Saturday, January 27, 2018

ട്രംപണോമിക്സും അനുകൂല പ്രതികൂല പ്രതികരണങ്ങളും



ജോസഫ് പടന്നമാക്കൽ 

ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായ ശേഷം സാമ്പത്തിക മേഖല മെച്ചപ്പെട്ടെന്നും അമേരിക്കൻ ജനത സംതൃപ്തിയുള്ളവരെന്നും ചില പത്രറിപ്പോർട്ടുകളിൽ കാണാനിടയായി. ഇത്തരം അഭിപ്രായ പ്രകടനങ്ങളും സർവേകളും വാൾസ്ട്രീറ്റ് ജേർണലിലും ചില ദൃശ്യമാധ്യമങ്ങളിലും എൻ.ബി.സി ടെലിവിഷൻ പരിപാടികളിലുമുണ്ടായിരുന്നു. പ്രസിഡന്റ് ട്രംപ് ചുമതലയേറ്റശേഷം  അമേരിക്കയുടെ സാമ്പത്തികം പതിനേഴു ശതമാനം വർദ്ധിച്ചുവെന്നാണ് കണക്കുകൂട്ടൽ.

ട്രംപിന്റ് നേട്ടങ്ങളെപ്പറ്റിയുള്ള അന്ധമായ അഭിപ്രായ പ്രകടനങ്ങളെ മുഖവിലയ്ക്കെടുക്കാൻ സാധിക്കില്ല. റിപ്പബ്ലിക്കന്മാരുടെ ടാക്സ് പരിഷ്ക്കരണങ്ങളെപ്പറ്റി മെച്ചമായ അഭിപ്രായങ്ങളാണ് അമേരിക്കൻ ജനതയിൽ നിന്നും ഇപ്പോൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും വലിയ ഒരു ജനവിഭാഗത്തിന് ട്രംപിന്റെ പദ്ധതികളെ അംഗീകരിക്കാൻ കഴിയാതെ പോവുന്നുമുണ്ട്. ദേശീയ സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും നല്ലൊരു വിഭാഗം ജനങ്ങൾ അമേരിക്കയുടെ പുരോഗതിയെ ട്രംപിനുള്ള അംഗീകാരമായി കരുതുന്നില്ല. അദ്ദേത്തെപ്പറ്റി മെച്ചമായ പുതിയ അഭിപ്രായങ്ങൾ ജനങ്ങളിൽനിന്നുണ്ടാകുന്നുമില്ല. എൻ.ബി.സിയുടെയും വാൾ സ്ട്രീറ്റിന്റെയും പോളിങ്ങിൽ 29 ശതമാനം പേർ മാത്രമേ അദ്ദേഹത്തെ അനുകൂലിക്കുന്നുള്ളൂ. 52 ശതമാനം പേരും ട്രംപിനെ നിരാകരിക്കുന്നതായി കാണാം. അദ്ദേഹത്തിൻറെ നയങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും പതിനേഴു ശതമാനം ജനം വ്യക്തിപരമായി വെറുക്കുകയും ചെയ്യുന്നു. അമേരിക്കയിലെ പ്രസിദ്ധ ജേർണലുകൾ നടത്തുന്ന ഈ അഭിപ്രായ വോട്ടുകൾ ശരിയോ തെറ്റോ എന്ന് നിർണ്ണയിക്കാനും സാധിക്കുന്നില്ല.  ഇങ്ങനെയുള്ള മീഡിയാകളുടെ ജനാഭിപ്രായങ്ങൾ ഒരു പൊതുവികാരം സൃഷ്ടിക്കാൻ മാത്രമേ സഹായകമാവുള്ളൂ.

'ഒബാമ കെയർ' റദ്ദു ചെയ്യുകയും പകരം മെച്ചമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിക്കുകയെന്നതും ട്രംപിന്റെ നയങ്ങളിൽപ്പെട്ടതായിരുന്നു. അമേരിക്കയെ വീണ്ടും സാമ്പത്തിക ശക്തിയാക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ അജണ്ട. സാമ്പത്തീക ദേശീയത നടപ്പാക്കുകയെന്നതു അമേരിക്കയുടെ സ്വപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒബാമ കെയർ റദ്ദാക്കാനോ പകരം മറ്റൊരു ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. 'അമേരിക്ക ആദ്യ'മെന്ന മുദ്രാ സൂക്തങ്ങൾ മുഴക്കി പൊതുസമ്മേളനങ്ങളിൽ പങ്കുകൊള്ളുകയും ചെയ്യുന്നു.

ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) അഥവാ ദേശീയ ഉത്ഭാദന വളർച്ചയെപ്പറ്റിയാണ്  പ്രസിഡന്റെന്ന നിലയിലുള്ള ട്രംപിന്റെ നേട്ടമായി കൊട്ടി ഘോഷിക്കുന്നത്. 2017-ലെ ദേശീയ സാമ്പത്തിക വർദ്ധനവിന്റെ സൂചിക (ജി.ഡി.പി.) ട്രംപിനും അദ്ദേഹത്തെ പിന്താങ്ങുന്നവർക്കും അനുകൂലമായിരുന്നു. ജിഡിപി എന്നാൽ രാഷ്ട്രത്തിന്റെ മുഴുവനായ ഒരു സാമ്പത്തിക അളവുകോലാണ്. ജിഡിപി എല്ലാ കാലത്തേക്കാളും ഓരോ ക്വാർട്ടറിലും വളരെയധികമെന്ന് ട്രംപ് അവകാശപ്പെടുന്നു. കഴിഞ്ഞ ക്വാർട്ടറിൽ ജിഡിപി 3.2 ആയിരുന്നു. അമേരിക്കയുടെ ജിഡിപി '3' എന്ന അക്കത്തിൽ വളരെ വർഷങ്ങളായി നിലകൊള്ളുന്നു. 2013-ൽ ജി.ഡി.പി ശരാശരി രണ്ടര ശതമാനമായിരുന്നു. ജി.ഡി.പി. '4' എന്ന അക്കം നാം വളരെക്കാലമായി കണ്ടിട്ടുമില്ല. വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളെപ്പോലെ നാല് ശതമാനം വികസിച്ച രാഷ്ട്രങ്ങളിൽ കാണുന്നതും അപൂർവമാണ്. 1990 നു ശേഷം അമേരിക്ക നാലുശതമാനം വളർച്ചാ നിരക്കിൽ ഒരിക്കലും എത്തിയിട്ടില്ല. ഒബാമയുടെ കാലവും 3 ശതമാനമെന്ന തോതിൽ വളർച്ചാ നിരക്കുണ്ടായിരുന്നു. അമേരിക്കയുടെ തിരഞ്ഞെടുപ്പു വേളയിൽ പ്രസിഡന്റ് ട്രംപ് രാജ്യത്തിന്റെ ജി.ഡി.പി നാലു ശതമാനമായി ഉയർത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.

ആഗോളതലത്തിൽ കഴിഞ്ഞു പോയ വർഷം വളരെയധികം സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചിരുന്നു.  അക്കൂടെ അമേരിക്കയുടെ സാമ്പത്തിക നിലവാരം ഉയരുകയും നേട്ടങ്ങൾ കൊയ്യുകയുമുണ്ടായി. ഇക്കഴിഞ്ഞ വർഷത്തെ സാമ്പത്തിക പ്രതിഫലനത്തിന്റെ മുഴുവൻ നേട്ടങ്ങൾ ട്രംപിന് മാത്രമുള്ളതല്ല.  സാമ്പത്തിക നേട്ടങ്ങൾക്കായുള്ള അടിത്തറ പാകിയത് ഒബാമയുടെ ഭരണകാലങ്ങളിലാണ്. ട്രംപിന്റെ ഭരണത്തിലെ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ അദ്ദേഹത്തിന് മാത്രമല്ല ഒബാമയ്ക്കുമുണ്ടെന്ന് ഒബാമ അവകാശപ്പെട്ടു. അങ്ങനെ ട്രംപിന്റെ ഭരണത്തിലുള്ള സാമ്പത്തിക വളർച്ചയിൽ ഡെമോക്രാറ്റുകളുൾപ്പടെ പൊതുവായ ഒരു സമ്മതത്തിന് കാരണമായിരിക്കുകയാണ്. ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയാണ് ഈ ഒരു വർഷമെങ്കിലും തനിക്ക് അതിന്റെ മുഴുവൻ ക്രെഡിറ്റ് പൊതുജനം തരാൻ തയാറാകാത്ത കാര്യവും ട്രംപ് പറഞ്ഞു. "ട്രംപിന്റെ കഴിഞ്ഞ വർഷത്തെ ഭരണത്തിലുണ്ടായിരുന്ന  സാമ്പത്തിക നിലവാരം  (ഇക്കോണമി) വളരെയധികം മെച്ചമായിരുന്നു. എന്നാൽ അതിന്റെ ക്രെഡിറ്റ് ഒബായ്ക്കാണ് കൊടുക്കേണ്ടതെന്ന്" സാൻഡേഴ്സും പറഞ്ഞു. ഇന്ന് ട്രംപ് ഓടിക്കുന്ന സാമ്പത്തിക ശാസ്ത്രം കൂടുതലും ഒബാമയുടെ കാലത്ത് ആരംഭിച്ചതാണ്. ഒബാമ നേടിയ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ വളർന്നുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക ശാസ്ത്രത്തിന്റെ മുഴുവനും ക്രെഡിറ്റ് ട്രംപിന് ലഭിക്കുന്നില്ല. ഒരുപക്ഷെ, സാമ്പത്തികം അരാജകത്വത്തിലായിരുന്നെങ്കിൽ കഥ മാറി ഉത്തരവാദിത്വങ്ങൾ മുഴുവൻ ട്രംപ് വഹിക്കേണ്ടി വരുമായിരുന്നു.

ട്രംപ് പ്രസിഡന്റായി ഓഫീസിൽ എത്തിയ സമയംമുതൽ ഒരു മാസത്തിനുള്ളിൽ തന്നെ സ്റ്റോക്ക് മാർക്കറ്റിന്റെ വളർച്ചയെ പുകഴ്ത്തി പറയാറുണ്ടായിരുന്നു. അത് ഒബാമയുടെ കാലത്തുള്ള വളർച്ചാ നിരക്കായിരുന്നുവെന്ന് അദ്ദേഹം വിസ്മരിക്കുകയും ചെയ്യുന്നു. മാർക്കറ്റിൽ സ്റ്റോക്ക് വില എന്നത്തേക്കാളും ഉയർന്നു. അമേരിക്കയുടെ ദേശീയ കടങ്ങൾ വളരെയേറെ വീട്ടുവാൻ സാധിച്ചു. എല്ലാ കാലത്തേക്കാളും എസ്&പി 500 സൂചിക ഇരുപത്തിയേഴു ശതമാനം വർദ്ധിച്ചു. ഏകദേശം നാല് ത്രില്ലിയൻ ഡോളർ അതുമൂലം വർദ്ധനവുണ്ടായി. എന്നാൽ കടലാസിന്റെ മറ്റൊരു പുറവും കാണണം; 2009 മാർച്ചു മുതൽ സ്റ്റോക്ക് മാർക്കറ്റ് ഒരേ അനുപാതത്തിൽ ഓരോ വർഷവും വർദ്ധിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ സ്റ്റോക്ക് മാർക്കറ്റ് വിദേശ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ കുറവാണെന്നും കാണാം. സ്റ്റാൻഡേർഡ് ആൻഡ് പൂർ 500 സ്റ്റോക്കുകകളുടെ നേട്ടം ജപ്പാൻ, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളെക്കാൾ കുറവുമാണ്. അമേരിക്ക, ബ്രിട്ടനെക്കാളും മെച്ചമായ സ്റ്റോക്ക് നിലവാരം പുലർത്തുന്നുണ്ടെങ്കിലും ജർമ്മനിയുമായി ഒപ്പമാണെങ്കിലും ജപ്പാന്റെ സൂചിക (Index) അമേരിക്കയിലേക്കാൾ വളരെയധികം ഉയർന്നു നിൽക്കുന്നതായും കാണാം. സ്റ്റോക്ക് മാർക്കറ്റ് ഉയർന്നതുകൊണ്ട്! സ്റ്റോക്കിൽ പണമില്ലാത്ത സാധാരണക്കാർക്ക് നേട്ടങ്ങൾ ഉണ്ടായതായി അറിവില്ല. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുള്ള ചിലവുകൾ സാധരണക്കാർക്ക് താങ്ങാൻ സാധിക്കാത്ത വിധമാണ്. അതേസമയം ധനികരായവരുടെ ധനം വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ രചിച്ച കുട്ടികൾക്കായുള്ള 'പിനോക്കിച്ചിയോസ്' (Pinocchios) എന്ന ബാലകഥകൾ പ്രസിദ്ധമായിരുന്നു. അതിൽ ഓരോ കള്ളത്തിനും ഒരു കുട്ടിയുടെ മൂക്ക് നീളുന്ന കഥയാണുള്ളത്. പ്രസിഡണ്ടിന്റെ ആറുമാസത്തെ കാലയളവിൽ ഒരു മില്യൺ ജോലികൾ സൃഷ്ടിച്ചുവെന്ന വാദവും ഈ കഥയോട് ഉപമിക്കുന്നു. മറ്റുള്ള പ്രസിഡണ്ടുമാർ തൊഴിലുകൾ വർദ്ധിക്കുന്ന കാലഘട്ടത്തിൽ അതിന്റെ ക്രെഡിറ്റുകൾ അമേരിക്കക്കാർക്കും രാജ്യത്തിന്റെ സാമ്പത്തിക വിദഗ്ദ്ധർക്കും  ബിസിനസ്സ് സ്ഥാപനങ്ങൾക്കും കൊടുക്കും. എന്നാൽ ട്രംപിനെ സംബന്ധിച്ച് എല്ലാ ക്രെഡിറ്റുകളും അദ്ദേഹം തന്നെ എടുക്കുന്നതും വിമർശനങ്ങളിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപ് പറഞ്ഞത് "താൻ പ്രസിഡണ്ടായപ്പോൾ മുതൽ ഒരു മില്യൺ തൊഴിലുകൾ സൃഷ്ടിച്ചെന്നാണ്." "ട്രംപ് ഒറ്റക്കാണോ അമേരിക്കയുടെ സാമ്പത്തിക പുരോഗതിയും പുനരുദ്ധാരണവും കൈവരിക്കുന്നതെന്നു" സാൻഡേഴ്‌സൺ ചോദിക്കുന്നു. 'സാമ്പത്തിക മേഖലകൾ വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ വേരുകൾ ഒബാമയിൽനിന്നല്ലെ! വളർന്നതെന്നും' ട്രമ്പിനോടുള്ള അദ്ദേഹത്തിൻറെ  മറ്റൊരു ചോദ്യവുമാണ്.

തൊഴിൽ മേഖലകളിൽ തൊഴിലുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും തൊഴിലുകളിൽ നൈപുണ്യം നേടിയവരെയും പ്രായോഗിക പരിജ്ഞാനം ഉള്ളവരെയും ലഭിക്കുന്നില്ല. പലരും കുടിയേറ്റം, പ്രശ്നമാണെന്ന് പറഞ്ഞാലും കുടിയേറ്റം മൂലം അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥിതി പുരോഗമിച്ചിട്ടേയുള്ളൂ. കുടിയേറ്റക്കാരാണ് ആഗോള തലത്തിലുള്ള ഭീകര വാദത്തിന് കാരണക്കാരെന്നതിലും വാസ്തവികത  വളരെ കുറവാണ്. തീവ്ര വലതുപക്ഷ ചിന്താഗതിക്കാർ വെറുപ്പും, അസഹിഷ്ണിതയും കള്ളങ്ങളും പ്രചരിപ്പിക്കാറുണ്ട്. അവരാണ് രാജ്യത്തിന്റെ പ്രധാന ശത്രുക്കൾ. അമേരിക്ക ശക്തമാക്കാൻ ദേശ സ്നേഹികളായവരുടെ ഒരുമയും ശാക്തീകരണവും ആവശ്യമാണ്. പുറം രാജ്യങ്ങളിലുള്ള കമ്പനികൾ അമേരിക്കൻ മണ്ണിൽ പ്രവർത്തിക്കാൻ തുടങ്ങിയതുകൊണ്ടു തൊഴിൽ മേഖലകളിൽ പ്രയോജനപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെടുന്നു. എന്നാൽ അങ്ങനെ സ്ഥിതികരിക്കാവുന്ന കണക്കുകളൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ശരാശരി മാസം തോറും  167,000 തൊഴിലുകൾ സൃഷ്ടിച്ചുവെന്നു പറയുന്നു. അതൊരു വിജയം തന്നെയായിരുന്നു. എങ്കിലും 2010 മുതൽ 185,000 ശരാശരി തൊഴിലുകൾ മാസംതോറും വർദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ട്രംപിന്റെ കണക്ക്, മുമ്പുള്ള പ്രസിഡണ്ടുമാരുടെ കാലത്തേക്കാളും കുറവെന്നും കാണാം.

2017 ജനുവരി മാസം മുതൽ നവംബർ മാസം വരെ 1.7 മില്യൺ തൊഴിലുകൾ കൂടുതലായി ഉണ്ടാക്കിയെന്ന് സ്ഥിതി വിവരകണക്കുകൾ പറയുന്നു. ഈ തൊഴിൽ വളർച്ച കഴിഞ്ഞ പത്തു വർഷങ്ങളായുള്ള വളർച്ചകളുടെ തുടർച്ചയായിരുന്നു. ഈ കാലഘട്ടത്തിൽ എട്ടുവർഷം ഒബാമ പ്രസിഡന്റായിരുന്നു. 2017 ബ്യുറോ ഓഫ് ലേബർ സ്ഥിതി വിവരകണക്കനുസരിച്ച് തൊഴിലില്ലായ്മ 4.1 ശതമാനമായിരുന്നു. വാസ്തവത്തിൽ ബ്യുറോ ഓഫ് ലേബറിലെ സ്ഥിതി വിവരകണക്കുകൾ വ്യാജമാണെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലങ്ങളിലും പ്രസിഡന്റാകുന്നവരെയും പ്രസംഗിക്കുമായിരുന്നു.  2011 മുതൽ 9.6-ൽ നിന്ന് തൊഴിലില്ലായ്‌മ രാജ്യത്ത് വളരെയധികം കുറഞ്ഞു വരുകയായിരുന്നു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുത്ത ജനുവരിയിൽ അത് 4.8 ആയി. 2017 ഡിസംബറിൽ തൊഴിലില്ലായ്‌മ ഇൻഡക്സ് 4.1 എന്നും പട്ടികയിൽ രേഖപ്പെടുത്തി. ഇരുപത്തഞ്ചിനും അമ്പത്തിയഞ്ചിനുമിടയിലുള്ള പ്രായമായവരുടെ സ്ഥിതിവിവര കണക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലഘട്ടം ഒരുവന്റെ സുപ്രധാന തൊഴിൽ ജീവിതമായി കണക്കാക്കുന്നു. ഇതിൽ പ്രായമായവരുടെയോ ഇപ്പോഴും സ്‌കൂളിൽ പഠിക്കുന്നവരുടെയോ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. 2017-ൽ അവസാനം തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 78.5 ശതമായിരുന്നു. ഈ കണക്ക് 2011 മുതൽ തുടർച്ചയായി മുകളിലോട്ടായിരുന്നുവെന്നും കാണാൻ സാധിക്കും. ട്രംപിന്റെ തൊഴിൽ പദ്ധതികൾക്കായി പൊതുമരാമത്ത് നിർമ്മാണ പണികൾ വികസിപ്പിക്കാനും പരിപാടിയിടുന്നു. പുറം ജോലികൾ ഇല്ലാതാക്കി ജപ്പാനിലും ചൈനായിലും മെക്സിക്കോയിലും പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ മടക്കി കൊണ്ടുവന്നതും അമേരിക്കക്കാർക്കുള്ള തൊഴിൽ പദ്ധതികളുടെ ഭാഗമാണ്. 1998 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയ്ക്ക് 34 ശതമാനം ജോലികൾ ഉൽപ്പാദന മേഖലകളിൽ നഷ്ടപ്പെട്ടിരുന്നു.

ദാരിദ്ര രേഖയെപ്പറ്റി അധികമൊന്നും ട്രംപ് വാചാലനായില്ലെങ്കിലും കഴിഞ്ഞ ഒരു വർഷം കൊണ്ട് ദാരിദ്ര്യ രേഖ കഴിഞ്ഞ പത്തു വർഷത്തേക്കാളും വളരെയധികം താഴെയായിരുന്നു. 2013 മുതൽ ദാരിദ്ര്യ രേഖ താഴാൻ തുടങ്ങിയിരുന്നു. 2010, 2011,2012 എന്നീ മൂന്നുവർഷ കാലയളവുകളിൽ 11.8 ശതമാനം ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയായിരുന്നു. എന്നാൽ 2017-ൽ അത് 9.8 ആയി കുറഞ്ഞു.

ലോകം മുഴുവൻ അമേരിക്കയെ ബഹുമാനിക്കുന്നുവെന്ന് ട്രംപ് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ആഗോള തലത്തിലുള്ള ഒരു പോളിംഗ് അനുസരിച്ച് അമേരിക്കയോടുള്ള വിശ്വാസം ലോക രാഷ്ട്രങ്ങളുടെയിടയിൽ വളരെയധികം നഷ്ടപ്പെട്ടിരിക്കുന്നതായി കാണാം. പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും അമേരിക്ക പിൻവാങ്ങിയത് ലോകരാഷ്ട്രങ്ങളുടെയിടയിൽ പ്രതിക്ഷേധങ്ങൾക്ക് കാരണമാക്കിയിരുന്നു. പാരീസ് ഉടമ്പടിയെ പിന്താങ്ങുന്ന ലോകം ഇന്ന് അമേരിക്കൻ നേതൃത്വത്തെ മാനിക്കാറില്ല. അമേരിക്കയുടെ ഈ പിൻവാങ്ങലോടെ ചൈന ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ അവസരം കാത്തിരിക്കുകയും ചെയ്യുന്നു.

അമേരിക്കയുടെ ഇൻകം ടാക്സ് പരിഷ്ക്കരണങ്ങളുടെ ബില്ല് പാസാക്കാൻ സാധിച്ചത് പ്രസിഡന്റ് ട്രംപിന്റെ ഒരു വിജയമായിരുന്നു. എന്നാൽ അതൊരു രാഷ്ട്രീയ വിജയമായി കണക്കാക്കാനും  സാധിക്കില്ല. കാരണം ഭൂരിഭാഗം ജനങ്ങളും ട്രംപിന്റെ ടാക്സ് ബില്ലിനെ അനുകൂലിക്കുന്നില്ല. കഴിഞ്ഞ അമ്പതു വർഷങ്ങൾക്കുള്ളിൽ ഭരിച്ച എല്ലാ പ്രസിഡണ്ടുമാരേക്കാളും കോൺഗ്രസിലും സെനറ്റിലും നിയമങ്ങൾ പാസാക്കാൻ സാധിക്കാതെ പരാജയപ്പെട്ട പ്രസിഡണ്ടായിരുന്നു അദ്ദേഹം. സെനറ്റിലും കോൺഗ്രസിലും കൊണ്ടുവന്ന ഏതാനും ബില്ലുകൾ മാത്രം പാസാക്കാനേ ട്രംപിനു സാധിച്ചുള്ളൂ. അത് അദ്ദേഹത്തിൻറെ വ്യക്തി വിജയങ്ങൾക്കും ദോഷമാകാനുമിടയാകുന്നു.

ചെലവുചുരുക്കൽ വഴി ദേശീയ കടം ഇല്ലാതാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ $5.3 ട്രില്യൻ ദേശീയ കടം വർദ്ധിക്കുകയാണുണ്ടായത്. നികുതി കുറയ്ക്കുംവഴി സാമ്പത്തിക വളർച്ചയുണ്ടാകുമെന്നും അത് വരുമാനത്തിലുള്ള നഷ്ടം പരിഹരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. നികുതി കുറവുമൂലം കൂടുതൽ വിദേശകമ്പനികൾ അമേരിക്കയിൽ പണം നിക്ഷേപിക്കാൻ തയ്യാറാകുമെന്നും സാമ്പത്തിക വളർച്ചയും കൂടുതൽ തൊഴിലവസരങ്ങളും ഉണ്ടാവുമെന്നും  കണക്കുകൂട്ടുന്നു. നികുതി കുറയ്ക്കുന്നതുമൂലം ആറു ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന്  കരുതുന്നു. അതുമൂലം നികുതി വരുമാനവും വർധിക്കും. ട്രംപിന്റെ നികുതിയിളവും കോർപറേഷൻ നികുതി 35 ശതമാനത്തിൽനിന്നും 21 ശതമാനമായി കുറയ്ക്കലും അമേരിക്കയുടെ ദേശീയ കടം വർദ്ധിക്കാൻ കാരണമാവുകയേയുള്ളൂവെന്നു സാമ്പത്തിക വിദഗ്ദ്ധർ  അഭിപ്രായപ്പെടുന്നു.

അമേരിക്കയിൽ നടന്ന സർവേകളിൽ ഭൂരിഭാഗവും ട്രംപിന്റെ ടാക്സ് പരിഷ്ക്കരണങ്ങളെ  അനുകൂലിച്ചിട്ടില്ല. പ്രസിദ്ധരായ ധനതത്വ ശാസ്ത്രജ്ഞരും യൂണിവേഴ്സിറ്റികളും ട്രംപിന്റെ പദ്ധതികളെ അംഗീകരിക്കുന്നില്ല. 'നികുതിയിളവും സാമ്പത്തിക പരിഷ്ക്കരണവും തനിക്കോ ധനികരായവർക്കോ ഗുണപ്രദമാവില്ലെന്നു ട്രംപ് പ്രസ്താവിച്ചതായി വാഷിംഗ്‌ടൺ പോസ്റ്റിൽ വന്ന ഒരു ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്നു. അത് തെറ്റായ വിവരമെന്നും വിവരിച്ചിട്ടുണ്ട്. 'എസ്റ്റേറ്റ് ടാക്സ്' ഇല്ലാതാകുന്നതോടെ ധനികർക്കാണ് അതുകൊണ്ടു പ്രയോജനപ്പെടുന്നത്. അതുമൂലം കൂടുതലും ഗുണപ്രദമാകുന്നത് ബില്യൺ കണക്കിന് സ്വത്തുള്ള ട്രംപിന്റെ മക്കൾക്കായിരിക്കും. ട്രംപിന്റെ ടാക്സ് പദ്ധതി 2005-ൽ നടപ്പാക്കിയിരുന്നെങ്കിൽ ഇന്നദ്ദേഹം നികുതിയിൽ $31 മില്യൺ ലാഭിക്കുമായിരുന്നുവെന്നാണ് കണക്ക്. അദ്ദേഹത്തിൻറെ എസ്റ്റേറ്റ് വാല്യൂ കണക്കനുസരിച്ച് എസ്റ്റേറ്റ് നികുതി ഒഴിവാക്കുന്നതിൽ നിന്നും $1.1 ബില്യൺ  ഡോളറാണ് ലാഭമുണ്ടാക്കുന്നത്.

ചൈനയുമായി പുതുക്കിയ ഉടമ്പടി ഉണ്ടാക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. 2017-ൽ ട്രേഡ് ഡെഫിസിറ് (Trade deficit) $123 ബില്യൺ വർദ്ധിച്ചു. അതുമൂലം ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തു. വ്യക്തികളുടെ ആദായ നികുതിയും കോർപറേഷൻ നികുതിയും കുറച്ചാൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും വിദഗ്ദ്ധരായ  ധനതത്ത്വ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ആരോഗ്യപരമായ ഒരു സാമ്പത്തിക വളർച്ച അത്ര പെട്ടെന്ന് സംഭവിക്കുക സാധ്യമല്ല. സാമ്പത്തികമായി പരാജയപ്പെടുകയാണെങ്കിൽ വീണ്ടും പണം കടം മേടിക്കുകയോ ഡോളർ പ്രിന്റ് ചെയ്യുകയോ സാധിക്കുമെന്നും ട്രംപ് കരുതുന്നു. അത്തരം ചിന്തകൾ രാജ്യത്ത് വിലപ്പെരുപ്പം ഉണ്ടാകാൻ മാത്രമേ സഹായകമാവുള്ളൂ. ഇത് തീർത്തും ട്രംപിന്റെ അപകടകരമായ ഒരു നീക്കമാണ്. ഡോളർ നിലംപതിച്ചാൽ ലോകത്തിലുള്ള ഭൂരിഭാഗം രാജ്യങ്ങളിലും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിനു വഴി തെളിയിക്കും. അമേരിക്കയോടുള്ള വിശ്വസം നഷ്ടപ്പെട്ടാൽ കടം തരുന്നവർ പലിശയും കൂട്ടും. അത് അമേരിക്ക മുഴുവൻ സാമ്പത്തിക മാന്ദ്യത്തിനു വഴി തെളിയിക്കും. 2017-ൽ ജനുവരി 18, ഡോളർ ഇൻഡക്സ് കാണിക്കുന്നത് 127.25 ആണ്. അത് 2017 നവംബർ 18 നു 119.24 അയി കുറഞ്ഞു. ഏകദേശം ഏഴുശതമാനം കുറവ്. എന്നാൽ 2013 മുതലുള്ള കണക്കിൻപ്രകാരം 25 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

അമേരിക്കയയുടെ സൈനിക ശക്തി കൂടുതൽ വിപുലമാക്കാനും ട്രംപ് ആഗ്രഹിക്കുന്നു. രാജ്യത്തെ സുശക്തമാക്കാൻ മിലിറ്ററി ബഡ്‌ജറ്റ്‌ നിലവിലുള്ളതിനേക്കാളും പത്തു ശതമാനം കൂടി വർദ്ധിപ്പിച്ചു.  ജി.എൻ.പി യുടെ മൂന്നു ശതമാനം മാത്രം മിലിട്ടറി ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് വളരെ കുറവെന്നും അദ്ദേഹം കരുതുന്നു. മിലിട്ടറി ബഡ്ജറ്റ് ജി.എൻ.പിയുടെ ആറര ശതമാനം വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. $574.5 ബില്യൺ  മിലിറ്ററി ബഡ്‌ജറ്റിനായി നീക്കി വെച്ചു. ഇത് സോഷ്യൽ സെകുരിറ്റി കഴിഞ്ഞാൽ അമേരിക്കയുടെ ഏറ്റവും വലിയ ബഡ്ജറ്റാണ്. ഐ.എസു്.ഐ.എസ് പോലുള്ള ഭീകര സംഘടനകൾക്കെതിരായി പ്രതികരിക്കാനും ബോംബിടാനും സിറിയയിൽ പട്ടാളത്തെ അയക്കാനുമുള്ള തീരുമാനവുമെടുത്തു. ഭീകരരന്മാരുടെ കുടുംബങ്ങളിലും അവരുടെ ദൈനം ദിന നീക്കങ്ങളിലും പ്രത്യേക ശ്രദ്ധക്കായി പട്ടാളത്തെ ചുമതലപ്പെടുത്തി. കൂടുതൽ ആയുധ കപ്പലുകളും വൈമാനിക പട്ടാള ശക്തിയും വർദ്ധിപ്പിച്ചു. ഇറാനും നോർത്ത് കൊറിയായ്ക്കും എതിരായി മിസൈൽ സംവിധാനവും വിപുലമാക്കി.  ഇസ്രായേലും പാലസ്തീനുമായി സമാധാനം ഉണ്ടാക്കാൻ അദ്ദേഹം തന്റെ മരുമകനെയും നിയമിച്ചു. സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേക സുരക്ഷിത പദ്ധതികൾ നടപ്പാക്കി.

നിയമപരമല്ലാത്ത കുടിയേറ്റക്കാരെ നിയന്ത്രിക്കുകയെന്നതും ട്രംപിന്റ് പദ്ധതിയാണ്. അവരുടെ രാജ്യത്തേക്കു അവരെ മടക്കി അയക്കണമെന്ന് വാദിക്കുന്നു. അനധികൃതമായി കയറിയവരിൽ മൂന്നു മില്യൺ കുറ്റവാളികൾ ഉണ്ടെന്നും കരുതുന്നു. 2000 മൈൽ മെക്സിക്കൻ അതിരിൽ മതില് പണിയുകയെന്നത് ട്രംപിന്റെ പദ്ധതിയായിരുന്നു. 20 ബില്യൺ ഡോളർ വരെ മതിൽ പണിക്ക് ചെലവ് വരാം. എന്നാൽ 2017-ലെ ബഡ്ജറ്റിൽ ട്രംപിന്റെ പദ്ധതി ഉൾപ്പെടുത്തിയില്ല. കാരണം മെക്സിക്കോക്കാരെകൊണ്ട് മതിലിനുള്ള പണം ചെലവാക്കിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പുകാലങ്ങളിൽ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. മൂന്നുലക്ഷത്തിൽപ്പരം വിദേശ ജോലിക്കാർ സിലിക്കോൺ വാലിയിൽ ജോലിചെയ്യുന്നുണ്ട്. അവരിൽ കൂടുതൽപേരും തൊഴിലുകളിൽ വൈദഗ്ധ്യം നേടിയവരും കംപ്യൂട്ടർ സംബന്ധമായ ജോലികളിൽ, സ്പെഷ്യലിസ്റ്റുകളുമാണ്. H-1B വിസ നിർത്തൽ ചെയ്‌താൽ ഈ കമ്പനികൾക്ക് വിദഗ്ദ്ധരായ ജോലിക്കാരെ നഷ്ടപ്പെടും. അങ്ങനെയുള്ള കമ്പനികളുടെ മാർക്കറ്റും ഇടിഞ്ഞുപോകും.

യൂറോപ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിലും അയർലണ്ടിലും യുകെയിലും ഓസ്‌ട്രേലിയയിലും മിനിമം വേതനം അമേരിക്കയെക്കാളും കൂടുതലാണ്. അമേരിക്കയിൽ മിനിമം വേതനം മണിക്കൂറിൽ $7.25 ആണ്. അതുകൊണ്ടു ഉത്ഭാദന ചെലവ് കുറച്ച് അമേരിക്കൻ കമ്പനികൾക്ക് വിദേശ കമ്പനികളോട് മത്സരിക്കാൻ സാധിക്കും.

ട്രംപിന്റെ കഴിഞ്ഞ ഒരു വർഷത്തെ ഭരണ കാലയളവിൽ നൂതനങ്ങളായ  പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നില ഉയർന്നുവെന്നു അദ്ദേഹം അഭിമാനിക്കുന്നു. ഏഴു ട്രില്യൺ ഡോളർ വളർച്ചയും അവകാശപ്പെടുന്നു. അമേരിക്കയിലെ വൻകിട കമ്പനികളിൽ ജോലിക്കാർക്ക് കൂടിയ പേച്ചെക്കും (Pay Check) ലഭിച്ചു. പുറം രാജ്യങ്ങളിലുള്ള  കമ്പനികൾ അമേരിക്കൻ മണ്ണിൽ ബിസിനസ് തുടങ്ങാനും ആരംഭിച്ചു. ട്രംപ് പറയുന്നു, "താനൊരു വ്യവസായി ആയിരുന്നു. ഒരു വ്യവസായിയെന്ന നിലയിൽ എക്കാലവും വിജയിയായിരുന്നു. ഞാനെന്നും അവർക്ക് നല്ലവനായിരുന്നു. അവരെന്നെയും സ്നേഹിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയക്കാരനായ നിമിഷം മുതൽ എന്റെ പേരിനെ ദുഷിപ്പിക്കാൻ പത്രങ്ങളും മാസികകളും മാധ്യമങ്ങളും പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നു. ചരിത്രത്തിൽ രാജ്യതാൽപ്പര്യത്തിനുവേണ്ടി ശ്രമിച്ച രാഷ്ട്രീയക്കാരും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഭരണാധികാരികളും ഇതേപാതയിൽ തന്നെ സഞ്ചരിച്ചവരാണ്".

Source: The U.S. Bureau of Labor Statistics 




Monday, January 22, 2018

ബാലികാ പീഢനക്കേസിൽ ഷിക്കാഗോ സീറോ മലബാർ രൂപതയും പ്രതി

ഫാദർ സക്കറിയാസ് തോട്ടുവേലിൽ 
ജോസഫ് പടന്നമാക്കൽ 

ഏകദേശം രണ്ടുകൊല്ലംമുമ്പ് ഫ്ലോറിഡായിൽ ഒരു സീറോ മലബാർ പുരോഹിതൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കഥ ചില ഓൺലൈൻ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് ഷിക്കാഗോ രൂപതയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അമേരിക്കൻ മലയാളികൾക്ക് അപമാനകരമായ ഒരു വാർത്ത സമ്മാനിച്ചിട്ടാണ്, പ്രതിയായ ഫാദർ സക്കറിയാസ് തോട്ടുവേലിൽ രാജ്യം വിട്ടിരിക്കുന്നത്. കേസിൽ നിന്നും രക്ഷപെടാനും പ്രതി രാജ്യം വിടാനും ഷിക്കാഗോയിലെ സീറോമലബാർ രൂപത വേണ്ട സഹായസഹകരണങ്ങൾ നൽകിയെന്നാണ് ഹർജിയിൽ സൂചിപ്പിച്ചിരിക്കുന്നത്. 

അടുത്ത കാലത്ത് പുരോഹിതരുടെ ലൈംഗികപരമ്പരകൾ വർത്തമാന പത്രങ്ങളിൽ നിത്യ സംഭവങ്ങളായിരുന്നു. ഭൂമി മാഫിയാകളുടെയും ഷോപ്പിംഗ് കോമ്പ്ലെക്സുകളുടെയും വ്യവസായ സംരംഭങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന സീറോ മലബാർ നേതൃത്വം പുരോഹിതരുടെ ലൈംഗിക അരാജകത്വത്തെപ്പറ്റി വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഒരു പുരോഹിതൻ പുറം രാജ്യത്താണെങ്കിൽ സാമ്പത്തിക നേട്ടത്തിന്റെ വീതം വിദേശത്തു പറഞ്ഞുവിടുന്ന മെത്രാനും ലഭിക്കും. അതുകൊണ്ടു പുരോഹിതരുടെ ലൈംഗിക വീഴ്ചകളിൽ സാധാരണ രീതിയിൽ രൂപതാ മെത്രാന്മാർ അറിഞ്ഞില്ലെന്ന് ഭാവിക്കുകയേയുള്ളൂ.

പുരോഹിതൻ പീഡകനാണെങ്കിലും കുറ്റങ്ങൾ അതിന് ഇരയാകുന്നവരുടെ ചുമലിൽ കെട്ടിവെക്കും. അത് പൗരാഹിത്യ ലോകത്തിന്റെ മറ്റൊരു അടവാണ്. കേസുകൾ ഉണ്ടാവുകയാണെങ്കിൽ, കൊലക്കേസ്സാണെങ്കിൽ തന്നെയും ഇന്ത്യയിലാണെങ്കിൽ പണത്തിന്റെ സ്വാധീനത്തിലോ രാഷ്ട്രീയ പിടിപാടിലോ ഒതുക്കി തീർക്കാൻ സാധിക്കും. ഇന്ത്യയിൽ ഒരു പുരോഹിതനെതിരെ ലൈംഗികാപവാദ കേസുണ്ടായാൽ സാധാരണരീതിയിൽ അതിനുത്തരവാദിയായ പുരോഹിതനെ മറ്റു പള്ളികളിലേക്ക് സ്ഥലം മാറ്റുകയോ അല്ലെങ്കിൽ സ്ഥാനക്കയറ്റത്തോടെ സഭയുടെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ആണ് പതിവ്. അമേരിക്കയിലെ കർശനമായ നിയമ വ്യവസ്ഥിതിയിൽ ഒരുവൻ കേസിലകപ്പെട്ടു പോയാൽ നിയമക്കുരുക്കിൽ നിന്നും രക്ഷപ്പെടുക എളുപ്പമല്ല. ഇവിടെ രാഷ്ട്രീയ സ്വാധീനമോ സഭയുടെ സാമ്പത്തിക കരുത്തോ വിലപ്പോവുകയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള സ്ത്രീ പീഡനവും ബാലപീഡനവും സംബന്ധിച്ചുള്ള കേസുകൾമൂലം അമേരിക്കൻ പള്ളികൾക്ക് കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടുണ്ട്.

ലോകമാകമാനം പരന്നിരിക്കുന്ന പുരോഹിതരുടെ ലൈംഗിക വീഴ്ചകൾ ഷിക്കാഗോ സീറോ മലബാർ രൂപതയിലെ വൈദികരുടെയിടയിലും തുടക്കം മുതലുണ്ടായിരുന്നു. ശരിയായ ഔഷധം കൊടുത്ത് ഇത്തരക്കാരായ പുരോഹിതരെ ഷിക്കാഗോയിലെ വലിയ ഇടയൻ നേരായ രീതിയിൽ നയിച്ചില്ലെങ്കിൽ രൂപത അധികം താമസിയാതെ പാപ്പരാകേണ്ടി വരും. കേസുകൾ പലതും ഉണ്ടായെങ്കിലും വിശ്വാസ സമൂഹം സഭയുടെ മാനം രക്ഷിക്കാൻ പലപ്പോഴും അത്തരം സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്.

ഫ്ലോറിഡയിലെ നിയമം അനുസരിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ സാധിക്കാതെ വരുകയോ പ്രതി രാജ്യം വിടുകയോ ചെയ്‌താൽ സാധാരണ കേസ് തള്ളി കളയുകയാണ് പതിവ്. പ്രതിയുടെ അഭാവത്തിൽ ഇരയായ കുട്ടിയുടെ മാതാപിതാക്കൾ ഷിക്കാഗോ രൂപതയ്ക്കെതിരെ മൂന്നര മില്യൺ ഡോളർ നഷ്ടപരിഹാരമായി കേസ് കൊടുത്തിരിക്കുകയാണ്. പ്രതിയ്ക്ക് രക്ഷപെടാൻ സൗകര്യങ്ങൾ ചെയ്തു കൊടുത്തത് ഷിക്കാഗോ രൂപതയെന്നാണ് വാദി ഭാഗം പരാതി. ഗുരുതരമായ ഈ ലൈംഗിക കേസിൽ നിന്നും ഷിക്കാഗോ രൂപതയ്ക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നും രക്ഷപെടാൻ സാധിക്കില്ലെന്നുള്ളതാണ് വിലയിരുത്തൽ.

വിദേശപ്പണം കൊയ്യാമെന്നുള്ള മോഹത്തിലാണ് അടുത്തകാലത്ത് ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും കാനഡയിലുമെല്ലാം സീറോ മലബാർ സഭയുടെ രൂപതകളും കേന്ദ്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയിടപാടുകൾ കൊണ്ട് വലിയ പ്രശ്നത്തിലായിരിക്കുന്ന കാക്കനാട്ടുളള സീറോ മലബാർ പാസ്റ്ററൽ നേതൃത്വത്തിന് ഫ്ലോറിഡയിൽ നിന്നുമുള്ള പുരോഹിതനെതിരായ ഈ കേസ് കാര്യമായ പ്രശ്‍നങ്ങളുണ്ടാക്കില്ലായിരിക്കാം. കാരണം വിദേശത്തുള്ള സീറോ മലബാർ രൂപതകൾ കാക്കനാടുളള കർദ്ദിനാളിന്റെ കീഴിലായിരിക്കില്ല.

9-12-2017 ലാണ് ഫ്ലോറിഡായിൽനിന്നും ഒരു കുടുംബം ഷിക്കാഗോ രൂപതയ്ക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഫാദർ സക്കറിയാസ്' തോട്ടുവേലിൽ വികാരിയായിരുന്ന ഔർ ലേഡി ഓഫ് ഹെൽത്ത് സീറോ മലബാർ ചർച്ച് ഓഫ് ഫ്ലോറിഡാ പള്ളിയും (Our Lady of Health Syro Malabar Church of Florida)  ഷിക്കാഗോ രൂപതയ്‌ക്കൊപ്പം ഈ കേസിൽ പ്രതിയാണ്. .

പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ ബലമായി ലൈംഗിക പീഡനം നടത്തിയ പുരോഹിതന്റെ കുറ്റപത്രത്തിൽ പറയുന്നു; 'ആദ്യകാലങ്ങളിൽ ആദ്ധ്യാത്മികതയുടെ ഭാഗമായി ഫാദർ സക്കറിയാസ് തോട്ടുവേലിൽ എന്ന ഈ പുരോഹിതൻ പെൺകുട്ടിയുടെ തലയിൽ കൈ വെക്കുമായിരുന്നു. അന്നൊന്നും ഇയാളുടെ മനസ്സിൽ ആളിക്കത്തുന്ന ലൈംഗിക വികാരങ്ങളെപ്പറ്റി പെൺകുട്ടിയ്ക്ക് മനസ്സിലായിരുന്നില്ല. പിന്നീട് കുമ്പസാരക്കൂട്ടിൽ കുട്ടിയുടെ കൈകൾ പുരോഹിതന്റെ തുടയിന്മേൽ സ്പർശിച്ചു പ്രാർഥിക്കാൻ ആവശ്യപ്പെടാനും തുടങ്ങി. 2011 സെപ്റ്റംബർ മുതൽ പെൺകുട്ടിയുടെ പ്രായം പതിനേഴിനും പതിനെട്ടിനുമിടയിലായിരുന്ന സമയങ്ങളിൽ പുരോഹിതൻ കുമ്പസാര വേളയിൽ കുട്ടിക്ക് പതിനെട്ടു വയസായോയെന്നു അന്വേഷിക്കുവാനും ആരംഭിച്ചു. പതിനെട്ടു വയസ്സായാൽ അമേരിക്കയിൽ പ്രായപൂർത്തിയായെന്നു നിയമം അനുശാസിക്കുന്നു. 

ഒരു ദിവസം ഫാദർ സക്കറിയാസ് തോട്ടുവേലിൽ കുർബാനയ്ക്ക് പോകുംമുമ്പ് പെൺകുട്ടിയെ ബലമായി ആലിംഗനം ചെയ്യുകയും മുഖത്ത് ശക്തിയായി ഉമ്മ വെച്ച് പാട് വരുത്തുകയും ഒപ്പം മാറിടത്തു പിടിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ കുർബാനയ്ക്ക് പോകും മുമ്പ് തോട്ടുവേലി ആ കുട്ടിയുടെ ബ്ലൗസിന് മുകളിൽകൂടി കൈ ഇടുകയും മാറിടത്തിൽ ബലമായി പിടിക്കുകയും ചെയ്തു. മറ്റൊരു ദിവസം പള്ളിയിൽ സുരക്ഷിതമായി ഒന്നിൽകൂടുതൽ ഡ്രസ്സുകൾ ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും തൊട്ടുവേലി പുറകിൽ നിന്ന് കൈകോർക്കുക്കയും മുലഞെട്ടുകൾ ഞെരിക്കുകയും ചെയ്തു. ബലമായി മറ്റു ലൈംഗിക ചേഷ്ടകൾക്കും ശ്രമിച്ചു. അയാൾ ചുണ്ടുകൊണ്ടു വന്നു ഉമ്മവെക്കാൻ ശ്രമിച്ചപ്പോൾ കുതറി മാറുകയും ചെയ്തു. അതിനു മുമ്പ് ഉമ്മ കഴുത്തിൽ കൊടുക്കുകയും ചെയ്തു. അരയ്ക്കു താഴെ സ്വകാര്യ ഭാഗത്തേക്ക് കൈകളിടാൻ ശ്രമിച്ചെങ്കിലും അയാൾക്ക് സാധിച്ചില്ല.'

പുരോഹിതനിൽനിന്നുമേറ്റ ലൈംഗിക പീഡനശേഷം പെൺകുട്ടിയ്ക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുന്നില്ലെന്നും മാനസികമായി തകർന്നുവെന്നും അതിനുള്ള നഷ്ടപരിഹാരവും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകളെ കൗൺസിലിംഗ് വിഷയങ്ങളിൽ സഹായിക്കുന്ന ജോലികളായിരുന്നു ഫാദർ തോട്ടുവേലിൽ നിർവഹിച്ചിരുന്നത്. കൗൺസിലിംഗ് നടത്തിയിരുന്നത് അദ്ദേഹത്തിൻറെ ഓഫീസിലെ മുറിയിലായിരുന്നു. പെണ്ണുങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയെന്നത് ഈ പുരോഹിതന്റെ സ്ഥിരം വിനോദമായിരുന്നു.

വൈദികൻ ഒളിവിൽ പോവാൻ എല്ലാ വിധ സഹായങ്ങളും ഷിക്കാഗോ രൂപത നല്കിയെന്നാരോപിച്ചാണ് കേസ്.  ഒളിവിൽ പോയ പുരോഹിതനെ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ രൂപതയ്ക്ക് വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് അറിയുന്നത്. ഭീമമായ ഒരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നാൽ ആഗോള തലത്തിൽ സീറോ മലബാർ സഭയ്ക്ക് വലിയ പ്രത്യേഘാതങ്ങൾ നേരിടേണ്ടി വരും.
വിശ്വാസികളുടെ സുരക്ഷിതത്വം പുരോഹിതരിൽ നിന്നും കാത്തു സൂക്ഷിക്കേണ്ട കടമ ഒരു ബിഷപ്പിന്റെ കീഴിലുള്ള രൂപതയ്ക്കുണ്ട്. ഇതിനുമുമ്പും പുരോഹിതർക്കെതിരെ പരാതികളുണ്ടായ സന്ദർഭങ്ങളിലെല്ലാം ഷിക്കാഗോ രൂപത ഗൗനിക്കാതിരിക്കുകയായിരുന്നു. കേസ് ഷിക്കാഗോ രൂപതയ്‌ക്കെതിരെ തിരിഞ്ഞതുകൊണ്ട് പുരോഹിതനെ കേസ് വിസ്താരത്തിനായി നാട്ടിൽനിന്നും മടക്കി കൊണ്ടുവരേണ്ട ജോലിയും രൂപതയ്ക്ക് വന്നുകൂടിയിരിക്കുകയാണ്.

നാട്ടിൽ നിന്ന് അമേരിക്കയിലെത്തുന്ന പുരോഹിതർക്ക് ഈ കേസ് ഒരു മുന്നറിയിപ്പുകൂടിയുമായിരിക്കും. അമേരിക്കയിലും ബ്രിട്ടനിലും, കാനഡയിലുമുള്ള മലയാളി സ്ത്രീകൾ നാട്ടിൽനിന്നും വരുന്ന ചെറുപ്പക്കാരായ പുരോഹിതരെ തീറ്റാനുള്ള മത്സരത്തിലാണ്. വിവാഹം കഴിക്കാത്ത ഈ പുരോഹിതർ അവരുടെ നേരമ്പോക്കായി സ്ത്രീ ജനങ്ങളുമായുള്ള സൗഹാർദ്ദം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ചെറുപ്പക്കാരായ അമ്മമാരുടെ കൈകളിൽ നിന്നും കൊച്ചിനെ മേടിക്കുക, അടുക്കളയിൽ ചെന്ന് സ്ത്രീകൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഉപ്പുണ്ടോയെന്ന് സഹായിക്കുക മുതലായ ടെക്ക്നിക്കുകളും പുരോഹിതരുടെ അടവുകളിലുണ്ട്. മിക്ക ദിവസവും സദ്യയുണ്ണാൻ വരുന്ന പുരോഹിതരെ സൽക്കരിക്കുന്ന സ്ത്രീകളുടെ മാനസികാവസ്ഥ ഭർത്താക്കന്മാരായ നല്ല കുഞ്ഞാടുകൾക്ക്  മനസിലാക്കാനുള്ള കഴിവുമുണ്ടായിരിക്കില്ല. നാടും വീടും വിട്ടു വരുന്ന പുരോഹിതരോട് ഇവർക്ക് വലിയ സഹതാപവുമാണ്. പല സ്ത്രീകളും പുരോഹിതരുടെ ഫ്രിഡ്ജ്, കോഴിയിറച്ചിയും കാളയിറച്ചിയും പച്ചക്കറികളുമായി നിറക്കാനുള്ള മത്സര ഓട്ടത്തിലുമാണ്

ബില്യൺ കണക്കിന് ഡോളാറാണ് അമേരിക്കൻ രൂപതകൾ ഇപ്പോൾ ലൈംഗിക പീഡനത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ സഭകൾക്ക് അതിനുള്ള  സാമ്പത്തിക ശക്തിയുമുണ്ട്. എന്നാൽ തികച്ചും അമേരിക്കയിലെ പുതിയ പ്രസ്ഥാനമായ സീറോ മലബാർ രൂപതയ്ക്ക് ഗുരുതരമായ തെളിവുകളോടെയുള്ള ഒരു കേസിനെ താങ്ങാനുള്ള കഴിവുണ്ടായിരിക്കില്ല. ഇത്തരം കേസുകളിലെ ഭവിഷ്യത്തുകളെപ്പറ്റി സീറോ മലബാർ രൂപതയിൽ വന്നെത്തുന്ന പുതിയ  പുരോഹിതർക്ക് അറിവുമുണ്ടായിരിക്കില്ല. അവർക്ക് ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിണതഫലങ്ങളെ സംബന്ധിച്ചുള്ള വേണ്ടത്ര പ്രായോഗിക പരിജ്ഞാനം നൽകാറുമില്ല. അതുകൊണ്ട് പുരോഹിതർ അബദ്ധങ്ങളിലും ചാടാറുണ്ട്.

അറിവില്ലായ്മ മൂലം ചിലപ്പോൾ പുരോഹിതർ തെറ്റുകളിൽ അകപ്പെടാറുണ്ട്. 2015 ഫെബ്രുവരിയിൽ ഫ്ലോറിഡയിൽ, പാം ബീച്ചിലെ ഒരു പള്ളിയിലുണ്ടായിരുന്ന ഫ്രാൻസിസ്‌ക്കൻ പുരോഹിതനായ ഫാദർ ജോസ് പള്ളിമറ്റം ഒരു കേസിൽ കുടുങ്ങി ആറുമാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുകയും അതിനുശേഷം രാജ്യത്തുനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. അദേഹത്തിന് ആരോ ഒരു സ്മാർട്ട് ഫോൺ സമ്മാനമായി കൊടുത്തു. അത് എങ്ങനെ പ്രവർത്തിക്കണമെന്ന് അറിഞ്ഞുകൂടായിരുന്നു. പള്ളിയിൽ വരുന്ന ഒരു പതിനാലുകാരന്റ്‌ സഹായം അഭ്യർത്ഥിക്കുകയും അവൻ നോക്കിയപ്പോൾ അതിൽ നിറയെ ലൈംഗിക പടങ്ങൾ  നിറച്ചിരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ ഈ വൈദികനുനേരെ കേസ് കൊടുക്കുകയും അറിയാത്ത ഒരു കുറ്റത്തിന് ശിക്ഷ ഏറ്റു വാങ്ങേണ്ടിയും വന്നു. കൂടെയുള്ള വെള്ളക്കാരൻ ഒരു പുരോഹിതൻ അദ്ദേഹത്തെ ഒറ്റുകൊടുത്തുകൊണ്ടു കളിച്ച കളിയാണെന്നും റിപ്പോർട്ടുകളുണ്ട്. അയാളായിരുന്നു ഫാദർ പള്ളിമറ്റത്തിനെതിരെയുള്ള പ്രധാന സാക്ഷി.   

ഒരു കുടുംബമായി ചങ്ങാത്തം കൂടിയാൽ ആ കുടുംബം തകർത്തിട്ടേ സാധാരണ പുരോഹിതർ മടങ്ങി പോവൂ. എത്രയെത്ര സംഭവങ്ങളുണ്ടായാലും കുഞ്ഞാടുകൾ പഠിക്കില്ല. അവർക്കെന്നും പുരോഹിതൻ കാണപ്പെട്ട ദൈവം തന്നെ. കുട്ടികളെ വേദപാഠത്തിനു വിടുമ്പോൾ, പള്ളിയിൽ വിടുമ്പോൾ മാതാപിതാക്കൾ ഒരു പുരോഹിതനുമായുള്ള അടുപ്പം സാധാരണ ശ്രദ്ധിക്കാറില്ല. കുട്ടികൾ സന്മാർഗ നിരതരാകുമെന്ന പ്രതീക്ഷയിൽ വീട്ടമ്മമാർക്ക് പുരോഹിതരെ അത്രമാത്രം വിശ്വാസമാണ്. കുട്ടികളുടെ വേഷം, തലമുടി ചീകൽ, ചൂരിദാറിന്റെ ഇറക്കം കുറയൽ മുതലായവകൾ ചില പുരോഹിതരുടെ വിമർശന വിഷയങ്ങളായിരിക്കും. ഉടുപ്പിന്റെ ഇറക്കം കുറഞ്ഞാൽ പുരോഹിതർക്ക് കുർബാന കൊടുക്കാൻ പോലും തോന്നില്ലെന്നുള്ള ധ്യാന ഗുരുക്കന്മാരുടെ പ്രസംഗങ്ങളും സാധാരണമാണ്. ലൈംഗിക മോഹങ്ങളിൽനിന്നും പ്രകടമാകുന്ന പുരോഹിതരുടെ പാകതയില്ലാത്ത ഇത്തരം പ്രസംഗങ്ങൾ അവരുടെ അവിവാഹിത ജീവിതത്തിൽ കഴിയുന്നതുകൊണ്ടുള്ള പ്രതിഫലനങ്ങളാണ്. അത്തരം പുരോഹിതർക്ക് മാനസിക കേന്ദ്രങ്ങളിൽ ചീകത്സയും ആവശ്യമാണ്. 


Father Joseph Palimatton of the Palm Beach Diocese in Florida

കൂടുതൽ വിവരങ്ങൾക്ക്: മറുനാടൻ മലയാളി 



Friday, January 19, 2018

നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും


ജോസഫ് പടന്നമാക്കൽ

ഇന്ത്യൻ കമ്മ്യുണിസ്റ്റുചരിത്രത്തിലെ ജനകോടികളുടെ ഹൃദയം കവർന്ന മഹാനായ ഒരു ഐതിഹാസിക നായകനായിരുന്നു, ശ്രീ എ.കെ. ഗോപാലൻ. സ്നേഹപൂർവ്വം ജനങ്ങൾ അദ്ദേഹത്തെ മൂന്നക്ഷരം മാത്രമുള്ള ഏ.കെ.ജി യെന്നു വിളിച്ചിരുന്നു. ഓരോ കമ്യുണിസ്റ്റുകാരന്റെയും ഹൃദയത്തിൽ ഈ നാമം അഗാധമായി പതിഞ്ഞിരിക്കുകയും ചെയ്യുന്നു. ആയില്യത്ത് കുട്ട്യേരി ഗോപാലനെന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. അദ്വിതീയമായ ആത്മസമർപ്പണം ചെയ്ത  ഒരു സേവനത്തിന്റെ ചരിത്രം എ.കെ.ജി.യ്ക്കുണ്ട്. വ്യത്യസ്തങ്ങളായ രാഷ്ട്രീയ അഭിപ്രായങ്ങൾക്കു മീതെ എല്ലാ ജനവിഭാഗങ്ങളും അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ കോഫീ ഹൌസ് എന്ന റസ്റ്റോറന്റ് ശൃംഖലകൾക്ക് തുടക്കമിടാൻ കാരണമായത് എ.കെ.ജി യായിരുന്നു. 1940-ൽ കോഫീ ബോർഡിന്റെ കീഴിൽ ഇന്ത്യൻ കോഫീ ഹൌസ്‌ രാജ്യമെമ്പാടും ആരംഭിച്ചു. 

1904-ഒക്ടോബർ ഒന്നാം തിയതി കണ്ണൂരിൽ പെരിളിശേരിക്കടുത്തു മക്രേരി ഗ്രാമത്തിൽ ആയില്യത്ത് കുറ്റിയരി എന്ന ജന്മി വീട്ടിൽ അദ്ദേഹം ജനിച്ചു. പിതാവ് വെള്ളുവ കണ്ണോത്ത് റൈരു നമ്പ്യാരും മാതാവ് ആയില്ലിയത് കുട്ടിയേരി മാധവി അമ്മയുമായിരുന്നു. തലശേരിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അധികം താമസിയാതെ ഒരു സ്‌കൂൾ അധ്യാപകനായി ജോലി ആരംഭിച്ചു. എ.കെ.ജിയുടെ മകൾ ലൈലയുടെ ഭർത്താവ് ശ്രീ. പി. കരുണാകരൻ കാസർകോട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലോകസഭാംഗമാണ്.

1930-ൽ അദ്ദേഹം ജോലി രാജി വെച്ചുകൊണ്ട് മുഴുവൻ സമയവും പൊതു സേവനത്തിനായും രാഷ്ട്രീയ പ്രവർത്തനത്തിനായും രംഗത്തിറങ്ങി. കോൺഗ്രസ്സിന്റെ മുന്നണിയിലും നേതൃസ്ഥാനത്തും പ്രവർത്തിച്ചിരുന്നു. കേരള പ്രദേശ് കോൺഗ്രസിന്റെ സെക്രട്ടറിയായും കുറേക്കാലം പ്രസിഡന്റായും സേവനം ചെയ്തു. നീണ്ട കാലം ഏ.ഐ.സി.സി അംഗവുമായിരുന്നു. പ്രക്ഷോപണങ്ങൾ ജീവ വായുവായി കണ്ടു ജനലക്ഷങ്ങളെ നയിച്ചിരുന്ന ഒരു മഹാവിപ്ലവകാരിയായിരുന്നു. ദരിദ്രരുടെയും ദളിതരുടെയും സാധാരണക്കാരുടെയും ഇടയിൽ പ്രവർത്തിച്ചും ജനങ്ങൾക്കൊപ്പം ജീവിച്ചും രാഷ്ട്രീയ ജീവിതം തുടർന്നു. ഇന്ത്യയുടെ സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് യുഗങ്ങളടങ്ങിയ അദ്ധ്യായങ്ങൾ കോർത്തിണക്കിയ ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്. സമൂഹത്തിൽ താണ വർഗക്കാരുമായി ഒത്തു ചേർന്നു പട പൊരുതിയതുകൊണ്ടാണ് അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്നത്.

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ അദ്ദേഹവും ഒരു പടയാളിയായിരുന്നു. 1930-ലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. അതിനുശേഷം മരിക്കുംവരെ സംഭവബഹുലമായ ഒരു ജീവിതമായിരുന്നു ശ്രീ ഏ.കെ.ജി. നയിച്ചുകൊണ്ടിരുന്നത്. ജീവിതത്തിൽ വിശ്രമമെന്തെന്ന് ഒരിക്കലും അറിഞ്ഞിട്ടില്ലായിരുന്നു. സമൂലമായ രാഷ്ട്ര പരിവർത്തനത്തിനായുള്ള വിപ്ലവം അദ്ദേഹത്തിൻറെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജനങ്ങളുമായി ഒത്തുചേർന്നു ജീവിച്ച് അവരുടെ ദുഖങ്ങളിൽ പങ്കുചേർന്ന് പ്രശ്നങ്ങളുമായി മല്ലിട്ടുകൊണ്ടായിരുന്നു ആ വിപ്ലവകാരി തന്റെ ജൈത്ര യാത്ര തുടർന്നിരുന്നത്. എക്കാലത്തെയും കമ്മ്യുണിസ്റ്റുകാർക്ക് അദ്ദേഹത്തിന്റെ ജീവിതം എന്നും ഒരു ആവേശമായിരുന്നു. വിവാദപുരുഷനായ അദ്ദേഹത്തിൻറെ സ്മാരക മണ്ഡപങ്ങളിൽ തലകുനിക്കാത്ത കമ്മ്യുണിസ്റ്റുകാർ വിരളമായേ കാണുകയുള്ളൂ.

1930-ൽ ഏ.കെ.ജിയ്ക്ക് 26 വയസുള്ളപ്പോൾ അദ്ദേഹത്തിന് ജയിലിൽ പോവേണ്ടി വന്നു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കു കൊണ്ടതിനാലാണ് അറസ്റ്റ് ചെയ്തത്. ഖിലാഫത്ത് മുന്നേറ്റത്തിലും ഗോപാലൻ പങ്കു ചേർന്നിരുന്നു. 1927-ൽ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഖാദി പ്രസ്ഥാനത്തിലും സഹകരിച്ചിരുന്നു. പിന്നീട് സാമൂഹിക പ്രവർത്തകനെന്ന നിലയിൽ ഹരിജനങ്ങളുടെ ഉന്നമനത്തിനായും പ്രവർത്തിച്ചുകൊണ്ടിരുന്നു. 1937-ൽ മലബാറിൽ നിന്ന് ചെന്നൈ വരെ ഒരു നിരാഹാര ജാഥാ സംഘടിപ്പിക്കുകയും അദ്ദേഹം അതിനു നേതൃത്വം കൊടുക്കുകയും ചെയ്തു. 750 മൈൽ കാൽനടയായി സഞ്ചരിച്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ നയിച്ച ഒരു നീക്കമായിരുന്നു അത്. എ.കെ.ജി ബ്രിട്ടീഷുകാരിൽനിന്നും മാത്രമല്ല, സാമൂഹിക, സാമ്പത്തിക തലങ്ങളിലുള്ള ദുരിതമനുഭവിക്കുന്നവർക്കായും മോചനമാഗ്രഹിച്ചിരുന്നു.

കോൺഗ്രസിലെ വലതുപക്ഷ ഗ്രുപ്പിൽപ്പെട്ട ചിലരുടെ ഫാസിസ്റ്റ് ചിന്താഗതികളുമായി അദ്ദേഹത്തിന് യോജിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് കോൺഗ്രസിൽ നിന്നും വിട്ടു കോൺഗ്രസ്സ് സോഷ്യലിസ്റ്റിക്ക് പാർട്ടിയിൽ ചേരുകയും 1939-ൽ അതിന്റെ പ്രവർത്തനങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടിയെന്ന് അറിയപ്പെടുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ട നാളുകളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1942-ൽ ജയിൽ ചാടുകയും 1945-ൽ അദ്ദേഹത്തെ വീണ്ടും പിടിക്കപ്പെടുകയും ചെയ്തു.

സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥിതിയിൽ ജീവിതമാരംഭിച്ച ആദ്ദേഹം ദരിദ്രരുടെ ഇടയിൽ പ്രവർത്തിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം ജീവിതത്തിൽക്കൂടി കണ്ടറിയുകയും ചെയ്തു.  സമസ്തമേഖലകളിലും കർമ്മോന്മുഖനായി പ്രവർത്തിച്ച ഒരു വ്യക്തിയേക്കാളുപരി ഒരു പ്രസ്ഥാനമായി അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. കമ്മ്യുണിസ്റ്റ് വിരോധികളായിരുന്നവർക്കു പോലും അദ്ദേഹം  ബഹുമാനിതനായിരുന്നു. 1977-ൽ മരിക്കും വരെ അദ്ദേഹത്തെ അഞ്ചു പ്രാവിശ്യം ഇന്ത്യയുടെ  പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തിരുന്നു.

എവിടെയെല്ലാം ഏ.കെ.ജി. സമരങ്ങൾ നയിച്ചിട്ടുണ്ടോ അവിടെയെല്ലാം വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് വിതച്ചിട്ടായിരുന്നു അദ്ദേഹം മടങ്ങി പോയിരുന്നത്. വർഗ മേധാവിത്വത്തിനെതിരായി ആരംഭിച്ച കമ്യുണിസ്റ്റ് പ്രസ്ഥാനം പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ രാജ്യമെങ്ങും തഴച്ചു വളർന്നിരുന്നു. നവോദ്ധാന ചിന്തകൾ പ്രസ്ഥാനത്തെ അരക്കിട്ടുറപ്പിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും സാമൂഹിക പുനരുദ്ധാരണത്തിനായും നടത്തിയ ഗുരുവായൂർ സത്യാഗ്രഹത്തിൽ ഏ.കെ.ജി. യും പങ്കു ചേർന്നിരുന്നു. തൊട്ടുകൂടാ ജാതികൾക്ക് വഴി നടക്കാനുള്ള കൊച്ചിയിൽ നടത്തിയ പാലിയം സമരവും പ്രസിദ്ധമാണ്. പി. കൃഷ്ണപിള്ളയുമൊത്ത് കോഴിക്കോട് തൊഴിലാളി യൂണിയനുകളും ഉണ്ടാക്കി. കേരളത്തിലെ വടക്കൻ പ്രദേശങ്ങളിൽ കൃഷിക്കാരുടെ സായുധ വിപ്ലവത്തിനും നേതൃത്വം കൊടുത്തിരുന്നു. അത് കേരള ചരിത്രത്തിലെ ഐതിഹാസിക സമരമായി അറിയപ്പെടുന്നു.

എവിടെ അനീതി കണ്ടാലും അവിടെയെല്ലാം ഓടിയെത്തുകയെന്നത് അദ്ദേഹത്തിൻറെ രക്തത്തിലലിഞ്ഞ സ്വഭാവമായിരുന്നു. ജയിലിൽ അടച്ചാൽ എ.കെ.ജി യുടെ സമര പോരാട്ടങ്ങൾക്ക് അറുതി വരുത്താമെന്നായിരുന്നു അന്ന് അധികൃതർ കരുതിയിരുന്നത്. എന്നാൽ ജയിലിൽ ഉള്ളവരെയും സംഘടിപ്പിച്ചു സമരത്തിന്റെ വ്യാപ്തി അദ്ദേഹം വിപുലപ്പെടുത്തുകയാണുണ്ടായത്. 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യ സ്വതന്ത്രമായപ്പോൾ ഏ.കെ.ജി. ജയിൽ അഴിക്കുള്ളിലായിരുന്നു. ജനങ്ങൾ സമര കോലാഹലങ്ങളുമായി വന്ന ശേഷമാണ് ആ വർഷം ഒക്ടോബറിൽ അദ്ദേഹത്തെ ജയിൽ വിമുക്തനാക്കിയത്. ഹരി ജനങ്ങൾക്ക് വഴി നടക്കാനായി സംഘടിപ്പിച്ച 'കണ്ടോത്ത്' സമരം പ്രസിദ്ധമാണ്. കോടതികളും അദ്ദേഹം വളരെ നിസ്സാരമായിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കോടതികളെയും തന്റെ പ്രത്യേയ ശാസ്ത്രത്തിന്റെ പ്രതീകമായും സമരവേദികളായും കണ്ടിരുന്നു. 'മുടവൻ മുകൾ' കേസുമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചപ്പോൾ കോടതിയിൽ സ്വയം വാദിച്ചുകൊണ്ട് ജയിൽ മോചിതനായ ചരിത്രവും പ്രസിദ്ധമാണ്.

ഭരണഘടനയുടെ ഇരുപത്തിരണ്ടാം വകുപ്പിന്റെ പശ്ചാത്തലത്തിൽ ചില നിയമങ്ങൾ കൂട്ടിച്ചേർത്ത് കരുതൽ തടവുകാരെ കൂടുതൽ കാലം ജയിലിൽ അടയ്ക്കാമെന്ന ഒരു നിയമം ഉണ്ടാക്കിയിരുന്നു. എ.കെ.ജി ആ നിയമത്തെ ശക്തിയുക്തം എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇത് ഭരണഘടന അനുസരിച്ച് ഒരു പൗരന്റെ മൗലികാവകാശത്തെ ചോദ്യം ചെയ്യുകയാണെന്ന് കാണിച്ചുകൊണ്ട് എ.കെ.ജി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും വിജയിക്കുകയും ചെയ്തു. ഇന്ത്യൻ കോടതികളുടെ ചരിത്രത്തിലെ സുപ്രധാനമായ ഈ കേസിനെ എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നു. നിയമ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വളരെ താല്പര്യമുള്ള ഒരു കേസ്സായിരുന്നു അത്.

എ.കെ.ജിയുടെ വിപ്ലവ നീക്കങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. 1951-ലെ കൽക്കട്ടാ കോൺഫറൻസ് തീരുമാനമനുസരിച്ച് അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യത്ത് എവിടെ കർഷകരുടെ സമരമുണ്ടായാലും ഏ.കെ.ജി. എന്നും അവരോടൊപ്പവും മുമ്പിലുമുണ്ടായിരുന്നു. ഈ സമര കോലാഹലങ്ങളിൽ പങ്കെടുത്തതതുകൊണ്ടു ഇന്ത്യയുടെ ഏതു ഗ്രാമ പ്രദേശങ്ങളിലും ഏ.കെ.ജി. യുടെ പേര് അറിയപ്പെട്ടിരുന്നു. ഗുജറാത്തിൽ നടന്ന ഒരു കാർഷിക വിപ്ലവത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിൽ വെള്ളത്തിനു കരം ചുമത്തിയ പ്രതിക്ഷേധത്തിൽ അദ്ദേഹത്തെ പഞ്ചാബിൽ നിന്നും നാടുകടത്തി.

സർ സി.പി.യുടെ കാലത്ത് തിരുവിതാംകൂറിൽ സ്വയം ഭരണത്തിനായും അദ്ദേഹം മലബാറിൽ ഒരു മാർച്ച് സംഘടിപ്പിച്ചിരുന്നു. 1960-ൽ കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ട് കാസർകോട് നിന്നും തിരുവനന്തപുരം വരെ പ്രകടന ജാഥ നടത്തിയതും ചരിത്രപരമായിരുന്നു. ഇടുക്കിയിൽ അമരാവതിയിൽ പാവപ്പെട്ട കർഷകരെ കുടിയിറക്കിയപ്പോൾ അതിനെതിരായി വിപ്ലവ കൊടുങ്കാറ്റ് അഴിച്ചുവിട്ടതും എ.കെ.ജി.യായിരുന്നു. ചുരളിയിലും, കീരിത്തോടും കോട്ടിയൂരും വ്യാപകമായ കുടിയിറക്കുവന്നപ്പോൾ  പ്രതികരിക്കാനും അവരുടെ അവകാശങ്ങൾ വീണ്ടെടുക്കാനും അദ്ദേഹം നേതൃനിരയിലുണ്ടായിരുന്നു.

1952 മുതൽ അദ്ദേഹം പാർലമെന്റിൽ പ്രതിപക്ഷത്തിരുന്നുകൊണ്ട് കമ്മ്യുണിസ്റ്റ് എംപി മാരെ നയിച്ചുകൊണ്ടിരുന്നു. ഇന്ത്യ ചൈന യുദ്ധ കാലങ്ങളിൽ ചൈനയുടെ ഏജന്റ് എന്ന് പറഞ്ഞു 1962ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1964-ൽ കമ്യുണിസ്റ്റ് പാർട്ടിയിൽ തിരുത്തൽ വാദികൾക്കെതിരെ ഏ.കെ.ജി ശക്തമായി പ്രതികരിച്ചിരുന്നു. സി.പി.എം ന്റെ പോളിറ്റ് ബ്യുറോ അംഗമാവുകയും ചെയ്തു. ആരോഗ്യം മോശമായെങ്കിലും1975-ലെ അടിയന്തിരാവസ്ഥക്കെതിരെ സ്വന്തം ആരോഗ്യസ്ഥിതി വകവെക്കാതെപോലും അദ്ദേഹം പ്രതികരിച്ചുകൊണ്ടിരുന്നു. അടിയന്തിരാവസ്ഥയെ ജനങ്ങൾ എതിർത്തിരുന്ന കാലങ്ങളിൽ അദ്ദേഹത്തിനു മരണം സംഭവിച്ചു.

നിയമസഭ സാമാജികനായ ശ്രീ വി.ടി. ബലറാമന്, സഖാവ് എകെ ഗോപാലന്റെ ത്യാഗപൂർവ്വമായ  ജീവിതത്തെപ്പറ്റി അധികമൊന്നും അറിയില്ലെന്നും ചരിത്രബോധമില്ലെന്നും വിചാരിക്കണം. കാരണം അദ്ദേഹം പുതിയ തലമുറയുടെ വക്താവാണ്. ബാലിശമായ ഇത്തരം പ്രസ്താവനകൾ അറിവിന്റെ കുറവുകൊണ്ടുമാണ് സംഭവിക്കുന്നതും. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള സ്വീകാര്യമല്ലാത്ത ഒരു പ്രസ്താവന ഏ.കെ.ജി യ്ക്കെതിരെ യുവാവായ ബൽറാം പുറപ്പെടുവിച്ചതിന്റെ കാരണം എന്തെന്നും മനസിലാകുന്നില്ല. ബൽറാം അവഹേളിച്ച വ്യക്തി ഒരു കാലത്തു കോൺഗ്രസിന്റെ തന്നെ പാർട്ടി സെക്രട്ടറിയായിരുന്നു. എ.കെ.ജി. യുടെ ജീവിതവുമായി ബന്ധപ്പെട്ടു നൂറായിരം നല്ല കാര്യങ്ങൾ ചികയാനുള്ളപ്പോൾ അതിൽ ലൈംഗികത മാത്രം മനസ്സിൽ വന്ന ശ്രീ ബലറാമന് കാര്യമായ എന്തോ മാനസിക വൈകല്യമുണ്ടെന്നും മനസിലാക്കണം.

എ.കെ. ഗോപാലനെതിരായുള്ള ബൽറാമിന്റെ പ്രസ്താവനയിൽ നാടിന്റെ നാനാഭാഗത്തുനിന്നും എതിർപ്പുകളുണ്ടായി. എതിർത്തവരെ ഒന്നടങ്കം ബൽറാം 'ഗോപാൽ സേനാ' എന്ന് വിളിച്ചു പരിഹസിച്ചു. പ്രകാശ് കാരാട്ടു പറഞ്ഞു; "ബൽറാമിന്റെ പ്രസ്താവന തികച്ചും പാകതയില്ലാത്ത   വ്യക്തിയെപ്പേലെയായിരുന്നു. ഒരു രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആൾക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലെ നേതാവിനെ രാഷ്ട്രീയ പരമായി ഏതു വിധത്തിലും വിമർശിക്കാൻ അധികാരമുണ്ട്. ഞങ്ങൾ കോൺഗ്രസ്സ് നേതാക്കന്മാരെ വിമർശിക്കാറുണ്ട്. എന്നാൽ ഒരിക്കലും ഒരാളുടെ വ്യക്തി ജീവിതത്തെപ്പറ്റി പാർട്ടിയിലെ ഒരു നേതാക്കന്മാരും വിമർശിച്ചിട്ടില്ല. ഇത്തരം ബാലിശമായ കുറ്റാരോപണങ്ങൾ തീർച്ചയായും ഒരു സാമാജികന് യോജിച്ചതല്ല." ഇന്ന് അതിന്റെ പ്രതികരണം ലഭിച്ചിരിക്കുന്നത് പാർട്ടി പ്രവർത്തകരിൽ നിന്ന് മാത്രമല്ല, കേരളത്തിലെ നാനാതുറകളിലുള്ള സാധാരണ ജനങ്ങളെയും ഇതുമൂലം അസമാധാനമുണ്ടാക്കുകയും കുപിതരുമാക്കിയിരിക്കുന്നു.

'ബാലപീഢനം നടത്തിയ നേതാവ് എ.കെ.ജി മുതൽ ഒളിവു കാലത്തു അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ലവ പ്രവർത്തനങ്ങൾ വരെയുള്ളതിന്റെ വിശദാംശങ്ങൾക്ക് തെളിവുകളായി 2001-ൽ ഹിന്ദു പ്രസിദ്ധീകരിച്ച വാർത്തയും എ.കെ.ജി. യുടെ ആത്മകഥയുമായിരുന്നുവെന്നു' ബലറാം പറഞ്ഞു.  പോരാട്ട കാലങ്ങളിലെ പ്രണയമെന്ന തലക്കെട്ടോടു കൂടിയ ഹിന്ദുപത്രം ബലറാം തെളിവായി നിരത്തുന്നു. വിവാഹം കഴിച്ചപ്പോൾ സുശീലയ്ക്ക് 22 വയസ്സ്. ആ നിലയ്ക്ക് പത്തുവർഷത്തോളമുള്ള ഈ മധ്യ വയസ്‌ക്കന്റെ പ്രേമം ബൽറാം ബാലപീഢനമായി കാണുന്നു.

എ.കെ.ജി കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രതീകമെന്നു കോൺഗ്രസ് ഉൾപ്പടെ എല്ലാ പാർട്ടികളിലെയും ജനവിഭാഗങ്ങൾക്കറിയാം. അങ്ങനെ ആരാധ്യനായ ഒരു നേതാവിനെ ഇടിച്ചുതാഴ്ത്തിയാൽ വോട്ടു ബാങ്കിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ തകർക്കാമെന്ന വ്യാമോഹവും ചില കേന്ദ്രങ്ങളിൽ ഉണ്ട്. അതുകൊണ്ടാണ് കോൺഗ്രസ് പാർട്ടി ബലറാമിന്റെ ഈ പ്രസ്താവനയ്ക്ക് മൗനാനുവാദം നൽകുന്നതെന്നും കമ്മ്യുണിസ്റ്റ് കേന്ദ്രങ്ങൾ കരുതുന്നു.

കൗമാര പ്രായത്തിൽ ഒരു പെൺക്കുട്ടിയോട് വൈകാരികമായ വികാരവും പ്രേമവും തോന്നിയാൽ അതെങ്ങനെ ബാലപീഢനം  ആകുന്നുവെന്നും വ്യക്തമായ ഒരു ഉത്തരമില്ല. എ.കെ.ജി യെ അറിയാവുന്ന പഴയ കോൺഗ്രസ് നേതാക്കന്മാർ ഇത്തരം ഒരു ആരോപണം ഉന്നയിക്കാൻ ഒരിക്കലും തയ്യാറാവുകയില്ല. കാരണം, ജീവിതത്തിലെ നാനാതുറകളിലുമുള്ളവർ എ.കെ.ജിയെ കണ്ടിരുന്നത് ആദർശവാനായ, ജനങ്ങളുടെ പ്രിയങ്കരനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിട്ടായിരുന്നു. കറതീർന്ന അഴിമതിയില്ലാത്ത എ.കെ.ജിയെപ്പോലുള്ള രാഷ്ട്രീയ പ്രവർത്തകർ ഇന്ത്യയുടെ ചരിത്രത്തിൽ വളരെ ചുരുക്കമായേ കാണൂ.

ബൽറാം പറയുന്ന പോലെ അദ്ദേഹം രൂപീകരിച്ചത് ഗുണ്ടാ സേനയോ ഗോപാൽ സേനയോ അല്ലായിരുന്നു. അത് പട്ടിണി സേനയായിരുന്നു. കാസർകോടു മുതൽ തിരുവനന്തപുരം വരെയാണ് അദ്ദേഹം അന്ന് പട്ടിണി ജാഥ സംഘടിപ്പിച്ചത്. എ.കെ.ജി സ്മാരകം പോലും കോൺഗ്രസ്സ് മുഖ്യമന്ത്രിയായ എ.കെ. ആന്റണിയായിരുന്നു സംഭാവന ചെയ്തത്.

ആദ്യത്തെ ഭാര്യയുമായി വിവാഹമോചനം നേടാതെ ജീവിച്ചിരിക്കെ തന്നെ ഗോപാലൻ സുശീലയെ വിവാഹം ചെയ്തുവെന്ന ബൽറാമിന്റെ പ്രസ്താവന തികച്ചും അസംബന്ധമാണ്. ഗോപാലൻ രണ്ടാമത് വിവാഹം കഴിക്കുന്ന സമയം അവർ മറ്റൊരാളിന്റെ ഭാര്യയായിരുന്നു. ഏ.കെ.ജി ഒരിക്കലും തന്റെ ആദ്യത്തെ ഭാര്യയെ ഉപേക്ഷിച്ചില്ല. അവരോട് അനീതി കാണിച്ചിട്ടില്ല. അപവാദം പറഞ്ഞു നടക്കുന്ന ബൽറാം ആദ്യം ആരാണ്, ബന്ധം ഉപേക്ഷിച്ചതെന്ന വസ്തുതയും വെളിപ്പെടുത്തണമായിരുന്നു. ഭാര്യ വീട്ടുകാരുടെ സമ്മർദ്ദമായിരുന്നു ആ ബന്ധം വേർപെടുത്തുന്നതിനു കാരണമായത്. ഭാര്യയെ ഹരിജൻ കോളനിയിൽ കൊണ്ടുപോയി എന്ന് ആരോപിച്ചുകൊണ്ടു അവരെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

ജാതിവ്യവസ്ഥ അങ്ങേയറ്റം നിലവിലുണ്ടായിരുന്ന ഒരു കാലത്ത് അന്നത്തെ മാമൂലുകൾ അനുസരിച്ച് നമ്പ്യാർ പാരമ്പര്യമുള്ള ഭാര്യ വീട്ടുകാർക്ക് അത് ക്ഷമിക്കാൻ സാധിക്കുമായിരുന്നില്ല. ആദ്യഭാര്യക്ക് ഏ.കെ.ജി യെ ഉപേക്ഷിക്കാൻ മനസ്സില്ലായിരുന്നു. പക്ഷെ അവർ ബന്ധുജനങ്ങളുടെ മുമ്പിൽ നിസ്സഹായയായിരുന്നു. സ്വന്തം വീട്ടുകാരുടെ ഇഷ്ടത്തിന് വിരോധമായി ഭാര്യ എ.കെ.ജിയോടൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ജയിലിലായിരുന്നപ്പോഴാണ് അവരെ ഭാര്യ വീട്ടുകാർ നിർബന്ധിച്ച് കൊണ്ടുപോവുകയും വിവാഹ മോചനം നടത്തിയതും.

എ.കെ.ജി അതിനെപ്പറ്റി എഴുതി, "അവളും എന്നെ ഉപേക്ഷിച്ചു. ജീവിതത്തിൽ സുഖദുഃഖങ്ങൾ പങ്കിടാൻ ഉണ്ടായിരുന്ന എന്റെ പങ്കാളി. എന്തിന്! അൽപ്പം ചിന്തിച്ചാൽ മറുപടി കിട്ടും. ഞാനൊരു രാഷ്ട്രീയ പ്രവർത്തകനാണ്. ജീവിതത്തിലെ ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും വരിച്ച ഒരു പ്രവർത്തകൻ." ബൽറാം ഈ വാചകം വായിച്ചിരുന്നെങ്കിൽ എ.കെ.ജിയുടെ ധാർമ്മികതയെപ്പറ്റി അറിഞ്ഞിരുന്നുവെങ്കിൽ സ്വന്തം മനഃസാക്ഷിക്കെതിരെ ആ മഹാനെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിക്കില്ലായിരുന്നു.

ജീവിതം തന്നെ ഭീക്ഷണിയും വെല്ലുവിളിയുമായി കഴിഞ്ഞിരുന്ന എ.കെ.ജിയ്ക്ക് വിവാഹമോ പ്രേമമോ ചിന്തിക്കാൻപോലും സാധിക്കില്ലായിരുന്നു. ഒളിവിൽ ജീവിതമെന്നു പറയുന്നത് സാഹസികതയുടെയും ആത്മ ത്യാഗത്തിന്റെതുമായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും മനസ് നിറയെ ഭയത്തോടെ ചുറ്റുപാടുകളും നോക്കണമായിരുന്നു. അനശ്ചിതത്തിന്റെ നാളുകളിൽ എപ്പോഴാണ് ആയുധധാരികളായ പോലീസുകാർ എത്തുന്നതെന്നും അറിവുണ്ടായിരുന്നില്ല. അങ്ങനെയുള്ള കാലഘട്ടത്തിൽ ജീവിച്ച എ.കെ.ജിയുടെ മേലുള്ള ബൽറാമിന്റെ ആരോപണം നീതികരിക്കാവുന്നതല്ല. ആ ഒളിവു ജീവിതത്തിനെ ലൈംഗികാസ്വാദനമായി തിരുത്തുന്നതും ചരിത്രത്തോട് ചെയ്യുന്ന ഒരു അനീതി കൂടിയാണ്. ഒളിവു ജീവിത കാലത്ത് മനുഷ്യ ബന്ധങ്ങളുണ്ടാവാം. വൈകാരികമായി മനസിലടിഞ്ഞു കൂടുന്ന ആ സ്നേഹബന്ധങ്ങളെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നതും ശരിയല്ല. 1947-ൽ എ.കെ.ജി ജയിൽ മോചിതനായെങ്കിലും അദ്ദേഹം വിവാഹം കഴിക്കാൻ തയ്യാറല്ലായിരുന്നു. അഞ്ചു വർഷം കൂടി കഴിഞ്ഞാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.

1952-ൽ നാല്പത്തിയെട്ടാം വയസിൽ ഏ.കെ.ജി സുശീലയെ വിവാഹം ചെയ്തു. സുശീലയ്ക്ക് അന്ന് 22 വയസ്സ് പ്രായം. പ്രായ വ്യത്യാസത്തിൽ ഒരാൾ വിവാഹം ചെയ്യുന്നത് ക്രിമിനൽ കുറ്റമല്ല. ആ ചെറിയ കുട്ടിയോടുള്ള സ്നേഹ വാത്സല്യത്തെപ്പറ്റി ഏ.കെ.ജി തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പന്ത്രണ്ടു വയസുള്ള ഒരു കുട്ടിയോട് ആകർഷണം ഉണ്ടായെങ്കിൽ അത് ബാലപീഢനമല്ല. അവർ തമ്മിൽ പരസ്പ്പരം സ്നേഹമുണ്ടായിരുന്നു. ഒരു കൊച്ചുകുട്ടിയോടുള്ള സ്നേഹം പീഢനമാവുന്നതെങ്ങനെ? അവൾ മുതിർന്നപ്പോൾ ആ സ്നേഹം പ്രേമമായി പരിണമിച്ചേക്കാം! അദ്ദേഹം, സുശീലയെ ബാല്യത്തിൽ വിവാഹം കഴിക്കുകയോ സദാചാര വിരുദ്ധമായി പെരുമാറിയതായോ ചരിത്രമില്ല. വിവാഹം വരെ സുശീല മാതാപിതാക്കളുടെ സുരക്ഷിതത്വത്തിലും സംരക്ഷണയിലുമായിരുന്നു.

എ.കെ.ഗോപാലൻ തന്റെ രാഷ്ട്രീയ യാത്രയിൽ പ്രധാനമന്ത്രി നെഹ്‌റുവിനെപോലും വെല്ലുവിളിച്ചിട്ടുണ്ട്. നെഹ്‌റു കാസർകോട് എത്തി എ.കെ.ഗോപാലനെതിരായി പാർലമെന്റിൽ എം.പി യായി ജയിക്കാനായിരുന്നു ആ വെല്ലുവിളി! നെഹ്‌റു മത്സരിക്കാൻ തയ്യാറായില്ലെങ്കിലും എ.കെ.ജി യെ തോൽപ്പിക്കാൻ കാസർകോട് എത്തിയിരുന്നു. എന്നാൽ എ.കെ. ഗോപാലൻ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയാണുണ്ടായത്. പാർലമെന്റിൽ ഒരു ചർച്ചാവേളയിൽ, ഏ.കെ.ജി സംസാരിക്കുന്ന സമയം അദ്ദേഹത്തിൻറെ ഇംഗ്ലീഷിനെ മറ്റു പാർലമെന്റ് അംഗങ്ങൾ പരിഹസിച്ചപ്പോൾ നെഹൃ ഇടപെട്ടുകൊണ്ട് പറഞ്ഞു, 'ശ്രീ ഗോപാലൻ ശുദ്ധമായ ഇംഗ്ലീഷ് സംസാരിക്കുന്നില്ലായിരിക്കാം. മുറിച്ചു മുറിച്ചുള്ള ഭാഷയെന്നു നിങ്ങൾ പരിഹസിക്കുന്നുണ്ടെങ്കിലും അദ്ദേഹം പറയുന്നതെല്ലാം സത്യമാണെന്നും മനസിലാക്കണം'. നെഹ്രുവിന്റെ അഭിപ്രായങ്ങൾ ശ്രവിച്ചയുടൻ മറ്റുള്ള പാർലമെന്റിലെ അംഗങ്ങൾ നിശബ്ദരാകുകയും ചെയ്തു. ലോകസഭാ രേഖകളിൽ നെഹ്രുവിന്റെ ഈ പ്രസ്താവന  രേഖപ്പെടുത്തിയിട്ടുണ്ട്.

എ.കെ.ജിയോട് ഏറ്റവും കൂടുതൽ സ്നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുള്ളത് ജവർലാൽ നെഹ്രുവായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന ഒരു പ്രധാനിയെന്ന നിലയിൽ എ.കെ.ജിക്ക് നെഹ്‌റു  പ്രത്യേകമായ പരിഗണനകൾ നൽകിയിരുന്നു. രാജ്യത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ അദ്ദേഹത്തോട് ആലോചിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ അനൗദ്യോഗികമായ നേതാവെന്ന നിലയിൽ എ.കെ.ജിയുടെ അഭിപ്രായങ്ങൾക്ക് ഗൗരവപരമായ പരിഗണനകൾ നൽകുകയും ചെയ്തിരുന്നു. അടിയന്തിരാവസ്ഥ രൂക്ഷമായിരുന്ന കാലത്തുപോലും ഇന്ദിരാ ഗാന്ധി എ.കെ.ജിയെ ആദരിച്ചിരുന്നു.

വടക്കേ മലബാറിൽ ഒരു ജന്മി കുടുംബത്തിൽ ജനിച്ചു വളർന്ന ഏ,കെ.ജി ജന്മിത്വത്തിന്റെ ക്രൂര മുഖങ്ങൾക്കെതിരായി പോരാടിയ മനുഷ്യ സ്നേഹിയായിരുന്നു. കപട രാഷ്ട്രീയക്കാരുടെ അയഥാര്‍ത്ഥമായ വ്യാജകഥകൾ നിഷ്കളങ്കനായ ആ മഹാന്റെ മഹാത്മ്യത്തിന് ഒട്ടും മങ്ങലേൽപ്പിക്കില്ല. എ.കെ.ജി യുടെ ആത്മകഥയിൽ പറയുന്നുണ്ട്, "ഞാനൊരു ഭ്രാന്തനാണ്. ഇവിടെ സാമ്രാജ്യത്വവും ജന്മിത്വവും നിലനിൽക്കുന്ന കാലത്തോളം ഈ ഭ്രാന്ത് തുടരണം." പ്രക്ഷോപങ്ങളെ മനസിന്റെ ഉള്ളറകളിൽ ആവഹിച്ച് ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്നുകൊണ്ട് അവരുടെ ജീവിതത്തെ പഠിച്ച് അവരെ നയിച്ച വിപ്ലവകാരിയായിരുന്നു സഖാവ് എ.കെ.ജി. അദ്ദേഹത്തിൻറെ ജീവിതം ഒരു കാലത്തിന്റെയും സമൂഹത്തിന്റെയും ചരിത്രമാണ്. അദ്ധ്വാനിക്കുന്നവരുടെയും സമൂഹത്തിൽ നിന്ദിതരായവരുടെയും ദുർബല ജനവിഭാഗങ്ങളുടെയും മോചനത്തിനായുള്ള മാറ്റൊലികൾ ആ ധന്യ ജീവിതത്തിൽ അർപ്പിതവുമായിരുന്നു.



Suseela, brinda, AKG, Prakash Karat









Friday, January 12, 2018

മതേതരത്വത്തിന്റെ പ്രസക്തിയും ഇന്ത്യൻ പശ്ചാത്തലവും




ജോസഫ് പടന്നമാക്കൽ

ആധുനിക പടിഞ്ഞാറൻ രാജ്യങ്ങളിൽ മതേതരത്വവും അതിന്റെ വീക്ഷണ ചിന്താഗതികളും  മാറ്റങ്ങളുടെതായ ഒരു നവമുന്നേറ്റമായിരുന്നു. പൗരാണിക, മദ്ധ്യകാല യുഗങ്ങളിൽ നടപ്പിലായിരുന്ന വ്യവസ്ഥിതികളിൽ നിന്നും സമൂലമായ ഒരു പരിവർത്തനമായിരുന്നു അത്. കൂടാതെ ലോകത്തു നടപ്പായിരുന്ന പല സാമൂഹിക വ്യവസ്ഥകൾക്കുമെതിരെ വ്യത്യസ്തമായി മതേതരത്വമെന്ന ആശയങ്ങൾ പ്രചരിച്ചുകൊണ്ടിരുന്നു. 'ജോർജ് ജേക്കബ് ഹോളിയോകെ' എന്ന ചിന്തകൻ മതേതരത്വത്തിന്റെ ദാർശനിക ശില്പ്പിയായി അറിയപ്പെടുന്നു. അജ്ഞയതാവാദിയായ ജോർജ് ഓക്ക് വാദിച്ചിരുന്നത് മതേതരത്വം എന്നുള്ളത് ക്രിസ്തുമതത്തിനെതിരല്ല മറിച്ച്, സ്വതന്ത്രമായ ഒരു ചിന്താഗതിയെന്നായിരുന്നു.  ബ്രിട്ടനിൽ ജീവിച്ചിരുന്ന അദ്ദേഹം ഒരു പത്രപ്രവർത്തകനും കൂടിയായിരുന്നു. 1851-ൽ സെക്യൂലരിസം അഥവാ മതേതരത്വമെന്ന വാക്കിന് നിർവചനം കൊടുത്തു. അതീവ ദേശഭക്തി എന്നർത്ഥത്തിൽ 1878-ൽ 'ജിങ്കോയിസം' (jingoism) എന്നാൽ എന്തെന്നും അദ്ദേഹം നിർവചിച്ചിരുന്നു.

ലാറ്റിനിൽ മതേതരത്വമെന്ന വാക്കിന്റെ അർത്ഥം മതത്തിന് വൈരുദ്ധ്യമെന്നുള്ളതാണ്. മതേതരത്വം അതിന്റെ അർത്ഥവ്യാപ്തിയിൽ മതവിശ്വാസങ്ങൾക്കും മതത്തിന്റെ ന്യായ നീതികരണങ്ങൾക്കും  പ്രതികൂലമനോഭാവമായിരിക്കണം. മതത്തിന്റെ ചട്ടക്കൂട്ടിൽനിന്നും മോചിപ്പിച്ച് എല്ലാവിധ കലകളെയും ശാസ്ത്രങ്ങളേയും പുരോഗമിപ്പിക്കുന്ന വിധമായിരിക്കണം. മതത്തിനെതിരാണ് മതേതരത്വം എന്ന സാമാന്യ സങ്കല്പമുണ്ടെങ്കിലും മതേതരത്വത്തിന്റെ ആരംഭം' മതങ്ങളിൽ നിന്നായിരുന്നുവെന്നതും ഒരു വസ്തുതയാണ്. മതമൗലിക വാദികൾ മതേതരത്വത്തെ നിഷേധിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

ആദ്യകാലങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങളിൽ സമാധാനം സൃഷ്ടിക്കാനാണ് മതേതരത്വം വിഭാവന ചെയ്തത്. മതേതരത്വ തത്ത്വങ്ങൾ വ്യക്തിപരമായും സാംസ്ക്കാരികപരമായും സാമൂഹികമായും പ്രതിഫലനങ്ങൾ സൃഷ്ടിക്കാറുണ്ട്. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മൂല്യങ്ങളാൽ അധിഷ്ടിതമാണ് മതേതരത്വം. മതേതരത്വത്തിൽ ഏകാധിപത്യ പ്രവണതകൾ ഇല്ലാതാക്കി അധികാരത്തെ വികേന്ദ്രീകരിക്കുന്നു. ഏതാനും ആളുകളുടെ കൈകളിൽ അധികാരം നിഷിപ്തമായിരിക്കുന്നതിനെയും എതിർക്കുന്നു. അതുകൊണ്ടാണ് ഏകാധിപത്യ മതസ്ഥാപനങ്ങളെയും ഏകാധിപതികളായ മത നേതാക്കാന്മാരെയും മതേതരത്വം എതിർക്കുന്നത്.

മതേതരത്വം പൂർണ്ണമായും മതവിശ്വാസത്തെ നിഷേധിക്കുന്നു. മതവിശ്വാസങ്ങൾ രാജ്യഭരണവുമായി വേറിട്ട് നിൽക്കാനും ചിന്തിക്കുന്നു. മതം സർക്കാരിന്റെ പ്രശ്നങ്ങളിൽ ഇടപെടരുതെന്നും കൽപ്പിക്കുന്നു. പൊതു വിദ്യാഭ്യാസത്തിൽ നിന്നും മതത്തെ ഒഴിച്ച് നിർത്താൻ നിർദ്ദേശിക്കുന്നു. പബ്ലിക്ക് സ്‌കൂളിൽ മതത്തെപ്പറ്റി പഠിപ്പിക്കാൻ പാടില്ലെന്നും നിഷ്‌കർഷിക്കുന്നുണ്ട്. മതേതരവാദികൾ മതത്തിലോ മതകാര്യങ്ങളിലോ താല്പര്യപ്പെടാറില്ല. മാനവ മതത്തിനും മനുഷ്യത്വത്തിനും പ്രാധാന്യം നൽകുന്നു. നവോധ്വാന കാലത്തു മതേതരത്വത്തിന് നല്ല പ്രാധാന്യം കല്പിച്ചിരുന്നു.

മതേതരത്വം നിയമാനുഷ്ഠിതമായി നടപ്പാക്കിയ രാജ്യങ്ങളിൽ രാഷ്ട്രീയ തീരുമാനങ്ങളിൽ മതാധിപത്യ വാദികൾക്ക് സ്വാധീനം കുറവായിരിക്കും. മതേതരത്വ രാജ്യത്ത് ഒരു നിയമം ഉണ്ടാക്കുന്നത് മതത്തിന്റെ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കില്ല. ന്യുനപക്ഷവും ഭൂരിപക്ഷവും എന്നുള്ള വ്യത്യാസത്തെ മറന്നു എല്ലാവർക്കും തുല്യനീതിയും തുല്യമായ അഭിപ്രായ സ്വാതന്ത്ര്യവും മതേതരത്വ രാജ്യങ്ങളിൽ പ്രകടമായി കാണാം.

മതേതരത്വം ഒരു രാജ്യത്തു നടപ്പാക്കുന്ന പക്ഷം ഭരിക്കുന്ന സർക്കാരുകൾ മതങ്ങളെ ഭരണകാര്യങ്ങളിൽ ഉൾപ്പെടുത്താതെ വേറിട്ട് നിൽക്കണമെന്നുണ്ട്. ജനാധിപത്യത്തിന്റെ നിർവചനത്തിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിനെ ജനങ്ങൾതന്നെ നിയന്ത്രിക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലെ ഭരണ നിർവഹണങ്ങളിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരുപോലെ മുൻ‌തൂക്കം നൽകുന്നു. എന്നാൽ മൂന്നാം ലോകത്തിൽ പ്രത്യേകിച്ച് ഇസ്‌ലാമിക രാജ്യങ്ങളിൽ അവർ ജനാധിപത്യം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അവരുടെ പൗരന്മാരെ ഭരിക്കാൻ ഷാരിയ നിയമം നടപ്പാക്കുന്നു. മതാടിസ്ഥാനത്തിലുള്ള ഷാരിയാ നിയമങ്ങൾ ജനാധിപത്യപരമല്ലെന്നു കാണാം. ഉദാഹരണമായി ഒരാൾക്ക് നേതാവാകണമെങ്കിൽ അയാൾ മുസ്ലിമായിരിക്കണമെന്നുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും തുല്യമായി ബഹുമാനിക്കാനും ഷാരിയാ നിയമം അനുവദിക്കില്ല.

ഭാരതത്തിന്റെ മതേതരത്വത്തെ അവലോകനം ചെയ്യുമ്പോൾ ഈ രാജ്യത്തെ പൂർണ്ണമായും മതേതരരാഷ്‌ട്രമായി കാണാൻ സാധിക്കില്ല. ഭാരതത്തിലെ നിയമ സംഹിതയ്ക്കുള്ളിൽ ഇസ്‌ലാമിന്റെ വ്യക്തിഗതമായ ഷാരിയാ നിയമങ്ങളെയും അംഗീകരിച്ചിട്ടുണ്ട്. അങ്ങനെ ഇന്ത്യയുടെ മതേതരത്വം മതത്തെ വേർതിരിക്കുന്നില്ലെന്നും കാണാം. അതേ സമയം മതേതരത്വം ഭാരതത്തിൽ വീക്ഷിച്ചിരിക്കുന്നത്,എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുന്ന വ്യവസ്ഥിതിയെന്നാണ്. ഇന്ത്യയിലെ നിയമം അനുസരിച്ച് നിഷ്പക്ഷമായി എല്ലാ മതങ്ങളോടും ഒരു പോലെ പെരുമാറുകയും തുല്യനീതിയും തുല്യസ്വാതന്ത്ര്യവും നടപ്പാക്കുകയും വേണം.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം മതേതരത്വ ചിന്തകൾ നടപ്പാക്കുന്നതിൽ നാസ്തികനായിരുന്ന ഇന്ത്യയുടെ പ്രധാന മന്ത്രി ജവർലാൽ നെഹ്‌റുവിന് വളരെയേറെ പങ്കുണ്ട്. അദ്ദേഹവും അംബേദ്‌ക്കറുമായി ആലോചിച്ചുകൊണ്ട്,എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന, നാനാത്വത്തിൽ ഏകത്വം എന്ന ചിന്തകൾക്കനുഷ്ഠാനമായി ഒരു ഭരണഘടന തയ്യാറാക്കി. ഹിന്ദുമതത്തിലെ പേഗൻ വിശ്വാസങ്ങൾ സ്വീകരിക്കാൻ മുസ്ലിമുകൾക്കോ ക്രിസ്ത്യാനികൾക്കോ സാധിക്കുമായിരുന്നില്ല. മതേതരത്വത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രം സെമറ്റിക്ക് മതങ്ങൾക്കെല്ലാം ആശ്വാസമായിരുന്നു. ഇസ്‌ലാമിക ക്രൈസ്തവ സംസ്‌കാരങ്ങൾ ഭാരതം സ്വാതന്ത്ര്യം നേടുന്നതിന്  നൂറ്റാണ്ടുകൾക്കു മുമ്പും ഈ മണ്ണിൽ വേരുറച്ചിട്ടുള്ളതാണ്. ഹൈന്ദവ ജനതയുമായി ഒത്തൊരുമിച്ച് സ്നേഹാദരവോടെ കഴിഞ്ഞ ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്. അവരുടെ സംസ്‌കാരങ്ങളെ ഇല്ലാതാക്കി ഹിന്ദുത്വം സ്ഥാപിക്കണമെന്ന ഹിന്ദുത്വ വാദികളുടെ ചിന്തകളാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. തലമുറകളായി ഇവിടെ അലിഞ്ഞു ചേർന്ന ഹിന്ദു മുസ്ലിം സംസ്‌കാരങ്ങളെ സമൂലം നശിപ്പിക്കണമെന്ന ആര്യ ഹിന്ദുക്കളുടെ വാദഗതികളും ബാലിശമായിരുന്നു.

ഇന്ത്യ ബ്രിട്ടീഷുകാരിൽനിന്നും സ്വതന്ത്രയായപ്പോൾ ഭരണഘടനയനുസരിച്ച് മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നു. ഓരോ ഇന്ത്യക്കാരനും ഭരണഘടനയുടെ നിയമത്തിനുള്ളിൽ പ്രവർത്തിക്കാൻ ബാധ്യസ്ഥരുമാണ്. എന്നാൽ ഭരണഘടനയുടെ ഈ അവകാശ വാദത്തെ സമീപകാലത്തെ രാഷ്ട്രീയക്കാർ ചോദ്യം ചെയ്യാനും ആരംഭിച്ചു. മതേതരത്വം കടലാസ്സിൽ മാത്രമല്ലേയുള്ളൂവെന്നും സംശയിക്കുന്നു. വാസ്തവത്തിൽ മതേതരത്വം ഇന്ത്യയിൽ നിലവിലുണ്ടോ?

സ്വാതന്ത്ര്യ സമരകാലത്ത് മതേതരത്വം ഭാരതത്തിലെ നേതാക്കന്മാരുടെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു. ഗാന്ധിജിയും, മൗലാനാ അബ്ദുൾക്കലാം ആസാദും, നെഹ്രുവും മറ്റു നേതാക്കളും മതേതരത്വം പ്രസംഗിച്ചുകൊണ്ടിരുന്നു. ഓരോരുത്തരും മതേതരത്വത്തെ വ്യത്യസ്ഥ തലങ്ങളിലായിരുന്നു വ്യഖ്യാനിച്ചിരുന്നത്. മതേതരത്വം ഇന്ത്യയുടെ പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി കണ്ടിരുന്നു. മതമൗലിക വാദികൾ തൊടുത്തു വിട്ട ഗാന്ധി വധം, ഇന്ത്യ പാക്കിസ്ഥാൻ വിഭജനം എന്നിവകളാൽ   രാജ്യം വിഭജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ അന്നുണ്ടായിരുന്ന നേതാക്കന്മാർ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യക്ക് ജന്മം നൽകിയ രാഷ്ട്ര ശിൽപ്പികൾ സമൂഹത്തിലുള്ള എല്ലാ ജനവിഭാഗങ്ങളുടെയും വികാരങ്ങളെ മാനിക്കാൻ ആഗ്രഹിച്ചിരുന്നു. പരസ്‌പരമുള്ള പോരാട്ടത്തിന് പരിഹാരമായി മതേതരത്വം ഒരു പോംവഴിയായും അവർ നിർദ്ദേശിച്ചിരുന്നു.

ജവഹർലാൽ നെഹ്രുവിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ മതേതരത്വം എന്ന ആശയസംഹിത ഇന്ത്യയിൽ നടപ്പാക്കി. ഇന്ത്യയുടെ രാഷ്ട്രീയ നവീകരണത്തിനും ദേശീയ ഐക്യത്തിനും  അത് സഹായകമായിരുന്നു. പടിഞ്ഞാറെ രാജ്യങ്ങളിൽ മതേതരത്വം ഉദിച്ചത് അവിടങ്ങളിലെ ഭരണകൂടവും മതവുമായുള്ള വ്യത്യസ്ത അഭിപ്രായങ്ങളിൽ നിന്നായിരുന്നുവെങ്കിൽ ഇന്ത്യയിൽ മതേതരത്വം വന്നത് ഇന്ത്യയുടെ സാംസ്ക്കാരിക വൈവിധ്യങ്ങളിൽ നിന്നും മതപരമായ പശ്ചാത്തലത്തിൽനിന്നുമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതി വളരെ സങ്കീർണ്ണങ്ങളായിരുന്നു. വ്യാവസായിക വളർച്ചയും സാവധാനമായിരുന്നു. ഭരണഘടനയിൽ മതേതരത്വം വിഭാവന ചെയ്‌തെങ്കിലും സർക്കാർ തലങ്ങൾ മുഴുവൻ ഉദ്യോഗസ്ഥ മേധാവിത്വത്തിലായിരുന്നു. നീതിന്യായവും, പട്ടാളവും പോലീസും മുഴുവനും വർഗീയ വാദികളെക്കൊണ്ട് നിറഞ്ഞിരുന്നു.

കോൺഗ്രസ് സർക്കാർ മതേതരത്വം പ്രസംഗിക്കുമായിരുന്നുവെങ്കിലും അനേകർ മതേതര വാദികളായിരുന്നെങ്കിലും നേതാക്കന്മാരിൽ പലരും തികഞ്ഞ വർഗീയ വാദികൾ കൂടിയായിരുന്നു. ഭ്രാന്തു പിടിച്ച ഹിന്ദു വർഗീയ ആശയങ്ങൾ ഭരണ തലങ്ങളിലും അവരെ സ്വാധീനിച്ചിരുന്നു. ഒരു വശത്തു മതേതരത്വം പ്രസംഗിച്ചിരുന്നെങ്കിലും മറുവശത്ത് അവരിൽ വർഗീയത ഒളിഞ്ഞു കിടന്നിരുന്നു. സാമൂഹിക മാറ്റങ്ങൾക്കൊപ്പം 1970-1980 കാലങ്ങളിൽ വർഗീയത അങ്ങേയറ്റം ഇന്ത്യ മുഴുവൻ ആഞ്ഞടിക്കുകയും ചെയ്തു. വർഗീയ ശക്തികൾ മതേതരത്വ ചിന്തകളെ തന്നെ ആക്രമിക്കാനും തുടങ്ങി. വർഗീയതയുടെ മൂടുപടമണിഞ്ഞുകൊണ്ടു തീവ്ര ചിന്താഗതിക്കാരായ ഹിന്ദുക്കളും രാജ്യത്ത് ശക്തിപ്രാപിക്കാൻ തുടങ്ങി. മതേതരത്വം കപടതയെന്നു ആക്ഷേപിച്ചുകൊണ്ടു തീവ്രഹിന്ദു വക്താക്കൾ ശക്തമായി ആക്രമിക്കാനും  തുടങ്ങി.   ഭൂരിഭാഗത്തെ തഴഞ്ഞുകൊണ്ടു ന്യുനപക്ഷത്തിന്റെ പ്രീതി സമ്പാദിക്കുക എന്നതായിരുന്നു കോൺഗ്രസിന്റെ ലക്‌ഷ്യം. ന്യുനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ എടുത്തുകളയണമെന്ന ഡിമാന്റുകളും എതിർ രാഷ്ട്രീയ ചേരികളായ ബി.ജി.പി. മുന്നണി മുന്നോട്ടു വെച്ചു. പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്നും  സാമ്പത്തിക പിന്തുണയുള്ള വിശ്വ ഹിന്ദു പരിഷത്ത്, ബി.ജെ.പി യുടെ ചിന്താഗതികളെ പിന്താങ്ങുന്നുണ്ടായിരുന്നു. അവരുടെ സാമ്പത്തിക ബലത്തിന്റെ പിൻബലത്തോടെയാണ് ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടത്. മറ്റു ഹിന്ദു  സംഘടനകളായ ബജറാങ്ങ് ദളും ശിവസേനയും മസ്ജിദ് തകർക്കാൻ സഹകരിച്ചിരുന്നു. ഈ ഗ്രുപ്പുകൾ ഒരു ഹിന്ദുരാഷ്ട്രത്തിനായും മുറവിളി തുടങ്ങിയിരുന്നു.

ഇന്ത്യയുടെ ചരിത്രപരമായ വസ്തുതകളിലും സംസ്‌കാരങ്ങളിലും മുസ്ലിമുകൾ നൽകിയ സംഭാവനകൾ മുഴുവനായി ഹിന്ദുത്വ വാദികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. സഹന ശക്തിയില്ലാതിരുന്ന മുസ്ലിം ചക്രവർത്തിമാരുടെ ചരിത്രങ്ങളും ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കാൻ തുടങ്ങി. അയോദ്ധ്യയിലെ മുസ്ലിം ദേവാലയം തകർത്തത് നാട് മുഴുവൻ ഒച്ചപ്പാടുകൾക്ക് കാരണമായി. അതിനുശേഷം ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള ശത്രുതാ മനോഭാവം ഇരട്ടിയാവുകയും ചെയ്തു.

2002-ലെ ഗുജറാത്ത് കലാപത്തിൽ കുപിതരായ ജനം മുസ്ലിമുകളുടെ വീടുകളും ബിസിനസുകളും തകർത്തു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനത്തെ കൊന്നു. പതിനായിരങ്ങൾ ഭവനങ്ങൾ ഉപേക്ഷിച്ചുകൊണ്ട് നാട് വിട്ടു. അയോദ്ധ്യായിൽ നിന്ന് മടങ്ങിവന്ന ഹിന്ദു തീർത്ഥാടകർ സഞ്ചരിച്ച ഒരു ട്രെയിൻ വാഗൻ തീ വെച്ച് കത്തിച്ചതു ഹിന്ദു മുസ്ലിം ലഹളയ്ക്ക് കാരണമായി മാറി.  സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. ഗുജറാത്തിൽ അന്ന് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു ഭരിച്ചിരുന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ മാത്രം എന്തുകൊണ്ട് മതേതരത്വത്തിന് വിള്ളലേറ്റുവെന്നതും ചോദ്യ ചിന്ഹമാണ്. ഒപ്പം ഹിന്ദുരാഷ്ട്ര എന്ന തത്ത്വത്തിനു ദൃഢത ലഭിക്കുകയും ചെയ്തു.

മതേതരത്വം എന്നത് മതത്തിൽ വിശ്വസിക്കുന്ന മൗലിക വാദികളുടെ ഒരു മൂടുപടമാണെന്ന് വർഗീയ ശക്തികൾ പ്രചരിപ്പിക്കുന്നു. മതേതര ചിന്തകളെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നു. മൗലികതയും ഇസ്‌ലാമും തുല്യമായും ചിത്രീകരിക്കും. മതേതരത്വം ഇസ്‌ലാമിനെയും ന്യുന പക്ഷങ്ങളെയും പ്രീതിപ്പെടുത്താനെന്ന് പ്രചരണങ്ങളും നടത്തും. മറ്റൊരു ആരോപണം മതേതരത്വം മുസ്ലിമുകളുടെ വോട്ട് ബാങ്കിനുള്ള ഉപാധിയെന്നാണ്. 'മുസ്ലിമുകൾ പാകിസ്ഥാൻ പ്രേമികളാണ്; പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ക്രിക്കറ്റ് മത്സരം ഉണ്ടാകുമ്പോൾ ഇന്ത്യൻ മുസ്ലിമുകൾ പാക്കിസ്ഥാന് വേണ്ടി ആർത്തു വിളിക്കുന്നു'വെന്നല്ലാം സ്ഥിരമുള്ള പല്ലവികളാണ്. മുസ്ലിമുകളുടെ ചിന്തകൾ മതമൗലികതയ്ക്ക് അടിസ്ഥാനപ്പെട്ടുള്ളതിനാൽ ഇന്ത്യൻ സർക്കാർ മതേതരത്വത്തിന്റെ പേരിൽ മൗലിക ചിന്താഗതിക്കാരുടെ മാത്രം താല്പര്യം സംരക്ഷിക്കുന്നുവെന്നും കുറ്റാരോപണങ്ങൾ നടത്താറുണ്ട്.

ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറവാണെങ്കിലും അവർക്ക് വത്തിക്കാനോടാണ് കൂടുതൽ പ്രേമമെന്നും കുറ്റാരോപണമുണ്ട്. ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്ത് പാവപ്പെട്ട ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നുവെന്നാണ് ക്രിസ്ത്യാനികൾക്കെതിരെയുള്ള ആരോപണം. മതത്തിന്റെ പേരിൽ ഗ്രഹാം സ്റ്റെയിനിനെയും രണ്ടു കുഞ്ഞുങ്ങളെയും ബജറാങ്ങ് ദൾ ചുട്ടു കരിച്ച കഥകൾ ജനമനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല. ബൈബിൾ ഉച്ഛരിക്കുന്നുവെന്നു പറഞ്ഞു കന്യാസ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതും വർത്തമാന വാർത്തകളാണ്.

മൗലിക ചിന്തകൾ എന്നുള്ളത് ഫ്യൂഡൽ വ്യവസ്ഥിതികളുടെ തുടർച്ചയാണ്. നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കാനും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ നിയന്ത്രണം നേടാനുമുളള ഒരു ബ്രാഹ്‌മണ വ്യവസ്ഥിതിയാണ്‌ അത്. ദളിതരുടെ അവകാശങ്ങൾ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു. അവരുടെ പേരിൽ ബലം പ്രയോഗിച്ചു മേധാവിത്വം സൃഷ്ടിക്കാനും ഒരുമ്പെടുകയും ചെയ്യും. ആഗോളവൽക്കരണം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതുമൂലം ബ്രാഹ്മണ മേധാവിത്വ സംസ്ക്കാരം നശിച്ചു പോവുമെന്ന ചിന്തകളും ഹിന്ദുത്വ ശക്തികളെ അലട്ടുന്നുണ്ട്. ഹിന്ദു എന്നാൽ ഇന്ത്യനാണ്, ഹിന്ദുവല്ലാത്തതൊന്നും ഇന്ത്യനല്ലെന്നുള്ള പ്രചരണങ്ങളും സാധാരണമാണ്.

ഇന്ന് പട്ടണവാസികളുമായി ഗ്രാമീണ ജനത സഹവർത്തിത്വം ആരംഭിച്ചതിൽ പിന്നീട് ഗ്രാമ പ്രദേശങ്ങളും അസമാധാനത്തിലാണ്. പൂർവിക തലമുറകളിൽക്കൂടി കൈവശമുണ്ടായിരുന്ന ഭൂമി മക്കൾ മക്കൾക്കായി വീതിച്ചു പോയതുകൊണ്ട് കൃഷി ചെയ്തു ജീവിക്കുന്നവരുടെ ഇടയിലും ഉപജീവനത്തിന് മാർഗം ഇല്ലാതാവുകയും തൊഴിലില്ലായ്‌മ വർദ്ധിക്കുകയും ചെയ്തു. അവർ ജോലിക്കായി പട്ടണങ്ങളിൽ പോവുകയും അവർക്ക് മുമ്പില്ലാതിരുന്ന പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യുന്നു. സാമ്പത്തികമായി മെച്ചമായവർ വർഗീയ ശക്തികളായ വി.എച്.പി പോലുള്ള രാഷ്ട്രീയ പാർട്ടികളെ ഗ്രാമപ്രദേശങ്ങളിൽ വളർത്തുകയും ചെയ്യുന്നു. 2002-ലെ ഗുജറാത്ത് കലാപശേഷം ഗ്രാമ പ്രദേശങ്ങളിലും ലഹളകൾ പൊട്ടിപ്പുറപ്പെടുന്നതും സാധാരണമാണ്. ചരിത്രം മാറ്റിയെഴുതലും സ്‌കൂളിലെ പാഠപുസ്തകമാറ്റങ്ങളും, ഹിന്ദുരാഷ്ട്രത്തിനായുള്ള ഒരുക്കങ്ങളാണ്. ബലം പ്രയോഗിച്ചുള്ള ഒരു ദേശീയതയും അവരുടെയിടയിൽ വളർത്താൻ ശ്രമിക്കുന്നു. ന്യൂക്ലിയർ ബോംബ്‌ സമാഹരിക്കൽ രാഷ്ട്രത്തിന്റെ ശക്തിയെന്നും അവർ ചിന്തിക്കുന്നു. മതേതരത്വം ഒരിക്കൽ ആരും ചോദ്യം ചെയ്യുകയില്ലെന്നു വിചാരിച്ചിരുന്നു. എന്നാൽ ഇന്ന് അതിന്റെ അടിത്തറ തന്നെ ഇളകുന്ന കാഴ്ചകളാണ് നാം നിത്യേന കാണുന്നത്. ഇന്ത്യയിലെ  മുസ്ലിമുകളും ക്രിസ്ത്യാനികളും വർഗീയ ശക്തികളുടെ അപകട ചിന്താഗതികളിൽ കുടിയാണ് കടന്നു പോവുന്നത്.

ഭരണഘടന കൽപ്പിക്കുന്ന നിയമങ്ങൾക്കെതിരായി പാശ്ചാത്യ ജനങ്ങളോ അമേരിക്കൻ ജനതയോ പ്രവർത്തിക്കാറില്ല. പൊതുസ്ഥലങ്ങളിൽ കുരിശുരൂപങ്ങളോ ദേവന്മാരെയോ പ്രതിഷ്ഠിക്കാൻ അനുവദിക്കില്ല. കാരണം, മതേതരത്വത്തിൽ എല്ലാ മതങ്ങൾക്കും തുല്യമായ പരിഗണനകൾ നൽകണമെന്ന സ്ഥിതിക്ക് നികുതിദായകരുടെ പണം കൊണ്ട് പ്രത്യേകമായ അവകാശങ്ങൾ നൽകാറില്ല. എങ്കിലും ഇന്ത്യയിലെ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. പൊതു സ്ഥലങ്ങളിൽ സർക്കാർ പ്രദേശങ്ങൾ കൈവശപ്പെടുത്തിക്കൊണ്ടുള്ള കുരിശുകൾ, വഴി നീളെ കാണാം. വനങ്ങൾ കൈവശപ്പെടുത്തിക്കൊണ്ടുള്ള അനധികൃതമായ കുരിശു കൃഷിയും പ്രധാന വാർത്തകളായി മാറിക്കഴിഞ്ഞു. ദൈവങ്ങളുടെ ബിംബങ്ങളും ചിത്രങ്ങളും സർക്കാർ ഓഫിസിൽ പ്രതിഷ്ഠിച്ചിരിക്കുന്നതും കാണാം. ഇന്ത്യയിലെ പോലീസ് സ്റ്റേഷനുകളിൽ ഹിന്ദുക്കൾക്ക് മാത്രമായ പൂജാ മുറികളുണ്ട്. അവിടെ പോലീസുകാരുടെ തോക്കും ലാത്തിയും തൊപ്പിയും പൂജയ്ക്ക് വെക്കുക പതിവാണ്. നാസ്തികരായ ശാസ്ത്രജ്ഞന്മാർ നിർമ്മിച്ച റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനു മുമ്പ് ഹൈന്ദവാചാര പ്രകാരം പൂജ ചെയ്തേ മതിയാവൂ. പുതിയതായി ഒരു ട്രെയിൻ യാത്ര തുടങ്ങുന്നതിനു മുമ്പും പൂജാ കർമ്മങ്ങൾ ചെയ്യേണ്ടതായുണ്ട്. ഭൂമി ദേവിയെ ധ്യാനിച്ചുകൊണ്ട് ട്രെയിൻ ഉത്‌ഘാടനത്തിന്റെ ആചാരവും കാണാം.

കുറേക്കാലം മുമ്പ് ഇന്ത്യയുടെ സംസ്ക്കാരത്തെ ആര്യ ദ്രാവിഡ സംസ്ക്കാരമെന്നു പറഞ്ഞിരുന്നു. പിന്നീട് അത് ലോപിച്ച് ആര്യ സംസ്ക്കാരമെന്നായി. സൂര്യ നമസ്ക്കാരം ചെയ്യാത്തവരും, ഗോമാംസം കഴിക്കുന്നവരും ഇന്ത്യ രാജ്യം വിടാൻ ചില വിഡ്ഢികളായ എം.പി. മാർ പാർലമെന്റിൽ വിളിച്ചു പറഞ്ഞതും മതേതരത്വത്തിന് ലജ്‌ജാവഹമാണ്. സൂര്യനെയും ചന്ദ്രനെയും നോക്കി ആരാധിക്കരുതെന്ന് സെമിറ്റിക്ക് മതങ്ങളുടെ ഗ്രന്ഥങ്ങളിൽ ഉണ്ട്. അങ്ങനെയുള്ള ഒരു ജനതയുടെ ഇടയിലാണ് ഹിന്ദു മൗലികതയുടെ സംസ്‌കാരങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. കൂടാതെ സൂര്യ നമസ്ക്കാരം നിർബന്ധമാക്കിക്കൊണ്ടുള്ള ഒരു സിലബസ് കേന്ദ്രീകൃത വിദ്യാലയങ്ങളിൽ  മതേതരത്വത്തിന് വിരുദ്ധമായി തയ്യാറാക്കിയിട്ടുണ്ട്.

പശു ഹിന്ദുക്കളുടെ ദൈവമാണ്. പാല് തരാത്ത, ശോഷിച്ച പശുക്കളെയും കൊല്ലാൻ പാടില്ല. മറ്റു മൃഗങ്ങൾക്ക് നിയന്ത്രണവുമില്ല. നികുതിദായകരുടെ പണം കൊണ്ട് ഈ ദൈവങ്ങൾക്ക് താമസിക്കാൻ സർക്കാർ വൻതോതിൽ രാജ്യം മുഴുവൻ ലയങ്ങളും ഉണ്ടാക്കുന്നു. ചാകാറായ ഈ ദൈവങ്ങൾ രാഷ്ട്രത്തിനു തന്നെ ഒരു ബാദ്ധ്യതയാണ്. മുസ്ലിമുകളും ക്രിസ്ത്യാനികളും വിശ്വസിക്കാത്ത ഈ ആചാരങ്ങളുടെ മറവിൽ ഹൈന്ദവ തീവ്രവാദികൾ കൊള്ളയടിക്കുന്നുവെന്നുള്ളതാണ് വാസ്തവം. മതേതരത്വം എന്ന് പറഞ്ഞാൽ സർക്കാരിന് ലഭിക്കുന്ന നികുതിപ്പണം ഒരു പ്രത്യേക മത താല്പര്യത്തിനുവേണ്ടി ചെലവഴിക്കാനുള്ളതല്ല. ഇത്തരുണത്തിൽ ഹജ്ജ് തീർത്ഥാടനത്തിനും  ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിലുള്ള സന്ദർശനത്തിനും സർക്കാർ നൽകുന്ന സബ്‌സിഡികളും വിവാദങ്ങളിലുണ്ട്.

ഇന്ത്യയിലെ പശുവിറച്ചി നിരോധനം സംബന്ധിച്ച് ഹിന്ദു മൗലിക ശക്തികളിൽ മാത്രം പഴി ചാരേണ്ട ആവശ്യമില്ല. മതവും ഭക്ഷണവും വ്യക്തിപരമായ ഓരോരുത്തരുടെയും താല്പര്യമാണെങ്കിലും ഈ നിരോധനങ്ങളിൽ കൂടുതലും കോൺഗ്രസ്സ് ഭരണകാലങ്ങളിലാണ് നിർവഹിച്ചത്. കാശ്മീരിലും കർണ്ണാടകയിലും മഹാരാഷ്ട്രയിലും കോൺഗ്രസ്സ് ഭരിച്ചിരുന്ന കാലത്താണ് ഗോവധ നിരോധനം നടപ്പാക്കിയത്. കേന്ദ്ര മന്ത്രിയായ വെങ്കിട്ട നായിഡുവിന്റെ അഭിപ്രായത്തിൽ 'ഒരുവൻ എന്ത് തിന്നണമെന്നുള്ളത്, അവരുടെ വ്യക്തിപരമായ തീരുമാന'മെന്നായിരുന്നു. അദ്ദേഹം പറഞ്ഞു, "പാർട്ടിക്ക് അങ്ങനെയൊരു തീരുമാനമില്ല. അത് കേന്ദ്ര സർക്കാരിന്റെ നയവുമല്ല. കേന്ദ്ര സർക്കാർ ഗോമാംസം നിരോധിക്കണമെന്ന് ഒരിക്കലും നിർദ്ദേശം കൊടുത്തിട്ടില്ല. ആരോഗ്യ പരിപാലനത്തിനായി യോഗയും സൂര്യ നമസ്ക്കാരവും പ്രോത്സാഹിപ്പിക്കുന്നത് പാശ്ചാത്യ നടപ്പു രീതികൾ കൊണ്ടാണ്."

ഹിന്ദുത്വ ചിന്താഗതികളുമായി പ്രചരണം നടത്തുന്നവർക്ക് ഹൈന്ദവത്വത്തെപ്പറ്റി കാര്യമായി ഒന്നും തന്നെ അറിയില്ലെന്നുള്ളതാണ് വാസ്തവം. വൈദിക ചിന്തകളിൽ വിശ്വസിക്കുന്ന ഒരു ഹിന്ദുവിന് മറ്റു മതസ്ഥരോട് ശത്രുതയുണ്ടാവാൻ കഴിയില്ല. ഭാരതത്തിലെ മതങ്ങളെപ്പറ്റിയും മതങ്ങളുടെ പാരമ്പര്യങ്ങളെപ്പറ്റിയും തികച്ചും അറിവില്ലാത്തവരാണ് വൈദേശിക മതങ്ങളെന്ന് പറഞ്ഞു മറ്റു മതങ്ങളെ ഇടിച്ചു താക്കാൻ ശ്രമിക്കുന്നത്. ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കണമെന്നുള്ള കപട ഹിന്ദുത്വ വാദികൾക്കുള്ള മറുപടിയാണ് നമ്മുടെ പൈതൃകമായ സംസ്ക്കാരം. ആ സംസ്ക്കാരത്തിൽ വൈദേശിക മതങ്ങളെന്നു വിശ്വസിക്കുന്ന മുസ്ലിമുകളും ക്രിസ്ത്യാനികളും ഹിന്ദുക്കളെപ്പോലെ തന്നെ തുല്യ പങ്കാളികളുമാണ്. ഭാരതത്തിൽ ഹിന്ദുക്കൾ എന്ന പേരിൽ ഒരു മത വിഭാഗം ഉണ്ടായിരുന്നില്ല. സനാതന ധർമ്മം എന്ന പദം ഒരു പുരാണത്തിലും വേദങ്ങളിലും കാണാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ ഭാരതത്തിന്റെ നേട്ടങ്ങൾ എങ്ങനെ സവർക്കർ സ്ഥാപിച്ച പുതിയ മതമായ ഹിന്ദുത്വയ്ക്കുമാത്രം അവകാശപ്പെടാൻ സാധിക്കും.

ഹിന്ദുമതമെന്നത് ഒരു വിശ്വാസമാണ്. ഇന്ത്യയുടെ മതേതരത്വത്തിനും പുരോഗമനത്തിനും ഹിന്ദുമതം എതിരുമല്ല. മനഃസാക്ഷിയനുസരിച്ച് ഓരോരുത്തർക്കും അവരുടെ മതം തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. മറ്റുള്ള മതങ്ങളുടെ മേൽ സഹനശക്തിയെന്നതും ഹിന്ദുമത തത്ത്വമാണ്. ഹിന്ദു മതത്തിന്റെ ഈ ശക്തിയെ ചിലർ അതിന്റെ ബലഹീനതയായി കാണുന്നു. അതേ സമയം മതേതരത്വം എന്നത് ഓരോരുത്തരുടെയും മനസിന്റെ പ്രതിഫലനവുമാണ്. ഇന്ത്യയെന്നത് ഒരു പാരമ്പര്യമേറിയ സമൂഹമായി അറിയപ്പെടുന്നു. ഒന്നല്ല അനേക പാരമ്പര്യങ്ങൾ കൊണ്ട് സമ്മിശ്രമായ സംസ്‌കാരമാണ് ഇന്ത്യയ്ക്കുള്ളത്. അനേകം മതങ്ങളും ഭാരതത്തിൽ തഴച്ചു വളർന്നു. എന്നിട്ടും മതേതരത്വമെന്ന ആ സ്വഭാവഘടനയ്ക്ക് മാറ്റം വന്നില്ല. നാം എല്ലാം ചരിത്രം പങ്കു വെക്കുന്നു. സൂഫികളും അവരുടെ ഭക്ത ഗണങ്ങളും പരസ്പ്പരം സംസ്‌കാരങ്ങൾ ഇവിടെ കാഴ്ച വെച്ചു. പാരമ്പര്യമായി നമുക്കു കിട്ടിയ സാംസ്ക്കാരികത ഇല്ലാതാക്കണോ? അതോ അഭിനവ രാഷ്ട്രീയക്കാരുടെ സ്വാർത്ഥതയ്ക്ക് മുമ്പിൽ മുട്ട് കുത്തണോ? ഇന്ത്യയുടെ പുരോഗതിക്കും ക്ഷേമത്തിനായും ഒന്നിച്ചു പ്രവർത്തിക്കാം. അവിടെ മതങ്ങളെ മാറ്റി നിർത്തേണ്ടതായുമുണ്ട്.








ജോർജ് ജേക്കബ് ഹോളിയോകെ









Tuesday, January 2, 2018

ഭൂമിയിടപാടിൽ സീറോ മലബാർ സഭ പ്രതിരോധത്തിൽ



ജോസഫ് പടന്നമാക്കൽ
സോഷ്യൽ മീഡിയാകളിലും ചർച്ചാ മാദ്ധ്യമങ്ങളിലും ഭൂമി വില്‌പനയുടെ ക്രമക്കേടുകളെ സംബന്ധിച്ച് സഭയ്ക്കും കർദ്ദിനാൾ ആലഞ്ചേരിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ പൊന്തി വന്നിരിക്കുന്നു. ഏതാനും പുരോഹിതരും അല്മായ പ്രമുഖരും ഉന്നയിച്ച ചൂടുപിടിച്ച ആരോപണങ്ങളിൽ കർദ്ദിനാൾ ആലഞ്ചേരി നിഷ്കളങ്കനോ അഥവാ കള്ളത്തരത്തിൽ കൂട്ടുനിന്നയാളോ എന്നൊക്കെ വിധിയെഴുതാൻ ഞാൻ ആളല്ല. ന്യായങ്ങൾ പൊലിപ്പിച്ചും ബോധിപ്പിച്ചും ശക്തിയേറിയ വാദപ്രതിവാദങ്ങൾ ഇരുഭാഗത്തും മുന്നേറുന്നതാണ് കാരണം. ഇതിൽ നെല്ലും പതിരും തിരിച്ചറിയാനും തിരഞ്ഞെടുക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ സത്യാവസ്ഥ മുഴുവൻ പുറത്താകുന്നതിനു മുമ്പ് സഭയിലെ ചില പ്രമുഖരും പുരോഹിതരും അദ്ദേഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് സീറോ മലബാർ സഭയുടെ അന്തസ്സിനും അഭിമാനത്തിനും  തന്നെ ക്ഷതം ഏറ്റിരിക്കുകയാണ്.

തെറ്റുകൾ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയിൽ വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഒരു അഴിമതിയോട് ബന്ധപ്പെടുത്തി ആർക്കും സംസാരിക്കാൻ സാധിക്കില്ല. സഭയുടെ അടുത്തകാലത്തെ ഭൂമി വില്‌പനയിലുള്ള സാമ്പത്തിക ക്രമക്കേടുകളിൽ അദ്ദേഹം കൂട്ടുനിൽക്കുമെന്ന് തോന്നുന്നില്ല. മഹത്തായ  ഒരു വ്യക്തിമഹാത്മ്യം അദ്ദേഹത്തിനുണ്ട്. ലളിത ജീവിതം നയിക്കുന്ന ഒരു ഋഷിവര്യന് സമാനമാണ് അദ്ദേഹം. ആദ്യകാലങ്ങളിൽ വിദേശ യാത്രകളിൽ ഭ്രമമുമുണ്ടായിരുന്നെങ്കിലും  ഒരിക്കലും ആഡംബരപ്രിയനായിരുന്നില്ല. കാവി വസ്ത്രവും രുദ്രാക്ഷ മാലയും ധരിച്ചു നടക്കുന്ന ഈ വന്ദ്യ പുരോഹിതൻ എന്നും ഭാരതീയനായി ജീവിക്കുന്നതിലാണ് ഇഷ്ടപ്പെട്ടിരുന്നത്.

എന്നാൽ ചിന്തിക്കാതെയുള്ള സംഭവങ്ങളിൽ എടുത്തുചാടിയതുമൂലം ബലഹീനമായ സമയങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. കൊല്ലത്തിനടുത്ത് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചിട്ടപ്പോൾ അദ്ദേഹം ഇറ്റാലിയൻ നാവികരോടൊപ്പമായിരുന്നുവെന്നു ആരോപണങ്ങളുണ്ടായിരുന്നു. നാക്കിനു വന്ന ചില താളപ്പിഴകൾ കാരണം അദ്ദേഹത്തെ അന്ന് പ്രതിയോഗികൾ രാജ്യ ദ്രോഹിയായി മുദ്ര കുത്തുകയും ചെയ്തു. രാജ്യത്തിനുവേണ്ടി സംസാരിക്കാതെ ഇറ്റാലിയൻ നാവികർക്കുവേണ്ടി സംസാരിച്ചുവെന്നായിരുന്നു ആരോപണം. എങ്കിലും കാലം അദ്ദേഹത്തെ നിഷ്കളങ്കനായി തിരിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ ചില അഭിപ്രായങ്ങൾ ഇറ്റാലിയൻ റിപ്പോർട്ടർമാർ വളച്ചൊടിച്ചു റിപ്പോർട്ട് ചെയ്തതിന്റെ പ്രത്യാഘാതങ്ങളായിരുന്നു അത്. പിന്നീടുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെയിടയിൽ പ്രശസ്‌തിയുടെ കൊടുമുടിയിൽ നേതൃത്വം വഹിക്കുന്ന നാളുകളിലാണ് അദ്ദേഹത്തെപ്പറ്റി ഭൂമിയിടപാടുകൾ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ വന്നിരിക്കുന്നത്. ഈ ആരോപണങ്ങളെ നിസാരമായി തള്ളാനും സാധിക്കില്ല.
'
വിവാദപരമായ സഭയുടെ ഭൂമിയിടപാടിൽ ബിഷപ്പ്  'മാർ എടയന്ത്രത്ത് 'പുരോഹിതർക്കായി ഒരു സർക്കുലർ ലെറ്റർ അയച്ചിരുന്നു. വിശ്വാസികൾ  കത്തിലെ വിവരങ്ങൾ അറിയരുതെന്നു സർക്കുലറിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും ബിഷപ്പിന്റെ കത്തിലെ വിവരങ്ങൾ പിന്നീട് പുരോഹിതർവഴി ചോർന്നു പോവുകയാണുണ്ടായത്.  പൂർവികരിൽ നിന്നും പിടിയരി വാങ്ങി മേടിച്ച സഭാ സ്വത്തുക്കളുടെ ഇടപാടുകളുടെ കാര്യം വിശ്വാസ സമൂഹം അറിയരുതെന്നുള്ള ബിഷപ്പ് എടയന്ത്രയുടെ തീരുമാനം തികച്ചും ഗൂഢതന്ത്രങ്ങൾ നിറഞ്ഞതെന്നു  മനസിലാക്കണം. കത്തിന്റെ ഉള്ളടക്കം പുരോഹിതരിൽനിന്നും മാദ്ധ്യമങ്ങളുടെ വാർത്തകളാവുകയും ചെയ്തു. പുരോഹിതർക്കയച്ച കത്തിൽ നിന്നും ഭൂമിയിടപാടിൽ വലിയ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

മാർ എടയന്ത്രതയുടെ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചുരുക്കമായി വിവരിക്കുന്നു. "ഒരു മെഡിക്കൽ കോളേജ് തുടങ്ങാനായി എറണാകുളം ലിറ്റിൽ ഫ്ലവർ ഹോസ്‌പ്പിറ്റലിനടുത്ത് മറ്റൂർ എന്ന സ്ഥലത്തു 2015 മെയ് ഇരുപത്തിയൊമ്പതാം തിയതി സഭാ വക 23.22 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. ഈ വസ്തു വാങ്ങുന്നതിനായി അറുപതു കോടി രൂപ ബാങ്കിൽ നിന്ന് കടം എടുക്കേണ്ടി വന്നു. ഈ കടം വരാന്തരപ്പള്ളിയിലുള്ള സഭയുടെ ചെറുകിട അഞ്ചു പുരയിടങ്ങൾ വിറ്റു വീട്ടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ സ്ഥലം വിൽക്കാൻ സഭയ്ക്ക് സാധിച്ചില്ല. രൂപതയുടെ ചെലവുകൾ കഴിഞ്ഞു വാർഷിക വരുമാനത്തിൽ അധികമായ മിച്ചം വെക്കാൻ സാധിച്ചിരുന്നില്ല. ആറുകോടി രൂപയോളം ബാങ്ക് പലിശ കൊടുക്കാൻ സഭയ്ക്ക് കഴിയാതെയും വന്നു. അക്കാര്യം അതിരൂപത ഫൈനാൻസു കമ്മീഷന് ബോദ്ധ്യപ്പെടുകയും ചെയ്തതാണ്. അതിരൂപത അതിർത്തിയിൽ തന്നെ 23.2 ഏക്കർ സ്ഥലം മേടിച്ചതിനാൽ രൂപതയുടെ മറ്റു സ്ഥലങ്ങൾ വിറ്റു കടം വീട്ടിയാലോയെന്നും ആലോചനയുണ്ടായി. തൃക്കാക്കരയും കാക്കനാട്ടും അഞ്ചു പ്ലോട്ടുകളായുള്ള 3.69 ഏക്കർ സ്ഥലം വിൽക്കുവാൻ തീരുമാനിക്കുകയും ചെയ്തു."

പാലായിലുള്ള ഒരു റീയൽ എസ്റ്റേറ്റ് ബ്രോക്കറുമായിട്ടാണ് ഇടപാടുകൾ മുഴുവൻ നടത്തിയത്. കർദ്ദിനാൾ ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരം സാജു വർഗീസ് എന്ന ബ്രോക്കർ വഴി ഭൂമിയുടെ കച്ചവടം ചെയ്തതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്‌പനയുടെ തുക അക്കൗണ്ടിൽ രേഖപ്പെടുത്തിയെങ്കിലും അത്രയും തുക വാങ്ങിയവരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. കൈവിട്ടുപോയ ഭൂമി പത്രങ്ങളിൽ പരസ്യം കൊടുത്ത് വിറ്റിരുന്നെങ്കിൽ എൺപതുകോടി രൂപ മതിപ്പുവില കിട്ടുന്ന സ്ഥലമായിരുന്നു അത്. എന്നാൽ ഈ ഭൂമി വിറ്റത് ഒരു സെന്റിന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപായ്ക്കാണ്. ആ വിലയ്ക്കു വില്‌പന നടന്നിരുന്നെങ്കിലും 27 കോടി രൂപ സഭയ്ക്ക് ലഭിക്കേണ്ടതായിരുന്നു. പ്രമാണങ്ങൾ പരിശോധിച്ചതിൽ സഭയ്ക്ക് ലഭിച്ചിരിക്കുന്നത് 9.13 കോടി രൂപ മാത്രം. 'ജോഷി പുതുവാ' എന്ന പുരോഹിതനാണ് കർദ്ദിനാളുമായി സാജുവിനെ പരിചയപ്പെടുത്തിയതെന്നും ഫാദർ വട്ടോളി എന്ന പുരോഹിതൻ പറയുന്നു.

ഒരു മെഡിക്കൽ കോളേജ് നിർമ്മതിക്കായി മുന്നൂറു കോടി രൂപാ ആവശ്യമുണ്ടായിരുന്നു. പിന്നീട് വിദ്യാർത്ഥികളിൽ നിന്ന് വലിയ ഫീസ് വാങ്ങി ഈ തുക ഈടാക്കാമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇങ്ങനെ വ്യവസായ രീതിയിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതു സഭയുടെ മൂല്യങ്ങൾക്ക് വിരുദ്ധമായിരുന്നുവെന്നും വട്ടോളി കരുതുന്നു. കർദ്ദിനാൾ വർക്കി വിതയത്തിന്റെ കാലത്തു തന്നെ  മെഡിക്കൽ കോളേജ് തുടങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നുള്ള നേതൃത്വം വർക്കി വിതയത്തിലിന്റെ തീരുമാനത്തിനെതിരെ പ്രവർത്തിക്കുകയായിരുന്നു.

"വസ്തു വില്‌പനയിൽ അസന്തുഷ്ടിതരായ പുരോഹിതർ ആദ്യം ആ വസ്തുവിന്റെ വിവരം ചോദിച്ചപ്പോൾ അങ്ങനെ ഒരു വസ്തു സഭയ്ക്കില്ലന്നായിരുന്നു ഉത്തരം. പുരോഹിതർ അതിന്റെ ഡോകുമെന്റ് ഹാജരാക്കുകയും ചെയ്തു. വ്യക്തമല്ലാത്ത വസ്തു വില്പനയെപ്പറ്റി ആരാഞ്ഞപ്പോൾ അത് വളരെ പണ്ടുകാലം മുതലുള്ള വസ്തുവായിരുന്നുവെന്നും പല വ്യക്തികളുടെ പേരിലായിരുന്നെന്നും അതിന്റെ നഷ്ടം പള്ളിയുടെ അംഗങ്ങളായ ഓരോ വ്യക്തികളാണ് വഹിക്കുന്നതെന്നും കർദ്ദിനാളിന്റെ മനസുസൂക്ഷിപ്പുകാരനായ ഒരു പുരോഹിതനിൽനിന്നും ഉത്തരം കിട്ടി. ഇങ്ങനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ചോദ്യം ചെയ്യുന്നവരിൽ നിന്നു വസ്തുവില്‌പനയുമായി ബന്ധപ്പെട്ടവർ അകന്നും നിന്നിരുന്നു.

ഒരു സെന്റിന് ഒമ്പത് ലക്ഷം മതിപ്പുവിലയുണ്ടായിരുന്ന സ്ഥലമായിരുന്നു അത്. രൂപതയുടെ അതിർത്തിയിലുള്ള ഈ സ്ഥലം മൂന്നാമതൊരു പാർട്ടിക്ക് അനുവാദം കൂടാതെ വിൽക്കാൻ പാടില്ലാന്നും പൊതുവായ ഒരു ധാരണയുണ്ട്. കാനോൻ നിയമം അനുശാസിക്കുന്നതും അങ്ങനെ തന്നെയാണ്. എന്നാൽ ഈ നിബന്ധനകൾ ലംഘിച്ച്‌ കർദ്ദിനാളിന്റെ അറിവോടെ സഭയുടെ വസ്തുക്കൾ 36 പ്ലോട്ടുകളായി വിൽക്കുകയാണുണ്ടായത്. വില്‌പനയുടെ പേരിൽ 27.3 കോടി രൂപ അതിരൂപതയ്ക്ക് ലഭിക്കുമെന്നും പണം ബാങ്കിലിട്ടു ബാക്കി 32 കോടി രൂപായെ കടം വരുകയുള്ളൂവെന്നും ഡോകുമെന്റ് അനുസരിച്ച് കരുതിയിരുന്നു. നിർമ്മാണത്തിലിരിക്കുന്ന ഒരു ഷോപ്പിംഗ് കോംപ്ലെക്സിന്റെ പണി പൂർത്തിയായാൽ വാടക വഴി കാര്യങ്ങൾ മുമ്പോട്ട് കൊണ്ടുപോകാമെന്ന കണക്കുകൂട്ടലുമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾക്കു  ശേഷം ഒരു മാസത്തിനുള്ളിൽ!  വാങ്ങുന്നവർ വില്‌പന വില തരണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഒന്നര വർഷം കഴിഞ്ഞിട്ടും സഭയ്ക്ക് 9.13 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി 18.17 കോടി രൂപാ വസ്തു വാങ്ങിയവരിൽ നിന്നും നാളിതു വരെ ലഭിച്ചിട്ടില്ല.

അതിരൂപതയിലെ സാമ്പത്തിക സമിതികൾ അറിയാതെയാണ് വസ്തുക്കൾ വിറ്റതും അഡ്വാൻസ് മേടിച്ചതും. അതിരൂപതയ്ക്ക് കിട്ടാനുള്ള കടം കൂടാതെ വീണ്ടും സാമ്പത്തിക സമിതികളുടെ അനുവാദം കൂടാതെ പത്തു കോടി രൂപ കൂടി ബാങ്കിൽ നിന്നും വായ്‌പ്പ എടുത്തു. 16.5 കോടി രൂപായ്ക്ക് കോതമംഗലം അടുത്തു കോട്ടപ്പടിയിൽ 7-4-2017-ൽ 25 ഏക്കറും 2-22-2017-ൽ ദേവികുളത്തു പതിനേഴക്കർ സ്ഥലവും അതിരൂപതയുടെ പേരിൽ വാങ്ങിച്ച് രജിസ്റ്റർ ചെയ്തു. അതിരൂപതയിലെ മറ്റു പുരോഹിതരുടെ അറിവോ സമ്മതമോ കൂടാതെയാണ് ദേവികുളത്തും കോതമംഗലത്തും ആർക്കും വേണ്ടാതിരുന്ന സ്ഥലങ്ങൾ മേടിച്ചത്.

മറ്റൂരുള്ള സ്ഥലത്തിന്റെ കടം വിടുന്നവരെ മറ്റു സ്ഥലങ്ങൾ സഭാവക മേടിക്കരുതെന്നു സാമ്പത്തിക സമിതികളിൽനിന്നും കർശനമായ നിർദ്ദേശങ്ങളുണ്ടായിരുന്നു. മറ്റൂരിലെ കടം ബാധ്യത അറുപതുകോടിയായിരുന്നെങ്കിൽ പുതിയ സ്ഥലങ്ങൾ മേടിച്ചതു കാരണം ബാധ്യത 84 കോടിയായി വർദ്ധിച്ചിരുന്നു. അതി രൂപതയ്ക്ക് സാമ്പത്തിക പ്രതിസന്ധികൾ കൂടാതെ വസ്തു ക്രയ വിക്രയങ്ങൾ മൂലം ധാർമ്മികതയെ നശിപ്പിച്ചുവെന്നു ഫാദർ വട്ടോളി പറഞ്ഞു. കാനോനിക നിയമങ്ങൾ പാലിച്ചുമില്ല. വ്യക്തമായ ഒരു നയമില്ലാതെ കർദ്ദിനാളിനെ കരുവാക്കിക്കൊണ്ടു ഭരണം മുഴുവൻ ഏതാനും പുരോഹിതരുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. വസ്തു വില്‌പന പ്രകാരം ബാക്കി പണം കിട്ടിയാലും ധാർമ്മിക പ്രശ്നങ്ങൾ ബാക്കി നിൽക്കുന്നു.

സീറോ മലബാർ സഭയിൽ ഭൂമി വില്പനയിലുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് സഭയുടെ ഉന്നത അധികാര കമ്മറ്റിയുമായുള്ള തർക്കങ്ങൾ തുടർന്നുകൊണ്ട് പോവുന്നു. ഏതാനും പുരോഹിതരുടെ നേതൃത്വം സഭയുടെ വസ്തു വില്‌പന സംബന്ധിച്ചുള്ള സുതാര്യതയിൽ ചോദ്യം ചെയ്യുകയും അവർ വില്‌പനയിലുണ്ടായ ക്രമക്കേടുകളെപ്പറ്റി മാർപ്പാപ്പയെ ബോധ്യപ്പെടുത്തുമെന്നും അറിയിക്കുകയും ചെയ്തു. പരാതി ഉന്നയിച്ച പുരോഹിത നേതൃത്വത്തിൽ ചിലർ കോടതികളിൽ പോവുമെന്നും ഭീക്ഷണി മുഴക്കിക്കഴിഞ്ഞു. ഒരു ബിഷപ്പിനെതിരെ കോടതിയിൽ പോവാൻ സാധിക്കുമോയെന്നു കാനോൻ നിയമങ്ങൾ പരിശോധിക്കുമെന്നും വസ്തു ക്രയവിക്രയത്തിൽ എതിർക്കുന്ന പുരോഹിതർ പറയുന്നു.അതി രൂപതയിലെ ഭൂരിഭാഗം പുരോഹിതർ അംഗങ്ങളായ ഒരു സംഘടനയാണ് ഈ കുറ്റാരോപണങ്ങൾ നടത്തിയത്. നടപ്പു വിലയേക്കാൾ വളരെ കുറച്ചു സഭാ വക ഭൂമി വിറ്റതിനാൽ സഭയ്ക്ക് ഭീമമായ ഒരു നഷ്ടമാണ് ഉണ്ടായതെന്നും അവർ ആരോപിച്ചു. വാസ്തവത്തിൽ വസ്തു വില്‌പനകൊണ്ട് കടബാധ്യത സഭയ്ക്ക് കൂടുകയാണുണ്ടായത്.

വിശ്വാസികളെ  പിഴിഞ്ഞെടുത്ത പണംകൊണ്ട് ളോഹയിട്ട കള്ളന്മാർ സഭയുടെ സമ്പത്ത് ചൂതുകളിക്കുന്നുവെന്ന ആരോപണങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ മുഴുവൻ നിറഞ്ഞിരിക്കുകയാണ്. ദുബായ് കേന്ദ്രീകരിച്ച മലയാളി നേതൃത്വം നൽകുന്ന കള്ളപ്പണ വ്യവസായത്തിൽ കേരളത്തിലെ പുരോഹിതർക്ക് തീവ്രമായ ബന്ധങ്ങളുണ്ടെന്നും ആരോപണങ്ങൾ പൊന്തിവന്നിരിക്കുന്നു. ഒരു കേസ് ഉണ്ടാവുമ്പോൾ അതിനു മീതെ സത്യവും അസത്യവുമായ ആരോപണങ്ങൾ ഉണ്ടാവുകയെന്നുള്ളതും സാധാരണമാണ്. ഒരു വശത്ത് ഒരു കൂട്ടം പുരോഹിതർ കർദ്ദിനാൾ ആലഞ്ചേരിയെ തേജോവധം ചെയ്യാനുള്ള പടയൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറുഭാഗത്ത് ആലഞ്ചേരിയെ വെറും ബലിയാട് മാത്രം ആക്കുകയായിരുന്നുവെന്ന വാദങ്ങളും ശക്തമാണ്. സത്യം ആലഞ്ചേരിക്ക് അറിയാമെന്നു ഭൂരിഭാഗം വിശ്വസിക്കുന്നു. മുപ്പത്തിയാറു ആധാരപത്രങ്ങളിലെ അദ്ദേഹത്തിൻറെ ഒപ്പുകൾ സാമൂഹിക മീഡിയാകളിൽ കൂടി പ്രചരിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹം കൈവരിച്ചിരുന്ന വ്യക്തി മാഹാത്മ്യങ്ങൾക്ക് ഒരു വെല്ലുവിളിയാണ്.

അടുത്തയിടെയുള്ള സാമൂഹിക വാർത്തകൾ വായിക്കുമ്പോൾ ഭൂമി വിവാദക്കേസിൽ കർദ്ദിനാൾ ആലഞ്ചേരിയുടെ ബലഹീന വശങ്ങളും കാണുന്നുണ്ട്. അദ്ദേഹം വിശ്വസ്തരായി കൊണ്ടുനടന്ന സ്വന്തം പുരോഹിതരുടെ കെണിയിൽപ്പെട്ടു കെട്ടഴിക്കാൻ തത്രപ്പെടുന്ന ദയനീയ വാർത്തകളും കേൾക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പുരോഹിതരെയും കന്യാസ്ത്രികളെയും സംഭാവന ചെയ്യുന്ന സീറോ മലബാർ സഭയുടെ അഭിവന്ദ്യ നേതാവാണ് അദ്ദേഹം. ലോകത്തിന്റെ നാനാ ഭാഗത്തും ഇന്ന് സീറോ മലബാർ പുരോഹിതർ സഭാ വിശ്വാസികൾക്കായി പള്ളികളും സ്ഥാപിച്ചു കർമ്മങ്ങൾ നടത്തുന്നു. വിദേശത്തും സ്വദേശത്തുമായി കണക്കില്ലാത്ത സാമ്പത്തിക ഒഴുക്കുമൂലം പുരോഹിതരും മെത്രാന്മാരും ഒരു പോലെ ആഡംബര ജീവിതവും നയിക്കുന്നു.

അഭിവന്ദ്യ കർദ്ദിനാൾ ആലഞ്ചേരി നിശബ്ദത പാലിക്കുന്നതിലും ഭൂമിയിടപാടുകളെ പിന്താങ്ങിയതിലും വട്ടോളി നേതൃത്വം കുറ്റപ്പെടുത്തുന്നുണ്ട്. സാധാരണ ഗതിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റുമാരാണ് ഇങ്ങനെയുള്ള വസ്തു വില്പനകൾ നടത്താറുള്ളത്. വ്യവസായിക മാനദണ്ഡത്തോടെ സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തതതും കാനോൻ നിയമങ്ങൾക്കും എതിരാണ്. സഭ ഒരു റിയൽ എസ്റ്റേറ്റ് വ്യവസായിയെപ്പോലെയാണ് വസ്തുവകകൾ ക്രയവിക്രയം ചെയ്തത്. വില്‌പന നടത്തിയതു ഉത്തരവാദിത്വപ്പെട്ടവരോട് ആലോചിക്കാതെയുമായിരുന്നു. ഒരു സ്ഥാപനം സ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സാധാരണ ഗതിയിൽ വില്‌പന  നടത്തുന്നതിനുമുമ്പ് അതാത് ഭരണസംഹിതകളുമായി ആലോചിക്കാറുണ്ട്. പത്രങ്ങളിൽ പരസ്യം ചെയ്തു മാർക്കറ്റനുസരിച്ചുള്ള വിലകൾ ക്ഷണിക്കുകയും ചെയ്യും. എന്നാൽ അങ്ങനെയുള്ള നടപടികളൊന്നും കർദ്ദിനാളിന്റെ ഓഫിസിൽ നിന്നും ഉണ്ടായില്ല.

മാർക്കറ്റ് വിലയേക്കാളും വളരെക്കുറച്ചു ഭൂമി വിറ്റതുകൊണ്ടു സർക്കാരിന്റെ നികുതി കിട്ടേണ്ട വരുമാനത്തിനും ഭീമമായ നഷ്ടം സഹിക്കേണ്ടി വന്നു. കർദ്ദിനാളോ സഭയോ ഈ വസ്തു ഇടപാടിൽ നിന്നും ലാഭമുണ്ടാക്കിയെന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ ഈ വസ്തു കൈമാറ്റത്തിൽ ആർക്കും വ്യക്തമായ ഒരു സുതാര്യത കാണാൻ സാധിക്കുന്നില്ല. അനേകം മാസ്റ്റർ ഡിഗ്രികളും ഡോക്ടർ ഡിഗ്രികളും സമ്പാദിച്ച, സഭാ വിഷയങ്ങളിൽ പതിറ്റാണ്ടുകൾ പരിചയവുമുള്ള സഭയുടെ തലവനായ കർദ്ദിനാൾ ആലഞ്ചേരി ഈ വിഷയത്തിൽ തികച്ചും അജ്ഞനാണെന്നു ചിന്തിക്കാനും സാധിക്കില്ല.  സഭയുടെ കാര്യനിർവഹണ സമിതിയിലുള്ള ഉത്തരവാദിത്വപ്പെട്ട പുരോഹിതരും കർദ്ദിനാൾ ആലഞ്ചേരിയും ഒന്നിച്ചു വസ്തുവില്‌പന സംബന്ധിച്ച യുക്തിപരമായ ഒരു തീരുമാനം എടുത്തില്ലെന്നും വ്യക്തമാണ്.

അധാർമ്മികമായി നേടുന്ന സഭയുടെ സ്വത്തിന് ഒരു കണക്കുമില്ല. അത് എത്രത്തോളമുണ്ടെന്ന് അല്മായ ലോകത്തിന് അറിഞ്ഞും കൂടാ. സുനാമി വന്നപ്പോൾ കാഞ്ഞിരപ്പള്ളി, പാലാ മെത്രാന്മാർ വലിയ തോതിൽ പിരിവുകൾ നടത്തിയെങ്കിലും അതിന്റ ഒരു ഡോളർ പോലും സുനാമിയിൽ ദുരിതരായവർക്ക് ലഭിച്ചില്ല. ഒരു മെത്രാന്റെ സമ്മതത്തോടെ ദീപികയുടെ കോടിക്കണക്കിനുള്ള സ്വത്തുക്കൾ ഒരു മുസ്ലിമിന് വിറ്റ് സഭയുടെ പണം ചോർത്തിക്കൊണ്ടു പോയ ചരിത്രവും മറക്കാൻ നാളുകളായിട്ടില്ല. റീയൽ എസ്റ്റേറ്റ് ഇടപാടുകളും റീയൽ എസ്റ്റേറ്റ് മാഫിയാകളും സഭയുടെ നിലനിൽപ്പിനു തന്നെ ചോദ്യമായിരിക്കുകയാണ്.

സഭയുടെ ചരിത്രത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ സംഭവിക്കരുതാത്തത് പലതും സഭയ്ക്കുള്ളിൽ സംഭവിച്ചിരുന്നതായും കാണാം. ലൈംഗിക മ്ലേച്ഛകളിൽപ്പെട്ട എത്രയെത്ര പുരോഹിതരെ ഇവർ സംരക്ഷിക്കുന്നു. കുറ്റക്കാരായ ളോഹധാരികളെ രക്ഷിക്കാൻ വിധവയുടെ കൊച്ചുകാശുകൊണ്ട് പരമോന്നത കോടതികളും കയറിയിറങ്ങും. ലോക പ്രസിദ്ധരായ വക്കീലന്മാരെ വെച്ച് കുറ്റവാളികളായ പുരോഹിതരെ രക്ഷിക്കാനും ശ്രമിക്കും. സ്ത്രീയുടെ മാനവും ജീവനും പോയാലും കുഞ്ഞുങ്ങൾ അനാഥരായാലും അതിനു കാരണക്കാരായ പുരോഹിതർക്കെന്നും സുഖവാസം ലഭിക്കുകയും ചെയ്യും. അഭയാക്കേസിൽ പുരോഹിതരുടെ മാനം രക്ഷിക്കാൻ മില്യൺക്കണക്കിന് രൂപാ പണമാണ് സഭ ഒഴുക്കിയത്. പണം എങ്ങനെ ചെലവാക്കുന്നു, എവിടെനിന്നു വന്നുവെന്നു ചോദിക്കാനും ആളില്ല.  പുരോഹിതർ നടത്തുന്ന കുറ്റകൃത്യങ്ങളിൽ അല്മായർ നിശബ്ദരായിരിക്കണമെന്നും സഭയുടെ പാരമ്പര്യമായ പ്രമാണമാണ്. അപ്രമാദിത്യം കല്പിച്ചിട്ടുള്ള അവരെ ആരും ചോദ്യം ചെയ്യാൻ പാടില്ല. പക്ഷെ സോഷ്യൽ മീഡിയാകളുടെ ആവിർഭാവത്തോടെ പുരോഹിതരുടെ കള്ളക്കളികൾ ഓരോന്നായി പുറത്തുവരുന്നതും ഇവർക്കൊരു തിരിച്ചടിയായി തീർന്നു. യൂറോപ്പിൽ സംഭവിച്ചപോലെ സീറോ മലബാർ സഭയുടെ നാശത്തിന്റെ തുടക്കം ആരംഭിച്ചുവെന്നും കരുതണം.

സഭയുടെ വസ്തു വില്‌പന ഇടപാടുകളെപ്പറ്റി സോഷ്യൽ മീഡിയാകളും മാദ്ധ്യമങ്ങളും കൊട്ടിഘോഷിക്കുന്നതുമൂലം നാളിതുവരെയുള്ള രഹസ്യങ്ങൾ പലതും പുറത്തുവന്നു കഴിഞ്ഞു. അതിൽ കള്ളപ്പണമുണ്ട്, നികുതി വെട്ടിപ്പുണ്ട്, എന്നെല്ലാമുള്ള സംശയങ്ങളാണ് നിറഞ്ഞിരിക്കുന്നത്. കാപട്യം നിറഞ്ഞ കാക്കനാട്ടെ മാഫിയ പുരോഹിതരുടെ ഭീക്ഷണിയും എതിർക്കുന്നവരുടെമേൽ പ്രയോഗിക്കുന്നു.  ആദരണീയനായ കർദ്ദിനാൾ ആലഞ്ചേരിയിൽ നിന്ന് ഇങ്ങനെയൊരു അധാർമ്മിക പ്രവർത്തി സംഭവിക്കില്ലെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.

മെഡിക്കൽ കോളേജുണ്ടാക്കാൻ വേണ്ടി മേടിച്ച വസ്തുവിൽ പിന്നീട് മെഡിക്കൽ കോളേജ് വേണ്ടെന്നു വെച്ചത് ആരുടെ തീരുമാനമെന്നും വ്യക്തമല്ല. കാക്കനാട്ട് നടന്നത് കള്ളപ്പണവും നികുതി വെട്ടിപ്പുമാണെങ്കിൽ അത് മാർപ്പാപ്പായാണോ തീരുമാനിക്കേണ്ടതെന്ന ചോദ്യത്തിനും ഉത്തരമില്ല. അക്കാര്യം തീരുമാനിക്കേണ്ട ബാധ്യത രാജ്യത്തെ നിയമ വ്യവസ്ഥകൾക്കുള്ളതാണ്. വസ്തു ഇടപാടുകളെ അന്വേഷിക്കാൻ ആലഞ്ചേരി ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്. സ്വന്തം ആൾക്കാരെ മാത്രം കമ്മീഷനിൽ വെച്ച് അന്വേഷണം നടത്തിയാലും കുറ്റക്കാരെ കണ്ടുപിടിക്കാൻ സാധിക്കില്ല. മാർ ഏടയന്തിറ ഇറക്കിയ സർക്കുലർ ലെറ്ററിൽ മാർ ആലഞ്ചേരി ഒരു കള്ളനെന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിഷപ്പുമാർ തമ്മിൽ ഇങ്ങനെ പോർവിളികൾ തുടങ്ങിയാൽ വിശ്വാസികൾ ഇവരെ ഇനി എത്രമേൽ അനുസരിക്കണമെന്നുള്ളതും അനശ്ചിതത്വത്തിലാണ്. പണം കിട്ടാതെ എങ്ങനെ വസ്തുവിന്റെ ആധാരം എഴുതിയെന്നുള്ളതിലും ദുര്‍ഗ്രാഹ്യത ബാക്കി നിൽപ്പുണ്ട്.

സഭാ നേതൃത്വം തന്നെ കാക്കനാട്ടെ ഭൂമിയിടപാടുകളെ വിമർശിച്ച വൈദികർക്കെതിരെ ശിക്ഷണനടപടികൾ എടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. സഭയുടെ നടപടി ക്രമങ്ങളിൽ വിശ്വസമില്ലാത്തതുകൊണ്ടാണ് എതിർപ്പുകളും വിമർശനങ്ങളുമായി പുരോഹിതർ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ സത്യമറിയാൻ ആരെയാണ് വിശ്വസിക്കേണ്ടത്, സഭയെയോ, വിമർശകരേയോ! ഉത്തരം, കർദ്ദിനാൾ ആലഞ്ചേരിയുടെ നിശബ്ദത മാത്രം. വൈദികർ പോലും ആലഞ്ചേരിയെ കള്ളനും പിടിച്ചുപറിക്കാരനുമായി വിശേഷിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച വാർത്തകൾ പ്രചരിക്കുമ്പോൾ അല്മായരുടെ സംശയങ്ങൾ വർദ്ധിക്കുകയും സഭയുടെ മൂല്യതയ്ക്ക് ഇടിവ് തട്ടുകയും ചെയ്യുന്നു. സഭ നിയമിച്ചിരിക്കുന്ന കമ്മീഷനെയും അധികാരികളെയും വൈദികർക്കുപോലും വിശ്വാസം ഇല്ലെങ്കിൽ സഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നവർ ഇനി എത്രകാലം സഭയോടൊപ്പം നിൽക്കും. ഇതിനിടയിൽ തന്നെ സഭയുടെ ഭൂമിയിടപാടുകളിൽ സംശയം പ്രകടിപ്പിച്ച രണ്ടു വൈദികരെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തു.

മതപുരോഹിതർക്കും അഭിഷിക്തർക്കും കുന്നുകൂട്ടി കിടക്കുന്ന സമ്പത്തുണ്ട്. അല്മായരായ വിശ്വാസികൾ അവർക്കു സമ്പത്തുണ്ടാക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്നു. പാടത്തും പണിശാലകളിലും കടലമ്മയെ ആശ്ലേഷിച്ചും കടലിനക്കരെയും മലമുകളിലും അദ്ധ്വാനിക്കുന്നവരുടെ വിയർപ്പുഫലത്തിന്റെ പങ്കുപറ്റിക്കൊണ്ടു പുരോഹിതർ ആഡംബരഭ്രമത്തിൽ ജീവിക്കുന്നു. സൗധങ്ങളും പള്ളികളും നിർമ്മിച്ചുകൊണ്ടിരിക്കുന്നു. കവർ സ്റ്റോറിയിൽ പറയുന്നു, "വചനവും ശുശ്രൂഷയും ഒരു വഴിക്ക്, വ്യാപാരവും കള്ളക്കച്ചവടവും മറുവഴിക്ക്, എല്ലാം അല്മായർ അറിയാതെ." സ്വത്തുക്കൾ നിയന്ത്രിക്കേണ്ടത് അല്മായരെന്ന വാദഗതികൾക്ക് ശക്തി പ്രാപിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച കൃഷ്ണയ്യർ തയ്യാറാക്കിയ  ചർച്ചാക്റ്റിന്റെ ആവശ്യകതയും പൊന്തിവരുന്നുണ്ട്. സഭാ സ്വത്തുക്കളിൽ അല്മായരുടെ പങ്ക് അഴിമതിയിൽ പൊതിഞ്ഞിരിക്കുന്ന സഭാനേതൃത്വത്തിനു ഒരു മറുപടിയുംകൂടിയാണ്. വ്യാപാര വ്യവസായ സമിതികളെ അടിച്ചോടിച്ചതും ദേവാലയത്തിൽ ശുദ്ധികലശം നടത്തിയതും യേശുക്രിസ്തു തന്നെയല്ലേ!

ഫാദർ വട്ടോളിയുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്.  "അടുത്ത കാലത്ത് മാർപ്പാപ്പാ രണ്ടു വലിയ പാപങ്ങളെപ്പറ്റി വിലയിരുത്തിയിരുന്നു. ആദ്യത്തേത് കുട്ടികളെ ലൈംഗിക പീഡനം നടത്തുന്നതും രണ്ടാമത്തേത് സാമ്പത്തിക ക്രമക്കേടുകളുമായിരുന്നു."

Late Cardinal Varkey Vithayatthil 






കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...