Wednesday, June 25, 2014

കൊച്ചുപുരയ്ക്കൽ ഫാദർ കെ.ജെ. തോമസ്‌ കൊലക്കേസും പുരോഹിതരുടെ കയ്യാമവും

 
By ജോസഫ് പടന്നമാക്കൽ

വടക്കേ ഇന്ത്യയിൽ ഒരു ക്രിസ്ത്യൻ മിഷ്യനറി കൊല്ലപ്പെട്ടാൽ  നാടുമുഴുവൻ കോളിളക്കം സൃഷ്ടിച്ചുകൊണ്ട്   ആ വാർത്ത  മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കാറുണ്ട്.  ഇന്ത്യാ മുഴുവൻ മതപീഡനമായി ചിത്രീകരിച്ചുകൊണ്ട്  വാർത്താ തലക്കെട്ടുകളിൽ പിന്നീട്  ലോകമാദ്ധ്യമങ്ങളിലും  പ്രത്യക്ഷപ്പെടും.  ഫാദർ കെ. ജെ. തോമസിന്റെ കൊലപാതകം മാദ്ധ്യമങ്ങൾ അമിത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചില്ല.  കൊല ചെയ്തെന്നു  കരുതപ്പെടുന്ന  കുറ്റാരോപിതരായവർ പുരോഹിതരായതാണ് കാരണം.  2013 മാർച്ച് മുപ്പത്തിയൊന്നാം തിയതി  ഫാദർ  കെ.ജെ.  തോമസിന്റെ മൃതദേഹം ബാംഗളൂരിലെ മല്ലേശ്വരത്തുള്ള  സെന്റ് പീറ്റേഴ്സ് സെമിനാരിയിൽ കാഫീറ്റീരിയാക്ക്  സമീപം കണ്ടെത്തി. മുഖം മുഴുവൻ അടികൊണ്ട്  വിവർണ്ണമാക്കി, പൊട്ടിക്കാവുന്നടത്തോളം   എല്ലുകൾ  പൊട്ടിച്ച് തലയിൽ കമ്പി വടികൊണ്ട് അടിച്ച് തലച്ചോറ് പുറത്താക്കിയ നിലയിലായിരുന്നു, മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിൽ  തലയ്ക്കും ചങ്കിനും തലയോട്ടിക്കും മാരകമായ ചതവുകളുമുണ്ടായിരുന്നു. അക്രമ സ്ഥലത്തുനിന്നും രക്തക്കറയുള്ള  ഒരു ഇരുമ്പു വടിയും കിട്ടിയിരുന്നു. ഇടത്തെ കണ്ണ്, മൂക്ക്, ചുണ്ട് ഇവകളെല്ലാം തകർത്തിരുന്നു.  മരിച്ച ശരീരം  വലിച്ചിഴച്ച്  അദ്ദേഹം  വസിച്ചിരുന്ന  മുറിയുടെ മുമ്പിൽ  കൊണ്ടുവന്നതായ  അടയാളങ്ങളും മൃതദേഹത്തിലുണ്ടായിരുന്നു. പുരോഹിതന്റെ ഈ കൊലപാതകം ബാംഗ്ലൂർ നഗരത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. തെളിവുകളുടെ യാതൊരു തുമ്പും കിട്ടാതെ പോലീസിനും ഈ കേസ്  കീറാമുട്ടിപോലെ  ഒരു വെല്ലുവിളിയായി തീർന്നു.  



ഒരു വർഷം മുമ്പുനടന്ന ഈ ദുരന്തമരണത്തിനു  കാരണക്കാരായ    രണ്ടു പുരോഹിതരടക്കം മൂന്നു പേരെ ബാംഗ്ലൂർ പോലീസ് കമ്മീഷണറായ  ശ്രീ ജ്യോതി പ്രകാശ് മിർജയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് അടുത്തയിടയാണ്. കൊലപാതകത്തിൽ പങ്കുണ്ടെന്നു  വിശ്വസിക്കുന്ന ഗുൽബെർഗിലെ കെങ്കേരി ഇടവക ഫാദർ  ഏലിയാസ്, അദ്ദേഹത്തിൻറെ അൾത്താര സഹായി പീറ്റർ, മറ്റൊരു പുരോഹിതൻ ഫാദർ വില്ല്യം പാട്രിക്ക്  എന്നിവരെയാണ്   അറസ്റ്റു ചെയ്തത്. വളരെയധികം ആസൂത്രണം ചെയ്തായിരുന്നു  ഈ കൊല നടത്തിയത്. ഫാദർ തോമസിന്റെ അധീനതയിലുള്ള ചില ഡോക്കുമെൻറുകൾ തട്ടിയെടുത്ത്   ധനപരമായ കാര്യങ്ങളിൽ അദ്ദേഹത്തെ കുടുക്കുകയെന്നത് കൊലപാതകികളുടെ ലക്ഷ്യമായിരുന്നു.  യാതൊരു മോക്ഷണവും  കൊല ചെയ്ത ദിവസം സെമിനാരിയിൽ നടന്നിട്ടില്ല.  തന്മൂലം കുറ്റവാളികൾ  സെമിനാരിയുമായി  ബന്ധപ്പെട്ടവരെന്നും  പോലീസ് അനുമാനിച്ചു. തലയ്ക്കടിയും, മുഖമാകെ വികൃതവുമാക്കിയ കൊലപാതകം അസൂത്രിതമായിരുന്നുവെന്നും പോലീസിനു മനസിലായി. ഇരുമ്പുവടികൊണ്ട് ഒന്നു രണ്ടു പേർ തലയ്ക്കടിച്ച പാടുകളുമുണ്ടായിരുന്നു.  സെമിനാരി  റെക്റ്ററായിരുന്ന   ഫാദർ തോമസ് ഭരണപരമായ കാര്യങ്ങളിലും സ്ഥാനങ്ങൾ നല്കുന്നതിലും  കുറ്റവാളികളായ  ഈ പുരോഹിതരെ ഒരിക്കലും പരിഗണിക്കാതെയിരുന്നതും   കൊലപാതകത്തിന് കാരണമായിരുന്നു.  അറസ്റ്റിലായ വൈദികരുടെ മേൽ അധോലോക ബന്ധവും ആരോപിച്ചിട്ടുണ്ട്. ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കൽ  എന്നീ കുറ്റകൃത്യങ്ങളിൽ മറ്റു സഹവൈദികരുടെ അറസ്റ്റും  ഉടനുണ്ടാകുമെന്ന്  പോലീസ് കേന്ദ്രങ്ങൾ പറയുന്നു.  കൊലപാതകത്തെ തേയ്ച്ചു മായിച്ചു കളയാൻ സെമിനാരിയിലെ ഭരണതലത്തിലുള്ളവർ ആഗ്രഹിച്ചിരുന്നിരിക്കണം.   അവരുടെ ഭാഗത്തുനിന്നും കാര്യമായ സഹകരണം  പോലീസിന് ലഭിക്കാതെയിരുന്നതും അതിനാലായിരിക്കണം. 



ഫാദർ തോമസിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്ന  ഇവർ  സഭയുടെ അധികാരസ്ഥാനത്തുനിന്ന്   അദ്ദേഹത്തെ പുകച്ചു തള്ളണമെന്നുള്ള ഗൂഢാലോചനകളിലും  എർപ്പെട്ടിരുന്നു. അതിനുള്ള  അവസരങ്ങൾക്കായി അവർ കാത്തിരിക്കുകയുമായിരുന്നു.  കൊല ചെയ്യുന്ന സമയം ലീതൽ ആയുധങ്ങളും കരുതിയിട്ടുണ്ടായിരുന്നു. കൊലയുടെ ലക്ഷണം നോക്കുമ്പോൾ കൊലപാതകം സ്വാഭാവിക മരണമല്ലെന്നും വ്യക്തമായിരുന്നു. കരുതിക്കൂട്ടി വളരെയധികം തന്ത്രങ്ങൾ മെനഞ്ഞായിരുന്നു അവരന്ന് തോമസിനെ കൊലപ്പെടുത്തിയത്. തെളിവുകളെല്ലാം നശിപ്പിച്ച് ആരും കണ്ടുപിടിക്കാത്ത രീതിയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി ഈ കേസ്സിനെ മാറ്റിയെടുക്കാനും കുറ്റവാളികൾക്ക് സാധിച്ചു.



കർണ്ണാടക പോലീസ് പ്രമാദമായ ഈ കൊലകേസ്സിന്റെ അന്വേഷണവുമായി ആന്ധ്രാ , ഗോവാ, കേരളം, തമിഴ്നാടുകളിൽ  ചുറ്റിക്കറങ്ങി,  എകദ്ദേശം രണ്ടായിരത്തോളം പേരെ ചോദ്യം ചെയ്തിരുന്നു. അവരിൽനിന്ന് .പത്തുപേരെ തിരഞ്ഞെടുത്ത് നുണ പരിശോധന യന്ത്രമുപയോഗിച്ച് (ലൈ ഡിറ്റക്റ്റീവ്  ടെസ്റ്റ്) പരീക്ഷണങ്ങളും നടത്തിയിരുന്നു. മൂന്നു പുരോഹിതരടക്കം അഞ്ചുപേരെ ഗുജറാത്തിലുള്ള ലാബ്രട്ടറിയിൽ കൊണ്ടുപോയി നാർക്കോ അനാലീസിസ് പരീക്ഷണങ്ങൾക്കും വിധേയരാക്കി. ഈ അന്വേഷണങ്ങളുടെ നൂലാമാലകളിൽക്കൂടിയാണ്  ഫാദർ  ഏലിയാസിനെയും കൂട്ടരേയും നിയമത്തിന്റെ കുടുക്കിൽപ്പെടുത്താൻ പോലീസിന്  സാധിച്ചത്. ഇവർ മൂന്നുപേരും കുറ്റം സമ്മതിച്ചതോടെ കൊലപാതകത്തിന്റെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞുകൊണ്ടിരിക്കുന്നു. കൊലപാതകം ആസൂത്രണം ചെയ്ത മറ്റു രണ്ടു പുരോഹിതരുടേയും പേരുവിവരങ്ങൾ ഇവർമൂലം പോലീസിന് അറിയാൻ കഴിഞ്ഞു.


തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഫാദർ പാട്രിക്ക് സേവിയറിന്   തോമസിനെ കൊലപ്പെടുത്തിയ വിവരം അറിയില്ലായെന്ന മൊഴി  അന്വേഷണത്തിൽ മുഴുകിയിരുന്ന പോലീസിനെ സംബന്ധിച്ചടത്തോളം  അവിശ്വസിനീയമായിരുന്നു.  ഫാദർ സേവിയറിന്റെ  മൊഴിയിൽ വന്ന വൈകൃതങ്ങൾ പച്ചക്കള്ളങ്ങളാണെന്നും പോലീസിനു മനസിലായി.  സേവിയറിനെ നാർക്കോ അനാലീസിസിന് വിധേയമാക്കിയതോടെയാണ് സംഭവങ്ങളുടെ കള്ളികൾ പുറത്തു വന്നത്.  അവർ കൊലപാതകത്തിൽ പങ്കുകാരായിരുന്ന വിവരം അദ്ദേഹത്തിൽനിന്നും നാർക്കോ അനാലീസീസ് വഴിയാണ് ലഭിച്ചത്. സംഭവ ദിവസം രാത്രി രണ്ടരയ്ക്ക് ഫാദർ തോമസിന്റെ നിലവിളി കേട്ടിട്ടും അടുത്ത മുറിയിൽ താമസിച്ചിരുന്ന ഫാദർ പാട്രിക്ക് സേവിയർ കാര്യങ്ങൾ അന്വേഷിക്കാനോ പോലീസിനെ അറിയിക്കാനോ മെനക്കെട്ടില്ല. സഹവൈദികരെ രക്ഷിക്കണമെന്ന മനസായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രാരംഭഘട്ടങ്ങളിൽ അന്വേഷണ പുരോഗതി സാധിക്കാതിരുന്നതും ആരോപണ വിധേയരായ പുരോഹിതരുടെ കറുത്ത കൈകൾ അധികാരസ്ഥാനങ്ങളിൽ പ്രവർത്തിച്ചതുകൊണ്ടായിരുന്നു.



2013 മാർച്ച് മുപ്പത്തിയൊന്നാം തിയതി രാത്രി  രണ്ടര മണി സമയത്ത് സെമിനാരിയിലെ ഇടുങ്ങിയ ഒരു ജനാലയിൽക്കൂടിയാണ് കുറ്റവാളികൾ  അകത്തു പ്രവേശിച്ചത്. അന്നൊരു ഈസ്റ്റർ ദിവസമായിരുന്നതുകൊണ്ട് പഠിക്കുന്നവരും പുരോഹിതരും  സെമിനാരിയിൽ കാണുകയില്ലെന്നും  കുറ്റവാളികൾ അനുമാനിച്ചിരിക്കണം. അതിനാലാണ് അനുയോജ്യമായ ഒരു ദിവസം കണ്ടെത്തി ഈസ്റ്റർ ദിവസത്തിൽ  പദ്ധതികൾ തയ്യാറാക്കിയത്.  ഫാദർ തോമസുൾപ്പടെ അഞ്ചുപേരേ  അന്നേ ദിവസം ആ രാത്രിയിൽ സെമിനാരിയിലുണ്ടായിരുന്നുള്ളൂ.   



കൊലപാതകം നടക്കുന്ന ദിവസം എലിയാസും  വില്ല്യം പാട്രിക്കും പീറ്ററും യശ്വവൻപൂർ സർക്കിളിൽ ഒത്തുകൂടി സെമിനാരിയിലെ ആക്രമ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ആയുധങ്ങളും വടിയുമായി അന്നവർ സെമിനാരിയിലേക്ക് നുഴഞ്ഞു കടന്നു.  തോമസച്ചന്റെ  മുറിയിൽ പൂട്ടിയിട്ടിരുന്ന താഴ് തല്ലി പൊട്ടിച്ച് അകത്തുകയറി. അതിനുശേഷം ഡോക്കുമെന്റ് പേപ്പറുകൾ തേടാൻ തുടങ്ങി.  മുറിയിൽ അന്വേഷണം നടത്തുന്ന സമയം ഫാദർ തോമസ് വെളിയിൽ നിന്ന് മുറിക്കുള്ളിൽ വരുകയും കുറ്റവാളികളെ കാണുകയും ചെയ്തു. ഡോക്കുമെന്റുകൾ തട്ടിയെടുക്കാനുള്ള ശ്രമത്തിൽ  ഫാദർ തോമസിനെ കണ്ടയുടൻ പ്രതികൾക്ക്  അദ്ദേഹത്തോട് ഉഗ്രമായ കോപമുണ്ടായി.  രേഖകൾ മോഷ്ടിക്കുന്നതിനിടയിൽ  അവരെ  തോമസ് ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ നേരെ ബലപ്രയോഗവും കയ്യേറ്റവും തുടങ്ങി. അത് മരണത്തിലേക്ക് സംഭവിച്ചു. ആയുധധാരികളായ സഹപുരോഹിതരെ ഫാദർ തോമസ് തിരിച്ചാക്രമിച്ചുമില്ല. ക്രൂരമായ  കൃത്യം ചെയ്തിട്ട് യാതൊരു തെളിവുകളും അവശേഷിക്കാതെ അവർ സ്ഥലം വിടുകയും ചെയ്തു. ആ രാത്രിയിൽ പുറത്ത് അതിഘോരമായ മഴയുണ്ടായിരുന്നതുകൊണ്ട് തോമസിന്റെ കരയുന്ന ശബ്ദമോ നിലവിളിയോ  ആരും കേട്ടില്ലായെന്നും പറയുന്നു. മഴ കാരണം സെമിനാരിയിലെ സെക്യൂരിറ്റി മനുഷ്യൻ മുറിക്കുള്ളിലായിരുന്നത്  കുറ്റ വാളികൾക്ക് രക്ഷപ്പെടാൻ സഹായമാവുകയും ചെയ്തു.



2012 മുതൽ  മൂന്നു വർഷത്തെ സേവനത്തിനായി ഫാദർ തോമസ്  സെമിനാരിയിൽ റെക്റ്ററായി നിയമിതനായി. അദ്ദേഹത്തിൻറെ ഈ നിയമനം രണ്ടാം തവണയായിരുന്നു.  ഭരണപരമായ കാര്യങ്ങളിൽ മറ്റുള്ളവർക്ക് മുൻഗണനകൾ നൽകുന്നതുകൊണ്ട് പ്രതികൾക്ക് അദ്ദേഹത്തോട്  അമർഷവുമുണ്ടായിരുന്നു.  മാറ്റങ്ങൾ വരുത്തി സെമിനാരിയുടെ അധികാരം പിടിച്ചെടുക്കണമെന്നായിരുന്നു   പ്രതികളുടെ മനസിലുണ്ടായിരുന്നത്.  അതിനായി ചില തെളിവുകളും സാമ്പത്തിക ക്രമക്കേടുകളും കള്ളത്തരങ്ങളും കണ്ടുപിടിച്ച് തോമസിനെ സെമിനാരിയിലെ ഭരണ ചുമതലകളിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. അദ്ദേഹത്തെ    ഒരു കുറ്റവാളിയാക്കാനുള്ള  അവസരങ്ങൾക്കായും  പ്രതികൾ കാത്തിരുന്നു.



2013 ഏപ്രിൽ ഒന്നാം തിയതി  അതിരാവിലെ സമയം ഫാദർ തോമസ് മരിച്ചുകിടക്കുന്നതായി  കണ്ടത്  സെമിനാരിയുടെ പ്രിൻസിപ്പോളായിരുന്ന ഫാദർ പാട്രിക്ക് സേവിയറായിരുന്നു.   പോലീസിനെ സംബന്ധിച്ച് ഈ കേസ് വിവാദപരവും വെല്ലുവിളിയുമായിരുന്നു. കർണ്ണാടക  മുഖ്യമന്ത്രിയിൽ നിന്നും ഡൽഹിയിലെ ഉന്നതരായ കോണ്ഗ്രസ് നേതാക്കളിൽനിന്നും  പ്രതികൾക്കുവേണ്ടി കേസില്ലാതാക്കാൻ ശക്തമായ സ്വാധീനവും ഉണ്ടായിരുന്നു. പോലീസിൽ നിന്നുള്ള കാല താമസം മൂലം കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടത്തിനെതിരായി പ്രവർത്തിച്ചാൽ തൊപ്പി തെറിക്കുമെന്ന് പോലീസും ഭയപ്പെട്ടിരുന്നു.  



സെമിനാരിയിലെ സ്ഥാനമാനങ്ങൾക്കുള്ള മത്സരവും അധികാര വടംവലിയും    സെമിനാരിയ്ക്കുള്ളിൽ നടക്കുന്ന  ആഭ്യന്തര പോരുകളും  അതിനോടനുബന്ധിച്ചുള്ള വിവരങ്ങളും  പോലീസിനോട് വെളിപ്പെടുത്താൻ അധികൃതർ  തയ്യാറല്ലായിരുന്നു.  ആ സ്ഥിതിക്ക് കൊലപാതകം സെമിനാരിയുമായി ബന്ധപ്പെട്ടവർ നടത്തിയെന്ന നിഗമനത്തിൽ എത്താൻ പോലീസിന്  നീണ്ട അന്വേഷണങ്ങൾ വേണ്ടിവന്നു. കുറ്റവാളികൾക്കുവേണ്ടി  എല്ലാ വിധ തെളിവുകളും നശിപ്പിക്കാൻ  അധികൃതരും കൂട്ടുനിന്നിരുന്നു. സ്വജന പക്ഷപാതത്തോടുള്ള   നിയമനങ്ങളും  സാമ്പത്തിക ക്രമക്കേടുകളുടെ ഫയലുകളും  സെമിനാരിയിൽനിന്നും   സംഭവം കഴിഞ്ഞയുടൻ നീക്കം ചെയ്യുകയോ കുറ്റവാളികൾ നശിപ്പിക്കുകയോ ചെയ്തിരിക്കാം. ഏതായാലും  പോലീസിന് ലഭിച്ച  വിരലടയാളം കുറ്റവാളികളുടെ വിരലുകളോട് സാമ്യമുള്ളതായിരുന്നത്  അന്വേഷണ പുരോഗതിക്ക് സഹായമായി..



ഫാദർ കെ.ജെ. തോമസ് തമിഴ് നാട്ടിലെ  ഊട്ടി രൂപതയ്ക്കു വേണ്ടി സേവനം ചെയ്തിരുന്നു. ബാംഗ്ലൂർ രൂപതയിലുള്ള  പുരോഹിതർക്കിടയിൽ   തമിഴിലും  കന്നഡയിലുമുള്ള  ആരാധന ക്രമങ്ങൾ  എന്നും വാക്കുതർക്കങ്ങളും വിവാദങ്ങളുമുണ്ടാക്കിയിരുന്നു.  വളരെക്കാലമായി പുരോഹിതരുടെ ആരാധനക്രമങ്ങളിലുള്ള ഭാഷാവിത്യാസം  രൂപതയുടെയും  പ്രശ്നമായിരുന്നു. രണ്ടു വിഭാഗക്കാരെയും ഒരുപോലെ സന്തോഷിപ്പിച്ചുകൊണ്ട്   തോമസ് അവരെ നയിക്കുകയും  ചെയ്തു.  എല്ലാവരുടെയും പ്രിയങ്കരനായ അദ്ദേഹം സഹ പുരോഹിതരുടെ സ്നേഹാദരവുകളും ബഹുമാനവും  എന്നും നേടിയിരുന്നു. മുപ്പതു വർഷത്തോളം സെമിനാരിയിൽ കർമ്മനിരതനായി സേവനം അർപ്പിക്കുകയും ചെയ്തു.  പിറ്റേ ദിവസം പോണ്ടിച്ചേരിയിൽ നിന്നും വരുന്ന തന്റെ സഹോദരി കന്യാസ്ത്രി,  സിസ്റ്റർ ജാക്വലിനെ റയിൽവേ സ്റ്റേഷനിൽ നിന്നും സ്വീകരിക്കാനുള്ള ഒരുക്കത്തിലുമായിരുന്നു.  തോമസിനെ അനേക തവണകൾ ടെലഫോണിൽ  വിളിച്ചിട്ട് ഉത്തരം കിട്ടായ്കയാൽ സിസ്റ്റർ തന്നെ  റെയിൽവേ സ്റ്റേഷനിൽനിന്നും ഒരു ഓട്ടോ റിക്ഷാ പിടിച്ച് സംഭവസ്ഥലത്ത് എത്തുകയായിരുന്നു.  പോലീസ് അന്ന് കൊലപാതകത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന സമയമായതിനാൽ കന്യാസ്ത്രിയോട്  തല്ക്കാലം തൊട്ടടുത്തുള്ള മഠത്തിൽ   താമസിക്കാൻ  ആവശ്യപ്പെടുകയും ചെയ്തു.    



നിഷ്കളങ്കനായ ഒരു മനുഷ്യൻ എന്തുകൊണ്ട് മരിച്ചുവെന്ന് സെമിനാരിയിൽ  വസിക്കുന്നവരുടെയിടയിൽ  സംസാരവിഷയമായിരുന്നു. സത്യമെന്തെന്ന് അറിയാനുള്ള ജിഞാസ  അവരിൽ   പ്രകടമായിരുന്നു. 2013 ആഗസ്റ്റ് പതിമൂന്നാം തിയതി സെന്റ് പീറ്റർ ഫൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും  സംശയത്തിന്റെ മറവിൽ താല്ക്കാലികമായി നാലു പുരോഹിതരെ പുറത്താക്കി. ആത്മീയ മേഖലകളിൽ ചുമതലകൾ വഹിച്ചിരുന്ന റെക്റ്റർ  ഫാദർ ജി. ജൊസഫ്, മുമ്പ് സ്ഥാനം വഹിച്ചിരുന്ന റെക്റ്റർ  ഫാദർ സെബാസ്റ്റ്യൻ പെരിയണ്ണൻ, രെജിസ്റ്റ്രറാർ  ലൂർദ് പ്രസാദ്, ഫാദർ പാട്രിക്ക് സേവിയർ എന്നിവരെയാണ് പുറത്താക്കിയത്. കൊല്ലപ്പെട്ട രാത്രിയിൽ ഇവർ നാലുപേരും സെമിനാരിയിലുണ്ടായിരുന്നു. പോലീസ് ആദ്യം സംശയിച്ചിരുന്നതും ഇവരെയായിരുന്നു. ഫാദർ സേവിയറിന് കൊലയിൽ പങ്കില്ലെങ്കിലും കൊന്നത് ആരെന്ന് അദ്ദേഹത്തിന് അറിയാമെന്നുള്ള നിഗമനവും കേസന്വേഷണത്തിന്  തുടക്കമിട്ടു.


ഫാദർ തോമസിന്റെ മൃതദേഹം  ബന്ധുജനങ്ങൾ ഏറ്റുവാങ്ങി ഏറ്റുമാന്നൂരുള്ള  കൊടുവത്താനം സെന്റ്. ജൊസഫ്സ്  ദേവാലയത്തിൽ സംസ്ക്കരിച്ചു.


കോട്ടയം അതിരൂപതയില്പ്പെട്ട  ഏറ്റുമാന്നൂർ സെന്റ് ജോസഫ്സ് ഇടവകയിൽ പഴയമ്പള്ളിൽ (കൊച്ചുപുരയിൽ) പി. എം. ജോസഫിന്റെയും ഏലിക്കുട്ടിയുടെയും പുത്രനായി  1951 മെയ് പതിമൂന്നാം തിയതി  തോമ്മാച്ചൻ ജനിച്ചു.  ആ ഇടവകയിലെ നാട്ടുകാരുടെ അഭിമാനവും കണ്ണിലുണ്ണിയുമായിരുന്നു.  മാതാപിതാക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. ഏറ്റുമാന്നൂരുള്ള   കൊടുവത്താനം 'ടൌണ്  യൂ.പി.എസ്', 'ഗവ. ഹൈസ്കൂൾ' എന്നിവടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. മാന്നാനം കെ.ഈ.കോളേജിൽ പ്രീ ഡിഗ്രീ പഠനശേഷം ഊട്ടി രൂപതയിൽ വൈദിക പഠനത്തിന് ചേർന്നു. 1980-ൽ പുരോഹിതനായി. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിലും, മദ്രാസ് യുണിവേഴ്സിറ്റിയിൽ നിന്ന്  പോളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദങ്ങൾ നേടി. മധുര കാമരാജ് യൂണി വെഴ്സിറ്റിയിൽ  നിന്ന് എം..എഡ് ബിരുദവും ഉണ്ട്. റോമിൽ നിന്ന് ദൈവ ശാസ്ത്രത്തിൽ ഡോക്ട്ടർ ഡിഗ്രിയും ലഭിച്ചു.   ബാംഗ്ലൂരും ഊട്ടിയിലുമുള്ള വിവിധ ആശ്രമങ്ങളിലും സേവനമനുഷ്ഠിച്ചു. ഫാദർ തോമസ് ഒരു മികച്ച ധ്യാന ഗുരുവുംകൂടിയായിരുന്നു. നാട്ടിൽ വരുന്ന സമയങ്ങളിലെല്ലാം   സ്വന്തം മാതൃരൂപതയായ സെന്റ്. ജോസഫ്സ് പള്ളിയിൽ കുർബാന അർപ്പിക്കുമായിരുന്നു. പ്രാർത്ഥനയും പഠനവും ലളിത ജീവിതവുമായി കഴിഞ്ഞ അച്ചന്റെ കൊലപാതകം നാട്ടുകാർക്ക് വിശ്വസിക്കാൻ സാധിച്ചില്ല. സിസ്റ്റർ ജാക്വലിൻ, മേരി മൂലേക്കാട്ട് (വെളിയന്നൂർ), ഏലീശാ ചാലയിൽ, (കുറുമുള്ളൂർ) എന്നിവർ  അച്ചന്റെ സഹോദരികളാണ്. ഫാദർ തോമസിന്റെ സഹോദരൻ  കെ.ജെ. മാത്യു മകനൊപ്പം അമേരിക്കയിൽ താമസിക്കുന്നു.  മരിക്കുന്ന ദിവസമായ ഈസ്റ്റർ ദിനത്തിൽ അദ്ദേഹം  തന്റെ  കുടുംബാംഗങ്ങളെ  ഫോണിൽ വിളിച്ച്  ആശംസകൾ അറിയിച്ചിരുന്നു. അക്കൊല്ലം ജനുവരിയിലാണ് അവസാനമായി നാട്ടിലെത്തിയത്. ശാന്തശീലനായ  തോമ്മാച്ചന്റെ മരണം ഒരു നാടിനെത്തന്നെ  ദുഖത്തിലാഴ്ത്തി.



ആയിരക്കണക്കിന് പുരോഹിതരെ വാർത്തെടുത്ത   പവിത്രമായ  പൊന്തിഫിക്കൽ സെമിനാരി മുടിയന്മാരായ പുരോഹിതർക്കും ജന്മം നൽകിയതിൽ  സങ്കോജ ഭാവത്തോടെ തല കുനിഞ്ഞിരുന്നിരിക്കാം.   അവിടെയാണ് മൃദലമായി സംസാരിച്ചിരുന്ന  ഈ അദ്ധ്യാപകൻ,  പ്രൊഫസർ, ദൈവശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിൽ  അറിയപ്പെട്ടിരുന്ന തോമസച്ചൻ സേവനം ചെയ്തിരുന്നത്.  നല്ല മനുഷ്യനാകാൻ പഠിപ്പിച്ച പുരോഹിതന്  സഹപ്രവർത്തകരായ പുരോഹിതരുടെ കരങ്ങൾകൊണ്ട് രക്തസാക്ഷിയാകേണ്ടി വന്നു.  അന്നേ ദിവസം  കളങ്കത്തിന്റേതായ ഒരു തിലകംകൂടി സഭയുടെ കറുത്ത അദ്ധ്യായങ്ങളിൽ കുറിച്ചുവെച്ചു.  നിത്യതയിലുറങ്ങുന്ന  പ്രിയപ്പെട്ട അച്ചാ, കൈവിട്ടുപോയ അങ്ങയുടെ അഭാവം ഞങ്ങൾ അറിയുന്നു. മനുഷ്യത്വമെന്തെന്ന് എന്നും   അങ്ങ് പഠിപ്പിക്കുമായിരുന്നു.  അവസാനം അങ്ങ് എങ്ങനെ രക്തസാക്ഷിയായെന്നും അറിയില്ല.  ഇത്തരം ക്രൂരമായ മരണങ്ങൾ കാതുകൾക്കും വിശ്വസിക്കാൻ സാധിക്കില്ല. നീതി കിട്ടാതെ അഭയായെപ്പോലെ അങ്ങയുടെ ആത്മാവ് അലയരുതെയെന്നും അങ്ങയെ സ്നേഹിക്കുന്ന, കേഴുന്ന ലോകം ഇന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നുണ്ട്.  'ഭയപ്പെടേണ്ടാ ഞാൻ നിങ്ങളോടുകൂടിയുണ്ടെന്ന' ഇശയ്യായുടെ പ്രവചനവും അങ്ങയുടെ നിത്യമായ സത്യത്തിലേക്കുള്ള വഴികാട്ടിയായിരുന്നു.





 


E-Malayalee
-http://www.emalayalee.com/varthaFull.php?page=7&newsId=79939

Malayalam Daily News:
http://www.malayalamdailynews.com/?p=95167

Wednesday, June 18, 2014

രണ്ടാം ധവളവിപ്ലവശിൽപ്പിയായ അരുണാചലം മുരുകാനന്ദം

By ജോസഫ് പടന്നമാക്കൽ 

അരുണാചലം മുരുകാനന്ദം ഇന്ത്യയിലെ രണ്ടാം ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. 1962-ൽ കോയമ്പത്തൂരിനു സമീപമായ ഒരു ഗ്രാമത്തിലാണ്  ജനിച്ചത്. കുത്തക മുതലാളിമാരിൽ നിന്നും വിഭിന്നമായി അദ്ദേഹത്തെ ഒരു സാമൂഹിക വിപ്ലവ വ്യവസായിയായി  മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നതും കൌതുകകരമാണ്. അമേരിക്കയുടെ ടൈം മാഗസിൻ ഈ വർഷം പുറപ്പെടുവിച്ച ഇന്ത്യയിലെ നാലു സുപ്രധാന വ്യക്തികൾക്കൊപ്പം അദ്ദേഹത്തിൻറെ നാമവും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു മൂന്നു വ്യക്തികളായ നരേന്ദ്ര മോഡി, കേജരിവാൾ, അരുന്ധതി റോയി എന്നിവരെ ലോകം അറിയും. പക്ഷെ തമിഴിലെ  സാധാരണക്കാരനായ ഈ മനുഷ്യൻ  ഒബാമയോടും മാർപ്പാപ്പയോടുമൊപ്പം  നൂറു വ്യക്തികളിലൊരാളായി ലോകശ്രദ്ധയിൽതന്നെ ഇടം നേടി. ആർത്തവ കാലങ്ങളിൽ സ്ത്രീകൾക്കാവശ്യമായ സാനിറ്ററി  പാഡ് ചുരുങ്ങിയ ചിലവിൽ ഉത്പ്പാതിപ്പിക്കുന്ന മെഷീൻ കണ്ടുപിടിച്ച്  ഉത്പാദന മേഖലയിൽ പുതിയൊരു അദ്ധ്യായം കുറിച്ചു. ഭാരതസ്ത്രീകൾ ആർത്തവമാസമുറകളിൽ പാരമ്പര്യമായി പഴുന്തുണി കഷണങ്ങൾ ഉപയോഗിച്ചു വന്നിരുന്നു. അതിനൊരു വിരാമം കണ്ടെത്തി ശ്വാശത പരിഹാരം കാണുവാൻ അരുണാചലം മുരുകാനന്ദം   അഹോരാത്രം പണിയെടുത്ത് ഗവേഷണങ്ങൾ നടത്തി വന്നിരുന്നു. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സാനിറ്ററിപാഡിന്റെ   വിൽപ്പനവഴി രാജ്യാന്തര കമ്പനികൾ വൻകൊള്ളകൾ നടത്തുന്നുവെന്നും അരുണാചലം മനസിലാക്കി. കുത്തക മുതലാളിമാരിൽനിന്നും ഇറക്കുമതി ചെയ്യുന്ന വ്യാവസായിക പാഡിനെക്കാളും മൂന്നിലൊന്ന് വിലയ്ക്കാണ്  അദ്ദേഹത്തിൻറെ കമ്പനി അതേ നിലവാരമുള്ള പാഡുകൾ വിറ്റുവരുന്നത്. ഇന്ത്യയിലെ ലക്ഷോപലക്ഷം സാധാരണക്കാരായ സ്ത്രീ ജനങ്ങള്ക്ക് അദ്ദേഹത്തിൻറെ ഭാവനയിലുണ്ടായ വിലകുറഞ്ഞ പാഡുകൾ  ഉപകാരപ്രദമായി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും   കമ്പനി വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നൂറുകണക്കിന് രാജ്യങ്ങളിൽ കമ്പനി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.   


നൂറുകോടിയിലധികം ജനം വസിക്കുന്ന ബൃഹത്തായ ഭാരതത്തിൽ  വർഷത്തിൽ 1000 കോടിയിൽപ്പരം സാനിറ്ററി പാഡുകൾ ഇന്ന് ചിലവാകുന്നുണ്ട്. അത് ദിനംപ്രതി വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇന്ത്യയിൽ അതിന്റെ ഉത്ഭാദനം വൻകിട വ്യവസായ രാജ്യങ്ങളുടെ കുത്തകയാണ്. സാനിറ്ററി പാഡുകൾ നിർമ്മിക്കുന്ന മെഷീന്റെ വില കോടി കണക്കിന് രൂപാ മുടക്കുമുതലു വരും. ഒരു ചെറുകിട വ്യവസായിക്ക് അത്തരം വ്യവസായം തുടങ്ങാനുള്ള കരുത്തില്ല.   അതിനാവശ്യമുള്ള അസംസ്കൃത പദാർത്ഥങ്ങളും പുറം രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യെണ്ടതായുമുണ്ട്. സാധാരണ ജനങ്ങൾക്ക് ആർത്തവ നിരോധക പാഡിന്റെ ചെലവുകൾ താങ്ങാനുള്ള  കഴിവുമില്ല. അതിനു പരിഹാരമായി സ്ത്രീ ജനങ്ങൾ പലയിടങ്ങളിലും അരുണാചലം മുരുകാനന്ദം തുടങ്ങിവെച്ച കുടിൽ വ്യവസായങ്ങൾ  ആരംഭിച്ചിട്ടുണ്ട്. മുതൽമുടക്ക് കുറവ്, സാധാരണക്കാർക്ക് താങ്ങാൻ കഴിയുംവിധം  മിതമായ ഉൽപ്പന്നവില, വികസന സാധ്യതയുള്ള ബിസിനസ് എന്നെല്ലാം  ഈ സംരംഭത്തിന്റെ പ്രത്യേകതകളാണ്. ദിനം പ്രതി സാനിറ്ററി പാഡിന്റെ ഉപയോഗവ്യാപ്തി വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഗ്രാമീണതലങ്ങളിൽ പരമ്പരാഗതമായി പഴുന്തുണികൾ ഉപയോഗിച്ചുവരുന്ന സ്ത്രീകള്ക്കും ഈ പാഡുകൾ കുറഞ്ഞ ചിലവിൽ ഉപയോഗിക്കാൻ സാധിക്കും. പഴുന്തുണികളിൽനിന്ന് രോഗാണുക്കളും സാംക്രമികരോഗങ്ങളും ക്രീടങ്ങളും സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്കും അമ്മമാർവഴി രോഗവും പകരാം. 


മുരുകാനന്ദന്റെ ഈ കണ്ടുപിടുത്തം ഇന്ത്യയിലെ സ്ത്രീജനങ്ങളുടെ സാമൂഹിക ജീവിത രീതികൾക്കുതന്നെ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. ആർത്തവ കാലങ്ങളിൽ സ്ത്രീകളിൽ ശുചിത്വ ബോധമുണ്ടാക്കി  അവരിലെ വ്യക്തിത്വ ബോധവല്ക്കരണം ഉത്തേജിപ്പിക്കാനും സാധിച്ചു.  കണക്കനുസരിച്ച് അഞ്ചുശതമാനം സ്ത്രീജനങ്ങൾ മാത്രമേ ഇന്ത്യയിൽ ആർത്തവപാഡുകൾ ഉപയോഗിക്കാറുള്ളൂ. ആർത്തവം തുടങ്ങുന്ന കൗമാരപിള്ളേർ സ്കൂൾ പഠനവും ഉപേക്ഷിക്കുന്ന സാമൂഹിക പരിതാപകരമായ സ്ഥിതിവിശേഷവും ഭാരതത്തിലുണ്ട്.   മുരുകാനന്ദന്റെ വില കുറഞ്ഞ ഈ മെഷീൻ ഇന്ന് സ്ത്രീ ജനങ്ങൾക്ക് ഒരു വരുമാന മാർഗവുമാണ്. ആർത്തവകാലങ്ങളിലും ബുദ്ധിമുട്ടുകളില്ലാതെ സ്ത്രീകൾക്ക് ജോലി ചെയ്യാനും സാധിക്കുന്നു. പഴത്തൊലികളും പഴുന്തുണികളും മണ്ണുംവരെ സ്ത്രീകൾ ആർത്തവത്തെ  തടയാൻ ഉപയോഗിച്ചിരുന്നു. അവിടെയെല്ലാം മുരുകാനന്ദൻ ഒരു സാമൂഹിക  വിപ്ലവകാരിയായി മാറി. ഐ.ഐ.റ്റി.യിലും ഐ.ഐ.എം. അഹമ്മദബാദിലും ഹാർവാർഡിലുംവരെ ഹൈസ്ക്കൂൾപോലും വിദ്യാഭ്യാസമില്ലാത്ത അരുണാചലം മുരുകാനന്ദം ക്ലാസുകൾ എടുക്കുന്നു.  ആർത്തവ മനുഷ്യനെന്ന പേരിലറിയപ്പെടുന്ന അദ്ദേഹത്തിൻറെ കഥകൾ അഭ്രപാളികൾവരെ പകർത്തിയെടുത്തു. ഇതിനകം  അനേക കീർത്തിമുദ്രകളും അദ്ദേഹത്തെ തേടിയെത്തി.   


മുരുകാനന്ദന്റെ കഠിനാധ്വാന വ്രതങ്ങളോടെയുള്ള വിജയകരമായ ജീവിതം വളരുന്ന തലമുറകൾക്ക് മാതൃകയും ഉത്തേജനവുമാണ്. അദ്ദേഹത്തിന് സ്കൂൾ വിദ്യാഭ്യാസമില്ലായിരിക്കാം. എങ്കിലും ഒരു ബുദ്ധിരാക്ഷസനാണ്. ഒരുവൻ ജന്മനാ ബുദ്ധിയുള്ളവനെങ്കിൽ  അക്കാദമിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. ഇത്രമാത്രം ഉയരങ്ങളിൽ എത്തിയിട്ടും എളിമയും വിനയവും ഇന്നും ആ മനുഷ്യനെ വിട്ടുമാറിയിട്ടില്ല. അദ്ദേഹം ഒരു  വാഗ്മിയല്ലെങ്കിലും മാതൃകാപരമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നു പ്രസംഗങ്ങളിൽനിന്നും  കേൾവിക്കാർക്ക് മനസിലാകും. സ്ത്രീജീവിതം സുഗമമാക്കാൻ  സ്ത്രീകളുടെ ക്ഷേമത്തിനായി മല്ലിടുന്ന ആ മനുഷ്യൻ അവരുടെ  നിത്യസഹായിയായി ചരിത്രത്തിന്റെ താളുകളിലും കുറിക്കപ്പെട്ടു.


സ്കൂൾ വിദ്യാഭ്യാസം നേടാത്ത മുരുകാനന്ദന്റെ ശൈലിയിലുള്ള  പ്രസംഗങ്ങൾ ഇംഗ്ലീഷിൽ കേള്ക്കാൻ സമൂഹത്തിലെ ഉന്നതരായ വ്യവസായികളും ശാസ്ത്രജ്ഞരും സമ്മേളിക്കാറുണ്ട്. .അവരോട് അദ്ദേഹം പറയും, "അടുത്ത ഏതാനും മിനിറ്റുകൾ എന്റേതായ  ഇംഗ്ലീഷിൽ വ്യാകരണമോ ഉച്ഛാരണമോ ഇല്ലാതെ ഞാൻ നിങ്ങളോട് സംസാരിക്കട്ടെ. എന്റെ  ഇംഗ്ലീഷ്ഭാഷയെ പരിഹസിച്ചുകൊള്ളൂ.  ഇവിടെ ഇന്ന് സന്നിഹിതരായിരിക്കുന്ന ജനം എന്നെക്കാൾ വളരെയേറെ  വിദ്യാഭ്യാസം ലഭിച്ചവരാണ്. വിവരംകെട്ട ഞാൻ സംസാരിക്കുന്ന ഭാഷ  ഭൂരിഭാഗം ജനങ്ങൾക്കു  മനസിലാകുമെന്നും അറിയാം. അതുകൊണ്ട് നിങ്ങളുടെ മനസുകൾ എന്റെ ഉച്ഛാരണവും ഗ്രാമറും മറന്ന് എന്റെ പോരായ്മകളെ മനസിലാക്കി സ്വയം തിരുത്തണം. പതിനെട്ടു വയസ്സിൽ താഴെയുള്ളവർ ഞാൻ പറയുന്നത് മനസിലാക്കണമെങ്കിൽ  അവരുടെ മാതാപിതാക്കളുടെ സഹായവും തേടണം."


ആരംഭം മുതലുള്ള ദുരിതപൂർണ്ണമായ ജീവിതകഥകൾ പേരും പെരുമയും ആർജിച്ച പ്രതിഭകൾ നിറഞ്ഞ സദസുകളിൽ അദ്ദേഹം  അവതരിപ്പിക്കാറുണ്ട്. കമ്പനിയുടെ തുടക്കം മുതൽ നാളിതു വരെയുള്ള വിജയത്തിന്റെ കഥകളും വിവരിക്കും. എവിടെയും ജനങ്ങൾ അദ്ദേഹത്തെ ഹർഷാരവത്തോടെ കൈകൊട്ടി സ്വീകരിക്കുകയെന്നതും സദസുകളിലെ നിത്യ സംഭവങ്ങളുമാണ്. ഒരു കൂട്ടുകുടുംബത്തിലാണ് മുരുകാനന്ദൻ വളർന്നത്. വിവാഹം കഴിക്കുംവരെ ഒരു സാധാരണ ചെറുപ്പക്കാരനെപ്പോലെ ജീവിതം നയിച്ചു. തന്റെ വിവാഹശേഷം സ്വന്തം അമ്മയുടെ സ്വഭാവം പാടേ മാറിയെന്നാണ് മുരുകാനന്ദൻ പറയുന്നത്. ഭാരതത്തിലെ കുപ്രസിദ്ധരായ അമ്മായിമ്മമാരുടെ സ്വഭാവം മുഴുവനും മുരുകാനന്ദന്റെ അമ്മയിലും പ്രകടമായിരുന്നു. മരുമകൾ എന്തു ചെയ്താലും കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവമായിരുന്നു. സ്വന്തം ഭാര്യയോട് സ്നേഹം പ്രകടിപ്പിക്കുന്നത് അമ്മയ്ക്കിഷ്ടമായിരുന്നില്ല. മരുമകളോട് ഒരു യക്ഷിയെപ്പോലെ പെരുമാറുന്നതുകൊണ്ട് ഭാര്യയുടെ ദുഖത്തിൽ മുരുകാനന്ദനും ഒപ്പം പങ്കു ചേർന്നിരുന്നു. നാട്ടുനടപ്പനുസരിച്ച് അവരുടെ വിവാഹം ബന്ധുക്കൾ നടത്തികൊടുത്തതായിരുന്നു. 


ഒരിക്കൽ മുരുകാനന്ദൻ തന്റെ ഭാര്യ എന്തോ കൈകൾ പുറകോട്ടാക്കി തന്നിൽനിന്നും മറച്ചുവെയ്ക്കുന്നത് കണ്ടു. അതെന്തെന്നറിയാൻ അദ്ദേഹത്തിലന്ന് ജിജ്ഞാസയുണ്ടായി. എന്താണ് കൈകൾ  പുറകിലാക്കികൊണ്ട്  ഒളിച്ചു വെച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ അത് പുരുഷന്മാർ അറിയേണ്ടതല്ലെന്നും മറുപടി കൊടുത്തു. തന്റെ ഭാര്യ തന്നോടു  കളിക്കുകയാണെന്ന് വിചാരിച്ച് അറിയാൻ ശ്രമിച്ചപ്പോൾ 'നിങ്ങളുടെ  ബിസിനസല്ലെന്ന്' പറഞ്ഞ് തമാശക്ക് മുരുകാനന്ദന്റെ കവിളത്ത് ഒരടി കൊടുത്ത് അവർ  ഓടിപ്പോയി. എന്തായാലും സംഗതി മനസിലാക്കിയ മുരുകാനന്ദൻ തന്റെ ഭാര്യ കുറെ പഴുന്തുണികൾ  ശേഖരിച്ചിരിക്കുന്നത് കണ്ടു. 'നീ  എന്തുകൊണ്ട്  സാനിറ്ററി പാഡുകൾ  മാർക്കറ്റിൽനിന്ന് മേടിക്കുന്നില്ലായെന്ന്' ഭാര്യയോടു ചോദിച്ചപ്പോൾ,   'നമ്മുടെ കുഞ്ഞുങ്ങൾക്ക്  അങ്ങനെയെങ്കിൽ പാല് കൊടുക്കാൻ സാധിക്കാതെ വരുമെന്ന്' ഭാര്യ മറുപടിയും നല്കി. 


ഹൈജിനിക്കല്ലാത്ത   രോഗങ്ങളുണ്ടാകാൻ സാധ്യതയുള്ള ഇത്തരം പഴുന്തുണികൾ തന്റെ ഭാര്യ ഉപയൊഗിക്കുന്നുവെന്നറിഞ്ഞപ്പോൾ മുരുകാനന്ദന് പ്രയാസ്സമുണ്ടാക്കി..അന്നുതന്നെ മെഡിക്കൽ ഷോപ്പിൽനിന്നും  ഭാര്യക്കായി ഒരു പായ്ക്കറ്റ് സാനിറ്ററി പാഡ് മേടിച്ചു. ആ കഥ മുരുകാനന്ദൻ തന്റെ പ്രസംഗങ്ങളിൽ സരസമായി വർണ്ണിക്കാറുണ്ട്.  പുതിയതായി വിവാഹം ചെയ്ത ഒരു പുരുഷൻ വന്ന് സ്ത്രീകളുടെ ആർത്തവ കാലത്തുപയോഗിക്കുന്ന പാഡ് മേടിച്ചപ്പോൾ ഷോപ്പുടമ  തുറിച്ചുനോക്കിതും പുരുഷനായ താൻ ഇത്രമാത്രം താണു പോയോയെന്നു കടക്കാരൻ  ചോദിച്ചതും മുരുകാനന്ദൻ  സദസുകളിൽ  അവതരിപ്പിക്കാറുണ്ട്. അന്ന് നാടുമുഴുവൻ വസിക്കുന്ന ജനം പഴയ മാമൂലുകളെ മുറുകെ പിടിച്ചിരുന്നു. ഭാര്യമാർക്കായി ഇത്തരം പാഡുകൾ കടയിൽ മേടിക്കാൻ പോവുകയെന്നത് പുരുഷന്മാർക്ക് അപമാനവുമായിരുന്നു. പത്രത്തിൽ പൊതിഞ്ഞ് കടക്കാരൻ നാലുവശവും നോക്കി ഒരു കള്ളനെപ്പോലെ  പാഡ് നല്കിയതും മുരുകാനന്ദന്റെ കുറിപ്പുകളിലുണ്ട്. താൻ അയാളോട്  കോണ്ടോം' (ഗർഭനിരോധക്)ചോദിച്ചില്ലല്ലോ, പിന്നെ അയാള് എന്തിന് സാനിറ്ററി പാഡിന്റെ പേരിൽ ഒളിച്ചുകളിച്ചുവെന്നും  മുരുകാനന്ദന് മനസിലായിരുന്നില്ല. മെഡിക്കൽ ഷോപ്പിൽനിന്നും  വാങ്ങിയ പാഡുകൾ മുരുകാനന്ദൻ പരിശോധിച്ചപ്പോൾ കുത്തകകമ്പനികൾ അതിൽനിന്നുമുണ്ടാക്കുന്ന കൊള്ളലാഭവും  എത്രത്തോളമുണ്ടെന്നും മനസിലാക്കി.  


ഇന്ത്യയിൽ അഞ്ചു ശതമാനം ജനങ്ങളേ സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നുള്ളൂവെന്നും കണക്കുകൾ പറയുന്നു. ഗ്രാമീണപ്രദേശങ്ങളിൽ വസിക്കുന്ന മില്ല്യൻ കണക്കിനു സ്ത്രീകൾക്ക്   തൊഴിലവസരങ്ങൾ നേടണമെങ്കിൽ പരമ്പരാഗതമായ സാമൂഹിക പഴുന്തുണി ചുറ്റുപാടുകളിൽനിന്നും സാനിറ്ററിപാഡ് വിപ്ളവത്തിലേക്ക് പരിവർത്തന വിധേയമാകേണ്ടതുമുണ്ട്. അഞ്ചു ശതമാനമെന്നുള്ളത് പത്തു ശതമാനമാക്കിയാലും തന്റെ ജീവിതത്തിലെ വലിയ നേട്ടമായിരിക്കുമെന്നും മുരുകാനന്ദ പറയുന്നു. 106 രാജ്യങ്ങൾ ഈ ഉല്പ്പന്നം പരീക്ഷിക്കാൻ തയ്യാറായിട്ടുമുണ്ട്. ഇന്ത്യയുടെ കുടിൽ വ്യവസായമായി വളർന്നുകൊണ്ടിരിക്കുന്ന ഈ  സാംസ്ക്കാരിക മുന്നേറ്റത്തെ രണ്ടാം ധവളവിപ്ലവമെന്നും വിളിക്കാം. മുരുകാനന്ദ പറയുന്നു, "നിശബ്ദമായ അന്ധകാരത്തിൽ ഒരു മുറിയിൽ ഏകനായി ലൈറ്റുകളണച്ച് ചിന്തിക്കൂ. അപ്പോൾ  ഒളിഞ്ഞിരിക്കുന്ന ജീവിത ലക്ഷ്യത്തെ കണ്ടെത്തും. നിങ്ങളുടെ പ്രശ്നങ്ങൾ സ്വയം പരിഹരിച്ചാൽ  നല്ലൊരു  ബിസിനസുകാരനുമാകും. ഒരുവൻ ജീവിതത്തിൽ നേടാൻ പോവുന്നത് എന്തെന്നും മനസിലാകും".  


കടയിൽനിന്ന് സാനിറ്ററി പാഡ് മേടിച്ചനാൾ മുതൽ അത് വിലകുറച്ച് ഉണ്ടാക്കണമെന്ന ചിന്തകളും മുരുകാനന്ദനിൽ കടന്നുകൂടി. കോട്ടൻപഞ്ഞികൾകൊണ്ട് ഒരു പാഡ് ഉണ്ടാക്കി. അത് ടെസ്റ്റ് ചെയ്യുവാൻ സ്ത്രീവോളണ്ടീയർമാരുടെ സഹായവും ആവശ്യമായിരുന്നു. ഇന്ത്യയിൽ സ്വാമിജിയുടെയും ഗുരുവിന്റെയും മുമ്പിൽ എന്തും ചെയ്യാൻ സ്ത്രീജനങ്ങൾ വോളണ്ടീയർമാരായി തിങ്ങി കൂടും. എന്നാൽ മുരുകാനന്ദന്റെ ഈ സാമൂഹിക വിപ്ലവത്തെ പിന്താങ്ങാൻ സ്ത്രീ ജനങ്ങൾ മുമ്പോട്ട് വരില്ലായിരുന്നു. അദ്ദേഹം കോട്ടൻ പഞ്ഞികൊണ്ടുണ്ടാക്കിയ പാഡ് ഭാര്യയ്ക്കും സഹോദരിക്കും കൊടുത്ത് അതിന്റെ ഫലമറിഞ്ഞും ഗവേഷണങ്ങൾ ആരംഭിച്ചു. അവരിൽനിന്ന് അനുകൂലമായ മറുപടിയൊന്നും കിട്ടിയില്ല.  മാസത്തിൽ രണ്ടോ മൂന്നോ സ്ത്രീകളുടെ   മാസമുറകളിൽ ഇത്തരം പരീക്ഷണങ്ങളുമായി പോയാൽ തന്റെ ലക്ഷ്യം പ്രാപിക്കില്ലെന്നും മുരുകാനന്ദനു മനസിലായി. കൂടുതൽ സ്ത്രീകളെ പരീക്ഷണങ്ങളിൽ ആവശ്യമായിരുന്നു. പെങ്ങന്മാരും ഭാര്യയും അദ്ദേഹത്തിൻറെ സാനിറ്ററി പാഡിൽ തൃപ്തരല്ലായിരുന്നു. ഭാര്യ അറിയാതെ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളെ പരിചയപ്പെട്ടു. അവർക്ക് പാഡുകൾ നൽകി രണ്ടു കൊല്ലം പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരുന്നു. അവരും ഇത്തരം കാര്യങ്ങൾ ഒരു പുരുഷനോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് മുരുകാനന്ദനെ തഴഞ്ഞു.  മുരുകാനന്ദന്റെ ആർത്തവ പാഡിനോട് പെണ്‍പിള്ളേർ  താല്പര്യക്കുറവും പ്രകടിപ്പിച്ചു.


സ്ത്രീജനങ്ങളുടെ സഹകരണം കിട്ടാതെ വന്നപ്പോൾ അദ്ദേഹം സ്വയം സാനിറ്ററി പാഡ് അരയിൽ കെട്ടി പരീക്ഷണം നടത്തുവാൻ തുടങ്ങി. അതിനായി ബോളാകൃതിയിൽ  ഒരു ഗർഭപാത്രമുണ്ടാക്കി സ്വന്തം ശരീരത്തോട് ബന്ധിച്ചു. മൃഗങ്ങളുടെ രക്തവും സമാഹരിച്ച്  അരയിൽ കെട്ടിയ കൃത്രിമ ഗർഭപാത്രത്തിൽ ശേഖരിച്ചിരുന്നു 'ഹിമാലയം കീഴടക്കിയ 'ടെൻസിംഗിനെ'പ്പോലെയും ചന്ദ്രനിൽ കാലുകുത്തിയ  'നീൽ  ആംസ്ട്രോങ്ങിനെ'പ്പോലെയും ലോകത്തിലാദ്യമായി കൃത്രിമമായ  ഗർഭപാത്രം ചുമന്ന പുരുഷനെന്നും അദ്ദേഹം അവകാശപ്പെടുന്നു.  ഗർഭ പുരുഷനെന്നും അദ്ദേഹത്തെ ജനം പരിഹസിച്ചിരുന്നു. ഭർത്താവിന്റെ ഭ്രാന്തൻ ചിന്താഗതികളിൽ മനം മടുത്ത് ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. ഒരിക്കൽ സ്ത്രീജനങ്ങൾ ഉപയോഗിച്ച ആർത്തവ പാഡുകൾ സ്വന്തം മുറിയിൽ പരീക്ഷിക്കുന്നത് കണ്ട് അമ്മയും അദ്ദേഹത്തെ വീടിനു പുറത്താക്കി. സമീപത്തുള്ള കുളങ്ങളിൽ  മൃഗരക്തം കലർത്തുന്നതുമൂലം നാട്ടുകാരും അദ്ദേഹത്തിൽ അസഹ്യമായിരുന്നു. താൻ ഭ്രാന്തനാണെന്ന് ഗ്രാമീണവാസികൾ ഒന്നാകെ ചിന്തിച്ചു. അവരെല്ലാം  പിശാചിന്റെ ബാധയെന്ന് വിചാരിച്ച്  അദ്ദേഹത്തെ  ഗ്രാമത്തിൽ നിന്നും പുറത്താക്കി.


കുത്തക മുതലാളിമാർ ഉണ്ടാക്കുന്ന സാനിറ്ററി പാഡ് എങ്ങനെയുണ്ടാക്കണമെന്നും ചിന്തിച്ചുകൊണ്ടിരുന്നു. അവരുടെ മെഷീന് മില്ല്യൻ കണക്കിന് രൂപായും  മുടക്കണം. അതിനായുള്ള അസംസ്ര്കൃത ഉൽപ്പന്നങ്ങളും വേണം. പാഡ് ഉൽപ്പാദിപ്പിക്കാനുള്ള  ടെക്കനോളജിയും അറിയണം. അടിക്കടിയുള്ള പരാജയങ്ങളിൽക്കൂടി  ജീവിതവിജയം കൈവരിക്കാമെന്നും   വിശ്വസിച്ചിരുന്നു.


 അദ്ദേഹം പറയും, "ഒരു വ്യവസായ സംരഭത്തിന് റിസേർച്ച് നടത്തുവാൻ എട്ടുവർഷ വിദ്യാഭ്യാസം വേണം. എന്നാൽ എന്റെ പ്രസ്ഥാനത്തിന് പരീക്ഷണങ്ങളും പരാജയങ്ങളും നടത്താനുള്ള (ട്രയൽ ആൻഡ് എറർ) വിദ്യയാണ് വേണ്ടത്. അതിന് കോളേജിൽ പോവേണ്ട ആവശ്യമില്ല. തെറ്റുകൾ കൂടിയേ തീരൂ. റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റിന് പകരം ഇവിടെ പരീക്ഷണങ്ങളും പരാജയങ്ങളും (ട്രയൽ ആൻഡ് എറർ) ഡിപ്പാർട്ട്മെൻറ് ഉണ്ട്.  അവർക്ക് ബില്ല്യൻ കണക്കിന് ഡോളർ ചിലവഴിച്ച കെട്ടിടങ്ങൾ വേണം. എന്നാൽ പരീക്ഷണ പരാജയ ഡിപ്പാർട്ട്മെന്റിന് നൂറടി സ്ഥലം മതി."


വിദേശികൾ നിർമ്മിക്കുന്ന വ്യാവസായിക പാഡുകളുടെ അസംസ്കൃതവസ്തുക്കൾ പൈൻമരങ്ങളിലെ ചകരിനാരുപോലുള്ള പൾപ്പിൽ നിന്നുമെന്ന് നീണ്ട വർഷങ്ങൾക്കുശേഷം മുരുകാനന്ദൻ മനസിലാക്കി. അസംസ്കൃത വസ്തുക്കൾകൊണ്ട് പാഡുകൾ നിർമ്മിക്കുന്ന മെഷീൻ ഇറക്കുമതി ചെയ്യുന്നതിന് മൂന്നരകോടി രൂപാ ചിലവാകു,മായിരുന്നു. പയിൻമരത്തിലെ പള്പ്പിൽ നിന്നുമുള്ള അസംസ്കൃത വസ്തുക്കൾക്കായി മുംബയിലെ ഒരു കമ്പനിയുമായി  കരാറുകളുമുണ്ടാക്കി. അത് അരച്ചെടുത്ത് ഉൽപ്പന്നമാക്കുന്ന മെഷീൻ അദ്ദേഹം തന്നെ നിർമ്മിച്ചു. ചെറുപ്പകാലങ്ങളിൽ വെൽഡിങ്ങ്  പഠിച്ച അറിവും അതിന് സഹായകമായി. ഇന്നതിന്റെ വില ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപാ വരെയാണ്. 2006-ൽ പ്രസിഡന്റ് പ്രതിഭാ പട്ടേലിൽ നിന്നും രാഷ്ട്രത്തിന്റെ അവാർഡ് ലഭിച്ചു. ആറു വർഷങ്ങളിലെ ഇടവേളയ്ക്കുശേഷം ഭാര്യയും മകളും മടങ്ങി വന്ന് അദ്ദേഹത്തോടൊപ്പം താമസമാക്കി. ഇന്നവർ സ്വന്തം അമ്മയുമൊപ്പം കോയമ്പത്തൂരുള്ള ഭവനത്തിൽ താമസിക്കുന്നു. കുത്തകരാജ്യങ്ങളുടെ ഭീമമായ മെഷീന്റെ മുമ്പിൽ അദ്ദേഹമുണ്ടാക്കിയ ഈ കുഞ്ഞു മെഷീന് എന്ത് ചെയ്യാൻ സാധിക്കുമെന്നും ആദ്യമൊക്കെ പലരും വിചാരിച്ചു. പക്ഷെ അദ്ദേഹം രൂപകല്പ്പന ചെയ്ത മെഷീൻ ഇന്ന് ഇന്ത്യാ മുഴുവനായി ഒരു വ്യവസായിക വിപ്ലവം സൃഷ്ടിക്കുകയാണുണ്ടായത്.   ആയിരക്കണക്കിന് തൊഴിൽ രഹിതരുടെ ആശ്രയവുമായി.


മുരുകാനന്ദൻ തന്റെ ബിസിനസ് വിജയത്തെപ്പറ്റി പറയുന്നു, "എല്ലാവരും ബിസിനസെന്നു  കരുതുന്നത് പണമാണ്. എന്നാൽ .പണം ബിസിനസിന്റെ ഒരു ഘടകം മാത്രം. സത്യത്തിൽ, എന്റെ ബിസിനസിന്  പണമല്ലായിരുന്നു മുഖ്യം. സാമൂഹിക ബന്ധത്തിൽക്കൂടി പരസ്പരസ്നേഹം വളർത്തി ജീവിതത്തിന് ഒരു അർത്ഥമുണ്ടാക്കുകയെന്നായിരുന്നു. അതുകൊണ്ടാണ് എന്റെ ബിസിനസിനെ മാക്രോ കുത്തക വ്യവസായത്തിൽനിന്നും വിമുക്തമാക്കി മൈക്രോ വ്യക്തിഗത വ്യവസായമായി വളർത്തുവാൻ സാധിച്ചത്."


ഇന്ന് ബീഹാറിലെ കുഗ്രാമങ്ങളിലും ഹിമാലയ താഴ്വരകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സ്ത്രീജനങ്ങൾ ഈ നാപ്ക്കിൻ നിർമ്മിക്കുന്നുണ്ട്. എളിമയും വിനയവും ജീവിതത്തിൽ കൈമുതലായ മുരുകാനന്ദൻ ഭാരതത്തിന്റെ ഇതിഹാസ ചരിത്ര താളുകളിൽ പ്രവേശനം തേടിയിരിക്കുന്നു. പത്മഭൂഷനും നോബൽ സമ്മാനവുമല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു കോർപ്പറെറ്റ് സ്ഥാപനത്തിന് മുരുകാനന്ദന്റെ ലക്ഷ്യം നേടണമെങ്കിൽ കുറഞ്ഞത് ഇരുപതു കൊല്ലം വേണം. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ഈ ഒറ്റയാൻ ആ ലക്ഷ്യം സാധിച്ചുവെന്നതാണ് അദ്ദേഹത്തിൻറെ ബിസിനസ്സിന്റെ പ്രത്യേകത. ഈ കമ്പനി സി.ഓ.യുടെ വിജയരഹസ്യവും അദ്ദേഹം തന്നെ പറയുന്നു ; "നിങ്ങൾക്ക്  അർഥമുള്ള ഒരു ജീവിതമുണ്ടാകണമെങ്കിൽ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരിക്കണം. നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുക. അതിന്റെ പരിഹാരത്തിനെ ബിസിനസ്സെന്നു വിളിച്ചോളൂ." ഹൈസ്കൂൾ പോലും വിദ്യാഭ്യാസമില്ലാത്ത ഒരുവന്റെ തത്ത്വമാംസിയിലെ വിജയത്തിന്റെ ഒരു ജൈത്രയാത്രയാണ് ഈ കഥയെന്നും മനസിലാക്കണം. 

മുരുകാനന്ദൻ ഒരിക്കലും പണത്തിന്റെ പുറകെ ഓടിയില്ല. സമ്പത്ത് അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. പണം നേടുകയെന്നത് കാലഹരണപ്പെട്ട ജീവിത ചിന്താഗതികളായി അദ്ദേഹം  കരുതുന്നു.  ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഈ വ്യവസായം വിജയകരമായി മുന്നേറുന്നു. അതുമൂലം പതിനായിരക്കണക്കിന് സ്ത്രീജനങ്ങൾക്ക് നേരിട്ട് തൊഴിൽ കിട്ടി. അഞ്ചു മില്ല്യൻ സ്ത്രീ ജനങ്ങൾ ഹൈജിനിക്കല്ലാത്ത പഴുന്തുണിയിൽനിന്നും സാനിറ്ററി പാഡുകൾ ഉപയോഗിക്കാൻ തുടങ്ങി. അദ്ദേത്തിന്റെ മഹത്തായ  ജീവിതം തലമുറകൾക്ക് മാതൃകയും ഉത്തേജനവും നല്കിക്കൊണ്ടിരിക്കുന്നു.






Tuesday, June 10, 2014

കേരള കത്തോലിക്കാ സഭയുടെ ഒളിഞ്ഞിരിക്കുന്ന കാനോൻ നിയമങ്ങൾ


By ജോസഫ് പടന്നമാക്കൽ   

പ്രശസ്ത സിനിമാനടി  അമലാപോളും തമിഴ് സിനിമാ സംവിധായകൻ ശ്രീ വിജയിയും  തമ്മിലുള്ള വിവാഹനിശ്ചയം പള്ളിയിൽ നടത്തിയതിന്റെ പേരിലുള്ള പ്രതിഷേധവാർത്തകൾ സൈബർപത്രങ്ങളിലും ഫേസ്ബുക്കിലും ബ്ലോഗുകളിലും  നിറഞ്ഞിരിക്കുന്നതായി കാണാം. താരജോഡികളുടെ വിവാഹവാർത്തകൾ ചൂടുള്ള വാർത്തകളായി കൊട്ടിഘോഷിക്കുകയെന്നതും പത്രപ്രസാധകരെ  സംബന്ധിച്ച് രസകരവുമാണ്. അമലാ പോളിന്റെ മനസുചോദ്യം പള്ളിയിൽ നടത്തിയെന്നുള്ളതാണ് വിവാദ വിഷയമായിരിക്കുന്നത്.   പണക്കാർക്ക് ഒരു നിയമവും പാവങ്ങൾക്ക് മറ്റൊരു നിയമവുമെന്ന  കുറ്റാരോപണമാണ് മുഖ്യവിഷയം. സഭാമക്കളുടെ ആശങ്കയ്ക്ക് പരിഹാരമായി സഭയുടെ തലപ്പത്തുനിന്നും നാളിതുവരെ യാതൊരുവിധ  പ്രതികരണങ്ങളും കണ്ടില്ല. സഭയുടെ മൌനം അമലാ പോളിന്റെ പള്ളിയിലുള്ള വിവാഹനിശ്ചയം നീതികരിക്കുന്നതായും കണക്കാക്കാം.  സഭാനിയമങ്ങളിൽ അല്മെനികൾ സംശയത്തിന്റെ നിഴലിൽ  അജ്ഞരായി കഴിയണമെന്നും പുരോഹിതർ കരുതുന്നു. കാനോൻനിയമം പഠിച്ച അവർക്ക് സത്യം വെളിപ്പെടുത്താൻ തന്റേടം കണ്ടെന്നുമിരിക്കില്ല. അതുമൂലം വ്യത്യസ്തമായ നിയമങ്ങൾ സഭയ്ക്കുള്ളിലുണ്ടെന്ന തോന്നൽ  സഭാമക്കളെ അസ്വസ്തരാക്കുകയും ചെയ്യും.
  
ശ്രീ മതി അമലാ പോളും പ്രതിശ്രുത വരനായ  വിജയിയും  വിവാഹിതരാകുന്നത് ക്ഷേത്രത്തിലാണ്. ആ സ്ഥിതിക്ക് പള്ളിയിൽനിന്നും അവർക്ക് വിവാഹമെന്ന കൂദാശ ലഭിക്കുന്നില്ല. ഹിന്ദുവിനെ വിവാഹം ചെയ്യുന്ന അമലാ പോളിനെ പള്ളിയിൽ അനുഗ്രഹിച്ചാൽ സഭാവിരുദ്ധമല്ല. മതം മാറി പിരിഞ്ഞു പോവുന്ന ഒരാൾക്ക് അത് സഭ  നല്കുന്ന അനുഗ്രഹാശംസകളാണ്. ഒരു പക്ഷെ കുടിലിലെ വിവാഹത്തിന് പുരോഹിതർ പ്രാധാന്യം കല്പ്പിച്ചില്ലെന്നു വരാം. പണവും പ്രതാപവും എന്തിനെയും വിലക്കെടുക്കാൻ കഴിയുമെന്ന ജനങ്ങളുടെ തെറ്റിധാരണകളിലും കുറ്റം കാണാൻ സാധിക്കുന്നില്ല. അവിടെ സഭയുടെ വശത്തും ന്യായികരണങ്ങളുണ്ട്. മാത്രവുമല്ല അക്രൈസ്തവനായ  ഒരാളെ അനുഗ്രഹീതമായ മിശ്രവിവാഹംവഴി ക്രിസ്തുമതത്തിലേക്ക് ആകർഷിപ്പിക്കാൻ സാധിക്കുമെന്നും സഭ വിശ്വസിക്കുന്നു. പോരാഞ്ഞ് വിവാഹിതരാകുന്നവർ ലക്ഷക്കണക്കിന് ആരാധകരുള്ള പ്രസിദ്ധരായവരുമാണ്. അമലാ പോളിന്റെ മനസുചോദ്യം സഭയുടെ നിയമങ്ങൾക്കും എതിരല്ല. അവർ കൂദാശകൾ സ്വീകരിക്കുന്നതായും വാർത്തകളിൽ കണ്ടില്ല.  
  
സീറോ മലബാർ പരമാദ്ധ്യക്ഷനായ കർദ്ദിനാൾ അലഞ്ചേരിയുടെ 2013 ഡിസംബറിൽ ഇറക്കിയ ഇടയലേഖനത്തിൽ കത്തോലിക്കർ അന്യമതസ്തരെ വിവാഹം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. കത്തോലിക്കർ അക്രൈസ്തവരുമായി നടത്തുന്ന വിവാഹം കൂദാശയല്ലെന്നും കർദ്ദിനാൾ പറഞ്ഞു. കർദ്ദിനാളിന്റെ ഈ അഭിപ്രായം ആഗോള കത്തോലിക്കാ കാഴ്ചപ്പാടുമായി യോജിക്കാൻ സാധിക്കുന്നില്ല. "ക്രിസ്തുവിൽ വിശ്വസിച്ച് മാമ്മൊദീസ്സാ സ്വീകരിക്കാത്ത വ്യക്തിയുമായുള്ള വിവാഹത്തിൽ ക്രിസ്തുവിനോട് ഐക്യപ്പെടാനാവില്ല" യെന്ന് പുറത്തിറക്കിയ ഇടയലേഖനത്തിലുണ്ട്. ഇത് തികച്ചും കത്തോലിക്കാ സഭകളുടെ നിലപാടുകൾക്ക് വിരുദ്ധമായ അഭിപ്രായമാണ്. സീറോ മലബാർ  പൌരസ്ത്യസഭയുടെ ഈ തീരുമാനം മിശ്രവിവാഹിതരായവരെ ചിന്താക്കുഴപ്പത്തിലുമാക്കും. യഹൂദരായിരുന്ന ക്രിസ്തുശിക്ഷ്യർ വിവാഹം ചെയ്തിരുന്നതും യഹൂദ സ്ത്രീകളെയായിരിക്കണം. ക്രിസ്തുവുമായി ശിക്ഷ്യന്മാർ ഐക്യപ്പെട്ട് ഏകവിശ്വാസത്തിൽ സ്വരൂമയോടെ കഴിഞ്ഞിരുന്നുവെന്ന തിരുവചനങ്ങൾ   ഇടയലേഖനവുമായി പൊരുത്തപ്പെടുന്നുമില്ല. 
 
പത്തിരുപതു വർഷങ്ങൾക്കു മുമ്പ് കത്തോലിക്കർ മറ്റു വിശ്വാസികളുമായി വിവാഹം ചെയ്യുന്നത് അപൂർവ്വമായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലും യൂറോപ്പിലും ഇന്ന് മിശ്രവിവാഹം സർവ്വസാധാരണമായി മാറിക്കഴിഞ്ഞു. മാറുന്ന പരിതസ്ഥിതിയിൽ സഭയുടെ നയങ്ങളിലും മാറ്റം കണ്ടുതുടങ്ങി. മിശ്രവിവാഹങ്ങൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ  അൾത്താരയുടെ മുമ്പിൽ നടത്താതെ പള്ളിവക മറ്റു കെട്ടിടങ്ങളിൽ  സ്വകാര്യമായി നടത്താനും തുടങ്ങി. ആധുനികകാലത്ത് അനേകർ മതത്തിനുപരിയായി ചിന്തിച്ചുകൊണ്ട് മറ്റു മതത്തിലുള്ളവരെ ജീവിത പങ്കാളികളായി കണ്ടെത്തുന്നു. ലോകത്തിലെ മിക്കരാജ്യങ്ങളിലും മിശ്രവിവാഹിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു.  അമേരിക്കയിൽ നാൽപ്പതുശതമാനം ജനങ്ങളും മിശ്രവിവാഹിതരെന്നും കണക്കാക്കുന്നു. കത്തോലിക്കരായവർ മറ്റു മതക്കാരെ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സഭയിന്ന്   അന്യമതത്തിലുള്ളവരായുള്ള വിവാഹങ്ങളും നടത്തിക്കൊടുക്കാറുണ്ട്. ദൈവശാസ്ത്രജ്ഞൻ റോബർട്ട് ഹേറ്റർ എഴുതിയ പുസ്തകത്തിൽ ഒരു കത്തോലിക്കൻ അകത്തൊലിക്കനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി  പറഞ്ഞിരിക്കുന്നത്"മിശ്രവിവാഹങ്ങളിൽ നിഷേധപരമായ ന്യൂനതകളുണ്ടെങ്കിലും വിവാഹംവഴി  മിശ്രവിവാഹിതരും  പരിശുദ്ധാത്മവിനാൽ ഒന്നാകുന്നുവെന്നാണ്."
  
അക്രൈസ്തവരുമായുള്ള സഭയുടെ വിവാഹനിയമങ്ങൾ ദൈവ ശാസ്ത്രജ്ഞരുടെയിടയിലും വിഭിന്നതരങ്ങളിലാണ് എഴുതിയിരിക്കുന്നത്. വിവാഹത്തെ രണ്ട് ശ്രേണികളിലായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് സഭ വിവാഹത്തെ കൂദാശയായി കണക്കാക്കാതെ നിയമപരമായി  സാധുകരിക്കുന്നു. രണ്ടാമത്തേത് സഭയുടെ കൂദാശയുമായി കരുതുന്നു. ഇതിൽ അമലാ പോളിന്റെ മനസമ്മതം ആദ്യത്തെ ശ്രേണിയിൽ ഉൾപ്പെടുത്താം. വിവാഹിതർ രണ്ടുപേരും മാമ്മോദീസാ മുങ്ങിയവരെങ്കിൽ വിവാഹത്തെ കൂദാശയായി കരുതും. പങ്കാളി ഹിന്ദുവോ മുസ്ലിമോ, യഹൂദനോയെങ്കിൽ വിവാഹം സഭയുടെ നിയമചട്ടകൂട്ടിൽ സാധുവായി പരിഗണിക്കും. ക്രിസ്ത്യാനിയല്ലാത്ത പങ്കാളിക്ക് ലഭിക്കുന്നത് കൂദാശയല്ല. നിയമപരമായ വിവാഹത്തിനായി രൂപതാ ബിഷപ്പിന്റെ സമ്മതവും ആവശ്യമാണ്. മറ്റു പ്രതിബന്ധങ്ങൾ ഒന്നുമില്ലെങ്കിൽ കത്തോലിക്കരും ഇതര ക്രിസ്ത്യാനികളും തമ്മിലുള്ള  വിവാഹബന്ധം സഭയുടെ കൂദാശയായി പരിഗണിക്കും. ഹേറ്റർ വിവരിക്കുന്നതുപോലെ "അവരുടെ വിവാഹത്തിന്റെ അടിത്തറ ക്രിസ്ത്യൻ വിശ്വാസത്തിൽ" നിന്നാണ്. ക്രിസ്ത്യൻ വിശ്വാസികളെങ്കിലും  ചില തീവ്രക്രിസ്ത്യൻ വിഭാഗക്കാരുമായ വിവാഹബന്ധത്തിൽ സഭ കൂടുതൽ കരുതലെടുക്കുന്നു. അത്തരക്കാരുമായുള്ള നിയമപരമായ വിവാഹത്തിന് ബിഷപ്പിന്റെ അനുവാദം കിട്ടാനും പ്രയാസമാണ്.  പൊതുവേ ഓർത്തോഡോക്സ്, യാക്കൊബാ, സി.എസ.ഐ.ക്കാരുമായുള്ള വിവാഹബന്ധത്തിന് സഭയുടെ നിയമം അനുസരിച്ച് തടസമില്ല.  അക്രൈസ്തവരുമായ വിവാഹം കൂദാശയായി അംഗീകരിച്ചില്ലെങ്കിലും  നല്ല ജീവിതത്തിൽക്കൂടി ദൈവത്തിന്റെ സ്നേഹം പങ്കാളികൾക്ക് തുല്യമായി ലഭിക്കുന്നുമുണ്ട്.   
  
കത്തോലിക്കസഭയിൽ  വിവാഹമെന്ന കൂദാശ പരിശുദ്ധമായി കരുതുന്നതുകൊണ്ട് പങ്കാളി വ്യത്യസ്ത മതത്തിൽ  നിന്നുള്ളവരാണെങ്കിലും   ഇടവകപള്ളികളിൽ വിവാഹ കർമ്മങ്ങൾ  നടത്തുവാൻ സഭ താല്പര്യപ്പെടുന്നു. വിവാഹം മറ്റുള്ള സ്ഥലങ്ങളിലെങ്കിൽ സ്ഥലത്തെ ബിഷപ്പിന്റെ അനുവാദം ആവശ്യമാണ്. അകത്തോലിക്കാ പള്ളികളിലും വിവാഹ കാർമ്മികൻ അനുശാസിക്കുന്ന മറ്റുസ്ഥലങ്ങളിലും   തക്കതായ കാരണമുണ്ടെങ്കിൽ വിവാഹിതരാകുവാനുള്ള അനുവാദം   കൊടുക്കാൻ   രൂപതാബിഷപ്പിന്  അധികാരമുണ്ട്. അമേരിക്കൻ ബിഷപ്പ് സംഘടനയുടെ തീരുമാനമനുസരിച്ച്  ബിഷപ്പിന്റെ അനുവാദം കൂടാതെയുള്ള (ഡിസ്പെൻസേഷൻ) മിശ്രവിവാഹം   നിയമാനുസൃതമായിരിക്കില്ല.
  
വിവാഹം ആശിർവദിക്കുന്ന സമയം  പങ്കാളിയ്ക്കുവേണ്ടി    അകത്തോലിക്കാ പുരോഹിതനും കർമ്മങ്ങളിൽ പങ്കു ചേരാം.  എന്നാൽ കാനോൻ നിയമപ്രകാരം  കത്തോലിക്കാ പുരോഹിതനു മാത്രമേ കാർമ്മികത്വം വഹിക്കാൻ സാധിക്കുള്ളൂ.  അകത്തോലിക്കനായ  സഹകാർമ്മികന് വിവാഹ ചടങ്ങിലെ പ്രാർത്ഥനകളിൽ പങ്കുകൊണ്ട്  അനുഗ്രഹ പ്രഭാഷണം നടത്താം.   സാധാരണ മിശ്ര വിവാഹചടങ്ങുകളിൽ  അകത്തോലിക്കർ  പള്ളിയിൽ  സമ്മേളിക്കുന്നതുകൊണ്ട് കുർബാന കൊടുക്കുന്നത്  ദിവ്യബലിക്കു ശേഷമായിരിക്കും. മിശ്രവിവാഹിതരുടെ വിവാഹ ചടങ്ങിൽ  കുർബാന പുരോഹിതൻ അർപ്പിക്കണമെങ്കിൽ  ബിഷപ്പിന്റെ അനുവാദം കാലേകൂട്ടി  മേടിച്ചിരിക്കണം. വിവാഹ ചടങ്ങിൽ  കത്തോലിക്കരല്ലാത്ത  ജനം ദിവ്യകാരുണ്യം സ്വീകരിക്കാത്തതുകൊണ്ട് കുർബാനയും അന്നേ ദിവസം പള്ളിയിൽ സ്വാഗതാർഹമല്ല.  അകത്തോലിക്കനായ  പങ്കാളിക്ക് ബിഷപ്പിന്റെ അനുവാദത്തോടെ മാത്രമേ കുർബാനയപ്പം സ്വീകരിക്കാൻ സാധിക്കുള്ളൂ.
  
വിവാഹിതർക്ക് പിന്നീടുള്ള ജീവിതത്തിന്റെ  വരും വരായ്കളെ ബോധ്യപ്പെടുത്താൻ രൂപതകൾ ക്ലാസ്സുകളും കൌണ്സിലും കൊടുക്കാറുണ്ട്. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമായ  ഭാവി ജീവിതത്തെപ്പറ്റിയായിരിക്കും വധുവരന്മാരെ ബോധ്യപ്പെടുത്താറുള്ളത്. മിശ്രവിവാഹിതർ തുടരുന്ന വിശ്വാസം ഏതെന്നും കത്തോലിക്കാ വിശ്വാസമോ, പങ്കാളിയുടെ വിശ്വാസമോ അതോ സങ്കരമായ  വിശ്വാസമോ എന്നീ വിവരങ്ങളും സഭയുടെ ചോദ്യാവലിയിൽ വ്യക്തമാക്കേണ്ടി വരും. കുഞ്ഞുങ്ങളെ ഏതു വിശ്വാസത്തിൽ വളർത്തുമെന്നും വ്യക്തമാക്കണം. വ്യത്യസ്ത സംസ്ക്കാരത്തോടുകൂടിയ അകത്തോലിക്കരായ ബന്ധുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും  വിഷയമാണ്. രണ്ടു മതക്കാർ തമ്മിൽ പരിശുദ്ധാരൂപിയിൽ എങ്ങനെ ഐക്യം സ്ഥാപിക്കാമെന്നും വധുവരന്മാരെ കൌണ്‍സിലും ക്ലാസ്സുകളുംവഴി ബോധവാന്മാരാക്കും.
  
മിശ്രവിവാഹിതർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം മക്കളെ ഏതു വിശ്വാസത്തിൽ വളർത്തുമെന്നുള്ളതാണ്. ഈ വെല്ലുവിളികൾ കാരണം കത്തോലിക്കാ വിശ്വാസത്തിൽ തന്റെ എല്ലാവിധ  കഴിവുകളുമുപയൊഗിച്ച് മാമ്മോദീസാ നല്കി മക്കളെ വളർത്തിക്കൊള്ളാമെന്ന് ഒരു വാഗ്ദാനപത്രത്തിൽ ഒപ്പു വെയ്ക്കേണ്ടിവരും. 1983ലെ പുതുക്കിയ കാനോൻനിയമം ജനിക്കാൻ പോവുന്ന കുഞ്ഞുങ്ങളെ കത്തോലിക്കനായ പങ്കാളി കത്തോലിക്കാ വിശ്വാസത്തിൽ വളർത്തണമെന്നും അനുശാസിയ്ക്കുന്നു.  
  
കത്തോലിക്കനല്ലാത്ത വിവാഹം ചെയ്യുന്ന പങ്കാളി തനിക്ക് ജനിക്കാൻ പോകുന്ന മക്കളെ കത്തോലിക്കരായി വളർത്താമെന്നുള്ള വാഗ്ദാനങ്ങൾ നല്കേണ്ടതില്ല. പക്ഷെ ഇരുകൂട്ടരും ഇങ്ങനെയൊരു കരാറിൽ ഒപ്പിട്ടുവെന്നും അറിഞ്ഞിരിക്കണം. അതുമൂലം അകത്തോലിക്കരായ ബന്ധുജനങ്ങളുടെ മൌനസമ്മതവും വ്യക്തമാക്കുന്നു. അകത്തൊലിക്കനായ വിവാഹപങ്കാളി മക്കളെ കത്തോലിക്കാന്തരീക്ഷത്തിൽ വളർത്തില്ലായെന്നു കട്ടായം പറഞ്ഞാലും വിവാഹത്തിന് തടസം വരില്ല. കത്തോലിക്കനായ വരൻ അല്ലെങ്കിൽ വധു സമ്മതപത്രം ഒപ്പിടുന്ന പക്ഷം വിവാഹം നടത്തി കൊടുക്കുവാനും കാനോൻനിയമം അനുവദിക്കുന്നുണ്ട്. പിന്നീടുള്ള കാലങ്ങളിൽ മക്കൾ വ്യത്യസ്ത മതത്തിൽ വളർന്നാലും കാനോൻ നിയമം അനുസരിച്ച് അവരുടെ വിവാഹം സാധു തന്നെയാണ്. കത്തോലിക്കാവിശ്വാസവും പാരമ്പര്യവും  മക്കളെ പ്രായപൂർത്തിയാകുംവരെ പഠിപ്പിക്കാൻ കത്തോലിക്കാപങ്കാളി  കടപ്പെട്ടുമിരിക്കും.
  
യൂറോപ്പ്യൻ രാജ്യങ്ങളിൽ പൊതുവെയും ഇറ്റലിയിൽ പ്രത്യേകിച്ചും കത്തോലിക്കരും മുസ്ലിമുകളുമായുള്ള വിവാഹം വർദ്ധിച്ചുവരുന്നതായി കാണുന്നു. മുസ്ലിമുകളും കത്തോലിക്കരുമായുള്ള വിവാഹത്തിലും വെല്ലുവിളികളുണ്ട്. മുസ്ലിമുകൾ സാധാരണ ക്രിസ്ത്യാനിയേയോ  യഹൂദരായവരെയോ വിവാഹം കഴിക്കാൻ താല്പ്പര്യപ്പെടുന്നു. മതങ്ങൾ തമ്മിലുള്ള സാമ്യതയാണ് കാരണം. വാസ്തവത്തിൽ പ്രവാചകനായ മുഹമ്മദിന്റെ ഭാര്യയും ക്രിസ്ത്യാനിയായിരുന്നു. മുസ്ലിം സ്ത്രീകൾക്ക് വിവാഹിതനാകുന്നയാൾ മതം മാറാതെ മറ്റുള്ള മതങ്ങളിൽനിന്നും വിവാഹം കഴിക്കാൻ അനുവാദമില്ല. മക്കളെ വളർത്തുന്ന കാര്യത്തിൽ മുസ്ലിമുകളുടെ മതനിയമവും കത്തോലിക്കാ നിയമവും ഒന്നുതന്നെയാണ്. കത്തോലിക്കരും മുസ്ലിമുകളുമായി വിവാഹത്തിന്റെ പ്രതിബന്ധവും മക്കളുടെ മതപ്രശ്നം തന്നെ. രണ്ടുമതങ്ങളും ജനിക്കാൻ പോകുന്ന  മക്കളെ തങ്ങളുടെ മതത്തിൽ വളർത്തണമെന്നും നിഷ്കർഷിക്കുന്നു.  അത്തരം വിവാഹങ്ങളും സഭ വിട്ടുവീഴ്ച നല്കി അംഗീകരിക്കാറുണ്ട്. പരസ്പരം വിശ്വാസത്തോടെയുള്ള അവരുടെ ജീവിതത്തിലും  ദൈവത്തിന്റെ സ്നേഹം പ്രതിഫലിക്കുമെന്നും വിശ്വസിക്കുന്നു. മറ്റുള്ള മതങ്ങളിൽ കുടുംബജീവിതം നയിക്കാൻ മിശ്രവിവാഹത്തിലെ ദമ്പതികളെ പള്ളികളിൽ അനുഗ്രഹിക്കാറുണ്ട്. കാനോൻ നിയമമനുസരിച്ച് അത് അനുവദനീയവുമാണ്. 
  
ഒരുവന് യഹൂദനായോ ക്രിസ്ത്യാനിയായോ അല്ലെങ്കിൽ ക്രിസ്ത്യാനിയായോ ഹിന്ദുവായൊ ഒരേസമയം രണ്ടുമതങ്ങളിലും വിശ്വാസിയാകാൻ സാധിക്കില്ല. മിശ്രവിവാഹിതരായ ദമ്പതികൾ മറ്റു മതങ്ങളുടെ പാരമ്പര്യങ്ങളെയും സത്യങ്ങളെയും വിലമതിക്കാൻ കഴിവുള്ളവരായിരിക്കണം. അവരുടെ കുടുംബജീവിതത്തിൽ ഒരിക്കലും മതമൊരു പ്രശ്നമാകരുത്. ഇങ്ങനെയെല്ലാമുള്ള തത്ത്വങ്ങളായി ജീവിച്ചാലും സ്വന്തം വിശ്വാസത്തെപ്പറ്റി ബോധവാന്മാരാകുന്നത് അവർ മക്കളുമായി ജീവിക്കാൻ തുടങ്ങുന്ന കാലങ്ങളിലായിരിക്കും.
  
യഹൂദരും കത്തോലിക്കരുമായുള്ള വിവാഹം കൂടുതൽ പ്രശ്നസങ്കീർണ്ണമായി കാണുന്നു. യഹൂദ യാഥാസ്തിതിക നിയമങ്ങളെക്കാൾ കത്തോലിക്കാ നിയമങ്ങളാണ് ഉദാരമായി കാണുന്നത്. കത്തോലിക്കാ പുരോഹിതർ നിയമങ്ങൾ മറച്ചു വെയ്ക്കുമെങ്കിലും  വിവാഹത്തിൽ ഒരു പുരോഹിതന്റെ മാദ്ധ്യസ്ഥം ആവശ്യമില്ല.   വിവാഹം അനുഗ്രഹിക്കാൻ പുരോഹിതൻ കാർമ്മികനാകണമെന്നുമില്ല. കാർമ്മികർ വിവാഹിതരാകുന്ന വരനും വധുവുമെന്നാണ് വെപ്പ്. കോടതിയിലെ വിവാഹമാണെങ്കിലും നിയമാനുസൃതമായി സാധുവാക്കാൻ സഭയുടെ നിയമങ്ങൾക്ക് സാധിക്കും. യഹൂദവിശ്വാസം അതിന് സമ്മതിക്കില്ല. അവരുടെ റാബിതന്നെ വിവാഹം കഴിപ്പിക്കണം. വിവാഹത്തിന്റെ കാർമ്മികൻ റാബിയാണെങ്കിൽ തന്നെയും സഭ അവരുടെ കത്തോലിക്കാ വിശ്വാസിയുമായ വിവാഹത്തേയും അനുഗ്രഹിക്കാറുണ്ട്. വിവാഹം സഭയുടെ നിയമങ്ങളിൽ ഉൾപ്പെടുത്താറുമുണ്ട്. മക്കളെ വളർത്തുന്ന പ്രശ്നത്തിന്റെ പേരിൽ പലപ്പോഴും കത്തോലിക്കാസഭ യഹൂദരും മുസ്ലിമുകളുമായുള്ള വിവാഹം പ്രോത്സാഹിപ്പിക്കാറില്ല. 
  
വിവാഹമോചനവും  പുനർവിവാഹവും സഭ നിരുത്സാഹപ്പെടുത്തുന്നു. ദൈവം ബന്ധിച്ചത് മനുഷ്യനൊരിക്കലും വേർപെടുത്തരുതെന്നുള്ള വൈവാഹിക നിയമങ്ങളെ സഭ ഉയർത്തിപ്പിടിക്കുന്നു. പുനർവിവാഹം  അനുവദിച്ചു കൊടുക്കുകയില്ലാത്ത സ്ഥിതിക്കു പുനർ വിവാഹത്തിലുണ്ടാകുന്ന  മക്കളുടെ കാര്യം എന്തെന്ന് സഭ ഗൌനിച്ചിട്ടുണ്ടോ? കത്തോലിക്കാ ജീവിതരീതികളിൽനിന്നും മാറിനില്ക്കുന്ന പുനർവിവാഹത്തിലെ കുട്ടികൾ സഭയിൽനിന്നും അകന്നുപോവുന്ന വസ്തുതയും എന്തുകൊണ്ടു ഗൌനിക്കുന്നില്ല? അവർക്കുമുമ്പിൽ സഭ ഒരു അടഞ്ഞ അധ്യായമാവുകയാണ്.
  
ഒരുസ്ത്രീയെ അവരുടെ ഭർത്താവ് തന്റേതല്ലാത്തകാരണം കൊണ്ട് ഉപേക്ഷിച്ചുവെന്നിരിക്കട്ടെ. മൂന്നുമക്കളുമായി കഴിയുന്ന അവർ, സ്വന്തം നിലനില്പ്പിനുവേണ്ടി വീണ്ടും ഒരു കൂട്ടുകാരനെ കണ്ടുമുട്ടുന്നു. അയാൾ, അവരെയും മൂന്നു മക്കളെയും സ്നേഹിച്ചു പരിപാലിക്കുന്നു. രണ്ടാംവിവാഹം വിജയകരമായിട്ടു സന്തുഷ്ടകുടുംബമായി കഴിയുന്നു. ഈ കുടുംബത്തോടു വിവേചനം കാണിക്കുന്നുവെങ്കിൽ, വീണ്ടും വിവാഹം കഴിച്ച ഈ സ്ത്രീയും മക്കളും ഒരുപോലെ സഭയെ വെറുക്കുകയില്ലേ? മാതാപിതാക്കൾ സഭക്കു വെളിയിലാവുമ്പോൾ  ഭാവിതലമുറകളായ ഈ കുഞ്ഞുങ്ങളും സഭയ്ക്കു നഷ്ടപ്പെടുകയും ചെയ്യും. വിവാഹ മോചനംനേടിയ ദമ്പതികള്ക്കു കുര്ബാന സ്വീകരിക്കുവാനും സാധിക്കുകയില്ല. കൊലപാതകം ചെയ്തവനും വ്യഭിചാരിക്കും സ്ഥിരംമോഷ്ടാവിനും കൂദാശകളെ നിഷേധിച്ചിട്ടുമില്ല.  എങ്ങനെ ഈ കൊടുംപാപങ്ങൾകൊണ്ടു കഠിനഹൃദയരായിരിക്കുന്നവര്ക്കു കൂദാശകളാൽ, പരിശുദ്ധാത്മാവിന്റെ ശക്തി ആവഹിക്കുന്നതെന്നു മനസ്സിലാകുന്നില്ല. കത്തോലിക്കാ പള്ളിയിൽ  സഭയുടെ  നിയമപ്രകാരം  വിവാഹിതരാകാതെ  ഇതരസമുദാത്തിൽ വിവാഹിതരായി ജീവിച്ചശേഷം   വിവാഹമോചനം നേടിയവരെ  വീണ്ടും വിവാഹം കഴിപ്പിക്കുന്നതിൽ  സഭയ്ക്ക് പ്രശ്നമില്ല. സഭയുടെ അനുവാദം കൂടാതെയുള്ള അവരുടെ ആദ്യവിവാഹം അസാധുവായിരിക്കും.
  
ഇതര മതക്കാരുമായുള്ള വിവാഹത്തിൽ അകത്തോലിക്കനായ  പങ്കാളിയേ സഭയുടെ ദൌത്യങ്ങൾ പഠിപ്പിക്കാനുള്ള ബാധ്യത കത്തോലിക്കാ പങ്കാളിക്കുണ്ട്. "അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖേനയും അവിശ്വാസിയായ ഭാര്യ ഭർത്താവ് മുഖേനയും  വിശുദ്ധീകരിക്കപ്പെടുന്നു"വെന്ന് തിരുവചനം പറയുന്നു. ഈ  വിശുദ്ധീകരണംമൂലം ക്രൈസ്തവ വിശ്വാസത്തിലേക്ക് സ്വന്തം മനസാലെ  അക്രൈസ്തവർ വന്നുചേരണമെന്നും സഭ കാംക്ഷിക്കുന്നു.
 
മിശ്രവിവാഹത്തിലുണ്ടാകുന്ന മക്കൾ സഭയോട് ദുർബലവിശ്വാസം പുലർത്തുന്നതും സാധാരണമാണ്. മത ബോധാവൽക്കരണത്തിൽ അവരിൽ ചിന്താകുഴപ്പങ്ങളും അനുഭവപ്പെടുന്നു. സഭ, മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സഭയ്ക്ക് വെളിയിൽ വിവാഹം ചെയ്യാൻ അനുവാദം കൊടുക്കാറുണ്ട്. രണ്ടുപേരും പരസ്പര ധാരണയോടെ ഒരേ വിശ്വാസം തിരഞ്ഞെടുക്കുകയാണെങ്കിൽ ഉണ്ടാകുന്ന മക്കളിൽ ചിന്താക്കുഴപ്പത്തിന് കാരണമാവില്ലെന്നും പ്രായോഗികമായി ചിന്തിക്കുന്നവർ വെളിപ്പെടുത്തുന്നു.

E Malayalee: http://www.emalayalee.com/varthaFull.php?newsId=79117

Malayalama Daily News: http://www.malayalamdailynews.com/?p=93254
 

Monday, June 2, 2014

പ്രധാനമന്ത്രി മോദിയും മതേതര ഇന്ത്യയുടെ ഊതി വീർപ്പിച്ച ആശങ്കകളും



 







ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും മോദിയെന്ന വ്യക്തിയെ തികച്ചും വ്യത്യസ്തമായിട്ടാണ് ജനം കരുതുന്നത്. രാഷ്ട്രീയ മാദ്ധ്യമങ്ങളുടെ പ്രചാരണതന്ത്രങ്ങളിൽ മോദിയെ ഒരു മതഭ്രാന്തനായി ചിത്രീകരിക്കുന്നതും കാണാം. ബൌദ്ധിക ലോകംപോലും അദ്ദേഹത്തിലുള്ള മഹിമകളെ  തിരിച്ചറിയാതെ വ്യക്തിഹത്യ നടത്തുന്നതും സാധാരണമാണ്. മഹാത്മാ ഗാന്ധിയുടെ ഘാതകനായ  ഗോദ്സയെ ആരാധിക്കുന്നവൻ ഗാന്ധിജിയുടെ സമാധികുടീരം സന്ദർശിച്ചെന്നുകുറിച്ചാലെ ചിലർക്ക് തൃപ്തി വരുകയുള്ളൂ. ഗുജറാത്ത് കലാപംകൊണ്ട് മോദിയുടെ ഇമേജ് തകർന്നുവെന്നെഴുതുന്ന എഴുത്തുകാർക്കും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർക്കും ജനങ്ങൾ നല്കിയ അദ്ദേഹത്തിൻറെ ചരിത്രവിജയത്തെപ്പറ്റി ഒന്നും പറയാനുമില്ല. ഗുജറാത്തിലെ കൂട്ടക്കൊലകൾക്കൊപ്പം  കോണ്ഗ്രസ് ഭരണകാലത്തെ ദുരന്തങ്ങളായ സിക്ക് കലാപവും ബാബറി മസ്ജിദ് തകർക്കലും, പഞ്ചാബിലെ സുവർണ്ണയമ്പലത്തിലെ പട്ടാള കുതിപ്പും  കുറ്റപ്പെടുത്തുന്നവർക്ക് അറിയുകയും വേണ്ടാ. വിദേശരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുടെയും മോദിയ്ക്കുളള മതിപ്പിനെപ്പറ്റി ചിന്തിക്കുന്നവർ    ദേശസ്നേഹിയായ മോദിയുടെ മറ്റൊരു ചിത്രം കാണുന്നില്ല. സ്വാതന്ത്ര്യം കിട്ടിയ നാളുകൾമുതൽ എന്നും മിന്നിത്തിളങ്ങിയിരുന്ന കോണ്ഗ്രസ് പാർട്ടിക്ക് അമ്പതു  സീറ്റുകളിൽ താഴെ ലഭിച്ചതും ചരിത്രത്തിന്റെയൊരു വികൃതിയായിരുന്നു. 



ഭാരതത്തിലെ വട്നാഗർ എന്ന പൌരാണിക പട്ടണത്തിൽ ശ്രീ നരേന്ദ്ര ദാമോദര മുൽചന്ദ മോദി ജനിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ  സാങ്കേതിക വൈദഗ്ദ്ധ്യത്തോടെ സ്വന്തം ഗ്രാമത്തിൽ പണി കഴിപ്പിച്ച ഹത്കെശ്വര മഹാദേവ അമ്പലം എന്നും അദ്ദേഹത്തിൻറെ ഹൃദയക്ഷേത്രമായിരുന്നു. ഈ പുണ്യഭൂമിയിൽ ഹിന്ദുമതവും ബുദ്ധമതവും ഒന്നുപോലെ തഴച്ചു വളർന്നിരുന്നു. ചരിത്രത്തിലെ വട്നാഗർ ഒരിക്കൽ ഗുജറാത്തിന്റെ തലസ്ഥാനമായിരുന്നു. ഏഴാം നൂറ്റാണ്ടിൽ ചൈനയുടെ പണ്ഡിതനായ ഹുവാൻ സങ്ങ് ഇവിടം സന്ദർശിച്ചതായി തന്റെ ഓർമ്മക്കുറിപ്പുകളിൽ  വിവരിച്ചിട്ടുണ്ട്. 1950 സെപ്റ്റംബർ പതിനേഴാംതിയതി മോദി ജനിച്ചു. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും അമ്മയും സഹോദരങ്ങളും സഹോദരിയുമടങ്ങിയ സന്തുഷ്ടമായ ഒരു കുടുംബവും അദ്ദേഹത്തിനുണ്ട്. പതിനേഴാം വയസിൽ യശോദരായുമായി വിവാഹിതനായെങ്കിലും അവർ ഒരിക്കലും ഒന്നിച്ച് താമസിച്ചിട്ടില്ല. ബാലവിവാഹം അന്ന് സാധാരണമായിരുന്നു.


ഇസ്തിരിയിട്ട് ഭംഗിയായി ചുളിക്കുകളില്ലാത്ത വേഷങ്ങൾ ധരിച്ചു മോടിയായി നടക്കുകയെന്നതും അദ്ദേഹത്തിന്റെ ജീവിതചര്യയാണ്. അത് കൌമാരപ്രായം മുതലുണ്ടായിരുന്ന സ്വഭാവ ഗുണമായിരുന്നു. നൂറുകണക്കിന് ബ്രാൻഡ് കുർത്തകളും അദ്ദേഹത്തിനുണ്ട്. വാച്ചുകളും സാന്റൽ ചെരിപ്പുകളും വാങ്ങി കൂട്ടുകയെന്നതും മറ്റൊരു ഹോബിയാണ്. എവിടെയും ശുചിത്വം പാലിക്കുന്ന കാര്യത്തിലും കർശന സ്വഭാവക്കാരനാണ്. അദ്ദേഹത്തിൻറെ വീട്, ചുറ്റുപാടുകൾ, വീട്ടിലെ ഉപകരണങ്ങൾ, മേശ കസേര മുതലാവകൾ എന്നും വൃത്തിയായി സൂക്ഷിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം ചാർട്ടർ ചെയ്ത വിമാനത്തിൽ യാത്രചെയ്യാനും  ഇഷ്ടമായിരുന്നു. ഏതു പ്രശ്നങ്ങൾക്കും പരിഹാരം സ്വയം കാണാൻ ശ്രമിക്കുന്നു. അദ്ദേഹത്തിൻറെ മനസ്സിൽനിന്നു വരുന്ന അതിഗംഭീരമായ ആശയങ്ങളും അവർണ്ണനീയമാണ്. ഒരു ഗവേഷകന്റെ ചിന്തകളാണ് എന്നും പ്രവർത്തന ശൈലികളിൽ പ്രകടമാവുന്നത്. ടെക്കനോളജിയുടെ വളർച്ചയ്ക്കൊപ്പം പുതിയവകളിൽ പ്രാവിണ്യം നേടാൻ ശ്രമിക്കും. കാലത്തിനൊത്ത വിവര സാങ്കേതികവിദ്യകൾ പഠിക്കുന്നതിലുള്ള അദ്ദേഹത്തിൻറെ ജിജ്ഞാസ കൊച്ചുകുട്ടികളെപ്പോലെയാണ്. പണമിടപാടുകളിൽ വളരെ കണിശക്കാരനാണ്. ഒരു പൈസാ വരെ കണക്കെഴുതി സൂക്ഷിക്കും. സ്വന്തം ജീവിതത്തിൽനിന്നും പഠിച്ച സാമ്പത്തിക ശാസ്ത്രമാണ് ഗുജറാത്തിൽ മുഖ്യമന്ത്രിയെന്ന നിലയിലും പരീക്ഷിച്ചു വിജയിയായത്. 


ചെറുപ്പകാലങ്ങളിൽ ഗ്രാമീണ ബാലനായി വളർന്ന മോദി ഇംഗ്ലീഷ് ഭാഷ നല്ലവണ്ണം അറിയാമെങ്കിലും മെച്ചമായി കൈകാര്യം ചെയ്യാൻ പഠിച്ചിട്ടില്ല. ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഗുജറാത്തിഭാഷയുടെ ചുവയുമുണ്ട്. ആഗോളലോകത്തിൽ   അതൊരു കുറവുമല്ല. റഷ്യാ, ചൈനാ എന്നീ രാജ്യങ്ങളിലെ തലവന്മാരും  ഇംഗ്ലീഷറിയാൻ മേലാതെ മാതൃഭാഷകളിൽ സംസാരിക്കുന്നതു കാണാം. എങ്കിലും അനേക ഭാഷകളിൽ ആശയവിനിമയം നടത്തുവാനറിയാം. ചെറുപ്പകാലങ്ങളിൽ സ്കൂളിലെ ഫണ്ടിനായി നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട്. ബസ്സ്റ്റാന്റിൽ സ്വന്തം അമ്മാവന്റെ ചായക്കടയിൽ ചായ വിറ്റുകൊണ്ടായിരുന്നു സ്കൂൾവിദ്യാഭ്യാസം നടത്തിയത്. മതാചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ അദ്ദേഹം വളരെ കണിശക്കാരനാണ്. നവരാത്രികളിൽ ഒമ്പത് ദിവസങ്ങളും നോമ്പും ഭജനയുമായി ഈശ്വരപൂജയ്ക്ക് സമയം കണ്ടെത്തും. ആ ദിവസങ്ങളിൽ പഴവർഗങ്ങിൽ ഏതെങ്കിലും ഒന്നുമാത്രം കഴിക്കും. എവിടെ യാത്ര ചെയ്താലും പത്രം മേടിച്ച് വാർത്തകളുടെ വിവരങ്ങൾ ശേഖരിക്കും. എന്നും രാവിലെ കമ്പ്യൂട്ടർ ലോഗ് ചെയ്ത് അദ്ദേഹത്തെപ്പറ്റി എന്തെങ്കിലുമുണ്ടോയെന്നും നോക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹമെന്നും ഒരു ഏകാധിപതിയെപ്പോലെയാണ്. സുപ്രധാന തീരുമാനങ്ങൾ മറ്റുള്ളവർ എടുക്കാൻ അനുവദിക്കില്ല. സുഹൃത്തുക്കളിൽനിന്നും അകന്ന് എന്നും ഏകനായി സമയത്തെ ക്രമപ്പെടുത്തി ജീവിക്കാനും ഇഷ്ടപ്പെടുന്നു.


മോദിയെ ഒരു ജോലിഭ്രാന്തനായി അറിയപ്പെടുന്നു. ഒരു മിനിറ്റിനെയും കൈവിട്ടു കളയാൻ അനുവദിക്കില്ല. രാവിലെ എഴുന്നേക്കുമ്പോഴെ ഇന്റെർനെറ്റും  ഈമെയിലും നോക്കുകയായി. രാഷ്ട്രീയകാര്യങ്ങൾ സംസാരിക്കാൻ സ്വന്തം പാർട്ടികളിലുള്ളവരായി ബന്ധപ്പെടലും ആലോചനാ യോഗങ്ങളും ആരംഭിക്കും. രാവിലെ ഓഫീസ്സിൽ പോയി രാത്രി പത്തുമണിവരെ ജോലി ചെയ്യും. ഉറങ്ങുന്നത് ദിവസം നാലഞ്ചു മണിക്കൂറുകൾ മാത്രം. തലമുടി ചീകലും കണ്ണാടി നോക്കലും കൂടെ കൂടെ വേണം. എന്നും ഒരു മോഡലിനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നു. കൈവശം ഒരു ചീപ്പ് പോകുന്ന സ്ഥലങ്ങളിൽ കൊണ്ടുനടക്കും. സഞ്ചരിക്കുന്ന കാറിലും ഡസൻ കണക്കിന് വസ്ത്രങ്ങൾ കരുതിയിരിക്കും. എത്ര താമസിച്ചു കിടന്നാലും കൃത്യമായി എന്നും അഞ്ചരയ്ക്ക് എഴുന്നേലക്കും. സാഹിത്യമൂല്യങ്ങളില്ലാത്ത കവിതകളും എഴുതും. സ്വാമി വിവേകാനന്ദന്റെ ആരാധകനാണ്. ഇന്ദിരാ ഗാന്ധിയുടെ കഴിവുകളേയും പുകഴ്ത്താറുണ്ട്.
 
 
പതിനേഴു വയസുള്ളപ്പോൾ സ്വന്തം വീടും നാടും വിട്ടു പോയി. അതിനുശേഷം രാജകോട്ടിലുള്ള രാമകൃഷ്ണമിഷിനിൽ താമസിച്ചു.  കർണാടകത്തിലുള്ള ബെലുർ മഠത്തിലും  ഹിമാലയത്തിലും  വസിച്ചിട്ടുണ്ട്. ഇന്ത്യാ മുഴുവൻ അലഞ്ഞു തിരിഞ്ഞ് യാത്ര ചെയ്തു. സ്വന്തമായി ഭക്ഷണം പാകം ചെയ്യാനും അറിയാം. ഭാരതത്തിലെ പ്രസിദ്ധരായ സന്യാസിമാരെ കണ്ടു മുട്ടി അവരോടൊപ്പം താമസിച്ച് വേദങ്ങളെപ്പറ്റിയും അറിവുകൾ നേടിക്കൊണ്ടിരുന്നു.  സ്വാമി പരമാനന്ദ  പ്രിയ ഗുരുവായിരുന്നു. കൂടെ കൂടെ ഗുജറാത്തിലെ മുസ്ലിം നേതാക്കന്മാരെയും അദ്ദേഹം കാണുമായിരുന്നു.


കൂടെയുള്ളവരെയും  സഹപ്രവർത്തകരെയും   ജോലി ചെയ്യാതെ  മടിയന്മാരായി നടക്കാൻ  സമ്മതിക്കില്ല. അപാരമായ ബുദ്ധിശക്തിയും ഓർമ്മശക്തിയുമാണ് അദ്ദേഹത്തിനുള്ളത്. നല്ല നീന്തൽ വിദക്തനുമാണ്. യോഗായിലും അതിന്റെ ഉപശാസത്രങ്ങളിലും  പ്രാവീണ്യം നേടിയിട്ടുണ്ട്.  സസ്യാഹാരം മാത്രമേ കഴിക്കുള്ളൂ.  വ്യക്തി പ്രഭാവത്തോടെയുള്ള അദ്ദേഹത്തിൻറെ  .അസാധാരാണ   ശബ്ദം  ജനകോടികളെ ആകർഷിക്കുന്നതാണ്.  സ്ത്രീ ജനങ്ങൾക്ക്  അങ്ങേയറ്റം  പ്രിയങ്കരനുമാണ്.  ഭാരതത്തെ സാമ്പത്തിക ശക്തിയായി കാണാനാഗ്രഹിക്കുന്ന ഒരു സ്വപ്നലോകത്തിലാണ്  അദ്ദേഹമെന്നും  സഞ്ചരിക്കുന്നത്.



രാഷ്ട്രപിതാവിന്റെയും രാഷ്ട്രശിൽപ്പികളുടെയും പവിത്രപാദങ്ങൾ പതിഞ്ഞ പുണ്യപാർലമെന്റിന്റെ ആദ്യപടിയെ കുമ്പിട്ടുകൊണ്ടായിരുന്നു മോദിജി ഭാരതത്തിന്റെ നൂറായിരം കഥകൾ പറയാനുള്ള ചരിത്രമന്ദിരത്തിലേക്ക് വലതുകാൽ വെച്ചുകയറിയത്. ഒരിക്കലെങ്കിലും അദ്ദേഹത്തെപ്പറ്റി നല്ലൊരുവാക്ക് പറയാൻ പലരുടെയും  നാവനങ്ങില്ലായിരുന്നു.ഇത്രമാത്രം വിവാദങ്ങളിൽക്കൂടി വന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മുസ്ലിമുകളുടെ രക്തത്തിൽ കുളിച്ചവൻ, കൂട്ടക്കൊലകളുടെ സൂത്രധാരകൻ, മതഭീകരൻ, കഠിനഹൃദയൻ എന്നെല്ലാം പ്രതിയോഗികൾ അദ്ദേഹത്തെ വിളിച്ചു. വോട്ടുബാങ്കിനായി നീച കർമ്മങ്ങൾ ചെയ്യാൻ മടിയില്ലാത്ത, സത്യത്തെയും ധർമ്മത്തെയും ഇല്ലാതാക്കിക്കൊണ്ട് അധർമ്മം നിലനിർത്താനാഗ്രഹിക്കുന്ന രാഷ്ട്രീയ പുംഗവൻമാരുടെ മുമ്പിൽ സർദാർ പട്ടേലിന്റെപോലെ ഉരുക്കുഹൃദയമുള്ള ഈ മനുഷ്യൻ ഒരിക്കലും അടിപതറിയിട്ടില്ലായിരുന്നു.



എന്നാൽ പാർലമെന്റ് മന്ദിരത്തിനുള്ളിൽ അനുമോദനങ്ങളുടെ നടുവിലേക്ക് ചുറ്റുംനിന്ന ജനത്തിന്റെ മുമ്പിൽ മോദിജി  പൊട്ടിക്കരഞ്ഞു. അഡ്വാനിജിയായിരുന്നു അതിനു കാരണം. അഡ്വാനിജി പറഞ്ഞു, പ്രിയപ്പെട്ട മോദിജി അങ്ങയുടെ കരുണകൊണ്ടാണ് നമ്മുടെ പാർട്ടി വലുതായി ഇന്ന് അധികാരം പിടിച്ചെടുത്തത്". ഇത് കേട്ടയുടൻ വികാരങ്ങൾകൊണ്ട് അടിമപ്പെട്ടുപോയ മോദിജിക്ക് വാക്കുകളില്ലാതായി. കഠിനഹൃദയനെന്നു കരുതിയ മോദിജി ഒരു നിമിഷംകൊണ്ട് രാഷ്ട്രത്തിന്റെ മുമ്പിൽ ലോലഹൃദയനായി വാക്കുകളെ പതറിപ്പിച്ചുക്കൊണ്ടിരുന്നു. ചുറ്റും നിന്നവർ അദ്ദേഹത്തെ സ്വാന്തനപ്പെടുത്തി കണ്ണുനീരോപ്പുന്നുണ്ടായിരുന്നു.


മോദി പറഞ്ഞു, "എന്റെ ഗുരുവിനെപ്പോലെ ഞാൻ വന്ദിക്കുന്ന അഡ്വാനിജി എന്റെ കരുണകൊണ്ടാണ് പാർട്ടി വിജയിച്ചതെന്ന് ഒരിക്കലും പറയരുതേ ! എന്റെ പ്രിയപ്പെട്ട രാജ്യവും എന്നെ വളർത്തി വലുതാക്കിയ എന്റെ പാർട്ടിയും എന്റെ അമ്മയാണ്. പെറ്റമ്മയ്ക്ക് തുല്യമാണ്. ഭാരതമണ്ണിന്റെ പുത്രനായി എന്നെ ഞാനാക്കിയത് ജീവനു തുല്യമായി ഞാൻ സ്നേഹിക്കുന്ന എന്റെ പാർട്ടിയാണ്. അമ്മയ്ക്ക് കർത്തവ്യങ്ങൾ നിറവേറ്റുമ്പോൾ അത് കരുണയാകുന്നതെങ്ങനെ? ഒരു പാവപ്പെട്ടവന്റെ മകനായി വെറുമൊരു മണ്‍കൂടാരത്തിൽ ഞാൻ വളർന്നു. ഞാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യമായി കാണുന്നതും മുഖ്യമന്ത്രിയായ ശേഷമാണ്. ജീവിക്കാനായുള്ള അവസരങ്ങൾ പാർട്ടി എനിക്ക് തരുകയായിരുന്നു."


മറ്റൊരവസരത്തിൽ മോദിജി പറഞ്ഞു, "അപ്പൻ  ദരിദ്രരായ ഞങ്ങളുടെ കുടുംബത്തെ പോറ്റാൻ  ചക്കാട്ടും. അമ്മ എണ്ണ ശേഖരിക്കും. എണ്ണയും പിണ്ണാക്കും വിറ്റുകൊണ്ട് അവർ ഞങ്ങളെ  പരിപാലിച്ചു. ജീവിക്കാൻ നിവൃത്തിയില്ലാതായപ്പൊൾ ബാലനായ ഞാൻ  നാടും വീടും വിട്ടുപോയി. ഹിമാലയസാനുക്കളിൽ അന്നലഞ്ഞു നടന്നു. പിടിച്ചുനില്ക്കാനായി താഴെക്കിടയിലുള്ള ജോലികളെല്ലാം ചെയ്തു."
വാജ്പെയി സദസിൽ ഇല്ലാതായതും മോദിജിയെ ദുഖിതനാക്കി. അദ്ദേഹത്തിൻറെ ആരോഗ്യത്തിനായും ആശംസിച്ചു. അങ്ങനെ ആദ്യദിവസം തന്നെ മോദിജിയുടെ പാർലമെന്റ് പ്രവേശനം  ചരിത്രത്തിനു തന്നെ മൂർത്തിമത് ഭാവമായി തുടക്കം കുറിച്ചു.


മോദിജി പറഞ്ഞു,  " ഭാരതത്തിന്റെ തെക്കും വടക്കുമായ എല്ലാ ദിശകളിലും  ഞാൻ യാത്ര ചെയ്യാറുണ്ട്.  വഴിയോരങ്ങളിൽ   വിശക്കുന്ന വയറുകളുമായി   ബി.ജെ. പി. പതാകയുമേന്തി ഒറ്റ വസ്ത്രവുമായി ജീവിക്കുന്ന ജനം  അഭിവാദനം ചെയ്യുന്ന വേളകളിലെല്ലാം  എന്റെതായ  പഴങ്കാല  ജീവിതത്തെപ്പറ്റിയും ഓർത്തു പോവുമായിരുന്നു. " വികാരങ്ങൾ  നിറഞ്ഞ  മോദിയുടെ പ്രസംഗങ്ങൾ ജനങ്ങളെ അത്യാഗാധാമായ ചിന്തകളിലേക്കും   ആവഹിക്കുമായിരുന്നു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ പരിഷ്കൃത രാജ്യങ്ങൾക്കൊപ്പം ഉയർത്തണമെന്നുള്ള വിശ്വാസവും  മോദി  ജനങ്ങൾക്ക് പകരുമായിരുന്നു. 



സത്യപ്രതിജ്ഞാ  വേളയിൽ പാക്കിസ്ഥാന്റെ   പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ   സാന്നിദ്ധ്യവും  ഒരു ചരിത്രമുഹൂർത്തം കുറിച്ചു. ' അഭിപ്രായ വിത്യാസങ്ങൾ മറന്ന് അയൽ രാജ്യങ്ങളുമായി സുസ്ഥിരമായ ഒരു ബന്ധം ഉറപ്പിക്കണമെന്നും' മോദി  പറഞ്ഞു. 1947-ലെ ഇന്ത്യാ പാക്കിസ്ഥാൻ വേർപിരിയലിനുശേഷം പാക്കിസ്ഥാനിലെ ഒരു നേതാവുമൊന്നിച്ച് വികാരപരമായ സൌഹാർദ്ദം പങ്കുവെച്ച  മറ്റൊരു ചരിത്രം ഇന്ത്യയ്ക്കുണ്ടാവില്ല. എന്നും ശതൃക്കളായി കഴിഞ്ഞ രണ്ടു രാജ്യങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ഇന്ത്യയുടെയും പാകിസ്ഥാന്റെയും ചർച്ചകളിൽ   തിളങ്ങിയിരുന്നു. 



ചൈനയുമായി ഭാവിയിൽ സംഭവിക്കാൻ പോകുന്ന  വിദേശനയവും മോദിയ്ക്ക് വെല്ലുവിളിയായിരിക്കും. ചൈനയ്ക്കെതിരെ മുന്നേറുന്ന സാമ്പത്തിക ശക്തികളായ കൊറിയായും ജപ്പാനുമായുള്ള ഇന്ത്യയുടെ സഹകരണം ഇന്ത്യാ ചൈന ബന്ധത്തിന് തടസമാണ്. വ്യവസായ പങ്കാളികളായ ഈ   രണ്ടു രാജ്യങ്ങളുടെയും സഹായം  ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്  കൂടിയേ തീരൂ. ഇന്ത്യയുടെ സാമ്പത്തിക പ്രത്യായശാസ്ത്രത്തിൽ  ചൈനാ മൌനം പാലിക്കുന്നുണ്ടെങ്കിലും അതിർത്തിയിൽ പട്ടാളത്തെ വികസിപ്പിക്കുന്നതും ഇന്ത്യൻ മിലിട്ടറിയെ ആധുനീകരിക്കുന്നതും  ഭീഷണിയായി കരുതുന്നു. ഇന്ത്യയുടെ സൌത്ത് ഈസ്റ്റ് ഏഷ്യൻ സുഹൃത്ത് രാജ്യങ്ങളായ ജപ്പാനും സിംഗപ്പൂരും സൌത്ത് കൊറിയായും വിയറ്റ്നാമുമായുള്ള ബന്ധങ്ങളും ചൈനയെ വെറി പിടിപ്പിക്കുന്നുണ്ട്. കൊറിയായുടെ കപ്പലുകളും നാവിക ഉപകരണങ്ങളും ഇന്ത്യാ വാങ്ങിക്കുന്നത്  അസ്വസ്ഥമാക്കുകയും ചെയ്യുന്നു.
   

ഗുജറാത്ത് കലാപത്തിനുശേഷം നരേന്ദ്ര മോദിയെ ഒരു മുസ്ലിം വിരോധിയായിട്ടാണ് പൊതുവേ കരുതുന്നത്. തിരഞ്ഞെടുപ്പു വേളകളിൽ എതിർ പക്ഷങ്ങൾ വോട്ടു ബാങ്കിനായി അത് മുതലെടുത്തുകൊണ്ടിരുന്നു. പക്ഷെ ഗുജറാത്തിലെ മുസ്ലിമുകൾ പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദിക്കൊപ്പമായിരുന്നു.  ജനക്ഷേമകരമായ അനേക പദ്ധതികൾ മോദി  സർക്കാരിന് അവിടെ നടപ്പിലാക്കാൻ സാധിച്ചതുമൂലം മുസ്ലിമുകളുടെ ആളോഹരി വരുമാനം ഇരട്ടിയാക്കാനും സാധിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ  മുസ്ലിമുകൾ ഭൂരിപക്ഷമുള്ള അനേക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിജയികളായതും  ബി.ജെ.പി. യായിരുന്നു. ഉത്തര ഇന്ത്യയിൽ  എണ്പതു സീറ്റോളം മുസ്ലിം പിന്തുണയോടെ ബി.ജെ.പി.യ്ക്ക് നേടാൻ സാധിച്ചെന്നും  കണക്കുകൾ പറയുന്നു.   


മുസ്ലിം സമുദായത്തിലെ വിഭാഗങ്ങളായ സുന്നികളും ഷിയാകളും തമ്മിലുള്ള മത്സരങ്ങളും ബി.ജെ.പി.യ്ക്ക് അനുകൂലമാക്കി. ഇറാൻ കഴിഞ്ഞാൽ ലോകത്ത് ഷിയാകൾ  കൂടുതൽ വസിക്കുന്ന രാജ്യവും ഇന്ത്യയാണ്. സുന്നി മുസ്ലിമുകളും  ഷിയാ മുസ്ലിമുകളും  തമ്മിലുള്ള ആശയ സംഘട്ടനങ്ങൾ പലപ്പോഴും രാഷ്ട്രീയത്തിലും പ്രതിഫലിക്കാറുണ്ട്. ലക്നൗ, വാരണാസിയിലുള്ള  മുഴുവൻ ഷിയാകളും പിന്തുണ നല്കിയത് ബി.ജെ.പി.യ്ക്കായിരുന്നു.  ഷിയാകൾ ഭൂരിഭാഗവും ചെറുകിട   'കുടിൽ' വ്യവസായങ്ങളിൽ ജീവിക്കുന്നവരാണ്. അത്തരം വ്യവസായങ്ങൾക്ക് പ്രാധാന്യം നല്കികൊണ്ടുള്ള തിരഞ്ഞെടുപ്പു പ്രചരണങ്ങളും ബി.ജെ.പി.യ്ക്ക് അനുകൂലമായി. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടന  നമുക്കുണ്ടെങ്കിലും  ഇന്ത്യയിൽ മുസ്ലിമുകൾ താമസിക്കുന്ന ഭൂരിഭാഗം ഗ്രാമങ്ങളും വളരെ പിന്നോക്കാവസ്ഥയിലാണ്. ദരിദ്രർ കൂടുതലും സമ്പത്ത് ഏതാനും ചിലരുടെ കുത്തകയിലുമാണ്. കോണ്ഗ്രസ്സ്  സര്ക്കാരിന്റെ കാലങ്ങളിൽ  ഈ അന്തരം കുറയ്ക്കാൻ  കാര്യമായി ഒന്നും തന്നെ ചെയ്തിട്ടില്ല. അനേക ഗ്രാമങ്ങളിൽ  സ്കൂളുകളോ   വൈദ്യുതിയോ ആരോഗ്യ കേന്ദ്രങ്ങളോ ഹോസ്പ്പിറ്റലുകളോ ഇല്ലാത്ത  ഒരു സ്ഥിതിവിശേഷമാണുള്ളത്.  മുസ്ലിമുകൾക്ക് ബാങ്ക് കടങ്ങൾ അനുവദിക്കാതിരിക്കുക, ജോലി നിഷേധിക്കുക, വാടകയ്ക്ക് താമസിക്കാൻ വീട് കൊടുക്കാതിരിക്കുക  എന്നീ സാമൂഹിക  ദ്രോഹങ്ങൾ മുമ്പുള്ള സർക്കാരിന്റെ കാലങ്ങളിൽ സാധാരണമായിരുന്നു. അവിടെയെല്ലാം പുത്തനായ വാഗ്ദാനങ്ങളുമായി മുസ്ലിമുകളുടെ മനസ്സിനെ പിടിച്ചെടുത്ത്  വോട്ടുകൾ നേടിയതും ബി.ജെ.പി. സുനാമിയുടെ വേലിയേറ്റങ്ങൾക്ക്  കാരണമായി.


പശ്ചിമഘട്ടം സംബന്ധിച്ച്  കേന്ദ്രസർക്കാരും  കേരളത്തിലെ ഏതാനും ക്രിസ്ത്യൻ ബിഷപ്പുമാരുമായി  ഒരു തുറന്ന  സമരത്തിന്  സാധ്യതയുണ്ട്.  രാഷ്രീയ പാർട്ടികളും  ക്രിസ്ത്യൻ ബിഷപ്പുമാരും  തിരസ്ക്കിരിച്ച ഗാഡ്ഗിൽ റിപ്പോർട്ട് നിയമപരമായി നടപ്പാക്കുമെന്നാണ് മോദിസർക്കാർ പറയുന്നത്. അത് അവരുടെ തിരഞ്ഞെടുപ്പ് പത്രികയിലുമുണ്ടായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് മാറ്റം വരുത്തി  ലഘുകരിച്ച കസ്തൂരി  റിപ്പൊർട്ടുപോലും   ഇടുക്കി, കാഞ്ഞിരപ്പള്ളി, താമരശ്ശേരി മെത്രാൻമാർ എതിർത്തിരുന്നു.  കൃഷിക്കാരുടെ താൽപ്പര്യങ്ങൾ പരിരക്ഷിക്കുന്ന ഗാഡ്ഗിൽ റിപ്പോർട്ട് തികച്ചും ജനാധിപത്യ രീതിയിൽ ശാസ്ത്രീയമായി തയ്യാറാക്കിയതാണ്. ഭൂമിയുടെ സമതുലനാവസ് ത  പരിപാലിക്കുന്നതിൽ സഭ എതിർപ്പുകളൊന്നും ഔദ്യോഗികമായി  പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഏതാനും സ്ഥാപിത താല്പര്യക്കാരായ മെത്രാന്മാർ   കൃഷിക്കാരെ തെറ്റിധരിപ്പിച്ച് അതിനെതിരായി  സമരവുമായി രംഗത്തുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ട്  നടപ്പാക്കുന്നതിനു മുമ്പ്  അതാതു  പ്രദേശങ്ങളിലെ  ജനങ്ങളും ഗ്രാമ പഞ്ചായത്തുകളുമായി ആലോചിക്കണമെന്നത്   വ്യക്തമാക്കിയിട്ടുള്ളതുമാണ്. രാസ വളങ്ങൾ ഉപയോഗിച്ചുള്ള കൃഷിയെ നിരുത്സാഹപ്പെടുത്തി ജൈവ വളങ്ങൾ ഉപയോഗിക്കാനും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. കൂറ്റൻ കെട്ടിടങ്ങളും മണൽവാരലും വനംകൊള്ളയും നിരോധിച്ചിട്ടുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർക്കുന്നവർ  കൃഷിക്കാരുടെ താല്പര്യങ്ങൾ  സംരക്ഷിക്കാനല്ല മറിച്ചു് ഹൈറെഞ്ച് മുഴുവൻ സഭാവക സ്ഥാപനങ്ങൾ നിറച്ചും ഭൂമി മാഫിയാകളെ സഹായിച്ചും മലകൾ തുരന്ന് പാറ പോട്ടീരുകാരെ പിന്തുണച്ചും  വീതം മേടിച്ചും ഭൂമിയുടെ സമതുലനാവസ്ഥയെ തകർക്കാനാണ്.   ഒരിഞ്ചു ഭൂമിപോലും കൃഷി ചെയ്യുന്നവന് നഷ്ടപ്പെടില്ല.   ഭൂരിപക്ഷമുള്ള മോദി സർക്കാരിന്  ഗാഡ്ഗിൽ റിപ്പൊർട്ട് പ്രായോഗികമാക്കാൻ സാധിക്കുമെന്നതും മെത്രാന്മാർക്ക് തലവേദനയായിട്ടുണ്ട്.


അമേരിക്കയുടെ റൊണാൾഡ് റീഗനെയോ ബ്രിട്ടൻറെ മാർഗരേറ്റ് താച്ചറെയോപ്പോലുള്ള  ഒരു നേതാവിനെ ഇന്ത്യയുടെ മോദിയിൽ അദ്ദേഹത്തെ പിന്താങ്ങുന്നവർ സ്വപ്നം കാണുന്നു.   സുസ്ഥിരമായ ഒരു സർക്കാരിനും രാജ്യപുരോഗതിക്കും ജനങ്ങൾ തന്ന കാര്യനിയൊഗമെന്ന്   തിരഞ്ഞെടുപ്പുഫലത്തെ മോദിയും വിലയിരുത്തി.   ഇരുപത്തിയഞ്ചു വർഷത്തെ കൂട്ടുമന്ത്രിസഭയ്ക്കുശേഷം   കഴിഞ്ഞ ഏതാനും വർഷങ്ങളായി നിന്നുപോയ സാമ്പത്തിക മുന്നേറ്റത്തിന്  പുത്തനായ ജീവനും ഉണർവും ഇനി നൽകേണ്ടത് തിരഞ്ഞെടുത്ത മോദിയുടെ പുതിയ ഭരണകൂടമാണ്‌.  കഴിവും മികവുമുള്ള   കോടാനുകോടി ചെറുപ്പക്കാരായവരുടെ ഒരു ലോകം ഇന്ത്യക്കുണ്ട് . അവരുടെ മാനവ ശേഷിയെ പരമാവധി പ്രയോജനപ്പെടുത്തുവാൻ കഴിവുള്ള ഒരു നേതാവിനെയാണ് ഭാരതത്തിനാവശ്യം. വർഗ വർണ്ണ ജാതി രാഷ്ട്രീയത്തിനുപരിയായി ചിന്തിക്കുന്ന നേതാവുമായിരിക്കണം.  അങ്ങനെയുള്ള ഒരു നേതാവാണ്‌ മോദിജിയെന്നും അദ്ദേഹം  പ്രതീക്ഷകൾക്കൊപ്പം.  ശക്തമായ  ഒരു ഭരണം   വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കാം. നമ്മുടെ നാടിനുള്ളിൽതന്നെ യുവതലമുറകൾക്ക് അർഹിക്കുന്ന അവസരങ്ങളും വ്യക്തിസ്വാതന്ത്ര്യവും നല്കിക്കൊണ്ട്  തുടങ്ങിവെച്ച  ഉദാരവൽക്കരണ സാമ്പത്തിക ശാസ്ത്രം നടപ്പിലാക്കണം.  മോദിജി   അതിനു  കഴിവും പ്രാപ്തനുമായ  നേതാവാണെന്നതിലും സംശയമില്ല.  പൊതുവേ  വ്യത്യസ്ത കഴിവുകൾ  തെളിയിച്ച  ചെറുപ്പക്കാരായവരുടെ   കൂട്ടായ്മയാണ് മോദി മന്ത്രിസഭയിലുള്ളത്.  മുമ്പുള്ള ഭരണാധികാരികൾ  വരുത്തിവെച്ച സാമ്പത്തിക  ക്രമക്കേടുകളും  അരാജകത്വവും ഇല്ലാതാക്കാൻ  ഇനിയും കാലങ്ങളെടുത്തേക്കാം.   എങ്കിലും ഭാരത ജനത മോദിയിലർപ്പിച്ച  ശുഭപ്രതീക്ഷകളുടെതായ സുവർണ്ണദിനങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലങ്ങളിൽത്തന്നെ  കാത്തിരുന്നു കാണാം.  അന്തർദേശീയ ശക്തിധൃവീകരണത്തിൽ വിഭവ സമൃദ്ധിയാൽ  പുഷ്ടി നേടുന്ന   ഇന്ത്യ  ഏഷ്യയുടെ പതാകവാഹകനാകുന്ന കാലവും വിദൂരമല്ല.





 
Yasodara (Mrs Modi)

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...