Sunday, February 5, 2017

കുടുംബയോഗം സാഹോദര്യത്തിന്റെ സംഗമവേദി:



പി.എം.ഫിലിപ്പ് (കുടുംബയോഗ പ്രസിഡന്റ്) 

മനുഷ്യ ചരിത്രം ഒരു പരമ്പര ഓട്ടം (റിലേ റെയിസ്) ആണല്ലോ. മുൻഗാമികളുടെ അത്യദ്ധ്വാനത്തിലൂടെ ആർജിച്ചെടുത്ത നന്മയും സിദ്ധികളും അടുത്ത തലമുറയിലേക്ക് അനസ്യൂതം കൈമാറ്റം ചെയ്യുന്നതിലൂടെ ചരിത്രം സമ്പന്നമാക്കുന്നു. ഒരു നാടിന്റെ ചരിത്രം അതിലെ കുടുംബങ്ങളുടെ ചരിത്രം കൂടിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു നാടിന്റെ ചരിത്രഗതികളെ നിയന്ത്രിക്കുന്നതിൽ കുടുംബങ്ങൾക്ക് അതുല്യമായ ഒരു പങ്കുണ്ട്. മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അതുകൊണ്ട് കുടുംബങ്ങളുടെ നന്മയും സുസ്ഥിതിയും ഒരു നാടിന്റെ ഭദ്രതയ്ക്ക് ആവശ്യ ഘടകമാണ്.

തെക്കൻകൂർ രാജാക്കന്മാരുടെ ഭരണത്തിൻകീഴിലായിരുന്ന കാഞ്ഞിരപ്പള്ളിയിലേയ്ക്ക് ഏകദേശം 650 വർഷങ്ങൾക്കുമുമ്പ് നിലയ്ക്കൽനിന്നും കുടിയേറിയ വലിയവീട്ടിൽ തൊമ്മി കാരണവരുടെ പിന്തലമുറക്കാരിലൂടെ കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ കുടുംബങ്ങൾ രൂപം കൊണ്ടു. തൊമ്മിക്കാരാണവരുടെ വംശാവലിയിൽ പന്ത്രണ്ടാം തലമുറയിലെ പടന്നമാക്കൽ ചാണ്ടപ്പിള്ളയിലൂടെ പടന്നമാക്കൽ കുടുംബം സ്ഥാപിതമായി.

കാലപ്രവാഹത്തിൽ പടന്നമാക്കൽ, പുതുപ്പറമ്പിൽ, വാഴവേലിൽ, ഇടയാടി എന്നിങ്ങനെ അഞ്ചു ശാഖകളായി നാടിന്റെ നാനാഭാഗങ്ങളിൽ ഇവർ കഴിയുന്നു.

തെക്കുംകൂർ രാജാവിന്റെ സ്നേഹവാത്സല്യങ്ങൾക്ക് പാത്രീഭൂതനായിരുന്ന പടന്നമാക്കൽ ചാണ്ടപ്പിള്ളയുടെ വംശാവലിയിലുള്ള നമ്മുടെ കുടുംബാംഗങ്ങൾ ആ പൈതൃകം കാത്തു സൂക്ഷിക്കാൻ 1976 മുതൽ മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ക്രാന്തദർശികൾ ചേർന്ന് രൂപം കൊടുത്തതാണ് നമ്മുടെ കുടുംബയോഗം. ഇതിന്റെ ചരിത്രത്തിലെ സുപ്രധാന ഒരു നാഴികക്കല്ലായി 1989-ൽ അന്നത്തെ കുടുംബയോഗം പ്രസിഡന്റായിരുന്ന ശ്രീ എ.സി.ദേവസ്യാ ഇടയാടിയുടെ നേതൃത്വത്തിൽ കുടുംബചരിത്രത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. പിന്നീട് 2007-ൽ ശ്രീ ജോസഫ് പടന്നമാക്കലിന് തന്റെ അത്യദ്ധ്വാനത്തിലൂടെ അഞ്ഞൂറിലധികം പേജ് വരുന്ന കുടുംബചരിത്രത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. സ്തുത്യർഹമായി സേവനം ചെയ്ത ഈ മഹത്‌വ്യക്തികളോട് കുടുംബയോഗത്തിനുള്ള നന്ദിയും കടപ്പാടും ഇത്തരുണത്തിൽ രേഖപ്പെടുത്തുന്നു.

കുടുംബയോഗം പാരമ്പര്യത്തിന്റെയും പൈതൃകമായി ലഭിച്ച നന്മകളുടെയും കൈമാറ്റത്തിനുള്ള വേദിയാണ്. ഏക പിതാവിന്റെ മക്കളെന്ന നിലയിൽ ഒത്തുചേരാനും പരസ്പ്പരം പ്രോത്സാഹിപ്പിക്കാനും പങ്കുവെയ്ക്കാനും പരസ്പ്പരം പ്രാർത്ഥിക്കാനും നമുക്ക് കഴിയണം. കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ വ്യക്തികളെയും കുടുംബങ്ങളെയും പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്വം കുടുംബയോഗത്തിനുണ്ട്. മാസംതോറും എല്ലാ രണ്ടാം ഞായറാഴ്ചകളിലും കുടുംബയോഗ കമ്മിറ്റി കുടുംബയോഗം ഓഫീസിൽ കൂടുന്നു. 2004-ൽ തുടക്കം കുറിച്ച പടന്നമാക്കൽ ഫാമിലി വെൽഫേർ ഫണ്ട് ഇപ്പോഴും അഭംഗുരം തുടരുന്നു. കുടുംബയോഗത്തിന്റെ കർമ്മപരിപാടികൾ ആവിഷ്‌ക്കരിക്കാൻ ഉള്ള സാമ്പത്തിക സ്രോതസ്സാണത്. എസ്.എസ്..എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന, കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്യുന്നു.

 ആധുനിക കാലഘട്ടം ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിച്ചത് കുടുംബബന്ധങ്ങളെയാണ്. സന്തുഷ്ടമായ കുടുംബങ്ങളും ധാർമ്മികതയും നീതിബോധവുമുള്ള കരുത്തുറ്റ വ്യക്തിത്വങ്ങളും ഏതൊരു സമൂഹത്തിന്റെയും വലിയ സമ്പത്താണ്. ധന സമ്പാദന മാർഗത്തോടൊപ്പം ലക്ഷ്യബോധവും കഠിനാദ്ധ്വാന ചിന്തയും ഉള്ള സൽസ്വഭാവികളായ കുഞ്ഞുങ്ങളെ വളർത്തിയെടുക്കുവാൻ കുടുംബങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. പിന്തള്ളപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും ആയ ഏതൊരാൾക്കും കൈത്താങ്ങാകാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. ഈശ്വര ചിന്തയും ത്യാഗസന്നദ്ധതയും സേവനമനോഭാവവും ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള പോരാട്ടവീര്യവും കൈമോശം വരാതെ അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിഞ്ഞാൽ കുടുംബയോഗം അതിന്റെ ധർമ്മം നിർവഹിച്ചുവെന്നു പറയാം.

കുടുംബയോഗത്തിന് തുടക്കം കുറിക്കാനും കുടുംബാംഗങ്ങളെ കർമ്മോത്സകരാക്കുവാനും ആത്മാർത്ഥമായി ശ്രമിക്കുന്ന കുടുംബാംഗങ്ങളായ പുരോഹിതരെയും സന്യാസിനികളെയും മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ കാരണവന്മാരെയും സഹപ്രവർത്തകരെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഒരു നല്ല നാളെയുടെ പുനഃസൃഷ്ടിക്കായി തോളോട് തോൾ ചേർന്ന് നമുക്ക് പ്രാർത്ഥിക്കാം.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...