Sunday, April 29, 2018

യാക്കോബായ -ഓർത്തോഡോക്സ് സഭകൾ, പാശ്ചാത്തല ചരിത്രം




ജോസഫ് പടന്നമാക്കൽ 

ക്രിസ്തുവിനു ശേഷമുള്ള ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയമായ ഒരു സഭ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആരംഭസഭ അപ്പോസ്തോലന്മാർ സ്ഥാപിച്ചുവെന്നാണ് വിശ്വാസം. ആദ്യത്തെ മൂന്നും നാലും നൂറ്റാണ്ടുകളിൽ തെറ്റായ പല വിശ്വാസങ്ങളെയും സഭ സ്വീകരിക്കുകയും ത്യജിക്കുകയും ചെയ്തിരുന്നു. എന്നാൽ ആദ്യമ സഭയിൽ പുലർത്തിവന്ന അന്ധവിശാസങ്ങൾ കാലക്രമത്തിൽ നവീകരണ ചിന്താഗതികളോടെ പരിവർത്തനങ്ങൾക്കു  വിധേയമായിക്കൊണ്ടിരുന്നു. പിന്നീട് പേഗൻ മതങ്ങളിൽനിന്നും യഹൂദ മതങ്ങളിൽനിന്നും പല വിധ പാരമ്പര്യങ്ങളും കൂട്ടിയിണക്കി സഭയുടെ വിശ്വാസത്തിന്റെ ഭാഗമായി മാറിയിരുന്നു. പൗരാഹിത്യം, കൂദാശകൾ, വിശുദ്ധന്മാരെ വാഴ്ത്തുക അങ്ങനെ പലതും പിൽക്കാലത്ത് സഭയിൽ വന്നുകൂടിയതാണ്.

അഞ്ചാം നൂറ്റാണ്ടായപ്പോൾ ദൈവിക ശാസ്ത്ര ചിന്തകളുടെ അടിസ്ഥാനത്തിൽ സഭയിൽ പൊട്ടിത്തെറികൾ ആരംഭിച്ചിരുന്നു. ഏഴാം നൂറ്റാണ്ടായപ്പോൾ കുറഞ്ഞ പക്ഷം നാല് വ്യത്യസ്ത സഭകളെങ്കിലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. റോമ്മായിലെയും കോൺസ്റ്റാന്റിനോപ്പിളിലെയും  സഭകൾ, ഓർത്തോഡോക്സ് സഭകൾ, നെസ്തോറിയൻ, യാക്കോബാ, കോപ്റ്റിക്ക് സഭകൾ എന്നിവകൾ അതിലുൾപ്പെടും. പതിനൊന്നാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ സഭയെ പടിഞ്ഞാറേ സഭ എന്നും കിഴക്കിന്റെ ഓർത്തോഡോക്സ് സഭയെന്നും രണ്ടായി വിഭജിച്ചു. കത്തോലിക്കാ സഭയൊഴിച്ച് മറ്റെല്ലാ സഭകളും അപ്പോസ്തോലന്മാർക്കു ശേഷമുള്ള മൂന്നും നാലും നൂറ്റാണ്ടുകളിൽ രൂപീകരിച്ചതാണ്. ഓരോ സഭകൾക്കും അതാതു സഭകളുടെ സ്ഥാപകരുള്ളപ്പോൾ കത്തോലിക്കാ സഭയ്ക്കു വ്യക്തമായ ഒരു സ്ഥാപകന്റെ ചരിത്രമില്ല. റോമൻ കത്തോലിക്ക സഭയൊഴിച്ച് മറ്റെല്ലാ സഭകളുടെയും സ്ഥാപകൻ അപ്പോസ്തോലന്മാർക്ക് ശേഷം വന്ന വ്യക്തികളാണ്. അക്കൂടെ പിരിഞ്ഞു പോയ സഭകളിൽ ലൂഥറൻ, ബാപ്റ്റിസ്റ്റ്, പ്രെസ്ബിറ്റേറിയൻ, ആംഗ്ലിക്കൻ, പെന്തകോസ്റ്റൽ എന്നിങ്ങനെ ക്രിസ്ത്യൻ വിഭാഗങ്ങൾ ഉൾപ്പെടുന്നു.

ബൈബിൾ വായിക്കുമ്പോഴും അപ്പോസ്തോലിക കാലത്തുണ്ടായിരുന്ന സഭയുടെ ചരിത്രം പഠിക്കുമ്പോഴും ആദ്യമ സഭയായിരുന്ന റോമൻ കത്തോലിക്ക സഭ ക്രിസ്തുമതത്തോട് സാമ്യമുണ്ടോയെന്നുള്ളത് മറ്റു സഭകളുടെ എന്നുമുള്ള ചർച്ചാ വിഷയങ്ങളാണ്. കാരണം, ലൂഥറൻ സഭകളും, ഡച്ചു നവീകരണ സഭകളും കത്തോലിക്ക സഭയിൽനിന്ന് പിരിഞ്ഞു പോയപ്പോൾ അവരാണ് യഥാർത്ഥ ക്രിസ്ത്യാനികളെന്നാണ് അവകാശപ്പെട്ടത്. ബൈബിളിലെ വചനങ്ങൾ വ്യാഖ്യാനിച്ചാണ് ഓരോരുത്തരും സത്യമായ സഭയേതെന്ന് തെളിയിക്കുന്നത്. റോമ്മാ സഭയാണ് ആദ്യമുണ്ടായിരുന്നെങ്കിലും പിന്നീടു വന്ന സഭകളും ക്രിസ്തുവിന്റെ കാലത്തോളം പാരമ്പര്യം അവകാശപ്പെടുന്നു.

യാക്കോബായ സഭ കിഴക്കിന്റെ സഭകളെന്നാണ് അറിയുന്നത്. കൂടാതെ അന്തിയോക്ക്യൻ സിറിയൻ ഓർത്തോഡോക്സ് സഭയെന്നും പറയുന്നു. എ.ഡി.451-ൽ കൂടിയ കൌൺസിൽ ഓഫ് ചാൾസിഡോണിൽ ചില അംഗങ്ങൾ ക്രിസ്തുവിൽ ഏകസ്വഭാവമെന്ന വാദങ്ങളുന്നയിച്ചു. ഏകസ്വഭാവ വാദികളെ ജസ്റ്റിൻ 1 ചക്രവർത്തിയും അദ്ദേഹം നിയമിച്ച ബിഷപ്പുമാരുമൊത്ത് എ.ഡി 510-ൽ കോൺസ്റ്റാന്റിനോപ്പിളിയിൽ കൂടിയ സഭയിൽ നിന്നും പുറത്താക്കി. മതനിന്ദയെന്നു പറഞ്ഞായിരുന്നു കാരണം കാണിച്ചിരുന്നത്. അക്കൂടെ അമ്പത് ബിഷപ്പുമാരെയും പുറത്താക്കിയിരുന്നു. ചക്രവർത്തിയുടെ സ്വാധീനത്തിൽ ഏക സ്വഭാവ വാദികളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. യേശുവിന്റെ മനുഷ്യനായ സൃഷ്ടിയെ പരിപൂർണ്ണ ദൈവമായി ഏക സ്വഭാവവാദികൾ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസത്തിൽ യേശു ഭൂമിയിൽ മനുഷ്യനായി വന്നെങ്കിലും ദൈവ സത്ത പൂർണ്ണമായി നിറഞ്ഞിരുന്ന അദ്ദേഹം മനുഷ്യനല്ലായിരുന്നു. മനുഷ്യരൂപത്തിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തുവെന്നു ഏകസ്വഭാവ വാദികൾ വിശ്വസിച്ചിരുന്നു. പിന്നീട് നാഥനില്ലാത്ത അലഞ്ഞുനടന്നിരുന്ന ഏകസ്വഭാവ വാദികളെ 'യാക്കോബായ' എന്നറിയപ്പെടാൻ തുടങ്ങി. എഡെസയിൽ ജീവിച്ചിരുന്ന യാക്കോബ് ബറദായി എന്ന ഒരു സന്യാസി വര്യനായിരുന്നു ഏക സ്വഭാവ വാദികളുടെ നേതാവ്. ആ പുരോഹിതന്റെ പേരിനൊപ്പം യാക്കോബായ സഭയെന്നറിയപ്പെട്ടു.

എ.ഡി. 540-ൽ ക്രിസ്തുവിൽ ഏകസ്വഭാവത്വം പ്രചരിപ്പിക്കാനായി 'യാക്കോബ്' കോൺസ്റ്റാനോപ്പിൾ മുഴുവൻ യാത്ര ചെയ്തിരുന്നു. അദ്ദേഹത്തെ എതിരാളികളായ ബിഷപ്പുമാർ പതിനഞ്ചു കൊല്ലം ജയിലിൽ അടച്ചിരുന്നു. പിന്നീട് യാക്കോബ് ഏകസ്വഭാവ വാദികളുടെ ബിഷപ്പായി തെരഞ്ഞെടുത്തു. സിറിയയിൽ യാക്കോബാ സഭ സ്ഥാപിക്കുകയും പ്രവർത്തന മണ്ഡലങ്ങൾ അവിടെയാക്കുകയും ചെയ്തു. എ.ഡി.512-ൽ യാക്കോബായിലെ മെത്രാനായ 'സെർവിയൂസിനി'യെ യാക്കോബിന്റെ പിന്തുടർച്ചക്കാരനായി തെരഞ്ഞെടുത്തു.  യാക്കോബിനെ അന്തിയോക്ക്യയിലെ ആദ്യത്തെ പാത്രിയാർക്കീസായി ആദരിക്കുന്നു.  അദ്ദേഹം 89 ബിഷപ്പുമാരെയും അനേകം പുരോഹിതരെയും നിയമിച്ചിരുന്നുവെന്നും പറയപ്പെടുന്നു. യാക്കോബ സഭ എന്ന പേര് ലഭിച്ചത് പഴയ നിയമത്തിലെ യാക്കോബിൽ നിന്നുമായിരുന്നെന്ന് വാദങ്ങൾ ഉണ്ട്. യഹൂദന്മാർ ക്രിസ്ത്യാനികളായി മതം മാറിയപ്പോൾ യാക്കോബാ സഭയെന്നറിയപ്പെട്ടുവെന്നും പറയുന്നു.

ആദ്യ ക്രിസ്ത്യാനികളുടെ ഉറവിടം അന്തിയോക്ക്യയായിരുന്നു. അവിടെയായിരുന്നു യാക്കോബായ  സഭയുടെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നിരുന്നത്.  എ.ഡി. 538-ൽ സെർവിയൂസിനിന്റെ മരണശേഷം യാക്കോബായക്കാരെ അന്തിയോക്കിയായിൽ നിന്നും പുറത്താക്കിയിരുന്നു. യാക്കോബായക്കാരെന്ന പേര് അവരിൽ ഉറച്ചത് അവരുടെ എതിരാളികളായ ഗ്രീക്ക് ഓർത്തോഡോക്സ് സഭകളിൽ നിന്നുമായിരുന്നു. ഓർത്തോഡോക്സ് സഭകളിൽ അവരെ യാക്കോബിന്റെ അനുയായികളെന്ന അർത്ഥത്തിൽ യാക്കോബായക്കാരെന്ന് അറിയപ്പെടാനും തുടങ്ങി.

ദേശീയവും സാംസ്ക്കാരികവും ദൈവ ശാസ്ത്രപരമായും വൈരുദ്ധ്യങ്ങൾ നിറഞ്ഞ കാരണങ്ങളാൽ  യാക്കോബയാക്കാരും മറ്റു ഗ്രീക്കു ക്രിസ്ത്യാനികളും തമ്മിൽ എന്നും ഏറ്റുമുട്ടലുകളും പരസ്പ്പര മത്സരങ്ങളുമുണ്ടായിരുന്നു. സിറിയൻ ചിന്താഗതികളും ഹെലനിസ്റ്റിക്ക് സംസ്ക്കാരവുമായുള്ള അന്തരവും പരസ്പ്പര മത്സരത്തിന് കാരണമായിരുന്നു. യേശുവിന്റെയും അപ്പോസ്തോലന്മാരുടെയും  സുവിശേഷം പ്രസംഗിക്കുന്നതിനൊപ്പം അന്തിയോക്ക്യൻ ക്രിസ്ത്യാനികളെ യഹൂദ പാരമ്പര്യവും സ്വാധീനിച്ചിരുന്നു. എ.ഡി. 661-750 ൽ സിറിയയിൽ ഉമയാദ് രാജവംശം നിലവിലുണ്ടായിരുന്ന സമയം യാക്കോബായ വിശ്വസം ശക്തിപ്പെട്ടു. കാരണം, മുസ്ലിം രാജാക്കന്മാർക്ക് മറ്റുള്ള ക്രിസ്തീയ വിശ്വാസത്തെക്കാൾ പ്രിയം യാക്കോബായ വിശ്വാസമായിരുന്നു.

ചാൾസിഡോൺ കൗൺസിലിനു ശേഷം സിറിയയിൽ യാക്കോബായക്കാരും ഓർത്തോഡോക്സ് ക്രിസ്ത്യാനികളും തമ്മിൽ ശത്രുത വർദ്ധിച്ചു. ഇവർ ഇരുകൂട്ടരും തമ്മിലുള്ള വഴക്കുകൾ നൂറു വർഷങ്ങളോളം നിലനിന്നിരുന്നു. അന്തിയോക്ക്യ പാത്രീയാക്കീസിന് ഒരേ തത്ത്വത്തിലധിഷ്ഠിതമായ വിശ്വാസത്തിനുപകരം പലപ്പോഴും ചഞ്ചലമായ വിശ്വാസമായിരുന്നുണ്ടായിരുന്നത്. ചില സമയം ക്രിസ്തുവിൽ ഏക സ്വഭാവമെന്നു പഠിപ്പിക്കും. മറ്റുസമയങ്ങളിൽ ഓർത്തോഡോക്സ് ചിന്താഗതികളും പഠിപ്പിച്ചിരുന്നു. ഇവരിൽ ഏറ്റവും പ്രധാന പാത്രിയർക്കീസ് 'മാർ സെർവിയൂസിനി' ആയിരുന്നു.  ഗ്രീക്ക് ഭാഷകളിൽ പുസ്തകങ്ങളും രചിച്ചിരുന്നു. മരണം വരെ ഏകസ്വഭാവ വിശ്വാസികളുടെ നേതാവുമായിരുന്നു.

ഏകസ്വഭാവ വാദികളും ഓർത്തോഡോക്സുകാരും തമ്മിലുള്ള പിളർപ്പുകൾ ജസ്റ്റിറ്റീനിയൻ രണ്ടാമൻ  ചക്രവർത്തിയുടെ കാലത്ത് അതി രൂക്ഷമായിരുന്നു. ഈ ചക്രവർത്തിയുടെ കാലത്ത് ഏകസ്വഭാവ വാദികളായ യാക്കോബായക്കാരെ പീഡിപ്പിച്ചിരുന്നു. അന്തിയോക്ക്യയിൽ നിന്നു  പുറത്താക്കിയിരുന്നെങ്കിലും അവരുടെ പാത്രീയാക്കീസുമാർ 'അന്തിയോക്ക്യയുടെ പാത്രീയാക്കീസെന്ന്' സ്വയം സംബോധന ചെയ്യുമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ അവർ സ്വന്തം രാജ്യത്ത് താമസിക്കാനാകാതെ മറ്റു രാജ്യങ്ങളിലായിരുന്നു താമസിച്ചിരുന്നത്.

എഡേസ്സായിലും അന്ത്യോക്ക്യയിലും ജെറുസലേമിലുമുള്ള പ്രാദേശിക ക്രിസ്ത്യൻ വിഭാഗങ്ങളുടെ പരസ്പരമുള്ള വഴക്കുകളും കലഹങ്ങളും മുസ്ലിം ഭരണാധികാരികളുടെ അപ്രീതിയും യാക്കോബായ സഭയെയും ബാധിച്ചിരുന്നു. എങ്കിലും കുരിശു യുദ്ധ കാലത്ത് യാക്കോബായക്കാർ മറ്റുള്ള ക്രിസ്ത്യാനികളുമായി ഒരു മിലിറ്ററി കൂട്ടുകെട്ടിന് പോകാത്തതുകൊണ്ടു മുസ്ലിമുകളിൽനിന്നു പ്രതികാരങ്ങൾ ഒന്നും ഉണ്ടായില്ല. 1258-ൽ മംഗോളിയർ ഇറാക്ക് ആക്രമിച്ചപ്പോൾ താൽക്കാലികമായി കഷ്ടപ്പാടുകൾ യാക്കോബായ സമുദായത്തിനുണ്ടായി. പിന്നീട് നെസ്തോറിയൻ ക്രിസ്ത്യാനികളുടെ സ്വാധീനവും യാക്കോബായ സഭയിലുണ്ടായി.

മംഗോളിയൻമാർ പരാജയപ്പെട്ടശേഷം പ്രാദേശിക ക്രിസ്ത്യൻ സഭകളെ മംലൂക്ക്‌ സുൽത്താന്മാരും പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. വിദേശത്തുള്ള ക്രിസ്ത്യൻ നേതാക്കന്മാർക്ക്, സുൽത്താൻ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ടൈമൂറിന്റെ ആക്രമം മൂലം ടൂർ ആബിദിൻ എന്ന പ്രദേശത്തെ ഭൂരിഭാഗം യാക്കോബായക്കാർ മരണമടഞ്ഞു. മാർദീനിലും മൊസൂളിലും ഒരിക്കൽ ഭൂരിപക്ഷമായിരുന്ന യാക്കോബായക്കാർ ന്യുനപക്ഷമായി മാറുകയും ചെയ്തു. അലപ്പോയ്ക്ക് കിഴക്കും പടിഞ്ഞാറും മൊസൂളിനു വടക്കുമായി യാക്കോബായക്കാർ സമൂഹമായി താമസിച്ചിരുന്നു. വടക്കേ മെസൊപൊട്ടോമിയായിൽ നിന്ന് യാക്കോബായ സഭ ഇറാൻ വരെ പടർന്നിരുന്നു. അവിടെ നെസ്തോറിയൻ സഭ വളർന്നു പന്തലിച്ചിരുന്നു.

ഓട്ടോമൻ രാജവംശത്തിന്റെ കാലത്ത് യാക്കോബായക്കാരുടെയിടയിൽ വ്യവസായങ്ങൾ അഭിവൃത്തി പ്രാപിക്കുന്നുണ്ടായിരുന്നു.    കാത്തലിക്ക് മിഷൻ പ്രവർത്തനം ആരംഭിക്കുകയും അനേകരെ കത്തോലിക്കരാക്കി റോമിന്റെ കീഴിലാക്കുകയുമുണ്ടായി. കൽദായ വാദങ്ങൾക്കെതിരെ കത്തോലിക്കരിൽ ഒരു വൈരാഗ്യ മനോഭാവവും മിഷ്യനറിമാർ സൃഷ്ടിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇവരെ സിറിയൻ കത്തോലിക്കരെന്നും സിറിയൻ ഓർത്തോഡോക്‌സെന്നും രണ്ടായി അറിയപ്പെടാൻ തുടങ്ങി. യാക്കോബായക്കാർ അവരുടെ ഭാഷയായി സുറിയാനി ഉപയോഗിച്ചിരുന്നു. അറബികൾ ആക്രമിച്ച ശേഷം ആരാധന അറബിയിലുമായി. "മുസ്ലിമുകൾ യാക്കോബായ പള്ളികളുമായി ആചാരങ്ങളിൽ പങ്കു വെച്ചിരുന്നുവെന്നും  ക്രിസ്ത്യൻ  ദിവ്യന്മാരെയും ബഹുമാനിച്ചിരുന്നുവെന്നും" എപ്പിസ്കോപ്പൽ മിഷനറി 'ഹൊറാറ്റിയോ സൗത്ത്ഗേറ്റ് ' രേഖപ്പെടുത്തിയിരിക്കുന്നു. കാരണം ക്രിസ്ത്യാനികളുടെ പൂർവികർ ഇസ്‌ലാമായി മതം മാറിയെന്ന വിശ്വാസമായിരുന്നുണ്ടായിരുന്നത്.

ഏഴാം നൂറ്റാണ്ടിൽ മിഡിൽ ഈസ്റ്റിൽ യാക്കോബയാക്കാർ സാമ്പത്തികമായും സാമൂഹികമായും വളരെയേറെ പുരോഗതി പ്രാപിച്ചിരുന്നു. എ.ഡി 720-ൽ, 'ജെയിംസ് ഓഫ് എഡെസ' അവരുടെയിടയിൽ പ്രമുഖനായ ഒരു എഴുത്തുകാരനായിരുന്നു. ഒരു കവിയും പോരാഞ്ഞ് ഗ്രീക്കിൽനിന്ന് ഗ്രന്ഥങ്ങളും പരിവർത്തനം ചെയ്തിരുന്നു. മദ്ധ്യകാലത്തെ എഴുത്തുകാരിൽ ഗ്രിഗറി ബാർ ഹെബ്രോയൂസ് (1286),മൊസൂൾ ഭാഗങ്ങളിൽ സേവനം ചെയ്തിരുന്നു. മുസ്ലിം ഭരണകാലത്ത് യാക്കോബായ സഭ ശാസ്ത്രത്തിലും, മെഡിസിനിലും, സാഹിത്യത്തിലും പ്രഗത്ഭരും നിരവധി നേട്ടങ്ങളും കൊയ്തിരുന്നു.  മുസ്ലിം സാഹിത്യവും സഭയെ സ്വാധീനിച്ചിരുന്നു.

ഓട്ടോമൻ രാജവംശത്തിന്റെ കാലത്ത് രാജാക്കന്മാർ യാക്കോബായ ആദ്ധ്യാത്മിക നേതൃത്വത്തെയും അവരുടെ സ്ഥാനമാനങ്ങളെയും ബഹുമാനിച്ചിരുന്നു. ഓട്ടോമൻ സുൽത്താന്റെ ഭരണപരമായ നയങ്ങളിലും യാക്കോബായ സമുദായത്തിന് സ്വാധീനമുണ്ടായിരുന്നു. ദൈവശാസ്ത്രപരമായി അവർ കൂടുതലും കോപ്റ്റിക്ക് മതങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പാത്രിയാക്കീസിനെ തെരഞ്ഞെടുത്തിരുന്നത് സഭാമക്കളായിരുന്നു. യാക്കോബായ ബിഷപ്പുമാർ, മാർഡിനെന്ന സ്ഥലത്ത് വസിച്ചിരുന്നു. മെത്രാന്മാരെ ആശ്രമമായി ജീവിച്ചിരുന്ന പുരോഹിതരിൽ നിന്നും  തെരഞ്ഞെടുത്തിരുന്നു. മെത്രാന്മാർക്ക് അവരുടെ സഭാമക്കളുടെ പേരിൽ ജഡ്ജിമാരുടെ അധികാരമുണ്ടായിരുന്നു. വിവാഹവും വിവാഹ മോചനവും വിധി കല്പിച്ചിരുന്നതും മെത്രാന്മാരായായിരുന്നു. ഒരു മെത്രാനാകുന്ന ഒരാൾക്ക് കുറഞ്ഞത് 35 വയസുണ്ടായിരിക്കണം. ഡീക്കൻമാർക്ക് 20 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. അവർക്ക് സുറിയാനിയിൽ ഗീതങ്ങൾ വായിക്കാൻ കഴിവുമുണ്ടായിരിക്കണം. പാരീഷ് കൗൺസിലുകൾ പാരീഷ് പുരോഹിതനെ തെരഞ്ഞെടുത്തിരുന്നു. യാക്കോബായ സന്യാസിമാർക്കായി ആശ്രമങ്ങൾ വ്യാപകമായുണ്ടായിരുന്നു. ഓരോ ആശ്രമങ്ങളും ബിഷപ്പുമാരുടെ അധികാരപരിധിയിൽ പ്രവർത്തിച്ചിരുന്നു.

ഇന്ന് യാക്കോബായക്കാർ കൂടുതലും വടക്കേ ഇറാക്കിലാണ് കാണുന്നത്. ടർക്കിയിലും യാക്കോബായക്കാർ അധിവസിക്കുന്നു. ടർക്കിയിൽ രണ്ടു ലക്ഷം യാക്കോബായക്കാരുണ്ട്.  ഇറാക്കിലും സിറിയയിലും അതെ അനുപാതത്തിൽ രണ്ടു ലക്ഷം വീതം യാക്കോബായക്കാരുണ്ടെന്ന് അനുമാനിക്കുന്നു. മൊസൂളിലും ഡമാസ്‌ക്കസിലും യാക്കോബായക്കാർ വസിക്കുന്നു. കച്ചവടക്കാരാണ് കൂടുതലും. സ്വർണ്ണ വ്യാപാരികളും ധാരാളം. ഇസ്റ്റാമ്പുളിലും യാക്കോബായ പള്ളികളുണ്ട്. വളരെയേറെ പൗരാണിക പള്ളികളും യാക്കോബായക്കാരുടെ വകയായി ടർക്കിയിലുണ്ട്.

ഭാരത സഭയിൽ, യാക്കോബായും ഓർത്തോഡോക്സും തമ്മിലുള്ള കലഹം വ്യക്തമാക്കണമെങ്കിൽ 1599ലെ ഉദയംപേരൂർ സുനഹദോസിന്റെ കാലം വരെ എത്തേണ്ടിയിരിക്കുന്നു.  സെന്റ് തോമസ് ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള നിയമങ്ങൾക്ക് അടിത്തറ ഉണ്ടാക്കിയത് ഉദയം പേരൂർ സുനഹദോസായിരുന്നു. അതുവരെ കത്തോലിക്കാ സഭയുമായി ഒരു ഐക്യദാർഢ്യത്തിൽ യാക്കോബായ സഭയും ഒത്തുപ്രവർത്തിക്കുകയായിരുന്നു. യാക്കോബായ സഭകൾ പിന്നീട് റോമിന്റെ കീഴിലുള്ള സഭയുമായി ബന്ധം വേർപെടുത്തേണ്ടി വന്നു. അവർ അന്ത്യോക്ക്യ ബാവായുടെ കീഴിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയൂം മാർപാപ്പായുടെ നിയമങ്ങൾ ത്യജിക്കുകയും ചെയ്തു. യാക്കോബായക്കാരെ അന്നുമുതൽ പുത്തൻകൂറ്റുകാരെന്നും കത്തോലിക്കരെ പഴയകൂറ്റുകാരെന്നും അറിയപ്പെട്ടു.

ഉദയംപേരൂർ സുനഹദോസിനുശേഷം കത്തോലിക്കാ സഭയിൽനിന്നു വേറിട്ട യാക്കോബായ സഭയിൽ വീണ്ടും വിഭജനമുണ്ടായി. ഒരു ഗ്രുപ്പ് അന്ത്യോക്ക്യ പാത്രിയർക്കീസിന്റെ കീഴിലുള്ള ബാവകക്ഷിയെന്നു(യാക്കോബായ സഭ) അറിയപ്പെടുകയും ചെയ്തു. രണ്ടാമത്തെ വിഭാഗം കോട്ടയത്തുള്ള ബാവയെ പിന്താങ്ങി. അവരെ മെത്രാൻ കക്ഷി (ദി കേരള മലങ്കര ഓർത്തോഡോക്സ് ചർച്ച്) എന്നറിയപ്പെട്ടിരുന്നു. കേരള യാക്കോബായ സഭയിലെ വട്ടശേരിൽ മാർ ദീവന്നാസ്യോസിനെ 1908-ൽ അന്തിയോക്ക്യ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദേദ് മുടക്കിയതു വിഭജനത്തിനു കാരണമായിരുന്നു.

'വട്ടിപ്പണക്കേസ്' എന്നത് യാക്കോബായ ഓർത്തോഡോക്സ് സഭകളിൽ അരങ്ങേറിയ സുപ്രധാനമായ ഒരു കോടതി വ്യവഹാരമായിരുന്നു. ഈ കേസ് ഇരുസഭകളിലും പതിറ്റാണ്ടുകളോളം നില നിന്നിരുന്നു. വട്ടി എന്നാൽ പലിശയെന്നർത്ഥം. യാക്കോബായ സഭയും ഓർത്തോഡോക്സ് സഭയും ഒന്നായിരുന്ന കാലത്ത് ആറാം മാർത്തോമ്മാ മെത്രാ പ്പോലീത്താ മലങ്കര സഭയിലെ സെമിനാരി പിള്ളേരെ പഠിപ്പിക്കാനായി ബ്രിട്ടീഷ് സർക്കാരിന്റെ ബാങ്കിൽ സ്ഥിര നിക്ഷേപം ആരംഭിച്ചിരുന്നു. ഏഴാം മാർത്തോമ്മായുടെ കാലത്ത് ഈ നിക്ഷേപം വളരുകയും ചെയ്തു. വട്ടിപ്പണത്തിൽ നിന്നുണ്ടാകുന്ന നിക്ഷേപമോ പലിശയോ പിൻവലിക്കാനുള്ള അധികാരം അതാത് കാലത്തെ മലങ്കര മെത്രാപ്പോലീത്താമാർക്കായിരുന്നു. അതിനിടയിലാണ് അന്ത്യോക്ക്യ പാത്രീയാക്കീസായിരുന്ന അബ്ദുള്ള പാത്രീയാക്കീസ്, മലങ്കരയിലെ മെത്രാപ്പോലീത്താ മാർ ഗീവർഗീസ് ദിവാനിയോസിനെ (വട്ടശേരി) സഭയുടെ ചുമതലകളിൽനിന്നും മുടക്കിയത്. വട്ടിപ്പണം കൈകാര്യം ചെയ്യാനുള്ള അവകാശം നിക്ഷിപ്തമായിരുന്നത് മാർ ഗീവർഗീസ് ദിവ്യനോസിലായിരുന്നു. . തുടർന്നുള്ള സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ 1913-ൽ വട്ടിപ്പണക്കേസ് ആരംഭിച്ചു. 'അബ്ദുല്ല പാത്രീയാക്കീസ്‌' മലങ്കരയുടെ മേൽ അധികാരമുള്ള പാത്രിയാക്കീസെന്ന നിലയിൽ! വട്ടിപ്പണം പിൻവലിക്കാൻ വട്ടശേരി മെത്രാന് അധികാരമില്ലെന്നുള്ള വാദം തുടങ്ങി. വട്ടിപ്പണത്തിന്റെ അവകാശത്തിന്മേൽ കേസ് കോടതിയിലുമെത്തി. 1923-ൽ വട്ടിപ്പണക്കേസിൽ മെത്രാൻ കക്ഷിയായ വട്ടശേരിക്കെതിരെ ജസ്റ്റിസ് വീര രാഘവ അയ്യരുടെ വിധിയുണ്ടായി. പ്രതികൂല വിധിയുണ്ടായ സാഹചര്യത്തിൽ മെത്രാൻ കക്ഷി, കേസ് പുനരാലോചിക്കാനായി വീണ്ടും അപ്പീൽ നൽകി. 1928-ൽ മലങ്കര മെത്രാപ്പോലീത്തായെ പൂർണ്ണമായി അംഗീകരിച്ചുകൊണ്ട് വട്ടശേരിയ്ക്ക് അനുകൂലമായ വിധിയും വന്നു.

1926-ൽ ബഥനിയുടെ എപ്പിസ്കോപ്പാ ആയിരുന്ന മാർ ഈവാനിയോസ് ബിഷപ്പിന്റെ നേതൃത്വത്തിൽ പരുമലയിൽ വെച്ച് മലങ്കരസഭയുടെ ഒരു സൂനഹദോസ് കൂടിയിരുന്നു. സഭാ വഴക്കിൽ അസ്വസ്ഥരായിരുന്ന ഏതാനും ബിഷപ്പുമാരുമൊത്ത് റോമൻ കത്തോലിക്കസഭയിൽ ലയിക്കാനായിരുന്നു സൂനഹദോസ് വിളിച്ചുകൂട്ടിയിരുന്നത്. അതിനായി മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ മെത്രാൻ കക്ഷിക്ക് അനുകൂലമായ വിധി വന്നതു കൊണ്ട് മറ്റു മെത്രാന്മാർ റോമൻ കത്തോലിക്ക സഭയിൽ ലയിക്കുന്നതിൽനിന്നും പിന്മാറിയിരുന്നു. എങ്കിലും മാർ ഈവാനിയോസും അനുയായികളും മലങ്കര ഓർത്തോഡോക്സ് സഭ വിട്ടു മലങ്കര കത്തോലിക്ക സഭ സ്ഥാപിക്കുകയാണുണ്ടായത്.

1934-വരെ ഇരുകൂട്ടരുടെയും സമരങ്ങൾ സമാധാനപരമായി തുടർന്നിരുന്നു. 1934-ൽ രണ്ടു ഗ്രൂപ്പുകളും ബസേലിയോസ് ഗീവർഗീസ് കാതോലിക്കയെ ബിഷപ്പായി തെരഞ്ഞെടുക്കാൻ കോട്ടയത്ത് സമ്മേളിച്ചിരുന്നു. തെരഞ്ഞെടുക്കുന്ന കാതോലിക്ക അന്ത്യോക്ക്യാ ബാവായുടെ കീഴിലായിരിക്കില്ലെന്നു ഓർത്തോഡോക്സ് സഭക്കാരുടെ വ്യവസ്ഥയുമുണ്ടായിരുന്നു. അധികാരം മുഴുവൻ കോട്ടയം ബിഷപ്പിനും അന്ത്യോക്ക്യാ ബാവയെ ആത്മീയ നേതൃത്വമായി മാത്രം അംഗീകരിക്കാമെന്നുമായിരുന്നു തീരുമാനം. അന്ത്യോക്ക്യാ പാത്രീയാക്കീസിന് സഭാ മക്കളുടെമേൽ അവകാശങ്ങളൊന്നുമില്ലെങ്കിലും യാക്കോബായ നേതൃത്വവും തെരഞ്ഞെടുപ്പുടമ്പടികളിൽ ഒപ്പു വെച്ചിരുന്നു.

1958-ൽ ഇരു സഭകളിലും സമാധാന ഐക്യം സ്ഥാപിച്ചിരുന്നു. 1964-ൽ അന്തിയോക്ക്യ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ ബാവായെ മെത്രാൻ കക്ഷി ബാവായായ മാർ തിമോത്തിയോസ് ഔഗേൻ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കോട്ടയത്തു വമ്പിച്ച സ്വീകരണം നൽകി സ്വീകരിച്ചു. ഇരു സഭകളും തമ്മിൽ ഐക്യം സ്ഥാപിച്ചതും ചരിത്ര മുഹൂർത്തമായിരുന്നു. മെത്രാൻ കക്ഷി ബാവായെ അന്ന് വാഴിച്ചതും അന്ത്യോക്ക്യ ബാവായായിരുന്നു.

1975-ൽ തർക്കം വീണ്ടും മൂർച്ഛിക്കുകയും രണ്ടാം പിളർപ്പിലേക്ക് വഴിതെളിയിക്കുകയും ചെയ്തു. നിലവിലുള്ള ഓർത്തോഡോക്സ് സഭയുടെ കാതോലിക്കായെ യാക്കോബായ സഭ അംഗീകരിക്കാതെയും പുതിയ ബാവായെ തെരഞ്ഞെടുക്കുകയും ചെയ്തു. മോർ ഫീലക്സീനോസ് മെത്രാപ്പൊലീത്തായെ ഈ സ്ഥാനത്തേക്ക് അന്തിയോക്ക്യ പാത്രിയർക്കീസ് വാഴിച്ചു. പിളർപ്പിനു മുമ്പുണ്ടായിരുന്ന 'കാതോലിക്കാ ഔഗേൻ ഒന്നാമൻ' ഓർത്തോഡോക്സ് വിഭാഗത്തിന്റെ കാതോലിക്കയായി തുടരുകയും ചെയ്തു. അങ്ങനെ പിളർപ്പ് ശക്തി പ്രാപിക്കുകയും ഒരേ സമയത്തുതന്നെ രണ്ടു ബാവകൾ സഭകളെ നയിക്കുകയും ചെയ്തു.

2002-ൽ അന്ത്യോക്ക്യാ പാത്രിയാക്കീസിനെ പിന്തുണച്ച യാക്കോബായക്കാർ എറണാകുളത്ത് പുത്തൻ കുരിശിൽ സമ്മേളിച്ച് സഭയ്ക്ക് പുതിയ നിയമാവലിയുണ്ടാക്കി. യാക്കോബായ സഭയെ 'യാക്കോബായ സുറിയാനി ക്രിസ്ത്യാനികളെന്ന' നാമകരണവും ചെയ്തു. യാക്കോബായക്കാർ നിയന്ത്രിച്ചിരുന്ന പല പള്ളികളിലും ചേരി തിരിഞ്ഞുള്ള വഴക്കുകളുമാരംഭിച്ചു. പുത്തൻ കുരിശു കേന്ദ്രമാക്കിയുള്ള യാക്കോബായക്കാരും കോട്ടയം ദേവലോകം അരമന കേന്ദമാക്കിയുള്ള ഓർത്തോഡോക്സ് പള്ളികളും തമ്മിൽ ശക്തമായ അധികാര വടംവലികളും തുടങ്ങി. വർഷങ്ങളോളം കലഹം തുടർന്നുകൊണ്ടിരുന്നു. പള്ളികളുടെ മുമ്പിൽ പ്രതിക്ഷേധങ്ങൾ നിത്യ സംഭവങ്ങളായിരുന്നു. അനേകം പള്ളികൾ അടച്ചുപൂട്ടി. വർഷങ്ങളായി കോലഞ്ചേരി പള്ളി അടച്ചുപൂട്ടിയിരിക്കുന്നു. ഓർത്തോഡോക്സ് സഭ പള്ളി തുറക്കാൻ ശ്രമിക്കുമ്പോഴെല്ലാം യാക്കോബാ സഭ തടയുമായിരുന്നു. രണ്ടു കൂട്ടർക്കും വ്യത്യസ്ത സമയങ്ങളിൽ കുർബാന അർപ്പിച്ചാലും പ്രശ്നങ്ങളുണ്ടാവുമായിരുന്നു.

1934-ലെ ഉടമ്പടി ഓർത്തോഡോക്സ് സഭകൾക്ക് അനുകൂലമായിരിക്കെ 1995-ൽ ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിന്മേൽ കേസ് സുപ്രീം കോടതിയിൽ എത്തി. 2013 ജൂലൈയിലുണ്ടായ സുപ്രീം കോടതി വിധി ഒരു തീരുമാനം കൽപ്പിച്ചതും ഇരു സഭകളുടെയും കലഹത്തിന് ഒരു താൽക്കാലിക ശമനമുണ്ടാകാൻ കാരണമായി. 1934-ൽ ഇരു സഭകളുമുണ്ടാക്കിയ ഉടമ്പടി സുപ്രീം കോടതി ശരിവെച്ചു. 2002-ൽ യാക്കോബായ സഭയുണ്ടാക്കിയ നിയമാവലി സാധുവല്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. 2017 ജൂലയിലുണ്ടായ സുപ്രീം കോടതി വിധിയിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണെന്ന് ശരി വെക്കുകയായിരുന്നു. 1934-ലെ ഉടമ്പടി പ്രകാരം എല്ലാ ഇടവകകളും രൂപതകളും ഓർത്തോഡോക്സ് സഭയുടെയും ബിഷപ്പുമാരുടെയും അധികാര പരിധിയിലെന്നായിരുന്നു വിധി. കേസ്, കോലഞ്ചേരി, മണ്ണത്തൂർ, വാരിക്കോലി പള്ളികളുടെ അവകാശത്തർക്കങ്ങൾ പരിഹരിക്കാൻ വേണ്ടിയായിരുന്നെങ്കിലും ഈ നിയമം എല്ലാ യാക്കോബായ ഓർത്തോഡോക്സ് പള്ളികൾക്കും ഒരുപോലെ ബാധകമാണെന്ന് സുപ്രീം കോടതി വിധിയിലുണ്ടായിരുന്നു.

സാങ്കേതികമായി യാക്കോബായക്കാർ മലങ്കര സഭയുടെ വേറിട്ട ഭാഗമല്ല. അവർക്ക് പെന്തിക്കോസ്സ്കാരെപ്പോലെ സ്വതന്ത്രമായ സഭയായോ ഓർത്തോഡോക്സ് സഭയോട് ലയിക്കുകയോ ചെയ്യാം. എന്നിരുന്നാലും യാക്കോബായ സഭ, ഓർത്തോഡോക്സ് സഭയുമായി യോജിക്കുന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അവരുടേതായ പള്ളികൾ പണിയുന്ന കാര്യത്തിലും തീരുമാനമായില്ല. സുപ്രീം കോടതി തീരുമാനം പുനഃ പരിശോധിക്കാൻ അപ്പീലിന് പോകാൻ തയ്യാറാവുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം രണ്ടു വിഭാഗങ്ങളും ഒരേ ആചാരങ്ങളും വിശ്വാസങ്ങളുമാണ് പിന്തുടരുന്നത്. ഇരുകൂട്ടരും തങ്ങളുടെ അധീനതയിലുള്ള  പള്ളികളിൽ പ്രാർത്ഥനകൾ തുടർന്നുകൊണ്ടിരിക്കുന്നു.  പുതിയ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ യാക്കോബായ സഭയ്ക്ക് സ്വതന്ത്ര സഭയായി പ്രവർത്തിക്കുകയോ അല്ലെങ്കിൽ ഓർത്തോഡോക്സ് സഭയോട് ലയിക്കുകയോ വേണ്ടി വരുന്നു.




MAR IVANIOS (1882-1953




Saturday, April 21, 2018

കത്തോലിക്ക സഭയും കുടുംബാസൂത്രണ പ്രതികരണങ്ങളും



ജോസഫ് പടന്നമാക്കൽ 

കത്തോലിക്കാ സഭ തങ്ങളുടെ സഭാ മക്കൾ  കൂടുതൽ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും അതുവഴി ജനസംഖ്യ വർദ്ധിപ്പിക്കാനുമുള്ള നയമാണ് പുലർത്തുന്നത്.  അതിനുവേണ്ടി സർക്കാർ നയങ്ങളായ കുടുംബാസൂത്രണത്തെ പരിപൂർണ്ണമായി എതിർക്കുകയും ചെയ്യുന്നു. ജനപ്പെരുപ്പം മൂലം ലോകത്ത് അസമാധാനവും പട്ടിണിയും ദാരിദ്ര്യവും വർദ്ധിക്കുന്നു. ബിഷപ്പുമാരും പുരോഹിതരും സ്ത്രീകളെയും ബലഹീനരായ പുരുഷന്മാരെയും സ്വാധീനിക്കുകയും പട്ടിണിയും ദാരിദ്ര്യവും കണക്കാക്കാതെ സന്താന നിയന്ത്രണമെന്ന പാപബോധം അവരുടെ തലയിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഭൂരിഭാഗം ക്രിസ്ത്യാനികൾ സന്താന ഉത്ഭാദന വിഷയങ്ങൾ കൂടുതൽ വിവേകത്തോടെ ചിന്തിക്കാനും തുടങ്ങിയിട്ടുണ്ട്. പുതിയ തലമുറകൾക്ക് വിവേകം വർദ്ധിച്ചതോടെ പുരോഹിതരുടെയും ബിഷപ്പുമാരുടെയും അഭിപ്രായങ്ങളെ ഇന്ന് മുഖവിലയ്‌ക്കെടുക്കാറുമില്ല.

കര്‍ദ്ദിനാൾ‍ ആലഞ്ചേരി അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. കൂടുതൽ ‍സന്താന ഉത്ഭാതനത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വളരെ വിചിത്രവുമായിരുന്നു. ദൈവം ബൈബിളിലെ പിതാവായ അബ്രാഹാമിനു കടൽ‍ത്തരിപോലെ മക്കളുണ്ടാകാൻ കൊടുത്ത അതേ വരം ആലഞ്ചേരി വിശ്വാസികളുടെയിടയിൽ പ്രായോഗികമാക്കാൻ ശ്രമിക്കുന്നു. മൂന്നു മക്കളിൽ കൂടുതലുള്ള മാതാപിതാക്കളുടെ നാലാമത്തെ കുട്ടിമുതൽ സൗജന്യവിദ്യാഭ്യാസവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭയിലേക്കുള്ള വൈദികരുടെയും കന്യാസ്ത്രികളുടെയും അപര്യാപ്തയാണ് കാരണം.

ഒരുവന്റെ സന്താനോത്ഭാദന കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കുവാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഭ്രൂണം എന്നുള്ളത് ശരീരത്തിൻറെ വെറും കോശം മാത്രമാണ്. ജീവൻ എന്ന് ആരംഭിക്കുന്നുവെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. പുരുഷൻറെ ബീജം സ്ത്രീയിൽ പതിക്കുന്ന നിമിഷം മുതൽ ജീവൻ ആരംഭിക്കുന്നുവെങ്കിലും ഒരുവ്യക്തിയായി ജീവൻ രൂപാന്തരപ്പെടുന്നത് ആർക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല. 'ഇത് എന്റെ ശരീരമാണ്, എന്റെ ശരീരത്തിൽ എന്തുംചെയ്യുവാൻ അവകാശമുണ്ടെന്നും' ഭ്രൂണഹത്യയെ അനുകൂലിക്കുന്നവർ പറയും. ഒരു സ്ത്രീ ബലാത്സംഗം മൂലം ഗർഭിണിയാവുകയാണെങ്കിൽ ആ കുഞ്ഞിനെ ഇല്ലാതാക്കുവാൻ അവൾക്ക് അവകാശമുണ്ട്. ഒരു കുഞ്ഞു ഗർഭത്തിൽ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കിൽ എന്തിന് ആ കുഞ്ഞിനെ ജീവിതം മുഴുവൻ കഷ്ടപ്പെടുത്തണം. കൃഷിഭൂമികൾ ആവശ്യത്തിനില്ല. കുടിക്കാൻ കുടിവെള്ളം ഇല്ല. എന്തിന്! ഇങ്ങനെയുള്ള ഹതഭാഗ്യരായവരെ, ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ഭൂമിയിലേക്ക് ക്ഷണിക്കണം.

മനുഷ്യജീവനെ നിലനിർത്തേണ്ടതു സർക്കാരിന്റെ ചുമതലയാണെന്ന് ഗർഭം അലസിപ്പിക്കുന്നതിനെ എതിർക്കുന്നവർ ചിന്തിക്കും. ഒരുവന്റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും ഇവർ ചെവി കൊള്ളുകയില്ല. ജനിക്കുവാൻ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതൽ ഹൃദയത്തുടിപ്പുണ്ട്, മൂന്നു മാസമുള്ള ഗർഭസ്ഥശിശുവിനു കൈകാലുകളും കാണും. മനുഷ്യ ജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നു. ഗർഭസ്ഥശിശുവിനു മനുഷ്യാവയവങ്ങൾ പല ഘട്ടങ്ങളിൽ രൂപപ്പെടുന്നു. വേദനകളും ബോധവും  ഘട്ടങ്ങളായി ഗർഭസ്ഥ ശിശുവിൽ കാണപ്പെടുന്നു. അതുപോലെ കുഞ്ഞായിരിക്കുന്ന ഒരോ വ്യക്തിയും വിവിധ അവസ്ഥകളിലായിട്ടാണ് പൂർണ്ണനായ ഒരു മനുഷ്യനും വ്യക്തിയുമായി രൂപാന്തരപ്പെടുന്നത്.

'നീ ഗർഭിണിയാകുമ്പോൾ മറ്റൊരു ശരീരം നിന്റെ ഉദരത്തിൽ ജനിക്കുന്നു. അതിനെ നശിപ്പിക്കുവാൻ നിനക്ക് അവകാശമില്ല. ഉദരത്തിൽ ഉള്ള കുഞ്ഞിനെ പിച്ചികീറുന്നത് ക്രൂരവും പാപവുമാണ്. ബലാൽസംഗം മൂലം കുഞ്ഞുണ്ടായാലും ഉദരത്തിൽ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കിൽ നിഷ്കളങ്കനാണ്. മറ്റുള്ളവരുടെ കുറ്റം കൊണ്ടു കുഞ്ഞുണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു. അതിനെകൊല്ലുന്നത് നരഹത്യയാണ്. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാൻ തയ്യാറാകുമോ? അതുപോലെ ഒരുകുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാൻ നിനക്ക് എന്ത് അവകാശം! ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാൻ വെള്ളമോ ഇല്ലെങ്കിൽ ഭൂമിയിൽ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരിൽ കുഞ്ഞിനെ കൊല്ലണം?

ഗർഭനിരോധനത്തെയും കുടുംബാസൂത്രണത്തെയും എതിർത്തുകൊണ്ട് കത്തോലിക്കാസഭ വിശക്കുന്ന ജനതയും വേണ്ടാത്ത കുഞ്ഞുങ്ങളും ലോകത്തു പെരുപ്പിക്കാൻ സംഘിടിതമായ ആശയപ്രചരണങ്ങളും നടത്തുന്നുണ്ട്. അതിനെതിരെ ഏതാനും വിവേകശാലികളായ ഇറ്റാലിയൻ ബിഷപ്പുമാരുടെ പഠന റിപ്പോർട്ടിൽ 'ഇന്നത്തെ ജനനനിരക്കു കുറക്കേണ്ടത് ഭാവിതലമുറകളോട് നമ്മൾ പുലർത്തേണ്ട കടമയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.' ഒരു കുടുംബത്തിനു രണ്ടു മക്കൾവീതം കണക്കാക്കി കുടുംബം നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്നും ഈ മെത്രാൻസമിതി വത്തിക്കാനോട്ആവശ്യപ്പെട്ടു. ആധുനിക വൈദ്യസഹായത്തോടെ മനുഷ്യന്റെ ആയുസ്സു ദീർഘിക്കുന്നതോടൊപ്പം ജനനനിരക്കും കുറയേണ്ടതായുണ്ട്. രണ്ടു വർഷത്തോളം നടത്തിയ സുദീർഘമായ ഈ പഠനത്തിൽ ശാസ്ത്രജ്ഞരും ബൗദ്ധിക തലങ്ങളിലുള്ള അല്മെനികളും വിവിധ രാജ്യങ്ങളിലെ മതനേതാക്കന്മാരും പങ്കു ചേർന്നിരുന്നു.

കുടുംബാസൂത്രണം  സംബന്ധിച്ചുള്ള ഈ കമ്മറ്റിറിപ്പോർട്ട് സമർപ്പിച്ചത് ബെനഡിക്റ്റ് മാർപ്പായുടെ ഭരണകാലത്തായിരുന്നു. അതിൽ അന്ന് ബെനഡിക്റ്റ് മാർപാപ്പാ രോഷാകുലനാവുകയാണുണ്ടായത്. കോടാനുകോടി മനുഷ്യർ ആഹാരമില്ലാതെ ലോകത്തു മരിക്കുന്നുണ്ടെങ്കിലും അത്തരം പ്രശ്നങ്ങളൊരിക്കലും സഭയോ മാർപാപ്പയോ ഗൌനിക്കാറില്ല. കൂടാതെ ജനന നിയന്ത്രണത്തിനുള്ള എല്ലാ മാർഗങ്ങളെയും സഭ എതിർക്കുകയും ചെയ്യുന്നു.

ഭൂമിയിൽ ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി മതം കല്പ്പിച്ചിരിക്കുന്ന ഇത്തരം വിശ്വാസങ്ങളെ ലോകം ഇന്ന് പൊതുവെ തിരസ്ക്കരിക്കുന്നതായി കാണുന്നു. പൗരാഹിത്യവും  വത്തിക്കാനും സ്വീകരിച്ചിരിക്കുന്ന കുടുംബാസൂത്രണ നിലപാടുകളെ പരിഷ്കൃതരാജ്യങ്ങൾ സാധാരണ ഗൌനിക്കാറില്ല. എങ്കിലും ദാരിദ്ര്യവും അജ്ഞതയും നിറഞ്ഞ മൂന്നാം ചേരിരാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇത്തരം സങ്കീർണ്ണമായ പ്രശ്നങ്ങളിൽ വത്തിക്കാന് ഇന്നും സ്വാധീനമുണ്ട്.

ഗർഭസ്ഥ ശിശുക്കളെ കൊല്ലുന്നതു പാപമെന്ന സങ്കൽപ്പത്തെ ന്യായികരിക്കാം. വത്തിക്കാന്റെ അഭിപ്രായങ്ങളോട് യോജിക്കുകയും ചെയ്യാം. എന്നാൽ ആധുനിക ഗർഭനിരോധക മാർഗങ്ങൾ സന്താനോത്ഭാദന നിയന്ത്രണൾക്ക് അവലംബമാകുമ്പോൾ വത്തിക്കാൻ അതിനെ പ്രതിരോധിച്ചാൽ അത് സാമൂഹിക വളർച്ചക്ക് തടസമാകും. പിറക്കാൻ പോവുന്ന കുഞ്ഞുങ്ങളോട് ചെയ്യുന്ന അനീതിയും കൂടിയാണ്. മാർപാപ്പാമാരുടെ തെറ്റാവരത്തിന് ഇവിടെ തെറ്റു പറ്റിയെന്നുവേണം അനുമാനിക്കുവാൻ.

മാർപാപ്പാമാർ വസിക്കുന്ന രാജ്യമായ ഇറ്റലി മാർപാപ്പയുടെ നയങ്ങൾക്കെതിരേ കുടുംബാസൂത്രണ പദ്ധതികൾ വളരെക്കാലംമുമ്പുതന്നെ നടപ്പാക്കിയിരുന്നു. തൽഫലമായി 1982 കാലഘട്ടത്തിൽ, 2,34,800 ഗർഭ അലസിപ്പിക്കലുകൾ ഇറ്റലിയിൽ നടത്തിയെങ്കിൽ, 1992 ലെ ഗർഭം അലസിപ്പിക്കലുകൾ, ആ രാജ്യത്തു 1,55,200 ആയി കുറയ്ക്കുവാനും സാധിച്ചു. അതിനു കാരണം ആധുനിക ഗർഭനിരോധക മാർഗങ്ങളായിരുന്നു. ഇറ്റലി ഇന്നു ജനന നിരക്കു കുറച്ചെന്നു മാത്രമല്ല രാജ്യത്തു ജനസംഖ്യ കുറഞ്ഞതുകൊണ്ടു ജനന നിരക്ക്, കൂട്ടണമെന്നു ചിന്തിക്കുകയും ചെയ്യുന്നു.

സഭയുടെ ഭരണ നിലപാടിലും പ്രാമാണിക ഗ്രന്ഥങ്ങളനുസരിച്ചും സഭ സ്ത്രീകളോട് നീതി പുലർത്താറില്ല. സ്ത്രീയെന്നുപറഞ്ഞാൽ പുരുഷനെ ജനിപ്പിക്കുന്ന ഫാക്ടറിയെന്ന ചിന്തകൾ സഭയെയും ബാധിച്ചിട്ടുണ്ട്. സ്ത്രീയെ പുരുഷൻ അടക്കി ഭരിക്കുന്ന ചരിത്രമാണു കത്തോലിക്കാ സഭയ്ക്കുള്ളത്. മതം പുരുഷന്മാരുടെ നിയന്ത്രണത്തിലുള്ളതിൽ സ്ത്രീകള്‍ സന്തുഷ്ടരാണെന്നുള്ളതും വിചിത്രമായിരിക്കുന്നു. ഒന്നുകിൽ പുരുഷൻ സ്ത്രീയുടെ മസ്തിഷ്കത്തിൽ ഇങ്ങനെ ഒരു ജ്വരം ഉണ്ടാക്കി. അല്ലെങ്കിൽ പുരുഷനില്ലാതെ സ്ത്രീ സുരക്ഷയല്ലെന്നു അവള്‍ക്കുള്ള തോന്നലുമാകാം.

ഗർഭം അലസിപ്പിക്കുന്നതു തെറ്റാണെന്നു തോന്നുന്നുവെങ്കിൽ അത് പാപസങ്കൽപ്പമെന്ന് മനഃസാക്ഷിയെ കുത്തുന്നുവെങ്കിൽ അത്തരം ‍പ്രവർത്തികളിൽനിന്ന് പിൻവാങ്ങണം. കാരണം അതു ജീവിതത്തില്‍ പിന്നീടു മാനസിക വിഭ്രാന്തികൾക്ക് കാരണമാകും. എന്നാൽ‍ വിശപ്പിൻറെ മുറവിളി കൂട്ടുന്ന ഈ ലോകത്ത് മറ്റു കുടുംബാസൂത്രണപദ്ധതികളെ വത്തിക്കാൻ എന്തുകൊണ്ടു‍ എതിർ‍ക്കുന്നുവെന്നു മനസിലാകുന്നില്ല? ഒരിക്കലും വിവാഹംചെയ്യാത്ത, ഗർ‍ഭം വഹിക്കാത്ത വൃദ്ധരായ ഈ പുരോഹിതർ‍ക്കും തലമൂത്ത കർദ്ദിനാൾ സ്‌കൂളിനും കുടുംബാസൂത്രണമെന്തെന്നു മനസിലാവുകയില്ല.  സ്ത്രീ പുരുഷന്മാർ വചനം ശരിക്കു പഠിച്ചിട്ടുണ്ടെങ്കിൽ ഉദരത്തിലുള്ള കുഞ്ഞു ജനിക്കുന്നതുവരെ ആത്മാവില്ലെന്നു മനസ്സിലാകും. അതുകൊണ്ട്, ഉദരത്തിൽ കിടക്കുന്ന ബുദ്ധിമാന്ദ്യം ഭവിച്ച കുട്ടിയെ നശിപ്പിച്ചാൽ പാപമില്ലെന്ന‍ വാദവും വചനാധിഷ്ഠിതമാണ്.

ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്റെ നിലപാടിൽ നീതികരണമുണ്ട്. എന്നാൽ  മറ്റു ഗർഭനിരോധന മാർഗങ്ങളെ എതിർക്കുന്നത് യുക്തിരഹിതമാണ്‌. ഒരു പുരുഷൻ ഓരോ സെക്കൻറിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയിൽനിന്നു ജീവനുള്ള തലമുടികൾ പൊഴിയുന്നത്തിനു തുല്യമാണ്. ബീജകോശം, അണ്ഡകോശത്തിലെത്താതെ ജീവൻ തുടിക്കുകയില്ല.

ഭൂമിയിൽ ജനിക്കുന്ന മനുഷ്യർ സഭയുടെ ചട്ടക്കൂട്ടിൽനിന്നുകൊണ്ടു വിശക്കുന്ന വയറുകളുമായി എത്യോപ്യായെന്ന പട്ടിണിരാജ്യംപോലെ ജീവിക്കണോ? മനുഷ്യനു ചിന്തിക്കുവാൻ കഴിവു തന്നിരിക്കുന്നതു വിവേകപൂർവ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കൽക്കാലത്ത് ഗർഭനിരോധക ഉപായങ്ങൾ ഉണ്ടായിരിന്നില്ലല്ലോ! അങ്ങനെ ഗർഭനിരോധക മാർഗങ്ങൾ ബൈബിളിന് എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാൻറെ ഈ കടുംപിടിത്തം. വാസ്തവത്തിൽ, സന്താന നിയന്ത്രണം വഴി സ്ത്രീത്വത്തിൻറെ മൌലികതയെ ഇവർ ചോദ്യം ചെയ്യുകയല്ലേ! സ്ത്രീയെ അടിച്ചമർത്തപ്പെട്ടാലും സ്ത്രീ എല്ലായ്പ്പോഴും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും  പൌരാഹിത്യ മേധാവിത്വത്തിനുണ്ട്.

ബെനഡിക്റ്റ് മാർപാപ്പായുടെ കാലത്ത് ഗർഭനിരോധന ഗുളികകൾ സംബന്ധിച്ചുള്ള രസകരമായ ഒരു വാർത്ത വത്തിക്കാനിൽനിന്നുമുണ്ടായിരുന്നു. ഗർഭനിരോധ ഗുളികകൾ പരിസ്ഥിതി അശുദ്ധമാക്കുമെന്നായിരുന്നു കണ്ടുപിടിത്തം. സന്താനോല്പാദനശേഷി നഷ്ടപ്പെടുമെന്നും അഭിപ്രായപ്പെട്ടു. അതിനുള്ള ശാസ്ത്രീയതെളിവുകൾ വ്യക്തമായി വത്തിക്കാനു വെളിപ്പെടുത്തുവാനും സാധിച്ചില്ല. സ്ത്രീകൾക്കു ധാരാളം മൂത്രഭ്രമം ഉണ്ടാകുമെന്നു വാർത്തയിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രകൃതി മുഴുവൻ ഹോർമോണുകൾ നിറയുന്നതുമൂലം അറിയപ്പെടാത്ത അസുഖങ്ങൾ പ്രകൃതിയെ മലിനമാക്കുമെന്നും അവരുടെ നിഗമനങ്ങളിലുണ്ട്. ഇങ്ങനെ മാനസിക വിഭ്രാന്തികൾ പരത്തിക്കൊണ്ടു ലോകം മുഴുവൻ വത്തിക്കാൻ പരിഭ്രമം സൃഷ്ടിക്കുന്നതും കാണാം. 

കന്യാസ്ത്രികൾ ആരോഗ്യസംരക്ഷണത്തിനു ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ളത് വിവാദപരമായ ഒരു ചർച്ചാവിഷയമാണ്. തീർച്ചയായും ഈ ആശയം ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ടു കന്യാസ്ത്രികൾക്കെതിരെ ഈ ഗുളികയുടെപേരിൽ ലോകം ശബ്ദം ഉയർത്തുന്നുവെന്നാണ് മറ്റൊരു ചോദ്യം? കാരണം അവർക്കു മക്കൾ ഇല്ല. മക്കളില്ലാത്ത സ്ത്രീകൾക്ക് കൂടെകൂടെ ആർത്തവകാലങ്ങളുടെ എണ്ണംകൂടും. എണ്ണം കൂടുന്തോറും കാൻസറിന്റെ സാധ്യതകളും വർദ്ധിക്കും. ഗർഭനിരോധനൗഷധ കമ്പനികൾ കോടികൾ ബിസിനസ് ലാഭം കൊയ്യുവാനുള്ള ഒരു പ്രചാരണ തന്ത്രമാണെന്നാണ് മറ്റൊരുആരോപണം. രക്തം കട്ടിയായേക്കാവുന്ന ദോഷങ്ങളും ഗുളിക കഴിക്കുന്നതിലൂടെ സാധ്യതയേറുന്നു. ലോകത്തിലുള്ള ലക്ഷക്കണക്കിന് കന്യാസ്ത്രികൾ തങ്ങളുടെ ചാരിത്രം കാത്തുസൂക്ഷിക്കുന്നതിനു കടുത്ത വില നല്കേണ്ടിവരുന്നുവെന്നു പറയപ്പെടുന്നു. കുട്ടികളില്ലാത്ത സ്ത്രീകൾക്കു മാറിടങ്ങളിലും ഗർഭപാത്രത്തിലും ബീജകോശങ്ങളിലും കാൻസർ സാധ്യതയേറെയാണ്. സഭ ഗർഭ നിരോധ ഗുളികകൾ സൌജന്യമായി വിതരണം ചെയ്താൽ ഇരുപതു ശതമാനംവരെ മരണനിരക്കു കുറയ്ക്കാമെന്നു ശാസ്ത്ര റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. 1968 മുതൽ‍ ഏതുതരം കുടുംബാസൂത്രണത്തെയും വത്തിക്കാൻ എതിർ‍ത്തിരുന്നു. ഇത് കുടുംബാസൂത്രണമല്ല മറിച്ചു കന്യാസ്ത്രികളുടെ ആരോഗ്യപ്രശ്നമാണ്. ജീവന്‍റെയും പ്രശ്നമാണ്. ഗർ‍ഭനിരോധന ഗുളികകൾ‍ ഡോക്ടർ‍മാര്‍ നിർ‍ദ്ദേശിക്കുന്നുവെങ്കിൽ‍ പുരോഹിതർ അത് എതിർ‍ക്കുകയും ചെയ്യുന്നു.

അമേരിക്കയിലുള്ള ഫീനിക്സിലെ ബിഷപ്പ് 'ഒമ്സ്റ്റഡ്‌' (Olmsted) ഭ്രൂണഹത്യ നടത്തിയ ഡോക്ടറെയും  സഹായിച്ച ഒരു കന്യസ്ത്രിയെയും സഭയിൽനിന്നു പുറത്താക്കിയിരുന്നു. കൂടാതെ ഒരു ഇടയ ലേഖനവും ഇറക്കി. സഭയുടെ ദൌത്യങ്ങൾ പാലിക്കുവാൻ സെൻറ് ജോസഫ്സ് ഹോസ്പിറ്റൽ‍ നയങ്ങൾ പരാജയപ്പെട്ടുവെന്നു ആരോപണവും വന്നു. തന്മൂലം പ്രസ്തുത ഹോസ്പിറ്റൽ ഇനി മേൽ ഒരു കത്തോലിക്കാ സ്ഥാപനത്തിന്റെ പദവിയിൽ തുടരുന്നില്ലെന്നും ഇടയ ലേഖനത്തിലുണ്ടായിരുന്നു. മരണത്തിലേക്കു പോയിരുന്ന ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കുവാൻ ആ സ്ത്രീയുടെ ഉദരത്തിലുണ്ടായിരുന്ന പതിനോന്നാഴ്ച പ്രായമുള്ള ഭ്രൂണം നശിപ്പിച്ചതിലുള്ള പ്രതികരണമായി ഒരു ഹോസ്പിറ്റൽ തന്നെ പൂട്ടുവാൻ കാരണമായതും സഭയുടെ യാഥാസ്ഥിതിക നയമായിരുന്നു.

ഈ ഗർഭം അലസിപ്പിക്കൽ, ഡോക്ടെഴ്സും രോഗിയും കുടുംബവും ഒത്തൊരുമിച്ചുള്ള ഒരു തീരുമാനമായിരുന്നു. ഹോസ്പ്പിറ്റലിൻറെ ഭരണാധികാരി എന്ന നിലയിലാണ്, 'മാക്ബ്രൈഡു' എന്ന കന്യാസ്ത്രി സഹോദരി തന്റെ സമ്മതപത്രം നല്കിയത്. കർ‍മ്മനിരതയായി സ്വന്തം ജോലി നിർവഹിക്കുവാനായി പ്രോത്സാഹിപ്പിക്കുന്നതിനുപകരം ജനിച്ചുവീണ വിശ്വാസത്തിൽനിന്നു, കത്തോലിക്കാസഭയിൽനിന്നു നിർദ്ദയം സഭ അവരെ പുറത്താക്കുകയായിരുന്നു. മതഭ്രാന്തന്മാരായ ബിഷപ്പുമാരും പുരോഹിതരും ഭരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളിലെ ഡോക്ടർമാർക്കും ഹോസ്പിറ്റൽ പ്രവർത്തകർക്കും ജോലി നഷ്ടമാകുമെന്ന ഭയത്താൽ അനേകരുടെ ജീവനെ കുരുതി കൊടുക്കേണ്ടി വരുന്നു. കത്തോലിക്കാ ഹോസ്പിറ്റലുകളിൽ യാഥാസ്ഥിതികരായവരുടെ പരിരക്ഷയിലുള്ള ഗർഭിണികൾ ഓപ്പറെറ്റിങ്(operating) ചേമ്പറിൽ മരണമേറ്റുവാങ്ങുന്നത് നിത്യേനയുള്ള കാഴ്ചകളാണ്.

ഒബാമയുടെ ഭരണകാലത്ത് അമേരിക്കയുടെ ആരോഗ്യസുരക്ഷാപദ്ധതി പ്രകാരം സ്ത്രീകളുടെ ഗർഭധാനപ്രതിരോധനത്തിനുള്ള ചെലവുകൾ കത്തോലിക്ക മതസ്ഥാപനങ്ങൾ വഹിക്കേണ്ടതില്ലന്നുള്ള നിയമം പ്രാബല്യത്തിൽ വന്നിരുന്നു. സ്ത്രീകളുടെ അനാവശ്യഗർഭധാരണങ്ങളെ ഒഴിവാക്കുവാനുള്ള എല്ലാ ചെലവുകളും അതാതു സ്ഥാപനങ്ങളുടെ ഇൻഷുറൻസ് കമ്പനികൾ വഹിക്കണമെന്നുള്ളതായിരുന്നു നിയമം. സഭയുടെ മനസാക്ഷിക്കെതിരാണെന്നു സഭ കല്പ്പിക്കുന്ന പക്ഷം മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ ഗർഭസുരക്ഷാമാർഗങ്ങൾക്കായുള്ള ചെലവുകൾ വഹിക്കേണ്ടത്. ഭീമമായ ഇന്‍ഷുറൻസു ചെലവുകളില്‍നിന്നും സ്ഥാപനങ്ങളെ ഒഴിവാക്കിയതും കത്തോലിക്ക സഭയുടെ ഒരു നേട്ടമെന്നു പറയാം. ഇതു സ്ത്രീകളുടെ ഒരുവിജയംകൂടിയിരുന്നു.  സഭയുടെ എക്കാലത്തെയും മുന്‍ഗണന എന്നും അത്മീയതയെക്കാളുപരി പണമായിരുന്നുവല്ലോ. ഈ സുപ്രധാനതീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കലും കൂടിയായിരുന്നു. എന്നാൽ ചെലവുകൾ നികത്തുവാൻ ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വർധിപ്പിച്ചാൽ സഭാസ്ഥാപനങ്ങൾക്ക് അധിക ചെലവുകൾ വരുമെന്നും സഭയുടെ ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ടു ഒബാമയുടെ ആരോഗ്യസംരക്ഷണ ബില്ലില്‍ അമേരിക്കൻ ബിഷപ്പുമാർ തൃപ്തരല്ലായിരുന്നു.

കുടുംബാസൂത്രണ നിരോധകങ്ങള്‍ക്കു ഉപകരിക്കുംവിധം ജോലി ചെയ്യുന്നവർക്കു നിര്‍ബന്ധിതമായി സൌജന്യ ഇന്‍ഷുറന്‍സ് നല്‍കണമെന്നുണ്ട്. നിലവില്‍ കോ പെയ്മെൻറ്സഹിതം ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിൽ ‍ഈ നിയമം പ്രാബല്യത്തിലുണ്ട്. ഒബാമ നിയമമനുസരിച്ച് മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങള്‍ ഗര്‍ഭനിരോധന  മാര്‍ഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുവാന്‍ നിര്‍ബന്ധിതരല്ല. എന്നാൽ അതാതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നയാൾ ‍ആവശ്യപ്പെട്ടാല്‍, ‍ജോലി ഉടമ സൌജന്യ ഇന്‍ഷുറൻസു കൊടുക്കുവാനും ബാധ്യസ്ഥനാണ്. ആര്‍ക്കും ഈ സൌജന്യ ഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ പാടില്ലായെന്നും പുരോഹിതർ, ‍വാദിക്കുന്നു. ഗര്‍ഭം അലസിപ്പിക്കല്‍ തടയുന്നതുവഴി ഒരു സ്ത്രീയുടെ ആരോഗ്യവും സംരക്ഷിക്കുവാന്‍ സാധിക്കുമെന്നു പുരോഹിതര്‍ ചിന്തിക്കുന്നില്ല.

ഗർഭനിരോധക കാര്യങ്ങളിൽ അമേരിക്കയിലും കത്തോലിക്ക ബിഷപ്പുമാർ അങ്ങേയറ്റം യാഥാസ്ഥിതികത പുലർത്തുന്നതു കാണാം. മതാധിപത്യം അമേരിക്കയിലും ഒരു ദുഃഖസത്യം തന്നെ. ഗർഭധാരണ നിരോധനത്തിനെതിരെയുള്ള ബിഷപ്പുമാരുടെ ഈ മുറവിളികള്‍ക്കു പൊതുജനം ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. ഇവരെ ധിക്കരിച്ചു തൊണ്ണൂറ്റിയെട്ടു ശതമാനവും അമേരിക്കക്കാര്‍ ഗര്‍ഭധാരണ നിരോധന ഗുളികകളും ഉപയോഗിക്കുന്നുവെന്നാണ് സര്‍വേ പറയുന്നത്. ദാരിദ്ര്യത്തിനെതിരെ പൊരുതുവാൻ സഭയ്ക്ക് സമയമില്ല. പരിഷ്കൃതങ്ങളായ കുടുംബാസൂത്രണ പദ്ധതികളും ജനോപകാരപ്രദമായ ആരോഗ്യസുരക്ഷാപദ്ധതികളും നിയമങ്ങളായി അവതരിപ്പിക്കുന്ന വേളകളിൽ പുരോഹിത ലോകം രണ്ടും കല്പ്പിച്ച്‌ അത്തരം നിയമങ്ങളെ തകർക്കാൻ ശ്രമിക്കും. അമേരിക്ക എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം അവിടെയും ഇവിടെയും മൂലയിലും കോണിലും ചില പ്രതിഷേധങ്ങളൊഴിച്ചാൽ ഇവർക്കായി പൊരുതുവാൻ അമേരിക്കൻ ഐക്യനാടുകളിൽ വിശ്വാസികളില്ലെന്നതും പരിഹാസ ജനകമായിരുന്നു. എങ്കിലും ട്രംപ് ഭരണകൂടം ഇവർക്ക് അനുകൂലമായ നിയമങ്ങൾ പാസ്സാക്കുകയും ചെയ്തു.

ഒബാമയുടെ ഭരണകാലത്ത് നടപ്പാക്കിയിരുന്ന ഗർഭ നിരോധക നിയമങ്ങൾ ഇല്ലാതാക്കിക്കൊണ്ടു 2017 ഒക്ടോബറിൽ ട്രംപ് ഭരണകൂടം പുതിയ നിയമങ്ങൾ നടപ്പാക്കി. തൊഴിൽ നൽകുന്നവർക്ക് കൂടുതൽ അവകാശങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ളതായിരുന്നു ട്രംപിന്റെ നിയമം. മത വിശ്വാസം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് ഗർഭ നിരോധനം സംബന്ധിച്ചുള്ള പ്രീമിയം ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക്  നൽകേണ്ടതില്ല. മത വിശ്വാസത്തിനെതിരായുള്ള നിയമങ്ങൾ നടപ്പാക്കില്ലെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവിടെ പ്രസിഡന്റ് ട്രംപ് പാലിക്കുകയായിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തിലെ തൊഴിലുടമകൾക്കായുള്ള ഈ സൗജന്യം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.  ഒബാമ നിയമം അനുസരിച്ച് 55 മില്യൺ സ്ത്രീകൾക്ക് ഗർഭ നിരോധക (Contraceptives) സംരക്ഷണം ലഭിച്ചിരുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. ട്രംപിന്റെ നിയമപ്രകാരം അത്തരം ആനുകൂല്യങ്ങൾ ആയിരക്കണക്കിന് സ്ത്രീകൾക്ക് നഷ്ടപ്പെടുന്നു.

കന്യാസ്ത്രികൾക്ക് ക്യാൻസർ തടയാൻ ഗർഭ നിരോധക ഗുളികൾ നിർദ്ദേശിച്ചതിനെതിരെ 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് പൂവർ' (Little sisters of poor) എന്ന സംഘടന സുപ്രീം കോടതിയുടെ മുമ്പാകെ പ്രകടനം നടത്തിയിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം കന്യാസ്ത്രികൾക്ക് ഗർഭ നിരോധകങ്ങൾ നടപ്പാക്കുകയില്ലെന്നും അറിയിച്ചു. ഒബാമയുടെ കാലം മുതൽ തുടങ്ങിയതാണ് കന്യാസ്ത്രീകളുടെ ഈ സമരം. 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് പൂവർ' എന്ന കന്യാസ്ത്രീകളുടെ സംഘടന ട്രംപിന്റെ പുതിയ നിയമം സ്വാഗതം ചെയ്യുകയും ചെയ്തു. ഒബാമ നടപ്പാക്കിയ നിയമം കന്യാസ്ത്രീകളെ ചാവു ദോഷത്തിലേക്ക് നയിക്കുമെന്നായിരുന്നു അവരുടെ വാദം.

ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടുകളിലെ കൃഷിഭുമിയിൽ പണിയുവാൻ കൂടുതൽ മക്കളെ മാതാപിതാക്കൾ‍ക്ക് ആവശ്യമായിരുന്നു. അന്നു സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവരായി വളരെ വിരളം ജനത മാത്രമേയുണ്ടായിരുന്നുള്ളൂ. ജനം മെത്രാന്മാരുടെ രാജവിളംബരം കൈയും കെട്ടി വായും പൊത്തി ശ്രവിക്കുമായിരുന്നു. പട്ടിണിയിൽക്കൂടിയെ സഭ വളരുകയുള്ളൂവെന്ന ചിന്താഗതി സഭയെ നയിക്കുന്നുവെന്നു വേണം കരുതാൻ. ജനസംഖ്യ കൂടിയാൽ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുതൽ വൈദികരെ സൃഷ്ടിച്ച് അവരെ ഷന്ധന്മാരാക്കുകയുംചെയ്യാം. വിദേശത്തയച്ച് സാമ്പത്തിക ലാഭവുമുണ്ടാക്കാം. മെത്രാൻ വടിയും തൊപ്പിയും മോതിരവും എന്നും പൂജിതമായിരിക്കണമെന്നും സഭ കരുതുന്നു.

ലൈംഗിക സംഭോഗങ്ങളും മോഹങ്ങളും സന്താനോത്‌പാദനവുമെല്ലാം മനുഷ്യന്‍റെ മൌലിക ധർ‍മ്മങ്ങളില്‍പ്പെട്ടതാണ്. ലൈംഗികത സന്താനോത്പാദനത്തിനു മാത്രമെന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്‌. ലൈംഗികമോഹങ്ങളിൽ ‍ആനന്ദം കണ്ടെത്തുന്നവർ പാപികളാണെന്നും സഭ പഠിപ്പിക്കുന്നു. ഇതിനായി മാർ‍പാപ്പാമാർ ചാക്രിക ലേഖനങ്ങള്‍വരെ ഇറക്കിയിട്ടുണ്ട്. പ്രണയിനിയോട് കിടക്കയിൽ പങ്കിടുന്ന പ്രേമത്താലുള്ള ആനന്ദനിമിഷങ്ങൾ പോലും സഭയുടെ കാഴ്ചപ്പാടിൽ അസന്മാർ‍ഗികമാണുപോലും!

കുടുംബാസൂത്രണ പദ്ധതികളെപ്പറ്റി ഫ്രാൻസീസ് മാർപാപ്പായുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്. മാർപ്പാപ്പ പറഞ്ഞു, "ഗർഭഛിദ്രം, സ്വവർഗ വിവാഹങ്ങൾ, ഗര്‍ഭനിരോധ ഉപാധികൾ മാത്രമല്ല പ്രശ്നങ്ങളായി നാം  കണക്കാക്കേണ്ടത്. സഭയ്ക്ക് അതിലെല്ലാം വ്യക്തമായ നയങ്ങളുണ്ട്. ഞാനും സഭയുടെ എളിയ ഒരു പുത്രൻ മാത്രം. എല്ലാക്കാലത്തും ഇത്തരം പ്രശ്നങ്ങൾ ആവർത്തിച്ചു സംസാരിക്കേണ്ട ആവശ്യമില്ല."










Tuesday, April 17, 2018

ഇമലയാളിയുടെ ചോദ്യാവലികളും എന്റെ പ്രത്യുത്തരങ്ങളും


ജോസഫ് പടന്നമാക്കൽ 

1."ഇമലയാളിയുടെ അവാർഡ് ലഭിച്ച താങ്കൾക്ക് അഭിനന്ദനം. ഈ അവാർഡ് പ്രതീക്ഷിച്ചിരുന്നോ? അവാർഡ് ലഭിച്ചുവെന്നറിഞ്ഞപ്പോൾ എന്തു തോന്നി.?" 


ഒരു എഴുത്തുകാരനെന്ന നിലയിൽ എന്നെ അംഗീകരിച്ച, എനിക്ക് അവാർഡ് നൽകി ബഹുമാനിച്ച ഇമലയാളി ടീമിന് (EMalayalee Team) നന്ദിയും ആദരവും രേഖപ്പെടുത്തുന്നു. അവാർഡ് പ്രതീക്ഷിച്ചിരുന്നുവോ എന്ന ചോദ്യത്തിനുള്ള ഉത്തരം, ഞാൻ അവാർഡിനെപ്പറ്റി ഒരിക്കലും ചിന്തിക്കാറില്ലായിരുന്നുവെന്നാണ്. അവാർഡ് ലഭിച്ചപ്പോൾ എന്നിലെ ഒരു എഴുത്തുകാരനെ  അഭിമാനപൂർവം ഞാൻ വിലമതിച്ചുവെന്നു കൂടി പറയട്ടെ.  


അഭിനന്ദനങ്ങളറിയിച്ചുകൊണ്ടുള്ള ഇമലയാളി എഡിറ്ററിന്റെ ഇമെയിൽ വന്നപ്പോഴാണ് ഞാനും അമേരിക്കയിലെ പ്രസിദ്ധ എഴുത്തുകാരോടൊപ്പം അവാർഡ് ജേതാവായി തെരഞ്ഞെടുത്തുവെന്ന് അറിയുന്നത്. എന്റെ എല്ലാ ലേഖനങ്ങളും അർഹമായ രീതികളിൽ പരിഗണനകൾ നൽകി പ്രസിദ്ധീകരിച്ച ഇമലയാളി പത്രത്തെയും അതുവഴി എന്നെ അംഗീകരിച്ച സ്നേഹം നിറഞ്ഞ വായനക്കാരെയുമാണ് അവാർഡിൽക്കൂടി ഞാൻ കണ്ടത്. 


2016-ൽ ജനപ്രിയ എഴുത്തുകാരനുള്ള അവാർഡ് ലഭിച്ചതും എനിക്കായിരുന്നു. ഞാനുൾപ്പെടെയുള്ള വിജയികളായ എഴുത്തുകാരുടെ ഫോട്ടോകൾ സഹിതമുള്ള വാർത്തകൾ കേരളത്തിലെ മിക്ക ദേശീയ പത്രങ്ങളിലും വന്നപ്പോഴാണ് ഇമലയാളിയുടെ പുരസ്‌കാരത്തിന്റെ മഹനീയത മനസിലാക്കുന്നത്.


സത്യം പറയട്ടെ, അവാർഡ് നൽകുന്ന പാനലിൽ ഞാൻ ഒരു ജൂറിയായിരുന്നെങ്കിൽ, എന്നെ അവാർഡിനായി തെരഞ്ഞെടുക്കാൻ സമ്മതിക്കില്ലായിരുന്നു. പ്രഗത്ഭരായ എഴുത്തുകാരുടെ രചനകൾ ദിനംപ്രതി ഇമലയാളിയിൽ വരുന്നത് വായിക്കാറുണ്ട്. അവരുടെ ഭാഷാശൈലിയും ഭാവനകൾ നിറഞ്ഞ ലേഖനങ്ങളും കവിതകളും പലതും ഹൃദ്യങ്ങളും മനോഹരവുമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ എനിക്ക് ലഭിച്ച അവാർഡ് സ്വീകരിക്കാൻ ഞാൻ അർഹനോയെന്നും സംശയം ബാക്കി നിൽക്കുന്നു.


അവാർഡ് വേണമെന്നുള്ള ചിന്തകൾ വെച്ച് ഞാൻ ലേഖനം എഴുതാറില്ല. എന്നെത്തന്നെ പൊക്കി ഒരു ലേഖനമെഴുതി സ്വാർത്ഥനാകാനും ഇഷ്ടപ്പെടുന്നില്ല. കിട്ടാവുന്നടത്തോളം അറിവുകൾ ശേഖരിച്ച് യുവ തലമുറകളിൽ പകർത്താനാണ് ആഗ്രഹിക്കുന്നത്. ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സന്തോഷം തന്റെ എഴുത്തുകൾ വായനക്കാരനിൽ എത്തിക്കുകയും അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴുമാണ്. ഇമലയാളിയുടെ അവാർഡ് തീർച്ചയായും കൂടുതൽ അറിവുകൾ തേടി അലയാനും അത് മറ്റുള്ളവരിൽ പകർത്താനും എന്നെ പ്രേരിപ്പിക്കുന്നു.


2.  "എഴുത്തുകാരെ അവാർഡുകൾ നൽകി അംഗീകരിക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?" 


*പ്രതിഫലമില്ലാതെ നിസ്വാർത്ഥമായി സമൂഹത്തിന്റെ നന്മക്കായി തൂലികകൾ ചലിപ്പിക്കുന്ന എഴുത്തുകാരെ തീർച്ചയായും അഭിനന്ദിക്കണം. സമൂഹം അവരെ അറിഞ്ഞെങ്കിൽ മാത്രമേ ഒരു നല്ല സാമൂഹിക കാഴ്ചപ്പാടിന്റെ വിലയും മനസിലാവുള്ളൂ. ഒരു തൂലികയ്ക്ക് മനുഷ്യനെ നന്മയുള്ളവനും തിന്മയുള്ളവനും വിപ്ലവകാരിയും തീവ്രവാദിയുമാക്കാൻ സാധിക്കും. നല്ല എഴുത്തുകാരെ സമൂഹത്തിൽ വിലയിരുത്തുന്ന ദൗത്യവും അവാർഡുകളിൽ പ്രതിഫലിക്കുന്നുണ്ട്. 


3. "ഈ മലയാളിയുടെ ഉള്ളടക്കത്തിൽ എന്ത് മാറ്റങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. നിങ്ങൾ ഏറ്റവുമധികം വായിക്കുന്ന കോളം ഏതാണ്. ഇംഗ്ളീഷ് വിഭാഗം പതിവായി വായിക്കാറുണ്ടോ?" 


*വായനക്കാരുടെ താത്പര്യമനുസരിച്ച് ഇമലയാളി ഉള്ളടക്കത്തെ തരം തിരിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഏറ്റവും കൂടുതൽ ഞാൻ വായിക്കുന്നത് അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയ വാർത്തകൾ തന്നെ.


മലയാളത്തിലെ വാരഫലം നോക്കുന്നത് ചിലരുടെ ഹോബിയാണ്. കായിക വാർത്തകൾ വായിക്കാൻ പലർക്കും ഹരമുള്ള കാര്യമാണ്. സ്ത്രീ വിഷയങ്ങളായ അടുക്കള, പാചകം മുതലായവ സ്ത്രീകൾക്ക് പ്രയോജനപ്പെടും. കഥകളി, ഭാരത നാട്യം മുതലായ കേരള കലകളിലുള്ള കുട്ടികളുടെ കഴിവുകളും  പ്രോത്സാഹിപ്പിക്കാം. അമേരിക്കയിലെ സെൻസേഷണൽ വാർത്തകൾ വലിയ ഹിറ്റുകൾ നേടും. 


മലയാളത്തിൽ വായിക്കാൻ താല്പര്യപ്പെടുന്നതുകൊണ്ട് ഇംഗ്ലീഷ് വിഭാഗം ഞാൻ കാര്യമായി  വായിക്കാറില്ല. എങ്കിലും മലയാളം വായിക്കാൻ ബുദ്ധിമുട്ടുള്ള പ്രവാസി മലയാളികളുടെ മക്കൾക്ക് ഇംഗ്ലീഷ് വിഭാഗം തീർച്ചയായും പ്രയോജനപ്പെടും.


4. "അമേരിക്കൻ മലയാള സാഹിത്യത്തിനെ എങ്ങനെ വിലയിരുത്തുന്നു. അതിന്റെ വളർച്ചക്കായി ഇമലയാളീ ചെയ്യുന്ന സേവനത്തെപ്പറ്റി നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു.?"


*ഞാൻ സ്നേഹിക്കുന്നത് അമേരിക്കൻ മലയാള സാഹിത്യത്തെ മാത്രമേയുള്ളൂ. നാട്ടിലെ സാഹിത്യകാരന്മാർ പൊതുവെ അമേരിക്കൻ എഴുത്തുകാരെ പരിഹസിക്കാൻ താല്പര്യപ്പെടുന്നു. അവരുടെ അജ്ഞതയും വിവരക്കേടുമാണ് കാരണം. കേരളത്തിലെ എഴുത്തുകാരിൽ കൂടുതലും ഇടുങ്ങിയ മത ചിന്താഗതിക്കാരും പലരും മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും എഴുതുന്നവരുമാണ്. ഏതെങ്കിലും രാഷ്ട്രീയക്കാരുടെ പിൻബലത്തിലുമായിരിക്കും സാഹിത്യത്തെ വളർത്തുന്നത്. പണത്തിനുവേണ്ടി സാഹിത്യത്തെ വ്യപിചരിക്കുന്ന എഴുത്തുകാരും ധാരാളം.


അമേരിക്കൻ മലയാളി എഴുത്തുകാർക്ക് വളരാൻ വളരെയധികം സാധ്യതയുണ്ട്. അമേരിക്കൻ എഴുത്തുകാർ ലോകം കണ്ടവരാണ്. കൂടുതൽ പ്രായോഗിക ജ്ഞാനമുള്ളവരും നിരവധി മേഖലകളിൽ പ്രവർത്തിച്ചവരുമാണ്. അവരുടെ അനുഭവ ജ്ഞാനം അമേരിക്കൻ മലയാളി സാഹിത്യത്തെ കൂടുതൽ സമ്പന്നവും സൗന്ദര്യമുള്ളതാക്കുന്നു. 


ഇമലയാളിപോലെ അമേരിക്കയിൽ സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന മറ്റൊരു ഓൺലൈൻ മലയാളപത്രമില്ല. സാഹിത്യം, കവിതകൾ, ലേഖനങ്ങൾ, കഥകൾ, എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചാണ് പത്രത്തെ വിഭജിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തുന്ന അവാർഡ് നൈറ്റുകൾ തന്നെ സാഹിത്യത്തെ പരിപോഷിപ്പിക്കലാണ്.   


മലയാളം പത്രങ്ങൾ കൂടുതലും ഏതെങ്കിലും മതമോ രാഷ്ട്രീയ ചായ്‌വോ നിറഞ്ഞ വാർത്തകൾക്കായിരിക്കും പ്രാധാന്യം കൊടുക്കുക. എന്നാൽ തികച്ചും വ്യത്യസ്തമായിക്കൊണ്ട് ഇമലയാളിയെ ഒരു സാഹിത്യ ജേർണലായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. ഭാവനാ സമ്പന്നരായ കവികളും സാഹിത്യകാരന്മാരും ഈ പത്രത്തിന്റെ ഒരു മുതൽക്കൂട്ടാണ്. സാഹിത്യം എന്നത് ഒരുവന്റെ ഹൃദയത്തിലെ കണ്ണാടിയാണ്. ജനിച്ച നാടുവിട്ടു അമേരിക്ക എന്ന സ്വപ്നഭൂമിയിൽ വസിക്കുന്ന നാം കൂടുതലും സ്‌നേഹിക്കേണ്ടതു ഈ മണ്ണിലെ തന്നെ വികാരങ്ങളുൾക്കൊള്ളുന്ന സാഹിത്യ കൃതികളെയാണ്. സാംസ്ക്കാരികം, സാമൂഹികം, സാമുദായികമായ എല്ലാ വാർത്തകൾക്കും ഇമലയാളീ  പ്രാധാന്യം കൊടുക്കുന്നുമുണ്ട്. 

5. "നിങ്ങൾക്ക് എപ്പോഴെങ്കിലും വ്യാജപ്പേരിൽ ഒരു രചന പ്രസിദ്ധീകരിക്കാൻ പ്രേരണ തോന്നിയിട്ടുണ്ടോ?" 

*വ്യാജപ്പേരിൽ ഇമലയാളിയിൽ എന്റെ ലേഖനം പ്രസിദ്ധീകരിക്കാൻ ഒരിക്കൽ തോന്നിയിട്ടുണ്ട്. സാധാരണ പുരോഹിതരെയും മെത്രാന്മാരെയും സഭയെയും എന്റെ ലേഖനങ്ങളിൽക്കൂടി ഞാൻ വിമർശിക്കാറുണ്ട്. എന്നാൽ വ്യക്തിപരമായി ഒരാളിനെ അധിക്ഷേപിച്ചുകൊണ്ട് ലേഖനങ്ങൾ എഴുതാറില്ല. ഫാദർ റോബിൻ വടക്കുംചേരി പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ച്, ഗർഭം കുട്ടിയുടെ പിതാവിന്റെ തലയിൽ കെട്ടി വെച്ചെന്നുള്ള വാർത്ത വായിച്ചപ്പോൾ എന്നിലെ ധാർമ്മിക രോക്ഷം ഉണർന്നിരുന്നു. ആ വാർത്തയെ അടിസ്ഥാനമാക്കിയുള്ള എന്റെ ഒരു ലേഖനം ഇമലയാളീ പ്രസിദ്ധീകരിക്കുകയും ചെയ്തു. കുറ്റവാളിയെന്ന് തീർച്ചയില്ലാത്തതുകൊണ്ടും ലേഖനം ഒരു വ്യക്തിക്കെതിരെയായിരുന്നതുകൊണ്ടും പേര് വെക്കാതെ ലേഖനം പ്രസിദ്ധികരിക്കണമെന്ന് പത്രാധിപരോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഈമലയാളി ലേഖനത്തിനുള്ളിലെ വൈകാരികതകൾ നീക്കം ചെയ്‌ത്‌ എഡിറ്റു ചെയ്യുകയും ലേഖനം പേരു വെച്ചുതന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.


6. “നിങ്ങൾ മറ്റു എഴുത്തുകാരുമായി (ഇവിടെയും നാട്ടിലും) ബന്ധം പുലർത്താറുണ്ടോ? നിങ്ങളുടെ രചനകൾ അവരുമായി ചർച്ച ചെയ്യാറുണ്ടോ? അത്തരം ചർച്ചകൾ നിങ്ങൾക്ക് ഉപകാരപ്രദമായി അനുഭവപ്പെട്ടിട്ടുണ്ടോ?” 


ഇമലയാളിയിലെ നാടുമായി ബന്ധപ്പെട്ട എഴുത്തുകാരുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. അമേരിക്കൻ എഴുത്തുകാരായ ശ്രീ ആൻഡ്രുസ്, ചാക്കോ കളരിക്കൽ, സുധീർ പണിക്കവീട്ടിൽ, തോമസ് കൂവള്ളൂർ, ജെയിംസ് കോട്ടൂർ, എന്നിവരുമായി സൗഹാർദ ബന്ധമുണ്ട്. അതുപോലെ പ്രസിദ്ധ ജേർണലിസ്റ്റും ഇമലയാളി എഴുത്തുകാരനുമായ ശ്രീ മൊയ്‌തീൻ പുത്തൻചിറ എന്റെ പഴയ കുടുംബസുഹൃത്തുകൂടിയാണ്. എഴുത്തുകാരനും പ്രസിദ്ധ പത്രപ്രവർത്തകനുമായ  ജോയിച്ചൻ പുതുക്കളവുമായും ടെലഫോണിൽ ക്കൂടി ചർച്ചകൾ ചെയ്യാറുണ്ട്. 


ഒരു നല്ല എഴുത്തുകാരൻ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായി ചിന്തിക്കണമെന്നു ഞാൻ വിശ്വസിക്കുന്നു. എങ്കിൽ മാത്രമേ വ്യത്യസ്തമായ ആശയങ്ങൾ നമുക്കും ഉൾക്കൊള്ളുവാൻ സാധിക്കുള്ളൂ.


ശ്രീ ചാക്കോ കളരിക്കലിന്റെ നേതൃത്വത്തിലുള്ള കെ.സി.ആർ. എം ടെലി കോണ്ഫറന്സിലും സംബന്ധിക്കാറുണ്ട്. അവിടെ പ്രമുഖരായ എഴുത്തുകാർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ ചെയ്യാറുമുണ്ട്. ഇമലയാളിയിലെ പ്രസിദ്ധ എഴുത്തുകാരനായ ശ്രീ എ.സി. ജോർജ്, കോൺഫെറൻസ് മോഡറേറ്റ് ചെയ്യുന്നു. അദ്ദേഹവും എന്റെ ദീർഘകാല അമേരിക്കൻ ജീവിതത്തിലെ ഒരു സുഹൃത്തുകൂടിയാണ്. എഴുതാനുള്ള പല കാര്യങ്ങളും കോൺഫ്രൻസിൽ സമ്മേളിക്കുന്ന എഴുത്തുകാരിൽക്കൂടി ഗ്രഹിക്കാനും സാധിക്കുന്നു.


ബന്ധങ്ങൾ പുലർത്തുന്നില്ലെങ്കിലും പ്രതികരണ കോളത്തിൽ എഴുതുന്ന വിദ്യാധരൻ, വി.ജോർജ്, അന്തപ്പൻ എന്നിവരുടെ എഴുത്തുകൾ ഞാൻ ഇഷ്ടപ്പെടുന്നു. യുക്തിസഹജമായ അവരുടെ പ്രതികരണ കോളങ്ങളിലെ വിമർശനങ്ങൾ അറിവും പകരുന്നു. ഇമലയാളിയിലെ എഴുത്തുകാരായ ശ്രീ ആൻഡ്രുസ്, കളരിക്കൽ ചാക്കോ, ശ്രീ ജോർജ് നെടുവേലി എന്നിവരുടെ പുസ്തകങ്ങൾക്ക് ഞാൻ നിരൂപണ ലേഖനങ്ങൾ എഴുതിയത് ഈമലയാളി പ്രസിദ്ധീകരിച്ചിരുന്നു. ശ്രീ പണിക്കവീട്ടിലിന്റെ കവിതകൾ ഹൃദ്യവും മനോഹരവുമാണ്. പ്രകൃതിയുമായി സല്ലപിക്കാനും മനസിന് ഒരു ഉൾക്കാഴ്ച നൽകാനും അദ്ദേഹത്തിൻറെ കവിതകൾ പ്രേരിപ്പിക്കുന്നു. സർവോപരി എന്നെ എഴുത്തിന്റെ ലോകത്തിൽ വിഖ്യാതനാക്കിയ ഇമലയാളി എഡിറ്റർ ശ്രീ ജോർജ് ജോസഫിനോട് പ്രത്യേക കടപ്പാടുമുണ്ട്. 


7. “കാല്പനികതയും ആധുനികതയും ഇക്കാലത്ത് വളരെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. നിങ്ങൾ എന്തിനോട് ചായ്‌വ് പുലർത്തുന്നു. എന്തുകൊണ്ട്?”


*ഇത് കവികളും സാഹിത്യകാരന്മാരും ചർച്ച ചെയ്യുന്ന വിഷയമാണ്. ലേഖനങ്ങളെഴുതുന്ന  എഴുത്തുകാരനെ സംബന്ധിച്ച് കാല്പനികതയും ആധുനികതയും തുല്യപ്രാധാന്യത്തോടെ കാണണം. കാല്പനികതയിൽ ഭാവനയുണ്ട്. കവി അല്ലെങ്കിൽ സാഹിത്യകാരൻ അവിടെ ഒരു സ്വപ്നജീവിയാണ്. കവി അയാളുടെ ഭാവനാ ലോകം സൃഷ്ടിക്കുന്നു. പ്രകൃതി, തത്ത്വചിന്ത, വൈകാരിത എല്ലാം കാല്പനികതയിൽ കലർന്നിട്ടുണ്ട്. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും കവിതകൾ പ്രണയത്തിൽനിന്നും രൂപം കൊണ്ടതായിരുന്നു. വിഷാദങ്ങളും ദുഖങ്ങളും കാൽപ്പനിക കവിതകളിൽ കാണാം. കവി ഏകനായ ചിന്തകനായിരിക്കും. സ്നേഹിച്ച പെണ്ണിനെ ലഭിക്കാത്തതുകൊണ്ടു ആത്മഹത്യ ചെയ്തവനായിരുന്നു ഇടപ്പള്ളി. അയാൾ ജീവിതത്തെ ഭയപ്പെട്ടിരുന്നു. ഭീരുവായിരുന്നു. കാൽപ്പനിക കവികളിൽ പലരും വിഷാദ രോഗത്തിലും ക്ഷയ രോഗം വന്നുമാണ് മരിച്ചത്. യുക്തിയെ മാനിക്കാത്തവരായിരുന്നു കാൽപ്പനിക കവികൾ. സമചിത്തത കാല്പനികതയ്ക്ക് നഷ്ടപ്പെട്ടതുകൊണ്ടാണ് യുക്തി ചിന്തകൾക്ക് അധിഷ്ഠിതമായ ആധുനികത രൂപം പ്രാപിച്ചത്. കാൽപ്പനികതയുടെ വിപരീത ഭാവങ്ങളാണ് ആധുനികതയ്ക്കുള്ളത്. എം.സി.ജോസഫ്, സഹോദരൻ അയ്യപ്പൻ, കുറ്റിപ്പുഴ എന്നിവർ ആധുനികതയിൽ വിശ്വസിച്ച് യുക്തി വാദ ചിന്തകൾ രൂപപ്പെടുത്തി. ബാലചന്ദ്രൻ ചുള്ളിക്കാട് ആധുനികതയുടെ വക്താവെന്നു പറയാം.  


8. "വ്യക്തിവൈരാഗ്യത്തോടെ ഒരാളുടെ രചനകളെ വിമർശിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നുവോ? അങ്ങനെ കാണുമ്പോൾ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?" 


*ശുദ്ധമായ മനസുള്ളവരിലെ ഒരു കലാ ഹൃദയം അല്ലെങ്കിൽ സാഹിത്യ രചനയ്ക്കുള്ള വൈഭവം ഉള്ളൂവെന്ന് വിശ്വസിക്കുന്നു. നല്ല നല്ല ഭാവനകൾ മനസ്സിൽ ഉദിക്കുന്നതും നന്മയുള്ള മനസിന്റെ പ്രതിഫലനം മൂലമാണ്. ഒരു രചനയ്ക്ക് വിമർശനം നല്ലതും ആവശ്യമെന്നും വിശ്വസിക്കുന്നു. രചനയ്‌ക്കൊപ്പം എഴുതിയ വ്യക്തിയോട് വൈരാഗ്യ മനസോടെയാണ് വിമർശിക്കുന്നെങ്കിൽ അയാൾ എഴുത്തുകാരനല്ല. മനസ് നിറയെ തിന്മ നിറഞ്ഞ എഴുത്തുകാരന് സമൂഹത്തിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. അതിനെതിരെ ഞാൻ പ്രതികരിക്കാറുണ്ട്. എങ്കിലും ചിലരുടെ രാഷ്ട്രീയ ചിന്താഗതികൾക്കെതിരെ വ്യക്തി വൈരാഗ്യത്തോടെ വിമർശനങ്ങൾ വായിക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ വ്യക്തി വൈരാഗ്യം വെച്ച് പുലർത്തുന്നവരോട് ഞാൻ നിശബ്ദനായിരിക്കാനാണ്  താൽപര്യപ്പെടുന്നത്. പാകത വരാത്തവരോട് പ്രതികരിച്ചിട്ടും കാര്യമില്ല. 


9. “ഏറ്റവും കൂടുതൽ വായനക്കാരൻ ഉണ്ടാവാൻ ഒരു എഴുത്തുകാരൻ എന്ത് ചെയ്യണം? “


*അറിവുള്ള, പാകത നിറഞ്ഞ ഒരു സമൂഹത്തിൽ മാത്രമേ ഒരു എഴുത്തുകാരൻ വിജയിക്കുകയുള്ളൂ. അമേരിക്കൻ മലയാളീ സമൂഹത്തിൽ അത്തരം ചിന്തകൾ പ്രാവർത്തികമല്ല. ജോലി ചെയ്യുന്ന കാലഘട്ടത്തിൽ കുടുംബം നോക്കാനുള്ള നെട്ടോട്ടത്തിൽ സർവരും നിലനിൽപ്പിനായി കഠിനാധ്വാനം ചെയ്യുന്നു. ചരിത്രവും സാഹിത്യവും കവിതകളും വായിക്കാൻ അവർ സമയം കണ്ടെത്താറില്ല. കിട്ടുന്ന സമയം പലരും മലയാളം സീരിയലുകളിൽ വ്യാപൃതരായിരിക്കും. പിന്നെ പള്ളി, പട്ടക്കാരൻ, ഡെമോക്രറ്റു, റിപ്പബ്ലിക്കൻ, ഇന്ത്യൻ രാഷ്ട്രീയം എന്നിങ്ങനെ വായനക്കാരുടെ താൽപ്പര്യം ചുരുങ്ങിയിരിക്കുന്നു. ഫാദർ റോബിന്റെ കഥകളും കാശ്മീരിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നതും ജിഷയുടെ ക്രൂര മരണവും പോലുള്ള പൊലിപ്പും പൊങ്ങലും വാർത്തകൾ വായിക്കാൻ വായനക്കാർക്ക് താല്പര്യമായിരുന്നു. ബിഷപ്പും തിരുമേനിയും പള്ളിയും മാത്രം ചിലർക്ക് താല്പര്യം. വായനക്കാരുടെ ചിന്താഗതികൾ മാറാതെ, സാഹിത്യത്തെയും ദാർശനിക ചിന്തകളെയും സ്നേഹിക്കുന്ന ഒരു സമൂഹമുണ്ടാകാതെ അമേരിക്കയിൽ ഒരു എഴുത്തുകാരന് വളരാൻ പ്രയാസമാണ്. മഞ്ഞപത്രങ്ങൾക്ക് വലിയ ഹിറ്റുകൾ കിട്ടുന്നത് മൂന്നാം തരം വാർത്തകൾക്ക് പ്രാധാന്യം നല്കുന്നതുകൊണ്ടാണ്. ഒരു എഴുത്തുകാരനെന്ന നിലയിൽ അത്തരം ലേഖനങ്ങളെഴുതി കൂടുതൽ വായനക്കാരുടെ ശ്രദ്ധ പറ്റാൻ എന്റെ ആത്മാഭിമാനം സമ്മതിക്കുന്നില്ല. 


10. “അറിയപ്പെടുന്ന ഒരു എഴുത്തുകാരനെന്നാണോ നിങ്ങളുടെ സ്വപ്നം. എന്തുകൊണ്ട് നിങ്ങൾ എഴുതുന്നു.? “



*ഒരു എഴുത്തുകാരനെ സംബന്ധിച്ചടത്തോളം അയാളുടെ രചനകൾ കൂടുതൽ വായനക്കാർ വായിക്കാൻ താല്പര്യപ്പെടും. വായനക്കാരിൽനിന്നു അഭിനന്ദനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നതും  സ്വാഭാവികമാണ്. ഞാനും അങ്ങനെ ആഗ്രഹിക്കാറുണ്ട്. അത് സ്വപ്നമാണോയെന്ന് എനിക്കറിഞ്ഞുകൂടാ! എന്തുകൊണ്ട് ഞാൻ എഴുതുന്നു? നമുക്ക് ലഭിച്ചിരിക്കുന്ന ജ്ഞാനം മറ്റുള്ളവരിലേക്ക് പകരുമ്പോൾ ആത്മസംതൃപ്തി ലഭിക്കുന്നു.  കൂടുതൽ അറിവുകൾ തേടി എഴുത്തിൽക്കൂടി വായനക്കാരിൽ എത്തിക്കുന്ന സമയങ്ങളിൽ ബൗദ്ധിക നിലവാരമുള്ള  ഒരു സുഹൃത് വലയത്തെയും എനിക്ക് ലഭിക്കാറുണ്ട്. അവിടെ ഞാൻ ആനന്ദവും കണ്ടെത്തുന്നു. മനസ്സ് ഉന്മേഷവാനുമാകുന്നു. ഗുരുകുലത്തിലെ ദ്രോണാചാര്യരുടെ ധർമ്മമാണ് ഒരു എഴുത്തുകാരനും നിർവഹിക്കുന്നത്. വായനക്കാരിൽ കൗരവ പാണ്ഡവന്മാരെപ്പോലെ വ്യത്യസ്ത ചിന്താഗതിക്കാരും കാണാം. അവിടെ നന്മയുടെ ജ്ഞാനം പകർന്നു കൊടുക്കുകയെന്നതും ഒരു എഴുത്തുകാരന്റെ കടമയാണ്.

11. "നിങ്ങൾ ഒരു മുഴുവൻ സമയം എഴുത്തുകാരനാണോ? അല്ലെങ്കിൽ കിട്ടുന്ന സമയം മാത്രം എഴുത്തിനുപയോഗിക്കുമ്പോൾ സൃഷ്ടിയുടെ ആനന്ദം അനുഭവിക്കുന്നുണ്ടോ?" 

*ഞാൻ ഒരു മുഴുവൻ സമയം എഴുത്തുകാരനോ, പ്രൊഫഷണൽ എഴുത്തുകാരനോ, പണത്തിനു വേണ്ടി എഴുതുന്ന എഴുത്തുകാരനോ അല്ല. അക്ഷരങ്ങളുടെ ലോകം എന്റെ ഹോബിയാണ്. അക്ഷരങ്ങൾ പെറുക്കുമ്പോൾ എന്റെ പഴങ്കാലത്തിലെ ഗുരുക്കന്മാരെയും ഓർമ്മിക്കാറുണ്ട്. 'അ' എന്ന അക്ഷരം പരസഹായം കൂടാതെ എഴുതി പഠിക്കാൻ മാസങ്ങൾ എടുത്തതും ഓർമ്മിക്കുന്നു. അലങ്കാരങ്ങളും ഉപമകളും വ്യാകരണവും പഠിക്കാൻ മണ്ടനായിരുന്ന എന്റെ കൈവെള്ളയിൽ കവിയൂർ സാറിന്റെ  അടികളും ഓർമ്മിക്കാറുണ്ട്. പകൽ സമയങ്ങളിൽ വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കാനും പുല്ലുവെട്ടൽ, കൃഷി, പൂന്തോട്ടം പണികൾ ചെയ്യാനുമാണ് ഇഷ്ടം. രാത്രികാലങ്ങളിൽ എഴുത്തുകൾ ആരംഭിക്കും. എന്റെ ഏകാന്തതയും മാറി കിട്ടുന്നു. മനസ്സിനുള്ളിലെ ദുഖങ്ങളും മറക്കുന്നു. ഞാനും കമ്പ്യൂട്ടറും പേനയും കീ ബോർഡുമായുള്ള ലോകം. അവിടെ എനിക്ക് ആനന്ദവും ലഭിക്കാറുണ്ട്. 


12. "നിരൂപണങ്ങൾ നിങ്ങളുടെ രചനകളെ സഹായിക്കുന്നുണ്ടോ? ഒരു നിരൂപകനില്നിന്നും നിങ്ങൾ എന്ത് പ്രതീക്ഷിക്കുന്നു." 

*എന്റെ രചനകളിൽ ഞാൻ ആദ്യം നോക്കുന്നത് വിമർശനങ്ങളാണ്. നല്ല വിമർശനങ്ങൾ ഒരു എഴുത്തുകാരന്റെ വളർച്ചക്ക് അത്യാവശ്യമാണ്. വിമർശനം തന്നെ സാഹിത്യത്തിന്റെ ഒരു വിഭാഗമാണ്. സുകുമാർ അഴിക്കോടും മുണ്ടശേരിയും പ്രസിദ്ധ വിമർശക സാഹിത്യകാരന്മാരായിരുന്നു. 'ജി. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു'വെന്ന സുകുമാർ അഴിക്കോടിന്റെ ക്ലാസിക്കൽ കൃതി മലയാള ഭാഷയുടെ ഒരു മുതൽക്കൂട്ടാണ്. ഒരു നിരൂപകനിൽ നിന്നും വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള അധിക്ഷേപങ്ങൾ ഇഷ്ടപ്പെടുന്നില്ല. ലേഖനത്തിലെ തെറ്റായ വിവരങ്ങൾ ചൂണ്ടി കാണിക്കുന്നതും എഴുത്തുകളിൽ വിവാദപരമായ അഭിപ്രായങ്ങൾ ഖണ്ഡിക്കുന്നതും വൈരുദ്ധ്യങ്ങൾ ചൂണ്ടികാണിക്കുന്നതും ഇഷ്ടപ്പെടുന്നു. ഒപ്പം തെറ്റുകൾ ബോധ്യപ്പെട്ടാൽ വായനക്കാരോട് ക്ഷമാപണം നടത്താനും ആഗ്രഹിക്കുന്നു.   

13. "എന്തുകൊണ്ട് നിങ്ങൾ ഒരു കവിയോ, കഥാകൃത്തോ, നോവലിസ്റ്റോ, ലേഖകനോ ആയി. നിങ്ങളിലെ എഴുത്തുകാരനെ നിങ്ങൾ എങ്ങനെ തിരിച്ചറിഞ്ഞു.? എപ്പോൾ?" 

*ഒരു എഴുത്തുകാരനെന്ന നിലയിൽ എനിക്ക് അംഗീകാരം കിട്ടിയത് 2006-ൽ എന്റെ കുടുംബ ചരിത്രം  എഴുതി പ്രസിദ്ധീകരിച്ച നാളുകൾ മുതലാണ്. ആ പുസ്തകത്തിൽ കാഞ്ഞിരപ്പള്ളി ദേശചരിത്രമുൾപ്പടെ പതിനഞ്ചോളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കുടുംബ ചരിത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്കുള്ള അഭിനന്ദനങ്ങൾ അനേകം വായനക്കാരിൽ നിന്നും ലഭിച്ചപ്പോൾ മുതൽ എന്നിലെ എഴുത്തുകാരനെ ഞാൻ തിരിച്ചറിഞ്ഞു. അല്മായ ശബ്ദമെന്ന ബ്ലോഗിൽ എഴുതാൻ തുടങ്ങിയപ്പോൾ മുതലാണ് ഞാൻ ഒരു അമേരിക്കൻ എഴുത്തുകാരനായത്. ആദ്യമൊക്കെ സഭാ വിമർശനങ്ങളിലായിരുന്നു താൽപ്പര്യം. പിന്നീട് 'സത്യജ്വാല' എന്ന പാലായിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രം എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. പുലിക്കുന്നേലിന്റെ ഓശാനയിലും അമേരിക്കയിലെ ചില സുവനീയറുകളിലും ലേഖങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അല്മായ ശബ്ദത്തിലുള്ള പ്രഗത്ഭരായ എഴുത്തുകാരുടെ നിത്യമുള്ള അനുമോദനങ്ങൾ എന്നിലെ എഴുത്തുകാരനെ വളർത്തിക്കൊണ്ടിരുന്നു. അമേരിക്കയിൽ എഴുത്തുകാരനെന്ന നിലയിൽ എനിക്ക് പ്രസിദ്ധീ നേടി തന്നത് ഈമലയാളിയാണ്. കഴിഞ്ഞ അഞ്ചുവർഷങ്ങളായി സ്ഥിരമായി ഇമലയാളിയും മറ്റു സൈബർ പത്രങ്ങളും എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.  


14. "അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകളിൽ (എഴുത്തുകാരന്റെ / കാരിയുടെ പേരല്ല. രചനയുടെ വിവരങ്ങൾ) നിങ്ങൾക്ക് ഇഷ്ടമായത്.?"  

*സഭാ സംബന്ധമായ വിഷയങ്ങളിലാണ് ഞാൻ എഴുതുവാൻ ആരംഭിച്ചത്. അതിൽ എനിക്ക് പ്രചോദനം ലഭിച്ചത് ശ്രീ ചാക്കോ കളരിക്കലിന്റെ പുസ്തകങ്ങളാണ്. അദ്ദേഹത്തിൻറെ രചനകളിൽ ഏറ്റവും എന്നെ ആകർഷിച്ചത് 'ഇടയൻ' എന്ന പുസ്തകമാണ്. സഭാ ചരിത്രവും ദുഷിച്ച പൗരാഹിത്യവും വത്തിക്കാനിലെ സാമ്പത്തിക തട്ടിപ്പുകളും വത്തിക്കാൻ ബാങ്കിലെ അഴിമതികളും വിശദമായി അദ്ദേഹത്തിൻറെ പുസ്തകങ്ങളിൽ വിവരിച്ചിട്ടുണ്ട്. ശ്രീ ചാക്കോ കളരിക്കലിന്റെ പുസ്തകങ്ങൾക്ക്  ഞാൻ നിരൂപണങ്ങളും എഴുതിയിട്ടുണ്ട്.

ശ്രീ സുധീർ പണിക്കവീട്ടിലിന്റെ ലേഖനങ്ങളും കവിതകളും സൗന്ദര്യം നിറഞ്ഞതാണ്. അദ്ദേഹം ജനിച്ചത് ഒരു കവി ഹൃദയത്തോടെയെന്നും തോന്നിയിട്ടുണ്ട്. കാൽപ്പനിക കവിതകളുടെ അനുഭൂതികളുമുണ്ടാകും. കവിതകളുടെയും ഹൃദ്യമായ ലേഖനങ്ങളുടെയും ചക്രവർത്തിയായ അദ്ദേഹം വായനക്കാരുടെ അഭിമാനമാണെന്നതിലും സംശയമില്ല. അനുഭൂതി, വളപ്പൊട്ടുകളും മയിൽപ്പീലിയും, എണ്ണമറ്റ പ്രണയാക്ഷരങ്ങൾ എന്നിങ്ങനെ പോവുന്നു അദ്ദേഹത്തിൻറെ വിശിഷ്ടങ്ങളായ കൃതികൾ. ഓരോ രചനയിലും പ്രേമമുണ്ട്, മഞ്ഞുണ്ട്, കാറ്റും കൊടുങ്കാറ്റും, മലകളും പ്രകൃതിയും ചന്ദ്രനും നിലാവും കൃഷ്‌ണനും ക്രിസ്തുവും മരങ്ങളും പ്രകൃതിയുമെല്ലാം അദ്ദേഹത്തിൻറെ വിഷയങ്ങളാണ്.

ശ്രീ ആൻഡ്രൂസ്സിന്റെ 'സത്യ വേദ പുസ്തകം സത്യവും മിഥ്യയും' എന്നിലെ യുക്തി ചിന്തകളെ വളർത്തിയെന്നുള്ളതാണ്. ഈ പുസ്തകത്തെപ്പറ്റി ഞാൻ എഴുതിയ നിരൂപണം ഇമലയാളീ പ്രസിദ്ധീകരിച്ചിരുന്നു. കൂടുതലും യുക്തിചിന്തകളടങ്ങിയതാണ് ഈ പുസ്തകം. സത്യവേദ പുസ്തകത്തിലെ വ്യാജങ്ങളും ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. 

അതുപോലെ 'ഡാന്യൂബിന്റെ നാട്ടിൽ' എന്ന ജോർജ് നെടുവേലിയുടെ പുസ്തകത്തെപ്പറ്റിയും ഞാനെഴുതിയ നിരൂപണം ഇമലയാളിയിൽ വായിക്കാം. ഈ പുസ്തകം ഒരു യാത്രാ വിവരണമാണ്.  കൂടാതെ നദി കടന്നു പോകുന്ന രാജ്യങ്ങളുടെ ചരിത്ര്യവും സാമൂഹിക കാഴ്ചപ്പാടുകളും യുദ്ധവും പിന്നീടുള്ള സംഭവവികാസങ്ങളും തന്മയത്വമായി വിവരിച്ചിട്ടുണ്ട്.

15. “എഴുത്തുകാർ അവരുടെ രചനകൾ വിവിധ മാധ്യമങ്ങളിൽ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു? “


*ഒരേ സമയം എഴുത്തുകാർ തങ്ങളുടെ രചനകൾ വിവിധ മാധ്യമങ്ങളിൽ കൊടുക്കുന്നത് പത്രാധിപർക്ക് പ്രയാസമുണ്ടാക്കുന്നതാണ്. അതേ സമയം എഴുതുന്നവരിലും ചിന്താകുഴപ്പമുണ്ടാക്കുന്നു. ഒരു എഴുത്തുകാരനെ സംബന്ധിച്ചടത്തോളം ഒന്നിൽകൂടുതൽ പത്രങ്ങളുമായി സൗഹാർദ ബന്ധം കാണും. കുടുംബബന്ധങ്ങളുമുണ്ടാകാം. ഒരു പത്രത്തിന് ആദ്യം വാർത്ത കൊടുത്താൽ മറ്റേ പത്രം പരാതിയുമായി വരുകയും പരിഭവവും പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ചില പത്രാധിപന്മാർ  എഴുത്തുകാരോട് നീരസം പ്രകടിപ്പിച്ചുകൊണ്ട് ലേഖനം തിരസ്ക്കരിക്കുകയും ചെയ്യും. 

ചിലർ പ്രത്യേക രാഷ്ട്രീയ വിശ്വാസമുള്ള ലേഖനങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. മറ്റു ചിലർക്ക് മതത്തെ വിമർശിക്കാൻ പാടില്ല. പത്രാധിപരുടെ ഇഷ്ടമനുസരിച്ച് എഴുത്തുകാരൻ എഴുതണമെന്നുള്ള ചിന്തകളും വ്യക്തി സ്വാതന്ത്ര്യത്തിനു തടസമാകും. അങ്ങനെയുള്ള സാഹചര്യത്തിൽ ഒന്നിൽകൂടുതൽ പത്രങ്ങളെ എഴുത്തുകാർക്ക് ആശ്രയിക്കേണ്ടി വരുന്നു. ഇമലയാളി, മതത്തിനും രാഷ്ട്രീയ താല്പര്യത്തിനുമുപരിയായി എല്ലാത്തരം ലേഖനങ്ങളും സ്വീകരിക്കുന്നതുകൊണ്ട് എഴുത്തുകാരന് ഒന്നിൽ കൂടുതൽ പത്രങ്ങളെ ആശ്രയിക്കേണ്ടി വരില്ല. പത്രങ്ങൾ തമ്മിലുള്ള മത്സരത്തിനിടയിൽ എഴുത്തുകാരെ കുത്തകയാക്കാൻ ശ്രമിക്കുമ്പോൾ അതിനിടയിൽ തീരുമാനമെടുക്കാൻ കഴിയാതെ വരുന്നത് എഴുത്തുകാരായിരിക്കും. 


16. "അമേരിക്കൻ മലയാളി വായനക്കാരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. പ്രബുദ്ധരായ വായനക്കാർ സാഹിത്യത്തെ വളർത്തുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?"


കാലത്തിനൊപ്പം മലയാളി സഞ്ചരിക്കുന്നില്ലായെന്നതാണ് വാസ്തവം. ഇന്റർനെറ്റും മറ്റു ടെക്‌നോളജികളും ശരിയായി പ്രയോജനപ്പെടുത്തുന്നില്ല. പള്ളിയിലും  അസോസിയേഷനിലും പ്രവർത്തിക്കാനാണ് ഭൂരിഭാഗം മലയാളികൾക്കും താൽപ്പര്യം. സാഹിത്യ വളർച്ചക്ക് നിതാന്തമായ വായനയും പഠനവും ആവശ്യമാണ്. അമേരിക്കൻ മലയാളികളിൽ വായനാ മനോഭാവം വളരെ കുറവായി കാണുന്നു. സ്ത്രീകൾ സമയം കിട്ടുമ്പോഴെല്ലാം മലയാളം സീരിയലുകളിൽ മാത്രം താല്പര്യപ്പെടുന്നു. ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവർ വിശ്രമമില്ലാതെ ഡോളറിനുവേണ്ടി മാത്രം  കഠിനാദ്ധ്വാനം ചെയ്യുന്നു. കലയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കാൻ അവർക്ക് സമയമില്ല. നാട്ടിലുള്ള മൂന്നാം കിട സാഹിത്യകാരന്മാരെയും സിനിമാ നടന്മാരെയും അമേരിക്കയിൽ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന അമേരിക്കൻ മലയാളിയുടെ മനോഭാവത്തിനും മാറ്റം വരണം. സാഹിത്യത്തെ പരിപോഷിപ്പിക്കാൻ വളരുന്ന തലമുറകളെയും മലയാളം പഠിപ്പിക്കണം. അതിനായി മലയാളത്തിന്റെ നല്ല സാഹിത്യ പുസ്തകങ്ങൾ അടങ്ങിയ ലൈബ്രററിയും ആവശ്യമാണ്. യൂണിവേഴ്സിറ്റികളിൽ  മലയാളം ഐച്ഛികമായുള്ള കോഴ്‌സുകളും അമേരിക്കയിൽ ആരംഭിക്കേണ്ടതായുണ്ട്. മലയാളത്തിന്റെ പ്രോത്സാഹനങ്ങൾക്കായുളള ഗവേഷണ കേന്ദ്രങ്ങളും അമേരിക്കയിൽ തുടങ്ങുകയും വേണം.  

17. "ഇമലയാളിയുടെ മുന്നോട്ടുളള പ്രയാണത്തിൽ ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് എന്ത് സഹായ സഹകരണങ്ങൾ നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നു.?" 

*ഓരോ എഴുത്തുകാരനും ഈ മലയാളിയുടെ അംബാസിഡർമാരായി പ്രവർത്തിക്കട്ടെയെന്നു അഭിലഷിക്കുന്നു. ഇമലയാളിയിൽ വരുന്ന സാഹിത്യ വിഭവങ്ങൾ സോഷ്യൽ മീഡിയാ, ഇന്റർനെറ്റ് വഴി വായനക്കാരിൽ എത്തിക്കാനും ശ്രമിക്കും. ഇമലയാളി തുടങ്ങി വെക്കുന്ന പ്രസ്ഥാനങ്ങൾക്ക് സഹായം നൽകാൻ മറ്റു എഴുത്തുകാരോടൊപ്പം ഞാനുമുണ്ട്. പത്രത്തിന്റെ നേതൃത്വത്തിൽ സാഹിത്യ ക്ലബുകൾ രൂപീകരിച്ച് ചർച്ചകളുമാകാം. പത്രവളർച്ചക്കുള്ള തീരുമാനങ്ങളിൽ എന്റെ പങ്കും സഹകരണവും എന്നുമുണ്ടായിരിക്കും. തികഞ്ഞ ഒരു അഭ്യുദായകാംഷിയായി ഇമലയാളിയ്‌ക്കൊപ്പം ഞാനുമുണ്ട്. എല്ലാ വിധ വിജയങ്ങളും നേരുന്നു.

Wednesday, April 11, 2018

പുരോഹിതരും മദ്യത്തിന്റെ രാഷ്ട്രീയവും നയങ്ങളും



ജോസഫ് പടന്നമാക്കൽ 

കേരള ബിഷപ്പുമാരുടെ സംഘടനയായ കെ.സി.ബി.സി, കേരളത്തിലെ ബാറുകൾ പുനഃസ്ഥാപിക്കുന്നതിനെതിരെ സമരങ്ങൾ നയിക്കാൻ തങ്ങളുടെ അനുയായികളെ ആഹ്വാനം ചെയ്തിരിക്കുകയാണ്. പുരോഹിതരും ബിഷപ്പുമാരും സഭ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനായി സർക്കാരിനെതിരായുള്ള അടവുകളുമായി രംഗത്തിറങ്ങിയിരിക്കുന്നു. പൊതു ജനങ്ങളെയോ കുഞ്ഞാടുകളെയോ നന്നാക്കണമെന്ന ലക്ഷ്യമല്ല മദ്യനിരോധനത്തിന്റെ വക്താക്കളായി വന്ന ഈ ഇടയന്മാർക്കുള്ളത്. വൻകിട ഷോപ്പിംഗ് കോമ്പ്ലെക്സുകളും ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളും കോഴകോളെജുകളും ആകാശം മുട്ടെയുള്ള പള്ളികളും അരമനകളും കോർപ്പറേറ്റ് പ്രസ്ഥാനങ്ങളും നടത്തുന്ന പുരോഹിത മുതലാളിമാർ വിശ്വാസികളെ ഇളക്കാനായുള്ള തന്ത്രങ്ങളും നെയ്തുകൊണ്ടിരിക്കുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മദ്യം നിരോധിച്ച തീരുമാനം ജനങ്ങളുടെ ആരോഗ്യം ലക്ഷ്യമാക്കിയും മതപുരോഹിതരുടെ താൽപ്പര്യം സംരക്ഷിക്കാനുമായിരുന്നു. അടുത്ത പത്തു വർഷങ്ങൾക്കുള്ളിൽ കേരളത്തെ മദ്യ നിരോധന മേഖലയാക്കാമെന്നുള്ള ലക്ഷ്യവുമുണ്ടായിരുന്നു. മദ്യ നിരോധനം വഴി ഇന്ത്യയ്ക്ക് ചരിത്രപരമായി ഓർമ്മിക്കാൻ നിരവധി വസ്തുതകളുണ്ട്. മദ്യം,  സാമൂഹിക തിന്മയെന്നത്, മഹാത്മാഗാന്ധിയുടെ ആശയങ്ങളിലൊന്നായിരുന്നു. ഗാന്ധിയൻ ചിന്താഗതികൾ കാലത്തിനു യോജിച്ചതോയെന്നറിയാൻ, കൂടുതൽ പഠന വിധേയമാക്കേണ്ടതുമുണ്ട്. മുതലാളിത്ത ധന തത്ത്വത്തിൽ കുതിച്ചുയരുന്ന ഭാരതത്തിൽ പഴയതിനെ മാറ്റി പുതിയതിനെ പ്രതിഷ്ഠിക്കേണ്ടതായുമുണ്ട്. ആധുനിക നാഗരികതയിൽ മദ്യമെന്നുള്ളത്‌ സംസ്ക്കാരത്തിന്റെ അവിഭാജ്യ ഘടകവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കോൺഗ്രസ്സ് മന്ത്രിസഭയുടെ കാലത്ത് നടപ്പാക്കിയിരുന്ന മദ്യ നിരോധനം കമ്മ്യുണിസ്റ്റ് സർക്കാർ ഇല്ലാതാക്കുന്നത് വിവാദങ്ങൾക്ക് വഴി തെളിയിക്കുന്നു. ഉമ്മൻ ചാണ്ടി വീണ്ടും ഭരണത്തിൽ വരാതിരുന്ന കാരണവും അദ്ദേഹത്തിൻറെ കാലത്തെ തെറ്റായ മദ്യനയമായിരുന്നുവെന്നതും ഓർമ്മിക്കേണ്ടതാണ്. അടച്ചിട്ടിരുന്ന ബാറുകൾ വീണ്ടും തുറക്കുമെന്ന വാഗ്ദാനങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടി ജനങ്ങൾക്കു നല്കിയിരുന്നു. ജനങ്ങളോടുള്ള പ്രതിജ്ഞ നടപ്പിലാക്കേണ്ടതും പിണറായി സർക്കാരിന്റെ കടമയായിരുന്നു. അതിൽ ബിഷപ്പുമാർ സമരകോലാഹലങ്ങളുമായി രംഗത്ത് പ്രത്യക്ഷപ്പെടേണ്ട ആവശ്യമോ അവർക്ക് അതിനുള്ള അവകാശമോയില്ല. ഒരിക്കൽ മദ്യാസക്തരായാൽ മദ്യം വർജിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതുപോലെ മദ്യ വില്പനയിൽക്കൂടിയുള്ള നികുതി വരുമാനം ഇല്ലാതാകുന്നതും സർക്കാരിനെ കുഴപ്പത്തിലാക്കുന്നു.

കേരളത്തിലെ സദാചാര വാദികളാണ് മദ്യം നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത്. അക്കൂടെ ബിഷപ്പുമാരും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും കപട സദാചാരത്തിന്റെ പേരിൽ വാതോരാതെ സംസാരിക്കാറുണ്ട്. മദ്യം വിഷമാണ്, മദ്യം കലഹമുണ്ടാക്കുന്നു, കുടുംബങ്ങളെ  തകർക്കുന്നുവെന്നല്ലാമുള്ള സാരോപദേശങ്ങൾ അവരിൽനിന്നു കേൾക്കുകയും ചെയ്യാം. ശുദ്ധമായ തെങ്ങും കള്ളും പനങ്കള്ളും കുടിച്ചു ജോലി ചെയ്തിരുന്ന കർഷക വർഗത്തിന് കാര്യമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി അറിവില്ല. വിദേശികൾ രാജ്യം ഭരിക്കാൻ തുടങ്ങിയതിൽ പിന്നീടാണ് വിദേശ മദ്യങ്ങൾ ഇവിടെ ലഭിക്കാൻ തുടങ്ങിയത്. മദ്യം ജനങ്ങളുടെ ആരോഗ്യത്തിന് പ്രശ്നമാണെങ്കിൽ അതിനേക്കാളും മുമ്പേ നിരോധിക്കേണ്ട നിരവധി വിതർക്ക വിഷയങ്ങൾ കേരളത്തിലുണ്ട്. കെമിക്കൽ കലർന്ന ഭക്ഷണ പദാർഥങ്ങളും വിഷമയമായ പാനീയങ്ങളും പച്ചക്കറികളും നിരോധിക്കാനുള്ള തീക്ഷ്ണത, അല്ലെങ്കിൽ അത് ജനങ്ങളിൽ ബോധവാന്മാരാക്കാനുള്ള സന്മനസ്സ്, മത പുരോഹിതരിലും രാഷ്ട്രീയക്കാരിലും കാണുന്നില്ല. ഒരാൾ മദ്യം കൊണ്ട് പ്രശ്‍നം ഉണ്ടാക്കുന്നുണ്ടെങ്കിൽ, മദ്യപിച്ച് കാർ ഓടിക്കുന്നുവെങ്കിൽ, കുടുംബത്ത് കലഹമുണ്ടാക്കുന്നെങ്കിൽ മാന്യമായി മദ്യം ഉപയോഗിക്കുന്നവരെയും മദ്യം മരുന്നായി പ്രയോജനപ്പെടുത്തുന്നവരെയും ശിക്ഷിക്കേണ്ട ആവശ്യമുണ്ടോ?

ലോകത്ത് മദ്യ നിരോധനം നടത്തിയിട്ടുള്ള ഒരു രാജ്യവും വിജയിച്ച ചരിത്രമില്ല. അത് മയക്കുമരുന്ന് കച്ചവടക്കാരെയും കള്ളക്കടത്തുകാരെയും സഹായിക്കുക മാത്രമേയുള്ളൂ. മയക്കു മരുന്നുകൾ സമൂഹത്തിനു തന്നെ അപകടകരമായ സ്ഥിതിവിശേഷങ്ങൾക്ക് കാരണമാകുന്നു. കേരളത്തിന്റെ പ്രധാന വരുമാന മാർഗം വിനോദ സഞ്ചാരികളിൽ നിന്നായിരുന്നു. മദ്യം നിരോധിച്ചതു കാരണം ആ വ്യവസായം തന്നെ തകർച്ചയെ നേരിടേണ്ടി വന്നു.

വിശ്വാസത്തിന്റെ പേരിൽ ക്രിസ്ത്യൻ പള്ളികളിൽ പുരോഹിതർ വീഞ്ഞ് ഉത്ഭാദിപ്പിക്കുന്നു. ബൈബിളിൽ പറഞ്ഞിരിക്കുന്ന പോലെ എന്തുകൊണ്ട് ഇവർ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കുന്നില്ല. ആദ്യം മദ്യ നിരോധനം നടത്തേണ്ടത് പുരോഹിതരുടെയിടയിലാണ്. അതിനു ശേഷം പോരെ, മദ്യ നിരോധനത്തിനായുള്ള പ്രക്ഷോപണങ്ങൾ.! മദ്യ നിരോധനം നടപ്പാക്കണമെന്ന് വാദിക്കുന്ന ക്രിസ്ത്യൻ പുരോഹിതർ പള്ളിയാവശ്യത്തിനുള്ള വീഞ്ഞിന്റെ ഉത്‌പാദനം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. അനുയായികൾ വർദ്ധിച്ചതുകൊണ്ടു കൂടുതൽ വീഞ്ഞ് ആവശ്യമുണ്ടെന്നാണ് സഭ ആവശ്യപ്പെടുന്നത്. കുർബാനയ്ക്ക് ഉപയോഗിക്കാനുള്ള വീഞ്ഞു 23 ഫാക്റ്ററികളിലായി കത്തോലിക്കാസഭ ഉത്ഭാദിപ്പിക്കുന്നുണ്ട്. ഒരു വർഷം 6000 ലിറ്റർ വൈൻ ഉത്ഭാദിപ്പിക്കാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു.

സഭയുടെ വക്താവായ ഫാദർ പോൾ തേലേക്കാട്ടിൽ പറയുന്നത് പള്ളികളുടെ എണ്ണം കൂടുന്നതും ജനസംഖ്യ വർദ്ധിക്കുന്നതുമനുസരിച്ച് വീഞ്ഞിന്റെ ആവശ്യവും കൂടി വരുന്നുവെന്നാണ്. എന്നാൽ സെൻസസ് അനുസരിച്ച് കത്തോലിക്കരുടെ എണ്ണം വളരെയധികം കുറഞ്ഞതായി കാണുന്നു. കുടുംബാസൂത്രണ പദ്ധതി പ്രകാരം കുടുംബങ്ങളുടെ അംഗസംഖ്യ വളരെയേറെ കുറഞ്ഞിട്ടുണ്ട്. കുടുംബാസൂത്രണം ഏറ്റവും കൂടുതൽ നടത്തുന്നതും ക്രിസ്ത്യൻ സമൂഹങ്ങളാണ്. സഭയിൽ ആവശ്യത്തിന് പുരോഹിതരെയും കന്യാസ്ത്രികളെയും ലഭിക്കുന്നില്ലെന്ന കാരണത്താൽ മൂന്നാമതു  ജനിക്കുന്ന കുട്ടിക്ക് സഭ പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പോരാഞ്ഞ്, വളരുമ്പോൾ ആ കുട്ടിക്ക് സ്‌കൂളിൽ സ്‌കോളർഷിപ്പ് നൽകാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭയുടെ അംഗങ്ങൾ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശങ്ങളിലും കുടിയേറുന്നതു എണ്ണം കുറയാൻ കാരണമാകുന്നു. ഏകദേശം ആറുലക്ഷത്തിൽപ്പരം ക്രിസ്ത്യൻ ജനത വിദേശങ്ങളിൽ കുടിയേറിയതും അതാത് രാജ്യങ്ങളിലെ പൗരത്വം എടുത്തതും ജനസംഖ്യ കുറയാൻ മറ്റൊരു കാരണവുമാണ്.

സഭ വീഞ്ഞുത്ഭാദനം ഒരു വ്യവസായമാക്കാൻ ആഗ്രഹിക്കുന്നു. കുർബാനയ്ക്ക് ഉപയോഗിച്ച ശേഷം മിച്ചം വരുന്ന വീഞ്ഞ് മാർക്കറ്റിൽ വിൽക്കുന്നുമുണ്ട്. പള്ളികൾ വീഞ്ഞു വിൽക്കുന്നതായി വെള്ളാപ്പള്ളി നടേശൻ ആരോപണമുയർത്തിയിരുന്നു. പള്ളിക്ക് വീഞ്ഞുത്ഭാദിപ്പിക്കുന്ന ലൈസൻസ് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ വീഞ്ഞു വിൽക്കുന്നതും നിയമ വിരുദ്ധമാണ്. സാധാരണ ഗതിയിൽ വീഞ്ഞു വ്യവസായം തുടങ്ങാൻ 23 ലക്ഷം രൂപ ഫീസ് ഉണ്ടെന്നിരിക്കെ സഭയ്ക്കുവേണ്ടിയുള്ള  ലൈസൻസ് ഫീ വെറും 250 രൂപ മാത്രമാണ്. കുർബാനക്ക് ഉപയോഗിക്കുന്ന വീഞ്ഞിൽ 15.5 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കുമ്പോൾ ബിയറിനുള്ളിൽ ആറു ശതമാനം ആൽക്കഹോൾ മാത്രമേയുള്ളൂ. ഭാഗികമായി മദ്യ നിരോധനം നടത്തിയപ്പോൾ 'വെള്ളാപ്പള്ളി നടേശൻ' പള്ളികൾക്കു നൽകുന്ന വീഞ്ഞിന്റെ ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സഭ, മദ്യ നിരോധനത്തിനു ആവേശപൂർവം പ്രചരണങ്ങൾ നടത്തുന്ന കാരണം പള്ളികൾക്കു അനുവദിച്ചിരിക്കുന്ന ലൈസൻസ് നിർത്തൽ ചെയ്യാൻ ബിജെപി യിലെ ഘടക കക്ഷികളും നിർദ്ദേശിച്ചിരുന്നു.

വീഞ്ഞിന്റെ കാര്യത്തിൽ വിവാദങ്ങളുള്ളതുകൊണ്ട് കുർബാനയ്ക്ക് അത് ആവശ്യമില്ലെന്നും മാർത്തോമ്മാ ബിഷപ്പ് മാർ ഫിലിപ്പോസ് ക്രിസോസ്റ്റം പറയുകയുണ്ടായി. വീഞ്ഞിനു പകരം മുന്തിരി ചാർ ഉപയോഗിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഈ രണ്ടു ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ ദൈവശാസ്ത്ര വിവാദങ്ങളും ഉണ്ടായി. മാർത്തോമ്മാ സഭ വീഞ്ഞു ക്രിസ്തുവിന്റെ രക്തത്തിന്റെ പ്രതീകമായി മാത്രമേ വിശ്വസിക്കുന്നുള്ളൂ. എന്നാൽ കത്തോലിക്ക സഭ കുർബാന മദ്ധ്യേ വീഞ്ഞ്! ക്രിസ്തുവിന്റെ രക്തമായി രൂപാന്തരം പ്രാപിക്കുന്നുവെന്നും വിശ്വസിക്കുന്നു. 'അത് വെറും പ്രതീകമോ അടയാളമോ അല്ലെന്നും മറ്റു യാതൊരു പദാർത്ഥങ്ങളും പാനീയങ്ങളും വീഞ്ഞിനു പകരം സ്വീകരിക്കാൻ സാധിക്കില്ലെന്നും' ആലഞ്ചേരി പറഞ്ഞു. അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമാണെന്നും അതിനു മാറ്റം വരണമെങ്കിൽ ലോകാവസാനം സംഭവിക്കണമെന്നും കർദ്ദിനാൾ ന്യായികരിക്കുകയുമുണ്ടായി.

ഗുണ്ടാ മോഡലിലുള്ള പ്രസ്ഥാനങ്ങളെയാണ് ബിഷപ്പ് സംഘടനകൾ വളർത്തുന്നത്. രാജ്യത്തു എന്ത് നടപ്പാക്കണം, ഏതു തരത്തിലുള്ള പുരോഗമനം വേണമെന്നുള്ളത് തെരഞ്ഞെടുത്ത സർക്കാരുകളാണ് നിശ്ചയിക്കേണ്ടത്. സർക്കാരിന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ അനുകൂലിക്കുന്നതിനു പകരം പ്രതിക്ഷേധങ്ങളിൽക്കൂടി നാട്ടിലെ നിയമ വ്യവസ്ഥ കൈവശപ്പെടുത്തുകയല്ല വേണ്ടത്. പിണറായുടെ ഭരണം ളോഹധാരികൾക്ക് ഇഷ്ടമില്ലെങ്കിൽ സമാധാനമായി എവിടെയെങ്കിലും പള്ളിയും അരമനയും ഭരിച്ചു നടന്നുകൊള്ളുക! ജനങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് അടുത്ത മന്ത്രിസഭ കയ്യടക്കാമെന്നുള്ള വ്യാമോഹങ്ങളുമുണ്ടായിരിക്കാം. അതിനുപകരം സമ്പൂർണ്ണ മദ്യനിരോധനമെന്ന പേരിൽ രാജ്യത്തെ ക്രമസമാധാനം നശിപ്പിക്കുകയല്ല വേണ്ടത്.

ഭീകര കൊള്ളകൾ നടത്തുന്ന ഭൂരിഭാഗം ഹോസ്പിറ്റലുകളും സ്‌കൂളുകളും ക്രിസ്ത്യൻ പുരോഹിതരുടെ നിയന്ത്രണത്തിലാണ്. സ്വന്തം സമുദായത്തിലെ ദരിദ്രർക്കു പോലും മാനുഷിക പരിഗണ നൽകാതെ സ്ഥാപനങ്ങൾ നടത്തുന്ന ഇവർക്ക് അല്മായരെ നിയന്ത്രിക്കാൻ എന്തധികാരമാണുള്ളതെന്നും അറിയില്ല! ക്രിസ്ത്യാനി മദ്യം കിട്ടാനായി ഏതു സ്ഥലങ്ങളിലും പോവും. ബീവറേജിന്റെയും ബാറിന്റെയും മുമ്പിൽ നീണ്ട ലൈൻ കാണാം. അനാവശ്യമായി രാഷ്ട്രീയ പ്രശ്നമുണ്ടാക്കി മദ്യ നിരോധനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെന്നുള്ളതാണ് ഇവരുടെ പരമമായ ലക്ഷ്യവും. അതുവഴി സർക്കാരിനെ താഴെയിറക്കി പുതിയതായി വരുന്ന ഭരണകൂടത്തെ തങ്ങളുടെ നിയന്തണത്തിൽ കൊണ്ടുവരാനും പുരോഹിതർ ആഗ്രഹിക്കുന്നു.

ധാർമ്മികത ലവലേശം പുരോഹിതർക്കില്ല. പുരോഹിതരോട് ലളിത ജീവിതം നയിക്കണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്യുമ്പോൾ കേരള പുരോഹിതരും മെത്രാന്മാരും ആഡംബര ജീവിതമാണ് നയിക്കുന്നത്. വില കൂടിയ കാറിൽ സഞ്ചരിക്കുമ്പോൾ, രാജകീയ അരമനയ്ക്കുള്ളിൽ കഴിയുമ്പോൾ, തിളങ്ങുന്ന കുപ്പായങ്ങൾ ധരിക്കമ്പോൾ പാവപ്പെട്ടവന്റെ ദുഃഖത്തെപ്പറ്റി ചിന്തിക്കേണ്ടതുമില്ല. സർക്കാരിന്റെ മദ്യനിരോധനത്തിനുള്ള ജനപിന്തുണ ഇല്ലാതാക്കുകയെന്നതും ലക്ഷ്യമാണ്. സ്ഥിരമായി കള്ളുകുടിക്കുന്ന ഒരാളിനെ നന്നാക്കാൻ ധ്യാന ഗുരുക്കന്മാർക്കോ മെത്രാൻമാർക്കോ സാധിക്കില്ല. അത്തരക്കാരായ ദരിദ്ര കുടിയൻമാർക്ക് സ്വന്തം സ്ഥാപനങ്ങളിൽ സൗജന്യമായ ചീകത്സ നൽകാൻ അഭിഷിക്ത ലോകം തയാറാകുമോ? ഇന്ന് പുരോഹിതരുടെ വചനങ്ങൾ ശ്രവിക്കാൻ വിശ്വാസികളുടെ താൽപ്പര്യം കുറഞ്ഞു വരുന്നതു കാണാം. അവരുടെ ആഭാസത്തരം നിറഞ്ഞ കഥകൾ സോഷ്യൽ മീഡിയാകളിൽ നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. നേഴ്‌സറി മുതൽ ഒരു കുട്ടിക്ക് സ്‌കൂളിൽ അഡ്മിഷൻ വേണമെങ്കിൽ വലിയ തോതിലുള്ള കോഴപ്പണം കൊടുക്കണം. വ്യവസായ സാമ്രാജ്യം പടുത്തുയർത്തുന്ന അത്മായ ഗുരുക്കന്മാരുടെ വാക്യങ്ങൾ ബൗദ്ധിക തലത്തിലുള്ളവർ പുച്ഛത്തോടെ ശ്രവിക്കുന്ന കാലമാണിതെന്നും ഓർക്കണം.

വത്തിക്കാന്റെ ഹൃദ്യഭാഗത്തായി ഒരു മദ്യശാല പ്രവർത്തിക്കുന്നുണ്ട്. ഇറ്റലിയിലെ എല്ലാ നഗരങ്ങളെക്കാൾ അവിടെ വില കുറച്ചു മദ്യം കിട്ടുന്നു. അവിടെനിന്ന് മദ്യം മേടിക്കാൻ വത്തിക്കാനിലെ അന്തേവാസികൾക്കും പുരോഹിതർക്കും മാത്രമേ സാധിക്കുള്ളൂ. കേരളത്തിൽ മദ്യം നിരോധിക്കുന്നതിനുമുമ്പ് ആദ്യം മദ്യ നിരോധനം വത്തിക്കാനിൽ നടപ്പാക്കാൻ ശ്രമിക്കരുതോ? ആദ്യമേ മാർപ്പാപ്പയെ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങൾ പഠിപ്പിക്കുക! അതിനുശേഷം പള്ളിയിൽ വരുന്ന വിശ്വസികളുടെയിടയിൽ മദ്യ നിരോധനം പ്രചരിപ്പിക്കുന്നതായിരിക്കും ഉത്തമം. മാർപ്പാപ്പയേക്കാളും കേരളത്തിലെ പുരോഹിതർ മെച്ചമായ ക്രിസ്ത്യാനികളോ?

അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ മദ്യം നിരോധിച്ചിട്ടില്ല. അതുകൊണ്ടു ആ രാജ്യമൊന്നും സാംസ്‌കാരികമായി തകർന്നുപോയിട്ടില്ല. ഉത്തരവാദിത്വ ബോധത്തോടെ മദ്യം കഴിക്കണമെന്നുള്ള ബോധവൽക്കരണമാണ് കെ.സി.ബി.സി പോലുള്ള ബിഷപ്പുമാരുടെ സംഘടനകൾ തങ്ങളുടെ അല്മായർക്കായി നൽകേണ്ടത്.! വത്തിക്കാനിൽപ്പോലും മദ്യ നിരോധനം നടപ്പാക്കാത്ത സ്ഥിതിക്ക് ഹിന്ദുക്കളും ഇതര സമുദായങ്ങളും ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് പറയാൻ പുരോഹിതർക്ക് എന്തവകാശം? വത്തിക്കാനിൽ താമസിക്കുന്ന പുരോഹിതർക്ക് നികുതി കൊടുക്കാതെ കുറഞ്ഞ വിലക്ക് നിത്യവും മദ്യവും കഴിക്കാം. കേരളത്തിലെ നല്ലൊരു ശതമാനം വൈദികരും മദ്യത്തിനടിമപ്പെട്ടവരെന്നുള്ള കാര്യവും മദ്യവിരുദ്ധ പുരോഹിതർ മറക്കുന്നു.

സമൂഹത്തിൽ എന്തുതന്നെ ദുഷിച്ച വ്യവസ്ഥകളുണ്ടെങ്കിലും കത്തോലിക്ക സഭ ചെറു വിരൽ അനക്കാറില്ല, ഏറ്റവും കൂടുതൽ സ്ത്രീധനം മേടിക്കുന്ന സമുദായമാണ് ഈ സഭയിലുള്ള അംഗങ്ങൾ.  സ്ത്രീധനം കൊടുക്കാൻ നിവൃത്തിയില്ലാതെ വിവാഹിതരാകേണ്ട പെൺകുട്ടികളുടെ രക്ഷകർത്താക്കൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. 1966-ൽ സ്ത്രീധന നിരോധനം നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. സ്വന്തം സമുദായത്തെ നന്നാക്കാൻ കഴിവില്ലാത്ത കത്തോലിക്ക സമുദായം നാട് നന്നാക്കാൻ ഒരുമ്പെട്ടിരിക്കുന്നതും തികച്ചും വിരോധാഭാസമാണ്. സാമൂഹിക ജീവിതത്തിന്റെ അടിത്തറ തന്നെ ഇവർ മാന്തിയെന്നുള്ളതാണ് സത്യം. ആദായകരമായ വിദ്യാഭ്യാസ കച്ചവടം സഭയെ ഇട്ടുമൂടിയ പണം കൊണ്ട് കൊഴുപ്പിക്കുകയും ചെയ്തു. ഇങ്ങനെ കോഴ മേടിച്ചുകൊണ്ട് രക്ഷകർത്താക്കളെ പിഴിഞ്ഞു ജീവിക്കുന്ന ഇവരാണ് ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയിരിക്കുന്നത്. മദ്യത്തിനടിമപ്പെട്ടാൽ ജനങ്ങളുടെ ആരോഗ്യം നശിക്കുംപോലും! പുരോഹിതരും ബിഷപ്പുമാരും മുതല കണ്ണുനീർ പൊഴിക്കുന്നതല്ലാതെ അല്മായരുടെ ക്ഷേമങ്ങളിൽ യാതൊരു വിധ  താൽപ്പര്യവും  കാണിക്കാറില്ല.

മദ്യ നിരോധനം കൊണ്ട് ഒരാളിന്റെ മദ്യാസക്തി ഇല്ലാതാക്കാനും സാധിക്കില്ല. ചാരായ വാറ്റും വിഷം കലർന്ന മദ്യങ്ങളുടെ ഉത്ഭാദനവും കുടിയിട വ്യവസായങ്ങളായി മാറും. മദ്യം കഴിക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. മദ്യം കഴിക്കണമെന്ന് സാധാരണഗതിയിൽ ഒരു മദ്യപാനിയെ ആരും നിർബന്ധിക്കാറില്ല. സൗകര്യമുള്ളവർ മദ്യം കഴിക്കട്ടെയെന്ന യുക്തമായ ഒരു തീരുമാനമാണ് സ്വീകരിക്കേണ്ടത്. എന്ത് കുടിക്കണം, എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സർക്കാരോ മതസ്ഥാപനങ്ങളോ ആയിരിക്കരുത്. ഒരാൾ കുടിക്കുന്നവനെന്നോ കുടിക്കാത്തവനെന്നോ സർക്കാർ എങ്ങനെ മനസിലാക്കും! മദ്യ നിരോധനം ഒരാളിന്റെ അവകാശത്തിലുള്ള കൈകടത്തലാണ്.

ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രം മദ്യം വിൽക്കാമെന്നുള്ള സ്ഥിതിവിശേഷം നീതികരിക്കാവുന്നതല്ല.  ഫൈവ് സ്റ്റാർ ഹോട്ടലിൽ പോകാൻ കഴിവില്ലാത്തവർ സാധാരണ ഹോട്ടലുകളിൽ ചെന്നാൽ ഭക്ഷണം മാത്രം കഴിച്ച് മദ്യം ലഭിക്കാതെ പച്ചയായി മടങ്ങി പോവേണ്ടി വരും. ചെറു കുടിയൻമാർക്ക് മദ്യം ഇല്ലാതെ ജീവിക്കാനും സാധിക്കും. പക്ഷെ വൻകിട കുടിയന്മാരുടെ മാനസികാവസ്ഥ കഷ്ടമായിരിക്കും. സർക്കാർ നടത്തുന്ന മദ്യശാലകളുടെ മുമ്പിൽ നീണ്ട ലൈനിൽ നിന്ന് മദ്യം മേടിക്കേണ്ടി വരുന്നു. കുടിയന്മാർ കൂടുതൽ ദിവസങ്ങൾ ഉപയോഗിക്കാനുള്ള മദ്യം ഒന്നിച്ച് മേടിക്കും. ഇടവിട്ടുള്ള ദിവസങ്ങളിൽ മാത്രം മദ്യം ഉപയോഗിച്ചിരുന്ന കുടിയന്മാരായവർ ദിവസവും കുടിക്കാനാരംഭിക്കും. കുടിച്ചിട്ട് കലഹം ഉണ്ടാക്കിയും സംസ്ക്കാരരഹിതങ്ങളായ ഭാഷകളുപയോഗിച്ചും പൊതുനിരത്തുകളിൽക്കൂടി സഞ്ചരിക്കുകയും ചെയ്യും. വീട്ടിൽ മദ്യം സ്റ്റോക്ക് ചെയ്യുമ്പോൾ കുടിയന്മാർക്കു നിയന്ത്രണമില്ലാതെ കുടിക്കാനും സാധിക്കുന്നു.

ഗുജറാത്ത് മദ്യ നിരോധനം നടപ്പാക്കിയ ഒരു സംസ്ഥാനമാണ്. എങ്കിലും മദ്യം ആ സംസ്ഥാനത്ത് സുലഭമാണെന്നുള്ളതാണ് വസ്തുത. അടുത്തുള്ള സംസ്ഥാനങ്ങൾ ഗുജറാത്തിലേക്ക് മദ്യം ഒഴുക്കി ലാഭം കൊയ്തുകൊണ്ടിരിക്കുന്നു. മദ്യനിരോധനം കൊണ്ട് അവിടെയാരും മദ്യവർജനം നടപ്പാക്കിയില്ലെന്നുള്ളതാണ് വാസ്തവം. കേരളത്തിലും സമ്പൂർണ്ണമായ മദ്യനിരോധനം നടപ്പാക്കിയാൽ നിയമപരമല്ലാത്ത മദ്യം ഈ സംസ്ഥാനത്തിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കും. മദ്യം അന്യ സംസ്ഥാനത്തിൽ നിന്ന് വരുന്നവഴി കോഴ വാങ്ങുന്ന ഉദ്യോഗസ്ഥരുടെ സമ്പത്തും ബ്ളാക്ക് പണവും വർദ്ധിക്കാനിടയാകും. മദ്യത്തിൽ അടിമപ്പെട്ടു കഴിഞ്ഞാൽ എന്ത് ചെലവിലും അവർ എവിടെനിന്നെങ്കിലും മദ്യം എത്തിച്ചു കൊണ്ടിരിക്കും. സാക്ഷരത ഏറ്റവും കൂടുതലുള്ള കേരളത്തെ മദ്യം മൂലം കള്ളക്കടത്തു നടത്തുന്ന കുപ്രസിദ്ധ കേന്ദ്രവുമാക്കും. കുറ്റവാളികളുടെ എണ്ണവും വർദ്ധിക്കുന്നതിനിടയാകും.

മദ്യ നിരോധനം നടപ്പായാൽ സ്റ്റേറ്റിന് വരുമാനം കുറയും. ബ്ളാക്ക് മാർക്കറ്റിലൂടെയുള്ള വ്യവസായികൾ നിയമവിരുദ്ധമായി കൊള്ളലാഭം കൊയ്യാൻ തുടങ്ങും. അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും മുതലെടുക്കും. മദ്യ വ്യവസായം മൂലം സർക്കാരിനു 8000 കോടി രൂപാ വരുമാനം ലഭിക്കുന്നുണ്ട്. അതില്ലാതാക്കിയാൽ സർക്കാരിന്റെ പ്രവർത്തനം തന്നെ സ്തംഭിപ്പിക്കാൻ ഇടയാക്കും. റമ്മും വിസ്ക്കിയും ബ്രാണ്ടിയും മദ്യ മാർക്കറ്റിന്റെ എൺപതു ശതമാനം ഉപഭോക്താക്കൾ കൈവശപ്പെടുത്തിയിരിക്കുന്നു. മദ്യ വിൽപ്പനയിൽ നിന്നും നഷ്ടപ്പെടുന്ന വരുമാനം സർക്കാരിനു എങ്ങനെ വീണ്ടെടുക്കാൻ സാധിക്കുമെന്നും വ്യക്തതയില്ല. സ്റ്റേറ്റിന്റെ 20 ശതമാനം വരുമാനം മദ്യത്തിൽ നിന്നാണെന്ന് കണക്കുകൾ പറയുന്നു.

മദ്യ വിവാദങ്ങൾക്കു പകരം മത സംഘടനകൾ ആദ്യം ചെയ്യേണ്ടത് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദരിദ്രർക്കും പഠിക്കാനുള്ള അവസരം കൊടുക്കുക, അവർ നടത്തുന്ന ഫൈവ് സ്റ്റാർ ഹോസ്പിറ്റലിലെ ആദായ വീതത്തിൽ ഒരു വിഭാഗം ദരിദ്രരുടെ ക്ഷേമത്തിനായും പ്രയോജനപ്പെടുത്തുക, എന്നിവകളാണ്. സംസ്ഥാനത്തെ നേഴ്‌സുമാർക്ക് മാന്യമായ ശമ്പളം കൊടുത്താലും മാനുഷിക ധർമ്മത്തിന് ഒരു അർത്ഥമുണ്ടാകും. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ വലിയ ശതമാനം മദ്യത്തിൽ നിന്നുമായ സ്ഥിതിക്ക് സർക്കാരിനും ക്ഷേമകരമായ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഈ വരുമാനം ഉപയോഗിക്കാനും കഴിയുന്നു.

മദ്യപാനത്തെ സംബന്ധിച്ച് സമഗ്രമായ ഒരു പഠനം ആവശ്യമാണ്. കുടിയന്മാരെപ്പറ്റി ഒരു ഗവേഷണം നടത്തുകയാണെങ്കിൽ അതനുസരിച്ച് സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻസാധിച്ചേക്കാം. കുടിയന്മാരുടെ സാമ്പത്തിക നില, വിദ്യാഭ്യാസം, കുടുംബത്തിലെ അസമാധാനം, മാനസിക വിഭ്രാന്തി എന്നിവകൾ കുടിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച ശേഷം അവർക്കു വേണ്ട ചീകിത്സ നൽകുകയാണെങ്കിൽ മദ്യനിരോധനത്തെക്കാളും ഗുണപ്രദമാകുമായിരുന്നു. മദ്യത്തിന് വില കൂട്ടിയാൽ അത് സാധാരണക്കാരെ മാത്രമേ ബാധിക്കുള്ളൂ. മദ്യത്തിന്റെ അമിതവില കുടിയന്മാരുടെ കുടുംബത്തെ സാമ്പത്തികമായി തകർക്കാനുമിടയുണ്ട്.

മതേതര രാജ്യമായ ഇന്ത്യയിൽ മതസംഘടനകളല്ല സർക്കാരിന്റെ നയങ്ങളെ നിയന്ത്രിക്കേണ്ടത്. മദ്യ നിരോധനം വേണമെന്നു മതസംഘടനകൾ ആവശ്യപ്പെട്ടാൽ അവരെ ചർച്ചക്കു പോലും ക്ഷണിക്കരുത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ സ്തംബിപ്പിക്കണമെന്ന ഉദ്ദേശ്യമാണ് മത പുരോഹിതർക്ക് കൂടുതലായുമുള്ളത്. പുരോഹിതർ ആദ്യം പോയി അവരുടെ പള്ളിയിലെ വീഞ്ഞിനു പകരം പൈനാപ്പിൾ ജ്യൂസോ ഓറഞ്ചു ജ്യൂസോ ഉപയോഗിക്കുന്ന വ്യവസ്ഥിതിയുണ്ടാക്കട്ടെ. മതവും സർക്കാരും രണ്ടു ധ്രുവങ്ങളായി പ്രവർത്തിക്കേണ്ട മണ്ഡലങ്ങളാണ്. അവിടെ സർക്കാരിനെ നിയന്ത്രിക്കേണ്ടത് ഇന്ത്യൻ നിയമമനുസരിച്ചാണ്. വിദേശ നിയമമായ കാനോനിക പുസ്തകത്തിന് നീതിനിർവഹണത്തിൽ ഒരു കടലാസിന്റെ വിലപോലുമില്ല.

മദ്യ നിരോധനം ഇല്ലാതാക്കി ബാറുകൾക്ക് ലൈസൻസ് കൊടുത്ത് മദ്യം പുനഃസ്ഥാപിച്ചാൽ  രാഷ്ട്രീയക്കാരെയും അഴിമതി ഉദ്യോഗസ്ഥരെയും അകറ്റി നിർത്തേണ്ടതായുമുണ്ട്. ബാർ ഹോട്ടൽ ലൈസൻസ് ലഭിക്കാൻ രാഷ്ട്രീയക്കാർക്കും നേതാക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും കോഴ കൊടുക്കുന്ന വ്യവസ്ഥിതിക്കും മാറ്റം വരണം. ലാഭമുണ്ടാക്കാൻ ബാർ ഉടമകൾ നിലവാരം കുറഞ്ഞ മദ്യം ബോട്ടിലിനകത്താക്കി വിൽക്കുന്ന പതിവുമുണ്ട്. അത്തരക്കാരുടെ ലൈസൻസ് റദ്ദാക്കി തക്കതായ ശിക്ഷയും കൊടുക്കണം. ശരിയായ കംപ്യുട്ടർ ബില്ലിംഗ് സമ്പ്രാദായം നടപ്പായാൽ ബാർ ഉടമകൾക്ക്  നികുതി വെട്ടിക്കാനുള്ള അവസരങ്ങളും നഷ്ടപ്പെടും. ബാറുകളിൽ സർക്കാർ മേൽനോട്ടത്തിൽ കർശനമായ ഓഡിറ്റിങ്ങും ആവശ്യമാണ്.















കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...