Thursday, January 23, 2014

ഭഗവത് ഗീതയുടെ ദാർശനികതയും ക്രിയാത്മക വിമർശനങ്ങളും: ഒരു പഠനം




by  ജോസഫ് പടന്നമാക്കൽ

മഹാഭാരതയുദ്ധത്തിൽ ശ്രീ കൃഷ്ണൻ തന്റെ ഉറ്റചങ്ങാതിയായ അർജുനന്  യുദ്ധവീര്യം നല്കുന്ന സാരോപദേശമാണ് ഗീതയിലുള്ളത്. പോർക്കളത്തിലെ ഒരു യോദ്ധാവിനുവേണ്ട ഗുണങ്ങളെയും ധർമ്മ കർമ്മ പരിത്യാഗങ്ങളെയും ഗീതയിൽ താത്ത്വികമായി വിവരിച്ചിട്ടുണ്ട്. മഹാഭാരതയുദ്ധം തുടങ്ങുന്നതിനുമുമുമ്പ്  ഭഗവാൻ ശ്രീകൃഷ്ണൻ ദുർബല ഹൃദയനായിത്തീർന്ന അർജുനനെ ക്ഷ്ത്രീയന്റെ ധർമ്മം എന്തെന്ന് ഗീതയിൽക്കൂടി ബോധവൽക്കരിക്കുകയാണ്. ഭഗവത് ഗീതയിൽ പതിനെട്ട് അദ്ധ്യായങ്ങളും 700 ശ്ലോകങ്ങളും ഉണ്ട്. മനുഷ്യന്റെ ലൗകികവും ഭൗതികവും ദാർശനീകവുമായ കടമകൾ എന്തെല്ലാമെന്ന് ശ്രീ കൃഷ്ണൻ സവിസ്തരം വിസ്തരിക്കുന്നുണ്ട്. ഒരുവനെ മുക്തിയിലേക്ക് നയിക്കാൻ ഭഗവദ്ഗീത മാത്രം മതിയാകുമെന്ന് പത്മപുരാണത്തിൽ പ്രകീർത്തിച്ചിരിക്കുന്നു.   


മനുഷ്യമനസിനെ ഉണർത്തി ആത്മീയതയുടെ വഴി ഒരുക്കുകയെന്നതാണ് ഗീതയുടെ പരമമായ ലക്ഷ്യം. ദൈവത്തെ ഉപബോധമനസ്സില് സൃഷ്ടിക്കുകയെന്ന ധർമ്മമാണ് ഗീതയിൽ സ്പുരിക്കുന്നത്. അതിനായി ശ്രീ കൃഷ്ണൻ മൂന്നു മാർഗങ്ങളാണ് പ്രധാനമായും ഗീതയിൽക്കൂടി ഉപദേശിക്കുന്നത്. എന്താണ് മൂന്നു മാർഗങ്ങൾ?   മുക്തി നേടുവാൻ കർമ്മയോഗ, ജ്ഞാനയോഗാ, ഭക്തിയോഗ എന്നിങ്ങനെ മൂന്നുവഴികൾ ഭഗവാൻ ശ്രീ കൃഷ്ണൻ കാണിച്ചു തന്നിട്ടുണ്ട്. യോഗാമാർഗങ്ങൾ ആത്മത്തെ പരമാത്മാവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

 കർമ്മ യോഗയെന്നാൽ  സ്വന്തം പ്രവർത്തന മണ്ഡലങ്ങളിൽ കടമകൾ പാലിക്കുകയെന്നതാണ്. വേദങ്ങളിൽ വർണ്ണാശ്രമത്തിലൂടെ ഒരുവന്റെ കടമകളെ വിഭജിച്ചിരിക്കുന്നു. വർണ്ണാശ്രമ കർമ്മങ്ങളെ സൃഷ്ടിച്ചത് ഭഗവാൻ കൃഷ്ണനെന്നാണ് സങ്കൽപ്പിച്ചിരിക്കുന്നത്. മനുഷ്യന്റെ കഴിവും താത്പര്യവുമനുസരിച്ച് പ്രത്യേക വർണ്ണമായി തിരിയുന്നു. ഒരുവൻ ബ്രാഹ്മണൻ ആകാം. ബ്രാഹ്മണൻ ഗുരുവും അദ്ധ്യാപകനുമായിരിക്കും. കച്ചവടക്കാരെ വൈശ്യഗണത്തിലും ക്ഷത്രിയന്മാരെ യോദ്ധാക്കളും  ഭരണാധികാരികളായും  ശൂദ്രന്മാരെ തൊഴിലാളികളായും വർണ്ണാശ്രമത്തിൽ വേർതിരിച്ചിരിക്കുന്നു. ജീവിത
സാഹചര്യങ്ങളനുസരിച്ച്  നാല് ആശ്രമങ്ങളാണുള്ളത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ ബ്രഹ്മചരി, വിവാഹിതനാവുമ്പോൾ ഗ്രഹസ്ഥ, ജോലിയിൽനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുമ്പോൾ വാനപ്രസ്ത,   ലൌകിക ബന്ധങ്ങൾ പര്യത്യജിച്ച് ഈശ്വരനിലേക്ക് തിരിയുമ്പോൾ സന്യാസശ്രമത്തിലെത്തും.  അങ്ങനെ യോഗയെ പിന്നെയും വേർതിരിച്ചിരിക്കുകയാണ്. വർണ്ണാശ്രമധർമ്മങ്ങൾ മനുഷ്യരുടെ പ്രവർത്തന മണ്ഡലങ്ങളും ചുമതലകളും കർത്തവ്യബോധത്തോടെ അഭിരുചിക്കനുസരിച്ചും കഴിവുകളനുസരിച്ചും അനുഷ്ടിക്കാനുള്ളതാണ്.

ജനനംകൊണ്ടല്ല ഒരുവന്റെ വർണ്ണം നിശ്ചയിക്കുന്നതെന്നും ഗീതയുടെ വക്താക്കൾ വാദിക്കുന്നു. ഇന്ന് ഭാരതത്തിലുള്ള വർണ്ണാശ്രമ സമ്പ്രദായത്തിന് ഗീതയുടെ യാതൊരു പിന്തുണയുമില്ല. ലോകം മുഴുവൻ ഓരോവിധത്തിൽ  വർണ്ണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിച്ചിട്ടുണ്ട്. കർത്തവ്യബോധത്തോടെ സ്വന്തം ചുമതലകൾ നിർവഹിക്കുന്നവനെ ധർമ്മനിഷ്ഠനായി കണക്കാക്കുന്നു. കർമ്മങ്ങളിൽ സകർമ്മയും നിഷ്കർമ്മയുമുണ്ട്. സകർമ്മത്തിൽ അതിന്റെ ഫലം ഭൌതിക ജീവിതത്തിൽ തന്നെ ലഭിക്കുന്നു. പ്രതിഫലമില്ലാതെ കർമ്മത്തിൽ സഞ്ചരിച്ചാൽ നിഷ്കർമ്മമായി കണക്കാക്കുന്നു. ദൈവത്തിനെ പ്രീതിപ്പെടുതലാണ് നിഷ്കർമ്മത്തിൽ അനുഷ്ടിക്കേണ്ടത്. അവൻ ഭക്തിയുടെ നിലവാരത്തിൽ എത്തുകയാണ്. അവിടെ ജപമാലകളും കീർത്തനങ്ങളും വേണം. ലൌകികമായത് ത്യജിച്ച് ദ്വൈതത്തിൽ  ലയിക്കുന്നു. ഭക്തി യോഗയിൽക്കൂടി പരമാത്മാവിലേക്കുള്ള വഴി  അവിടെ തെരഞ്ഞെടുക്കുന്നു. ആ ഘട്ടത്തിൽ മനസ് മുഴുവൻ കൃഷ്ണനിൽ മുഴുകിയുമിരിക്കണം.


ജ്ഞാനത്തിൽ ദൈവവും ആത്മാവും സമയകാലവും കർമ്മാനുഷ്ഠാനങ്ങളും പ്രകൃതിയും ഉൾപ്പെട്ടിരിക്കുന്നു. അദ്വൈത തത്ത്വചിന്തകനായ ആദിശങ്കരൻ ജ്ഞാനയോഗയ്ക്ക് പരമമായ പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. ജ്ഞാനം എന്നത് ബ്രഹ്മനെപ്പറ്റിയുള്ള അറിവാണ്. വിശിഷ്ഠാദ്വൈതത്തിന്റെ വക്താവായ രാമനുജാ ജ്ഞാനത്തെ ഭക്തിയുടെ വഴിയെ തിരിച്ചുവിടുന്നു. ഭഗവദ് ഗീതയിൽ കൃഷ്ണൻ പറയുന്നു,  ജ്ഞാനം എന്നത് ശരീരമാകുന്ന ക്ഷേത്രത്തെ മനസിലാക്കുകയെന്നതാണ്. ശരീരത്തിൽ കുടികൊള്ളുന്നത് ആത്മം ആണ്. ആത്മത്തെയും  ആത്മക്ഷേത്രത്തെയും ഒരു അതീന്ദ്രിയധ്യാനി ജ്ഞാനത്തിൽക്കൂടി കണ്ടെത്തണം. 


മായാതത്ത്വവാദം ഗീതയിലും വേദങ്ങളിലും ഉപനിഷത്തിലും വിവരിച്ചിട്ടുണ്ട്. ഒരു പക്ഷെ സനാതന തത്ത്വചിന്തകളിൽ ഏറ്റവും വിമർശിക്കുന്നതും മായാ വാദത്തെയായിരിക്കും. 'മായ' ഒരു സംസ്കൃതപദമാണ്. 'മാ' എന്നാൽ 'ഇല്ല' എന്നും 'യാ' എന്നാൽ 'അത്' എന്നുമാണ്. വാസ്തവികമായത് 'ഇല്ലാ' യെന്നു മായാവാദികൾ പറയുമ്പോൾ യുക്തിവാദികൾക്ക്‌ ദഹിക്കില്ല. ഈ പ്രപഞ്ചം മുഴുവൻ മായയെന്നു പറയുന്നു. യുക്തിവാദികൾക്ക് അത് മനസിലാവുകയില്ല. മായാവാദിയായ ഗുരു പറയും,  സൂര്യൻ ഭൂമിയിൽ ഉദിക്കുന്നതും അസ്തമിക്കുന്നതും അനുഭവപ്പെടുന്നുവെങ്കിലും സൂര്യനിൽ നിന്നാൽ അവിടെ അസ്തമയവും ഉദയവുമില്ല. ഇക്കാണുന്ന പ്രപഞ്ചവും ബ്രഹ്മവും ആത്മത്തിലെ സത്യത്തിൽ ഉപബോധമനസ്സിൽ ഒളിഞ്ഞുകിടക്കുന്നു. അന്ധകാരത്തിൽ ചരട് പാമ്പാണെന്ന് തോന്നുന്നപോലെ, അല്ലെങ്കിൽ ഇരുട്ടിൽ ഒരു തൂണ്‍ കണ്ടാൽ പ്രേതമെന്നപോലെയാണ് മായഎന്നൊക്കെ അവരുടെ താത്ത്വികമായ ഉത്തരങ്ങളാണ്. കൃഷ്ണനില്ല, അർജുനനില്ല, കുരുക്ഷേത്രമില്ല, യുദ്ധമില്ല, ഞാനില്ല, നിങ്ങളില്ല, ബ്രഹ്മമാണ് സത്യം. 'മായ' എന്നാൽ ദൈവത്തിന്റെ സ്വപ്നമാണ്.

ഹരേ രാമാ കൃഷ്ണക്കാർ വഴിയോരങ്ങളിൽ ഇങ്ങനെ വാ തോരാതെ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ന്യൂയോർക്ക് വേൾഡ് ട്രേഡ് സെന്റർ കൂറ്റൻ കെട്ടിടങ്ങൾ വീണസമയം ന്യൂയോർക്ക് മുഴുവൻ ജാഗ്രതയായിരുന്ന കാലങ്ങളും ഓർക്കുന്നു. ഒരിക്കൽ ഗ്രാന്റ് സെൻട്രൽ ട്രെയിൻ സ്റ്റെഷനിൽ ഞാൻ ട്രെയിൻ കാത്തു നില്ക്കവേ ഏതാനും ഹരേഭക്തരും അവരുടെ ഗുരുവും എന്നോടൊപ്പം ഉണ്ടായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന ഗുരുവിന്റെ മായാവാദത്തിന്റെ സംസാരം ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ബോംബ്‌ ഭീക്ഷണി മൈക്കിൽക്കൂടി ട്രെയിൻ റ്റെർമിനലിൽനിന്നും മുന്നറിയിപ്പായി കേട്ടത്. കേട്ടമാതിരി അന്നോടാൻ മിടുക്കനും ഹരേ ഭക്തരോടൊപ്പം അവരുടെ ഗുരുവായിരുന്നു. ബോംബിടുന്നത് മായയെങ്കിൽ ഗുരുവിനും അവിടെ നിന്നാൽ മതിയായിരുന്നല്ലോ. ആ ഗുരുവിനോട് ചോദിച്ചാൽ ഉത്തരം പറയും "ബോംബിന്റെ ഭീഷണിയുണ്ടായില്ലായെന്നും ഞാനും ശിക്ഷ്യരും' ഓടിയത് തോന്നലെന്നും അത് മായയെന്നും പറയും. ഇങ്ങനെയുള്ള അയഥാർത്ഥമായ സത്യവുമായി സ്വപ്നത്തിൽ ജീവിക്കുന്നവരാണ് മായാവാദികൾ.  

ബൈബിളുപോലെ ഗീതയും ടെൻഷൻ അകറ്റുന്ന സിദ്ധൗഷധമായി ഭക്തജനം കരുതുന്നു. മനസ്സിൽ വരുന്ന ദുഃഖങ്ങൾ ഭഗവാന് സമർപ്പിക്കാനാണ് ഉപദേശിക്കുന്നത്. സുഖദുഖങ്ങളിൽനിന്നും ഒഴിഞ്ഞുനിന്ന് മനസിനെ ഏകാഗ്രമാക്കി ബ്രഹ്മത്തെ ധ്യാനിക്കാനും പറയും. ഭഗവത്ഗീതയെക്കാൾ മറ്റൊരു നല്ല പുസ്തകമില്ലെന്ന് പറയും. അതുപോലെ മറ്റു മതസ്ഥരും അവരുടെ മതഗ്രന്ഥമാണ് മെച്ചമെന്ന് പറയും. ഇതെല്ലാം കേട്ട് ശരിയെന്ന് വിചാരിച്ച് അന്ധമായ മതവിശ്വാസികളും ഓരോ ഗുരുക്കന്മാരുടെയും പിന്നാലെയും കാണും. 

ഗീത ഒരു മതഗ്രന്ഥമാണ്. തങ്ങളുടെ ഗ്രന്ഥമാണ് ഏറ്റവും മികച്ചതെന്ന് ഓരോ മതവിഭാഗങ്ങളും പറയും. തത്ത്വത്തിൽ ക്രിസ്ത്യാനികളും മുസ്ലിമുകളും ബിംബാരാധാനയെ അംഗീകരിക്കുന്നില്ല. എല്ലാ മതങ്ങൾക്കും അവരുടെ വേദപുസ്തകം പവിത്രമായ ഒരു ബിംബംപോലെയാണ്. ഭഗവാൻ അല്ലെങ്കിൽ ദൈവത്തിന്റെ വാക്കുകൾ അതിന്റെയുള്ളിലുണ്ടെന്ന വാദഗതികളുന്നയിക്കും. മറ്റു പുസ്തകങ്ങളിലും സത്യമുണ്ടെന്ന്‌ പറഞ്ഞാലും മതപ്രേമി മനസിലാക്കുന്നത്‌ പൂജ്യമായിരിക്കും. സ്വന്തം മതപുസ്തകത്തെ അവഹേളിച്ചാൽ കൊല്ലാൻപോലും തയ്യാറായ മസ്തിഷക്കമാണ് മതതീവ്രത പുലർത്തു‌ന്നവരിലുള്ളത്. താത്ത്വികമായും ചിന്താപരമായും യുക്തിപരമായും ചിന്തിക്കാൻ കഴിവില്ലാതെ മതമനസുകൾ മനുഷ്യരുടെ ഹൃദയങ്ങളിൽ നെയ്തെടുത്തിരിക്കുകയാണ്. സ്വന്തം മതത്തിനെതിരായി വിമർശിക്കുന്നവരെ മതപ്രേമികൾ ശതൃക്കളായി കണക്കാക്കും.

മനുഷ്യന്റെ ജീവിതം സുഖങ്ങളും ദുഖങ്ങളും വേദനകളുംകൊണ്ട് നിറഞ്ഞതാണ്‌. ഇതെല്ലാം ഇല്ലെന്ന് നടിച്ച് പരിത്യാഗിയായി ജീവിക്കാനാണ് സന്യാസം ഉപദേശിക്കുന്നത്. ഇത്തരം ഉപദേശങ്ങളുമായി ആൾദൈവങ്ങളും ക്രിസ്ത്യൻ പുരോഹിതരും ബാബാമാരും മുമ്പിലുണ്ട്. സർവ്വതും ത്യജിച്ച് പള്ളിക്കു കൊടുക്കൂ, ആൾ ദൈവങ്ങളുടെ കാൽക്കലർപ്പിക്കൂ, ലളിതമായ വസ്ത്രം,  ഒരു കൗപീനമെങ്കിൽ അതും മെച്ചം. ഇങ്ങനെയൊക്കെ വാതോരാതെ പ്രസംഗിച്ചുനടക്കുന്ന പരിത്യാഗികൾ തട്ടിപ്പല്ലാതെ മറ്റെന്താണ്. ഒരു കാവിവസ്ത്രമോ ഒരു പുരോഹിത കുപ്പായമോ, കൈനീട്ടിക്കൊണ്ടുവരുന്ന മെത്രാന്റെ മോതിരമോ കണ്ടാൽ  തിക്കും തിരക്കുമായി ആൾക്കൂട്ടങ്ങൾ അവർക്കുചുറ്റും സമ്മേളിക്കുന്നതു കാണാം. സന്യസ്തവും പൗരാഹിത്വവുംകൊണ്ട് സമൂഹത്തിനുള്ള നേട്ടമെന്താണ്മന്ത്രോച്ഛാരാണമായി, വേദഗ്രന്ഥങ്ങളുമായി പൊതുജനങ്ങളുടെ പരാഗമായി ഇവർ എല്ലാ മതങ്ങളിലും സമൂഹങ്ങളിലുമുണ്ട്. ഇവരെ പോറ്റുന്നതും അദ്ധ്വാനിക്കുന്ന വർഗമാണ്. അവരോടാണ് വിഡ്ഢികഥകളും യക്ഷികഥകളും പറഞ്ഞ് പറ്റിക്കുന്നത്. ആദാമിന്റെ വാരിയെല്ലിൽ നിന്നുള്ള പൊട്ടകഥകൾപോലെ പുരാണത്തിലെ കഥകളും നിരത്തി ജനത്തെ പമ്പര മഠയന്മാരുമാക്കും. ഇത് സാമൂഹിക വിരുദ്ധവും മനസിലൊരു  മനോവിഭ്രമവും അശാന്തിയും സൃഷ്ടിക്കുന്നതാണ്.


യുദ്ധത്തിൽ പോവുന്നവർക്കും  യുദ്ധമുന്നണിയിൽ പൊരുതുന്നവർക്കും  ഗീതാപ്രഭാഷണങ്ങൾ നൽകി ആവേശഭരിതരാക്കാറുണ്ട്. ഗീതയിൽ ഭഗവാൻ ശ്രീ കൃഷ്ണൻ അർജുനനോട് ഉപദേശിക്കുന്നുണ്ട്. അർജുനാ നിനക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ജയിച്ചാൽ രാജ്യം,  തോറ്റാൽ വീരസ്വർഗം ലഭിക്കും." ഗീതയിൽ വീണ്ടും പറയുന്നു,  ഇവരെയെല്ലാം ഞാൻതന്നെ കൊന്നു. നീ ഇവരെ കൊല്ലാൻ തുനിഞ്ഞില്ലെങ്കിൽ ഇത് തന്നെ നിനക്കും വരും. യുക്തിഹീനമായി കൊല്ലുക, നശിപ്പിക്കുകയെന്നെല്ലാമാണ് ഉപദേശിക്കുന്നത്. ഭയപ്പെടുത്തിക്കൊണ്ട് അർജുനന്റെ കഴിവുകൾ അവിടെ നശിപ്പിക്കുകയാണ്.


യഥാർഥത്തിൽ ഗീതയിലെ തത്ത്വചിന്തകൾ ബുദ്ധമതത്തിനെതിരായി ബ്രാഹ്മണർ രചിച്ചതാണ്. സനാതനത്തിലെ അഹിംസാ തത്ത്വങ്ങൾ ബ്രാഹ്മണമതം ബുദ്ധമതത്തിൽനിന്ന് പകർത്തിയെഴുതിയതുമായിരുന്നു. ഹിന്ദുമതം ആവിർഭവിക്കുന്നതിനുമുമ്പ് സനാനതനികൾ മത്സ്യമാംസം കഴിച്ചിരുന്നു. ഇന്നും കാശ്മീരി ബ്രാഹ്മണർ മാംസാഹാരികളാണ്. അശോകനും തന്റെ ബന്ധുക്കൾ യുദ്ധക്കളത്തിൽ മരിച്ചുകിടക്കുന്നതു കണ്ടപ്പോൾ അർജുനനുണ്ടായ അതേ ദുഖംതന്നെയുണ്ടായി. എന്റെ രക്തത്തെ, എന്റെ സഹോദരീ സഹോദരരെ നശിപ്പിച്ചിട്ട് താൻ എന്തിന് രാജ്യം ഭരിക്കുന്നതെന്ന് അശോകനും വിലപിക്കുന്നുണ്ട്. യുദ്ധം ജയിച്ച രാജാവ് യുദ്ധമവിടെ നിറുത്തുകയാണ്. മഹാഭാരതത്തിലെ യുദ്ധഭൂമിയിലെ വീരപുത്രനായ അർജുനൻ   എന്ന പോരാളി ബുദ്ധമതത്തിന്റെ അഹിംസാ വാദത്തെ പരിഹസിക്കാനായുള്ള സമാന്തരമായ ഒരു കഥാപാത്രമാണ്. സ്വന്തം ജനങ്ങളെ കൊന്നതിലുള്ള ദുഖവും കരുണയും ദയയുമൂലം വിവശനായ അശോകന്റെ സ്ഥാനത്ത് ഇവിടെ കൈവിറയ്ക്കുന്ന അർജുനനെ കൊണ്ടുവന്നിരിക്കുന്നു. നീ അശോകനാകാതെ ഇതൊന്നും നോക്കാതെ കൊല്ലാൻ പറയുന്ന ബ്രാഹ്മണന്റെ തത്ത്വദീക്ഷയില്ലാത്ത ചിന്തകളാണ് ഗീതയിലുള്ളത്. 


സമാനമായ അന്നത്തെ രാഷ്ട്രീയചിന്താഗതിയിൽ ബുദ്ധമതത്തിനെതിരായ ഒരു പ്രത്യാക്രമണമാണ് ഗീതയിൽക്കൂടി ബ്രാഹ്മണമതം അവതരിപ്പിച്ചത്.  സുഖവും ദുഖവും ലാഭമായി കാണാനാണ് ഗീത ഉപദേശിക്കുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെപ്പറ്റി തെറ്റായ ധാരണയാണ് ഇത്തരം ഉപദേശങ്ങൾ. ദുഃഖം കുറയ്ക്കുകയും സന്തോഷം നേടുകയുമെന്നത് മസ്തിഷ്ക്കത്തിന്റെ അടിസ്ഥാന തത്ത്വങ്ങളാണ്. ദുഃഖംവരുമ്പോൾ ചിരിച്ചുകൊണ്ടിരിക്കാൻ സാധിക്കുന്നത് നോവലിലെയും സിനിമയിലെയും കഥാപാത്രത്തിനു മാത്രമേ സാധിക്കുകയുള്ളൂ. 


മതമെന്ന് പറയുന്നത് ഭക്തരുടെ മസ്തിഷ്ക്കത്തിൽ അടിച്ചു കയറ്റിയിരിക്കുന്ന ഒരുതരം അഭിപ്രായമാണ്. മഹാഭാരതത്തിൽ ഭീഷ്മരും സത്യം, നീതി, രാജധർമ്മം എന്നിങ്ങനെ യുധിഷ്ഠരനോട് സംസാരിക്കുന്നുണ്ട്. വാസ്തവത്തിൽ എന്താണ് ധർമ്മം?  ധാർമ്മികമെന്നാൽ ബ്രഹ്മത്തെപ്പറ്റിയുള്ള ഗഹനമായ അറിവെന്നെല്ലാം സനാതനികൾ വിവരിക്കും. ധർമ്മം തന്നെ സദ്കർമ്മവും ദുഷ്കർമ്മവും രണ്ടുതരമാണ്. ഒരു മുക്കവൻ മത്സ്യത്തെ മുറിക്കുന്നതുപോലെ കൈവിറയ്ക്കാതെ,  മനസുപതറാതെ കൊല്ലുക, കൊല്ലുക, ശതൃക്കളെ സംഹരിക്കുക എന്നൊക്കെ ഭീഷ്മർ ധർമ്മപുത്രരോട് ഉപദേശിക്കുന്നുണ്ട്.

 ധർമ്മം ഒരിക്കലും സ്ഥായിയല്ല. ഒരിക്കൽ നായാട്ട് രാജധർമ്മമായിരുന്നു. ഇന്ന് രാജാവുമില്ല,  നായാട്ടുമില്ല. അതുപോലെ ബ്രാഹ്മണ ധർമ്മങ്ങളായ സതി, ശൈശവ വിവാഹമെല്ലാം ഇല്ലാതെയായി. അടിമത്വം ഒരിക്കൽ അംഗീകരിച്ച ധർമ്മമായിരുന്നു. ഇന്ന് അടിമയെവിടെ, അടിമയുടമയെവിടെ?   മാറു മറയ്ക്കാതെ നടക്കാനും ഈഴവ സ്ത്രീകളുടെ കടമയായിരുന്നു. മാറുന്ന ലോകത്ത് ധർമ്മം മനുഷ്യന് വഹിക്കാൻ സാധിക്കാതെയായി. ഓരോ കാലഘട്ടത്തിലും എത്തി നോക്കുകയാണെങ്കിൽ  ആചാരങ്ങളും ചിന്തകളും നിലനിർത്തുന്ന ധർമ്മങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം മാറ്റങ്ങൾക്കായി കാലംമാറിയാലും മതമെന്നും തടസം നില്ക്കുന്നതായി കാണാം. ധാർമ്മികതയെന്നു പറയുന്നത് മതത്തിന്റെ ഒരു ഭീഷണിയാണ്.


സത്കർമ്മങ്ങളും ദുഷ്കർമ്മങ്ങളും വഴി കർമ്മത്തെ രണ്ടായി തിരിച്ചിരിക്കുന്നു. 'നിന്റെ കർമ്മം നിർവഹിക്കുകയെന്നതാണ് സത്കർമ്മത്തിലെ കാതലായ തത്ത്വം. നിലവിലുള്ള സമ്പ്രദായമനുസരിച്ച് ക്ഷത്രിയൻ ശുദ്രന്റെയൊ ബ്രാഹ്മണന്റെയോ ജോലി ചെയ്‌താൽ ദുഷ്കർമ്മമാകും. മോഷം നേടണമെങ്കിൽ ജ്ഞാനവും ഭക്തിയും വേണം. അറിവുവഴിയും മോക്ഷം പ്രാപിക്കാമെന്ന് താത്ത്വിക ആചാര്യന്മാർ പറയുന്നു. ഇതെല്ലാം മനുഷ്യനെ പറ്റിക്കാനുള്ളതാണ്. 


ഭക്തരില്ലായിരുന്നെങ്കിൽ ഈ പുസ്തകങ്ങൾ വായിക്കാൻ മനുഷ്യരും കാണില്ലായിരുന്നു. വിവരിക്കാൻ സ്വാമിമാരും ബാബാമാരും മുള്ളാമാരും പുരോഹിതരും കാണില്ലായിരുന്നു. മതത്തിലധിഷ്ഠിതമായ രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ഭക്തരാണ്. അവരാണ് മതത്തെ നിലനിർത്തുന്നത്. കാവിവസ്ത്രമമൊ നീണ്ട കുപ്പായത്തോടുകൂടിയ കൂന്തത്തൊപ്പിയോ ധരിച്ചാൽ മാത്രമേ ജനം ഇവരെ ശ്രവിക്കുകയുള്ളൂ. എന്താണിവരുടെ യൂണിഫോമിന്റെ ശക്തിയെന്നു നോക്കൂ.


മനുഷ്യജീവിതം സമ്മർദ്ദത്തിനടിമപ്പെട്ടതാണ്. അത് ന്യൂറോളജിക്കലെന്ന് പറഞ്ഞാൽ ഡിവൈൻകേന്ദ്രങ്ങളോ ധ്യാനഗുരുക്കളോ, ഗീതഗുരുക്കളോ സമ്മതിക്കില്ല. ഈ മതഗ്രന്ഥങ്ങൾ വായിച്ചാൽ ടെൻഷൻ മാറിക്കിട്ടുമെന്ന് മസ്തിഷ്ക്കത്തെപ്പറ്റി യാതൊരു വിവരവുമില്ലാത്തവർ പറയും. മനുഷ്യനു വേണ്ടത് വാസ്തവികങ്ങളായ കാഴ്ച്ചപ്പാടുകളാണ്. മനുഷ്യന്റെ ടെൻഷൻ സ്വപ്നം കണ്ടോ മതഗ്രന്ഥങ്ങൾ വായിച്ചോ മാറ്റാവുന്നതല്ല.


വേദങ്ങളിൽ കാണുന്നപോലെ എങ്ങനെയാണ് മനുഷ്യനെ നാലുവർണ്ണങ്ങളായി തിരിച്ചിരിക്കുന്നത്? മനുഷ്യൻ ഭൂമിയിൽ ഉണ്ടായകാലത്ത് വിഭജിക്കപ്പെടുക അസാധ്യമാണ്. തൊഴിൽപരമായും ഗുണപരമായും മനുഷ്യനെ വർണ്ണങ്ങളായി സൃഷ്ടിക്കാൻ ഭഗവാൻ വിചാരിച്ചാലും സാധിക്കുകയില്ല. ഈ വിഭജനം നിലനിർത്താൻ കർമ്മംകൊണ്ടും സാധിക്കില്ല. ഇന്ന് അധ്യാപകനായ ഒരാൾക്ക് നാളെ കച്ചവടത്തിൽ താൽപര്യം വരാം. പിന്നെ തപസും പ്രാർത്ഥനയും മതപ്രഭാഷണവുമായി കഴിയുവാൻ തോന്നും. അപ്പോഴെല്ലാം വർണ്ണങ്ങൾ മാറിക്കൊണ്ടിരിക്കുമൊ?  വേദവ്യാസൻ ബ്രാഹ്മണനല്ലായിരുന്നു. അദ്ദേഹം ആരെയും കൊന്നിട്ടില്ല. ഗുണംകൊണ്ട് അദ്ദേഹം ബ്രാഹ്മണനുമായില്ല. ബ്രാഹ്മണനായ പരിശുരാമൻ കൊല്ലും കൊലയും  വിളിച്ച് ക്ഷത്രിയകുലത്തെ മുഴുവൻ നശിപ്പിച്ചുകൊണ്ടിരുന്നു. തനിനിറം പുറത്തിറക്കിയ ഈ ബ്രാഹ്മണന്റെ ഗുണമെവിടെ?      


ഗുരുക്കന്മാരുടെയും മതപുരോഹിതരുടെയും മറ്റൊരുവാദം വിശുദ്ധപുസ്തകങ്ങളിലെ വചനങ്ങൾ വാച്യാർഥത്തിൽ എടുക്കരുതതെന്നാണ്. ഗഹനമായി ചിന്തിക്കാൻ കഴിവുള്ള ഒരു ഗുരുവിന്റെ സഹായത്തോടെ വിശുദ്ധ പുസ്തകങ്ങൾ വായിക്കണം. ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളെയും വഹിക്കാനുള്ള നോവയുടെ പെട്ടകവും വിശ്വാസിക്കണം. ഹൈഡ്രജൻ ബോംബു ഫാക്റ്ററിയായ സൂര്യനിൽ നിന്ന് കുന്തിയിൽ ജീവശാസ്ത്രപരമല്ലാതെ പുത്രനുണ്ടായെന്നും വിശ്വസിക്കണം. കുത്തിയിരുന്ന് ഗുരുക്കളും പുരോഹിതരും തങ്ങളുടെ പ്രൊഫഷനായ ബൈബിൾ വചനങ്ങളോ ഗീതയോ കാണാതെ പഠിച്ചുകൊണ്ടിരിക്കും. എങ്കിലല്ലേ ശ്ലോകങ്ങളോ വചനങ്ങളോ ഉരുവിടാൻ സാധിക്കുള്ളൂ. തെരുവിൽക്കൂടി നടക്കുന്ന ഉപദേശിക്കും മനപാഠമാക്കിയ വചനം നല്ലവണ്ണം പറയാൻ അറിയാം. പൊതുജനങ്ങൾക്ക് ബോധമില്ലെന്നാണ് വെപ്പ്.

ഗാന്ധിജി ഗീത വായിച്ച് ആവേശഭരിതനായി. അതെ ഗീതതന്നെയാണ് ഗോഡ്സെ വായിച്ചത്. ഹിറ്റ്ലറിന്റെയും നാസിസത്തിന്റെയും ഉദയം ബൈബിളായിരുന്നു. ലോകത്തിലെ ഇസ്ലാമിക ഭീകരരുടെയെല്ലാം മൗലികഗ്രന്ഥം അവരുടെ മതപുസ്തകങ്ങളായിരുന്നു. ഗീതയെന്നാൽ ഒരു പടപാട്ടാണ്. ഒരു രണഗീതമെന്ന് പറയാം. ശൂദ്രൻ ഗീത വായിച്ചാൽ തിളച്ച ഇയം ചെവിയിൽ ഒഴിക്കണമെന്നു പറയുന്ന ആധുനിക സമൂഹത്തിന് മതഗ്രന്ഥങ്ങൾ ആവശ്യമില്ല. ഗീത വായിച്ച അർജുനന്റെ ഗതിയെന്തായിരുന്നു. നീ പതറരുതെന്നു പറഞ്ഞു. എന്നിട്ട് സ്ത്രീകളെപ്പോലെ പൊട്ടിക്കരഞ്ഞു. ഒരവസരത്തിൽ ധർമ്മപുത്രരുടെ നേരെ വാളെടുത്തു. ജയിച്ചവർക്ക്‌ നരകവും ദുര്യോധനന് സ്വർഗവും കിട്ടി. അത്യന്തകമായ സത്യത്തിൽ മരിച്ചുകഴിഞ്ഞ് ബ്രഹ്മത്തിൽ അലിഞ്ഞുചേരുമെന്ന് പറയുന്നു. എങ്ങനെ?   

Ref: Prof.Ravichandran 

6 comments:

  1. എന്താണ് താങ്കൾ പറഞ്ഞു വന്നതെന്ന് മാത്രം മനസ്സിലായില്ല... ഗീത വായിച്ചിട്ടു കാര്യമില്ലെന്ന പോലെ തോന്നും...

    ReplyDelete
  2. പ്രസിദ്ധ യുക്തിവാദി പ്രഭാഷകനായ രവീന്ദ്രൻ മാഷിന്റെ പ്രസംഗങ്ങൾ യൂട്യൂബിൽ ഞാൻ ശ്രവിക്കാറുണ്ട്. മതഗ്രന്ഥങ്ങളെക്കാൾ യുക്തിചിന്തകളിലാണ് ഞാൻ കൂടുതലും വിശ്വസിക്കുന്നത്. ഗീതയും ബൈബിളും സാഹിത്യ കൃതികളാണ്‌. മാനുഷിക മൂല്യങ്ങൾ നിറഞ്ഞ തത്ത്വങ്ങൾ ഉൾക്കൊള്ളാൻ വായിക്കണം. അക്ഷരാർഥത്തിൽ വായിച്ചാൽ നാം എല്ലാം ക്രിമിനലുകളാകും.

    ReplyDelete
  3. ബൈബിള്‍ സത്യം അന്നാണ് വിസ്വസ്കുന്നു അത് വിസ്വാസികാത്തവര്‍ ചെകുത്താന്‍മാരും എന്ന് പറയ്ന്നത് ശരിയാണോ ഒരു യൂറ്പോന്‍ ചിന്താഗതിയാണ്

    ReplyDelete
    Replies
    1. ബൈബിൾ സത്യമെന്ന് വിശ്വസിക്കാത്തവർ പിശാചുക്കളെന്നു യൂറോപ്യൻ ചിന്തകൻ പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് പിശാചിനെ പിന്തുണക്കേണ്ടി വരും. ബൈബിൾ കണ്ടെത്തിയതു തന്നെ നാലാം നൂറ്റാണ്ടിലാണ്. ഈ കാലഘട്ടങ്ങളിൽ ആ പുസ്തകത്തിൽ വന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല. യേശു ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം നല്ലയൊരു മനുഷ്യനായിരുന്നുവെന്നേ എനിക്ക് വിശ്വസിക്കാൻ സാധിക്കുള്ളൂ. അതിനപ്പുറം എന്റെ ചെറിയ ബുദ്ധിയിൽ ചിന്തിക്കാൻ സാധിക്കുന്നില്ല.

      Delete
    2. https://youtu.be/gFoHEkQug0o

      Delete
  4. അത് തന്നെയാണ് തങ്ങള്‍ ശ്രീ കുമാരന്‌ കൊടുത്ത മറുപടിയും

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...