ജോസഫ് പടന്നമാക്കൽ
ശങ്കരാചാര്യർക്കുശേഷം ലോകമറിയപ്പെടുന്ന ഒരു ഋഷി വര്യനായി രമണ മഹർഷിയെ ആദരിക്കുന്നു. കിഴക്കും പടിഞ്ഞാറും ഒരുപോലെ ആദ്ധ്യാത്മിക സന്ദേശത്തിന്റെ ചൈതന്യം വീശുവാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതും സനാതനികൾക്ക് അഭിമാനിക്കാം. തെറ്റുകളധികം ആവർത്തിക്കാത്ത കളങ്കമറ്റ സുന്ദരമായ ഒരു ജീവിതം രമണനെന്ന ഋഷിവര്യനിലുണ്ടായിരുന്നു. പരിശുദ്ധിയുടെ ഹൃദയഹാരിയായ മനോഹാരിത ആ ലളിത ജീവിതത്തിൽ നിത്യവും പ്രകാശിച്ചിരുന്നു. എളിമയുടെ മൂർത്തികരണമായിരുന്ന രമണമുനി ബൗദ്ധിക തലങ്ങളിലും ഉന്നത നിലവാരം പുലർത്തിയിരുന്നു. മനുഷ്യഹൃദയങ്ങളിൽ ആവേശം പകർന്നുകൊണ്ടിരുന്ന ഒരു കവിയും തത്ത്വ ചിന്തകനുമായിരുന്നു. അരുണാചല മലമുകളിലെ നിർമ്മലമായ വായു ശ്വസിച്ചുകൊണ്ടും തണൽ വൃക്ഷങ്ങളെ ആശ്രയിച്ചുകൊണ്ടും ഏകാന്തമായ ഒരു ജീവിതം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ധ്യാനനിരതമായ നിശബ്ദത ആ യോഗീശ്വരന്റെ ഗാഢമായ ചിന്തകളുടെ ഭാഗമായിരുന്നു. സഹായം അഭ്യർത്ഥിച്ചു വരുന്ന ആരെയും ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല.
ആദ്ധ്യാത്മിക ചിന്താലോകത്തിലെ ആ വലിയ വിപ്ലവകാരി എന്തിനെയും പ്രതികരിക്കുന്ന ഒരു സാത്വികനും ആചാര്യനുമായിരുന്നു. ദൈവത്തെ അന്വേഷിക്കുന്നവരായവർക്ക് ഒരു നിഴലുപോലെ അവരോടൊപ്പം എന്നുമുണ്ടായിരുന്നു. സ്വയം ഒരു അന്വേഷകനായി എവിടെയോ ബോധമണ്ഡലത്തിൽ ഒളിഞ്ഞിരിക്കുന്ന ആത്മത്തെ കണ്ടെത്തുകയെന്ന ഒരു അദ്വൈതവാദിയായിരുന്നു അദ്ദേഹം. ദുഃഖങ്ങൾ മായയാണെന്നും മനുഷ്യൻ അതിൽനിന്നും മോചിതനായി സ്വയം കീഴടങ്ങണമെന്നും നിർദേശിച്ചു. അദ്വൈത വേദങ്ങൾ സർവ്വജാതികളുടെയും ആത്മീയ പരിവർത്തനങ്ങൾക്കുള്ള മാർഗമായി രമണ മഹർഷി തുറന്നുകൊടുത്തു. വിശാല ഹൃദയത്തോടെയുള്ള വേദ സാരോപദേശങ്ങൾ മറ്റു ഋഷിവര്യന്മാരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.
പതിനേഴാം വയസിൽ ബുദ്ധനെപ്പോലെ ദിവ്യമായ ബോധദീപ്തി നേടിയെന്നു രമണ മഹർഷി അവകാശപ്പെടുന്നു. അതിനുശേഷം തെക്കേ ഇന്ത്യയിലുള്ള പുണ്യ കേന്ദ്രമായ അരുണാചൽ മലയിൽ ഏകദേശം അമ്പതു വർഷങ്ങളോളം ജീവിച്ചു. അദ്ദേഹത്തിൻറെ ആശ്രമത്തിൽ ഇന്നും ദിനം പ്രതി ആയിരക്കണക്കിന് സന്ദർശകർ വന്നും പോയും കൊണ്ടിരിക്കുന്നു. അവരിൽ ധനികരോ ദരിദ്രോയെന്നു വ്യതാസമില്ലാതെ ഏവരെയും ഒരുപോലെ അദ്ദേഹം സ്വീകരിച്ചിരുന്നു. ലോകമാകമാനമുള്ള നാനാ ജാതി മതസ്ഥരും പണ്ഡിതരും വിവിധ സംസ്ക്കാരങ്ങളിലുള്ളവരും അവിടെ വന്നെത്തിയിരുന്നു. അദ്ധ്യാത്മികത തേടിയുള്ള രമണാശ്രമത്തിലേക്കുള്ള ജനപ്രവാഹത്തിനു രമണമഹർഷിയുടെ മരണവും തടസ്സമായില്ല. രമണ തത്ത്വങ്ങൾ പഠിക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനം അവിടെ വന്നെത്തുന്നുണ്ട്.
തമിഴ് നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുച്ചുളി ഗ്രാമത്തിൽ 1879 ഡിസംബർ മുപ്പതാം തിയതി വെങ്കട്ടരാമനെന്നറിയപ്പെട്ടിരുന്ന രമണ മഹർഷി ജനിച്ചു. ഗ്രാമത്തിലെ ഒരു അക്കൗണ്ട് ക്ലർക്കായിരുന്ന സുന്ദരം അയ്യരായിരുന്നു അദ്ദേഹത്തിൻറെ പിതാവ്. പിന്നീട് പ്ലീഡറായി അടുത്തുള്ള കോടതിയിൽ ജോലി ചെയ്തിരുന്നു. മക്കളെ സാമാന്യം നല്ല നിലയിൽ വളർത്താനുള്ള വരുമാനവും ഉണ്ടായിരുന്നു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെയും സാധുക്കളെയും സഹായിക്കാനുള്ള നല്ല മനഃസ്ഥിതിയുമുണ്ടായിരുന്നു. കോടതിയിലും അദ്ദേഹത്തിന്റെ പിതാവിന് സമുന്നതമായ ഒരു സ്ഥാനം കല്പിച്ചിരുന്നു. ചില സമയങ്ങളിൽ വാദികളും പ്രതികളും ഒരു പോലെ അവർക്കുവേണ്ടി വാദിക്കണമെന്നു പറഞ്ഞെത്തുമായിരുന്നു.
രമണന്റെ അമ്മ 'അളഗമ്മ' 'മനമാധുരൈ'ക്കു സമീപമുള്ള 'പസലൈ' യെന്ന സ്ഥലത്തായിരുന്നു ജനിച്ചത്. അവർ ശിശുവായിരുന്നപ്പോൾ തന്നെ സുന്ദരം അയ്യരെ വിവാഹം ചെയ്തിരുന്നു. അക്കാലത്ത് സ്‌കൂൾ വിദ്യാഭ്യാസമൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല. എങ്കിലും വേദാന്തത്തിലെ ശ്ലോകങ്ങൾ പഠിക്കുകയും മറ്റുള്ളവരുടെ മുമ്പിൽ ഉരുവിടുകയും ചെയ്യുമായിരുന്നു.
അളഗമ്മയും അവരുടെ ഭർത്താവു സുന്ദരവും അക്കാലത്തെ ആരെയും ആകർഷിക്കുന്ന മാതൃകാ ദമ്പതികളായിരുന്നു. ഏതു പാതിരായ്ക്കും അവരുടെ വീട്ടിൽ അതിഥികൾ വന്നാൽ അളഗമ്മ അവരെ എന്നും സ്നേഹപൂർവ്വം സൽക്കരിക്കുമായിരുന്നു. സംസ്കൃത വാക്കായ സുന്ദരവും തമിഴ്‍ വാക്കായ അളഗമ്മയും പേരുകളിൽ ഒരേ അർത്ഥമാണ് കല്പിച്ചിരിക്കുന്നത്, അതായത് സുന്ദരനും സുന്ദരിയും. രമണൻ അരുണാചലിൽ തപസിലായിരുന്നപ്പോൾ "നീയും ഞാനും ഒന്നായിരിക്കട്ടെ, അളഗുവിനേയും സുന്ദരത്തെപ്പോലെയും തമ്മില്‍ പിരിക്കാന്‍ കഴിയരുതേ" യെന്നു' ദേവ പർവ്വതമായ അരുണാചലനെ സ്തുതിച്ചു പാടുമായിരുന്നു.
ഒരു സാധാരണ ബാലനെപ്പോലെയാണ് വെങ്കിട്ടരാമൻ വളർന്നത്. അഞ്ചു വയസുവരെ അമ്മയുടെ മുലപ്പാൽ കുടിച്ചു ആരോഗ്യവാനായി അവൻ വളർന്നു. ഗ്രാമത്തിലുള്ള സകല ജനത്തിനും ആ ബാലനെ സ്നേഹമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തിരുച്ചുളിയിൽ... മൂന്നു വർഷം അവിടെ പഠിച്ചു. പതിനൊന്നു വയസുവരെ സെക്കണ്ടറി വിദ്യാഭ്യാസം ദിണ്ടിഗലിൽ ആയിരുന്നു. വെങ്കിട്ടരാമൻ ബുദ്ധിമാനായിരുന്നെങ്കിലും പഠനത്തിൽ വലിയ താല്പര്യം കാണിച്ചിരുന്നില്ല. പഠനത്തെക്കാളും സ്പോർട്സിലും ഗെയിംസിലുമായിരുന്നു താൽപ്പര്യം. 'ഭൂമിനാദേശ്വര അമ്പലവും' അതിന്റെ പരിസരങ്ങളും ഈ ബാലന്റെ പ്രധാന കളിസ്ഥലങ്ങളായിരുന്നു. അമ്പലക്കുളത്തിൽ കുട്ടികളുമൊത്ത് നീന്തുന്നതും ഒരു കൗതുകമായിരുന്നു.
1892-ൽ സുന്ദരം അയ്യർ അപ്രതീക്ഷിതമായി മരണമടഞ്ഞു. അദ്ദേഹം അന്ന് നാൽപ്പതു വയസിനടുത്ത പ്രായമായിരുന്നു. വെങ്കിട്ടരാമനു പന്ത്രണ്ടു വയസു പ്രായവും. മൂത്ത സഹോദരൻ നാഗസ്വാമിയ്ക്ക് പതിനാലു വയസും ഇളയ സഹോദരൻ നാഗസുന്ദരത്തിനു ആറുവയസും സഹോദരി അളമേലുവിനു നാലു വയസുമായിരുന്നു പ്രായമുണ്ടായിരുന്നത്. സ്‌കൂളിൽനിന്നു വന്നെത്തിയ വെങ്കിട്ടരാമന് ആ സായംകാലത്തിൽ അച്ഛൻ മരിച്ചു കിടക്കുകയെന്ന വിവരം അറിയില്ലായിരുന്നു. അന്ന് അച്ഛായെന്നു മൃതദേഹത്തെ കുലുക്കികൊണ്ടു വിളിച്ചപ്പോൾ അദ്ദേഹത്തിൻറെ അമ്മാവൻ സമാശ്വസിപ്പിച്ചുകൊണ്ടു, 'ഇനിയൊരിക്കലും നിന്റെ അച്ഛൻ വിളികേൾക്കില്ലാ'ന്നു പറഞ്ഞു. ജഡികമായ ഒരു ജീവിതത്തെപ്പറ്റി അപ്പോഴാണ് വെങ്കിട്ടരാമൻ ചിന്തിക്കാനാരംഭിച്ചത്.
വെങ്കിട്ടരാമൻ സ്‌കോട്ട് മിഡിൽ സ്‌കൂളിൽ പ്രാരംഭ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈസ്‌കൂൾ വിദ്യാഭ്യാസം ചെയ്തത് അമേരിക്കൻ മിഷ്യൻ സ്‌കൂളിലായിരുന്നു. സാധാരണ കുട്ടിയെന്നതിലുപരി പഠിക്കാൻ അതിസമർത്ഥനായിരുന്നില്ല. ക്ലാസ്സിൽ ഒരിക്കലും ഗൃഹപാഠം ചെയ്തുകൊണ്ട് പോവില്ലായിരുന്നു. സ്‌കൂളിൽ അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ ഉറക്കം തൂങ്ങുകയും പതിവായിരുന്നു. തലമുടി ഒരു ചരടിന്മേൽ കൂട്ടിക്കെട്ടി ഭിത്തിയിൽ തറച്ചുവെച്ചിരിക്കുന്ന ഒരു ആണിയിൽ ചുറ്റി ബന്ധിച്ചിടുകയെന്നത് അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. തല കുലുക്കുന്ന സമയം ചരടു വലിയുകയും പെട്ടെന്ന് ഉണരുകയും ചെയ്യുമായിരുന്നു. അല്ലായെങ്കിൽ ടീച്ചറിന്റെ ചെവി പിരിച്ചുള്ള 'പിച്ച്' സഹിക്കാൻ സാധിക്കില്ലായിരുന്നു. ഗൃഹപാഠം ചെയ്യാത്തതിനും ക്ലാസ്സിൽ ശ്രദ്ധിക്കാത്തതിനും നിത്യം ശിക്ഷ കിട്ടുന്നതും പതിവായിരുന്നു.
ഗുസ്തിയും ബോക്‌സിംഗും ഓട്ടവും വെങ്കിട്ടരാമന്റെ ഹോബിയായിരുന്നു. പ്രായത്തിൽ കവിഞ്ഞ കായിക ബലവുമുണ്ടായിരുന്നു. അക്കാലങ്ങളിൽ സമപ്രായക്കാരേക്കാൾ ശരീരബലവും ശരീരപുഷ്ടിയുമുണ്ടായിരുന്നു. മുതിർന്ന കുട്ടികൾപോലും ബലപ്രയോഗത്തിലും മസിലുയർത്തുന്നതിലും വെങ്കിട്ടരാമനോട് ജയിക്കില്ലായിരുന്നു. കൂട്ടുകാരുമൊത്ത് ഫുട്ബാൾ കളിക്കും. എപ്പോഴും അദ്ദേഹത്തിൻറെ ടിം മാത്രമേ വിജയിച്ചിരുന്നുള്ളൂ. അതുകൊണ്ടു തങ്കകൈ അഥവാ ഗോൾഡൻ ഹാൻഡ് എന്ന പേരും ലഭിച്ചിരുന്നു.
1895 നവംബറിൽ വെങ്കിട്ടരാമന്റെ പതിനാറാം വയസ്സിൽ അദ്ധ്യാത്മിക ചൈതന്യം ഉണർത്തിക്കൊണ്ട് സുപ്രധാനമായ ഒരു സംഭവവുമുണ്ടായി. അരുണാചലമെന്ന ഒരു പുണ്ണ്യമലയിലേക്ക് ഉടൻതന്നെ പുറപ്പെടണമെന്നും മരണം വരെ അവിടെ ജീവിക്കണമെന്നുള്ള ഒരു ഉൾക്കാഴ്ചയായിരുന്നു അത്. ഭക്തി നിറഞ്ഞ ഹിന്ദുക്കൾക്ക് അവിടം ഒരു പുണ്യസങ്കേതമാണ്. ആദ്യമായിട്ടായിരുന്നു അരുണാചല മലയെപ്പറ്റി വെങ്കിട്ടരാമൻ കേൾക്കുന്നത്. ആ മല എവിടെയെന്നു പോലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. ആവർത്തിച്ചുള്ള പ്രാർഥനകളിൽ അരുണാചലയെന്നു അർത്ഥമുള്ള 'സ്പുരണ', 'സുപുരണ' യെന്നു ചെറുപ്പം മുതൽ ജപിക്കുമായിരുന്നു.
വെങ്കിട്ടരാമൻ സ്‌കൂളിൽ അക്കാലങ്ങളിൽ അവസാന വർഷത്തെ ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അന്നേ ദിവസം പുത്തനായ ഒരു ജീവിതാനുഭവംകൊണ്ടു സ്വന്തം ജീവിതത്തെ തന്നെ തകിടം മറിച്ചുവെന്ന് അദ്ദേഹം പറയുമായിരുന്നു. അതിനെപ്പറ്റി വിവരിക്കുന്നതിങ്ങനെ:- 'മധുരയ്ക്ക് പുറപ്പെടുന്ന ആറാഴ്ച്ച മുമ്പായി എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവമുണ്ടായി. എന്റെ അമ്മാവന്റെ ഭവനത്തിൽ ഏതോ സ്വപ്നലോകത്തിലെന്നപോലെ ഏകാന്തമായി ഒരു തറയിൽ ഇരിക്കുകയായിരുന്നു. എന്നുമെന്നപോലെ ഞാൻ പൂർണ്ണമായും ആരോഗ്യവാനായിരുന്നു. വലിയ ഉറക്കക്കാരനെന്നതിലുപരി മറ്റുള്ള അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. നിശ്ശബ്ദതയിലെ അന്നേ ദിവസത്തിൽ മരണത്തെപ്പറ്റിയുള്ള ഭീകരമായ ഒരു അനുഭവവും മരിക്കാൻ പോവുന്നുവെന്ന തോന്നലും എനിക്കുണ്ടായി. അന്നത്തെ എന്നിലുണ്ടായ വൈകാരിക മനോവൈകല്യത്തെപ്പറ്റി വിവരിക്കുക അസാധ്യമാണ്.'
'ഈ ഭയത്തെപ്പറ്റി എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും ഞാൻ ചിന്തിക്കാൻ തുടങ്ങി. ഞാൻ മരിക്കാൻ പോവുകയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നും ഞാൻ ചിന്തിക്കുകയായിരുന്നു. അതിനായി ഡോക്ടേഴ്സിനെയോ, മുതിർന്നവരെയോ, എന്റെ സുഹൃത്തുക്കളെയോ, അവരുടെ അഭിപ്രായങ്ങൾ ആരായാനോ തയാറല്ലായിരുന്നു. ഞാൻ തന്നെ ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും വിചാരിച്ചു. സ്വയം ചോദിച്ചു. എനിക്കനുഭവപ്പെട്ട മരണത്തിന്റെ അർത്ഥമെന്താണ്? നമുക്കുള്ള ഭൗതിക ശരീരം മരിക്കുന്നു. ഒരു നാടകം പോലെ ആ മരണത്തെ ഞാൻ കണ്ടു. മരണത്തിനു തൊട്ടുപിന്നാലെയുള്ള ശരീരത്തിന്‍റെ മരവിപ്പുപോലെ എന്റെ ചുണ്ടുകൾ കടിച്ചമർത്തപ്പെട്ടിരുന്നു. ഒരു ശവം ആകാശത്തിൽ പറന്നു നടക്കുന്നപോലെ അനുഭവപ്പെട്ടു. എന്റെ ശ്വാസങ്ങളെ പിടിച്ചു നിർത്തിയിരുന്നു. വായ് അടച്ചിരുന്നു. ചുണ്ടുകൾ അമർത്തി പിടിച്ചിരുന്നു. അതുകൊണ്ട് ശബ്ദം പുറത്തു വരുമായിരുന്നില്ല. എന്നിലെ 'ഞാൻ', അതിനു മറ്റെന്തെങ്കിലും വാക്കുകൾ ഉച്ചരിക്കാൻ ഉണ്ടോ? ഞാൻ സ്വയം പറഞ്ഞു:- 'അങ്ങനെ ഈ ദേഹി മരിച്ചു. ഇനി അത് ചിതയിൽ കത്തിക്കും. കത്തി കത്തി അത് ചാരമായി മാറും. പക്ഷെ ഈ ശരീരം മരിക്കുന്നതിനൊപ്പം 'ഞാൻ' മരിക്കുന്നുണ്ടോ? അല്ലെങ്കിൽ ഞാനാണോ ഈ ശരീരം? ശരീരം പ്രവർത്തന ശക്തിയില്ലാത്ത നിർജീവ വസ്തുവായി മാറിക്കഴിഞ്ഞു. എങ്കിലും 'ഞാനായ' ആ ശക്തിയ്ക്ക് മാറ്റമൊന്നുമില്ല. 'ഞാനെന്ന' വ്യക്തി അചഞ്ചലമായി അവിടെത്തന്നെയുണ്ട്. 'ഞാൻ' എന്നിൽത്തന്നെയുണ്ട്. അങ്ങനെ 'ഞാനെന്നാൽ' ചൈതന്യം നിറഞ്ഞ ഒരു സത്തയാകുന്നു. ഭൗതിക ശരീരം മരിച്ചാലും മരണത്തിനു എന്റെ സത്തയെ സ്പർശിക്കാൻ കഴിയില്ല. അതുകൊണ്ടു ഞാൻ മരണമില്ലാത്തവനാണ്.'
മരണമെന്ന യാഥാർഥ്യത്തെ അടുത്തറിഞ്ഞ നാളുമുതൽ രമണന്റെ ജീവിതം തന്നെ പരിവർത്തനങ്ങൾക്കു വിധേയമായിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു:- "എന്റെ കൈകാലുകൾ വലിച്ചുനീട്ടി മാനസികമായി മരണമെന്ന യാഥാർഥ്യത്തിൽ വന്നെത്തിയപ്പോൾ എന്റെ ശരീരം എന്നിൽനിന്നും മാറി പോയിയെന്നും കത്തിച്ചു കളഞ്ഞെന്നും എന്നിട്ടും ഏതോ ശക്തിമൂലം ഞാൻ ജീവിക്കുന്നുവെന്നും കണ്ടു. അതിനെ ഞാൻ 'ആത്മൻ' എന്ന് വിളിച്ചു. അത് എന്നിൽത്തന്നെ ഉയർന്നു നിന്ന് എന്നെ താങ്ങി നിർത്തി. അങ്ങനെ 'ഞാൻ' വീണ്ടും ജനിച്ചു. 'ഞാൻ' പുതിയൊരു മനുഷ്യനായി രൂപാന്തരപ്പെട്ടു. അതിനുശേഷം ഒന്നിലും എനിക്ക് താല്പര്യമില്ലായിരുന്നു. എന്നിലെ വ്യത്യസ്തനായ ഒരു മനുഷ്യൻ അവിടെ രൂപം പ്രാപിച്ചു."
വെങ്കിട്ട രാമൻ ജ്ഞാനോദയം കൈവരിച്ചശേഷം അമ്പലത്തിൽ പോകുന്നതും പതിവാക്കി. "അദ്ദേഹം തന്നെ പറയുന്നു:- "മുമ്പൊക്കെ സുഹൃത്തുക്കളുമൊത്ത് വളരെ ചുരുക്കമായേ അമ്പലത്തിൽ പോകുമായിരുന്നുള്ളൂ. യാതൊരു കാഴ്ചപ്പാടുമില്ലാതെ നെറ്റിത്തടത്തിൽ ചന്ദനം പുരട്ടുമായിരുന്നു. ബോധദീപ്‌തമായ ജീവിതമാരംഭിച്ച ശേഷം എല്ലാ സായം കാലങ്ങളിലും അമ്പലത്തിൽ പോകുന്നത് ദിനചര്യയായി മാറി. ഏകനായി ഞാൻ ശിവന്റെയും മീനാക്ഷിയുടെയും, അറുപത്തിമൂന്ന് ദിവ്യന്മാരുടെയും മുമ്പിൽ ഏറെ നേരം നിൽക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭക്ഷണ രീതികൾക്കും മാറ്റം വന്നു. എന്ത് ഭക്ഷണം കൊടുത്താലും കഴിക്കാൻ മടിയില്ലായിരുന്നു. രുചിയോ അരുചിയോ പഴയതോ പുതിയതോ, നല്ലതോ ചീത്തയോ ഏതുതരം ഭക്ഷണം കഴിക്കുന്നതിലും പരാതിയില്ലായിരുന്നു. മുമ്പ് അനീതി ആരുടെമേൽ കണ്ടാലും ആരെങ്കിലും അദ്ദേഹത്തെ പരിഹസിച്ചാലും അതിന്റെ പേരിൽ അടിപിടിയും വഴക്കുമുണ്ടാക്കുമായിരുന്നു. ഉപബോധ മനസ്സിൽ പ്രതിഫലിച്ച ജ്ഞാനോദയത്തിനുശേഷം എന്തുതന്നെ അനിഷ്ടമുണ്ടായാലും നിശ്ശബ്ദനായിരിക്കുമായിരുന്നു. ഒന്നിലും പ്രതികരിക്കില്ലായിരുന്നു. ഓടിച്ചാടിയും അമ്പലക്കുളങ്ങളിൽ മുങ്ങിയും താണും കൂട്ടുകാരുമൊത്ത് കളിക്കുകയും കായിക വിനോദങ്ങളിലും ഏർപ്പെട്ടിരുന്ന ഈ യുവാവിന് പിന്നീട് ഒന്നിനോടും താല്പര്യമില്ലാതായി.
ഏകനായി ഏതെങ്കിലും ഒരു മുറിയുടെ കോണിൽ ഒരു യോഗി ചമ്പ്രം പടഞ്ഞിരിക്കുമ്പോലെ ധ്യാനനിരതനായി കണ്ണുകളടച്ചിരിക്കാനും വെങ്കിട്ടരാമൻ താല്പര്യപ്പെട്ടു. സ്‌കൂളിൽ പഠിക്കുന്ന വിഷയങ്ങളിലും താല്പര്യമില്ലാതെ വന്നു. മനസ് പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുമായിരുന്നു. സ്വർഗ്ഗത്തിൽനിന്നു താഴെയിറങ്ങി വരുന്ന ദൈവത്തെ താൻ ധ്യാനനിമഗ്നനായി സ്വപ്നം കണ്ടിരുന്നുവെന്നും പറയുമായിരുന്നു. രമണന്റെ മൂത്ത സഹോദരൻ നാഗസ്വാമി അദ്ദേഹത്തെ ജ്ഞാനിയെന്നും യോഗീശ്വരനെന്നും വിളിച്ചു പരിഹസിച്ചിരുന്നു. ഏതെങ്കിലും ഒരു കൊടുംവനത്തിൽ ഇവൻ മുനിയായി കഴിയുമെന്നു പറഞ്ഞുകൊണ്ടു കളിയാക്കിയിരുന്നു.
വെങ്കിട്ടരാമന്റെ മരണാനുഭൂതിക്കുശേഷം ഭക്തിമാർഗത്തിൽ സദാ ചലിക്കാനും പുണ്യ പുസ്തകങ്ങൾ വായിക്കാനും സമയം ചെലവഴിക്കാൻ തുടങ്ങി. ദൈവ സ്നേഹത്തിൽ മനസുമുഴുവൻ ചഞ്ചലിച്ചുകൊണ്ടിരുന്ന ആ ആത്മീയാന്വേഷി കവി ചേക്കിഴാരുടെ (Sekkizhar)പെരിയ പുരാണം' മുഴുവൻ വായിച്ചു തീർത്തു. തമിഴ് ദിവ്യന്മാരായ അറുപത്തിമൂന്നു നയനാർമാരുടെ (nayanars) ജീവിത കഥകളും വായിച്ചു. മധുരയിലെ മീനാക്ഷി അമ്പലത്തിൽ പോയി നയനാർ പ്രതിമകളും വന്ദിച്ചുകൊണ്ടിരുന്നു. അറുപത്തിമൂന്ന് ദിവ്യന്മാർക്കും ദൈവത്തിന്റെ കൃപ ലഭിച്ചതെങ്ങനെയെന്നും പഠിച്ചു.
ഒരു ദിവസം സർവ്വതും ഉപേക്ഷിച്ചുകൊണ്ടു അദ്ദേഹം വീട് വിട്ടിറങ്ങി. ആദ്യകാലങ്ങളിൽ അരുണാചലം മലകളുടെ അടിവാരങ്ങളിലും മുകളിലുമായി അലഞ്ഞു നടന്നിരുന്നു. വിശക്കുമ്പോൾ കൈനീട്ടി യാചിക്കുമായിരുന്നു. വിശന്നു വലഞ്ഞുള്ള അലച്ചിലിൽ ഒരു ദിവസം ഭക്ഷണം കിട്ടാതെ ബോധവും മറഞ്ഞുപോയി. അമ്പലത്തിണ്ണകളിലും മരച്ചുവടുകളിലും അന്തിയുറങ്ങിയിരുന്നു. ഒരിക്കൽ അമ്പലനടയിൽ ഒരു ബാർബറിനെ രമണ മഹർഷി കണ്ടുമുട്ടി. അയാളെക്കൊണ്ട് തന്റെ തിങ്ങി നിറഞ്ഞിരുന്ന തലമുടി മുഴുവൻ വെട്ടിച്ചു. ഒറ്റമുടി തലയിലില്ലാതെ തല മുണ്ഡനം ചെയ്തു. ധരിച്ചിരുന്ന വസ്ത്രം ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. എന്നിട്ടു ഒരു കൗപീനം മാത്രം ധരിച്ചു. അന്നുമുതൽ മരിക്കുന്നവരെ അദ്ദേഹം കൗപീനം മാത്രമേ ധരിക്കുമായിരുന്നുള്ളൂ. അഞ്ചു രൂപയിൽ കൈവശമുണ്ടായിരുന്ന ഒന്നര രൂപ ബാർബറിന് കൊടുത്തു. ബാക്കി സ്വന്തം സഹോദരന് തപാലിൽ അയച്ചുകൊടുക്കുകയാണുണ്ടായത്. അതിനുശേഷം ജീവിത കാലത്തൊരിക്കലും അദ്ദേഹം പണത്തെ സ്പർശിച്ചിട്ടില്ല. യാതൊരു സ്വത്തുക്കളും സ്വന്തമായി കൈവശം വെച്ചിരുന്നുമില്ല. ആരെങ്കിലും അദ്ദേഹത്തിന് സമ്മാനം നൽകുകയാണെങ്കിൽ ഉടൻതന്നെ ചുറ്റുമുള്ളവർക്കായി വിതരണം ചെയ്യുകയും ചെയ്തിരുന്നു. അവസാനം അദ്ദേഹത്തിൻറെ ബ്രാഹ്മണ അടയാളമായ ചരടും അഴിച്ചു മാറ്റി. പിന്നീടുള്ള കാലങ്ങളിൽ ഭിക്ഷ കിട്ടുന്നതു മാത്രം ഭക്ഷിച്ചിരുന്നു.
ആയിരം തൂണുള്ള അമ്പലനടയിൽ രാത്രിയും പകലുമില്ലാതെ ധ്യാനനിരതനായി സമാധിപോലെ ഇരിക്കുമായിരുന്നു. ചുറ്റും വന്നെത്തുന്ന കുട്ടികളുടെ കല്ലേറ് അസഹ്യമായിരുന്നു. അവിടുന്ന് അദ്ദേഹം ധ്യാനത്തിനായി ഒരു ഗുഹയിലേക്ക് താമസം മാറ്റി. വിഷജീവികളും പ്രാണികളും കടിച്ചു ശരീരം മുഴുവൻ വൃണംപോലെ തടിച്ചുപൊങ്ങിയിരുന്നു. 'ശേഷാദ്രി സ്വാമി'യെന്ന ഒരാൾ കുട്ടികളെ അടുപ്പിക്കാതെ രമണ മഹർഷിയെ സുരക്ഷിതമായ സുബ്രമണ്യ ക്ഷേത്രനടയിൽ കൊണ്ടിരുത്തി.പിന്നീട് ഗുരുമൂർത്തം എന്ന അമ്പലമുറ്റത്തു താമസമാക്കി.
രമണ മഹർഷിയുടെ പ്രശസ്തി നാടെങ്ങും പടരാനും തുടങ്ങി. ഇതിനിടെ വീട്ടിൽ നിന്നും ഒളിച്ചോടിയ, രമണമഹർഷിയായി പേരുമാറ്റപ്പെട്ട വെങ്കിട്ടരാമനെ തേടി അമ്മയും സഹോദരനും അമ്മാവനും വന്നെത്തി. ആവുന്നത്ര അമ്മയും അമ്മാവനും മടങ്ങിയെത്താൻ നിർബന്ധിച്ചിട്ടും യാചിച്ചിട്ടും രമണ മഹർഷി ചെവികൊണ്ടില്ല. അവർ നിരാശരായി മടങ്ങി പോവുകയും ചെയ്തു. പിന്നീട് ഇടയ്ക്കിടെ 'അമ്മ' മകനെ സന്ദർശിക്കുമായിരുന്നു. ഒരിക്കൽ അമ്മയുടെ സന്ദർശന വേളയിൽ അമ്മയ്ക്ക് ടൈപ്പോയ്ഡ് പിടിച്ചു. രമണ മഹർഷി അമ്മയെ ശുശ്രുഷിച്ചുകൊണ്ടിരുന്നു. രോഗം ഭേദമായപ്പോൾ 'അമ്മ' മടങ്ങിപ്പോയി. അതിനുശേഷം അമ്മയും ഇളയ സഹോദരനുമൊത്തു വരുകയും രണ്ടുപേരും കാവി വസ്ത്രം ധരിച്ചു സന്യസ്‌തം സ്വീകരിക്കുകയും ചെയ്തു. ഇളയ സഹോദരൻ നാഗസുന്ദരത്തിനെ ചിന്ന സ്വാമിയെന്നായിരുന്നു വിളിച്ചിരുന്നത്.1920-ൽ അമ്മയ്ക്ക് ഓരോവിധത്തിലുള്ള അസുഖങ്ങളുണ്ടാവുകയും രമണ മഹർഷി ഉറക്കമിളച്ചു ശുശ്രുഷിച്ചുകൊണ്ടുമിരുന്നു. 1922 മെയ് പത്തൊമ്പതാം തിയതി ആ സ്വാധി മരണമടഞ്ഞു.
രമണമഹർഷി തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും അരുണാചലത്തിൽ തന്നെ കഴിച്ചുകൂട്ടി. നീണ്ട അമ്പത് വർഷങ്ങളാണ് ധ്യാനനിരതനായി അരുണാചലിന്റെ പ്രാന്തപ്രദേശങ്ങളിൽ കഴിഞ്ഞത്. പ്രകൃതിയോടും മൃഗങ്ങളോടും പക്ഷികളോടുമിഷ്ടമായിരുന്നു. മയിലുകളും കുരങ്ങന്മാരും മാൻപേടകളും അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. മനുഷ്യനും പ്രകൃതിയും ഈശ്വരനും ഒത്തുചേർന്നുള്ള ഒരു പുണ്യസങ്കേതമായിരുന്നു അവിടം. ആത്മീയ സത്തയനുഭവിക്കാൻ പ്രപഞ്ചത്തെയറിഞ്ഞു ജീവിക്കുകയെന്ന തത്ത്വമാണ് രമണ മഹർഷി വാഗ്ദാനം ചെയ്യുന്നത്. മൗനത്തിന്റെ മഹാത്മാവെന്നാണ് മഹർഷിയെ അറിയപ്പെട്ടിരുന്നത്. ആശയങ്ങൾ കൈകാര്യം ചെയ്യാൻ ഭാഷകൾ ആവശ്യമില്ലെന്നായിരുന്നു, അദ്ദേഹം വിശ്വസിച്ചിരുന്നത്.
രമണ മഹർഷി വളരെ കുറച്ചു പുസ്തകങ്ങളെ എഴുതിയിട്ടുള്ളൂ. 'ഞാൻ ആര്' എന്നുള്ള അദ്വൈത തത്വങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധിയേറിയതായിരുന്നു. അരുണാചല സൂക്തങ്ങളും ഉപദേശ സാരങ്ങളും അതിൽ പ്രാമുഖ്യം വഹിക്കുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലും സംസ്കൃതത്തിലും അദ്ദേഹത്തിൻറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം ശിക്ഷ്യന്മാരോട് പറഞ്ഞിരുന്നതും അവർ പകർത്തിയെടുത്തതും പിന്നീട് പുസ്തക രൂപത്തിൽ വന്നിരുന്നു.
ഒരിക്കൽ, ശ്രീ നാരായണ ഗുരു അരുണാചലിൽ വന്നെത്തി രമണ മഹർഷിയെ സന്ദർശിച്ചു. നാരായണ ഗുരു, രമണ മഹർഷിയെപ്പറ്റി രചിച്ച കവിത സന്ദർശക ഗ്യാലറിയിലെ ഡയറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 'നിർവൃതി പഞ്ചകം' എന്നാണു കവിതയുടെ പേര്. ഗുരു നിത്യ ചൈതന്യ യതി കുറേക്കാലം രമണ മഹർഷിക്കൊപ്പം താമസിച്ചിരുന്നു. രമണ മഹർഷിയിൽനിന്നാണ് അദ്ദേഹം സന്യാസ ദീക്ഷ സ്വീകരിച്ചത്. വിദേശീയരായവരും അദ്ദേഹത്തിൻറെ ആശ്രമത്തിൽ വന്നു ശിക്ഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. ഇന്നും അനേകം വിദേശീയർ വന്നും പോയും രമണാശ്രമത്തിലെ ആത്മീയത ആസ്വദിക്കുന്നു.
രമണമഹർഷിയെന്ന സത്യാന്വേഷി പറഞ്ഞു:- "അനന്തമായ സത്യം വളരെ ലളിതമാണ്. നിഷ്കളങ്ക ഹൃദയം സത്യത്തിന്റെ പൂര്‍ണ്ണതയാണ്. ആ പരമമായ സത്യം എന്നില്ക്കൂടിയുമുണ്ട്. സത്യത്തെ തേടിയുള്ള യാത്രയില്‍ എന്നെ സ്വതന്ത്രനാക്കൂ, സത്യം എല്ലാ മതങ്ങളിലുമുണ്ട്." സത്യം ഗീതയിലും ബൈബിളിലും ഖുറാനിലും ഒന്നുപോലെ നിഴലിക്കുന്നത് കാണുവാന്‍ രമണമഹര്‍ഷിയെപ്പോലെയുള്ള ശ്രേഷ്ഠന്മാര്‍ക്കെ കഴിയുകയുള്ളൂ. ഒരേ സത്യത്തെ തേടി പോവുന്ന മതങ്ങള്‍ തമ്മിലുള്ള മത്സരത്തിലും കഷ്ടം കഷ്ടമെന്നും രമണമഹര്‍ഷി വിലപിക്കുന്നതു കാണാം.
രമണ മഹർഷി, യേശുവിനെപ്പറ്റി അഗാധമായ പഠിച്ച ഒരു ഋഷിവര്യനും കൂടിയായിരുന്നു. 'ഞാന്‍' എന്ന സത്യത്തെ കാണുവാനാണ് യേശുവും പഠിപ്പിച്ചത്. 'സ്വര്‍ഗരാജ്യം നേടുവാന്‍ ശിശുവിനെപ്പോലെയാകുവിനെന്നു' പീറ്ററിനെ യേശു ഉപദേശിച്ചു. രമണമഹര്‍ഷി പറഞ്ഞിട്ടുണ്ട്, "ജ്ഞാനം തേടി ഈ പര്‍വതനിരകളില്‍ വന്ന ഞാന്‍ നാലുമാസം കുളിക്കാതെയിരുന്നു. മുഖം വടിക്കുകയില്ലായിരുന്നു. വന്നുകഴിഞ്ഞ് ഒന്നരവർഷം കഴിഞ്ഞാണ് മുഖംവടിച്ചത്. തലമുടികൾ കുട്ട നെയ്യുന്ന ചകിരിനാരു പോലെയായിരുന്നു. തല ഭാരമായി അനുഭവപ്പെട്ടിരുന്നു. നഖങ്ങള്‍ നീണ്ട് ആകെ ഞാനൊരു ഭീകരനെപ്പോലെയായിരുന്നു.’ യേശുവിന്‍റെ തത്ത്വങ്ങളില്‍ ബാഹ്യമായതു വെടിപ്പാക്കുന്നതിനെക്കാള്‍ സ്വയം കണ്ടെത്തെലായിരുന്നു. അതുതന്നെയാണു രമണനും ചെയ്തത്. "സ്വര്‍ഗരാജ്യം ഒരു വ്യാപാരിയുടെ വില്‍പ്പനച്ചരക്കുകള്‍ക്കുള്ളില്‍ കാണപ്പെട്ട പവിഴമുത്തു പോലെയെന്നുള്ള യേശുവിന്റെ ഉപമ ഇവിടെ പ്രസക്തമാണ്. ബുദ്ധിമാനായ അവന്‍ തന്‍റെ ചരക്കുകൂമ്പാരത്തില്‍ വിലതീരാത്ത മുത്ത് ഒളിച്ചു വെക്കുന്നു. രമണന്‍ പറഞ്ഞു, "മറ്റെല്ലാ ലോകവസ്തുക്കള്‍ സ്വബോധത്തോടെ വെടിഞ്ഞാലും 'ഞാന്‍' എന്ന സത്യത്തെ വെടിയരുത്. അവിടം അറിവാണ്." യേശുവിൽ കുടികൊണ്ടിരുന്ന നിര്‍മ്മലമായ ഹൃദയത്തിന്‍റെ സത്യവും അതുതന്നെയായിരുന്നു.
യേശു പറഞ്ഞു "നിന്റെ കണ്ണിലെ കാരിരുമ്പ് എടുത്തു കളയുക. എന്നിട്ട് അന്യന്‍റെ കണ്ണിലെ കരുട് തൂത്തു കളയുവാന്‍ ശ്രമിക്കുക." അപരന്‍റെ കണ്ണിലെ കരടിനും സ്വന്തം കണ്ണിലെ കാരിരുമ്പിനും രമണന്റെ വിവരണം യുക്തി സഹജമെന്നും കാണാം. സ്വയം കണ്ടെത്തലില്‍' സര്‍വ ചരാചരങ്ങളും ഹിമാലയവുമൊക്കെ കാണും. ഈശ്വരന്‍ സൃഷ്ടിച്ചതെല്ലാം ഉള്കാഴ്ചയില്‍ ഗവേഷണം നടത്തും. "പര്‍വതത്തോട് കല്‍പ്പിച്ചാല്‍ പര്‍വതവും മാറിതരുമെന്ന്" യേശു പറഞ്ഞതു സ്വയം ഉള്കാഴ്ചയായിരുന്നുവെന്നും" രമണൻ പറഞ്ഞു.
കണ്ണിലെ കരടിന് രമണന്‍ നിര്‍വചനം നല്‍കിയത് ഇങ്ങനെ, "ഒരുവന്‍ സ്വയം തെറ്റു തിരുത്തുമ്പോള്‍ ലോകത്തെ മുഴുവനാണ് അവൻ തെറ്റുതിരുത്തുന്നത്." സൂര്യന്‍ സ്വയം പ്രകാശിക്കുന്നു. സൂര്യന്‍ ആരെയും തിരുത്തുന്നില്ല. കാരണം ലോകത്തിനു മുഴുവന്‍ പ്രകാശതരംഗങ്ങള്‍ അര്‍പ്പിക്കുകയാണ്. സ്വയം നമ്മെ തന്നെ പൂര്‍ണ്ണവാന്‍ ആക്കുന്നുവെങ്കില്‍ അവന്‍ ലോകത്തിനു മുഴുവന്‍ പ്രകാശം ഒപ്പം നല്‍കുകയും ചെയ്യുന്നു." 'മനുഷ്യനായ യേശു മനുഷ്യചരിത്രത്തില്‍ അങ്ങനെ ലോകത്തിന്‍റെ പ്രകാശമായി. ലോകത്തിനു പ്രകാശ രശ്മികളെ ദാനം ചെയ്തത്, സ്വയം 'ഞാന്‍' എന്ന ബോധത്തോടെയെന്നു യുക്തിസഹജമായി ചിന്തിക്കണം.' അങ്ങനെ രമണന്റെ കാഴ്ചപ്പാടിൽ യേശുവും ഒരു അദ്വൈത വാദിയായിരുന്നു.
രമണ മഹർഷി പറഞ്ഞു:-“ഒരുവൻ പ്രകൃതിയാൽ തന്നെ ദുർബലനെന്നും തിന്മ നിറഞ്ഞവനെന്നും ചിന്തിക്കരുത്. അത് തെറ്റാണ്. ഓരോ മനുഷ്യനിലും ദൈവികതയും പ്രഭയുമുണ്ട്. അവൻ പഞ്ചഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ട ശക്തിമാനുമാണ്. ദുർബലതകളും തിന്മകളുമായ ചിന്തകൾ അവന്റെ ആഗ്രഹങ്ങളിൽനിന്നും വിചാരങ്ങളിൽനിന്നും പ്രതിഫലിക്കുന്നതാണ്. എന്നാൽ അവനതല്ല. 'ഞാൻ പോയി' 'ഞാൻ വന്നു' 'ഞാൻ ചെയ്തു' 'ഞാൻ ആയിരുന്നു' ഇങ്ങനെയുള്ള ചിന്തകൾ നാം കണ്ടറിഞ്ഞ സ്വാനുഭവങ്ങളാണ്. നമുക്കുണ്ടാകുന്ന അനുഭവജ്ഞാനങ്ങളിൽ 'ഞാൻ' എന്ന സത്തയുണ്ട്. 'ഞാൻ' ആണ് അവിടെയെല്ലാം. സത്യമായ 'ഞാൻ'; അവിടെ ഒരു അന്വേഷകന്റെ 'ഞാൻ' തേടിയുള്ള പ്രഭവസ്ഥാനത്തിന്റെ തുടക്കവുമാണ്."
1922-ൽ രമണ മഹർഷിയുടെ 'അമ്മ' അളഗമ്മയെ സംസ്‌കരിച്ച സ്ഥലത്ത് ഒരു അമ്പലമുണ്ടാവുകയും അദ്ദേഹം അവിടേക്ക് താമസമാവുകയും ചെയ്തു. കാലക്രമേണ അതൊരു ആശ്രമവുമായി തെരഞ്ഞെടുത്തു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങൾ നിത്യവും അവിടെ എത്തിക്കൊണ്ടിരിക്കുന്നു. 1947 കാലങ്ങളായപ്പോൾ രമണ മഹർഷിയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. കൈമുട്ടിനു താഴെ അർബുദ രോഗം വഷളാവുകയും ചെയ്തു. കൈ മുറിച്ചു കളയുവാൻ ഡോക്ടർമാർ ഉപദേശിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. 1950 ഏപ്രിൽ പതിനാലാം തിയതി രമണ മഹർഷി സമാധിയായി. മരണത്തോടനുബന്ധിച്ചും അതിനുശേഷവും രമണ മഹർഷിയെപ്പറ്റിയുള്ള അത്ഭുത കഥകൾ അദ്ദേഹത്തിൻറെ ശിക്ഷ്യന്മാർ ലോകമാകമാനം പ്രചരിപ്പിച്ചിട്ടുണ്ട്. അത്ഭുതങ്ങളെക്കാളുപരി രമണമഹർഷിയെ ജ്ഞാനിയായ ഒരു വേദാന്തിയായിട്ടാണ് ലോകം ബഹുമാനിക്കുന്നത്. ആർതർ ഓസ്‌ബോനെപ്പോലെയും (Arthur Osborne) പോൾ ബ്രണ്ടനെപ്പോലെയുമുള്ള (Paul Brunton) എഴുത്തുകാർ ശ്രീ രമണ മഹർഷിയുടെ ജീവിതത്തെയും തത്ത്വചിന്തകളെയും സംബന്ധിച്ച പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
Azhakamma (Mother) |
No comments:
Post a Comment