ജോസഫ് പടന്നമാക്കൽ
മലയാളത്തിലും തമിഴിലുമുള്ള സിനിമകളിലും സീരിയലുകളിലും അറിയപ്പെടുന്ന ഒരു നടിയാണ് വരദ. 2006-ൽ പുറത്തിറങ്ങിയ 'വാസ്തവം' എന്ന സിനിമയിൽക്കൂടിയാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. 2008-ൽ പുറത്തിറങ്ങിയ 'സുൽത്താൻ' എന്ന സിനിമയിൽ നായികയായിരുന്നു. സിനിമയിൽ അത്യുജ്ജലമായ അഭിനയം കാഴ്ച്ച വെച്ചെങ്കിലും വരദ പ്രസിദ്ധയായത് മിനി സ്‌ക്രീനിൽ സീരിയൽ നടിയായുള്ള അഭിനയത്തിൽക്കൂടിയാണ്. നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും മിനി സ്ക്രീനുകളിൽ ചുരുങ്ങിയ കാലഘട്ടത്തിൽ കരസ്ഥമാക്കുകയും ചെയ്തു. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതിൽ പിന്നീടാണ് വരദയെന്ന പേര് സ്ഥിരമായത്. അതിനുമുമ്പ് വീട്ടിലും സ്‌കൂളിലും 'എമി മോൾ' എന്നറിയപ്പെട്ടിരുന്നു.
1988 ഏപ്രിൽ 29ന് തൃശൂരുള്ള മോഹൻ എബ്രാഹം പടന്നമാക്കലിന്റെയും പുഷ്പ്പ മോഹന്റെയും മകളായി ജനിച്ചു. വരദയ്ക്ക് 'എറിക്ക് മോഹൻ' എന്ന സഹോദരനുമുണ്ട്. 2004-ൽ തൃശൂർ സേക്രഡ് ഹാർട്ട് സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം 'ഇരവു' സ്ഥലത്തുള്ള ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ പൂർത്തിയാക്കി. കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. 2014 മെയ് ഇരുപത്തിയഞ്ചാം തിയതി അമല എന്ന സീരിയലിൽ ഒപ്പം അഭിനയിച്ചുകൊണ്ടിരുന്ന നടനായ ജിഷിൻ മോഹനെ വിവാഹം കഴിച്ചു. 2017-മാർച്ചു ഇരുപത്തിമൂന്നാം തിയതി ഈ ദമ്പതികൾക്ക് 'ജിയാൻ' എന്ന ഒരു ആൺകുട്ടി കുട്ടി ജനിച്ചു.
ഒരു താരത്തിനൊത്ത അഴകാർന്ന മുഖതേജസോടെയുള്ള നടിയാണ് വരദ. 'സുൽത്താൻ' എന്ന സിനിമയിൽക്കൂടിയാണ് അഭിനയ രംഗത്ത് വന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ നിറയാൻ തുടങ്ങിയത് അമല എന്ന സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയ സമയം മുതലാണ്. സദാ ചിരിച്ചും കളിച്ചും ഉല്ലസിച്ചും നടക്കുന്ന ഈ യുവ നടിക്ക് ഒരു താരമാണെന്നുള്ള അഹന്ത ഒരിക്കലുമുണ്ടായിട്ടില്ല. 'മഴവിൽ മനോരമ'യിലെ ജനപ്രിയ നായികയായിരുന്നു അമലയായി അഭിനയിച്ച വരദ. 'അമല' എന്ന സീരിയലിൽ തിളങ്ങി നിൽക്കവേ അതിലെ വില്ലനുമായി വരദ പ്രേമത്തിലായതും ഒടുവിൽ നായികയെ വില്ലൻ ജീവിതത്തിലും സ്വന്തമാക്കിയതും വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു. സീരിയലിലെ ക്രൂരനായ വില്ലൻ പ്രശസ്ത നായികയും നിഷ്കളങ്കയുമായ ഒരു പെണ്ണിനെ സ്വന്തമാക്കിയപ്പോൾ എതിർപ്പുകൾ സ്വന്തം വീട്ടിൽ നിന്നും ആയിരക്കണക്കിന് ആരാധകരിൽ നിന്നും ഒരുപോലെയുണ്ടായി. പാവം നായികയെന്ന സഹതാപം ലക്ഷക്കണക്കിന് പ്രേഷകരിൽനിന്നും ലഭിച്ചിരുന്നു.
തമിഴിലും മലയാളത്തിലും കന്നഡയിലും വരദ നായികയായി അഭിനയിച്ചിട്ടുണ്ട്. 2006-ൽ മലയാളത്തിലെ 'വാസ്തവം' എന്ന സിനിമയിൽ ബാലചന്ദ്രന്റെ സഹോദരിയായും 'യേസ് യേസ് യുവർ ഹോണർ' എന്ന സിനിമയിൽ രവിശങ്കറുടെ മരുമകളായും അഭിനയിച്ചു. സുൽത്താനിൽ നിഷിധ, മകന്റെ അച്ഛനിൽ ആൻ, ഉത്തരാ സ്വയംവരത്തിൽ അമ്പിളി, വലിയങ്ങാടിയിൽ ഗൗരി, മുതലായ സിനിമകളിലും അഭിനയിച്ചിരുന്നു. 2012-ൽ തമിഴിലെ കാതലിക്കലമ, കന്നഡയിലെ അജന്ത എന്നീ സിനിമകളിലും വരദയുടെ അഭിനയം കാഴ്ച്ച വെച്ചിരുന്നു. സൂര്യ ടീവിയിലെ സ്നേഹക്കൂടിലെ സ്വപ്ന (2012), മഴവിൽ മനോരമയുടെ ഹൃദയം സാക്ഷി സീരിയലിൽ ഭാമയും ഗാഥയും ഇരട്ട റോളുകൾ(2013), മഴവിൽ മനോരമയുടെ അമല (2013-2015), സൂര്യ ടിവിയുടെ സ്പന്ദനം (2015), ഏഷ്യ നെറ്റിലെ പ്രണയം സീരിയലിൽ ഡോ. ലക്ഷ്മി ഷരൻ (2015-2017) അമൃത ടീവിയിലെ ജാഗ്രതയിൽ ശിവകാമി, (2017) ഒരു ടെലിഫിലിമായ സൂര്യ ടീവിയിലെ മാലാഖായുടെ മകൾ- (2017) മുതലായ സീരിയലുകളിൽ വരദ അഭിനയിച്ചിരുന്നു. നിരവധി പ്രോഗ്രാമുകളിൽ അവർ സെലിബ്രറ്റി അതിഥിയായി എത്തിയിട്ടുണ്ട്. ഫ്ളവേഴ്‌സ്, സൂര്യ, മഴവിൽ, ഏഷ്യാനെറ്റ്, കൈരളി, ടിവി പരിപാടികളിൽ പങ്കെടുക്കുന്നതും പതിവാണ്. സെലിബ്രിറ്റി ലീഗ്, പൊന്നോണ ഓണം, ഡോണ്ട് ഡു ഡോണ്ട് ഡു,കോമഡി സ്റ്റാർസ്, ഒന്നും ഒന്നും മൂന്ന്, അശ്വമേധം, സൂര്യോത്സവം, നമ്മൾ തമ്മിൽ, ശ്രീകണ്ഠൻ നായർ ഷോ, വനിത, റൺ ബേബി റൺ എന്നീ പ്രോഗ്രാമുകളിൽ സെലിബ്രറ്റിയായി എത്തിയിരുന്നു. റീയാലിറ്റി ഷോകളിലും അവർ തനതായ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. കൈരളി ടെലിവിഷനിൽ 'പട്ടുറുമാലിൽ' അവതാരകയായി (Anchor) തിളങ്ങിയിരുന്നു. 'രാരീ രാരീരം രാരോ' എന്ന കൗമുദി ടിവിയിലും അവതാരികയായി തന്നെ പങ്കെടുത്തു. കൈരളി ടീവിയിൽ 'ആർപ്പോ എറോ' എന്ന പരിപാടിയിൽ മത്സരാർത്ഥിയായി സമ്മാനങ്ങൾ നേടി. സൂര്യാ ടീവിയിലെ സ്റ്റാർ വാറിലും ഫ്‌ളവേഴ്‌സ് ടീവിയിലെ 'താമര പത്രത്തിലും' സൂര്യ ടീവിയിലെ സൂപ്പർ ജോഡിയിലും പങ്കെടുത്തിരുന്നു. ഫ്‌ളവേഴ്‌സ് ടീവിയിൽ 'മലയാളി വീട്ടമ്മ' പരിപാടിയിൽ സഹനടിയുമായിരുന്നു.
അമലയായി (മഴവിൽ മനോരമ)അഭിനയിച്ചതിന് നിരവധി അവാർഡുകൾ വരദ നേടിക്കഴിഞ്ഞു. സുരാസു മെമ്മോറിയൽ അവാർഡ്, കളർ ഫുൾ ഫിലിം ആൻഡ് ടീവി അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, മണപ്പുറം അവാർഡ്, സി.കെ.എം.എ അവാർഡ്, സ്മാർട്സ് കണ്ണൂർ അവാർഡ്,വിന്ധ്യൻ അവാർഡ് എന്നിങ്ങനെ അവാർഡുകളുടെ ഒരു നിരതന്നെയുണ്ട്. പ്രണയം സീരിയൽ അഭിനയത്തിനും ഏഷ്യനെറ്റ് അവാർഡ് ലഭിച്ചിരുന്നു.
'അമല' എന്ന സീരിയലിൽ നായികയായി വരദ അഭിനയിച്ചപ്പോൾ അതിൽ വില്ലനായി അഭിനയിച്ചത് ജിഷിനായിരുന്നു. വരദ പറയുന്നു, "ആദ്യമായി താൻ ജിഷിനെ കണ്ടുമുട്ടിയപ്പോൾ ജിഷിനോട് അത്രമാത്രം മതിപ്പൊന്നും തോന്നിയിരുന്നില്ല. എന്നാൽ സംഗീതത്തിന്റെ താൽപ്പര്യം വന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരേ സംഗീതവും പാട്ടും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നു." അങ്ങനെ ഒരേ താളങ്ങളോടെയുള്ള സംഗീതം വരദയേയും ജിഷുവിനെയും നല്ല സുഹൃത്തുക്കളാക്കി. അതിനുശേഷം വാട്സ് അപ്പു വഴിയും മറ്റു സോഷ്യൽ മീഡിയാകളിൽക്കൂടിയും അവർ തമ്മിൽ സല്ലപിക്കുകയും അനുരാഗബദ്ധരായി സ്നേഹബന്ധം കൂടുതൽ അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു.
മഴവിൽ മനോരമയുടെ 'അമല' എന്നുള്ളത് ജിഷിന്റെ അഭിനയ ലോകത്തിലെ സുപ്രധാനമായ ഒരു സീരിയലായിരുന്നു. ഈ സീരിയലിലും അദ്ദേഹത്തിനുണ്ടായിരുന്നത് വില്ലൻ റോളായിരുന്നു. വരദയാണ് അതിലെ പ്രധാന നായിക. 'ഹരീഷ്' എന്ന കഥാപാത്രത്തിനാണ് ജിഷൻ ജീവൻ കൊടുത്തത്. അതിനുള്ളിൽ അമല എന്ന കഥാപാത്രത്തോട് ചെയ്യുന്ന ക്രൂരതമൂലം ഈ കഥാപാത്രം അതിവേഗം പ്രേഷകരുടെയിടയിൽ ശ്രദ്ധിക്കപ്പെട്ടു. അമല സീരിയൽ ഒരു വലിയ വിജയമായിരുന്നു. ഏഷ്യനെറ്റ് വിക്ഷേപണം ചെയ്ത 'അമ്മ' ജിഷന്റെ വിജയിച്ച മറ്റൊരു സീരിയലായിരുന്നു. ജിഷൻ, 'രാഹുൽ' എന്ന കഥാപാത്രത്തെ അവിടെ അവതരിപ്പിച്ചു. രാഹുൽ ബ്രിട്ടനിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വീട്ടിൽ വരുകയായിരുന്നു. ആരംഭത്തിൽ രാഹുൽ എന്ന കഥാപാത്രം വക്രതയും ക്രൂരതയും പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് കഥാപാത്രത്തിന്റെ സ്വഭാവത്തിന് മാറ്റം വരുന്നു. അയാൾ വില്ലനിൽനിന്നും നല്ലവനായി തീരുന്നു. ജിഷിന്റെ കഥാ പാത്രങ്ങളെല്ലാം ഒന്നുകിൽ പരിപൂർണ്ണമായും വില്ലനായിരിക്കും. അല്ലെങ്കിൽ നല്ലവനിൽ നിന്ന് വില്ലനാവുന്ന കഥാപാത്രമായിരിക്കും. ഇതിലെ കഥാപാത്രം വ്യത്യസ്തമായിരുന്നു. അദ്ദേഹത്തന്റെ അഭിനയകല മുഴുവൻ ഈ നായകനിൽക്കൂടി പ്രകടമായിരുന്നു. 2014-ൽ ഏഷ്യ നെറ്റിന്റെ വില്ലനായുള്ള അഭിനയത്തിന് ജിഷനായിരുന്നു അവാർഡ് ലഭിച്ചത്.
മനോരമയിൽ അമല എന്ന വരദ സ്വന്തം ജീവിതത്തെപ്പറ്റി മനസുതുറക്കുന്ന ഒരു ലേഖനമുണ്ട്. അഭിമുഖ സംഭാഷണത്തിൽ വ്യക്തിപരമായ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരവും പറയുന്നു. തന്റെ പ്രേമവും ജീവിതത്തിലേക്ക് വന്ന അഭിനയ വില്ലന്റെ യഥാർത്ഥ മുഖവും വരച്ചു കാട്ടുന്നുമുണ്ട്. വരദ പറയുന്നു, "പ്രേമിച്ചു നടന്നിരുന്ന സമയത്ത് പരസ്പ്പരം കണ്ടു അടുത്തിടപഴുകി നടക്കാനുള്ള അവസരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. യഥാർത്ഥ പ്രേമം തുടങ്ങിയത് വിവാഹ ശേഷമായിരുന്നു. കമിതാക്കളുടെ ദിനമായ വാലന്റയിനിൽ മാത്രം ഒതുങ്ങുന്നതല്ല പ്രേമം. അത് നിത്യം പ്രേമമെന്ന ആ സത്ത ഞങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. എങ്കിലും 'വാലന്റൈൻ' ദിനങ്ങളിൽ ജിഷിൻ സമ്മാനങ്ങൾ നൽകാൻ മറക്കില്ല. ഞങ്ങൾ തമ്മിൽ ആദ്യകാലങ്ങളിൽ വെറും സൗഹാർദ്ദം മാത്രമേയുണ്ടായിരുന്നുള്ളൂ. പാട്ടുകൾ ഞങ്ങളുടെ സ്നേഹിക്കുന്ന ഹൃദയങ്ങളെ അടുപ്പിച്ചു. ഞാൻ നായികയും ചേട്ടൻ വില്ലനുമായി അഭിനയിക്കുന്നതുകൊണ്ടു ലൊക്കേഷനിലും വളരെ അപൂർവമായി മാത്രമേ കണ്ടുമുട്ടുമായിരുന്നുള്ളൂ. പ്രേമം എന്ന സങ്കല്പം ഒരു സൗഹാർദ്ദത്തെക്കാൾ ഉപരിയായി എന്റെ മനസിലുണ്ടായിരുന്നില്ല. ഒരിക്കൽ ചേട്ടൻ എന്നോട് ഇഷ്ടമെന്ന് പറഞ്ഞു. എനിക്കതൊരു തമാശയായി തോന്നി. 'എന്താ അസുഖം ബാധിച്ചോ' എന്ന് ഞാൻ ഒന്നും കാര്യമാക്കാതെ മറുപടി കൊടുത്തു. ഒരു ദിവസം ഞാൻ വീട്ടിൽ ഇല്ലാതിരുന്ന സമയം ചേട്ടൻ എന്റെ മാതാപിതാക്കളെ കണ്ട് എന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. വാസ്തവത്തിൽ അത്തരം ഒരു നീക്കം എന്നെ സംബന്ധിച്ച് ഒരു ഞെട്ടലായിരുന്നു. വിവാഹാലോചന വന്നപ്പോൾ എന്റെ മാതാപിതാക്കളിൽനിന്നും ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. അവർ നിത്യം അമല സീരിയൽ കാണുന്നുണ്ടായിരുന്നു. സ്വന്തം മകളെ വില്ലൻ ഉപദ്രവിക്കുന്ന രംഗങ്ങൾ കാണുന്നതുകൊണ്ടു അവർ വില്ലനായ ഈ നടനെ വെറുത്തിരുന്നു. സീരിയലിലെപ്പോലെയാണ് ജീവിതമെന്നും തെറ്റി ധരിച്ചു. പിന്നീട് ചേട്ടനെ മനസിലാക്കി വന്നപ്പോൾ അവരുടെ എതിർപ്പുകളുടെ ശക്തി കുറയുകയും ചെയ്തു. ചേട്ടന്റെ വ്യക്തിത്വം മനസിലാക്കുകയും ചെയ്തു. ഞങ്ങളുടെ പ്രേമം വാസ്തവത്തിൽ ആരംഭിച്ചത് വിവാഹ ശേഷമാണ്. സ്വാതന്ത്ര്യത്തോടെ അതിനു ശേഷം പുറത്തു കറങ്ങാനും ആഘോഷങ്ങളിൽ പങ്കു ചേരുവാനും സുഹൃത്തുക്കളുമായി കമ്പനി കൂടുവാനും സാധിച്ചു. രണ്ടു പേരും പല സ്ഥലങ്ങളിലായി ഷൂട്ടിങ്ങിൽ തിരക്കിലായതിനാൽ വളരെ കുറച്ചു സമയം മാത്രമേ ഒന്നിച്ച് പരസ്പ്പരം കൂടുവാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഞങ്ങളുടെ സ്നേഹത്തെ അത് കൂടുതൽ ദൃഢതരമാക്കുകയാണുണ്ടായത്. ഞങ്ങൾ തമ്മിലുള്ള പ്രേമം തീവ്രമാവുകയും ചെയ്തു."
ഒരു ജേർണലിസ്റ്റുമായുള്ള മറ്റൊരു അഭിമുഖ സംഭാഷണത്തിലും വരദ പറഞ്ഞു, "ഷൂട്ടിങ്ങു സ്ഥലത്ത് അവരുടെ സൗഹാർദത്തെ തെറ്റായ രീതിയിൽ ചുറ്റുമുണ്ടായിരുന്നവർ വ്യാഖ്യാനിക്കാനും തുടങ്ങി. കിംവദന്തികളും വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്നു. അതിനാൽ കുറെ നാൾ പരസ്പ്പരം സംസാരിക്കാതെയുമിരുന്നു." അവസാനം ഇരുവരും സ്നേഹബന്ധങ്ങൾ മനസിലാക്കി അവർ സ്നേഹത്തിലെന്ന വിവരം മാതാപിതാക്കളെ അറിയിക്കുകയും അവരുടെ അനുവാദത്തോടെയും അനുഗ്രഹാശംസകളോടെയും 2014 മെയ് ഇരുപത്തിയഞ്ചാം തിയതി വിവാഹിതരാവുകയും ചെയ്തു.
വില്ലനായ അഭിനേതാവ് ജിഷിൻ മോഹൻ കണ്ണൂർ ജില്ലക്കാരനാണ്. കണ്ണൂരുള്ള നെടുംഗോമേ സർക്കാർ ഹൈസ്‌കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. അതിനുശേഷം കോഴിക്കോട് യുണിവേഴ്സിറ്റിയിൽ നിന്ന് ബികോം ബിരുദമെടുത്തു. ഐ.സി.ഐ.സി.ഐ ബാങ്കിൽ ബാംഗളൂരിൽ ആദ്യം പ്രോസസ്സ് അസ്സോസിയേറ്റ് ആയി ജോലി ചെയ്തു. ബാംഗളൂർ അടിസ്ഥാനമായുള്ള ക്രിസ്റ്റൽ ഗ്രുപ്പിൽ കളക്ഷൻ മാനേജരായും ജോലി ചെയ്തിരുന്നു. പിന്നീട് അടുത്ത തൊഴിൽ ദാതാവ് ബാങ്കളൂരുള്ള ഡെമഗ് ക്രയിൻസ് ആൻഡ് കമ്പോണന്റ്സ് കമ്പനിയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായും ജോലി ചെയ്തിട്ടുണ്ട്. ജിഷിന്, ജിതീഷ് എന്ന സഹോദരനുമുണ്ട്. അഭിനയം കൂടാതെ ജിഷിൻ മോഹൻ നിരവധി ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. 'ഡോണ്ട് ഡു ഡോണ്ട് ഡു' എന്ന ഏഷ്യ നെറ്റ് റിയാലിറ്റി ഷോ, 'ഇവിടെ ഇങ്ങനാണ് ഭായി,' (മനോരമ മഴവിൽ) 'സ്മാർട്ട് ഷോ' (ഫ്ലവർസ് റ്റിവി) 'ആർപ്പൂ ഈരൂ' (കൈരളി ടീവി) 'ഒന്നും ഒന്നും മൂന്ന്' (മഴവിൽ മനോരമ) എന്നീ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
സീരിയലിൽ വില്ലനെങ്കിലും യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സൗമ്യനും വിശാലഹൃദയനും കുടുംബസ്നേഹിയുമാണ്. ഏഷ്യാനെറ്റിലെ 'ഓട്ടോഗ്രാഫ്' സീരിയലിൽ ആണ് ജിഷിന്റെ അഭിനയത്തിന്റെ തുടക്കം. ഈ സീരിയലിൽ 'ജെസ്വിൻ രാം' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇത് വളരെ ഹിറ്റായ സീരിയൽ ആയിരുന്നു. അതിലെ 'രാം' എന്ന ഉജ്വല കഥാപാത്രം പ്രസിദ്ധമാവുകയും ചെയ്തു. രാം അതിനുള്ളിലെ വില്ലനായിരുന്നു. വിസ്‌മയകരമായി വില്ലൻ കഥാപാത്രം ജിഷിൻ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. ആദ്യത്തെ സീരിയലിൽ തന്നെ ജിഷിൻ പ്രസിദ്ധനായി തീർന്നിരുന്നു.
ഒരിക്കൽ അഭിനയിക്കാനുള്ള അവസരത്തിനായി ജിഷിൻ ഓരോ ഷൂട്ടിംഗ് സ്ഥലങ്ങളിലും അലഞ്ഞു നടക്കുമായിരുന്നു. ഇന്ന് അദ്ദേഹം പ്രസിദ്ധനായി തീർന്നതുകൊണ്ടു വാഗ്ദാനങ്ങൾ അദ്ദേഹത്തെ തേടി വരുന്നു. ഈ നടന്റെ കഴിവിനെ സിനിമാ നിർമ്മാതാക്കളും ഡയറക്ടർമാരും അംഗീകരിച്ചു കഴിഞ്ഞു. അതുകൊണ്ടു ഇന്ന് അഭിനയിക്കാനുള്ള അവസരങ്ങൾക്കായി തേടി നടക്കേണ്ട ആവശ്യമില്ല. സ്വന്തം കഠിനാധ്വാനമാണ് അദ്ദേഹത്തെ അഭിനയലോകത്ത് ഉയർത്തിയത്. ഫിലിം വ്യവസായത്തിൽ നിന്നും ധാരാളം വാഗ്ദാനങ്ങൾ വരാറുണ്ട്. നല്ല സിനിമകളിൽ അഭിനയിച്ചു പ്രസിദ്ധനാവുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയാറുണ്ട്. ഇപ്പോൾ കിട്ടുന്ന അവസരങ്ങളെപ്പറ്റി വിശദമായി ഒന്നും പുറത്തു വിടുന്നില്ല. അത് സിനിമാ പ്രേമികളിൽ സന്ദേഹവുമുണ്ടാക്കുന്നു.
ജിഷിൻ യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിലെ അംഗവും വരദ പാരമ്പര്യമുള്ള ക്രിസ്ത്യൻ കുടുംബത്തിൽനിന്നു ജനിച്ചു വളർന്നവളുമായിരുന്നു. മതത്തിനും ജാതിക്കുമതീതമാണ് യഥാർത്ഥ സ്നേഹമെന്ന സത്യം അവർ സ്വജീവിതത്തിൽക്കൂടി തെളിയിക്കുകയും ചെയ്തു. മഴവിൽ മനോരമയുടെ 'അമല' സീരിയൽ വാസ്തവത്തിൽ അവരുടെ ജീവിതത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. ജെഷിനും വരദയുമായുള്ള വിവാഹവും ലളിതമായ ഒരു ചടങ്ങായിരുന്നു. അടുത്തുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. നവ ദമ്പതികൾക്ക് സൽക്കാരവും സ്വീകരണവും നൽകിയത് ചെമ്പഴന്തിയിൽ തിരുവനന്തപുരം കാൻസർ സെന്ററിനോടനുബന്ധിച്ചുള്ള ഒരു ഹാളിലായിരുന്നു. സ്വീകരണപന്തലിൽ രോഗികളായ കുട്ടികളുമൊത്ത് അവർ ആഘോഷങ്ങളിൽ പങ്കുകൊണ്ടു. തിരുവനന്തപുരത്ത്, വരദയും ജിഷിനും താമസിക്കുന്ന പുതിയതായി പണിത വീടിന് അമലയെന്നു പേരിട്ടിരുന്നു. അമല എന്ന സീരിയലിൽക്കൂടി കണ്ടുമുട്ടി ജീവിതം കരുപിടിപ്പിച്ചതുകൊണ്ടാണ് അവർ വീടിനു അമല എന്ന് വീട്ടുപേര് നൽകിയത്.
ജിഷിൻ വില്ലനായി പ്രേഷകരുടെ മനസ്സിൽ പതിഞ്ഞെങ്കിലും സ്വന്തം ജീവിതത്തിൽ അദ്ദേഹം നല്ലയൊരു കുടുംബ പ്രേമിയാണ്. ഭാര്യയും കുഞ്ഞുമെന്നു വെച്ചാൽ ജീവനാണ്. യഥാർത്ഥ ജീവിതത്തിൽ യാതൊരു വില്ലത്തരവുമില്ലാതെ കുടുംബസ്ഥനായി കഴിയുന്നു. വിവാഹ ശേഷവും വരദ അഭിനയം തുടർന്നിരുന്നു. പൂർണ്ണ ഗർഭിണിയായിരിക്കുമ്പോഴും ഏഷ്യാനെറ്റിലെ പ്രണയമെന്ന സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. പ്രസവ സമയം അടുക്കാറായ സമയത്താണ് വരദ സീരിയലുകളിലെ അഭിനയത്തിൽ നിന്നും താൽക്കാലികമായി മാറി നിന്നത്.
വില്ലനായി അഭിനയിച്ചതുകൊണ്ട് സമൂഹവും അദ്ദേഹത്തെ ഒരു ഭീകരരൂപമായി കണ്ടിരുന്നു. സ്ത്രീകൾ ജിഷനെ കാണുമ്പോൾ കുപിതരായി അകന്നുപോവുകയും പതിവായിരുന്നു. ജീവിതത്തിലും ജിഷന്റെ സ്വഭാവം അങ്ങനെയെന്ന് പലരും തെറ്റിദ്ധരിച്ചു. ഷോപ്പിംഗ് മാളിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ ആ പ്രശ്നമുണ്ടായിരുന്നു. അത്തരം പ്രതികരണങ്ങൾ ജിഷന് സന്തോഷകരമായിരുന്നു. അദ്ദേഹത്തിൻറെ 'രാം' എന്ന കഥാപാത്രം കാഴ്ചക്കാരിൽ സ്വാധീനമുളവാക്കിയതിൽ സംതൃപ്തനുമായിരുന്നു.
ഭക്ഷണ രീതികളിൽ വരദയും ജിഷനും വ്യത്യസ്തരാണ്. വരദ ഇറച്ചി, മീൻ മുതലായവ കഴിക്കുമ്പോൾ ജിഷൻ എന്നും സസ്യാഹാരം മാത്രമേ കഴിക്കുള്ളൂ. മുട്ട പോലും കഴിക്കില്ല. അത്രയ്ക്ക് യാഥാസ്ഥിതികമായി കഴിഞ്ഞു പോവുന്ന കുടുംബമാണിത്. സീരിയലിൽ ഇറച്ചിയും മീനും കഴിക്കുന്ന കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിക്കുന്നതെങ്കിലും ജീവിതത്തിൽ എന്നും സസ്യാഹാരം മാത്രം കഴിച്ചാണ് ജീവിച്ചു പഠിച്ചത്.
വിവാഹ സമയത്തുണ്ടായ ചില പ്രതികരണങ്ങളും സോഷ്യൽ മീഡിയാകളിലെ അമർഷങ്ങളും പ്രതികൂലവും അനുകൂലവുമായ കമന്റുകളും വരദ വിശകലനം ചെയ്യുന്നുണ്ട്. "ഞാൻ വിവാഹ സമയം മറ്റുളളവരോട് വിവാഹം കഴിക്കുന്നത് സീരിയലിലെ വില്ലനെയെന്ന് പറയുമ്പോൾ പലരും പ്രതികരിക്കുന്നത് ഭയത്തോടെയായിരുന്നു. എന്റെ കൊച്ചെ, നിന്റെ ജീവിതം തന്നെ പാഴായി പോയിയെന്ന് കേൾക്കുന്നവർ പറയുമായിരുന്നു. ഫേസ് ബുക്കിൽ കമന്റുകളുടെ ഘോഷയാത്രയായിരുന്നു. 'ഇവനാണോ നിന്നെ കെട്ടുന്നത്. അമല പിന്തിരിയൂ' എന്ന് കമന്റുകൾ വരുന്നുണ്ടായിരുന്നു. ജിഷനും ഞാനും ഒരിക്കൽ ബസ് യാത്ര നടത്തുകയായിരുന്നു. ഒരു മദ്ധ്യവയസ്ക്കയായ സ്ത്രീ ജിഷന്റെ തോളത്ത് അടിച്ചു കൊണ്ട് പറഞ്ഞു, 'എടാ നീ പെണ്ണിനെ വെറുതെ വിടൂ. നീ ആ പെണ്ണിന്റെ ജീവൻ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്.' ഇങ്ങനെയുള്ള അനേകം അനുഭവങ്ങളിൽക്കൂടിയാണ് ഞങ്ങൾ കടന്നു പോവുന്നത്."
ഒരു നായകൻ സാധാരണ നായികയെ വിവാഹം കഴിക്കുന്നതായുളള വാർത്തകൾ സാധാരണമാണ്. എന്നാൽ ഒരു നായിക അതേ സീരിയലിലുള്ള ഒരു വില്ലനെ കല്യാണം കഴിക്കുന്ന ചരിത്രം അപൂർവവുമാണ്. വരദ പറയുന്നു, "താൻ ജിഷിനെ സ്നേഹിച്ചത് അഭിനയത്തിന്റെ മികവിലല്ല. ക്രൂരനും വില്ലനുമായ ഒരു അഭിനേതാവിനെ സാധാരണ ഒരു പെൺകുട്ടി ഇഷ്ടപ്പെടുകയില്ല. 'അമല' എന്ന സീരിയലിൽ അഭിനയിക്കാൻ വന്നപ്പോൾ ആദ്യം ചേട്ടന്റെ 'അടി തൊട്ടു മുടി വരെയുള്ള ഒരു നോട്ടവും' ഓർമ്മിക്കുന്നു. അഭിനയം കണ്ടാൽ ഒരു പെൺകുട്ടിയും ഇദ്ദേഹത്തെ വിവാഹം കഴിക്കുകയില്ലെന്നുള്ളതും ഉറപ്പാണ്. പാട്ടിന്റെ കാര്യത്തിൽ ഞങ്ങൾ ഒരേ താല്പര്യക്കാരായിരുന്നു. ഞാനും ചേട്ടനും തമ്മിൽ ഒന്നിച്ചുള്ള ഈണംവെച്ചുള്ള പാട്ടുകളും ഞങ്ങളെ അടുപ്പിച്ചിരുന്നു. ലൊക്കേഷനിൽ വെച്ച് മൊബൈലിൽ പാട്ടുകൾ വെക്കുമായിരുന്നു. പിന്നീട് വാട്സപ്പ് മെസ്സേജിൽക്കൂടി സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. കല്യാണം കഴിപ്പിച്ചത് ഫിലിം കമ്പനിയാണെങ്കിലും വാസ്തവത്തിൽ പാട്ടിന്റെ ലോകമാണ് ഞങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിച്ചത്. ഒരു ഘട്ടത്തിൽ പരസ്പ്പരം സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. കിംവദന്തികൾ ശക്തമായി വന്നു."
സ്വന്തം വ്യക്തിത്വത്തെപ്പറ്റിയും കുടുംബജീവിതത്തെപ്പറ്റിയും വരദ പറഞ്ഞു, "ഞാൻ അമലേയെപ്പോലെ കണ്ണീരിൽ കുതിർന്നു ജീവിക്കുന്നവളോ പാവമോ അല്ല. ഞാൻ ഒരു സംസാരപ്രിയയാണ്. സ്വതന്ത്രമായ ലോകത്തിൽ പാട്ടും കൂത്തുമായി കൊഞ്ചിയും ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന ഒരുവളാണ് ഞാൻ. വില്ലത്തികളായ അമ്മായിയമ്മമാരുമായി സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ എന്റെ ജീവിതത്തിൽ എനിക്കുള്ള അമ്മായിയമ്മ വെറും പാവമാണ്. ആദ്യമായി ചേട്ടനെ കണ്ടുമുട്ടിയപ്പോൾ കണ്ണൂരെന്ന സ്ഥലം കേട്ടപ്പോഴേ ഭയപ്പെട്ടിരുന്നു. കണ്ണൂരെന്ന സ്ഥലം ബോംബേറ് എന്നൊക്കെയാണല്ലോ ദിനം പ്രതി നാം വാർത്തകളിൽ വായിക്കുന്നത്. ഇവരുടെ വീട്ടിൽ വന്നു കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്, ഇത്രയും പാവം പിടിച്ച ഒരു അമ്മയും അച്ഛനും. ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. ഞാൻ ഇട്ടിരിക്കുന്ന ഇന്നത്തെ ഡ്രസ്സ് പോലും എന്റെ അമ്മയ്ക്ക് തുല്യമായ അമ്മായിയമ്മ മേടിച്ചു തന്നതാണ്. എന്റെ 'അമ്മ എങ്ങനെയാണോ അതുപോലെയാണ് എന്റെ അമ്മായിയമ്മയും. ഭക്ഷണം പാകം ചെയ്യാനൊന്നും എനിക്കറിയില്ല. ചെറുതായി ഞാൻ സഹായിക്കുമെന്നല്ലാതെ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് അമ്മായിയമ്മയാണ്."
വിവാഹ ശേഷം നായികയായി അഭിനയിച്ച അനുഭവങ്ങളും അമല വിവരിക്കുന്നുണ്ട്. "പുതു മണവാളനും പുതു മണവാട്ടിയുമായിരുന്നപ്പോൾ തമാശകളും പറഞ്ഞു വീട്ടിൽനിന്നും ഇറങ്ങും. ലൊക്കേഷനിൽ എത്തുമ്പോൾ ഞങ്ങളുടെ ഭാവങ്ങൾ മാറും. പരസ്പ്പരം ചീത്ത വിളികളായി, മല്പിടുത്തങ്ങളായി ഷൂട്ടിങ് തുടർന്നിരുന്നു. വിവാഹം വരെ എന്റെ കാഥാപാത്രം ഒരു പാവം പെൺക്കുട്ടിയായിട്ടായിരുന്നു. വിവാഹശേഷം കഥാപാത്രത്തിന്റെ സ്വഭാവം കൂടുതൽ പരുക്കനായി മാറി. തിരിച്ചു തറുതല പറയാനും എടാ പോടാ വിളികളും തുടങ്ങി. വില്ലൻ മരിച്ച അഭിനയഭാഗം വന്നപ്പോൾ വില്ലന് റീത്ത് വെച്ച ഒരു രംഗം ഉണ്ടായിരുന്നു. സ്വന്തം ഭർത്താവിന്റെ ശരീരമാണെന്ന മാനസിക വികാരമൊന്നും അന്ന് മനസ്സിൽ പ്രകടമായില്ല. അതും ഒരു കഥയുടെ ഭാഗമായി തികച്ചും ലാഘവത്തോടെ വിജയകരമായി അഭിനയിച്ചു."
ഭാവിയെപ്പറ്റിയും വരദയ്ക്ക് ചില വീക്ഷണങ്ങളും അഭിലാഷങ്ങളുമുണ്ട്. സിനിമയിൽ എത്താവുന്നടത്തോളം പിടിച്ചുകയറണമെന്നും ആഗ്രഹിക്കുന്നു. സിനിമയിൽ നല്ല റോളുകളുടെ അവസരങ്ങൾ കിട്ടിയാൽ ഇനിയും ചെയ്യുമെന്നും അവർ പറയുന്നു. 'ഇടയ്ക്ക് ചെറിയ റോളുകൾക്കായി വിളിച്ചിരുന്നെങ്കിലും സമയക്കുറവുകൊണ്ടു പോകാൻ സാധിച്ചില്ലന്നും നായികാ സ്ഥാനം മോഹിക്കുന്നില്ലെങ്കിലും ചെയ്യുന്ന അഭിനയത്തിന് അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചെങ്കിൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ളൂവെന്നും' വരദ പറഞ്ഞു.
(Ref: Manorama, Hindu, Times of India)
Varada family (Jishin parents and Varada grant parents) |
Writer Email: jmathew@msn.com
Links:-
EMalayalee: Varada-Jishin Mohan
Malayalam Daily News: Varada-Jishin Mohan
Kalavedi Online: Varada-Jishin Mohan
No comments:
Post a Comment