Sunday, April 29, 2018

യാക്കോബായ -ഓർത്തോഡോക്സ് സഭകൾ, പാശ്ചാത്തല ചരിത്രം




ജോസഫ് പടന്നമാക്കൽ 

ക്രിസ്തുവിനു ശേഷമുള്ള ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയമായ ഒരു സഭ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആരംഭസഭ അപ്പോസ്തോലന്മാർ സ്ഥാപിച്ചുവെന്നാണ് വിശ്വാസം. ആദ്യത്തെ മൂന്നും നാലും നൂറ്റാണ്ടുകളിൽ തെറ്റായ പല വിശ്വാസങ്ങളെയും സഭ സ്വീകരിക്കുകയും ത്യജിക്കുകയും ചെയ്തിരുന്നു. എന്നാൽ ആദ്യമ സഭയിൽ പുലർത്തിവന്ന അന്ധവിശാസങ്ങൾ കാലക്രമത്തിൽ നവീകരണ ചിന്താഗതികളോടെ പരിവർത്തനങ്ങൾക്കു  വിധേയമായിക്കൊണ്ടിരുന്നു. പിന്നീട് പേഗൻ മതങ്ങളിൽനിന്നും യഹൂദ മതങ്ങളിൽനിന്നും പല വിധ പാരമ്പര്യങ്ങളും കൂട്ടിയിണക്കി സഭയുടെ വിശ്വാസത്തിന്റെ ഭാഗമായി മാറിയിരുന്നു. പൗരാഹിത്യം, കൂദാശകൾ, വിശുദ്ധന്മാരെ വാഴ്ത്തുക അങ്ങനെ പലതും പിൽക്കാലത്ത് സഭയിൽ വന്നുകൂടിയതാണ്.

അഞ്ചാം നൂറ്റാണ്ടായപ്പോൾ ദൈവിക ശാസ്ത്ര ചിന്തകളുടെ അടിസ്ഥാനത്തിൽ സഭയിൽ പൊട്ടിത്തെറികൾ ആരംഭിച്ചിരുന്നു. ഏഴാം നൂറ്റാണ്ടായപ്പോൾ കുറഞ്ഞ പക്ഷം നാല് വ്യത്യസ്ത സഭകളെങ്കിലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. റോമ്മായിലെയും കോൺസ്റ്റാന്റിനോപ്പിളിലെയും  സഭകൾ, ഓർത്തോഡോക്സ് സഭകൾ, നെസ്തോറിയൻ, യാക്കോബാ, കോപ്റ്റിക്ക് സഭകൾ എന്നിവകൾ അതിലുൾപ്പെടും. പതിനൊന്നാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ സഭയെ പടിഞ്ഞാറേ സഭ എന്നും കിഴക്കിന്റെ ഓർത്തോഡോക്സ് സഭയെന്നും രണ്ടായി വിഭജിച്ചു. കത്തോലിക്കാ സഭയൊഴിച്ച് മറ്റെല്ലാ സഭകളും അപ്പോസ്തോലന്മാർക്കു ശേഷമുള്ള മൂന്നും നാലും നൂറ്റാണ്ടുകളിൽ രൂപീകരിച്ചതാണ്. ഓരോ സഭകൾക്കും അതാതു സഭകളുടെ സ്ഥാപകരുള്ളപ്പോൾ കത്തോലിക്കാ സഭയ്ക്കു വ്യക്തമായ ഒരു സ്ഥാപകന്റെ ചരിത്രമില്ല. റോമൻ കത്തോലിക്ക സഭയൊഴിച്ച് മറ്റെല്ലാ സഭകളുടെയും സ്ഥാപകൻ അപ്പോസ്തോലന്മാർക്ക് ശേഷം വന്ന വ്യക്തികളാണ്. അക്കൂടെ പിരിഞ്ഞു പോയ സഭകളിൽ ലൂഥറൻ, ബാപ്റ്റിസ്റ്റ്, പ്രെസ്ബിറ്റേറിയൻ, ആംഗ്ലിക്കൻ, പെന്തകോസ്റ്റൽ എന്നിങ്ങനെ ക്രിസ്ത്യൻ വിഭാഗങ്ങൾ ഉൾപ്പെടുന്നു.

ബൈബിൾ വായിക്കുമ്പോഴും അപ്പോസ്തോലിക കാലത്തുണ്ടായിരുന്ന സഭയുടെ ചരിത്രം പഠിക്കുമ്പോഴും ആദ്യമ സഭയായിരുന്ന റോമൻ കത്തോലിക്ക സഭ ക്രിസ്തുമതത്തോട് സാമ്യമുണ്ടോയെന്നുള്ളത് മറ്റു സഭകളുടെ എന്നുമുള്ള ചർച്ചാ വിഷയങ്ങളാണ്. കാരണം, ലൂഥറൻ സഭകളും, ഡച്ചു നവീകരണ സഭകളും കത്തോലിക്ക സഭയിൽനിന്ന് പിരിഞ്ഞു പോയപ്പോൾ അവരാണ് യഥാർത്ഥ ക്രിസ്ത്യാനികളെന്നാണ് അവകാശപ്പെട്ടത്. ബൈബിളിലെ വചനങ്ങൾ വ്യാഖ്യാനിച്ചാണ് ഓരോരുത്തരും സത്യമായ സഭയേതെന്ന് തെളിയിക്കുന്നത്. റോമ്മാ സഭയാണ് ആദ്യമുണ്ടായിരുന്നെങ്കിലും പിന്നീടു വന്ന സഭകളും ക്രിസ്തുവിന്റെ കാലത്തോളം പാരമ്പര്യം അവകാശപ്പെടുന്നു.

യാക്കോബായ സഭ കിഴക്കിന്റെ സഭകളെന്നാണ് അറിയുന്നത്. കൂടാതെ അന്തിയോക്ക്യൻ സിറിയൻ ഓർത്തോഡോക്സ് സഭയെന്നും പറയുന്നു. എ.ഡി.451-ൽ കൂടിയ കൌൺസിൽ ഓഫ് ചാൾസിഡോണിൽ ചില അംഗങ്ങൾ ക്രിസ്തുവിൽ ഏകസ്വഭാവമെന്ന വാദങ്ങളുന്നയിച്ചു. ഏകസ്വഭാവ വാദികളെ ജസ്റ്റിൻ 1 ചക്രവർത്തിയും അദ്ദേഹം നിയമിച്ച ബിഷപ്പുമാരുമൊത്ത് എ.ഡി 510-ൽ കോൺസ്റ്റാന്റിനോപ്പിളിയിൽ കൂടിയ സഭയിൽ നിന്നും പുറത്താക്കി. മതനിന്ദയെന്നു പറഞ്ഞായിരുന്നു കാരണം കാണിച്ചിരുന്നത്. അക്കൂടെ അമ്പത് ബിഷപ്പുമാരെയും പുറത്താക്കിയിരുന്നു. ചക്രവർത്തിയുടെ സ്വാധീനത്തിൽ ഏക സ്വഭാവ വാദികളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. യേശുവിന്റെ മനുഷ്യനായ സൃഷ്ടിയെ പരിപൂർണ്ണ ദൈവമായി ഏക സ്വഭാവവാദികൾ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസത്തിൽ യേശു ഭൂമിയിൽ മനുഷ്യനായി വന്നെങ്കിലും ദൈവ സത്ത പൂർണ്ണമായി നിറഞ്ഞിരുന്ന അദ്ദേഹം മനുഷ്യനല്ലായിരുന്നു. മനുഷ്യരൂപത്തിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തുവെന്നു ഏകസ്വഭാവ വാദികൾ വിശ്വസിച്ചിരുന്നു. പിന്നീട് നാഥനില്ലാത്ത അലഞ്ഞുനടന്നിരുന്ന ഏകസ്വഭാവ വാദികളെ 'യാക്കോബായ' എന്നറിയപ്പെടാൻ തുടങ്ങി. എഡെസയിൽ ജീവിച്ചിരുന്ന യാക്കോബ് ബറദായി എന്ന ഒരു സന്യാസി വര്യനായിരുന്നു ഏക സ്വഭാവ വാദികളുടെ നേതാവ്. ആ പുരോഹിതന്റെ പേരിനൊപ്പം യാക്കോബായ സഭയെന്നറിയപ്പെട്ടു.

എ.ഡി. 540-ൽ ക്രിസ്തുവിൽ ഏകസ്വഭാവത്വം പ്രചരിപ്പിക്കാനായി 'യാക്കോബ്' കോൺസ്റ്റാനോപ്പിൾ മുഴുവൻ യാത്ര ചെയ്തിരുന്നു. അദ്ദേഹത്തെ എതിരാളികളായ ബിഷപ്പുമാർ പതിനഞ്ചു കൊല്ലം ജയിലിൽ അടച്ചിരുന്നു. പിന്നീട് യാക്കോബ് ഏകസ്വഭാവ വാദികളുടെ ബിഷപ്പായി തെരഞ്ഞെടുത്തു. സിറിയയിൽ യാക്കോബാ സഭ സ്ഥാപിക്കുകയും പ്രവർത്തന മണ്ഡലങ്ങൾ അവിടെയാക്കുകയും ചെയ്തു. എ.ഡി.512-ൽ യാക്കോബായിലെ മെത്രാനായ 'സെർവിയൂസിനി'യെ യാക്കോബിന്റെ പിന്തുടർച്ചക്കാരനായി തെരഞ്ഞെടുത്തു.  യാക്കോബിനെ അന്തിയോക്ക്യയിലെ ആദ്യത്തെ പാത്രിയാർക്കീസായി ആദരിക്കുന്നു.  അദ്ദേഹം 89 ബിഷപ്പുമാരെയും അനേകം പുരോഹിതരെയും നിയമിച്ചിരുന്നുവെന്നും പറയപ്പെടുന്നു. യാക്കോബ സഭ എന്ന പേര് ലഭിച്ചത് പഴയ നിയമത്തിലെ യാക്കോബിൽ നിന്നുമായിരുന്നെന്ന് വാദങ്ങൾ ഉണ്ട്. യഹൂദന്മാർ ക്രിസ്ത്യാനികളായി മതം മാറിയപ്പോൾ യാക്കോബാ സഭയെന്നറിയപ്പെട്ടുവെന്നും പറയുന്നു.

ആദ്യ ക്രിസ്ത്യാനികളുടെ ഉറവിടം അന്തിയോക്ക്യയായിരുന്നു. അവിടെയായിരുന്നു യാക്കോബായ  സഭയുടെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നിരുന്നത്.  എ.ഡി. 538-ൽ സെർവിയൂസിനിന്റെ മരണശേഷം യാക്കോബായക്കാരെ അന്തിയോക്കിയായിൽ നിന്നും പുറത്താക്കിയിരുന്നു. യാക്കോബായക്കാരെന്ന പേര് അവരിൽ ഉറച്ചത് അവരുടെ എതിരാളികളായ ഗ്രീക്ക് ഓർത്തോഡോക്സ് സഭകളിൽ നിന്നുമായിരുന്നു. ഓർത്തോഡോക്സ് സഭകളിൽ അവരെ യാക്കോബിന്റെ അനുയായികളെന്ന അർത്ഥത്തിൽ യാക്കോബായക്കാരെന്ന് അറിയപ്പെടാനും തുടങ്ങി.

ദേശീയവും സാംസ്ക്കാരികവും ദൈവ ശാസ്ത്രപരമായും വൈരുദ്ധ്യങ്ങൾ നിറഞ്ഞ കാരണങ്ങളാൽ  യാക്കോബയാക്കാരും മറ്റു ഗ്രീക്കു ക്രിസ്ത്യാനികളും തമ്മിൽ എന്നും ഏറ്റുമുട്ടലുകളും പരസ്പ്പര മത്സരങ്ങളുമുണ്ടായിരുന്നു. സിറിയൻ ചിന്താഗതികളും ഹെലനിസ്റ്റിക്ക് സംസ്ക്കാരവുമായുള്ള അന്തരവും പരസ്പ്പര മത്സരത്തിന് കാരണമായിരുന്നു. യേശുവിന്റെയും അപ്പോസ്തോലന്മാരുടെയും  സുവിശേഷം പ്രസംഗിക്കുന്നതിനൊപ്പം അന്തിയോക്ക്യൻ ക്രിസ്ത്യാനികളെ യഹൂദ പാരമ്പര്യവും സ്വാധീനിച്ചിരുന്നു. എ.ഡി. 661-750 ൽ സിറിയയിൽ ഉമയാദ് രാജവംശം നിലവിലുണ്ടായിരുന്ന സമയം യാക്കോബായ വിശ്വസം ശക്തിപ്പെട്ടു. കാരണം, മുസ്ലിം രാജാക്കന്മാർക്ക് മറ്റുള്ള ക്രിസ്തീയ വിശ്വാസത്തെക്കാൾ പ്രിയം യാക്കോബായ വിശ്വാസമായിരുന്നു.

ചാൾസിഡോൺ കൗൺസിലിനു ശേഷം സിറിയയിൽ യാക്കോബായക്കാരും ഓർത്തോഡോക്സ് ക്രിസ്ത്യാനികളും തമ്മിൽ ശത്രുത വർദ്ധിച്ചു. ഇവർ ഇരുകൂട്ടരും തമ്മിലുള്ള വഴക്കുകൾ നൂറു വർഷങ്ങളോളം നിലനിന്നിരുന്നു. അന്തിയോക്ക്യ പാത്രീയാക്കീസിന് ഒരേ തത്ത്വത്തിലധിഷ്ഠിതമായ വിശ്വാസത്തിനുപകരം പലപ്പോഴും ചഞ്ചലമായ വിശ്വാസമായിരുന്നുണ്ടായിരുന്നത്. ചില സമയം ക്രിസ്തുവിൽ ഏക സ്വഭാവമെന്നു പഠിപ്പിക്കും. മറ്റുസമയങ്ങളിൽ ഓർത്തോഡോക്സ് ചിന്താഗതികളും പഠിപ്പിച്ചിരുന്നു. ഇവരിൽ ഏറ്റവും പ്രധാന പാത്രിയർക്കീസ് 'മാർ സെർവിയൂസിനി' ആയിരുന്നു.  ഗ്രീക്ക് ഭാഷകളിൽ പുസ്തകങ്ങളും രചിച്ചിരുന്നു. മരണം വരെ ഏകസ്വഭാവ വിശ്വാസികളുടെ നേതാവുമായിരുന്നു.

ഏകസ്വഭാവ വാദികളും ഓർത്തോഡോക്സുകാരും തമ്മിലുള്ള പിളർപ്പുകൾ ജസ്റ്റിറ്റീനിയൻ രണ്ടാമൻ  ചക്രവർത്തിയുടെ കാലത്ത് അതി രൂക്ഷമായിരുന്നു. ഈ ചക്രവർത്തിയുടെ കാലത്ത് ഏകസ്വഭാവ വാദികളായ യാക്കോബായക്കാരെ പീഡിപ്പിച്ചിരുന്നു. അന്തിയോക്ക്യയിൽ നിന്നു  പുറത്താക്കിയിരുന്നെങ്കിലും അവരുടെ പാത്രീയാക്കീസുമാർ 'അന്തിയോക്ക്യയുടെ പാത്രീയാക്കീസെന്ന്' സ്വയം സംബോധന ചെയ്യുമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ അവർ സ്വന്തം രാജ്യത്ത് താമസിക്കാനാകാതെ മറ്റു രാജ്യങ്ങളിലായിരുന്നു താമസിച്ചിരുന്നത്.

എഡേസ്സായിലും അന്ത്യോക്ക്യയിലും ജെറുസലേമിലുമുള്ള പ്രാദേശിക ക്രിസ്ത്യൻ വിഭാഗങ്ങളുടെ പരസ്പരമുള്ള വഴക്കുകളും കലഹങ്ങളും മുസ്ലിം ഭരണാധികാരികളുടെ അപ്രീതിയും യാക്കോബായ സഭയെയും ബാധിച്ചിരുന്നു. എങ്കിലും കുരിശു യുദ്ധ കാലത്ത് യാക്കോബായക്കാർ മറ്റുള്ള ക്രിസ്ത്യാനികളുമായി ഒരു മിലിറ്ററി കൂട്ടുകെട്ടിന് പോകാത്തതുകൊണ്ടു മുസ്ലിമുകളിൽനിന്നു പ്രതികാരങ്ങൾ ഒന്നും ഉണ്ടായില്ല. 1258-ൽ മംഗോളിയർ ഇറാക്ക് ആക്രമിച്ചപ്പോൾ താൽക്കാലികമായി കഷ്ടപ്പാടുകൾ യാക്കോബായ സമുദായത്തിനുണ്ടായി. പിന്നീട് നെസ്തോറിയൻ ക്രിസ്ത്യാനികളുടെ സ്വാധീനവും യാക്കോബായ സഭയിലുണ്ടായി.

മംഗോളിയൻമാർ പരാജയപ്പെട്ടശേഷം പ്രാദേശിക ക്രിസ്ത്യൻ സഭകളെ മംലൂക്ക്‌ സുൽത്താന്മാരും പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. വിദേശത്തുള്ള ക്രിസ്ത്യൻ നേതാക്കന്മാർക്ക്, സുൽത്താൻ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ടൈമൂറിന്റെ ആക്രമം മൂലം ടൂർ ആബിദിൻ എന്ന പ്രദേശത്തെ ഭൂരിഭാഗം യാക്കോബായക്കാർ മരണമടഞ്ഞു. മാർദീനിലും മൊസൂളിലും ഒരിക്കൽ ഭൂരിപക്ഷമായിരുന്ന യാക്കോബായക്കാർ ന്യുനപക്ഷമായി മാറുകയും ചെയ്തു. അലപ്പോയ്ക്ക് കിഴക്കും പടിഞ്ഞാറും മൊസൂളിനു വടക്കുമായി യാക്കോബായക്കാർ സമൂഹമായി താമസിച്ചിരുന്നു. വടക്കേ മെസൊപൊട്ടോമിയായിൽ നിന്ന് യാക്കോബായ സഭ ഇറാൻ വരെ പടർന്നിരുന്നു. അവിടെ നെസ്തോറിയൻ സഭ വളർന്നു പന്തലിച്ചിരുന്നു.

ഓട്ടോമൻ രാജവംശത്തിന്റെ കാലത്ത് യാക്കോബായക്കാരുടെയിടയിൽ വ്യവസായങ്ങൾ അഭിവൃത്തി പ്രാപിക്കുന്നുണ്ടായിരുന്നു.    കാത്തലിക്ക് മിഷൻ പ്രവർത്തനം ആരംഭിക്കുകയും അനേകരെ കത്തോലിക്കരാക്കി റോമിന്റെ കീഴിലാക്കുകയുമുണ്ടായി. കൽദായ വാദങ്ങൾക്കെതിരെ കത്തോലിക്കരിൽ ഒരു വൈരാഗ്യ മനോഭാവവും മിഷ്യനറിമാർ സൃഷ്ടിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇവരെ സിറിയൻ കത്തോലിക്കരെന്നും സിറിയൻ ഓർത്തോഡോക്‌സെന്നും രണ്ടായി അറിയപ്പെടാൻ തുടങ്ങി. യാക്കോബായക്കാർ അവരുടെ ഭാഷയായി സുറിയാനി ഉപയോഗിച്ചിരുന്നു. അറബികൾ ആക്രമിച്ച ശേഷം ആരാധന അറബിയിലുമായി. "മുസ്ലിമുകൾ യാക്കോബായ പള്ളികളുമായി ആചാരങ്ങളിൽ പങ്കു വെച്ചിരുന്നുവെന്നും  ക്രിസ്ത്യൻ  ദിവ്യന്മാരെയും ബഹുമാനിച്ചിരുന്നുവെന്നും" എപ്പിസ്കോപ്പൽ മിഷനറി 'ഹൊറാറ്റിയോ സൗത്ത്ഗേറ്റ് ' രേഖപ്പെടുത്തിയിരിക്കുന്നു. കാരണം ക്രിസ്ത്യാനികളുടെ പൂർവികർ ഇസ്‌ലാമായി മതം മാറിയെന്ന വിശ്വാസമായിരുന്നുണ്ടായിരുന്നത്.

ഏഴാം നൂറ്റാണ്ടിൽ മിഡിൽ ഈസ്റ്റിൽ യാക്കോബയാക്കാർ സാമ്പത്തികമായും സാമൂഹികമായും വളരെയേറെ പുരോഗതി പ്രാപിച്ചിരുന്നു. എ.ഡി 720-ൽ, 'ജെയിംസ് ഓഫ് എഡെസ' അവരുടെയിടയിൽ പ്രമുഖനായ ഒരു എഴുത്തുകാരനായിരുന്നു. ഒരു കവിയും പോരാഞ്ഞ് ഗ്രീക്കിൽനിന്ന് ഗ്രന്ഥങ്ങളും പരിവർത്തനം ചെയ്തിരുന്നു. മദ്ധ്യകാലത്തെ എഴുത്തുകാരിൽ ഗ്രിഗറി ബാർ ഹെബ്രോയൂസ് (1286),മൊസൂൾ ഭാഗങ്ങളിൽ സേവനം ചെയ്തിരുന്നു. മുസ്ലിം ഭരണകാലത്ത് യാക്കോബായ സഭ ശാസ്ത്രത്തിലും, മെഡിസിനിലും, സാഹിത്യത്തിലും പ്രഗത്ഭരും നിരവധി നേട്ടങ്ങളും കൊയ്തിരുന്നു.  മുസ്ലിം സാഹിത്യവും സഭയെ സ്വാധീനിച്ചിരുന്നു.

ഓട്ടോമൻ രാജവംശത്തിന്റെ കാലത്ത് രാജാക്കന്മാർ യാക്കോബായ ആദ്ധ്യാത്മിക നേതൃത്വത്തെയും അവരുടെ സ്ഥാനമാനങ്ങളെയും ബഹുമാനിച്ചിരുന്നു. ഓട്ടോമൻ സുൽത്താന്റെ ഭരണപരമായ നയങ്ങളിലും യാക്കോബായ സമുദായത്തിന് സ്വാധീനമുണ്ടായിരുന്നു. ദൈവശാസ്ത്രപരമായി അവർ കൂടുതലും കോപ്റ്റിക്ക് മതങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പാത്രിയാക്കീസിനെ തെരഞ്ഞെടുത്തിരുന്നത് സഭാമക്കളായിരുന്നു. യാക്കോബായ ബിഷപ്പുമാർ, മാർഡിനെന്ന സ്ഥലത്ത് വസിച്ചിരുന്നു. മെത്രാന്മാരെ ആശ്രമമായി ജീവിച്ചിരുന്ന പുരോഹിതരിൽ നിന്നും  തെരഞ്ഞെടുത്തിരുന്നു. മെത്രാന്മാർക്ക് അവരുടെ സഭാമക്കളുടെ പേരിൽ ജഡ്ജിമാരുടെ അധികാരമുണ്ടായിരുന്നു. വിവാഹവും വിവാഹ മോചനവും വിധി കല്പിച്ചിരുന്നതും മെത്രാന്മാരായായിരുന്നു. ഒരു മെത്രാനാകുന്ന ഒരാൾക്ക് കുറഞ്ഞത് 35 വയസുണ്ടായിരിക്കണം. ഡീക്കൻമാർക്ക് 20 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. അവർക്ക് സുറിയാനിയിൽ ഗീതങ്ങൾ വായിക്കാൻ കഴിവുമുണ്ടായിരിക്കണം. പാരീഷ് കൗൺസിലുകൾ പാരീഷ് പുരോഹിതനെ തെരഞ്ഞെടുത്തിരുന്നു. യാക്കോബായ സന്യാസിമാർക്കായി ആശ്രമങ്ങൾ വ്യാപകമായുണ്ടായിരുന്നു. ഓരോ ആശ്രമങ്ങളും ബിഷപ്പുമാരുടെ അധികാരപരിധിയിൽ പ്രവർത്തിച്ചിരുന്നു.

ഇന്ന് യാക്കോബായക്കാർ കൂടുതലും വടക്കേ ഇറാക്കിലാണ് കാണുന്നത്. ടർക്കിയിലും യാക്കോബായക്കാർ അധിവസിക്കുന്നു. ടർക്കിയിൽ രണ്ടു ലക്ഷം യാക്കോബായക്കാരുണ്ട്.  ഇറാക്കിലും സിറിയയിലും അതെ അനുപാതത്തിൽ രണ്ടു ലക്ഷം വീതം യാക്കോബായക്കാരുണ്ടെന്ന് അനുമാനിക്കുന്നു. മൊസൂളിലും ഡമാസ്‌ക്കസിലും യാക്കോബായക്കാർ വസിക്കുന്നു. കച്ചവടക്കാരാണ് കൂടുതലും. സ്വർണ്ണ വ്യാപാരികളും ധാരാളം. ഇസ്റ്റാമ്പുളിലും യാക്കോബായ പള്ളികളുണ്ട്. വളരെയേറെ പൗരാണിക പള്ളികളും യാക്കോബായക്കാരുടെ വകയായി ടർക്കിയിലുണ്ട്.

ഭാരത സഭയിൽ, യാക്കോബായും ഓർത്തോഡോക്സും തമ്മിലുള്ള കലഹം വ്യക്തമാക്കണമെങ്കിൽ 1599ലെ ഉദയംപേരൂർ സുനഹദോസിന്റെ കാലം വരെ എത്തേണ്ടിയിരിക്കുന്നു.  സെന്റ് തോമസ് ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള നിയമങ്ങൾക്ക് അടിത്തറ ഉണ്ടാക്കിയത് ഉദയം പേരൂർ സുനഹദോസായിരുന്നു. അതുവരെ കത്തോലിക്കാ സഭയുമായി ഒരു ഐക്യദാർഢ്യത്തിൽ യാക്കോബായ സഭയും ഒത്തുപ്രവർത്തിക്കുകയായിരുന്നു. യാക്കോബായ സഭകൾ പിന്നീട് റോമിന്റെ കീഴിലുള്ള സഭയുമായി ബന്ധം വേർപെടുത്തേണ്ടി വന്നു. അവർ അന്ത്യോക്ക്യ ബാവായുടെ കീഴിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയൂം മാർപാപ്പായുടെ നിയമങ്ങൾ ത്യജിക്കുകയും ചെയ്തു. യാക്കോബായക്കാരെ അന്നുമുതൽ പുത്തൻകൂറ്റുകാരെന്നും കത്തോലിക്കരെ പഴയകൂറ്റുകാരെന്നും അറിയപ്പെട്ടു.

ഉദയംപേരൂർ സുനഹദോസിനുശേഷം കത്തോലിക്കാ സഭയിൽനിന്നു വേറിട്ട യാക്കോബായ സഭയിൽ വീണ്ടും വിഭജനമുണ്ടായി. ഒരു ഗ്രുപ്പ് അന്ത്യോക്ക്യ പാത്രിയർക്കീസിന്റെ കീഴിലുള്ള ബാവകക്ഷിയെന്നു(യാക്കോബായ സഭ) അറിയപ്പെടുകയും ചെയ്തു. രണ്ടാമത്തെ വിഭാഗം കോട്ടയത്തുള്ള ബാവയെ പിന്താങ്ങി. അവരെ മെത്രാൻ കക്ഷി (ദി കേരള മലങ്കര ഓർത്തോഡോക്സ് ചർച്ച്) എന്നറിയപ്പെട്ടിരുന്നു. കേരള യാക്കോബായ സഭയിലെ വട്ടശേരിൽ മാർ ദീവന്നാസ്യോസിനെ 1908-ൽ അന്തിയോക്ക്യ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദേദ് മുടക്കിയതു വിഭജനത്തിനു കാരണമായിരുന്നു.

'വട്ടിപ്പണക്കേസ്' എന്നത് യാക്കോബായ ഓർത്തോഡോക്സ് സഭകളിൽ അരങ്ങേറിയ സുപ്രധാനമായ ഒരു കോടതി വ്യവഹാരമായിരുന്നു. ഈ കേസ് ഇരുസഭകളിലും പതിറ്റാണ്ടുകളോളം നില നിന്നിരുന്നു. വട്ടി എന്നാൽ പലിശയെന്നർത്ഥം. യാക്കോബായ സഭയും ഓർത്തോഡോക്സ് സഭയും ഒന്നായിരുന്ന കാലത്ത് ആറാം മാർത്തോമ്മാ മെത്രാ പ്പോലീത്താ മലങ്കര സഭയിലെ സെമിനാരി പിള്ളേരെ പഠിപ്പിക്കാനായി ബ്രിട്ടീഷ് സർക്കാരിന്റെ ബാങ്കിൽ സ്ഥിര നിക്ഷേപം ആരംഭിച്ചിരുന്നു. ഏഴാം മാർത്തോമ്മായുടെ കാലത്ത് ഈ നിക്ഷേപം വളരുകയും ചെയ്തു. വട്ടിപ്പണത്തിൽ നിന്നുണ്ടാകുന്ന നിക്ഷേപമോ പലിശയോ പിൻവലിക്കാനുള്ള അധികാരം അതാത് കാലത്തെ മലങ്കര മെത്രാപ്പോലീത്താമാർക്കായിരുന്നു. അതിനിടയിലാണ് അന്ത്യോക്ക്യ പാത്രീയാക്കീസായിരുന്ന അബ്ദുള്ള പാത്രീയാക്കീസ്, മലങ്കരയിലെ മെത്രാപ്പോലീത്താ മാർ ഗീവർഗീസ് ദിവാനിയോസിനെ (വട്ടശേരി) സഭയുടെ ചുമതലകളിൽനിന്നും മുടക്കിയത്. വട്ടിപ്പണം കൈകാര്യം ചെയ്യാനുള്ള അവകാശം നിക്ഷിപ്തമായിരുന്നത് മാർ ഗീവർഗീസ് ദിവ്യനോസിലായിരുന്നു. . തുടർന്നുള്ള സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ 1913-ൽ വട്ടിപ്പണക്കേസ് ആരംഭിച്ചു. 'അബ്ദുല്ല പാത്രീയാക്കീസ്‌' മലങ്കരയുടെ മേൽ അധികാരമുള്ള പാത്രിയാക്കീസെന്ന നിലയിൽ! വട്ടിപ്പണം പിൻവലിക്കാൻ വട്ടശേരി മെത്രാന് അധികാരമില്ലെന്നുള്ള വാദം തുടങ്ങി. വട്ടിപ്പണത്തിന്റെ അവകാശത്തിന്മേൽ കേസ് കോടതിയിലുമെത്തി. 1923-ൽ വട്ടിപ്പണക്കേസിൽ മെത്രാൻ കക്ഷിയായ വട്ടശേരിക്കെതിരെ ജസ്റ്റിസ് വീര രാഘവ അയ്യരുടെ വിധിയുണ്ടായി. പ്രതികൂല വിധിയുണ്ടായ സാഹചര്യത്തിൽ മെത്രാൻ കക്ഷി, കേസ് പുനരാലോചിക്കാനായി വീണ്ടും അപ്പീൽ നൽകി. 1928-ൽ മലങ്കര മെത്രാപ്പോലീത്തായെ പൂർണ്ണമായി അംഗീകരിച്ചുകൊണ്ട് വട്ടശേരിയ്ക്ക് അനുകൂലമായ വിധിയും വന്നു.

1926-ൽ ബഥനിയുടെ എപ്പിസ്കോപ്പാ ആയിരുന്ന മാർ ഈവാനിയോസ് ബിഷപ്പിന്റെ നേതൃത്വത്തിൽ പരുമലയിൽ വെച്ച് മലങ്കരസഭയുടെ ഒരു സൂനഹദോസ് കൂടിയിരുന്നു. സഭാ വഴക്കിൽ അസ്വസ്ഥരായിരുന്ന ഏതാനും ബിഷപ്പുമാരുമൊത്ത് റോമൻ കത്തോലിക്കസഭയിൽ ലയിക്കാനായിരുന്നു സൂനഹദോസ് വിളിച്ചുകൂട്ടിയിരുന്നത്. അതിനായി മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ മെത്രാൻ കക്ഷിക്ക് അനുകൂലമായ വിധി വന്നതു കൊണ്ട് മറ്റു മെത്രാന്മാർ റോമൻ കത്തോലിക്ക സഭയിൽ ലയിക്കുന്നതിൽനിന്നും പിന്മാറിയിരുന്നു. എങ്കിലും മാർ ഈവാനിയോസും അനുയായികളും മലങ്കര ഓർത്തോഡോക്സ് സഭ വിട്ടു മലങ്കര കത്തോലിക്ക സഭ സ്ഥാപിക്കുകയാണുണ്ടായത്.

1934-വരെ ഇരുകൂട്ടരുടെയും സമരങ്ങൾ സമാധാനപരമായി തുടർന്നിരുന്നു. 1934-ൽ രണ്ടു ഗ്രൂപ്പുകളും ബസേലിയോസ് ഗീവർഗീസ് കാതോലിക്കയെ ബിഷപ്പായി തെരഞ്ഞെടുക്കാൻ കോട്ടയത്ത് സമ്മേളിച്ചിരുന്നു. തെരഞ്ഞെടുക്കുന്ന കാതോലിക്ക അന്ത്യോക്ക്യാ ബാവായുടെ കീഴിലായിരിക്കില്ലെന്നു ഓർത്തോഡോക്സ് സഭക്കാരുടെ വ്യവസ്ഥയുമുണ്ടായിരുന്നു. അധികാരം മുഴുവൻ കോട്ടയം ബിഷപ്പിനും അന്ത്യോക്ക്യാ ബാവയെ ആത്മീയ നേതൃത്വമായി മാത്രം അംഗീകരിക്കാമെന്നുമായിരുന്നു തീരുമാനം. അന്ത്യോക്ക്യാ പാത്രീയാക്കീസിന് സഭാ മക്കളുടെമേൽ അവകാശങ്ങളൊന്നുമില്ലെങ്കിലും യാക്കോബായ നേതൃത്വവും തെരഞ്ഞെടുപ്പുടമ്പടികളിൽ ഒപ്പു വെച്ചിരുന്നു.

1958-ൽ ഇരു സഭകളിലും സമാധാന ഐക്യം സ്ഥാപിച്ചിരുന്നു. 1964-ൽ അന്തിയോക്ക്യ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ ബാവായെ മെത്രാൻ കക്ഷി ബാവായായ മാർ തിമോത്തിയോസ് ഔഗേൻ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കോട്ടയത്തു വമ്പിച്ച സ്വീകരണം നൽകി സ്വീകരിച്ചു. ഇരു സഭകളും തമ്മിൽ ഐക്യം സ്ഥാപിച്ചതും ചരിത്ര മുഹൂർത്തമായിരുന്നു. മെത്രാൻ കക്ഷി ബാവായെ അന്ന് വാഴിച്ചതും അന്ത്യോക്ക്യ ബാവായായിരുന്നു.

1975-ൽ തർക്കം വീണ്ടും മൂർച്ഛിക്കുകയും രണ്ടാം പിളർപ്പിലേക്ക് വഴിതെളിയിക്കുകയും ചെയ്തു. നിലവിലുള്ള ഓർത്തോഡോക്സ് സഭയുടെ കാതോലിക്കായെ യാക്കോബായ സഭ അംഗീകരിക്കാതെയും പുതിയ ബാവായെ തെരഞ്ഞെടുക്കുകയും ചെയ്തു. മോർ ഫീലക്സീനോസ് മെത്രാപ്പൊലീത്തായെ ഈ സ്ഥാനത്തേക്ക് അന്തിയോക്ക്യ പാത്രിയർക്കീസ് വാഴിച്ചു. പിളർപ്പിനു മുമ്പുണ്ടായിരുന്ന 'കാതോലിക്കാ ഔഗേൻ ഒന്നാമൻ' ഓർത്തോഡോക്സ് വിഭാഗത്തിന്റെ കാതോലിക്കയായി തുടരുകയും ചെയ്തു. അങ്ങനെ പിളർപ്പ് ശക്തി പ്രാപിക്കുകയും ഒരേ സമയത്തുതന്നെ രണ്ടു ബാവകൾ സഭകളെ നയിക്കുകയും ചെയ്തു.

2002-ൽ അന്ത്യോക്ക്യാ പാത്രിയാക്കീസിനെ പിന്തുണച്ച യാക്കോബായക്കാർ എറണാകുളത്ത് പുത്തൻ കുരിശിൽ സമ്മേളിച്ച് സഭയ്ക്ക് പുതിയ നിയമാവലിയുണ്ടാക്കി. യാക്കോബായ സഭയെ 'യാക്കോബായ സുറിയാനി ക്രിസ്ത്യാനികളെന്ന' നാമകരണവും ചെയ്തു. യാക്കോബായക്കാർ നിയന്ത്രിച്ചിരുന്ന പല പള്ളികളിലും ചേരി തിരിഞ്ഞുള്ള വഴക്കുകളുമാരംഭിച്ചു. പുത്തൻ കുരിശു കേന്ദ്രമാക്കിയുള്ള യാക്കോബായക്കാരും കോട്ടയം ദേവലോകം അരമന കേന്ദമാക്കിയുള്ള ഓർത്തോഡോക്സ് പള്ളികളും തമ്മിൽ ശക്തമായ അധികാര വടംവലികളും തുടങ്ങി. വർഷങ്ങളോളം കലഹം തുടർന്നുകൊണ്ടിരുന്നു. പള്ളികളുടെ മുമ്പിൽ പ്രതിക്ഷേധങ്ങൾ നിത്യ സംഭവങ്ങളായിരുന്നു. അനേകം പള്ളികൾ അടച്ചുപൂട്ടി. വർഷങ്ങളായി കോലഞ്ചേരി പള്ളി അടച്ചുപൂട്ടിയിരിക്കുന്നു. ഓർത്തോഡോക്സ് സഭ പള്ളി തുറക്കാൻ ശ്രമിക്കുമ്പോഴെല്ലാം യാക്കോബാ സഭ തടയുമായിരുന്നു. രണ്ടു കൂട്ടർക്കും വ്യത്യസ്ത സമയങ്ങളിൽ കുർബാന അർപ്പിച്ചാലും പ്രശ്നങ്ങളുണ്ടാവുമായിരുന്നു.

1934-ലെ ഉടമ്പടി ഓർത്തോഡോക്സ് സഭകൾക്ക് അനുകൂലമായിരിക്കെ 1995-ൽ ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിന്മേൽ കേസ് സുപ്രീം കോടതിയിൽ എത്തി. 2013 ജൂലൈയിലുണ്ടായ സുപ്രീം കോടതി വിധി ഒരു തീരുമാനം കൽപ്പിച്ചതും ഇരു സഭകളുടെയും കലഹത്തിന് ഒരു താൽക്കാലിക ശമനമുണ്ടാകാൻ കാരണമായി. 1934-ൽ ഇരു സഭകളുമുണ്ടാക്കിയ ഉടമ്പടി സുപ്രീം കോടതി ശരിവെച്ചു. 2002-ൽ യാക്കോബായ സഭയുണ്ടാക്കിയ നിയമാവലി സാധുവല്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. 2017 ജൂലയിലുണ്ടായ സുപ്രീം കോടതി വിധിയിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണെന്ന് ശരി വെക്കുകയായിരുന്നു. 1934-ലെ ഉടമ്പടി പ്രകാരം എല്ലാ ഇടവകകളും രൂപതകളും ഓർത്തോഡോക്സ് സഭയുടെയും ബിഷപ്പുമാരുടെയും അധികാര പരിധിയിലെന്നായിരുന്നു വിധി. കേസ്, കോലഞ്ചേരി, മണ്ണത്തൂർ, വാരിക്കോലി പള്ളികളുടെ അവകാശത്തർക്കങ്ങൾ പരിഹരിക്കാൻ വേണ്ടിയായിരുന്നെങ്കിലും ഈ നിയമം എല്ലാ യാക്കോബായ ഓർത്തോഡോക്സ് പള്ളികൾക്കും ഒരുപോലെ ബാധകമാണെന്ന് സുപ്രീം കോടതി വിധിയിലുണ്ടായിരുന്നു.

സാങ്കേതികമായി യാക്കോബായക്കാർ മലങ്കര സഭയുടെ വേറിട്ട ഭാഗമല്ല. അവർക്ക് പെന്തിക്കോസ്സ്കാരെപ്പോലെ സ്വതന്ത്രമായ സഭയായോ ഓർത്തോഡോക്സ് സഭയോട് ലയിക്കുകയോ ചെയ്യാം. എന്നിരുന്നാലും യാക്കോബായ സഭ, ഓർത്തോഡോക്സ് സഭയുമായി യോജിക്കുന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അവരുടേതായ പള്ളികൾ പണിയുന്ന കാര്യത്തിലും തീരുമാനമായില്ല. സുപ്രീം കോടതി തീരുമാനം പുനഃ പരിശോധിക്കാൻ അപ്പീലിന് പോകാൻ തയ്യാറാവുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം രണ്ടു വിഭാഗങ്ങളും ഒരേ ആചാരങ്ങളും വിശ്വാസങ്ങളുമാണ് പിന്തുടരുന്നത്. ഇരുകൂട്ടരും തങ്ങളുടെ അധീനതയിലുള്ള  പള്ളികളിൽ പ്രാർത്ഥനകൾ തുടർന്നുകൊണ്ടിരിക്കുന്നു.  പുതിയ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ യാക്കോബായ സഭയ്ക്ക് സ്വതന്ത്ര സഭയായി പ്രവർത്തിക്കുകയോ അല്ലെങ്കിൽ ഓർത്തോഡോക്സ് സഭയോട് ലയിക്കുകയോ വേണ്ടി വരുന്നു.




MAR IVANIOS (1882-1953




No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...