Tuesday, November 19, 2013

പുരോഹിതരാഷ്ട്രീയം കസ്തൂരി റിപ്പോർട്ടിനെതിരെ

By Joseph Padannamakkel

കഴിഞ്ഞ പതിറ്റാണ്ടുകളായി സാംസ്ക്കാരികമായും സാമൂഹികമായും നാം വളരെയേറെ ഉയർന്നു കഴിഞ്ഞുവെന്നതു ശരിതന്നെ. എങ്കിലും പരിസ്ഥിതിയെ  ദുരുപയോഗപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹമുള്ള ഭൂപ്രദേശവും കേരളമെന്നു തോന്നിപ്പോവുന്നു. ചീഞ്ഞു നാറിയ തെരുവുകളും വണ്ടികളുടെ ഇരച്ചുപായലും നിത്യജീവിതമാണ്. സ്വാഭാവിക വളങ്ങൾകൊണ്ട് ഉൽപ്പാദിപ്പിച്ചിരുന്ന കൃഷിഭൂമികളെല്ലാം രാസവളങ്ങളുപയോഗിച്ച്  എവിടവും വിഷമയമുള്ളതായി. അതിവേഗം സഞ്ചരിക്കുന്ന ലോകത്തു മനുഷ്യനിന്നു ശാസ്ത്രീയനേട്ടങ്ങളെ കൊയ്യുമ്പോൾ  മറുവശത്തു പ്രകൃതിയെ ചൂഷണം ചെയ്യുന്ന വസ്തുതയും ജനം വിസ്മരിക്കുന്നു. ഇന്ന് കേരളത്തിലെ അരുവികളിലും പുഴകളിലും വഴിയോര പ്രദേശങ്ങളിലും  പാഴായ പ്ലാസ്റ്റിക്കിന്‍റെ  കൂമ്പാരങ്ങൾ നിറഞ്ഞിരിക്കുന്നതു കാണാം. പ്ലാസ്റ്റിക്കിന്‍റെ ആവിർഭാവത്തിനുമുമ്പ് അന്തരീക്ഷം മലിനമാക്കാത്ത ശുദ്ധമായ വായുവും ജലവും ജനത്തിനു ലഭിക്കുമായിരുന്നു. ഒരു കാലത്ത്  ഒഴുക്കുനീർ  മാത്രം ഉണ്ടായിരുന്ന തോടുകളും ആറുകളും അഴുക്കുജലം നിറഞ്ഞു വരണ്ടിരിക്കുന്നതിനു കാരണവും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരു മാഫിയാസംഘം കേരളമാകെ  ശക്തിയേറിയതുകൊണ്ടാണ്. വനനശീകരണം, പാറ പൊട്ടിക്കൽ, പുഴയിൽനിന്നുള്ള മണൽവാരൽ,  മുതലായ കാരണങ്ങൾകൊണ്ട് ഭൂമിയുടെ സമ തുലനാവസ്ഥ തന്നെ തകർക്കുന്നു. സാമൂഹിക നിയമം മൂലം ഇത്തരം ചൂഷിതരെ നിയന്ത്രിക്കേണ്ടതും ഭൂമിയുടെ സംരക്ഷണത്തിന്  ആവശ്യമാണ്.

 
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുന്നുവെന്ന് പറഞ്ഞ് ഏതാനും വർഷങ്ങൾക്കുമുമ്പ് രാഷ്ട്രീയ പാർട്ടികളും കത്തോലിക്കാ സഭയുമൊത്ത് ജനങ്ങളെ ഭയവിഹ്വലാരാക്കിയിരുന്നു. ഇന്നവർ കസ്തുരി റിപ്പോർട്ടിന്റെ പേരിൽ ജനജീവിതം താറുമാറാക്കുന്ന പ്രകടനങ്ങൾക്കായും ഹർത്താലുകൾക്കായും ആഹ്വാനം ചെയ്തിരിക്കുകയാണ്. 116 വർഷം പഴക്കമുള്ള അണക്കെട്ട് പൊട്ടുന്നുവെന്ന് ഇതേ ഹിസ്റ്റീരിയാ ബാധിച്ച രാഷ്ട്രീയ മതചേരികൾ ഒത്തൊരുമിച്ചു അന്ന് പ്രചരണം നടത്തി. അഞ്ചു ജില്ലകളിലെ വസ്തുവകകൾ വെള്ളത്തിൽ ഒഴുകിപ്പോകുമെന്നും വിധിയെഴുതി. എന്നിട്ട് ഒന്നും സംഭവിച്ചില്ല.

ഇന്ന് മലമ്പ്രദേശങ്ങളിലും ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും രാഷ്ട്രീയ മത ചൂഷകർ കസ്തൂരി റിപ്പോർട്ടിന്റെ നല്ല വശങ്ങളെ കാണാതെ ആകമാന ജനങ്ങളെ ഇളക്കിക്കൊണ്ടിരിക്കുകയാണ്. ഭൂമിയെ സംരക്ഷിച്ചില്ലെങ്കിൽ ഭൂമിയുടെ സമതുലനാവസ്ഥ നഷ്ടപ്പെടുമെന്ന സത്യം മറച്ചുവെച്ച് കസ്തൂരി റിപ്പോർട്ട് ജനജീവിതത്തെ നശിപ്പിക്കുമെന്നാണ് ഇവർ പറഞ്ഞു പ്രചരിപ്പിക്കുന്നത്.  പശ്ചിമഘട്ടം ആറ് സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നുവെന്ന വസ്തുത പുരോഹിത രാഷ്ട്രീയ കൂട്ടുകെട്ടുകൾ ചിന്തിക്കുന്നുണ്ടോയെന്ന് അറിഞ്ഞുകൂടാ. കസ്തൂരി റിപ്പോർട്ടിൽ ഭൂമിയുടെ സമതുലനാവസ്തക്ക് വ്യതിയാനം വരുന്ന പ്രദേശങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. ഈ സത്യം ഒളിച്ചുവെച്ചുകൊണ്ടാണ് രാഷ്ട്രീയ മതചേരികൾ ഹർത്താൽപോലുള്ള സമരങ്ങൾ നയിക്കുന്നത്. ആ ഭൂപ്രദേശങ്ങളിൽ താമസിക്കുന്ന ആരുടേയും ജീവിതത്തിന് കോട്ടംവരുന്ന യാതോന്നും  കസ്തൂരി റിപ്പോർട്ടിൽ ഉള്പ്പെടുത്തിയിട്ടില്ല.  കസ്തൂരി റിപ്പോർട്ടിന്റെ ഗുണദോഷവശങ്ങളെ വിലയിരുത്താതെയാണ്  സമരമുന്നണികൾ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതെന്ന് കേരളത്തിലെ ഉന്നത നീതിന്യായ കോടതിവരെ വിലയിരുത്തിയിട്ടുണ്ട്.  

പശ്ചിമഘട്ടത്തിലെ ഏകദേശം 60 ശതമാനം ഭൂപ്രദേശങ്ങളും ജനങ്ങൾ കൈവശപ്പെടുത്തിയതായി കസ്തൂരി റിപ്പൊർട്ട് തയ്യാറാക്കിയവർ രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കി 40 ശതമാനം ഭൂപ്രദേശങ്ങളിൽ 90 ശതമാനവും ഭൂമിയുടെ സമതുലനാവസ്ഥയെ ബാധിക്കുന്ന പ്രദേശങ്ങളാണ്.(Ecology Sensitive areas, 'ESA') ആ പ്രദേശങ്ങളെ റിപ്പോർട്ടിൽ ലോലപ്രദേശങ്ങളായി (sensitive) കരുതുന്നു. അടിയന്തിരമായി ആ ഭൂപ്രദേശങ്ങളെ രക്ഷിക്കേണ്ടതായി ഉണ്ട്. അവിടെ പാറ പൊട്ടിക്കലോ, മണൽ വാരലോ, ഖനനമോ പാടില്ലായെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇവിടെ നടക്കുന്ന ഭൂമിചൂഷണങ്ങളെ അടുത്ത അഞ്ചുവർഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കണമെന്നാണ് പാനൽ റിപ്പോർട്ട് പറയുന്നത്.   

സുരക്ഷിതത്വത്തിനായി പ്രഖ്യാപിച്ചിരിക്കുന്ന അത്തരം ഭൂപ്രദേശങ്ങളിൽ തെർമൽ, അണുശക്തി കേന്ദ്രങ്ങൾ എന്നിവകൾ പാടില്ലായെന്നുമുണ്ട്. 20000 ചതുരശ്ര അടിയിൽ കൂടുതലായ കെട്ടിടനിർമ്മാണങ്ങളും നിരോധിച്ചിട്ടുണ്ട്. അന്തരീക്ഷം നശിപ്പിക്കുന്ന വ്യവസായങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഏതു തരം വികസനപദ്ധതികളും ഇത്തരം ലോലമായ പ്രദേശങ്ങളിൽ തുടങ്ങുന്നതിനുമുമ്പായി ഗ്രാമത്തിലുള്ള ജനങ്ങൾ പരീസ്തിയുമായി ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിക്കണമെന്നും നിർദ്ദേശമുണ്ട്.  

എന്താണ് സഭയുടെയും ഇടതുപക്ഷ പാർട്ടികളുടെയും ഉദ്ദേശമെന്നത് ബൌദ്ധിക തലങ്ങളിൽ ചിന്തിക്കുന്നവർക്ക് മനസിലാകുന്നില്ല. ഇവർ ജനദ്രോഹികളോ പശ്ചിമഘട്ട പർവതനിരകളിലുള്ള മയക്കുമരുന്നു ലോബികളിൽനിന്നും പണം നേടുന്നവരോ ആകാമെന്ന് വിമർശനങ്ങളുമുണ്ട്.  ഇടതുപാർട്ടികളും സഭയും വസ്തുതകൾ ഒളിച്ചുവെക്കുന്ന ഉദ്ദേശവും മനസിലാകുന്നില്ല. പാനൽ റിപ്പോർട്ട് ജനജീവിതത്തെ എങ്ങനെ  ബാധിക്കുന്നുവെന്നതിനെപ്പറ്റി സഭയോ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയോ അഭിപ്രായം പറയുന്നില്ലായെന്നതും ശ്രദ്ധേയമാണ്. പകരം കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റി ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. സത്യം എന്തെന്ന് വെച്ചാൽ കേരളത്തിലെ പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെ ഈ പാനൽ റിപ്പോർട്ട് യാതൊരു വിധത്തിലും ബാധിക്കില്ലന്നതാണ്. എന്നിരുന്നാലും മണൽ വാരികളെയും ഭൂമി ഖനനം ചെയ്യുന്നവരെയും വൻതോതിലുള്ള പാറ പൊട്ടിക്കുന്നവരെയും കസ്തൂരി റിപ്പോർട്ട് ബാധിക്കും. സുരക്ഷിത ലോലമേഖലകളായി കണക്കാക്കിയിരിക്കുന്ന പ്രദേശങ്ങളിലെ വനം കയ്യേറ്റക്കാർക്കും വൻകിട കെട്ടിടം പണിക്കാർക്കും പാനൽ റിപ്പൊർട്ട് ദോഷം ചെയ്യും. അവർക്കുവേണ്ടി എന്തിന്  ദിനംപ്രതി കഷ്ടിച്ച് അത്താഴം കഴിക്കുന്ന ദരിദ്രരായ കർഷക ജനത പോരാടണം?   

പരീസ്ഥിതി പ്രവർത്തകരും പശ്ചിമ ഘട്ടത്തിലെ ഗ്രാമീണരും കഴിഞ്ഞ നീണ്ട കാലങ്ങളായി ഇത്തരം നിയമാനുസാരമല്ലാത്ത വ്യവസായ കൂട്ടങ്ങളോട് മല്ലടിച്ച് പരാജയപ്പെട്ടിരിക്കുകയായിരുന്നു. ഇവരുടെ അനേക കാലങ്ങളിലായുള്ള പരീസ്ഥിതി നശീകരണം നാം വസിക്കുന്ന ഭൂമിയെ വേദനിപ്പിച്ചുകൊണ്ട് സമതുലനാവസ്ഥ അങ്ങേയറ്റം ഗുരുതരമാക്കിയിരിക്കുകയാണ്. വാസ്തവത്തിൽ പശ്ചിമഘട്ടത്തിൽ വിവരവും സുബോധത്തോടെയും ജീവിക്കുന്ന ജനങ്ങൾ കസ്തൂരി രംഗന്റെ റിപ്പോർട്ടിനെ സ്വയം രക്ഷയായി കണ്ട് അങ്ങേയറ്റം സ്വാഗതം ചെയ്യുന്നുണ്ട്. 

സത്യമെന്തെന്നാൽ പാനൽ റിപ്പോർട്ട് ബാധിക്കുന്നത് വൻവ്യവസായികളെയും ഭൂമിമാഫിയാകളെയുമാണ്. അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് ഇന്ന് സഭയും ഇടതുപക്ഷ പാർട്ടികളും ഒത്തൊരുമിച്ച് പോരാടുന്നത്. സഭ പരസ്യമായി അധികം രംഗത്തില്ലെങ്കിലും കസ്തൂരി റിപ്പോർട്ടിനെതിരെ ശക്തമായ ഭാഷകളിൽ പ്രതികരിക്കുന്നുണ്ട്. ജനങ്ങളിലല്ല, വനങ്ങളിലും മൃഗങ്ങളിലുമാണ് കസ്തൂരി റിപ്പോർട്ടിൽ താല്പര്യമെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നു. സഭയുടെ നാവായ കേരളാ കോണ്ഗ്രസും കസ്തൂരി റിപ്പോർട്ടിനെതിരായ സമര മുന്നണിയിലുണ്ട്       

ഈ സമരത്തിൽക്കൂടി മാർക്സിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഒരു വെടിക്ക് രണ്ടു പക്ഷികളെ വീഴ്ത്തിയെന്ന് പറഞ്ഞതുപോലെ  രണ്ട് നേട്ടങ്ങളാണ് കൊയ്യുന്നത്. ആദ്യത്തെ ലക്‌ഷ്യം ജനങ്ങളിൽ അസമാധാനം ഉണ്ടാക്കി നിലവിലുള്ള സർക്കാരിനെ താഴെയിറക്കണം. രണ്ടാമത്തെ ഉദ്ദേശം കത്തോലിക്കാ സഭയുമായി അടുക്കണം. സഭയുമായി സൗഹാർദം സൃഷ്ടിച്ച് ക്രിസ്ത്യൻ വോട്ടുകൾ പ്രത്യേകിച്ച് പശ്ചിമഘട്ടം മേഖലകളിലെ ക്രിസ്ത്യാനികളുടെ വോട്ടുകൾ നേടുകയെന്നുള്ളത് മാർക്സിസ്റ്റ് പാർട്ടിയുടെ എന്നുമുള്ള ലക്ഷ്യങ്ങളായിരുന്നു. അതിനായി ക്രിസ്ത്യാനികളുടെ പാർട്ടിയായ കേരളാ കൊണ്ഗ്രസിനെയും കൂട്ടുപിടിച്ചിട്ടുണ്ട്.  

ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാലംമുതൽ മിക്ക മന്ത്രിസഭകളിലും റവന്യൂ വകുപ്പ് കെ.എം. മാണിയുടെ അധീനതയിലായിരിക്കും. വനം കയ്യേറ്റക്കാർക്ക് പട്ടയം നല്കുകയെന്നുള്ളത് കേരളാ കോണ്ഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ ഒന്നാണ്. സഭയുടെയും ഭൂമി മാഫിയാകളുടെയും അനുഗ്രഹത്തോടെ ധനികരായ ക്രിസ്ത്യാനികളാണ് കൂടുതലായും വനം കൊള്ള നടത്തുന്നത്. ജനങ്ങളിൽ ആശയക്കുഴപ്പങ്ങൾ വരുത്തി കസ്തൂരി റിപ്പോർട്ടിനെ ഇല്ലാതാക്കുകയെന്നത് സഭയുടെയും വൻകിട മണൽ ലോബികളുടെയും പാറ പൊട്ടിക്കുന്ന വ്യവസായികളുടെയും ആവശ്യമായി തീർന്നിരിക്കുകയാണ്. കുടിയൊഴിപ്പിക്കുമെന്ന ഭീതി വരുത്തി വസ്തുക്കളുടെ വിലയിടിച്ച് സ്വാർഥമതികൾക്ക് ഭൂമി കൈവശപ്പെടുത്തുവാനുള്ള ഒരു ഉപജാപം കൂടിയാണ് ഇത്തരം പ്രതിക്ഷേധങ്ങളെന്നും കണക്കാക്കണം.      

സഭയും കമ്യൂണിസവും ചരിത്രത്തിൽ എന്നാണ് യുക്തിപൂർവ്വം പ്രവർത്തിച്ചിട്ടുള്ളത്? റഷ്യയിലും ചൈനയിലും ലക്ഷകണക്കിന് മനുഷ്യരെ കമ്യൂണിസ്റ്റ്കാർ കൊന്നു. ക്രിസ്ത്യാനികൾ ശാസ്ത്രജ്ഞരെയും എതിരഭിപ്രായം പറഞ്ഞവരെയും ശവപറമ്പുകളിലാക്കി. ചത്തു മരവിച്ച തത്ത്വസംഹിതകളായി നടക്കുന്ന കമ്യൂണിസ്റ്റുകാരും പൌരാഹിത്യത്തിൽ ദുഷിച്ച സഭയും ഒരേ ചുവടുകളിൽ നിന്നുകൊണ്ട് ശവക്കുഴികൾ മാന്തുകയാണ്. വാസ്തവത്തിൽ ഇവർ മുറവിളി കൂട്ടുന്നത് ജനങ്ങൾക്ക്‌ വേണ്ടിയോയെന്നതിന് ഉത്തരമില്ല. സാക്ഷരത്വത്തിൽ ഏറ്റവും ഉന്നതമായ സംസ്ഥാനം,  എല്ലാ വിഭവങ്ങളും നിറഞ്ഞ സുന്ദരമായ ഒരു നാട്, ദൈവത്തിന്റെ ഈ ഭൂപ്രദേശം അങ്ങനെയങ്ങനെ വിശേഷണങ്ങൾ നിറഞ്ഞ നാം വസിക്കുന്ന ഈ ഭൂമിഗോളത്തിന്റെ സുരക്ഷിതത്വത്തെ ഈ സാമൂഹിക വൈരികൾ ശ്രദ്ധിക്കാറുണ്ടോ?  വൻകിട കെട്ടിടങ്ങൾ, ഷോപ്പിങ്ങ് കോമ്പ്ലെക്സുകൾ, ധനികരായവർക്ക് ഹോസ്പ്പിറ്റലുകൾ, മെഗാ കത്തീഡ്രലുകൾ,  കോഴ കോളേജുകൾ എന്നിവകൾ പടുത്തുയർത്തി ഭൂമിയുടെ സമതുലനാവസ്ഥയെവരെ നശിപ്പിക്കുന്ന വൈറസുകളായി ഇന്ന് പൌരാഹിത്യം രൂപാന്തരപ്പെട്ടിരിക്കുകയാണ്. 

സത്യമല്ലാത്ത മാധ്യമങ്ങളുടെമേൽ ശക്തമായ നടപടികളും ഇന്ന്  എടുക്കേണ്ട ആവശ്യമുണ്ട്. പുരോഹിതരുടെ നിയന്ത്രണത്തിലെ പത്രങ്ങൾക്കെല്ലാം ഭൂമി ഖനന മാഫിയാകൾ പണം കൊടുത്ത് വാർത്തകളിൽക്കൂടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഖേദകരമാണ്. ഇടയ ലേഖനങ്ങൾ ജനങ്ങളെ ഇളക്കുന്ന വിധത്തിൽ പള്ളികളിൽ വായിക്കുന്നതും പത്ര വാർത്തകളും ജനത്തെ സമരത്തിനായി പ്രേരിപ്പിക്കുന്നു. ഗാഡ്ഗിൽ റിപ്പോർട്ട്പോലെ കസ്തൂരി റിപ്പൊർട്ടിനും പോരായമകളുണ്ട്. കസ്തൂരി റിപ്പോർട്ടിലും ഗാഡ്ഗിൽ റിപ്പോർട്ടിലും ധാരാളം ടെക്കനിക്കൽ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കാണാം. തന്മൂലം ഇംഗ്ലീഷിൽ നല്ല പരിജ്ഞാനമുള്ളവർക്ക്  മാത്രമേ റിപ്പോർട്ട് മനസിലാവുകയുള്ളൂ. ശരിയായി മനസിലാക്കുന്ന ഭാഷയിൽ കസ്തൂരി റിപ്പോർട്ടിനെ മലയാളത്തിൽ ആരും വിവർത്തനം ചെയ്തിട്ടുമില്ല. ജനങ്ങളുടെ വികാരങ്ങളെ മനസിലാക്കാതെ കൂടുതലും ഗൂഗിൾ മാപ്പ് നോക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. കസ്തൂരി റിപ്പോർട്ടിലെ 48 ഗ്രാമങ്ങൾ ഇടുക്കി ജില്ലയിലാണ്. ഈ പ്രദേശങ്ങളൊന്നും കസ്തൂരി സന്ദർശിച്ചില്ലെന്നും റിപ്പോർട്ടിനെ എതിർക്കുന്നവർ പറയുന്നു. കേരളത്തിന്റെ നിലനിൽപ്പിനായി പരീസ്ഥിതി പരിരക്ഷിക്കണമെന്നുള്ള വിജ്ഞാനം പ്രൈമറിസ്കൂൾ തലങ്ങൾമുതൽ ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പദ്ധതികൾ തുടങ്ങാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പൊതു വഴികളിലും നദികളിലും  വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മുതൽ കുന്നുകൾ ഇടിച്ചു നിരത്തിയുള്ള ഖനനം, വനം നശീകരണം വരെയുള്ള ഭവിഷിത്തുകൾ ജനം മനസിലാക്കണം. കേരളത്തിന്റെ നിലനിൽപ്പിനായി പരീസ്ഥിതി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമെന്നുള്ള വസ്തുതകളും ജനങ്ങളെ ബോധവല്ക്കരിക്കണം. 

 
കസ്തൂരി റിപ്പോർട്ട് അപൂർണ്ണമാണെന്നും ഭൂമിയുടെ സമതുലനാവസ്ഥ ഈ റിപ്പോർട്ട് വഴി പരിഹരിക്കാൻ സാധിക്കില്ലെന്നും ഗാഡ്ഗിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെ വികൃതമാക്കി മറ്റൊരു റിപ്പൊർട്ട് തയ്യാറാക്കിയതും ചിലരുടെ സ്ഥാപിത താല്പര്യം കൊണ്ടെന്ന് ഗാഡ്ഗിൽ പറഞ്ഞു. പരിസ്ഥിതിയെ നിലനിർത്തുന്ന പ്രശ്ന പരിഹാരങ്ങൾക്കുപരി  താല്ക്കാലികമായ പരിസ്ഥിതി വികസന നേട്ടങ്ങൾക്കാണ് കസ്തൂരി രംഗൻ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഗാഡ്ഗിൽ റിപ്പോർട്ട് അനുസരിച്ച്  25000 ചതുരശ്രമൈൽ പ്രദേശങ്ങൾ ലോല പ്രദേശങ്ങളായി കരുതിയെങ്കിൽ കസ്തൂരി റിപ്പോർട്ട് അത് ചുരുക്കി 13000 ചതുരശ്രമൈൽ ആക്കി. അത്രയും ചുരുക്കൽ മൂലം ഭൂമിയുടെ സമതുലനാവസ്ഥ നിയന്ത്രിക്കാൻ സാധിക്കില്ല.
  
പ്രകൃതിയുടെ ചൂഷണംമൂലം അനേകം ജീവജാലങ്ങളും ഭൂമിയിൽ ഇല്ലാതാവുന്നുണ്ട്. ലക്ഷക്കണക്കിനു പക്ഷികൾ പറന്നു നടന്നിരുന്ന കേരളത്തിന്‍റെ പക്ഷിക്കൂട്ടങ്ങളെവിടെയോ പറന്നകന്നു പോയതിനും കാരണം വനം കൊള്ളക്കാരും പാറ പൊട്ടിക്കൽ മാഫിയാക്കാരും അന്തരീക്ഷത്തിലെ വിഷവായുവും ആണ്. ഇരമ്പിപ്പായുന്ന വാഹന പുകയും ഫാക്റ്ററികളിലെ പുകപടലങ്ങളും വിസ്സർജന വസ്തുക്കളും പ്രകൃതിയെ പീഡിപ്പിക്കുന്നു.  ഒരു സമൂഹം മുഴുവനായി  ഒത്തൊരുമിച്ചെങ്കില്‍ മാത്രമേ പ്രകൃതിയെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. സർക്കാരും ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിച്ച് ധനസഹായം ചെയ്യുന്നത് പ്രകൃതിയുടെ സമ്പത്തിനെ കാത്തുസൂക്ഷിക്കുവാൻ  സഹായകമാവും. പരിഷ്കൃത രാഷ്ട്രങ്ങളുടെ വരുമാനത്തിന്‍റെ നല്ലൊരു പങ്ക് പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുവാനായി  നീക്കിവെക്കുന്നുണ്ട്.

ആയൂർവേദ മരുന്നുചെടികൾ  വളരുന്നതിനു  കേരളം അനുയോജ്യമായ കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിൽ ഒന്നായിരുന്നു. കരിങ്ങാലി, കൂവളം, കരി വെപ്പ്, വയമ്പ്, ആടലോകം, കാറ്റാരവാഴ, ചിറ്റരത, ശതാവരി, കറുക, എന്നിങ്ങനെ നൂറു കണക്കിനു മരുന്നുചെടികൾ  വളരുന്ന കേരളം പോലുള്ള ഒരു നാട് മറ്റൊരു പ്രദേശത്തും കാണുമെന്നു തോന്നുന്നില്ല. പണ്ടുള്ള ജനങ്ങൾ‍ക്ക്‌  ഇത്തരം ചെടികളെ തിരിച്ചറിയുവാനും പ്രത്യേക കഴിവുകളുമുണ്ടായിരുന്നു.  അസുഖങ്ങൾ  ഭേദപ്പെടുത്തുവാൻ ഉപയോഗമുള്ള ചെടികളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനായി  സർക്കാർ  തുനിഞ്ഞിരുന്നുവെങ്കിൽ,  പ്രകൃതിയോടു ചെയ്യുന്ന ഒരു നീതിയാകുമായിരുന്നു. ഇത്തരം പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള സാമൂഹിക ബോധവൽക്കരണ രൂപീകരണത്തിൽ ഓരോ പൌരനെയും പങ്കാളിയാക്കണം.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...