Friday, February 10, 2017

ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രവും ദർശനങ്ങളും



ജോസഫ് പടന്നമാക്കൽ 

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്വാതന്ത്ര്യത്തിനുമുമ്പും അതിനുശേഷവും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിന്നിരുന്ന ഉജ്വലപ്രതിഭയും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ടുകെട്ടിച്ച വീരനായകരിൽ ഒരാളുമായിരുന്നു.  നിത്യവും അണയാത്ത ദീപമായി ജനകോടികളുടെ ഹൃദയങ്ങളിൽ കുടികൊള്ളുന്ന മഹാനുഭാവന്മാരിൽ മഹാനുമാണ്. മഹാത്മാ ഗാന്ധിജിയുടെ രാഷ്ട്രീയ പിന്തുടർച്ചാവകാശി, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക നായകൻ, 1947 മുതൽ മരണം വരെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നീ നിലകളിൽ നെഹ്‌റുവിനെ ചരിത്രത്തിലറിയപ്പെടുന്നു. മഹാത്മാ ഗാന്ധിജിയുടെ ബ്രിട്ടീഷ്കാർക്കെതിരെയുള്ള നിസഹകരണ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന നെഹ്‌റു 1947 മുതൽ 1967 മെയ് ഇരുപത്തിയേഴാംതീയതി മരിക്കുന്നതുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന ഭരണസാരഥ്യം വഹിച്ചിരുന്നു. ആധുനിക ഇന്ത്യയുടെ ശില്പിയായി നെഹ്‌റുവിനെ രാഷ്ട്രം ബഹുമാനിക്കുന്നു. കാശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിലുള്ള ബ്രാഹ്മണ കുടുബത്തിൽ ജനിച്ചതിനാൽ, അദ്ദേഹത്തെ പണ്ഡിറ്റ് ജവഹർലാൽ എന്നറിയപ്പെട്ടു. കുട്ടികൾ ബഹുമാന പുരസ്സരം ചാച്ചാ നെഹ്‌റുവെന്നു വിളിച്ചിരുന്നു.  ഇന്ത്യയുടെ സ്വാതന്ത്ര്യ ലക്ഷ്യപ്രാപ്തിക്കായി നെഹ്‌റുവും കോൺഗ്രസ്സും 1930 മുതൽ നേതൃത്വം കൊടുത്തുകൊണ്ടിരുന്നു.

മഹാത്മാഗാന്ധി ഇന്ത്യയുടെ പിതാവെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ പിതാവ് അംബേദ്ക്കറെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ് നെഹ്‌റുവെന്നും ഉച്ചത്തിൽ നമുക്കോരോരുത്തർക്കും വിളിച്ചു പറയാൻ സാധിക്കും.വിവിധ സംസ്‌കാരങ്ങളും, ഭാഷകളും മതങ്ങളും ഉൾപ്പെട്ട ഒരു ജനതയെ നിയന്ത്രിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിരുന്നു. പ്രധാന മന്ത്രിയെന്ന നിലയിൽ ഭാരതത്തിന്റെ സാമൂഹിക, സാംസ്ക്കാരിക വിദ്യാഭ്യാസ തലങ്ങളിൽ ബൃഹത്തായ പലവിധ പദ്ധതികളും അദ്ദേഹത്തിന് നടപ്പാക്കാൻ സാധിച്ചു. കോടാനുകോടി ജനങ്ങൾ വിശ്വാസവും സ്നേഹവും അദ്ദേഹത്തിലർപ്പിച്ചിരുന്നു. ചേരിചേരാ നയവും പഞ്ചശീല തത്വങ്ങളും നെഹ്‌റുവിനെ വിശ്വപൗരനാക്കിയിരുന്നു. 1962-ലെ സീനോ-ഇന്ത്യാ യുദ്ധം അദ്ദേഹത്തെ മാനസികമായി തകർത്തിരുന്നു. അന്നുമുതൽ ആരോഗ്യം ക്ഷയിക്കുകയും പതിനേഴു വർഷം പ്രധാന മന്ത്രിയായിരുന്ന ശേഷം 1964-ൽ മരിക്കുകയും ചെയ്തു. 

പൂക്കളെയും കുട്ടികളെയും ഇത്രമാത്രം സ്നേഹിച്ച ഒരു മഹാൻ ഉണ്ടായിരിക്കില്ല. ഏതു ജോലിത്തിരക്കിനിടയിലും സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം കുട്ടികളുമായി കളിക്കാൻ ഉത്സാഹം കാണിച്ചിരുന്നു. അതുകൊണ്ടാണ് സ്നേഹപൂർവ്വം അദ്ദേഹത്തെ ചാച്ചാ നെഹ്‌റുവെന്നു അവർ വിളിച്ചിരുന്നത്.

1889 നവംബർ പതിനാലാം തിയതി ബ്രിട്ടീഷ് ഇന്ത്യയിൽ അലഹാബാദിൽ ഒരു ധനിക കുടുംമ്പത്തിൽ നെഹ്‌റു ജനിച്ചു. അദ്ദേഹത്തിൻറെ പിതാവ് മോത്തിലാൽ നെഹ്‌റു  (1861–1931) ക്രിമിനലും സിവിലുമായ നിയമങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരു ബാരിസ്റ്ററായിരുന്നു. സ്വാതന്ത്ര്യത്തിനായി സമരം ചെയ്തുകൊണ്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് പദം രണ്ടുതവണ മോത്തിലാൽ അലങ്കരിച്ചിരുന്നു. ജവഹർലാലിന്റെ അമ്മ 'സ്വരൂപറാണി തുശൂ(1868–1938)', കാശ്മീരിൽ പേരും പെരുമയുമുണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു. അവർ മോത്തിലാലിന്റെ രണ്ടാമത്തെ ഭാര്യയും. ഒരു കുഞ്ഞിന്റെ ജനനത്തോടെ ആദ്യത്തെ ഭാര്യ മരിച്ചുപോയിരുന്നു. മൂന്നു മക്കളിൽ ജവഹർലാൽ ഏറ്റവും മൂത്തയാളായിരുന്നു. മറ്റു രണ്ടു സഹോദരികളിൽ വിജയലക്ഷ്മി പണ്ഡിറ്റ് യുണൈറ്റഡ് നാഷണൽ അസംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായിരുന്നു. ഇളയ സഹോദരി കൃഷ്ണ പ്രസിദ്ധയായ ഒരു എഴുത്തുകാരിയും അനേക പുസ്തകങ്ങളുടെ ഗ്രന്ഥകർത്രിയുമായിരുന്നു. രാജഹര്‍മ്മ്യോപമമായ ആനന്ദഭവനിലാണ് ജവഹർലാൽ  വളർന്നത്. ജവഹറെന്ന വാക്കിന്റെ അർത്ഥം അമൂല്യമായ പവിഴ രത്നമെന്നാണ്.

കുഞ്ഞുനാളിലുള്ള നെഹ്‌റുവിന്റെ ജീവിതത്തെപ്പറ്റി എഴുതപ്പെടേണ്ടതായ സംഭവങ്ങളൊന്നും തന്നെയില്ല. പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വന്നു പ്രൈവറ്റായി പഠിപ്പിക്കുന്ന ട്യൂട്ടർമാരിയിൽ നിന്നായിരുന്നു.ശാസ്ത്രവും ബ്രഹ്മജ്ഞാനവും അദ്ദേഹത്തിന് പ്രിയങ്കരങ്ങളായ വിഷയങ്ങളായിരുന്നു. പിന്നീട് ദൈവശാസ്ത്രപരമായ വിഷയങ്ങളിൽ തല്പരനായതുകൊണ്ട്, പതിമൂന്നാം വയസിൽ തീയോസഫിക്കൽ സൊസൈറ്റിയിൽ പ്രവർത്തിക്കാൻ തുടങ്ങി. കുടുംബ സുഹൃത്തായ ആനി ബസന്റായിരുന്നു ആ സംഘടനയെ നയിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന് ദൈവിക വിഷയങ്ങളിൽ താൽപ്പര്യം കുറയുകയും  ആ സംഘടന വിടുകയും ചെയ്തു. ആനന്ദ ഭവനുമായി നിത്യം മൈത്രിയിലായിരുന്ന ആനിബസന്റിനെ ജവഹർലാൽ ഒരു അമ്മായിയുടെ സ്ഥാനത്തായിരുന്നു കണ്ടിരുന്നത്. ദൈവശാസ്ത്രപരമായ വിഷയങ്ങളിൽ അഭിരുചിയുണ്ടായിരുന്ന നെഹ്‌റു പിന്നീട് ബുദ്ധമതത്തെപ്പറ്റിയും വേദങ്ങളെപ്പറ്റിയും പഠിക്കാനാരംഭിച്ചു. ഈ പഠനങ്ങളാണ് ആദ്യം അദ്ദേഹത്തിന് ഇന്ത്യയെ മനസിലാക്കാനുള്ള പ്രചോദനം ലഭിച്ചത്. ഇത്തരം വിഷയങ്ങളിൽ അദ്ദേഹത്തിൻറെ മനസ് അഗാതമായും ബൗദ്ധിക തലങ്ങളിലും വ്യാപരിച്ചുകൊണ്ടിരുന്നു.

യുവാവായിരുന്നപ്പോൾത്തന്നെ നെഹ്‌റു  ഒരു ദേശീയവാദിയായി വളർന്നു കഴിഞ്ഞിരുന്നു. 1905-ൽ അദ്ദേഹം ഇംഗ്ലണ്ടിൽ പഠിക്കാൻ പോയി. അവിടെ ജി.എം.ട്രെവെല്യൻ  (G.M. Trevelyan's) എഴുതിയ ഗാരിബാള്ഡിയെപ്പറ്റിയുള്ള പുസ്തകങ്ങൾ വായിക്കാൻ താല്പര്യപ്പെട്ടിരുന്നു. ഗാരിബാള്ഡിയെ ഒരു വിപ്ലവ നേതാവായി അദ്ദേഹം മനസ്സിൽ സ്വീകരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതുന്നതിനായി ഉത്തേജനം നേടിയതും ഗാരിബാള്ഡിന്റെ വിപ്ലവചിന്തകളിൽ നിന്നായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ രണശൂരനായിരുന്ന ഗാരിബാൾഡിയെ  (Giuseppe Garibaldi) ചിന്നിച്ചിതറി കിടന്നിരുന്ന ഇറ്റലിയെ ഏകീകരിപ്പിച്ച ദേശീയ നേതാവായി ആദരിച്ചിരുന്നു.

1907-ൽ ഇംഗ്ലണ്ടിലെ പ്രസിദ്ധിയേറിയ  കെയിംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിൽ നെഹ്‌റു  പഠനം ആരംഭിച്ചു.  1910-ൽ ട്രിനിറ്റി കോളേജിൽ നിന്നും പ്രകൃതിശാസ്ത്രത്തിൽ ഹോണേഴ്‌സോടുകൂടി ബിരുദം നേടി. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ തത്ത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം, സാഹിത്യം എന്നീ വിഷയങ്ങളും പഠിച്ചിരുന്നു. ബെർണാഡ് ഷാ, എച്ച്.ജി. വെൽസ്, കെയിൻസ്, ബെർട്രൻ റസ്സൽ, ലൗസ് ഡിക്കിൻസൻ   മുതലായ ചിന്തകരുടെ പുസ്തകങ്ങളും പഠിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ വായിക്കുന്ന വിഷയങ്ങളിലെല്ലാം അഗാധമായ പാണ്ഡ്യത്യവും നേടിയിരുന്നു.  

1910-ൽ ഡിഗ്രി നേടിയശേഷം നിയമം പഠിക്കാൻ ലണ്ടനിൽ രണ്ടു വർഷംകൂടി ചെലവഴിച്ചു. ഇൻസ് ഓഫ് കോർട്ട് ലോ സ്‌കൂളിൽ (Inns of Court School of Law) നിയമം പഠിച്ചു. 1912-ൽ ബാർ അറ്റ് ലോ  (Bar at Law) പരീക്ഷ പാസ്സായി. 1912-ൽ ഇന്ത്യയിലെത്തി,  അലഹബാദ് ഹൈകോർട്ടിൽ പ്രാക്ടീസ് തുടങ്ങി. പക്ഷെ അദ്ദേഹത്തിന് നിയമത്തിൽ തുടരാൻ താത്പര്യമുണ്ടായിരുന്നില്ല. അവിടെ അദ്ദേഹത്തിൻറെ അഭിരുചിയനുസരിച്ചും ബൗദ്ധികമായും ഉയരാനുള്ള സാഹചര്യങ്ങൾ ലഭിച്ചില്ലെന്നു   ആത്മകഥാ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. പിന്നീടുള്ള കാലങ്ങളിലെല്ലാം   അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കാൻ തുടങ്ങി. നിയമ പരിശീലനം പാടെ ഉപേക്ഷിക്കുകയും ചെയ്തു.

ബ്രിട്ടനിൽ താമസിക്കുന്ന കാലം മുതൽ നെഹ്‌റുവിനു ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്ന  മോഹമുണ്ടായിരുന്നു. 1912-ൽ ഇംഗ്ലണ്ടിൽനിന്നും വന്നെത്തിയ അദ്ദേഹത്തിന് ഏതാനും ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ പാറ്റ്നയിൽ നടന്ന കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനത്തിൽ സംബന്ധിക്കാൻ സാധിച്ചു. ഇംഗ്ലീഷ് അറിയാവുന്ന ഉന്നതകുല ജാതരായവർ മാത്രം സമ്മേളന സ്ഥലത്തിൽ വന്നെത്തിയതിൽ നെഹ്‌റുവിനു സമ്മേളനത്തോട് അന്ന് അതൃപ്തിയുണ്ടായി. എങ്കിലും ഇന്ത്യൻ പൗരാവകാശ ഫണ്ടിനായി പണം സമാഹരിക്കുന്ന കാര്യത്തിൽ ഗാന്ധിജിയുമായി ഒത്തൊരുമിച്ചു സഹകരിച്ചു.

1914-ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. കോൺഗ്രസിൽ ഒരു കൂട്ടർ ജർമ്മനിയുടെ ഭാഗം കൂടി പിന്തുണ നൽകാൻ ആഗ്രഹിച്ചു. എങ്കിലും വിദ്യാഭ്യാസമുള്ള ഉയർന്ന സമൂഹം ബ്രിട്ടീഷ് സഖ്യസേനയ്ക്ക് പിന്തുണ നൽകാനാണ് ആഗ്രഹിച്ചത്. നെഹ്‌റു അന്ന് ബ്രിട്ടന് പിന്തുണ നല്കുകയാണുണ്ടായത്. അക്കാലയളവിൽ അലഹബാദിലുള്ള സെന്റ് ജോൺ ആമ്പുലൻസ് വാനിൽ നെഹ്‌റു വോളന്റീർ ജോലി ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന സെൻസർഷിപ് ആക്റ്റിനെയും അദ്ദേഹം എതിർത്തു. ആ നിയമം അനുസരിച്ചു ബ്രിട്ടീഷ് സർക്കാരിനെ ആരും വിമർശിക്കാൻ പാടില്ലായിരുന്നു.

യുവാവായ നെഹ്‌റുവിന്റെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള ആശയങ്ങൾ അക്കാലത്തു തികച്ചും വിപ്ലവകരങ്ങളായിരുന്നു. യുദ്ധകാല അവസ്ഥകളിൽ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുന്നത് വിവേകമല്ലെന്നു ഗോപാല കൃഷ്ണ ഗോഖലെയെപ്പോലുള്ള മിതവാദികൾ അക്കാലത്ത് വാദിച്ചിരുന്നു. നെഹ്‌റു ബ്രിട്ടീഷ് സർക്കാരിനോട് എല്ലാ വിധത്തിലും നിസഹകരണമാണ് വേണ്ടതെന്നും വാദിച്ചു. ബ്രിട്ടീഷ്കാരുടെ നയത്തെ പിന്തുടരുന്ന ഐ.സി.എസ് (I.C.S.)മുതലായ ഹോണററി സ്ഥാനമാനങ്ങളെ അദ്ദേഹം പരിഹസിച്ചു. ആ ബഹുമതി ഇന്ത്യനുമല്ല, (Indian) സിവിലുമല്ല(civil) സേവനവുമല്ലെന്നു(Service) പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് സിവിൽ സർവീസ് പരീക്ഷകളെ ഇന്ത്യൻ ജനത ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മിതവാദികളുടെ കൂടെയായിരുന്നെങ്കിലും നെഹ്‌റു അക്കാലത്തു തീവ്രവാദികളോടൊപ്പം പ്രവർത്തിക്കാനാണ് താല്പര്യപ്പെട്ടത്. 

1915-ൽ ഗോഖലെ മരിച്ചശേഷം സ്വാതന്ത്ര്യസമരത്തിനുവേണ്ടിയുള്ള മിതവാദികളുടെ സ്വാധീനം കുറഞ്ഞു. 'ലോകമാന്യ തിലകനെയും' 'ആനി ബസന്റി'നെയും പോലുള്ള തീവ്രചിന്താഗതിക്കാർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായുള്ള പുതിയ സമരമുഖങ്ങൾ തുറന്നുവിട്ടു. അവരുടെ സമരാഹ്വാനങ്ങൾക്ക് കോൺഗ്രസിന്റെ സമ്മതം അന്ന് കിട്ടിയില്ല.1916-ൽ തിലകനും ആനിബസന്റും കോൺഗ്രസിന് ബദലായി മറ്റൊരു സംഘടനയുണ്ടാക്കി. എന്നാൽ നെഹ്‌റു രണ്ടു പാർട്ടികൾക്കും അനുകൂലമായി നിന്നു. അതിന്റെ കാരണവും നെഹ്‌റു പറഞ്ഞിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോൾ മുതൽ ആനി ബസന്റ് തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തിയായിരുന്നുവെന്നും രാഷ്ട്രീയ കാൽവെപ്പിനും കാരണക്കാരി അവരായിരുന്നുവെന്നും നെഹ്‌റു പറയുമായിരുന്നു. 1916-ൽ ഹിന്ദു മുസ്ലിം ഐക്യം സംബന്ധിച്ച ഒരു ഉടമ്പടി കോൺഗ്രസും മുസ്ലിം ലീഗും ഒപ്പുവെച്ചിരുന്നു. അന്ന് അത്തരം ഒരു ഉടമ്പടി ഒപ്പുവെച്ചതും ആനന്ദഭവനിലായിരുന്നു. നെഹ്രുവിന്റെ രാഷ്ട്രീയ ഭാവിക്ക് അതും ഒരു കാരണമായിരുന്നു. രണ്ടു മതങ്ങൾ തമ്മിലുള്ള ആ യോജിപ്പിനെ നെഹ്‌റു സ്വാഗതം ചെയ്തിരുന്നു. അതിനെ ലക്‌നൗ ഉടമ്പടിയെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

1919 ലാണ് നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നത്. 1920-ലെ ഗാന്ധിജിയുമൊത്തു പ്രവർത്തിച്ച നിസഹകരണ പ്രസ്ഥാനമാണ് നെഹ്‌റുവിനെ ദേശീയ രാഷ്ട്രീയത്തിന്റെ തലപ്പത്തിലെത്തിച്ചത്. ഉത്തർപ്രദേശിൽ അതിനു നേതൃത്വം കൊടുത്തത് നെഹ്‌റുവായിരുന്നു. സർക്കാരിനെതിരെ പ്രവർത്തിച്ചുവെന്ന പേരിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ഏതാനും മാസങ്ങൾക്കുശേഷം ജയിൽ വിമുക്തനാക്കി. നിസഹകരണ പ്രസ്ഥാനം പൊളിഞ്ഞതോടെ കോൺഗ്രസിൽ തന്നെ പിളർപ്പുണ്ടായി. തന്റെ പിതാവ് മോത്തിലാലും സി.ആർ. ദാസും നേതൃത്വം നൽകിയിരുന്ന സ്വരാജ് പാർട്ടിയിൽ നെഹ്‌റു ചേരാതെ ഗാന്ധിജിയ്‌ക്കൊപ്പം നിന്നു. കൂടാതെ 'ചൗരി ചൗരാ' സംഭവവും ഉണ്ടായത് അക്കാലത്താണ്. നിസഹകരണ വിപ്ലവകാരികൾ ഗോരഖ്‌പൂരിലുള്ള 'ചൗരി ചൗരാ'യിൽ ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും തീ വെക്കുകയും ചെയ്തു. അതിനുള്ളിലുള്ള ഇരുപത്തിയെട്ടു പോലീസുകാരും മൂന്നു പൗരജനങ്ങളും മരണമടഞ്ഞിരുന്നു. അതുമൂലം ദേശീയ ലെവലിൽ നിസഹകരണ പ്രസ്ഥാനത്തിൽനിന്നും കോൺഗ്രസ്സ് പിന്മാറി. 'ചൗരി ചൗരാ'യെന്ന ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിൽ സ്വാതന്ത്ര്യത്തിന്റെ പോരാട്ടം മറ്റൊരു ദിശയിൽ ആകുമായിരുന്നുവെന്നു ഗാന്ധിജി പറയുമായിരുന്നു. 

1920 ലും 1930 ലും നെഹ്രുവിനു പൗരനിയമ ലംഘനം കൊണ്ട് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. 1940 ഒക്ടോബര്‍ 31ന് അറസ്റ്റിലായ അദ്ദേഹത്തെ 1941 ഡിസംബറിൽ ‍മോചിതനാക്കി. 1942 ഓഗസ്റ്റ് ഏഴിനു ചരിത്രപ്രസിദ്ധമായ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിലും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഇതായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ അദ്ദേഹത്തിന്റെ ജയില്‍വാസം. ആകെ ഒമ്പതു തവണകൾ  ജയിലിലടയ്ക്കപ്പെട്ടു. 1946 ജൂലൈ ആറിന് നാലാമത്തെ തവണ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1951നും 54നും ഇടയില്‍ മൂന്നു തവണകൾകൂടി പണ്ഡിറ്റ് നെഹ്‌റു ആ പദവിയിലെത്തി. സ്വാതന്ത്ര്യ സമര കാലങ്ങൾ മുഴുവനും ഗാന്ധിജിയുടെ അഹിംസാ തത്ത്വങ്ങളായിരുന്നു അദ്ദേഹം പിന്തുടർന്നത്. 

നെഹ്‌റു ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒരു ആഗോള കാഴ്ചപ്പാടിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ജനാധിപത്യത്തിന്റെ സന്ദേശവുമായി രാജ്യങ്ങൾ തോറും അക്കാലങ്ങളിൽ യാത്ര ചെയ്തിരുന്നു.1927-ൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ഫലപ്രദമാകാൻ ബ്രസീലിലും ബെൽജിയത്തിലും നടന്ന സമ്മേളനങ്ങളിൽ പങ്കു ചേർന്നിരുന്നു. സാമ്രാജ്യ ശക്തികൾക്കെതിരായുള്ള സമ്മേളനങ്ങളായിരുന്നു അതെല്ലാം. ഇന്ത്യയെ പ്രതിനിധികരിച്ചുകൊണ്ട് നെഹ്‌റുവിനെ ആ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുത്തു.    

1936-ൽ നെഹ്‌റു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പിന്തുണകളും നേടി യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ കമല കൗൾ നെഹ്‌റു (Kamala Kaul Nehru) മരിക്കുന്നതിനു മുമ്പ് സ്വിറ്റ്‌സർലണ്ടിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ ചീകത്സയിലായിരുന്നു. ഇന്ത്യ സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യമായാലും യുദ്ധത്തിൽ ഫ്രാൻസിനെയും ബ്രിട്ടനേയും മാത്രമേ പിന്തുണയ്ക്കുള്ളൂവെന്നും അദ്ദേഹം പറയുമായിരുന്നു. ലോക രാജ്യങ്ങളുമായി അഭിപ്രായ ഐക്യത്തിനും പിന്തുണയ്ക്കുമായി അതാത് രാജ്യങ്ങളിലെ നേതാക്കന്മാരുമായി ആശയവിനിമയവും നടത്തിയിരുന്നു. സുഭാഷ് ചന്ദ്ര ബോസുമായി നെഹ്‌റു കോൺഗ്രസ് സംഘടനയ്ക്കുള്ളിൽ ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നു. എങ്കിലും 1930-ൽ അവർ ഇരുവരും അഭിപ്രായ വ്യത്യസങ്ങൾമൂലം രണ്ടു ചേരികളിലായി പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ്കാരെ പുറത്താക്കാൻ ജർമ്മനി പോലുള്ള ഫാസിസ്റ്റു രാജ്യങ്ങളുമായി സുബാഷ് ചന്ദ്ര ബോസ് സഹകരിക്കുന്നതിലും സഹായം അന്വേഷിക്കുന്നതിലും നെഹ്‌റുവിന് എതിർപ്പുണ്ടായിരുന്നു. ഇറ്റലിയിലെ ഏകാധിപതിയായ മുസ്സോലിനി നെഹ്‌റുവിനെ കാണാൻ താൽപ്പര്യം കാണിച്ചപ്പോൾ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. 

സ്വാതന്ത്ര്യത്തിനു മുമ്പേ രാജകീയ സംസ്ഥാനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സർദാർ വല്ലഭായി പട്ടേലുമൊത്തു നെഹ്‌റു ആരംഭിക്കുകയും ചെയ്തു. ഇന്ത്യ സ്വതന്ത്രമാവുമ്പോൾ രാജഭരണത്തിന്റെ കീഴിൽ സ്വന്തമായ പട്ടാളം അനുവദിക്കില്ലെന്നു 1946-ൽ നെഹ്‌റു വിളംബരം ചെയ്തു. ആരെങ്കിലും അതിനു ഒരുമ്പെടുമെങ്കിൽ അത് ഇന്ത്യൻ യുണിയനോടുള്ള ശത്രുതയായി കണക്കാക്കുമെന്നും അദ്ദേഹം രാജാക്കന്മാർക്കു മുന്നറിയിപ്പു കൊടുക്കുകയുമുണ്ടായി. 1935ലെ ബ്രിട്ടീഷ് സർക്കാരുമായുണ്ടാക്കിയ ഒരു ഉടമ്പടിയിൽ രാജഭരണ പ്രദേശങ്ങൾക്ക് ഫെഡറൽപോലെ വേറിട്ട സ്വതന്ത്ര രാജ്യമായി നിലനിൽക്കാനുള്ള അവകാശമുണ്ടായിരുന്നു. അതിനെ അന്നത്തെ കോൺഗ്രസ്സിൽ ഭൂരിഭാഗം നേതാക്കന്മാർ അനുകൂലിച്ചപ്പോൾ നെഹ്‌റു എതിർക്കുകയാണുണ്ടായത്. എല്ലാ രാജസ്റ്റേറ്റുകളും ഇന്ത്യൻ യൂണിയനിൽ ലയിക്കണമെന്ന ഭരണഘടനയുടെ നക്കലുണ്ടാക്കിയത് നെഹ്രുവിന്റെ സ്വാധീനം മൂലമായിരുന്നു.1971-ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ രാജാക്കന്മാരുടെ പ്രിവി പേഴ്സ് ഇല്ലാതാക്കിയതും രാജകീയാവകാശങ്ങൾ എടുത്തു കളഞ്ഞതും നെഹ്‌റു തുടങ്ങിവെച്ച പ്രവർത്തനങ്ങളുടെ പൂർത്തികരിക്കലായിരുന്നു.    

1947 ആഗസ്റ്റ് പതിനഞ്ചാംതീയതി ഇന്ത്യാ സ്വാതന്ത്ര്യം നേടിയ വേളകളിൽ, നാടുമുഴുവൻ കലാപവും രക്തപ്പുഴകളും ഒഴുകുകയായിരുന്നു. പാകിസ്ഥാൻ വിഭജനവും കാശ്മീർ പ്രശ്നവും അനേകായിരങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിനും സ്വത്തുക്കൾ നഷ്ടപ്പെടുന്നതിനും കാരണമായി. 

പതിനേഴു വർഷത്തെ അദ്ദേഹത്തിൻറെ ഭരണകാലം സോഷ്യലിസ്റ്റു വ്യവസ്ഥയിലുള്ള ഒരു ജനാധിപത്യ സംവിധാനത്തിലായിരുന്നു. 1951 മുതൽ പഞ്ചവത്സര പദ്ധതികളിൽക്കൂടി വ്യവസായവൽക്കരണത്തിന്റെ ആരംഭം കുറിച്ചു. ധാന്യവിളകൾ വർദ്ധിപ്പിക്കാൻ കൃഷിയേയും ജലസേചന പദ്ധതികളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളെ പരിപോഷിപ്പിച്ചുകൊണ്ടുമിരുന്നു. സാമൂഹിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുന്നതിനൊപ്പം പൊതു വിദ്യാഭ്യാസം സൗജന്യമാക്കിയിരുന്നു. സ്‌കൂളുകളിൽ കുഞ്ഞുങ്ങൾക്ക് സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടായിരുന്നു. പാരമ്പര്യ സ്വത്തുക്കളിൽ സ്ത്രീകൾക്കും ഭർത്താക്കന്മാർക്കൊപ്പം തുല്യമായ അവകാശങ്ങളും ലഭിച്ചു. ജാതി മത വർഗ വ്യവസ്ഥയിലുള്ള വിവേചനത്തിനെതിരായി സംവരണവും നിയമങ്ങളും പാസ്സാക്കികൊണ്ടിരുന്നു. ഇന്ത്യയുടെ ദരിദ്രരായ ജനങ്ങളുടെ ക്ഷേമത്തിനായി നെഹ്‌റു നൽകിയ സംഭാവന അതുല്യമാണ്. പഞ്ചവത്സര പദ്ധതികളിൽകൂടി അദ്ദേഹം ഭാരതത്തിന്റെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ശ്രമിച്ചു. കൃഷിയും കുടിൽവ്യവസായങ്ങളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമീണ ജീവിതം മെച്ചപ്പെടുത്താനുള്ള എല്ലാ ക്രമീകരണങ്ങളും നടപ്പാക്കികൊണ്ടിരുന്നു.  

ശീതസമര കാലത്ത് നെഹ്‌റു ചേരിചേരാ നയമായിരുന്നു അവലംബിച്ചിരുന്നത്. എന്നാൽ 1956-ൽ സോവിയറ്റ് യൂണിയൻ ഹംഗറിയെ ആക്രമിച്ചപ്പോൾ നിശ്ശബ്ദനായിരുന്നതിൽ വിമർശനങ്ങളുണ്ടായിരുന്നു.. 

എഴുത്തുകാരനെന്ന നിലയിൽ അനേക ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടുതൽ പുസ്തകങ്ങളും അദ്ദേഹത്തിൻറെ രാഷ്ട്രീയപരമായ ജീവിത പശ്ചാത്തലങ്ങളിൽ രചിക്കപ്പെട്ടതായിരുന്നു. ജയിൽവാസ കാലങ്ങളിൽ മുഴുവൻ സമയവും പുസ്തക രചനയിൽ വ്യാപൃതനായിരുന്നു. 1937-ൽ അദ്ദേഹം സോവിയറ്റ് യൂണിയനെ സംബന്ധിച്ച യാത്രാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ, ലോക ചരിത്ര അവലോകനം (Glimpses of World History) എന്നിവകളാണ് അദ്ദേഹത്തിൻറെ മറ്റു കൃതികൾ. 'ഇന്ത്യയെ കണ്ടെത്തൽ', 'ആത്മകഥ', 'ഇന്ത്യ ഇന്നും അന്നും നാളെയും' മുതലായ കൃതികൾ പ്രസിദ്ധങ്ങളാണ്. 'ഒരച്ഛൻ മകൾക്കയച്ച കത്തുകളെ'ന്നത് പത്തുവയസ്സായ മകൾ ഇന്ദിരയ്ക്ക് എഴുതുന്ന ലേഖനങ്ങളായിരുന്നു. പ്രകൃതിയും സർവ്വ ജീവജാലങ്ങളും അവകളുടെ  ഉത്ഭവവും ആദ്യമുണ്ടായ ജീവികളും കത്തിലെ വിഷയങ്ങളായിരുന്നു. കൂടാതെ ചരിത്രം, ഭൂമിശാസ്ത്രം മുതലായവകൾ ഉൾപ്പെടുത്തിക്കൊണ്ട് മുപ്പത്തിയൊന്നു അദ്ധ്യായങ്ങളിലായി ഗവേഷണ പാടവത്തോടെ വിഷയങ്ങളെ തന്മയത്വമായി വിവരിച്ചിട്ടുണ്ട്. കഥകളുടെ രൂപത്തിൽ സംഭവങ്ങളെയും ഹൃദ്യമായ രീതിയിൽ വിവരിച്ചുകൊണ്ടായിരുന്നു ആ അച്ഛൻ മകൾക്കുവേണ്ടി ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 

പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഒരു ദീർഘദൃഷ്ടിയോടെ എത്തിച്ചതാണ് നെഹ്‌റു രാഷ്ട്രത്തിനായി നൽകിയ ഏറ്റവും വലിയ സംഭാവന. കൊളോണിയൽ ഭരണത്തിൽ അടിച്ചമർത്തപ്പെട്ട ഒരു ദരിദ്രജനതയെ പുനരുദ്ധരിച്ചുകൊണ്ടു നവോത്ഥാന പാതയിൽ എത്തിച്ചതും നെഹ്‌റുവായിരുന്നു. പ്രധാന മന്ത്രിയെന്ന നിലയിൽ നെഹ്‌റു ആദ്യമായി അമേരിക്കയിൽ സന്ദർശനം തുടങ്ങുന്ന നാളുകളിൽ ഇൻഡ്യയിൽ രൂക്ഷമായ ഭക്ഷ്യപ്രശ്‍നമുണ്ടായിരുന്നു. ഗോതമ്പും അരിയും തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾക്കായി അമേരിക്കയുടെ സഹായം അഭ്യർഥിക്കാൻ ചില ക്യാബിനറ്റ് മന്ത്രിമാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 'ആദ്യമായി ഒരു രാജ്യം സന്ദർശിക്കുന്ന വേളയിൽ താൻ ഒരു പിച്ചപാത്രവും കൈകളിലേന്തി പോകാൻ തയ്യാറല്ലെന്നും' നെഹ്‌റു മറുപടി കൊടുത്തു. 'അത്തരം പ്രശ്നങ്ങൾ നാം തന്നെ പരിഹരിക്കണമെന്നും' അദ്ദേഹം പറഞ്ഞു. 

1954-ൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനങ്കൽ നെഹ്‌റു ഉത്‌ഘാടനം ചെയ്തു. "ആധുനിക ഇന്ത്യയുടെ മഹത്തായ ഒരു പുണ്യസങ്കേതമെന്നാണ്" അദ്ദേഹം അണക്കെട്ടിനെ വിശേഷിപ്പിച്ചത്. വ്യവസായവൽക്കരണമാണ് ഇൻഡ്യയുടെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമെന്നും അദ്ദേഹം വിശ്വസിച്ചു. എങ്കിൽ മാത്രമേ സ്വന്തം ജനതയുടെ അഭിവൃത്തിക്കൊപ്പം ലോക രാഷ്ട്രങ്ങളോടും മത്സരിക്കാൻ സാധിക്കുള്ളൂവെന്നും നെഹ്‌റു പറഞ്ഞു.     

നെഹ്‌റു ഒരു രാഷ്ട്രീയ ചിന്തകനുപരി ഒരു തത്ത്വചിന്തകനും കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പും ഇന്ത്യയുടെ ഭാവിയെപ്പറ്റി ഗഹനമായി അദ്ദേഹം ചിന്തിക്കുമായിരുന്നു. അദ്ദേഹം ഗ്ലിമ്പ്സസ് ഓഫ് വേൾഡ് ഹിസ്റ്ററിയിൽ (glimpses of world history) എഴുതി, "സ്വാതന്ത്ര്യമെന്നു പറയുന്നത് നാം ബ്രിട്ടീഷ് കോളനിയിൽ നിന്ന് വിമുക്തി നേടുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. തീർച്ചയായും നമുക്ക് സ്വാതന്ത്ര്യം വേണം. എന്നാൽ അതിൽ കൂടുതലായും നാം നേടേണ്ടതായുണ്ട്. ആദ്യം അകം വെടിപ്പാക്കണം. സമ്പൂർണ്ണമായ ദാരിദ്ര്യവും ജനങ്ങളുടെ കഷ്ടപ്പാടും നമ്മുടെ പുണ്യഭൂമിയിൽ നിന്നും ഇല്ലാതാക്കണം. താത്ത്വികനായ നെഹ്‌റുവിൽ വന്ന വൈകാരിക ഭാവങ്ങളെ താത്ത്വികമായും പ്രായാഗികമായും രാഷ്ട്രീയ ചിന്തകളിൽക്കൂടിയും പിന്നീട് അദ്ദേഹത്തിനു അഭിമുഖീകരിക്കേണ്ടി വന്നു.

മതം മനുഷ്യന്റെ പുരോഗതിയിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നന്മയുടെയും മൂല്യതയുടെയും കാരണമായി മനുഷ്യരെ നയിച്ചിട്ടുണ്ട്. അതേ സമയം ഈ നന്മകൾക്കെല്ലാം ഉപരി സത്യത്തെ അതിന്റെ തടവറയിൽ ഒളിപ്പിച്ചും വെച്ചു. സത്യമെന്നത് ആരുടേയും കുത്തകയല്ലെന്ന് ശാസ്ത്രീയ ചിന്തകരും അറിയണം. ശാസ്ത്രീയ വീക്ഷണത്തോടെയായാലും മതമായാലും രണ്ടു തത്വങ്ങളും അപകടം പിടിച്ചതാണ്.

സത്യത്തെപ്പറ്റിയും അദ്ദേഹം തന്റെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്താണ് സത്യമെന്നുള്ളത്? പൗരാണിക കാലം മുതലുള്ള ചോദ്യമാണത്‌. ഓരോരുത്തരുടെയും ഭാവനകളിൽ ആയിരക്കണക്കിന് ഉത്തരങ്ങൾ ലഭിച്ചു കഴിഞ്ഞു. എങ്കിലും ആ ചോദ്യം ഇന്നും അവിടെയുണ്ട്. ചോദ്യങ്ങൾ സ്വയം ചോദിക്കുകയെന്നതാണ് അതിലേക്കുള്ള ശരിയായ വഴി. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും അംഗീകരിക്കണം. കാരണം സത്യമെന്നുള്ളത് അതിരില്ലാത്തതാണ്. സത്യത്തിലെ പൂർണ്ണതയുടെ അതിരിങ്കൽ നാം ഒരിക്കലും ചെന്നെത്തില്ല. നാം കണ്ടെത്താതിനെ കൈപ്പറ്റുവാൻ നിത്യം യാത്ര ചെയ്യുകയാണ്. ഭാരതത്തിന്റെ മഹാനായ ഈ പുത്രൻ തന്റെ അവസാന ശ്വാസം വരെയും ഇന്ത്യയുടെ ആത്മാവിനെ തേടിയുള്ള ഈ യാത്രയിലായിരുന്നു.


Dwight D. Eisenhower
Nehru with Krishna  on his right, Vijaya Lakshmi on his left, 






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...