ജോസഫ് പടന്നമാക്കൽ
1."ഇമലയാളിയുടെ അവാർഡ് ലഭിച്ച താങ്കൾക്ക് അഭിനന്ദനം. ഈ അവാർഡ് പ്രതീക്ഷിച്ചിരുന്നോ? അവാർഡ് ലഭിച്ചുവെന്നറിഞ്ഞപ്പോൾ എന്തു തോന്നി.?"
ഒരു എഴുത്തുകാരനെന്ന നിലയിൽ എന്നെ അംഗീകരിച്ച, എനിക്ക് അവാർഡ് നൽകി ബഹുമാനിച്ച ഇമലയാളി ടീമിന് (EMalayalee Team) നന്ദിയും ആദരവും രേഖപ്പെടുത്തുന്നു. അവാർഡ് പ്രതീക്ഷിച്ചിരുന്നുവോ എന്ന ചോദ്യത്തിനുള്ള ഉത്തരം, ഞാൻ അവാർഡിനെപ്പറ്റി ഒരിക്കലും ചിന്തിക്കാറില്ലായിരുന്നുവെന്നാണ്. അവാർഡ് ലഭിച്ചപ്പോൾ എന്നിലെ ഒരു എഴുത്തുകാരനെ അഭിമാനപൂർവം ഞാൻ വിലമതിച്ചുവെന്നു കൂടി പറയട്ടെ.
അഭിനന്ദനങ്ങളറിയിച്ചുകൊണ്ടുള്ള ഇമലയാളി എഡിറ്ററിന്റെ ഇമെയിൽ വന്നപ്പോഴാണ് ഞാനും അമേരിക്കയിലെ പ്രസിദ്ധ എഴുത്തുകാരോടൊപ്പം അവാർഡ് ജേതാവായി തെരഞ്ഞെടുത്തുവെന്ന് അറിയുന്നത്. എന്റെ എല്ലാ ലേഖനങ്ങളും അർഹമായ രീതികളിൽ പരിഗണനകൾ നൽകി പ്രസിദ്ധീകരിച്ച ഇമലയാളി പത്രത്തെയും അതുവഴി എന്നെ അംഗീകരിച്ച സ്നേഹം നിറഞ്ഞ വായനക്കാരെയുമാണ് അവാർഡിൽക്കൂടി ഞാൻ കണ്ടത്.
2016-ൽ ജനപ്രിയ എഴുത്തുകാരനുള്ള അവാർഡ് ലഭിച്ചതും എനിക്കായിരുന്നു. ഞാനുൾപ്പെടെയുള്ള വിജയികളായ എഴുത്തുകാരുടെ ഫോട്ടോകൾ സഹിതമുള്ള വാർത്തകൾ കേരളത്തിലെ മിക്ക ദേശീയ പത്രങ്ങളിലും വന്നപ്പോഴാണ് ഇമലയാളിയുടെ പുരസ്‌കാരത്തിന്റെ മഹനീയത മനസിലാക്കുന്നത്.
സത്യം പറയട്ടെ, അവാർഡ് നൽകുന്ന പാനലിൽ ഞാൻ ഒരു ജൂറിയായിരുന്നെങ്കിൽ, എന്നെ അവാർഡിനായി തെരഞ്ഞെടുക്കാൻ സമ്മതിക്കില്ലായിരുന്നു. പ്രഗത്ഭരായ എഴുത്തുകാരുടെ രചനകൾ ദിനംപ്രതി ഇമലയാളിയിൽ വരുന്നത് വായിക്കാറുണ്ട്. അവരുടെ ഭാഷാശൈലിയും ഭാവനകൾ നിറഞ്ഞ ലേഖനങ്ങളും കവിതകളും പലതും ഹൃദ്യങ്ങളും മനോഹരവുമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ എനിക്ക് ലഭിച്ച അവാർഡ് സ്വീകരിക്കാൻ ഞാൻ അർഹനോയെന്നും സംശയം ബാക്കി നിൽക്കുന്നു.
അവാർഡ് വേണമെന്നുള്ള ചിന്തകൾ വെച്ച് ഞാൻ ലേഖനം എഴുതാറില്ല. എന്നെത്തന്നെ പൊക്കി ഒരു ലേഖനമെഴുതി സ്വാർത്ഥനാകാനും ഇഷ്ടപ്പെടുന്നില്ല. കിട്ടാവുന്നടത്തോളം അറിവുകൾ ശേഖരിച്ച് യുവ തലമുറകളിൽ പകർത്താനാണ് ആഗ്രഹിക്കുന്നത്. ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സന്തോഷം തന്റെ എഴുത്തുകൾ വായനക്കാരനിൽ എത്തിക്കുകയും അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴുമാണ്. ഇമലയാളിയുടെ അവാർഡ് തീർച്ചയായും കൂടുതൽ അറിവുകൾ തേടി അലയാനും അത് മറ്റുള്ളവരിൽ പകർത്താനും എന്നെ പ്രേരിപ്പിക്കുന്നു.
2. "എഴുത്തുകാരെ അവാർഡുകൾ നൽകി അംഗീകരിക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?"
*പ്രതിഫലമില്ലാതെ നിസ്വാർത്ഥമായി സമൂഹത്തിന്റെ നന്മക്കായി തൂലികകൾ ചലിപ്പിക്കുന്ന എഴുത്തുകാരെ തീർച്ചയായും അഭിനന്ദിക്കണം. സമൂഹം അവരെ അറിഞ്ഞെങ്കിൽ മാത്രമേ ഒരു നല്ല സാമൂഹിക കാഴ്ചപ്പാടിന്റെ വിലയും മനസിലാവുള്ളൂ. ഒരു തൂലികയ്ക്ക് മനുഷ്യനെ നന്മയുള്ളവനും തിന്മയുള്ളവനും വിപ്ലവകാരിയും തീവ്രവാദിയുമാക്കാൻ സാധിക്കും. നല്ല എഴുത്തുകാരെ സമൂഹത്തിൽ വിലയിരുത്തുന്ന ദൗത്യവും അവാർഡുകളിൽ പ്രതിഫലിക്കുന്നുണ്ട്.
3. "ഈ മലയാളിയുടെ ഉള്ളടക്കത്തിൽ എന്ത് മാറ്റങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. നിങ്ങൾ ഏറ്റവുമധികം വായിക്കുന്ന കോളം ഏതാണ്. ഇംഗ്ളീഷ് വിഭാഗം പതിവായി വായിക്കാറുണ്ടോ?"
*വായനക്കാരുടെ താത്പര്യമനുസരിച്ച് ഇമലയാളി ഉള്ളടക്കത്തെ തരം തിരിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഏറ്റവും കൂടുതൽ ഞാൻ വായിക്കുന്നത് അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയ വാർത്തകൾ തന്നെ.
മലയാളത്തിലെ വാരഫലം നോക്കുന്നത് ചിലരുടെ ഹോബിയാണ്. കായിക വാർത്തകൾ വായിക്കാൻ പലർക്കും ഹരമുള്ള കാര്യമാണ്. സ്ത്രീ വിഷയങ്ങളായ അടുക്കള, പാചകം മുതലായവ സ്ത്രീകൾക്ക് പ്രയോജനപ്പെടും. കഥകളി, ഭാരത നാട്യം മുതലായ കേരള കലകളിലുള്ള കുട്ടികളുടെ കഴിവുകളും പ്രോത്സാഹിപ്പിക്കാം. അമേരിക്കയിലെ സെൻസേഷണൽ വാർത്തകൾ വലിയ ഹിറ്റുകൾ നേടും.
മലയാളത്തിൽ വായിക്കാൻ താല്പര്യപ്പെടുന്നതുകൊണ്ട് ഇംഗ്ലീഷ് വിഭാഗം ഞാൻ കാര്യമായി വായിക്കാറില്ല. എങ്കിലും മലയാളം വായിക്കാൻ ബുദ്ധിമുട്ടുള്ള പ്രവാസി മലയാളികളുടെ മക്കൾക്ക് ഇംഗ്ലീഷ് വിഭാഗം തീർച്ചയായും പ്രയോജനപ്പെടും.
4. "അമേരിക്കൻ മലയാള സാഹിത്യത്തിനെ എങ്ങനെ വിലയിരുത്തുന്നു. അതിന്റെ വളർച്ചക്കായി ഇമലയാളീ ചെയ്യുന്ന സേവനത്തെപ്പറ്റി നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു.?"
*ഞാൻ സ്നേഹിക്കുന്നത് അമേരിക്കൻ മലയാള സാഹിത്യത്തെ മാത്രമേയുള്ളൂ. നാട്ടിലെ സാഹിത്യകാരന്മാർ പൊതുവെ അമേരിക്കൻ എഴുത്തുകാരെ പരിഹസിക്കാൻ താല്പര്യപ്പെടുന്നു. അവരുടെ അജ്ഞതയും വിവരക്കേടുമാണ് കാരണം. കേരളത്തിലെ എഴുത്തുകാരിൽ കൂടുതലും ഇടുങ്ങിയ മത ചിന്താഗതിക്കാരും പലരും മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും എഴുതുന്നവരുമാണ്. ഏതെങ്കിലും രാഷ്ട്രീയക്കാരുടെ പിൻബലത്തിലുമായിരിക്കും സാഹിത്യത്തെ വളർത്തുന്നത്. പണത്തിനുവേണ്ടി സാഹിത്യത്തെ വ്യപിചരിക്കുന്ന എഴുത്തുകാരും ധാരാളം.
അമേരിക്കൻ മലയാളി എഴുത്തുകാർക്ക് വളരാൻ വളരെയധികം സാധ്യതയുണ്ട്. അമേരിക്കൻ എഴുത്തുകാർ ലോകം കണ്ടവരാണ്. കൂടുതൽ പ്രായോഗിക ജ്ഞാനമുള്ളവരും നിരവധി മേഖലകളിൽ പ്രവർത്തിച്ചവരുമാണ്. അവരുടെ അനുഭവ ജ്ഞാനം അമേരിക്കൻ മലയാളി സാഹിത്യത്തെ കൂടുതൽ സമ്പന്നവും സൗന്ദര്യമുള്ളതാക്കുന്നു.
ഇമലയാളിപോലെ അമേരിക്കയിൽ സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന മറ്റൊരു ഓൺലൈൻ മലയാളപത്രമില്ല. സാഹിത്യം, കവിതകൾ, ലേഖനങ്ങൾ, കഥകൾ, എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചാണ് പത്രത്തെ വിഭജിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തുന്ന അവാർഡ് നൈറ്റുകൾ തന്നെ സാഹിത്യത്തെ പരിപോഷിപ്പിക്കലാണ്.
മലയാളം പത്രങ്ങൾ കൂടുതലും ഏതെങ്കിലും മതമോ രാഷ്ട്രീയ ചായ്‌വോ നിറഞ്ഞ വാർത്തകൾക്കായിരിക്കും പ്രാധാന്യം കൊടുക്കുക. എന്നാൽ തികച്ചും വ്യത്യസ്തമായിക്കൊണ്ട് ഇമലയാളിയെ ഒരു സാഹിത്യ ജേർണലായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. ഭാവനാ സമ്പന്നരായ കവികളും സാഹിത്യകാരന്മാരും ഈ പത്രത്തിന്റെ ഒരു മുതൽക്കൂട്ടാണ്. സാഹിത്യം എന്നത് ഒരുവന്റെ ഹൃദയത്തിലെ കണ്ണാടിയാണ്. ജനിച്ച നാടുവിട്ടു അമേരിക്ക എന്ന സ്വപ്നഭൂമിയിൽ വസിക്കുന്ന നാം കൂടുതലും സ്‌നേഹിക്കേണ്ടതു ഈ മണ്ണിലെ തന്നെ വികാരങ്ങളുൾക്കൊള്ളുന്ന സാഹിത്യ കൃതികളെയാണ്. സാംസ്ക്കാരികം, സാമൂഹികം, സാമുദായികമായ എല്ലാ വാർത്തകൾക്കും ഇമലയാളീ പ്രാധാന്യം കൊടുക്കുന്നുമുണ്ട്.
5. "നിങ്ങൾക്ക് എപ്പോഴെങ്കിലും വ്യാജപ്പേരിൽ ഒരു രചന പ്രസിദ്ധീകരിക്കാൻ പ്രേരണ തോന്നിയിട്ടുണ്ടോ?"
*വ്യാജപ്പേരിൽ ഇമലയാളിയിൽ എന്റെ ലേഖനം പ്രസിദ്ധീകരിക്കാൻ ഒരിക്കൽ തോന്നിയിട്ടുണ്ട്. സാധാരണ പുരോഹിതരെയും മെത്രാന്മാരെയും സഭയെയും എന്റെ ലേഖനങ്ങളിൽക്കൂടി ഞാൻ വിമർശിക്കാറുണ്ട്. എന്നാൽ വ്യക്തിപരമായി ഒരാളിനെ അധിക്ഷേപിച്ചുകൊണ്ട് ലേഖനങ്ങൾ എഴുതാറില്ല. ഫാദർ റോബിൻ വടക്കുംചേരി പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ച്, ഗർഭം കുട്ടിയുടെ പിതാവിന്റെ തലയിൽ കെട്ടി വെച്ചെന്നുള്ള വാർത്ത വായിച്ചപ്പോൾ എന്നിലെ ധാർമ്മിക രോക്ഷം ഉണർന്നിരുന്നു. ആ വാർത്തയെ അടിസ്ഥാനമാക്കിയുള്ള എന്റെ ഒരു ലേഖനം ഇമലയാളീ പ്രസിദ്ധീകരിക്കുകയും ചെയ്തു. കുറ്റവാളിയെന്ന് തീർച്ചയില്ലാത്തതുകൊണ്ടും ലേഖനം ഒരു വ്യക്തിക്കെതിരെയായിരുന്നതുകൊണ്ടും പേര് വെക്കാതെ ലേഖനം പ്രസിദ്ധികരിക്കണമെന്ന് പത്രാധിപരോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഈമലയാളി ലേഖനത്തിനുള്ളിലെ വൈകാരികതകൾ നീക്കം ചെയ്‌ത് എഡിറ്റു ചെയ്യുകയും ലേഖനം പേരു വെച്ചുതന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
6. “നിങ്ങൾ മറ്റു എഴുത്തുകാരുമായി (ഇവിടെയും നാട്ടിലും) ബന്ധം പുലർത്താറുണ്ടോ? നിങ്ങളുടെ രചനകൾ അവരുമായി ചർച്ച ചെയ്യാറുണ്ടോ? അത്തരം ചർച്ചകൾ നിങ്ങൾക്ക് ഉപകാരപ്രദമായി അനുഭവപ്പെട്ടിട്ടുണ്ടോ?”
ഇമലയാളിയിലെ നാടുമായി ബന്ധപ്പെട്ട എഴുത്തുകാരുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. അമേരിക്കൻ എഴുത്തുകാരായ ശ്രീ ആൻഡ്രുസ്, ചാക്കോ കളരിക്കൽ, സുധീർ പണിക്കവീട്ടിൽ, തോമസ് കൂവള്ളൂർ, ജെയിംസ് കോട്ടൂർ, എന്നിവരുമായി സൗഹാർദ ബന്ധമുണ്ട്. അതുപോലെ പ്രസിദ്ധ ജേർണലിസ്റ്റും ഇമലയാളി എഴുത്തുകാരനുമായ ശ്രീ മൊയ്‌തീൻ പുത്തൻചിറ എന്റെ പഴയ കുടുംബസുഹൃത്തുകൂടിയാണ്. എഴുത്തുകാരനും പ്രസിദ്ധ പത്രപ്രവർത്തകനുമായ ജോയിച്ചൻ പുതുക്കളവുമായും ടെലഫോണിൽ ക്കൂടി ചർച്ചകൾ ചെയ്യാറുണ്ട്.
ഒരു നല്ല എഴുത്തുകാരൻ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായി ചിന്തിക്കണമെന്നു ഞാൻ വിശ്വസിക്കുന്നു. എങ്കിൽ മാത്രമേ വ്യത്യസ്തമായ ആശയങ്ങൾ നമുക്കും ഉൾക്കൊള്ളുവാൻ സാധിക്കുള്ളൂ.
ശ്രീ ചാക്കോ കളരിക്കലിന്റെ നേതൃത്വത്തിലുള്ള കെ.സി.ആർ. എം ടെലി കോണ്ഫറന്സിലും സംബന്ധിക്കാറുണ്ട്. അവിടെ പ്രമുഖരായ എഴുത്തുകാർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ ചെയ്യാറുമുണ്ട്. ഇമലയാളിയിലെ പ്രസിദ്ധ എഴുത്തുകാരനായ ശ്രീ എ.സി. ജോർജ്, കോൺഫെറൻസ് മോഡറേറ്റ് ചെയ്യുന്നു. അദ്ദേഹവും എന്റെ ദീർഘകാല അമേരിക്കൻ ജീവിതത്തിലെ ഒരു സുഹൃത്തുകൂടിയാണ്. എഴുതാനുള്ള പല കാര്യങ്ങളും കോൺഫ്രൻസിൽ സമ്മേളിക്കുന്ന എഴുത്തുകാരിൽക്കൂടി ഗ്രഹിക്കാനും സാധിക്കുന്നു.
ബന്ധങ്ങൾ പുലർത്തുന്നില്ലെങ്കിലും പ്രതികരണ കോളത്തിൽ എഴുതുന്ന വിദ്യാധരൻ, വി.ജോർജ്, അന്തപ്പൻ എന്നിവരുടെ എഴുത്തുകൾ ഞാൻ ഇഷ്ടപ്പെടുന്നു. യുക്തിസഹജമായ അവരുടെ പ്രതികരണ കോളങ്ങളിലെ വിമർശനങ്ങൾ അറിവും പകരുന്നു. ഇമലയാളിയിലെ എഴുത്തുകാരായ ശ്രീ ആൻഡ്രുസ്, കളരിക്കൽ ചാക്കോ, ശ്രീ ജോർജ് നെടുവേലി എന്നിവരുടെ പുസ്തകങ്ങൾക്ക് ഞാൻ നിരൂപണ ലേഖനങ്ങൾ എഴുതിയത് ഈമലയാളി പ്രസിദ്ധീകരിച്ചിരുന്നു. ശ്രീ പണിക്കവീട്ടിലിന്റെ കവിതകൾ ഹൃദ്യവും മനോഹരവുമാണ്. പ്രകൃതിയുമായി സല്ലപിക്കാനും മനസിന് ഒരു ഉൾക്കാഴ്ച നൽകാനും അദ്ദേഹത്തിൻറെ കവിതകൾ പ്രേരിപ്പിക്കുന്നു. സർവോപരി എന്നെ എഴുത്തിന്റെ ലോകത്തിൽ വിഖ്യാതനാക്കിയ ഇമലയാളി എഡിറ്റർ ശ്രീ ജോർജ് ജോസഫിനോട് പ്രത്യേക കടപ്പാടുമുണ്ട്.
7. “കാല്പനികതയും ആധുനികതയും ഇക്കാലത്ത് വളരെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. നിങ്ങൾ എന്തിനോട് ചായ്‌വ് പുലർത്തുന്നു. എന്തുകൊണ്ട്?”
*ഇത് കവികളും സാഹിത്യകാരന്മാരും ചർച്ച ചെയ്യുന്ന വിഷയമാണ്. ലേഖനങ്ങളെഴുതുന്ന എഴുത്തുകാരനെ സംബന്ധിച്ച് കാല്പനികതയും ആധുനികതയും തുല്യപ്രാധാന്യത്തോടെ കാണണം. കാല്പനികതയിൽ ഭാവനയുണ്ട്. കവി അല്ലെങ്കിൽ സാഹിത്യകാരൻ അവിടെ ഒരു സ്വപ്നജീവിയാണ്. കവി അയാളുടെ ഭാവനാ ലോകം സൃഷ്ടിക്കുന്നു. പ്രകൃതി, തത്ത്വചിന്ത, വൈകാരിത എല്ലാം കാല്പനികതയിൽ കലർന്നിട്ടുണ്ട്. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും കവിതകൾ പ്രണയത്തിൽനിന്നും രൂപം കൊണ്ടതായിരുന്നു. വിഷാദങ്ങളും ദുഖങ്ങളും കാൽപ്പനിക കവിതകളിൽ കാണാം. കവി ഏകനായ ചിന്തകനായിരിക്കും. സ്നേഹിച്ച പെണ്ണിനെ ലഭിക്കാത്തതുകൊണ്ടു ആത്മഹത്യ ചെയ്തവനായിരുന്നു ഇടപ്പള്ളി. അയാൾ ജീവിതത്തെ ഭയപ്പെട്ടിരുന്നു. ഭീരുവായിരുന്നു. കാൽപ്പനിക കവികളിൽ പലരും വിഷാദ രോഗത്തിലും ക്ഷയ രോഗം വന്നുമാണ് മരിച്ചത്. യുക്തിയെ മാനിക്കാത്തവരായിരുന്നു കാൽപ്പനിക കവികൾ. സമചിത്തത കാല്പനികതയ്ക്ക് നഷ്ടപ്പെട്ടതുകൊണ്ടാണ് യുക്തി ചിന്തകൾക്ക് അധിഷ്ഠിതമായ ആധുനികത രൂപം പ്രാപിച്ചത്. കാൽപ്പനികതയുടെ വിപരീത ഭാവങ്ങളാണ് ആധുനികതയ്ക്കുള്ളത്. എം.സി.ജോസഫ്, സഹോദരൻ അയ്യപ്പൻ, കുറ്റിപ്പുഴ എന്നിവർ ആധുനികതയിൽ വിശ്വസിച്ച് യുക്തി വാദ ചിന്തകൾ രൂപപ്പെടുത്തി. ബാലചന്ദ്രൻ ചുള്ളിക്കാട് ആധുനികതയുടെ വക്താവെന്നു പറയാം.
8. "വ്യക്തിവൈരാഗ്യത്തോടെ ഒരാളുടെ രചനകളെ വിമർശിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നുവോ? അങ്ങനെ കാണുമ്പോൾ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?"
*ശുദ്ധമായ മനസുള്ളവരിലെ ഒരു കലാ ഹൃദയം അല്ലെങ്കിൽ സാഹിത്യ രചനയ്ക്കുള്ള വൈഭവം ഉള്ളൂവെന്ന് വിശ്വസിക്കുന്നു. നല്ല നല്ല ഭാവനകൾ മനസ്സിൽ ഉദിക്കുന്നതും നന്മയുള്ള മനസിന്റെ പ്രതിഫലനം മൂലമാണ്. ഒരു രചനയ്ക്ക് വിമർശനം നല്ലതും ആവശ്യമെന്നും വിശ്വസിക്കുന്നു. രചനയ്‌ക്കൊപ്പം എഴുതിയ വ്യക്തിയോട് വൈരാഗ്യ മനസോടെയാണ് വിമർശിക്കുന്നെങ്കിൽ അയാൾ എഴുത്തുകാരനല്ല. മനസ് നിറയെ തിന്മ നിറഞ്ഞ എഴുത്തുകാരന് സമൂഹത്തിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. അതിനെതിരെ ഞാൻ പ്രതികരിക്കാറുണ്ട്. എങ്കിലും ചിലരുടെ രാഷ്ട്രീയ ചിന്താഗതികൾക്കെതിരെ വ്യക്തി വൈരാഗ്യത്തോടെ വിമർശനങ്ങൾ വായിക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ വ്യക്തി വൈരാഗ്യം വെച്ച് പുലർത്തുന്നവരോട് ഞാൻ നിശബ്ദനായിരിക്കാനാണ് താൽപര്യപ്പെടുന്നത്. പാകത വരാത്തവരോട് പ്രതികരിച്ചിട്ടും കാര്യമില്ല.
9. “ഏറ്റവും കൂടുതൽ വായനക്കാരൻ ഉണ്ടാവാൻ ഒരു എഴുത്തുകാരൻ എന്ത് ചെയ്യണം? “
*അറിവുള്ള, പാകത നിറഞ്ഞ ഒരു സമൂഹത്തിൽ മാത്രമേ ഒരു എഴുത്തുകാരൻ വിജയിക്കുകയുള്ളൂ. അമേരിക്കൻ മലയാളീ സമൂഹത്തിൽ അത്തരം ചിന്തകൾ പ്രാവർത്തികമല്ല. ജോലി ചെയ്യുന്ന കാലഘട്ടത്തിൽ കുടുംബം നോക്കാനുള്ള നെട്ടോട്ടത്തിൽ സർവരും നിലനിൽപ്പിനായി കഠിനാധ്വാനം ചെയ്യുന്നു. ചരിത്രവും സാഹിത്യവും കവിതകളും വായിക്കാൻ അവർ സമയം കണ്ടെത്താറില്ല. കിട്ടുന്ന സമയം പലരും മലയാളം സീരിയലുകളിൽ വ്യാപൃതരായിരിക്കും. പിന്നെ പള്ളി, പട്ടക്കാരൻ, ഡെമോക്രറ്റു, റിപ്പബ്ലിക്കൻ, ഇന്ത്യൻ രാഷ്ട്രീയം എന്നിങ്ങനെ വായനക്കാരുടെ താൽപ്പര്യം ചുരുങ്ങിയിരിക്കുന്നു. ഫാദർ റോബിന്റെ കഥകളും കാശ്മീരിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നതും ജിഷയുടെ ക്രൂര മരണവും പോലുള്ള പൊലിപ്പും പൊങ്ങലും വാർത്തകൾ വായിക്കാൻ വായനക്കാർക്ക് താല്പര്യമായിരുന്നു. ബിഷപ്പും തിരുമേനിയും പള്ളിയും മാത്രം ചിലർക്ക് താല്പര്യം. വായനക്കാരുടെ ചിന്താഗതികൾ മാറാതെ, സാഹിത്യത്തെയും ദാർശനിക ചിന്തകളെയും സ്നേഹിക്കുന്ന ഒരു സമൂഹമുണ്ടാകാതെ അമേരിക്കയിൽ ഒരു എഴുത്തുകാരന് വളരാൻ പ്രയാസമാണ്. മഞ്ഞപത്രങ്ങൾക്ക് വലിയ ഹിറ്റുകൾ കിട്ടുന്നത് മൂന്നാം തരം വാർത്തകൾക്ക് പ്രാധാന്യം നല്കുന്നതുകൊണ്ടാണ്. ഒരു എഴുത്തുകാരനെന്ന നിലയിൽ അത്തരം ലേഖനങ്ങളെഴുതി കൂടുതൽ വായനക്കാരുടെ ശ്രദ്ധ പറ്റാൻ എന്റെ ആത്മാഭിമാനം സമ്മതിക്കുന്നില്ല.
10. “അറിയപ്പെടുന്ന ഒരു എഴുത്തുകാരനെന്നാണോ നിങ്ങളുടെ സ്വപ്നം. എന്തുകൊണ്ട് നിങ്ങൾ എഴുതുന്നു.? “
*ഒരു എഴുത്തുകാരനെ സംബന്ധിച്ചടത്തോളം അയാളുടെ രചനകൾ കൂടുതൽ വായനക്കാർ വായിക്കാൻ താല്പര്യപ്പെടും. വായനക്കാരിൽനിന്നു അഭിനന്ദനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. ഞാനും അങ്ങനെ ആഗ്രഹിക്കാറുണ്ട്. അത് സ്വപ്നമാണോയെന്ന് എനിക്കറിഞ്ഞുകൂടാ! എന്തുകൊണ്ട് ഞാൻ എഴുതുന്നു? നമുക്ക് ലഭിച്ചിരിക്കുന്ന ജ്ഞാനം മറ്റുള്ളവരിലേക്ക് പകരുമ്പോൾ ആത്മസംതൃപ്തി ലഭിക്കുന്നു. കൂടുതൽ അറിവുകൾ തേടി എഴുത്തിൽക്കൂടി വായനക്കാരിൽ എത്തിക്കുന്ന സമയങ്ങളിൽ ബൗദ്ധിക നിലവാരമുള്ള ഒരു സുഹൃത് വലയത്തെയും എനിക്ക് ലഭിക്കാറുണ്ട്. അവിടെ ഞാൻ ആനന്ദവും കണ്ടെത്തുന്നു. മനസ്സ് ഉന്മേഷവാനുമാകുന്നു. ഗുരുകുലത്തിലെ ദ്രോണാചാര്യരുടെ ധർമ്മമാണ് ഒരു എഴുത്തുകാരനും നിർവഹിക്കുന്നത്. വായനക്കാരിൽ കൗരവ പാണ്ഡവന്മാരെപ്പോലെ വ്യത്യസ്ത ചിന്താഗതിക്കാരും കാണാം. അവിടെ നന്മയുടെ ജ്ഞാനം പകർന്നു കൊടുക്കുകയെന്നതും ഒരു എഴുത്തുകാരന്റെ കടമയാണ്.
11. "നിങ്ങൾ ഒരു മുഴുവൻ സമയം എഴുത്തുകാരനാണോ? അല്ലെങ്കിൽ കിട്ടുന്ന സമയം മാത്രം എഴുത്തിനുപയോഗിക്കുമ്പോൾ സൃഷ്ടിയുടെ ആനന്ദം അനുഭവിക്കുന്നുണ്ടോ?"
*ഞാൻ ഒരു മുഴുവൻ സമയം എഴുത്തുകാരനോ, പ്രൊഫഷണൽ എഴുത്തുകാരനോ, പണത്തിനു വേണ്ടി എഴുതുന്ന എഴുത്തുകാരനോ അല്ല. അക്ഷരങ്ങളുടെ ലോകം എന്റെ ഹോബിയാണ്. അക്ഷരങ്ങൾ പെറുക്കുമ്പോൾ എന്റെ പഴങ്കാലത്തിലെ ഗുരുക്കന്മാരെയും ഓർമ്മിക്കാറുണ്ട്. 'അ' എന്ന അക്ഷരം പരസഹായം കൂടാതെ എഴുതി പഠിക്കാൻ മാസങ്ങൾ എടുത്തതും ഓർമ്മിക്കുന്നു. അലങ്കാരങ്ങളും ഉപമകളും വ്യാകരണവും പഠിക്കാൻ മണ്ടനായിരുന്ന എന്റെ കൈവെള്ളയിൽ കവിയൂർ സാറിന്റെ അടികളും ഓർമ്മിക്കാറുണ്ട്. പകൽ സമയങ്ങളിൽ വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കാനും പുല്ലുവെട്ടൽ, കൃഷി, പൂന്തോട്ടം പണികൾ ചെയ്യാനുമാണ് ഇഷ്ടം. രാത്രികാലങ്ങളിൽ എഴുത്തുകൾ ആരംഭിക്കും. എന്റെ ഏകാന്തതയും മാറി കിട്ടുന്നു. മനസ്സിനുള്ളിലെ ദുഖങ്ങളും മറക്കുന്നു. ഞാനും കമ്പ്യൂട്ടറും പേനയും കീ ബോർഡുമായുള്ള ലോകം. അവിടെ എനിക്ക് ആനന്ദവും ലഭിക്കാറുണ്ട്.
12. "നിരൂപണങ്ങൾ നിങ്ങളുടെ രചനകളെ സഹായിക്കുന്നുണ്ടോ? ഒരു നിരൂപകനില്നിന്നും നിങ്ങൾ എന്ത് പ്രതീക്ഷിക്കുന്നു."
*എന്റെ രചനകളിൽ ഞാൻ ആദ്യം നോക്കുന്നത് വിമർശനങ്ങളാണ്. നല്ല വിമർശനങ്ങൾ ഒരു എഴുത്തുകാരന്റെ വളർച്ചക്ക് അത്യാവശ്യമാണ്. വിമർശനം തന്നെ സാഹിത്യത്തിന്റെ ഒരു വിഭാഗമാണ്. സുകുമാർ അഴിക്കോടും മുണ്ടശേരിയും പ്രസിദ്ധ വിമർശക സാഹിത്യകാരന്മാരായിരുന്നു. 'ജി. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു'വെന്ന സുകുമാർ അഴിക്കോടിന്റെ ക്ലാസിക്കൽ കൃതി മലയാള ഭാഷയുടെ ഒരു മുതൽക്കൂട്ടാണ്. ഒരു നിരൂപകനിൽ നിന്നും വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള അധിക്ഷേപങ്ങൾ ഇഷ്ടപ്പെടുന്നില്ല. ലേഖനത്തിലെ തെറ്റായ വിവരങ്ങൾ ചൂണ്ടി കാണിക്കുന്നതും എഴുത്തുകളിൽ വിവാദപരമായ അഭിപ്രായങ്ങൾ ഖണ്ഡിക്കുന്നതും വൈരുദ്ധ്യങ്ങൾ ചൂണ്ടികാണിക്കുന്നതും ഇഷ്ടപ്പെടുന്നു. ഒപ്പം തെറ്റുകൾ ബോധ്യപ്പെട്ടാൽ വായനക്കാരോട് ക്ഷമാപണം നടത്താനും ആഗ്രഹിക്കുന്നു.
13. "എന്തുകൊണ്ട് നിങ്ങൾ ഒരു കവിയോ, കഥാകൃത്തോ, നോവലിസ്റ്റോ, ലേഖകനോ ആയി. നിങ്ങളിലെ എഴുത്തുകാരനെ നിങ്ങൾ എങ്ങനെ തിരിച്ചറിഞ്ഞു.? എപ്പോൾ?"
*ഒരു എഴുത്തുകാരനെന്ന നിലയിൽ എനിക്ക് അംഗീകാരം കിട്ടിയത് 2006-ൽ എന്റെ കുടുംബ ചരിത്രം എഴുതി പ്രസിദ്ധീകരിച്ച നാളുകൾ മുതലാണ്. ആ പുസ്തകത്തിൽ കാഞ്ഞിരപ്പള്ളി ദേശചരിത്രമുൾപ്പടെ പതിനഞ്ചോളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കുടുംബ ചരിത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്കുള്ള അഭിനന്ദനങ്ങൾ അനേകം വായനക്കാരിൽ നിന്നും ലഭിച്ചപ്പോൾ മുതൽ എന്നിലെ എഴുത്തുകാരനെ ഞാൻ തിരിച്ചറിഞ്ഞു. അല്മായ ശബ്ദമെന്ന ബ്ലോഗിൽ എഴുതാൻ തുടങ്ങിയപ്പോൾ മുതലാണ് ഞാൻ ഒരു അമേരിക്കൻ എഴുത്തുകാരനായത്. ആദ്യമൊക്കെ സഭാ വിമർശനങ്ങളിലായിരുന്നു താൽപ്പര്യം. പിന്നീട് 'സത്യജ്വാല' എന്ന പാലായിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രം എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. പുലിക്കുന്നേലിന്റെ ഓശാനയിലും അമേരിക്കയിലെ ചില സുവനീയറുകളിലും ലേഖങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അല്മായ ശബ്ദത്തിലുള്ള പ്രഗത്ഭരായ എഴുത്തുകാരുടെ നിത്യമുള്ള അനുമോദനങ്ങൾ എന്നിലെ എഴുത്തുകാരനെ വളർത്തിക്കൊണ്ടിരുന്നു. അമേരിക്കയിൽ എഴുത്തുകാരനെന്ന നിലയിൽ എനിക്ക് പ്രസിദ്ധീ നേടി തന്നത് ഈമലയാളിയാണ്. കഴിഞ്ഞ അഞ്ചുവർഷങ്ങളായി സ്ഥിരമായി ഇമലയാളിയും മറ്റു സൈബർ പത്രങ്ങളും എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
14. "അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകളിൽ (എഴുത്തുകാരന്റെ / കാരിയുടെ പേരല്ല. രചനയുടെ വിവരങ്ങൾ) നിങ്ങൾക്ക് ഇഷ്ടമായത്.?"
*സഭാ സംബന്ധമായ വിഷയങ്ങളിലാണ് ഞാൻ എഴുതുവാൻ ആരംഭിച്ചത്. അതിൽ എനിക്ക് പ്രചോദനം ലഭിച്ചത് ശ്രീ ചാക്കോ കളരിക്കലിന്റെ പുസ്തകങ്ങളാണ്. അദ്ദേഹത്തിൻറെ രചനകളിൽ ഏറ്റവും എന്നെ ആകർഷിച്ചത് 'ഇടയൻ' എന്ന പുസ്തകമാണ്. സഭാ ചരിത്രവും ദുഷിച്ച പൗരാഹിത്യവും വത്തിക്കാനിലെ സാമ്പത്തിക തട്ടിപ്പുകളും വത്തിക്കാൻ ബാങ്കിലെ അഴിമതികളും വിശദമായി അദ്ദേഹത്തിൻറെ പുസ്തകങ്ങളിൽ വിവരിച്ചിട്ടുണ്ട്. ശ്രീ ചാക്കോ കളരിക്കലിന്റെ പുസ്തകങ്ങൾക്ക് ഞാൻ നിരൂപണങ്ങളും എഴുതിയിട്ടുണ്ട്.
ശ്രീ സുധീർ പണിക്കവീട്ടിലിന്റെ ലേഖനങ്ങളും കവിതകളും സൗന്ദര്യം നിറഞ്ഞതാണ്. അദ്ദേഹം ജനിച്ചത് ഒരു കവി ഹൃദയത്തോടെയെന്നും തോന്നിയിട്ടുണ്ട്. കാൽപ്പനിക കവിതകളുടെ അനുഭൂതികളുമുണ്ടാകും. കവിതകളുടെയും ഹൃദ്യമായ ലേഖനങ്ങളുടെയും ചക്രവർത്തിയായ അദ്ദേഹം വായനക്കാരുടെ അഭിമാനമാണെന്നതിലും സംശയമില്ല. അനുഭൂതി, വളപ്പൊട്ടുകളും മയിൽപ്പീലിയും, എണ്ണമറ്റ പ്രണയാക്ഷരങ്ങൾ എന്നിങ്ങനെ പോവുന്നു അദ്ദേഹത്തിൻറെ വിശിഷ്ടങ്ങളായ കൃതികൾ. ഓരോ രചനയിലും പ്രേമമുണ്ട്, മഞ്ഞുണ്ട്, കാറ്റും കൊടുങ്കാറ്റും, മലകളും പ്രകൃതിയും ചന്ദ്രനും നിലാവും കൃഷ്‌ണനും ക്രിസ്തുവും മരങ്ങളും പ്രകൃതിയുമെല്ലാം അദ്ദേഹത്തിൻറെ വിഷയങ്ങളാണ്.
ശ്രീ ആൻഡ്രൂസ്സിന്റെ 'സത്യ വേദ പുസ്തകം സത്യവും മിഥ്യയും' എന്നിലെ യുക്തി ചിന്തകളെ വളർത്തിയെന്നുള്ളതാണ്. ഈ പുസ്തകത്തെപ്പറ്റി ഞാൻ എഴുതിയ നിരൂപണം ഇമലയാളീ പ്രസിദ്ധീകരിച്ചിരുന്നു. കൂടുതലും യുക്തിചിന്തകളടങ്ങിയതാണ് ഈ പുസ്തകം. സത്യവേദ പുസ്തകത്തിലെ വ്യാജങ്ങളും ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ 'ഡാന്യൂബിന്റെ നാട്ടിൽ' എന്ന ജോർജ് നെടുവേലിയുടെ പുസ്തകത്തെപ്പറ്റിയും ഞാനെഴുതിയ നിരൂപണം ഇമലയാളിയിൽ വായിക്കാം. ഈ പുസ്തകം ഒരു യാത്രാ വിവരണമാണ്. കൂടാതെ നദി കടന്നു പോകുന്ന രാജ്യങ്ങളുടെ ചരിത്ര്യവും സാമൂഹിക കാഴ്ചപ്പാടുകളും യുദ്ധവും പിന്നീടുള്ള സംഭവവികാസങ്ങളും തന്മയത്വമായി വിവരിച്ചിട്ടുണ്ട്.
15. “എഴുത്തുകാർ അവരുടെ രചനകൾ വിവിധ മാധ്യമങ്ങളിൽ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു? “
*ഒരേ സമയം എഴുത്തുകാർ തങ്ങളുടെ രചനകൾ വിവിധ മാധ്യമങ്ങളിൽ കൊടുക്കുന്നത് പത്രാധിപർക്ക് പ്രയാസമുണ്ടാക്കുന്നതാണ്. അതേ സമയം എഴുതുന്നവരിലും ചിന്താകുഴപ്പമുണ്ടാക്കുന്നു. ഒരു എഴുത്തുകാരനെ സംബന്ധിച്ചടത്തോളം ഒന്നിൽകൂടുതൽ പത്രങ്ങളുമായി സൗഹാർദ ബന്ധം കാണും. കുടുംബബന്ധങ്ങളുമുണ്ടാകാം. ഒരു പത്രത്തിന് ആദ്യം വാർത്ത കൊടുത്താൽ മറ്റേ പത്രം പരാതിയുമായി വരുകയും പരിഭവവും പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ചില പത്രാധിപന്മാർ എഴുത്തുകാരോട് നീരസം പ്രകടിപ്പിച്ചുകൊണ്ട് ലേഖനം തിരസ്ക്കരിക്കുകയും ചെയ്യും.
ചിലർ പ്രത്യേക രാഷ്ട്രീയ വിശ്വാസമുള്ള ലേഖനങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. മറ്റു ചിലർക്ക് മതത്തെ വിമർശിക്കാൻ പാടില്ല. പത്രാധിപരുടെ ഇഷ്ടമനുസരിച്ച് എഴുത്തുകാരൻ എഴുതണമെന്നുള്ള ചിന്തകളും വ്യക്തി സ്വാതന്ത്ര്യത്തിനു തടസമാകും. അങ്ങനെയുള്ള സാഹചര്യത്തിൽ ഒന്നിൽകൂടുതൽ പത്രങ്ങളെ എഴുത്തുകാർക്ക് ആശ്രയിക്കേണ്ടി വരുന്നു. ഇമലയാളി, മതത്തിനും രാഷ്ട്രീയ താല്പര്യത്തിനുമുപരിയായി എല്ലാത്തരം ലേഖനങ്ങളും സ്വീകരിക്കുന്നതുകൊണ്ട് എഴുത്തുകാരന് ഒന്നിൽ കൂടുതൽ പത്രങ്ങളെ ആശ്രയിക്കേണ്ടി വരില്ല. പത്രങ്ങൾ തമ്മിലുള്ള മത്സരത്തിനിടയിൽ എഴുത്തുകാരെ കുത്തകയാക്കാൻ ശ്രമിക്കുമ്പോൾ അതിനിടയിൽ തീരുമാനമെടുക്കാൻ കഴിയാതെ വരുന്നത് എഴുത്തുകാരായിരിക്കും.
16. "അമേരിക്കൻ മലയാളി വായനക്കാരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. പ്രബുദ്ധരായ വായനക്കാർ സാഹിത്യത്തെ വളർത്തുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?"
കാലത്തിനൊപ്പം മലയാളി സഞ്ചരിക്കുന്നില്ലായെന്നതാണ് വാസ്തവം. ഇന്റർനെറ്റും മറ്റു ടെക്‌നോളജികളും ശരിയായി പ്രയോജനപ്പെടുത്തുന്നില്ല. പള്ളിയിലും അസോസിയേഷനിലും പ്രവർത്തിക്കാനാണ് ഭൂരിഭാഗം മലയാളികൾക്കും താൽപ്പര്യം. സാഹിത്യ വളർച്ചക്ക് നിതാന്തമായ വായനയും പഠനവും ആവശ്യമാണ്. അമേരിക്കൻ മലയാളികളിൽ വായനാ മനോഭാവം വളരെ കുറവായി കാണുന്നു. സ്ത്രീകൾ സമയം കിട്ടുമ്പോഴെല്ലാം മലയാളം സീരിയലുകളിൽ മാത്രം താല്പര്യപ്പെടുന്നു. ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവർ വിശ്രമമില്ലാതെ ഡോളറിനുവേണ്ടി മാത്രം കഠിനാദ്ധ്വാനം ചെയ്യുന്നു. കലയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കാൻ അവർക്ക് സമയമില്ല. നാട്ടിലുള്ള മൂന്നാം കിട സാഹിത്യകാരന്മാരെയും സിനിമാ നടന്മാരെയും അമേരിക്കയിൽ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന അമേരിക്കൻ മലയാളിയുടെ മനോഭാവത്തിനും മാറ്റം വരണം. സാഹിത്യത്തെ പരിപോഷിപ്പിക്കാൻ വളരുന്ന തലമുറകളെയും മലയാളം പഠിപ്പിക്കണം. അതിനായി മലയാളത്തിന്റെ നല്ല സാഹിത്യ പുസ്തകങ്ങൾ അടങ്ങിയ ലൈബ്രററിയും ആവശ്യമാണ്. യൂണിവേഴ്സിറ്റികളിൽ മലയാളം ഐച്ഛികമായുള്ള കോഴ്‌സുകളും അമേരിക്കയിൽ ആരംഭിക്കേണ്ടതായുണ്ട്. മലയാളത്തിന്റെ പ്രോത്സാഹനങ്ങൾക്കായുളള ഗവേഷണ കേന്ദ്രങ്ങളും അമേരിക്കയിൽ തുടങ്ങുകയും വേണം.
17. "ഇമലയാളിയുടെ മുന്നോട്ടുളള പ്രയാണത്തിൽ ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് എന്ത് സഹായ സഹകരണങ്ങൾ നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നു.?"
*ഓരോ എഴുത്തുകാരനും ഈ മലയാളിയുടെ അംബാസിഡർമാരായി പ്രവർത്തിക്കട്ടെയെന്നു അഭിലഷിക്കുന്നു. ഇമലയാളിയിൽ വരുന്ന സാഹിത്യ വിഭവങ്ങൾ സോഷ്യൽ മീഡിയാ, ഇന്റർനെറ്റ് വഴി വായനക്കാരിൽ എത്തിക്കാനും ശ്രമിക്കും. ഇമലയാളി തുടങ്ങി വെക്കുന്ന പ്രസ്ഥാനങ്ങൾക്ക് സഹായം നൽകാൻ മറ്റു എഴുത്തുകാരോടൊപ്പം ഞാനുമുണ്ട്. പത്രത്തിന്റെ നേതൃത്വത്തിൽ സാഹിത്യ ക്ലബുകൾ രൂപീകരിച്ച് ചർച്ചകളുമാകാം. പത്രവളർച്ചക്കുള്ള തീരുമാനങ്ങളിൽ എന്റെ പങ്കും സഹകരണവും എന്നുമുണ്ടായിരിക്കും. തികഞ്ഞ ഒരു അഭ്യുദായകാംഷിയായി ഇമലയാളിയ്‌ക്കൊപ്പം ഞാനുമുണ്ട്. എല്ലാ വിധ വിജയങ്ങളും നേരുന്നു.
No comments:
Post a Comment