കഴിഞ്ഞ ജന്മദിനത്തിൽ എന്റെ മകൻ ഒരു ‘റ്റിസോ’ വാച്ച് എനിയ്ക്കു സമ്മാനമായി തന്നിരുന്നു. സ്വിസ് കമ്പനി നിർമ്മിച്ച വാച്ചിന്റെ വില എത്രയെന്നറിയില്ല. അവൻ പറയുകയുമില്ല. വാച്ച് ഉപയോഗിക്കാത്ത ഞാൻ അവന്റെ സമ്മാനത്തിൽ ഒട്ടും താല്പര്യം പ്രകടിപ്പിച്ചില്ലായിരുന്നു. അപ്പോഴാണ് പൂർവകാല ചിന്തകളിലേക്ക് അവനെന്റെ മനസിനെ തിരിച്ചുവിട്ടത്. “'ഡാഡി, ഇത് ‘റ്റിസോ’ വാച്ചാണ്. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലങ്ങളിൽ ഡാഡിതന്നെ പറഞ്ഞിട്ടില്ലേ, ഒരു 'റ്റിസോ' വാച്ചിന്റെ കഥ. എന്റെ മുത്തച്ഛനായ ഇച്ചായന് ഒരു 'റ്റിസോ' വാച്ചുണ്ടായിരുന്ന കഥ എന്നോട് പറഞ്ഞിരുന്നു. അതേ കമ്പനിയുടെ പുതിയ വാച്ചാണിത്."
അവൻ കൊച്ചു കുട്ടിയായിരുന്നപ്പോൾ വാച്ചിന്റെ കഥ ഞാൻ പറഞ്ഞിരിക്കാമെന്നും ചിന്തിച്ചു. അതേ കമ്പനിയുടെ വാച്ച് സമ്മാനമായി തന്നപ്പോൾ എന്റെ സന്തോഷത്തിനും അന്നതിരില്ലായിരുന്നു. പതിനാറു വർഷങ്ങൾക്കുമുമ്പ് എന്റെ ഇച്ചായൻ മരിക്കുന്നസമയം വാച്ച് എങ്ങനെയോ അപ്രത്യക്ഷമായി. ഓർമ്മകളിൽ പുതുമയെന്നും തന്നിരുന്ന വാച്ച് ഇച്ചായന്റെ മരണത്തോടൊപ്പം കാണാതായതിൽ കൂടപ്പിറപ്പുകളും സങ്കടപ്പെട്ടു. കാലത്തിന്റെ ചുവരെഴുത്തിലുള്ള ചതുർകാലങ്ങളെല്ലാം തരണം ചെയ്ത കാലപ്പഴക്കമുള്ള ആ വാച്ചുണ്ടായിരുന്നെങ്കിൽ ഓർമ്മകൾക്ക് പുതമകൾ നല്കുമായിരുന്നുവെന്നും മനസ്സിലോർത്തിട്ടുണ്ട്.
“വാച്ചിന്റെ ഉച്ഛാരണം ' റ്റിസോ' യെന്നാണെങ്കിലും കുടുംബത്തിലും തലമുറകളിലും
നാടുമുഴുവനിലും നീണ്ട കാലഘട്ടത്തിലും വാച്ചിനെ ' റ്റിസോട്ടെ'ന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്നു.“
അവൻ കൊച്ചു കുട്ടിയായിരുന്നപ്പോൾ വാച്ചിന്റെ കഥ ഞാൻ പറഞ്ഞിരിക്കാമെന്നും ചിന്തിച്ചു. അതേ കമ്പനിയുടെ വാച്ച് സമ്മാനമായി തന്നപ്പോൾ എന്റെ സന്തോഷത്തിനും അന്നതിരില്ലായിരുന്നു. പതിനാറു വർഷങ്ങൾക്കുമുമ്പ് എന്റെ ഇച്ചായൻ മരിക്കുന്നസമയം വാച്ച് എങ്ങനെയോ അപ്രത്യക്ഷമായി. ഓർമ്മകളിൽ പുതുമയെന്നും തന്നിരുന്ന വാച്ച് ഇച്ചായന്റെ മരണത്തോടൊപ്പം കാണാതായതിൽ കൂടപ്പിറപ്പുകളും സങ്കടപ്പെട്ടു. കാലത്തിന്റെ ചുവരെഴുത്തിലുള്ള ചതുർകാലങ്ങളെല്ലാം തരണം ചെയ്ത കാലപ്പഴക്കമുള്ള ആ വാച്ചുണ്ടായിരുന്നെങ്കിൽ ഓർമ്മകൾക്ക് പുതമകൾ നല്കുമായിരുന്നുവെന്നും മനസ്സിലോർത്തിട്ടുണ്ട്.
ഇച്ചായൻ വിവാഹിതനാകുന്ന കാലത്തിനു മുമ്പുമുതൽ ഈ ‘‘ടിസോ’ വാച്ച് കൈയിൽ കെട്ടിയിരുന്നു. ഞാനിതു പറയുമ്പോൾ ഒരു വാച്ചിന് ഇത്രമാത്രം പ്രാധാന്യമുണ്ടോയെന്നും ചിന്തിച്ചേക്കാം. വായനക്കാരെ ഈ കഥ കേൾക്കൂ!. കേട്ടുകഴിയുമ്പോൾ ദൈവം ചുറ്റിനുമുണ്ടെന്ന് തോന്നിപ്പോവും. എനിക്കുമങ്ങനെ തോന്നുന്നു. ഒരു വാച്ച് സമുദ്രങ്ങൾ താണ്ടി സഞ്ചരിച്ച കഥയാണിത്.
1930 ന്റെ ആരംഭകാലങ്ങളിലാണ് ഇച്ചായന് വാച്ച് ലഭിച്ചതെന്ന് അനുമാനിക്കുന്നു. അന്ന് വാച്ചുള്ളവർ കാഞ്ഞിരപ്പള്ളിയിൽ വിരളമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതിയിൽ ലോകം ഞെരിപിരി കൊള്ളുന്ന കാലഘട്ടത്തിലും സ്വന്തം ജീവിത ക്ലേശങ്ങളുമായി ബുദ്ധിമുട്ടുന്ന വേളകളിലും ഉയർച്ചയിലും താഴ്ചയിലും ഇച്ചായൻ വാച്ച് നഷ്ടപ്പെടാതെ സൂക്ഷിച്ചിരുന്നു. ബ്രിട്ടനിലെ ഒരു ‘ഗോർ’ സായിപ്പ് ഈ വാച്ച് സമ്മാനമായി കൊടുത്തതാണ്. അക്കാലത്ത് കല്ലാർ, പള്ളിവാസൽ എന്നിവടങ്ങളിൽ സായിപ്പിന്റെ തോട്ടവ്യവസായങ്ങളിൽ എസ്റ്റേറ്റ് സൂപ്രണ്ടന്റായി ഇച്ചായൻ ജോലിയിലായിരുന്നു. തൊഴിലിൽ പ്രാവിണ്യം കാണിച്ചതിന് ഒരിക്കൽ സായിപ്പ് സമ്മാനമായി ഈ വാച്ച് ഇച്ചായന് കൊടുത്തു. എക്കാലവും പൊന്നുപോലെ സൂക്ഷിക്കുകയും ചെയ്തു.
എസ്റ്റേറ്റ് ജോലികൾ കളഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ ഇച്ചായൻ ബിസിനസ് നടത്തിയിരുന്ന കാലത്തും വാച്ച് പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഇടയിലും സംസാര വിഷയമായിരുന്നു. അന്നത്തെ ചെറുപ്പക്കാർ വിവാഹം കഴിക്കാൻ പോവുന്ന സമയം കൈയിൽ അണിയാൻ വാച്ച് ചോദിക്കുന്നതും ഓർമ്മിക്കുന്നു. അക്കാലത്തെ വിവാഹമുഹൂർത്തങ്ങളിൽ വരന്റെ കൈകളിൽ കടം മേടിച്ച ഈ വാച്ച് സാക്ഷിയായിട്ടുണ്ട്.
പ്രൈമറിസ്കൂളിൽ രണ്ടാംക്ലാസിൽ പഠിക്കുന്ന കാലത്ത് വീട്ടിലുണ്ടായിരുന്ന നാല്പ്പത് പവൻ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഉറങ്ങിക്കിടന്ന സമയത്ത് കളവുപോയതും ഒർമ്മിക്കുന്നു. ബാലനായിരുന്ന എന്റെ നിക്കറു മുറിച്ച് സ്വർണ്ണരഞ്ഞാണവും അന്ന് കൊണ്ടുപോയി. ഓടിയവഴി കള്ളന്റെ കൈവശത്തുനിന്നും ചോർന്നു പോയ വാച്ച് എഴുവയസുകാരനായ എനിക്ക് തോട്ടിൻ കരയില്നിന്നു കിട്ടിയതും നേരിയ ഓർമ്മയിലുണ്ട്. കൂടെകൂടെ വാച്ച് കിട്ടിയ കഥ ഇച്ചായൻ ഓർമ്മിപ്പിക്കുമ്പോൾ ഞാനെന്നും അഭിമാനിക്കുമായിരുന്നു. സാമ്പത്തിക പ്രയാസമുണ്ടായ കാലങ്ങളിൽ വാച്ച് വില്ക്കാനായി ശ്രമിച്ചു. മേടിക്കുന്നയാൾ മാർക്കറ്റു വിലയേക്കാൾ വിലകുറച്ചു പറഞ്ഞതുകൊണ്ട് അന്ന് വിൽപ്പനയുണ്ടായില്ല. മറ്റൊരുതവണ ഇച്ചായന്റെ പക്കല്നിന്നും വാച്ച് കൈമോശം വന്നു. ആ വർഷം കിണറ്റിലെ വെള്ളംതേകുന്ന സമയം വീണ്ടും വാച്ച് കിട്ടി. കൂട്ടുകാരുമൊത്ത് കിണറ്റിൻ കരയിലിരുന്ന് സല്ലപിച്ച സമയത്തായിരുന്നു എങ്ങനെയോ വർഷകാലത്തിലെ നിലയില്ലാകിണറ്റിൽ വാച്ച് വീണുപോയത്. മൂന്നുനാല് മാസങ്ങൾ വെള്ളത്തിനടിയിൽ കിടന്നിട്ടും യാതൊരു തകരാറും സംഭവിച്ചില്ലന്നുള്ളതും വിസ്മയകരമായിരുന്നു. ഒരിക്കൽ ഒരു പാർട്ടിയിൽ കൂട്ടുകാരുമൊത്ത് ബെറ്റുവെച്ചുകൊണ്ട് ഈ വാച്ചുൾപ്പടെ അനേക വാച്ചുകൾ ഇച്ചായൻ മൂന്നുമണിക്കൂറോളം വെള്ളത്തിലിട്ടു. വെള്ളത്തിൽനിന്നും പുറത്തെടുത്ത വാച്ചുകളിൽ യാതൊരു കുഴപ്പവുമില്ലാതെ, വെള്ളം കേറാതെ സുരക്ഷിതമായിരുന്നതും ഈ വാച്ച് മാത്രമായിരുന്നു.
അക്കാലങ്ങളിൽ പുരയ്ക്കുചുറ്റും പീക്കരി പിള്ളേർ കളിക്കാൻ വരുമായിരുന്നു. ഞാനും അവരോടൊപ്പം കളിച്ചിരുന്നു. പാഠപുസ്തകത്തിലെ ‘മുൻവരി പല്ല് പൊപ്പോയ ഗാന്ധിയപ്പൂപ്പന്റെ’ പദ്യവും ഉരുവിടുന്നതു ഓർമ്മയുണ്ട്. മുണ്ടുമുടുത്ത് തോളിലൊരു തോർത്തും ചുറ്റി ഇച്ചായന്റെ കണ്ണടയും വെച്ച് ‘‘ടിസോ’ വാച്ചും കെട്ടി മുത്തച്ഛന്റെ വടിയും പിടിച്ചു് ഒരിക്കൽ ഗാന്ധിയപ്പൂപ്പനായി ഞാൻ വീടിനു ചുറ്റും നടന്നു. കൂട്ടുകാരുമൊത്ത് പാട്ടും പാടിക്കൊണ്ട് വീടിനകത്തൊരുത്സവമാക്കിയതും ഓർമ്മിക്കുന്നു. ഗാന്ധിജി വിദേശ വസ്തുക്കളെ ബഹിഷ്ക്കരിച്ചിരുന്നുവെന്ന ചരിത്രബോധം എനിക്കന്നില്ലായിരുന്നു.
രണ്ടായിരത്തി പതിനാലിന്റെ പുതുദിനത്തിൽ എന്റെ കസ്യൻ തങ്കച്ചൻ കാനഡയിൽനിന്ന് എന്നെ വിളിച്ചു പറഞ്ഞു, "ജോസുകുട്ടി താങ്കൾക്ക് എന്റെ നവവത്സര മംഗളങ്ങൾ. ഞാൻ ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ. ഇതെന്റെ പുതുവർഷ സമ്മാനമായും കരുതിക്കോളൂ. ജോസുകുട്ടിയുടെ ഇച്ചായൻ മത്തായ്പാപ്പൻ ദീർഘകാലം കൈകളിൽ അണിഞ്ഞിരുന്ന റ്റിസോട്ട് (‘റ്റിസോ’) വാച്ച് ഇത്തവണ നാട്ടിൽ പോയപ്പോൾ മലബാറിലെ ഉള്പ്രദേശത്ത് താമസിക്കുന്ന വൃദ്ധനും രോഗിയുമായ ഒരു ഗ്രാമീണൻ എന്റെ കൈവശം തന്നു. എന്നിട്ട് അമേരിക്കയിൽ താമസിക്കുന്ന ജോസുകുട്ടിയെ എല്പ്പിക്കാൻ പറഞ്ഞു. ഒന്നിച്ച് മദ്യം കഴിക്കുന്ന വേളയിൽ ഇച്ചായൻ ഈ വാച്ച് അദ്ദേഹത്തിന് ദാനമായി കൊടുത്തതാണെന്നും പറഞ്ഞു. ഞാനിന്ന് ആ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്നു. വാച്ച് കൈവശം വെച്ചിരുന്നത് ആരെന്ന് ഞാൻ പറയില്ല.”
അന്നുവരെ വാച്ച് എവിടെയെന്ന് ആർക്കും അറിയത്തില്ലായിരുന്നു. എന്തുവിലയും കൊടുത്ത് തിരികേ മേടിക്കാൻ തയാറായിരുന്ന മരിച്ചുപോയ ചേട്ടനെയും ഓർക്കുന്നു. ചേട്ടനും ഈ വാച്ച് ഒരു വർഷത്തോളം കൈയിൽകെട്ടി അവസാന കാലങ്ങളിൽ ഇച്ചായനെ തിരികെയേൽപ്പിച്ചിരുന്നു. അഞ്ചു മക്കളും നോട്ടമിട്ടിരുന്ന ഒരു വാച്ച് മറ്റൊരാൾക്ക് മരിക്കുന്ന വേളയിൽ സമ്മാനമായി നൽകിയെന്നുള്ളതും വിചിത്രംതന്നെ.
എനിയ്ക്കുശേഷം വാച്ചിന്റെയവകാശി ആരെന്ന ചോദ്യവും ഇന്നെന്റെ മകൾ ചോദിച്ചു. അവകാശി എന്റെ മകനെന്നും സൂക്ഷിക്കേണ്ടത് എന്റെ മകളെന്നും ഉത്തരം കൊടുത്തു. സ്മരണീയമായ പഴം വസ്തുക്കൾ സൂക്ഷിക്കാൻ കഴിവുള്ളത് അവൾക്കാണ്. വാച്ചേ, നിനക്കിനി നാഥനില്ലാതാവരുത്. എന്റെ നാളുകളിൽ നിന്നെ ഞാനിനി കൈവിടില്ല.
ഇന്നേക്ക് പതിനാറ് വർഷങ്ങൾക്കുമുമ്പ് ഇച്ചായൻ ലോകത്തോട് യാത്ര പറഞ്ഞു. ഞാൻ അന്നവിടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കണ്ണടഞ്ഞ നിമിഷങ്ങൾ കാണാഞ്ഞതിലും സന്തോഷിക്കുന്നു. എന്നെ സംബന്ധീച്ച് അത് കഠിനമാണ്. കാരണം, ഞാനെന്നും വെള്ളം നിറച്ച അടച്ചുവെച്ച ഒരു കുപ്പിപോലെയായിരുന്നു. ദുഖത്തിൽ നമിച്ച എന്റെ പൈതൃക നിമിഷങ്ങളെ മധുരിക്കുന്ന എന്റെ ഓർമ്മകളായി കാലം ഇന്നും മനസ്സിൽ അയവിറക്കിക്കൊണ്ടിരിക്കുന്നു. വാച്ചേ, നിന്റെ ഘടികാരശബ്ദവും എന്റെ വൈകാരിക സ്ഫുന്ദനങ്ങളും ഇനിമേൽ ഒന്നായി അഭിജ്ഞാനതരംഗങ്ങളായി ഓർമ്മകുറിപ്പുകളിലൂടെ തലമുറകൾ സാക്ഷ്യം വഹിക്കട്ടെയെന്നും കാംക്ഷിക്കുന്നു.
No comments:
Post a Comment