Monday, January 27, 2014

പി.സി. ജോസഫ് പടന്നമാക്കൽ

(അപ്പച്ചൻ) : ഓർമ്മക്കുറിപ്പുകൾ

July 1, 2013 at 6:20pm
    മരണം സത്യമാണ്.  ജീവിതത്തിന്റെ അവിഭാജ്യമായ ഘടകവുമാണ്.  കാലത്തിന്റെ വികൃതികൾക്കെതിരെ  ഒഴുക്കുകൾ നീന്തി അക്കര കാണുംവരെ തുഴഞ്ഞേ മതിയാവൂ. ചിലർക്ക് തുഴയാൻ ക്ഷണികങ്ങളായ നിമിഷങ്ങൾ മതിയാവും.  മറ്റു ചിലർക്കോ ‌   തുഴഞ്ഞാൽ തീരാത്ത  നാളുകളും വേണ്ടിവരുന്നു .   സമിശ്രങ്ങളായ  സുഖദുഖങ്ങൾ  ഒത്തുചേർന്ന ജീവിതം പ്രപഞ്ച  സൃഷ്ടാവിന്റെ കണക്കുപുസ്തകത്തിൽ ഉണ്ട്.     


    സുപ്രഭാതത്തിൽ എഴുന്നേറ്റപ്പോൾ കേട്ട വാർത്ത ഞങ്ങളുടെ കസ്സ്യൻ അപ്പച്ചന്റെ മരണം ആയിരുന്നു.  തുഴച്ചുലുകൾ അവസാനിപ്പിച്ച് കരകാണാകടലിനുമപ്പുറം അദ്ദേഹം  നിത്യതയിലെന്ന സത്യമായി.  ഒരു നിമിഷം ഞാൻ എന്റെ കുട്ടിക്കാലവും ഓർത്തുപോയി. 


    കുഞ്ഞായിരുന്നപ്പോൾ    അദ്ദേഹം എനിക്ക് വലിയ ഒരു മനുഷ്യനായിരുന്നു. എന്നും പ്രിയമുള്ള  ഒരു  ജേഷ്ഠസഹോദരനെപ്പോലെയും.  ഒരിക്കൽ ആ   പുഞ്ചിരി  കണ്ടവരാരും പിന്നെ ആ മനുഷ്യനെ മറക്കില്ലായിരുന്നു.   നൂറായിരം ദുഖങ്ങളുടെ കൂമ്പാരത്തിലും സ്നേഹത്തിന്റെ കൈത്തിരിയുമായി    സ്നേഹിക്കുന്നവരൊപ്പം അദ്ദേഹമെന്നുമുണ്ടായിരുന്നു. 


    ജീവൻറെ ജീവനായ  തന്റെ പൊന്നോമനമോൻ  വിധിയുടെ നീർക്കയത്തിൽ പതിനേഴാംവയസിൽ   അപകടപ്പെട്ടിട്ടും അടിപതറിയില്ല.   മക്കളും പേരമക്കളുമൊത്ത്  ജീവിതനൌകയുടെ  മുഴുവനായ നക്ഷത്രങ്ങളും എണ്ണി ഈ പവിത്രമായ പുണ്ണ്യ ഭൂമിയിൽക്കൂടി അടിപതറാതെ  യാത്രചെയ്തു. മഹനീയമായ  ആ ജീവിതം കർമ്മത്തിൽ അധിഷ്ഠിതമായിരുന്നു. .  

    അഭിമാനിക്കത്തക്ക നേട്ടങ്ങളോ വലിയ ഉദ്യോഗമോ അദ്ദേഹം  വഹിച്ചിരുന്നില്ല. എങ്കിലും ചുറ്റുമുള്ള ലോകത്തിൽ എന്നും  ബഹുമാനിതനായിരുന്നു.  പേരും പെരുമയും ആർജിച്ചിരുന്ന അന്തരിച്ച സ്വന്തം  പിതാവിന്റെ പേരിൽ പൊതുജനങ്ങൾ അദ്ദേഹത്തെയും ആദരിച്ചിരുന്നു. 


    ആർക്കുവേണ്ടിയും എപ്പോഴും ഓടിനടക്കുന്ന സ്വഭാവവും എന്തു ത്യാഗം ചെയ്യുവാനും  മടിയില്ലായിരുന്നു. കൂടപിറപ്പുകൾക്ക് എന്നും  ഉറ്റമിത്രവും.  തോട്ടം ഉടമ, കൃഷിക്കാരൻ, വ്യവസായി എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലും പ്രവർത്തിച്ചു. പരാജയമോ വിജയമോ ഒരിക്കലും അദ്ദേഹം അളന്നിരുന്നില്ല. 


    കുട്ടിക്കാലത്തെ എന്റെ ഓർമ്മകൾ ഞാനൊന്ന് ചികയട്ടെ. എത്തപ്പെടാത്ത നാളുകളിലുള്ള  ചിന്തയുടെ ലോകത്തിൽ ഒരു നിമിഷം   അദ്ദേഹമൊപ്പം സഞ്ചരിക്കുകയാണ്. ഞാൻ വളരുമ്പോൾ ഇന്ന് നിത്യതയിലായ അദ്ദേഹം അന്ന്  വളർന്നുകഴിഞ്ഞിരുന്നു.  എനിക്കുമുമ്പിൽ സുന്ദരനായ വലിയ ഒരു മനുഷ്യൻ. കുട്ടിയും കോലുംകളിയിലും ബന്ധുവീട്ടിൽ  ഓടിച്ചാടി നടക്കലിലും എനിക്കന്നു കൊതിയുള്ള കാലവും. അദ്ദേഹത്തിന്റെ അനുജന്മാരായിരുന്നു എന്റെ ചങ്ങാതികൾ. അവരുമൊത്ത് ഓടിച്ചാടി  നടക്കാൻ ഇഷ്ടമായിരുന്നു.


    ചാണ്ടിക്കുഞ്ഞും ജോർജുക്കുട്ടിയും എനിക്ക് കൂട്ടുകാരായിരുന്നു. അവരുടെ പ്രതാപവാനായ പിതാവ് പി.സി. ചാക്കോ അന്ന് തൊടുപുഴ മാർത്തോമ്മാ എസ്റ്റെറ്റിന്റെ  സുപ്രണ്ടന്റായിരുന്നു. ചുറ്റുമുള്ള തൊഴിലാളികൾ ഞങ്ങളെയും വന്ദിക്കും. അവധിക്കാലം വന്നാൽ ഞങ്ങൾ  കസ്യൻസുകൾ  താമസിച്ചിരുന്നതും  ഇവരുമൊത്തായിരുന്നു. അന്ന് കമ്പനിവക മണിമാളികയിൽ   ഞാനും അവരോടൊപ്പം കിടന്നുറങ്ങും.  സുപ്രഭാതത്തിൽ എന്നും ഒന്നിച്ച് എഴുന്നേറ്റിരുന്നു. പ്രഭാത ഭക്ഷണത്തിനുമുമ്പ്  തൊട്ടടുത്തുള്ള പുഴയിൽ തത്തിക്കളിക്കും.    കളിക്കാനും ഓടാനും  വിസ്തൃതമായ തോട്ടവും ഉണ്ടായിരുന്നു. ഓട്ടത്തിൽ എന്നും ഓടാൻ  മെലിഞ്ഞു ശോഷിച്ചിരുന്ന ഞാനായിരുന്നു മിടുക്കൻ.   



    അവധിക്കാലം തീർന്നാൽ അവരുടെ  ഇച്ചായൻ എനിക്കും പുത്തനുടുപ്പുകൾ മേടിച്ചുതന്നിരുന്നു. ഞാനും അവർക്ക്  പ്രിയപ്പെട്ടവനായിരുന്നു. അന്ന് സ്വർണ്ണനിറമുള്ള പുത്തൻ സിൽക്കുകൊണ്ടുള്ള  ജുബായും ധരിച്ച  ഏഴു വയസുകാരനായ  എന്നെ ഇന്ന് മണ്‍മറഞ്ഞ അപ്പച്ചൻ  ഒറ്റ കൈകൊണ്ടു ആകാശത്തേക്ക് പൊക്കിയുയർത്തി വട്ടം കറക്കുന്നതും ഒർമ്മയിലുണ്ട്.  അങ്ങനെയങ്ങനെ  അവരുമൊത്ത സുന്ദരമായ ഒരു കുട്ടിക്കാലം  എനിക്കുമുണ്ടായിരുന്നു.


    ആത്മാവായ അപ്പച്ചൻ ഇനി മേൽ നമ്മോടൊപ്പം ഇല്ല.  ചുറ്റുമുള്ളവർക്ക് ആയിരം തവണകൾ അങ്ങയെ ആവശ്യമുണ്ടായിരുന്നു. ഉറ്റവർ  അങ്ങേക്കുവേണ്ടി കരഞ്ഞു. സ്നേഹത്തിന്  രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അങ്ങ് ഒരിക്കലും മരിക്കില്ലായിരുന്നു. സുവർണ്ണമായ അങ്ങയുടെ ഹൃദയം നിലച്ചു. തരളപ്രഭയായ വെട്ടിതിളങ്ങുന്ന  കണ്ണുകളും അടഞ്ഞു.


    മാലാഖ വന്ന് അങ്ങയുടെ ചെവികളിൽ മന്ത്രിച്ചു. എന്റെ കൈകൾ പിടിക്കൂയെന്ന് പറഞ്ഞൂ. വരൂ, നീ ഭൂമിയിലെ ജോലി പൂർത്തിയാക്കി. ഇനിമേൽ നിന്റെ വാസസ്ഥലത്ത് കണ്ണീരില്ല, ദുഃഖങ്ങളില്ല. അവിടെ പുഞ്ചിരിയും ആഹ്ലാദവും മാത്രവും.


    പ്രകൃതിയെവിടെയും പൂവിട്ടിരിക്കുന്ന ഇന്നത്തെ വസന്തനാളിൽ   ഒരു കൊച്ചു ചിത്രശലഭം പറന്നുയരുന്നത്   ഞാൻ കണ്ടു.  ആ  ചിത്രപൂമ്പാറ്റയുടെ സ്രഷ്ടാവായ  കലാകാരനും  മനസ്സിൽ കുടികയറി. ശലഭമേ നീ എവിടുന്ന് എന്നു ഞാൻ ചോദിച്ചു. ഒരു പുഴുവായി നീ ഈ ലോകത്ത് വന്നെത്തി. നീ ആയ ചിത്രശലഭങ്ങൾ   പർവ്വതങ്ങളെയും താഴ്വരകളെയും പ്രകൃതിയെയും  പുഷ്പ്പി ച്ചു. സുന്ദരീ, നിന്നെ സൃഷ്ടിച്ചവനായ ആ കലാകാരൻ  ആരെന്നു തേടി ഞാനുമിനി  അലയട്ടെ. 


     

    Thursday, January 23, 2014

    ഭഗവത് ഗീതയുടെ ദാർശനികതയും ക്രിയാത്മക വിമർശനങ്ങളും: ഒരു പഠനം




    by  ജോസഫ് പടന്നമാക്കൽ

    മഹാഭാരതയുദ്ധത്തിൽ ശ്രീ കൃഷ്ണൻ തന്റെ ഉറ്റചങ്ങാതിയായ അർജുനന്  യുദ്ധവീര്യം നല്കുന്ന സാരോപദേശമാണ് ഗീതയിലുള്ളത്. പോർക്കളത്തിലെ ഒരു യോദ്ധാവിനുവേണ്ട ഗുണങ്ങളെയും ധർമ്മ കർമ്മ പരിത്യാഗങ്ങളെയും ഗീതയിൽ താത്ത്വികമായി വിവരിച്ചിട്ടുണ്ട്. മഹാഭാരതയുദ്ധം തുടങ്ങുന്നതിനുമുമുമ്പ്  ഭഗവാൻ ശ്രീകൃഷ്ണൻ ദുർബല ഹൃദയനായിത്തീർന്ന അർജുനനെ ക്ഷ്ത്രീയന്റെ ധർമ്മം എന്തെന്ന് ഗീതയിൽക്കൂടി ബോധവൽക്കരിക്കുകയാണ്. ഭഗവത് ഗീതയിൽ പതിനെട്ട് അദ്ധ്യായങ്ങളും 700 ശ്ലോകങ്ങളും ഉണ്ട്. മനുഷ്യന്റെ ലൗകികവും ഭൗതികവും ദാർശനീകവുമായ കടമകൾ എന്തെല്ലാമെന്ന് ശ്രീ കൃഷ്ണൻ സവിസ്തരം വിസ്തരിക്കുന്നുണ്ട്. ഒരുവനെ മുക്തിയിലേക്ക് നയിക്കാൻ ഭഗവദ്ഗീത മാത്രം മതിയാകുമെന്ന് പത്മപുരാണത്തിൽ പ്രകീർത്തിച്ചിരിക്കുന്നു.   


    മനുഷ്യമനസിനെ ഉണർത്തി ആത്മീയതയുടെ വഴി ഒരുക്കുകയെന്നതാണ് ഗീതയുടെ പരമമായ ലക്ഷ്യം. ദൈവത്തെ ഉപബോധമനസ്സില് സൃഷ്ടിക്കുകയെന്ന ധർമ്മമാണ് ഗീതയിൽ സ്പുരിക്കുന്നത്. അതിനായി ശ്രീ കൃഷ്ണൻ മൂന്നു മാർഗങ്ങളാണ് പ്രധാനമായും ഗീതയിൽക്കൂടി ഉപദേശിക്കുന്നത്. എന്താണ് മൂന്നു മാർഗങ്ങൾ?   മുക്തി നേടുവാൻ കർമ്മയോഗ, ജ്ഞാനയോഗാ, ഭക്തിയോഗ എന്നിങ്ങനെ മൂന്നുവഴികൾ ഭഗവാൻ ശ്രീ കൃഷ്ണൻ കാണിച്ചു തന്നിട്ടുണ്ട്. യോഗാമാർഗങ്ങൾ ആത്മത്തെ പരമാത്മാവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

     കർമ്മ യോഗയെന്നാൽ  സ്വന്തം പ്രവർത്തന മണ്ഡലങ്ങളിൽ കടമകൾ പാലിക്കുകയെന്നതാണ്. വേദങ്ങളിൽ വർണ്ണാശ്രമത്തിലൂടെ ഒരുവന്റെ കടമകളെ വിഭജിച്ചിരിക്കുന്നു. വർണ്ണാശ്രമ കർമ്മങ്ങളെ സൃഷ്ടിച്ചത് ഭഗവാൻ കൃഷ്ണനെന്നാണ് സങ്കൽപ്പിച്ചിരിക്കുന്നത്. മനുഷ്യന്റെ കഴിവും താത്പര്യവുമനുസരിച്ച് പ്രത്യേക വർണ്ണമായി തിരിയുന്നു. ഒരുവൻ ബ്രാഹ്മണൻ ആകാം. ബ്രാഹ്മണൻ ഗുരുവും അദ്ധ്യാപകനുമായിരിക്കും. കച്ചവടക്കാരെ വൈശ്യഗണത്തിലും ക്ഷത്രിയന്മാരെ യോദ്ധാക്കളും  ഭരണാധികാരികളായും  ശൂദ്രന്മാരെ തൊഴിലാളികളായും വർണ്ണാശ്രമത്തിൽ വേർതിരിച്ചിരിക്കുന്നു. ജീവിത
    സാഹചര്യങ്ങളനുസരിച്ച്  നാല് ആശ്രമങ്ങളാണുള്ളത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ ബ്രഹ്മചരി, വിവാഹിതനാവുമ്പോൾ ഗ്രഹസ്ഥ, ജോലിയിൽനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുമ്പോൾ വാനപ്രസ്ത,   ലൌകിക ബന്ധങ്ങൾ പര്യത്യജിച്ച് ഈശ്വരനിലേക്ക് തിരിയുമ്പോൾ സന്യാസശ്രമത്തിലെത്തും.  അങ്ങനെ യോഗയെ പിന്നെയും വേർതിരിച്ചിരിക്കുകയാണ്. വർണ്ണാശ്രമധർമ്മങ്ങൾ മനുഷ്യരുടെ പ്രവർത്തന മണ്ഡലങ്ങളും ചുമതലകളും കർത്തവ്യബോധത്തോടെ അഭിരുചിക്കനുസരിച്ചും കഴിവുകളനുസരിച്ചും അനുഷ്ടിക്കാനുള്ളതാണ്.

    ജനനംകൊണ്ടല്ല ഒരുവന്റെ വർണ്ണം നിശ്ചയിക്കുന്നതെന്നും ഗീതയുടെ വക്താക്കൾ വാദിക്കുന്നു. ഇന്ന് ഭാരതത്തിലുള്ള വർണ്ണാശ്രമ സമ്പ്രദായത്തിന് ഗീതയുടെ യാതൊരു പിന്തുണയുമില്ല. ലോകം മുഴുവൻ ഓരോവിധത്തിൽ  വർണ്ണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിച്ചിട്ടുണ്ട്. കർത്തവ്യബോധത്തോടെ സ്വന്തം ചുമതലകൾ നിർവഹിക്കുന്നവനെ ധർമ്മനിഷ്ഠനായി കണക്കാക്കുന്നു. കർമ്മങ്ങളിൽ സകർമ്മയും നിഷ്കർമ്മയുമുണ്ട്. സകർമ്മത്തിൽ അതിന്റെ ഫലം ഭൌതിക ജീവിതത്തിൽ തന്നെ ലഭിക്കുന്നു. പ്രതിഫലമില്ലാതെ കർമ്മത്തിൽ സഞ്ചരിച്ചാൽ നിഷ്കർമ്മമായി കണക്കാക്കുന്നു. ദൈവത്തിനെ പ്രീതിപ്പെടുതലാണ് നിഷ്കർമ്മത്തിൽ അനുഷ്ടിക്കേണ്ടത്. അവൻ ഭക്തിയുടെ നിലവാരത്തിൽ എത്തുകയാണ്. അവിടെ ജപമാലകളും കീർത്തനങ്ങളും വേണം. ലൌകികമായത് ത്യജിച്ച് ദ്വൈതത്തിൽ  ലയിക്കുന്നു. ഭക്തി യോഗയിൽക്കൂടി പരമാത്മാവിലേക്കുള്ള വഴി  അവിടെ തെരഞ്ഞെടുക്കുന്നു. ആ ഘട്ടത്തിൽ മനസ് മുഴുവൻ കൃഷ്ണനിൽ മുഴുകിയുമിരിക്കണം.


    ജ്ഞാനത്തിൽ ദൈവവും ആത്മാവും സമയകാലവും കർമ്മാനുഷ്ഠാനങ്ങളും പ്രകൃതിയും ഉൾപ്പെട്ടിരിക്കുന്നു. അദ്വൈത തത്ത്വചിന്തകനായ ആദിശങ്കരൻ ജ്ഞാനയോഗയ്ക്ക് പരമമായ പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. ജ്ഞാനം എന്നത് ബ്രഹ്മനെപ്പറ്റിയുള്ള അറിവാണ്. വിശിഷ്ഠാദ്വൈതത്തിന്റെ വക്താവായ രാമനുജാ ജ്ഞാനത്തെ ഭക്തിയുടെ വഴിയെ തിരിച്ചുവിടുന്നു. ഭഗവദ് ഗീതയിൽ കൃഷ്ണൻ പറയുന്നു,  ജ്ഞാനം എന്നത് ശരീരമാകുന്ന ക്ഷേത്രത്തെ മനസിലാക്കുകയെന്നതാണ്. ശരീരത്തിൽ കുടികൊള്ളുന്നത് ആത്മം ആണ്. ആത്മത്തെയും  ആത്മക്ഷേത്രത്തെയും ഒരു അതീന്ദ്രിയധ്യാനി ജ്ഞാനത്തിൽക്കൂടി കണ്ടെത്തണം. 


    മായാതത്ത്വവാദം ഗീതയിലും വേദങ്ങളിലും ഉപനിഷത്തിലും വിവരിച്ചിട്ടുണ്ട്. ഒരു പക്ഷെ സനാതന തത്ത്വചിന്തകളിൽ ഏറ്റവും വിമർശിക്കുന്നതും മായാ വാദത്തെയായിരിക്കും. 'മായ' ഒരു സംസ്കൃതപദമാണ്. 'മാ' എന്നാൽ 'ഇല്ല' എന്നും 'യാ' എന്നാൽ 'അത്' എന്നുമാണ്. വാസ്തവികമായത് 'ഇല്ലാ' യെന്നു മായാവാദികൾ പറയുമ്പോൾ യുക്തിവാദികൾക്ക്‌ ദഹിക്കില്ല. ഈ പ്രപഞ്ചം മുഴുവൻ മായയെന്നു പറയുന്നു. യുക്തിവാദികൾക്ക് അത് മനസിലാവുകയില്ല. മായാവാദിയായ ഗുരു പറയും,  സൂര്യൻ ഭൂമിയിൽ ഉദിക്കുന്നതും അസ്തമിക്കുന്നതും അനുഭവപ്പെടുന്നുവെങ്കിലും സൂര്യനിൽ നിന്നാൽ അവിടെ അസ്തമയവും ഉദയവുമില്ല. ഇക്കാണുന്ന പ്രപഞ്ചവും ബ്രഹ്മവും ആത്മത്തിലെ സത്യത്തിൽ ഉപബോധമനസ്സിൽ ഒളിഞ്ഞുകിടക്കുന്നു. അന്ധകാരത്തിൽ ചരട് പാമ്പാണെന്ന് തോന്നുന്നപോലെ, അല്ലെങ്കിൽ ഇരുട്ടിൽ ഒരു തൂണ്‍ കണ്ടാൽ പ്രേതമെന്നപോലെയാണ് മായഎന്നൊക്കെ അവരുടെ താത്ത്വികമായ ഉത്തരങ്ങളാണ്. കൃഷ്ണനില്ല, അർജുനനില്ല, കുരുക്ഷേത്രമില്ല, യുദ്ധമില്ല, ഞാനില്ല, നിങ്ങളില്ല, ബ്രഹ്മമാണ് സത്യം. 'മായ' എന്നാൽ ദൈവത്തിന്റെ സ്വപ്നമാണ്.

    ഹരേ രാമാ കൃഷ്ണക്കാർ വഴിയോരങ്ങളിൽ ഇങ്ങനെ വാ തോരാതെ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ന്യൂയോർക്ക് വേൾഡ് ട്രേഡ് സെന്റർ കൂറ്റൻ കെട്ടിടങ്ങൾ വീണസമയം ന്യൂയോർക്ക് മുഴുവൻ ജാഗ്രതയായിരുന്ന കാലങ്ങളും ഓർക്കുന്നു. ഒരിക്കൽ ഗ്രാന്റ് സെൻട്രൽ ട്രെയിൻ സ്റ്റെഷനിൽ ഞാൻ ട്രെയിൻ കാത്തു നില്ക്കവേ ഏതാനും ഹരേഭക്തരും അവരുടെ ഗുരുവും എന്നോടൊപ്പം ഉണ്ടായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന ഗുരുവിന്റെ മായാവാദത്തിന്റെ സംസാരം ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ബോംബ്‌ ഭീക്ഷണി മൈക്കിൽക്കൂടി ട്രെയിൻ റ്റെർമിനലിൽനിന്നും മുന്നറിയിപ്പായി കേട്ടത്. കേട്ടമാതിരി അന്നോടാൻ മിടുക്കനും ഹരേ ഭക്തരോടൊപ്പം അവരുടെ ഗുരുവായിരുന്നു. ബോംബിടുന്നത് മായയെങ്കിൽ ഗുരുവിനും അവിടെ നിന്നാൽ മതിയായിരുന്നല്ലോ. ആ ഗുരുവിനോട് ചോദിച്ചാൽ ഉത്തരം പറയും "ബോംബിന്റെ ഭീഷണിയുണ്ടായില്ലായെന്നും ഞാനും ശിക്ഷ്യരും' ഓടിയത് തോന്നലെന്നും അത് മായയെന്നും പറയും. ഇങ്ങനെയുള്ള അയഥാർത്ഥമായ സത്യവുമായി സ്വപ്നത്തിൽ ജീവിക്കുന്നവരാണ് മായാവാദികൾ.  

    ബൈബിളുപോലെ ഗീതയും ടെൻഷൻ അകറ്റുന്ന സിദ്ധൗഷധമായി ഭക്തജനം കരുതുന്നു. മനസ്സിൽ വരുന്ന ദുഃഖങ്ങൾ ഭഗവാന് സമർപ്പിക്കാനാണ് ഉപദേശിക്കുന്നത്. സുഖദുഖങ്ങളിൽനിന്നും ഒഴിഞ്ഞുനിന്ന് മനസിനെ ഏകാഗ്രമാക്കി ബ്രഹ്മത്തെ ധ്യാനിക്കാനും പറയും. ഭഗവത്ഗീതയെക്കാൾ മറ്റൊരു നല്ല പുസ്തകമില്ലെന്ന് പറയും. അതുപോലെ മറ്റു മതസ്ഥരും അവരുടെ മതഗ്രന്ഥമാണ് മെച്ചമെന്ന് പറയും. ഇതെല്ലാം കേട്ട് ശരിയെന്ന് വിചാരിച്ച് അന്ധമായ മതവിശ്വാസികളും ഓരോ ഗുരുക്കന്മാരുടെയും പിന്നാലെയും കാണും. 

    ഗീത ഒരു മതഗ്രന്ഥമാണ്. തങ്ങളുടെ ഗ്രന്ഥമാണ് ഏറ്റവും മികച്ചതെന്ന് ഓരോ മതവിഭാഗങ്ങളും പറയും. തത്ത്വത്തിൽ ക്രിസ്ത്യാനികളും മുസ്ലിമുകളും ബിംബാരാധാനയെ അംഗീകരിക്കുന്നില്ല. എല്ലാ മതങ്ങൾക്കും അവരുടെ വേദപുസ്തകം പവിത്രമായ ഒരു ബിംബംപോലെയാണ്. ഭഗവാൻ അല്ലെങ്കിൽ ദൈവത്തിന്റെ വാക്കുകൾ അതിന്റെയുള്ളിലുണ്ടെന്ന വാദഗതികളുന്നയിക്കും. മറ്റു പുസ്തകങ്ങളിലും സത്യമുണ്ടെന്ന്‌ പറഞ്ഞാലും മതപ്രേമി മനസിലാക്കുന്നത്‌ പൂജ്യമായിരിക്കും. സ്വന്തം മതപുസ്തകത്തെ അവഹേളിച്ചാൽ കൊല്ലാൻപോലും തയ്യാറായ മസ്തിഷക്കമാണ് മതതീവ്രത പുലർത്തു‌ന്നവരിലുള്ളത്. താത്ത്വികമായും ചിന്താപരമായും യുക്തിപരമായും ചിന്തിക്കാൻ കഴിവില്ലാതെ മതമനസുകൾ മനുഷ്യരുടെ ഹൃദയങ്ങളിൽ നെയ്തെടുത്തിരിക്കുകയാണ്. സ്വന്തം മതത്തിനെതിരായി വിമർശിക്കുന്നവരെ മതപ്രേമികൾ ശതൃക്കളായി കണക്കാക്കും.

    മനുഷ്യന്റെ ജീവിതം സുഖങ്ങളും ദുഖങ്ങളും വേദനകളുംകൊണ്ട് നിറഞ്ഞതാണ്‌. ഇതെല്ലാം ഇല്ലെന്ന് നടിച്ച് പരിത്യാഗിയായി ജീവിക്കാനാണ് സന്യാസം ഉപദേശിക്കുന്നത്. ഇത്തരം ഉപദേശങ്ങളുമായി ആൾദൈവങ്ങളും ക്രിസ്ത്യൻ പുരോഹിതരും ബാബാമാരും മുമ്പിലുണ്ട്. സർവ്വതും ത്യജിച്ച് പള്ളിക്കു കൊടുക്കൂ, ആൾ ദൈവങ്ങളുടെ കാൽക്കലർപ്പിക്കൂ, ലളിതമായ വസ്ത്രം,  ഒരു കൗപീനമെങ്കിൽ അതും മെച്ചം. ഇങ്ങനെയൊക്കെ വാതോരാതെ പ്രസംഗിച്ചുനടക്കുന്ന പരിത്യാഗികൾ തട്ടിപ്പല്ലാതെ മറ്റെന്താണ്. ഒരു കാവിവസ്ത്രമോ ഒരു പുരോഹിത കുപ്പായമോ, കൈനീട്ടിക്കൊണ്ടുവരുന്ന മെത്രാന്റെ മോതിരമോ കണ്ടാൽ  തിക്കും തിരക്കുമായി ആൾക്കൂട്ടങ്ങൾ അവർക്കുചുറ്റും സമ്മേളിക്കുന്നതു കാണാം. സന്യസ്തവും പൗരാഹിത്വവുംകൊണ്ട് സമൂഹത്തിനുള്ള നേട്ടമെന്താണ്മന്ത്രോച്ഛാരാണമായി, വേദഗ്രന്ഥങ്ങളുമായി പൊതുജനങ്ങളുടെ പരാഗമായി ഇവർ എല്ലാ മതങ്ങളിലും സമൂഹങ്ങളിലുമുണ്ട്. ഇവരെ പോറ്റുന്നതും അദ്ധ്വാനിക്കുന്ന വർഗമാണ്. അവരോടാണ് വിഡ്ഢികഥകളും യക്ഷികഥകളും പറഞ്ഞ് പറ്റിക്കുന്നത്. ആദാമിന്റെ വാരിയെല്ലിൽ നിന്നുള്ള പൊട്ടകഥകൾപോലെ പുരാണത്തിലെ കഥകളും നിരത്തി ജനത്തെ പമ്പര മഠയന്മാരുമാക്കും. ഇത് സാമൂഹിക വിരുദ്ധവും മനസിലൊരു  മനോവിഭ്രമവും അശാന്തിയും സൃഷ്ടിക്കുന്നതാണ്.


    യുദ്ധത്തിൽ പോവുന്നവർക്കും  യുദ്ധമുന്നണിയിൽ പൊരുതുന്നവർക്കും  ഗീതാപ്രഭാഷണങ്ങൾ നൽകി ആവേശഭരിതരാക്കാറുണ്ട്. ഗീതയിൽ ഭഗവാൻ ശ്രീ കൃഷ്ണൻ അർജുനനോട് ഉപദേശിക്കുന്നുണ്ട്. അർജുനാ നിനക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ജയിച്ചാൽ രാജ്യം,  തോറ്റാൽ വീരസ്വർഗം ലഭിക്കും." ഗീതയിൽ വീണ്ടും പറയുന്നു,  ഇവരെയെല്ലാം ഞാൻതന്നെ കൊന്നു. നീ ഇവരെ കൊല്ലാൻ തുനിഞ്ഞില്ലെങ്കിൽ ഇത് തന്നെ നിനക്കും വരും. യുക്തിഹീനമായി കൊല്ലുക, നശിപ്പിക്കുകയെന്നെല്ലാമാണ് ഉപദേശിക്കുന്നത്. ഭയപ്പെടുത്തിക്കൊണ്ട് അർജുനന്റെ കഴിവുകൾ അവിടെ നശിപ്പിക്കുകയാണ്.


    യഥാർഥത്തിൽ ഗീതയിലെ തത്ത്വചിന്തകൾ ബുദ്ധമതത്തിനെതിരായി ബ്രാഹ്മണർ രചിച്ചതാണ്. സനാതനത്തിലെ അഹിംസാ തത്ത്വങ്ങൾ ബ്രാഹ്മണമതം ബുദ്ധമതത്തിൽനിന്ന് പകർത്തിയെഴുതിയതുമായിരുന്നു. ഹിന്ദുമതം ആവിർഭവിക്കുന്നതിനുമുമ്പ് സനാനതനികൾ മത്സ്യമാംസം കഴിച്ചിരുന്നു. ഇന്നും കാശ്മീരി ബ്രാഹ്മണർ മാംസാഹാരികളാണ്. അശോകനും തന്റെ ബന്ധുക്കൾ യുദ്ധക്കളത്തിൽ മരിച്ചുകിടക്കുന്നതു കണ്ടപ്പോൾ അർജുനനുണ്ടായ അതേ ദുഖംതന്നെയുണ്ടായി. എന്റെ രക്തത്തെ, എന്റെ സഹോദരീ സഹോദരരെ നശിപ്പിച്ചിട്ട് താൻ എന്തിന് രാജ്യം ഭരിക്കുന്നതെന്ന് അശോകനും വിലപിക്കുന്നുണ്ട്. യുദ്ധം ജയിച്ച രാജാവ് യുദ്ധമവിടെ നിറുത്തുകയാണ്. മഹാഭാരതത്തിലെ യുദ്ധഭൂമിയിലെ വീരപുത്രനായ അർജുനൻ   എന്ന പോരാളി ബുദ്ധമതത്തിന്റെ അഹിംസാ വാദത്തെ പരിഹസിക്കാനായുള്ള സമാന്തരമായ ഒരു കഥാപാത്രമാണ്. സ്വന്തം ജനങ്ങളെ കൊന്നതിലുള്ള ദുഖവും കരുണയും ദയയുമൂലം വിവശനായ അശോകന്റെ സ്ഥാനത്ത് ഇവിടെ കൈവിറയ്ക്കുന്ന അർജുനനെ കൊണ്ടുവന്നിരിക്കുന്നു. നീ അശോകനാകാതെ ഇതൊന്നും നോക്കാതെ കൊല്ലാൻ പറയുന്ന ബ്രാഹ്മണന്റെ തത്ത്വദീക്ഷയില്ലാത്ത ചിന്തകളാണ് ഗീതയിലുള്ളത്. 


    സമാനമായ അന്നത്തെ രാഷ്ട്രീയചിന്താഗതിയിൽ ബുദ്ധമതത്തിനെതിരായ ഒരു പ്രത്യാക്രമണമാണ് ഗീതയിൽക്കൂടി ബ്രാഹ്മണമതം അവതരിപ്പിച്ചത്.  സുഖവും ദുഖവും ലാഭമായി കാണാനാണ് ഗീത ഉപദേശിക്കുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെപ്പറ്റി തെറ്റായ ധാരണയാണ് ഇത്തരം ഉപദേശങ്ങൾ. ദുഃഖം കുറയ്ക്കുകയും സന്തോഷം നേടുകയുമെന്നത് മസ്തിഷ്ക്കത്തിന്റെ അടിസ്ഥാന തത്ത്വങ്ങളാണ്. ദുഃഖംവരുമ്പോൾ ചിരിച്ചുകൊണ്ടിരിക്കാൻ സാധിക്കുന്നത് നോവലിലെയും സിനിമയിലെയും കഥാപാത്രത്തിനു മാത്രമേ സാധിക്കുകയുള്ളൂ. 


    മതമെന്ന് പറയുന്നത് ഭക്തരുടെ മസ്തിഷ്ക്കത്തിൽ അടിച്ചു കയറ്റിയിരിക്കുന്ന ഒരുതരം അഭിപ്രായമാണ്. മഹാഭാരതത്തിൽ ഭീഷ്മരും സത്യം, നീതി, രാജധർമ്മം എന്നിങ്ങനെ യുധിഷ്ഠരനോട് സംസാരിക്കുന്നുണ്ട്. വാസ്തവത്തിൽ എന്താണ് ധർമ്മം?  ധാർമ്മികമെന്നാൽ ബ്രഹ്മത്തെപ്പറ്റിയുള്ള ഗഹനമായ അറിവെന്നെല്ലാം സനാതനികൾ വിവരിക്കും. ധർമ്മം തന്നെ സദ്കർമ്മവും ദുഷ്കർമ്മവും രണ്ടുതരമാണ്. ഒരു മുക്കവൻ മത്സ്യത്തെ മുറിക്കുന്നതുപോലെ കൈവിറയ്ക്കാതെ,  മനസുപതറാതെ കൊല്ലുക, കൊല്ലുക, ശതൃക്കളെ സംഹരിക്കുക എന്നൊക്കെ ഭീഷ്മർ ധർമ്മപുത്രരോട് ഉപദേശിക്കുന്നുണ്ട്.

     ധർമ്മം ഒരിക്കലും സ്ഥായിയല്ല. ഒരിക്കൽ നായാട്ട് രാജധർമ്മമായിരുന്നു. ഇന്ന് രാജാവുമില്ല,  നായാട്ടുമില്ല. അതുപോലെ ബ്രാഹ്മണ ധർമ്മങ്ങളായ സതി, ശൈശവ വിവാഹമെല്ലാം ഇല്ലാതെയായി. അടിമത്വം ഒരിക്കൽ അംഗീകരിച്ച ധർമ്മമായിരുന്നു. ഇന്ന് അടിമയെവിടെ, അടിമയുടമയെവിടെ?   മാറു മറയ്ക്കാതെ നടക്കാനും ഈഴവ സ്ത്രീകളുടെ കടമയായിരുന്നു. മാറുന്ന ലോകത്ത് ധർമ്മം മനുഷ്യന് വഹിക്കാൻ സാധിക്കാതെയായി. ഓരോ കാലഘട്ടത്തിലും എത്തി നോക്കുകയാണെങ്കിൽ  ആചാരങ്ങളും ചിന്തകളും നിലനിർത്തുന്ന ധർമ്മങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം മാറ്റങ്ങൾക്കായി കാലംമാറിയാലും മതമെന്നും തടസം നില്ക്കുന്നതായി കാണാം. ധാർമ്മികതയെന്നു പറയുന്നത് മതത്തിന്റെ ഒരു ഭീഷണിയാണ്.


    സത്കർമ്മങ്ങളും ദുഷ്കർമ്മങ്ങളും വഴി കർമ്മത്തെ രണ്ടായി തിരിച്ചിരിക്കുന്നു. 'നിന്റെ കർമ്മം നിർവഹിക്കുകയെന്നതാണ് സത്കർമ്മത്തിലെ കാതലായ തത്ത്വം. നിലവിലുള്ള സമ്പ്രദായമനുസരിച്ച് ക്ഷത്രിയൻ ശുദ്രന്റെയൊ ബ്രാഹ്മണന്റെയോ ജോലി ചെയ്‌താൽ ദുഷ്കർമ്മമാകും. മോഷം നേടണമെങ്കിൽ ജ്ഞാനവും ഭക്തിയും വേണം. അറിവുവഴിയും മോക്ഷം പ്രാപിക്കാമെന്ന് താത്ത്വിക ആചാര്യന്മാർ പറയുന്നു. ഇതെല്ലാം മനുഷ്യനെ പറ്റിക്കാനുള്ളതാണ്. 


    ഭക്തരില്ലായിരുന്നെങ്കിൽ ഈ പുസ്തകങ്ങൾ വായിക്കാൻ മനുഷ്യരും കാണില്ലായിരുന്നു. വിവരിക്കാൻ സ്വാമിമാരും ബാബാമാരും മുള്ളാമാരും പുരോഹിതരും കാണില്ലായിരുന്നു. മതത്തിലധിഷ്ഠിതമായ രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ഭക്തരാണ്. അവരാണ് മതത്തെ നിലനിർത്തുന്നത്. കാവിവസ്ത്രമമൊ നീണ്ട കുപ്പായത്തോടുകൂടിയ കൂന്തത്തൊപ്പിയോ ധരിച്ചാൽ മാത്രമേ ജനം ഇവരെ ശ്രവിക്കുകയുള്ളൂ. എന്താണിവരുടെ യൂണിഫോമിന്റെ ശക്തിയെന്നു നോക്കൂ.


    മനുഷ്യജീവിതം സമ്മർദ്ദത്തിനടിമപ്പെട്ടതാണ്. അത് ന്യൂറോളജിക്കലെന്ന് പറഞ്ഞാൽ ഡിവൈൻകേന്ദ്രങ്ങളോ ധ്യാനഗുരുക്കളോ, ഗീതഗുരുക്കളോ സമ്മതിക്കില്ല. ഈ മതഗ്രന്ഥങ്ങൾ വായിച്ചാൽ ടെൻഷൻ മാറിക്കിട്ടുമെന്ന് മസ്തിഷ്ക്കത്തെപ്പറ്റി യാതൊരു വിവരവുമില്ലാത്തവർ പറയും. മനുഷ്യനു വേണ്ടത് വാസ്തവികങ്ങളായ കാഴ്ച്ചപ്പാടുകളാണ്. മനുഷ്യന്റെ ടെൻഷൻ സ്വപ്നം കണ്ടോ മതഗ്രന്ഥങ്ങൾ വായിച്ചോ മാറ്റാവുന്നതല്ല.


    വേദങ്ങളിൽ കാണുന്നപോലെ എങ്ങനെയാണ് മനുഷ്യനെ നാലുവർണ്ണങ്ങളായി തിരിച്ചിരിക്കുന്നത്? മനുഷ്യൻ ഭൂമിയിൽ ഉണ്ടായകാലത്ത് വിഭജിക്കപ്പെടുക അസാധ്യമാണ്. തൊഴിൽപരമായും ഗുണപരമായും മനുഷ്യനെ വർണ്ണങ്ങളായി സൃഷ്ടിക്കാൻ ഭഗവാൻ വിചാരിച്ചാലും സാധിക്കുകയില്ല. ഈ വിഭജനം നിലനിർത്താൻ കർമ്മംകൊണ്ടും സാധിക്കില്ല. ഇന്ന് അധ്യാപകനായ ഒരാൾക്ക് നാളെ കച്ചവടത്തിൽ താൽപര്യം വരാം. പിന്നെ തപസും പ്രാർത്ഥനയും മതപ്രഭാഷണവുമായി കഴിയുവാൻ തോന്നും. അപ്പോഴെല്ലാം വർണ്ണങ്ങൾ മാറിക്കൊണ്ടിരിക്കുമൊ?  വേദവ്യാസൻ ബ്രാഹ്മണനല്ലായിരുന്നു. അദ്ദേഹം ആരെയും കൊന്നിട്ടില്ല. ഗുണംകൊണ്ട് അദ്ദേഹം ബ്രാഹ്മണനുമായില്ല. ബ്രാഹ്മണനായ പരിശുരാമൻ കൊല്ലും കൊലയും  വിളിച്ച് ക്ഷത്രിയകുലത്തെ മുഴുവൻ നശിപ്പിച്ചുകൊണ്ടിരുന്നു. തനിനിറം പുറത്തിറക്കിയ ഈ ബ്രാഹ്മണന്റെ ഗുണമെവിടെ?      


    ഗുരുക്കന്മാരുടെയും മതപുരോഹിതരുടെയും മറ്റൊരുവാദം വിശുദ്ധപുസ്തകങ്ങളിലെ വചനങ്ങൾ വാച്യാർഥത്തിൽ എടുക്കരുതതെന്നാണ്. ഗഹനമായി ചിന്തിക്കാൻ കഴിവുള്ള ഒരു ഗുരുവിന്റെ സഹായത്തോടെ വിശുദ്ധ പുസ്തകങ്ങൾ വായിക്കണം. ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളെയും വഹിക്കാനുള്ള നോവയുടെ പെട്ടകവും വിശ്വാസിക്കണം. ഹൈഡ്രജൻ ബോംബു ഫാക്റ്ററിയായ സൂര്യനിൽ നിന്ന് കുന്തിയിൽ ജീവശാസ്ത്രപരമല്ലാതെ പുത്രനുണ്ടായെന്നും വിശ്വസിക്കണം. കുത്തിയിരുന്ന് ഗുരുക്കളും പുരോഹിതരും തങ്ങളുടെ പ്രൊഫഷനായ ബൈബിൾ വചനങ്ങളോ ഗീതയോ കാണാതെ പഠിച്ചുകൊണ്ടിരിക്കും. എങ്കിലല്ലേ ശ്ലോകങ്ങളോ വചനങ്ങളോ ഉരുവിടാൻ സാധിക്കുള്ളൂ. തെരുവിൽക്കൂടി നടക്കുന്ന ഉപദേശിക്കും മനപാഠമാക്കിയ വചനം നല്ലവണ്ണം പറയാൻ അറിയാം. പൊതുജനങ്ങൾക്ക് ബോധമില്ലെന്നാണ് വെപ്പ്.

    ഗാന്ധിജി ഗീത വായിച്ച് ആവേശഭരിതനായി. അതെ ഗീതതന്നെയാണ് ഗോഡ്സെ വായിച്ചത്. ഹിറ്റ്ലറിന്റെയും നാസിസത്തിന്റെയും ഉദയം ബൈബിളായിരുന്നു. ലോകത്തിലെ ഇസ്ലാമിക ഭീകരരുടെയെല്ലാം മൗലികഗ്രന്ഥം അവരുടെ മതപുസ്തകങ്ങളായിരുന്നു. ഗീതയെന്നാൽ ഒരു പടപാട്ടാണ്. ഒരു രണഗീതമെന്ന് പറയാം. ശൂദ്രൻ ഗീത വായിച്ചാൽ തിളച്ച ഇയം ചെവിയിൽ ഒഴിക്കണമെന്നു പറയുന്ന ആധുനിക സമൂഹത്തിന് മതഗ്രന്ഥങ്ങൾ ആവശ്യമില്ല. ഗീത വായിച്ച അർജുനന്റെ ഗതിയെന്തായിരുന്നു. നീ പതറരുതെന്നു പറഞ്ഞു. എന്നിട്ട് സ്ത്രീകളെപ്പോലെ പൊട്ടിക്കരഞ്ഞു. ഒരവസരത്തിൽ ധർമ്മപുത്രരുടെ നേരെ വാളെടുത്തു. ജയിച്ചവർക്ക്‌ നരകവും ദുര്യോധനന് സ്വർഗവും കിട്ടി. അത്യന്തകമായ സത്യത്തിൽ മരിച്ചുകഴിഞ്ഞ് ബ്രഹ്മത്തിൽ അലിഞ്ഞുചേരുമെന്ന് പറയുന്നു. എങ്ങനെ?   

    Ref: Prof.Ravichandran 

    Sunday, January 19, 2014

    പ്രിയപ്പെട്ട ഭാരതാംബെ നീ തെറ്റുകാരിയുടെ കൂടെയോ?


     


    by ജോസഫ് പടന്നമാക്കൽ 
     
    ന്യൂയോർക്കിലുള്ള  ഇന്ത്യാകോണ്സുലേറ്റിലെ ഡപ്യൂട്ടികോണ്സുലറായിരുന്ന ഡോ. ദേവയാനി ഖൊബ്രഗാഡെ അമേരിക്കനധികൃതരുടെ മുമ്പിൽ കുറ്റവാളിയായി അറിയപ്പെടുന്നെങ്കിലും ഇന്ത്യയിലവർ മടങ്ങിയെത്തി ഇതിനകം പ്രസിദ്ധി നേടിക്കഴിഞ്ഞു. അവർ ചുരുങ്ങിയ പ്രായത്തിനുള്ളിൽ നേടിയ നേട്ടങ്ങൾ അഭിമാനിക്കതക്കതാണ്. ഡോക്ടറായി പഠിച്ച് എം.ബി. ബി.എസ് പാസ്സായശേഷം ഐ.എഫ്.എസ്‌ നേടി വിദേശസർവിസിൽ പ്രവേശിച്ചു. ദളിതസ്ത്രീയായിരുന്നതുകൊണ്ട് ഫ്രൊഫഷൽവളർച്ച  അതിവേഗമായിരുന്നു. പിതാവും ഐ.എ.എസ്. കാരനായ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബയിൽ സകലവിധ സൌഭാഗ്യങ്ങളോടെ  അധികാരപദവികളുള്ള ഉദ്യോഗസ്ഥന്റെ മകളായി ദേവയാനി വളർന്നു. അവരുടെ അമ്മാവനും ഐ.എഫ്.എസ് കാരനായ സിവിലുദ്യോഗസ്ഥനായിരുന്നു. ദേവയാനി ഒരു പ്രഭ്വിയെപ്പോലെ ദളിത്‌ബാബുവായി ചുറ്റുമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമിടയിൽ അറിയപ്പെട്ടിരുന്നു. പേരും പെരുമയുമുള്ള സ്കൂളിൽ പഠിച്ച് എം.ബി.ബി.എസ് ബിരുദവും നേടി. ഇംഗ്ലീഷ്, ജർമ്മൻ, ഹിന്ദി, മറാട്ടി ഭാഷകൾ നല്ലവണ്ണം കൈകാര്യം ചെയ്യും.

     
    ന്യൂയോർക്കിൽ ജനിച്ച പ്രൊഫ. ആകാശ് സിംഗ് റാത്തോറിനെ വിവാഹം ചെയ്തു. ജർമ്മനിയിൽവെച്ച്  ഇരുവരും ജർമ്മൻ ഭാഷ പഠിക്കുന്ന സമയം കണ്ടുമുട്ടി. അദ്ദേഹത്തിന് തത്ത്വശാസ്ത്രത്തിൽ ഡോക്ടറെറ്റും നിയമത്തിൽ ബിരുദാനന്തര ഡിഗ്രിയുമുണ്ട്. സുന്ദരികളായ രണ്ടു കുഞ്ഞുങ്ങളുമുണ്ട്. ഉല്ലാസവേളകളിലെ യാത്രകളും, സംഗീതവും, യോഗയും, ഡാൻസും ദേവയാനിയുടെ  അഭിരുചികളാണ്. ഇങ്ങനെയെല്ലാമുള്ള കലാചാതുര്യങ്ങളിൽ നിപുണയായിരുന്ന ഈ ഐ.എഫ്.എസ് പദവിയുള്ള ഉദ്യോഗസ്ഥ ധാർമ്മികമായ പെരുമാറ്റചട്ടങ്ങളിൽ പാപ്പരായിപ്പോയി.    

     

    ദേവയാനീ ഖൊബ്രഗാഡെയും സംഗീതയുമായുള്ള കേസ് രാഷ്ട്രീയക്കളിയെന്ന് കരുതുന്നവരുണ്ട്. അവരുടെ കുടുംബം അധകൃത സമുദായത്തിൽപ്പെട്ടതാണ്. പൂർവിക കുടുംബങ്ങൾ വഴിയോരങ്ങളും തെരുവുകളും തുടച്ച് ചപ്പുചവറുകൾ നീക്കി ജീവിച്ചിരുന്നു. എന്നാൽ ദേവയാനിയും പിതൃകുടുംബവും  സമൂഹത്തിലെ അറിയപ്പെടുന്നവരും ബഹുമാനിതരുമായി. ചരിത്രാതീതകാലംമുതൽ ദളിതർ അടിച്ചമർത്തപ്പെട്ട സമുദായമായിരുന്നതുകൊണ്ട് എക്കാലവും അവരിൽ അപകർഷാബോധമുണ്ടായിരുന്നു. വികാരങ്ങളിൽ അടിമപ്പെട്ട് ദളിത് സമൂഹങ്ങളിൽ പൊട്ടിത്തെറികളുണ്ടാവുന്നതും സാധാരണമാണ്. ഇന്നവരുടെ സമുദായം രാജ്യത്തിന്റെ പതിനഞ്ചു ശതമാനം വോട്ടുബാങ്ക് നേടി സംഘിടതമായിരിക്കുന്നു. രാജ്യത്തിന്റെ ഭരണാധികാരി ആരെന്ന് നിശ്ചയിക്കാനുള്ള ശക്തിയുമുണ്ട്. ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പ് അടുത്ത മേയ്മാസത്തിലാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ ഭരണകൂടത്തിന് വിജയസാധ്യതയും വളരെക്കുറവാണ്. അമേരിക്കയുമായി ശക്തമായ ഒരു രാഷ്ട്രീയക്കളി കളിച്ചാൽ ദളിതരുടെ വോട്ട് നേടാൻ സാധിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ദളിതരിൽ ദേശീയ ഉണർവുവരുത്തി പാർട്ടിയെ രക്ഷപ്പെടുത്താമെന്നുള്ള മനോഭാവമാണ് കൊണ്‍ഗ്രസിനുള്ളത്. ഇതിന്റെ വെളിച്ചത്തിൽ ദേവയാനിയുടെ പിതാവ് ഇത്തവണ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിൽക്കാമെന്നുള്ള വാഗ്ദാനവും നല്കിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രസിദ്ധരായവരുടെ വസ്ത്രങ്ങളഴിച്ച് സുരക്ഷിതാ പരിശോധന നടത്തിയ കഥകൾ മുമ്പും ഉണ്ടായിട്ടുണ്ട്. മുൻപ്രസിഡനറ് അബ്ദുൽക്കലാമിന്റെയും ബോളിവുഡ് ആക്റ്റർ ഷരൂക്ക് ഖാന്റെയും വസ്ത്രങ്ങളഴിച്ച് അമേരിക്കയിലെ വിമാനസുരക്ഷാപരിശോധകർ പരിശോധന നടത്തിയിരുന്നു. അവർമൂലം മുസ്ലിം വോട്ടുകൾ നേടാമായിരുന്നെങ്കിലും അന്നൊന്നും ജനവികാരം ഇത്രമാത്രം ഇളകിയില്ല.    

     

    ദേവയാനി രാജ്യം വിട്ടതറിഞ്ഞയുടൻ അന്നുവരെ പ്രതികാരിക്കാതെ നിശബ്ദതയിലായിരുന്ന അവരുടെ സംഗീതയെന്ന ആയമ്മ ശബ്ദിക്കാനും തുടങ്ങി. അവർ പറയുന്നു,  “ദേവയാനിയോടൊത്തുള്ള തന്റെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു.   ഒരു സ്ത്രീ സഹിക്കാവുന്നതിലധികം അവർക്കടിമയായി ജീവിച്ചു. വീട്ടിലുള്ള ജോലി കഠിനമായിരുന്നു. ഊണും ഉറക്കവുമില്ലാതെ പണി ചെയ്യണമായിരുന്നു. ഇനിമേൽ നയതന്ത്രജ്ഞരുടെ വീട്ടുജോലിക്കായി വരുന്നവർ ചൂഷിത വലയത്തിൽപ്പെടാതിരിക്കാനും ഞാനൊരു ബലിയാടാവുകയാണ്. എന്റെ രാജ്യത്ത് മടങ്ങിപ്പോയാൽ എനിക്കിനി ജീവൻ അപകടത്തിലാകും. ഇന്ത്യയിൽനിന്ന് ആദ്യമായി യാത്ര തിരിക്കുമ്പോൾ ഏതാനും വർഷങ്ങൾ ഈ രാജ്യത്ത് ജോലിചെയ്ത് മടങ്ങിപ്പൊവണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ദരിദ്രരായ എന്റെ കുടുംബത്തെയും എനിക്ക് പുലർത്തണമായിരുന്നു. ഇത്രമാത്രം ജീവിതം അസഹ്യമായിരിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സമയമില്ലാതെയുള്ള ക്ലേശകരമായ ജോലിമൂലം ഉറങ്ങാനും ഭക്ഷണം കഴിക്കാൻപോലും നേരമില്ലായിരുന്നു. എന്റേതായ മനസിനുന്മേഷം നൽകുന്ന സ്വതന്ത്രമായ  ഒരു സമയവും തന്നിരുന്നില്ല. വീട്ടുജോലികളിൽ കഷ്ടപ്പെട്ടിരുന്ന എന്നെ നാട്ടിലേയ്ക്ക് മടക്കി അയക്കുകയെന്ന് പലതവണ കേണഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. നയതന്ത്രജ്ഞരുടെ വീടുകളിൽ ജോലിചെയ്യുന്ന എന്നെപ്പോലെ കഷ്ടപ്പെടുന്ന അനേകരുണ്ട്. അവരോടെനിക്ക് പറയാനുള്ളത് എല്ലാ അവകാശങ്ങളും ഈ രാജ്യം തരുമ്പോൾ നിങ്ങളെന്തിന് ചൂഷണം അനുവദിക്കണം? അമേരിക്കാ, അവസരങ്ങളുടെ നാടാണ്. ഈ രാജ്യത്ത് ശക്തമായ തൊഴിൽനിയമങ്ങൾ ഉണ്ട്. തൊഴിൽ ചെയ്യുന്നവരെ ചൂഷണം ചെയ്യാൻ രാജ്യം അനുവദിക്കില്ല. ലോകമാകമാനമുള്ള നയതന്ത്രജ്ഞർക്ക് എന്റെ അനുഭവങ്ങൾ പാഠമാകട്ടെ. യജമാനത്ത-തൊഴിലാളി മനൊഭാവമെന്ന അന്തരം കുറയണം.

     

    ഇന്ത്യയിലെത്തിയ ദേവയാനിയും സംസാരിക്കാൻ തുടങ്ങി. കണ്ടുമുട്ടിയ ഒരു അമേരിക്കൻ നയതന്ത്രജ്ഞനോട് ദേവയാനി പറഞ്ഞു,  “നിങ്ങൾക്ക് നല്ലൊരു സുഹൃത്ത് നഷ്ടപ്പെട്ടു. തീർച്ചയായും അത് നിർഭാഗ്യകരമാണ്. പകരം ഒരു  വേലക്കാരിയേയും കള്ളുകുടിയൻ ഡ്രൈവറെയും ലഭിച്ചു. അവർ അകത്ത് ഞങ്ങൾ പുറത്ത്. ഒരിക്കൽ ഇന്ത്യയിലെ യാഥാസ്തികരായ ബാപ്പുലോകം ദേവയാനിയുടെ പൂർവികരെപ്പറ്റിയും ഇങ്ങനെ നിന്ദിച്ചു സംസാരിച്ചിരുന്നു. ഇന്ന് അതെ നാണയത്തിൽ ദേവയാനിയെന്ന ബാപ്പുവും തൊഴിൽചെയ്യുന്നവരുടെ വർഗത്തെ ഭർത്സിക്കുന്നു. ആകാശത്തിലെ തുത്തുപക്ഷി മരത്തിന്റെ മുകളിലിരുന്ന് ചെലക്കും. ലോകം മുഴുവൻ ആ പക്ഷിയുടെ അധീനതയിലെന്ന് ചിന്തിക്കുന്നുവെന്നും തോന്നിപ്പോവും. മഹത്തായ രണ്ടുരാജ്യങ്ങൾ തമ്മിലുള്ള സൌഹാർദം ദേവയാനിയെന്ന സ്ത്രീയിൽ ഒതുങ്ങുന്നതോ?  അവർ ശബ്ദിച്ചാൽ തകരുന്ന സൗഹാർദ്ദമെങ്കിൽ നഷ്ടപ്പെടുന്നതും ഇന്ത്യക്കായിരിക്കും. ഇന്ത്യയുടെ സാമ്പത്തിക മണ്ഡലങ്ങളൊന്നാകെ നിലംപതിക്കും.

    ദേവയാനിയുടെ പിതാവ് 'ഉത്തം ഖൊബ്രഗാഡെ സംഗീതയെ സി.ഐ.ഏ.(CIA) ഏജന്റായി ചിത്രീകരിച്ചിട്ടുണ്ട്. ഉയർന്ന റാങ്കിലുണ്ടായിരുന്ന ഈ സിവിൽ ഉദ്യോഗസ്ഥന് സംഗീതയുടെ കുടുംബം ഇന്ത്യയിലായിരുന്നെങ്കിൽ കേസുകളിൽ കുടുക്കി ക്ലേശങ്ങൾ കൊടുത്ത് പീഡിപ്പിക്കാൻ സാധിക്കുമായിരുന്നു.    
     


    അമേരിക്കൻ നയതന്ത്ര കാര്യാലയത്തിൽനിന്ന് പുറത്താക്കപ്പെട്ട 'വെയിൻ മേയ്ക്കിനും  കഥകൾ പറയാനുണ്ട്. 'ഇന്ത്യയിലെ ജീവിതം ആരോഗ്യപരമല്ല. വെല്ലുവിളികൾ ധാരാളം. വെള്ളവും വായുവും മലിനമാണ്‌. പകർച്ചവ്യാധികൾ ഏതു സമയത്തും വരാം. വഴികൾ നിറയെ നിയന്ത്രണാധീതമായ വാഹനങ്ങൾമൂലം അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. തിങ്ങിനിറഞ്ഞ ജനം വസിക്കുന്ന ലോകത്ത് ജീവിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭീകരരും കുറ്റവാളികളും ആ രാജ്യത്തിന്‌ വെല്ലുവിളിയുമാണ്. ഈ നയതന്ത്രജ്ഞൻവഴി സംഗീതയുടെ ഭർത്താവിനെ അമേരിക്കയിലെത്തിക്കാൻ രഹസ്യമായി സഹായിച്ചുവെന്ന് ഇന്ത്യാ കുറ്റാരോപണം നടത്തുന്നു. ഇന്ത്യൻജനതയെ അവമാനിക്കുന്ന ഭാഷയിലാണ്  നയതന്ത്രജ്ഞൻ യാത്ര പുറപ്പെടുന്നതിനുമുമ്പ് സംസാരിച്ചത്. "സസ്യാഹാരികളായ ഇന്ത്യാക്കാർ ബലാൽസംഗത്തിനും സ്ത്രീകളെ തട്ടികൊണ്ടുപോയി ദുരുപയോഗം ചെയ്യാനും വിരുതരാണ്.  ഞങ്ങളുടെ 'പാക്കോ' നായയ്ക്ക്‌ പൂന്തോട്ടക്കാരനെക്കാ പോഷകാഹാരം ലഭിക്കുന്നകാരണം 'നായ'  അയാളേക്കാൾ കൊഴുത്തിരിക്കുന്നു." 


    നിയമക്കുരുക്കിൽനിന്നു രക്ഷപ്പെടാൻ സംഗീതയ്ക്ക് 1375 ഡോളർ മാസം കൊടുത്തിരുന്ന കണക്കുമായി ദേവയാനിയും നിയമവക്കീലന്മാരും രംഗത്തുണ്ട്. അതിന്റെകൂടെ സംഗീതയ്ക്ക് വിലകൂടിയ പെർഫ്യൂം, ടെലിവിഷൻ സെറ്റ്, ഇലക്ട്രിസിറ്റി ബില്ലുകൾ, കേബിൾ ബില്ലുകൾ എന്നിവ ദേവയാനി കൊടുത്തിരുന്നതായി അവകാശപ്പെടുന്നു. ഇങ്ങനെയുള്ള ചിലവുകൾ കണക്കിൽ വരുമ്പോൾ മിനിമം കൂലിയെക്കാൾ കൂടുതൽ വരുമെന്നാണ് അവകാശവാദം. ഉറങ്ങാനും ഊണുകഴിക്കാനും സമയംകൊടുക്കാത്ത ദേവയാനി  തന്റെ ദാസിക്ക് വിലകൂടിയ സാധനങ്ങൾ മേടിച്ചുകൊടുത്ത് ശമ്പളത്തിൽ കണക്കെഴുതിയാലുള്ള നിയമസാധുതയും മനസിലാകുന്നില്ല. ദേവയാനിക്കും ഇങ്ങനെയുള്ള വിലകൂടിയ വസ്തുക്കളിൽക്കൂടിയാണോ ശമ്പളം ലഭിച്ചിരുന്നത്. പൌരാണിക കാലഘട്ടംപോലെ പശുവും തേങ്ങയും ടീവിയും സേവനത്തിന് പകരമായി കൊടുത്തുള്ള ബാർട്ടർധനതത്ത്വ ശാസ്ത്രത്തിൽ ദേവയാനി വിശ്വസിക്കുന്നു. സംഗീതയുടെ പേ റോളിൽ (Pay Roll) ടീവി, കേബിൾ, ഇലക്ട്രിസിറ്റി എന്നൊക്കെ പൂരിപ്പിക്കാൻ സാധിക്കുമായിരുന്നൊ? ഈ തെളിവുകളുമായി കോടതിയിൽ ചെന്നാൽ ജഡ്ജി ചോദിക്കുന്ന ചോദ്യങ്ങളായിരിക്കുമെന്നും മനസിലാക്കണം. അതെല്ലാം സമ്മാനങ്ങളായി കോടതിതന്നെ കണക്കിൽക്കൊള്ളിക്കാതെ തള്ളിക്കളയാനാണ് സാധ്യതയുള്ളത്.

     
    പരസ്പരധാരണയിലുള്ള ഇന്ത്യാ അമേരിക്കാ ബന്ധത്തിൽ സമീപകാലത്തൊന്നും ഇത്രമാത്രം മുറിവുകൾ പറ്റിയിട്ടുണ്ടെന്നും തോന്നുന്നില്ല. സംഗീതയ്ക്ക് വിസായ്ക്കായി ഫയൽ ചെയ്തപ്പോൾ തെറ്റായ വിവരങ്ങൾ ദേവയാനി നല്കിയെന്നുള്ളതാണ് അവരുടെ പേരിലുള്ള കുറ്റാരോപണം. ഈ രാജ്യത്ത് നടപ്പിലുള്ള നിശ്ചിതവേതനം സംഗീതയ്ക്ക് നിഷേധിച്ചുവെന്നതും ദേവയാനിയുടെ പേരിലുള്ള കുറ്റാരോപണങ്ങളിലുണ്ട്. ഒരു വ്യക്തിയുടെ സ്വാർഥതാൽപര്യ വിഷയത്തിൽ രാജ്യങ്ങൾ തമ്മിലുള്ള മര്യാദലംഘനം ഇന്ത്യാ നടത്തുന്നതും അമേരിക്കയെ വിസ്മയിപ്പിക്കുന്നു.

    ദേവയാനി, അവരുടെ ബന്ധുക്കൾക്കെഴുതിയ ഒരു കത്ത് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. "യാതൊരു മാന്യതയും കല്പ്പിക്കാതെ എന്റെ കൈകളിൾ പലതവണകൾ കയ്യാമം വെച്ചു. വസ്ത്രങ്ങളുരിഞ്ഞ് കുറ്റവാളികളെപ്പോലെ ദേഹമാകെ പരിശോധിച്ചു. മയക്കുമരുന്നിന് അടിമപ്പെട്ടവരൊപ്പം ജയിലിലടച്ചു. എന്റെ നയതന്ത്രജ്ഞയെന്ന പദവി കണക്കാക്കിയില്ല." എന്നാൽ ജയിലധികൃതർക്ക് പറയാനുള്ളത് മറ്റൊന്നാണ്. അവർ രാജ്യത്തുള്ള നിയമം നടപ്പിലാക്കി. കുറ്റവാളികളെങ്കിലും നിയമത്തിന്റെ ചുവടുവെപ്പിൽ തുല്യനീതി അവർക്കും വേണം." യുക്തിപൂർവ്വം ചിന്തിച്ചാൽ ജയിലധികൃതരും പറഞ്ഞത് ശരിതന്നെയാണ്. അവിടെ വർണ്ണവർഗ്ഗ വിവേചനമില്ല. ഈ രാജ്യത്ത് ജാതിവ്യവസ്ഥയോ ഉദ്യോഗസ്ഥ വാരുണ്യവർഗമോയില്ല. ആശ്രിതയായ    സംഗീതയും യജമാനത്തിയായ ദേവയാനിയും അനുസരിക്കേണ്ട നിയമം ഒന്നുതന്നെയാണ്.  

     

    ഇന്ത്യൻ സമൂഹത്തിൽ വേദങ്ങളിലും പുരാണങ്ങളിലും സ്ത്രീയ്ക്ക് മാന്യത കല്പ്പിച്ചിട്ടുണ്ട്. പുരാണങ്ങൾ സ്ത്രീയെ ദൈവതുല്യമായി കല്പ്പിച്ചിരിക്കുന്നു. ഒരു സ്ത്രീയെ ബാലാല്ക്കാരം ചെയ്താലും സമൂഹത്തെ ഭയന്ന് അവർ പുറത്തുപറയുകയില്ല. പുരുഷന്റെ പീഡനങ്ങളും സ്ത്രീ ഒളിച്ചുവെയ്ക്കും. ഒളിഞ്ഞിരിക്കുന്ന കന്യകത്വത്തിന് ഇന്ത്യൻസമൂഹം വില കല്പ്പിക്കുന്നു. ഒരു സ്ത്രീയെ കുറ്റവാളിയെപ്പോലെ വസ്ത്രങ്ങളഴിച്ച് പരിശോധിച്ചപ്പോൾ ഇന്ത്യൻ സമൂഹമൊന്നാകെ വികാരങ്ങൾക്ക് കീഴ്പ്പെട്ടു. ഒരു ഇന്ത്യൻ നയതന്ത്രജ്ഞയെ പിടികൂടുന്നത് ആദ്യസംഭവമല്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മീനാ മൽഹോത്ര തന്റെ  ജോലിക്കാരിയോട്‌ ക്രൂരമായി പെരുമാറിയതിന് വലിയൊരു തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടിവന്നു. എന്നാൽ ജയിലോ, വസ്ത്രമൂരി പരിശോധനയോ ഇല്ലാത്തതിനാൽ ജനങ്ങളുടെ കയ്യേറ്റങ്ങളോ പ്രക്ഷോപണങ്ങളോ അന്നുണ്ടായില്ല.

     

    നയതന്ത്രജ്ഞയായ ഒരു സ്ത്രീയെ തന്റെ ജോലിക്കാരത്തിയ്ക്ക് വേതനം കൊടുത്തത് കുറഞ്ഞതിന്റെ പേരിൽ അറസ്റ്റ്ചെയ്ത കഥ ഇന്ത്യയിലുണ്ടാവുകയില്ല. അങ്ങനെയുള്ള സംഭവങ്ങൾ സാംസ്ക്കാരിക സാമൂഹിക കാഴ്ച്ചപ്പാടുകൾക്ക്‌ അവിടെ യോജിച്ചതായിരിക്കില്ല. ദളിതരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുകയെന്നതും സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ്. ഒരു ദിവസം പന്ത്രണ്ടുമണിക്കൂർ ജോലിയെന്ന കണക്കിൽ ആറുദിവസത്തേക്ക് ഒരു കുക്കിന്റെ ശമ്പളം 4000 രൂപ മുതൽ 10000 രൂപാ  വരെയായിരിക്കും. ഇന്ത്യയിൽ ഭക്ഷണം പാകം ചെയ്യുവാനും സ്വന്തം കാറ് ഓടിക്കാനും വ്യക്തിപരമായി ഓരോരുത്തർക്കും ജോലിക്കാർ  കാണും. എന്നാൽ അമേരിക്കയെ സംബന്ധിച്ച് അതെല്ലാം ആഡംബരങ്ങളാണ്. അമേരിക്കയിൽ ചുരുക്കം ചിലർക്കുമാത്രമേ അങ്ങനെയുള്ള ജീവിതസൌകര്യങ്ങളിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ. ജോലിക്കാരിസ്ത്രീയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചെന്ന് കേസില്ല. നിയമാനുസൃതമായ വേതനം കൊടുത്തില്ലെന്നുള്ളതാണ് കേസിനുകാരണം. അക്കാരണത്താൽ സമൂഹത്തിൽ മാന്യമായ ഒരു സ്ത്രീയെ ഇന്ത്യയിൽ ജയിലിൽ അടയ്ക്കുകയെന്നത് സംഭവിക്കാൻ സാധ്യതയില്ല. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെപ്പോലെ പ്രഭുത്വചിന്താഗതി ഒന്നാംക്ലാസ്  ഉദ്യോഗസ്ഥർ പുലർത്തുന്നതുമൂലം താഴേക്കിടയിലുള്ള ജോലിക്കാർക്ക് നീതിയും ലഭിക്കുകയില്ല. അത്തരം ഈഗോകൾ അമേരിക്കയിലെ നിലവിലുള്ള നിയമങ്ങൾക്ക് താങ്ങാൻ സാധിക്കുകയുമില്ല.

     

    ദേവയാനിയെന്ന വ്യക്തിയിൽ ആരംഭിച്ച കേസ് ഇന്ന് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര നിലവാരത്തിലെത്തി. അമേരിക്കൻ അംബാസിഡർ നാൻസിപോളിനെ വിളിച്ച് ഇന്ത്യാ പരാതി സമർപ്പിച്ചു. അവിടെ അമേരിക്കൻ എംബസ്സിക്ക് മുമ്പിലുണ്ടായിരുന്ന രക്ഷാകവചങ്ങൾ എടുത്തുകളഞ്ഞു. മദ്യം വിദേശത്തുനിന്നും ഇറക്കുമതി പാടില്ലാന്നും നിയമമുണ്ടാക്കി. ഇന്ത്യയിലെ നേതാക്കന്മാർ അമേരിക്കൻ പ്രതിനിധിസംഘത്തെ കാണാൻപോലും തയ്യാറായില്ല. സ്വവർഗരതിക്കാരായ അമേരിക്കക്കാരോട് നിയമപരമായ നടപടികളെടുക്കുമെന്നും ഇന്ത്യാ ഭീഷണിപ്പെടുത്തി. 

     

    കുറ്റവാളിയായ ദേവയാനിയുടെ കുടുംബവും അവരുടെ ചരിത്രവുമടങ്ങിയ വാർത്തകൾ മാദ്ധ്യമങ്ങൾക്ക് താൽപര്യമായിരുന്നു. ദേവയാനിയുടെ വീടും കാത്ത് കുട്ടികളെയും നോക്കി പീഡനം സഹിച്ചുജീവിച്ച സംഗീതയ്ക്കുവേണ്ടി വാദിക്കാൻ ആർക്കും താല്പര്യമില്ല. വാർത്തകളിൽ തൊഴിലാളിയായ സംഗീതയ്ക്ക് പ്രാധാന്യം കല്പ്പിക്കാതെ  അവരെ വില്ലത്തിയെപ്പോലെയാണ്  ചിത്രികരിച്ചിരിക്കുന്നത്.  ഇന്ത്യാ തെറ്റുചെയ്ത സ്ത്രീയോടൊപ്പം ന്യായവാദങ്ങളുമായി ലോകത്തിന്റെ മുമ്പിൽ പ്രഹസനം കളിക്കുകയാണ്. കൊടുക്കാനുദ്ദേശിക്കുന്ന ശമ്പളം പെരുപ്പിച്ചുകാണിച്ചും വിസാഫോമിൽ  കള്ളം പറഞ്ഞും നിയമത്തെ ലംഘിച്ചും താഴ്ന്നവേതനം നല്കിയും അടിമയെപ്പോലെ സംഗീതയെക്കൊണ്ട് പണിചെയ്യിപ്പിച്ചു. ഇങ്ങനെയെല്ലാം ഒരു സ്ത്രീയ്ക്ക് കടുംയാതനകൾ കൊടുത്ത അവരെ കുറ്റവാളിയാക്കരുതെന്ന് ഇന്ത്യസർക്കാർ ആവശ്യപ്പെടുന്നു. ആ പാവപ്പെട്ട സ്ത്രീയ്ക്കായി വാദിക്കാൻ ഇന്ത്യയിൽ ആരുമില്ലെന്നുള്ളതാണ് സത്യം. ഇന്ത്യൻ പ്രധാനമന്ത്രിപോലും കുറ്റക്കാരിയായ സ്ത്രീയ്ക്കുവേണ്ടി സംസാരിച്ചു. അത് നയതന്ത്ര വിജയത്തിനായിരുന്നുവെന്ന് സങ്കൽപ്പിക്കാം. എന്നാൽ പ്രമുഖ രാഷ്ട്രീയപർട്ടികളോ സാംസ്ക്കാരിക സ്ത്രീസംഘടനകളോ രാഷ്ട്രീയനേതൃത്വമോ സംഗീതയ്ക്കുവേണ്ടി സംസാരിക്കുന്നില്ല.  

     

    ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രതികരണം നീതികരിക്കാവുന്നതല്ല. അഴിമതിരഹിതമായ ഒരു നല്ല ഭരണത്തിനായി ഉയർന്നുവന്ന 'ആം ആദ്മി' പാർട്ടി ശക്തരായ രണ്ട് രാഷ്ട്രീയചേരികളെ പിന്തള്ളിക്കൊണ്ട് ഡൽഹിയുടെ ഭരണം പിടിച്ചുകഴിഞ്ഞു. എങ്കിൽ അഴിമതികൾ വെറുക്കുന്ന ഇന്ത്യൻജനത എന്തുകൊണ്ട് എല്ലാവിധ സൌഭാഗ്യങ്ങളോടെയും ജീവിക്കുന്ന തെറ്റുകാരിയായ ഒരു സ്ത്രീക്കൊപ്പം നില്ക്കുന്നു. അവരെയും ഒരു പൊതുകുറ്റവാളിയായി കണ്ടുകൂടെ? അധികാരത്തിലുള്ളവർ തൊഴിലാളികളെ ചൂഷണം ചെയ്യുകയെന്നത് ഇന്ത്യൻപാരമ്പര്യമാണ്. ബ്രിട്ടീഷ് വ്യവസ്ഥയുടെ അവസാനത്തെ വിഴുപ്പ് ഇന്നും ഇത്തരം സിവിൽ സർവീസ് സേവകർ ചുമക്കുന്നു. ഇന്ത്യൻനിയമം എന്നും ഒന്നാംകിട ശ്രേണിയിൽ ജീവിതം നയിക്കുന്നവരെ സംരക്ഷിക്കും. താണവരും വലിയവരുമെന്ന സാമൂഹിക കാഴ്ച്ചപ്പാടിനെ പുറംലോകം പരിഹസിക്കുകയേയുള്ളൂ. എങ്കിലും അഴിമതിക്കെതിരായ ഒരു പാർട്ടി ഇന്ത്യയിൽ ഉദയം ചെയ്തതും ആശ്വാസം നല്കുന്നുണ്ട്. ഒരു വർഷംമുമ്പ് ഡൽഹിയിലെ കൂട്ട ബലാൽസംഗത്തിനെതിരായി ആഗോളതലങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. അന്ന് ജനം ബലാൽസംഗത്തിനിരയായ സ്ത്രീയ്ക്കൊപ്പം നിന്നു. എന്നാൽ ഇന്ത്യൻജനത ഇന്ന് തെറ്റായ സ്ത്രീയോടൊപ്പം നില്ക്കുന്നു. രാജ്യം സദാചാരവിരുദ്ധമായി നീങ്ങുന്നുവെന്നല്ലെ ഇതിൽനിന്നും മനസിലാക്കേണ്ടത്.   


     
     

    കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

    ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...