Wednesday, January 25, 2017

ഞാറക്കൽ പ്രശ്നങ്ങളും കന്യാസ്ത്രികളും സിസ്റ്റർ ടീനയുടെ പോരാട്ടങ്ങളും

Sr. Teena 


ജോസഫ് പടന്നമാക്കൽ 

ലോകമെമ്പാടും പ്രത്യേകിച്ച് പരിഷ്കൃത രാജ്യങ്ങളിലും അടിമ സമ്പ്രദായം  അവസാനിച്ചുവെന്നാണ് വെപ്പ്. എന്നാൽ, സീറോ മലബാർ സഭയിൽ അടിമപ്പണിക്കു തുല്യമായി ജോലിചെയ്യുന്ന കർത്താവിന്റെ മണവാട്ടികളിൽ   വലിയൊരു സമൂഹമുണ്ട്. പെണ്മക്കളെ കെട്ടിച്ചുവിടാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിൽനിന്നും വന്നെത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും. അത്തരം വീടുകളിൽ കന്യാസ്ത്രികളിലെ പ്രമാണിമാർ സന്ദർശിക്കുകയും പാകത വരാത്ത പ്രായത്തിൽ  കൊച്ചുപെൺകുട്ടികളെ മഠത്തിൽ ചേർക്കാൻ ചാക്കിട്ടുപിടിക്കുകയും ചെയ്യും. അറവു ശാലകളിൽ കന്നുകാലികൾ വന്നെത്തുമ്പോലേയാണ് പറക്ക പറ്റാത്ത ഈ കുട്ടികൾ കന്യാസ്ത്രി മഠത്തിലും വന്നെത്തുന്നത്. പുതിയ ആകാശം, പുതിയ ഭൂമി , പുതിയ ലോകം, പിന്നീടവർക്ക് ഒന്ന് കരയാൻ പോലും അവകാശം കാണില്ല. ഏതു നിമിഷവും കഴുത്തിനു കത്തി വരുന്ന നാൽക്കാലി മൃഗങ്ങളെപ്പോലെയാണ് അവരുടെ ജീവിതവും. അനിശ്ചിതത്വത്തിന്റെ വേലിയേറ്റത്തിൽ ഒരു ആയുസു മുഴുവൻ സമർപ്പിക്കാമെന്ന് പ്രതിജ്ഞ ചെയ്യുന്ന അവർക്ക് എപ്പോൾ വേണമെങ്കിലും എന്തും   സംഭവിക്കാം. ഒരിക്കൽ അവരുടെ തടവറയിൽ അകപ്പെട്ടാൽ അവിടെനിന്നു കുരുക്കുകളഴിച്ചു രക്ഷപെടുകയെന്നത് എളുപ്പവുമല്ല. പീഡനങ്ങൾ സഹിക്കവയ്യാതെ മഠം മതിൽക്കെട്ടിനുള്ളിൽനിന്നും രക്ഷപെട്ട   മേരി ചാണ്ടിയുടെയും ജെസ്മിയുടെയും  മേരി സെബാസ്റ്റിൻറെയും, സിസ്റ്റർ അനിറ്റയുടെയും കഥകൾ അതിനുദാഹരണങ്ങളാണ്‌.

സിസ്റ്റർ ജെസ്മിയുടെ പുസ്തകത്തിൽ പുരോഹിതർ അവർക്കു കൊടുത്ത പീഡനങ്ങളെ വിവരിച്ചിട്ടുണ്ട്. പ്രേമാഭ്യർഥനയുമായി വന്ന ഒരു ബിഷപ്പുവരെ അവരെ സമീപിച്ചെന്ന കഥ വായിച്ചപ്പോൾ  സഭ എത്രമാത്രം അധഃപതിച്ചുവെന്നും മനസിലാക്കാം. ഒരിക്കൽ, സിസ്റ്റർ  മേരി ചാണ്ടി   ഒരു പുരോഹിതന്  മഠത്തിലെ തീന്മേശയിൽ പ്രഭാത ഭക്ഷണം വിളമ്പവേ അയാൾ അവരെ ബലാൽസംഗം ചെയ്യാൻ മുറിയിൽ കുറ്റിയിടുകയും മല്പിടുത്തത്തിനിടയിൽ രക്ഷപെടാൻ അവർ  പുരോഹിതന്റെ തലക്കിട്ടു സ്റ്റൂളുകൊണ്ടു അടിക്കുകയും ചെയ്തു. എന്നിട്ടും സഭയും പുരോഹിതരും മറ്റു കന്യാസ്ത്രികളും പീഡിപ്പിച്ചവനൊപ്പമായിരുന്നു. കഴിഞ്ഞ വർഷം സിസ്റ്റർ അനിതയെന്ന യുവ കന്യാസ്ത്രിയെ ഒരു പുരോഹിതൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ സമ്മതിച്ചില്ല. സഭാധികാരികൾ അവരെ ദ്രോഹിക്കാവുന്നതിൽ പരമാവധി ദ്രോഹിച്ചു. ഇറ്റലിയിലെ മഠത്തിലേക്ക് സ്ഥലമാറ്റം കൊടുത്തു. ഒടുവിൽ ഇറ്റാലിയൻ തെരുവിൽ യുവതിയും സുന്ദരിയുമായ ആ കന്യാസ്ത്രിയെ നടുപാതിരായ്ക്ക് ഇറക്കിവിട്ടു. അവർ നാട്ടിലെത്തിയത് ചില മലയാളി സംഘടനകളുടെ സഹായത്തോടെയായിരുന്നു. ഇതെല്ലാം പഴങ്കാല കഥകളല്ല, സഭാമാതാവിന്റെ നെഞ്ചത്തു ചവിട്ടിക്കൊണ്ട് വർത്തമാന കാലത്തിൽ സംഭവിക്കുന്നതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്.

പീഡനങ്ങൾക്ക് സമ്മതിക്കാതെയോ, അധികാരികൾക്ക് വഴങ്ങാതെയോ ഏതെങ്കിലും കന്യാസ്ത്രി പ്രവർത്തിച്ചാൽ പിന്നീടവരെ കൂട്ടത്തോടെ പൈശാചിക സ്വഭാവമുള്ള മറ്റു കന്യാസ്ത്രികൾ അപമാനിക്കാനും മാനസികമായി തകർക്കാനും സ്വയം സഭയിൽനിന്നും പിരിഞ്ഞുപോകാനുള്ള സമ്മർദ്ദങ്ങളും പീഡനങ്ങളും കൊടുക്കാനും ശ്രമിക്കും. അന്ധകാരമായ മുറികളിൽ അടച്ചുപൂട്ടി ഭക്ഷണവും കൊടുക്കാതെ ബാഹ്യ ലോകവുമായുള്ള ബന്ധവും വേർപെടുത്താൻ ശ്രമിക്കും. സാമൂഹിക പ്രവർത്തകരോ, വനിതാ സംഘടനകളോ ഇവരുടെ ദീനരോദനം കേൾക്കില്ല. അടച്ചുപൂട്ടിയ വാതിലിനുള്ളിൽ അവിടെ നടക്കുന്ന സംഭവങ്ങളെന്തെന്നു ഒരിക്കലും പുറം ലോകവുമറിയില്ല. ഭീകരവും ഭീഭത്സവും ജനിപ്പിക്കുന്ന ഇത്തരം കഥകളുമായി ജീവിക്കുന്ന പെൺകുട്ടികൾ ശവക്കല്ലറകളിൽ അടക്കിയതിനു തുല്യമെന്ന് ജനിപ്പിച്ച അവരുടെ മാതാപിതാക്കളും അറിയുന്നില്ല.

അടുത്തയിടെ പത്രങ്ങളിൽക്കൂടിയും സോഷ്യൽ മീഡിയാകൾ വഴിയും 'സിസ്റ്റർ ടീന' യെന്ന   ഒരു വക്കീൽ കന്യാസ്ത്രീയുടെ ഹൃദയാദ്രമായ ജീവിതകഥ വായിക്കാനിടയായി. എറണാകുളം റാണിമാതാ കോൺവെന്റിലെ കർമ്മലീത്താ സഹോദരിയാണവർ. നാൽപ്പതിൽപ്പരം വർഷങ്ങൾ  സഭയ്ക്കും സമൂഹത്തിനും വേണ്ടി സേവനം ചെയ്തിരുന്നു. സഭയ്ക്കുള്ളിൽ നടക്കുന്ന ക്രൂരവും നിന്ദ്യവുമായ അനീതികൾക്കെതിരെ 2015-ൽ ഈ സഹോദരിക്ക് നിയമപരമായിത്തന്നെ പ്രതികരിക്കേണ്ടി വന്നു. അതിൽ കലിപൂണ്ട വൈദികരും സഹകന്യാസ്ത്രികളും അവർക്കെതിരെ ദയനീയമായ പീഡനങ്ങൾ അഴിച്ചുവിട്ടു. അവരെയിന്നു ഏകാന്ത തടവുകാരിയെപ്പോലെ ഭക്ഷണവും കൊടുക്കാതെ സഹകന്യാസ്ത്രികൾ പീഡിപ്പിക്കുന്ന കഥകൾ പുറംലോകം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിന്റെ പേരിൽ അവർ ദിവസങ്ങളോളം നിരാഹാര സത്യാഗ്രഹമനുഷ്ടിച്ചതായ വാർത്തകൾ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടയിൽ നടന്നുപോവുന്ന സമയത്ത്  എതിരെ വന്ന വാഹനം മുട്ടി അവർക്കപകടമുണ്ടായി. അതിൽ മഠത്തിന്റെ പ്രതികാര നടപടികളുടെ ദുരൂഹതയുണ്ടെന്നും പറയുന്നു. ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടന്ന ബില്ലിന്റെ പണമടയ്ക്കാൻ തയാറാകാഞ്ഞ മഠത്തിനെതിരെ കേസുകൊടുത്ത് പണം ഈടാക്കേണ്ടി വന്നു. 

1953 ഒക്ടോബർ പതിനാലാം തിയതി ചമ്പക്കരയിൽ പുതുശേരി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും ഏഴുമക്കളിൽ അഞ്ചാമതായിട്ടാണ് സിസ്റ്റർ ടീന  ജനിച്ചത്.  അവരുടെ മാതാപിതാക്കൾ നൽകിയ പേര്  'മേരി ട്രീസാ'യെന്നായിരുന്നു. മറ്റുള്ള കന്യാസ്ത്രികളിൽനിന്നും വ്യത്യസ്തമായി സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലായിരുന്നു അവർ ജനിച്ചത്.കുട്ടിക്കാലം മുതൽ സൊഡാലിറ്റികളിലും പള്ളിപ്രവത്തനങ്ങളിലും അതീവ താല്പര്യമുണ്ടായിരുന്ന അവരുടെ മോഹങ്ങൾ ഒരു കന്യാസ്ത്രിയാകണമെന്നുള്ളതായിരുന്നു. ചെറുപ്പകാലങ്ങളിൽ മനസ്സിൽ ദൈവിക വേലകൾക്കായി പ്രചോദനമുണ്ടാകാൻ കാരണവും വേദപാഠം പഠിപ്പിച്ചിരുന്ന കന്യാസ്ത്രികളും പള്ളിയിലെ പുരോഹിതരുമായിരുന്നു. അവരുടെ ഭാവനയിൽ ലോകത്തിലെ ഏറ്റവും മഹനീയമായ ജീവിതം കർത്താവിന്റെ മണവാട്ടിയായി ഒരു കന്യാസ്ത്രിയാവുകയെന്നായിരുന്നു. സമൂഹത്തിനുവേണ്ടി നന്മയുടെ പാതകളൊരുക്കാൻ, സേവനനിരതയാകാൻ, ഒരു കന്യാസ്ത്രിയാകുന്നത് ഉത്തമമെന്നു അക്കാലങ്ങളിൽ അവർ വിചാരിച്ചിരുന്നു. തീവ്രമായ അവരുടെ ഉറച്ച തീരുമാനത്തിൽനിന്നു മാതാപിതാക്കൾക്കോ ബന്ധുജനങ്ങൾക്കോ സുഹൃത്തുക്കൾക്കോ അവരെ തടയാൻ സാധിക്കില്ലായിരുന്നു. നാലു പതിറ്റാണ്ടോളം സ്തുത്യർഹമായ സേവനമാണ് അവർ സഭയ്ക്കും കന്യാസ്ത്രി മഠത്തിനും സമൂഹത്തിനുമായി കാഴ്ച വെച്ചത്.

പ്രാഥമിക വിദ്യാഭ്യാസം ചമ്പക്കരയിലും അതിനുശേഷം പൊന്നുരുന്നി സെന്റ്. ജോർജ് ഹൈസ്‌കൂളിലുമായിരുന്നു. 1972-ൽ എസ്.എസ്.എൽ.സി. പാസായ ശേഷം മഠത്തിൽ ചേരാൻ തന്നെ തീരുമാനിച്ചു. പക്ഷെ അടുത്ത രണ്ടു വർഷങ്ങൾ അവരുടെ മോഹങ്ങൾ നടന്നില്ല. സ്വന്തം പിതാവിന്റെ ശക്തിയായ എതിർപ്പും കടുംപിടുത്തവുമായിരുന്നു കാരണം. അപ്പന്റെ ഉപദേശമനുസരിച്ച് മുമ്പോട്ട് പഠിക്കാനും ട്രീസാ തയ്യാറായിരുന്നില്ല. മക്കളും മാതാപിതാക്കളുമടങ്ങിയ സന്തുഷ്ടമായ കുടുംബത്തിൽ അവർ കന്യാസ്ത്രിയാകാൻ തീരുമാനമെടുത്തപ്പോൾ മാതാപിതാക്കളും സഹോദരങ്ങളും അസന്തുഷ്ടി പ്രകടിപ്പിച്ചത് അവരെ നിരാശയാക്കിയിരുന്നു. പഠനശേഷം വിവാഹം കഴിപ്പിച്ചു വിടണമെന്നായിരുന്നു അപ്പന്റെ ആഗ്രഹം.

അങ്ങനെ രണ്ടു വർഷം കൂടി കടന്നുപോയി. ഒടുവിൽ മകളുടെ ആഗ്രഹത്തിനു കീഴ്വഴങ്ങി അവരുടെ അപ്പൻ അവരെ മഠത്തിൽ ചേരാൻ സമ്മതിക്കുകയുമുണ്ടായി. ചേരാനുള്ള അപേക്ഷയും അയച്ചു. മഠത്തിൽനിന്നും നോവിഷ്യറ്റിനു ക്ഷണം കിട്ടിയപ്പോൾ ട്രീസായുടെ മൂത്ത സഹോദരൻ കുപിതനായി പൊട്ടിത്തെറിക്കുകയാണുണ്ടായത്. 'നീയുമായി ഒരു ബന്ധവുമില്ലെന്നും നീ മരിച്ചുപോയതായി കരുതുമെന്നും അവരുടെ സഹോദരൻ താക്കീതും കൊടുത്തു. വീട്ടിലെ എതിർപ്പുകളൊന്നും ട്രീസായെ മഠത്തിൽ പോവുന്നതിൽനിന്നു പിൻതിരിപ്പിച്ചില്ല.  തന്റെ സ്വപ്നക്കൂടുകളിൽ നിറഞ്ഞിരുന്ന  അദ്ധ്യാത്മികതയിലെ തിരുവസ്ത്രത്തെ  മാറോടണിയിക്കാൻ അവർ ആവേശഭരിതയായിരുന്നു.

1976 ഡിസംബർ ഏഴാം തിയതി അവർ സിസ്റ്റർ  ടീനയെന്ന പേരിൽ തിരുവസ്ത്രമണിഞ്ഞു.1977 ജനുവരി മൂന്നിന് ആലങ്ങാട്ടുളള മഠത്തിൽ സേവനത്തിനായി അയച്ചു. പിന്നീട് ആ വർഷം കാക്കനാട് കാർമ്മൽ ഹൈസ്‌കൂളിൽ ക്ലർക്കായി ജോലി തുടങ്ങി. ഒരു വർഷം അവിടെ ജോലി ചെയ്ത ശേഷം കുമ്പളം സെന്റ് മേരീസ് നഴ്‌സറിയിൽ പഠിപ്പിക്കാൻ ആരംഭിച്ചു. പിന്നീട് എറണാകുളം സെന്റ് ജോസഫ്സ് സ്‌കൂളിൽ ക്ലർക്കായി സേവനമാരംഭിച്ചു. രണ്ടു വർഷം അവിടെ ജോലി തുടർന്നു. ഉന്നത വിദ്യാഭ്യാസം ചെയ്യണമെന്നുള്ള മോഹം അക്കാലത്തുണ്ടായി. അക്കാര്യം അധികാരികളെ അറിയിക്കുകയും ചെയ്തു. അധികാരികളുടെ സമ്മത പ്രകാരം ഭോപാൽ യൂണിവേഴ്സിറ്റിയിൽ ഇന്റർമീഡിയറ്റിനു ചേർന്ന് പാസ്സായി. പിന്നീട് മദ്രാസിലുള്ള സ്റ്റെല്ലാ മേരിസ് കോളേജിൽനിന്ന് കമ്യൂണിറ്റി ഡവലപ്പ്മെന്റ് ആൻഡ് ചൈൽഡ് വെൽഫെയർ ഡിപ്ലോമാ നേടി. 1894-ൽ ദൈവശാസ്ത്രം പഠനം പൂർത്തികരിച്ചു. ബിരുദങ്ങളും നിയമത്തിൽ ബിരുദാനന്ത ബിരുദങ്ങളും ചുരുങ്ങിയ കാലത്തിനുള്ളിൽ നേടി.

യുവ കന്യാസ്ത്രിയായിരുന്ന കാലങ്ങളിൽ സിസ്റ്റർ ടീന മറ്റുള്ള സഹകന്യാസ്ത്രികളുടെയും മേലധികാരികളുടെയും പ്രിയപ്പെട്ടവളായിരുന്നു. വലിയ പ്രശ്നങ്ങളും അല്ലലുമില്ലാതെ മണവാട്ടിയുടെ പരിമള വേഷത്തിൽ ആശ്രമജീവിതം തുടർന്നുകൊണ്ടിരുന്നു.  മുതിർന്ന കന്യാസ്ത്രികൾ എന്തുപറഞ്ഞാലും ക്ഷമയോടെയും മറുത്തുപറയാതെയും അനുസരിച്ചുകൊണ്ടുമിരുന്നു. സാമ്പത്തികമായി മെച്ചമായ വീട്ടിൽ നിന്നു വന്നതുകൊണ്ടു മറ്റു കന്യാസ്ത്രികളുടെയിടയിൽ അവർക്ക് കൂടുതൽ പരിഗണയും ലഭിച്ചിരുന്നു. അതേ സമയം പാവപ്പെട്ട വീടുകളിൽ നിന്നു വരുന്ന കന്യാസ്ത്രികൾക്ക് അടുക്കളപ്പണി, റബറുവെട്ടു, വസ്ത്രങ്ങൾ കഴുകുക മുതലായ ജോലികളായിരുന്നു നിശ്ചയിച്ചിരുന്നത്. ജോലിയും വരുമാനവുമുള്ള കന്യാസ്ത്രികളും പള്ളി വികാരിയും ആദ്യം തീന്മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കും. അവർ കഴിക്കുന്ന ഉച്ഛിഷ്ടവും ഭക്ഷിച്ചു ശാന്തമായി മഠം മതിൽക്കൂട്ടിൽ കഴിയുന്നവരാണവർ. സിസ്റ്റർ ടീനയെ സംബന്ധിച്ച് അത്തരം വിവേചനങ്ങളൊന്നും മുതിർന്ന കന്യാസ്ത്രികളിൽനിന്നും ലഭിച്ചിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്നതു മൂലം മഠം അതിനുള്ള അവസരങ്ങളും കൊടുത്തുകൊണ്ടിരുന്നു.

കേരളത്തിലെ കന്യാസ്ത്രീകളുടെയിടയിൽനിന്നും ആദ്യമായി നിയമ ബിരുദം നേടിയതും അവരായിരുന്നു. 2008 ജനുവരിയിൽ അവർ ജില്ലാകോടതിയിൽ അഭിഭാഷികയായി ജോലി തുടങ്ങി. ഇങ്ങനെയെല്ലാം സഭയുടെ ഇഷ്ടതോഴിയായി സേവനം ചെയ്ത കാലത്താണ് ഞാറക്കൽ സംഭവം ഉണ്ടായതും സിസ്റ്റേഴ്‍സിന് അതിൽ ഇടപെടേണ്ടി വന്നതും.  പള്ളിയ്ക്കും വികാരിക്കും സഭാധികാരികൾക്കുമെതിരെ അവർക്ക് ധീരമായി പോരാടേണ്ടി വന്നു. അന്നുമുതൽ അവർ സഭാധികാരികളുടെ കണ്ണിലെ കരടായി തീരുകയും ചെയ്തു.

സിസ്റ്റർ റ്റീനായുടെ സഹോദരി സിസ്റ്റർ ആനി ജെയിൻസിനെ ഞാറക്കൽ സെന്റ് ജോസഫ്സ് സ്‌കൂളിന്റെ പ്രിൻസിപ്പലായി നിയമിച്ചപ്പോൾ മുതലാണ് മെത്രാനും പള്ളിവികാരിയുമൊത്ത് കന്യാസ്ത്രികൾക്കെതിരെ ശണ്ഠകളാരംഭിച്ചത്. ഞാറക്കൽ പള്ളിയും ലിറ്റിൽ ഫ്ലവർ സ്‌കൂളും തമ്മിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾക്കു തുടക്കമിട്ടു. ഈ രണ്ടു സ്‌കൂളുകളും അടുത്തടുത്തായിരുന്നു നിലകൊണ്ടിരുന്നത്. അക്കാലത്താണ് അരമനയിൽ നിന്ന് ബിഷപ്പിന്റെ ഒരു കത്തു ലഭിച്ചത്. ഞാറയ്ക്കൽ സെന്റ് ജോസഫ്സ് സ്‌കൂളും അതിനോടനുബന്ധിച്ചുള്ള മഠവും അവിടെനിന്നു മാറ്റണമെന്നും ലിറ്റിൽ ഫ്ലവർ ഇംഗ്ളീഷ് സ്‌കൂളിന്റെ പ്രവർത്തനത്തിന് മഠം വക സെന്റ്. ജോസഫ്സ് സ്‌കൂൾ തടസം വരുന്നുവെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കവും.

കള്ള പ്രമാണങ്ങൾ ചമച്ചു പള്ളിയധികാരികൾ കന്യാസ്ത്രി മഠവും സ്‌കൂളും വളരെ വർഷങ്ങൾക്കു മുമ്പ് കൈവശപ്പെടുത്തിയ വിവരം ബിഷപ്പിന്റെ കത്തു കിട്ടിയപ്പോഴാണ് കന്യാസ്ത്രികൾ അറിയുന്നത്.  അത് അവരെ സംബന്ധിച്ച് ഒരു കോളിളക്കം തന്നെയുണ്ടാക്കിയിരുന്നു. നാല്പതുകളിൽ കന്യാസ്ത്രികൾ പിടിയരി മേടിച്ചും യാചിച്ചും സമാഹരിച്ച പണംകൊണ്ട് സ്ഥാപിച്ച മഠവും സ്വത്തുക്കളുമായിരുന്നു   അത്. കാര്യങ്ങൾ ബോധിപ്പിക്കാൻ കന്യാസ്ത്രികൾ ബിഷപ്പ് ചാക്യത്തിനെ കണ്ടെങ്കിലും ബിഷപ്പും അരമനയും പുരോഹിതരും കന്യാസ്ത്രികൾക്കെതിരായിരുന്നു. കന്യാസ്ത്രികൾ പള്ളിയുടെ ഗൂഢതന്ത്രങ്ങൾ അംഗീകരിക്കാതെ വന്നപ്പോൾ അധികാരസ്ഥാനങ്ങളിൽ നിന്ന് ഭീഷണികളും വരാൻ തുടങ്ങി.

1923-ലാണ് ഞാറക്കൽ പള്ളി സ്ഥാപിച്ചത്. അതിനോടനുബന്ധിച്ചു പള്ളിവക സെന്റ് മേരിസ് സ്‌കൂളുമുണ്ടായിരുന്നു. ഇടവക വികാരി സ്‌കൂളിന്റെ മാനേജരുമായിരുന്നു. പള്ളിയ്ക്ക് തെക്കു പടിഞ്ഞാറായി അര കിലോമീറ്ററകലെ 1926-ൽ മഠം സ്ഥാപിക്കാനായി കർമ്മലീത്താ കന്യാസ്ത്രികൾ സ്ഥലം മേടിച്ചു. 1939-ൽ അതിനോടനുബന്ധിച്ചു കോൺവെന്റും പണി കഴിപ്പിച്ചു.1944-ൽ ഇടവക ജനങ്ങളുടെ താല്പര്യം അനുസരിച്ചു കോൺവെൻറ് പുതുക്കി പണിയുകയും  കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. 1945-ൽ ലിറ്റിൽ ഫ്ലവർ സ്‌കൂൾ ആരംഭിച്ചു. 1945 മുതൽ ഇടവക വികാരിയെ സ്‌കൂളിന്റെ മാനേജരായി തീരുമാനിക്കുകയും ചെയ്തു. അത് മദർ സുപ്പീരിയറിന്റെ   പുരോഹിതരോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2001-ൽ കോൺവെന്റിന്റ മേൽനോട്ടത്തിൽ സെന്റ് ജോസഫ്'സ് സി.ബി.എസ്‌.സി. സിലബസ്സിൽ സ്‌കൂളും ആരംഭിച്ചു.

മെത്രാന്റെയും പുരോഹിതരുടെയും അവകാശവാദങ്ങൾ കന്യാസ്ത്രികൾ നിരസിക്കുകയും വിദ്യാഭ്യാസ ഡിപ്പാർട്മെന്റിന് ഒരു പരാതി അയക്കുകയും ചെയ്തു. ഞാറക്കൽ, മൂന്നേക്കർ സ്ഥലത്ത് കന്യാസ്ത്രികൾ രണ്ടു സ്‌കൂളുകളും ദരിദ്രർക്കുള്ള ഒരു ഭവനവും നടത്തുന്നുണ്ടായിരുന്നു. 1930 മുതൽ അവിടെ വന്നും പോയും കൊണ്ടിരുന്ന പുരോഹിതർ സ്‌കൂളിന്റെ പ്രവർത്തനത്തിനായി സഹായിക്കുന്നുണ്ടായിരുന്നു. കീഴ്വഴക്കപ്രകാരം സ്‌കൂളിലെ മാനേജർമാരെല്ലാം പുരോഹിതരായിരുന്നു. അവർ കുട്ടികളിൽനിന്നു സ്‌കൂളിൽ പ്രവേശനത്തിനായും അദ്ധ്യാപക നിയമനത്തിനും കോഴ മേടിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം കന്യാസ്ത്രികൾ നിശ്ശബ്ദരായിരുന്നു. നൂറു ലക്ഷം രൂപയെങ്കിലും സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്ക്. അദ്ധ്യാപക നിയമനത്തിന് കന്യാസ്ത്രികളിൽ നിന്നും കോഴപ്പണം മേടിക്കാൻ സാധിക്കാത്തതുകൊണ്ടു അവരെ നിയമിക്കില്ലായിരുന്നു. ആദ്യകാലങ്ങളിൽ സ്‌കൂളിൽ അദ്ധ്യാപികകളായി 36 കന്യാസ്ത്രികളുണ്ടായിരുന്ന സ്ഥാനത്ത് അവരുടെ എണ്ണം ആറായി കുറഞ്ഞിരുന്നു.

കാനൻ നിയമവും കത്തോലിക്ക സഭയും പറയുന്നത് ധർമ്മം സ്വീകരിച്ച ഒരു കത്തോലിക്കാ വിശ്വസിയ്ക്ക്  സഭയ്‌ക്കെതിരെ യാതൊരു കാരണവശാലും കേസുകൊടുക്കാൻ അവകാശമില്ലെന്നാണ്. എന്നാൽ എറണാകുളത്തെ ഞാറയ്ക്കലുള്ള ചെറുപുഷ്പം മഠത്തിലെ സിസ്റ്റർ ടീനയുടെ നേതൃത്വത്തിലുള്ള ആറു ധീരകളായ   കന്യാസ്ത്രീകൾ കാനൻ നിയമങ്ങളുടെ പാരമ്പര്യം തെറ്റാണെന്നു തെളിയിച്ചു കൊണ്ട് സഭയ്‌ക്കെതിരെ കേസുകളുമായി മുമ്പോട്ട് പോവുകയാണുണ്ടായത്. സാധാരണ ഗതിയിൽ കേസുകൾ വരുമ്പോൾ സഭാസംബന്ധമായ വിഷയങ്ങൾ പുരോഹതരാണ്‌ കൈകാര്യം ചെയ്യുന്നത്. അത്തരം കാര്യങ്ങൾക്കു തീർപ്പു കല്പിക്കാനും പ്രശ്നങ്ങൾക്കു പരിഹാരം കാണാനും പ്രത്യേക അപേക്ഷാ പേപ്പറിൽ  പൂരിപ്പിച്ചപേക്ഷിക്കേണ്ടതായുണ്ട്. സഭാധികാരികളെ മാനിക്കണമെന്നും അവർ പറയുന്നത് ശ്രദ്ധിക്കണമെന്നും അനുസരണ ശീലം വേണമെന്നും വ്രതവാഗ്ദാനത്തിന്റെ ഭാഗങ്ങളായുള്ളതാണ്.

കന്യാസ്ത്രികൾ കൊടുത്ത പരാതിയിന്മേൽ വിദ്യാഭ്യാസ ഡിപ്പാർമെൻറ് മെത്രാനും വികാരിയ്ക്കുമെതിരെ തീരുമാനമെടുക്കുകയും സ്‌കൂൾ കന്യാസ്ത്രീകളുടെ നിയന്ത്രണത്തിൽ കൊടുക്കുകയും ചെയ്തു. ഈ പ്രശ്നത്തിൽ മെത്രാനും പള്ളിവികാരിക്കും കന്യാസ്ത്രികളോട് അടങ്ങാത്ത കോപവും പ്രതികാരവുമുണ്ടായി.  തുടർന്ന് പുരോഹിതൻ തെരുവ് പോക്രികളെ കൊണ്ട് കന്യാസ്ത്രീകളെ ശല്യപ്പെടുത്താനും എല്ലാ വിധ പീഡനങ്ങളും കൊടുക്കാൻ തുടങ്ങി. കന്യാസ്ത്രികളോട് പള്ളിയിൽ വരാൻ പാടില്ലാന്നു കൽപ്പിച്ചു. അവിടെയങ്ങനെ പുരോഹിത നേതൃത്വത്തിൽ അശാന്തി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒരിക്കൽ കന്യാസ്ത്രീകളെ നൂറു കണക്കിനുള്ള പുരോഹിത ഗുണ്ടാകൾ വഴിയിൽ തടഞ്ഞു നിർത്തി.  ഗുണ്ടകൾ നിത്യം പീഡിപ്പിക്കലും അസഭ്യ വാക്കുകൾ പറയുകയും പതിവായി തീർന്നു. സിസ്റ്റേഴ്‍സിന് കൂടുതൽ സഹിക്കാൻ സാധിക്കില്ലായിരുന്നു. അവർ സ്‌കൂളിന്റെ നിയന്ത്രണത്തിനായി പള്ളിയ്‌ക്കെതിരെ കേസ് കൊടുത്തു. കീഴ്‌ക്കോടതി അവർക്കനുകൂലമായി വിധിച്ചു.

അഴിമതികൊണ്ടു കൊഴുത്ത പുരോഹിതനെ മാറ്റാനുള്ള ശ്രമങ്ങളുമുണ്ടായി. സ്‌കൂൾ മാനേജർ സ്ഥാനത്തുനിന്ന് പള്ളിവികാരിയെ മാറ്റണമെന്ന പേപ്പറുകൾ തയാറാക്കിയത് അന്ന് പ്രിൻസിപ്പാളായിരുന്ന സിസ്റ്റർ ആനി ജെയിൻസിയായിരുന്നു.  വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമർപ്പിച്ചുകൊണ്ട് സ്‌കൂൾ നിയമപരമായി അവർ മഠത്തിന്റെ കീഴിലാക്കി. മാനേജരെ മാറ്റാനുള്ള ഓർഡർ സമ്പാദിച്ചതും അതിനായി പ്രയത്നിച്ചതും  സിസ്റ്റർ ടീനയായിരുന്നു. ഇക്കാര്യത്തിൽ പള്ളിവികാരി കലിപൂണ്ടുകൊണ്ട് പ്രതികാരങ്ങളും ആരംഭിച്ചു.

സഭയും സ്ഥാപനവും രമ്യതയിലാക്കി സമാധാനം സ്ഥാപിക്കാൻ ശ്രമിച്ച മദർ ജനറലിനെ വികാരിയും കിങ്കരന്മാരും പള്ളിയ്ക്കകത്തു ഒരിക്കൽ പൂട്ടിയിട്ടു. ജീവനു ഭീഷണി നൽകി മഠം വക സ്വത്തുക്കളെല്ലാം പള്ളിയ്ക്കു നൽകിക്കൊണ്ട് ബലമായി പ്രമാണങ്ങളിൽ ഒപ്പുവെപ്പിച്ചു. പിറ്റേ ദിവസം ആ പ്രമാണം നിയമപരമായി സിസ്റ്റർ ടീന ഇടപെട്ടു റദ്ദാക്കുകയും ചെയ്തു. അതിൽ പ്രതികാരം മൂത്തു പള്ളി വികാരിയുടെ ഗുണ്ടകൾ മാരകായുധങ്ങളുമായി വന്നു കന്യാസ്ത്രീകളെ ആക്രമിച്ചു. സിസ്റ്റർ റെയ്സിയെന്ന ഒരു കന്യാസ്ത്രിയെയും മറ്റൊരു അന്തേവാസിയായ മറിയക്കുട്ടിയെയും മാരകമായി മുറിവേൽപ്പിച്ചു. സിസ്റ്റർ ടീന  മുറിവേറ്റു കിടക്കുന്ന റെയ്‌സിയെ ഹോസ്പിറ്റലിൽ ചെന്നു കണ്ടു. ഗുണ്ടായിസത്തിൽ പ്രതികരിച്ചുകൊണ്ട് സിസ്റ്റർ ടീന  അച്ചന്മാർക്കും സഭാധികാരികൾക്കും എതിരെ കേസ് കൊടുപ്പിച്ചു.

വൈദിക പ്രമാണികളടങ്ങിയ ഒരു സംഘം ഗുണ്ടകൾ ഞാറക്കലുള്ള ലിറ്റിൽ ഫ്ലവർ കോൺവെന്റിൽ കയ്യേറിയ സംഭവം സാസ്‌കാരിക കേരളത്തിനും കേരള ക്രിസ്ത്യൻ സമുദായത്തിനും അപമാനകരമായിരുന്നു.  അതുമൂലം മെത്രാനെയും മൂന്നു വൈദികരെയും പ്രതികളാക്കിക്കൊണ്ടായിരുന്നു കന്യാസ്ത്രികൾ അന്ന് കേസ് ഫയൽ ചെയ്തത്.മർദ്ദനമേറ്റ സിസ്റ്റർ റോസി റെയിന്റെ പരാതിയിൽ അങ്കമാലി സഹായ മെത്രാൻ തോമസ് ചക്കിയത്തിനെയും പ്രതി ചേർത്തിരുന്നു. ബിഷപ്പിന്റെ സമ്മതത്തോടെയാണ് ഈ അക്രമം ഉണ്ടായതെന്ന് അവർ വിശ്വസിച്ചിരുന്നു.  രമ്യമായി പരിഹരിക്കാവുന്ന ഈ പ്രശ്‍നം ഇത്രയും വഷളാക്കിയത് മെത്രാനും പുരോഹിതരുമാണ്. തങ്ങളുടെ അധികാര പരിധിയിൽ ചൊൽപ്പടിക്ക് നിൽക്കണമെന്നാണ് ഓരോ മെത്രാനും കരുതിയിരിക്കുന്നത്. പണത്തിന്റെ ദുരാഗ്രഹവും  മെത്രാന്റെ തലയ്ക്ക് മത്തു പിടിപ്പിച്ചിരുന്നു.

കാലക്രമേണ ബിഷപ്പും പുരോഹിതരും സഭയിലുണ്ടായിരുന്ന മറ്റു കന്യാസ്ത്രികളെ  അവരുടെ നിയന്ത്രണത്തിലാക്കി.  ഞാറക്കൽ പ്രശ്നങ്ങൾക്കു കാരണം സിസ്റ്റർ ടീനയെന്നു പറഞ്ഞു കന്യാസ്ത്രികൾ അവർക്കെതിരായി പ്രവർത്തിക്കാനും തുടങ്ങി. നീണ്ട വർഷങ്ങളോളം താൻ ആത്മാർഥമായി പ്രവർത്തിച്ച മഠവും അവിടുത്തെ അധികാരികളും അവർക്കെതിരായി ഗൂഢാലോചനകളും  പ്രവർത്തനങ്ങളും  തുടങ്ങിയപ്പോൾ അവരുടെ മനസു തകർന്നിരുന്നു. ഒത്തൊരുമിച്ചു പ്രവർത്തിച്ചവരെല്ലാം അവരുടെ ശത്രുപാളയങ്ങളിലാണ്. അതിനു പിന്നിൽ ബിഷപ്പ് ചാക്യയത്തിന്റെ കറുത്ത കൈകളുമുണ്ട്.

കന്യാസ്ത്രി മഠത്തിൽനിന്നു സിസ്റ്റർ ടീനയെ പുറത്താക്കാൻ സർവ്വവിധ ശത്രുനയങ്ങളും അവരോടൊപ്പമുളള മറ്റു കന്യാസ്ത്രികൾ അനുവർത്തിച്ചു വരുന്നു. സന്യാസിനി രജിസ്ട്രാറിലെ അവരുടെ പേര് നീക്കം ചെയ്തു. അവരോടു ആരും സംസാരിക്കാൻ പാടില്ലാന്നും അധികാരികൾ നിയമമുണ്ടാക്കി. സംസാരിക്കുന്നവരെ സ്ഥലം മാറ്റി നടപടികളുമെടുക്കുന്നു. വിശന്നാൽ ഭക്ഷണം കൊടുക്കാതെ പഞ്ഞം കെടത്തും. ചെരുപ്പുകളും സോപ്പുകൾ വാങ്ങിക്കുന്നതിനുപോലുമുള്ള അലവൻസുകൾ മഠം നിർത്തൽ ചെയ്തു. അടുക്കളയിൽ ചെന്ന് ഭക്ഷിക്കാൻ ചെന്നാലും അടുക്കളയുടെ ചുമതലയുള്ളവർ നിരസിക്കും. വക്കീൽ പണിയ്ക്ക് കിട്ടുന്ന നിസാര തുകകൾ കൊണ്ട് കഷ്ടിച്ച് ജീവിക്കുന്നു.ബന്ധുജനങ്ങൾ ചെന്നാൽ, കന്യാസ്ത്രികൾ കാണാൻ അനുവദിക്കുകയോ പുറത്തു വരുകയോ ഇല്ല.   കുർബാന സമയം മറ്റുള്ള കന്യാസ്ത്രികൾക്ക് കസേര കൊടുക്കുമ്പോൾ അവർക്കു മാത്രം കൊടുക്കില്ല. മഠത്തിന്റെ പരിസരത്ത് ഒരു ചെടി നട്ടാൽ അത് മറ്റുള്ള കന്യാസ്ത്രികൾ പറിച്ചുകളയും. സ്നേഹിക്കാൻ പഠിപ്പിച്ച സ്നേഹസ്വരൂപനായ യേശുവിന്റെ സ്ഥാനത്തു ക്രൂരതയുടെ പിശാചുക്കളായ സഹ കന്യാസ്ത്രീകളാണ് അവിടെ ഭരണം നടത്തുന്നത്. മനുഷ്യത്വം മരവിച്ചുപോയ തലമുണ്ടും കുപ്പായവുമണിഞ്ഞ രാക്ഷസി സമൂഹങ്ങളുടെ കൈകളിലാണ് ഇന്നവിടെ  അധികാരത്തിന്റെ താക്കോൽ സൂക്ഷിച്ചിരിക്കുന്നത്.

ബിഷപ്പുമാർക്കും പുരോഹിതർക്കും സ്‌കൂളും പരിസരങ്ങളും പള്ളിയ്ക്ക് വിട്ടുകൊടുക്കണമെന്നുള്ള ഒരു ആവശ്യമേയുണ്ടായിരുന്നുള്ളൂ. സിസ്റ്റർ ടീന ഇത് നിരസിക്കുകയും ചെയ്തു. ബിഷപ്പുമാരുടെയും പുരോഹിതരുടെയും തോന്ന്യാസങ്ങൾക്ക് കൂട്ടു നിൽകാഞ്ഞതായിരുന്നു അവർ ചെയ്ത തെറ്റ്. അതിനവർ വലിയ വില കൊടുക്കേണ്ടി വന്നു. സഭയിൽനിന്ന് പുറത്താക്കാനുള്ള സകല തന്ത്രങ്ങളും കന്യാസ്ത്രികൾ മെനയുന്നുണ്ടെങ്കിലും കാനോൻ നിയമം അനുസരിച്ചു അവരുടെ സമ്മതമുണ്ടെങ്കിലേ അതിനു സാധിക്കുള്ളൂ. പുറത്തുപോകാൻ സകലവിധ സമ്മർദങ്ങളും അവരുടെമേലുണ്ട്. ഒരിക്കൽ തിരുവസ്ത്രമണിഞ്ഞുകൊണ്ടു സഭയ്ക്കായി സേവനം ഉഴിഞ്ഞുവെച്ച അവർ ഇനി പുറകോട്ടില്ലെന്നുള്ള തീരുമാനത്തിലാണ്. ചിലപ്പോഴെല്ലാം മനസുപതറിയപ്പോൾ സ്വന്തം തീരുമാനത്തിന് മാറ്റം വരുത്താനും തോന്നിയിട്ടുണ്ട്.

കേരളസഭയിൽ രണ്ടു കർദ്ദിനാൾമാരുണ്ട്. മുത്തുക്കുടകളുടെ കീഴിൽ കുഞ്ഞാടുകളുടെ നടുവിൽക്കൂടി നടക്കുന്ന ഭാഗ്യവാന്മാരായവർക്ക് വേദനിക്കുന്നവരുടെ കണ്ണുനീരിന്റെ കഥകൾ അറിയേണ്ട ആവശ്യമില്ല.
ഏതെങ്കിലും മാനുഷ്യക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വം കൊടുത്തതായും അറിവില്ല. അങ്ങനെയിരിക്കുമ്പോൾ ചില മണ്ടൻ പ്രസ്താവനകളുമായി ഇടയലേഖനങ്ങളും ഇറക്കും. 'സോഷ്യൽ മീഡിയാവഴി ദൈവവിളി കുറയുന്നു, കൂടുതൽ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാൻ കുടുംബങ്ങൾ ശ്രമിക്കണം, വിവാഹം പുരുഷനും സ്ത്രീയും ഇരുപത്തിമൂന്നു വയസ്സിനുള്ളിൽ കഴിക്കണം....'എന്നിങ്ങനെ പ്രസ്താവനകളുമായി വിശ്വാസി ലോകത്തെ ചിന്താകുഴപ്പത്തിലാക്കുകയും ചെയ്യും. ഇവരുടെ പഞ്ചാര വാക്കുകൾ ശ്രവിച്ചു മഠത്തിൽ വന്നെത്തുന്ന സഹോദരിമാരുടെ കരളലിയിക്കുന്ന കഥകൾ ശ്രവിക്കാൻ, അതിനു പരിഹാരങ്ങൾ കാണാൻ ഒരു അഭിഷിക്തനും മുമ്പോട്ട് വരില്ല. മനുഷ്യത്വത്തെ സ്നേഹിക്കാതെ സ്ത്രീത്വത്തെ ചവുട്ടി മെതിക്കുന്ന പാരമ്പര്യമാണ് സഭയുടെ ചരിത്രത്തിലുടനീളമുള്ളത്. സഹനത്തിൽക്കൂടി, അനുസരണയിൽക്കൂടി, പാവം കന്യാസ്ത്രീകളെ അടിച്ചമർത്തി കൊല്ലാകൊല ചെയ്തശേഷം മരിച്ചുകഴിയുമ്പോൾ അവരെ വിശുദ്ധരാക്കി പണം വാരാനുള്ള തന്ത്രങ്ങളും സഭ മെനഞ്ഞെടുക്കും.

ഞാറക്കൽ സിസ്റ്റേഴ്‌സിന്റെ ദുരവസ്ഥയ്ക്കും പരാജയത്തിനും കാരണം കൂടെ നിന്നവർ കാലുമാറുകയും അവരെ നയിച്ചവർ ചതിക്കുകയും ചെയ്തതുകൊണ്ടായിരുന്നു. സിസ്റ്റേഴ്‍സിന് എല്ലാവിധ പിന്തുണകളും നൽകി നേതൃത്വം നല്കിക്കൊണ്ടിരുന്ന  'സിസ്റ്റർ വിമല പോൾ' പെട്ടെന്ന് കാലു മാറി ബിഷപ്പിനൊപ്പം ചേർന്നത്  ഐക്യം തകരാൻ കാരണമായി.  പിന്നീടുള്ള കഥകളിൽ സമരത്തിൽ പങ്കെടുത്തവർക്ക്  അധികാരികളുടെ നിന്ദകളും പീഡനങ്ങളും ഏൽക്കേണ്ടി വന്നു. കുതികാൽ വെട്ടുമൂലം സിസ്റ്റർ ടീന ഉൾപ്പടെയുള്ളവർ സത്യത്തിന്റെ ബലിയാടുകളുമായി.

സിസ്റ്റർ ടീന, സ്വന്തം മഠത്തിനോടുള്ള അഗാധമായ സ്നേഹവും വിശ്വാസവും മൂലം   ധർമ്മത്തിനായി പൊരുതി. അഴിമതികളെയും അനീതികളെയും അംഗീകരിക്കാൻ  ടീനയ്ക്കു സാധിച്ചില്ല. അവർക്കു കിട്ടിയ പ്രതിഫലം പീഡനവും മഠത്തിൽനിന്നു പുറത്താക്കുമെന്ന ഭീഷണികളുമായിരുന്നു. ധീരതയോടെ എല്ലാ സഹനങ്ങളും താൻ വിശ്വസിക്കുന്നതായ  ദൈവത്തിൽ സമർപ്പിച്ചു. ഞാറക്കൽ കന്യാസ്ത്രീകളുടെ പ്രവർത്തികൾ വ്രതവാഗ്ദാനത്തിലെ അനുസരണക്കേടെങ്കിൽ അതേ കുറ്റങ്ങൾ തന്നെ ക്രിസ്തുവിലും പഴിചാരാൻ സാധിക്കും. അനുസരണക്കേടെന്ന പേരിൽ ശിക്ഷിക്കാൻ പുറപ്പെടുന്ന പൈശാചിക സ്ത്രീകൾ ഇന്ന് ഞാറയ്ക്കൽ മഠം കൈവശപ്പെടുത്തി കഴിഞ്ഞു. മതം പഠിപ്പിക്കുന്നത് ദൈവത്തിൽ വിശ്വാസം അർപ്പിക്കാനാണ്. തിന്മയുടെ കാവൽക്കാരായി പിശാചുക്കളെ വന്ദിക്കാൻ യേശു പഠിപ്പിച്ചിട്ടില്ല.  ആദ്ധ്യാത്മികതയുടെ വഴി തെരഞ്ഞെടുത്ത ഗാന്ധിജിയും സത്യത്തിനു നിരക്കാത്ത പൊതു നിയമങ്ങളെ ലംഘിച്ചിരുന്നു. അധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ട് സത്യം നിലനിർത്താൻ സിസ്റ്റർ ടീനയും അതേ വഴിയേ തന്നെ പൊരുതി. സഭയ്ക്ക് ഈ സഹോദരിയുടെ പോരാട്ടം സ്വീകാര്യമല്ലെങ്കിലും അവർ സമൂഹ മനസാക്ഷിയുടെ കാവൽക്കാരിയായി മാറിക്കഴിഞ്ഞു. അനീതിയും അധർമ്മവും നിലനിൽക്കുന്നിടത്തു ത്യാഗത്തിന്റെ വില മനസിലാവില്ല. സത്യത്തെയും ധർമ്മത്തെയും വിലയിരുത്തുന്നവരുടെ മനഃസാക്ഷിയിൽ സിസ്റ്റർ ടീന  നിത്യവും ഒരു നിഴലുപോലെ കാണും.





Mar Thomas Chakiath
Emeritus Auxiliary Bishop of Ernakulam-Angamaly


Thursday, January 19, 2017

ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും




ജോസഫ് പടന്നമാക്കൽ 

നിരവധി തലമുറകളുടെ ചരിത്രസാക്ഷിയായ ശബരിമല ശാസ്താവും അവിടുത്തെ പൂങ്കാവനവും ഇന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.   ആ പൂങ്കാവനത്തിനുള്ളിലാണ് അയ്യപ്പൻറെ ദേവസ്ഥാനവും. നിരവധിയായ പഴയതും പുതിയതുമായ സംസ്ക്കാര പരമ്പരകൾ അയ്യപ്പൻറെ സന്നിധാനത്തിൽക്കൂടി കടന്നു പോയിട്ടുണ്ട്. തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞാൽ വരുമാനത്തിൽ ശബരിമല രണ്ടാം സ്ഥാനത്തു നിൽക്കുന്നു. അന്യമതസ്ഥർ അവിടെ ദർശനം നടത്തുന്നുവെങ്കിൽ അന്നേ ദിവസം താൻ വിശ്വാസിയെന്നു എഴുതി കൊടുത്താൽ മതി. അങ്ങനെ മതസൗഹാർദ്ദത്തിന്റെ ഒരു ഈറ്റില്ലംകൂടിയാണവിടം. കേരളത്തിലെ മിക്ക അമ്പലങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല. അമ്പലത്തിന്റെ മുമ്പിൽ അങ്ങനെ ബോർഡും കാണാം. പക്ഷെ ശബരിമലയിൽ നൂറ്റാണ്ടുകളായി അങ്ങനെയൊരു വ്യവസ്ഥയില്ല. അവിടെ ഏതു വിശ്വാസിക്കും കയറാം.  എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ള വിശ്വാസം  ശബരിമലയിൽ വന്നതെങ്ങനെയെന്നും വിസ്മയകരമാണ്‌. മറ്റേതു അമ്പലത്തിൽ നടക്കുന്ന പൂജാവിധികൾ മാത്രമാണ് ശബരി മലയിലുമാചരിക്കുന്നത്.

ശബരിമല ശാസ്താവിന്റെ  അമ്പലമന്ദിരത്തിന്റെ കവാടത്തിങ്കൽ 'തത് ത്വം അസി' എന്ന മഹാവാക്യം ലിഖിതം ചെയ്തിട്ടുണ്ട്. 'അത് നീ ആകുന്നു' വെന്നാണ് അർത്ഥം. ഓരോ തീർത്ഥാടകനെയും സ്വാമി അവരുടെ ദൈവികത്വം അംഗീകരിക്കുകയാണ്. നീ പരമാത്മാവിന്റെ ചൈതന്യമാകുന്നുവെന്നും അതിൽ അടങ്ങിയിട്ടുണ്ട്. അത് അദ്വൈത തത്ത്വങ്ങളുടെ സത്തയാണ്. തത്ത്വമസി, ഈ മഹാവാക്യത്തിൽ തത്, ത്വം, അസി എന്നു മൂന്നു പദങ്ങളുണ്ട്. അവയുടെ അർത്ഥം:-   'തത്  - അത് (ആ പരമ സത്ത, ഈശ്വരന്‍), ത്വം ( നിന്റെ ഉള്ളില്‍ നീയായി ഇരിക്കുന്ന അന്തഃസാരം തന്നെ), അസി (ആകുന്നു). ഈശ്വരന്‍ ആകാശത്തില്‍ സകല നക്ഷത്രവ്യൂഹങ്ങൾക്കപ്പുറം എങ്ങോ മറഞ്ഞിരുന്ന് പ്രപഞ്ച നിയന്ത്രണം നടത്തുന്ന അദൃശ്യമായ ഒരു ശക്തിയാണ്. അതാണ് പരബ്രഹ്മമെന്നു പറയുന്നത്.

ആദ്യകാലങ്ങളിൽ അയ്യപ്പപ്രതിഷ്ഠ നടത്തുന്നതിന് ശ്രീ കോവിലുകളോ ബിംബങ്ങളോ ശബരിമല പ്രദേശങ്ങളിൽ ഉണ്ടായിരുന്നില്ല. അന്ന് കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കാവു പുരയിടങ്ങൾ കാണാമായിരുന്നു. അതുപോലെ ശബരിമലയിലും അയ്യപ്പപൂജ നടത്തിയിരുന്നത് കാവുകളിലായിരുന്നു. ബ്രാഹ്മണാധിപത്യം നിലവിൽ വന്നതിനു ശേഷമായിരിക്കാം അയ്യപ്പനെ നാലുകെട്ടിനുള്ളിൽ പൂജാമുറികളിൽ വിഗ്രഹവുമായി പ്രതിഷ്ഠിച്ചത്. മലകളും താഴ്വരകളും ചുറ്റും നിറഞ്ഞിരുന്നതുകൊണ്ടു പ്രകൃതി ദത്തമായും അയ്യപ്പൻ സുരക്ഷിതമായിരുന്നു. വൈദികാചാരങ്ങളുടെ കാലം തുടങ്ങിയതിൽ പിന്നീടാണ് മണി കൊട്ടിക്കൊണ്ടുള്ള പൂജയും കൊടിയേറ്റിയുള്ള ഉത്സവമൊക്കെ ആരംഭിച്ചത്. പഴങ്കാല പാട്ടുകളിൽനിന്നും കാവുകളെക്കുറിച്ചുള്ള വിവരങ്ങളൊക്കെ ലഭിക്കുന്നുണ്ട്. 'വേട്ട വിളി തോട്ടം', 'കാവെണ്ണൽ തോറ്റം' എന്നീ പാട്ടുകൾ അയ്യപ്പൻകാവിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. പണ്ട് ശബരി മലയ്ക്ക് പോകുന്നവർ കറുപ്പും കഞ്ചാവും മദ്യവും നിവേദ്യമായി അയ്യപ്പനു കൊടുക്കാൻ  കൊണ്ടുപോകുമായിരുന്നു. അതെല്ലാം നിയമവിരുദ്ധമായി പിന്നീട് തള്ളപ്പെട്ടു.

പൊന്നമ്പലമേടിലുള്ള മകരവിളക്കിന് ഒരു ഐതിഹ്യ കഥയുണ്ട്. ശബരിമലയിലുള്ള കാട്ടിൽ ശബരിയെ ശ്രീ രാമനും സഹോദരൻ ലക്ഷ്മണനും കണ്ടുമുട്ടി. 'ശബരി' നീലിമലകളുടെ അടിവാരത്തിൽ താമസിച്ചിരുന്ന ഒരു യോഗിനിയായിരുന്നു. പമ്പയുടെ കിഴക്കുഭാഗത്തു താമസിച്ചുകൊണ്ട് ധർമ്മശാസ്താവിന്റെ വരവിനായി തപസു ചെയ്തുകൊണ്ടിരുന്നു. ശബരി താമസിച്ച നീലി മലകളെയാണ് ശബരിമലയെന്നു പറയുന്നത്. അവർ മോക്ഷപ്രാപ്തി നേടിയതും ഈ മലയിൽ നിന്നായിരുന്നു. ഭക്തി പരവശയായ ശബരി ശ്രീരാമനെയും ലക്ഷ്മണനെയും കണ്ടമാത്രയിൽ രുചിയുള്ള പഴവർഗങ്ങൾ സമ്മാനിച്ചു. ശ്രീ രാമൻ ശബരിയിൽ അതീവ സന്തുഷ്ടനായിക്കൊണ്ട് അനുഗ്രഹങ്ങൾ നൽകി. അവിടെ ഒരു ദേവൻ തപസു ചെയ്യുന്നത് കണ്ടുകൊണ്ട് ശ്രീരാമൻ അതാരെന്നു ശബരിയോട് ചോദിച്ചു. ശാസ്താവെന്നു മറുപടി പറഞ്ഞു. രാമൻ, ശാസ്താവിന്റെ സമീപം വന്നു നിന്നു. ശാസ്താവ് അയോധ്യയായിലെ രാജകുമാരനെ സ്വാഗതം ചെയ്തു. അതിന്റെ സൂചകമായി മകരവിളക്ക് എല്ലാവർഷവും അതെ സമയം തെളിയിക്കാനും ആചരിക്കാനും തുടങ്ങി. മകരവിളക്കു പ്രകാശിപ്പിക്കുന്ന ദിവസം ധർമ്മ ശാസ്താവ് ഭക്തജനങ്ങളെ തപസു നിർത്തി അനുഗ്രഹിക്കുമെന്ന വിശ്വാസമാണുള്ളത്. ആ ദിവസത്തെ മകര സംക്രാന്തിയെന്നും പറയും.

ബുദ്ധന്മാരുടെ തത്ത്വമനുസരിച്ചു 'ശാസ്താ' അല്ലെങ്കിൽ ധർമ്മശാസ്‌തായെന്നു പറഞ്ഞാൽ ബുദ്ധന്റെ പതിനെട്ടു പേരുകളിൽ ഒന്നാണെന്നാണ് കരുതുന്നത്. താമരയുടെ ആകൃതിയിൽ ഒരു യോഗിയെപ്പോലെ അയ്യപ്പൻറെ ഇരിപ്പും പീഠവും ബുദ്ധവിഹാരത്തെ കാണിക്കുന്നു. അയ്യപ്പ ഭക്തന്മാരുടെ ശരണം വിളികളും സ്തോത്ര മന്ത്രങ്ങളും ബുദ്ധശിക്ഷ്യന്മാരുടെ പോലെയാണ്. അത്തരം മന്ത്രോച്ഛരണം മറ്റു ക്ഷേത്രങ്ങളിൽ കാണാനുമില്ല. ഇതെല്ലാം അനുമാനങ്ങൾ മാത്രമാണ്. ചരിത്രപരമായോ, ഭൂമിശാസ്ത്രപരമായോ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പുരാവസ്തു ശാസ്ത്ര വിഷയങ്ങളിലുള്ളതുമല്ല.

ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽക്കൂടി യാത്ര ചെയ്ത ചൈനീസ് യാത്രക്കാരൻ 'ഹുയാങ് സാങ്'(Huan Tsang) ന്റെ യാത്രക്കുറിപ്പിൽ പോടലക പർവ്വത നിരകൾക്കു സമീപമുള്ള 'അവലോകിദീശ്വര' എന്ന ബോധിസത്വയെ സൂചിപ്പിച്ചിട്ടുണ്ട്. അവലോകിദീശ്വരയെന്നാൽ വിഷ്ണുവിന്റെയും ശിവന്റെയും  വെളിപാടുകളുടെ സങ്കേതമെന്നും കരുതുന്നു. ശബരിമലയെന്നത് ആദ്യം ശിവന്റെയും വിഷ്ണുവിന്റെയും വാസസ്ഥാനമായിരുന്നുവെന്നു   പഴമൊഴിയിലുണ്ട്.

1821-ൽ പന്തളം രാജ്യം തിരുവിതാംകൂറിനോട് ചേർക്കപ്പെട്ടു. ശബരിമലയുൾപ്പടെ നാല്പത്തിയെട്ടു അമ്പലങ്ങൾ തിരുവിതാംകൂറിന്റെ നിയന്ത്രണത്തിലായി. 1910 ലാണ് അയ്യപ്പൻറെ വിഗ്രഹം ശബരിമലയിൽ പ്രതിഷ്ഠിച്ചത്. 1950-ൽ അമ്പലം പൂർണ്ണമായി തീയിൽ നശിച്ചു. ക്രിസ്ത്യൻ തീവ്രവാദികളാണ് അമ്പലം കത്തിച്ചതെന്നു പറയുന്നു. ആ സ്ഥാനത്തു പിന്നീട് പുതിയ അമ്പലം പണിയുകയുമുണ്ടായി. സംഘപരിവാർ എത്രമാത്രം പ്രചരണം നടത്തിയാലും അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യമെന്നുള്ളത് പ്രമാണികരിക്കാത്ത വെറും കെട്ടുകഥയായി മാത്രമേ കണക്കാക്കാൻ സാധിക്കുള്ളൂ.വൈദിക കാലത്തെ ഹൈന്ദവത്വത്തിന്റെ വിശ്വാസങ്ങളെ തുരങ്കം വെച്ചുകൊണ്ട് ഹിന്ദുത്വയെന്ന പുതിയ മതം പ്രചരിപ്പിക്കുകവഴി ശബരിമല അവരുടെ സ്വാധീനവലയത്തിൽ അകപ്പെടുത്തുവാൻ ശ്രമിക്കുന്നുമുണ്ട്.

ഹിന്ദുമതമെന്നു പറഞ്ഞാൽ വിവിധ ഗുണങ്ങളോടുകൂടിയ കോടാനുകോടി ആശയസംഹിതകളുടെ, ദൈവങ്ങളുടെ പ്രഭവകേന്ദ്രമാണ്. അവരിൽ സ്ത്രീ ദൈവങ്ങളും  ആരാധനമൂർത്തികളായി കാണാം.അയ്യപ്പനെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന മാളികപ്പുറത്തമ്മയെ അയ്യപ്പൻറെ സന്നിധാനത്തിനു വിദൂരമല്ലാതെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അയ്യപ്പഭക്തന്മാരായ കന്നിതീർഥാടകർ എത്താത്ത കാലത്തിൽ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാമെന്നുള്ള അയ്യപ്പൻറെ വാഗ്ദാനവും ഉണ്ട്.

ശബരിമലയമ്പലത്തിലെ അയ്യപ്പനെ ഹൃദയാമൃതമായി സ്വീകരിച്ചിരിക്കുന്ന 'മാളികപ്പുറത്തമ്മ' സുന്ദരിയായ ഒരു ദേവതയാണ്. ശബരിമല അയ്യപ്പൻറെ ശ്രീകോവിലിനു സമീപമായി മറ്റൊരു കോവിലിൽ ഇവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. അയ്യപ്പനെ തൊഴുന്ന ഭക്തജനങ്ങൾ അവരെയും നമസ്ക്കരിച്ചിട്ടേ മടക്കയാത്ര പുറപ്പെടുകയുള്ളൂ. മാളികപ്പുറത്തമ്മയെ ദർശിക്കുന്നതും ചിലർ ജന്മസായൂജ്യമായി കരുതുന്നു.  ഐതിഹ്യ കഥകളനുസരിച്ച് അവർ ഒരിക്കൽ മഹിഷിയെന്ന രാക്ഷസിയായിരുന്നു. അയ്യപ്പൻ അവരെ നിഗ്രഹിച്ചുകൊണ്ടു ശാപമോക്ഷം നൽകിയെന്നു വിശ്വസിക്കുന്നു. കാട്ടുപോത്തിന്റെ തലയുള്ള മഹിഷിയെന്ന രാക്ഷസിയെ അയ്യപ്പൻ കൊന്നപ്പോൾ അവൾ സുന്ദരിയായ പെൺകുട്ടിയുടെ ഒരു രൂപമായി മാറി. അവരുടെ മുൻജന്മത്തിൽ അവർ 'ഗൽവൻ' എന്ന ജ്ഞാനിയായ യതിയുടെ മകളായിരുന്നു. ഗൽവന്റെ ഒരു ശിക്ഷ്യൻ അവരെ പോത്തിന്റെ തലയുള്ള ഒരു രാക്ഷസിയാകട്ടെയെന്നു ശപിച്ചിട്ടുണ്ടായിരുന്നു.

'മഹിഷി' എന്ന രാക്ഷസി അയ്യപ്പനാൽ കൊല്ലപ്പെട്ടതിനാൽ അവർക്ക് ശാപമോഷം കിട്ടി. സുന്ദരിയായ ആ സ്ത്രീ അയ്യപ്പനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അയ്യപ്പൻ ബ്രഹ്മചാരിയെന്ന് അവരെ അറിയിച്ചു. ശബരിമലയിൽ ശാസ്താവായ അയ്യപ്പനു സമീപമുള്ള കോവിലിൽ അവരോടു പാർക്കാനും ആവശ്യപ്പെട്ടു. കാലക്രമത്തിൽ അവർ വസിക്കുന്നടം 'മാളികപ്പുറത്തമ്മ ശ്രീ കോവിലെ'ന്നും അറിയപ്പെടാൻ തുടങ്ങി.

അയ്യപ്പൻ അവരോട് 'കന്നി തീർത്ഥാടകരായ ഭക്തന്മാർ അയ്യപ്പ സന്നിധാനത്തിൽ എത്താത്ത കാലത്ത് മാളികപ്പുറത്തു ദേവിയെ വിവാഹം ചെയ്തുകൊള്ളാമെന്നും' പ്രതിജ്ഞ ചെയ്തു. അയ്യപ്പൻറെ അവതാരോദ്ദേശ്യവും മഹിഷിയെന്ന രാക്ഷസിയെ കൊല്ലാൻ വേണ്ടിയായിരുന്നു. ശിവനും മോഹിനിയുടെ രൂപത്തിൽ വന്ന വിഷ്ണുവും സംഭോഗിച്ചശേഷം അയ്യപ്പൻ ജനിച്ചുവെന്നാണ് വിശ്വാസം. മഹിഷിക്ക് ലഭിച്ച ഒരു വരമനുസരിച്ചായിരുന്നു അയ്യപ്പനെന്ന അവതാരമൂർത്തി ജനിച്ചത്. മഹിഷിയെന്ന രാക്ഷസി രാക്ഷസനായ മഹിഷാസുരയുടെ സഹോദരിയായിരുന്നു. ദുർഗാദേവി നിഗ്രഹിച്ചു രൂപം പ്രാപിച്ച രാക്ഷസനാണ്  മഹിഷാസുരൻ. ഒരു പുരുഷനും  മഹിഷാസുരനെ കൊല്ലാൻ സാധിക്കില്ലാന്നുള്ള വരവുമുണ്ടായിരുന്നു. കാലക്രമേണ 'ദുർഗാദേവി' ശക്തിയുടെ ദേവതയായി ഈ രാക്ഷസനെ കൊല്ലുകയായിരുന്നു. മഹിഷിയെന്ന രാക്ഷസി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ ഉഗ്രമായ തപസ്സനുഷ്ഠിക്കാൻ തുടങ്ങി. അവസാനം ബ്രഹ്മാവ്  പ്രത്യക്ഷപ്പെട്ടുകൊണ്ട് അവർക്ക് ഒരു വരം കൊടുത്തു. ശിവനിൽനിന്നും വിഷ്ണുവിൽ നിന്നും ജനിക്കുന്ന പുത്രനുമാത്രമേ മഹിഷിയെ നിഗ്രഹിക്കാൻ സാധിക്കുള്ളൂവെന്നായിരുന്നു ആ വരം.

പുരുഷദൈവങ്ങളായ ശിവനും വിഷ്ണുവും തമ്മിൽ പരിഗ്രഹിച്ചുകൊണ്ട് ഒരു കുട്ടിയെ ജനിപ്പിക്കുകയെന്നതു പ്രായോഗികമായിരുന്നില്ല. വിഷ്ണു നൃത്തപ്രിയയായി മോഹിനിയുടെ രൂപം പ്രാപിച്ചു. ശിവനും മോഹിനിയും സംഭോഗത്തിലേര്‍പ്പെട്ടശേഷം ജനിച്ച കുട്ടിയാണ് അയ്യപ്പൻ. പന്തളം രാജാവ് വനത്തിൽക്കൂടി പരിവാരങ്ങളുമായി നായാട്ടിനു പോയ സമയം ശിശുവായ അയ്യപ്പനെ വനാന്തരങ്ങളിൽ അനാഥനായി കിടക്കുന്നതു കണ്ടു. അദ്ദേഹം അയ്യപ്പനെ രാജകുമാരനായി വളർത്തി. അയ്യപ്പൻ വളർന്നു കഴിഞ്ഞപ്പോൾ രാക്ഷസിയായ മഹീഷിയെ വധിച്ചുവെന്നാണ് കഥ.

സ്ത്രീകൾ അയ്യപ്പനെ ദർശിച്ചാൽ അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വരുമെന്ന് തീവ്രമത വിശ്വാസികൾ അഭിപ്രായപ്പെടുന്നു. അത്തരം ചിന്തകൾ യുക്തിരഹിതങ്ങളാണ്. സ്ത്രീയെ കണ്ടാൽ ഗുരുപദിഷ്ടമായ നിഷ്ഠകള്‍ തെറ്റാതെ അനുഷ്ഠിക്കുന്ന അയ്യപ്പന് ഇളക്കം വരുമെങ്കിൽ അങ്ങനെയുള്ള അയ്യപ്പൻ എങ്ങനെ ഒരു ശക്തിയുള്ള ദൈവമാകും.കേരളത്തിനു പുറത്തുള്ള പ്രത്യേകിച്ച് വടക്കേ ഇൻഡ്യയിൽ ഉള്ളവരാണ് സ്ത്രീകളെ അമ്പലത്തിൽ പ്രവേശിപ്പിക്കണമെന്ന വാദഗതികളുമായി കൂടുതലും മുറവിളി കൂട്ടുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ സമത്വവും അമ്പലങ്ങളിൽ പ്രവേശനം വേണമെന്നും ഒരു കൂട്ടർ വാദിക്കുമ്പോൾ പരമ്പരാഗതമായ വിശ്വാസം മാറ്റുവാൻ സാധിക്കില്ലെന്നും സ്ത്രീകളുടെ പ്രവേശനം നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ബാധിക്കുമെന്നും രണ്ടാമത്തെ കൂട്ടർ വിശ്വസിക്കുന്നു. എതിർഭാഗത്തുള്ള വാദഗതികളെ തിരസ്ക്കരിക്കുകയും ചെയ്യുന്നു.

അട്ടയ്ക്കും പുഴുവിനും കീടങ്ങൾക്കും വരെ അയ്യപ്പ ശാസ്താവിന്റെ വിഗ്രഹങ്ങൾക്ക് ചുറ്റും ഇഴഞ്ഞു നടക്കാം. സമീപപ്രദേശങ്ങളിൽനിന്നും ശ്വാനന് ഓലിയാനുമിടാം. അഹിന്ദുക്കൾക്കും സഞ്ചരിക്കാം. എന്നിട്ടും യുവതികൾക്ക് അയ്യപ്പ സന്നിധാനം വിലക്കുന്നത് അധർമ്മമാണ്. അവരുടെ ആർത്തവകാലവും കാരണങ്ങളായി ചൂണ്ടികാണിക്കുന്നു. ഒരു കൊച്ചുപെൺകുട്ടി വിഗ്രഹത്തെ സ്പർശിച്ചപ്പോൾ അയ്യപ്പൻ അശുദ്ധമായി. അതിനായി ശുദ്ധികലശം നടത്തിക്കൊണ്ട് വലിയ ഒച്ചപ്പാടുമുണ്ടാക്കി. അത് ഹൈന്ദവത്വമല്ല. ഇതൊക്കെ  ചോദിക്കാൻ അഹിന്ദുവിന്‌ എന്ത് കാര്യമെന്നു ചിന്തിക്കുന്നവരുമുണ്ടെന്നറിയാം. അയുക്തി കാണുന്നവരെ വിരൽ ചൂണ്ടാൻ ആർക്കും അവകാശമുണ്ട്. കാരണം ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഭാരതത്തിലെ ഒരേ വായു തന്നെയാണ് ശ്വസിക്കുന്നത്. ക്രിസ്ത്യാനികളും മുസ്ലിമുകളും റോമ്മായിൽ നിന്നോ, മെക്കായിൽനിന്നോ വന്നവരല്ല. അവരും ഈ രാജ്യത്തിന്റെ വെളിച്ചവും ചൂടുമനുഭവിച്ച കറയറ്റ പൗരന്മാരാണ്. വൈദികകാലത്തിന്റെ പാരമ്പര്യം അവർക്കുകൂടി അവകാശപ്പെട്ടിരിക്കുന്നു.

വേദങ്ങളും ഉപനിഷത്തുക്കളും സ്ത്രീകൾക്ക് സമത്വം മാത്രമേ കൽപ്പിച്ചിട്ടുള്ളൂ. അതിനെ സാധുകരിച്ച് സംസ്കൃതത്തിൽ ധാരാളം ശ്ലോകങ്ങളുമുണ്ട്. സൃഷ്ടിയുടെ രഹസ്യങ്ങളും സ്ത്രീയിൽക്കൂടിയെന്നു വൈദികമതം വിശ്വസിക്കുന്നു. ഹൈന്ദവത്വത്തിൽ ദൈവങ്ങളിൽപ്പോലും അസമത്വമില്ല. ദുർഗപോലുള്ള ദൈവങ്ങളിൽക്കൂടി സ്ത്രീയെ ശക്തിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ സ്ത്രീ അയ്യപ്പൻറെ മുമ്പിൽ മാത്രം അശുദ്ധമോ? നീതിയും സത്യവും കൈമുതലായുള്ള അയ്യപ്പനുപോലും ഈ അധർമ്മം പൊറുക്കാൻ സാധിക്കില്ല.

വേദങ്ങളും പുരാണങ്ങളും സ്ത്രീയ്ക്ക് അവരുടെ സർവ്വവിധ പ്രവർത്തനമണ്ഡലങ്ങളിലും പൂർണ്ണമായ  സ്വാതന്ത്ര്യം കല്പിക്കുന്നുണ്ട്. ഒരു മകനും ഒരു മകൾക്കും മാതാപിതാക്കളുടെ പാരമ്പര്യമായ സ്വത്തിന്മേൽ തുല്യാവകാശമാണുള്ളതെന്നു ഋഗ്‌വേദം പറയുന്നു. ഒരു രാജ്യത്തിന്റെ നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ സ്ത്രീയും പുരുഷനും തുല്യപങ്കാളിത്വം വഹിക്കണമെന്ന് അഥർവ്വ  വേദവും പഠിപ്പിക്കുന്നു. ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ത്രിമൂർത്തി ദൈവങ്ങളിലും സ്ത്രീയുണ്ട്. സ്ത്രീത്വവുമുണ്ട്.

ശബരിമലയിൽ സ്ത്രീയ്ക്ക് പ്രവേശനം നിഷേധിക്കവഴി ഹിന്ദുക്കളുടെ അടിസ്ഥാന തത്ത്വങ്ങളെവരെ അവിടെ   ലംഘിക്കുകയാണ് ചെയ്യുന്നത്. ഒരു ശിശു ജനിക്കുന്ന സമയം  ആണാണെങ്കിലും പെണ്ണാണെങ്കിലും പരിശുദ്ധവും നിഷ്കളങ്കവുമാണ്. ദൈവത്തിന്റെ കൃപ ജനനത്തിലും ആണിനും പെണ്ണിനും വ്യത്യാസമില്ലാതെ ലഭിക്കുന്നു. വൈവാഹിക ജീവിതത്തിലും ഭാര്യയേയും ഭർത്താവിനെയും തുല്യപങ്കാളികളായിട്ടാണ് ഋഗ്‌വേദം ചിത്രീകരിച്ചിരിക്കുന്നത്.

ഒരു പുരുഷൻ ദിവസേന പത്തു പ്രാവിശ്യം കുളിച്ചില്ലെങ്കിൽ അശുദ്ധനെന്നുണ്ട്. അങ്ങനെയെങ്കിൽ സന്നിധാനത്തിലെത്തുന്ന പുരുഷന്മാരെല്ലാം അശുദ്ധരല്ലേ! അവിടെ സ്ത്രീയ്ക്ക് മാത്രം വിലക്ക് കല്പിക്കണോ? സ്ത്രീകൾ ആർത്തവകാലങ്ങളിൽ അശുദ്ധരെങ്കിൽ പുരുഷന്മാരും ബീജപ്രതിക്രിയകൾ ശരീരത്തിൽ പ്രവർത്തിക്കുമ്പോൾ അശുദ്ധരല്ലേ?അനേക സ്ത്രീ ദൈവങ്ങളുള്ള സ്ഥിതിക്ക് ഈ നൈഷ്ഠിക ബ്രഹ്മചര്യമെല്ലാം അർത്ഥമില്ലാത്തതാണ്. അതുകൊണ്ടു ഒരു സ്ത്രീയ്ക്ക് ഏതു പ്രായത്തിലും അമ്പലത്തിൽ പോവാനുള്ള അനുവാദം കൊടുക്കുന്നത് നീതിയും  സനാതനത്തവുമാണ്.

കുറുനരികൾക്കും കാട്ടുമൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും ശബരിമല കേറാം. എന്നാൽ സ്ത്രീയായി പിറന്നവർക്ക് അവിടം നാരികേറാ മലയായിട്ടു മതപൂജാരികളും തീവ്രവാദികളും വിധിയെഴുതിയിരിക്കുന്നു. അമ്പലങ്ങളിൽ പൂജയ്ക്കായും പ്രാർഥനയ്ക്കായും പോവുന്ന ഭക്തജനങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളെന്നു സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.  പക്ഷെ ദേവസ്വം ബോർഡിലെ ഭരണതലങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ അവിടെ ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒറ്റയൊരു സ്ത്രീയുമില്ലെന്നു കാണാം.

ശബരിമലയിൽ സ്ത്രീകൾക്കു മൊത്തം പ്രവേശനമില്ലെന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മറ്റൊരു വാദം. അവിടെ പ്രവേശനമില്ലാത്തതു യുവതികൾക്ക് മാത്രമെന്ന വിഷയം കോടതിയെ ബോദ്ധ്യപ്പെടുത്തുന്നുമില്ല. എന്നാൽ ഭരണഘടനപ്രകാരം വിവേചനം ഒരു വിഭാഗത്തിനും പാടില്ലാന്നുള്ളതാണ്. എല്ലാ ജാതിക്കാർക്കും ശബരിമലയിൽ പ്രവേശിക്കാം. വാവറിനു പോലും അയ്യപ്പസ്വാമിയുടെ മുമ്പിൽ സ്ഥാനമുണ്ട്. ഇഴജന്തുക്കൾക്കു പോലും അകത്തു കടക്കാം. അതിലും അധമമായിട്ടാണ് സ്ത്രീയെ കരുതുന്നത്. ദൈവം പൂർണ്ണനെന്നും പറയുന്നു. അങ്ങനെ പൂർണ്ണമായ ദൈവത്തിനു ഒരു യുവതിയെ കണ്ടാൽ ഇകഴ്ന്നുപോവുമോ. 'സ്ത്രീ', ദൈവത്തിന്റെ സൃഷ്ടിയിലെ ഒരു തെറ്റല്ലെന്ന കാര്യം സ്ത്രീയെ  വിലക്കുന്നവർ എന്തുകൊണ്ടു ചിന്തിക്കുന്നില്ല.

വേദങ്ങളും ഹിന്ദു പുരാണങ്ങളും സ്ത്രീകളെപ്പറ്റിയും സ്ത്രീ ശക്തിയെപ്പറ്റിയും വ്യത്യസ്തങ്ങളായി വിവരിച്ചിട്ടുണ്ട്. സ്ത്രീയെ പരമസത്യമായ ദൈവം മുതൽ അനുസരണയുള്ള മകളായും അമ്മയായും വീട്ടുകാര്യങ്ങൾ നോക്കേണ്ടവളായും വർണ്ണിച്ചിരിക്കുന്നു. ഋഗ്‌വേദത്തിലെ ദേവീസൂക്തയിൽ ഇക്കാണുന്ന പ്രപഞ്ച സൃഷ്ടിയിൽ നിഴലിക്കുന്നത് സ്ത്രീയുടെ ചൈതന്യമെന്നു വിവരിച്ചിരിക്കുന്നു. അതേ  ചൈതന്യമാണ് പദാർത്ഥങ്ങളെയും, ഉപബോധ മനസ്സുകളെയും വേർതിരിക്കുന്നത്. ഉപബോധ മനസിലുള്ള ആത്മം നിത്യതയും പ്രദാനം ചെയ്യുന്നു. അത് ഭൗതികതയുടെ സത്യവും വാസ്തവികതയും അതീന്ദ്രിയവും ഭാവനാധീതവുമാകുന്നു. സൃഷ്ടികർത്താവും ബ്രഹ്മനും പരമാത്മാവും ഒന്നുതന്നെയാണ്.   ഉപനിഷത്തുക്കളിലും ശാസ്ത്രങ്ങളിലും വേദങ്ങളിലും പ്രത്യേകിച്ച് ദേവി മാഹാത്മ്യത്തിലും ദേവി ഭാഗവത പുരാണത്തിലും സ്ത്രീയെ ശക്തിയുടെ കേന്ദ്രമായി വർണ്ണിച്ചിട്ടുണ്ട്.

മനുസ്മ്രിതിയിൽ പറഞ്ഞിരിക്കുന്നത് 'ഒരുവൾ കുട്ടിയായിരിക്കുമ്പോൾ അവൾക്ക് അപ്പന്റെ സംരക്ഷണവും പരിപാലനവും വേണം. അപ്പനെ അനുസരിക്കണം. ഒരു യുവതിയെന്ന നിലയിൽ ഭർത്താവിനെയും വിധവയെന്ന നിലയിൽ മകനെയും അനുസരിക്കണം.' മറ്റൊരിടത്തു പ്രമാണികരിച്ചിരിക്കുന്നത് സ്ത്രീയെ ബഹുമാനിക്കണം, അടയാഭരണങ്ങൾ അണിയിച്ചൊരുക്കണം. എവിടെ സ്ത്രീയെ പൂജിതയായി കാണുന്നുവോ അവിടെ ദൈവങ്ങൾ ആനന്ദിക്കും. വേദങ്ങളുടെ അപ്രസക്തിയിൽ, പിൽക്കാലങ്ങളിൽ സ്‌ത്രീയെ തിരസ്ക്കരിക്കാൻ തുടങ്ങിയിരിക്കാം. സ്ത്രീയെ തരം താഴ്ത്തിക്കൊണ്ടുള്ള ആചാരോപാനുഷ്ഠാനങ്ങൾ രണ്ടാം നൂറ്റാണ്ടിനുശേഷം അന്നത്തെ സാമൂഹിക ചുറ്റുപാടുകളനുസരിച്ചു മാറ്റപ്പെട്ടതുമാകാം. പുതിയ നിയമത്തിലെ സെന്റ് പോളിന്റെ സുവിശേഷത്തിലും സ്ത്രീ പുരുഷന്റെ അടിമയായി പുരുഷൻ പറയുന്നനുസരിച്ചു ജീവിക്കാനാണ് പറഞ്ഞിരിക്കുന്നത്.

ഋഗ്വേദത്തിലെ ദേവീസൂക്തായിൽ പ്രമാണികരിച്ചിരിക്കുന്നത് 'ദേവി ബ്രഹ്മനാകുന്നു'വെന്നാണ്.  അവളിൽനിന്ന് പ്രകൃതിയും പുരുഷനും ഉയർന്നു വന്നു. പ്രകൃതിയിൽ നിന്ന് പദാർത്ഥങ്ങളും പുരുഷനിൽ നിന്ന് ആത്മവും. ആത്മമെന്നുള്ളത് അന്തർബോധമെന്നർത്ഥം. അവൾ പരമമായ നിത്യാനന്ദവും നിർവൃതിയുമാകുന്നു. പ്രപഞ്ചം അവളിൽ അടങ്ങിയിരിക്കുന്നു. സ്ത്രീകൾ താത്ത്വികമായ ചർച്ചകളിൽ പങ്കെടുത്തിരുന്നതായും ഉപനിഷത്ത് പറയുന്നുണ്ട്. അവരുടെയിടയിൽ പണ്ഡിതരും, അദ്ധ്യാപകരും പുരോഹിതരുമുണ്ടായിരുന്നു. സംസ്കൃതത്തിൽ 'ആചാര്യ' എന്നാൽ ഗുരുവെന്നർത്ഥം. 'ആചാരിണി' ഗുരുവിന്റെ ഭാര്യയും. സ്ത്രീകളിൽ ഗുരുക്കന്മാരുമുണ്ടായിരുന്നു.

ബ്രാഹ്മണാധിപത്യത്തിൽ തകർന്ന ജനത ജാതിയിൽ താണ അധഃകൃതർ മാത്രമല്ല, അന്തപ്പുരകളിൽ വസിച്ചിരുന്ന അന്തർജനങ്ങളും അക്കൂടെയുണ്ട്. അവരുടെ ജീവിതം ബ്രാഹ്മണ പുരുഷമേധാവിത്വത്തിന്റെ മുമ്പിൽ അടിയറ വയ്‌ക്കേണ്ടി വന്നിരുന്നു. ബ്രാഹ്മണിക്കൽ ശാസ്ത്രങ്ങളിൽ പുരുഷ മേധാവിത്വമായിരുന്നു നിഴലിച്ചിരുന്നത്. നാലുകെട്ടിനുള്ളിൽ ഒന്നു ശബ്ദിക്കാനുള്ള അവകാശമില്ലാതെ സ്ത്രീകൾ വീർപ്പുമുട്ടിയിരുന്നു. അവരെ സംബന്ധിച്ച് ജീവിതംതന്നെ ശവക്കുഴികളും അന്തപ്പുരകൾ ഒരു മഹാനരകവുമായിരുന്നു.

പഴയകാലത്ത് ജാതിയിൽ താണവനു, വഴി നടക്കാനും കുളിക്കാനും സമാധാനമായി ഉറങ്ങാൻപോലും  സാധിക്കില്ലായിരുന്നു. ജനകീയം വന്നപ്പോൾ അത്തരം വ്യവസ്ഥകൾക്കെല്ലാം പരിവർത്തനം വന്നു. എന്നിട്ടും സ്ത്രീയ്ക്ക് മാത്രം ശാസ്താവിനെ ദർശിക്കാനുള്ള അവകാശം   നിഷേധിക്കുന്നതു'  തികച്ചും ലജ്‌ജാവഹമല്ലേ? അത്തരം പുരുഷന്റെ ചിന്തകൾ ഇന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്കു തന്നെ അപമാനവുമാണ്. ആധുനിക കാലത്തിലെ ജനകീയ ദേവസ്ഥാനത്ത് സ്ത്രീയ്ക്ക് പ്രവേശനമില്ലാത്തതും അന്ധവിശ്വാസങ്ങളടങ്ങിയ കെട്ടുകഥകളുടെ അടിസ്ഥാനത്തിലാണ്. മാനവിക സംസ്ക്കാരത്തെ തന്നെ അമ്പലത്തിലെ ഭരണകർത്താക്കളും പൂജാരികളും തന്ത്രികളും ചവുട്ടിമെതിക്കുന്നതു ദുഃഖകരം തന്നെ.

ശബരിമലയിൽ യുവതികളായ സ്ത്രീകൾക്കു വിലക്ക് കൽപ്പിക്കുന്ന വിധി 1991-ലെ ജസ്റ്റിസ് പരിപൂർണ്ണനും ജസ്റ്റീസ് കെ.ബി.മാരാരുമടങ്ങിയ കേരള ഹൈക്കോടതി ബെഞ്ച് ഒപ്പുവെച്ചിരുന്നു.  അതുവരെ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും അവിടെ പ്രവേശനമുണ്ടായിരുന്നു. അന്നൊന്നും അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വന്നില്ല. ശബരിമലയിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ആരംഭിച്ചത് 1950 നു ശേഷമാണ്. ക്ഷേത്രം ഭരിക്കുന്നവരുടെ സ്വാർത്ഥതാല്പര്യങ്ങൾ ഓരോ തീരുമാനങ്ങളിലും  സ്പഷ്ടമായി കാണാം.

വേദങ്ങളും പുരാണങ്ങളും സ്ത്രീയുടെ മഹത്വം പ്രമാണികരിക്കുന്നുണ്ടെങ്കിലും  ശബരിമല പ്രദേശങ്ങളിൽ സ്ത്രീകളുടെ യാത്രകൾ സുരക്ഷിതമല്ലെന്നുള്ള വസ്തുതകളും അംഗീകരിക്കേണ്ടതായുണ്ട്. ശക്തമായ സുരക്ഷിതാ സംവിധാനം നടപ്പാക്കിയാൽ മാത്രമേ സ്ത്രീകളുടെ ശബരിമല പ്രവേശനത്തെപ്പറ്റി ഗൗരവപരമായ ഒരു തീരുമാനമെടുക്കാൻ സാധിക്കുള്ളൂ.   അമ്പതു വയസുള്ള സ്ത്രീകളുടെയും പത്തു വയസുള്ള കുഞ്ഞു കുട്ടികളുടെയും ദേഹത്തു  സ്പർശിക്കുന്ന അയ്യപ്പന്മാരുണ്ട്. വയസ്സായ സ്ത്രീകൾക്കുപോലും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കാത്ത നാട്ടിൽ ശബരി മലയെന്ന കാട്ടുപ്രദേശത്തുള്ള പുണ്യഭൂമിയുടെ അവസ്ഥ എന്തായിരിക്കുമെന്നും ആലോചിക്കുക. അയ്യപ്പന്മാരെ വിശ്വസിക്കേണ്ട ആവശ്യമില്ല. ടോയിലറ്റുകൾ ഒരു സ്ഥലത്തുമില്ല. സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ തുറസായ സ്ഥലങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും സാധിക്കില്ല. പൊതുവഴികളിൽ അത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതും സംസ്ക്കാരത്തിന് ചേർന്നതുമല്ല.

പമ്പയാറും അതിന്റെ തീരപ്രദേശങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്ന കാടുകളും വനഭൂമികളും  അതിനുള്ളിലെ വന്യമൃഗങ്ങളും ഇഴജന്തുക്കളും മൊട്ടക്കുന്നുകളും തരണം ചെയ്തുകൊണ്ടുള്ള സ്ത്രീകളുടെ ശബരിമല തീർത്ഥയാത്രകളെ അനുകൂലിക്കാനും പ്രയാസമാണ്. ഇങ്ങനെയൊരു അഭിപ്രായത്തിനു പ്രേരിപ്പിച്ചത്, സ്ത്രീകളോടുള്ള  വിവേചനം കൊണ്ടല്ല മറിച്ച് പമ്പയുടെ തീരവും വനപ്രദേശങ്ങളും സ്ത്രീ സഞ്ചാരത്തിന് അനുയോജ്യങ്ങളായ പ്രദേശങ്ങളല്ലാത്തതുകൊണ്ടാണ്. കൂടാതെ അയ്യപ്പന്മാരുടെ മറവിൽ കപടവേഷധാരികൾ കൊള്ളയും ആക്രമണങ്ങളും നടത്തും. സ്ത്രീകളെ പീഡിപ്പിക്കാനും ശ്രമിക്കും. വനങ്ങളുടെ നടുവിൽ വ്യപിചാര ശാലകളും നക്ഷത്ര ബംഗ്ളാവുകളും പൊന്തിവരാം. അയ്യപ്പന്മാരെങ്കിലും നമ്മുടെ പുരുഷന്മാരെ വിശ്വസിക്കേണ്ട ആവശ്യവുമില്ല. പ്രായമായ സ്ത്രീകളെയും പീഡിപ്പിച്ച കഥകൾ ശബരിമല പരിസരങ്ങളിൽ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊങ്കാല എന്ന ഒരു ഉത്സവം ആഘോഷിക്കാറുണ്ട്. ആ ഉത്സവത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് മാത്രമേ സാധിക്കുള്ളൂ. പുരുഷന്മാരെ അവിടെ വിലക്കിയിരിക്കുകയാണ്. അവിടെയുള്ള ആ വിവേചനത്തിൽ ആരും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്നും ചോദ്യം വരാറുണ്ട്. ഒരു സ്ത്രീയ്ക്ക് പൊതുവഴികളിൽകൂടി പോലും സുരക്ഷിതമായി നടക്കാൻ സാധിക്കില്ല. അങ്ങനെയുള്ള സന്ദർഭത്തിൽ ദുരിതപൂർണ്ണമായ  യാത്രകളിൽക്കൂടി ഒരു അമ്പലത്തിൽ സ്ത്രീകൾക്കും പോവണമെന്നുള്ള ആകാംഷകളിൽ    എന്തർത്ഥമാണുള്ളത്? നമ്മുടെ ചിന്താഗതികളിൽ ദൈവം സർവ്വവ്യാപിയെന്നിരിക്കെ ആ കൊടുംവനത്തിൽക്കൂടി  സ്ത്രീയ്ക്ക് തീർത്ഥാടനം നടത്തണമെന്നുള്ള വാദഗതികൾക്ക് പ്രായോഗികതയുണ്ടോ?

സ്ത്രീകളുടെ തീർത്ഥ യാത്രമൂലം ഉണ്ടാകാവുന്ന ജനബാഹുല്യം പരിസ്ഥിതിയെ നശിപ്പിക്കുമെന്നു  പരിസ്ഥിതി പ്രവർത്തകയായ ശ്രീമതി സുഗതകുമാരി അഭിപ്രായപ്പെട്ടിരിക്കുന്നു. പമ്പയാറ്റിൽ അയ്യപ്പപ്രവാഹം മൂലം മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കെട്ടിക്കിടക്കുന്നു. കുറെ വർഷങ്ങൾക്കു മുമ്പ് തീർഥാടകർ കേരളത്തിൽനിന്ന് മാത്രമുള്ളവരായിരുന്നു. ഇന്ന് ഭാരതത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി മില്യൻ കണക്കിന് ഭക്തജനം അവിടെയെത്തുന്നു. സ്ത്രീകൾക്കാവശ്യമുള്ള ടോയ്‌ലറ്റുകളൊന്നും ആ പ്രദേശങ്ങളിലില്ല. വനവിഭവങ്ങളോടൊപ്പം മൃഗസമ്പത്തും നശിക്കുന്നു. വനങ്ങൾ നശിച്ചാൽ പ്രകൃതിയും വരണ്ടുപോകും. ഭൂപ്രദേശങ്ങൾ മരുഭൂമിയായി തീരും. വെള്ളത്തിന്റെ ഉറവിടകളും നിലനിൽക്കും.

ശബരിമലയിലെ പതിനെട്ടാം പടിക്കും നിർവ്വചനങ്ങൾ കല്പിച്ചിട്ടുണ്ട്. പതിനെട്ടു മലകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നു വാദങ്ങളുണ്ട്. നാലു വേദങ്ങൾ, ആറു ശാസ്ത്രങ്ങൾ, ചതുരുപായങ്ങൾ, നാല് വർണ്ണങ്ങൾ ചേർന്നാൽ പതിനെട്ടാംപടിയാകുമെന്നു പറയുന്നവരുമുണ്ട്. അയ്യപ്പദർശനവും കഴിഞ്ഞ് പരബ്രഹ്മത്തിന്റെ പൊരുളും മനസിലാക്കി മലയിറങ്ങുന്ന ഭക്തരെ നോക്കിക്കൊണ്ട് ഒരു പാവം പെണ്ണിന്റെ നീണ്ട കാത്തിരുപ്പ് തുടർന്നുകൊണ്ടിരിക്കും. അയ്യപ്പനെ പ്രണയിച്ച മാളികപ്പുറത്തമ്മയെന്ന ദേവസുന്ദരി വേളി കഴിക്കാമെന്നുള്ള മോഹങ്ങളോടെ നോക്കി നിൽക്കുമ്പോൾ കന്നി അയ്യപ്പന്മാരെ കണ്ടാൽ പ്രതീക്ഷകളസ്തമിച്ചു ദുഃഖിതയുമാവും.

Joychan Puthukulam News 














Friday, January 13, 2017

പ്രവാസികളുടെ താരം ശ്രീമതി സുഷമ സ്വരാജ് (ഒരു അവലോകനം)



ജോസഫ് പടന്നമാക്കൽ 

ഭാരതീയ ജനതാ പാർട്ടി അംഗവും പതിനാറാമത് ലോകസഭയിലെ ക്യാബിനറ്റ് മന്ത്രിയും  മുതിർന്ന നേതാവുമായ ശ്രീമതി സുഷമ സ്വരാജ്,  ചരിത്രം തിളങ്ങുന്ന നേട്ടങ്ങളുമായി ലോകമാകമാനമുള്ള പ്രവാസി സമൂഹങ്ങളുടെ പ്രിയങ്കരിയായി തീർന്നിരിക്കുന്നു.  രാഷ്ട്രീയത്തിൽ പരാജയങ്ങളും വിജയങ്ങളും  ഒന്നുപോലെ രുചിച്ചറിഞ്ഞശേഷം ഭാരതീയ ജനതാ പാർട്ടിയിൽക്കൂടി ഉയർന്നു വന്ന ഒരു പ്രതിഭയാണവർ.   ഇപ്പോൾ മോദി  സർക്കാരിലെ പ്രഗത്ഭയായ വിദേശകാര്യ മന്ത്രിയും. ആറു പ്രാവിശ്യം ഇന്ത്യൻ പാർലമെന്റിൽ സേവനം ചെയ്തു. പതിനഞ്ചാം ലോകസഭയിൽ പ്രതിപക്ഷനേതാവുമായിരുന്നു. 1977 മുതൽ 1982 വരെ ഹരിയാനയുടെ എം.എൽ. എ ആയിരുന്നു. 1998-ൽ ഡൽഹിയുടെ എം എൽ. എ യായും സേവനം ചെയ്തു. അതേ വർഷംതന്നെ  ഡൽഹിയുടെ ആദ്യത്തെ മുഖ്യമന്ത്രിയുമായി. എക്കാലവും രാഷ്ട്രീയപരമായി വിവാദങ്ങളടങ്ങിയ നേട്ടങ്ങൾ കൊയ്തുകൊണ്ടുള്ള ജീവിതമായിരുന്നു അവർക്കുണ്ടായിരുന്നത്. ഭരിക്കുന്ന സർക്കാരുകളിലും  പ്രതിപക്ഷത്തും ഒരുപോലെ പ്രധാനപ്പെട്ട  സ്ഥാനമാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

ചരിത്രത്തിൽ ഓരോ കാലഘട്ടങ്ങളിലും സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ, പ്രഗത്ഭരായ സ്ത്രീകൾ ഭരണ സംവിധാനങ്ങളിൽ നേതൃത്വം കൊടുത്തിരുന്നതായി കാണാം. അവരിൽ പ്രമുഖരായ ഇന്ദിരാ ഗാന്ധി, സിരി മാവോ, ഗോൾഡാ മേയർ, മാർഗരറ്റ് താച്ചർ എന്നിവർ ലോകനേതാക്കളുടെ പട്ടികകളിൽ ഉൾപ്പെടുന്നു.  ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഏറ്റവും കൂടുതൽനാൾ പ്രസിഡന്റ് പദം അലങ്കരിച്ച നേതാവ് സോണിയാ ഗാന്ധിയാണ്. കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭവതികളായ സ്ത്രീ നേതാക്കളിൽ 'അക്കമ്മ ചെറിയാനും' 'കെ.ആർ. ഗൗരിയും' പ്രഥമ ഗണങ്ങളിൽപ്പെടുന്നു.  തമിഴ് നാട്ടിലെ ജയ ലളിത, യു പി. യിലെ മായാവതി, ബംഗാളിലെ മമതാ ബാനർജി, ദൽഹി മുഖ്യ മന്ത്രിയും കേരളാ ഗവർണ്ണറുമായിരുന്ന ഷൈല ദിക്ഷിത്, എന്നിവരുടെ പേരുകൾ എടുത്തുപറയേണ്ടിയിരിക്കുന്നു. രാജ്യസഭയിലും ലോകസഭയിലും നിറം പകർത്തുന്ന യുവതികളായ എം.പി.മാരും മറ്റു രാഷ്ട്രീയ നേതാക്കന്മാരുമുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര സ്കിൻഡ്യയാ, മഹാരാഷ്ട്രയിലെ പവാറിന്റെ മകൾ സുപ്രിയാ സുലെ, ലോകസഭാ സ്പീക്കറായിരുന്ന സംഗമയുടെ മകൾ അഗതാ സംഗമ എന്നിവർ യുവതികളായ നേതാക്കളുടെ  ഗണത്തിൽപ്പെടുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ ഈ വനിതാ നേതാക്കൾക്ക് നാടിനും സമൂഹത്തിനും വേണ്ടി പ്രവർത്തിച്ച ആദർശവാദികളെന്ന ലേബലുകളുണ്ടെങ്കിലും  ശക്തമായ വിമർശനങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും അവർ രാജ്യത്തിനു വേണ്ടി നൽകിയ സംഭാവനകളെ ചെറുതാക്കുന്നതും അഭികാമ്യമല്ല.

ഇന്നുള്ള  ഇന്ത്യയിലെ സ്ത്രീ രാഷ്ട്രീയക്കാരുടെയിടയിലുള്ള  ബലവത്തായ  സുഷമാജി, പ്രവാസി സമൂഹങ്ങൾക്കുവേണ്ടി സംസാരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വക്താവുംകൂടിയാണ്. 1952-ഫെബ്രുവരി പതിനാലാം തിയതി അമ്പാല കന്റോണ്മെന്റിലുള്ള ശ്രീ ഹർദേവ് ശർമയുടെയും ശ്രീമതി ലക്ഷ്മി ദേവിയുടെയും മകളായി 'സുഷമാ സ്വരാജ്' ജനിച്ചു. അവരുടെ പിതാവ് ആർ.എസ്.എസ്' സംഘടനയിൽ പ്രവർത്തിച്ചിരുന്നു. അമ്പാല കന്റോണ്മെന്റിലുളള എസ്.ഡി കോളേജിൽനിന്നും  രാഷ്ട്രീയ തത്ത്വശാസ്ത്രത്തിലും സംസ്കൃതത്തിലും ബി.എ.ഡിഗ്രികൾ കരസ്ഥമാക്കി. പഞ്ചാബിലുള്ള ചാണ്ഡിഗർ യൂണിവേഴ്സിറ്റിയിൽനിന്നു എൽ.എൽ.ബി. ഡിഗ്രിയും നേടി. 1970-ൽ എസ്‌.ഡി. കോളേജിൽനിന്നും പഠിക്കാനേറ്റവും സമർത്ഥയായിരുന്ന വിദ്യാർഥിനിയെന്നനിലയിൽ  അവാർഡുകളും നേടിയിരുന്നു.

പാഠ്യേതരമായ വിഷയങ്ങളിലും അവർ അതിമിടുക്കിയായിരുന്നു. ക്ലാസിക്കൽ സംഗീതം, നാടകം മുതലായ കലാ പ്രകടനങ്ങളിൽ മികച്ച കഴിവുകൾ കാഴ്ച വെച്ചിട്ടുണ്ട്. കവിതകളും എഴുതുമായിരുന്നു. സാഹിത്യത്തിലും അഭിരുചിയുണ്ടായിരുന്നു. എസ്‌.ഡി.കോളേജിലെ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഏറ്റവും മികച്ച വനിതാ എൻ.സി.സി. കേഡറ്റായി അവരെ തെരഞ്ഞെടുത്തിരുന്നു. ഹരിയാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും  സംസ്ഥാന നിലവാരങ്ങളിൽ നടത്തിയിരുന്ന പ്രസംഗ മത്സരങ്ങളിൽ ഹിന്ദിയിലെ ഏറ്റവും നല്ല പ്രാസംഗികയായി അറിയപ്പെട്ടിരുന്നു. കൂടാതെ തുടർച്ചയായി അവാർഡുകളും  നേടിയിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെയും ഏറ്റവും പ്രാവീണ്യം നേടിയ  പ്രാസംഗികയായിരുന്നു. പദ്യപാരായണത്തിലും, വാദപ്രതിവാദങ്ങളിലും, യുക്തി ചിന്തകളിലും സാംസ്ക്കാരിക കലകളിലും അവാർഡുകളുടെ ഒരു കൂമ്പാരം തന്നെ നേടിക്കൊണ്ടിരുന്നു. നാലു വർഷത്തോളം ഹരിയാന സ്റ്റേറ്റിലെ ഹിന്ദി സാഹിത്യ സംഘടനകളുടെ അദ്ധ്യക്ഷയുമായിരുന്നു.

സുഷമ പഠിക്കുന്ന കാലങ്ങളിൽ വിദ്യാർഥി യൂണിയൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നുതുകൊണ്ടു ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വഴിത്തിരുവിനും കാരണമായി. 1970ൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു. ഇന്ദിരാ ഗാന്ധിജിക്കെതിരെ അവരുടെ നേതൃത്വത്തിൽ തുടർച്ചയായ പ്രതിക്ഷേധ പ്രകടനങ്ങളും   സംഘടിപ്പിച്ചിരുന്നു. അനേകായിരങ്ങളെ ആകർഷിക്കത്തക്ക പ്രസംഗ വൈഭവവും അവർക്കുണ്ടായിരുന്നു. ജനതാ പാർട്ടിയിൽ ചേർന്ന് അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തുകൊണ്ടിരുന്നു. നല്ലയൊരു സംഘാടകയെന്നും തെളിയിച്ചു. ഡൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പിന്നീട് ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവുമായി. ഇരുപത്തിയേഴാം വയസ്സിൽ പാർട്ടിയുടെ ഹരിയാന സ്റ്റേറ്റ് പ്രസിഡണ്ടായി പ്രവർത്തിച്ചു.

1975 ജൂലൈ പതിമൂന്നാംതിയതി സുപ്രീം കോടതി അറ്റോർണി ശ്രീ സ്വരാജ് കൗശലിനെ വിവാഹം ചെയ്തു. ശ്രീ കൗശൽ ക്രിമിനൽ നിയമങ്ങളിൽ വിദഗ്ദ്ധനായിരുന്നു. 1990-ൽ കൗശൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണ്ണറായിരുന്നു. കൂടാതെ 1990 മുതൽ 2004 വരെ അദ്ദേഹം പാർലമെന്റ് അംഗവുമായിരുന്നു. അവരുടെ മകൾ ബാൻസുരി കൗശൽ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാരിസ്റ്റർ അറ്റ് ലോ (Barrister at Law) ബിരുദമെടുത്തു.

 'സുഷമ'  1973-ൽ സുപ്രീം കോടതിയിൽ അഡ്വക്കേറ്റായി പരിശീലനം തുടങ്ങി. ലോകസഭാ മത്സരത്തിൽ അവർ 1980 ലും 1984 ലും 1989-ലും പരാജയപ്പെട്ടു. ഓരോ പ്രാവശ്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയോടാണ് തോറ്റത്. 1996-ൽ അവർ ലോകസഭയിൽ  ജയിക്കുകയും ചുരുങ്ങിയ ദിവസങ്ങൾ മാത്രം (13 days) വാജ്‌പേയി മന്ത്രിസഭയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്ക്യാസ്റ്റിങ്ങ് (Information and Broadcasting) മന്ത്രിയാവുകയുമുണ്ടായി. 1998-ൽ വീണ്ടും തെരഞ്ഞെടുക്കുകയും അതെ വർഷം മാർച്ച് മുതൽ ഒക്ടോബർ വരെ മന്ത്രിയാവുകയും ചെയ്തു.  മന്ത്രിസ്ഥാനം അവർ രാജിവെക്കുകയും ഡൽഹി മുഖ്യമന്ത്രിയെന്ന ചുമതലയേറ്റെടുക്കുകയും ചെയ്തു. 1998-ൽ ഡൽഹി  അസംബ്ലി മത്സരത്തിൽ ബി.ജെ.പി. പരാജയപ്പെട്ടപ്പോൾ 'സുഷമ സ്വരാജ്' വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ വന്നു.

സോണിയാ ഗാന്ധിക്കെതിരെ കർണ്ണാടകയിലെ ബെല്ലാരി നിയോജകമണ്ഡലത്തിൽ നിന്നും 'സുഷമ സ്വരാജ്' മത്സരിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു. അവിടം എക്കാലവും കോൺഗ്രസ്സ് പാർട്ടിയുടെ കുത്തകയായിരുന്ന ഒരു പാർലമെന്റ് മണ്ഡലമായിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി മുന്നേറിയ അവർക്ക് മൂന്നു ലക്ഷത്തി അമ്പത്തിയെണ്ണായിരം വോട്ടുകൾ നേടാൻ കഴിഞ്ഞു. വെറും അയ്യായിരത്തി അറുനൂറു വോട്ടിന്റെ കുറവുകൊണ്ടാണ് സുഷമ  അന്നു സോണിയാ ഗാന്ധിയോട് പരാജയപ്പെട്ടത്. എങ്കിലും ബി. ജെ. പി യെ സംബന്ധിച്ച് കർണ്ണാടകയിൽ രാഷ്ട്രീയ വേരുകളുറപ്പിക്കാൻ സുഷമയുടെ ഈ മത്സരം സഹായകമായിരുന്നു.

'ഒരു ഇറ്റാലിയൻ സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിക്കുമെന്ന ഘട്ടം വന്നപ്പോൾ അതിനെ ഏറ്റവുമധികം എതിർത്ത വ്യക്തി സുഷമാ സ്വരാജായിരുന്നു. ഭാരതത്തിന്റെ മണ്ണിൽ ഒരു വിദേശസ്ത്രീ പ്രധാനമന്ത്രിയാകുന്നപക്ഷം താൻ തല മുണ്ഡനം ചെയ്യുമെന്നും വെറും തറയിൽ കിടക്കുമെന്നും വെള്ള സാരിയുടുത്തുകൊണ്ടു ധാന്യങ്ങൾ മാത്രം ഭക്ഷിച്ചു ജീവിക്കുമെന്നും' അവർ പ്രഖ്യാപിച്ചു. അവരുടെ ഈ പ്രസ്താവന രാജ്യമാകെ കോളിളക്കമുണ്ടാക്കിയിരുന്നു. നാനാഭാഗത്തുനിന്നും വിമർശനങ്ങളും നേരിടേണ്ടി വന്നു. വിമർശനങ്ങൾ അവർ ചെവികൊണ്ടില്ല. 'താൻ ധീര യോദ്ധാവായിരുന്ന മഹാറാണാ പ്രതാപിന്റെ കാലടികളെ പിന്തുടരുന്ന രാജ്യസ്നേഹിയെന്നും' അവർ വിമർശകർക്ക് മറുപടി കൊടുത്തു.

2006 ഏപ്രിലിൽ സുഷമ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയും രാജ്യസഭയുടെ ഉപാദ്ധ്യക്ഷയെന്ന സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.

സുഷമയെ ട്വിറ്റർ താരമെന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയായിലെ താരം സുഷമയാണ്. ട്വിറ്ററിൽക്കൂടി സഹായം അഭ്യർദ്ധിച്ചു വരുന്നവരെ നിരാശപ്പെടുത്താൻ  അവർ  ഒരിക്കലും ആഗ്രഹിക്കില്ല. സഹായത്തിനെത്തുന്നവരുടെയും  ദുഃഖിതരാവുന്നവരുടെയും മുമ്പിൽ അടിപതറുന്ന ശുദ്ധമായ ഒരു മനസാണ്  അവർക്കുള്ളത്. ആഗോള പ്രശ്നങ്ങൾ അവർ നേരിട്ട് കൈകാര്യം ചെയ്യുന്നതുകൂടാതെ ഓൺലൈൻ വഴി അനേകരുടെ വ്യക്തിഗതമായ ആവശ്യങ്ങളും പരിഹരിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം സർക്കാരിലെ ചുവപ്പുനാടകളുടെ ഒളിച്ചുകളികൾക്ക് നിർവാഹകമാവുകയും ചെയ്യുന്നു.

ട്വിറ്ററിൽക്കൂടി ആയിരക്കണക്കിന് സഹായം അഭ്യർഥിച്ചവരുടെ ആവശ്യങ്ങളാണ് അവർ ഇതിനോടകം നിറവേറ്റിയത്. 2016 ഒക്ടോബർ പത്തൊമ്പതാം തിയതി ന്യുജേഴ്സിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന ഹരി ഓം  പാണ്ഡെ  (Hariom Pandey)  മരിച്ചു. പാണ്ഡെയുടെ മരണശേഷം ഏതാനും ദിവസങ്ങൾക്കകം അദ്ദേഹത്തിൻറെ ഭാര്യ  'ദീപക്'  ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആശുപത്രി ചെലവുകളെല്ലാം അവരുടെ സുഹൃത്തുക്കൾ വഹിച്ചെങ്കിലും ജീവിക്കാൻ അവർക്ക് മടങ്ങി പോയേ മതിയാവുമായിരുന്നുള്ളൂ. അതിനായി ജനിച്ച കുഞ്ഞിന് ഇന്ത്യയിൽ പോവാൻ പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോൾ കാലതാമസമുണ്ടാകുമെന്നു മനസിലായി. ട്വിറ്ററിൽക്കൂടി അവർ സുഷമയുമായി ബന്ധപ്പെട്ടു. നവംബർ എട്ടാം തിയതി രാത്രിയിൽ എത്തിയ അപേക്ഷയ്ക്ക് ഒമ്പതാം തിയതി രാവിലെതന്നെ പ്രതികരണവും ലഭിച്ചു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു, "ദീപിക, നിങ്ങൾ അഭിമുഖീകരിക്കുന്ന ഈ വിഷമഘട്ടത്തിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഇന്ത്യൻ എംബസിയോട് നിങ്ങളെ അടിയന്തിരമായി സഹായിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്." മന്ത്രിയുടെ ഇടപെടൽ മൂലം ഒരു ദിവസം കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. മാനസികമായും ശാരീരികമായും തളർന്നുപോയ ആ യുവതിയ്ക്ക് സുഷമയുടെ സഹായം ഒരു ആശ്വാസമായിരുന്നു.

ആഭ്യന്തര യുദ്ധങ്ങളിൽ അകപ്പെട്ട യെമൻ പ്രശ്നങ്ങളിൽ ഇന്ത്യക്കാർ അവിടെ കുടുങ്ങിയപ്പോൾ അവരെയെല്ലാം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ സുഷമാജിക്കൊരു വെല്ലുവിളിയായിരുന്നു. സുരക്ഷിതമായിത്തന്നെ അവരുടെ രാജ്യത്തുനിന്ന് അടിയന്തിരമായി തിരിച്ചു കൊണ്ടുവന്നതും സാഹസികതയായിരുന്നു. വിജയകരമായി ദൗത്യം പൂർത്തിയാക്കുകയും ചെയ്തു. അവിടെ അകപ്പെട്ടു പോയവരെ രക്ഷിക്കാൻ ഇന്ത്യൻ എയർ ഫോഴ്സ് രണ്ടു വിമാനങ്ങളയച്ചു. 1100 വീതം യാത്രക്കാരെ കൊണ്ടുവരാൻ രണ്ടു കപ്പലുകളും അയച്ചു. ഇന്ത്യൻ നേവിയുടെ  സുമിത്ര, മുംബൈ, തർകാഷ് എന്നിങ്ങനെ മൂന്നു യുദ്ധക്കപ്പലുകളും യെമനിലെത്തി. യാത്രാ രേഖകളുടെ അഭാവത്തിൽ ആരുടെയും ഇന്ത്യയിലേക്കുള്ള യാത്രകൾ നിഷേധിച്ചില്ല. യെമനിൽ കുടുങ്ങി കിടന്ന മൂന്നു പാക്കിസ്ഥാനികളെ രക്ഷിക്കുകയും അവരെ പാക്കിസ്ഥാനിലെത്താനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ആപത്തിൽ കുടുങ്ങികിടക്കുമ്പോൾ ശത്രു രാജ്യമാണെങ്കിലും മാനുഷിക പരിഗണനങ്ങളെയായിരുന്നു അവർ മാനിച്ചിരുന്നത്.

അതിർത്തികൾക്കിടയിലെ അകലങ്ങളിൽ ജീവിക്കുന്നവർക്കും സുഷമ സ്വരാജ് ഒരു ആശ്രയമാണ്.  ഇന്ത്യൻ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിച്ച പാക്കിസ്ഥാൻ പെൺകുട്ടികൾക്ക് ചുവപ്പുനാടകളിടപെടാതെ ഇന്ത്യയിലേക്കുള്ള സുഗമമായ യാത്രക്കായി ഉടനടി തന്നെ വിസാ നൽകാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. പുതിയതായി ജനിച്ച കുഞ്ഞുങ്ങൾക്കും രോഗവും മരണവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും അടിയന്തിരമായി യാത്ര ചെയ്യേണ്ടവർക്കും താമസമില്ലാതെ പാസ്പോർട്ട് നൽകാനുള്ള സുഷമയുടെ ട്വിറ്ററിൽ കൂടിയുള്ള സംവിധാനവും ഇടപെടലുകളും വിദേശത്തു ജീവിക്കുന്നവർക്ക് ഒരു ആശ്വാസമാണ്.

2017 ജനുവരിയിൽ ഏറ്റവും ഒടുവിലായി കിട്ടിയ ഒരു വാർത്തയിൽ കുവൈറ്റിലെ ഫറവാനിയ ആശുപത്രിയിൽ രോഗിയായി അബോധാവസ്ഥയിൽ ഗുരുതരമായി കഴിയുന്ന ഒരു മലയാളി സ്ത്രീയെപ്പറ്റിയുള്ള അന്വേഷണങ്ങളുമായി സുഷമാ സ്വരാജ് എത്തിയെന്നുള്ളതാണ്.  കുവൈറ്റ് ഇന്ത്യൻ എമ്പസിയിൽ നിന്നും വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടു. കൊല്ലം, കുണ്ടറ സ്വദേശി കുവൈറ്റിൽ ജോലി ചെയ്യുന്ന ജോൺ ജോർജിന്റെ ഭാര്യ ആനി കൊച്ചുകുഞ്ഞാണ്‌ അവർ. ആനിയുടെ മകൻ സച്ചിൻ ഇന്ത്യയിൽ പട്ടാളത്തിൽ ജോലിചെയ്യുന്നു. തീവ്ര പരിചരണത്തിൽ ആശുപത്രിയിൽ കഴിയുന്ന അവരെ ഉടനടി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനും സുഷമ നിർദ്ദേശിച്ചു കഴിഞ്ഞു.

പാർലമെന്റിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിലുള്ളവരുടെപോലും സ്‌നേഹാദരവുകൾ  സുഷമാജിയ്ക്ക് ലഭിക്കുന്നുണ്ട്. എതിർ പാർട്ടികളിലുള്ളവരുടെയും  ബഹുമതികൾ ലഭിച്ച ഒരു കേന്ദ്ര മന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുള്ളൂ. 'ആം ആദ്മി പാർട്ടി'യിലെ' 'ഭഗവാൻ വാണി' പാർലമെന്റിൽ സുഷമയെ പുകഴ്ത്തികൊണ്ട് സംസാരിച്ചതും ശ്രദ്ധേയമായിരുന്നു. "സുഷമാജി, നിങ്ങൾക്ക് എന്റെ നന്ദി, നമ്മുടെ ജനങ്ങളെ വിദേശരാജ്യങ്ങളിലുള്ള ആഭ്യന്തര കലാപങ്ങളിൽനിന്നും രക്ഷപെടുത്തുന്നതിൽ നിങ്ങൾ രാഷ്ട്രത്തിനായി ചെയ്ത സേവനങ്ങൾ അതുല്യങ്ങളെന്നും അതുമൂലം രാഷ്ട്രമെന്നും നിങ്ങളോടു കടപ്പെട്ടിരിക്കുമെന്നും" അദ്ദേഹം പറഞ്ഞു.

മറ്റൊരു പാർലമെന്റ് അംഗമായ  'മാൻ', തന്റെ മണ്ഡലത്തിൽനിന്നും പതിമൂന്നുപേരെ സൗദി അറേബ്യയായിൽ അടിമകളായി പാർപ്പിച്ചതും സുഷമയുടെ തക്ക സമയത്തുള്ള ഇടപെടൽ മൂലം അവരെയും മറ്റു എട്ടു പേരെയും അവിടെനിന്നു രക്ഷപെടുത്തി നാട്ടിൽ സുരക്ഷിതമായി കൊണ്ടുവരുകയും ചെയ്ത കഥകളും വിവരിച്ചു. അദ്ദേഹവും സുഷമാജിയോട് നന്ദി പറഞ്ഞു. .എ.പി. അംഗം 'ധരം വീർ ഗാന്ധി'യ്ക്ക് 'യാതൊരു ചോദ്യവും ചോദിക്കാനില്ലെന്നും സുഷമയോട് നന്ദി മാത്രം പറഞ്ഞാൽ മതിയെന്നും' പറഞ്ഞു. 'എന്താവശ്യമുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും അവർ സഹായിച്ചിട്ടുള്ള ചരിത്രം മാത്രമേയുള്ളൂവെന്നും പഞ്ചാബിനുവേണ്ടി അവർ ചെയ്ത സേവനങ്ങൾക്ക് കണക്കു ബോധിപ്പിക്കാൻ സാധിക്കില്ലാന്നും' പറഞ്ഞു. ബി.ജെ.പി. നേതാവായ ബി.ജെ. പാണ്ഡെ സുഷമാജിയെ നോക്കിക്കൊണ്ടു പറഞ്ഞത്, "എന്തു  ചോദ്യങ്ങൾ ചോദിച്ചാലും അവർ വളരെ സരളമായി ഹിന്ദിയിൽ മറുപടി പറയും. ഇംഗ്ലീഷിൽ ചോദിച്ചാലും മറുപടി ഹിന്ദിയിൽ തന്നെ കിട്ടും. പാർലമെന്റിൽ ഹിന്ദി അറിയാവുന്നവർപോലും ഇംഗ്ളീഷിൽ മാത്രമേ മറുപടി പറയുള്ളൂവെന്നും പാണ്ഡെ ചൂണ്ടി കാണിച്ചു. മന്ദസ്മിതത്തോടെ കൈകൾ കൂപ്പിക്കൊണ്ട് സുഷമാജി എല്ലാവർക്കും അന്നേദിവസം നന്ദിയും രേഖപ്പെടുത്തിയിരുന്നു.

2016 നവംബർ പതിനാറാം തിയതി സുഷമ തന്റെ 'കിഡ്‌നി' പ്രവർത്തന രഹിതമായതുകൊണ്ടു രോഗബാധിതയായി ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (All India Medical Institute) പ്രവേശിപ്പിച്ചിരിക്കുന്നുവെന്നു ട്വിറ്റ് ചെയ്തിരുന്നു. 2016 നവംബർ ഏഴാംതീയതി അവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവരോടുള്ള സ്നേഹാദര സൂചകമായി രാജ്യത്തിന്റെ നാനാഭാഗത്തുമുള്ളവർ അവർക്ക് കിഡ്‌നി ദാനം ചെയ്യാൻ തയ്യാറായി വന്നിരുന്നു. ബന്ധുജനങ്ങളുടെ കിഡ്‌നികൾ അവരുടെ ശരീരത്തിന് യോജിച്ചതായിരുന്നില്ല. കിഡ്‌നിയ്ക്ക് പ്രശ്നമായതു ഡയബിറ്റിസ് മൂർച്ഛിച്ചതുകൊണ്ടായിരുന്നു. മീഡിയാകളിൽനിന്ന്  നൂറു കണക്കിന് ജനമാണ് അവർക്ക്  കിഡ്‌നി ദാനമായുള്ള വാഗ്ദാനങ്ങളുമായി  രംഗത്തു വന്നത്. പാക്കിസ്ഥാൻ ഹൈകമ്മീഷണർ ഉൾപ്പടെ പ്രമുഖരായ പലരും എത്രയും വേഗന്ന് രോഗ വിമുക്തയാകാൻ അവർക്ക് ആശംസകളർപ്പിച്ചിരുന്നു.

നവംബർ പത്തൊമ്പതാം തിയതി ഒരു മുസ്ലിം യുവാവ് കിഡ്‌നി ദാനം ചെയ്യാനായിട്ടു തയ്യാറായി വന്നു.  'കിഡ്‌നിയ്ക്ക് യാതൊരു മതവുമില്ലെന്നു' അവർ അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഉത്തര പ്രദേശിലെ ഒരു മുൻമന്ത്രിയും സുഷമാജിക്കു  കിഡ്‌നി നൽകാനാഗ്രഹിച്ചു.   മുൻമന്ത്രി പറഞ്ഞു, "എന്റെ കിഡ്‌നി സുഷമ സ്വരാജിന് ദാനം ചെയ്യാൻ  ആഗ്രഹിക്കുന്നു. അവരുടെ സത്യസന്ധത, രാജ്യത്തോടുള്ള കർമ്മനിരത  നിറഞ്ഞ  പ്രവർത്തനങ്ങൾ, ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രയത്നങ്ങൾ, എന്നീ കാര്യങ്ങളിൽ അവർ നമ്മുടെ രാജ്യത്തിനുതന്നെ ഒരു മാതൃകയാണ്. തന്റെ കിഡ്‌നി സുഷമയ്ക്ക് സ്വീകാര്യമാകണമേയെന്നും ആഗ്രഹിക്കുന്നു."  അപരിചിതയായ നാല്പത്തിരണ്ടു വയസുള്ള ഒരു സ്ത്രീയുടെ കിഡ്‌നി അവർക്ക് പാകമായിരുന്നു.  കിഡ്‌നി മാറ്റാൻ രാവിലെ ഒമ്പതുമണി മുതൽ തുടങ്ങിയ പ്രവർത്തനം രണ്ടര മണി വരെ നീണ്ടുനിന്നു. ഏകദേശം അമ്പത് ഡോക്ടർമാരോളം സമീപത്തുണ്ടായിരുന്നു.

രാഷ്ട്ര നേതാക്കൾ സംബന്ധിച്ചിരുന്ന നേതൃ സമ്മേളനത്തിൽ സുഷമ യുണൈറ്റഡ് നാഷനിൽ ചെയ്ത പ്രസംഗം പ്രത്യേകം ശ്രദ്ധേയമായിരുന്നു.  ശാക്തിക ചേരികളിലെ രാഷ്ട്രങ്ങളുൾപ്പടെ ലോക നേതാക്കൾ  പ്രസംഗം കേൾക്കുകയും കയ്യടികൾ നേടുകയും ചെയ്തു. അവരുടെ മുൾമുന വെച്ചുകൊണ്ടുള്ള സംസാരശൈലിയിൽ പാക്കിസ്ഥാൻ പ്രതിനിധിയ്ക്ക് ഉത്തരമില്ലാതായി. അവർ ലോക നേതാക്കളോടായി പറഞ്ഞു, "ഇന്ത്യാ  എത്രമാത്രം സഹിഷ്ണതയും സഹകരണ മനോഭാവവും പാക്കിസ്ഥാനോട് പ്രകടിപ്പിച്ചാലും ആ രാജ്യം എക്കാലവും ഭീകരത തങ്ങളുടെ രാജ്യത്തിൻമേൽ അഴിച്ചുവിടാനാണ് ശ്രമിച്ചിട്ടുള്ളത്.  പത്താൻക്കോട്ടിലും യൂറിയിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെ അവർ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ജനജീവിതം തകർക്കുന്നു. ഇന്ത്യൻ പട്ടാളത്തെയും രാജ്യത്തിലെ പൗരന്മാരെയും ആക്രമിക്കുന്നു. ഭീഷണികളും മുഴക്കിക്കൊണ്ടിരിക്കുന്നു. ദിനം പ്രതി കാശ്മീരിലും അതിർത്തി പ്രദേശങ്ങളിലും ഭീകരർ അരാജകത്വവും സൃഷ്ടിക്കുന്നു. നിഷ്കളങ്കരായ ഗ്രാമീണരെയും വധിക്കുന്നു."

'സമാധാനത്തിൽ അധിഷ്ഠിതമായ ഇന്ത്യാ  എക്കാലവും പാക്കിസ്ഥാനോട് സൗഹാർദ്ദത്തിൽ കഴിയാനാണ് ആഗ്രഹിച്ചിരുന്നതെന്നും' അവർ ലോകത്തെ ബോദ്ധ്യപ്പെടുത്തി. പ്രധാന മന്ത്രി മോദിയുടെ സത്യപ്രതിജ്ഞ വേളയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാഷ് ഷെരീഫിനെ ക്ഷണിച്ചതും അഫ്‍ഗാനിസ്ഥാനിൽനിന്ന് മടങ്ങി വരും വഴി ഷെരീഫിന്റെ ജന്മദിനത്തിൽ മോദി പങ്കെടുത്തതും സുഷമ പ്രസംഗ മദ്ധ്യേ  പറഞ്ഞിരുന്നു. ' മോദിയുടെ പാക്കിസ്ഥാൻ സന്ദർശനം വഴി ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിന്റെ അടിത്തറ പാകാനും സൗഹാർദ്ദം സ്ഥാപിക്കാനും നടത്തിയ ശ്രമങ്ങളായിരുന്നുവെന്നും' അവർ ലോകത്തെ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യാ  ലോകത്തിലുള്ള എല്ലാ രാജ്യങ്ങളോടും സൗഹാർദ്ദ മനോഭാവമാണ് പുലർത്തുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യയ്ക്കെന്നും ലോകസമാധാനത്തിനായി പ്രവർത്തിച്ച ചരിത്രമാണുള്ളതെന്നും  ലോക രാഷ്ട്രങ്ങളെ ഓർമ്മിപ്പിച്ചു.

ലോകത്തുള്ള എല്ലാ ഭീകരാക്രമണങ്ങൾക്കും പുറകിൽ പാക്കിസ്ഥാന്റെ ശക്തമായ കറുത്ത കൈകളുണ്ടെന്നും അവർ പറഞ്ഞു.  'എ.കെ. 47 റൈഫിൾ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഒരു പാക്കിസ്ഥാൻ ഭീകരൻ അവരുടെ ആരാധകനെന്നും അതേ സമയം രാജ്യം രക്ഷിക്കാൻ അതിർത്തി കാക്കുന്ന ഒരു ഇന്ത്യൻ ജവാൻ അവരെ സംബന്ധിച്ചു കൊലയാളിയെന്നും പാക്കിസ്ഥാൻ കരുതുന്നതായി' പ്രസംഗ മദ്ധ്യേ സുഷമ ലോകരാഷ്ട്രങ്ങളെയറിയിച്ചു. 'ബുർഹാൻ വാണി'യെന്ന ഒരു ഭീകരനെ പാക്കിസ്ഥാൻ അവരുടെ ഹീറോയായി കരുതുന്നു. അങ്ങനെയുള്ള ഒരു ഭരണകൂടത്തിൽ നിന്ന് ഇന്ത്യയ്ക്ക് എന്തു പ്രതീക്ഷിക്കാൻ സാധിക്കുമെന്നും  പാക്കിസ്ഥാനെന്നുള്ളത് ഒരു പരാജയപ്പെട്ട രാജ്യമെന്നും' സുഷമ പറഞ്ഞപ്പോൾ സമ്മേളനത്തിൽ പങ്കെടുത്തവർ ഒന്നാകെ സുഷമയുടെ വാക്കുകളെ ശരിവെച്ചു.

ഹഫീസ് സെയിദിനെപ്പോലുള്ള ഭീകരരുടെ ഉദ്ധരണികൾ ആവർത്തിച്ചുകൊണ്ടാണ്, പാക്കിസ്ഥാനിലെ പ്രധാനമന്ത്രി പ്രസംഗിക്കുന്നതെന്നും  പാക്കിസ്ഥാനെന്നതു ഭീകരരുടെ നാടാണെന്നും ഭീകര സംഘടനകൾ പാക്കിസ്ഥാൻ തെരുവുകളിൽക്കൂടി പ്രകനങ്ങൾ സംഘടിപ്പിക്കുന്നതും സാധാരണമാണെന്നുള്ള സുഷമയുടെ വാക്കുകൾ അർത്ഥ ഗംഭീരങ്ങളായിരുന്നു. ലോകം സുഷമയുടെ പാക്കിസ്ഥാനെ ഖണ്ഡിച്ചുള്ള പ്രഭാഷണം ശരി വെക്കുകയും ചെയ്തു. 'ഒസാമാ ബിൻ ലാദനും താലിബാൻ ചീഫും പാക്കിസ്ഥാനിൽ അഭയസ്ഥാനം കണ്ടെത്തിയെന്നും അങ്ങനെയുള്ള ഒരു രാജ്യം ഭീകര രാഷ്ട്രമായിരുന്നുവെന്നുള്ള മറ്റെന്തു തെളിവുകളാണ് വേണ്ടതെന്നും' ചോദിച്ചു.  'കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും അവിടം  അങ്ങനെയായിരിക്കുമെന്നും' അവർ തറപ്പിച്ചു പറഞ്ഞു.

സുഷമയുടെ പ്രസംഗം അതിർത്തികടന്നുള്ള പാക്കിസ്ഥാന്റെ അടുത്തയിടയിലുണ്ടായ ഭീകരാക്രമണത്തിന് ഒരു തിരിച്ചടിയും ശക്തമായ സന്ദേശവുമായിരുന്നു. ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം ശരിവെക്കുകയും ചെയ്തു. ഇനി ഇന്ത്യാ  ശാന്തമായിരിക്കില്ലെന്നും പ്രഖ്യാപിച്ചു. ലോകം മുഴുവനുമുള്ള സമൂഹം സുഷമയുടെ പ്രസംഗത്തെ പിന്താങ്ങി. ഇതിനേക്കാളും രാഷ്ട്രത്തിനായി മറ്റൊന്നും ചെയ്യാനില്ലെന്നു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി.










wedding viral photo

Thursday, January 5, 2017

മാടത്തരുവിയിലെ മറിയക്കുട്ടിയും ബെനഡിക്ടച്ചന്റെ വിശുദ്ധ സഹനങ്ങളും

ജോസഫ് പടന്നമാക്കൽ 

അരനൂറ്റാണ്ടുകൾക്കപ്പുറത്തു നടന്ന കുപ്രിസിദ്ധമായ മാടത്തരുവി മറിയക്കുട്ടിക്കൊലക്കേസിനെപ്പറ്റി ഇന്നുള്ള  മുതിർന്ന തലമുറകളിൽ പലരും ഓർമ്മിക്കുന്നുണ്ടാവാം! ഫാദർ ബെനഡിക്ട് ഓണംകുളം പ്രതിയായിരുന്ന ആ കേസിനെ സംബന്ധിച്ചുള്ള ചൂടുള്ള വാർത്തകൾ വായിക്കാൻ ദീപിക കൊണ്ടുവരുന്ന പത്രക്കാരനെ കാത്തിരിക്കുന്നതും ഓർക്കുന്നു. പേപ്പറുകൾ ചൂടപ്പം പോലെ വിറ്റഴിയുമായിരുന്നു. കേരളകൗമുദിയും തനിനിറവും ഫാദർ ബെനെഡിക്റ്റിനെ മറിയക്കുട്ടിയുടെ ഘാതകനായി ചിത്രീകരിക്കുമ്പോൾ ദീപികയ്ക്കും മനോരമയ്ക്കും അദ്ദേഹം നിഷ്കളങ്കനായിരുന്നു. മഞ്ഞപത്രമായ തനിനിറത്തിന്റെ പ്രചരണം പത്തിരട്ടിയായി വർദ്ധിക്കുകയും ചെയ്തു. അന്നൊക്കെ ഒരു പുരോഹിതനെന്നു പറഞ്ഞാൽ വിശ്വാസികളെ സംബന്ധിച്ചടത്തോളം ദൈവതുല്യമായിരുന്നു. ഒരു കൊലക്കേസിൽ പുരോഹിതൻ പ്രതിയാകുന്നതും ശിക്ഷ ലഭിക്കുന്നതും കേരള ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. മാടത്തരുവി കേസെന്നറിയപ്പെട്ടിരുന്ന ഈ സംഭവം അക്കാലങ്ങളിൽ ഓരോ കത്തോലിക്കന്റെയും ആത്മാഭിമാനത്തിന്റെ പ്രശ്നമായും കരുതിയിരുന്നു. കൊല്ലം ഡിസ്ട്രിക്ട് ജഡ്ജ് കുഞ്ഞുരാമൻ വൈദ്യർ  അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് കേരള ഹൈക്കോടതിയിലെ ജഡ്ജി പി.റ്റി രാമൻ നായരുടെ വിധിയിൽ നിരുപാധികം കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

ഫാദർ ബെനഡിക്റ്റ് 1929-ൽ അതിരംപുഴയിലുള്ള ഒരു സിറിയൻ കത്തോലിക്കാ കുടുംബത്തിൽ  ജനിച്ചു. മാന്നാനം, സെന്റ് എപ്രേം സ്‌കൂളിൽ വിദ്യാഭ്യാസം. ആറാം ക്‌ളാസ് പഠനം പൂർത്തിയാക്കിയശേഷം  1950-ൽ ഒരു പുരോഹിതനാകാൻ സെമിനാരിയിൽ ചേർന്നു.1959-ൽ പൗരാഹിത്യ പട്ടം സ്വീകരിക്കുകയും ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള വിവിധ പള്ളികളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1962-ൽ മന്ദമാരുതിയടുത്തുള്ള കണ്ണമ്പള്ളി പള്ളിയിൽ വികാരിയായി ചുമതലകൾ വഹിച്ചു. അതിനുശേഷം 1962-1964 വരെ ആലപ്പുഴ ചക്കരക്കടവ് പള്ളിയിൽ വികാരിയായിരുന്നു. അക്കാലഘട്ടത്തിലാണ് ഭർത്താവിനെ ഉപേക്ഷിച്ച മറിയക്കുട്ടിയും ഫാദർ ബെനഡിക്റ്റുമായി സൗഹാർദ്ദബന്ധത്തിലാകുന്നത്. അതിനുശേഷം അദ്ദേഹം ചങ്ങനാശേരിയിൽ സെന്റ് ജോസഫ്സ് ഓർഫനേജ് പ്രസ്സിൽ മാനേജരായി ചുമതലയെടുത്തു. മറിയക്കുട്ടി കൊലക്കേസിൽ അറസ്റ്റ് ചെയ്യുന്നതുവരെ സേവനം അവിടെ തുടർന്നു.

1966 ജൂൺ പതിനാറാം തിയതി 43 വയസുണ്ടായിരുന്ന മറിയക്കുട്ടിയുടെ മൃതദേഹം  മന്ദമാരുതിയിലെ   മാടത്തരുവിയിലുള്ള ഒരു തേയിലത്തോട്ടത്തിൽ, അജ്ഞാതനിലയിൽ കണ്ടെത്തി. അവർ അഞ്ചു മക്കളുള്ള വിധവയായ ഒരു സ്ത്രീയായിരുന്നു. മാടത്തരുവിയുടെ തീരത്ത് അക്കരെ ഒരു വനത്തിനഭിമുഖമായി ശവം മലർന്നു കിടന്നിരുന്നു. ചുറ്റും വീടുകളില്ലാതെ അവിടം ഒരു വിജനമായ പ്രദേശമായിരുന്നു. ഇട്ടിരുന്ന വസ്ത്രമായ ചട്ട ഒരു കൈയുടെ ഇടയിലായി കുടുങ്ങി കിടന്നിരുന്നു. മരിച്ച ശരീരത്തിന്റെ അരയ്ക്കു മുകൾഭാഗവും മാറിടവും നഗ്നമായിട്ടായിരുന്നു കിടന്നിരുന്നത്. ഒരു ചെവിയുടെ അറ്റത്തു നിന്ന് മറ്റേ ചെവിയുടെ അറ്റം വരെ കഴുത്തു മുറിച്ചിട്ടുണ്ടായിരുന്നു. ചങ്കത്തും അടിവയറിലും അനേക മുറിവുകളുമുണ്ടായിരുന്നു. ശരീരത്തിൽ  ആഭരണവും ധരിച്ചിരുന്നു. ശരീരത്തിന്റെ താഴെ ഭാഗമായി ഒരു ബെഡ്ഷീറ്റും സമീപത്ത് ഒരു കുടയുമുണ്ടായിരുന്നു. ശവം കിടന്നിരുന്ന സ്ഥലത്തിലെ വസ്തുവിന്റെ ഉടമസ്ഥനാണ് ആദ്യം മരിച്ചു കിടക്കുന്നതു കണ്ടത്. കേസ്, രാജ്യം മുഴുവനും വ്യാപിക്കുകയുമുണ്ടായി. പത്രങ്ങളും മാസികകളും മറിയക്കുട്ടി കൊലക്കേസിനെ സംബന്ധിച്ച വാർത്തകൾ വലിയ കോലാഹലത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ടുമിരുന്നു. മറിയക്കുട്ടി കൊലപാതകത്തെ മാടത്തരുവി അല്ലെങ്കിൽ മന്ദമാരുതി കേസെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

മറിയക്കുട്ടി മക്കളുമൊത്ത് അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ആലപ്പുഴ പട്ടണത്തിലുള്ള അവലൂക്കുന്നിലായിരുന്നു അവരുടെ ഭവനം. മൂന്നു പ്രാവിശ്യം അവർ വിവാഹിതയായിരുന്നു. മൂന്നാം വിവാഹത്തിലെ  ഭർത്താവ് രോഗബാധിതനായി ശരീരം തളർന്നു പോയതുകൊണ്ട്   അയാളെയും  ഉപേക്ഷിച്ചിരുന്നു. പിന്നീട് മരിക്കുന്നവരെ അഞ്ചുവർഷത്തോളം കൂലിവേല ചെയ്തും വീടുകളിലെ പാത്രങ്ങൾ കഴുകിയും അവരുടെ അഞ്ചു മക്കളെയും അമ്മയെയും നോക്കി ജീവിച്ചു വന്നിരുന്നു. ഇളയ മകൻ 'ജോയി' അവർ മരിക്കുന്നതിനു രണ്ടു വർഷം മുമ്പ് ജനിച്ചതാണ്.  പള്ളിയുമായി മൂന്നു മൈൽ ദൂരത്തിലായിരുന്നു മറിയക്കുട്ടി താമസിച്ചിരുന്നത്.   ഇളയ കുട്ടി ഉണ്ടായ സമയത്തു തന്നെയാണ് അവരുടെ ഉപേക്ഷിച്ച മൂന്നാം ഭർത്താവ് മരിച്ചത്. മറിയക്കുട്ടി മരിക്കുന്ന തലേ ദിവസം ജൂൺ പതിനാലാം തിയതി അവർ വീട്ടിൽനിന്നു എവിടേക്കോ  യാത്രപോയതായി അവരുടെ അമ്മയും പതിനാറു വയസുള്ള മകളും സാക്ഷി പറഞ്ഞിരുന്നു. അതിനുമുമ്പ് ജൂൺ നാലാം തിയതി മറിയക്കുട്ടിയും ഫാദർ ബെനഡിക്റ്റും തമ്മിൽ ചങ്ങനാശേരിയിൽ കണ്ടു മുട്ടിയിരുന്നു. അരമനയ്ക്ക് പുറത്തായി ഒരു ബുക്ക് ഡിപ്പോയുടെ ചുമതല ബെനെഡിക്റ്റാണ് വഹിച്ചിരുന്നത്.  അവിടെ അദ്ദേഹത്തിന് ഒരു സ്വകാര്യ മുറിയുമുണ്ടായിരുന്നു.

ആലപ്പുഴയിൽ ചക്കരപ്പള്ളിയിൽ പള്ളിയുടെ വക പാവങ്ങൾക്കായുള്ള ഗോതമ്പും പാൽപ്പൊടിയും വിതരണം ചെയ്യുന്ന ചുമതല ഫാദർ ബെനഡിക്റ്റിനായിരുന്നു. മറിയക്കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യം ഈ പുരോഹിതനറിയാമായിരുന്നു. അവർക്കാവശ്യമുള്ളപ്പോഴെല്ലാം പള്ളിവക സാമ്പത്തിക സഹായങ്ങളും അച്ചൻ വഴി ചെയ്തുകൊണ്ടിരുന്നു. ആലപ്പുഴ പള്ളിയിലും ചങ്ങനാശേരിയിലും മന്ദമാരുതിയിലും ഫാദർ ബെനഡിക്റ്റ് സേവനം ചെയ്തിട്ടുള്ളതിനാൽ പോലീസ് അദ്ദേഹത്തെ സംശയിക്കുകയും ചെയ്തു. ഒരു പുരോഹിതനും സ്ത്രീയുമായി ഒന്നിച്ചു കണ്ടവരായി മന്ദമാരുതിയിലുള്ളവരുടെ ദൃക്‌സാക്ഷി വിവരങ്ങളിലുണ്ടായിരുന്നു. മറിയക്കുട്ടിയുടെ ഇളയ പുത്രന്റെ പിതാവ് ഫാദർ ബെനഡിക്റ്റായിരുന്നുവെന്ന് ഊഹോപാഹങ്ങളും പകർന്നിരുന്നു. അതുമൂലം മറിയക്കുട്ടി ഫാദർ ബെനഡിക്റ്റിനെ നിത്യം ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും കഥകളുണ്ടായി.  ഒടുവിൽ ഫാദർ ബെനഡിക്റ്റ് അവരെ വധിക്കാൻ പദ്ധതിയിട്ടുവെന്നായിരുന്നു ജനസംസാരം.

1966 ജൂൺ ഇരുപത്തിയാറാം തിയതി ഫാദർ ബെനഡിക്റ്റ് ഓണംകുളത്തിനെ അറസ്റ്റു ചെയ്തു.   അദ്ദേഹം കുറ്റക്കാരനെന്നു കൊല്ലം സെഷൻസ് കോടതിയിൽനിന്നു വിധിയുണ്ടായി. 1966 നവംബർ പത്താംതീയതി അഞ്ചുകൊല്ലം കഠിനതടവിനും മരണം വരെ തൂക്കാനും വിധിച്ചു. ഫാദർ ബെനഡിക്റ്റിന്റെ കേസിനാസ്പദമായ കോടതിയിലെ വാദമുഖങ്ങളെല്ലാം സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. സംഭവം നേരിട്ടു കണ്ട ഒരു ദൃക്‌സാക്ഷിയും ഉണ്ടായിരുന്നില്ല. സംശയത്തിന്റെ രേഖകളായിരുന്നു കോടതികളിൽ ഹാജരാക്കിയിരുന്നത്. അതേ സമയം ഫാദർ ബെനഡിക്റ്റിനെ മന്ദമാരുതിയിൽ കൊലചെയ്ത ദിവസത്തിലെ സന്ധ്യാസമയത്ത് കുപ്പായ വേഷത്തിൽ കണ്ടവരുമുണ്ട്. സംശയത്തിന്റെ നൂലാമാലകൾ കോർത്തിണക്കിയ ജഡ്ജി കുഞ്ഞിരാമ വൈദ്യന്റെ വിധിന്യായത്തിൽ സഭാ മക്കൾ മുഴുവനും ദുഃഖിതരായിരുന്നു. ഒരു കുഞ്ഞെലിയെപ്പോലും കൊല്ലാൻ അദ്ദേഹം കുറ്റം ചെയ്തിട്ടില്ലന്നായിരുന്നു, അന്നത്തെ ലോകം ചിന്തിച്ചിരുന്നത്.

മറിയക്കുട്ടിയുടെ കൊലപാതക കേസുമായി ബന്ധപ്പെടുത്തി ഫാദർ ബനഡിക്റ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മന്ദമാരുതിയിൽ പോലീസ് അകമ്പടികളോടെ ഫാദർ ബെനഡിക്റ്റിനെ തെളിവെടുപ്പുകൾക്കായി കൊണ്ടുവന്നപ്പോൾ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. പോലീസ് ജീപ്പിൽ വന്നെറങ്ങിയ അച്ചൻ യാതൊരു സംശയവുമില്ലാതെ, ഇടവും വലവും നോക്കാതെ മറിയക്കുട്ടിയെ കൊലചെയ്ത  സ്ഥലം നടന്നുപോയി കൃത്യമായി കാണിച്ചുകൊടുത്തു. അത് വിസ്മയകരമായി നോക്കിനിന്ന ദൃക്‌സാക്ഷികളുമുണ്ടായിരുന്നു. കത്തിയെറിഞ്ഞ സ്ഥലവും സംശയമില്ലാതെ ചൂണ്ടികാണിച്ചു. കൊലപാതകം നടന്ന രാത്രികളിൽ ബനഡിക്റ്റച്ചൻ ചങ്ങനാശേരി അരമനയിൽ ഇല്ലായിരുന്നുവെന്ന് അവിടുത്തെ അന്തേവാസികൾ തെളിവുകളും കൊടുത്തിരുന്നു. പിന്നീട് കോടതിയിൽ സാക്ഷിയായി വിസ്തരിക്കേണ്ട സമയം വന്നപ്പോൾ അവരെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു മുങ്ങുകയും ചെയ്തു.

അന്ന് ചങ്ങനാശേരി ബിഷപ്പായിരുന്ന മാത്യു കാവുകാട്ടിനെ വിസ്തരിച്ചാൽ സത്യം പുറത്താകുമെന്ന് ഭയന്ന് അദ്ദേഹത്തെ സാക്ഷിയാക്കിയില്ല.  കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്ന നിലപാടായിരുന്നു ബിഷപ്പിനുണ്ടായിരുന്നത്.

സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും അക്കാലങ്ങളിൽ ഫാദർ ബെനഡിക്റ്റ് നിഷ്കളങ്കനെന്നു കരുതിയിരുന്നു. കത്തോലിക്കാ സഭ അന്ന് ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. ജഡ്ജി പി.ടി. രാമൻ നായരുടെയും സഹ ജഡ്ജി  വി.പി. ഗോപാലന്റെയും ബെഞ്ചിൽ നിന്നായിരുന്നു ഫാദർ ബെനഡിക്റ്റിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. ഹൈക്കോടതി അഭിഭാഷകൻ കെ.ടി. തോമസും സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകൻ എ.എസ്.ആർ ചാരിയും ഒത്തൊരുമിച്ച് ഫാദർ ബെനെഡിക്റ്റിനുവേണ്ടി അക്കാലത്ത് കേസ് വാദിച്ചു. വിധിയുടെ അടുത്ത ദിവസം തിരുവനന്തപുരം ജയിലിൽനിന്നും അദ്ദേഹം മോചിതനാക്കപ്പെട്ടു. ചങ്ങനാശേരിയിൽ മടങ്ങി പോവുന്ന വഴി വലിയയൊരു ജനക്കൂട്ടം റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിന്നിരുന്നു. ചങ്ങനാശേരിയിൽ തിങ്ങിക്കൂടിയിരുന്ന ജനങ്ങൾ  അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തു.

അഡ്വക്കേറ്റ് ചാരി 1908-ൽ സെക്കൻഡറാബാദിൽ  ജനിച്ചു. ഒരു റെയിൽവെ ക്ലർക്കിന്റെ ആറു മക്കളിൽ ഇളയ മകനായിരുന്നു. 1950-1960 കാലങ്ങളിൽ ഇന്ത്യയിൽ അറിയപ്പെട്ടിരുന്ന ഏറ്റവും വലിയ ക്രിമിനൽ വക്കീലായിരുന്നു. കൂടാതെ ഭരണഘടനനിയമങ്ങളും തൊഴിൽ നിയമങ്ങളും വശമാക്കിയിരുന്ന പ്രസിദ്ധനുമായിരുന്നു. ചെറുപ്പകാലങ്ങളിൽ സ്വാതന്ത്ര്യ സമരങ്ങളിലും ഏർപ്പെട്ടിരുന്നു. പിന്നീട് കമ്മ്യുണിസ്റ്റു  പാർട്ടിയിൽ ചേരുകയും അനേക രാഷ്ട്രീയ അറസ്റ്റുകൾക്ക് വിധേയമാവുകയുമുണ്ടായി. പല തവണകൾ ജയിൽ വാസവും അനുഷ്ടിച്ചു. 1954-ൽ സുപ്രീം കോടതിയിലെ പ്രശസ്തനായ സീനിയർ അഭിഭാഷകനായിരുന്നു. ചെറുപ്പകാലം മുതൽ  കമ്മ്യുണിസ്റ്റാശയങ്ങളിൽ ആകൃഷ്ടനായിരുന്നു. അഡ്വേക്കേറ്റ് ചാരി ഏറ്റെടുത്ത കേസുകൾ ഒരിക്കലും പരാജയപ്പെടുകില്ലെന്നു അക്കാലങ്ങളിൽ ഒരു പറച്ചിലുമുണ്ടായിരുന്നു. മറിയക്കുട്ടിയെ കൊന്നുവെന്നു കരുതുന്ന കത്തികൊണ്ട് ഒരു കോഴിയെപ്പോലും കൊല്ലാൻ സാധിക്കില്ലെന്ന് ചാരി വാദിച്ചു. നിലാവുള്ള ഒരു രാത്രിയിൽ ചൂട്ടു വെട്ടത്തിൽ അപരിചിതനായ ഘാതകന്റെ മുഖം തിരിച്ചറിഞ്ഞെന്നുള്ള സാക്ഷിയുടെ മൊഴിയും 'ചാരി' ചോദ്യം ചെയ്തിരുന്നു. പകൽപോലും ഒറ്റയ്ക്ക് നടക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന കുപ്പായമണിഞ്ഞ ഒരു പുരോഹിതൻ, സന്ധ്യാസമയത്ത് ഒരു സ്ത്രീയുമായി നടന്നുപോകുന്നത് കണ്ടുവെന്ന   രേഖപ്പെടുത്തലും അവിശ്വസിനീയമെന്നു ചാരി കോടതിയെ അറിയിച്ചു.

ഹൈക്കോടതിയിൽ അപ്പീൽ കൊടുത്ത് ഫാദർ ബെനഡിക്റ്റ് കുറ്റവിമുക്തനായെങ്കിലും കൊലയാളിയെന്ന പേര് സഭയ്‌ക്കോ ഫാദർ ബെനഡിക്റ്റിനോ നീക്കം ചെയ്യാൻ സാധിക്കില്ലായിരുന്നു. അക്കാലങ്ങളിൽ ഫാദർ ബെനഡിക്റ്റിന്റെ നിഷ്ക്കളങ്കത പ്രകടിപ്പിച്ചുകൊണ്ട് മൈനത്തരുവിയെന്നും മാടത്തരുവിയെന്നും പേരുകളിൽ രണ്ടു സിനിമകൾ പുറത്തിറങ്ങിയിരുന്നു. കുറച്ചൊക്കെ ജനങ്ങളുടെ മനസ്സിൽ സിനിമകൾ സ്വാധീനം ചൊലുത്തുകയുമുണ്ടായി. പിന്നീട് അദ്ദേഹം  കന്യാകുമാരിയിലുള്ള ഒരു മിഷ്യനിൽ അജ്ഞാതനായി സേവനം ചെയ്യുകയായിരുന്നു. അവസാനകാലം പുരോഹിതർക്കുള്ള ഒരു നേഴ്‌സിങ് ഹോമിൽ കഴിഞ്ഞുവന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞശേഷം മാടത്തരുവി കേസ് മനുഷ്യമനസ്സിൽ നിന്നും മാഞ്ഞിരുന്ന കാലത്താണ് രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും ഉൾപ്പെട്ട അഭയാ കേസ് പൊങ്ങിവന്നത്. ഒപ്പം മാടത്തരുവി കേസും സംസാര വിഷയമായി തീർന്നു.

കുപ്രസിദ്ധ മറിയക്കുട്ടി കൊലക്കേസിനു  35 വർഷങ്ങൾക്കുശേഷം ഒരു ഡോക്ടറുടെ 94  വയസുള്ള വിധവയും കുടുംബവും മറിയക്കുട്ടി മരിച്ചതെങ്ങനെയെന്നുള്ള  സത്യാവസ്ഥ ബോധിപ്പിക്കാൻ ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ച വിവരം ദീപിക ഒരു വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.  രണ്ടായിരാമാണ്ട്   ജനുവരി പതിനാലാം തിയതി ഡോക്ടറുടെ  വിധവ 'മുടിയൂർക്കര നേഴ്‌സിങ് ഹോമിൽ' താമസിച്ചിരുന്ന  ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ചു.  മറിയക്കുട്ടിയുടെ മരണത്തിനു കാരണക്കാരൻ തന്റെ ഭർത്താവാണെന്നുള്ള സത്യം അവർ അദ്ദേഹത്തെ   അറിയിച്ചു.വിധവയായ ഈ സ്ത്രീയുടെ ഡോക്ടറായ ഭർത്താവ് ഗർഭിണിയായ മറിയക്കുട്ടിയിൽ ഗർഭഛിന്ദ്രം നടത്തിയിരുന്നു. ഗർഭം അലസിപ്പിക്കുന്നതിനിടയിൽ അവർ മരിച്ചുപോയി.   മറിയക്കുട്ടിയുടെ ഗർഭത്തിലുള്ള കുഞ്ഞിന്റെ കാരണക്കാരൻ ഒരു എസ്റ്റേറ്റുടമയായിരുന്നു. മറിയക്കുട്ടി എസ്റ്റേറ്റുടമയോട് വീതം ചോദിച്ചു ശല്യപ്പെടുത്തികൊണ്ടിരുന്നു. ഫാദർ ബനഡിക്റ്റിനെ കുടുക്കാൻ എസ്റ്റേറ്റുടമ എല്ലാ സാഹചര്യ തെളിവുകൾ ഉപയോഗിച്ചും മേലാധികാരികളെ സ്വാധീനിച്ചും പണം ചെലവാക്കിക്കൊണ്ടിരുന്നു. ശവശരീരം മന്ദമാരുതിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവമായി ബെനഡിക്റ്റിനു യാതൊരു അറിവുമില്ലായിരുന്നു. എന്നാൽ ആ ഡോക്ടറുടെ പേരോ കുടുംബത്തിന്റെ വിവരങ്ങളോ എസ്റ്റേറ്റുടമയാരെന്നോ ദീപിക പത്രം വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടറുടെ വിധവയുടെ കുമ്പസാരം സഭ കളിച്ച ഒരു നാടകമായി മാത്രമേ സാമാന്യ ബുദ്ധിയുള്ളവർക്ക് കരുതാൻ സാധിക്കുള്ളൂ. ആടിനെ പട്ടിയാക്കും വിധം  ഒരു കള്ളത്തെ സത്യമാക്കാൻ നൂറുവിധമുള്ള കള്ളങ്ങൾകൊണ്ട് പുരോഹിതർ ഫാദർ ബെനഡിക്റ്റ് ഓണംകുളത്തെ വെള്ള പൂശിക്കൊണ്ടിരിക്കുന്നു.

ചില അർദ്ധപണ്ഡിതരായ പുരോഹിതർ ഫാദർ ബെനഡിക്റ്റിന്റെ നിഷ്കളങ്കതയുടെ കഥകൾ പത്രങ്ങളിലും മാസികകളിലും എഴുതാനും തുടങ്ങി. ഡോക്ടറുടെ മരണത്തിനു മുമ്പും ശേഷവും ആ കുടുംബത്തിന് അനേക കഷ്ടപ്പാടുകൾ സംഭവിച്ചുവെന്നും അവരുടെ സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടുവെന്നും കുഞ്ഞുങ്ങൾ ഉൾപ്പടെ പലർക്കും പലവിധ രോഗങ്ങൾ ബാധിച്ചുവെന്നുമുള്ള കഥകൾ പുരോഹിത ലേഖനങ്ങളിൽ നിറഞ്ഞിരിക്കുന്നു. ജനിക്കുന്ന കുട്ടികൾ കൂടുതലും മാനസിക രോഗികളും മന്ദ ബുദ്ധികളും അംഗഭംഗം വന്നവരുമായിരുന്നു. ഒരു പുരോഹിതന്റെ ശാപം ആ കുടുംബത്തുണ്ടെന്ന ധ്യാനഗുരുക്കന്മാരുടെ വെളിപാടുകളും വൃദ്ധയായ വിധവയെയും മക്കളെയും പശ്ചാത്താപത്തിങ്കലെത്തിച്ചു. വിധവയുടെ കുമ്പസാരം നടന്നെങ്കിലും ഫാദർ ബെനഡിക്റ്റ് ഈ കഥ വീണ്ടും രഹസ്യമായി സൂക്ഷിച്ചു. ചങ്ങനാശേരിയിലെ ആർച്ച് ബിഷപ്പ് പൗവത്തിനോടുമാത്രം കുമ്പസാര രഹസ്യം പറഞ്ഞതായും പുതിയ കഥയിലുണ്ട്. പതിനൊന്നു മാസം കഴിഞ്ഞപ്പോഴാണ് ബനഡിക്റ്റിന്റെ കഥ വാർത്താ മീഡിയാകൾ പുറത്തുവിട്ടത്. അപ്പോഴേക്കും ഡോക്ടറുടെ വിധവയായ വൃദ്ധയും മരിച്ചിരുന്നു.

പുതിയ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയതുമൂലം ഫാദർ ബെനഡിക്റ്റ് നിഷ്കളങ്കനെന്നു ബോധ്യമായതായി ഭൂരിഭാഗം ജനതയും വിശ്വസിക്കുന്നു. ഡോക്ടറുടെ പേരോ വിധവയുടെ പേരോ അവർ ആരെന്നോ പത്രങ്ങളിൽ വ്യക്തമാക്കുന്നില്ല. അവരുടെ കുടുംബം കാഞ്ഞിരപ്പള്ളിയിലെന്നും പറയുന്നു. ഇത്രമാത്രം ദുരിതം സംഭവിച്ച ഒരു ഡോക്ടറുടെ കുടുംബ കഥ കാഞ്ഞിരപ്പള്ളി നാട്ടുകാർക്കും അറിവില്ല. ബനഡിക്റ്റിനെ വിശുദ്ധനാക്കാൻ പുരോഹിതർ നെയ്തെടുത്ത കഥയെന്നും ചിലർ കരുതുന്നു. കോടതി കേസുകൾക്ക് സഭ ചെലവാക്കിയ പണം നൂറു മേനിയായി വിളയിക്കണമെങ്കിൽ ബെനഡിക്റ്റിനെ വിശുദ്ധനാക്കേണ്ടതുമുണ്ട്. ഊരും പേരും നൽകാതെ വാർത്തകൾ പ്രസിദ്ധീകരിച്ചാൽ അത് വെറും വ്യാജമായ കഥയായി മാത്രമേ ചിന്തിക്കുന്നവർക്ക് തോന്നുകയുള്ളൂ. ബോധപൂർവം യുക്തിയോടെ ചിന്തിക്കുന്നവർ ന്യൂനപക്ഷവുമാണ്.

മാടത്തരുവി കൊലകേസിന്റെ പുതിയ കഥകളും പതിപ്പുകളും അത്യന്തം രസകരമായിത്തന്നെ പുരോഹിതർ വിറ്റുകൊണ്ടിരിക്കുന്നു.  'ഡി എൻ എ' ടെസ്റ്റിൽ മറിയക്കുട്ടിയുടെ മകന്റെ പിതാവ് ഫാദർ ബെനഡിക്റ്റല്ലെന്നു വ്യക്തമായതുകൊണ്ടാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയതെന്ന്' പുരോഹിതർ പ്രചരിപ്പിക്കുന്നു. അത്തരം ശാസ്ത്രീയമായ ടെസ്റ്റുകൾ ലോകത്തൊരിടത്തും അക്കാലത്തുണ്ടായിരുന്നില്ല. പോരാഞ്ഞ് ഹൈക്കോടതി തയ്യാറാക്കിയ വിധിന്യായത്തിൽ ഈ ടെസ്റ്റിന്റെ കാര്യം സൂചിപ്പിച്ചിട്ടുമില്ല. ഇങ്ങനെയുള്ള  മണ്ടത്തരങ്ങൾ പുരോഹിതർ പറയുന്നത് 'യൂട്യൂബിൽ' ശ്രദ്ധിക്കാം. മറിയക്കുട്ടിയെ ഗർഭചിന്ദ്രം നടത്തിയ ഡോക്ടറും ഗർഭിണിയാക്കിയ എസ്റ്റേറ്റ് മുതലാളിയും മരിച്ചു കഴിഞ്ഞാണ് കുമ്പസാരം നടത്തുന്നത്. മരിച്ചു കഴിഞ്ഞ വ്യക്തികളുടെ മേൽ വിധവയായ ഒരു വൃദ്ധ കുമ്പസാരം നടത്തിയാൽ എന്ത് വിലയാണുള്ളത്? ജീവിക്കുന്ന വ്യക്തി മരിച്ചവരുടെ പാപങ്ങൾക്ക് ക്ഷമ ചോദിക്കുന്നതിലെ യുക്തിയും മനസിലാകുന്നില്ല. അതും സമനില തെറ്റാൻ സാധ്യതയുള്ള മരിച്ചയാളിന്റെ ഭാര്യയായ 94 വയസുള്ള വൃദ്ധയാണ് കുമ്പസാരം നടത്തിയിരിക്കുന്നത്. അതുമൂലം ഫാദർ ബെനഡിക്റ്റിന്റെ ശവകുടീരത്തിന് ഒരു പരസ്യമാവുകയും അവിടെ തീർത്ഥാടകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയും ചെയ്യുന്നു. അത്ഭുതങ്ങളുടെ കഥകളും ബെനഡിറ്റിന്റെ കുടീരത്തിൽ നിന്നു പ്രവഹിക്കുന്നത് കേൾക്കാം. സഭയുടെ ഫാക്ടറിയിൽ അങ്ങനെ വിശുദ്ധരെ സൃഷ്ടിച്ചുകൊണ്ടുള്ള മാർക്കറ്റിങ്ങ് തകൃതിയായി നടക്കുന്നതും കാണാം.

പുരോഹിതർ മെനഞ്ഞെടുത്തിരിക്കുന്ന ഈ കുമ്പസാര രഹസ്യത്തിന്റെ യുക്തി എന്താണ്? ഡോക്ടർ ചെയ്ത പാപത്തിനു മക്കൾ എന്ത് പിഴച്ചു? യാതൊരു കുറ്റവും ചെയ്യാത്ത അയാളുടെ ഭാര്യ അതിനു പരിഹാരവും ക്ഷമയും പറയണോ? ഫാദർ ബെനഡിറ്റ് അതെല്ലാം പണ്ടേ ക്ഷമിച്ചിരുന്നുവെന്നു പറയുന്നു. ആരോട്, സ്വയമോ! മാതാപിതാക്കൾ ചെയ്ത കുറ്റങ്ങൾക്ക് തലമുറകളും ശാപം മേടിക്കണോ? ഇത്തരം പുരോഹിതർ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങൾ നേരാണെന്നു വിചാരിക്കുന്നവരാണ് സഭയിൽ ഭൂരിഭാഗവുമുള്ളത്. ബൗദ്ധികമായി വിശ്വാസികളെ പുരോഹിതർ അടിമപ്പെടുത്തിയെന്നു വേണം ഇതിൽ നിന്നു മനസിലാക്കാൻ!

ബെനഡിക്റ്റിനെ വധശിക്ഷയ്ക്കു വിധിച്ച ജഡ്ജി  കുഞ്ഞുരാമൻ വൈദ്യർ
(Judge Kunjuraman Vaidyar) ആരോഗ്യവാനായി പൂർണ്ണ ആയുസുവരെ ജീവിച്ചു. അദ്ദേഹത്തിൻറെ മകൻ ഭരത് ഭൂഷൺ,ഐ.എ.എസ്   (E.K. Bharat Bhushan)കേരള ചീഫ് സെക്രട്ടറിയായി വിരമിച്ചു. മറ്റു മക്കൾ ഡോക്ടേഴ്‌സും ഉന്നത ഡിഗ്രികളുമായി അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നു. പുരോഹിത ശാപമെന്ന പേരിൽ വിശ്വാസികളെ ഭയപ്പെടുത്തിയാലെ പുരോഹിതർക്ക് അവരെ   ചൂഷണം ചെയ്യാൻ സാധിക്കുള്ളൂ.

ഫാദർ ബെനഡിക്റ്റ് ഓണംകുളം 2001 ജനുവരി മൂന്നാം തിയതി മരണമടഞ്ഞു. മരിച്ചശേഷം അദ്ദേഹത്തെപ്പറ്റിയുള്ള പുകഴ്ത്തലുകൾ നാടിന്റെ നാനാ ഭാഗത്തുനിന്നുമുണ്ടായിരുന്നു. ഫാദർ ബെനഡിക്റ്റ് വളരെയേറെ  പീഡനങ്ങളും സഹനങ്ങളും അനുഭവിച്ചെന്നും അതുമൂലം പുരോഹിത ലോകമാകമാനം അപമാനം സഹിക്കേണ്ടി വന്നുവെന്നും സഭയ്ക്കും ഒരു ശാപം പോലെയായെന്നും എന്നിട്ടും സഭ അദ്ദേഹത്തിൻറെ വിശുദ്ധമായ ജീവിതം കാരണം ഒപ്പം നിന്നുവെന്നും ന്യായികരിക്കുന്നു.സത്യം അദ്ദേഹത്തിനറിയാമെങ്കിലും ആരോടും പരിഭവമില്ലാതെ, പരാതിയില്ലാതെ നിശ്ശബ്ദനായി ജീവിതം തുടർന്നുവെന്നും ശിഷ്ടകാലം ആ സഹനമൂർത്തി പരിശുദ്ധമായ ജീവിതം നയിച്ചുവെന്നും വിശുദ്ധ നടപടികളുമായി മുമ്പോട്ടുപോകുന്നവർ അദ്ദേഹത്തെ പ്രകീർത്തിക്കുന്നു.

2001 ജനുവരി നാലാം തിയതി ഫാദർ ബെനഡിക്റ്റിനെ കോട്ടയത്തിനു സമീപമുള്ള അതിരംപുഴയിലെ  സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ മറവു ചെയ്തു. പുരോഹിതരും കന്യാസ്ത്രികളും ബിഷപ്പും ആർച്ചു ബിഷപ്പുമാരുമടങ്ങിയ വലിയൊരു ജനസമൂഹം ശവസംസ്ക്കാര ചടങ്ങുകളിൽ പങ്കുചേർന്നിരുന്നു. ഒരു വിശുദ്ധന്റെ സംസ്ക്കാരത്തിൽ പങ്കെടുത്ത പ്രതീതി അവർക്കെല്ലാം ഉണ്ടായെന്നു സംസ്ക്കാരത്തിൽ പങ്കെടുത്തവരുടെ പ്രസ്താവനകളിലും പ്രസംഗങ്ങളിലുമുണ്ടായിരുന്നു.

കത്തോലിക്കാ സഭയ്ക്കുള്ളതുപോലെ അധികാരസ്ഥാനങ്ങളിൽ സ്വാധീനമുള്ള മറ്റൊരു സമുദായമോ മതമോ കേരളത്തിൽ കാണാൻ സാധ്യതയില്ല. എന്തു കാര്യസാധ്യത്തിനും തലമുറകളായുള്ള സ്വത്തിന്റെ കൂമ്പാരം മെത്രാന്റെ അധീനതയിൽ കുന്നുകൂട്ടി സ്വുരൂപിച്ചു വെച്ചിട്ടുണ്ട്. ആരും ചോദിക്കാനാളില്ലാതെ പണം അവർക്കിഷ്ടമുള്ളതുപോലെ ചെലവാക്കാനും സാധിക്കും. വിശ്വാസികളുടെ കിടപ്പാടംപോലും പണയം വെച്ച് പള്ളിക്കു കൊടുത്ത പണം ആസ്വദിക്കുന്നതും അരമനകളിൽ പാർക്കുന്ന ഭാഗ്യം ലഭിച്ച സഭയുടെ തമ്പ്രാക്കന്മാരായ മെത്രാന്മാരും പുരോഹിതരുമാണ്. പൂർവികരുടെ കാലം മുതൽ അല്മായർ സ്വരൂപിച്ച സ്വത്തിന്റെ നല്ലയൊരു പങ്കു പുരോഹിതരുടെ ലൈംഗിക പീഡനത്തിന്റെ പേരിൽ സഭ കോടതികളും കേസുകൾക്കുമായി ദുർവിനിയോഗം ചെയ്യുന്നുണ്ട്. അഭയാകേസ് വന്നപ്പോഴും മറിയക്കുട്ടി കൊലക്കേസ് വന്നപ്പോഴും സഭയുടെ അളവില്ലാത്ത പണവും പ്രതാപവും പിടിപാടും കാരണം കുറ്റവാളികൾ നിയമത്തിന്റെ കുടുക്കിൽനിന്നും രക്ഷപെടുകയാണുണ്ടായത്. ബെനഡിക്റ്റ് ഓണംകുളവും കോട്ടൂരും പുതൃക്കയും സെഫിയും കുറ്റക്കാരെന്നു യുക്തിപൂർവം ചിന്തിക്കുന്നവർക്ക് വിധിയെഴുതാൻ സാധിക്കുമെങ്കിലും ഭൂരിഭാഗം വിശ്വാസികളും പുരോഹിതർ പറഞ്ഞുണ്ടാക്കുന്ന നുണകളേ വിശ്വസിക്കുകയുള്ളൂ. അഭയായ്ക്കും മറിയക്കുട്ടിക്കും നീതി ലഭിച്ചില്ലെന്നുള്ള കറുത്ത ചരിത്രമാണ് സഭയുടെ താളുകളിൽ ഒളിഞ്ഞിരിക്കുന്നത്.

http://www.greenkeralanews.com/mariyakutty-murder-priest-controversial/






Madattharuvi 
Bishop Mathew Kavukat





കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...