Tuesday, November 18, 2014

ആഡംബരങ്ങൾ ഉപേക്ഷിച്ച ഷിക്കാഗോ രൂപതയുടെ പുതിയ മെത്രാപോലീത്താ

By ജോസഫ് പടന്നമാക്കൽ

പുത്തനായ നവീകരണാശയങ്ങളുമായി വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഫ്രാൻസീസ് മാർപ്പായുടെ അതേ ജീവിതാനുഷ്ടാനങ്ങൾ സ്വീകരിച്ചിരിക്കുന്ന  റെവ്. ബ്ലാസ് ക്യൂപ്പിച്  (Blase Cupic) ഷിക്കാഗോ രൂപതയുടെ ആർച്ച് ബിഷപ്പായി ചുമതലയെടുക്കുന്നത് ചരിത്രപരമാണ്.  2.2 മില്ല്യൻ കത്തോലിക്കരുടെ ആദ്ധ്യാത്മിക നേതാവായി ഇനിമേൽ അദ്ദേഹം അറിയപ്പെടും.  അമേരിക്കൻ ചരിത്രത്തിൽ ഒരു ആർച്ച് ബിഷപ്പിനെ മാർപ്പാപ്പ നേരിട്ട് നിയമിക്കുന്നതും ആദ്യ സംഭവമാണ്.  അദ്ദേഹം യാഥാസ്ഥിതികനായ ഒരു ആർച്ച് ബിഷപ്പാണെങ്കിലും സീറോമലബാർ  അഭിഷിക്തർക്കും   അവരുടെ പുരോഹിതലോകത്തിനും ഈ ആദർശവാനിൽനിന്ന് അനേക കാര്യങ്ങൾ  പഠിക്കാൻ സാധിക്കും. സഭയുടെ പണം ധൂർത്തടിക്കുന്ന  അഭിഷിക്ത ലോകത്തിന് 'റെവ. ബ്ലാസ് ക്യൂപ്പിച്'   ഒരു വെല്ലുവിളി തന്നെയാണ്. അദ്ദേഹം അടുത്ത മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള അമേരിക്കയിൽ നിന്നുള്ള കർദ്ദിനാൾ കൂടിയായിരിക്കും.


കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി  പൊരുതുന്ന  ബിഷപ്പെന്ന നിലയിൽ അദ്ദേഹം അമേരിക്കൻ ജനതയുടെ പ്രിയങ്കരനായ ആദ്ധ്യാത്മിക നേതാവും കൂടിയാണ്. നിർമ്മലവും പരിശുദ്ധവും   ലളിതവുമായ ജീവിതത്തിൽക്കൂടി  കർമ്മ നിരതനായി പ്രേഷിത ദൌത്യം നിർവഹിക്കുന്ന  ഈ ബിഷപ്പ്  തീർച്ചയായും ഷിക്കാഗോ രൂപതയ്ക്ക് അഭിമാനിക്കാവുന്നതാണ്.  സുറിയാനി കത്തോലിക്കരായ സഭാ പൌരന്മാർക്ക് ക്രിസ്തുവിന്റെ  പ്രേഷിത ചൈതന്യം ഉൾക്കൊണ്ട ഇതുപോലെയുള്ള ഒരു അഭിഷിക്തനെ  ചൂണ്ടി കാണിക്കാൻ സാധിക്കില്ല. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും അനധികൃതമായി കുടിയേറിവരായ മില്ല്യൻ കണക്കിന് ജനങ്ങൾ  രണ്ടും മൂന്നും തലമുറകളായി ഈ നാടിന്റെ മണ്ണിൽ ജോലി ചെയ്യുന്നു.  കുടിയേറ്റ നിയമങ്ങൾക്കു  ഭേദഗതി വരുത്തി ജനിച്ചു വീണ മണ്ണിന്റെ മക്കൾക്കും അവരുടെ മാതാപിതാക്കൾക്കും   പൌരാവകാശ നിയമങ്ങൾ പ്രാബല്യത്തിലാക്കാൻ അദ്ദേഹം പട പൊരുതുന്നു.  'ഇവർ  ഈ നാടിന്റെ മണ്ണിൽ പണി ചെയ്യുന്നവരാണ്. ഈ രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളികളാകുകയും  രാജ്യത്തിനു വേണ്ടി  നികുതി കൊടുക്കുന്നവരുമാണ്.  മാനുഷികമായ പരിഗണ  ഇവർക്കും ഈ രാജ്യത്തിലെ മറ്റെല്ലാ  പൌരന്മാരെപ്പോലെ  ലഭിക്കണമെന്ന് 'ആർച്ച് ബിഷപ്പ് ആവശ്യപ്പെടുന്നു.


 'റെവ. ബ്ലാസ് ക്യൂപ്പിച്' നെബ്രാസ്ക്കായിൽ  ബ്ലാസ് മേരി കുടുംബത്തിലെ ഒമ്പതു  മക്കളിൽ ഒരാളായി വളർന്നൂ. മിനിസോട്ടായിലെ സെന്റ്. ജോണ്‍   വിയാന്നി സെമിനാരിയിൽ പഠനം തുടങ്ങി. 1971-ൽ ഫിലോസോഫിയിൽ ബി.എ. ബിരുദമെടുത്തു. പിന്നീട് റോമിലെ ഫൊന്തിഫിക്കൽ സെമിനാരിയിൽ പഠിച്ച് ദൈവ ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1975 ആഗസ്റ്റ് പതിനാറാം തിയതി വൈദികപ്പട്ടമേറ്റ് ഒമാഹായിൽ സെന്റ്‌ .മാർഗരേറ്റ്  പള്ളിയിൽ പാസ്റ്ററായി സേവനമാരംഭിച്ചു. 1978 വരെ അവിടെ സേവനം തുടർന്നു. പിന്നീട് 1981-വരെ യുവ ജന ആരാധനാലയ പ്രസ്ഥാനങ്ങളുമായി   അനുബന്ധിച്ച സംഘനയുടെ ചെയർമാനായി സ്ഥാനം തുടർന്നു. അതിനു ശേഷം  വാഷിംഗ്ണ്ടൻ   യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റെഴ്സ് ഡിഗ്രിയും പിന്നീട് 1987-ൽ തീയൊളജിയിൽ പി.എച്.ഡി. യും നേടി. കുറേക്കാലം പുരോഹിതർക്ക് പരിശീലനം കൊടുക്കുന്ന ഇൻസ്ട്രക്റ്ററായി   ജോലി  ചെയ്തു.  


അദ്ധ്യാത്മികതയെ അദ്ദേഹം അധികാരത്തിന്റെ അടയാളമായി ഒരിക്കലും കണ്ടിട്ടില്ല. 14 മില്ല്യൻ ഡോളർ വിലമതിക്കുന്ന പാരമ്പര്യമായി അനുവദിച്ചിരുന്ന  അരമന വേണ്ടെന്നുവെച്ച്  അവിടെയുള്ള റെക്റ്ററിയിലെ  വെറും സാധാരണ മുറിയിൽ   താമസിക്കാൻ നിശ്ചയിച്ചതും  അദ്ദേഹത്തിൻറെ ലാളിത്യത്തിന് തെളിവാണ്.   ഫ്രാൻസീസ് മാർപ്പാപ്പയെപ്പോലെ  ദരിദ്രരുമൊത്ത് പ്രേഷിത വേല ചെയ്യുന്ന കീഴ്വഴക്കമാണ്  ഇദ്ദെഹത്തിനു മുണ്ടായിരുന്നത് ആഡംബരമേറിയ കാറുകൾ  രൂപതാധിപനെന്ന നിലയിൽ അനുവദനീയമായിട്ടും  വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്യാൻ അദ്ദേഹമൊരിക്കലും  ആഗ്രഹിച്ചിട്ടില്ല. സാധാരണക്കാരോടൊപ്പം ബസ്സിലും ട്രെയിനിലും യാത്ര ചെയ്യാനാണ് എന്നും അദ്ദേഹത്തിനിഷ്ടമുണ്ടായിരുന്നത്. എത്ര ആൾക്കൂട്ടത്തിലും ലൈൻ തെറ്റിക്കാതെ സാധാരണ യാത്രക്കാരോടൊപ്പം   യാത്രാ ടിക്കറ്റ് മേടിക്കാൻ ബസ്  ടെർമിനലുകളിലും  റയിൽവേ  സ്റ്റേഷനിലും ഈ അഭിഷിക്തനെ   കാണാമായിരുന്നു. ആർച്ച് ബിഷപ്പായി  സ്ഥാനമേൽക്കാൻ ഷിക്കാഗോയിൽ  സഞ്ചരിച്ചതും വിലകുറഞ്ഞ  വിമാന ടിക്കറ്റിലായിരുന്നു.  കടൽ ത്തീരത്തും മലയുടെ മുകളിലും തുറസായ സ്ഥലങ്ങളിലും യേശുവിന്റെ ശിക്ഷ്യന്മാർ പ്രേഷിത പ്രവർത്തനത്തിനായി കാൽ നടയായി നടന്നിരുന്നു.  ക്രിസ്തുവിന്റെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് സമൂഹത്തിൽ  കുബേരനോ ദരിദ്രനോ അധികാരത്തിലുള്ളവരോയെന്നു  ഗൗനിക്കാതെ  എല്ലാജനങ്ങളോടും തുല്യമായി പെരുമാറുന്ന  ആർച്ച് ബിഷപ്പ്  എന്തുകൊണ്ടും ഷിക്കാഗോ രൂപതയുടെ സാരഥ്യം വഹിക്കാൻ യോഗ്യനാണ്.



1998 ജൂലൈ ആറാം തിയതി 'ബ്ലാസ് ക്യൂപ്പിച്'നെ    സൌത്ത് ഡെക്കോട്ടായിലെ പതിനേഴാം ബിഷപ്പായി ജോണ്‍   പോൾ രണ്ടാമൻ നിയമിച്ചു. 2008-ൽ അമേരിക്കയുടെ പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ    ഒബാമയുടെ മത്സരവേളയിൽ ബിഷപ്പ് ബ്ലാസ് ക്യൂപ്പിചിന്    വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടായിരുന്നു. വർണ്ണവിവേചനത്തിനെതിരെ     അദ്ദേഹം സ്വരം ഉയർത്തി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, "അമേരിക്കയുടെ ചരിത്ര പ്രധാനമായ  ഒരു തെരഞ്ഞെടുപ്പു വേളയിൽ നമ്മുടെ രാജ്യത്തിന്റെ പ്രമുഖ പാർട്ടി നേതാവായി മത്സരിക്കുന്നത് ഒരു ആഫ്രോ അമേരിക്കനാണ്. അത് ചരിത്രം തിരുത്തിയെഴുതിയ ഒരു വസ്തുതയും കൂടിയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പു ഫലം എന്തുതന്നെയെങ്കിലും കഴിഞ്ഞ കാലത്തിലെ വർണ്ണ വിവേചനത്തിന്റെ മുറിവുകൾ നമ്മുടെ രാജ്യം ഇല്ലാതാക്കുകയാണെന്നും നാം ഓർക്കണം.  ചരിത്രത്തിലെന്നും കറുത്തവനും വെളുത്തവനും തമ്മിലുള്ള വ്യത്യാസം എന്നുമുണ്ടായിരുന്നു. എന്താണെങ്കിലും അമേരിക്കൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് പൌരന്മാർ വോട്ടുകൾ രേഖപ്പെടുത്തുന്നത്  അഭികാമ്യമല്ല. നിറത്തിന്റെ അടിസ്ഥാനത്തിൽ വോട്ടു രേഖപ്പെടുത്തുന്നത് രാജ്യത്തിന് സംഭവിച്ച അപജയങ്ങൾ കൂടുതൽ രൂക്ഷമാകാനെ സഹായിക്കുകയുള്ളൂ. അത്തരം വെല്ലുവിളികളെ തരണം ചെയ്യാൻ അമേരിക്കയും കത്തോലിക്കാ സഭയും വർണ്ണ വിവേചനം പാപവും നികൃഷ്ടവുമായി കരുതുന്നു. "  


കാലത്തിനനുസരിച്ചുള്ള  സഭയെ നയിക്കാൻ 'ബ്ലാസ് ക്യൂപ്പിച്'   എന്തുകൊണ്ടും യോഗ്യനായതുകൊണ്ടാണ് അദ്ദേഹത്തെ  അമേരിക്കയിലെ സമുന്നതമായ  ഷിക്കാഗോ രൂപതയുടെ അധിപനായി നിയമിക്കാൻ  വത്തിക്കാൻ   തീരുമാനമെടുത്തതെന്നും കണക്കാക്കണം.  .ഒരു രൂപതയിൽ ബിഷപ്പിന്റെ ചുമതലകൾ കൃസ്തുവും സഭയുമായി ഐക്യ രൂപ്യമുണ്ടാക്കുകയെന്നതാണ്. സഭാ മാതാവിനെ പരിപാലിക്കുകയെന്നത്  ഒരു ബിഷപ്പിനെ സംബന്ധിച്ച്  ഭർത്താവിന്റെ ചുമതലകൾ വഹിക്കുന്നതിനു തുല്യമാണ്. സഭാ മാതാവിന്റെ ജോലികൾ നിർവഹിക്കാൻ കഴിവും പ്രാപ്തിയുമുള്ള 'ബ്ലാസ് ക്യൂപ്പിച്നെ '    മാർപാപ്പാ നേരിട്ടു നിയമിച്ചത്  അമേരിക്കൻ സഭകളുടെമേൽ വത്തിക്കാന്റെ നിയന്ത്രണം കൂടുതൽ  ബലവത്താക്കാനുമെന്ന് നിരീക്ഷകർ കരുതുന്നു. അഭിനവ ലോകത്തിന്റെ ചിന്താഗതികളുമായി  സഭയെ ഉണർത്താൻ നീണ്ട കാലങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. കഴിഞ്ഞ കാല മുറിവുകളുടെ പാടുകൾ മാറ്റി സഭാ മാതാവിന്റെ പ്രതിച്ഛായയ്ക്കുതന്നെ മാറ്റം വരേണ്ടതായുണ്ട്.അമേരിക്കൻ പുരോഹിതർ  ലോകത്തിന്റെ പുരോഗമനത്തെയും ചിന്താഗതികളെയും സംബന്ധിച്ച്   അറിവു നേടിയവരെങ്കിലും വിദേശ നാടുകളിൽ സേവനം ചെയ്യുന്ന സീറോ മലബാർ പുരോഹിതരുടെ മനസ് ഇന്നും വളർന്നിട്ടില്ല . കാടിന്റെയും ഉൾനാടൻ മലകളുടെയും വയനാടൻ  കാടൻ സംസ്ക്കാരത്തിന്റെയും ചിന്താ ഗതികൾ  സഭാപൗരന്മാരെ അടിച്ചേൽപ്പിക്കാനും ഇവർ ഒരുമ്പെടും. ആദ്യ മലയാളി കുടിയേറ്റക്കാരുടെ ഹൃദയ വിശാലതയെ   മുതലെടുക്കാൻ നാട്ടിൽനിന്നുമുള്ള  പൌരാഹിത്യന്റെ ഒരു ചൂഷിതവർഗം  യൂറോപ്പ്, അമേരിക്കാ ആസ്ട്രേലിയാ എന്നീ ഭൂഖണ്ഡങ്ങളിലേക്കും  വ്യാപിപ്പിച്ചിട്ടുണ്ട്. 


ഷിക്കാഗോ രൂപതയുടെ അദ്ധ്യാത്മിക നേതാവായി  ബ്ലാസ് ക്യൂപ്പിച്നെ '      മാർപ്പാപ്പ  നേരിട്ടു നിയമിച്ചതിൽനിന്നും  മനസിലാക്കേണ്ടത്   അമേരിക്കൻ സഭകളെ  കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സഭയായി നവീകരിക്കാൻ മാർപ്പാപ്പാ ആഗ്രഹിക്കുന്നുവെന്നുള്ളതാണ്.  ഫ്രാൻസീസ് മാർപ്പാപ്പയും 'ബ്ലാസ് ക്യൂപ്പിചും '   തമ്മിൽ പരസ്പ്പരം കണ്ടു മുട്ടിയിട്ടില്ല.  തന്റെ  പ്രേഷിത പ്രവർത്തനം  സഭാ പൌരന്മാരുടെ പ്രശ്നങ്ങൾക്കും അഭിപ്രായങ്ങൾക്കും മുൻഗണന നല്കിക്കൊണ്ടായിരിക്കുമെന്നും തന്റെ  തെറ്റുകൾ എന്നും തനിക്കു  വന്നുകൊണ്ടിരുന്നത്  താനെന്നും  സ്വയം തീരുമാനങ്ങളെടുക്കുന്ന സമയങ്ങളിലായിരുന്നുവെന്നും  അതിനൊരു മാറ്റം  താൻ  ആഗ്രഹിക്കുന്നുവെന്നും  'ബ്ലാസ് ക്യൂപ്പിച്'    പറഞ്ഞു. സ്വന്തം പ്രേഷിതപ്രവർത്തനങ്ങളിൽക്കൂടി    യേശുവിന്റെ  ചൈതന്യം സഭാമക്കളിൽ വ്യാപിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
ആർച്ച് ബിഷപ്പ്  'ബ്ലാസ് ക്യൂപ്പിചിന്റെ '   മുമ്പിൽ വെല്ലുവിളികൾ ധാരാളമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ സഭയ്ക്കേറ്റ അപമാനത്തിൽനിന്നും  കരകയറുക  എളുപ്പമല്ല. പുരോഹിതരുടെ കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗികതയും പ്രകൃതി വിരുദ്ധ  പീഡനങ്ങളും കൊണ്ട് ഷിക്കാഗോ രൂപത തന്നെ പാപ്പരായിക്കൊണ്ടിരിക്കുന്നു. സ്കൂളുകൾ  നടത്താനുള്ള ഫണ്ടില്ല. ലൈംഗിക കുറ്റക്കാരായ പുരോഹിതർക്കു വേണ്ടി മില്ല്യൻ കണക്കിന് ഡോളർ സഭ നിത്യേന ചെലവാക്കുന്നു.  അനേക പള്ളികളും സ്കൂളുകളും അടച്ചു പൂട്ടി. പുതിയതായി ചുമതലകൾ വഹിക്കുന്ന ബിഷപ്പിനെ അഭിമുഖീകരിക്കുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകമായ ഒരു ഫോർമുലാ കണ്ടു പിടിച്ചേ  തീരൂ.


കർദ്ദിനാൾ ജോർജ്  ഫ്രാൻസീസിന്റെ പിൻഗാമിയായി 'ബ്ലാസ് ക്യൂപ്പിച്ന്റെ     സ്ഥാനാരോഹണം എന്തുകൊണ്ടും അദ്ദേഹത്തിനൊരു സ്വയം വെല്ലുവിളിയായിരിക്കും. ക്യാൻസർ രോഗം മൂലം അനാരോഗ്യവാനായതുകൊണ്ടാണ് കർദ്ദിനാൾ   സഭാ ചുമതലകളിൽനിന്ന് സ്വയം സ്ഥാനത്യാഗം ചെയ്തത്. 1997-മുതൽ കർദ്ദിനാൾ  ജോസഫ് ബർണാർഡിന്റെ പിൻഗാമിയായി ഫ്രാൻസീസ് ജോർജ് ഷിക്കാഗോ രൂപതയുടെ കർദ്ദിനാൾ സ്ഥാനം അലങ്കരിച്ചിരുന്നു. തന്റെ പിന്ഗാമിയായ  'ബ്ലാസ് ക്യൂപ്പിച്'  സഭയുടെ അനേക സ്ഥാനമാനങ്ങൾ  അലങ്കരിച്ചിട്ടുള്ള  പരിചയ സമ്പന്നനായ ഒരു ബിഷപ്പാണ്.  അദ്ദേഹം വാഷിംഗ്ണ്ടൻ  സ്റ്റേറ്റിലെ സ്പോക്കെൻ എന്ന രൂപതയിലെ ബിഷപ്പായിരുന്നു.  കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും  പുരോഹിത ലൈംഗിക പീഡനകൾക്കെതിരെയും ശബ്ദം ഉയർത്തുമെന്ന്  പറയുന്നുണ്ടെങ്കിലും ക്രിയാതമാകമായ പരിഹാരങ്ങളൊന്നും അദ്ദേഹം  നിർദ്ദേശിച്ചിട്ടില്ല.


'ബ്ലാസ് ക്യൂപ്പിച്'   ഇടവക ജനത്തോട് ഇടപെടാനും പള്ളിയിൽ വരുന്നവരെ സുസ്മേരവദനായി  സ്വീകരിക്കാനും കൈകൾ കൊടുത്ത്  അവരുമായി കുശല വർത്തമാനങ്ങൾ  പറയാനും  കുടുംബ കാര്യങ്ങൾ  സംസാരിക്കാനും എന്നും താല്പര്യം കാണിച്ചിരുന്നു. ബിഷപ്പായിരുന്ന കാലങ്ങളിൽ നൂറു കണക്കിന് ക്ലാസ് മുറികൾ സന്ദർശിച്ച് കുട്ടികളുടെ പഠന കാര്യങ്ങൾക്കും മാർഗ നിർദ്ദെശങ്ങൾ നല്കാൻ ഉത്സാഹം കാണിച്ചിരുന്നു. ഷിക്കാഗോ രൂപതയിൽ 17 ഹോസ്പ്പിറ്റലുകളും അഞ്ചു കോളെജുകളും രൂപതാ വകയായി യൂണിവേഴ്സിറ്റികളുമുണ്ട്. രൂപതയുടെ കീഴിൽ 49000 വിദ്യാർത്ഥികളും പഠിക്കുന്നു.  'ബ്ലാസ് ക്യൂപ്പിച്'   നല്ലൊരു വിദ്യാഭ്യാസ ചിന്തകനുമാണ്. വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും   സാമൂഹികമായി ഇടപെടാനും  അദ്ദേഹം സമയം കണ്ടെത്തുന്നു.  വ്യക്തിപരമായി ഓരോരുത്തരുമായി ഇടപെടുന്നതു കാരണം  ആദ്ധ്യാത്മിക നേതാവിനുപരി ജനം  അദ്ദേഹത്തെ ഒരു സുഹൃത്തായും  കാണുന്നു.  ആത്മീയതയിൽ മുഴുകിയിരിക്കുന്ന ഒരു  ഗുരു  അദ്ധ്യാത്മികാന്വേഷണമായി വരുന്ന   ഓരോരുത്തരെയും മനസിലാക്കണമെന്ന്  'ബ്ലാസ് ക്യൂപ്പിച്' ചിന്തിക്കുന്നു. അവരുടെ ആശയങ്ങളും ഉൾക്കൊള്ളണം.ഒരു വലിയ രൂപത വിജയകരമായി പ്രവർത്തിക്കണമെങ്കിൽ പൂർണ്ണമായും സഭാ പൌരന്മാരുടെ സഹായം വേണമെന്നും അദ്ദേഹം കൂടെ കൂടെ പറയാറുണ്ട്.


1885 തൊട്ട് തന്റെ മുൻഗാമികൾ താമസിച്ചിരുന്ന അരമന ഷിക്കാഗോയുടെ പോഷ് സ്ഥലത്ത് ഏകദേശം രണ്ടേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ആഡംഭരത്തിൽ ജീവിക്കാനുള്ള എല്ലാ വിധ സൌകര്യങ്ങളുണ്ടായിട്ടും   അതെല്ലാം അദ്ദേഹം വേണ്ടെന്നു വെക്കുകയാണ് ചെയ്തത്. മുപ്പതു മുറികളുള്ള വിക്റ്റൊറിയൻ  ഭവനം വിറ്റിട്ട്  രൂപതാ വക അടച്ചു പൂട്ടി കിടക്കുന്ന സ്കൂളുകൾ വീണ്ടും പ്രവർത്തിപ്പിക്കാനാണ്  അദ്ദേഹം പദ്ധതിയിടുന്നത്. ചരിത്രപരമായ ഒരു മെത്രാസന അരമനയാണ് ഷിക്കാഗോ രൂപതയ്ക്കുള്ളതെങ്കിലും  ചരിത്ര വസ്തുതകൾ നല്ലവണ്ണം മനസിലാക്കിയിട്ടാണ് അദ്ദേഹം  ആഡംബരം നിറഞ്ഞ ഒരു വസതി വേണ്ടന്നു വെച്ച് കത്തീഡ്രലിന് സമീപമുള്ള ഒരു ചെറിയ റെക്റ്ററിയിൽ  താമസിക്കാൻ തീരുമാനിച്ചത്.  പള്ളിക്കു സമീപമുള്ള  റെക്റ്ററിയിലെ താമസം   കുർബാനകൾ അർപ്പിക്കാൻ  കൂടുതൽ സൗകര്യ പ്രദവുമായിരിക്കും. 14.3 മില്ല്യൻ ഡോളർ ആ കെട്ടിടത്തിന് വിലമതിക്കുന്നുണ്ട്. അരമനയോടു ചേർന്ന് വിശാലമായ ഹാളോടു കൂടിയ ഏകദേശം 3800 ചതുരശ്ര അടി   വിസ്തൃതിയേറിയ മറ്റൊരു കെട്ടിടവും ഉണ്ട്. അവിടെ കന്യാസ്ത്രികൾ താമസിക്കുന്നു. ഭാവിയിൽ  രൂപതവക സെമിനാറുകളും മറ്റു പരിപാടികളും നടത്താൻ ആ കെട്ടിടം ഉപയോഗപ്പെടുത്താനും പദ്ധതിയിടുന്നു.


 2013-ൽ ഫ്രാൻസീസ് മാർപ്പാപ്പാ ആഗോള സഭയുടെ പരിപാലകനായ നാൾമുതൽ  പുരോഹിതർ ലളിതജീവിതം നയിക്കണമെന്ന്  ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ദാരിദവ്രതം അനുഷ്ടിക്കണമെന്ന പുരോഹിത വ്രതം ഇന്ന് വെറും കാപട്യമായി മാറിയിരിക്കുന്നു.  സഭയെ മുറിവേൽപ്പിച്ചുകൊണ്ട്   സഭാ പൗരന്മാരെ ചൂഷണം ചെയ്തുകൊണ്ട് ഇന്ന് ഭൂരി ഭാഗം  പുരോഹിതരും ധനികരായി ജീവിക്കുന്നു. പുരോഹിതർ എളിമയും ദരിദ്രരോട് കരുണയും സ്നേഹവുമുള്ള വരായിരിക്കണമെന്നു മാർപ്പാപ്പാ കഴിഞ്ഞ ആഗസ്റ്റിൽ ഏഷ്യൻ കത്തോലിക്കരോടായി പറയുകയുണ്ടായി.


ഷിക്കാഗോ മെത്രാപോലീത്തൻ  പള്ളിയുടെ പാരമ്പര്യമനുസരിച്ച് ആഗതനായ പുതിയ ബിഷപ്പ് 'ഹോളി നെയിം'കത്തീഡ്രലിന്റെ    കവാടത്തിലുള്ള പ്രധാന വാതിലിൽ മൂന്നു പ്രാവിശ്യം കൊട്ടുവടികൊണ്ട്  മുട്ടിയശേഷം പള്ളിയുടെ  മദുബായിലേക്ക്  പ്രവേശിച്ചത് ഒരു ചരിത്രമുഹൂർത്തമായിരുന്നു. അദ്ദേഹത്തിൻറെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇനി രൂപതയും പരിസരങ്ങളും  സംബന്ധിച്ചായിരിക്കും.  അമേരിക്കയിലെ മൂന്നാമത്തെ വലിയ രൂപതയുടെ ചുമതലകൾ സ്വീകരിച്ചു കഴിഞ്ഞു.  ഇടവകയിലെ കുടിയേറ്റക്കാരുടെ  പ്രശ്നങ്ങൾ, തെരുവുകളിലെ  ഗുണ്ടാവിളയാട്ടം, മയക്കു മരുന്നുകളുടെ ഉപഭോഗം, എന്നിങ്ങനെ  അശാന്തിയുടെ രൂക്ഷമായ  അന്തരീക്ഷങ്ങൾ  രൂപതാതിർത്തികളിൽ നിത്യ സംഭവങ്ങളാണ്. പട്ടണത്തിൽ പുതിയതായി ചുമതലയെടുക്കുന്ന ഒമ്പതാമത്തെ ഈ മെത്രാ പോലീത്തായ്ക്ക് വെല്ലുവിളികൾ ധാരാളമുണ്ട്. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായുള്ള  മുറവിളിയ്ക്ക് താല്ക്കാലികമായി പ്രാധാന്യം കല്പ്പിക്കുന്നില്ലെങ്കിലും  'ബ്ലാസ് ക്യൂപ്പിച്' ന്റെ   അജണ്ടയിലുണ്ട്.  ദാരിദ്ര്യത്തിൽ  കഴിയുന്നവരുടെയും  അടിസ്ഥാന ജീവിത സൌകര്യങ്ങളില്ലാത്തവരുടെയും പ്രശ്നങ്ങളാണ്  അദ്ദേഹത്തെ കൂടുതലായും അലട്ടുന്നത്. രൂപതയിലെ അനേകർ കുടുംബ പരിപാലനത്തിനായി ഓരോ ദിനവും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിക്കുന്നു. യുവാക്കൾക്ക് സ്വപ്നമില്ലാതായിരിക്കുന്നു. ആശകളും അറ്റുപോയി. നാളയുടെ പ്രതീക്ഷകളും ഒട്ടുമില്ലാതായിരിക്കുന്നു.  ഇത്തരം പ്രശ്നങ്ങൾ പുതിയ മെത്രാ പോലീത്താ കൂടെ കൂടെ ഓർമ്മിപ്പിക്കാറുണ്ട് .   ഇനിയുള്ള കാലങ്ങളിലെ  സാമൂഹിക അസമത്വങ്ങളെ  ഇല്ലാതാക്കാൻ തന്റെ കർമ്മ ചക്രങ്ങൾ തിരിക്കാനും  അദ്ദേഹം  സ്വപ്നം കാണുന്നു.


ഫ്രാൻസീസ് മാർപ്പായുടെ വീക്ഷണത്തിലും  സമയം പാഴാക്കാതെ സഭ പാവങ്ങൾക്കായി പ്രവർത്തിക്കണമെന്നുള്ളതാണ്. സഭയെ കാരുണ്യത്തിന്റെയും  ദീന ദയാലുതയുടെയും  ഹൃദയവിശാലതയുടെതുമായി പരിവർത്തന വിധേയമാക്കാൻ അദ്ദേഹവും ആഗ്രഹിക്കുന്നു.  ലാളിത്യവും മനുഷ്യത്വവും ഫ്രാൻസീസ് മാർപ്പായിൽ  നിറഞ്ഞിരിപ്പുണ്ടെങ്കിലും  മാറ്റത്തിന്റെതായ ഒരു വിപ്ലവ ധ്വനിയാണ് മാർപ്പാപ്പ എന്നും മുഴക്കാറുള്ളത്. മാർപ്പാപ്പായുടെ   വിപ്ലവ ചൈതന്യം മുഴുവനായി ഉൾക്കൊണ്ട ഷിക്കാഗോ രൂപതയിലെ പുതിയ മെത്രാ പോലീത്തായുടെ നിയമനം അമേരിക്കൻ സഭകളുടെ നവീകരണ മുന്നേറ്റമായും  കരുതുന്നു. സഭയിൽതന്നെ  വിപ്ലവ കൊടുങ്കാറ്റ് തുടങ്ങിയതും ആശ്വാസകരമാണ്.


മെത്രാ പോലീത്തായുടെ സ്ഥാനാരോഹണ ചടങ്ങിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും മത രാഷ്ട്രീയ നേതാക്കൻമാരും സംബന്ധിച്ചിരുന്നു. ഗവർണ്ണർ പാറ്റ് ക്വീൻ, മേയർ ഇമ്മാനുവേൽ, ഷിക്കാഗോ പോലീസ് സൂപ്രണ്ടന്റ്  ഗാരി മക്കാർത്തി മുതലായവരുടെ  സാന്നിദ്ധ്യം  അദ്ദേഹത്തിൻറെ   പ്രേഷിതജോലിയിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. ഷിക്കാഗോയുടെ ചരിത്രത്തിൽ ഒരു മുൻഗാമി ജീവിച്ചിരിക്കെ   മെത്രപോലീത്തായുടെ ചുമതലകൾ കൈകൊള്ളൂന്നതും ആദ്യത്തെ സംഭവമാണ്. സ്ഥാനമേറ്റ അദ്ദേഹത്തിൻറെ  പ്രസംഗം ജന ഹൃദയങ്ങളെ സ്പർശിക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു," പ്രസിദ്ധരായ അനേക പ്രതിഭകളെ സൃഷ്ടിച്ച നഗരമാണ് ഷിക്കാഗോ. മദ്ധ്യ യൂറോപ്പിലെ മനുഷ്യ ഹൃദയങ്ങളിൽ അലിഞ്ഞുചേർന്ന  മൂല്യങ്ങൾ ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളിലുമുണ്ട്. ഭയമില്ലാതെ ഏതു അഗ്നി ജ്വാലയിൽക്കൂടിയും അസ്ഥിമാടങ്ങളുടെ  മുകളിലും സധൈര്യം സഞ്ചരിച്ച ഒരു ചരിത്രമാണ് ഷിക്കാഗോയ്ക്കുള്ളത്. എന്റെ ആദ്ധ്യാത്മിക വളർച്ചയിൽ  സ്വപ്നം കണ്ടിരുന്ന  മാതാപിതാക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. ഈ മുഹൂർത്തത്തിൽ അവർ ഉണ്ടായിരുന്നെങ്കിലെന്ന്  ഞാൻ ആശിച്ചു പോവുന്നു. എങ്കിലിന്ന്  എന്റെ പിതാവിന്റെ അഭിമാന മുഹൂർത്തമാകുമായിരുന്നു. എന്റെ പ്രിയപ്പെട്ട അമ്മ ഈ സ്ഥാനാരോഹണം സത്യമെന്നും വിശ്വസിക്കുമായിരുന്നു".

Bishop Blase Cupich, Cardinal Francis George

Bishop Blase Cupich  succeed Cardinal Francis George



Archbi Blase Cupich will not live in Gold Coast landmark residence



 
 Bishop Cupich met with Pope Benedict XVI. 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...