Saturday, February 25, 2017

നക്സൽ പ്രസ്ഥാനവും നീതി നിഷേധിക്കപ്പെട്ട ഐ.ജി. ലക്ഷ്മണയും -2



ജോസഫ് പടന്നമാക്കൽ 

നക്സൽ വർഗീസ് അഥവാ അരീക്കാട് വർഗീസ്, ആദിവാസികൾക്കും ദളിതർക്കും വേണ്ടി പോരാടിയിരുന്ന ഒരു വിപ്ലവകാരിയായിരുന്നു. വർഗീസിന്റെ മരണത്തെപ്പറ്റി പരസ്പ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങളാണ്‌ പൊതുജനങ്ങളുടെയിടയിലും  വാർത്തകളിലും നിറഞ്ഞിരിക്കുന്നത്.  1970-ൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഔദ്യോഗികമായി സ്ഥിതികരിച്ച വാർത്തകളിലുണ്ടായിരുന്നത്.  എന്നാൽ സെൻട്രൽ റിസർവ് പോലീസിലുണ്ടായിരുന്ന (CRPF)  രാമചന്ദ്രൻ നായരുടെ പരസ്യമായ ഒരു കുമ്പസാരത്തോടെ അതൊരു വ്യാജമായുണ്ടാക്കിയ ഏറ്റുമുട്ടലായിരുന്നുവെന്നു തെളിഞ്ഞു. കസ്റ്റഡിയിലായിരുന്ന വർഗീസിനെ കേരളാ പോലീസിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ചു വധിക്കുകയായിരുന്നുവെന്നു ശ്രീ നായർ വെളിപ്പെടുത്തി. മരിക്കുമ്പോൾ വർഗീസിന് മുപ്പത്തിയൊന്നു വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലൊന്നാകെ  കോളിളക്കം സൃഷ്ടിച്ച ഈ പുതിയ വാർത്ത  അമിത പ്രാധാന്യത്തോടെ കൊട്ടിഘോഷിക്കാനും കാരണമായി.


സെൻട്രൽ റിസർവ് പോലീസിലുണ്ടായിരുന്ന (സി.ആർ.പി)  രാമചന്ദ്രൻ നായരും എച്ച്. ഹനീഫയും ഒത്തൊരുമിച്ചുകൊണ്ട് കസ്റ്റഡിയിലിരുന്ന വർഗീസിനെ വെടി വെച്ചുകൊന്നുവെന്നുള്ള കുറ്റസമ്മതം സി.ബി.ഐ യുടെ ശ്രദ്ധയിൽപ്പെടുകയും കേസ് പുനരന്വേഷണത്തിനു ഉത്തരവിടുകയുമുണ്ടായി. കേരളാസ്റ്റേറ്റ് പോലീസ് ഓഫിസർമാരായ ലക്ഷ്മണനും വിജയനും വർഗീസിനെ വധിക്കാൻ ആജ്ഞ കൊടുത്തെന്നാണ് പുതിയതായി രേഖപ്പെടുത്തിയ  സി.ബി.ഐ. റിപ്പോർട്ടിലുള്ളത്.


വർഗീസ് ഏറ്റുമുട്ടലിലല്ല കസ്റ്റഡിയിലിരുന്നപ്പോഴാണ് മരിച്ചെന്ന കാര്യം രാമചന്ദ്രൻ നായർ സർവീസിൽനിന്നും പെൻഷൻ പറ്റുന്നവരെ രഹസ്യമായി സൂക്ഷിച്ചതു എന്തിനെന്നുള്ളതും ഒരു ചോദ്യമാണ്. സ്ഫോടനാത്മകമായ ഇത്തരം ഒരു വാർത്ത പുറത്തുവന്നയുടൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതിനെ രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തു. നക്സൽ ബാരികളെ പിന്തുണക്കുന്നവർ എരിതീയിൽ എണ്ണയൊഴിക്കാനുള്ള ശ്രമവും തുടങ്ങി. വാർത്തകളുടെ അടിസ്ഥാനത്തിൽ 'സി.ബി.ഐ' സംശയമുള്ളവരെ സാക്ഷികളായും പ്രതികളായും ചേർത്ത് ചാർജ് ഷീറ്റുണ്ടാക്കി. അവരിൽ മുൻ സുബൈദാരായിരുന്ന ശ്രീ പീടികയിലിനെ മാത്രം കുറ്റപത്രത്തിലെ പേരിനോടുകൂടി ചേർത്തില്ല. എന്തുകൊണ്ട് പീടികയിൽ കുറ്റക്കാരനല്ലായെന്ന ചോദ്യത്തിനും ഉത്തരമില്ല. രാഷ്ട്രീയ ഇടപെടലുകളും ബാഹ്യസമ്മർദവും കാരണം കേസ് നീട്ടികൊണ്ടുപോയിരുന്നു. വർഷങ്ങൾ പിന്നെയും പിന്നിട്ടു. അവസാനം 2010-ൽ ലക്ഷ്മണനെ കുറ്റക്കാരനാക്കിക്കൊണ്ട് ഹൈക്കോടതിയിൽനിന്നും വിചിത്രമായ ഒരു വിധി വന്നു. ലക്ഷ്മണനു ജീവപര്യന്തം തടവു ശിക്ഷയും ലഭിച്ചു.


നക്സൽ നേതാവായിരുന്ന വർഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി തടവിൽ കഴിഞ്ഞിരുന്ന ഐ.ജി യായിരുന്ന ആർ. ലക്ഷ്മയെ  അനാരോഗ്യവും 75 വയസു തികഞ്ഞതുകൊണ്ടും സ്വതന്ത്രനാക്കിയിരുന്നു. 1970 ഫെബ്രുവരി പതിനെട്ടാം തിയതി വയനാട്ടിലുള്ള കട്ടിക്കുളം വനാന്തരങ്ങളിൽ നക്സൽ വർഗീസുമായുള്ള ഏറ്റുമുട്ടലിൽ സെൻട്രൽ പോലീസിന്റെ വെടിയേറ്റ് വർഗീസ് മരിച്ചുവെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. നക്സൽബാരികളുമായുള്ള ഏറ്റുമുട്ടലിൽ വർഗീസ് മരിച്ചുവെന്ന നിഗമനത്തിൽ പിന്നീട് അന്വേഷണങ്ങളൊന്നും നടത്തിയില്ല. എന്നാൽ ആ കേസ് 1998-ൽ പുനഃപരിശോധിക്കുകയുണ്ടായി. പോലീസിൽ നിന്ന് വിരമിച്ച രാമചന്ദ്രൻ നായർ ആ സമയം വർഗീസിന്റെ മരണം നടന്ന സ്ഥലത്തുണ്ടായിരുന്നു. ജീവനോടെ പിടിച്ച വർഗീസിനെ പച്ചയായി കൊന്നത് താനെന്നായിരുന്നു രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ. അന്ന് കേരളാപോലീസിലെ എസ്.പി.യായിരുന്ന ലക്ഷ്മണയുടെ ആജ്ഞപ്രകാരം ആ ക്രൂരകൃത്യം തനിക്കു ചെയ്യേണ്ടിവന്നുവെന്നു രാമചന്ദ്രൻനായർ പറഞ്ഞു. കേരള ഹൈക്കോടതിയിൽ വന്ന പെറ്റിഷൻ അനുസരിച്ചു കേസ് സി.ബി.ഐ യ്ക്ക് മാറുകയും ചെയ്തു. ഏതാനും സാക്ഷികളെ വിസ്തരിക്കുകയുമുണ്ടായി. കോടതി വിസ്തരിക്കുന്നതിനു മുമ്പ് രാമചന്ദ്രൻ നായർ മരിച്ചുപോയിരുന്നു.

പോലീസുകാർക്കും ബൂർഷാ മുതലാളികൾക്കുമെതിരെ ഒരു ഓപ്പറേഷൻ നടത്തിക്കഴിഞ്ഞ ശേഷം  ഉൾക്കാടുകളിലേയ്ക്ക് വലിയുകയെന്ന തന്ത്രമായിരുന്നു നക്സൽബാരികൾക്കുണ്ടായിരുന്നത്.  അവർക്കെതിരെ പോരാടാൻ പ്രത്യേകം പരിശീലനം ലഭിച്ച സി. ആർ. പി.യുടെ സുബേദാർ പീടികയിലിന്റെ നേതൃത്വമാണ് വർഗീസിനെ വധിക്കാനുള്ള പദ്ധതികളും നടത്തിയത്. അതിൽ കേരളാ പൊലീസിന് യാതൊരു പങ്കുമില്ലായിരുന്നു. കേരളാ പോലീസിലെ ഡി.ഐ.ജി.യായിരുന്ന ലക്ഷ്മണ  ജയിൽവിമുക്തനായ ശേഷം നൽകുന്ന വിവരങ്ങൾ ഈ ലേഖനത്തിൽ സംക്ഷിപ്‌തമായി വിവരിച്ചിട്ടുണ്ട്.


'1970 ഫെബ്രുവരി പതിനെട്ടിന് വർഗീസ് കൊല്ലപ്പെടുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നുവെന്നും സി.ആർ പി. യുമായുള്ള ഏറ്റുമുട്ടലിലാണ് വർഗീസ് കൊല്ലപ്പെട്ട സന്ദേശം തനിക്ക് ലഭിച്ചതെന്നും' ഡി ഐ.ജി യായിരുന്ന ശ്രീ ലക്ഷ്മണ പറയുന്നു. അന്നത്തെ സംഭവങ്ങൾ വള്ളിപുള്ളിയില്ലാതെ ശ്രീ രാമചന്ദ്രൻ നായരുടെ ഡയറി കുറിപ്പിലുണ്ടായിരുന്നു. എന്നാൽ ഇത് കോടതിയിൽ എത്തിയില്ല. നക്സൽബാരിസം ഇന്നും പ്രത്യായ ശാസ്ത്രമായി കരുതുന്ന 'ഗ്രോവാസുവും' പോലീസ് അസോസിയേഷനിലെ ചിലരും കൂടി രാമചന്ദ്രൻ നായരെ ബ്ളാക്ക് മെയിൽ ചെയ്യുകയായിരുന്നു. കാരണം ലക്ഷ്മണനായിരുന്നു എല്ലാ കേസുകളും അന്വേഷിച്ചത്. തലശേരി, തിരുന്നേലി ഇവിടെങ്ങളിലുള്ള അന്വേഷണ കമ്മീഷനുകളിലെ പ്രധാന അന്വേഷകനും ലക്ഷ്മണൻ തന്നെയായിരുന്നു. വമ്പന്മാരായ പല നക്സൽ നേതാക്കളെയും അക്രമാസക്തരായ വിപ്ലവകാരികളെയും അദ്ദേഹത്തിന് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ദളിതനെന്ന പേരിലും സേവനത്തിന്റെ നിപുണതയിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പലപ്പോഴും നിസ്സഹകരണം പുലർത്തിയിരുന്നു. ജോലിയിൽ പ്രൊമോഷൻ ലഭിച്ചിരുന്ന സമയങ്ങളിലും ചിലർക്ക് നീരസവുമുണ്ടാവുമായിരുന്നു. കൂടാതെ നക്സൽ സിദ്ധാന്തങ്ങളുമായി നടന്ന പലരുടെയും നോട്ടപ്പുള്ളി ലക്ഷ്മനായിരുന്നു. അദ്ദേഹത്തോട് പ്രതികാരം വീട്ടുകയെന്നതും അവരുടെ താല്പര്യമായി മാറി.


കോടതികളിൽ രേഖപ്പെടുത്തിയ സാക്ഷികളുടെ മൊഴികളിൽ വ്യാജമായി പലതും എഴുതിച്ചേർത്തിരുന്നു. സാക്ഷികൾ പറയാത്തതുമുണ്ടായിരുന്നു. സാക്ഷികൾ പറഞ്ഞ പലതും സമർത്ഥമായ രീതിയിൽ തന്നെ കോടതിയുടെ റിക്കോർഡുകളിൽ വിരുതന്മാർ തിരുത്തി. നീതി ന്യായ വ്യവസ്ഥയിൽ നടക്കാൻ പാടില്ലാത്ത അട്ടിമറികൾ മുഴുവനും ലക്ഷ്‌മണനെതിരായി യ്‌ക്കെതിരായി നടന്നു. സാക്ഷികൾ പറഞ്ഞ മൊഴി വളച്ചൊടിച്ചു മറ്റൊരു തരത്തിൽ ലക്ഷ്‌മണനെതിരായി ഇംഗ്ലീഷിൽ പകർത്തി. സാക്ഷികളെ സത്യപ്രതിജ്ഞ ചെയ്തു ചൊല്ലിച്ച വാചകങ്ങൾ വിധിയിൽ പറയുമ്പോൾ ബോധപൂർവം അത് തിരുത്തി മറ്റൊരു തരത്തിലാക്കിയിരുന്നു. നീതി നിക്ഷേധത്തിനു ലക്ഷ്മണൻ ഫയൽ ചെയ്ത കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.


വർഗീസ് മരിച്ച സാഹചര്യങ്ങളുൾപ്പെടുത്തി രാമചന്ദ്രൻ നായർ സ്വന്തം കൈപ്പടയിലെഴുതിയ ഡയറി കോടതിയിൽ ഹാജരാക്കിയില്ല. അയാൾ എഴുതിയ ഡയറി അയാളുടെ ഭാര്യ ശാന്തമ്മയുടെ കയ്യിലുണ്ട്. പകരം കോടതിയിൽ ഹാജരാക്കിയ രേഖ രാമചന്ദ്രന്റെ കൈപ്പടയിലുള്ളതല്ല. വ്യാജമായ സൃഷ്ടിയാണ്.  ലക്ഷ്‌മണനെതിരെ ഗൂഢാലോചന നടത്തിയ സ്ഥാപിത താല്പര്യമുള്ളവർ രാമചന്ദ്രൻ നായരുടെ കൂടെ നടന്നു ബ്ളാക്ക്മെയിൽ ചെയ്യുന്നുണ്ടായിരുന്നു. സത്യമല്ലാത്തത് പലതും പറയിപ്പിച്ചു. സ്വന്തം  മനഃസാക്ഷിക്കെതിരെയാണ് പറയുന്നതെന്ന് രാമചന്ദ്രൻ നായരുടെ മനസ് മന്ത്രിച്ചിട്ടുണ്ടാവാം.


വർഗീസ് മരിച്ച കാലങ്ങളിൽ ജൂണിയർ ഓഫീസറായിരുന്ന ലക്ഷ്മണനെ മാത്രം എന്തുകൊണ്ട് ശിക്ഷിക്കപ്പെട്ടു? ഒപ്പം ഉണ്ടായിരുന്നുവെന്നു പറയുന്ന സീനിയർ ഓഫിസർ, വിജയനെ ശിക്ഷിച്ചുമില്ല. അതുപോലെ രാമചന്ദ്രൻ നായർക്കൊപ്പം വർഗീസിനെ വെടിവെച്ച ജൂണിയർ കോൺസ്റ്റബിൾ ഹാനീഫയും ശിക്ഷകളില്ലാതെ ഹൈക്കോടതി സ്വതന്ത്രനാക്കി. ഇതൊരു രാഷ്ട്രീയ ഗൂഡാലോചനയോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ സംശയം മാത്രം ബാക്കി നിൽക്കുന്നു. കോടതിയെ അന്യായത്തിന്റെ മൂടുപടം അണിയിച്ചുകൊണ്ടു ആരൊക്കെയോ വമ്പന്മാർ ഈ കേസിൽ മായം കലർത്തിയെന്നും ചിന്തിക്കണം. ഒരു പക്ഷെ വിധി മറിച്ചായിരുന്നെങ്കിൽ അതിനുത്തരവാദിയായ രാഷ്ട്രീയ നേതൃത്വത്തിന്റെ അടിത്തറ തന്നെ ഇളകുമായിരുന്നു. സത്യം ഈ കോടതി വിധിയിലൂടെ വ്യഭിചരിക്കപ്പെട്ടുവെന്നും കരുതണം.


സാക്ഷിവിസ്താര വേളകളിൽ അനേക പോരായ്മകളും ചൂണ്ടിക്കാണിക്കാൻ സാധിക്കുമായിരുന്നു. അതൊരിക്കലും പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടില്ല. ഇവിടെ ലക്ഷ്മണന്റെ  നിസ്സഹായാവസ്ഥയെപ്പറ്റി ഒരു അവലോകനം യുക്തമെന്നു തോന്നുന്നു. വർഗീസിന്റെ എഫ്.ഐ.ആർ റിപ്പോർട്ട് സിബിഐ തന്നെ എന്തൊക്കെയോ കൃത്രിമത്വം കാണിച്ചുള്ളതാണ്. വായിക്കാൻ സാധിക്കാതെ ആരൊക്കെയോ വെട്ടിക്കുത്തുകൾ നടത്തിയശേഷമുള്ള  അവ്യക്തമായ എഴുത്തുകളാണ് റിപ്പോർട്ടിനുള്ളിലുള്ളത്. രാമചന്ദ്രൻ നായർ റിപ്പോർട്ട് ചെയ്തതുപോലെ വർഗീസിന്റെ ദേഹത്ത് വെടിയുണ്ടകൾ പതിച്ചത് എവിടെയെന്നും മനസിലാക്കാൻ സാധിക്കില്ല. കോടതി വിസ്താരത്തിൽ പ്രധാന റിക്കോർഡുകളായ എഫ്‌ഐആർ, അന്വേഷണ റിപ്പോർട്ട്, പോസ്റ്റ് മാർട്ടം റിപ്പോർട്ട് എന്നിവകളൊന്നും വാദിഭാഗം ഹാജരാക്കിയില്ല. വ്യക്തികളെ തിരിച്ചറിഞ്ഞതും ശരിയായിരുന്നില്ല. അന്നുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയൽ നടത്തിയ വേളയിൽ ലക്ഷ്മണൻ   അവിടെയുണ്ടായിരുന്നെങ്കിലും ഹനീഫയ്ക്ക് ലക്ഷ്മണനെ ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല.


വർഗീസ് മരിച്ച ദിവസം ലക്ഷ്മണൻ സംഭവസ്ഥലത്തുനിന്നും മുപ്പത് കിലോമീറ്റർ അകലെ മാനന്തവാടി പി.ഡബ്ള്യൂ.ഡി. റസ്റ്റ്ഹൌസിൽ അന്വേഷണത്തിനായി താമസിക്കുകയായിരുന്നു. അതിനു സാക്ഷികളായി പലരുമുണ്ടെങ്കിലും കോടതി അവരെയാരും സാക്ഷികളാക്കാൻ തയ്യാറായില്ല. അവിടെയും ചുവപ്പുനാടകളുടെ കറുത്ത കൈകളുണ്ടായിരുന്നു. ആ രാത്രി വർഗീസിന്റെ മരണവിവരം അറിഞ്ഞതു തന്നെ സുബേദാർ എൻ.വി. പീടികയിലിൻറെ സന്ദേശത്തിൽ നിന്നായിരുന്നു. ഇക്കാര്യം സി.ബി.ഐ. ഡോക്യൂമെന്റിലുള്ള തെളിവുകളിൽ നിന്നും പൂർണ്ണമായും വ്യക്തമായിരുന്നു. സുബേദാർ പീടികയിൽ ഇതുസംബന്ധിച്ചുള്ള ഏതാനും തെളിവുകൾ നിരത്തുന്നുമുണ്ട്.


സി.ആർ.പി.എഫ്-ലെ എല്ലാ സീനിയർ ഓഫിസർമാരും 1970 ഫെബ്രുവരി പത്തൊമ്പതാം തിയതി രാവിലെ ഒത്തുകൂടി സുബേദാർ എൻ.വി. പീടികയിലിനെയും ടീമിനെയും വർഗീസിനെ വെടിവെച്ചു  വീഴ്ത്തിയതിൽ അഭിനന്ദിച്ചിരുന്നു. പ്രത്യേകിച്ച്, ഉന്നം തെറ്റാതെ വെടി വെച്ച രാമചന്ദ്രൻ നായരുടെയും ഹനീഫായുടെയും കഴിവുകളെ വിലമതിക്കുകയും ചെയ്തു. ഡോക്യൂമെന്റുകളായി സൂക്ഷിച്ചിട്ടുള്ള സി.ആർ.പി.എഫ്. ചരിത്ര ഷീറ്റിൽ, ഏറ്റുമുട്ടലിൽ വർഗീസ് കൊല ചെയ്യപ്പെട്ടതിൽ എൻ.വി. പീടികയിലിനും രാമചന്ദ്രൻ നായർക്കും പാരിതോഷികം കൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ ചരിത്ര ഡോക്യൂമെന്റിലൊന്നും ലക്ഷ്മണന്റെ പേര് ചേർത്തിട്ടില്ല. സെൻട്രൽ റിസർവ് പൊലീസിലെ (CRPF) മേലാധികാരികളെ മാത്രമേ സുബേദാർ എൻ.വി. പീടികയിലിനും മറ്റുപൊലീസുകാർക്കും അനുസരിക്കാനുള്ള ബാധ്യതയുള്ളൂവെന്നു അവരുടെ അന്നത്തെ ഡി.ഐ.ജി.യുടെ റിപ്പോർട്ടിലുണ്ട്.  കേരളാ പൊലീസിന് അവരുടെ പേരിൽ അധികാരം ഒന്നും തന്നെ ഇല്ലായിരുന്നു. ഔദ്യോഗിക നിലയിൽ ലക്ഷ്മണനു സി.ആർ.പി. രാമചന്ദ്രൻ നായരുടെ മേലെ യാതൊരു ആജ്ഞകളും നടത്താൻ സാധിക്കുകയുമില്ലായിരുന്നു. ആ സത്യവും കോടതി അംഗീകരിക്കാതെ പോയി.


സി.ആർ.പി.എഫ്. ന്റെ കമാൻഡറായിരുന്ന 'മൻമോഹൻ സിങ് ഒബറോയ്' വർഗീസ് കേസിലെ മറ്റൊരു സാക്ഷിയായിരുന്നു. അദ്ദേഹം പറഞ്ഞത് 'സി.ആർ.പി.എഫ് നീക്കങ്ങളുടെ അധികാരി എൻ.വി. പീടികയിൽ മാത്രമെന്നായിരുന്നു.' സി.ബി ഐ കോടതിയിൽ ഹാജരാക്കിയ സി.ആർ.പി.എഫ് റിപ്പോർട്ടിൽ ലക്ഷ്മണയുടെ യാതൊരു പങ്കും സൂചിപ്പിച്ചിട്ടില്ല. അതേ സമയം സുബേദാർ എൻ.വി. പീടികയിലിന്റെ പങ്ക് അതിൽ വിവരിച്ചിട്ടുണ്ട്. ഇതിൽനിന്നും ലക്ഷ്മണനു സി.ആർ.പി.യുടെ മേൽ യാതൊരു അധികാരമോ നിയന്ത്രണമോ ഇല്ലായിരുന്നുവെന്നും നക്സൽബാരി ഓപ്പറേഷന്റെ തീരുമാനങ്ങളെടുക്കാനുള്ള സമ്പൂർണ്ണമായ അധികാരം സുബേദാർ പീടികയിലിനായിരുന്നുവെന്നും വ്യക്തമാണ്. പാരാമിലിട്ടറിയായ സി.ആർ.പി യ്ക്ക് അവരുടേതായ കമാണ്ടർമാർ ഉണ്ടായിരുന്നു. സി.ആർ.പി ബെറ്റാലിയനിൽപ്പെട്ട രാമചന്ദ്രൻ നായരുടെയോ ഹനീഫായുടെയോമേൽ ലക്ഷ്മണനു  നിയന്ത്രണവും ഉണ്ടായിരുന്നില്ല. അവർക്കു തന്നെ സുപ്പീരിയർ ഓഫിസർമാരുള്ളപ്പോൾ രാമചന്ദ്രൻ നായരോട് ആജ്ഞാപിക്കാൻ ലക്ഷ്മണനു സാധിക്കുമായിരുന്നുമില്ല.


വർഗീസിന്റെ മരണത്തെപ്പറ്റി ഏറ്റവും ആധികാരികമായി സംസാരിക്കാൻ ചുമതലപ്പെട്ട വ്യക്തി സുബേദാർ പീടികയിലായിരുന്നു. പക്ഷെ അദ്ദേഹത്തെ സാക്ഷിയായി പോലും വെക്കാൻ സി.ബി.ഐ തയ്യാറായില്ല. വർഗീസിനെ വധിച്ച കേസിൽ നേരിട്ട് ബന്ധമുണ്ടായിരുന്നതും കുറ്റവാളിയും അദ്ദേഹമായിരുന്നു. എങ്കിലും കുറ്റം മുഴുവൻ മനഃപൂർവം ലക്ഷ്മണനിൽ ചുമത്തി. സി.ആർ.പി. യും സി.ബി.ഐ യും ഒത്തുകൂടി കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു സുബേദാർ പീടികയിലിനെ രക്ഷിക്കുകയും ചെയ്തു. കോടതി, സി.ആർ.പി യുടെയും സി.ബി.ഐ യുടെയും വാദങ്ങൾ മാത്രമേ കേൾക്കുമായിരുന്നുള്ളൂ. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള ഒരു കളങ്കമായിരുന്നു. ലക്ഷ്മണന് നീതിപൂർവമായ വിസ്താരം (Trial) കിട്ടിയില്ല. നീതിന്യായ കോടതിയും കുറ്റവാളികളെ രക്ഷിക്കാനുള്ള തന്ത്രത്തിലായിരുന്നു. പക്ഷാപാതപരമായി മീഡിയാകളും വാർത്തകളെ വളച്ചൊടിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തിരുന്നു. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്ന വാർത്തകളും നിരീക്ഷണങ്ങളും കോടതികളെ തെറ്റി ധരിപ്പിച്ചുകൊണ്ടുള്ളതുമായിരുന്നു.


രാമചന്ദ്രൻ നായർ സി.ബി.ഐ.യോട് പറഞ്ഞതെല്ലാം മുഖവിലയ്ക്ക് വിശ്വസിച്ചു. ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ അയാളുടെ സേവനകാല റിക്കോർഡോ, സന്മാർഗികതയോ, കാര്യക്ഷമതയോ പരിശോധിച്ചില്ല. ഇപ്പറഞ്ഞ പൊരുത്തമില്ലായ്‌മകൾ പരിഗണിച്ചുമില്ല. കാര്യഗൗരവും സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടായിരുന്ന ലക്ഷ്മണന്റെ ഔദ്യോഗിക ജീവിതകാലങ്ങളും ധാർമ്മിക ബോധവും ഹൈക്കോടതി മനസിലാക്കാതെ പോയി. അദ്ദേഹത്തിൻറെ ജോലിയിലുണ്ടായിരുന്ന ആത്മാർത്ഥതമൂലം പലരുടെയും ശത്രുവാകാനും കാരണമായി. അവസാനം പൊതുജനങ്ങളുടെ ദൃഷ്ടിയിൽ ആത്മാഭിമാനത്തിനും ക്ഷതമേറ്റു. ഈ അനീതിയെ വെളിച്ചത്തു കൊണ്ടുവരേണ്ട ആവശ്യമുണ്ട്. ഒരു നല്ല മനുഷ്യന് നീതി നിക്ഷേധിക്കപ്പെട്ടു. സത്യം വെളിച്ചത്താക്കി അദ്ദേഹത്തിൻറെ നിഷ്കളങ്കത്വം തെളിയുന്ന സുവർണ്ണ യുഗം വരട്ടെയെന്നും പ്രതീക്ഷിക്കാം.


ദളിതനായ ലക്ഷ്മണനെ ന്യായികരിക്കാൻ പത്രങ്ങളും ഉണ്ടായിരുന്നില്ല. നാൽപ്പതു കൊല്ലം മുമ്പുള്ള ചരിത്രത്തെപ്പറ്റി അധികമാരും ചിന്തിക്കാൻ സാധ്യതയില്ല. സമൂഹത്തിൽ അറിഞ്ഞോ അറിയാതെയോ ധനികരായതുകൊണ്ട് മാത്രം നക്സൽബാരികൾ അന്ന് നിഷ്കളങ്കരായ ജനത്തെ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. കേരളമൊന്നാകെ ജനം നക്സലുകളെ ഭയപ്പെട്ടിരുന്നു. ബലം പ്രയോഗിച്ചുതന്നെ നക്സലുകളെ തകർക്കാൻ കഴിവുള്ള സർക്കാരിനെയും പോലീസിനെയും കേരള ജനത ആഗ്രഹിച്ചിരുന്നു. അത്തരം ഭീകരരെ അമർച്ച ചെയ്യാൻ പുറപ്പെട്ട ലക്ഷ്മണന്റെ സേവനം കേരളജനത പിന്നീട് മറന്നുവെന്നുള്ളതാണ് സത്യം. ലക്ഷ്മണനു ജീവപര്യന്തം നൽകിയ ലോകം നന്ദിയില്ലാത്തവരല്ലേയെന്നു മുൻ നിയമസഭാ സ്പീക്കറായിരുന്ന ജി. കാർത്തികേയൻ ഒരിക്കൽ ചോദിക്കുകയുമുണ്ടായി. ഇന്ത്യയുടെ പ്രധാന ഭീക്ഷണി നക്സൽ ബാരികളെന്നു മാറി മാറി വരുന്ന   ഇന്ത്യൻ പ്രധാനമന്ത്രിമാർ പറയുന്നു, ഇന്ത്യയിലെ പതിമൂന്നു സ്റ്റേറ്റുകളിൽ നക്സൽ ബാരികളെ അമർച്ച ചെയ്യാൻ 67 ബറ്റാലിയൻ സി.ആർ.പി പോലീസിനെയാണ് നിയമിച്ചിരിക്കുന്നത്.


നാൽപ്പതു വർഷങ്ങൾക്കു മുമ്പുള്ള സംഭവങ്ങളുടെ പൂർവ്വ ദൃശ്യങ്ങളിലേക്ക് ഒന്ന് ചിന്തിക്കുക. അതിൽ സത്യമായിട്ടുള്ളത് 1970- ൽ തിരുനെല്ലി വനത്തിനുള്ളിൽ നക്സൽ ബാരിയായ വർഗീസ് മരിച്ചുവെന്നുള്ളതാണ്. കേരള ജനതയെ നടുക്കിക്കൊണ്ടിരുന്ന ക്രൂരമായ അനേക കുറ്റ കൃത്യങ്ങൾ ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യനായിരുന്നു അയാൾ. ബാക്കി വന്ന വാർത്തകൾ മുഴുവൻ ഒരു വശം മാത്രമുള്ളതായിരുന്നു. അത് മുഴുവനും അയാളുടെ കൂട്ടുകാരും പിന്തുണക്കുന്നവരും വളച്ചുകെട്ടിയ വാർത്തകളുമായിരുന്നു. വർഗീസിനെ വധിച്ച കുറ്റവിസ്താര വേളയിൽ ലക്ഷ്മണൻ സ്വന്തം കാര്യത്തിൽ നിശ്ശബ്ദനായിരുന്നു. മറ്റുള്ളവർക്കുവേണ്ടി സംസാരിക്കുന്നുമുണ്ടായിരുന്നു. അദ്ദേഹം നിശ്ശബ്ദനായിരുന്നെങ്കിലും എന്തുകൊണ്ട് മീഡിയാകൾ രണ്ടു വശവും കാണാൻ ശ്രമിച്ചില്ല. ഒരു നാണയത്തിനു രണ്ടു വശങ്ങളുണ്ട്. ഒരു മനുഷ്യൻ നിശബ്ദനായി ഇരുന്നാൽ അതിന്റെ അർത്ഥം  നാണയത്തിനു രണ്ടു വശങ്ങൾ ഇല്ലെന്നുള്ളതല്ല. ലക്ഷ്മണനെതിരെയുള്ള ഗൂഢാലോചനകളെപ്പറ്റി   അന്വേഷിക്കാൻ മീഡിയാകൾ മെനക്കെട്ടുമില്ല.


ലക്ഷ്മണൻ വർഗീസിനെ വധിക്കാൻ നിർദേശം കൊടുത്തുവെന്ന യാതൊരു തെളിവുകളും വാദിഭാഗത്തിന് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. വസ്തുതകൾ സത്യമല്ലെന്നു ബോധ്യമുള്ളതിനാൽ ലക്ഷ്മണനെ സ്വതന്ത്രനാക്കുവാൻ വർഗീസിന്റെ ബന്ധുക്കളും ശ്രമിച്ചിരുന്നു. ഉത്തരവാദിത്വത്തോടെ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു ഉദ്യോഗസ്ഥനെതിരെ തെറ്റായ വിവരങ്ങൾ സ്വീകരിച്ച നീതിന്യായ വ്യവസ്ഥയുടെ അനീതിയെന്നു വേണം ഈ വിധിയെ കരുതാൻ. ഇന്ന് 81 വയസുള്ള ഈ പോലീസ് ഉദ്യോഗസ്ഥന് ഉദ്യോഗകാലത്ത് അങ്ങേയറ്റം നല്ലതായ ഒരു സേവന റിക്കോർഡുണ്ടായിരുന്നു. നക്സലിസത്തോട് പടപൊരുതുകയും അതിനൊപ്പം നാട്ടിൽ ക്രമസമാധാനം വരുത്തുകയെന്നതുമായിരുന്നു അദ്ദേഹം നിർവഹിച്ചുകൊണ്ടിരുന്നത്. ശ്രീ ലക്ഷ്മണൻ നല്ലയൊരു  കുടുംബനാഥനും കൂടിയാണ്. കേരളാസ്റ്റേറ്റ് പോലീസിൽ ആദ്യമായി ഉയർന്ന റാങ്ക് നേടിയ ദളിത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്നും അവഗണനകളിൽക്കൂടിയായിരുന്നു, ഉദ്യോഗക്കയറ്റങ്ങൾ ലഭിച്ചിരുന്നതും പടിപടിയായി ഉയർന്നുവന്നതും. ആ മനുഷ്യനെയാണ് ജീവിതകാലം മുഴുവനായി കോടതി ശിക്ഷിച്ചതെന്നും ഓർക്കണം. എന്ത് കുറ്റമാണ് അദ്ദേഹം ചെയ്തത്? നീതി ന്യായ വ്യവസ്ഥയുടെ യുക്തിഹീനവും പക്ഷാപാതവുമായ വിധിയെന്നേ കരുതാൻ സാധിക്കുന്നുള്ളൂ. ഒപ്പം വാർത്താ മീഡിയാകളും എരുവും പുളിയും ചേർത്ത് വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. പത്രങ്ങൾ നൽകുന്ന വിവരങ്ങൾ സാധാരണ ജനങ്ങൾ വിശ്വസിച്ചുകൊണ്ടുമിരുന്നു.


നക്സൽ വർഗീസിനെ കൊന്ന കേസിന്റെമേലുള്ള ഈ വിധി ഒന്നുകിൽ വാർത്തകളുടെ ബലത്തിലായിരിക്കാം. അല്ലെങ്കിൽ അധികാരത്തിന്റെയും പണത്തിന്റെയും മേലെ ആയിരിക്കാം. മുകളിൽനിന്നുള്ള രാഷ്ട്രീയ ഇടപെടലുകളുമുണ്ടായിരിക്കാം. ദളിതനായി പിറന്നത് കുറ്റമെന്നു കരുതാൻ നീതിന്യായത്തിൽ വ്യവസ്ഥയില്ല. ഇന്ത്യയുടെ നീതിന്യായം അധികാരത്തിന്റെയും പണത്തിന്റെയും മീതെ പറക്കുന്നുവെന്നു ഈ വിധിയിൽനിന്നു മനസിലാക്കാം. കോടതികളിൽ അഴിമതികൾ നിറഞ്ഞിരിക്കുന്നു. നിഷ്കളങ്കരായവർ ജയിലിൽ പോയാലും അതിൽ സന്തോഷിതരായി ഹല്ലേലൂയാ പാടാനും കൊട്ടിഘോഷിക്കാനും ജനവും പത്രമാദ്ധ്യമങ്ങളുമുണ്ട്. സമാനങ്ങളായ  ഇത്തരം മറ്റു കേസുകളും നീതിന്യായ കോടതിയിൽ വന്നിട്ടുണ്ട്. നീതിക്കായി പോരാടാൻ ഒരു സംഘടന രൂപീകരിച്ചു പ്രവർത്തിക്കാനാണ് ഭാവിപരിപാടികളെന്നും ലക്ഷ്മണൻ പറയുന്നു.
(തുടരും)

Police Man Ramachandran Nair 

Grow Vasu 











No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...