Saturday, November 30, 2013

അഭയായും മഗ്ദലനായും അനാദ്യന്ത സ്നേഹമായ യേശുവിന്റ പാദത്തിങ്കൽ





ഇ-മലയാളിയുടെ പ്രണയ സുദിനങ്ങളിലെ ഈ വാരങ്ങളിൽ ദിവ്യമായ ഒരു പ്രേമസാഗരത്തിലേക്ക് എന്നെ എത്തിക്കുന്നു. യേശുദേവനും മഗ്ദലന മറിയവും തമ്മിലുള്ള വിശ്വപ്രേമത്തിന്റെ കഥയാണിത്. അവിടേക്കാണ് പ്രേമമെന്ന സങ്കൽപ്പലോകത്തിൽ ജീവിതം തഴച്ചുവളരുന്നതിനു മുമ്പ് പൊലിഞ്ഞുപോയ 'അഭയ' എന്ന പെൺക്കുട്ടിയും മണവാട്ടിയായി യേശുസന്നിധിയിൽ എത്തുന്നത്.

യേശുവും മഗ്ദലാനായുമായുള്ള പ്രേമകഥ ഒരു സാങ്കൽപ്പികത്തിൽ മെനഞ്ഞെടുത്തതാണ്. ബാല്യത്തിലെ എന്റെ ഗ്രാമപ്രദേശവും ഞാൻ ജനിച്ചുവളർന്ന ഗ്രാമത്തിലെ ചെറുപ്രായവും ഓർമ്മവന്നു. സ്ത്രീയും പുരുഷനുമായ ദൈവികപ്രേമത്തിൽക്കൂടി നിത്യതയുടെ അർത്ഥ വ്യാപ്തിയിൽ അവരിവിടെ ജ്വലിക്കുന്ന ദീപങ്ങളാവുകയാണ്. ഈ കഥ വചനാധിഷ്ടിതമല്ലെങ്കിലും എഴുതിയപ്പോൾ ദൈവവുമായുള്ള ഒരു സംവാദമായി തോന്നിപ്പോയി. 'ദി ഏറ്റെർനൽ ഹാർട്ട് ഓഫ് ലവ്' എന്ന പുസ്തകവും എഴുത്തിനു ആധാരമായുണ്ട്. കോൺവെന്റിനുള്ളിലെ കിണറ്റിൽ തള്ളിയിട്ടു കൊന്ന 'അഭയാ' എന്ന ഒരു പെൺകുട്ടിയുടെ കഥയും സാങ്കൽപ്പിക രൂപത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കഥയ്ക്ക്  ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. ബൈബിളിലെ വചനങ്ങളോടും കടപ്പാടില്ല.

ഏകാന്തമായ ഒരു രാത്രിയിൽ കോൺവെന്റിനുള്ളിലെ അകത്തളത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ട് 'അഭയ' എന്ന കന്യാസ്ത്രിക്കുട്ടി പഠിക്കാനുള്ള പാഠപുസ്തകം വായിക്കുകയായിരുന്നു. ചെറു വൈദ്യുതിയുടെ മങ്ങിയ വെളിച്ചത്തിൽ കൊന്തയുമുരുട്ടി അവളുടെ മണവാളനായ യേശുവിന്റെ നാമവും ഉരുവിടുന്നുണ്ടായിരുന്നു. മുഷിഞ്ഞ ആ രാത്രിയിൽ ശബ്ദരഹിതമായ പാദസ്പർശനങ്ങളോടെ അവൾ ദാഹജലത്തിനായി പടിയിറങ്ങി താഴെയെത്തി. അടുക്കളയുടെ പടിവാതിൽക്കൽ കണ്ട കാഴ്ചകൾ അവളെ ഞെട്ടിച്ചു. അവിടെ ഒരു സ്ത്രീ രൂപവും രണ്ടു പുരുഷരൂപങ്ങളും പുണർന്നുകിടക്കുന്നു. സർപ്പങ്ങളെപ്പോലെ...! 

അവൾ മനസ്സിൽ ഉരുവിട്ടുകാണാം...ദൈവമേ അരുതാത്തത് ഇവർ ചെയ്തുകൊണ്ടിരിക്കുന്നു... മാലാഖാമാരായി കരുതിയ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും പിശാചുക്കളായി...ഒരുവൾ സ്ത്രീ രൂപവും മറ്റു രണ്ടുപേർ പുരുഷന്മാരായ പിശാചുക്കളുടെ രൂപത്തിലും...! 

അവൾ ചിന്തിച്ചു കാണും, പാവനമായ അൾത്താരയുടെ മുമ്പിൽ കുഞ്ഞാടുകളെ നയിക്കേണ്ട ഇടയന്റെ വേഷത്തിൽ ദിവ്യബലി അർപ്പിച്ചിരുന്ന ചെന്നായ്ക്കളോ ഇവർ! അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരുന്ന കന്യാസ്ത്രി, നീയോ നരകവാതിലിന്റെ കാവൽക്കാരിയെന്നും പാവമവൾ മന്ത്രിച്ചുകാണും.

കന്യാസ്ത്രി വേഷമണിഞ്ഞ പിശാചായ സ്ത്രീ ചെരവകൊണ്ട് അവളുടെ തലക്കിട്ടടിച്ചു. കൂടെയുണ്ടായിരുന്ന കറപുരണ്ട കുപ്പായങ്ങൾ ധരിച്ച പുരുഷപിശാചുക്കൾ അവളെ കിണറ്റിലേക്കും വലിച്ചെറിഞ്ഞു. 

നിശബ്ദതയുടെ ഒന്നുമല്ലാത്ത ലോകത്തിൽ അവൾ മനസ്സിൽ നെയ്തെടുത്തിരുന്ന മണവാളനായ യേശുസന്നിധിയിൽ അപ്പോഴേ അവൾ എത്തിക്കാണും. മരണത്തിന്റെ പടിവാതിൽക്കൽനിന്നും കിണറ്റിലേക്ക് വലിച്ചെറിഞ്ഞ അവൾ നിത്യനിദ്രയിൽനിന്നും എവിടെനിന്നോ ഒരു ശബ്ദംകേട്ടു. ആ ശബ്ദം അവളുടെ ഉള്ളിന്റെയുള്ളിൽ മന്ത്രിച്ചുകൊണ്ടിരുന്ന മണവാളന്റേതായിരുന്നു. 

മണവാളൻ കൈകൾ നീട്ടി 'വരൂ' യെന്നു പറഞ്ഞു. "ശങ്കിക്കേണ്ട മോളെ, ഞാനാണ് നീ കാത്തിരുന്ന മണവാളനായ യേശു. എഴുതപ്പെടാത്ത എന്റെ കഥ നിനക്ക് കേൾക്കണമോ? വാസ്തവത്തിൽ നിന്നെ എന്റെ മണവാട്ടിയാക്കി ഭൂമിയിലെ ഫരീസിയർ കബളിപ്പിക്കുകയായിരുന്നു. നിന്നെപ്പോലെ ആയിരങ്ങൾ എന്നെയും പ്രതീക്ഷിച്ച് ഈ ഭൂമിയിൽത്തന്നെ സ്വപ്‍ന ലോകത്തിൽ ജീവിക്കുന്നു. മണവാളനും മണവാട്ടിയുമെന്ന സാങ്കൽപ്പിക ലോകത്തിൽ നീ ജീവിച്ചു. നിത്യതയിൽ അങ്ങനെയൊന്നില്ല കുട്ടി!"

യേശു പറഞ്ഞു, "ഞാൻ വീണ്ടും വന്നിരിക്കുന്നു. എന്റെ മണവാട്ടിയുടെ പേര് മഗ്ദലനയെന്നായിരുന്നു. ഞാൻ മണവാളനും. അവൾ എന്റെ നിത്യപ്രേമത്തിന്റെ കൂട്ടുകാരിയും. എന്റെ സ്വർഗ്ഗയാത്രയിൽ ദൈവിക പ്രഭയിൽ അവളുടെ മുമ്പിൽ ഞാൻ എത്തിയിരുന്നു. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ച അവൾ നിത്യ വിശുദ്ധയായിരുന്നു. എങ്കിലും ആരും അവളെ രൂപക്കൂട്ടിൽ വെച്ച് ആരാധിച്ചില്ല.

ഒരിക്കൽ ഫരീസിയർ അവളെ കല്ലെറിഞ്ഞപ്പോൾ ജീവന്റെ രക്ഷക്കായി അവളെന്റെ പക്കലോടിയെത്തി. 'നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെയെന്ന്' അവരോട് ഞാൻ പറഞ്ഞു. അഭയാ, അതേ ഫരീസിയർ നിന്നെ കൊന്നു. പാപങ്ങളും പേറി നിലയില്ലാ വെള്ളത്തിൽ, ആഴക്കടലിനുള്ളിൽ അവർ രക്ഷക്കായി തുഴയുന്നു.  

ഓർക്കുന്നില്ലേ കുട്ടീ, കാർകൂന്തലുകൾകൊണ്ട് കണ്ണുനീരിനാൽ എന്റെ പാദങ്ങൾ എന്റെ പ്രിയ സഖി  മഗ്ദലന തുടച്ചതും എഴുന്നേൽക്കൂയെന്നു ഞാൻ പറഞ്ഞതും! ഭൂമിയിൽ മാലാഖയായി ജനിച്ച പ്രിയമുള്ള അഭയാ, ഞാൻ ആരെന്ന് നിനക്കറിയണ്ടേ!

അഭയ കണ്ണും തുറന്ന് ചുറ്റും നോക്കി. അവൾക്കു ചുറ്റും വിസ്‌മയകരമായ ഒരു ലോകം! അവിടെ കണ്ണുനീരില്ല. വേദനകളില്ല, ദുഖങ്ങളുമില്ല. കൺമുമ്പിൽ നാഥനായ യേശുവും.

യേശു പറഞ്ഞു, ’ഞാൻ വീണ്ടും വന്നിരിക്കുന്നു. ശങ്കിക്കേണ്ടാ, രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ജീവിച്ച അതേ യേശുതന്നെ സത്യത്തിന്റെ ചുരുൾ അഴിക്കുവാൻ വീണ്ടും വന്നതാണ്. ഞാനാണ് നീ അറിയുന്ന യേശു. ഭൂമിയിൽ ഞാൻ ഉണ്ടായിരുന്ന കാലത്തെ കഥകൾ പറയട്ടെ! 

മഗ്ദലനാ എന്റെ കളിക്കൂട്ടുകാരിയായിരുന്നു. മഗ്ദാലനായെന്നു വിളിക്കുന്ന മേരിയുമായുള്ള ദിഗംബരങ്ങൾ മുഴങ്ങേണ്ട എന്റെ പ്രേമത്തിന്റെ കഥ, ഞാൻ മണവാളനായിരുന്ന കഥ, അക്കഥ ഞാൻ തന്നെ പറയാം. നീ ഇന്ന് സ്വർഗ്ഗപടിവാതിൽക്കലേക്കുള്ള യാത്രയിൽ ദൈവവുമായുള്ള ഒരു ചൈതന്യ സംയോഗത്തിലാണ്. 

മഗ്ദലനായുടെയും എന്റെയും വിശ്വപ്രേമത്തിന്റെ കഥ തെറ്റിദ്ധരിക്കപ്പെട്ടതും എഴുതപ്പെടാത്ത കഥയുമായി മാറിയിരിക്കുന്നു. ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെട്ട ഈ കഥയിലെ നായകൻ  യേശുവായ ഞാനും നായിക മഗ്ദലനായെന്നു വിളിക്കുന്ന മേരിയുമായിരുന്നു. ഭക്തി കൂടുമ്പോൾ അവൾ എന്നെ നാഥായെന്നും പ്രേമത്തിന്റെ ലഹരിയിൽ ജെഷുവായെന്നും വിളിച്ചിരുന്നു. 

യുഗങ്ങളായി അലഞ്ഞ് കാലചക്രങ്ങൾ തിരിഞ്ഞ് ലോകംതന്നെ പ്രേമത്തിന്റെ ഗീതം പാടുമ്പോൾ, മക്കളേ! ഞാൻ ആരെന്നും ഒർമ്മിക്കാൻ സമയമായി. അതിനായി ഞാനിതാ വാഗ്ദാനഭൂമിയായ വാസസ്ഥലത്തുനിന്നും വീണ്ടും വന്നിരിക്കുന്നു.

കുഞ്ഞായിരുന്നപ്പോഴെ മഗ്ദലന മേരിയും ഞാനും പരസ്പ്പരം അറിയുമായിരുന്നു. സത്യത്തിൽ, ആറുവയസു മുതൽ ഞങ്ങൾ തമ്മിൽ സ്നേഹിച്ചിരുന്നു. അത് പ്രേമം മൊട്ടിടുന്നതിനുമുമ്പുള്ള വിശുദ്ധമായ സ്നേഹമായിരുന്നു. ബാല്യത്തിലെ ഹൃദയഹാരിയായ മനോഹാരിതയിൽ അവൾ എന്നെയും ഞാൻ അവളെയും സ്നേഹിച്ചു. അന്നും അവൾ എന്റെ ഹൃദയത്തിൽ കുടികൊള്ളുന്നുവെന്നും അറിയാമായിരുന്നു. കുട്ടിക്കാലംമുതൽ കറയറ്റ ആ സ്നേഹം പരിശുദ്ധവും പരിപാവനവും ആയിരുന്നു. നിഷ്കളങ്കമായ സ്നേഹത്തിന്റെ വൈകാരികതയും തത്ത്വങ്ങളും ഹൃദയങ്ങൾ തമ്മിൽ കൈമാറിക്കൊണ്ടിരുന്നു. ഞങ്ങൾ പരസ്പ്പരം മനസിലാക്കുന്നുമുണ്ടായിരുന്നു.

കുഞ്ഞാടുകളുമായി മലകളിലും താഴ്വരകളിലും ഞങ്ങൾ നിത്യം ചുറ്റി കറങ്ങിയിരുന്നു. നൃത്തം ചെയ്തുകൊണ്ട് ഞാനും അവളോടൊപ്പം മരം ചുറ്റുകയും അക്കുകളിക്കുകയും പതിവായിരുന്നു. ഓടിച്ചാടി കുട്ടിയും കോലും കളിക്കാൻ അവളെന്നും ഒപ്പം കാണും. പൂമ്പാറ്റകളെയും പിടിക്കും. കണ്ണുപൊത്തിക്കളിയും കള്ളനും പോലീസും, അങ്ങനെ അവൾ പോലീസും ഞാൻ കള്ളനുമാകുമായിരുന്നു. 

മൊട്ടിട്ട പച്ചകുന്നുകളും വിളവാർന്ന താഴ്വരകളും ചുറ്റും പ്രകൃതിയും ഒപ്പം ശിശിരകാലവും കൌമാര സ്നേഹത്തിന്റെ സാക്ഷിയായി മാറി. സത്യത്തിന്റെ കാഹളമൂതിക്കൊണ്ട് വസന്തകാലത്തിലെ കുസുമതല്ലജങ്ങൾ പുഞ്ചിരിച്ചുതൂകി ഞങ്ങളുടെ ഈ പ്രേമസല്ലാപത്തിൽ എന്നുമന്ന് ഒപ്പം നൃത്തം ചെയ്തിരുന്നു. അസ്തമയ സൂര്യൻ എന്റെയും അവളുടെയും പേരുകൾ ചൊല്ലി നിദ്രയിൽ അണയുന്നതും നോക്കി നിൽക്കും. സൃഷ്ടാവിന്റെ സ്നേഹം ഹൃദയമന്ത്രങ്ങളായി മനസിനക്കരെയും ഇക്കരെയും ഓടി നടന്നിരുന്നു. ഒജസുള്ള പ്രഭാത കിരണങ്ങൾക്കായി പിന്നെയും ഞങ്ങൾ കാത്തിരിക്കുമായിരുന്നു.  

സുപ്രഭാതത്തിൽ കുരുവികൾ പ്രകൃതിയുടെ ഗാനങ്ങൾ ഉരുവിടുമ്പോൾ ഞാൻ ഉണർന്ന് തോട്ടിൻകരയിൽ എത്തും. അവിടെനിന്ന് കിഴക്കാൻ തൂക്കായി ഒഴുകിവരുന്ന മലവെള്ള പാച്ചിലിന്റെ മാറ്റൊലി കൂട്ടാക്കാതെ 'മരിയാ'യെന്ന് ഞാനെന്നും ഉറക്കെ വിളിക്കുമായിരുന്നു. എന്റെ ശബ്ദം കേൾക്കുവാൻ  അവൾ അകലെ കാതോർത്ത് നിൽക്കുമായിരുന്നു. നാഥാ ‘ജെഷുവാ’യെന്ന അവളുടെ അങ്ങകലത്തുള്ള ഇമ്പമേറിയ ശബ്ദം മനസിന് കുളിർമ്മ നൽകിയിരുന്നു. അതുപോലെ അവളും ഹൃദയാനുഭൂതികൾകൊണ്ട് സ്നേഹഗീതങ്ങൾ പാടുമായിരുന്നു.

അവളോടി വരും. എനിക്കായി അവൾ തന്നെയുണ്ടാക്കിയ കപ്പയും മീനും പ്രഭാതത്തിൽ ഒന്നിച്ച് മൂവാണ്ടൻ മാവിൻ ചുവട്ടിലിരുന്നു കഴിക്കും. വാഴയിലയിൽ പൊതിഞ്ഞ ചോറും കറിയും ഉച്ച ഭക്ഷണത്തിനായി അവൾ കരുതിയിട്ടുണ്ടാകും. എന്റെ അമ്മ മേരിക്കും അവളെ ഇഷ്ടമായിരുന്നു. ഞാനും അവളും തോളിൽ സഞ്ചികൾ തൂക്കികൊണ്ട് കുന്നിൻ മലകളിൽ കുശലം പറഞ്ഞിരിക്കും. 

പ്രഭാത സൂര്യനറെ കിരണങ്ങൾ കവിളത്തു പതിയുമ്പോൾ നിഷ്കളങ്കതയുടെ സൌന്ദര്യം അവളിൽ പൊട്ടിവിരിയുമായിരുന്നു. ഞങ്ങൾ ഒന്നിച്ചിരിക്കും, ചിരിക്കും, പൊട്ടിച്ചിരിക്കും, പാട്ടു പാടും. അവളുടെ കൈകളിൽ ഞാൻ പിടിക്കുമ്പോൾ അവളെന്റെ കവിളത്ത് കുളിർമ്മയേറിയ ചുംബനങ്ങൾ സമ്മാനിക്കുമായിരുന്നു. സ്നേഹത്തിന്റെ മാലാഖയെ ഞാൻ ഇമ വെട്ടാതെ നോക്കി നിൽക്കും. അവളും ഞാനും പാടിയത് സൃഷ്ടാവിന്റെ സ്തോത്ര ഗാനങ്ങളായിരുന്നു. പിന്നെ താലോലിക്കുന്ന ഭൂമിദേവിക്കായി പൊട്ടാത്ത വീണകമ്പികളിൽ പിടിച്ച് താളം തെറ്റാതെ ഈണമിട്ട ഗാനങ്ങൾ പാടുമായിരുന്നു.

ഋഗുഭേദങ്ങൾ ഭേദിച്ച് കാലചക്രങ്ങൾ തിരിഞ്ഞുകൊണ്ടിരുന്നു. ഒമനത്വമുള്ള പെണ്‍കുട്ടിയായി അവൾ വളർന്നു കഴിഞ്ഞിരുന്നു. അവളുടെ ചാരിത്രശുദ്ധിയെ, വെള്ളയടിച്ച കുഴിമാടങ്ങളായ ഫാരീസിയർ വിമർശിച്ചിരുന്നു. നിഷ്കളങ്കയായ അവളിൽ ചിലർ പിശാചുണ്ടെന്നു പറഞ്ഞു. ചിലർ  വേശ്യായെന്നും വിളിച്ചു. ആരോ പറഞ്ഞുണ്ടാക്കിയ അപവാദങ്ങൾ പിന്നീടേതോ കാലത്തെ പുരോഹിതൻ സ്ത്രീയെ താറടിക്കുവാൻ വചനമായി കൂട്ടിചേർത്തു. 

സ്നേഹത്തിന്റെ മുമ്പിൽ പ്രകൃതിതന്നെ തല കുമ്പിട്ടു നിൽക്കുമ്പോൾ നാഥൻ തന്നെ അരികിലുള്ളപ്പോൾ ഞാൻ ആരെ പേടിക്കണമെന്ന് അവൾ ഉച്ചത്തിൽ ജനക്കൂട്ടത്തോട്‌ ചോദിച്ചിരുന്നു!

ഒരിക്കൽ, പൊടിപടലങ്ങൾ നിറഞ്ഞ തെരുവിന്റെ നടുവിൽ അവൾ നിൽക്കുകയായിരുന്നു. അവളുടെ കറുത്തുനീണ്ട തഴച്ച തലമുടി മാറിടംചുറ്റി അഗ്നിപോലെ ജ്വലിച്ചുകൊണ്ട് മുട്ടുവരെയുണ്ടായിരുന്നു. ആയിരം സൂര്യോദയംപോലെ തേജാസ്സാർന്ന അവളുടെ മുഖം വെട്ടി തിളങ്ങിയിരുന്നു. നയനസുഭഗമായ ആ പൊന്നിൻ തങ്കത്തിന്റെ ഹൃദയാമൃതം, കരകവിഞ്ഞ സ്നേഹം, അവളിൽ ഞാൻ  മാത്രമായിരുന്നു. ആദരസമന്വിതമായ ഭയഭക്തിയോടെ വിനീതയായി അവളെന്റെയടുത്ത് നാഥായെന്നു വിളിച്ചുകൊണ്ട് ഓടിവന്നപ്പോൾ അറിയാതെയെന്റെ കണ്ണുകൾ കണ്ണുനീർ തുള്ളികൾകൊണ്ട് പൊട്ടിവീണു.

എന്റെ കൈകളെ അവൾ അമർത്തി പിടിച്ചു. എന്റെ കണ്ണുകളെ നോക്കി ചിരിച്ചപ്പോൾ മേരിയെന്നു ഞാൻ വിളിച്ചു. അവളുടെ തല പിന്തിരിഞ്ഞ് അങ്ങകലെ നീലാകാശത്തെ ചൂണ്ടി എന്നോടു പറഞ്ഞു; 'നാഥാ അവിടുന്ന് പോകുന്ന സ്ഥലത്ത് എന്നെയും കൊണ്ടുപോവില്ലേ? 

ഈറനണിഞ്ഞ അവളുടെ സമൃദ്ധമായ മുടി അവളെ തടവികൊണ്ട്‌ ചുറ്റും പാറി കളിക്കുന്നുണ്ടായിരുന്നു. അവൾ പിന്നെയും ചിരിച്ചു. താളക്രമത്തിൽ ഉയരുന്ന മണിനാദം പോലെ സംഗീതം ആലപിച്ചു. ഞാനും കൂടെ പാടി. കുസൃതി നിറഞ്ഞ ഇളംകാറ്റും അവളുടെ കാർകൂന്തലിനെ പാറിച്ചുകൊണ്ട് ഞങ്ങളോടൊപ്പം കൂടി.

അവൾ പറഞ്ഞു, 'ജെഷുവാ, എഴുന്നേൽക്കൂ. സമയമാം രഥത്തിൽ ഞാനും നിന്നോടൊപ്പം ഉണ്ട്. നാം എന്നുമായിരുന്നതുപോലെ എന്റെയടുത്തു വരൂ. രണ്ടായ നാം ഒരേ ഹൃദയത്തുടിപ്പോടെ ഞാൻ നിനക്കും നീ എനിക്കുമുള്ളതല്ലേ. എന്നും ആയിരിക്കട്ടെ, നിത്യമായും ആയിരിക്കും. പവിത്രമായ ഈ പ്രേമത്തിന്റെ മുമ്പിൽ നീ അരികിലുള്ളപ്പോൾ ഞാൻ ആരെ ഭയപ്പെടണം. വിശ്വപ്രേമത്തിന്റെ മൃദലമായ വികാരങ്ങൾ തുടിച്ചുനില്ക്കുന്ന ഈ മംഗളമുഹൂർത്തിൽ നനഞ്ഞു കുതിർന്ന എന്റെ അഴകാർന്ന മുടികൊണ്ട് നിന്റെ പാദങ്ങൾ ഞാൻ തടവട്ടെ. നാഥാ ക്ഷമിച്ചാലും.’

യേശു പറഞ്ഞു, 'കുട്ടീ കല്ലറകൾ പൊട്ടിത്തുറന്ന് ഞാൻ ഉയർത്തെഴുന്നേറ്റ സമയം നീ അവിടെയുണ്ടായിരുന്നു. പിതാവിങ്കലെക്കുള്ള യാത്രയിൽ എന്നെ തൊടരുതെന്ന് പറഞ്ഞു. അന്ന് നീ എനിക്കായി നിലവിളിച്ചുകൊണ്ട് ഭൂമിയിലായിരുന്നു. ഇനിമേൽ നീ കരയേണ്ട. ഇന്ന് നീ ആത്മാവാണ്. വരൂ, നിത്യമായ പിതാവിങ്കൽ ഇന്നുമുതൽ നീ എന്റെ ഭവനത്തിലാണ്. നിന്റെ വാസസ്ഥലം അവിടെ ഞാൻ ഒരുക്കിയിട്ടുണ്ട്.'

അഭയായോടായി യേശു പറഞ്ഞു, 'ഭൂമിയിൽ നീ വിശുദ്ധയായി ജീവിച്ചു. പ്രണയം ചുറ്റി കാമദേവൻ ഭൂമിയിൽ കറങ്ങിയപ്പോൾ നീ അവിടെയില്ലായിരുന്നു. പ്രേമത്തിന്റെ പാനപാത്രം നുകരാൻ നീയുൾപ്പെട്ട സമൂഹം നിന്നെ അനുവദിച്ചില്ല. പ്രേമത്തിന്റെ ലഹരി എന്തെന്ന് നീ അറിഞ്ഞില്ല. നിന്റെ മരണത്തിൽ നിന്റെ മാതാപിതാക്കളും കുറ്റക്കാരാണ്. കുടുംബ ജീവിതമെന്ന പവിത്രമായ പുണ്യജീവിതം നിനക്കു നിഷേധിച്ചു. അത് നിന്റെ വിധിയായിരുന്നു. നേർച്ചക്കോഴിയായി അവർ നിന്നെ എന്റെ മണവാട്ടിയാക്കി കബളിപ്പിച്ചു. നീ എത്തിയതോ മണവാളനും മണവാട്ടികളും ചമഞ്ഞ പിശാചുക്കളുടെ നടുവിലും. ജനം നിന്നെ അറിഞ്ഞില്ല. നീതി നിനക്ക് ലഭിച്ചില്ല.. നിന്റെ ആത്മാവ് ഗതികിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കാൻ പാടില്ല. വരൂ മോളെ, നിത്യതയുടെ പ്രേമമെന്ന മുന്തിരിച്ചാർ നുകർന്നുകൊണ്ട് ഞാനും നീയുമടങ്ങിയ ആ വാഗ്ദാന ഭൂമിയിൽ വസിച്ചാലും."




Wednesday, November 27, 2013

ജോസഫിന്റെ ദുഃഖവും മേരിയുടെ സ്വപ്നവും



ബാല്യംമുതൽ ഞാൻ താലോലിച്ചു മനസ്സിൽ കൊണ്ടുനടക്കുന്ന, ആരാധിക്കുന്ന എന്റെ ഇഷ്ടദേവതയാണ് യേശുദേവൻറെ അമ്മയായ കന്യകാമേരി. കുഞ്ഞായിരിക്കുമ്പോൾ എന്റെ അമ്മച്ചി പറയുമായിരുന്നു, “മോനേ സമസ്ത ലോകത്തിലും സുന്ദരിയാണവൾ”.  അവള്‍ ലോകത്തിന്റെ ഉജ്ജല പ്രകാശത്തിനുള്ളിലെ മഹിമയുടെ രാജ്ഞിയും. ജപമാലകളും വണക്കമാസവും വെടിക്കെട്ടും എട്ടുനോമ്പു പെരുന്നാളും രൂപം എഴുന്നള്ളിപ്പും  ബാല്യകാലത്ത് അമ്മച്ചിയോടൊത്തു കൈപിടിച്ച് പള്ളിയില്‍പോയ നാളുകളും ഇന്നും എന്റെ ഓര്‍മ്മകളിൽ തങ്ങിനിൽക്കുന്നു. മേരിയോടുള്ള ഈ അമിത പ്രേമത്തിന്റെ രഹസ്യവും മരിച്ചുപോയ അമ്മച്ചിയുടെ പ്രേരണയായിരിക്കാം.

 

സ്കൂളിൽ പഠിക്കുമ്പോൾ മേരിക്കു പൂക്കൾ  അര്‍പ്പിക്കുവാൻ പുഴയുടെ അക്കരയൊരു പള്ളിയിൽ ഞാൻ നിത്യസന്ദര്‍ശകനായിരുന്നു. ശുദ്ധജലം മാത്രമേ അന്നു പുഴയിൽ ഒഴുകിയിരുന്നുള്ളൂ. പ്രകൃതിയെ ചൂഷണം ചെയ്യുന്നവരും കുറവായിരുന്നു. ഞാൻ ഇന്നും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കലാരൂപം ഉണ്ണിയേശുവിനെ മേരി താലോലിച്ചുകൊണ്ടിരിക്കുന്ന രൂപമാണ്. അല്പനേരം മൌനമായി ആ രൂപത്തിനുമുമ്പിൽ നില്‍ക്കുമ്പോള്‍ ലോകംതന്നെ മനസ്സാകുന്ന സമതലത്തില് ഒതുങ്ങാത്തവിധം അര്‍ഥവ്യാപ്തിയുള്ളതായി തോന്നും. സുന്ദരിയായ അവളുടെ മകന്റെ ശബ്ദം ശ്രവിക്കും. "നിന്റെ ഹൃദയം ശിശുവിന്റെ ഹൃദയംപോലെ ആയിരിക്കണം". ഹൃദയത്തില് ഭാഗ്യവാന്മാരും അവരാണ്. ദൈവവചനങ്ങൾ നൂറായിരം തരത്തിൽ മാറ്റിയും മറിച്ചും പ്രഭാഷണങ്ങൾ നടത്തുന്നവരിൽനിന്നു വിമുക്തരായി,  സ്വതന്ത്രമായ മനസ്സോടെ, തുറന്ന ഹൃദയത്തോടെ ലോകത്തു ജീവിക്കുവാൻ, നല്ലതിനെ സ്വന്തം ജീവിതത്തിലേക്കു പകർത്തുവാൻ യേശുവിന്റെ ഈ ഒരറ്റ വചനം പോരേ? ഉണ്ണി യേശുവിനെ ആലിംഗനം ചെയ്തിരിക്കുന്ന മാതാവായ ഈ സ്ത്രീ സമസ്തലോകത്തിന്റെയും അമ്മമാരുടെയും സ്നേഹമല്ലേ? അവൾ ഒന്നല്ല കോടാനുകോടിയാണ്. പ്രകൃതിയുടെ താലോലിക്കുന്ന സ്നേഹമാണ്.

 

ഞാൻ താമസിക്കുന്ന വീടിനുചുറ്റും  മാൻ‍കൂട്ടങ്ങൾ വരാറുണ്ട്. പക്ഷികൾ കൂടുവെച്ചു മുട്ടവിരിഞ്ഞു പോകുന്നതും കാണാറുണ്ട്‌. മുയലുകളും ടർക്കിപക്ഷികളും നിത്യേന എന്റെ സന്ദർശകരാണ്.   അമ്മയുടെ സ്നേഹംപോലെ പ്രകൃതിതന്നെ സ്നേഹമല്ലേ. പക്ഷികൂട്ടങ്ങൾ സുരക്ഷിതരായി എന്റെ ഭവനത്തിനു ചുറ്റും കൂടുവെയ്ക്കുമ്പോൾ പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതിയും നമ്മെ സ്നേഹിക്കുമെന്നു ഞാൻ ചിന്തിക്കാറുണ്ട്. ഈ സ്നേഹത്തെക്കാൾ ഉപരിയായ ഒരു പ്രാർഥന നമുക്ക് ആവശ്യമുണ്ടോ?

 

സുപ്രഭാതത്തിലും രാത്രിയാമങ്ങളിലും ആരും കാണാതെ എന്തൊക്കെയോ ഈ അമ്മയോടും കുഞ്ഞിനോടും മനസ്സുകൊണ്ട് ഞാൻ വർത്തമാനം പറയും. ബാല്യം മുതലുള്ള എന്റെ ഒരു കിറുക്ക്. പ്രാർ‍ഥനയൊന്നും ചൊല്ലുകയില്ല. ഓർ‍മ്മ വെച്ച കാലംമുതൽ സുന്ദരിയുടെ മുഖത്തിനു യാതൊരു മാറ്റവുമില്ല. അവൾ അന്നും ഇന്നും നിത്യകന്യക തന്നെ. ഇന്നും നിത്യസുന്ദരി, പ്രകൃതിയുടെ സുന്ദരി, അവളിൽക്കൂടി ഞാൻ പ്രകൃതിയെയും അനശ്വരമായ സത്യത്തെയും ദർശിക്കുവാൻ ശ്രമിക്കാറുണ്ട്. അമ്മച്ചിയുടെ സ്നേഹവും സമസ്ത ലോകത്തിലെ അമ്മച്ചിമാരുടെയും സ്നേഹവും അവളിൽ മാറ്റമില്ലാതെ കുടികൊള്ളുന്നു. യുഗങ്ങളോളം തുടരുകയുംചെയ്യും.

 

യേശുവിന്റെ അമ്മയായ മേരിയെ വിവിധ ജാതിമതസ്ഥർ ഒരുപോലെ സ്തുതിക്കുന്നു. സഭയ്ക്കവൾ നന്മയുടെ പ്രകാശനാളമാണ്. രക്ഷകനായ യേശുവിനെ ഉദരത്തിൽ പേറാൻ ഭാഗ്യം ജനിച്ചതും ഈ സുന്ദരിയ്ക്കാണ്. ഉന്നതങ്ങളിലെ മഹത്വത്തിൽ അനുഗ്രഹീതയായ അവൾ സർവലോക നാഥന്റെ അമ്മയായി തെരഞ്ഞെടുക്കപ്പെട്ടു. നിത്യതയുടെ പരമ പീഠത്തിലേക്ക് അവളുടെ ചൈതന്യം രക്ഷകനായ കുമാരനൊപ്പം നമ്മളിലും സ്പുരിക്കുന്നു.

 

കൌമാരത്തിന്റെ ലാവണ്യത്തിൽ തത്തിക്കളിക്കുന്ന പ്രായത്തിൽ ജോസഫെന്ന ആശാരി ചെറുക്കനുമായി അവൾക്കു വിവാഹം നിശ്ചയിരുന്നു. സാധാരണ യഹൂദ പെണ്‍ക്കുട്ടികളെപ്പൊലെ അവളും ഭാവിവരനെപ്പറ്റി സ്വപ്നങ്ങളന്ന് നെയ്തുകാണും. പാവം അവളുടെ വിധി ലോകത്തിന്റെ വിധിയായ മാറ്റത്തിന്റെ മറ്റൊരു യുഗമായിരുന്നു.  

 

ഏകാന്തമായ ധ്യാനത്തിൽ മനസങ്ങനെ പാറിനടക്കവേ ദൈവദൂതനായ ഗബ്രിയേൽ അവൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അന്നവളുടെ മനസ് ഭയംകൊണ്ട് കൊടുംകാറ്റായി മാറിയിരുന്നു. പ്രത്യക്ഷനായിരിക്കുന്ന മാലാഖയുടെ മുമ്പിൽ അവളുടെ മനസ് പതറിയിരുന്നു. ഭീതി ജനിപ്പിക്കുന്ന അശരീരിയും ശ്രവിച്ചു." വാഴ്ത്തപ്പെട്ടവളേ, നിനക്കൊരു പുത്രൻ ജനിക്കും. അവൻ ലോകത്തിന്റെ രക്ഷകനായിരിക്കുമെന്ന്  ഗബ്രിയേൽ അവളോട്‌ പറഞ്ഞു.

 

വരാനിരിക്കുന്ന രക്ഷകനെ ഉദരത്തിൽ സ്വീകരിക്കുന്ന വാർത്ത  അവൾക്കന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ല. ദൈവത്തിൽ പൂർണ്ണമായും അടിമപ്പെട്ട് അനുസരണയോടെ അവൾ ഗബ്രിയേലിന്റെ വാക്കുകളെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചു. അമ്മയാകാൻ പോവുന്ന ആ സുന്ദരിയുടെ ഹൃദയം മധുരമായി പുഞ്ചിരിച്ചു. സ്നേഹമുതിർന്ന് നാഥനെ സ്തുതിച്ച് കണ്ണുകൾ ആകാശത്തിലേക്കുയർത്തി. സ്വപ്നം കാണുന്ന അവളുടെ ദിവ്യമാതൃത്വത്തിനു ചുറ്റും വസന്തവും പൂക്കളും പൂമ്പാറ്റകളും ശീതളമായ ഇളംകാറ്റും ഒരുപോലെ നൃത്തം ചെയ്ത് തലോടിക്കൊണ്ടിരുന്നു. ഉദരത്തിൽ വളരുന്ന ദിവ്യയുണ്ണിയുടെ രഹസ്യം അവളാരോടു പറയും!

 

കൈകൾ ഉയർത്തി പിതാവിനെ മഹത്വപ്പെടുത്തുന്ന സുന്ദരി നിനക്കുചുറ്റും മാലാഖമാരോടൊപ്പം ഞാനും നൃത്തം ചെയ്യട്ടെ. ആത്മാവിൽ പുണർന്ന ജീവന്റെ ജലമായി നിന്റെ സുതൻ ദിഗംബരങ്ങൾ ഞെട്ടിച്ചുകൊണ്ട് പിതാവിന്റെ സന്ദേശം എത്തിക്കും.  സ്നേഹത്തിന്റെ വഴിയേ നീയും ഞങ്ങളെ നിന്റെ പുത്രനൊപ്പം കൂട്ടുമെങ്കിൽ ഹൃദയത്തിലേക്ക് അവനെ സ്വാഗതം ചെയ്യാൻ ഞങ്ങളിവിടെയുണ്ട്. നിന്റെ മഹത്വം അറിയാതെ കന്യകയായ നിന്നെ അന്ന് യഹൂദജനം പരിഹസിച്ചു. ഇന്നിതാ കൊട്ടും കുരവയുമായി ഹല്ലേലിയാ പാടുന്നവർ നിനെക്കെതിരെ ദൂഷണമായി കുഴലൂതുന്നു. അമ്മയും കുഞ്ഞുമെന്ന കലാകാരന്റെ മൃദുലവികാരങ്ങളാൽ കോർത്തിണക്കിയ ഗാനത്തിന്റെ വീണകമ്പികൾ നീട്ടിയാലും    കഠിനഹൃദയങ്ങൾ അലിയുകയില്ല. അവളുടെ രക്തമല്ലാത്ത മറ്റൊരു ക്രിസ്തുവിനെ ദൈവമായി സ്തുതിക്കുന്നുവർ വചനത്തിൽ മായം കലർത്തി ഉപജീവനവും തേടുന്നു. 

 
 

ഗബ്രിയെൽ മാലാഖ അപ്രത്യക്ഷമായി കഴിഞ്ഞ് മേരിയുടെ മനസ് ചഞ്ചലിച്ചുകൊണ്ടിരുന്നു. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ജോസഫിനോട് എന്തു പറയുമെന്നായിരുന്നു അവളുടെ ചിന്ത.  ജനാൽപ്പടികളിൽക്കൂടി വിദൂരതയിലേക്ക് നോക്കി നില്ക്കെ അവളുടെ പ്രിയപ്പെട്ടവനായ ജോസഫ് അന്നവളെ കാണാൻ വന്നു. അവനവളെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. അവനോട് കഥകൾ തുറന്നു പറയാൻ അവള്ക്ക് സാധിച്ചില്ല. അവൻ ചോദിച്ചു "പ്രിയേ നീ എന്തേ വിഷണ്ണയായി കാണുന്നു. നിന്റെ പുഞ്ചിരിക്കുന്ന മുഖമെവിടെ?  നീ എന്നോടൊന്നും പറയുന്നില്ലല്ലോ" അവൾ ഒരു നിമിഷം ഗബ്രിയേലിനോട് പറഞ്ഞതോർത്തു. "പ്രഭോ അതെങ്ങനെ സംഭവിക്കുന്നു. ഞാൻ വിവാഹിതയല്ലല്ലോ." ഗബ്രിയേൽ പറഞ്ഞതും ഓർത്തു. "നീ അവന് യേശുവെന്ന് നാമം ഇടണം. ദൈവത്തിനസാദ്ധ്യമായത് ഒന്നുമില്ലല്ലോ." ജോസഫ് മേരിയെ ആലിംഗനം ചെയ്ത് ഒരു ചെറുപുഞ്ചിരിയോടെ കണ്ണുകളിൽ നോക്കിക്കൊണ്ട്‌ പറഞ്ഞു, "കുട്ടീ നീ ഒന്ന് ചിരിച്ചേ, നിനക്കെന്ത് സംഭവിച്ചെന്ന് എനിക്കൊന്നും മനസിലാവുന്നില്ല. ഞാൻ നിന്റെ ഇളയമ്മ എലിസബത്തിനെ കാണുന്നുണ്ട്. നമ്മുടെ വിവാഹം ഉടനുണ്ടാകും." ഹൃദയത്തിലെ ദുഃഖങ്ങൾ അടക്കാൻ വയ്യാതെ മേരി പൊട്ടിക്കരഞ്ഞു. അവൾ പറഞ്ഞു,  "ജോസഫ് എന്നോട് ക്ഷമിച്ചാലും. ഞാൻ വിവാഹിതയാവുന്നില്ല. എന്റെ ജീവിതത്തിന് ഞാൻ എങ്ങനെയിനി പദ്ധതികളിടും. എന്റെ കാര്യം ദൈവത്തിനറിയാം. എന്റെ പ്രിയനേ, നീ എന്നെ വിശ്വസിക്കണമെന്ന് പറയാനേ എനിക്ക് സാധിക്കുന്നുള്ളൂ." നിശബ്ദനായ ജോസഫ് ഒരു ഞെട്ടലോടെയാണ് മേരിയുടെ വാക്കുകൾ ശ്രവിച്ചത്.   ജോസഫ് പറഞ്ഞു "നിനക്കെല്ലാം കാര്യം നിസാരം.  ഞാൻ അങ്ങനെയല്ല. നീ എന്തേ എന്റെ കാര്യം ചിന്തിക്കാത്തത്. നിന്നെപ്പോലെ വ്യത്യസ്തമായ ഒരു മനസ് എനിക്കുമുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ എനിക്കത് സാധിക്കില്ല. മേരി പറഞ്ഞു, "നാം തമ്മിൽ ഇനി കാണരുത്. പോവൂ. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ." അവനൊരു നിമിഷം അവളെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ പോയി കഴിഞ്ഞ് മേരി കൂടുതൽ ദുഖിതയായി. മേരി സ്വയം പറഞ്ഞു "അവനെ ഞാൻ എങ്ങനെ എന്റെ ഹൃദയരഹസ്യങ്ങൾ മനസിലാക്കും. എനിക്കവനെ കാണാതിരിക്കാൻ സാധിക്കില്ല. ദൈവദൂതന്മാർക്കേ അവനെ മനസിലാക്കാൻ സാധിക്കുകയുള്ളൂ." മേരി പിന്നെയും ദിവസങ്ങളോളം അവനെ കാത്തിരുന്നു. ആ തച്ചൻ വന്നില്ല.   

  

ഒരിക്കൽ ജോർദാൻ നദിയുടെ തീരത്ത് മേരി അവളുടെ തച്ചൻ പണികഴിഞ്ഞു വരുന്ന വഴിയേ കാത്തുനിന്നു. അവൻ അവളെ ദൂരേന്നെ കണ്ടു. അവൻ അടുത്തുവന്നപ്പോൾ ജോർദാൻനദിയും കരകവിഞ്ഞ് പ്രേമത്തിന്റെതായ സാഗരം അവനുചുറ്റും ഒഴുകുന്നതായി തോന്നിപ്പോയി. അവൾ അവനോട് ഗബ്രിയേൽ മാലാഖ പ്രത്യേക്ഷപ്പെട്ടതും അശരീരിയും ഉദരത്തിൽ കൊണ്ടുനടക്കുന്ന ദിവ്യാ ഉണ്ണിയുടെയും കഥ പറഞ്ഞു. ഗൌരവം വിടാത്ത ഭാവത്തിൽ ജോസഫ് മേരിയോട് ചോദിച്ചു, "നീ എന്താണ് സംസാരിക്കുന്നതെന്ന് നിനക്കറിയാമോ? മേരി പറഞ്ഞു,  "തീർച്ചയായും ജോസഫ്; സത്യമായും ഞാൻ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവളാണ്. ഇത് ദൈവത്തിന്റെ ദിവ്യാത്ഭുതത്താലുള്ള കുഞ്ഞാണ്."  ജോസഫിന് വാക്കുകളില്ലാതെയായി. ജോസഫ് ചോദിച്ചു "മേരി, അപ്പോൾ നീ ഗർഭിണിയാണല്ലേ?" താൻ ഗർഭിണിയാണെന്ന് മേരി വീണ്ടും തറപ്പിച്ചു പറഞ്ഞു.  കറുത്ത കാർമേഘങ്ങൾ നിറഞ്ഞ ഭൂമി തനിക്കുചുറ്റും കറങ്ങുന്നതായി ജോസഫിന് തോന്നി. അവൻ പറഞ്ഞു "എനിക്ക് നിന്റെ പുരുഷനാരെന്നറിയണം. നീ എന്നെ കേൾക്കുന്നുണ്ടോ? അവിശ്വനീയമായത് എന്നെ തെറ്റിധരിപ്പിച്ച് നീ അങ്ങനെ മിടുക്കിയാകേണ്ട. നിന്നെ ഞാൻ ഈ നദിതീരത്ത് ഏകയായി ചുറ്റിക്കറങ്ങാൻ അനുവദിച്ചു. അതെന്റെ തെറ്റായിരുന്നു. നിന്നിൽ ഇങ്ങനെ ഒരു രഹസ്യമുണ്ടെന്ന് എനിക്കറിയത്തില്ലായിരുന്നു. മേരി പറഞ്ഞൂ, "എനിക്കതെല്ലാം അറിയാം. ജോസഫ്, നീ എന്നെ വിശ്വസിക്കൂ! അവൻ പറഞ്ഞു, പ്രിയേ എനിക്കങ്ങനെ വിശ്വസിക്കണമെന്ന് ആഗ്രഹമുണ്ട്. സാധിക്കുന്നില്ല. എന്നെ വിടൂ. ഞാൻ സ്വതന്ത്രനായി തനിയേ പോവട്ടെ.  നിഷകളങ്കമായ കണ്ണുകൾകൊണ്ട് മേരി അവനെ നോക്കീട്ടു പറഞ്ഞു, ജോസഫ് നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ പൊയ്ക്കൊള്ളുക. പാവനമായ നമ്മുടെ ഹൃദയബന്ധം ദൈവത്തിന് മാത്രം അറിയാം. അവിടത്തേക്ക് മാത്രം നിന്നെ ബോദ്ധ്യപ്പെടുത്താൻ കഴിയും. 

  

അന്ന് രാത്രി ജോസഫിന് ഒരു സ്വപ്നമുണ്ടായി. "ജോസഫ്, മേരിയെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ നീ ഭയപ്പെടേണ്ടാ. അവൾ ഗർഭം ധരിച്ചത് പരിശുദ്ധാത്മാവിനാലാണ്. ജോസഫ് ഉറക്കത്തിൽനിന്ന് ഉണർന്നപ്പോൾ ദൈവദൂതൻ അവനോട് സംസാരിച്ചു കഴിഞ്ഞിരുന്നു. അവൻ മേരിയെ ഭാര്യയായി സ്വീകരിച്ചു.

 
വിരുന്നുണ്ണാൻ മേരിയും ജോസഫുമൊത്ത് അവളുടെ ഇളയമ്മയായ എലിസബത്തിനെ കാണാൻ പോയി.  എലിസബത്ത് അന്ന് പൂർണ്ണ ഗർഭിണിയായിരുന്നു. മേരിയുടെ ഗർഭത്തിലെ കുഞ്ഞിനെ ദർശിച്ച മാത്രയിൽ എലിസബത്തിന്റെ ഉദരത്തിൽ ഉണ്ടായിരുന്ന യോഹന്നാൻ സ്നാപകൻ ഗർഭപാത്രത്തിനുള്ളിൽ തുള്ളിച്ചാടി. ഗർഭത്തിനുള്ളിലെ ജീവന്റെ തുടിപ്പിലും ജനിക്കുമ്പോഴും പരിശുദ്ധാത്മാവ് കുഞ്ഞിനെ തലോടും. ജനിച്ച കുഞ്ഞിന്റെ സ്നാനത്തിലും പരിശുദ്ധാത്മാവുണ്ട്. നാഥൻ സഞ്ചരിക്കുന്ന ഊടുവഴികൾ നാളെ തെളിക്കേണ്ടവൻ സ്നാപകനായവനാണ്. അവൻ വനാന്തരങ്ങളിൽ കായ്കനികളും തേനും ഭക്ഷിച്ച് വിളിച്ചുപറയും "എന്നെക്കാൾ ബലവാൻ ഏറിയവൻ എന്റെ പിന്നാലെ വരുന്നു. ഞാൻ അവന്റെ ചെരുപ്പുകളുടെ വാറുകൾ അഴിക്കാൻ പോലും അയോഗ്യനാണ്. ഞാൻ നിങ്ങളെ വെള്ളംകൊണ്ട് ജ്ഞാനസ്നാനം ചെയ്യിപ്പിക്കുന്നു. അവൻ നിങ്ങളെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യിപ്പിക്കും."


Tuesday, November 19, 2013

പുരോഹിതരാഷ്ട്രീയം കസ്തൂരി റിപ്പോർട്ടിനെതിരെ

By Joseph Padannamakkel

കഴിഞ്ഞ പതിറ്റാണ്ടുകളായി സാംസ്ക്കാരികമായും സാമൂഹികമായും നാം വളരെയേറെ ഉയർന്നു കഴിഞ്ഞുവെന്നതു ശരിതന്നെ. എങ്കിലും പരിസ്ഥിതിയെ  ദുരുപയോഗപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹമുള്ള ഭൂപ്രദേശവും കേരളമെന്നു തോന്നിപ്പോവുന്നു. ചീഞ്ഞു നാറിയ തെരുവുകളും വണ്ടികളുടെ ഇരച്ചുപായലും നിത്യജീവിതമാണ്. സ്വാഭാവിക വളങ്ങൾകൊണ്ട് ഉൽപ്പാദിപ്പിച്ചിരുന്ന കൃഷിഭൂമികളെല്ലാം രാസവളങ്ങളുപയോഗിച്ച്  എവിടവും വിഷമയമുള്ളതായി. അതിവേഗം സഞ്ചരിക്കുന്ന ലോകത്തു മനുഷ്യനിന്നു ശാസ്ത്രീയനേട്ടങ്ങളെ കൊയ്യുമ്പോൾ  മറുവശത്തു പ്രകൃതിയെ ചൂഷണം ചെയ്യുന്ന വസ്തുതയും ജനം വിസ്മരിക്കുന്നു. ഇന്ന് കേരളത്തിലെ അരുവികളിലും പുഴകളിലും വഴിയോര പ്രദേശങ്ങളിലും  പാഴായ പ്ലാസ്റ്റിക്കിന്‍റെ  കൂമ്പാരങ്ങൾ നിറഞ്ഞിരിക്കുന്നതു കാണാം. പ്ലാസ്റ്റിക്കിന്‍റെ ആവിർഭാവത്തിനുമുമ്പ് അന്തരീക്ഷം മലിനമാക്കാത്ത ശുദ്ധമായ വായുവും ജലവും ജനത്തിനു ലഭിക്കുമായിരുന്നു. ഒരു കാലത്ത്  ഒഴുക്കുനീർ  മാത്രം ഉണ്ടായിരുന്ന തോടുകളും ആറുകളും അഴുക്കുജലം നിറഞ്ഞു വരണ്ടിരിക്കുന്നതിനു കാരണവും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരു മാഫിയാസംഘം കേരളമാകെ  ശക്തിയേറിയതുകൊണ്ടാണ്. വനനശീകരണം, പാറ പൊട്ടിക്കൽ, പുഴയിൽനിന്നുള്ള മണൽവാരൽ,  മുതലായ കാരണങ്ങൾകൊണ്ട് ഭൂമിയുടെ സമ തുലനാവസ്ഥ തന്നെ തകർക്കുന്നു. സാമൂഹിക നിയമം മൂലം ഇത്തരം ചൂഷിതരെ നിയന്ത്രിക്കേണ്ടതും ഭൂമിയുടെ സംരക്ഷണത്തിന്  ആവശ്യമാണ്.

 
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുന്നുവെന്ന് പറഞ്ഞ് ഏതാനും വർഷങ്ങൾക്കുമുമ്പ് രാഷ്ട്രീയ പാർട്ടികളും കത്തോലിക്കാ സഭയുമൊത്ത് ജനങ്ങളെ ഭയവിഹ്വലാരാക്കിയിരുന്നു. ഇന്നവർ കസ്തുരി റിപ്പോർട്ടിന്റെ പേരിൽ ജനജീവിതം താറുമാറാക്കുന്ന പ്രകടനങ്ങൾക്കായും ഹർത്താലുകൾക്കായും ആഹ്വാനം ചെയ്തിരിക്കുകയാണ്. 116 വർഷം പഴക്കമുള്ള അണക്കെട്ട് പൊട്ടുന്നുവെന്ന് ഇതേ ഹിസ്റ്റീരിയാ ബാധിച്ച രാഷ്ട്രീയ മതചേരികൾ ഒത്തൊരുമിച്ചു അന്ന് പ്രചരണം നടത്തി. അഞ്ചു ജില്ലകളിലെ വസ്തുവകകൾ വെള്ളത്തിൽ ഒഴുകിപ്പോകുമെന്നും വിധിയെഴുതി. എന്നിട്ട് ഒന്നും സംഭവിച്ചില്ല.

ഇന്ന് മലമ്പ്രദേശങ്ങളിലും ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും രാഷ്ട്രീയ മത ചൂഷകർ കസ്തൂരി റിപ്പോർട്ടിന്റെ നല്ല വശങ്ങളെ കാണാതെ ആകമാന ജനങ്ങളെ ഇളക്കിക്കൊണ്ടിരിക്കുകയാണ്. ഭൂമിയെ സംരക്ഷിച്ചില്ലെങ്കിൽ ഭൂമിയുടെ സമതുലനാവസ്ഥ നഷ്ടപ്പെടുമെന്ന സത്യം മറച്ചുവെച്ച് കസ്തൂരി റിപ്പോർട്ട് ജനജീവിതത്തെ നശിപ്പിക്കുമെന്നാണ് ഇവർ പറഞ്ഞു പ്രചരിപ്പിക്കുന്നത്.  പശ്ചിമഘട്ടം ആറ് സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നുവെന്ന വസ്തുത പുരോഹിത രാഷ്ട്രീയ കൂട്ടുകെട്ടുകൾ ചിന്തിക്കുന്നുണ്ടോയെന്ന് അറിഞ്ഞുകൂടാ. കസ്തൂരി റിപ്പോർട്ടിൽ ഭൂമിയുടെ സമതുലനാവസ്തക്ക് വ്യതിയാനം വരുന്ന പ്രദേശങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. ഈ സത്യം ഒളിച്ചുവെച്ചുകൊണ്ടാണ് രാഷ്ട്രീയ മതചേരികൾ ഹർത്താൽപോലുള്ള സമരങ്ങൾ നയിക്കുന്നത്. ആ ഭൂപ്രദേശങ്ങളിൽ താമസിക്കുന്ന ആരുടേയും ജീവിതത്തിന് കോട്ടംവരുന്ന യാതോന്നും  കസ്തൂരി റിപ്പോർട്ടിൽ ഉള്പ്പെടുത്തിയിട്ടില്ല.  കസ്തൂരി റിപ്പോർട്ടിന്റെ ഗുണദോഷവശങ്ങളെ വിലയിരുത്താതെയാണ്  സമരമുന്നണികൾ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതെന്ന് കേരളത്തിലെ ഉന്നത നീതിന്യായ കോടതിവരെ വിലയിരുത്തിയിട്ടുണ്ട്.  

പശ്ചിമഘട്ടത്തിലെ ഏകദേശം 60 ശതമാനം ഭൂപ്രദേശങ്ങളും ജനങ്ങൾ കൈവശപ്പെടുത്തിയതായി കസ്തൂരി റിപ്പൊർട്ട് തയ്യാറാക്കിയവർ രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കി 40 ശതമാനം ഭൂപ്രദേശങ്ങളിൽ 90 ശതമാനവും ഭൂമിയുടെ സമതുലനാവസ്ഥയെ ബാധിക്കുന്ന പ്രദേശങ്ങളാണ്.(Ecology Sensitive areas, 'ESA') ആ പ്രദേശങ്ങളെ റിപ്പോർട്ടിൽ ലോലപ്രദേശങ്ങളായി (sensitive) കരുതുന്നു. അടിയന്തിരമായി ആ ഭൂപ്രദേശങ്ങളെ രക്ഷിക്കേണ്ടതായി ഉണ്ട്. അവിടെ പാറ പൊട്ടിക്കലോ, മണൽ വാരലോ, ഖനനമോ പാടില്ലായെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇവിടെ നടക്കുന്ന ഭൂമിചൂഷണങ്ങളെ അടുത്ത അഞ്ചുവർഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കണമെന്നാണ് പാനൽ റിപ്പോർട്ട് പറയുന്നത്.   

സുരക്ഷിതത്വത്തിനായി പ്രഖ്യാപിച്ചിരിക്കുന്ന അത്തരം ഭൂപ്രദേശങ്ങളിൽ തെർമൽ, അണുശക്തി കേന്ദ്രങ്ങൾ എന്നിവകൾ പാടില്ലായെന്നുമുണ്ട്. 20000 ചതുരശ്ര അടിയിൽ കൂടുതലായ കെട്ടിടനിർമ്മാണങ്ങളും നിരോധിച്ചിട്ടുണ്ട്. അന്തരീക്ഷം നശിപ്പിക്കുന്ന വ്യവസായങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഏതു തരം വികസനപദ്ധതികളും ഇത്തരം ലോലമായ പ്രദേശങ്ങളിൽ തുടങ്ങുന്നതിനുമുമ്പായി ഗ്രാമത്തിലുള്ള ജനങ്ങൾ പരീസ്തിയുമായി ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിക്കണമെന്നും നിർദ്ദേശമുണ്ട്.  

എന്താണ് സഭയുടെയും ഇടതുപക്ഷ പാർട്ടികളുടെയും ഉദ്ദേശമെന്നത് ബൌദ്ധിക തലങ്ങളിൽ ചിന്തിക്കുന്നവർക്ക് മനസിലാകുന്നില്ല. ഇവർ ജനദ്രോഹികളോ പശ്ചിമഘട്ട പർവതനിരകളിലുള്ള മയക്കുമരുന്നു ലോബികളിൽനിന്നും പണം നേടുന്നവരോ ആകാമെന്ന് വിമർശനങ്ങളുമുണ്ട്.  ഇടതുപാർട്ടികളും സഭയും വസ്തുതകൾ ഒളിച്ചുവെക്കുന്ന ഉദ്ദേശവും മനസിലാകുന്നില്ല. പാനൽ റിപ്പോർട്ട് ജനജീവിതത്തെ എങ്ങനെ  ബാധിക്കുന്നുവെന്നതിനെപ്പറ്റി സഭയോ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയോ അഭിപ്രായം പറയുന്നില്ലായെന്നതും ശ്രദ്ധേയമാണ്. പകരം കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റി ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. സത്യം എന്തെന്ന് വെച്ചാൽ കേരളത്തിലെ പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെ ഈ പാനൽ റിപ്പോർട്ട് യാതൊരു വിധത്തിലും ബാധിക്കില്ലന്നതാണ്. എന്നിരുന്നാലും മണൽ വാരികളെയും ഭൂമി ഖനനം ചെയ്യുന്നവരെയും വൻതോതിലുള്ള പാറ പൊട്ടിക്കുന്നവരെയും കസ്തൂരി റിപ്പോർട്ട് ബാധിക്കും. സുരക്ഷിത ലോലമേഖലകളായി കണക്കാക്കിയിരിക്കുന്ന പ്രദേശങ്ങളിലെ വനം കയ്യേറ്റക്കാർക്കും വൻകിട കെട്ടിടം പണിക്കാർക്കും പാനൽ റിപ്പൊർട്ട് ദോഷം ചെയ്യും. അവർക്കുവേണ്ടി എന്തിന്  ദിനംപ്രതി കഷ്ടിച്ച് അത്താഴം കഴിക്കുന്ന ദരിദ്രരായ കർഷക ജനത പോരാടണം?   

പരീസ്ഥിതി പ്രവർത്തകരും പശ്ചിമ ഘട്ടത്തിലെ ഗ്രാമീണരും കഴിഞ്ഞ നീണ്ട കാലങ്ങളായി ഇത്തരം നിയമാനുസാരമല്ലാത്ത വ്യവസായ കൂട്ടങ്ങളോട് മല്ലടിച്ച് പരാജയപ്പെട്ടിരിക്കുകയായിരുന്നു. ഇവരുടെ അനേക കാലങ്ങളിലായുള്ള പരീസ്ഥിതി നശീകരണം നാം വസിക്കുന്ന ഭൂമിയെ വേദനിപ്പിച്ചുകൊണ്ട് സമതുലനാവസ്ഥ അങ്ങേയറ്റം ഗുരുതരമാക്കിയിരിക്കുകയാണ്. വാസ്തവത്തിൽ പശ്ചിമഘട്ടത്തിൽ വിവരവും സുബോധത്തോടെയും ജീവിക്കുന്ന ജനങ്ങൾ കസ്തൂരി രംഗന്റെ റിപ്പോർട്ടിനെ സ്വയം രക്ഷയായി കണ്ട് അങ്ങേയറ്റം സ്വാഗതം ചെയ്യുന്നുണ്ട്. 

സത്യമെന്തെന്നാൽ പാനൽ റിപ്പോർട്ട് ബാധിക്കുന്നത് വൻവ്യവസായികളെയും ഭൂമിമാഫിയാകളെയുമാണ്. അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് ഇന്ന് സഭയും ഇടതുപക്ഷ പാർട്ടികളും ഒത്തൊരുമിച്ച് പോരാടുന്നത്. സഭ പരസ്യമായി അധികം രംഗത്തില്ലെങ്കിലും കസ്തൂരി റിപ്പോർട്ടിനെതിരെ ശക്തമായ ഭാഷകളിൽ പ്രതികരിക്കുന്നുണ്ട്. ജനങ്ങളിലല്ല, വനങ്ങളിലും മൃഗങ്ങളിലുമാണ് കസ്തൂരി റിപ്പോർട്ടിൽ താല്പര്യമെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നു. സഭയുടെ നാവായ കേരളാ കോണ്ഗ്രസും കസ്തൂരി റിപ്പോർട്ടിനെതിരായ സമര മുന്നണിയിലുണ്ട്       

ഈ സമരത്തിൽക്കൂടി മാർക്സിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഒരു വെടിക്ക് രണ്ടു പക്ഷികളെ വീഴ്ത്തിയെന്ന് പറഞ്ഞതുപോലെ  രണ്ട് നേട്ടങ്ങളാണ് കൊയ്യുന്നത്. ആദ്യത്തെ ലക്‌ഷ്യം ജനങ്ങളിൽ അസമാധാനം ഉണ്ടാക്കി നിലവിലുള്ള സർക്കാരിനെ താഴെയിറക്കണം. രണ്ടാമത്തെ ഉദ്ദേശം കത്തോലിക്കാ സഭയുമായി അടുക്കണം. സഭയുമായി സൗഹാർദം സൃഷ്ടിച്ച് ക്രിസ്ത്യൻ വോട്ടുകൾ പ്രത്യേകിച്ച് പശ്ചിമഘട്ടം മേഖലകളിലെ ക്രിസ്ത്യാനികളുടെ വോട്ടുകൾ നേടുകയെന്നുള്ളത് മാർക്സിസ്റ്റ് പാർട്ടിയുടെ എന്നുമുള്ള ലക്ഷ്യങ്ങളായിരുന്നു. അതിനായി ക്രിസ്ത്യാനികളുടെ പാർട്ടിയായ കേരളാ കൊണ്ഗ്രസിനെയും കൂട്ടുപിടിച്ചിട്ടുണ്ട്.  

ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാലംമുതൽ മിക്ക മന്ത്രിസഭകളിലും റവന്യൂ വകുപ്പ് കെ.എം. മാണിയുടെ അധീനതയിലായിരിക്കും. വനം കയ്യേറ്റക്കാർക്ക് പട്ടയം നല്കുകയെന്നുള്ളത് കേരളാ കോണ്ഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ ഒന്നാണ്. സഭയുടെയും ഭൂമി മാഫിയാകളുടെയും അനുഗ്രഹത്തോടെ ധനികരായ ക്രിസ്ത്യാനികളാണ് കൂടുതലായും വനം കൊള്ള നടത്തുന്നത്. ജനങ്ങളിൽ ആശയക്കുഴപ്പങ്ങൾ വരുത്തി കസ്തൂരി റിപ്പോർട്ടിനെ ഇല്ലാതാക്കുകയെന്നത് സഭയുടെയും വൻകിട മണൽ ലോബികളുടെയും പാറ പൊട്ടിക്കുന്ന വ്യവസായികളുടെയും ആവശ്യമായി തീർന്നിരിക്കുകയാണ്. കുടിയൊഴിപ്പിക്കുമെന്ന ഭീതി വരുത്തി വസ്തുക്കളുടെ വിലയിടിച്ച് സ്വാർഥമതികൾക്ക് ഭൂമി കൈവശപ്പെടുത്തുവാനുള്ള ഒരു ഉപജാപം കൂടിയാണ് ഇത്തരം പ്രതിക്ഷേധങ്ങളെന്നും കണക്കാക്കണം.      

സഭയും കമ്യൂണിസവും ചരിത്രത്തിൽ എന്നാണ് യുക്തിപൂർവ്വം പ്രവർത്തിച്ചിട്ടുള്ളത്? റഷ്യയിലും ചൈനയിലും ലക്ഷകണക്കിന് മനുഷ്യരെ കമ്യൂണിസ്റ്റ്കാർ കൊന്നു. ക്രിസ്ത്യാനികൾ ശാസ്ത്രജ്ഞരെയും എതിരഭിപ്രായം പറഞ്ഞവരെയും ശവപറമ്പുകളിലാക്കി. ചത്തു മരവിച്ച തത്ത്വസംഹിതകളായി നടക്കുന്ന കമ്യൂണിസ്റ്റുകാരും പൌരാഹിത്യത്തിൽ ദുഷിച്ച സഭയും ഒരേ ചുവടുകളിൽ നിന്നുകൊണ്ട് ശവക്കുഴികൾ മാന്തുകയാണ്. വാസ്തവത്തിൽ ഇവർ മുറവിളി കൂട്ടുന്നത് ജനങ്ങൾക്ക്‌ വേണ്ടിയോയെന്നതിന് ഉത്തരമില്ല. സാക്ഷരത്വത്തിൽ ഏറ്റവും ഉന്നതമായ സംസ്ഥാനം,  എല്ലാ വിഭവങ്ങളും നിറഞ്ഞ സുന്ദരമായ ഒരു നാട്, ദൈവത്തിന്റെ ഈ ഭൂപ്രദേശം അങ്ങനെയങ്ങനെ വിശേഷണങ്ങൾ നിറഞ്ഞ നാം വസിക്കുന്ന ഈ ഭൂമിഗോളത്തിന്റെ സുരക്ഷിതത്വത്തെ ഈ സാമൂഹിക വൈരികൾ ശ്രദ്ധിക്കാറുണ്ടോ?  വൻകിട കെട്ടിടങ്ങൾ, ഷോപ്പിങ്ങ് കോമ്പ്ലെക്സുകൾ, ധനികരായവർക്ക് ഹോസ്പ്പിറ്റലുകൾ, മെഗാ കത്തീഡ്രലുകൾ,  കോഴ കോളേജുകൾ എന്നിവകൾ പടുത്തുയർത്തി ഭൂമിയുടെ സമതുലനാവസ്ഥയെവരെ നശിപ്പിക്കുന്ന വൈറസുകളായി ഇന്ന് പൌരാഹിത്യം രൂപാന്തരപ്പെട്ടിരിക്കുകയാണ്. 

സത്യമല്ലാത്ത മാധ്യമങ്ങളുടെമേൽ ശക്തമായ നടപടികളും ഇന്ന്  എടുക്കേണ്ട ആവശ്യമുണ്ട്. പുരോഹിതരുടെ നിയന്ത്രണത്തിലെ പത്രങ്ങൾക്കെല്ലാം ഭൂമി ഖനന മാഫിയാകൾ പണം കൊടുത്ത് വാർത്തകളിൽക്കൂടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഖേദകരമാണ്. ഇടയ ലേഖനങ്ങൾ ജനങ്ങളെ ഇളക്കുന്ന വിധത്തിൽ പള്ളികളിൽ വായിക്കുന്നതും പത്ര വാർത്തകളും ജനത്തെ സമരത്തിനായി പ്രേരിപ്പിക്കുന്നു. ഗാഡ്ഗിൽ റിപ്പോർട്ട്പോലെ കസ്തൂരി റിപ്പൊർട്ടിനും പോരായമകളുണ്ട്. കസ്തൂരി റിപ്പോർട്ടിലും ഗാഡ്ഗിൽ റിപ്പോർട്ടിലും ധാരാളം ടെക്കനിക്കൽ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കാണാം. തന്മൂലം ഇംഗ്ലീഷിൽ നല്ല പരിജ്ഞാനമുള്ളവർക്ക്  മാത്രമേ റിപ്പോർട്ട് മനസിലാവുകയുള്ളൂ. ശരിയായി മനസിലാക്കുന്ന ഭാഷയിൽ കസ്തൂരി റിപ്പോർട്ടിനെ മലയാളത്തിൽ ആരും വിവർത്തനം ചെയ്തിട്ടുമില്ല. ജനങ്ങളുടെ വികാരങ്ങളെ മനസിലാക്കാതെ കൂടുതലും ഗൂഗിൾ മാപ്പ് നോക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. കസ്തൂരി റിപ്പോർട്ടിലെ 48 ഗ്രാമങ്ങൾ ഇടുക്കി ജില്ലയിലാണ്. ഈ പ്രദേശങ്ങളൊന്നും കസ്തൂരി സന്ദർശിച്ചില്ലെന്നും റിപ്പോർട്ടിനെ എതിർക്കുന്നവർ പറയുന്നു. കേരളത്തിന്റെ നിലനിൽപ്പിനായി പരീസ്ഥിതി പരിരക്ഷിക്കണമെന്നുള്ള വിജ്ഞാനം പ്രൈമറിസ്കൂൾ തലങ്ങൾമുതൽ ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പദ്ധതികൾ തുടങ്ങാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പൊതു വഴികളിലും നദികളിലും  വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മുതൽ കുന്നുകൾ ഇടിച്ചു നിരത്തിയുള്ള ഖനനം, വനം നശീകരണം വരെയുള്ള ഭവിഷിത്തുകൾ ജനം മനസിലാക്കണം. കേരളത്തിന്റെ നിലനിൽപ്പിനായി പരീസ്ഥിതി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമെന്നുള്ള വസ്തുതകളും ജനങ്ങളെ ബോധവല്ക്കരിക്കണം. 

 
കസ്തൂരി റിപ്പോർട്ട് അപൂർണ്ണമാണെന്നും ഭൂമിയുടെ സമതുലനാവസ്ഥ ഈ റിപ്പോർട്ട് വഴി പരിഹരിക്കാൻ സാധിക്കില്ലെന്നും ഗാഡ്ഗിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെ വികൃതമാക്കി മറ്റൊരു റിപ്പൊർട്ട് തയ്യാറാക്കിയതും ചിലരുടെ സ്ഥാപിത താല്പര്യം കൊണ്ടെന്ന് ഗാഡ്ഗിൽ പറഞ്ഞു. പരിസ്ഥിതിയെ നിലനിർത്തുന്ന പ്രശ്ന പരിഹാരങ്ങൾക്കുപരി  താല്ക്കാലികമായ പരിസ്ഥിതി വികസന നേട്ടങ്ങൾക്കാണ് കസ്തൂരി രംഗൻ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഗാഡ്ഗിൽ റിപ്പോർട്ട് അനുസരിച്ച്  25000 ചതുരശ്രമൈൽ പ്രദേശങ്ങൾ ലോല പ്രദേശങ്ങളായി കരുതിയെങ്കിൽ കസ്തൂരി റിപ്പോർട്ട് അത് ചുരുക്കി 13000 ചതുരശ്രമൈൽ ആക്കി. അത്രയും ചുരുക്കൽ മൂലം ഭൂമിയുടെ സമതുലനാവസ്ഥ നിയന്ത്രിക്കാൻ സാധിക്കില്ല.
  
പ്രകൃതിയുടെ ചൂഷണംമൂലം അനേകം ജീവജാലങ്ങളും ഭൂമിയിൽ ഇല്ലാതാവുന്നുണ്ട്. ലക്ഷക്കണക്കിനു പക്ഷികൾ പറന്നു നടന്നിരുന്ന കേരളത്തിന്‍റെ പക്ഷിക്കൂട്ടങ്ങളെവിടെയോ പറന്നകന്നു പോയതിനും കാരണം വനം കൊള്ളക്കാരും പാറ പൊട്ടിക്കൽ മാഫിയാക്കാരും അന്തരീക്ഷത്തിലെ വിഷവായുവും ആണ്. ഇരമ്പിപ്പായുന്ന വാഹന പുകയും ഫാക്റ്ററികളിലെ പുകപടലങ്ങളും വിസ്സർജന വസ്തുക്കളും പ്രകൃതിയെ പീഡിപ്പിക്കുന്നു.  ഒരു സമൂഹം മുഴുവനായി  ഒത്തൊരുമിച്ചെങ്കില്‍ മാത്രമേ പ്രകൃതിയെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. സർക്കാരും ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിച്ച് ധനസഹായം ചെയ്യുന്നത് പ്രകൃതിയുടെ സമ്പത്തിനെ കാത്തുസൂക്ഷിക്കുവാൻ  സഹായകമാവും. പരിഷ്കൃത രാഷ്ട്രങ്ങളുടെ വരുമാനത്തിന്‍റെ നല്ലൊരു പങ്ക് പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുവാനായി  നീക്കിവെക്കുന്നുണ്ട്.

ആയൂർവേദ മരുന്നുചെടികൾ  വളരുന്നതിനു  കേരളം അനുയോജ്യമായ കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിൽ ഒന്നായിരുന്നു. കരിങ്ങാലി, കൂവളം, കരി വെപ്പ്, വയമ്പ്, ആടലോകം, കാറ്റാരവാഴ, ചിറ്റരത, ശതാവരി, കറുക, എന്നിങ്ങനെ നൂറു കണക്കിനു മരുന്നുചെടികൾ  വളരുന്ന കേരളം പോലുള്ള ഒരു നാട് മറ്റൊരു പ്രദേശത്തും കാണുമെന്നു തോന്നുന്നില്ല. പണ്ടുള്ള ജനങ്ങൾ‍ക്ക്‌  ഇത്തരം ചെടികളെ തിരിച്ചറിയുവാനും പ്രത്യേക കഴിവുകളുമുണ്ടായിരുന്നു.  അസുഖങ്ങൾ  ഭേദപ്പെടുത്തുവാൻ ഉപയോഗമുള്ള ചെടികളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനായി  സർക്കാർ  തുനിഞ്ഞിരുന്നുവെങ്കിൽ,  പ്രകൃതിയോടു ചെയ്യുന്ന ഒരു നീതിയാകുമായിരുന്നു. ഇത്തരം പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള സാമൂഹിക ബോധവൽക്കരണ രൂപീകരണത്തിൽ ഓരോ പൌരനെയും പങ്കാളിയാക്കണം.

Sunday, November 17, 2013

ഫ്രാൻസീസ് മാർപാപ്പാ ക്രിസ്തുവിന്റെ പ്രിയ ഇടയൻ

 By  ജോസഫ് പടന്നമാക്കൽ
പത്രോസിന്റെ സിംഹാസനത്തിൽനിന്നും 2013 ഫെബ്രുവരിയിൽ ബനഡിക്റ്റ് പതിനാറാം മാർപാപ്പാ സ്ഥാനത്യാഗം ചെയ്തത് സഭയുടെ ഒന്നേകാൽ ബില്ല്യൻ ജനങ്ങളിൽ അത്ഭുതമുളവാക്കിയിരുന്നു. ഒരു മാർപാപ്പാ ഔദ്യോഗിക പദവികളിൽനിന്ന് വിരമിക്കുന്നത് കഴിഞ്ഞ 600 വർഷത്തെ സഭയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു. ലോകമാകമാനമുള്ള ക്രിസ്ത്യാനികളുടെ  സ്നേഹാദരവുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം ഹെലികോപ്റ്ററിൽ കയറി ചരിത്രത്തിന്റെ മൂകസാക്ഷിയായി വത്തിക്കാനോട് വിടപറഞ്ഞു. ബനഡിക്റ്റ് മാർപാപ്പ ഔദ്യോഗിക പദവിയിലിരുന്ന കാലങ്ങളിൽ പറയുമായിരുന്നു,  "മാർപാപ്പായായി എന്നിൽ അർപ്പിച്ചിരുന്ന കടമകൾ കഠിനമായിരുന്നു. എന്റെ പിൻഗാമി സമുദ്രാന്തർഭാഗത്ത് കൊടുംകാറ്റത്ത്‌ ആടിയുലയുന്ന കപ്പലിനെ നയിക്കുന്നപോലെ ഇനി സഭയെ നയിക്കേണ്ടി വരും." ഞാൻ ഇടയാനായിരുന്ന കാലങ്ങളിൽ എന്റെ നാഥനായ യേശു ഉറങ്ങുകയായിരുന്നുവെന്നും ബനഡിക്റ്റ് മാർപാപ്പാ പറഞ്ഞു.


മാർപാപ്പായായി തെരഞ്ഞെടുത്ത 76 വയസുള്ള  ജോർജ് മാരിയോ ബർഗോളി സഭയുടെ ആയിരം വർഷത്തെ ചരിത്രത്തിൽ യൂറോപ്പിനു വെളിയിൽനിന്നും തെരഞ്ഞെടുത്ത ആദ്യത്തെ പാപ്പായായിരുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യത്തുള്ള അദ്ദേഹം ഫ്രാൻസീസ്  മാർപാപ്പായെന്ന അസ്സീസിയിലെ ഫ്രാൻസീസിന്റെ നാമം സ്വീകരിച്ച് ലോകമാകമാനമുള്ള കത്തോലിക്കരുടെ ആത്മീയ നേതാവായി. മാർപാപ്പായുടെ ആദ്യത്തെ വാക്കുകൾ "സങ്കീർണ്ണമായ സഭയുടെ ദൌത്യങ്ങൾ വഹിക്കാൻ എനിക്ക് വേണ്ടി പ്രാർഥിക്കുക' എന്നായിരുന്നു. "ഇടയനും ജനവുമായി ഇനിമേൽ ഒന്നിച്ച് യാത്ര ചെയ്യാമെന്ന് പുതിയ  മാർപ്പാപ്പാ ജനത്തെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 
അർജന്റീനായിൽനിന്ന് വന്ന വന്ദിതനായ ഈ പുരോഹിതൻ ജോർജ് മാരിയോ ബർഗോളി അമേരിക്കാ ഭൂഖണ്ഡത്തിലെ ആദ്യത്തെ മാർപാപ്പായാണ്. ബ്യൂ നോസ് എയർസ് (Buenos  Aires ) ലെ ഈ ആർച്ച് ബിഷപ്പ് മാർപാപ്പായാകുന്നതിന് മുമ്പുതന്നെ ഭൂഖണ്ഡം മുഴുവൻ പ്രസിദ്ധനായിരുന്നു. അദ്ദേഹം ആകമാനജനങ്ങൾ ഒരുപോലെ സ്നേഹിച്ചിരുന്ന സ്വന്തം രൂപതയിലെ ലാളിത്യമുള്ള ഒരു ഇടയാചാര്യനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ 15 വർഷങ്ങളോളമുള്ള എപ്പിസ്ക്കോപ്പൽ ഭരണകാലങ്ങളിൽ രാജ്യം മുഴുവനും സാധാരണ ബസുകളിലും ട്രെയിനുകളിലും കാൽനടയുമായി യാത്രചെയ്ത് ജനങ്ങളെ സേവിച്ചിരുന്നു.
" എന്റെ ദരിദ്രരായ ജനങ്ങളിൽ ഞാനും ഒരാളെന്ന്" ജോർജ് ബർഗോളി മിക്കപ്പോഴും പറയുമായിരുന്നു. കർദ്ദിനാളായി വാഴുന്ന കാലത്തും പാവങ്ങളിൽ പാവങ്ങളെപ്പോലെ അദ്ദേഹം ജീവിച്ചു. സഭ നല്കിയ രാജകീയ കൊട്ടാരങ്ങൾ വേണ്ടെന്നുവെച്ച് ഇടുങ്ങിയ ഒരു കൊച്ചുവീട്ടില് സ്വന്തമായി ഭക്ഷണം പാകം ചെയ്ത് അദ്ദേഹം ജീവിച്ചു. യേശുവിനൊപ്പം നടന്ന അപ്പോസ്തൊലരുടെ ഹൃദയ വിശാലതയോടെ ദരിതർക്കും പീഡിതർക്കും രോഗികൾക്കും ഒരുപോലെ വാതിലുകൾ തുറന്നുകൊടുത്ത് ലാളിത്യത്തിൽ ജീവിക്കാൻ അദ്ദേഹം എന്നും തന്നോടൊപ്പം സഞ്ചരിച്ചിരുന്ന പുരോഹിതരെയും ഉപദേശിക്കുമായിരുന്നു. സ്വാർഥതയാണ് ലോകത്തിന്റെ ആദ്ധ്യാത്മികതയുടെ ഇരുട്ടെന്ന് ജോർജ് അവരോട് പറയുമായിരുന്നു. സാമൂഹിക നീതിയെപ്പറ്റി സംസാരിക്കുമ്പോൾ അദ്ദേഹം പറയും, "സഹോദരരേ, നിങ്ങൾ വീണ്ടും വേദപാഠം ക്ലാസുകളിൽ പോവൂ! ദൈവം മോസസിന് കൽപ്പിച്ച പത്തുപ്രമാണങ്ങളെ ഗഹനമായി പഠിച്ച് മനസിനുള്ളിലാക്കൂ. അതിന്റെ ഹൃദയഹാരിയായ മനോഹരതയെ ആസ്വദിക്കൂ. മറ്റൊരുവന്റെ വ്യക്തിത്വത്തെ ചവിട്ടിത്താഴ്ത്തുന്നവനാണ് മഹാപാപിയെന്ന് ക്രിസ്തുവിനെ  പിന്തുടരുന്നവൻ മനസിലാക്കും"

 
ജോർജ് ബെർഗോളി 1936 ഡിസംബർ പതിനേഴാംതിയതി ഇറ്റാലിയൻ കുടിയേറ്റക്കാരുടെ മകനായി അർജെന്റീനായിലെ ബ്യൂനോസ് എയർസ് എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് മാരിയോ അക്കാലത്ത് റെയിൽവേയിൽ അക്കൗണ്ടന്റ് ആയിരുന്നു. അമ്മ രജീനാ സിവൊരി മക്കളായ അഞ്ച് കുഞ്ഞുങ്ങളെയും പരിചരിച്ചുകൊണ്ട് നല്ല ഒരു കുടുംബിനിയായി കഴിഞ്ഞു. വില്ലാ ദിവോട്ടോ (Villa Devoto)എന്ന രൂപതാവകയുള്ള സെമിനാരിയിൽ ചേർന്നുകൊണ്ട് കെമിക്കൽ ടെക്കനിക്കൽ ബിരുദധാരിയായി പഠനം പൂർത്തിയാക്കിയ ജോർജ് തെരഞ്ഞെടുത്തത് പൌരാഹിത്യത്തിന്റെ വഴിയായിരുന്നു.

 
മാർപാപ്പായുടെ ജീവിതത്തെ സ്പർശിക്കുന്ന സംഭവബഹുലമായ ചരിത്രസൂചിക ക്രമാനുക്രമം താഴെ വിവരിക്കുന്നു.
1. 1958 മാർച്ച് 11-ന് ചെമ്മാച്ചനായി ഈശോ സഭയിൽ ചേർന്നു.
2. ഹുമാനിറ്റീസിൽ തെക്കേ അമേരിക്കയിലെ ചില്ലിയിൽ പഠനം പൂർത്തിയാക്കിയ ശേഷം അർജന്റീനായിൽ മടങ്ങിവന്ന് 1963-ൽ തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തു.
3. 1964-1965 കാലഘട്ടത്തിൽ സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും കോളേജ് അദ്ധ്യാപകനായിരുന്നു.
4. 1967-1968-ൽ തീയൊളജി പഠിച്ച് ബിരുദം നേടി.
5. 1969 ഡിസംബർ 13-ന്  പൌരാഹിത്യം സ്വീകരിച്ചു.
6. 1971 വരെ സ്പെയിനിൽ പഠനം തുടർന്നുകൊണ്ടിരുന്നു.
7. 1973-ൽ സ്വന്തം രാജ്യത്ത് മടങ്ങിവന്ന് തീയോളജി പ്രൊഫസറായി ചുമതലയെടുത്തു. ആ വർഷം ജൂലൈ 31 -ന് അദ്ദേഹത്തെ അർജന്റീനായിലെ ഈശോസഭാ പ്രോവിൻഷ്യാൾ ആയി തെരഞ്ഞെടുത്ത് ആറു വർത്തോളം ആ പദവിയിൽ ഇരുന്നു.
9. 1986-ൽ ജർമ്മനിയിൽ പോയി തീയോളജിയിൽ പി.എച്.ഡി ബിരുദം നേടി.
10. 1992 -മെയ് 20-ന് ജോണ്‍പോൾ രണ്ടാമൻ മാർപാപ്പാ അദ്ദേഹത്തെ അക്വായിലെ ബിഷപ്പായി വാഴിച്ചു.
11.1997 ജൂണ്‍ മൂന്നാംതിയതി ബ്യൂനോസ് എയർസിലെ ആർച്ച് ബിഷപ്പുമായി തെരഞ്ഞെടുത്തു.
12. 2001 ഫെബ്രുവരിയിൽ ജോണ്‍ പോൾ മാർപാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി വാഴിച്ചു.
 
 
അതിനുശേഷം ഉന്നതമായ പല സ്ഥാനമാനങ്ങളും പദവികളും അലങ്കരിച്ചിരുന്നെങ്കിലും ലളിതമായ ജീവിതരീതിവഴി എന്നും ഒരു മുനിവര്യനെപ്പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. 2013 മാർച്ച് പതിമ്മൂന്നാം തിയതി അദ്ദേഹത്തെ മാർപാപ്പായായി തെരഞ്ഞെടുക്കുന്നതുവരെ പാവങ്ങളുമായി ഒത്തുജീവിക്കാനായിരുന്നു ഈ മഹാപുരോഹിതന് എന്നും താല്പര്യമുണ്ടായിരുന്നത്. കൊട്ടാരസദൃശ്യമായ വത്തിക്കാനിലെ പാപ്പാമന്ദിരങ്ങളിൽ മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ താമസിച്ചെങ്കിലും ഫ്രാൻസീസ് മാർപാപ്പാ അവിടെ ഇടുങ്ങിയ മുറികളുള്ള ഒരു കൊച്ചുഭവനത്തിലാണ് താമസിക്കുന്നത്.
 
 
കഴിഞ്ഞ വർഷം വാർത്താലേഖകരുമായുള്ള ഒരു അഭിമുഖസംഭാഷണത്തിൽ  ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞു; " സെമിനാരിയിൽ പഠിക്കുന്ന യുവാവായിരുന്ന കാലത്ത് എന്റെ അമ്മാവന്റെ വിവാഹസമയം കണ്ണഞ്ചുംവിധം സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാൻ കണ്ടുമുട്ടി. അവളുടെ സൌന്ദര്യത്തിലും അതിബുദ്ധിയിലും ചുറുചുറുക്കിലും മയങ്ങിപോയി. അങ്ങനെയേറെനാൾ എന്റെ മനസിനെ ഞാൻ പന്തുതട്ടികൊണ്ടിരുന്നു." ഭാവിമാർപാപ്പാ പറഞ്ഞു, "ഞാൻ എന്നും അവളെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു. ഒഴിച്ചുകൂടാൻ പാടില്ലാത്തവിധം അവൾ എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി. അമ്മാവന്റെ വിവാഹംകഴിഞ്ഞ് ഞാൻ സെമിനാരിയിൽ മടങ്ങിവന്നു. ആഴ്ചകളോളം എനിക്ക് പ്രാർഥിക്കുവാൻ കഴിയുകയില്ലായിരുന്നു. ഏകാന്തതയിൽ ദൈവത്തോട് സല്ലപിക്കുന്ന സമയവും അവൾ എന്റെ മനസ്സിൽ കടന്നുകൂടും. വീണ്ടുംവീണ്ടും എന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു. വിട്ടുപോകാത്ത ചിന്തകളുമായി മനസ്സുതന്നെ ഭ്രാന്തുപിടിച്ചു. പൌരാഹിത്യം വേണൊ, സ്നേഹിച്ച കുട്ടിയെ വേണോ? ഇങ്ങനെ  ഉത്തരമില്ലാത്ത  ചോദ്യത്തിനുമുമ്പിൽ  ഞാൻ എന്റെ മനസ്സിനെ കാടുകയറ്റി. എനിക്കുണ്ടായ അനുഭവംപോലെ ഇന്നൊരു സെമിനാരിക്കുട്ടിക്ക് അങ്ങനെ സംഭവിച്ചെങ്കിൽ 'മോനെ, നീ സ്വയം വഞ്ചിതനായ പുരോഹിതനാകാതെ നല്ല ക്രിസ്ത്യാനിയായി മടങ്ങിപോവൂ' എന്നു ഞാൻ പറയും. 'പൌരാഹിത്യം നിനക്കുള്ളതല്ല. ഈ നിമിഷത്തിൽ ഞാൻ ബ്രഹ്മചര്യനിയമങ്ങൾക്ക് അനുകൂലമാണ്. കാരണം, പത്തു നൂറ്റാണ്ടുകളായി പരാജയങ്ങളില്ലാതെ സഭയെ പ്രായോഗികമായി നയിക്കുവാൻ സാധിച്ചു.എങ്കിലും ഇതൊരു അച്ചടക്കവും പരിശീലനവുമാണ്. വിശ്വാസമല്ല. മാറ്റങ്ങൾ വരുത്താം. വികാരംകൊണ്ട് എരിയുന്നതിലും നിന്റെ മനസ്സിന്‌ വിവാഹജീവിതമാണ് ശാന്തി' "
 
 
ഫ്രാൻസീസ് മാർപാപ്പായുടെ അയൽപക്കമായിരുന്ന അന്നത്തെ പെണ്‍കുട്ടിക്കും തകർന്നുപോയ ഈ പ്രേമത്തെപ്പറ്റി പറയുവാനുണ്ട്. ബാല്യകാലസഖി അമലിയ  ഡാമോണെക്കും (Amalia Damonte) മാർപാപ്പക്കും ഇന്ന് പ്രായം 76 വയസാണ്. മാർപാപ്പാ (Jorge Mario Bergoglio) വളർന്ന അതേ ഗ്രാമത്തിൽ വെറും നാല് ബ്ലോക്കിനകലെയായി ഇന്നും അമല്ല കുടുംബമായി താമസിക്കുന്നു. അവർ പറയുന്നു, ജോർജ് മറ്റു കൂട്ടുകാരിൽനിന്നും വ്യത്യസ്ത സ്വഭാവക്കാരനായിരുന്നു. പ്രേമം മൊട്ടിട്ടിരുന്ന കാലത്തും ദൈവത്തെപ്പറ്റി പറയുവാനായിരുന്നു അദ്ദേഹത്തിനെന്നും ഇഷ്ടമുണ്ടായിരുന്നത്. ഒരിക്കൽ ജോർജ് എഴുതിയ ഒരു പ്രേമലേഖനം എനിക്ക് തന്നു. എന്നാൽ ആ കത്ത് എന്റെ  ജീവിതത്തിൽ ഒരു കൊടുംങ്കാറ്റായി മാറിയിരുന്നു. കത്ത് കൈവശമാക്കിയ എന്റെ അമ്മ എന്നെ മുഖത്തിനിട്ട് തല്ലി. ഞങ്ങളുടെത് ഒരു യാഥാസ്ഥിതിക കുടുബമായിരുന്നു. ഞാൻ ഓർമ്മിക്കുന്നു, ആ കൊച്ചു കലാകാരന്റെ കത്തിനുള്ളിൽ പച്ചപുല്ലുകളുടെ നടുവിൽ വെള്ളനിറമുള്ള സുന്ദരമായ ഒരു കൊച്ചു വീടും വീടിന്റെ മേല്ക്കൂര ചുവപ്പു നിറവുമായിരുന്നു. ഇങ്ങനെയും എഴുതിയിട്ടുണ്ടായിരുന്നു, "വിവാഹിതനായി ഞാൻ നിന്നെ എന്റേതാക്കുമ്പോൾ നിനക്കായി ഞാൻ വാങ്ങുന്ന നമ്മുടെ കൊച്ചു ഭവനമാണിത്. നിന്നെ എനിക്കു  സ്വന്തമാക്കുവാൻ സാധിച്ചില്ലെങ്കിൽ പിന്നീടുള്ള എന്റെ ജീവിതം ഒരു പുരോഹിതനായിട്ടായിരിക്കും." "കുറ്റബോധം എനിക്കിന്നില്ല. കാരണം ഞാൻ അന്ന് ജോർജിനെ സ്വന്തമാക്കിയിരുന്നെങ്കിൽ അദ്ദേഹം എനിക്കു മാത്രമുള്ളതാകുമായിരുന്നു. ഇന്ന് അദ്ദേഹം സഭയുടെ  മണവാളനാണ്. ജനകോടികളുടെ പ്രത്യാശയും. ഒരു പപ്പിപ്രേമംമെന്നല്ലാതെ ഞങ്ങളുടെ ജീവിതത്തിൽ മറ്റൊന്നുമില്ലായിരുന്നു. ദൈവം നല്ലവനാണ്. എന്റെ അമ്മയാണ് ആ പ്രേമബന്ധത്തെ തകർത്തത്. ഈ പ്രേമത്തിന്റെ പേരിൽ വീട്ടിലൊരിക്കലും സമാധാനം തന്നില്ല. ഞങ്ങളെ തമ്മിൽ പിരിക്കുവാൻ അവരാൽ കഴിയുന്നതെല്ലാം അവർ ചെയ്തു.  വിജയിക്കുകയും ചെയ്തു. ഒരിക്കൽ ഞാൻ ജോർജിനോട് ഇനിയൊരിക്കലും എന്നെ കാണരുതെന്ന് പറഞ്ഞു. ഹൃദയത്തിൽ ദുഃഖങ്ങളമർത്തി പിടിച്ചുകൊണ്ട് ജോർജ് അവസാനമായി എന്നിൽനിന്നകന്നു നടന്നുപോവുന്നതും എന്റെയോർമ്മയിൽ ഉണ്ട്. പിന്നെ ഞങ്ങൾ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. തമ്മിൽ സംസാരിച്ചിട്ടുമില്ല.”

 
2013 ജൂലൈ 22 ന് മാർപാപ്പാ ആദ്യത്തെ വിദേശയാത്ര നടത്തി.  ബ്രസീലിയൻ പ്രസിഡന്റ് ഡില്മാ റൗസഫ് മാർപാപ്പയെ റയോഡീ ജനറോ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. മൂന്നു മില്ലിയൻ ജനങ്ങളന്ന്  കുട്ടികളുടെ കുർബാനയിൽ സംബന്ധിക്കാൻ എത്തിയിരുന്നു. വിദേശപര്യടനം കഴിഞ്ഞ് റോമിലേക്ക് മടങ്ങവേ വാർത്താലേഖകരോടുള്ള സ്വവർഗരതികളെ സംബന്ധിച്ച് അദ്ദേഹത്തിൻറെ അഭിപ്രായം ലോകത്തിനൊരു പുതുമയായിരുന്നു. "ഒരുവൻ സ്വവർഗരതി തെരഞ്ഞെടുത്തെങ്കിൽ, അവൻ ദൈവത്തെ അന്വേഷിക്കുന്നവനെങ്കിൽ അവനെ വിധിക്കാൻ ഞാൻ ആര്" മാർപാപ്പായുടെ സ്വവർഗ രതികളോടുള്ള മനുഷ്യസ്നേഹപരമായ ഈ സമീപനത്തെ ലോകമാകമാനമുള്ള സ്വവർഗാനുയായികൾ ഒന്നുപോലെ സ്വാഗതം ചെയ്തു. സ്വവർഗ രതികളായവരെപ്പറ്റി മുമ്പുള്ള മാർപാപ്പാമാർ വിശ്വസിച്ചവരിൽനിന്നും വ്യത്യസ്തമായിട്ടാണ് ഫ്രാൻസീസ് മാർപാപ്പാ സംസാരിച്ചത്. "ദൈവത്തിന്റെ സൃഷ്ടിയിൽ നാം എല്ലാം സ്വതന്ത്രരാണ്. അന്യന്റെ ആത്മീയ തുടിപ്പിൽ പ്രകാശം നല്കുന്നത് പരിശുദ്ധാത്മാവാണ്. അവിടെ മറ്റൊരുവന് ഇടപെടുവാൻ അവകാശമില്ല. സൃഷ്ടിയിലുള്ള എല്ലാ മനുഷ്യജാതിക്കും ആത്മജലം ഒരുപോലെ ലഭിക്കും."
 
 
പൌരാഹിത്യം സ്ത്രീകൾക്ക് നൽകുന്നതിൽ അനുകൂലിക്കുന്നില്ലെങ്കിലും അവർ സഭയുടെ അവിഭാജ്യഘടകമെന്ന് മാർപാപ്പാ വിശ്വസിക്കുന്നു. "സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ നമ്മുടെ സഭയിലെ ബൌദ്ധികതലങ്ങളിൽ ഉന്നതരായ സ്ത്രീകളുടെ സഹായം ആവശ്യമാണ്." ലോകം മുഴുവൻ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിലും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുന്നതിലും മാർപാപ്പാ വ്യാകുലനാണ്. "സ്ത്രീകളുടെ സേവനമാണ് സഭയ്ക്ക് വേണ്ടത്; ദാസികളെപ്പോലെയുള്ള പരിചാരക വൃത്തിയല്ല വേണ്ടതെന്നും" മാർപാപ്പാ പറഞ്ഞു.   മാർപാപ്പാ തുടർന്നു "സമൂഹത്തിൽ അവരുടെ ജോലി കുഞ്ഞുങ്ങളെ നോക്കുകയെന്നത് മാത്രമുള്ള ധാരണക്കും മാറ്റം വരണം. പുരുഷന്റെ അടിമത്വത്തിൽനിന്ന് അവരെ സ്വതന്ത്രമാക്കണം. പുരുഷൻ അവരുടെ വ്യക്തിത്വത്തെ കവർന്നെടുക്കാൻ അനുവദിക്കരുത്.സഭയെതന്നെ സ്ത്രീയോടാണ് ഉപമിച്ചിരിക്കുന്നത്. അവൾ അമ്മയാണ്. സഭയാകുന്ന സ്ത്രീ എത്ര സുന്ദരീയെന്ന് ചിന്തിക്കൂ. ഏതു സാംസ്ക്കാരിക സാമൂഹിക പരിവർത്തനങ്ങളിലും സ്ത്രീയാണ് പുരുഷനെ പ്രസവിച്ച്, വളർത്തി പരിചരിച്ച് അവനെ ശ്രേഷ്ഠനായ മനുഷ്യനാക്കിയത്. സത്യം അവളോടുകൂടിയെന്നുമുണ്ട്."      

 
ലോകത്തിന്റെ ഇന്നത്തെ അസമാധാനത്തിലും സിറിയയിൽ ഏതുനിമിഷവും സംഭവിക്കാവുന്ന യുദ്ധഭീഷണിയിലും ഫ്രാൻസീസ് മാർപാപ്പാ വ്യാകുലനാണ്. St. പീറ്റേഴ്സ് ദേവാലയ അങ്കണത്തിൽ തടിച്ചുകൂടിയ ജനത്തോട് അദ്ദേഹം പറഞ്ഞു, "മനുഷ്യൻ സ്വാർത്ഥനായി സ്വയം മാത്രം ചിന്തിക്കുമ്പോൾ അധികാരത്തിന്റെ മത്ത് അവനിൽ പിടികൊള്ളുമ്പോൾ അക്രമാസക്തമായ പെരുമാറ്റവും ഹിംസയും ബലപ്രയോഗങ്ങളും ചിന്തയിൽ നുഴഞ്ഞുകയറുമ്പോൾ തനിയേ കലഹത്തിന്റെ വാതിലുകൾ അവന്റെ മുമ്പിൽ തുറക്കപ്പെടും." അത്തരം ഭയാനക മനുഷ്യക്രൂരതകൾക്ക് അറുതിവരുത്തി സമാധാനത്തിന്റെ വഴി തെരഞ്ഞെടുക്കാൻ മാർപാപ്പാ ലോകരാഷ്ട്രങ്ങളോട്‌ കേണപേക്ഷിച്ചു. സ്വാർത്ഥത കൈവെടിഞ്ഞ് ഓരോ ഹൃദയങ്ങളെയും മൃദുലമാക്കി അഭിപ്രായ വ്യത്യാസങ്ങളെ പറഞ്ഞുതീർത്ത് ദുഷിച്ച കാര്യകാരണങ്ങളെ ഇല്ലായ്മ ചെയ്യണം. നമുക്കിടയിലുള്ള എല്ലാ പ്രശ്നങ്ങളും സ്ഥായിയായി പറഞ്ഞുതീർക്കണമെന്നും മാർപാപ്പാ പറഞ്ഞു. 
 
 
കുടുംബ ജീവിതത്തെപ്പറ്റിയും മാർപാപ്പായുടെ വചനങ്ങളെന്നും ഒരു താത്ത്വികന്റെ ചിന്താഗതിയിലാണ്. അദ്ദേഹം പറഞ്ഞു "ഒരു കുടുംബ ജീവിതം നിറഞ്ഞിരിക്കുന്നത്‌ മനോഹരമായ നിമിഷങ്ങൾകൊണ്ടാണ്. സ്നെഹമാണവിടെ വേണ്ടത്. സ്നേഹമില്ലെങ്കിൽ, സന്തോഷമില്ലെങ്കിൽ ജീവിതം മുരടിച്ചതായിരിക്കും. യേശുവിന്റെ വഴിയും സ്നേഹമാണ്. അവിടുന്ന് ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിന്റെ ഉറവിടവുമാണ്. ഇന്ന് സഭയുടെ കെട്ടുറപ്പിനാവശ്യമായുള്ളത്, ഒരേ ഹൃദയവും പരിമളമായ ആത്മാവുമായി ഉറച്ച ദൈവവിശ്വാസത്തിൽ ജീവിക്കുന്ന കുടുംബങ്ങളാണ്." ഒരു കുടുബ ഭദ്രതയ്ക്കായി മൂന്ന് വാക്കുകൾ മാർപാപ്പാ ജനത്തെ ഓർപ്പിച്ചു. 'ദയവായി, നന്ദി, ക്ഷമിച്ചാലും' എന്നീ വാക്കുകളാണ് മാർപാപ്പായ്ക്ക് പഠിപ്പിക്കാനുള്ളത്. 'ദയവായി' എന്ന വാക്ക് അധികാര ഭാവത്തിനും ധിക്കാരത്തിനും അറുതി വരുത്തുന്നു. "ഞാൻ ഈ ജോലി ചെയ്തോട്ടെ, നീ വിശ്രമിക്കൂ" എന്നീ സൌമ്യമായ വാക്കുകൾ ദയയുടെ പരിധിയിൽപ്പെടും. 'നന്ദിയെന്ന് എത്ര പ്രാവിശ്യം സ്വന്തം ഭാര്യയോട് നിങ്ങൾ പറയാറുണ്ട്‌. 'ക്ഷമിക്കുക' എന്ന സുന്ദരമായ മൂന്നാമത്തെ പദം കുടുംബസമാധാനത്തെ പിടിച്ചുനിർത്തും. വിവാഹ ജീവിതത്തിൽ തെറ്റുകൾ വരാറുണ്ട്. ചിലപ്പോൾ കഠോരമായ വാക്കുകൾ ഉപയോഗിക്കും. എങ്കിലും  ഒത്തുതീർപ്പുകൾ ഉണ്ടാക്കാതെ സൂര്യനസ്തമിക്കാൻ അനുവദിക്കരുതെന്നും മാർപാപ്പാ പറഞ്ഞു. 
 
വത്തിക്കാന്റെ ഓവൽ സീറ്റിലിരിക്കുന്ന മാർപാപ്പായെ ലോകം മുഴുവൻ ഇന്ന് വാഴ്ത്തുന്നുണ്ടെങ്കിലും യേശുവിന്റെ വചനങ്ങളെ അക്ഷരംപ്രതി കാത്തുപരിപാലിക്കുന്ന ഈ പാപ്പയ്ക്ക് വിമർശകരുമുണ്ട്. അർജന്റീനായിലെ പാവങ്ങൾ, ഗർഭനിരോധനം, അവിശ്വാസികളുടെ സ്വർഗം മുതലായ മാർപാപ്പയുടെ അഭിപ്രായങ്ങളിൽ അനേകർ അസന്തുഷ്ടരാണ്. സത്യത്തിന്റെ നിജസ്ഥിതി കണ്ടുപിടിക്കാൻ അവരാരും ശ്രമിക്കാറുമില്ല. ഭ്രൂണഹത്യ, ഗർഭം അലസിപ്പിക്കൽ എന്നീ സഭയുടെ നയങ്ങളെ മാർപാപ്പ വിലയിരുത്തിയതും വ്യത്യസ്തമായിട്ടായിരുന്നു. സഭയിലെ നീറുന്ന മറ്റു സംഗതികളിൽ അത്തരം പ്രശ്നങ്ങൾ ഉൾപ്പെടുത്തി പ്രാധാന്യം കല്പ്പിക്കരുതെന്നും നിർദ്ദേശിച്ചു. ഈ വിഷയം വിവാദങ്ങളിൽനിന്നും ഒഴിവാക്കാനാണ് മാർപാപ്പാ അഭിപ്രായപ്പെട്ടത്. മാർപാപ്പായുടെ ഗർഭച്ഛിന്ദ്രത്തെപ്പറ്റിയുള്ള അഭിപ്രായം ജീവന്റെ തുടിപ്പിലുള്ള അനുഭാവികൾക്ക് (pro life) എതിർപ്പുകൾ ഉണ്ടാക്കി. ലോകത്തിലേക്ക് പ്രവേശിക്കുവാൻ പോവുന്ന 50,000 കുഞ്ഞുങ്ങളാണ് ഭ്രൂണഹത്യമൂലം ഒരാഴ്ചയ്ക്കുള്ളിൽ മരിക്കുന്നത്. നിശബ്ദമായി അത് കണ്ടില്ലെന്ന് എങ്ങനെ നടിക്കുമെന്ന് ഭ്രൂണഹത്യക്കെതിരായവർ ചോദിക്കുന്നു. ഗർഭച്ഛിന്ദ്രം പോലുള്ള ഗുരുതരമായ പാപങ്ങൾ സഭ അനുവദിക്കുകയില്ലെന്നും മനസിലാക്കുവാനുള്ളതേയുള്ളൂ.
 
എങ്കിലും ലോകമീഡിയാകൾ അദ്ദേഹത്തെ ചരിത്രത്തിലെ ഏറ്റവും നല്ല മാർപാപ്പായെന്ന് വിലയിരുത്തി കഴിഞ്ഞു. ഒന്നേകാൽ ബില്ലിയൻ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാണ്‌ ഫ്രാൻസീസ് മാർപാപ്പായെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു. വിചാരശൂന്യൻ, ദൈവശാസ്ത്രത്തെ തെറ്റി ധരിപ്പിക്കുന്നവൻ, മതവിദ്വേഷം വിതക്കുന്ന അതിർവരമ്പിലെ ഇടയൻ എന്നൊക്കെയുള്ള പദങ്ങൾ മാർപാപ്പായ്ക്കെതിരായി യാഥാസ്ഥിതികർ പുറപ്പെടുവിക്കാറുണ്ട്‌. മുറിവുകളും പരിഹാസങ്ങളുമണിഞ്ഞ യേശുവിന്റെവഴിയേ സഞ്ചരിക്കുന്ന ഈ വലിയമുക്കവന് അത്തരം വിഷമിപ്പിക്കുന്ന വാക്കുകളൊന്നും പ്രശ്നമല്ല. മാർപാപ്പായെ ഇഷ്ടപ്പെടുന്ന കോടാനുകോടി യുവതലമുറകൾ സഭയിലേക്ക് പ്രവഹിക്കുന്നുവെന്നുള്ളതും ജീവിക്കുന്ന ഈ വിശുദ്ധന്റെ നേട്ടങ്ങളാണ്.

യേശുവിന്റെ ചൈതന്യമേറിയ സഭയുടെ അടിത്തറ മാർപാപ്പായിൽക്കൂടി ഇന്ന് പ്രതിഫലിക്കുന്നുവെന്നും കണക്കാക്കണം. യേശു വീടില്ലാത്ത ഒരു ദരിദ്രനായിരുന്നു. പ്രതീക്ഷയില്ലാത്ത ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ജനകോടികളുടെ പ്രിയങ്കരനായ ഫ്രാൻസീസ് മാർപാപ്പ സത്യത്തിന്റെ വഴി കാണിച്ചുതരുന്നു. പിന്നാലെ നടക്കുന്ന ഈ ആട്ടിടയന്റെ മുമ്പിൽ യേശുവിന്റെ അനുയായികൾ സുരക്ഷിതരാണെന്നും വിചാരിക്കാം. അന്ധകാരം നിറഞ്ഞ ഗുഹാവ്യൂവങ്ങളുടെ അതിർത്തിയിൽനിന്നോ എവിടെനിന്നോ പ്രകാശത്തിന്റെ കിരണങ്ങൾ തെളിയുന്നുണ്ട്. ആത്മാവിന്റെ അരൂപിയിൽ ആ വെളിച്ചം അവിടുത്തെ ജനം കാണും. അതിനായി സഭയിൽ ഇനിയും ശുദ്ധികലശം നടത്തണം. സ്നേഹത്തിന്റെയും കരുണയുടെയും പ്രതിഫലനഭാഷയിൽ സംസാരിക്കുന്ന മാർപാപ്പായെ ഇന്ന് ലോകം മുഴുവൻ ശ്രവിക്കുന്നു.ഫ്രാൻസീസ് മാർപാപ്പാ ലോകത്തിനു ലഭിച്ച ഒരു ദാനമാണ്. മാർപാപ്പായ്ക്കൊപ്പം സഭ എത്രമാത്രം വളരുമെന്നും കണ്ടറിയണം. സഭയുടെ മാറ്റങ്ങൾ ഒരു ദിവസംകൊണ്ടോ മാസങ്ങൾകൊണ്ടോ വർഷങ്ങൾകൊണ്ടോ സംഭവിക്കുന്നതല്ല. വലിയ മുക്കവൻ സഞ്ചരിക്കുന്നത് പടുകൂറ്റൻ കപ്പലിലാണ്. ആ വലിയ കപ്പൽ സാവധാനമേ തിരിയുകയുള്ളൂ

 
 




 



 
 


Tuesday, November 12, 2013

കർമ്മഭൂമിയിലെ ദാമ്പത്തിക ജീവിതവും ഓർമ്മകളും


By Joseph Padannamakkel

നാല് പതിറ്റാണ്ടുകളിൽക്കൂടിയുള്ള ഒരു ദാമ്പത്യജീവിതത്തിന്റെ അവലോകനകഥ പുത്തൻ തലമുറകളുടെ ചിന്താതരംഗങ്ങളിൽനിന്ന് വേറിട്ടതായിരിക്കാം. എന്റെയും റോസക്കുട്ടിയുടെയും വിവാഹം കഴിഞ്ഞിട്ട് നാൽപ്പത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാകുന്നു. ഞങ്ങളുടെ വിവാഹം 1973 ഡിസംബർ പത്തൊമ്പതാം തിയതി ഒരു നോമ്പുകാലത്തായിരുന്നു. ഓർമ്മയിലെ അതിഘോരമായ ഒരു മഴയുടെ ദിനത്തിൽ വെറും ലളിതമായ അന്നത്തെ ചടങ്ങ് ഇന്നും മനസിനുള്ളിൽ തിരമാലകൾപോലെ തത്തികളിക്കുന്നുണ്ട്. പഴുതാര മീശയും കെന്നഡിസ്റ്റയിൽ മുടിയും നീണ്ട കൃതാപുമുണ്ടെങ്കിൽ അന്നൊരു ചെറുപ്പക്കാരനെ പരിഷ്ക്കാരിയായി കണക്കാക്കുമായിരുന്നു. കരയുള്ള മന്മലുമുണ്ടും അലക്കി തേച്ച നീലഷർട്ടും കൈയ്യേൽ വാച്ചും പാദത്തിൽ ചപ്പലുമിട്ട് പാലായ്ക്കടുത്ത് കൂട്ടക്കല്ലെന്ന കേട്ടിട്ടാല്ലാത്ത നാട്ടിൽ പെണ്ണുകാണാൻ പോയതും ഇന്നലെയുടെ ഓർമ്മകളിൽ ഉണ്ട്. വനാന്തരങ്ങളുടെ ഏകാന്തതയിൽ സമുദ്രനിരപ്പൽനിന്ന് 6000 അടി ഉയർന്നു നില്ക്കുന്ന പ്രസിദ്ധിയേറിയ ഇല്ലിക്കൽ മലയുടെ അടിവാരത്തിലാണ് ഈ ഗ്രാമം. താഴെ ഗ്രാമത്തിന്റെ സമീപത്തുകൂടി സ്വച്ഛമായി മീനച്ചിലാറ് ഒഴുകുന്നു. പ്രകൃതിയും മണ്ണുമായി അലിഞ്ഞുചേർന്ന നല്ലവരായ കർഷക ജനതയായിരുന്നു അന്ന് ആ ഗ്രാമത്തിലുണ്ടായിരുന്നത്

കഴിഞ്ഞകാല ജീവിതത്തിലെ സുപ്രധാനമായ ഒരു ക്രിസ്തുമസ് മംഗളദിനം ഏതെന്ന് എന്നോട് ചോദിച്ചാൽ 1973 ഡിസംബർ ഇരുപത്തിയഞ്ചാംതിയതിയെന്ന് ഞാൻ ഉച്ചത്തിൽ ഉത്തരം പറയും. മനസിലെ വേലിയേറ്റങ്ങളുടെയും വേലിയിറക്കങ്ങളുടെയും ഓർമ്മകൾ പുതുക്കുന്ന ഡിസംബർ മാസം എന്നെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ഞാൻ അമേരിക്കയിൽ വന്നതും വിവാഹം ചെയ്തതും എന്റെ മകൾ 'ജിജി' ജനിച്ചതും ഡിസംബർ മാസത്തിലായിരുന്നു. നോമ്പുകാലത്ത് വിവാഹം നടത്തുകയെന്നത് അക്കാലത്ത് ചിന്തിക്കാൻ പ്രയാസമുള്ള കാലമായിരുന്നു. അമേരിക്കയിലേക്ക് വിസാ കിട്ടിയ റോസകുട്ടിക്ക് വിവാഹം കഴിഞ്ഞയുടൻ യാത്രയാവണമായിരുന്നതുകൊണ്ട് വിവാഹദിനം മറ്റൊരു ദിനത്തിൽ മാറ്റാൻ സാധിക്കില്ലായിരുന്നു.


ഒരു സ്ത്രീ തന്റെ ജീവിതത്തിൽ മൂന്നു ഭർത്താക്കന്മാരെ തേടുന്നുവെന്ന് അന്നാരോ ചിന്തകൻ എഴുതിവെച്ച കഥകളും ഓർമ്മയിൽ വന്നു. ശരിയോ തെറ്റൊയെന്ന് ചിന്തിക്കാനുള്ള കഴിവും ഉണ്ടായിരുന്നില്ല. ചെറുപ്പമായിരിക്കുന്ന പെണ്ണ് സാഹസികനായ ഒരു ചെറുപ്പക്കാരനെ മനക്കോട്ട കാണുന്നു. എന്തിനും അവളോടൊപ്പം കൂത്താടുന്ന ഒരു ഭർത്താവിനെ അവൾക്ക് വേണം. അവൾ അമ്മയാകുമ്പോൾ കുഞ്ഞുങ്ങൾക്ക്‌ അപ്പനെന്ന ഭർത്താവിനെ വേണം. അവർ പ്രായമാകുമ്പോൾ നടുവളയാത്ത നേരെ നടക്കുന്ന ഒരു കൂട്ടുകാരനെ വേണം. പതിറ്റാണ്ടുകളിൽക്കൂടി ഈ ജീവിതനാടകങ്ങൾ കളിച്ചിട്ടുള്ളവർ ഭാഗ്യവാന്മാരാണ്. അങ്ങനെ ഞാനും ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഇന്നെത്തി. കൈകളിൽ വടിയേന്തി നടക്കാൻ മടിയുള്ളവർ കൂട്ടുകാരിയുടെ തോളിൽ അല്ലെങ്കിൽ കൂട്ടുകാരന്റെ തോളിൽ പിടിച്ചുനടക്കാൻ ഇഷ്ടപ്പെടുന്നു. അയ്യേ, എനിക്ക് നാണമാണ്.പണ്ടും ഞാൻ ഒരു നാണം കുണുങ്ങിയായിരുന്നു. കൗമാരപ്പിള്ളേർ കണ്ടാൽ എന്തോർക്കും. മുത്തച്ഛന്റെ കാട്ടിലെ വടി ആരും കാണാതെ കൈകളിൽ പിടിച്ചു നടന്ന മധുരമായ കുട്ടിക്കാലം. ഇനി അതേ കൈകളിൽ അധികം താമസിയാതെ പുത്തനായ വടികളുമേന്തി യാത്ര തുടരണം.   


 ' ഹണീ, പ്രിയേ എന്നെല്ലാം സംബോധന ചെയ്ത് ഞാൻ സ്നേഹിക്കുന്നുവെന്ന്' ഉരുവിട്ടുകൊണ്ട് പൂക്കൾ മേടിക്കാൻ കടയിൽ ഞാൻ പോയിട്ടില്ല. ബീച്ചിലും സ്വിമ്മിംഗ് പൂളിലും കൃത്രിമമായ സ്നേഹം നടിച്ച് ഓടി നടക്കുന്ന ഒരു ടെക്കനിക്കൽ യുഗം ഞങ്ങൾക്ക് വേണ്ടായിരുന്നു. ഒരു പക്ഷെ യാഥാസ്ഥിതിക സങ്കുചിത മനസ്ഥിതി എന്നെ അലട്ടിയിരിക്കാം. ഒരിക്കലുണ്ടായിരുന്ന ഗ്രാമീണ ജീവിതത്തിന്റെ പരിശുദ്ധിയുടെ ആ നാളുകളും ഇന്നും എന്നെ നയിക്കുന്നു. വിരിഞ്ഞിരിക്കുന്ന റോസാപൂക്കൾ പ്രകൃതിയുടെ സൌന്ദര്യമാണ്. അതടർത്തിയെടുത്ത്, മാറോട് ചേർത്ത് ഏച്ചുകെട്ടിയ സ്നേഹം പ്രകടിപ്പിക്കാനും എനിക്കറിയില്ലായിരുന്നു. സ്നേഹം ആത്മാവിന്റെ നിർവൃതിയിൽ നിന്നുള്ളതാണ്. സത്യവും വിശ്വസ്തവുമായ ഉപാധികളില്ലാത്ത സ്നേഹമാണ് ഒരുവന്റെ കുടുംബജീവിതം പിടിച്ചുനിർത്തുന്നത്. ഉയർച്ചകളും താഴ്ചകളും ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിരുന്നു. ദുഃഖവും സന്തോഷവും ഒത്തുചേർന്ന ജീവിതം ഒന്നുപോലെ പങ്കിട്ടു. എങ്കിലും ഒന്നായ ലക്ഷ്യബോധം ജീവിതത്തെ അർത്ഥസമ്പുഷ്ടമാക്കി.


വൈവാഹിക ജീവിതം ഉത്തമമെന്ന് സത്യത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടം ഒരുവനെ ഒത്തൊരുമിച്ചുള്ള ജീവിതത്തിൽക്കൂടി പാകതയുള്ള മനുഷ്യനാക്കുകയാണ്. അവിവാഹിതനായ ഒരുവനിൽ സ്വാർത്ഥനായ 'ഞാൻ' മാത്രം കുടികൊള്ളുന്നു. അവന്റെ ലോകം 'ഞാൻ ഞാൻ' തന്നെ. ഏകനായ അന്ന് ഞാൻ ചിന്തിച്ചിരുന്നത് 'എന്റെ നേട്ടം' എന്തെന്നായിരുന്നു. സ്വാർഥത വൈവാഹിക ജീവിതത്തിൽ നടപ്പില്ല. വിവാഹിതനായ ദിനത്തോടൊപ്പം ഞാനും വളർന്നു. ജീവിതത്തിന്റെ വൈകിയ വേളയിലുള്ള ഈ യാത്രയിലും സ്വാർഥതയിൽനിന്ന് നിസ്വാർഥനായി ഇന്നും വളർന്നുകൊണ്ടിരിക്കുന്നു. അഭിപ്രായ വിത്യാസങ്ങൾ ഞങ്ങളുടെ ഇടയിലുമുണ്ടായിരുന്നു. അതെല്ലാം പരസ്പരമുള്ള സ്നേഹബന്ധത്തിന്റെയും ദൃഢബന്ധത്തിന്റെയും അടിത്തറയായിരുന്നു. പിന്നീട് നിമിഷങ്ങൾ കഴിയുമ്പോൾ മുഴുവനായി മറന്ന് ഒന്നും സംഭവിക്കാത്തപോലെ ജീവിതയാത്രയെ ചരടിട്ട് പിടിച്ചുകൊണ്ടിരുന്നു.  


വിവാഹം കഴിച്ചതോടെ അവളുടെ കുടുംബത്തിലുള്ളവരും അവരുടെ സാമിപ്യവും  എന്നിലെ ആനന്ദം ഇരട്ടിപ്പിച്ചിരുന്നു. പുതിയൊരു വീട്ടിലെ അച്ഛനും അമ്മയും ചുറ്റും കൊച്ചനുജത്തിമാരും, കുഞ്ഞനുജത്തിമാരും അളിയനും ഞങ്ങളെ സല്ക്കരിക്കാൻ ഒരു മത്സരമായിരുന്നു. അവളുടെ സ്നേഹം ഉപാധികളില്ലാതെ കൂടപിറപ്പുകൾക്കും അപ്പനും അമ്മയ്ക്കും നൽകുമ്പോൾ ആ സ്നേഹത്തിന്റെ പങ്ക് പറ്റാൻ എനിക്കും സാധിച്ചിരുന്നു. സ്നേഹം എന്തിനെയും കീഴടക്കും. സ്നേഹിക്കാൻ എനിക്ക് ചുറ്റും പുതിയ ബന്ധുജനങ്ങളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു.  അവരിൽ കൊഴിഞ്ഞുപോയ ഇന്നലെയുടെ ആത്മാക്കളുമുണ്ട്. അവളുടെ ചാച്ചൻ, അമ്മച്ചി,  മുത്തച്ഛനായ കൊച്ചപ്പൻ എന്നിവർ ശിശിരത്തിലെ ഇലകൾ പോഴിയുംപോലെ നിത്യതയിൽ ലയിച്ചുപോയി. ഒരിക്കലുമൊരിക്കലും മറക്കാത്ത ഓർമ്മകളുമായി അവരെല്ലാം എന്റെ മനസ്സിൽ ഇന്നും കിടിലം കൊള്ളിക്കുന്നുണ്ട്. അതുപോലെ ഇന്ന് അനാദ്യന്തമായ ലോകത്ത് വസിക്കുന്ന എന്റെ പ്രിയപ്പെട്ടവരായ ഇച്ചായനും അമ്മച്ചിയും ചേട്ടനും ഒരേ ഭക്ഷണമേശക്കു ചുറ്റും ഉണ്ടായിരുന്നു.  

ഞങ്ങൾ ഒന്നിച്ചുള്ള ജീവിതത്തിലെ കൈത്തിരികളായി വന്ന രണ്ടുമക്കളും ഒന്നുപോലെ ആനന്ദത്തിന്റെ ദിനങ്ങളായ ഓർമ്മകളിൽ ഉണ്ട്. മക്കളോടുള്ള ബന്ധം ഒരു കുടുംബജീവിതത്തെ പിടിച്ചുനിർത്തുന്ന അവിഭാജ്യഘടകമാണ്. മകനെന്നും ആത്മീയമായ ബന്ധം അവന്റെ അമ്മയോടായിരുന്നു. എങ്കിലും ഞാൻ അവന്റെ അപ്പനായ ഉപദേശകനായിരുന്നു. അവനെക്കാലവും എന്നോട് മൽസരിക്കണമായിരുന്നു.  എന്റെ നടപ്പും സ്റ്റൈലും ഡ്രസ്സും അനുകരിച്ച് എന്നെ എന്നും മോഡലാക്കാനും അവൻ ഇഷ്ടപ്പെട്ടിരുന്നു. ഏത് മാതാപിതാക്കളെ സംബന്ധിച്ചും ആണ്മക്കളെന്നും ആനന്ദം നല്കും. അതുപോലെ അവന്റെ വളർച്ചയും ജീവിതത്തിനെന്നും വെല്ലുവിളിയായിരിക്കും. ഇന്ന് ബഹുദൂരം ഞങ്ങൾ യാത്ര ചെയ്ത് പടികൾ കയറിയെങ്കിലും അങ്ങകലെ അതിർത്തി കാണുന്നുണ്ടെങ്കിലും ഞങ്ങളുടെ മക്കൾ യാത്രയുടെ തുടക്കമായതേയുള്ളൂ. വളഞ്ഞും തിരിഞ്ഞും റോള്ളർകോസ്റ്റിലുള്ള യാത്രയിൽ പാളീച്ചകളുമുണ്ടായിരുന്നു. ഭിഷ്വഗരനായ ഒരു ജീവിതം മകൻ തെരഞ്ഞെടുത്തവഴി ഞങ്ങളുടെ സ്വപ്നങ്ങളും സഫലമായിക്കൊണ്ടിരിക്കുകയാണ്. 

ഭാര്യയെ സ്നേഹിക്കുമ്പോൾ അവിടെ ആഗ്രഹങ്ങളും ഇച്ഛകളുമാണ് പ്രധാനമായും കണക്കാക്കുന്നത്. മകനെ സ്നേഹിക്കുമ്പോൾ അവനെന്താകണമെന്നുള്ള പളുങ്കുകൊട്ടാരം മനസ്സിൽ നെയ്തെടുക്കും. തീവ്രമായ അതിമോഹങ്ങളും കുടികൊള്ളും.എന്നാൽ മകളോ, അവളെപ്പറ്റി പറയാൻ എനിക്ക് വാക്കുകളില്ല. അപ്പനും മകളുമെന്നപോലെ പരിശുദ്ധമായ ആത്മീയബന്ധം മറ്റൊന്ന് ലോകത്തുണ്ടെന്ന് തോന്നുന്നില്ല. മകൾക്കെന്നും എന്റെ സ്നേഹവും പരിലാളനയും വേണമായിരുന്നു. മകനടുത്തു വരുമ്പോൾ കല്ലുരുട്ടുന്നപോലെ അവനെ ഞാൻ നിലത്തുരുട്ടണമായിരുന്നു. അവനോടൊപ്പം ഞാനും ഓടിയിരുന്നു. കുറ്റിക്കാട്ടിൽ ഒളിച്ചുമിരുന്നു. എന്നാൽ മകൾ വരുമ്പോൾ കൈകൾകൊണ്ട് ഞാനവളെ തോളിലെടുത്ത് തലോടുമായിരുന്നു. ആരോ എഴുതിയത് എവിടെയോ വായിച്ചിട്ടുണ്ട്, ജനിച്ചുവീണ പെണ്‍കുഞ്ഞിന്റെ കണ്ണുകളെ നോക്കുന്ന നിമിഷംമുതൽ ഒരു അപ്പൻ ആ കുഞ്ഞിനെ ആരാധിക്കാൻ തുടങ്ങും. ഒരു മകൻ അവന്റെ ഭാര്യയെ ലഭിക്കന്നവരെ അവൻ നിങ്ങളുടെ മകനാണ്. മകളോ ജീവിതാന്ത്യംവരെ അവൾ നിങ്ങളുടെ മകളായിരിക്കും.

അപ്പനായ എന്നിലും രണ്ട് സ്വഭാവ ഗുണങ്ങളുണ്ടായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ മകളോടിവന്ന് ഉമ്മതരും. 'ഗുഡ് നൈറ്റ് ഡാഡി' യെന്നു പറയും. കെട്ടിപിടിക്കും. എന്നിട്ടവൾ ഉറങ്ങാൻ പോവും. മകനോ, അവന്റെ ശബ്ദം ഹൃദയത്തിൽ നിന്നായിരിക്കും. ചിലപ്പോൾ അവന്റെ തോളിൽ തമാശക്കായി മുഷ്ടികൾകൊണ്ട് ഞാൻ സ്പർശിക്കും. ഇന്നും എന്റെ മകളും മകനും രണ്ട് ധൃവങ്ങളിലായി സഞ്ചരിക്കുന്നു. എന്റെ മകൻ എവിടെയെന്നറിയാം. കാരണം, അവനെപ്പറ്റി ഞാൻ കേൾക്കുന്നു. എന്റെ മകളും എവിടെയെന്നെനിക്കറിയാം. കാരണം അവൾ എല്ലാം എന്നോട് തുറന്നുപറയുന്നു.

1970 -ന്റെ മദ്ധ്യവർഷങ്ങളിൽ ഞാൻ ഉൾപ്പെട്ട മലയാളി സമൂഹങ്ങളിൽ ഭൂരിഭാഗവും ഈ നാട്ടിലെ കുടിയേറ്റക്കാരായിരുന്നു. എന്നാൽ ഇന്ന് എന്റെ സമൂഹം സാമ്പത്തികമായി വളരെയേറെ മുന്നേറി. അന്നുണ്ടായിരുന്നവരുടെ മക്കളിൽ ഭൂരിഭാഗവും പ്രസിദ്ധമായ യൂണിവേഴ്സിറ്റികളിൽ പഠിച്ച് ബിരുദവും ഉന്നത നിലവാരമുള്ള തൊഴിലുകളും നേടി. എന്റെ കഥ ഈ നാട്ടില്നിന്നു തുടങ്ങി. ഞാനും എന്റെ കുടുംബത്തിനായി കഠിനാധ്വാനം ചെയ്തു. ഓരോ പ്രവാസിയുടെയും പ്രയത്നഫലം നമ്മുടെ ജന്മഭൂമിക്കും കർമ്മഭൂമിക്കും ഒരുപോലെ പ്രയോജനപ്പെട്ടു. ആദികാല കുടിയേറ്റക്കാരന്റെ വഴി കഠിനമായിരുന്നു. എങ്കിലും അവസരങ്ങൾ തന്ന് തുറന്ന കൈകളായി സ്വീകരിച്ച ഈ രാജ്യത്തെയും എന്റെതാക്കി. ഒരു കുടിയേറ്റക്കാരൻ സ്വന്തം നിലനിൽപ്പിന് പൈതൃകമായി ജനിച്ച ഈ നാട്ടുകാരെക്കാളും രണ്ടിരട്ടി ജോലിചെയ്യണമായിരുന്നു. ആ കഠിനാദ്ധാനം ഞാൻ ഇന്നും ഉപേക്ഷിച്ചിട്ടില്ല. ഇന്നും അമേരിക്കൻ മണ്ണിൽ അമേരിക്കൻദേശിയെന്നതിലുപരി കുടിയേറ്റക്കാരനെന്ന നിലയിൽ അറിയപ്പെടുന്നു. കുടിയേറ്റക്കാരിൽ എനിക്കുമുമ്പ് വന്നവർ സ്റ്റാറ്റ്യൂ ഓഫ് ലിബർട്ടി വഴി കപ്പലിൽ എത്തി. അവരുടെ ലക്‌ഷ്യം സ്വാതന്ത്ര്യദാഹമായിരുന്നു. എന്റെ സമൂഹം ആകാശത്തിൽകൂടി വിമാനംവഴി മെച്ചമായ ജീവിതസൌകര്യം തേടി അമേരിക്കയെന്ന സ്വപ്നഭൂമിയിലെത്തി. വന്നെത്തിയവരുടെ കൈവശമുണ്ടായിരുന്നത് എട്ടു ഡോളറും കുറെ അരിയുണ്ടകളും നാടൻ പലഹാരം നിറഞ്ഞ പെട്ടികളുമായിരുന്നു.     

അമേരിക്കയിലെ ആദികാല കുടിയേറ്റകാരിൽ ഭൂരിഭാഗം പേരുടെയും ഭദ്രമായ കുടുംബങ്ങളുടെ അടിസ്ഥാന കാരണം സ്ത്രീകളാണ്. അവരുടെ സഹനശക്തിയും ക്ഷമയും കഠിനാധ്വാനവും കേരളനാട്ടിലെ അനേകായിരം കുടംബങ്ങളെ രക്ഷപ്പെടുത്തിയെന്നുള്ളതും വെറും ചരിത്ര സത്യങ്ങളായി കാലം മാറ്റും. ഇവിടെവന്ന ഓരോ പുരുഷന്മാരും അന്നത്തെ സ്ത്രീകളെ എത്രമാത്രം പൂവിട്ടു പൂജിച്ചാലും കടപ്പാടുകൾ തീരില്ല. അവർമൂലം അവരുടെ കുടുംബങ്ങളും ഭർത്താവിന്റെ കുടുംബങ്ങളും കുടുംബങ്ങളുടെ കുടുംബങ്ങളും പ്രവാഹങ്ങളായി വന്ന് ഈ സ്വപ്നഭൂമിയിൽ വിയർപ്പുകൾ പൊടിച്ച് കുടുംബങ്ങളെ പടുത്തുയർത്തി. ഈ രാജ്യത്തിന്റെ ഭരണചക്രംവരെ തിരിക്കാൻ കഴിവുള്ളവരായ ഒരു പുതിയ തലമുറയെയും വാർത്തെടുത്തു. എന്റെ കുടുബത്തിന്റെയും നേട്ടങ്ങൾ എനിക്കഭിമാനിക്കാനായി അധികമില്ല. എല്ലാം എന്റെ ഭാര്യയുടെ കഠിനാധ്വാനവും ശ്രമവുമായിരുന്നു.  എങ്കിലും ഞങ്ങളൊന്നിച്ച് ഒരേ ലക്ഷ്യത്തോടെ മക്കളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി ജീവിതയാത്ര തുടർന്നുകൊണ്ടിരുന്നു. പണം ഞങ്ങളുടെ ജീവിതത്തിലെ അഭിപ്രായ വിത്യാസത്തിന് ഒരിക്കലും കാരണമല്ലായിരുന്നു.

ഇതെല്ലാം എഴുതുമ്പോൾ എന്റേത് മാതൃകാ കുടുംബമെന്ന് ധരിക്കരുത്. കലഹങ്ങളും ഒച്ചപ്പാടുകളും അഭിപ്രായ വിത്യാസങ്ങളും നിത്യജീവിതത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഉടൻതന്നെ ഒന്നും സംഭവിക്കാത്തപോലെ പ്രശാന്തതയും നിഴലിച്ചിരുന്നു.  വ്യത്യസ്തങ്ങളായ അഭിപ്രായ വ്യത്യാസങ്ങളെ ഞാൻ അതിന്റെ വഴിക്ക് വിട്ടിരിക്കുകയാണ്. അവളൊരു തികഞ്ഞ ഭക്തയും കഠിനമായ മത വൃതങ്ങളനുഷ്ടിക്കുന്നവളുമാണ്. എന്നെസംബന്ധിച്ച്
പ്രായോഗിക ജീവിതത്തിൽ മതമെന്നത് ഒരിക്കലും ചിന്തിക്കാത്ത വ്യക്തിയായിരുന്നു. മക്കളെയും അവരുടെ ചിന്താ സ്വാതന്ത്ര്യത്തിന്റെ വഴിക്ക് വിട്ടിരുന്നു. അവളെന്നും സമൂഹ പ്രാർത്ഥനകളും രാത്രിയിലെ ടെലഫോണിൽ ബന്ധിച്ച കൂട്ടകൊന്ത നമസ്ക്കാരവും പ്രാർത്ഥനാപ്പാട്ടുകളുമായി മണിക്കൂറുകളോളം ചെലവഴിക്കും. വീട്ടിലും പ്രാർത്ഥനാഗീതങ്ങളുമായി ജനം വന്ന് ഈ ഭവനത്തെ ഒരു ദേവാലയം ആക്കാറുണ്ട്. എങ്കിലും തെക്കും വടക്കും പോലെ അരോചകമാംവിധം വ്യത്യസ്ഥങ്ങളായ ആശയവൈരുദ്ധ്യങ്ങൾ കുടുംബജീവിതത്തിന് ഒരിക്കലും പ്രശ്നമായിരുന്നില്ല. ‘പള്ളിയിൽ പോകാത്തവനായിരുന്നെങ്കിൽ ഞാൻ കല്യാണം കഴിക്കില്ലായിരുന്നുവെന്ന്’ മധുവിധു കാലങ്ങളിൽ തമാശയായി അവൾ പറയുമായിരുന്നു. അതൊന്നും എന്നിലെ തത്ത്വചിന്തകൾക്ക്‌ ഇളക്കം വരുത്തിയിട്ടില്ല. അവള്ക്കവളുടെ ദൈവം. യുക്തിയിൽ അധിഷ്ടിതമായ മറ്റൊരു ദൈവത്തെ ഹൃദയത്തിൽ ഞാൻ വഹിച്ചിരുന്നു. എങ്കിലും യേശു പൊതുവായി ഞങ്ങൾക്ക് മദ്ധ്യേ ഒരു ഗുരുവിനെപ്പോലെ മാർഗദർശിയായി ഉണ്ടായിരുന്നു. ജനിച്ചുവളർന്ന നാട്ടിൽ അക്കരെയൊരു മാതാവായ മേരിയുണ്ട്. അവിടെ ഞങ്ങളൊന്നിച്ച് പോയിട്ടുണ്ട്. നൂറ്റാണ്ടുകളായി പൂർവ്വികരുടെ പാദങ്ങൾ പതിഞ്ഞ പുണ്യഭൂമിയാണവിടം. എന്റെ അമ്മച്ചിയും ഇച്ചായനും ബാല്യത്തിൽ എന്നെ കൈപിടിച്ചുകൊണ്ട് ആ ദേവതയുടെ മുമ്പിൽ നിശബ്ദനായി നിന്ന് പ്രാർഥിച്ച ദിനങ്ങളും ഇന്ന് ഓർമ്മയിൽ വരുന്നുണ്ട്.
 
ഇവിടെ ഒരു ചോദ്യം വരാം, വ്യതസ്തങ്ങളായ രണ്ടുതരം വിശ്വാസത്തിന്റെ മുമ്പിൽ എങ്ങനെ ഒരു കുടുംബ ജീവിതം പടുത്തുയർത്തി. എനിക്കും ഭാര്യക്കും പല വിശ്വാസങ്ങളിലും ഒന്നായ ധാരണയുണ്ടായിരുന്നു. മതത്തിന്റെ അമിത ഭക്തിയെ മാറ്റിവെച്ചാൽ അടിസ്ഥാന വിശ്വാസങ്ങളിൽ ഞങ്ങൾ ഒന്നായിരുന്നു. വ്യത്യസ്തതകളിൽ സന്തുഷ്ടമായ ഒരു കുടുംബം പടുത്തുയർത്തുന്നതും പ്രായോഗികജീവിതത്തിന്റെ ഒരു കലയാണ്.







 



Sunday, November 3, 2013

കർമ്മാനുഷ്ഠാനങ്ങളിലൂടെ അദ്ധ്യാത്മികതയും ലളിതജീവിതവും

By Joseph Padannamakkel



വിശ്വതത്ത്വ ചിന്തകരായവർ തങ്ങളുടെ ചിന്താധാരകളിൽ ധ്യാനത്തിന്റെ ആവശ്യകതയെ എക്കാലവും ഊന്നിപ്പറയുമായിരുന്നു. പതിനെട്ടാംനൂറ്റാണ്ടിലെ തത്ത്വചിന്തകനായ തോറോ, ബൈബിളിലെ മാർത്തായുടെയും മേരിയുടെയും കഥയെ സംഗ്രഹിച്ചിരിക്കുന്നതും മഹത്തായ ഈ ആശയത്തെ കേന്ദ്രീകരിച്ചാണ്. യേശു ഈ സഹോദരികളുടെ ഭവനത്തിൽ വന്നപ്പോൾ മാർത്താ അവനായി ഭക്ഷണം പാകം ചെയ്യുകയും വീട്ടുജോലികൾ ചെയ്യുകയുമായിരുന്നു.  ഒന്നും സഹായിക്കാതെ, ജോലി ഒന്നും ചെയ്യാതെ നടക്കുന്ന അവളുടെ സഹോദരി  മേരിയിൽ മാർത്താ അതൃപ്തയായിരുന്നു. എന്നാൽ മേരി അഥിതിയായി വന്നിരിക്കുന്ന യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. മാർത്താക്ക് പിന്നീട് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ല. മേരിയിൽ അമർഷം പൂണ്ട് വികാരങ്ങൾ അമർത്തിപ്പിടിച്ചുകൊണ്ട് വിരുന്നിനായി വന്ന യേശുവിനോട് അവൾ ഇങ്ങനെ പരാതിപ്പെട്ടു. "നാഥാ അവൾ ഒരു ജോലിയും ഇവിടെ ചെയ്തില്ല. ക്ഷണിക്കപ്പെട്ട വിരുന്നുകാരനായ അങ്ങയെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യേശുവിന്റെ മറുപടി മാർത്തായെ അതിശയിപ്പിച്ചു. മാർത്തായുടെ വാദഗതികൾക്കൊന്നും യേശു വിലകൽപ്പിച്ചില്ല. യേശു പറഞ്ഞു, " മാർത്താ മാർത്താ   നൂറായിരം കാര്യങ്ങളുമായി നിന്റെ മനസ് പതറിയിരിക്കുന്നു. നിനക്ക് ആവശ്യമായത് ഒന്നു മാത്രം. മേരി നന്മയുടെ ഭാഗം തെരഞ്ഞെടുത്തു. എനിക്ക് അവളിൽനിന്ന് അത് എടുക്കപ്പെടാൻ സാധിക്കുകയില്ല."


ഇവിടെ മാർത്തായെ കർമ്മനിരതയായും മേരിയെ ധ്യാനിക്കുന്നവളായും കാണുന്നു. യേശു അന്ന് മാർത്തായോട് പറഞ്ഞത്  അധ്യാത്മിക ധ്യാനത്തെപ്പറ്റിയായിരുന്നു. തത്ത്വചിന്തകനായ തോറോ മേരിയുടെ നന്മയെ എതിർക്കുന്നില്ല. അതെസമയം  കർമ്മത്തിൽ വിശ്വസിച്ചിരുന്ന മാർത്തായുടെ നന്മകളെയും കണ്ടെത്തുന്നുണ്ട്.  ഇവിടെ കർമ്മവും ധ്യാനവും എന്നീ  തത്ത്വചിന്തകളിൽ ചിന്താകുഴപ്പം ഉണ്ടാക്കുന്നുണ്ട്. ബൌദ്ധികതലങ്ങളിൽ ഉയരാനും ആത്മാവിനെ സമ്പുഷ്ടമാക്കുവാനും ധ്യാനം ഊർജം നൽകുമെന്ന് യേശു പഠിപ്പിച്ചെന്നും അനുമാനിക്കണം.


ലളിതജീവിതമെന്ന് പറയുന്നത് കിഴക്കിന്റെ തത്ത്വമാണ്. ഇതൊന്നും പടിഞ്ഞാറുള്ളവർക്ക് മനസിലാവുകയില്ല. യോഗായും ചെറിയ മുറിയിൽ ഒതുങ്ങി താമസിക്കലും ദീപം അണച്ച് ഏകാന്തമായ ധ്യാനവും പ്രാർഥനയും ലളിതമായ ഭക്ഷണവും നല്ല സംസാരവും ഭാരതസംസ്ക്കാരത്തിൽനിന്ന് ഉടലെടുത്തതാണ്.  ഊർജം ലാഭിക്കാൻ ചൂടുവെള്ളത്തിനുപകരം തണുപ്പുവെള്ളത്തിൽ കുളിക്കുക, ലളിതമായ വസ്ത്രധാരണം, വാഹനങ്ങൾക്ക് പകരം കാൽനട യാത്രകൾ എന്നീ ജീവിതരീതികൾ തീർച്ചയായും പിന്നീട് ദരിദ്രനായി മറ്റുള്ളവരോട് ഇരന്നുനടക്കുന്നതിലും ഭേദമാണ്. വെള്ളം ഇല്ല, ഇലക്ട്രിസിറ്റിയില്ലായെന്ന് പിന്നീട് പരാതിയും വരുകയില്ല. ഒരുവന്റെ കടക്കാരനായാൽ നാം അവൻറെ അടിമയാവുകയാണ്. ഇന്നത്തെ തലമുറക്ക്‌ ലോകമഹായുദ്ധങ്ങളിൽ നമ്മുടെ പൂർവികർ അനുഭവിച്ച ദുരിതങ്ങളെപ്പറ്റിയും കെടുതികളെപ്പറ്റിയും വിവരിച്ചാൽ   മനസിലാവുകയില്ല.

അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാരെ നോക്കൂ? ഭൂരിഭാഗവും ബുദ്ധിഹീനരാണ്. ഇന്ന് ഏറ്റവും സുഖസൗകര്യങ്ങളോടെയും  ആർഭാടങ്ങളോടെയും ജീവിക്കുന്നത് ഇവരും അഭിഷിക്ത ലോകവുമാണ്. ധനികന് ലളിതമായോ ആഡംബരമായോ   ഇഷ്ടമുള്ളത് തെരഞ്ഞെടുത്തു ജീവിക്കാൻ സാധിക്കും. എന്നാൽ  ദരിദ്രന് ലളിതജീവിതം മാത്രമേ സാധിക്കുകയുള്ളൂ. ധനികന് രണ്ടും സാധിക്കുമെങ്കിലും നന്മ അവിടെ ഉണ്ടായിരിക്കണമെന്നില്ല. പിശുക്കനായ ഒരു ധനികൻ ആർക്കും ഒന്നും കൊടുക്കാതെ സ്വത്തുക്കൾ മരവിപ്പിച്ചെങ്കിൽ അവിടെ എന്ത് നന്മ?

ആഡബരത്തോടെ ജീവിക്കുന്ന ഒരു ധനികനെ എങ്ങനെ പിന്തിരിപ്പിക്കും? കുടിലിൽ ഭക്ഷണം ഉണ്ടാക്കുന്ന ദരിദ്രരിൽ പലരും ധനികരേക്കാളും സന്തോഷമായി കഴിയുന്നത്‌ കാണാം. ഒരുവന്റെ മനസാണ് നന്മയോ തിന്മയോ എന്ന് തീരുമാനിക്കുന്നത്. ലളിതമായ ജീവിതം, നല്ല കുടുംബം, വൃത്തിയായ ഒരു വീട്, ജീവിക്കാൻ ജോലി, പെൻഷൻ പറ്റുമ്പോൾ സേവിംഗ്, ഇതൊക്കെ സാമാന്യജനത്തിന് ഇന്നാവശ്യമാണ്. കാട്ടിലെ മുനിയെപ്പോലെ ലളിതമായി കൗപീനം ധരിച്ച് ഇന്നു നടന്നാൽ കുടുംബത്തിലുള്ള മറ്റ് അംഗങ്ങൾ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും തീർച്ചയാണ്. ടെൻഷൻ ഇല്ലാത്ത, പ്രശ്നങ്ങളില്ലാത്ത സാധാരണജീവിതം ഒരുവൻ നയിക്കുന്നുവെങ്കിൽ അവൻ ഭാഗ്യവാൻ.

ആഡംബരത്തിലും ലളിതജീവിതത്തിലും അതിനിടക്കുള്ള ജീവിതത്തിലും നന്മ ചെയ്യുന്നവന്റെ ജീവിതം ഉത്തമം തന്നെയാണ്. ലോകത്തിലെ ധനികനായ ബിൽഗേറ്റ്സ് ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കോടി കണക്കിന് ഡോളർ ചിലവാക്കുന്നു. അയാളുടെ സ്വർഗത്തിലേക്കുള്ള വഴികൾ ഇടുങ്ങിയതെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ സ്രഷ്ടാവിനെ സൃഷ്ടിച്ചവന് തെറ്റുപറ്റിയെന്ന് ഞാൻ പറയും. ധനികന്റെയും ദരിദ്രന്റെയും സുഖദുഃഖങ്ങൾ ഭൌതികസ്വത്തുക്കളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ദരിദ്രന്റെ കുടിലിലെ പിച്ചക്കാശിൽ ധനികന്റെ കൂമ്പാരംപോലുള്ള സ്വത്തിനെക്കാൾ സന്തോഷം ചിലപ്പോൾ കാണും. യേശു പറഞ്ഞ വിധവയുടെ കൊച്ചുകാശിന്റെ ഉപമയും അതുതന്നെയായിരുന്നു.

മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തും ആധുനികതയെ കാണുന്നു. നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ പിന്തലമുറകൾക്കും നല്കിയ ആത്മീയതയുടെ ഭൂമിയെ തുളച്ചും പാറ പൊട്ടിച്ചും മണ്ണുവാരിയും വനങ്ങൾ നശിപ്പിച്ചും ഔഷധച്ചെടികളെ ഉന്മൂലനം ചെയ്തും , കത്തീഡ്രലുകൾ പണുതും  ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. 
ദൈവത്തിന്റെ ശാപത്താൽ ബാബിലോണിയായിലെ ഗോപുരം തകർന്നുവെന്ന് നാം വായിച്ചിട്ടുണ്ട്.  ഏത് പടുകൂറ്റൻ സൌധങ്ങളുടെയും സംസ്ക്കാരങ്ങളുടെയും പിന്നിൽ ദുഖകരമായ അനേക കഥകളും ഉണ്ട്. താജ്മഹൽ പണുത ശിൽപ്പിയുടെ കൈകൾ മുറിച്ച ഷാജഹാന്റെ അന്ത്യവും ജയിൽ അറകളായിരുന്നു. ജനങ്ങളെ ഞെക്കി പിഴിഞ്ഞ് പ്രകൃതിയെ ചൂഷണം ചെയ്ത് താജ്മഹൽപോലെ വീണ്ടും അനേക സൌധങ്ങൾ പണിയാനായിരുന്നു ഷാജഹാൻ ചക്രവർത്തിയുടെ മോഹം. ഇതിൽ കുപിതനായ മകൻ ഔറംഗസീബ് തന്റെ അപ്പന്റെ അപകടം നിറഞ്ഞ രാജ്യഭരണ രീതികളെ അനുകൂലിച്ചില്ല. ബ്രിട്ടീഷ്കാർ ഔറംഗ സീബിന്റെ ബലഹീനതകൾമാത്രം കാണിച്ച് അദ്ദേഹത്തെ ചരിത്രത്തിലെ ക്രൂരനാക്കി.

ചൂഷകർ എപ്പോഴും ചൂഷകർക്ക് അനുകൂലമായേ ചരിത്രം എഴുതുകയുള്ളൂ. സത്യത്തിൽ ചൂഷണം ചെയ്തുകൊണ്ടിരുന്ന ഷാജഹാനിൽ നിന്നും മകൻ പ്രകൃതിയെയും ജനത്തെയും രക്ഷിക്കുകയായിരുന്നു. ഔറംഗസീബ് ഇസ്ലാമിന്റെ ആത്മീയപാതയും ലളിതജീവിതവും തെരഞ്ഞെടുത്തുവെന്നാണ് ഇസ്ലാമികപണ്ഡിതർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

അനേക സംസ്ക്കാരങ്ങൾ ഈ ഭൂമുഖത്ത് വന്നും പോയികൊണ്ടും ഇരുന്നു. സംസ്ക്കാരങ്ങളുടെ വേലിയേറ്റത്തിൽ ഈജിപ്റ്റ്‌ സംസ്ക്കാരവും മുമ്പിൽത്തന്നെയുണ്ട്. അദൃശ്യമായ പ്രകാശമാണ് ഭൂമിയുടെ നിലനിൽപ്പെന്ന് അവർ വിശ്വസിച്ചു. അദ്ധ്യാത്മികതയിൽ പിരമിഡുകളിൽക്കൂടി അവർ ദർശിച്ചത് സൃഷ്ടാവിനെ തേടിയുള്ള ഒരു അന്വേഷണമായിരുന്നു. 2500 ബീ സി യിൽ പിരമിഡുകൾ നിർമ്മിച്ച ഒരു കൂഫുചക്രവർത്തിയേയും ചരിത്രം ക്രൂരമായി ചിത്രീകരിക്കുന്നത് കാണാം. അയാളും ജനങ്ങളെ തളർത്തി പ്രകൃതിയുടെ വിഭവങ്ങൾ ചൂഷണം ചെയ്യുകയായിരുന്നു. ആഡംബരപ്രിയരായ അന്നത്തെ ഫറോൻ രാജജനതയ്ക്ക് ഇങ്ങനെയുള്ള സ്തൂപങ്ങൾ പണിയുന്നതിലായിരുന്നു അന്ന് താല്പര്യം.


ഗാന്ധിജി നയിച്ചത് ഒരു സന്യാസജീവിതമായിരുന്നു. ആത്മം തേടി സന്യസ്തം സ്വീകരിക്കുന്ന ഒരുവൻ ആദ്യം ആഡംബരത്തെ ത്യജിക്കണം. സന്യസ്തനായവന് അവിടെ സന്തോഷം ലഭിക്കുന്നു. ലളിതമായ ജീവിതം ഒരുവനെ നിർബന്ധിച്ച് ചെയ്യിപ്പിക്കുവാനുള്ളതല്ല. ലളിതജീവിതം ഒരുവൻ സ്വയം തെരഞ്ഞെടുത്തില്ലെങ്കിൽ അവൻ സന്തോഷത്തെ കണ്ടെത്തുകയില്ല. പകരം ദു:ഖം നല്കും. സ്വയം എളിമയുടെ വഴികൾ തെളിയിച്ച ഗാന്ധിജിക്ക്  മറ്റുള്ളവരെ ആ മാർഗം തുടരാൻ    നിർബന്ധിച്ചത് അദ്ദേഹത്തിന് പറ്റിയ തെറ്റായിരുന്നു.


ഗാന്ധിജി തന്റെ തെറ്റുകൾ സമ്മതിച്ചുകൊണ്ട് കസ്തൂർബായോട് താൻ നീതി പുലർത്തിയില്ലായെന്നും ആത്മകഥയിൽ  എഴുതിയിട്ടുണ്ട്‌. ഗാന്ധിജി കസ്തൂർബായെ വിപ്ലവാശയങ്ങൾ എന്നും അടിച്ചേൽപ്പിക്കുകയായിരുന്നു. "ബ്രഹ്മചര്യം, ലളിതമായ ജീവിതം, സാമൂഹിക വിരുദ്ധമായ തീണ്ടലും തൊടീലും ഇല്ലാതാക്കുക എന്നീ വിപ്ലാശയങ്ങളെ കസ്തൂർബായിൽ  പ്രായോഗികമാക്കിയ ക്രൂരനായ ഒരു ഭർത്താവായിരുന്നു താനെന്ന്" ഗാന്ധിജി ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. "ഞാൻ അവളുടെ ഗുരുവായിരുന്നു.  അന്ധമായ എന്റെ സ്നേഹം മൂലം ഞാൻ അവളെ പീഡിപ്പിച്ചിട്ടുണ്ട്. അവൾക്ക് ലഭിച്ച സമ്മാനങ്ങളും ആഭരണങ്ങളും ബലമായി വാങ്ങി കഴുത്തിൽ ഒന്നും അണിയിക്കാതെ അവളെ  നടത്തി. എനിക്കുവേണ്ടി ത്യജിച്ച ആഭരണങ്ങളെല്ലാം അവളുടെ പ്രിയപ്പെട്ട മാതാപിതാക്കൾ അവൾക്ക് സമ്മാനിച്ചതായിരുന്നു. "

"എന്റെയൊപ്പം സഞ്ചരിച്ചിരുന്ന മറ്റു ശിക്ഷ്യരെയും ബ്രഹ്മചര്യം കല്പ്പിക്കുകയും അവരുടെ ഭാര്യമാരുടെ ആഭരണങ്ങൾ ഉപേക്ഷിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. "ആരോ ഒരിക്കൽ കസ്തൂർബാക്ക്‌ ഒരു നെക്കലസ് സമ്മാനിച്ചപ്പോൾ ഗാന്ധിജി ചോദിച്ചു "നിനക്ക് ലഭിച്ച ഈ സമ്മാനം എന്റെ സേവനത്തിനോ നിന്റെ സേവനത്തിനോ?" കസ്തൂർബാ പരിശുദ്ധിയുടെ ഭാഷയിൽതന്നെ  മറുപടി പറഞ്ഞു. "അങ്ങ് പറഞ്ഞത് ഞാൻ സമ്മതിക്കുന്നു. എന്നാൽ അങ്ങ് എനിക്കായി ചെയ്ത സേവനങ്ങളെപ്പോലെ തുല്യമായി ഞാനും അങ്ങേക്ക് ചെയ്തിട്ടുണ്ട്. രാത്രിയും പകലുമില്ലാതെ എന്റെ വിയർപ്പുകളും ഇവിടെ ഒഴുക്കിയിട്ടുണ്ട്‌. അതൊന്നും സേവനമല്ലയോ?  അങ്ങ് എന്നെ ബലമായി എന്റെ മനസ് കാണാതെ ഇഷ്ടപ്പെടാത്ത ജോലികളൊക്കെ ചെയ്യിപ്പിച്ചു. എന്റെ കണ്ണുനീരിന് ഒട്ടും വില കൽപ്പിച്ചില്ല. തീണ്ടലും തൊടീലും ഉള്ളവരെ സേവിച്ച് ഞാൻ അവർക്കും അടിമയായി. അങ്ങയുടെ ആജ്ഞ അനുസരിച്ച് ഉത്തമഭാര്യയായി തന്നെ ഞാൻ ജീവിച്ചു."  കസ്തൂർബായുടെ   ഭാര്യാധർമ്മത്തിന്റെ ഈ വാക്കുകൾ ഭാരതസ്ത്രീയെന്ന നിലയിൽ ചരിത്രത്തിന്റെ സുവർണ്ണലിപികളിൽ ചേർത്തു കഴിഞ്ഞു.

പാശ്ചാത്യരാജ്യങ്ങളിലും അമേരിക്കയിലും ചെറുപ്പക്കാർ ആവശ്യമില്ലാതെ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ്  സാധനങ്ങൾ അങ്ങനെ എല്ലാം വാരിക്കൂട്ടി മേടിക്കും. ഇങ്ങനെ ഉപഭോക്താക്കളുടെ ആവശ്യമില്ലാത്ത ഉപഭോഗവസ്തുക്കൾ (Materialistic consumption of want and buy) രാജ്യത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ഉല്പ്പന്നങ്ങളുടെ വില കുറയ്ക്കുകയും ചെയ്യും. സാധാരണക്കാരന് തന്മൂലം വിലകൂടിയ വസ്തുക്കൾ വിലകുറച്ച് മാർക്കറ്റിൽനിന്ന് വാങ്ങുവാനും സാധിക്കും. എങ്കിലും ഒരു വ്യക്തിയെ ഇത് സ്വയം നാശത്തിലേക്ക് നയിക്കും. സ്റ്റീരിയോ, ടെലിവിഷൻ, കമ്പ്യൂട്ടർ അങ്ങനെ കിട്ടാവുന്നത് മുഴുവൻ വാങ്ങിക്കൂട്ടി ക്രെഡിറ്റ് കാർഡുകൾ നിറക്കും. താങ്ങാനാവാത്ത വലിയ വീടുകളും ആർഭാടമേറിയ കാറുകളും മേടിച്ച്  നിസ്വാൻ  ആകേണ്ട എല്ലാ വഴികളും തുറന്നിടും. ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെടും. പിന്നീട് മിതമായ തൊഴിലില്ലാ വേതനംകൊണ്ട് ജീവിക്കണം. പണമില്ലാതെ വരുമ്പോൾ കുടുംബത്തെ പോറ്റാൻ  നിവൃത്തിയില്ലാതെ  അസമാധാനമായി, പിന്നീട് വിവാഹമോചനമായി. കടം എടുത്ത പണം തിരികെ കൊടുക്കാൻ ആവാതെ പാപ്പരായി (Bankruptcy) പ്രഖ്യാപിക്കുകയും അങ്ങനെ മാനസികമായി തകരുകയും ചെയ്യും. ഓരോ ബില്ലുകൾ വരുമ്പോഴും സ്വയം തലമുടി പറിച്ച് അലറാൻ തുടങ്ങും. തൊഴിലില്ലാതെ വന്നാലും ഇലക്ട്രിസിറ്റി, വെള്ളം, മോർട്ട്ഗേജ് എന്നീ തുകകൾ അടച്ചേ മതിയാവൂ.

ചുരുക്കത്തിൽ, ലളിത ജീവിതമെന്തെന്നാൽ ആർഭാടമായ ഉപഭോഗവസ്തുക്കളിൽനിന്നും സ്വതന്ത്രമാവുകയെന്നതാണ്.  ഭാരത മുദ്രാവാക്യമായ "സത്യമേവ ജയതേ" എന്ന മുണ്ടാകാ ഉപനിഷത്തിലെ വേദൊച്ഛാരണം ഒരോ മനസിനും കുളിർമ്മ  നല്കും.    ഭൂമിയേയും ഭൂമിയിലുള്ള ജീവജാലങ്ങളെയും സ്നേഹിക്കുക, ആദ്ധ്യാത്മികമായി മനസിനെ പവിത്രീകരിക്കുക, സദാചാര തത്ത്വങ്ങളിൽ ഉറച്ചു വിശ്വസീക്കുക എന്നിവകളും ലളിതജീവിതത്തിന്റെ അനുഷ്ഠാന ഘടകങ്ങളാണ്. ബാഹ്യമായ ജീവിതം ലളിതമായിരിക്കുന്നതുപോലെ മനസും ധന്യമായിരിക്കണം. പരീസ്ഥിതിയെപ്പറ്റി പരിപൂർണ്ണമായി ബോധവാന്മാരായിരിക്കണം. ജീവിതം മനുഷ്യത്വത്തിന്റെ അളവുകോലുകൾകൊണ്ട് അളക്കണം. ഫ്രാൻസീസ് അസ്സീസിയുടെയും ഗാന്ധിജിയുടെയും തോറോയുടെയും സന്ദേശങ്ങൾ ലളിതജീവിതത്തിന് വഴി തെളിയിക്കും. താത്ത്വികമായ ലളിതജീവിതത്തിൽ ലോകത്തിലെ വിഭവങ്ങൾ  തുല്യമായി പങ്കുവെക്കാനും സാധിക്കും. ഉപഭോഗവസ്തുക്കളുടെ ദുർവിനിയോഗം പ്രകൃതിയേയും നശിപ്പിക്കും. ഈ ഭൂമി നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ളതാണ്. ലളിതജീവിതം നടപ്പിലാക്കണമെങ്കിൽ ഉല്പ്പാദനമേഖലകളിലും സമൂലമായ മാറ്റം വരണം. മനുഷ്യന്റെ ആവശ്യങ്ങൾ മാത്രം നിറവേറ്റുന്ന ഒരു സാമ്പത്തികവിപ്ലവം വന്നാലെ ലളിത ജീവിതമെന്ന ധനതത്ത്വശാസ്ത്രം സഫലമാവുകയുള്ളൂ.


ഭൌതിക സംസ്ക്കാരത്തെ വകവെക്കാതെ ആത്മീയസംസ്ക്കാരത്തിന്റെ പടവുകളിൽക്കൂടി പുറകോട്ടു യാത്രചെയ്ത് മനസാക്ഷിയെ ചികഞ്ഞ് ലാളിത്യത്തിന്റെ മാർഗം കണ്ടെത്തുകയായിരിക്കണം നമ്മുടെ ലക്‌ഷ്യം. "ആധുനികമായാലും പൗരാണികമായാലും ലാളിത്യമില്ലാത്ത ഒരു സംസ്ക്കാരവും പരിപൂർണ്ണമല്ലാ"യെന്ന് ചൈനയിലെ തത്ത്വചിന്തകനായ ലിൻ യൂറ്റാന്ഗ്(Lin Yutang) പറഞ്ഞിട്ടുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു സംസ്ക്കാരം തന്നെയാണ് ആധുനികതയിലും നാം കാണുന്നത്. ലളിതമായ ഒരു സംസ്ക്കാരത്തിന് മനസിനെയും ചിന്തകളെയും പാകപ്പെടുത്തേണ്ടതായുണ്ട്. മനസിനെ അലട്ടുന്ന പ്രശ്നങ്ങളെയും അസ്വസ്ഥതകളെയും ഇല്ലാതാക്കുകയെന്നതാണ് ലളിത ജീവിതത്തിന്റെ കാതലായ തത്ത്വം.

പഴമയുടെ സംസ്ക്കാരത്തിലേക്ക് മനുഷ്യൻ ചിന്തിക്കുന്നതും എത്തിനോക്കുന്നതും പ്രകൃതിയെ സ്നേഹിച്ചു തുടങ്ങുമ്പോഴാണ്. ചലിക്കുന്ന ലോകം, മുറിക്കപ്പെട്ട ബന്ധങ്ങൾ, ഏകാന്തത, രാഷ്ട്രീയക്കളികൾ, കുതികാൽവെട്ട്, സാങ്കേതികവളർച്ച എന്നിവകളെല്ലാം ലാളിത്യത്തിന് വിലങ്ങുതടികളാണ്. സമൂഹം ഒന്നാകെ ഇന്നത്തെ ചിന്താഗതിയെ മാറ്റിയെടുക്കണം. ലളിതജീവിതത്തിന്റെ ആദ്ധ്യാത്മിക ദർശനത്തിലേക്കുള്ള കൈചൂണ്ടൽ നാം കാണുന്നത് അവിടെയാണ്.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...