞനായിരുന്നു അദ്ദേഹം. രാജകീയ കാലത്ത് അദ്ദേഹം നടപ്പാക്കിയ പദ്ധതികളും പരിഷ്‌കാരങ്ങളും ഇന്നും കേരളജനത അനുഭവിക്കുന്നുവെന്നുള്ളതും യാഥാർഥ്യമാണ്. കന്യാകുമാരി മുതൽ കൊച്ചിവരെ വിസ്തൃതമായിരുന്ന തിരുവിതാംകൂറിന്റെ ആധുനിക നേട്ടങ്ങൾക്കും വളർച്ചക്കും കാരണക്കാരൻ സർ സിപി രാമസ്വാമിയെന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.
1936-ൽ ക്ഷേത്ര പ്രവേശന വിളംബരം രാജാവ് നടത്തിയെങ്കിലും അതു നടപ്പാക്കുന്നതിനുവേണ്ടി പ്രവർത്തിച്ചത് സി.പിയായിരുന്നു. പഴഞ്ചൻ ചിന്താഗതികളും യാഥാസ്ഥിതിക മനസുകളുമായിരുന്ന രാജകുടുംബങ്ങൾ ഭരിച്ചിരുന്ന തിരുവിതാംകൂറിനെ ഒരു പരിഷ്കൃത രാജ്യമായി വികസിപ്പിച്ചതും അദ്ദേഹം തന്നെ. 1940-ൽ തിരുവിതാംകൂറിലെ പ്രധാന റോഡുകൾ അദ്ദേഹം ദേശവൽക്കരിച്ചിരുന്നു. റോഡുകൾ ദേശവൽക്കരിച്ച ഇന്ത്യയിലെ ആദ്യത്തെ ഭരണാധികാരിയായിരുന്നു സി.പി. 88 കിലോമീറ്ററോളം തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ള 'ഹൈവേ' സിമന്റിട്ടത് സി.പിയായിരുന്നു. അത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു. തിരുവിതാംകുറിൽ അന്നുവരെയുണ്ടായിരുന്ന തൂക്കിക്കൊല നിർത്തൽ ചെയ്തു. പ്രായപൂർത്തിയായവർക്കുള്ള വോട്ടവകാശം നടപ്പാക്കി. തിരുവിതാംകൂറിനെ സിംഗപ്പൂർ മോഡലിൽ ഒരു ക്യാപിറ്റലിസ്റ്റ് വ്യവസായ രാജ്യമാക്കണമെന്നായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. ആലുവായിൽ ഇന്ത്യൻ അലുമിനയം കമ്പനികളെ ക്ഷണിച്ച് വ്യവസായം തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചു. കമ്പനിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ ഓഫ് ട്രാവൻകുർ ലിമിറ്റഡ് (എഫ്.എ.സി.ടി) എന്ന വിഖ്യാതമായ കമ്പനിയുടെ സ്ഥാപകൻ സി.പിയാണ്. അമോണിയം സൾഫേറ്റ് ഉണ്ടാക്കുന്ന എഫ്.എസി.ടി സ്ഥാപിച്ചത് അമേരിക്കൻ സഹകരണത്തോടെയായിരുന്നു. പുനലൂർ ഉള്ള ട്രാവൻകുർ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചതും അദ്ദേഹമാണ്. പെരുമ്പാവൂരിലെ ട്രാവൻകുർ റയോൺസ്, കുണ്ടറയിലെ അലുമിനിയം കേബിളുണ്ടാക്കുന്ന ഫാക്റ്ററി മുതലായ സംരംഭങ്ങളോടെ തിരുവിതാംകൂറിനെ ഒരു വ്യവസായ രാജ്യമാക്കണമെന്നായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.
തിരുവിതാംകൂർ യൂണിവേഴ്സിറ്റി, സ്ഥാപിച്ചതും സിപിയായിരുന്നു. പിന്നീട് ഇത് കേരള യൂണിവേഴ്സിറ്റിയായി. കലകളെയും സംഗീതത്തെയും പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം സ്വാതി തിരുന്നാൾ മ്യൂസിക്ക് അക്കാദമി സ്ഥാപിച്ചു. കർണ്ണാട്ടിക്ക് സംഗീതത്തിലെ ഇതിഹാസമായിരുന്ന 'ചെമ്മൻഗുടി'യായിരുന്നു കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പാൾ. വിദ്യാഭ്യാസ പരിഷ്‌കരണത്തിന് സർ സിപി തുനിഞ്ഞതുമൂലം അദ്ദേഹത്തെ ഒരു ക്രിസ്ത്യൻ വിരോധിയായി അന്നുള്ളവർ കണ്ടിരുന്നു. സി.പി.യുടെ വിദ്യാഭ്യാസ ബില്ലിനെതിരായ ക്രിസ്ത്യൻ സമരങ്ങൾക്കും ഒരു കണക്കില്ല. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിസ്ട്രിക്റ്റ് ജഡ്ജി 'അന്നാ ചാണ്ടി'യെ നിയമിച്ചതു സി.പിയായിരുന്നു. അതുപോലെ സി.പി. നിയമിച്ച 'മേരി പുന്നൻ ലൂക്കോസ്' ഇന്ത്യയിലെ ആദ്യത്തെ സർജൻ ജനറൽ ആയിരുന്നു. സാധുക്കളായ കുഞ്ഞുങ്ങൾക്കുവേണ്ടി അദ്ദേഹം സ്‌കൂളുകളിൽ ഉച്ച ഭക്ഷണം ഏർപ്പെടുത്തി. ക്രിസ്ത്യാനികൾ വിശ്വസിക്കുന്നപോലെ ജാതിയമായ കാഴ്ച്ചപ്പാടിൽ അദ്ദേഹത്തെ കാണുന്നതിലും സത്യമില്ല. നീതിയും ധർമ്മവും സത്യവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തിൽ തെളിഞ്ഞു നിന്നിരുന്നത്!
ആധുനിക തിരുവിതാംകൂറിന്റ ശില്പിയായിരുന്ന സർ സി.പി. രാജ്യം ഭരിക്കുന്ന കാലങ്ങളിൽ ഭൂരിഭാഗം ജനതയും അദ്ദേഹത്തെ വെറുത്തിരുന്നു. മുതലാളിത്വ ബൂർഷ്വ, ഏകാധിപതി, സാമ്രാജ്യവാദി, ക്രിസ്ത്യൻ വിരോധി, കമ്മ്യുണിസ്റ്റ് വിരോധി എന്നിങ്ങനെയെല്ലാമുള്ള വിശേഷങ്ങളിലും അദ്ദേഹം അറിയപ്പെടുന്നു. തിരുവിതാംകൂറിന്റെ ഇന്നത്തെ നിർമ്മാണങ്ങളുടെ ശില്പിയായ ഇദ്ദേഹത്തെ കൂടുതലും അറിയുന്നത് പുന്നപ്ര വയലാർ വെടിവെപ്പ് നടത്തിയ വില്ലൻ ഭരണാധികാരിയെന്ന നിലയിലാണ്. സി.പി ഒരിക്കലും പുന്നപ്ര വയലാർ ലഹളയിലെ വെടിവെപ്പിനെപ്പറ്റി പരിതപിച്ചിട്ടില്ല. വാരിക്കുന്തമായി പോലീസുകാരുടെ ജീവൻ എടുക്കാൻ പാഞ്ഞെത്തുന്ന ജനക്കൂട്ടത്തിനു നേരെ വെടിവെപ്പല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്നും ഏതൊരു ഭരണാധികാരിയാണെങ്കിലും അതേ നയംതന്നെ പിന്തുടരുമായിരുന്നുവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. കമ്മ്യുണിസ്റ്റാശയങ്ങൾക്ക് അദ്ദേഹം എതിരല്ലായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ മുതലെടുപ്പിനുവേണ്ടി കമ്മ്യുണിസ്റ്റാശയങ്ങൾ ദുർവിനിയോഗം ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിന്റെ എതിർപ്പ്. 1959-ൽ ഇ.എം.എസ് മന്ത്രിസഭയെ ഭരണഘടനയുടെ 356 വകുപ്പനുസരിച്ച് നെഹ്‌റു ഭരണകൂടം പുറത്താക്കിയപ്പോൾ അതിനെ ആദ്യം എതിർത്തത് സർ സി.പി. രാമസ്വാമി അയ്യരായിരുന്നു.
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ഏറ്റവുമധികം സൗധങ്ങളും മണിമന്ദിരങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകെട്ടിടങ്ങളും പടുത്തുയർത്തി തിരുവിതാംകൂറിനെ ആധുനിവൽക്കരിച്ച സർ സിപി യെ ആദരിക്കാനായി യാതൊരു സ്മരണാർഹമായ ചരിത്ര സ്മാരകങ്ങളും തിരുവിതാംകൂറിലില്ലായെന്നതും ഖേദകരമാണ്. തിരുവനന്തപുരം പട്ടണത്തിൽക്കൂടി സഞ്ചരിക്കുകയാണെങ്കിൽ നിരവധി സാസ്‌ക്കാരിക സ്ഥാപനങ്ങളുടെയും വിദ്യാമന്ദിരങ്ങളുടെയും സ്ഥാപനശിലകളിൽ സർ സിപി രാമസ്വാമി അയ്യരുടെ പേരും മുന്ദ്രയും പതിഞ്ഞിരിക്കുന്നതു കാണാം.
1947 ആഗസ്റ്റ് പത്തൊമ്പതാം തിയതി സി.പി. രാമസ്വാമി അയ്യർ, ദിവാൻ പദവി രാജി വെച്ചു. പകരം പി.ജി.എൻ. ഉണ്ണിത്താൻ ദിവാന്റെ പദവി ഏറ്റെടുത്തു. കാശ്മീർ പ്രശ്‍നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ 'ഇന്ത്യ' യുണൈറ്റഡ് നാഷനിൽ അവതരിപ്പിച്ചപ്പോൾ ഇന്ത്യയെ നയിക്കേണ്ട പ്രതിനിധികളുടെ നേതാവ്, സർ സി.പി. രാമസ്വാമി അയ്യരായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി വാദിക്കാൻ ഏറ്റവും കഴിവുള്ള പ്രഗത്ഭനായ നേതാവായും അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. എന്നാൽ 'സ്വതന്ത്ര തിരുവിതാംകൂർ' എന്ന ആശയമായി അദ്ദേഹം കാണിച്ച മണ്ടത്തരം മൂലം അദ്ദേഹത്തെ നയതന്ത്രപ്രതിനിധികളുടെ നേതാവാക്കാതെ രാഷ്ട്രം തഴയുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ അർഹമായ സ്ഥാനമാനങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിനു കൊടുക്കില്ലായിരുന്നു. പിന്നീട്, കുറേക്കാലം കഴിഞ്ഞ ശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി നിയമനം നൽകി. ഗവണ്മെന്റ് ഓഫ് ഇന്ത്യ അദ്ദേഹത്തെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ ആയി നിയമിച്ചു. മരണം വരെയും വ്യക്തിപരമായി ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവുമായുള്ള ബന്ധം തുടർന്നിരുന്നു. 1966 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി അദ്ദേഹം ലണ്ടനിൽ വെച്ചു മരിച്ചു.
ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കം മുതൽ തന്നെ രാജകീയ സംസ്ഥാനമായ തിരുവിതാംകൂറിനു തനതായ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ പ്രശ്നസങ്കീർണ്ണതകളിൽക്കൂടിയാണ് രാജഭരണം തുടർന്നിരുന്നത്. അക്കാലങ്ങളിൽ ഒരു നല്ല സർക്കാരിനുവേണ്ടി ഭൂരിഭാഗം രാഷ്ട്രീയ നേതാക്കന്മാരും അവരുടെ സംഘടനകളും നിലകൊണ്ടു. രാഷ്ട്രീയവകാശങ്ങൾക്കായി, തുല്യതയ്ക്കായി, മനുഷ്യാവകാശങ്ങൾക്കായി തിരുവിതാംകൂറിലെവിടെയും സമരങ്ങൾ വ്യാപിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ വിദ്യാസമ്പന്നരായ തിരുവിതാംകൂറിലെ പ്രമുഖരായവർ രാജഭരണത്തിന്റെ അസമത്വങ്ങളെ വിമർശിക്കാനാരംഭിച്ചു.
ഉന്നതമായ സർക്കാർ ഉദ്യോഗങ്ങളിലേക്ക് തമിഴ് ബ്രാഹ്‌മണരെ നിയമിക്കുന്നതിൽ തിരുവിതാകൂറിലെ ബുദ്ധിജീവികളുടെയിടയിൽ നീരസം ജ്വലിച്ചിരുന്നു. ഉയർന്ന ജോലികൾക്കും സേവനങ്ങൾക്കും യോഗ്യരായവർ തിരുവിതാംകൂറിലുണ്ടായിരുന്നെങ്കിലും സർക്കാർ അത്തരം പോസ്റ്റുകൾ തിരുവിതാംകൂറിനു വെളിയിലുള്ള ബ്രാഹ്മണർക്ക് നൽകാനിഷ്ടപ്പെട്ടിരുന്നു. പ്രതിക്ഷേധങ്ങൾ കൂടുതലും ആഞ്ഞടിച്ചത് ഈഴവരുടെ സങ്കേതങ്ങളിൽ നിന്നായിരുന്നു. സർക്കാർ ജോലികളിൽ ഈഴവർക്കും തുല്യമായ പ്രാതിനിധ്യം നൽകണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
1930-ലാണ് നിവർത്തന വിപ്ലവങ്ങൾ തിരുവിതാംകൂറിൽ ആഞ്ഞടിക്കാൻ തുടങ്ങിയത്. ശ്രീ മൂലം നിയമസഭയിലേക്ക് കരം കൊടുക്കുന്ന ഭൂവുടമകൾക്കു മാത്രമേ വോട്ടുചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഭൂവുടമകൾ കൂടുതലും സവർണ്ണ ജാതികളിൽപ്പെട്ടവരായിരുന്നു. തന്മൂലം ശ്രീമൂലം നിയമസഭ സവർണ്ണ ജാതികളായ നായന്മാരും ബ്രാഹ്മണരും നിയന്ത്രിച്ചിരുന്നു. വർണ്ണ, ജാതി വിവേചനത്തിൽ അധിഷ്ടിതമായ ഈ ജനാധിപത്യ പ്രക്രീയക്കെതിരായി നിവർത്തന പ്രക്ഷോപകർ സമരങ്ങൾ തൊടുത്തുവിട്ടിരുന്നു. പിന്നോക്ക സമുദായക്കാർക്കും തുല്യമായ പ്രാതിനിധ്യമുള്ള വോട്ടിങ്ങ് സമ്പ്രദായം നടപ്പാക്കണമെന്ന് പ്രക്ഷോപകർ ആവശ്യപ്പെട്ടു. അതുവരെ ഭരണകാര്യങ്ങളിൽ സർക്കാരുമായി സഹകരിക്കരുതെന്നും തീരുമാനമെടുത്തു.
നിലവിലുണ്ടായിരുന്ന നിയമ നിർമ്മാണത്തിലും പൊതു സേവനങ്ങളിലും ജാതി തിരിച്ചുള്ള തിരുവിതാകൂർ സർക്കാരിന്റെ വിവേചനത്തിനെതിരെ പ്രതിഷേധങ്ങൾ നാടെങ്ങും അലയടിച്ചിരുന്നു. 1888-ൽ നിയമം പ്രാബല്യത്തിൽ വന്ന കാലം മുതൽ നിയമ സാമാജികരായി തിരഞ്ഞെടുക്കുമ്പോഴെല്ലാം ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും ഈഴവർക്കും അർഹമായ പ്രാതിനിധ്യം നൽകാതെ അവരെ തഴയുന്ന നിയമ വ്യവസ്ഥിതിയായിരുന്നുണ്ടായിരുന്നത്. നിയമസഭ സാമാജികത്വവും സർക്കാർ ജോലികളും ബ്രാഹ്മണരായ സവർണ്ണർക്കും ക്ഷത്രിയർക്കും നായന്മാർക്കും മാത്രമായിരുന്നുണ്ടായിരുന്നത്. അവർ ജനസംഖ്യയിൽ ന്യൂനപക്ഷവുമായിരുന്നു. ഭൂരിഭാഗം ഹിന്ദുക്കളും ഈഴവരായിരുന്നു. മറ്റു ജാതികളിൽപ്പെട്ടവർക്കൊന്നും അവരുടെ ജനസംഖ്യയുടെ അനുപാതത്തിൽ അസംബ്ലിയിലും പൊതു ജനസേവനത്തിലും അംഗത്വം നൽകിയിരുന്നില്ല.
വസ്തുക്കൾക്ക് നികുതി കൊടുക്കുന്നതനുസരിച്ചായിരുന്നു വോട്ടവകാശത്തിന്റെ യോഗ്യത നിശ്ചയിച്ചിരുന്നത്. അക്കാലങ്ങളിൽ നികുതി കൊടുക്കുന്നവരും ഭൂവുടമകളും നായന്മാരുടെ സമൂഹങ്ങളിൽ നിന്നായിരുന്നു. അവർണ്ണർക്കും ഈഴവർക്കും മറ്റു മതന്യുന പക്ഷങ്ങൾക്കും നിയമ അസംബ്ലിയിൽ വളരെ പരിമിതമായി മാത്രമേ അംഗത്വമുണ്ടായിരുന്നുള്ളൂ. വസ്തു ഉള്ളവർക്കു മാത്രം വോട്ടവകാശമെന്ന നിയമം മാറ്റി പ്രായപൂർത്തിയായ എല്ലാവർക്കും വോട്ടവകാശം നൽകണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഓരോ മതങ്ങളുടെയും ജനസംഖ്യ അനുസരിച്ച് നിയമ നിർമ്മാണ സഭയിൽ അംഗത്വം കൊടുക്കണമെന്നും രാജകീയ സർക്കാരിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
ശ്രീമൂലം നിയമസഭയിലേക്കുള്ള വോട്ടവകാശ യോഗ്യത നേടാനായി വസ്തുവുള്ളവരും കരം കൊടുക്കുന്നവരുമായിരിക്കണമെന്ന വ്യവസ്ഥമൂലം നിയമ നിർമ്മാണസഭ നായന്മാരുടെയും ബ്രാഹ്മണരുടെയും കുത്തകയായി തീർന്നു. ഓരോ ജാതികളുടെയും ജനസംഖ്യാനുപാതമായി നിയമസഭയിൽ പ്രാതിനിധ്യം വേണമെന്നുള്ള ആവശ്യമായി രാജ്യം മുഴുവൻ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിലവിലുള്ള നിയമത്തിൽ അതൃപ്തരായ ഈഴവരും ക്രിസ്ത്യാനികളും മുസ്ലിമുകളും ഒന്നായി 'ആൾ ട്രാവൻകോർ സംയുക്ത രാഷ്ട്രീയസമിതി' എന്ന സംഘടന രൂപീകരിച്ചു. 1932-ഡിസംബർ പതിനേഴിന് തിരുവനന്തപുരത്തുള്ള എൽ.എം.എസ് ഹാളിൽ രാജാവിനു സമർപ്പിക്കാനുള്ള അവകാശങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനം തയ്യാറാക്കി. നിവേദനം യഥാസമയം രാജാവിന് സമർപ്പിക്കുകയും ചെയ്തു.
സവർണ്ണരെപ്പോലെ പിന്നോക്ക സമുദായങ്ങൾക്കും നിയമസഭയിൽ തുല്യ പ്രാതിനിധ്യം വേണമെന്നു സർക്കാരിനോടാവശ്യപ്പെട്ടുള്ള മെമ്മോറാണ്ടത്തിനു ഭരണഭാഗത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. 1933-ജനുവരി ഇരുപത്തിയഞ്ചാം തിയതി ഇതേ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ഇ.ജെ.ജോണിന്റെ അദ്ധ്യക്ഷതയിൽ വീണ്ടും യോഗം ചേർന്നു. രാജകീയ നിയമസഭയെ ബഹിഷ്‌ക്കരിക്കാനും വരുന്ന സഭായോഗങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലിമുകളും ഈഴവരും പങ്കു ചേരണ്ടാന്നും തീരുമാനിച്ചു. തിരഞ്ഞെടുപ്പുകാലങ്ങളിലും മത്സര രംഗത്ത് വരാതെ ഒഴിഞ്ഞു നിൽക്കാനും തീരുമാനിച്ചു. അങ്ങനെ പുതിയതായി രൂപീകരിച്ച നിവർത്തന സംഘടനയുടെ നിസഹകരണ പ്രസ്ഥാനത്തിൽ സാമാജികരെന്ന നിലയിൽ സി കേശവൻ, എൻ.വി ജോസഫ്, പികെ കുഞ്ഞ് എന്നിവർ നേതൃത്വം ഏറ്റെടുത്തു. എസ്.എൻ.ഡി.പി സംഘടന പ്രക്ഷോപകർക്ക് പൂർണ്ണമായ പിന്തുണയും നൽകി.
1932 ജൂലൈ മുപ്പത്തിയൊന്നാം തിയതി കൊല്ലത്ത് സി.വി.കുഞ്ഞിരാമന്റെ നേതൃത്വത്തിൽ 'ആൾ ട്രാവൻകോർ ഈഴവ ലീഗിന്റെ' യോഗം ചേരുകയും രാജഭരണത്തിന്റെ നേതൃത്വത്തിൽ വരുന്ന ഏതു തരം തിരഞ്ഞെടുപ്പുകളെയും ബഹിഷ്‌ക്കരിക്കാനും തീരുമാനിച്ചു. ഈഴവ മുസ്ലിം ക്രിസ്ത്യാനികളുടെ അവകാശങ്ങൾ അംഗീകരിക്കും വരെ സമരം മുമ്പോട്ട് കൊണ്ടുപോവാനും പദ്ധതിയിട്ടു.
രാജഭരണത്തിനെതിരായി ശക്തിയായി പോരാടിയ ഒരു യോദ്ധാവായിരുന്നു സി കേശവൻ. രാജാവിനെ ധിക്കരിച്ചു പ്രസംഗിക്കുന്നതിനാൽ പലപ്പോഴും അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തന മണ്ഡലങ്ങളിലും നിയമസഭയിലും പങ്കുചേരാതെ സമരം നാടാകെ വ്യാപിപ്പിച്ചിരുന്നു. 1935 മെയ് പതിനൊന്നാം തിയതി കോഴഞ്ചേരിയിൽ നടന്ന മീറ്റിംഗിൽ സി.കേശവൻ നടത്തിയ പ്രസംഗം പ്രകോപനം സൃഷ്ടിക്കുന്നതായിരുന്നു. സി കേശവനെ അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹ കുറ്റം ചുമത്തുകയും ചെയ്തു. അറസ്റ്റ്മൂലം സമരം കൂടുതൽ ഊർജതയോടെ ശക്തമാവുന്നതിനുമാത്രം സഹായിച്ചു. എന്തുതന്നെ സഹനങ്ങൾ സഹിക്കേണ്ടി വന്നാലും സമരം മുമ്പോട്ടു കൊണ്ടുപോവാൻ തന്നെ അതിലെ പ്രവർത്തകർ തീരുമാനിച്ചു. അവസാനം സമരമുന്നണിയുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. സർക്കാരിന് ശക്തമായ അന്നത്തെ ജനപ്രക്ഷോപത്തെ അടിച്ചമർത്താനുള്ള ശേഷിയുണ്ടായിരുന്നില്ല.
ശ്രീമൂലം നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എല്ലാ വിഭാഗങ്ങൾക്കും സുതാര്യവും തീർത്തും ജനകീയമാക്കുന്നതിനും ഒരു പബ്ലിക്ക് സർവീസ് കമ്മീഷനെ 1935-ൽ നിയമിച്ചു. സർക്കാർ ജോലികൾക്ക് കഴിവും സമുദായ പരിഗണനകൾ വെച്ചും നിയമനം നല്കുവാനായും തീരുമാനിച്ചു. താഴ്ന്ന പോസ്റ്റുകൾ സമുദായ അടിസ്ഥാനത്തിൽ വിതരണം ചെയ്യാനും തീരുമാനിച്ചു. വരുന്ന ജോലിയൊഴിവുകൾ ഓരോ സമുദായത്തിനും ക്രമം അനുസരിച്ച് മാറി മാറി (റൊട്ടേഷൻ) നൽകിയിരുന്നു. പ്രായപൂർത്തി വോട്ടവകാശം നിശ്ചയിക്കുകയും വസ്തുക്കരത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടവകാശം റദ്ദുചെയ്യുകയും ചെയ്‌തു. ഈഴവർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കുമായി റിസർവേഷൻ സീറ്റുകളും അനുവദിച്ചു. ശ്രീമൂലം സഭയിൽ നായന്മാരുടെ എണ്ണം കുറയുകയും പകരം എല്ലാ സമുദായങ്ങൾക്കും ഈഴവർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും തുല്യ പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു. 1936 നവംബർ പന്ത്രണ്ടാംതിയ്യതി മുതൽ ജാതി മത ഭേദമില്ലാതെ എല്ലാവർക്കും അമ്പല പ്രവേശനമുണ്ടെന്നുള്ള മഹാരാജാവിന്റെ പ്രഖ്യാപനം ചരിത്രത്തിന്റെ തന്നെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു.
നിവർത്തന പ്രക്ഷോപണം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം നായന്മാർക്കും മറ്റു ഉന്നത ജാതിക്കാർക്കും നിയമസഭയിലുണ്ടായിരുന്ന മേധാവിത്വം തകർത്തുവെന്നുള്ളതാണ്. അതേസമയം പിന്നോക്ക സമുദായക്കാർക്ക് അർഹമായ പ്രാതിനിധ്യം നിയമസഭയിൽ ലഭിക്കുകയും ചെയ്തു. നിവർത്തന പ്രക്ഷോപം മൂലം 'തിരുവിതാകൂർ' ഇന്ത്യയിലെ ആദ്യത്തെ ഒരു രാഷ്ട്രീയ സാമ്പത്തിക സുധാര്യതയുള്ള സംസ്ഥാനമായും അറിയപ്പെട്ടു. സർക്കാരിന് നിവർത്തന പ്രക്ഷോപകരുടെ സുധീരമായ പോരാട്ടത്തിന്റെ മുമ്പിലും ജനങ്ങളുടെ അഭിപ്രായദൃഢതയിലും പിടിവാശികളുപേക്ഷിച്ച് ഒത്തുതീർപ്പിനു കീഴടങ്ങേണ്ടി വന്നു. പ്രക്ഷോപകരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. പരിഷ്‌ക്കരിച്ച നിയമം അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് 1937 ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുകയും ചെയ്തു. ഈഴവ സാമാജികരെ എസ്എൻഡിപി യോഗവും മുസ്ലിം ക്രിസ്ത്യൻ പ്രതിനിധികളെ സംയുക്ത രാഷ്ട്രീയ കോൺഗ്രസ്സും നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. ടി.എം. വർഗീസിനെ ശ്രീ മൂലം അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയുണ്ടായി.
തിരഞ്ഞെടുപ്പിൽക്കൂടി ഈഴവർക്ക് ആദ്യമായി നിയമസഭയിൽ പ്രാതിനിധ്യം ലഭിച്ചു. നിവർത്തന പ്രക്ഷോപം ഒരു ജനകീയ മുന്നേറ്റമായിരുന്നു. അതുമൂലം ചരിത്രത്തിലാദ്യമായി താണ ജാതികളും പിന്നോക്കക്കാരും ഒന്നിക്കുന്നതിനും ഒരേ പ്ലാറ്റഫോറങ്ങൾ പങ്കിട്ടു ഒന്നിച്ചു പൊരുതാനുള്ള അവസരങ്ങൾക്കും വഴി തെളിച്ചു. അനീതിയ്‌ക്കെതിരായുള്ള ഈ പോരാട്ടത്തിൽ ഒത്തൊരുമിച്ച് വിജയം കരസ്ഥമാക്കുകയുമുണ്ടായി. സാമുദായിക രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള ഈ സമരം ഇന്ത്യയിൽ തന്നെ ആദ്യത്തെ സംഭവമായിരുന്നു. തിരുവിതാംകൂറിലല്ലാതെ ഇത്തരം സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾക്കുവേണ്ടി മറ്റൊരിടത്തും സമരം നടന്നിട്ടില്ല. ജനാധിപത്യ വോട്ടിങ്ങ് സമ്പ്രദായത്തിൽക്കൂടി വന്ന ഈ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഭരണ കാര്യങ്ങൾ നിർവ്വഹിക്കുകയുമുണ്ടായി. നായന്മാരും ഈഴവരും മറ്റെല്ലാ മതവിഭാഗങ്ങളും ഉൾപ്പെട്ട ഒരു സർക്കാരിനെ പ്രായപൂർത്തി വോട്ടവകാശ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണമെന്ന വൈകാരിക ഭാവവും ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു.
1948 മാർച്ചു ഇരുപത്തിനാലാം തിയതി പട്ടം താണുപിള്ള മുഖ്യ മന്ത്രിയായി. ടി.എം. വർഗീസും സി.കേശവനും മന്ത്രിമാരായുള്ള ആദ്യത്തെ ജനകീയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു.
തുടരും:
തിരുവിതാംകൂർ രാജവാഴ്ചക്കാലത്തെ ചരിത്ര രൂപരേഖ:
https://www.emalayalee.com/varthaFull.php?newsId=199886Maharani Sethu Lakshmi Bayi |
CP the founder of University of Kerala |
No comments:
Post a Comment