Sunday, November 17, 2013

ഫ്രാൻസീസ് മാർപാപ്പാ ക്രിസ്തുവിന്റെ പ്രിയ ഇടയൻ

 By  ജോസഫ് പടന്നമാക്കൽ
പത്രോസിന്റെ സിംഹാസനത്തിൽനിന്നും 2013 ഫെബ്രുവരിയിൽ ബനഡിക്റ്റ് പതിനാറാം മാർപാപ്പാ സ്ഥാനത്യാഗം ചെയ്തത് സഭയുടെ ഒന്നേകാൽ ബില്ല്യൻ ജനങ്ങളിൽ അത്ഭുതമുളവാക്കിയിരുന്നു. ഒരു മാർപാപ്പാ ഔദ്യോഗിക പദവികളിൽനിന്ന് വിരമിക്കുന്നത് കഴിഞ്ഞ 600 വർഷത്തെ സഭയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു. ലോകമാകമാനമുള്ള ക്രിസ്ത്യാനികളുടെ  സ്നേഹാദരവുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം ഹെലികോപ്റ്ററിൽ കയറി ചരിത്രത്തിന്റെ മൂകസാക്ഷിയായി വത്തിക്കാനോട് വിടപറഞ്ഞു. ബനഡിക്റ്റ് മാർപാപ്പ ഔദ്യോഗിക പദവിയിലിരുന്ന കാലങ്ങളിൽ പറയുമായിരുന്നു,  "മാർപാപ്പായായി എന്നിൽ അർപ്പിച്ചിരുന്ന കടമകൾ കഠിനമായിരുന്നു. എന്റെ പിൻഗാമി സമുദ്രാന്തർഭാഗത്ത് കൊടുംകാറ്റത്ത്‌ ആടിയുലയുന്ന കപ്പലിനെ നയിക്കുന്നപോലെ ഇനി സഭയെ നയിക്കേണ്ടി വരും." ഞാൻ ഇടയാനായിരുന്ന കാലങ്ങളിൽ എന്റെ നാഥനായ യേശു ഉറങ്ങുകയായിരുന്നുവെന്നും ബനഡിക്റ്റ് മാർപാപ്പാ പറഞ്ഞു.


മാർപാപ്പായായി തെരഞ്ഞെടുത്ത 76 വയസുള്ള  ജോർജ് മാരിയോ ബർഗോളി സഭയുടെ ആയിരം വർഷത്തെ ചരിത്രത്തിൽ യൂറോപ്പിനു വെളിയിൽനിന്നും തെരഞ്ഞെടുത്ത ആദ്യത്തെ പാപ്പായായിരുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യത്തുള്ള അദ്ദേഹം ഫ്രാൻസീസ്  മാർപാപ്പായെന്ന അസ്സീസിയിലെ ഫ്രാൻസീസിന്റെ നാമം സ്വീകരിച്ച് ലോകമാകമാനമുള്ള കത്തോലിക്കരുടെ ആത്മീയ നേതാവായി. മാർപാപ്പായുടെ ആദ്യത്തെ വാക്കുകൾ "സങ്കീർണ്ണമായ സഭയുടെ ദൌത്യങ്ങൾ വഹിക്കാൻ എനിക്ക് വേണ്ടി പ്രാർഥിക്കുക' എന്നായിരുന്നു. "ഇടയനും ജനവുമായി ഇനിമേൽ ഒന്നിച്ച് യാത്ര ചെയ്യാമെന്ന് പുതിയ  മാർപ്പാപ്പാ ജനത്തെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 
അർജന്റീനായിൽനിന്ന് വന്ന വന്ദിതനായ ഈ പുരോഹിതൻ ജോർജ് മാരിയോ ബർഗോളി അമേരിക്കാ ഭൂഖണ്ഡത്തിലെ ആദ്യത്തെ മാർപാപ്പായാണ്. ബ്യൂ നോസ് എയർസ് (Buenos  Aires ) ലെ ഈ ആർച്ച് ബിഷപ്പ് മാർപാപ്പായാകുന്നതിന് മുമ്പുതന്നെ ഭൂഖണ്ഡം മുഴുവൻ പ്രസിദ്ധനായിരുന്നു. അദ്ദേഹം ആകമാനജനങ്ങൾ ഒരുപോലെ സ്നേഹിച്ചിരുന്ന സ്വന്തം രൂപതയിലെ ലാളിത്യമുള്ള ഒരു ഇടയാചാര്യനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ 15 വർഷങ്ങളോളമുള്ള എപ്പിസ്ക്കോപ്പൽ ഭരണകാലങ്ങളിൽ രാജ്യം മുഴുവനും സാധാരണ ബസുകളിലും ട്രെയിനുകളിലും കാൽനടയുമായി യാത്രചെയ്ത് ജനങ്ങളെ സേവിച്ചിരുന്നു.
" എന്റെ ദരിദ്രരായ ജനങ്ങളിൽ ഞാനും ഒരാളെന്ന്" ജോർജ് ബർഗോളി മിക്കപ്പോഴും പറയുമായിരുന്നു. കർദ്ദിനാളായി വാഴുന്ന കാലത്തും പാവങ്ങളിൽ പാവങ്ങളെപ്പോലെ അദ്ദേഹം ജീവിച്ചു. സഭ നല്കിയ രാജകീയ കൊട്ടാരങ്ങൾ വേണ്ടെന്നുവെച്ച് ഇടുങ്ങിയ ഒരു കൊച്ചുവീട്ടില് സ്വന്തമായി ഭക്ഷണം പാകം ചെയ്ത് അദ്ദേഹം ജീവിച്ചു. യേശുവിനൊപ്പം നടന്ന അപ്പോസ്തൊലരുടെ ഹൃദയ വിശാലതയോടെ ദരിതർക്കും പീഡിതർക്കും രോഗികൾക്കും ഒരുപോലെ വാതിലുകൾ തുറന്നുകൊടുത്ത് ലാളിത്യത്തിൽ ജീവിക്കാൻ അദ്ദേഹം എന്നും തന്നോടൊപ്പം സഞ്ചരിച്ചിരുന്ന പുരോഹിതരെയും ഉപദേശിക്കുമായിരുന്നു. സ്വാർഥതയാണ് ലോകത്തിന്റെ ആദ്ധ്യാത്മികതയുടെ ഇരുട്ടെന്ന് ജോർജ് അവരോട് പറയുമായിരുന്നു. സാമൂഹിക നീതിയെപ്പറ്റി സംസാരിക്കുമ്പോൾ അദ്ദേഹം പറയും, "സഹോദരരേ, നിങ്ങൾ വീണ്ടും വേദപാഠം ക്ലാസുകളിൽ പോവൂ! ദൈവം മോസസിന് കൽപ്പിച്ച പത്തുപ്രമാണങ്ങളെ ഗഹനമായി പഠിച്ച് മനസിനുള്ളിലാക്കൂ. അതിന്റെ ഹൃദയഹാരിയായ മനോഹരതയെ ആസ്വദിക്കൂ. മറ്റൊരുവന്റെ വ്യക്തിത്വത്തെ ചവിട്ടിത്താഴ്ത്തുന്നവനാണ് മഹാപാപിയെന്ന് ക്രിസ്തുവിനെ  പിന്തുടരുന്നവൻ മനസിലാക്കും"

 
ജോർജ് ബെർഗോളി 1936 ഡിസംബർ പതിനേഴാംതിയതി ഇറ്റാലിയൻ കുടിയേറ്റക്കാരുടെ മകനായി അർജെന്റീനായിലെ ബ്യൂനോസ് എയർസ് എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് മാരിയോ അക്കാലത്ത് റെയിൽവേയിൽ അക്കൗണ്ടന്റ് ആയിരുന്നു. അമ്മ രജീനാ സിവൊരി മക്കളായ അഞ്ച് കുഞ്ഞുങ്ങളെയും പരിചരിച്ചുകൊണ്ട് നല്ല ഒരു കുടുംബിനിയായി കഴിഞ്ഞു. വില്ലാ ദിവോട്ടോ (Villa Devoto)എന്ന രൂപതാവകയുള്ള സെമിനാരിയിൽ ചേർന്നുകൊണ്ട് കെമിക്കൽ ടെക്കനിക്കൽ ബിരുദധാരിയായി പഠനം പൂർത്തിയാക്കിയ ജോർജ് തെരഞ്ഞെടുത്തത് പൌരാഹിത്യത്തിന്റെ വഴിയായിരുന്നു.

 
മാർപാപ്പായുടെ ജീവിതത്തെ സ്പർശിക്കുന്ന സംഭവബഹുലമായ ചരിത്രസൂചിക ക്രമാനുക്രമം താഴെ വിവരിക്കുന്നു.
1. 1958 മാർച്ച് 11-ന് ചെമ്മാച്ചനായി ഈശോ സഭയിൽ ചേർന്നു.
2. ഹുമാനിറ്റീസിൽ തെക്കേ അമേരിക്കയിലെ ചില്ലിയിൽ പഠനം പൂർത്തിയാക്കിയ ശേഷം അർജന്റീനായിൽ മടങ്ങിവന്ന് 1963-ൽ തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തു.
3. 1964-1965 കാലഘട്ടത്തിൽ സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും കോളേജ് അദ്ധ്യാപകനായിരുന്നു.
4. 1967-1968-ൽ തീയൊളജി പഠിച്ച് ബിരുദം നേടി.
5. 1969 ഡിസംബർ 13-ന്  പൌരാഹിത്യം സ്വീകരിച്ചു.
6. 1971 വരെ സ്പെയിനിൽ പഠനം തുടർന്നുകൊണ്ടിരുന്നു.
7. 1973-ൽ സ്വന്തം രാജ്യത്ത് മടങ്ങിവന്ന് തീയോളജി പ്രൊഫസറായി ചുമതലയെടുത്തു. ആ വർഷം ജൂലൈ 31 -ന് അദ്ദേഹത്തെ അർജന്റീനായിലെ ഈശോസഭാ പ്രോവിൻഷ്യാൾ ആയി തെരഞ്ഞെടുത്ത് ആറു വർത്തോളം ആ പദവിയിൽ ഇരുന്നു.
9. 1986-ൽ ജർമ്മനിയിൽ പോയി തീയോളജിയിൽ പി.എച്.ഡി ബിരുദം നേടി.
10. 1992 -മെയ് 20-ന് ജോണ്‍പോൾ രണ്ടാമൻ മാർപാപ്പാ അദ്ദേഹത്തെ അക്വായിലെ ബിഷപ്പായി വാഴിച്ചു.
11.1997 ജൂണ്‍ മൂന്നാംതിയതി ബ്യൂനോസ് എയർസിലെ ആർച്ച് ബിഷപ്പുമായി തെരഞ്ഞെടുത്തു.
12. 2001 ഫെബ്രുവരിയിൽ ജോണ്‍ പോൾ മാർപാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി വാഴിച്ചു.
 
 
അതിനുശേഷം ഉന്നതമായ പല സ്ഥാനമാനങ്ങളും പദവികളും അലങ്കരിച്ചിരുന്നെങ്കിലും ലളിതമായ ജീവിതരീതിവഴി എന്നും ഒരു മുനിവര്യനെപ്പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. 2013 മാർച്ച് പതിമ്മൂന്നാം തിയതി അദ്ദേഹത്തെ മാർപാപ്പായായി തെരഞ്ഞെടുക്കുന്നതുവരെ പാവങ്ങളുമായി ഒത്തുജീവിക്കാനായിരുന്നു ഈ മഹാപുരോഹിതന് എന്നും താല്പര്യമുണ്ടായിരുന്നത്. കൊട്ടാരസദൃശ്യമായ വത്തിക്കാനിലെ പാപ്പാമന്ദിരങ്ങളിൽ മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ താമസിച്ചെങ്കിലും ഫ്രാൻസീസ് മാർപാപ്പാ അവിടെ ഇടുങ്ങിയ മുറികളുള്ള ഒരു കൊച്ചുഭവനത്തിലാണ് താമസിക്കുന്നത്.
 
 
കഴിഞ്ഞ വർഷം വാർത്താലേഖകരുമായുള്ള ഒരു അഭിമുഖസംഭാഷണത്തിൽ  ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞു; " സെമിനാരിയിൽ പഠിക്കുന്ന യുവാവായിരുന്ന കാലത്ത് എന്റെ അമ്മാവന്റെ വിവാഹസമയം കണ്ണഞ്ചുംവിധം സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാൻ കണ്ടുമുട്ടി. അവളുടെ സൌന്ദര്യത്തിലും അതിബുദ്ധിയിലും ചുറുചുറുക്കിലും മയങ്ങിപോയി. അങ്ങനെയേറെനാൾ എന്റെ മനസിനെ ഞാൻ പന്തുതട്ടികൊണ്ടിരുന്നു." ഭാവിമാർപാപ്പാ പറഞ്ഞു, "ഞാൻ എന്നും അവളെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു. ഒഴിച്ചുകൂടാൻ പാടില്ലാത്തവിധം അവൾ എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി. അമ്മാവന്റെ വിവാഹംകഴിഞ്ഞ് ഞാൻ സെമിനാരിയിൽ മടങ്ങിവന്നു. ആഴ്ചകളോളം എനിക്ക് പ്രാർഥിക്കുവാൻ കഴിയുകയില്ലായിരുന്നു. ഏകാന്തതയിൽ ദൈവത്തോട് സല്ലപിക്കുന്ന സമയവും അവൾ എന്റെ മനസ്സിൽ കടന്നുകൂടും. വീണ്ടുംവീണ്ടും എന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു. വിട്ടുപോകാത്ത ചിന്തകളുമായി മനസ്സുതന്നെ ഭ്രാന്തുപിടിച്ചു. പൌരാഹിത്യം വേണൊ, സ്നേഹിച്ച കുട്ടിയെ വേണോ? ഇങ്ങനെ  ഉത്തരമില്ലാത്ത  ചോദ്യത്തിനുമുമ്പിൽ  ഞാൻ എന്റെ മനസ്സിനെ കാടുകയറ്റി. എനിക്കുണ്ടായ അനുഭവംപോലെ ഇന്നൊരു സെമിനാരിക്കുട്ടിക്ക് അങ്ങനെ സംഭവിച്ചെങ്കിൽ 'മോനെ, നീ സ്വയം വഞ്ചിതനായ പുരോഹിതനാകാതെ നല്ല ക്രിസ്ത്യാനിയായി മടങ്ങിപോവൂ' എന്നു ഞാൻ പറയും. 'പൌരാഹിത്യം നിനക്കുള്ളതല്ല. ഈ നിമിഷത്തിൽ ഞാൻ ബ്രഹ്മചര്യനിയമങ്ങൾക്ക് അനുകൂലമാണ്. കാരണം, പത്തു നൂറ്റാണ്ടുകളായി പരാജയങ്ങളില്ലാതെ സഭയെ പ്രായോഗികമായി നയിക്കുവാൻ സാധിച്ചു.എങ്കിലും ഇതൊരു അച്ചടക്കവും പരിശീലനവുമാണ്. വിശ്വാസമല്ല. മാറ്റങ്ങൾ വരുത്താം. വികാരംകൊണ്ട് എരിയുന്നതിലും നിന്റെ മനസ്സിന്‌ വിവാഹജീവിതമാണ് ശാന്തി' "
 
 
ഫ്രാൻസീസ് മാർപാപ്പായുടെ അയൽപക്കമായിരുന്ന അന്നത്തെ പെണ്‍കുട്ടിക്കും തകർന്നുപോയ ഈ പ്രേമത്തെപ്പറ്റി പറയുവാനുണ്ട്. ബാല്യകാലസഖി അമലിയ  ഡാമോണെക്കും (Amalia Damonte) മാർപാപ്പക്കും ഇന്ന് പ്രായം 76 വയസാണ്. മാർപാപ്പാ (Jorge Mario Bergoglio) വളർന്ന അതേ ഗ്രാമത്തിൽ വെറും നാല് ബ്ലോക്കിനകലെയായി ഇന്നും അമല്ല കുടുംബമായി താമസിക്കുന്നു. അവർ പറയുന്നു, ജോർജ് മറ്റു കൂട്ടുകാരിൽനിന്നും വ്യത്യസ്ത സ്വഭാവക്കാരനായിരുന്നു. പ്രേമം മൊട്ടിട്ടിരുന്ന കാലത്തും ദൈവത്തെപ്പറ്റി പറയുവാനായിരുന്നു അദ്ദേഹത്തിനെന്നും ഇഷ്ടമുണ്ടായിരുന്നത്. ഒരിക്കൽ ജോർജ് എഴുതിയ ഒരു പ്രേമലേഖനം എനിക്ക് തന്നു. എന്നാൽ ആ കത്ത് എന്റെ  ജീവിതത്തിൽ ഒരു കൊടുംങ്കാറ്റായി മാറിയിരുന്നു. കത്ത് കൈവശമാക്കിയ എന്റെ അമ്മ എന്നെ മുഖത്തിനിട്ട് തല്ലി. ഞങ്ങളുടെത് ഒരു യാഥാസ്ഥിതിക കുടുബമായിരുന്നു. ഞാൻ ഓർമ്മിക്കുന്നു, ആ കൊച്ചു കലാകാരന്റെ കത്തിനുള്ളിൽ പച്ചപുല്ലുകളുടെ നടുവിൽ വെള്ളനിറമുള്ള സുന്ദരമായ ഒരു കൊച്ചു വീടും വീടിന്റെ മേല്ക്കൂര ചുവപ്പു നിറവുമായിരുന്നു. ഇങ്ങനെയും എഴുതിയിട്ടുണ്ടായിരുന്നു, "വിവാഹിതനായി ഞാൻ നിന്നെ എന്റേതാക്കുമ്പോൾ നിനക്കായി ഞാൻ വാങ്ങുന്ന നമ്മുടെ കൊച്ചു ഭവനമാണിത്. നിന്നെ എനിക്കു  സ്വന്തമാക്കുവാൻ സാധിച്ചില്ലെങ്കിൽ പിന്നീടുള്ള എന്റെ ജീവിതം ഒരു പുരോഹിതനായിട്ടായിരിക്കും." "കുറ്റബോധം എനിക്കിന്നില്ല. കാരണം ഞാൻ അന്ന് ജോർജിനെ സ്വന്തമാക്കിയിരുന്നെങ്കിൽ അദ്ദേഹം എനിക്കു മാത്രമുള്ളതാകുമായിരുന്നു. ഇന്ന് അദ്ദേഹം സഭയുടെ  മണവാളനാണ്. ജനകോടികളുടെ പ്രത്യാശയും. ഒരു പപ്പിപ്രേമംമെന്നല്ലാതെ ഞങ്ങളുടെ ജീവിതത്തിൽ മറ്റൊന്നുമില്ലായിരുന്നു. ദൈവം നല്ലവനാണ്. എന്റെ അമ്മയാണ് ആ പ്രേമബന്ധത്തെ തകർത്തത്. ഈ പ്രേമത്തിന്റെ പേരിൽ വീട്ടിലൊരിക്കലും സമാധാനം തന്നില്ല. ഞങ്ങളെ തമ്മിൽ പിരിക്കുവാൻ അവരാൽ കഴിയുന്നതെല്ലാം അവർ ചെയ്തു.  വിജയിക്കുകയും ചെയ്തു. ഒരിക്കൽ ഞാൻ ജോർജിനോട് ഇനിയൊരിക്കലും എന്നെ കാണരുതെന്ന് പറഞ്ഞു. ഹൃദയത്തിൽ ദുഃഖങ്ങളമർത്തി പിടിച്ചുകൊണ്ട് ജോർജ് അവസാനമായി എന്നിൽനിന്നകന്നു നടന്നുപോവുന്നതും എന്റെയോർമ്മയിൽ ഉണ്ട്. പിന്നെ ഞങ്ങൾ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. തമ്മിൽ സംസാരിച്ചിട്ടുമില്ല.”

 
2013 ജൂലൈ 22 ന് മാർപാപ്പാ ആദ്യത്തെ വിദേശയാത്ര നടത്തി.  ബ്രസീലിയൻ പ്രസിഡന്റ് ഡില്മാ റൗസഫ് മാർപാപ്പയെ റയോഡീ ജനറോ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. മൂന്നു മില്ലിയൻ ജനങ്ങളന്ന്  കുട്ടികളുടെ കുർബാനയിൽ സംബന്ധിക്കാൻ എത്തിയിരുന്നു. വിദേശപര്യടനം കഴിഞ്ഞ് റോമിലേക്ക് മടങ്ങവേ വാർത്താലേഖകരോടുള്ള സ്വവർഗരതികളെ സംബന്ധിച്ച് അദ്ദേഹത്തിൻറെ അഭിപ്രായം ലോകത്തിനൊരു പുതുമയായിരുന്നു. "ഒരുവൻ സ്വവർഗരതി തെരഞ്ഞെടുത്തെങ്കിൽ, അവൻ ദൈവത്തെ അന്വേഷിക്കുന്നവനെങ്കിൽ അവനെ വിധിക്കാൻ ഞാൻ ആര്" മാർപാപ്പായുടെ സ്വവർഗ രതികളോടുള്ള മനുഷ്യസ്നേഹപരമായ ഈ സമീപനത്തെ ലോകമാകമാനമുള്ള സ്വവർഗാനുയായികൾ ഒന്നുപോലെ സ്വാഗതം ചെയ്തു. സ്വവർഗ രതികളായവരെപ്പറ്റി മുമ്പുള്ള മാർപാപ്പാമാർ വിശ്വസിച്ചവരിൽനിന്നും വ്യത്യസ്തമായിട്ടാണ് ഫ്രാൻസീസ് മാർപാപ്പാ സംസാരിച്ചത്. "ദൈവത്തിന്റെ സൃഷ്ടിയിൽ നാം എല്ലാം സ്വതന്ത്രരാണ്. അന്യന്റെ ആത്മീയ തുടിപ്പിൽ പ്രകാശം നല്കുന്നത് പരിശുദ്ധാത്മാവാണ്. അവിടെ മറ്റൊരുവന് ഇടപെടുവാൻ അവകാശമില്ല. സൃഷ്ടിയിലുള്ള എല്ലാ മനുഷ്യജാതിക്കും ആത്മജലം ഒരുപോലെ ലഭിക്കും."
 
 
പൌരാഹിത്യം സ്ത്രീകൾക്ക് നൽകുന്നതിൽ അനുകൂലിക്കുന്നില്ലെങ്കിലും അവർ സഭയുടെ അവിഭാജ്യഘടകമെന്ന് മാർപാപ്പാ വിശ്വസിക്കുന്നു. "സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ നമ്മുടെ സഭയിലെ ബൌദ്ധികതലങ്ങളിൽ ഉന്നതരായ സ്ത്രീകളുടെ സഹായം ആവശ്യമാണ്." ലോകം മുഴുവൻ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിലും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുന്നതിലും മാർപാപ്പാ വ്യാകുലനാണ്. "സ്ത്രീകളുടെ സേവനമാണ് സഭയ്ക്ക് വേണ്ടത്; ദാസികളെപ്പോലെയുള്ള പരിചാരക വൃത്തിയല്ല വേണ്ടതെന്നും" മാർപാപ്പാ പറഞ്ഞു.   മാർപാപ്പാ തുടർന്നു "സമൂഹത്തിൽ അവരുടെ ജോലി കുഞ്ഞുങ്ങളെ നോക്കുകയെന്നത് മാത്രമുള്ള ധാരണക്കും മാറ്റം വരണം. പുരുഷന്റെ അടിമത്വത്തിൽനിന്ന് അവരെ സ്വതന്ത്രമാക്കണം. പുരുഷൻ അവരുടെ വ്യക്തിത്വത്തെ കവർന്നെടുക്കാൻ അനുവദിക്കരുത്.സഭയെതന്നെ സ്ത്രീയോടാണ് ഉപമിച്ചിരിക്കുന്നത്. അവൾ അമ്മയാണ്. സഭയാകുന്ന സ്ത്രീ എത്ര സുന്ദരീയെന്ന് ചിന്തിക്കൂ. ഏതു സാംസ്ക്കാരിക സാമൂഹിക പരിവർത്തനങ്ങളിലും സ്ത്രീയാണ് പുരുഷനെ പ്രസവിച്ച്, വളർത്തി പരിചരിച്ച് അവനെ ശ്രേഷ്ഠനായ മനുഷ്യനാക്കിയത്. സത്യം അവളോടുകൂടിയെന്നുമുണ്ട്."      

 
ലോകത്തിന്റെ ഇന്നത്തെ അസമാധാനത്തിലും സിറിയയിൽ ഏതുനിമിഷവും സംഭവിക്കാവുന്ന യുദ്ധഭീഷണിയിലും ഫ്രാൻസീസ് മാർപാപ്പാ വ്യാകുലനാണ്. St. പീറ്റേഴ്സ് ദേവാലയ അങ്കണത്തിൽ തടിച്ചുകൂടിയ ജനത്തോട് അദ്ദേഹം പറഞ്ഞു, "മനുഷ്യൻ സ്വാർത്ഥനായി സ്വയം മാത്രം ചിന്തിക്കുമ്പോൾ അധികാരത്തിന്റെ മത്ത് അവനിൽ പിടികൊള്ളുമ്പോൾ അക്രമാസക്തമായ പെരുമാറ്റവും ഹിംസയും ബലപ്രയോഗങ്ങളും ചിന്തയിൽ നുഴഞ്ഞുകയറുമ്പോൾ തനിയേ കലഹത്തിന്റെ വാതിലുകൾ അവന്റെ മുമ്പിൽ തുറക്കപ്പെടും." അത്തരം ഭയാനക മനുഷ്യക്രൂരതകൾക്ക് അറുതിവരുത്തി സമാധാനത്തിന്റെ വഴി തെരഞ്ഞെടുക്കാൻ മാർപാപ്പാ ലോകരാഷ്ട്രങ്ങളോട്‌ കേണപേക്ഷിച്ചു. സ്വാർത്ഥത കൈവെടിഞ്ഞ് ഓരോ ഹൃദയങ്ങളെയും മൃദുലമാക്കി അഭിപ്രായ വ്യത്യാസങ്ങളെ പറഞ്ഞുതീർത്ത് ദുഷിച്ച കാര്യകാരണങ്ങളെ ഇല്ലായ്മ ചെയ്യണം. നമുക്കിടയിലുള്ള എല്ലാ പ്രശ്നങ്ങളും സ്ഥായിയായി പറഞ്ഞുതീർക്കണമെന്നും മാർപാപ്പാ പറഞ്ഞു. 
 
 
കുടുംബ ജീവിതത്തെപ്പറ്റിയും മാർപാപ്പായുടെ വചനങ്ങളെന്നും ഒരു താത്ത്വികന്റെ ചിന്താഗതിയിലാണ്. അദ്ദേഹം പറഞ്ഞു "ഒരു കുടുംബ ജീവിതം നിറഞ്ഞിരിക്കുന്നത്‌ മനോഹരമായ നിമിഷങ്ങൾകൊണ്ടാണ്. സ്നെഹമാണവിടെ വേണ്ടത്. സ്നേഹമില്ലെങ്കിൽ, സന്തോഷമില്ലെങ്കിൽ ജീവിതം മുരടിച്ചതായിരിക്കും. യേശുവിന്റെ വഴിയും സ്നേഹമാണ്. അവിടുന്ന് ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിന്റെ ഉറവിടവുമാണ്. ഇന്ന് സഭയുടെ കെട്ടുറപ്പിനാവശ്യമായുള്ളത്, ഒരേ ഹൃദയവും പരിമളമായ ആത്മാവുമായി ഉറച്ച ദൈവവിശ്വാസത്തിൽ ജീവിക്കുന്ന കുടുംബങ്ങളാണ്." ഒരു കുടുബ ഭദ്രതയ്ക്കായി മൂന്ന് വാക്കുകൾ മാർപാപ്പാ ജനത്തെ ഓർപ്പിച്ചു. 'ദയവായി, നന്ദി, ക്ഷമിച്ചാലും' എന്നീ വാക്കുകളാണ് മാർപാപ്പായ്ക്ക് പഠിപ്പിക്കാനുള്ളത്. 'ദയവായി' എന്ന വാക്ക് അധികാര ഭാവത്തിനും ധിക്കാരത്തിനും അറുതി വരുത്തുന്നു. "ഞാൻ ഈ ജോലി ചെയ്തോട്ടെ, നീ വിശ്രമിക്കൂ" എന്നീ സൌമ്യമായ വാക്കുകൾ ദയയുടെ പരിധിയിൽപ്പെടും. 'നന്ദിയെന്ന് എത്ര പ്രാവിശ്യം സ്വന്തം ഭാര്യയോട് നിങ്ങൾ പറയാറുണ്ട്‌. 'ക്ഷമിക്കുക' എന്ന സുന്ദരമായ മൂന്നാമത്തെ പദം കുടുംബസമാധാനത്തെ പിടിച്ചുനിർത്തും. വിവാഹ ജീവിതത്തിൽ തെറ്റുകൾ വരാറുണ്ട്. ചിലപ്പോൾ കഠോരമായ വാക്കുകൾ ഉപയോഗിക്കും. എങ്കിലും  ഒത്തുതീർപ്പുകൾ ഉണ്ടാക്കാതെ സൂര്യനസ്തമിക്കാൻ അനുവദിക്കരുതെന്നും മാർപാപ്പാ പറഞ്ഞു. 
 
വത്തിക്കാന്റെ ഓവൽ സീറ്റിലിരിക്കുന്ന മാർപാപ്പായെ ലോകം മുഴുവൻ ഇന്ന് വാഴ്ത്തുന്നുണ്ടെങ്കിലും യേശുവിന്റെ വചനങ്ങളെ അക്ഷരംപ്രതി കാത്തുപരിപാലിക്കുന്ന ഈ പാപ്പയ്ക്ക് വിമർശകരുമുണ്ട്. അർജന്റീനായിലെ പാവങ്ങൾ, ഗർഭനിരോധനം, അവിശ്വാസികളുടെ സ്വർഗം മുതലായ മാർപാപ്പയുടെ അഭിപ്രായങ്ങളിൽ അനേകർ അസന്തുഷ്ടരാണ്. സത്യത്തിന്റെ നിജസ്ഥിതി കണ്ടുപിടിക്കാൻ അവരാരും ശ്രമിക്കാറുമില്ല. ഭ്രൂണഹത്യ, ഗർഭം അലസിപ്പിക്കൽ എന്നീ സഭയുടെ നയങ്ങളെ മാർപാപ്പ വിലയിരുത്തിയതും വ്യത്യസ്തമായിട്ടായിരുന്നു. സഭയിലെ നീറുന്ന മറ്റു സംഗതികളിൽ അത്തരം പ്രശ്നങ്ങൾ ഉൾപ്പെടുത്തി പ്രാധാന്യം കല്പ്പിക്കരുതെന്നും നിർദ്ദേശിച്ചു. ഈ വിഷയം വിവാദങ്ങളിൽനിന്നും ഒഴിവാക്കാനാണ് മാർപാപ്പാ അഭിപ്രായപ്പെട്ടത്. മാർപാപ്പായുടെ ഗർഭച്ഛിന്ദ്രത്തെപ്പറ്റിയുള്ള അഭിപ്രായം ജീവന്റെ തുടിപ്പിലുള്ള അനുഭാവികൾക്ക് (pro life) എതിർപ്പുകൾ ഉണ്ടാക്കി. ലോകത്തിലേക്ക് പ്രവേശിക്കുവാൻ പോവുന്ന 50,000 കുഞ്ഞുങ്ങളാണ് ഭ്രൂണഹത്യമൂലം ഒരാഴ്ചയ്ക്കുള്ളിൽ മരിക്കുന്നത്. നിശബ്ദമായി അത് കണ്ടില്ലെന്ന് എങ്ങനെ നടിക്കുമെന്ന് ഭ്രൂണഹത്യക്കെതിരായവർ ചോദിക്കുന്നു. ഗർഭച്ഛിന്ദ്രം പോലുള്ള ഗുരുതരമായ പാപങ്ങൾ സഭ അനുവദിക്കുകയില്ലെന്നും മനസിലാക്കുവാനുള്ളതേയുള്ളൂ.
 
എങ്കിലും ലോകമീഡിയാകൾ അദ്ദേഹത്തെ ചരിത്രത്തിലെ ഏറ്റവും നല്ല മാർപാപ്പായെന്ന് വിലയിരുത്തി കഴിഞ്ഞു. ഒന്നേകാൽ ബില്ലിയൻ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാണ്‌ ഫ്രാൻസീസ് മാർപാപ്പായെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു. വിചാരശൂന്യൻ, ദൈവശാസ്ത്രത്തെ തെറ്റി ധരിപ്പിക്കുന്നവൻ, മതവിദ്വേഷം വിതക്കുന്ന അതിർവരമ്പിലെ ഇടയൻ എന്നൊക്കെയുള്ള പദങ്ങൾ മാർപാപ്പായ്ക്കെതിരായി യാഥാസ്ഥിതികർ പുറപ്പെടുവിക്കാറുണ്ട്‌. മുറിവുകളും പരിഹാസങ്ങളുമണിഞ്ഞ യേശുവിന്റെവഴിയേ സഞ്ചരിക്കുന്ന ഈ വലിയമുക്കവന് അത്തരം വിഷമിപ്പിക്കുന്ന വാക്കുകളൊന്നും പ്രശ്നമല്ല. മാർപാപ്പായെ ഇഷ്ടപ്പെടുന്ന കോടാനുകോടി യുവതലമുറകൾ സഭയിലേക്ക് പ്രവഹിക്കുന്നുവെന്നുള്ളതും ജീവിക്കുന്ന ഈ വിശുദ്ധന്റെ നേട്ടങ്ങളാണ്.

യേശുവിന്റെ ചൈതന്യമേറിയ സഭയുടെ അടിത്തറ മാർപാപ്പായിൽക്കൂടി ഇന്ന് പ്രതിഫലിക്കുന്നുവെന്നും കണക്കാക്കണം. യേശു വീടില്ലാത്ത ഒരു ദരിദ്രനായിരുന്നു. പ്രതീക്ഷയില്ലാത്ത ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ജനകോടികളുടെ പ്രിയങ്കരനായ ഫ്രാൻസീസ് മാർപാപ്പ സത്യത്തിന്റെ വഴി കാണിച്ചുതരുന്നു. പിന്നാലെ നടക്കുന്ന ഈ ആട്ടിടയന്റെ മുമ്പിൽ യേശുവിന്റെ അനുയായികൾ സുരക്ഷിതരാണെന്നും വിചാരിക്കാം. അന്ധകാരം നിറഞ്ഞ ഗുഹാവ്യൂവങ്ങളുടെ അതിർത്തിയിൽനിന്നോ എവിടെനിന്നോ പ്രകാശത്തിന്റെ കിരണങ്ങൾ തെളിയുന്നുണ്ട്. ആത്മാവിന്റെ അരൂപിയിൽ ആ വെളിച്ചം അവിടുത്തെ ജനം കാണും. അതിനായി സഭയിൽ ഇനിയും ശുദ്ധികലശം നടത്തണം. സ്നേഹത്തിന്റെയും കരുണയുടെയും പ്രതിഫലനഭാഷയിൽ സംസാരിക്കുന്ന മാർപാപ്പായെ ഇന്ന് ലോകം മുഴുവൻ ശ്രവിക്കുന്നു.ഫ്രാൻസീസ് മാർപാപ്പാ ലോകത്തിനു ലഭിച്ച ഒരു ദാനമാണ്. മാർപാപ്പായ്ക്കൊപ്പം സഭ എത്രമാത്രം വളരുമെന്നും കണ്ടറിയണം. സഭയുടെ മാറ്റങ്ങൾ ഒരു ദിവസംകൊണ്ടോ മാസങ്ങൾകൊണ്ടോ വർഷങ്ങൾകൊണ്ടോ സംഭവിക്കുന്നതല്ല. വലിയ മുക്കവൻ സഞ്ചരിക്കുന്നത് പടുകൂറ്റൻ കപ്പലിലാണ്. ആ വലിയ കപ്പൽ സാവധാനമേ തിരിയുകയുള്ളൂ

 
 




 



 
 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...