(അപ്പച്ചൻ) : ഓർമ്മക്കുറിപ്പുകൾ
July 1, 2013 at 6:20pm
സുപ്രഭാതത്തിൽ എഴുന്നേറ്റപ്പോൾ കേട്ട വാർത്ത ഞങ്ങളുടെ കസ്സ്യൻ അപ്പച്ചന്റെ മരണം ആയിരുന്നു. തുഴച്ചുലുകൾ അവസാനിപ്പിച്ച് കരകാണാകടലിനുമപ്പുറം അദ്ദേഹം നിത്യതയിലെന്ന സത്യമായി. ഒരു നിമിഷം ഞാൻ എന്റെ കുട്ടിക്കാലവും ഓർത്തുപോയി.
കുഞ്ഞായിരുന്നപ്പോൾ അദ്ദേഹം എനിക്ക് വലിയ ഒരു മനുഷ്യനായിരുന്നു. എന്നും പ്രിയമുള്ള ഒരു ജേഷ്ഠസഹോദരനെപ്പോലെയും. ഒരിക്കൽ ആ പുഞ്ചിരി കണ്ടവരാരും പിന്നെ ആ മനുഷ്യനെ മറക്കില്ലായിരുന്നു. നൂറായിരം ദുഖങ്ങളുടെ കൂമ്പാരത്തിലും സ്നേഹത്തിന്റെ കൈത്തിരിയുമായി സ്നേഹിക്കുന്നവരൊപ്പം അദ്ദേഹമെന്നുമുണ്ടായിരുന്നു.
ജീവൻറെ ജീവനായ തന്റെ പൊന്നോമനമോൻ വിധിയുടെ നീർക്കയത്തിൽ പതിനേഴാംവയസിൽ അപകടപ്പെട്ടിട്ടും അടിപതറിയില്ല. മക്കളും പേരമക്കളുമൊത്ത് ജീവിതനൌകയുടെ മുഴുവനായ നക്ഷത്രങ്ങളും എണ്ണി ഈ പവിത്രമായ പുണ്ണ്യ ഭൂമിയിൽക്കൂടി അടിപതറാതെ യാത്രചെയ്തു. മഹനീയമായ ആ ജീവിതം കർമ്മത്തിൽ അധിഷ്ഠിതമായിരുന്നു. .
അഭിമാനിക്കത്തക്ക നേട്ടങ്ങളോ വലിയ ഉദ്യോഗമോ അദ്ദേഹം വഹിച്ചിരുന്നില്ല. എങ്കിലും ചുറ്റുമുള്ള ലോകത്തിൽ എന്നും ബഹുമാനിതനായിരുന്നു. പേരും പെരുമയും ആർജിച്ചിരുന്ന അന്തരിച്ച സ്വന്തം പിതാവിന്റെ പേരിൽ പൊതുജനങ്ങൾ അദ്ദേഹത്തെയും ആദരിച്ചിരുന്നു.
ആർക്കുവേണ്ടിയും എപ്പോഴും ഓടിനടക്കുന്ന സ്വഭാവവും എന്തു ത്യാഗം ചെയ്യുവാനും മടിയില്ലായിരുന്നു. കൂടപിറപ്പുകൾക്ക് എന്നും ഉറ്റമിത്രവും. തോട്ടം ഉടമ, കൃഷിക്കാരൻ, വ്യവസായി എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലും പ്രവർത്തിച്ചു. പരാജയമോ വിജയമോ ഒരിക്കലും അദ്ദേഹം അളന്നിരുന്നില്ല.
കുട്ടിക്കാലത്തെ എന്റെ ഓർമ്മകൾ ഞാനൊന്ന് ചികയട്ടെ. എത്തപ്പെടാത്ത നാളുകളിലുള്ള ചിന്തയുടെ ലോകത്തിൽ ഒരു നിമിഷം അദ്ദേഹമൊപ്പം സഞ്ചരിക്കുകയാണ്. ഞാൻ വളരുമ്പോൾ ഇന്ന് നിത്യതയിലായ അദ്ദേഹം അന്ന് വളർന്നുകഴിഞ്ഞിരുന്നു. എനിക്കുമുമ്പിൽ സുന്ദരനായ വലിയ ഒരു മനുഷ്യൻ. കുട്ടിയും കോലുംകളിയിലും ബന്ധുവീട്ടിൽ ഓടിച്ചാടി നടക്കലിലും എനിക്കന്നു കൊതിയുള്ള കാലവും. അദ്ദേഹത്തിന്റെ അനുജന്മാരായിരുന്നു എന്റെ ചങ്ങാതികൾ. അവരുമൊത്ത് ഓടിച്ചാടി നടക്കാൻ ഇഷ്ടമായിരുന്നു.
ചാണ്ടിക്കുഞ്ഞും ജോർജുക്കുട്ടിയും എനിക്ക് കൂട്ടുകാരായിരുന്നു. അവരുടെ പ്രതാപവാനായ പിതാവ് പി.സി. ചാക്കോ അന്ന് തൊടുപുഴ മാർത്തോമ്മാ എസ്റ്റെറ്റിന്റെ സുപ്രണ്ടന്റായിരുന്നു. ചുറ്റുമുള്ള തൊഴിലാളികൾ ഞങ്ങളെയും വന്ദിക്കും. അവധിക്കാലം വന്നാൽ ഞങ്ങൾ കസ്യൻസുകൾ താമസിച്ചിരുന്നതും ഇവരുമൊത്തായിരുന്നു. അന്ന് കമ്പനിവക മണിമാളികയിൽ ഞാനും അവരോടൊപ്പം കിടന്നുറങ്ങും. സുപ്രഭാതത്തിൽ എന്നും ഒന്നിച്ച് എഴുന്നേറ്റിരുന്നു. പ്രഭാത ഭക്ഷണത്തിനുമുമ്പ് തൊട്ടടുത്തുള്ള പുഴയിൽ തത്തിക്കളിക്കും. കളിക്കാനും ഓടാനും വിസ്തൃതമായ തോട്ടവും ഉണ്ടായിരുന്നു. ഓട്ടത്തിൽ എന്നും ഓടാൻ മെലിഞ്ഞു ശോഷിച്ചിരുന്ന ഞാനായിരുന്നു മിടുക്കൻ.
അവധിക്കാലം തീർന്നാൽ അവരുടെ ഇച്ചായൻ എനിക്കും പുത്തനുടുപ്പുകൾ മേടിച്ചുതന്നിരുന്നു. ഞാനും അവർക്ക് പ്രിയപ്പെട്ടവനായിരുന്നു. അന്ന് സ്വർണ്ണനിറമുള്ള പുത്തൻ സിൽക്കുകൊണ്ടുള്ള ജുബായും ധരിച്ച ഏഴു വയസുകാരനായ എന്നെ ഇന്ന് മണ്‍മറഞ്ഞ അപ്പച്ചൻ ഒറ്റ കൈകൊണ്ടു ആകാശത്തേക്ക് പൊക്കിയുയർത്തി വട്ടം കറക്കുന്നതും ഒർമ്മയിലുണ്ട്. അങ്ങനെയങ്ങനെ അവരുമൊത്ത സുന്ദരമായ ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു.
ആത്മാവായ അപ്പച്ചൻ ഇനി മേൽ നമ്മോടൊപ്പം ഇല്ല. ചുറ്റുമുള്ളവർക്ക് ആയിരം തവണകൾ അങ്ങയെ ആവശ്യമുണ്ടായിരുന്നു. ഉറ്റവർ അങ്ങേക്കുവേണ്ടി കരഞ്ഞു. സ്നേഹത്തിന് രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അങ്ങ് ഒരിക്കലും മരിക്കില്ലായിരുന്നു. സുവർണ്ണമായ അങ്ങയുടെ ഹൃദയം നിലച്ചു. തരളപ്രഭയായ വെട്ടിതിളങ്ങുന്ന കണ്ണുകളും അടഞ്ഞു.
മാലാഖ വന്ന് അങ്ങയുടെ ചെവികളിൽ മന്ത്രിച്ചു. എന്റെ കൈകൾ പിടിക്കൂയെന്ന് പറഞ്ഞൂ. വരൂ, നീ ഭൂമിയിലെ ജോലി പൂർത്തിയാക്കി. ഇനിമേൽ നിന്റെ വാസസ്ഥലത്ത് കണ്ണീരില്ല, ദുഃഖങ്ങളില്ല. അവിടെ പുഞ്ചിരിയും ആഹ്ലാദവും മാത്രവും.
പ്രകൃതിയെവിടെയും പൂവിട്ടിരിക്കുന്ന ഇന്നത്തെ വസന്തനാളിൽ ഒരു കൊച്ചു ചിത്രശലഭം പറന്നുയരുന്നത് ഞാൻ കണ്ടു. ആ ചിത്രപൂമ്പാറ്റയുടെ സ്രഷ്ടാവായ കലാകാരനും മനസ്സിൽ കുടികയറി. ശലഭമേ നീ എവിടുന്ന് എന്നു ഞാൻ ചോദിച്ചു. ഒരു പുഴുവായി നീ ഈ ലോകത്ത് വന്നെത്തി. നീ ആയ ചിത്രശലഭങ്ങൾ പർവ്വതങ്ങളെയും താഴ്വരകളെയും പ്രകൃതിയെയും പുഷ്പ്പി ച്ചു. സുന്ദരീ, നിന്നെ സൃഷ്ടിച്ചവനായ ആ കലാകാരൻ ആരെന്നു തേടി ഞാനുമിനി അലയട്ടെ.
No comments:
Post a Comment