'അടുത്ത തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് ജയിക്കുകയാണെങ്കിലും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തുടരുകയില്ലെന്ന്’ മൻമോഹൻ സിംഗ് പത്രലേഖകരോടായി ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ഗുജറാത്തിലെ കൂട്ടക്കൊലകൾക്ക് ഉത്തരവാദിയായ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാൽ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങു'മെന്നും മൻമോഹൻ സിംഗ് മുന്നറിയിപ്പു നല്കി. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ്സിനുണ്ടായ
പരാജയകാരണങ്ങളായിരിക്കാം
ശ്രീ മൻമോഹനെ പ്രധാനമന്ത്രിപദം വേണ്ടെന്നുവെക്കാൻ പ്രേരിപ്പിച്ചത്. ലോകം അറിയപ്പെടുന്ന ഈ ധനതത്ത്വ
ശാസ്ത്രജ്ഞൻ 2004- ൽ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിലെത്തിയത് തികച്ചും
അവിചാരിതമായിട്ടായിരുന്നു. അടുത്ത കാലത്ത് അഴിമതികൾ നിറഞ്ഞിരിക്കുന്ന ഭരണംകൊണ്ട്
അദ്ദേഹത്തിന്റെ പേരിന് കളങ്കവുമുണ്ടായി. ആധുനികതയുടെ പാതയിലേക്ക് ഇന്ത്യയെ വഴിയൊരുക്കിയ
മൻമോഹൻ സിംഗിനെ വിമർശകർ പരാജിതനായിട്ടാണ് ഇന്ന് വിലയിരുത്തുന്നത്. നെഹ്രുവംശത്തിലെ
പിന്തുടർച്ചക്കാരനായ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനവും വീണ്ടും
പ്രധാനമന്ത്രിയാകാനുള്ള സാധ്യതകൾക്കു മങ്ങലേറ്റു. ശത്രുക്കൾക്കുപോലും
വിശ്വസിക്കാവുന്ന സത്യസന്ധനായ മൻമോഹൻ സിംഗ് ഇന്ന് സാമ്പത്തിക തകർച്ചയുടെയും
രാജ്യമാകെയുള്ള അഴിമതിയുടെപേരിലും ബഹുജന പ്രക്ഷൊപണങ്ങളെ നേരിടുന്നു. ഒരിക്കൽ
ലോകത്തിലെ ശക്തനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച ലോകമാദ്ധ്യമങ്ങൾ ഇപ്പോൾ കരുതുന്നത്
അദ്ദേഹത്തെ ബലഹീനനായ പ്രധാന മന്ത്രിയെന്നാണ്. അദ്ദേഹത്തിനുശേഷം പ്രധാനമന്ത്രിയാരെന്ന്
പ്രവചനങ്ങൾക്കു പോലും തീരുമാനിക്കാൻ സാധിക്കില്ല. അർഹനും പ്രാപ്തിയുമുള്ള
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ കോണ്ഗ്രസ് പരിഗണിക്കുന്നു.
രാഹുലും പ്രധാനമന്ത്രി മോഹവും:
ഒരു ബില്ലിയനിലധികം (1.2) ജനങ്ങൾ വസിക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യാരാജ്യത്തെ നയിക്കാൻ ചെറുപ്രായംമുതൽ പരിശീലനം നേടിവന്ന രാഹുൽ ഗാന്ധി എന്തുകൊണ്ടും പ്രാപ്തനായ ഒരു നേതാവാണ്. മുതുമുത്തശ്ശനെയോ മുത്തശ്ശിയേയോ സ്വന്തം പിതാവിനെയോ ആരെ അദ്ദേഹം പിന്തുടരുമെന്നും വ്യക്തമല്ല. പേരിന്റെകൂടെ ഗാന്ധിയെന്ന പേരുള്ളതും വോട്ട് ബാങ്കിന് സഹായകമാണ്. മൻമോഹൻ സിംഗ് തന്റെ സ്ഥാനത്ത് 43 കാരനായ രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി കാണുന്നു. ക്യാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനം പലപ്പോഴും രാഹുലിന് നിർദ്ദേശിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. 128 വർഷം പഴക്കമുള്ള കോണ്ഗ്രസ്സ് പാർട്ടിയെ അമ്മയുടെയൊപ്പം നയിക്കാൻ രാഹുലെന്നും താല്പര്യപ്പെട്ടിരുന്നു.
അധികാരക്കസേരയിൽ
ഇരിക്കാനുള്ള ശക്തിയും, പൌരുഷവും സാമർദ്ധ്യവും രാഹൂലിനുണ്ട്. ഭാരതത്തെ നയിക്കാനുള്ള
കാഴ്ചപ്പാടും കഴിവുമുണ്ട്. അദ്ദേഹത്തിന് ഭരണപാടവത്തിൽ പരിചയമില്ലെന്നുള്ള വാദവും
ശരിയല്ല. ജനിച്ചപ്പോൾമുതൽ രാഷ്ട്രീയപാരമ്പര്യം രാഹുലിന്റെ രക്തത്തിൽ
അലിഞ്ഞുചേർന്നിട്ടുണ്ട്. എക്കാലവും മൻമോഹൻ സിംഗിന് രാഹുലിനെപ്പറ്റി നല്ല
മതിപ്പായിരുന്നു. അദ്ദേഹം എന്നും പറയും "രാഹുൽ ഭരണത്തിലുണ്ടായിരുന്നെങ്കിൽ
നിലവിലുള്ള കേന്ദ്രഭരണം ശക്തമാകുമായിരുന്നു. അദ്ദേഹത്തിന് മന്ത്രിപദത്തെക്കാൾ
പാർട്ടി പ്രവർത്തനങ്ങളിലായിരുന്നു താത്പര്യം." അതിർത്തി പ്രശ്നങ്ങളിലോ
തെക്കേഇന്ത്യയിൽ പുതിയ സംസ്ഥാനമുണ്ടാക്കുന്നതിലോ താത്പര്യം കാണിച്ചിട്ടില്ല.
എന്നാൽ കുറ്റവാളികളായ പാർലമെന്റ് അംഗങ്ങൾക്ക് അംഗത്വം തുടരാമെന്ന് ക്യാബിനറ്റ്
തീരുമാനിച്ചപ്പോൾ അതിനെതിരായി രാഹൂൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയതും ചരിത്ര
മുഹൂർത്തമായിരുന്നു.
രാഹുലിന്റെ
വികാരപരമായ ഒരു പ്രസംഗത്തിന് ഇന്ത്യയിലെ വാർത്താ മീഡിയാകൾ അമിതപ്രാധാന്യം
കല്പ്പിച്ചിരുന്നു. ഒരു പക്ഷെ ഇന്ത്യയുടെ ഗ്രാമീണ ജനതകളുടെ മനസ് പിടിച്ചെടുക്കുവാൻ
അത്തരം പ്രസംഗം പ്രയോജനപ്പെട്ടേക്കാം. തന്റെ പിതാവ് രാജീവ് ഗാന്ധിയുടെയും മുത്തശി
ഇന്ദിരയുടെയും അതിക്രൂരമായ വധത്തെപ്പറ്റി രാഹുൽ രാജസ്ഥാനിലെ ഒരു റാലിയിൽ ഹൃദയ
സ്പർശമായി സംസാരിച്ചു. "ഞാനും നാളെ വെറുപ്പിന്റെ രാഷ്ട്രീയത്തിൽ ഇരയായേക്കാം.
എന്റെ മുത്തശി ഇന്ദിരയെപ്പോലെയും അച്ഛൻ രാജീവിനെപ്പോലെയും എന്നെയും വധിച്ചേക്കാം.
നമുക്ക് പ്രിയപ്പെട്ടവരായ ബന്ധുക്കൾ വേർപിരിയുമ്പോളുള്ള വേദന എത്രമാത്രമുണ്ടെന്നും
എനിക്കറിയാം. എന്റെ അപ്പൻ വധിക്കപ്പെട്ടു. അതിന്റെ വിദ്വേഷം നാടെങ്ങും പരന്നതും
സ്വാഭാവികമായിരുന്നു. എന്നാൽ സാധാരണ ജനത്തെയാണ് അത് വേദനിപ്പിച്ചത്. ആ
വിദ്വേഷത്തിൽ മുഴുവനായി മുതലെടുത്തത് ഭാരതീയ ജനതാ പാർട്ടിയായിരുന്നു."
പ്രധാനമന്ത്രി
സ്ഥാനത്തേക്കുള്ള വഴിയിൽ തടസങ്ങളായി രാഹുലിന് വെല്ലുവിളികളേറെയുണ്ട്. പരാജയപ്പെട്ട
മൻമോഹൻ സിംഗിനെക്കാളും താൻ വ്യത്യസ്തനെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തണം. കഴിഞ്ഞ
വർഷങ്ങളിൽ ഏഷ്യയിൽ ഏറ്റവും വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും അനുഭവപ്പെട്ട
രാജ്യം ഇന്ത്യയായിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ കോണ്ഗ്രസ് ഇന്നത്തെ
രാഷ്ട്രീയക്കളരിയിൽ ബി.ജെ.പി. യ്ക്ക് പുറകിലായിക്കഴിഞ്ഞു. ധനതത്ത്വ ശാസ്ത്രത്തിൽ
പ്രാവീണ്യം നേടിയവർ രാഹുൽ പ്രധാനമന്ത്രിയാകുന്നതിനോട് യോജിക്കുന്നില്ല.
വളർച്ചയില്ലാത്ത ഡ്രൈവർ ഭാരത ധനതത്ത്വശാസ്ത്രം വഹിക്കുന്നത് അപകടമായിരിക്കുമെന്ന്
ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു. ഇന്ത്യയുടെ സാമ്പത്തിക അപര്യാപ്തത
കഴിഞ്ഞ ഏഴെട്ട് മാസങ്ങൾകൊണ്ട് വർദ്ധിച്ചു. വീട്ടാൻ സാധിക്കാത്ത കടംമൂലം
രാജ്യത്തിന്റെ ക്രെഡിറ്റ് നിലവാരം താഴ്ന്നുപോയിരിക്കുന്നു. അഴിമതിയിൽ
കുന്നുകൂടിയിരിക്കുന്ന ഭാരതസാമ്പത്തികതയുടെ അടിത്തറ ഇന്ന് ഇളകിക്കൊണ്ടിരിക്കുന്ന
സ്ഥിതിവിശേഷമാണുള്ളത്.
കോണ്‍ഗ്രസ്സെന്നും
രാജ്യത്ത് രാജവംശത്തിന്റെ തുടർച്ചപോലെയായിരുന്നു. രണ്ടാമതൊരു നേതാവ്
പാർട്ടിയിലുണ്ടായിട്ടില്ല. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയെന്ന
സ്ഥാനത്തേക്കുള്ള വഴി തുറന്നുകിട്ടിയത്. അമ്മയും മകനും ഭരണത്തിന്റെ ചുക്കാൻ
പിടിക്കുന്നുവെന്ന് എതിരാളികൾ ആരോപിക്കുന്നുണ്ട്. നിയമനിർമ്മാണങ്ങളിൽ രാഹുലിന് വലിയ
പരിചയമില്ല. മറ്റുള്ള നേതാക്കന്മാരുമായി തുലനം ചെയ്യുമ്പോൾ പാർലമെന്റിൽ അദ്ദേഹം
അധികമൊന്നും പ്രസംഗങ്ങൾ നടത്തിയിട്ടില്ല. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ
കോണ്ഗ്രസ് പരാജയപ്പെട്ടത് ഇന്നത്തെ സാഹചര്യത്തിൽ കൊണ്ഗ്രസിനു ഭൂരിപക്ഷം കിട്ടുവാൻ
സാഹചര്യമില്ലാതായി.
നരേന്ദ്ര മോഡിയുടെ ഗുജറാത്ത്മോഡൽ ഇന്ത്യാ
:
ബിജെപിയുടെ പ്രാധാനമന്ത്രി സ്ഥാനാർത്ഥിയായി ശ്രീ നരേന്ദ്ര
മോഡിയെയാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ശ്രീ
മോഡി വലതുപക്ഷ ചിന്താഗതിയുള്ള പ്രമുഖനായ നേതാവാണ്. 2001 മുതൽ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി
ഭരണം നിർവഹിക്കുന്നു.
1950 സെപ്റ്റംബർ 17 ന് ഗുജറാത്തിലെ വഡ്നാഗറിൽ ജനിച്ചു. സാധാരണക്കാരനിൽ
സാധാരണക്കാരനായി എളിമയും വിനയവുമുള്ള ഒരു കുടുംബത്തിൽ വളർന്നു. കൌമാര
പ്രായത്തിൽത്തന്നെ ജീവിക്കാൻവേണ്ടി ജോലി തുടങ്ങി. സ്വന്തം സഹോദരനുമായി സ്ഥലത്ത്
ഒരു ചായക്കട നടത്തി. അതേ ഗ്രാമത്തിലുള്ള സ്കൂളിലായിരുന്നു പഠിച്ചത്.
പഠിക്കുന്നകാലം മുതൽ നല്ല ഒരു വാഗ്മിയായിരുന്നു. എമർജൻസികാലത്ത് (Emergency) മോഡി ഒളിച്ചുനടന്നിരുന്നു.
ഒളിത്താവളങ്ങളിൽനിന്ന് ലഘുലേഖകൾവഴി പ്രചരണങ്ങളും നടത്തിയിരുന്നു. ഗുജറാത്ത്
യൂണിവേഴ്സിറ്റിയിൽനിന്ന് രാഷ്ട്രീയ സാമൂഹിക ശാസ്ത്രത്തിൽ (Political Science)
ബിരുദാനന്തരബിരൂദം
നേടി. പിന്നീട് ബി.ജെ.പി. ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തനം ഡൽഹിയിലാക്കി.1998ൽ മോഡി ബിജെപിയുടെ ദേശീയ
സെക്രട്ടറിയുമായി. 2001 മുതൽ ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായി സ്ഥാനമേറ്റു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന നരേന്ദ്ര മോഡിക്ക് അനേകം രാഷ്ട്രീയ പ്രതിയോഗികളുണ്ട്. മത്സരത്തിൽ പാർട്ടിസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുന്നതുവരെ അദ്ദേഹത്തെ എതിരാളികൾ പിശാചിനു തുല്യമായി കണ്ടിരുന്നു. ഗുജറാത്തിന്റെ പുരോഗതി അംഗികരിക്കാൻ സാധിക്കാതെ ഗുജറാത്തല്ല ഇന്ത്യായെന്നായി അവരുടെ മുദ്രാവാക്യം. ഗാന്ധികുടുംബം പോലെ അദ്ദേഹത്തിന് ആഗോളബന്ധമില്ല. പാരമ്പര്യമായി പേരും പെരുമയും ആർജിച്ച കുടുംബവുമല്ല. അരവിന്ദ കെജ്രിവാൾനെപ്പോലെ വിദ്യാസമ്പന്നരായ മാതാപിതാക്കൾ മോഡിയ്ക്കുണ്ടായിരുന്നില്ല. പാർട്ടിഫണ്ടിൽനിന്നോ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നോ സ്വന്തമായി പണം ഒരിക്കലും എടുത്തിട്ടില്ല. മറ്റു നേതാക്കന്മാരെപ്പോലെ അദ്ദേഹത്തിന്റെ പേര് പ്രസിദ്ധരായവരുടെ പട്ടികയിലില്ല. ഒന്നാതരം ഹോട്ടലുകളിൽ പാർട്ടികൾ നടത്തി നടന്നിരുന്ന നേതാവായിരുന്നില്ല. ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യണമെന്ന ചിന്തകളുമായി മാത്രം നടക്കുന്ന ഒരു ജോലി ഭ്രാന്തനാണദ്ദേഹം. സ്വപ്രയത്നത്തിലൂടെ ഉയർന്നുവന്ന മോഡി രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയെന്ന കർമ്മോന്മുഖപീഠത്തിലേക്ക് തന്റെ ജൈത്രയാത്ര തുടരുന്നു.
അമേരിക്കയിലെ
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജിതനായ ഗോൾഡ് വാട്ടറിന്റെ മുദ്രാവാക്യമാണ്
ബി.ജെ.പി. ഉപയോഗിക്കുന്നത്. "നിങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹം ശരിയെന്ന്
നിങ്ങൾക്കറിയാം. നമ്മുടെ ഒരേ മനസും ഒരേ ചിന്താഗതിയുമുള്ള ഐക്യം ഒരേ സ്വരത്തിൽ
ആഞ്ഞടിക്കട്ടെ." മോഡി പറയും, “നികുതി കൊടുക്കുന്നവന്റെ പണം പാഴാക്കി കളയുന്നതല്ല
രാഷ്ട്രീയം. അനാവശ്യ പാഴ്ചെലവുകൾ ഇല്ലാതാക്കുമ്പോഴാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ
അവബോധമുളവാകുന്നത്. ഗുജറാത്തല്ല ഇന്ത്യയെന്ന് പ്രതീക്ഷകൾ ഇല്ലാത്തവർ പറയും.
ഗുജറാത്ത് മോഡലും ഭാരത മോഡലും പരസ്പര വിരുദ്ധമല്ല."
മോഡിയുടെ ഗുജറാത്തിൽ സാമ്പത്തിക പരീക്ഷണങ്ങൾ അസൂയാവഹമായ
നേട്ടങ്ങളാണ് കൈവരിച്ചത്. വ്യവസായലോകത്ത് മോഡി വളരെയേറെ സമ്മതനാണ്. വളർന്നുവരുന്ന
കൊച്ചുവ്യവസായികളുടെ ഇടയിലും ചെറു കൃഷിക്കാരുടെയിടയിലും പ്രിയപ്പെട്ടവനാണ്.
ഇന്ത്യയുടെ 75 ശതമാനം വ്യവസായ പ്രമുഖരും സാമ്പത്തിക മേഖലയിലെ
പ്രമുഖപത്രങ്ങളും അദ്ദേഹത്തെ പിന്താങ്ങുന്നു. റോയിട്ടർ റിപ്പൊർട്ടനുസരിച്ചുള്ള
അഭിപ്രായ സർവേയിൽ രാഹുൽ ഗാന്ധിയ്ക്ക് 7 ശതമാനം മാത്രമേ വ്യവസായ
ലോകത്തിൽനിന്നുള്ള പിന്തുണയുള്ളൂ. ഗുജറാത്തിൽ മോഡിയുടെ ഭരണത്തിൽക്കൂടി
കച്ചവടക്കാർ, വ്യവസായികൾ, കുടിയേറ്റക്കാർ, കൃഷിക്കാർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ
തുറകളിലുള്ളവർ പുരോഗമിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തെ ജനം
മുഖ്യമന്ത്രിയായിട്ട് തുടർച്ചയായി തെരഞ്ഞെടുക്കുന്നത്. മനോഹരമായ വീതിയുള്ള
റോഡുകളും ട്രാൻസ്പോർട്ട് സൗകര്യങ്ങളും സംസ്ഥാനമാകെ നിർമ്മിച്ചു. അഴിമതികൾ കുറവുള്ള
ഉദ്യോഗസ്ഥരും ഗുജറാത്തിന്റെ വിജയരഹസ്യമായിരുന്നു.
എന്നിരുന്നാലും 2002 ലെ വർഗീയലഹളമൂലം മോഡിയുടെ
രാഷ്ട്രീയഭാവിക്ക് മങ്ങലേറ്റിരുന്നു. ഗുജറാത്തിൽ ആയിരക്കണക്കിന് ജനം മരിച്ചു. അതിൽ
ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. അന്ന് ആദ്യത്തെ തവണ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്
ഗുരുതരമായ ഈ സംഭവവികാസങ്ങൾ നടന്നത്.
അഴിമതിക്കെതിരെ 'ആം ആദ്മി പാർട്ടിയും' കെജ്രിവാളും:
'ആം ആദ്മി ' എന്ന പുതിയ രാഷ്ട്രീയസംഘടന തലസ്ഥാനനഗരിയായ ഡൽഹിയുടെ ഭരണചക്രം നേടിയതോടെ ഭാരതീയ രാഷ്ട്രീയ ചൈതന്യത്തിനുതന്നെ പുത്തനായ ഒരു ഉണർവ് നേടിയിരിക്കുന്നു. പ്രമുഖ പാർട്ടികളിലെ കൊടികുത്തി വാണിരുന്ന നേതാക്കന്മാരൊന്നാകെ സംസ്ഥാനപദവിയുള്ള ഡൽഹിയിലെ രാഷ്ട്രീയത്തിൽ നിലംപതിച്ച് പരാജയം സമ്മതിക്കേണ്ടി വന്നു. അവിടെയാണ് സാധാരണക്കാരന്റെ ഹൃദയ സ്പന്ദനങ്ങളുമായി പുതിയ രാഷ്ട്രീയപാർട്ടി മോഹന വാഗ്ദാനങ്ങളുമായി ഉദയം ചെയ്തിരിക്കുന്നത്. അഴിമതിരഹിതമായ ഒരു വ്യവസ്ഥാപിത ഭരണം രാഷ്ട്രത്തിൽ നടപ്പിലാക്കുകയെന്നതാണ് പാർട്ടിയുടെ പരമമായ ലക്ഷ്യം. 2012-ൽ സ്ഥാപിതമായ ഈ പാർട്ടി ഇന്ന് സാധാരണക്കാരായ ഭാരതീയ ജനങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു
രാഷ്ട്രീയത്തിൽ ഇടതും വലതുമായി രണ്ട് വലിയ വൈരികളോടാണ് ഒരു വർഷം താഴെ പ്രായമുള്ള ശിശുവായ 'ആം ആദ്മി പാർട്ടിക്ക്' നേരിടേണ്ടത്. രാഷ്ട്രത്തിൻറെ ഉണർവിനായുള്ള അനേകമനേക ലക്ഷ്യബോധങ്ങളാണ് പാർട്ടിയെ നയിക്കുന്നത്. 'അധികാരം' തലമുറകളായി വികേന്ദ്രികരിച്ചുകൊണ്ടുള്ള പേരും പെരുമയും ആർജിക്കുന്ന പ്രതാപമുള്ള കുടുംബങ്ങളുടെ മാത്രം കുത്തകയല്ലെന്ന് പാർട്ടി വിശ്വസിക്കുന്നു. അവിടം സാധാരണക്കാരനും അഭിപ്രായം പറയാൻ അവസരങ്ങൾ ഉണ്ടാകണം. ഐശ്വര്യവും സന്തോഷവും അവർക്കു വേണം. ആവശ്യമായ ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഓരോ ഭാരതവാസിക്കും ഉറപ്പു വരുത്തണം. ഭരണം കിട്ടിയാൽ അഴിമതി രഹിതമായ ഒരു ഭാരതത്തിനായി സ്വപ്നം കണ്ട് തയ്യാറാക്കിയ 'ലോകപാൽ ബിൽ' മൂന്നാഴ്ചയ്ക്കുള്ളിൽ പാസാക്കുമെന്നും വാഗ്ദാനങ്ങളിൽ ഉണ്ട്. രാജ്യത്തുള്ള സകലമാന യുവാക്കൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം നല്കുക, ആകമാന ഭാരതത്തിലെ ഗ്രാമീണ ജനങ്ങളുടെ അവകാശങ്ങളെ അവരിൽ ബോധവത്ക്കരിക്കുക എന്നീ ലക്ഷ്യബോധങ്ങളോടെ കുറ്റിച്ചൂലുമായി പാർട്ടി മുമ്പോട്ടു നീങ്ങുന്നു.
പുതിയതായി ഉദയം ചെയ്ത ഈ പാർട്ടിയെ നയിക്കാൻ ഭാരതത്തിന്റെ തലസ്ഥാനനഗരിയിൽ സർദാർ പട്ടേലിനെപ്പോലെ അരവിന്ദ് കെജ്രിവാൾ എന്ന ഉരുക്കുമനുഷ്യൻ ഉയർന്നുവന്നിരിക്കുന്നു. ശബ്ദിക്കുന്ന ഈ സിംഹം നാളെയുടെ ഭാരതത്തിന് പ്രതീക്ഷകൾ നല്കുന്നുണ്ട്. അഴിമതിരഹിതമായ ഒരു രാഷ്ട്രമാണ് അദ്ദേഹത്തിന്റെ സ്വപ്നം. ചുരുങ്ങിയ കാലത്തെ നേട്ടങ്ങൾ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ എഴുതപ്പെട്ടു. ഇന്ത്യൻ ധനകാര്യമന്ത്രിയെന്ന നിലയിലും റിസർവ് ബാങ്ക് ഗവർണ്ണർ എന്ന നിലയിലും മൻമോഹൻ നേടിയ നേട്ടങ്ങൾ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം നശിപ്പിച്ചുവെന്നുള്ളതാണ് സത്യം. അഴിമതിരഹിതനായ ഒരു മൻമോഹനോ ആന്റണിയോ മാത്രം നല്ലവനായാൽ ഇന്ത്യയുടെ അഴിമതി ഭരണത്തിന് പരിഹാരമാവുകയില്ല. അകംമുതൽ എവിടെയും സർവ്വതും ചൂലുകൊണ്ടടിച്ച് വൃത്തിയാക്കണം. അതിനായി ഇന്നുള്ള ഭരണത്തിലുള്ളവരെയും കോഴരാഷ്ട്രീയക്കാരെയും ഒന്നായി പുറത്താക്കേണ്ടതുണ്ട്.
തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് അരവിന്ദ് കെജ്രിവാൾ. കേന്ദ്ര ഐ.ഐ.റ്റി. എഞ്ചിനീയറിംഗ് കോളേജിൽനിന്നും ഡിഗ്രി നേടിയശേഷം സിവിൽ സർവീസിൽ പ്രവേശിച്ചു. വിദ്യാസമ്പന്നരായ സ്വന്തം മാതാപിതാക്കളായിരുന്നു എന്നും അദ്ദേഹത്തിന് വഴികാട്ടിയായിരുന്നത്. ഈ ചെറുപ്പക്കാരൻ അടിത്തട്ടുമുതൽ സമൂഹത്തിന്റെ മാറ്റത്തിനായി സമരം ചെയ്യുന്നു. അദ്ദേഹം തുടക്കം കുറിച്ചത് റേഷൻകാർഡിലെ അഴിമതികൾ പുറത്താക്കിയതിൽക്കൂടിയായിരുന്നു. ചുറ്റുമുള്ള നിരക്ഷരരായ ജനങ്ങൾക്ക് ആദായനികുതിയുടെ കണക്കുകളും ശരിപ്പെടുത്തി കൊടുക്കുമായിരുന്നു. അണ്ണാ ഹസാരയുമൊത്ത് പ്രവർത്തിച്ചതിന് അറസ്റ്റും ചെയ്തിട്ടുണ്ട്.
കൌമാരപ്രായംമുതൽ അരവിന്ദ് കെജ്രിവാൾ പെൻസിൽ കിട്ടിയാൽ കണ്ണിൽ കാണുന്ന എന്തു ചിത്രങ്ങളും വരക്കുമായിരുന്നു. മരങ്ങളുടെയും കെട്ടിടങ്ങളുടെയും മൃഗങ്ങളുടെയും പടങ്ങൾ വരക്കലും ഈ ചിത്രകാരന്റെ ഹോബിയാണ്. ആതുരസേവനത്തിൽക്കൂടി മനുഷ്യസ്നേഹം പ്രകടിപ്പിച്ചിരുന്നു. മദർ തെരസായുടെ ആശ്രമത്തിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കനായ ഈ സിവിൽ സർവീസ് സേവകന് വിദേശത്ത് പോകുവാൻ അവസരങ്ങൾ ലഭിച്ചിട്ടും പണം ഉണ്ടാക്കാൻ മാർഗങ്ങൾ തെളിഞ്ഞിട്ടും അതെല്ലാം വേണ്ടെന്ന് വെച്ചു. സ്വന്തം രാജ്യത്തെ സേവിച്ചാൽ മതിയെന്ന് എന്നും വാശി പിടിച്ചിരുന്നു.
ഡൽഹി
മുഖ്യമന്ത്രിയായ ശേഷം ഹൃസ്വവും അർത്ഥമുള്ളതുമായ പ്രസംഗത്തിൽ കെജ്രിവാൾ പറഞ്ഞു, "സർക്കാർ കാര്യാലയങ്ങളിലെ ചുവപ്പ്
നാടകളാണ് രാജ്യത്തിന് ഇന്ന് അപകടം പിടിച്ചത്. കഴിഞ്ഞ കാലങ്ങളിലൊന്നിലും സത്യത്തിനും
വിശ്വസ്തതക്കും ഒരിക്കലും വില കൽപ്പിച്ചിട്ടുണ്ടായിരുന്നില്ല. അഴിമതികൾക്ക്
സർക്കാരും കൂട്ടുനിന്ന് പ്രതിഫലം നേടിയിരുന്നു. എന്നാൽ കെജ്രിവാൾ യുഗം
സത്യത്തിന്റെ
വിജയവും അഴിമതികളുടെ നാശവുമായിരിക്കും. ഇന്ന് നിലവിലുള്ള
എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്കാരെന്ന് വിചാരിക്കരുത്. ഭൂരിഭാഗവും നല്ലവരാണ്. എങ്കിലും അഴിമതിയില്ലാത്ത ഭരണവാഗ്ദാനം ചുവപ്പ് നാടകൾക്ക് വെല്ലുവിളിയാകും. അഴിമതിക്കാരായവർ ഞങ്ങളുടെ ഭരണത്തെ ഭയപ്പെടുന്നു. എന്നാൽ ഭയപ്പെടേണ്ടാ. ഇനി മേൽ അഴിമതികൾ അവസാനിപ്പിച്ച് സത്യവാന്മാരായാൽ മതി. അഴിമതിക്കാരെ കുരുക്കിലകപ്പെടുത്താൻ ആദ്യം അഴിമതിയോട് സഹകരിക്കൂ. അഴിമതി അവർക്ക് നിഷേധിക്കരുത്. നിങ്ങൾക്ക് ഞങ്ങളൊരു നമ്പർ തരാം. പരാതികിട്ടി രണ്ടു ദിവസത്തിനുള്ളിൽ അഴിമതിക്കാരെ കയ്യോടെ പിടികൂടി നിയമത്തിന്റെ കയ്യാമം അവരുടെ കൈകളിൽ വെയ്ക്കും. ഇന്നേക്ക് രണ്ടരവർഷം മുമ്പ് അഴിമതിയില്ലാത്ത ഒരു വ്യവസ്ഥക്കായി; ലോകപാൽ ബിൽ പാസ്സാക്കാനായി അന്നാ ഹസ്സാരെ പതിമൂന്നു ദിവസം നിരാഹാര സത്യാഗ്രഹം ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങൾ അദ്ദേഹത്തിന്റെ സ്വപനങ്ങൾ സഫലീകരിക്കാനായി ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. ഒപ്പം സത്യാഗ്രഹം ഇരുന്ന് സമരം നടത്തി. ഒന്നും സംഭവിച്ചില്ല. സമൂലമായ ഒരു രാഷ്ട്രീയ പരിവർത്തനം വരാതെ ഈ രാജ്യത്തൊന്നും സംഭവിക്കില്ലാന്നും അഴിമതി നിവാരണം അസാധ്യമെന്നും ഞങ്ങൾക്ക് മനസിലായി. അഴിമതി രഹിതമായ ഒരു രാഷ്ട്രം സ്വപ്നം കാണുന്നുവെങ്കിൽ ഇന്ന് നിലവിലുള്ള ദുഷിച്ച രാഷ്ട്രീയം ഇല്ലാതാവണമെന്ന് ഞാൻ അന്നാ ഹസാരയോട് പറയുമായിരുന്നു. വ്യക്തിപരമായി ഭൂരിഭാഗവും പ്രതിപക്ഷപാർട്ടികളും നല്ലവരാണ്. ഞങ്ങൾ നേരായ വഴിയേ പോവുന്നുവെങ്കിൽ നിങ്ങളുടെ പാർട്ടികളെ മറക്കൂ. ഞങ്ങളെ പിന്തുണച്ച് ഞങ്ങൾക്ക് ബലം തരുക."
അരവിന്ദ് കെജ്രിവാൾ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം ഡൽഹിയുടെ മുഖ്യമന്ത്രിയായി ചുമതലകൾ ഏറ്റെടുത്ത് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി 21 വർഷം കഴിഞ്ഞാണ് അദ്ദേഹം ജനിച്ചത്. അതും ഒരു ആഗസ്റ്റ് പതിനാറാം തിയതി. ചരിത്രം ഉറങ്ങുന്ന ഡൽഹിയിലെ റെഡ് ഫോർട്ടിൽ വരാനിരിക്കുന്ന ഒരു ആഗസ്റ്റ് പതിനഞ്ചാം തിയതി അഴിമതിയില്ലാത്ത ഭാരതത്തിന്റെ ഭരണചക്രം തിരിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ പതാക ഭാവിയിലെ പ്രധാനമന്ത്രിയായി അരവിന്ദ് കെജ്രിവാൾ ഉയർത്തുമെന്നും പ്രതീക്ഷിക്കാം.
വിജയവും അഴിമതികളുടെ നാശവുമായിരിക്കും. ഇന്ന് നിലവിലുള്ള
എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്കാരെന്ന് വിചാരിക്കരുത്. ഭൂരിഭാഗവും നല്ലവരാണ്. എങ്കിലും അഴിമതിയില്ലാത്ത ഭരണവാഗ്ദാനം ചുവപ്പ് നാടകൾക്ക് വെല്ലുവിളിയാകും. അഴിമതിക്കാരായവർ ഞങ്ങളുടെ ഭരണത്തെ ഭയപ്പെടുന്നു. എന്നാൽ ഭയപ്പെടേണ്ടാ. ഇനി മേൽ അഴിമതികൾ അവസാനിപ്പിച്ച് സത്യവാന്മാരായാൽ മതി. അഴിമതിക്കാരെ കുരുക്കിലകപ്പെടുത്താൻ ആദ്യം അഴിമതിയോട് സഹകരിക്കൂ. അഴിമതി അവർക്ക് നിഷേധിക്കരുത്. നിങ്ങൾക്ക് ഞങ്ങളൊരു നമ്പർ തരാം. പരാതികിട്ടി രണ്ടു ദിവസത്തിനുള്ളിൽ അഴിമതിക്കാരെ കയ്യോടെ പിടികൂടി നിയമത്തിന്റെ കയ്യാമം അവരുടെ കൈകളിൽ വെയ്ക്കും. ഇന്നേക്ക് രണ്ടരവർഷം മുമ്പ് അഴിമതിയില്ലാത്ത ഒരു വ്യവസ്ഥക്കായി; ലോകപാൽ ബിൽ പാസ്സാക്കാനായി അന്നാ ഹസ്സാരെ പതിമൂന്നു ദിവസം നിരാഹാര സത്യാഗ്രഹം ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങൾ അദ്ദേഹത്തിന്റെ സ്വപനങ്ങൾ സഫലീകരിക്കാനായി ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. ഒപ്പം സത്യാഗ്രഹം ഇരുന്ന് സമരം നടത്തി. ഒന്നും സംഭവിച്ചില്ല. സമൂലമായ ഒരു രാഷ്ട്രീയ പരിവർത്തനം വരാതെ ഈ രാജ്യത്തൊന്നും സംഭവിക്കില്ലാന്നും അഴിമതി നിവാരണം അസാധ്യമെന്നും ഞങ്ങൾക്ക് മനസിലായി. അഴിമതി രഹിതമായ ഒരു രാഷ്ട്രം സ്വപ്നം കാണുന്നുവെങ്കിൽ ഇന്ന് നിലവിലുള്ള ദുഷിച്ച രാഷ്ട്രീയം ഇല്ലാതാവണമെന്ന് ഞാൻ അന്നാ ഹസാരയോട് പറയുമായിരുന്നു. വ്യക്തിപരമായി ഭൂരിഭാഗവും പ്രതിപക്ഷപാർട്ടികളും നല്ലവരാണ്. ഞങ്ങൾ നേരായ വഴിയേ പോവുന്നുവെങ്കിൽ നിങ്ങളുടെ പാർട്ടികളെ മറക്കൂ. ഞങ്ങളെ പിന്തുണച്ച് ഞങ്ങൾക്ക് ബലം തരുക."
അരവിന്ദ് കെജ്രിവാൾ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം ഡൽഹിയുടെ മുഖ്യമന്ത്രിയായി ചുമതലകൾ ഏറ്റെടുത്ത് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി 21 വർഷം കഴിഞ്ഞാണ് അദ്ദേഹം ജനിച്ചത്. അതും ഒരു ആഗസ്റ്റ് പതിനാറാം തിയതി. ചരിത്രം ഉറങ്ങുന്ന ഡൽഹിയിലെ റെഡ് ഫോർട്ടിൽ വരാനിരിക്കുന്ന ഒരു ആഗസ്റ്റ് പതിനഞ്ചാം തിയതി അഴിമതിയില്ലാത്ത ഭാരതത്തിന്റെ ഭരണചക്രം തിരിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ പതാക ഭാവിയിലെ പ്രധാനമന്ത്രിയായി അരവിന്ദ് കെജ്രിവാൾ ഉയർത്തുമെന്നും പ്രതീക്ഷിക്കാം.
No comments:
Post a Comment