Saturday, April 21, 2018

കത്തോലിക്ക സഭയും കുടുംബാസൂത്രണ പ്രതികരണങ്ങളും



ജോസഫ് പടന്നമാക്കൽ 

കത്തോലിക്കാ സഭ തങ്ങളുടെ സഭാ മക്കൾ  കൂടുതൽ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും അതുവഴി ജനസംഖ്യ വർദ്ധിപ്പിക്കാനുമുള്ള നയമാണ് പുലർത്തുന്നത്.  അതിനുവേണ്ടി സർക്കാർ നയങ്ങളായ കുടുംബാസൂത്രണത്തെ പരിപൂർണ്ണമായി എതിർക്കുകയും ചെയ്യുന്നു. ജനപ്പെരുപ്പം മൂലം ലോകത്ത് അസമാധാനവും പട്ടിണിയും ദാരിദ്ര്യവും വർദ്ധിക്കുന്നു. ബിഷപ്പുമാരും പുരോഹിതരും സ്ത്രീകളെയും ബലഹീനരായ പുരുഷന്മാരെയും സ്വാധീനിക്കുകയും പട്ടിണിയും ദാരിദ്ര്യവും കണക്കാക്കാതെ സന്താന നിയന്ത്രണമെന്ന പാപബോധം അവരുടെ തലയിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഭൂരിഭാഗം ക്രിസ്ത്യാനികൾ സന്താന ഉത്ഭാദന വിഷയങ്ങൾ കൂടുതൽ വിവേകത്തോടെ ചിന്തിക്കാനും തുടങ്ങിയിട്ടുണ്ട്. പുതിയ തലമുറകൾക്ക് വിവേകം വർദ്ധിച്ചതോടെ പുരോഹിതരുടെയും ബിഷപ്പുമാരുടെയും അഭിപ്രായങ്ങളെ ഇന്ന് മുഖവിലയ്‌ക്കെടുക്കാറുമില്ല.

കര്‍ദ്ദിനാൾ‍ ആലഞ്ചേരി അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. കൂടുതൽ ‍സന്താന ഉത്ഭാതനത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വളരെ വിചിത്രവുമായിരുന്നു. ദൈവം ബൈബിളിലെ പിതാവായ അബ്രാഹാമിനു കടൽ‍ത്തരിപോലെ മക്കളുണ്ടാകാൻ കൊടുത്ത അതേ വരം ആലഞ്ചേരി വിശ്വാസികളുടെയിടയിൽ പ്രായോഗികമാക്കാൻ ശ്രമിക്കുന്നു. മൂന്നു മക്കളിൽ കൂടുതലുള്ള മാതാപിതാക്കളുടെ നാലാമത്തെ കുട്ടിമുതൽ സൗജന്യവിദ്യാഭ്യാസവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭയിലേക്കുള്ള വൈദികരുടെയും കന്യാസ്ത്രികളുടെയും അപര്യാപ്തയാണ് കാരണം.

ഒരുവന്റെ സന്താനോത്ഭാദന കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കുവാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഭ്രൂണം എന്നുള്ളത് ശരീരത്തിൻറെ വെറും കോശം മാത്രമാണ്. ജീവൻ എന്ന് ആരംഭിക്കുന്നുവെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. പുരുഷൻറെ ബീജം സ്ത്രീയിൽ പതിക്കുന്ന നിമിഷം മുതൽ ജീവൻ ആരംഭിക്കുന്നുവെങ്കിലും ഒരുവ്യക്തിയായി ജീവൻ രൂപാന്തരപ്പെടുന്നത് ആർക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല. 'ഇത് എന്റെ ശരീരമാണ്, എന്റെ ശരീരത്തിൽ എന്തുംചെയ്യുവാൻ അവകാശമുണ്ടെന്നും' ഭ്രൂണഹത്യയെ അനുകൂലിക്കുന്നവർ പറയും. ഒരു സ്ത്രീ ബലാത്സംഗം മൂലം ഗർഭിണിയാവുകയാണെങ്കിൽ ആ കുഞ്ഞിനെ ഇല്ലാതാക്കുവാൻ അവൾക്ക് അവകാശമുണ്ട്. ഒരു കുഞ്ഞു ഗർഭത്തിൽ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കിൽ എന്തിന് ആ കുഞ്ഞിനെ ജീവിതം മുഴുവൻ കഷ്ടപ്പെടുത്തണം. കൃഷിഭൂമികൾ ആവശ്യത്തിനില്ല. കുടിക്കാൻ കുടിവെള്ളം ഇല്ല. എന്തിന്! ഇങ്ങനെയുള്ള ഹതഭാഗ്യരായവരെ, ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ഭൂമിയിലേക്ക് ക്ഷണിക്കണം.

മനുഷ്യജീവനെ നിലനിർത്തേണ്ടതു സർക്കാരിന്റെ ചുമതലയാണെന്ന് ഗർഭം അലസിപ്പിക്കുന്നതിനെ എതിർക്കുന്നവർ ചിന്തിക്കും. ഒരുവന്റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും ഇവർ ചെവി കൊള്ളുകയില്ല. ജനിക്കുവാൻ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതൽ ഹൃദയത്തുടിപ്പുണ്ട്, മൂന്നു മാസമുള്ള ഗർഭസ്ഥശിശുവിനു കൈകാലുകളും കാണും. മനുഷ്യ ജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നു. ഗർഭസ്ഥശിശുവിനു മനുഷ്യാവയവങ്ങൾ പല ഘട്ടങ്ങളിൽ രൂപപ്പെടുന്നു. വേദനകളും ബോധവും  ഘട്ടങ്ങളായി ഗർഭസ്ഥ ശിശുവിൽ കാണപ്പെടുന്നു. അതുപോലെ കുഞ്ഞായിരിക്കുന്ന ഒരോ വ്യക്തിയും വിവിധ അവസ്ഥകളിലായിട്ടാണ് പൂർണ്ണനായ ഒരു മനുഷ്യനും വ്യക്തിയുമായി രൂപാന്തരപ്പെടുന്നത്.

'നീ ഗർഭിണിയാകുമ്പോൾ മറ്റൊരു ശരീരം നിന്റെ ഉദരത്തിൽ ജനിക്കുന്നു. അതിനെ നശിപ്പിക്കുവാൻ നിനക്ക് അവകാശമില്ല. ഉദരത്തിൽ ഉള്ള കുഞ്ഞിനെ പിച്ചികീറുന്നത് ക്രൂരവും പാപവുമാണ്. ബലാൽസംഗം മൂലം കുഞ്ഞുണ്ടായാലും ഉദരത്തിൽ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കിൽ നിഷ്കളങ്കനാണ്. മറ്റുള്ളവരുടെ കുറ്റം കൊണ്ടു കുഞ്ഞുണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു. അതിനെകൊല്ലുന്നത് നരഹത്യയാണ്. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാൻ തയ്യാറാകുമോ? അതുപോലെ ഒരുകുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാൻ നിനക്ക് എന്ത് അവകാശം! ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാൻ വെള്ളമോ ഇല്ലെങ്കിൽ ഭൂമിയിൽ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരിൽ കുഞ്ഞിനെ കൊല്ലണം?

ഗർഭനിരോധനത്തെയും കുടുംബാസൂത്രണത്തെയും എതിർത്തുകൊണ്ട് കത്തോലിക്കാസഭ വിശക്കുന്ന ജനതയും വേണ്ടാത്ത കുഞ്ഞുങ്ങളും ലോകത്തു പെരുപ്പിക്കാൻ സംഘിടിതമായ ആശയപ്രചരണങ്ങളും നടത്തുന്നുണ്ട്. അതിനെതിരെ ഏതാനും വിവേകശാലികളായ ഇറ്റാലിയൻ ബിഷപ്പുമാരുടെ പഠന റിപ്പോർട്ടിൽ 'ഇന്നത്തെ ജനനനിരക്കു കുറക്കേണ്ടത് ഭാവിതലമുറകളോട് നമ്മൾ പുലർത്തേണ്ട കടമയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.' ഒരു കുടുംബത്തിനു രണ്ടു മക്കൾവീതം കണക്കാക്കി കുടുംബം നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്നും ഈ മെത്രാൻസമിതി വത്തിക്കാനോട്ആവശ്യപ്പെട്ടു. ആധുനിക വൈദ്യസഹായത്തോടെ മനുഷ്യന്റെ ആയുസ്സു ദീർഘിക്കുന്നതോടൊപ്പം ജനനനിരക്കും കുറയേണ്ടതായുണ്ട്. രണ്ടു വർഷത്തോളം നടത്തിയ സുദീർഘമായ ഈ പഠനത്തിൽ ശാസ്ത്രജ്ഞരും ബൗദ്ധിക തലങ്ങളിലുള്ള അല്മെനികളും വിവിധ രാജ്യങ്ങളിലെ മതനേതാക്കന്മാരും പങ്കു ചേർന്നിരുന്നു.

കുടുംബാസൂത്രണം  സംബന്ധിച്ചുള്ള ഈ കമ്മറ്റിറിപ്പോർട്ട് സമർപ്പിച്ചത് ബെനഡിക്റ്റ് മാർപ്പായുടെ ഭരണകാലത്തായിരുന്നു. അതിൽ അന്ന് ബെനഡിക്റ്റ് മാർപാപ്പാ രോഷാകുലനാവുകയാണുണ്ടായത്. കോടാനുകോടി മനുഷ്യർ ആഹാരമില്ലാതെ ലോകത്തു മരിക്കുന്നുണ്ടെങ്കിലും അത്തരം പ്രശ്നങ്ങളൊരിക്കലും സഭയോ മാർപാപ്പയോ ഗൌനിക്കാറില്ല. കൂടാതെ ജനന നിയന്ത്രണത്തിനുള്ള എല്ലാ മാർഗങ്ങളെയും സഭ എതിർക്കുകയും ചെയ്യുന്നു.

ഭൂമിയിൽ ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി മതം കല്പ്പിച്ചിരിക്കുന്ന ഇത്തരം വിശ്വാസങ്ങളെ ലോകം ഇന്ന് പൊതുവെ തിരസ്ക്കരിക്കുന്നതായി കാണുന്നു. പൗരാഹിത്യവും  വത്തിക്കാനും സ്വീകരിച്ചിരിക്കുന്ന കുടുംബാസൂത്രണ നിലപാടുകളെ പരിഷ്കൃതരാജ്യങ്ങൾ സാധാരണ ഗൌനിക്കാറില്ല. എങ്കിലും ദാരിദ്ര്യവും അജ്ഞതയും നിറഞ്ഞ മൂന്നാം ചേരിരാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇത്തരം സങ്കീർണ്ണമായ പ്രശ്നങ്ങളിൽ വത്തിക്കാന് ഇന്നും സ്വാധീനമുണ്ട്.

ഗർഭസ്ഥ ശിശുക്കളെ കൊല്ലുന്നതു പാപമെന്ന സങ്കൽപ്പത്തെ ന്യായികരിക്കാം. വത്തിക്കാന്റെ അഭിപ്രായങ്ങളോട് യോജിക്കുകയും ചെയ്യാം. എന്നാൽ ആധുനിക ഗർഭനിരോധക മാർഗങ്ങൾ സന്താനോത്ഭാദന നിയന്ത്രണൾക്ക് അവലംബമാകുമ്പോൾ വത്തിക്കാൻ അതിനെ പ്രതിരോധിച്ചാൽ അത് സാമൂഹിക വളർച്ചക്ക് തടസമാകും. പിറക്കാൻ പോവുന്ന കുഞ്ഞുങ്ങളോട് ചെയ്യുന്ന അനീതിയും കൂടിയാണ്. മാർപാപ്പാമാരുടെ തെറ്റാവരത്തിന് ഇവിടെ തെറ്റു പറ്റിയെന്നുവേണം അനുമാനിക്കുവാൻ.

മാർപാപ്പാമാർ വസിക്കുന്ന രാജ്യമായ ഇറ്റലി മാർപാപ്പയുടെ നയങ്ങൾക്കെതിരേ കുടുംബാസൂത്രണ പദ്ധതികൾ വളരെക്കാലംമുമ്പുതന്നെ നടപ്പാക്കിയിരുന്നു. തൽഫലമായി 1982 കാലഘട്ടത്തിൽ, 2,34,800 ഗർഭ അലസിപ്പിക്കലുകൾ ഇറ്റലിയിൽ നടത്തിയെങ്കിൽ, 1992 ലെ ഗർഭം അലസിപ്പിക്കലുകൾ, ആ രാജ്യത്തു 1,55,200 ആയി കുറയ്ക്കുവാനും സാധിച്ചു. അതിനു കാരണം ആധുനിക ഗർഭനിരോധക മാർഗങ്ങളായിരുന്നു. ഇറ്റലി ഇന്നു ജനന നിരക്കു കുറച്ചെന്നു മാത്രമല്ല രാജ്യത്തു ജനസംഖ്യ കുറഞ്ഞതുകൊണ്ടു ജനന നിരക്ക്, കൂട്ടണമെന്നു ചിന്തിക്കുകയും ചെയ്യുന്നു.

സഭയുടെ ഭരണ നിലപാടിലും പ്രാമാണിക ഗ്രന്ഥങ്ങളനുസരിച്ചും സഭ സ്ത്രീകളോട് നീതി പുലർത്താറില്ല. സ്ത്രീയെന്നുപറഞ്ഞാൽ പുരുഷനെ ജനിപ്പിക്കുന്ന ഫാക്ടറിയെന്ന ചിന്തകൾ സഭയെയും ബാധിച്ചിട്ടുണ്ട്. സ്ത്രീയെ പുരുഷൻ അടക്കി ഭരിക്കുന്ന ചരിത്രമാണു കത്തോലിക്കാ സഭയ്ക്കുള്ളത്. മതം പുരുഷന്മാരുടെ നിയന്ത്രണത്തിലുള്ളതിൽ സ്ത്രീകള്‍ സന്തുഷ്ടരാണെന്നുള്ളതും വിചിത്രമായിരിക്കുന്നു. ഒന്നുകിൽ പുരുഷൻ സ്ത്രീയുടെ മസ്തിഷ്കത്തിൽ ഇങ്ങനെ ഒരു ജ്വരം ഉണ്ടാക്കി. അല്ലെങ്കിൽ പുരുഷനില്ലാതെ സ്ത്രീ സുരക്ഷയല്ലെന്നു അവള്‍ക്കുള്ള തോന്നലുമാകാം.

ഗർഭം അലസിപ്പിക്കുന്നതു തെറ്റാണെന്നു തോന്നുന്നുവെങ്കിൽ അത് പാപസങ്കൽപ്പമെന്ന് മനഃസാക്ഷിയെ കുത്തുന്നുവെങ്കിൽ അത്തരം ‍പ്രവർത്തികളിൽനിന്ന് പിൻവാങ്ങണം. കാരണം അതു ജീവിതത്തില്‍ പിന്നീടു മാനസിക വിഭ്രാന്തികൾക്ക് കാരണമാകും. എന്നാൽ‍ വിശപ്പിൻറെ മുറവിളി കൂട്ടുന്ന ഈ ലോകത്ത് മറ്റു കുടുംബാസൂത്രണപദ്ധതികളെ വത്തിക്കാൻ എന്തുകൊണ്ടു‍ എതിർ‍ക്കുന്നുവെന്നു മനസിലാകുന്നില്ല? ഒരിക്കലും വിവാഹംചെയ്യാത്ത, ഗർ‍ഭം വഹിക്കാത്ത വൃദ്ധരായ ഈ പുരോഹിതർ‍ക്കും തലമൂത്ത കർദ്ദിനാൾ സ്‌കൂളിനും കുടുംബാസൂത്രണമെന്തെന്നു മനസിലാവുകയില്ല.  സ്ത്രീ പുരുഷന്മാർ വചനം ശരിക്കു പഠിച്ചിട്ടുണ്ടെങ്കിൽ ഉദരത്തിലുള്ള കുഞ്ഞു ജനിക്കുന്നതുവരെ ആത്മാവില്ലെന്നു മനസ്സിലാകും. അതുകൊണ്ട്, ഉദരത്തിൽ കിടക്കുന്ന ബുദ്ധിമാന്ദ്യം ഭവിച്ച കുട്ടിയെ നശിപ്പിച്ചാൽ പാപമില്ലെന്ന‍ വാദവും വചനാധിഷ്ഠിതമാണ്.

ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്റെ നിലപാടിൽ നീതികരണമുണ്ട്. എന്നാൽ  മറ്റു ഗർഭനിരോധന മാർഗങ്ങളെ എതിർക്കുന്നത് യുക്തിരഹിതമാണ്‌. ഒരു പുരുഷൻ ഓരോ സെക്കൻറിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയിൽനിന്നു ജീവനുള്ള തലമുടികൾ പൊഴിയുന്നത്തിനു തുല്യമാണ്. ബീജകോശം, അണ്ഡകോശത്തിലെത്താതെ ജീവൻ തുടിക്കുകയില്ല.

ഭൂമിയിൽ ജനിക്കുന്ന മനുഷ്യർ സഭയുടെ ചട്ടക്കൂട്ടിൽനിന്നുകൊണ്ടു വിശക്കുന്ന വയറുകളുമായി എത്യോപ്യായെന്ന പട്ടിണിരാജ്യംപോലെ ജീവിക്കണോ? മനുഷ്യനു ചിന്തിക്കുവാൻ കഴിവു തന്നിരിക്കുന്നതു വിവേകപൂർവ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കൽക്കാലത്ത് ഗർഭനിരോധക ഉപായങ്ങൾ ഉണ്ടായിരിന്നില്ലല്ലോ! അങ്ങനെ ഗർഭനിരോധക മാർഗങ്ങൾ ബൈബിളിന് എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാൻറെ ഈ കടുംപിടിത്തം. വാസ്തവത്തിൽ, സന്താന നിയന്ത്രണം വഴി സ്ത്രീത്വത്തിൻറെ മൌലികതയെ ഇവർ ചോദ്യം ചെയ്യുകയല്ലേ! സ്ത്രീയെ അടിച്ചമർത്തപ്പെട്ടാലും സ്ത്രീ എല്ലായ്പ്പോഴും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും  പൌരാഹിത്യ മേധാവിത്വത്തിനുണ്ട്.

ബെനഡിക്റ്റ് മാർപാപ്പായുടെ കാലത്ത് ഗർഭനിരോധന ഗുളികകൾ സംബന്ധിച്ചുള്ള രസകരമായ ഒരു വാർത്ത വത്തിക്കാനിൽനിന്നുമുണ്ടായിരുന്നു. ഗർഭനിരോധ ഗുളികകൾ പരിസ്ഥിതി അശുദ്ധമാക്കുമെന്നായിരുന്നു കണ്ടുപിടിത്തം. സന്താനോല്പാദനശേഷി നഷ്ടപ്പെടുമെന്നും അഭിപ്രായപ്പെട്ടു. അതിനുള്ള ശാസ്ത്രീയതെളിവുകൾ വ്യക്തമായി വത്തിക്കാനു വെളിപ്പെടുത്തുവാനും സാധിച്ചില്ല. സ്ത്രീകൾക്കു ധാരാളം മൂത്രഭ്രമം ഉണ്ടാകുമെന്നു വാർത്തയിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രകൃതി മുഴുവൻ ഹോർമോണുകൾ നിറയുന്നതുമൂലം അറിയപ്പെടാത്ത അസുഖങ്ങൾ പ്രകൃതിയെ മലിനമാക്കുമെന്നും അവരുടെ നിഗമനങ്ങളിലുണ്ട്. ഇങ്ങനെ മാനസിക വിഭ്രാന്തികൾ പരത്തിക്കൊണ്ടു ലോകം മുഴുവൻ വത്തിക്കാൻ പരിഭ്രമം സൃഷ്ടിക്കുന്നതും കാണാം. 

കന്യാസ്ത്രികൾ ആരോഗ്യസംരക്ഷണത്തിനു ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ളത് വിവാദപരമായ ഒരു ചർച്ചാവിഷയമാണ്. തീർച്ചയായും ഈ ആശയം ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ടു കന്യാസ്ത്രികൾക്കെതിരെ ഈ ഗുളികയുടെപേരിൽ ലോകം ശബ്ദം ഉയർത്തുന്നുവെന്നാണ് മറ്റൊരു ചോദ്യം? കാരണം അവർക്കു മക്കൾ ഇല്ല. മക്കളില്ലാത്ത സ്ത്രീകൾക്ക് കൂടെകൂടെ ആർത്തവകാലങ്ങളുടെ എണ്ണംകൂടും. എണ്ണം കൂടുന്തോറും കാൻസറിന്റെ സാധ്യതകളും വർദ്ധിക്കും. ഗർഭനിരോധനൗഷധ കമ്പനികൾ കോടികൾ ബിസിനസ് ലാഭം കൊയ്യുവാനുള്ള ഒരു പ്രചാരണ തന്ത്രമാണെന്നാണ് മറ്റൊരുആരോപണം. രക്തം കട്ടിയായേക്കാവുന്ന ദോഷങ്ങളും ഗുളിക കഴിക്കുന്നതിലൂടെ സാധ്യതയേറുന്നു. ലോകത്തിലുള്ള ലക്ഷക്കണക്കിന് കന്യാസ്ത്രികൾ തങ്ങളുടെ ചാരിത്രം കാത്തുസൂക്ഷിക്കുന്നതിനു കടുത്ത വില നല്കേണ്ടിവരുന്നുവെന്നു പറയപ്പെടുന്നു. കുട്ടികളില്ലാത്ത സ്ത്രീകൾക്കു മാറിടങ്ങളിലും ഗർഭപാത്രത്തിലും ബീജകോശങ്ങളിലും കാൻസർ സാധ്യതയേറെയാണ്. സഭ ഗർഭ നിരോധ ഗുളികകൾ സൌജന്യമായി വിതരണം ചെയ്താൽ ഇരുപതു ശതമാനംവരെ മരണനിരക്കു കുറയ്ക്കാമെന്നു ശാസ്ത്ര റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. 1968 മുതൽ‍ ഏതുതരം കുടുംബാസൂത്രണത്തെയും വത്തിക്കാൻ എതിർ‍ത്തിരുന്നു. ഇത് കുടുംബാസൂത്രണമല്ല മറിച്ചു കന്യാസ്ത്രികളുടെ ആരോഗ്യപ്രശ്നമാണ്. ജീവന്‍റെയും പ്രശ്നമാണ്. ഗർ‍ഭനിരോധന ഗുളികകൾ‍ ഡോക്ടർ‍മാര്‍ നിർ‍ദ്ദേശിക്കുന്നുവെങ്കിൽ‍ പുരോഹിതർ അത് എതിർ‍ക്കുകയും ചെയ്യുന്നു.

അമേരിക്കയിലുള്ള ഫീനിക്സിലെ ബിഷപ്പ് 'ഒമ്സ്റ്റഡ്‌' (Olmsted) ഭ്രൂണഹത്യ നടത്തിയ ഡോക്ടറെയും  സഹായിച്ച ഒരു കന്യസ്ത്രിയെയും സഭയിൽനിന്നു പുറത്താക്കിയിരുന്നു. കൂടാതെ ഒരു ഇടയ ലേഖനവും ഇറക്കി. സഭയുടെ ദൌത്യങ്ങൾ പാലിക്കുവാൻ സെൻറ് ജോസഫ്സ് ഹോസ്പിറ്റൽ‍ നയങ്ങൾ പരാജയപ്പെട്ടുവെന്നു ആരോപണവും വന്നു. തന്മൂലം പ്രസ്തുത ഹോസ്പിറ്റൽ ഇനി മേൽ ഒരു കത്തോലിക്കാ സ്ഥാപനത്തിന്റെ പദവിയിൽ തുടരുന്നില്ലെന്നും ഇടയ ലേഖനത്തിലുണ്ടായിരുന്നു. മരണത്തിലേക്കു പോയിരുന്ന ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കുവാൻ ആ സ്ത്രീയുടെ ഉദരത്തിലുണ്ടായിരുന്ന പതിനോന്നാഴ്ച പ്രായമുള്ള ഭ്രൂണം നശിപ്പിച്ചതിലുള്ള പ്രതികരണമായി ഒരു ഹോസ്പിറ്റൽ തന്നെ പൂട്ടുവാൻ കാരണമായതും സഭയുടെ യാഥാസ്ഥിതിക നയമായിരുന്നു.

ഈ ഗർഭം അലസിപ്പിക്കൽ, ഡോക്ടെഴ്സും രോഗിയും കുടുംബവും ഒത്തൊരുമിച്ചുള്ള ഒരു തീരുമാനമായിരുന്നു. ഹോസ്പ്പിറ്റലിൻറെ ഭരണാധികാരി എന്ന നിലയിലാണ്, 'മാക്ബ്രൈഡു' എന്ന കന്യാസ്ത്രി സഹോദരി തന്റെ സമ്മതപത്രം നല്കിയത്. കർ‍മ്മനിരതയായി സ്വന്തം ജോലി നിർവഹിക്കുവാനായി പ്രോത്സാഹിപ്പിക്കുന്നതിനുപകരം ജനിച്ചുവീണ വിശ്വാസത്തിൽനിന്നു, കത്തോലിക്കാസഭയിൽനിന്നു നിർദ്ദയം സഭ അവരെ പുറത്താക്കുകയായിരുന്നു. മതഭ്രാന്തന്മാരായ ബിഷപ്പുമാരും പുരോഹിതരും ഭരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളിലെ ഡോക്ടർമാർക്കും ഹോസ്പിറ്റൽ പ്രവർത്തകർക്കും ജോലി നഷ്ടമാകുമെന്ന ഭയത്താൽ അനേകരുടെ ജീവനെ കുരുതി കൊടുക്കേണ്ടി വരുന്നു. കത്തോലിക്കാ ഹോസ്പിറ്റലുകളിൽ യാഥാസ്ഥിതികരായവരുടെ പരിരക്ഷയിലുള്ള ഗർഭിണികൾ ഓപ്പറെറ്റിങ്(operating) ചേമ്പറിൽ മരണമേറ്റുവാങ്ങുന്നത് നിത്യേനയുള്ള കാഴ്ചകളാണ്.

ഒബാമയുടെ ഭരണകാലത്ത് അമേരിക്കയുടെ ആരോഗ്യസുരക്ഷാപദ്ധതി പ്രകാരം സ്ത്രീകളുടെ ഗർഭധാനപ്രതിരോധനത്തിനുള്ള ചെലവുകൾ കത്തോലിക്ക മതസ്ഥാപനങ്ങൾ വഹിക്കേണ്ടതില്ലന്നുള്ള നിയമം പ്രാബല്യത്തിൽ വന്നിരുന്നു. സ്ത്രീകളുടെ അനാവശ്യഗർഭധാരണങ്ങളെ ഒഴിവാക്കുവാനുള്ള എല്ലാ ചെലവുകളും അതാതു സ്ഥാപനങ്ങളുടെ ഇൻഷുറൻസ് കമ്പനികൾ വഹിക്കണമെന്നുള്ളതായിരുന്നു നിയമം. സഭയുടെ മനസാക്ഷിക്കെതിരാണെന്നു സഭ കല്പ്പിക്കുന്ന പക്ഷം മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ ഗർഭസുരക്ഷാമാർഗങ്ങൾക്കായുള്ള ചെലവുകൾ വഹിക്കേണ്ടത്. ഭീമമായ ഇന്‍ഷുറൻസു ചെലവുകളില്‍നിന്നും സ്ഥാപനങ്ങളെ ഒഴിവാക്കിയതും കത്തോലിക്ക സഭയുടെ ഒരു നേട്ടമെന്നു പറയാം. ഇതു സ്ത്രീകളുടെ ഒരുവിജയംകൂടിയിരുന്നു.  സഭയുടെ എക്കാലത്തെയും മുന്‍ഗണന എന്നും അത്മീയതയെക്കാളുപരി പണമായിരുന്നുവല്ലോ. ഈ സുപ്രധാനതീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കലും കൂടിയായിരുന്നു. എന്നാൽ ചെലവുകൾ നികത്തുവാൻ ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വർധിപ്പിച്ചാൽ സഭാസ്ഥാപനങ്ങൾക്ക് അധിക ചെലവുകൾ വരുമെന്നും സഭയുടെ ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ടു ഒബാമയുടെ ആരോഗ്യസംരക്ഷണ ബില്ലില്‍ അമേരിക്കൻ ബിഷപ്പുമാർ തൃപ്തരല്ലായിരുന്നു.

കുടുംബാസൂത്രണ നിരോധകങ്ങള്‍ക്കു ഉപകരിക്കുംവിധം ജോലി ചെയ്യുന്നവർക്കു നിര്‍ബന്ധിതമായി സൌജന്യ ഇന്‍ഷുറന്‍സ് നല്‍കണമെന്നുണ്ട്. നിലവില്‍ കോ പെയ്മെൻറ്സഹിതം ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിൽ ‍ഈ നിയമം പ്രാബല്യത്തിലുണ്ട്. ഒബാമ നിയമമനുസരിച്ച് മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങള്‍ ഗര്‍ഭനിരോധന  മാര്‍ഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുവാന്‍ നിര്‍ബന്ധിതരല്ല. എന്നാൽ അതാതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നയാൾ ‍ആവശ്യപ്പെട്ടാല്‍, ‍ജോലി ഉടമ സൌജന്യ ഇന്‍ഷുറൻസു കൊടുക്കുവാനും ബാധ്യസ്ഥനാണ്. ആര്‍ക്കും ഈ സൌജന്യ ഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ പാടില്ലായെന്നും പുരോഹിതർ, ‍വാദിക്കുന്നു. ഗര്‍ഭം അലസിപ്പിക്കല്‍ തടയുന്നതുവഴി ഒരു സ്ത്രീയുടെ ആരോഗ്യവും സംരക്ഷിക്കുവാന്‍ സാധിക്കുമെന്നു പുരോഹിതര്‍ ചിന്തിക്കുന്നില്ല.

ഗർഭനിരോധക കാര്യങ്ങളിൽ അമേരിക്കയിലും കത്തോലിക്ക ബിഷപ്പുമാർ അങ്ങേയറ്റം യാഥാസ്ഥിതികത പുലർത്തുന്നതു കാണാം. മതാധിപത്യം അമേരിക്കയിലും ഒരു ദുഃഖസത്യം തന്നെ. ഗർഭധാരണ നിരോധനത്തിനെതിരെയുള്ള ബിഷപ്പുമാരുടെ ഈ മുറവിളികള്‍ക്കു പൊതുജനം ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. ഇവരെ ധിക്കരിച്ചു തൊണ്ണൂറ്റിയെട്ടു ശതമാനവും അമേരിക്കക്കാര്‍ ഗര്‍ഭധാരണ നിരോധന ഗുളികകളും ഉപയോഗിക്കുന്നുവെന്നാണ് സര്‍വേ പറയുന്നത്. ദാരിദ്ര്യത്തിനെതിരെ പൊരുതുവാൻ സഭയ്ക്ക് സമയമില്ല. പരിഷ്കൃതങ്ങളായ കുടുംബാസൂത്രണ പദ്ധതികളും ജനോപകാരപ്രദമായ ആരോഗ്യസുരക്ഷാപദ്ധതികളും നിയമങ്ങളായി അവതരിപ്പിക്കുന്ന വേളകളിൽ പുരോഹിത ലോകം രണ്ടും കല്പ്പിച്ച്‌ അത്തരം നിയമങ്ങളെ തകർക്കാൻ ശ്രമിക്കും. അമേരിക്ക എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം അവിടെയും ഇവിടെയും മൂലയിലും കോണിലും ചില പ്രതിഷേധങ്ങളൊഴിച്ചാൽ ഇവർക്കായി പൊരുതുവാൻ അമേരിക്കൻ ഐക്യനാടുകളിൽ വിശ്വാസികളില്ലെന്നതും പരിഹാസ ജനകമായിരുന്നു. എങ്കിലും ട്രംപ് ഭരണകൂടം ഇവർക്ക് അനുകൂലമായ നിയമങ്ങൾ പാസ്സാക്കുകയും ചെയ്തു.

ഒബാമയുടെ ഭരണകാലത്ത് നടപ്പാക്കിയിരുന്ന ഗർഭ നിരോധക നിയമങ്ങൾ ഇല്ലാതാക്കിക്കൊണ്ടു 2017 ഒക്ടോബറിൽ ട്രംപ് ഭരണകൂടം പുതിയ നിയമങ്ങൾ നടപ്പാക്കി. തൊഴിൽ നൽകുന്നവർക്ക് കൂടുതൽ അവകാശങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ളതായിരുന്നു ട്രംപിന്റെ നിയമം. മത വിശ്വാസം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് ഗർഭ നിരോധനം സംബന്ധിച്ചുള്ള പ്രീമിയം ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക്  നൽകേണ്ടതില്ല. മത വിശ്വാസത്തിനെതിരായുള്ള നിയമങ്ങൾ നടപ്പാക്കില്ലെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവിടെ പ്രസിഡന്റ് ട്രംപ് പാലിക്കുകയായിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തിലെ തൊഴിലുടമകൾക്കായുള്ള ഈ സൗജന്യം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.  ഒബാമ നിയമം അനുസരിച്ച് 55 മില്യൺ സ്ത്രീകൾക്ക് ഗർഭ നിരോധക (Contraceptives) സംരക്ഷണം ലഭിച്ചിരുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. ട്രംപിന്റെ നിയമപ്രകാരം അത്തരം ആനുകൂല്യങ്ങൾ ആയിരക്കണക്കിന് സ്ത്രീകൾക്ക് നഷ്ടപ്പെടുന്നു.

കന്യാസ്ത്രികൾക്ക് ക്യാൻസർ തടയാൻ ഗർഭ നിരോധക ഗുളികൾ നിർദ്ദേശിച്ചതിനെതിരെ 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് പൂവർ' (Little sisters of poor) എന്ന സംഘടന സുപ്രീം കോടതിയുടെ മുമ്പാകെ പ്രകടനം നടത്തിയിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം കന്യാസ്ത്രികൾക്ക് ഗർഭ നിരോധകങ്ങൾ നടപ്പാക്കുകയില്ലെന്നും അറിയിച്ചു. ഒബാമയുടെ കാലം മുതൽ തുടങ്ങിയതാണ് കന്യാസ്ത്രീകളുടെ ഈ സമരം. 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് പൂവർ' എന്ന കന്യാസ്ത്രീകളുടെ സംഘടന ട്രംപിന്റെ പുതിയ നിയമം സ്വാഗതം ചെയ്യുകയും ചെയ്തു. ഒബാമ നടപ്പാക്കിയ നിയമം കന്യാസ്ത്രീകളെ ചാവു ദോഷത്തിലേക്ക് നയിക്കുമെന്നായിരുന്നു അവരുടെ വാദം.

ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടുകളിലെ കൃഷിഭുമിയിൽ പണിയുവാൻ കൂടുതൽ മക്കളെ മാതാപിതാക്കൾ‍ക്ക് ആവശ്യമായിരുന്നു. അന്നു സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവരായി വളരെ വിരളം ജനത മാത്രമേയുണ്ടായിരുന്നുള്ളൂ. ജനം മെത്രാന്മാരുടെ രാജവിളംബരം കൈയും കെട്ടി വായും പൊത്തി ശ്രവിക്കുമായിരുന്നു. പട്ടിണിയിൽക്കൂടിയെ സഭ വളരുകയുള്ളൂവെന്ന ചിന്താഗതി സഭയെ നയിക്കുന്നുവെന്നു വേണം കരുതാൻ. ജനസംഖ്യ കൂടിയാൽ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുതൽ വൈദികരെ സൃഷ്ടിച്ച് അവരെ ഷന്ധന്മാരാക്കുകയുംചെയ്യാം. വിദേശത്തയച്ച് സാമ്പത്തിക ലാഭവുമുണ്ടാക്കാം. മെത്രാൻ വടിയും തൊപ്പിയും മോതിരവും എന്നും പൂജിതമായിരിക്കണമെന്നും സഭ കരുതുന്നു.

ലൈംഗിക സംഭോഗങ്ങളും മോഹങ്ങളും സന്താനോത്‌പാദനവുമെല്ലാം മനുഷ്യന്‍റെ മൌലിക ധർ‍മ്മങ്ങളില്‍പ്പെട്ടതാണ്. ലൈംഗികത സന്താനോത്പാദനത്തിനു മാത്രമെന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്‌. ലൈംഗികമോഹങ്ങളിൽ ‍ആനന്ദം കണ്ടെത്തുന്നവർ പാപികളാണെന്നും സഭ പഠിപ്പിക്കുന്നു. ഇതിനായി മാർ‍പാപ്പാമാർ ചാക്രിക ലേഖനങ്ങള്‍വരെ ഇറക്കിയിട്ടുണ്ട്. പ്രണയിനിയോട് കിടക്കയിൽ പങ്കിടുന്ന പ്രേമത്താലുള്ള ആനന്ദനിമിഷങ്ങൾ പോലും സഭയുടെ കാഴ്ചപ്പാടിൽ അസന്മാർ‍ഗികമാണുപോലും!

കുടുംബാസൂത്രണ പദ്ധതികളെപ്പറ്റി ഫ്രാൻസീസ് മാർപാപ്പായുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്. മാർപ്പാപ്പ പറഞ്ഞു, "ഗർഭഛിദ്രം, സ്വവർഗ വിവാഹങ്ങൾ, ഗര്‍ഭനിരോധ ഉപാധികൾ മാത്രമല്ല പ്രശ്നങ്ങളായി നാം  കണക്കാക്കേണ്ടത്. സഭയ്ക്ക് അതിലെല്ലാം വ്യക്തമായ നയങ്ങളുണ്ട്. ഞാനും സഭയുടെ എളിയ ഒരു പുത്രൻ മാത്രം. എല്ലാക്കാലത്തും ഇത്തരം പ്രശ്നങ്ങൾ ആവർത്തിച്ചു സംസാരിക്കേണ്ട ആവശ്യമില്ല."










No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...