Monday, February 25, 2019

കാഷ്മീരിന്റെ ചരിത്രവും സായുധ പോരുകളും, അവലോകനം



ജോസഫ് പടന്നമാക്കൽ

പുരാതന കാലം മുതൽ  1947 വരെ മത സൗഹാർദ്ദത്തിന് കേൾവികേട്ട കാഷ്‌മീരിൽ ഹിന്ദുക്കളും മുസ്ലിമുകളും സമാധാനത്തിൽ ജീവിച്ചിരുന്നു. 1947-നു ശേഷം മതതീവ്രചിന്തകൾ കാഷ്‌മീരിൽ പടരുകയും പ്രശ്നങ്ങൾ സങ്കീർണ്ണങ്ങളാവുകയും ചെയ്തു. പ്രകൃതിയുടെ സ്വർഗ്ഗമെന്നു കരുതുന്ന മനോഹരമായ ഈ താഴ്വരകളിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കു നേരെ മൂന്നു യുദ്ധങ്ങൾ നടത്തി. ആയിരക്കണക്കിന് ജീവനുകളെ കൊന്നൊടുക്കി. യുദ്ധത്തിന്റെ മാരകപ്രഹരത്തിൽ ഈ രണ്ടു രാജ്യങ്ങളിലും മത സഹിഷ്ണത തീർത്തും ഇല്ലാതായി. മഹാരാജാ ഹരിസിങ്ങ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, മൌണ്ട് ബാറ്റൺ പ്രഭു, ഷേക്ക് അബ്ദുള്ള, മുഹമ്മദാലി ജിന്ന' എന്നീ അഞ്ചു പ്രമുഖ വ്യക്തികളുടെ പിടിവാശികൾ കാഷ്മീരിലെ പ്രശ്നങ്ങൾക്കു കാരണമായിരുന്നു. കാഷ്‍മീരിൽ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഷേക്ക് അബ്ദുള്ളായുമായുള്ള നെഹ്രുവിന്റെ സൗഹാർദ ബന്ധവും പ്രശ്നങ്ങൾ തീവ്രമായി വഷളാക്കുകയും ചെയ്തു. സർദാർ പട്ടേലിനെ 'നെഹ്‌റു' കാഷ്മീർ പ്രശ്‍നം പരിഹരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഇന്ന് കാഷ്മീരിന്റെ ചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു. എങ്കിൽ, 1947-ൽ ഇന്ത്യൻ യൂണിയനോട് ചേർന്ന 500 നാട്ടുരാജ്യങ്ങളോടൊപ്പം സമാധാനത്തിൽ അധിഷ്ഠിതമായ കാഷ്മീരിന്റെ ചരിത്രവും എഴുതപ്പെടുമായിരുന്നു.


കാഷ്മീരും തടാകങ്ങളും 'കാശ്യപ്പ് മുനിയുടെ' താപസ സ്ഥലങ്ങളായിരുന്നുവെന്നും 'കാഷ്‌മീർ' എന്ന പേര് ലഭിച്ചത് ഈ മുനിയിൽ നിന്നായിരുന്നുവെന്നും ഇതിഹാസം പറയുന്നു. 'കശ്യപമർ' എന്ന നാമം പിന്നീട് കാഷ്‌മീരായി ലോപിക്കുകയായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ അവിടെ മൗര്യൻ രാജാക്കന്മാർ ബുദ്ധമതം പ്രചരിപ്പിച്ചു. ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെ കാഷ്മീർ താഴ്വരകളിൽ ഹൈന്ദവ സംസ്ക്കാരം നിലനിന്നിരുന്നു. എ.ഡി. 1346 വരെ ഹൈന്ദവ രാജകുടുംബങ്ങൾ പരമ്പരാഗതമായി രാജ്യം ഭരിച്ചുവന്നിരുന്നു. പിന്നീട് 'കാഷ്മീർ' മുസ്ലിം രാജാക്കന്മാരുടെ ഭരണത്തിനു കീഴിലായിരുന്നു. അഞ്ചു നൂറ്റാണ്ടോളം മുസ്ലിം ഭരണം അവിടെ നിലനിന്നിരുന്നു. 1819-ൽ കാഷ്മീർ പഞ്ചാബ് രാജ്യത്തോട് ചേർക്കപ്പെട്ടു. 1846-ൽ ദോഗ്ര രാജവംശം അവിടം ഭരിക്കാൻ തുടങ്ങി. സിക്കുകാരുമായുള്ള യുദ്ധത്തിനുശേഷമാണ് ദോഗ്ര രാജാവായ രാജഗുലാബ് സിങ് കാഷ്‌മീരിന്റെ മേൽ ആധിപത്യം സ്ഥാപിച്ചത്. കിഴക്ക് സിന്ധു നദിയുടെയും പടിഞ്ഞാറ് രവി നദിയുടെയും മദ്ധ്യേയുള്ള ഹിമാലയൻ രാജ്യമായിട്ടായിരുന്നു കാഷ്മീരിനെ കരുതി വന്നിരുന്നത്. 


കാഷ്മീരികൾ വര്‍ഗ്ഗാനുസാരമായി കാഷ്മീർ താഴ്വരകളിൽ ജീവിതം നയിച്ച പ്രത്യേകമായ ഒരു ഗോത്ര വർഗ്ഗത്തിൽപ്പെട്ടവരാണ്. ഇൻഡോ ആര്യൻ ഭാഷാ വിഭാഗത്തിൽപ്പെട്ട കാഷ്മീർ ഭാഷ അവർ സംസാരിക്കുന്നു. ഇൻഡ്യ സ്വതന്ത്രമാകുന്നതിനു മുമ്പ് നാട്ടു രാജാക്കന്മാർ ഭരിച്ചുകൊണ്ടിരുന്നു. ജമ്മു കാഷ്മീരിന്റെ 45% ഇന്ത്യയുടെ അധീനതയിലും 35% പാകിസ്ഥാന്റെ നിയന്ത്രണത്തിലുമാണ്. 1962 മുതൽ 20% ചൈനയും കൈവശപ്പെടുത്തിയിരിക്കുന്നു. സിയാച്ചിൻ മലകളും ജമ്മുവും കാഷ്മീരും ലഡാക്കും ഇന്ത്യയുടെ അധീനതയിലാണ്. ആസാദ് കാഷ്മീരും ബാൾട്ടിസ്‌തനും പാക്കിസ്ഥാൻ  ഭരിക്കുന്നു. അക്‌സായിചിൻ, കാറക്കോറം മേഖലകൾ ചൈനയുടെ നിയന്ത്രണത്തിലുമാണ്. കാഷ്മീരി ബ്രാഹ്മണന്മാർ കാഷ്മീർ താഴ്വരകളിലും ജമ്മു കാഷ്‌മീരിന്റെ പർവ്വത മേഖലകളിലും താമസിച്ചിരുന്ന ഒരു സമൂഹമാണ്. ഇവർ സരസ്വതി ബ്രാഹ്മണ സമുദായത്തിൽപ്പെടുന്നു. കാഷ്മീർ പണ്ഡിറ്റുകളെന്നും  അറിയപ്പെടുന്നു. കാഷ്മീരിന്റെ പൗരാണിക സാംസ്ക്കാരികത പടുത്തുയർത്തിയവർ കാഷ്മീർ പണ്ഡിറ്റുകളുടെ പൂർവിക തലമുറകളായിരുന്നു.സൂഫി മുസ്ലിമുകളുടെ കേന്ദ്ര സ്ഥാനമാണ് കാഷ്മീർ.  1931-ൽ ഏകാധിപതിയായിരുന്ന ഹിന്ദു രാജാവ് ഹരിസിംഗിനെതിരെ കാഷ്മീർ മുസ്ലിമുകൾ പ്രഷോപണം ആരംഭിച്ചിരുന്നു. എന്നാൽ ജനങ്ങൾ നടത്തിയ ആ പ്രക്ഷോപണം രാജാവിന്റെ പട്ടാളക്കാർ അടിച്ചമർത്തുകയാണുണ്ടായത്.


കാഷ്മീർ പ്രശ്നം വഷളാകുന്നതിൽ ഷേക്ക് അബ്ദുള്ളയ്ക്ക് നിർണ്ണായകമായ പങ്കുണ്ട്. ജമ്മു കാഷ്‌മീരിൽ രാജാവായിരുന്ന ഹരിസിംഗിന്റെ ഭരണത്തിൽ മുസ്ലിമുകൾ അതൃപ്തരായിരുന്നു. രാജഭരണം അവസാനിപ്പിക്കാനായി ഷേക്ക് അബ്ദുള്ള പ്രക്ഷോപങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കാഷ്മീരിനെ  രാജഭരണത്തിൽ നിന്നും മുക്തമാക്കുന്നതിനായി 1932-ൽ ഷേക്ക് അബ്ദുള്ള 'ആൾ ജമ്മു ആൻഡ് കാഷ്മീർ (All Jammu and Kasmir) എന്ന സംഘടന സ്ഥാപിച്ചു. മുസ്ലിമുകൾക്ക് സംസ്ഥാനത്ത് അർഹമായ പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടു. 1932-ൽ രാജാവ് മുസ്ലിമുകളുടെ ക്ഷേമം അന്വേഷിക്കാനായി ഒരു കമ്മിറ്റിയെ നിശ്ചയിക്കുകയും മുസ്ലിമുകൾക്ക് ഭരണത്തിൽ അർഹമായ സ്ഥാനം കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും രാജാവ് വാക്കുകൾ പാലിച്ചില്ല. അതിൽ പ്രതിക്ഷേധിച്ച് ഷേക്ക് അബ്ദുള്ള പ്രക്ഷോപങ്ങൾ ആരംഭിച്ചു. രാജ ഹാരിസിങ് കാഷ്മീർ വിട്ടുപോകണമെന്നും ആവശ്യപ്പെട്ടു. ഷേക്ക് അബ്ദുള്ള അറസ്റ്റിലാവുകയും ചെയ്തു.  



1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ നാട്ടു രാജാക്കന്മാർക്ക് ഇന്ത്യയോടൊ പാക്കിസ്ഥാനോടോ ചേരുകയോ അല്ലെങ്കിൽ സ്വതന്ത്രമായി ഭരിക്കാനോ അവകാശമുണ്ടായിരുന്നു.ഇന്ത്യൻ ജനത നീണ്ട കാലത്തെ ശ്രമം കൊണ്ട് നേടിയ സ്വാതന്ത്ര്യത്തെ നാട്ടു രാജാക്കന്മാരുടെ അധീനതയിൽ കൊണ്ടുവരാൻ അന്നത്തെ നേതൃത്വം ആഗ്രഹിച്ചിരുന്നില്ല. അന്നുണ്ടായിരുന്ന നാട്ടു രാജാക്കന്മാരിൽ ഭൂരിഭാഗം പേരും സ്വതന്ത്ര രാജ്യം ഇഷ്ടപ്പെട്ടിരുന്നെങ്കിലും പാരമ്പര്യമായി അവർ രാജാക്കന്മാരായിരുന്നെങ്കിലും അവർക്കെല്ലാം ജനങ്ങളുടെ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഭൂപ്രകൃതിയനുസരിച്ച് കാഷ്മീർ ഇന്ത്യയോടൊ, പാക്കിസ്ഥാനോടോ ചേരുന്നതെന്ന ചോദ്യവും വന്നു. നാട്ടുരാജ്യങ്ങൾ ചേരി തിരിഞ്ഞ് ഇരു രാജ്യങ്ങളിലുമായി ചേർന്നു. ഒരു രാജ്യത്തോടും ചേരി ചേരാതെ ഹൈദ്രബാദ്, തിരുകൊച്ചി, ജമ്മു കാഷ്മീർ എന്നീ സംസ്ഥാനങ്ങൾ നിലകൊണ്ടു. കാഷ്‌മീരിനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കി ഭരിക്കാമെന്നായിരുന്നു ഹരിസിങ് മഹാരാജാവ് കരുതിയിരുന്നത്. എന്നാൽ സ്വാതന്ത്ര്യ ശേഷം സംഭവ ബഹുലമായ കാര്യങ്ങളാണ് കാഷ്‌മീരിലുണ്ടായത്. പടിഞ്ഞാറേ അതിർത്തിയിൽ മുസ്ലിം ജനങ്ങളുടെയിടെയിൽ വിപ്ലവം പൊട്ടി പുറപ്പെട്ടിരുന്നു. 



കാഷ്മീരിൽ ചില ജനവിഭാഗങ്ങൾ പാക്കിസ്ഥാനോടൊപ്പം ചേരണമെന്ന് ലഹള കൂട്ടിയപ്പോൾ കാഷ്മീർരാജാവ് ഹരിസിങ്ങ് അവരുടെ നേരെ നിറതോക്കൊഴിച്ചു. ആയിരക്കണക്കിനാളുകൾ ലഹളകളിലും തോക്കിൻ മുനയിലും കൊല്ലപ്പെട്ടു. അനേകമായിരങ്ങൾ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. പാക്കിസ്ഥാനിൽ നിന്നും പാക്ക് പട്ടാളത്തിന്റെ സഹായത്തോടെ അവരിൽ അനേകർ തിരിച്ചുവന്ന് സിക്കുകാരെയും ഹിന്ദുക്കളെയും കൊന്നുകൊണ്ടിരുന്നു. അവരിൽ പതിനായിരക്കണക്കിന് ജനങ്ങൾ ജമ്മുവിലേക്കും ഓടി രക്ഷപ്പെട്ടു. ആസാദ് കാഷ്മീർ എന്ന പേരിൽ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. ഹിന്ദുക്കളും സിക്കുകാരും ഒത്തുചേർന്ന് ജമ്മുവിൽ കേറി മുസ്ലിമുകളെയും കൂട്ടക്കൊലകൾ തുടങ്ങി. ഇത്രമാത്രം രക്തച്ചൊരിച്ചിലുകൾ ഉണ്ടായിട്ടും രാജാവ് ഹിന്ദുക്കളോടൊപ്പമായിരുന്നു. 1947-ഒക്ടോബറിൽ പഠാൻ ഗോത്രവർഗക്കാർ കാഷ്മീരിനെ ആക്രമിച്ചു. പാക്കിസ്ഥാൻ സൈനികരും അവർക്കൊപ്പമുണ്ടായിരുന്നു. ഈ ആക്രമണത്തെ തടയാൻ രാജാവിന് കഴിവില്ലാതെ വന്നപ്പോൾ രാജാവ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം അപേക്ഷിച്ചു. കാഷ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമല്ലാത്തതിനാൽ ഇന്ത്യയ്ക്ക് സൈനിക സഹായം നൽകാൻ കഴിയില്ലെന്ന് രാജാവിനെ അറിയിച്ചു. ഇതിനെത്തുടർന്ന് ഭൂരിഭാഗം മുസ്ലിം ജനത വസിക്കുന്ന കാഷ്മീരും ഇന്ത്യൻ യൂണിയനുമായി ചേരുന്ന ഉടമ്പടി രാജാവും ഇന്ത്യ ഗവർമെന്റുമായി ഒപ്പു വെച്ചു. ഉടമ്പടിയനുസരിച്ച് പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മൂന്നു മേഖലകളിൽ മാത്രമേ കാഷ്മീരിന്റെ പേരിൽ ഇന്ത്യ സർക്കാരിന് അവകാശമുണ്ടായിരുന്നുള്ളൂ. തർക്ക പ്രദേശമായ കാഷ്മീരിൽ ഹിതപരിശോധനയ്ക്ക് ശേഷം മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പാടുള്ളൂവെന്നും ഉടമ്പടിയിൽ വ്യവസ്ഥകൾ ഉണ്ടാക്കിയിരുന്നു.



1947 ഒക്‌ടോബര്‍ 27 ന് ഇന്ത്യന്‍ പട്ടാളം ജമ്മു-കാഷ്മീരില്‍ പ്രവേശിച്ചു. ഇന്ത്യയുടെ പട്ടാള നടപടി പാക്കിസ്ഥാന്‍ അംഗീകരിച്ചില്ല. മാത്രമല്ല, പാക്കിസ്ഥാന്‍ പട്ടാളം കാഷ്‌മീരിലെത്തുകയും ചെയ്തു. നവംബര്‍ മാസത്തില്‍ ഇന്ത്യ രണ്ടു നിര്‍ദ്ദേശങ്ങള്‍ വച്ചു. പാകിസ്ഥാന്‍ പട്ടാളത്തെ പൂര്‍ണ്ണമായും പിന്‍വലിക്കണം; ഇന്ത്യ ഹിത പരിശോധന നടത്താം. എന്നാല്‍, ഇന്ത്യന്‍ പട്ടാളത്തിന്റെ സാന്നിധ്യവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഷെയ്ഖ് അബ്ദുള്ളയുടെ പരസ്യമായ നെഹ്‌റു ചായ്‌വും കാരണം കാഷ്മീർ ജനതയ്ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് പാക്കിസ്ഥാന്‍ വാദിച്ചു. സ്വന്തം പട്ടാളത്തെ പിന്‍വലിക്കാമെന്നും ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് നടത്തേണ്ടതെന്നും പാക്കിസ്ഥാന്‍ നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യ തള്ളി. ഇതിനെ തുടര്‍ന്ന് കാഷ്മീരില്‍ ആദ്യത്തെ ഇന്തോ–പാക് യുദ്ധം നടന്നു.



1948 ജനുവരി ഒന്നാം തിയതി ജമ്മു കാഷ്മീരിന്റെ ഭാവിയെ സംബന്ധിച്ച പ്രമേയം ഐക്യ രാഷ്ട്രസഭയിൽ അവതരിപ്പിച്ചു. അമേരിക്ക, ചെക്കോസ്ലൊവോക്കിയ, അർജന്റീന, ബെൽജിയം കൊളംബിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളടങ്ങിയ ഒരു സംഘത്തെ പ്രശ്നപരിഹാരത്തിനായി നിയോഗിച്ചു. ഈ കമ്മീഷൻ കാഷ്മീരിൽ സമാധാനം സ്ഥാപിക്കാനുള്ള നിർദേശങ്ങൾ തയാറാക്കുകയും അതനുസരിച്ച് ഇന്ത്യ പാക്കിസ്ഥാൻ ഉടമ്പടി 1948 ഏപ്രിൽ 21-ന്  തയ്യാറാക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളും വെടിനിർത്തൽ നടപ്പാക്കാനും കാഷ്മീരിൽ ഹിത പരിശോധനയ്ക്ക് തയ്യാറാകാനുമായിരുന്നു കമ്മീഷൻ റിപ്പോർട്ട്. തുടർന്ന് കാഷ്മീരിന്റെ ഭൂരിഭാഗവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാഷ്മീർ പാക്കിസ്താന്റെ നിയന്ത്രണത്തിലും വന്നു. വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും രണ്ടു രാജ്യങ്ങളും പട്ടാളത്തെ പിൻവലിച്ചില്ല. ഇന്ത്യ പിന്നീടൊന്നും ഹിത പരിശോധനയ്ക്ക് തയ്യാറായുമില്ല. 1948 ഒക്ടോബർ 30 നു ഷേക്ക് അബ്ദുള്ള പ്രധാന മന്ത്രിയായി ചുമതലയേറ്റുകൊണ്ട് കാഷ്‌മീരിൽ ഒരു താൽക്കാലിക ഗവണ്മെന്റുണ്ടാക്കി


കാഷ്മീരിന്‌ പ്രത്യേക പദവി കൂട്ടിച്ചേർത്തുകൊണ്ട് ഭരണഘടന '370' എന്ന വകുപ്പ്  എഴുതിയുണ്ടാക്കിയതും നെഹ്രുവിന്റെ പിടിപ്പുകേടു തന്നെ. പാർലമെന്റിൽ അന്ന് ചർച്ച ചെയ്യാതെയാണ് കാഷ്മീരിനെപ്പറ്റി പ്രത്യേക കോഡുകൾ ഉണ്ടാക്കി നിയമം നിർമ്മിച്ചത്. ഭരണഘടന നിർമ്മിച്ച അംബേദ്ക്കറും ഭരണഘടനയുടെ 370 വകുപ്പിനെ എതിർത്തിരുന്നു. എന്നാൽ അംബേദ്ക്കറിന്റെ വാക്കുകൾ നെഹ്‌റു ചെവികൊണ്ടില്ല. നെഹ്‌റുവിന് ഷേക്ക് അബ്ദുള്ളായുടെ അഭിപ്രായങ്ങളും സൗഹാർദവുമായിരുന്നു പ്രാധാന്യം. പിന്നീട് കാഷ്‌മീരിൽ തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ ഷേക്ക് അബ്ദുള്ളയെ ജയിലിൽ അടക്കുകയും ചെയ്തു.


കാഷ്മീരിന് സംഭവിച്ച പ്രശ്നങ്ങളിലും ഭരണഘടനയിലെ തിരിമറികളിലും ആദ്യം പ്രതിഷേധങ്ങളുമായി വന്നത് കാഷ്മീരുകാരനല്ലാത്ത ശ്യാമ പ്രസാദ മുക്കർജിയായിരുന്നു. 370 വകുപ്പു പ്രകാരം കാഷ്മീരിനുവേണ്ടിയുള്ള നിയമങ്ങൾ ദേശീയ താല്പര്യങ്ങൾക്കും കാഷ്മീരിന്റെ പുരോഗതിക്കും തടസമാകുന്നതായിരുന്നു. കാഷ്മീരികൾക്കുള്ള വിദ്യാഭ്യാസം, ആദിവാസികളുടെ നവോദ്ധാനങ്ങൾ, സാമൂഹിക പരിവർത്തനങ്ങൾ, അവരുടെ പുരോഗമനം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് ഭരണഘടന തടസമായി നിൽക്കുന്നു. ഒരു ബംഗാളിയായ ശ്യാമ പ്രസാദ് അനുവാദം കൂടാതെ ജമ്മു കാഷ്മീരിൽ കടക്കുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്തു ജയിലിൽ അടക്കുകയും ചെയ്തു. ജയിലിൽ വെച്ച് മുക്കർജി മരിച്ചനാൾ മുതലാണ് കാഷ്മീരിലെ നിയമാവകാശങ്ങൾ ഇന്ത്യൻ ജനം മനസിലാക്കാൻ തുടങ്ങുന്നത്.


ഇന്ന്, കാഷ്മീർ പ്രശ്നങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തമായ ഒരു ധാരണയുണ്ട്. അവിടുന്നുള്ള അഭയാർത്ഥി പ്രശ്നങ്ങളും വ്യവസായങ്ങളും അമർനാഥ് രഥയാത്രകളും സംബന്ധിച്ചുള്ള കാര്യങ്ങളും ബോധപൂർവമായി ജനങ്ങൾ മനസിലാക്കുകയും ചെയ്യുന്നു. കാഷ്മീർ താഴ്വരകൾ എല്ലായിടവും പ്രശ്ന സങ്കീർണ്ണങ്ങളല്ല. ജമ്മു കാഷ്മീരിലെ 22 ഡിസ്ട്രിക്റ്റുകളിൽ അഞ്ചു ഡിസ്ട്രിക്റ്റുകളിൽ മാത്രമാണ്, പ്രശ്നങ്ങളുള്ളത്. 86 ശതമാനം കാഷ്മീർ പ്രദേശങ്ങളും സമാധാനത്തിൽ തന്നെയാണ് ജീവിക്കുന്നത്. അവിടെയുള്ള ജനങ്ങൾ സമാധാനവും പുരോഗതിയും കാംക്ഷിക്കുന്നു.


1957-ൽ കാഷ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ടു. ആർട്ടിക്കിൾ 370 പ്രകാരം കാഷ്‌മീരിന് പ്രത്യേകമായ ഒരു പദവി നൽകി. കാഷ്‌മീരികളല്ലാത്തവർക്ക് അവിടെ വസ്തു വകകൾ മേടിക്കാൻ പാടില്ലന്നുള്ള നിയമ വ്യവസ്ഥയാണ് എഴുതിയുണ്ടാക്കിയത്.  കാഷ്മീരിന് സ്വന്തമായ കൊടിയും ഭരണഘടനയുമുണ്ട്. ഇന്ത്യൻ ഭരണഘടനയ്‌ക്കോ ഇന്ത്യയിലെ സുപ്രീം കോടതിക്കോ കാഷ്‌മീരിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനാവകാശമില്ല. പ്രതിരോധം, വാർത്താ വിനിമയം, വിദേശ നയം എന്നീ കാര്യങ്ങളിൽ മാത്രമേ ഇന്ത്യയ്ക്ക് കാഷ്മീരിന്റെ മേൽ അധികാരമുള്ളൂ. ഇന്ത്യൻ പാർലമെന്റിൽ പാസാക്കുന്ന നിയമങ്ങൾ പോലും കാഷ്മീരികളെ ബാധിക്കില്ല.


കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ രണ്ടാംതവണയും 1965-ൽ യുദ്ധം പൊട്ടി പുറപ്പെടുകയും 1966 ജനുവരി ഒന്നാം തിയതി താഷ്‌ക്കന്തിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ്‌ഖാനും തമ്മിൽ ഉടമ്പടികൾ ഒപ്പു വെക്കുകയും ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശാസ്ത്രീയുടെ മരണവും യാഹ്യാഖാന്റെ രാഷ്ട്രീയ വളർച്ചയും പരിപൂർണ്ണമായ തീരുമാനങ്ങൾക്ക്  തടസ്സമാവുകയും പ്രശ്നങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയാതെയും വന്നു.


1971-ൽ ഇരുരാജ്യങ്ങളും തമ്മിൽ മൂന്നാമതൊരു യുദ്ധമുണ്ടാവുകയും കിഴക്കേ പാക്കിസ്ഥാൻ, പാക്കിസ്ഥാനിൽ നിന്ന് വേർപിരിയുകയും ബംഗ്ളാദേശ് എന്ന ഒരു പുതിയ രാഷ്ട്രമുണ്ടാവുകയും ചെയ്തു. ഇന്ത്യയിലേക്ക് മില്യൺ കണക്കിന് അഭയാർത്ഥി പ്രവാഹങ്ങളും ആരംഭിച്ചു. പാക്കിസ്ഥാൻ എയർ ഫോഴ്സ് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് ബോംബിട്ടപ്പോഴാണ് ഇന്ത്യ 1971 ഡിസംബർ മൂന്നാംതിയതി പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇന്ത്യൻ പട്ടാളം ഡാക്കയിൽ പ്രവേശിക്കുകയും പാക്കിസ്ഥാൻ പട്ടാളം മൂന്നുദിവസത്തെ യുദ്ധത്തിന് ശേഷം കീഴടങ്ങുകയും ചെയ്തു. പടിഞ്ഞാറേ തീരത്ത് കറാച്ചി തുറമുഖം ഇന്ത്യൻ പട്ടാളം ബ്ലോക്ക് ചെയ്തിരുന്നു. പാക്കിസ്ഥാന്റെ അതിർത്തി ഭേദിച്ച് 50 കിലോമീറ്ററോളം ഉള്ളിലോട്ടു നീങ്ങിയ ഇന്ത്യൻ ആർമി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു. 1972-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ ഭൂട്ടായും തമ്മിൽ സിംല ഉടമ്പടിയിൽ ഒപ്പുവെക്കുകയും താഷ്‌ക്കെന്റിലുള്ള ഉടമ്പടിയെ പുനർ ജീവിപ്പിക്കുകയും ചെയ്തു. അങ്ങനെ പാക്കിസ്ഥാനും ഇന്ത്യയും സമാധാനം കണ്ടെത്താൻ ശ്രമിക്കുകയുമുണ്ടായി.


വടക്കേ കാഷ്‌മീരിൽ ബ്രിട്ടീഷുകാർ തീരുമാനിച്ചിരുന്ന അതിർത്തി ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ല. 1949-ൽ ചൈന കമ്മ്യൂണിസ്റ്റ് ഭരണമായ ശേഷം ലഡാക്കിന്റെ അതിർത്തിയിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിച്ചിരുന്നു. പടിഞ്ഞാറേ ടിബറ്റുമായി പീക്കിങ്ങിന് ബന്ധം സ്ഥാപിക്കാൻ അതിർത്തികളിൽ റോഡുകളും നിർമ്മിക്കാൻ ആരംഭിച്ചു. 1962 ഒക്ടോബറിൽ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടു. ആ യുദ്ധത്തിൽ ചൈന വടക്കു കിഴക്കേ ലഡാക്ക് ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്തു. അന്നുള്ള യുദ്ധത്തിന്റെ കെടുതികൾക്ക് ശമനം വന്നത് 1980-നു ശേഷമാണ്. ചൈനയുമായി ബന്ധം സാധാരണ രീതിയിലെങ്കിലും ലഡാക്കുമായുള്ള അതിർത്തി തർക്കത്തിൽ ഇതുവരെ ഒരു ഒത്തുതീർപ്പുണ്ടായിട്ടില്ല.


കാഷ്‌മീർ പുകയുന്ന പ്രശ്നമായിരുന്നെങ്കിലും ഇന്ത്യയ്ക്കും പാക്കിസ്ഥാനും മറ്റു ആഭ്യന്തര പ്രശ്നങ്ങളുമുണ്ടായിരുന്നു. 1975-ൽ ഇന്ദിരാഗാന്ധി ദേശീയ അടിയന്തിരാവസ്ഥ (എമർജൻസി) പ്രഖ്യാപിച്ചു. എന്നാൽ 1978-ലെ പൊതു തെരഞ്ഞെടുപ്പിൽ അവർ ദയനീയമായി പരാജയപ്പെടുകയുമുണ്ടായി. സുല്ഫക്കാർ ആലി ഭൂട്ടോയുടെ അധികാരം നഷ്ടപ്പെടുകയും 1977-ൽ അദ്ദേഹത്തെ തൂക്കി കൊല്ലുകയും ചെയ്തു. ജനറൽ സിയാ ഉൽ ഹാഖ്‌ പാക്കിസ്ഥാന്റെ ഏകാധിപതിയായി ഭരണ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 


ഇന്ത്യയെപ്പറ്റി 1947 മുതൽ 1965 വരെയുണ്ടായിരുന്ന കാഷ്‌മീരികളുടെ അഭിപ്രായം 1980 ആയപ്പോൾ ഇല്ലാതായി. മിസ്സസ് ഗാന്ധി കാഷ്‌മീരിൽ ഒരു പാവ സർക്കാരിനെ നിയമിച്ചപ്പോൾ മുതൽ കാഷ്‌മീരികളെ കുപിതരാക്കിയിരുന്നു. പാക്കിസ്ഥാനോട് കൂറുള്ള ഒരു വിഭാഗം ജനങ്ങൾ കാഷ്‌മീർ  താഴ്വരകളിൽ ഗൊറില്ല യുദ്ധങ്ങൾക്ക് സന്നാഹങ്ങളൊരുക്കിക്കൊണ്ടിരുന്നു. അവർ കാഷ്മീർ താഴ്വരയിൽ താമസിച്ചിരുന്ന ഹിന്ദുക്കളെ അവിടെനിന്നും ഇന്ത്യൻ ആർമി വരുന്നതിനു മുമ്പ് പലായനം ചെയ്യിപ്പിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ വെടിവെപ്പ് നിത്യം സാധാരണയുമായി. കാഷ്മീർ മുഴുവനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്നു.


1948-ൽ സ്വയം നിർണ്ണയ അവകാശത്തിനായി ഒരുങ്ങിയ ഇന്ത്യ 1990 ആയപ്പോൾ അത്തരം ഒരു തീരുമാനത്തെ ഒളിപ്പിച്ചു വെച്ചുകൊണ്ട് സിംല ഉടമ്പടിയെ മുറുകെ പിടിച്ചു. കാഷ്മീർ പ്രശ്നത്തിൽ മൂന്നാമതൊരു പാർട്ടിയുടെയും രാജ്യത്തിന്റെയും തീരുമാനം ആവശ്യമില്ലെന്നുള്ള നിഗമനത്തിൽ എത്തുകയും ചെയ്തു. 1998 മെയിൽ ഇന്ത്യയും പാക്കിസ്ഥാനും ന്യുക്‌ളീയർ ബോംബുകൾ ടെസ്റ്റ് ചെയ്തു. ഇന്ത്യയുടെ അഗ്നി രണ്ട് പരീക്ഷണങ്ങൾ നടന്നശേഷം ഒരാഴ്ച കഴിഞ്ഞു പാക്കിസ്ഥാൻ ഗൗരി 2 മിസൈൽ ന്യൂക്ലിയർ ബോംബുകൾ ടെസ്റ്റ് ചെയ്തു. ന്യൂക്ലിയർ ബോംബുകൾ പാക്കിസ്ഥാന്റെ സ്വയം നിർമ്മിത ബോംബുകളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 1999 ജൂലയിൽ നോർത്ത് കൊറിയയിൽ നിന്ന് പാക്കിസ്ഥാന്റെ ന്യൂക്ലിയർ ബോംബുകളുടെ ഘടക വസ്തുക്കൾ ഇന്ത്യൻ ഏജന്റ്സ് കണ്ടു കെട്ടിയിരുന്നു.


1999 ഫെബ്രുവരി ഇരുപതാം തിയതി വാജ്‌പേയി പ്രധാന മന്ത്രിയായിരുന്ന കാലത്ത് ലാഹോറുമായി ഒരു ബസ് സർവീസ് ആരംഭിച്ചിരുന്നു. ആഴ്ചയിൽ നാല് ദിവസമുള്ള ദൽഹി ലാഹോർ ബസ് രണ്ടു രാജ്യങ്ങളുമായി സൗഹാർദ്ദത്തിന് വഴിയൊരുക്കുമെന്ന് ലോകം മുഴുവൻ കരുതി. കാഷ്മീർ  പ്രശ്നത്തിന് ഒരു പരിഹാരം കാണുമെന്ന് വിചാരിച്ചു. എന്നാൽ 1999-ൽ കാർഗിൽ യുദ്ധം തുടങ്ങിയതിൽ പിന്നീട് ടെൻഷൻ വീണ്ടും വർദ്ധിച്ചു. 1999--ൽ വേനൽക്കാലത്തു കാർഗിൽ എത്തിയ ഇന്ത്യൻ പട്ടാളക്കാർ കണ്ടത് അവർ തണുപ്പുകാലത്തിനു മുമ്പ് താമസിച്ചിരുന്ന കുന്നിൻ സ്ഥലങ്ങൾ മുഴുവൻ പാക്കിസ്ഥാൻ പട്ടാളം കയ്യടക്കി വെച്ചിരിക്കുന്നതായിരുന്നു. നുഴഞ്ഞു കയറ്റക്കാർക്ക് പരിശീലനം കൊടുത്തിരുന്നത് പാക്കിസ്ഥാൻ പട്ടാളമായിരുന്നു. പാക്കിസ്ഥാൻ ഗവർമെന്റിന്റ മുഴുവൻ അറിവോടെയായിരുന്ന കാർഗിൽ ഇവർ കയ്യേറിയിരുന്നത്. അഫ്‌ഗാനിസ്ഥാനിലും മറ്റു വിദേശത്തു നിന്നുമുള്ള തീവ്ര വാദികളും കയ്യേറ്റക്കാരോടൊപ്പം കാർഗിലുണ്ടായിരുന്നു. പാക്കിസ്ഥാൻ അവരെ സ്വാതന്ത്ര്യ പടയാളികളെന്നും വിളിച്ചു. കാഷ്മീർ ഭീകരരായ ഇവർക്ക് എല്ലാവിധ പിന്തുണകളും പാക്കിസ്ഥാൻ നൽകിയിരുന്നു. ഇന്ത്യ ജെറ്റ് വിമാനങ്ങളയച്ചു അവരെ വെടിവെച്ച് വീഴ്ത്താനും തുടങ്ങി. 1999 ജൂലൈ നാലാം തിയതി നവാസ് ഷെരിഫ് അമേരിക്കയിൽ ബിൽ ക്ലിന്റനുമായി അഭിമുഖ സംഭാഷണം നടത്തിയശേഷമാണ് യുദ്ധം അവസാനിച്ചത്. അതിനുള്ളിൽ ജൂലൈ നാലാം തിയതി ഇന്ത്യൻ പട്ടാളം ഭൂരിഭാഗവും തീവ്ര വാദികൾ കുടിയേറിയ സ്ഥലങ്ങൾ വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഉഭയ സമ്മത പ്രകാരം തീരുമാനങ്ങൾ എടുക്കണമെന്നും അതിൽ അമേരിക്ക ഇടപെടില്ലെന്നും അറിയിച്ചു. ആ മാസം തന്നെ പാക്കിസ്ഥാൻ പട്ടാളത്തെ പിൻവലിച്ചിരുന്നു. കാർഗിൽ യുദ്ധത്തിൽ ഏകദേശം 500 പട്ടാളക്കാരോളം ഇന്ത്യക്ക് നഷ്ടപ്പെട്ടു. അതിന്റെ ഇരട്ടി നുഴഞ്ഞു കയറ്റക്കാരും കൊല്ലപ്പെട്ടു. യുദ്ധം പോലുള്ള സ്ഥിതി വിശേഷമായിരുന്നെങ്കിലും ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചില്ലായിരുന്നു. അങ്ങനെ ഇന്ത്യയുടെ ഭൂമിയിൽ തന്നെ ഇന്ത്യയ്ക്ക് പട്ടാളക്കാരെ നഷ്ടപ്പെടുത്തേണ്ടി വന്നു. പാക്കിസ്ഥാന്റെ രാജ്യാതിർത്തി കടന്നുള്ള യുദ്ധം വേണ്ടെന്നും ഇന്ത്യ തീരുമാനിച്ചു. 


പടിഞ്ഞാറേ അതിർത്തിയിലുള്ള കാർഗിൽ എക്കാലവും രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ ഭൂപ്രദേശങ്ങളായിരുന്നു. എങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇരുകൂട്ടരും അതിർത്തികളിൽ പതിയെ പതിയെ  സമാധാനത്തിന് ശ്രമിക്കുന്നുണ്ടായിരുന്നു. അതിർത്തിയിലെ പ്രശ്നങ്ങൾക്ക് ശാന്തത കൈവരുവാനും തുടങ്ങി. ഇന്ത്യയും പാക്കിസ്ഥാനും പരസ്പ്പരം സൗഹാർദ്ദ ബന്ധം സ്ഥാപിക്കാൻ തുടങ്ങി. രാജ്യങ്ങൾ തമ്മിൽ പരസ്പ്പര ധാരണയിന്മേൽ സഹകരിക്കാനും തുടങ്ങി. 2005-ൽ ശ്രീനഗറും മുസർഫർബാദും തമ്മിൽ അതിർത്തിയിൽ ബസ്' സർവീസ് വീണ്ടും പുനരാരംഭിച്ചു. അതിനടുത്ത വർഷം ഭൂമി കുലുക്കമുണ്ടായപ്പോൾ രണ്ടു രാജ്യങ്ങളും തമ്മിൽ പരസ്പ്പരം സഹായിക്കുകയും ചെയ്തു. അതിർത്തി കടന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇരുരാജ്യങ്ങളും ട്രക്കുകൾ പോവാൻ അനുവദിച്ചിരുന്നു. കൂടാതെ 2008-ൽ വാണിജ്യ ബന്ധങ്ങളും ആരംഭിച്ചു. 1947-നു ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കച്ചവട ബന്ധങ്ങൾ സ്ഥാപിച്ചത്. കാഷ്‌മീരിൽ ഉത്ഭാദിപ്പിക്കുന്ന സാധനങ്ങൾ ശ്രീ നഗറിലും മുസഫർ ബാദിലും റാവൽകോട്ടിലും പുഞ്ചിലും എത്തിച്ചിരുന്നു. 


കാഷ്മീർ താഴ്വരകളിൽ നമ്മുടെ പട്ടാളക്കാർ ശത്രുക്കളുടെ വെടിയുണ്ടകളേറ്റു മരിക്കുന്ന സമയം, നാം അവരെ സ്മരിക്കാറുണ്ട്. ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടിയ 1947 മുതൽ കാഷ്മീർ പ്രശ്‍നം തുടങ്ങിയതാണ്. ഒരു പട്ടാളക്കാരന്റെ ജീവിതം എന്നും ദുരിതം നിറഞ്ഞതായിരിക്കും. ലോകം ഉറങ്ങുമ്പോൾ അവൻ മഞ്ഞും വെയിലുമില്ലാതെ രാത്രിയും പകലും വ്യത്യാസമില്ലാതെ ജാഗരൂകനായി അതിർത്തി കാത്തുകൊണ്ടിരിക്കണം. നാളിതുവരെ നമ്മുടെ ജനാധിപത്യം കാത്തു സൂക്ഷിക്കാനുള്ള കാരണം രാഷ്ട്രീയക്കാരോ, ഫ്യൂഡൽ വ്യവസ്ഥിതിയോ, ക്യാപിറ്റലിസമോ സോഷ്യലിസമോ അല്ല. അതിന് കാരണം, അതിർത്തി കാത്തു സൂക്ഷിക്കുന്ന പട്ടാളക്കാരനാണ്. ഒരു ഏകാധിപത്യ രാജ്യത്ത് സ്വതന്ത്രമായ പത്രപ്രവർത്തനം സാധിക്കില്ല. ഇന്ത്യ പത്രപ്രവർത്തന സ്വാതന്ത്ര്യം അനുഭവിക്കുന്ന കാരണവും നമ്മുടെ പട്ടാളം തന്നെയാണ്. ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യവും നാളിതുവരെ ഭാരതമണ്ണിൽ മുഴങ്ങി കേൾക്കാൻ കാരണവും രാഷ്ട്രീയക്കാരല്ല അതിർത്തി കാക്കുന്ന പട്ടാളത്തിന്റെ കഴിവാണ്. പുലർകാലേ അവൻ ഭാരതത്തിന്റെ ദേശീയ പതാകയെ സല്യൂട്ട് ചെയ്യുന്നു. പതാകയെ വന്ദിച്ചുകൊണ്ടു രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നു. രണഭൂമിയിൽ വീഴുന്ന അവന്റെ മൃതശരീരം പതാകയിൽ പൊതിയുന്നു. പുൽഹാരിയിലും നാൽപ്പതു പട്ടാളക്കാരുടെ ജീവൻ പൊലിഞ്ഞു. ജീവൻ ബലിയർപ്പിച്ച ഓരോ പട്ടാളക്കാരനും ഒരു വലിയ 'സല്യൂട്ട്' അർപ്പിക്കട്ടെ. രാജ്യം നന്ദിയോടെ അവരെ ഓർമ്മിക്കുന്നുമുണ്ട്. നമുക്കുവേണ്ടത് യുദ്ധമല്ല. യുദ്ധമില്ലാത്ത ലോകവും സമാധാനവുമാണ്. അതിർത്തിക്കപ്പുറത്തുള്ളവനും വെടിയേൽക്കുന്നു. അവനും അവന്റെ രാജധർമ്മം ചെയ്യുന്നു.  







Hari Singh in 1944



Vajpey to Lahore Bus


Tuesday, February 19, 2019

ട്രംപിന്റെ നികുതി പരിഷ്ക്കരണം: പാവങ്ങള്‍ക്കോ പണക്കാര്‍ക്കോ ഗുണം?


ജോസഫ് പടന്നമാക്കൽ

ലോകമൊന്നാകെ അവലോകനം ചെയ്യുമ്പോൾ ചില രാജ്യങ്ങളിലുള്ള ജനങ്ങൾക്ക് നികുതി കൊടുക്കേണ്ടതില്ല. ബെർമുഡ, മൊണോക്കോ, ബഹാമാസ്, അംഡോറാ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവടങ്ങളിലുള്ള ജനങ്ങൾ തങ്ങളുടെ രാജ്യങ്ങളിൽ നികുതി കൊടുക്കുന്നില്ല.  നികുതിയില്ലെങ്കിലും അവിടുത്തെ ജനങ്ങൾ വളരെ സന്തോഷപൂർവം ജീവിക്കുന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച 2018 ലെ നികുതി നിയമങ്ങൾ  എത്രമാത്രം ലളിതമാക്കാമോ അത്രയും ലളിതമാക്കണമെന്ന ഉദ്ദേശമായിരുന്നു നികുതി പരിഷ്ക്കരണത്തിൽക്കൂടി ഉദ്ദേശിച്ചിരുന്നത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ രണ്ടിരട്ടി വർദ്ധിപ്പിച്ചതോടെ ടാക്സ് ഫോം പൂരിപ്പിക്കുന്നത് ഒന്നുകൂടി ലളിതമാവുകയും ചെയ്തു. ചരിത്രത്തിന് എന്നും അതിന്റേതായ പ്രാധാന്യമുണ്ട്. നികുതി പരിഷ്‌ക്കാരങ്ങൾ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു.   നികുതിയുടെ വ്യതിയാനങ്ങൾ കൂടെക്കൂടെ ശ്രദ്ധിക്കുന്നത് ഗുണപ്രദമായിരിക്കും. അതനുസരിച്ച് നിക്ഷേപങ്ങൾ നടത്താൻ സാധിക്കുന്നു. ഫെഡറൽ വ്യവസ്ഥയിലുള്ള ഇൻകം ടാക്‌സിന്റെ  മാറ്റങ്ങൾ നമ്മുടെ  നിക്ഷേപ പദ്ധതികളെ (ഇൻവെസ്റ്റ്മെന്റ്) ബാധിക്കും.  നാം വസിക്കുന്ന സ്വന്തം വീടിന്റെ വിലയേയും ബാധിക്കും.

2018 ഡിസംബർ 22 ന് ചരിത്രപ്രസിദ്ധമായ ടാക്സ് ബില്ല് പ്രസിഡന്റ് ട്രംപ് ഒപ്പിട്ടിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ നടന്ന പരിവർത്തനാത്മകമായ ഒരു നികുതി പരിഷ്ക്കരണമായിരുന്നു ഈ  ബില്ല്. പരിഷ്‌ക്കരിച്ച നികുതികളുടെ അടിസ്ഥാനത്തിൽ ടാക്സ് ബ്രാക്കറ്റുകൾ പരിശോധിച്ചാൽ നികുതി വളരെ കുറവാണെന്നു കാണാം. ഉദാഹരണമായി  ഭാര്യയും ഭർത്താവുമടങ്ങിയ 2017-ലെ ഇൻകം ടാക്സ് ബ്രാക്കറ്റുകൾ പരിശോധിക്കുക. $19,400,$78950,$168,400 $321,450, $408,200 എന്നിങ്ങനെ ടാക്സ് ബ്രാക്കറ്റുള്ളവർ യഥാക്രമം നികുതി കൊടുക്കേണ്ടിയിരുന്നത് 10%,15%,25%,28%,33%,37% നിരക്കിലായിരുന്നു. പുതിയ ടാക്സ് പരിഷ്ക്കരണത്തിൽ 10%,12%,22%,24%,32%,35% എന്നീ നിരക്കിൽ ടാക്സ് നിരക്കുകൾ  കുറഞ്ഞിരിക്കുന്നതായി കാണാം. കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിലെ നികുതി രൂപാന്തരീകരണത്തിൽ ട്രംപിന്റെ 2018-ൽ പാസാക്കിയ റവന്യൂ ആക്റ്റ് പ്രകാരമുള്ള പരിഷ്‌ക്കാരങ്ങൾ ചരിത്രപരമാണ്‌. ആഡംബരമേറിയ വീടുകളും അമിത പ്രോപ്പർട്ടി ടാക്‌സും കൊടുക്കുന്നവർക്ക് 2018 -ൽ പാസാക്കിയ നിയമങ്ങൾ ഗുണപ്രദമായിരിക്കില്ല. കാര്യമായ മെഡിക്കൽ ചെലവുകളില്ലാത്തവർക്കും ധർമ്മ സ്‌ഥാപനങ്ങൾക്ക് കൈ നിറയെ പണം വാരി കൊടുക്കാത്തവർക്കും പ്രൊഫഷണൽ ചെലവുകൾ അധികമില്ലാത്തവർക്കും പുതിയ നികുതി നയങ്ങൾ ഗുണപ്രദമായേക്കാം. അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങൾക്ക്' പുതിയ നിയമപ്രകാരം അധിക നികുതി കൊടുക്കേണ്ടി വരും. എങ്കിലും ഓരോരുത്തർക്കും 500 ഡോളർ ക്രെഡിറ്റ് അനുവദിച്ചിട്ടുണ്ട്. 2017-ൽ കിഴിക്കാമായിരുന്ന വ്യക്തിഗത അലവൻസായിരുന്ന (പേഴ്സണൽ അലവൻസ്) '4050 ഡോളർ' 2018-ലെ നികുതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

അമേരിക്കൻ ഐക്യനാടുകളുടെ ഫെഡറൽ ഇൻകം ടാക്സ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് 1913 മുതൽ 2019 വരെയുള്ള കാലഘട്ടങ്ങളിലാണ്. 1913-ൽ ഭരണഘടന പതിനാറാം പരിഷ്‌ക്കരണ ഭേദഗതി വരുത്തി (അമെൻഡ്മെന്റ്) ഫെഡറൽ ഇൻകം ടാക്സ് നടപ്പാക്കുന്നതിനുള്ള ഔപചാരിക അംഗീകാരം നൽകി. 1913-ൽ നടപ്പാക്കിയ നികുതി ഇന്നുള്ള നികുതി സമ്പ്രദായവുമായി യാതൊരു സാമ്യവുമില്ല. ഇന്നു നാം കാണുന്ന ടാക്സ് വ്യവസ്ഥകൾ ഓരോ കാലഘട്ടത്തിൽക്കൂടി പരിവർത്തനങ്ങളിൽക്കൂടി മെനഞ്ഞെടുത്തതാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും സർക്കാരിന് വരുമാനം ഉണ്ടാക്കാനും കാലത്തിനനുസരിച്ച് ടാക്സ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. 1913-ൽ  അഞ്ചുലക്ഷം ഡോളറിൽ കൂടുതൽ വരുമാനമുള്ളവരിൽ നിന്നും ഏഴുശതമാനം നികുതി ചുമത്തിയിരുന്നു. അതായിരുന്നു അന്നത്തെ ഏറ്റവും കൂടിയ ടാക്സ് ബ്രാക്കറ്റ്. ഇന്ന് ആ തുക 11 മില്യൺ ഡോളറിനു തുല്യമായി കണക്കാക്കാം. അന്നുണ്ടായിരുന്ന താണ നികുതി നിരക്ക് ഒരു ശതമാനമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ്സ് 1916-ൽ റവന്യൂ ആക്റ്റ് പാസ്സാക്കി. പിന്നീട് 1917-ൽ യുദ്ധത്തിനുള്ള ഫണ്ടിനായും റെവന്യൂ ആക്ട് പുതുക്കിയിരുന്നു. യുദ്ധം വളരെയേറെ ചെലവ് കൂടിയതായിരുന്നതുകൊണ്ട് സർക്കാരിന് സാമ്പത്തിക ഭാരം താങ്ങാൻ സാധിക്കുമായിരുന്നില്ല. 1916-ൽ' പരമാവധി നികുതി നിരക്ക് പതിനഞ്ചു ശതമാനത്തിൽ നിന്നും 67 ശതമാനമായും 1917-ൽ 77 ശതമാനമായും വർദ്ധിപ്പിച്ചു. യുദ്ധകാല ശേഷം 1920 മുതൽ ടാക്സ് നിയമങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. 1925 മുതൽ 1931 വരെ നികുതി നിരക്ക് 25 ശതമാനമായി കുറച്ചിരുന്നു. 1932-ൽ രാജ്യം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ (ഡിപ്രെഷൻ)അടിമപ്പെട്ടപ്പോൾ വീണ്ടും 25 ശതമാനത്തിൽ നിന്ന് പരമാവധി 63 ശതമാനമായി നികുതി വർദ്ധിപ്പിക്കേണ്ടി വന്നു. 1944-45-കളിൽ രണ്ടുലക്ഷം ഡോളറിൽ കൂടുതൽ വരുമാനമുണ്ടായിരുന്നവർക്ക് 94% നികുതി കൊടുക്കണമായിരുന്നു. വിലപ്പെരുപ്പത്തിന്റെ അനുപാതത്തിൽ ആ തുകയെ ഇന്ന് മാനദണ്ഡമാക്കുകയാണെങ്കിൽ രണ്ടര മില്യൺ ഡോളറിനു തുല്യമാകും.

രണ്ടാം ലോക മഹായുദ്ധ കാലങ്ങളിൽ നികുതി പരിഷ്‌ക്കാരങ്ങൾ കോൺഗ്രസ്സ് പാസ്സാക്കിയിരുന്നു. അന്നുവരെ മൊത്തം ജനസംഖ്യയിൽ ഏഴു ശതമാനം ജനങ്ങൾ നികുതി കൊടുത്തിരുന്നത് 1940-1944 കാലഘട്ടത്തിൽ 64 ശതമാനമായി വർദ്ധിച്ചു. പിന്നീടുള്ള മൂന്നു പതിറ്റാണ്ടുകളും നികുതി നിരക്ക് വളരെയധികമായി തുടർന്നു. 1950, 1960, 1970 വർഷങ്ങളിൽ കൂടിയ നികുതി നിരക്ക് 70 ശതമാനത്തിൽ നിന്നും ഒരിക്കലും കുറഞ്ഞിരുന്നില്ല. 1981-ലെ ഇക്കണോമിക് റിക്കവറി ആക്ട് പ്രകാരം 70 ശതമാനത്തിൽ നിന്നും 50 ശതമാനമായി കുറച്ചു. 1988-ൽ അധികം തട്ടി കിഴിക്കാതെ, ഡിഡക്ഷൻസ് അനുവദിക്കാതെ 28 ശതമാനമാക്കി നികുതി നിരക്ക് കുറച്ചു. എങ്കിലും സർക്കാരിന്റ റെവന്യുവിന് കാര്യമായ മാറ്റങ്ങളൊന്നും വന്നില്ല. ഇരുപത്തിയെട്ടു ശതമാനത്തിൽനിന്നും നികുതി ഇനി വർദ്ധിപ്പിക്കില്ലെന്ന്  നികുതി നിർമ്മാണക്കാർ അന്ന് വാഗ്ദാനം ചെയ്‌തെങ്കിലും വീണ്ടും മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ നികുതി കൂട്ടേണ്ടി വന്നു. 1990-ൽ കൂടിയ നികുതി നിരക്ക് 39.6 ആക്കി. എങ്കിലും 2001-ൽ പാസ്സാക്കിയ റവന്യു ആക്ട് പ്രകാരം 2003 മുതൽ 2010 വരെ കൂടിയ നികുതി നിരക്ക് 35 ശതമാനമാക്കി. തൊഴിലില്ലായ്മ പരിഹരിക്കാനായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. 2012 വരെ ഈ നികുതി നിരക്ക് തുടർന്നു. 2012-ൽ വീണ്ടും കൂടിയ നികുതി നിരക്ക് 39.6 ശതമാനമാക്കി. കൂടാതെ 'അഫൊർഡബിൾ കെയർ ആക്ട്' നിയമപ്രകാരം 3.8 ശതമാനം കൂടി ടാക്സ് കൂട്ടി മൊത്തം 43.4 ശതമാനമായി വർദ്ധിപ്പിച്ചു. എന്നാൽ 2018 മുതൽ രാജ്യത്തിന്റെ പരമാവധി നികുതി 37 ശതമാനമാക്കി. അധിക നികുതിയായ 3.8 ശതമാനമുൾപ്പടെ ഇന്ന് പരമാവധി  നികുതി നിരക്ക് 40.8 ശതമാനമാണ്.

ഭാര്യയും ഭർത്താവും സഹകരിച്ചുകൊണ്ട് ഒന്നിച്ചു ടാക്സ് ഫയൽ ചെയ്യുന്നുവെങ്കിൽ വരുമാനത്തിൽ നിന്നും കുറക്കാവുന്ന അനുവദനീയമായ ആനുകൂല്യം (സ്റ്റാൻഡേർഡ് ഡിഡക്ഷൻ) 24000 ഡോളറായിരിക്കും. ഒരു വ്യക്തി മാത്രം ടാക്സ് ഫയൽ ചെയ്യുന്ന പക്ഷം സ്റ്റാൻഡേർഡ് ഡിഡക്ഷൻ 12700 ഡോളറുമായിരിക്കും. സ്റ്റേറ്റിന് കൊടുക്കുന്ന വിൽപ്പന നികുതി, വാഹന നികുതി, വസ്തു നികുതി എല്ലാംകൂടി ഉൾപ്പെടുത്തി ഫെഡറലിനു ഫയൽ ചെയ്യുമ്പോൾ കുറക്കാവുന്നത് 10000 ഡോളർ എന്ന് ക്ലിപ്‌തപ്പെടുത്തിയിരിക്കുന്നതിനാൽ വളരെ കുറച്ചുപേർ മാത്രം ഐറ്റമൈസ്‌ ചെയ്യുന്നു. ഐറ്റമൈസ്‌ ചെയ്തു കൂടുതൽ 'റീഫണ്ട്' മേടിക്കാനായുള്ള പഴുത് ചാരിറ്റബിൾ പ്രസ്ഥാനങ്ങൾക്ക് ഡൊണേഷൻ നൽകുകയെന്നതാണ്. തന്മൂലം ധാർമ്മിക സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാനും നികുതിദായകർ ഉത്സാഹം പ്രകടിപ്പിക്കും. ധാർമ്മിക, കാരുണ്യ ചാരിറ്റികൾക്ക് പണം ദാനം ചെയ്യുന്നത് സാമൂഹിക പ്രതിപത്തികൊണ്ടാണെങ്കിലും കൂടുതലും പേരും ചിന്തിക്കുന്നത് നികുതിയിലുള്ള ലാഭേച്ഛ തന്നെയാണ്. 2018-ൽ നടപ്പാക്കിയ നികുതി പരിഷ്‌ക്കാരത്തിനു മുമ്പ് ഏകദേശം 30 ശതമാനം നികുതിദായകർ ടാക്സ് ഫയൽ ചെയ്യുമ്പോൾ ഐറ്റമൈസ്‌ ചെയ്തിരുന്നു. എന്നാൽ പുതുക്കിയ നികുതി വ്യവസ്ഥയിൽ അഞ്ചു ശതമാനം താഴെ മാത്രമേ ഐറ്റമൈസ്‌ ചെയ്യുന്നവർ കാണുകയുള്ളൂ. എന്നിരുന്നാലും ധാർമ്മികവും കാരുണ്യപരവുമായ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന നികുതിമൂലം വലിയൊരു വിഭാഗം ജനങ്ങൾക്ക് നികുതിയിൽ ലാഭം വരുത്തുവാൻ സാധിക്കും.

2017-ൽ  ചൈൽഡ് ടാക്സ് ക്രെഡിറ്റ് 1000 ഡോളർ എന്നതിൽ നിന്നും 2018-ൽ 2000  ഡോളർ ആക്കി മാറ്റി. അതുപോലെ സഹോദരങ്ങളോ, ബന്ധുക്കളോ, മറ്റു ആശ്രിതരോ കൂടെ താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് 500 ഡോളർ വീതം ക്രെഡിറ്റ് ലഭിക്കും. 2017-ൽ ആശ്രിതരായ വ്യക്തികൾക്ക് (dependent) 4500 ഡോളർ നികുതിയിനത്തിൽ കിഴിക്കാമായിരുന്നു. 2018-ൽ അത് വീണ്ടും വർദ്ധിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. വസ്‌തുവകകളുടെ (പ്രോപ്പർട്ടി) നികുതി 10000 ഡോളറായി ക്ലിപ്തപ്പെടുത്തിതും ഐറ്റമൈസ്‌ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞകാലങ്ങളിൽ പ്രോപ്പർട്ടി ടാക്‌സും മറ്റു നികുതികളും മുഴുവനായി വരുമാനത്തിൽ നിന്നും കുറച്ചു അറ്റ വരുമാനത്തിന്റെ നികുതി കൊടുത്താൽ മതിയായിരുന്നു. ബിസിനസ്സ് തലങ്ങളിലും പുതിയ ബില്ലിൽ മാറ്റം വരുത്തിയിട്ടുണ്ട്. പങ്കാളിത്ത വ്യാപാരം, (പാർട്ണർഷിപ്പ്) ഏകാങ്ക വ്യാപാരം (സോൾ ട്രേഡിങ്) എസ് കോർപ്പറേഷൻ വ്യവസായ സ്ഥാപനങ്ങൾക്ക് കൊടുത്തിരുന്ന 21 ശതമാനം നികുതി പരിഷ്‌ക്കരിച്ച 2018-ലെ നികുതി സംവിധാനത്തിൽ 20 ശതമാനമാക്കി. വിവാഹ മോചനം നേടിയവർ 2020-ൽ ടാക്സ് ഫയൽ ചെയ്യുമ്പോൾ 2019-ൽ കൊടുത്ത അലിമോണി കിഴിക്കാൻ  സാധിക്കില്ല. കഴിഞ്ഞ കാലങ്ങളിൽ അലിമോണി ലഭിക്കുന്നവർ അലിമോണിയെ ഇൻകം ആയി കണക്കാക്കുകയും കൊടുക്കുന്നവർ വരുമാനത്തിൽ നിന്നും കുറക്കുകയും ചെയ്തിരുന്നു. ഒബാമ കെയർ അനുസരിച്ച് ആരോഗ്യ സുരക്ഷതാ പദ്ധതിയിൽ  (ഹെൽത്ത് ഇൻഷുറൻസ്) ചേരാത്തവർക്കുണ്ടായിരുന്ന പിഴ (പെനാൽറ്റി) എടുത്തു കളഞ്ഞു.

2018-ൽ പ്രസിഡന്റ് ട്രംപ് ഒപ്പിട്ട നികുതി നിയമം വീട്ടുടമകളായ നികുതി ദായകർക്ക് ഗുണപ്രദമല്ല.  പുതിയ നികുതി നിയമം വീടുകളുടെ വിലയെ ബാധിക്കുമോയെന്നുള്ള ആശങ്കകളുമുണ്ട്. 2018 മുതൽ  ഭാര്യ ഭർത്താക്കന്മാർ ഒന്നിച്ച് ടാക്സ് ഫയൽ ചെയ്യുന്നുവെങ്കിൽ ഏഴുലക്ഷത്തി അമ്പതിനായിരം വരെ വിലയുള്ള വീടുകൾക്കു മാത്രമേ ഭൂപണയ പലിശ (മോർട്ട്ഗേജ്) കാണിക്കാൻ സാധിക്കുള്ളൂ. വിവാഹിതരായവർ രണ്ടായി ഫയൽ ചെയ്യുന്നുവെങ്കിൽ വീടിന്റെ പരമാവധി വില $375,000-ത്തിൽ കൂടാൻ പാടില്ല. അത് 2017-ൽ അഞ്ചുലക്ഷമായിരുന്നു. 2017-ൽ ടാക്സ് കിഴിക്കാനായി വീടിന്റെ വിലയുടെ നിയന്ത്രണം പരമാവധി ഒരു മില്യൺ ഡോളറായിരുന്നു. 2017-ലെ ടാക്സ് ഫോമിൽ വീടുള്ളവർക്ക് പ്രോപ്പർട്ടി ടാക്സ് മുഴുവനായി ഐറ്റമായിസ് ചെയ്ത് ഫെഡറിൽ നികുതി ലാഭിക്കാമായിരുന്നു. എന്നാൽ പുതിയ ഫെഡറൽ സംവിധാനത്തിൽ പ്രോപ്പർട്ടി ടാക്‌സിന് പരിധി പതിനായിരം ഡോളറായി നിശ്ചയിച്ചിരിക്കുന്നു. ന്യൂയോർക്ക്, ന്യൂജേഴ്‌സി, മെരിലാൻഡ്, കാലിഫോർണിയ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന വീട്ടുടമകൾ ശരാശരി  പതിനാലായിരം ഡോളർ മുതൽ പ്രോപ്പർട്ടി ടാക്സ് കൊടുക്കുന്നുണ്ട്. 2018-ന്റെ പ്രോപ്പർട്ടി ടാക്സ് 2017-ലെ നികുതിയോടൊപ്പം ഫയൽ ചെയ്യാമെന്നുള്ള ഒരു നിയമം വന്നിരുന്നു. എന്നാൽ 2018-ൽ മുൻ‌കൂർ പണം അടച്ച ചിലരെ ഈ നിയമം നിരാശപ്പെടുത്തിയിരുന്നു. 2018ലെ നികുതി അസസ്‌ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ 2017 നികുതിയോടൊപ്പം 2018-ലെ പ്രോപ്പർട്ടി ടാക്സ് കാണിക്കാൻ സാധിക്കൂവെന്നായിരുന്നു ഗവണ്മെന്റിന്റെ നോട്ടിഫിക്കേഷൻ. ഇത് പലർക്കും തെറ്റിധാരണയ്ക്ക് കാരണമാവുകയും ചെയ്തു.

ഭൂരിഭാഗം അമേരിക്കക്കാരും ഏഴുലക്ഷത്തി അമ്പതിനായിരം ഡോളർ വിലയിൽ താണ വീടുകളിലാണ് താമസിക്കുന്നത്. അങ്ങനെയുള്ള വീടുകൾ സ്വന്തമായിട്ടുള്ളവർക്ക് ടാക്സ് നിയമം അധികം ബാധകമായിരിക്കില്ല. എങ്കിലും തീരപ്രദേശങ്ങളിൽ ആഡംബര വീടുകളിൽ താമസിക്കുന്നവരെ നിയമം ബാധിക്കും. മോഡറേറ്റ് വീടുകളിൽ താമസിക്കുന്നവർ മെച്ചമായ ജീവിത നിലവാരം പുലർത്തുമ്പോൾ മില്യൺ ഡോളറോ അതിൽക്കൂടുതലോ വിലമതിക്കുന്ന വീടുകൾ വാങ്ങിക്കാൻ പലരും അമാന്തിക്കും. നികുതി ഭാരംകൊണ്ട് മാർക്കറ്റിൽ ആഡംബര വീടുകൾ വിൽക്കാനുള്ളവർ കൂടുകയും വാങ്ങാനുള്ളവർ കുറയുകയും ചെയ്യും. അതുമൂലം ആഡംബര വീടുകളുടെ മാർക്കറ്റും ഇടിയാൻ സാധ്യതയുണ്ട്. വിലകൂടിയ വീടുകളിൽ താമസിക്കുന്നവർ മീഡിയം വീടുകളിൽ താമസിക്കാൻ ശ്രമിക്കുകയും മീഡിയം വീടുകൾക്ക് അങ്ങനെ ഡിമാൻഡ് കൂടുകയും ചെയ്യുന്നു. സപ്ലൈ കുറയുമ്പോൾ ഡിമാൻഡ് കൂടുകയും ചെയ്യും.

സ്റ്റേറ്റ് ടാക്‌സും മോർട്ഗേജും   എല്ലാ വീട്ടുടമകളെയും നേരിട്ട് ബാധിക്കണമെന്നില്ല. വീടിനുള്ള നികുതി ചെലവുകൾ ഒരുപോലെയുമായിരിക്കാം. സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഇരട്ടിയാക്കിയതുകൊണ്ട്  ഒരു വ്യക്തിക്ക് 12000 ഡോളറും  കുടുംബത്തിന് 24000 ഡോളറും  2018-ലെ വരുമാനത്തിൽ നിന്നും കുറക്കാൻ സാധിക്കുന്നു. കുടുംബമായി താമസിക്കുന്ന നിരവധി നികുതി ദായകർക്ക് ഐറ്റമൈസ്‌ ചെയ്യുന്നതുകൊണ്ടുള്ള ഗുണം കിട്ടില്ലെങ്കിലും വർദ്ധിപ്പിച്ച സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടുതൽ പ്രയോജനപ്രദമായിരിക്കും. ദേശീയ കണക്കനുസരിച്ച് പതിനാലു ശതമാനം വീടുകൾ മാത്രമേ പതിനായിരം ഡോളറിൽ കൂടുതൽ ടാക്സ് കൊടുക്കുന്നുള്ളു. വീടുള്ള എൺപതു ശതമാനം ഉടമകൾക്കും ഐറ്റമയ്‌സിനേക്കാൾ ലാഭകരം സ്റ്റാൻഡേർഡ് ഡിഡക്ഷൻ തന്നെയായിരിക്കും. പുതിയ ടാക്സ് നിയമത്തിൽ വീടിന്റെ വിൽപ്പനയിലുണ്ടാകുന്ന മൂലധന ലാഭത്തിന് (ക്യാപിറ്റൽ ഗെയിൻ) രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളർ വരെയും ഭാര്യയും ഭർത്താവും ഒന്നിച്ച് ടാക്സ് ഫയൽ ചെയ്യുന്നുവെങ്കിൽ അഞ്ചുലക്ഷം ഡോളർ വരെയും നികുതി കൊടുക്കേണ്ട. അഞ്ചു വർഷമെങ്കിലും വീടിന്റ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്ന് മാത്രം

 ടാക്സ് ഫയലിൽ സ്റ്റാൻഡേർഡ് ഡിഡക്ഷനിൽക്കൂടിയോ ഐറ്റമയ്‌സ് ചെയ്തോ ഏതു വിധേന പണം ലഭിച്ചാലും 'പണം' പണം തന്നെയാണ്. അത് സ്റ്റാൻഡേർഡ് ഡിഡക്ഷൻകൂടിയാണെങ്കിലും ഐറ്റമൈസ്‌ ചെയ്തതാണെങ്കിലും കൂടുതൽ പണം എങ്ങനെ ലഭിക്കണമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ട്രംപിന്റെ ടാക്സ് നിയമം റീയൽ എസ്റ്റേറ്റ് ബിസിനസുകാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. വീടുകൾ മേടിക്കുന്നുവെങ്കിൽ നികുതിയിൽ ലാഭിക്കാമെന്നായിരുന്നു മുമ്പൊക്കെ റീയൽ എസ്റ്റേറ്റ് കമ്പനികൾ പരസ്യം കൊടുത്തിരുന്നത്. എന്നാൽ പുതിയ നിയമത്തിൽ വീടുകളിൽ നിന്നും കാര്യമായ ടാക്സ് ലാഭമുണ്ടാവില്ല. ആദ്യമായി വീട് വാങ്ങുന്നവർ ടാക്സിൽ ലാഭം മോഹിക്കുന്നുണ്ടെങ്കിൽ അവർ വീട് മേടിക്കാൻ തയ്യാറാവുകയില്ല. അത് റീയൽ എസ്റ്റേറ്റ് മാർക്കറ്റിന്റെ തകർച്ചയിലേക്ക് നീങ്ങിയേക്കാം. മാർക്കറ്റിൽ വീടുകളുടെ സപ്ലൈ കൂടുമ്പോൾ സ്വാഭാവികമായി വീടിന്റെ വിലയും കുറയാം. വീട് മേടിക്കുന്നത് സാമ്പത്തിക മെച്ചമെന്ന് കണക്കാക്കിയിരുന്നവർ അപ്പാർട്മെന്റിൽ താമസിക്കാനും ആഗ്രഹിക്കും.

ഭാര്യയും ഭർത്താവുമടങ്ങിയ ഒരു കുടുംബം വർഷത്തിൽ 6000 ഡോളർ 'മോർട്ട്ഗേജ്' നൽകുന്നുവെന്ന്  കരുതുക! പുതുക്കിയ നിയമമനുസരിച്ചുള്ള പ്രോപ്പർട്ടി ടാക്സിന്റെ പരിധി പതിനായിരം ഡോളറും.  2018ലെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 24000 ഡോളർ നിശ്ചയിച്ച സ്ഥിതിക്ക് ഈ ദമ്പതികൾക്ക് ഐറ്റമൈസ്‌ ചെയ്യാൻ സാധിക്കില്ല. ഇവർ 8000 ഡോളർ ചാരിറ്റബിൾ നലികിയാലും 24000 ഡോളർ ക്യാപ്പുള്ളതുകൊണ്ട് ചാരിറ്റബിൾ കുറക്കാൻ സാധിക്കില്ല. അതേ സമയം ഒന്നിരാടൻ വർഷങ്ങളായി പതിനാറായിരം ഡോളർ ചാരിറ്റബിളിന് നല്കുന്നുവെങ്കിൽ ആ വർഷം 24000 ഡോളർ കഴിഞ്ഞു വരുന്ന 8000 ഡോളറിന്റെ നികുതി ലാഭിക്കാം. ($6000+10000+ ചാരിറ്റബിൾ 16000= 32000)

2018-ലെ ടാക്സ് ഇളവുകൾമൂലം ബില്യൺ കണക്കിനു ഡോളർ  വൻകിട കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കും. കമ്പനികൾ ലാഭത്തിലാകുമ്പോൾ സ്റ്റോക്ക് വിലയും കൂടും. കോർപ്പറേറ്റുകൾ തങ്ങൾക്കു കിട്ടിയ നികുതിയിളവ് എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും പരിഗണിക്കണം. കോർപ്പറേറ്റ് ടാക്സ് കുറച്ചുകൊണ്ടുള്ള ഇളവുകൾ  രാജ്യത്തിന് ഗുണപ്രദമാകുമോയെന്നാണ് ചിന്തിക്കേണ്ടത്.  നികുതിയിളവ് എങ്ങനെ വേണമെങ്കിലും, ഏതുവിധേനയും കോർപ്പറേറ്റുകൾക്ക് വിനിയോഗിക്കാൻ സാധിക്കുന്നു. ആർക്കും അത് ചോദ്യം ചെയ്യാൻ സാധിക്കില്ല. കോർപറേറ്റ് ടാക്സ് മുഖേന പ്രധാനമായി രണ്ടു കാര്യങ്ങളാണ് സാമ്പത്തിക വിദഗ്ദ്ധർ പരിഗണനയിൽ എടുത്തിരിക്കുന്നത്. ആദ്യത്തേത് നികുതിയിളവ് നൽകിയാൽ അതിൽ നിന്നും കിട്ടുന്ന അധിക പണം സാമ്പത്തിക മേഖലകളിൽ നിക്ഷേപിക്കുമോ? രണ്ടാമത്തേത്, കോർപ്പറേറ്റ് ടാക്സ് കുറച്ചിരിക്കുന്നതുമൂലം ബിസിനസ്സ് ലോകത്ത് കൂടുതൽ പേർ വ്യവസായങ്ങളും ഫാക്ടറികളും തുടങ്ങാൻ മുമ്പോട്ട് വരുമോ?  പുതിയതായുള്ള വ്യവസായ സ്ഥാപനങ്ങൾ ഉയരുന്നതുമൂലം തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയുമുണ്ടാകും. പുത്തനായ വ്യവസായങ്ങൾ മൂലം പരസ്യ വിപണിക്കാരുടെ നിക്ഷേപങ്ങളും വർദ്ധിക്കും. നികുതി ദായകരുടെ പണം കൊണ്ട് വ്യവസായ മുതലാളിമാർ കൂടുതൽ ധനം ആർജിക്കുകയും ചെയ്യും.

പ്രസിഡന്റ് ട്രംപിന്റെ പ്രസംഗത്തിൽ നികുതിയിളവു മൂലം കോർപ്പറേഷന് കൂടുതൽ പണം ലഭിക്കുകയും അവർ അത് ബോണസായി തൊഴിലാളികൾക്ക് നൽകുന്നുവെന്നും പറഞ്ഞു. കാര്യപ്രസക്തതയില്ലാതെ, ഒരു വാചാലനെപ്പോലെയാണ് കോർപ്പറേഷനുകൾക്കുള്ള നികുതിയിളവുകളെപ്പറ്റി അദ്ദേഹം പരാമർശിച്ചിരിക്കുന്നത്. നികുതിയിനത്തിൽ കിട്ടിയ ലാഭംകൊണ്ട് തൊഴിലാളികൾക്ക് ബോണസ് നല്കുന്നതിനെപ്പറ്റിയും വിമർശനങ്ങളുണ്ട്. നികുതിയിളവുകളിൽ നിന്നും ബോണസുകൾ നല്കുന്നമൂലം നിക്ഷേപങ്ങൾ വർദ്ധിക്കില്ല. കമ്പനികളുടെ ആസ്‌തിക്കും മാറ്റങ്ങൾ വരില്ല. കൂടുതൽ തൊഴിലവസരങ്ങൾ കമ്പനികൾക്ക് സൃഷ്ടിക്കാൻ സാധിക്കില്ല. കോർപ്പറേറ്റുകൾക്ക് നികുതി കുറയ്ക്കുന്നതുകൊണ്ടു പ്രയോജങ്ങളുമുണ്ട്. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നു. അതുമൂലം ഉപഭോക്താക്കൾ കൂടുതൽ പണം ചെലവാക്കാൻ താല്പര്യപ്പെടുന്നു. ജനങ്ങളുടെ നിലവാരം ഉയരുന്നതിനൊപ്പം വാങ്ങിക്കാനുള്ള വിഭവശേഷിയും ഉപഭോക്താക്കൾക്കുണ്ടാകുന്നു. വ്യക്തിഗത ആദായ നികുതിയും (പേഴ്‌സണൽ ടാക്സ്) കുറക്കുകയാണെങ്കിൽ വാങ്ങിക്കുന്നവരുടെ ശേഷി കൂടുകയും ഫാക്ടറികളും കോർപ്പറേറ്റുകളും കൂടുതൽ ഉൽപ്പാദനത്തിനായി ശ്രമിക്കുകയും ചെയ്യും. അതുവഴി തൊഴിലുകൾ വർദ്ധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് നിദാനമാവുകയും ചെയ്യും.ബിസിനസ് ലോകത്ത് മത്സരം ഉണ്ടാവുന്നതും നന്നാണ്. അത് ഗുണമേന്മയുള്ള ഉത്‌പന്നങ്ങൾ മാർക്കറ്റിൽ വരുന്നതിനു കാരണമാകും.

2018-ൽ നടപ്പാക്കിയ നികുതി പരിഷ്‌ക്കാരങ്ങൾ ഒരുവന്റെ ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും പരിഗണിക്കേണ്ടിയിരിക്കുന്നു. നികുതിദായകന്റെ ജീവിത നിലവാരമുയരുമോ? നികുതിയുടെ ഭാരം ആദ്യം ബാധിക്കുന്നത് അത്യാവശ്യപ്പെട്ട സാധനങ്ങളുടെ ('സപ്ലൈ')വിതരണമായിരിക്കാം. നികുതി ദായകൻ കൂടിയ നികുതി കൊടുക്കുന്നുവെങ്കിൽ ജോലി ചെയ്യാനുള്ള ഉത്സാഹം കുറയാനും സാധ്യതയുണ്ട്. പണം നിക്ഷേപവും കുറയും. അതേ സമയം 2018-ൽ നികുതി വെട്ടിച്ചുരുക്കിയത് നീണ്ട കാലത്തേക്ക് ചിന്തിക്കുമ്പോൾ പ്രയോജനപ്രദമായേക്കാം. സാമ്പത്തിക വളർച്ചയുണ്ടാകാം. മന്ദത മാറി സാമ്പത്തിക അപര്യാപ്തതയ്ക്ക് ശമനവും വരും.

'നികുതി കുറയ്ക്കുമ്പോൾ പണം കൂടുതൽ ചെലവഴിക്കണമെന്നുള്ള ചിന്താഗതി ഉപഭോക്താക്കളിലുണ്ടാകുന്നുവെന്ന്' നികുതിയിളവുകളെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു. ക്രയവിക്രയ വസ്തുക്കൾ വാങ്ങാനുള്ള ശേഷി കൂടുമ്പോൾ കൂടുതൽ വാങ്ങിക്കുകയും ഫാക്ടറികളിൽ ഉൽപ്പാദനം വർദ്ധിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതേസമയം നികുതിയിളവിനെ എതിർക്കുന്നവർ ഇളവുകൾകൊണ്ട് പ്രയോജനപ്പെടുന്നത് ധനികരെ മാത്രമെന്നായിരിക്കുമെന്നും വിശ്വസിക്കുന്നു. ബിസിനസുകാർക്ക് കൊടുക്കുന്ന ആനുകൂല്യ നികുതി ഉപഭോക്താക്കളിൽ നിന്നും മറ്റൊരു വിധത്തിൽ ഈടാക്കും. ബിസിനസ് ലോകത്ത് നൽകുന്ന നികുതിയിളവുകളുടെ കുറവുതീർക്കാൻ നികുതിയുടെ ഭാരം നിത്യ ജീവിതത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരുടെ ചുമലുകളിൽ എത്തുകയും ചെയ്യും.
ശുഭം




1913-Income Tax 1040


Saturday, February 9, 2019

ആഫ്രോ അമേരിക്കൻ ചരിത്രത്തിൽക്കൂടി ഒരു യാത്ര



ജോസഫ് പടന്നമാക്കൽ

അമേരിക്കൻ ഐക്യനാടുകളിൽ ഫെബ്രുവരിമാസം ആഫ്രോ അമേരിക്കൻ ജനതയുടെ ദിനങ്ങളായി ആചരിച്ചുവരുന്നു. കറുത്തവരുടേതായ ഈ ആഘോഷവേളകളിൽ ചരിത്രം കുറിക്കുമ്പോൾ ആദ്യമായി ഓർമ്മ വരുക മനുഷ്യാവകാശ പ്രവർത്തകരായ റോസപാർക്ക്, മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ എന്നിവരെപ്പറ്റിയായിരിക്കും. അവർ, വർണ്ണ വിവേചനത്തിനെതിരെ പോരാടിയ പോരാട്ടങ്ങളും മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനു നൽകിയ സംഭാവനകളും ചരിത്ര നേട്ടങ്ങളായി കരുതുന്നു. ഇവർ രണ്ടുപേരെയും പാടി പുകഴ്ത്തുന്നതുമൂലവും കറുത്ത വർഗക്കാർക്ക് അതുല്യമായ സംഭാവനകൾ നൽകിയതുകൊണ്ടും ജനം അവരെ അറിയുന്നു. എങ്കിലും അറിയപ്പെടാത്ത ലോകത്തിനു നിരവധി സംഭാവനകൾ നൽകിയ കറുത്തവരും ചരിത്രത്തിൽ ഇടം കിട്ടാതെ അജ്ഞാതരായി മറഞ്ഞു പോയിട്ടുണ്ട്. അക്കൂടെ ലോകത്തിനു ചെറുതും വലുതുമായ നിരവധി സംഭാവനകൾ നല്കിയവരുമുണ്ട്. സത്യത്തിൽ കറുത്തവരുടെ ചരിത്രമെന്നു പറയുന്നത് ഒന്നോ രണ്ടോ വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. കറുത്തവനോ വെളുത്തവനോ എന്നിങ്ങനെ തിരിച്ചുവിത്യാസമില്ലാതെ ഓരോ നേട്ടങ്ങളും അമേരിക്കയുടെ നേട്ടങ്ങളായി കരുതണം. ചരിത്രം തിരിച്ചു വിത്യാസമില്ലാതെ സമത്വഭാവനയോടെ  എല്ലാവർക്കും തുല്യമായിട്ടുള്ളതാണ്. ശാസ്ത്ര നേട്ടങ്ങളോ കണ്ടുപിടുത്തങ്ങളോ ഉണ്ടാവുമ്പോൾ അതിന്റെ ഉപജ്ഞാതാവ് കറുത്തവനോ വെളുത്തവനോ എന്ന് നാം ചിന്തിക്കാറില്ല. ലോകത്തിനു സംഭാവനയെന്നോണം പുതിയതായുള്ള ശാസ്ത്ര നേട്ടങ്ങൾ പുരോഗതിക്ക് ഉതകുമെങ്കിൽ അതിന്റെ ഉപജ്ഞാതാവിന്റെ വർഗ വർണ്ണ തരം തിരിവുകളുടെ ആവശ്യമില്ല.


അടിമത്വം ആദ്യം നിർത്തലാക്കിയ സംസ്ഥാനം വെർമോണ്ടെന്നു (Vermond) കരുതുന്നു. 1777-ൽ അവിടെ അടിമത്വ വ്യാപാരം പാടില്ലെന്ന് നിയമമുണ്ടാക്കി. വെർമോണ്ട് അമേരിക്കയുടെ പതിനാലാമത്തെ സ്റ്റേറ്റായി പരിഗണിക്കുന്നുവെങ്കിലും അതിന് സ്റ്റേറ്റിന്റെ പദവിയുണ്ടായത്1791-ലാണ്. അതുകൊണ്ടു അടിമത്വം നിർത്തലാക്കിയ ആദ്യത്തെ സ്റ്റേറ്റ് 'പെൻസിൽവേനിയ' എന്നും അവകാശപ്പെടുന്നു. ഏറ്റവും വലിയ സ്റ്റേറ്റായ പെൻസിൽവേനിയായിൽ 1780-ൽ അടിമത്വം നിർത്തലാക്കി.


1908-ൽ ഇല്ലിനോയിലെ സ്പ്രിങ്ഫീൽഡിൽ ഏതാനും ആഫ്രോ അമേരിക്കൻ   നേതാക്കന്മാർ ഒത്തുകൂടി പൗരാവകാശ സമരങ്ങൾ സംഘടിപ്പിക്കുകയും 1909-ഫെബ്രുവരിയിൽ എൻ.എ.എ.സി.പി (National Association for the Advancement of Colored People) എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു. 1926-ൽ കാർട്ടർ ജി.വുഡ്‌സൺ എന്ന ചരിത്രകാരന്റെ ശ്രമഫലമായി 'നീഗ്രോ ചരിത്ര വാരം' (Negro History Week) ആരംഭിച്ചു. അദ്ദേഹം പണ്ഡിതനും വിദ്യാഭ്യാസ ചിന്തകനും നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവുമായിരുന്നു. 1976-മുതൽ ഫെബ്രുവരി മാസത്തെ ആഫോ അമേരിക്കൻ ചരിത്ര മാസമായി പ്രഖ്യാപിച്ചു. ആഫ്രോ അമേരിക്കൻ ജനതയെയും അവരുടെ സാമൂഹികവും സാംസ്ക്കാരികപരവുമായ  ചരിത്രങ്ങളെയും ഫെബ്രുവരി മാസത്തിൽ ആചരിച്ചുവരുന്നു. എബ്രഹാം ലിങ്കന്റെയും ഫ്രെഡറിക് ഡഗ്ലസിന്റെയും ജന്മദിനങ്ങൾ ഫെബ്രുവരി മാസത്തിലെ ആഘോഷ ദിനങ്ങളിൽ വന്നതും യാദൃശ്ചികമായിരുന്നു.


പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന 'ജീൻ ബാപ്ടിസ് പോയിന്റെ ഡ്യൂസബൽ' (Jean-Baptiste Pointe DuSable) ഷിക്കാഗോയിൽ സ്ഥിരതാമസക്കാരനായ ആദ്യത്തെ കറുത്തവനെന്നു കരുതുന്നു. ഷിക്കാഗോയിൽ അദ്ദേഹത്തിൻറെ പേരിൽ സ്‌കൂൾ, മ്യൂസിയം, ഹാർബർ, പാർക്ക്, പാലങ്ങൾ എന്നിങ്ങനെ നിരവധി സ്മാരകങ്ങളും സ്ഥൂപകങ്ങളുമുണ്ട്. ആദ്യകാലങ്ങളിൽ കറുത്തവരായവർ 'കാൻസസ്' പട്ടണത്തിൽ കൂട്ടമായി കുടിയേറിയിരുന്നു. അവർ സ്വാതന്ത്ര്യം മോഹിച്ച് തെക്കൻ സംസ്ഥാനത്തുനിന്നു ജോലി തേടി പലായനം ചെയ്തവരായിരുന്നു. അടിമത്വത്തിൽ നിന്നും രക്ഷപ്പെട്ട് ഈ ധീരന്മാരായവർ വടക്കും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഓടിപോയിരുന്നു. 1879 നും 1880 നുമിടയിലായിരുന്നു ഇവർ കൂട്ടമായി പലായനം ചെയ്തശേഷം സുരക്ഷിതമായ അമേരിക്കയുടെ മറ്റുഭാഗങ്ങളിൽ താമസമാരംഭിച്ചത്. ഏകദേശം മുപ്പതിനായിരം കുടിയേറ്റക്കാർ കാൻസസിൽ കുടിയേറിയതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നുണ്ട്. 1870-ൽ കറുത്തവരുടെ ജനസംഖ്യ 4.8 മില്യനായിരുന്നു. 2007-ലെ കണക്കിൻ പ്രകാരം അവരുടെ ജനസംഖ്യ 40.7 മില്യനായി വർദ്ധിച്ചു. ഇന്ന് ആഫ്രോ അമേരിക്കൻ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 13.4 ശതമാനം വരും.


സമ്പന്നമായ ഒരു സാഹിത്യ ചരിത്രം അമേരിക്കയിലെ കറുത്തവർക്കുണ്ട്. മനുഷ്യാവകാശങ്ങളെപ്പറ്റി  പഠിക്കാനുതകുന്ന നിരവധി കറുത്തവരുടെ സാഹിത്യ ചരിത്രവുമുണ്ട്. അടിമത്വം അവസാനിപ്പിക്കാനുള്ള ജീവന്മരണ പോരാട്ടങ്ങളും, ഹാർലം നവോദ്ധ്വാനങ്ങളും ഗ്രന്ഥങ്ങൾ രൂപേണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കറുത്തവരെ സംബന്ധിച്ചുള്ള നോവലുകളും കവിതകളും നാടകങ്ങളും ജിജ്ഞാസുക്കളായ ഗവേഷണ തല്പരർക്ക് പ്രയോജനപ്പെടുമെന്നതിലും സംശയമില്ല.പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും അടിമകളായിരുന്ന കറുത്ത വർഗക്കാർ  എഴുതിയ ചെറുതും വലുതുമായ അനേകം പുസ്തകങ്ങളും ലഘുലേഖകളും ലൈബ്രറി ശേഖരങ്ങളിലുണ്ട്. എ.ഡി.1700-ന്റെ ആരംഭഘട്ടങ്ങളിൽ അടിമകളുടെ ചരിത്രമറിയാൻ അമേരിക്കയിലും ബ്രിട്ടനിലുമുള്ള ജനങ്ങൾക്ക് ഒന്നുപോലെ താല്പര്യമുണ്ടായിരുന്നു. പ്രത്യേകിച്ച് 'ഗുസ്താവ്സ് വാസ' (Gustavus Vassa) യുടെ അടിമ ജീവിതം വായിക്കാൻ ലണ്ടൻ മുതൽ ബോസ്റ്റൺ വരെയുള്ളവർ  താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കറുത്ത വർഗക്കാരുടെ കവിതകളും നോവലുകളും മറ്റു സാഹിത്യ കൃതികളും ബ്രിട്ടനിലെ ജനങ്ങളിൽ സ്വാധീനിക്കുന്നതിന് കാരണമായി. ബ്രിട്ടനിൽനിന്നും   അമേരിക്കയിലെ അടിമത്വത്തിനെതിരെയുള്ള മുറവിളികൾക്ക് പിന്തുണ ലഭിച്ചുകൊണ്ടുമിരുന്നു.


ആഫ്രോ അമേരിക്കക്കാർക്ക് അമേരിക്കൻ സാഹിത്യത്തിൽ നീണ്ട ചരിത്രമുണ്ടെങ്കിലും പൗരാവകാശ സമരങ്ങളിലും ഏറ്റുമുട്ടലുകളിലുമുള്ള ജീവിതമായിരുന്നതിനാൽ അവരുടെ നിരവധി സാഹിത്യ കൃതികൾ വേണ്ടവിധം വെളിച്ചത്തു വന്നില്ല. അതിനാൽ ആഫ്രോ അമേരിക്കൻ ചരിത്രത്തെ വിലയിരുത്തുകയെന്നതും പ്രയാസകരമാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ആഫ്രോ അമേരിക്കൻ ചരിത്രം ആദ്യം പ്രസിദ്ധീകരിക്കുന്നത്. ആ കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകൾ നിലവിൽ വന്നിട്ടേയുണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യ മോഹികളായ രാജ്യത്തിലെ പൗരന്മാരെ തന്നെ തിരിച്ചറിയുന്ന കാലഘട്ടവുമായിരുന്നു. കറുത്തവരായ ജനങ്ങളിൽ ഒരു വിഭാഗം കൊളോണിയൽ ബ്രിട്ടനോട് അനുഭാവമുള്ളവരായിരുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലങ്ങളും വ്യവസ്ഥിതികളും സംബന്ധിച്ച നിരവധി എഴുത്തുകളും സാഹിത്യശേഖരങ്ങളും ഗ്രന്ഥപ്പുരകളിലുണ്ട്. അടിമകൾ തങ്ങളുടെ കഷ്ടപ്പാടുകളെ വിവരിക്കുന്ന കാവ്യ ശേഖരങ്ങളുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും 'ജിം ക്രോ'യുടെ നയങ്ങൾ തെക്കു മുഴുവൻ വിപ്ലവ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. അക്കാലത്ത് രചിച്ച വികാരപരമായ ചില കഥകളും നോവലുകളും ചരിത്ര ശേഖരങ്ങളിൽ അമൂല്യമായി തന്നെ സൂക്ഷിച്ചിരിക്കുന്നു.


ഫ്രഡറിക് ഡഗ്ളസിന്റെ ആത്മകഥ വായിക്കാൻ അക്കാലത്തു ബ്രിട്ടനിലും അമേരിക്കയിലും വായനക്കാർ ധാരാളമുണ്ടായിരുന്നു. 1845-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനു   മുമ്പായി പുസ്തകത്തിന്റ 30000   കോപ്പികൾ ചെലവായതും അക്കാലത്ത് റിക്കോർഡായിരുന്നു. അടിമത്ത വ്യവസ്ഥിതി നിലവിലുണ്ടായിരുന്ന കാലഘട്ടങ്ങളിൽ അതിനെതിരായ രാഷ്ട്രീയ നിരീക്ഷണങ്ങളടങ്ങിയ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ആഭ്യന്തര യുദ്ധ കാലഘട്ടത്തിൽ നോവൽ രൂപത്തിൽ രചിച്ച ഒരു 'അടിമ പെണ്ണിന്റെ കഥ' മനം കവരുന്നതായിരുന്നു. 1861-ൽ ജീവിച്ചിരുന്ന കറുത്തവരായവരുടെ ജീവിതത്തിന്റെ തീക്തഫലങ്ങളാണ് അടിമപ്പെണ്ണിൽക്കൂടി വിവരിച്ചിരിക്കുന്നത്. 'ഹാരീ ജേക്കബ്' എന്നയാൾ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് അജ്ഞാത നാമത്തിലായിരുന്നു.


എ.ഡി 1910 മുതൽ എ.ഡി. 1920 വരെയുള്ള കാലങ്ങളിൽ ചിന്താശീലരായ കറുത്തവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരണ ശാലകളിൽ നിറഞ്ഞിരുന്നു. ബൗദ്ധികവും ചിന്തകളും നിറഞ്ഞ പുസ്തകങ്ങൾ വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കാനും തുടങ്ങി. അക്കാലങ്ങളിൽ നോവലും കവിതകളും ധാരാളം രചിക്കപ്പെട്ടു. ജമൈക്കയിൽനിന്ന് കുടിയേറിയശേഷം 'ക്ലൗഡി മക്കെ' (Claude McKay_) എന്ന ആഫ്രോ അമേരിക്കൻ ആധുനിക കവിതകളുടെ ശബ്ദമായി തീർന്നു. കൃതികൾ കൂടുതലും മനുഷ്യരോടുള്ള ഹീനമായ പ്രവർത്തികളും പൗരാവകാശങ്ങളും സംബന്ധിച്ചുള്ളതായിരുന്നു. 'ഹാർലം' പുനരുദ്ധാരണങ്ങളെ സംബന്ധിച്ചുള്ള ''ക്ലൗഡി മക്കെ'യുടെ' കൃതികൾ വളരെ പ്രസിദ്ധങ്ങളായി അറിയപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ള ആഫ്രോ അമേരിക്കൻ നോവലുകൾ പരിശോധിച്ചാൽ അതിലെ പ്രധാന വസ്തുതകൾ കറുത്തവർ നടത്തിയിരുന്ന മനുഷ്യാവകാശ സമരങ്ങളായിരുന്നുവെന്ന് കാണാം.


രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനു മുമ്പ് മിസ്സിസ്സിപ്പിയിൽ ജനിച്ച് ഷിക്കാഗോയിൽ യൗവനം കഴിച്ച റിച്ചാർഡ് വറൈറ്റിന്റെ 1940-ൽ പ്രസിദ്ധീകരിച്ച 'നേറ്റീവ് സൺ' (Native son) എന്ന നോവൽ കറുത്തവരുടെ ജീവിതാനുഭവങ്ങളെ സ്പർശിക്കുന്നു. വർണ്ണ വിവേചനത്തെ അതിരൂക്ഷമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. മനുഷ്യാവകാശ സമരങ്ങൾ മരണത്തിലേക്കും വഴി തെളിയിക്കാമെന്നും സമർത്ഥിക്കുന്നു. 'ഭീമൻ' എന്ന അർത്ഥത്തിൽ വിളിച്ചിരുന്ന ഷിക്കാഗോയിൽ ജീവിച്ചിരുന്ന കറുത്തവനായ ഡ്രൈവർ 'ബിഗ് തോമസിന്റെ' കഥയാണിത്. അയാൾ തന്റെ വെളുത്തവനായ യജമാനന്റെ മകളെ കൊല്ലുന്നു. എന്നാൽ കഥയുടെ ചുരുക്കത്തെക്കാളും ജീവിച്ചിരുന്ന സാഹചര്യങ്ങളാണ് അയാളെ അതിന് പ്രേരിപ്പിച്ചത്. വിധിയുടെ തീച്ചൂളയിൽ സംഭവിച്ചുപോയ ആ കൊലപാതകത്തിന് രാജ്യം മുഴുവൻ ഉത്തരവാദിയെന്നു തീർപ്പുകല്പിച്ചുകൊണ്ട് നോവൽ അവസാനിപ്പിക്കുകയും ചെയ്യുന്നു.


1950-ൽ 'റാൽഫ് എല്ലിസൺ' എന്നയാൾ 'ഇൻവിസിബിൾ മാൻ' (Invisible Man) എന്ന നോവൽ പ്രസിദ്ധീകരിച്ചു. ന്യൂയോർക്കിലെ സാമൂഹികവും രാഷ്ട്രീയവുമായ സ്ഥിതി വിശേഷങ്ങളാണ് ഈ നോവലിലെ സാരം. വർണ്ണ വിവേചനം എന്നുള്ളത് ഒരു പ്രത്യേക ഭൂപ്രദേശത്ത് ഒതുങ്ങി നിൽക്കുന്നതല്ല മറിച്ച് ദേശീയ മനസാക്ഷിയിൽ തന്നെ നിറഞ്ഞു നിൽക്കുന്നുവെന്ന സന്ദേശവും നോവൽ നൽകുന്നുണ്ട്. വർണ്ണ വിവേചനത്തിനെതിരെ സ്ത്രീകളുടെ സാഹിത്യ രചനകളും സ്ഥാനം പിടിച്ചിരിക്കുന്നതായി കാണാം. 1980-ൽ കത്തുകളുടെ രൂപത്തിൽ പ്രസിദ്ധീകരിച്ച 'ദി കളർ പർപ്പിൾ' എന്ന നോവലിൽ ആലീസ്  വാൾക്കർ 1930-ലുണ്ടായിരുന്ന വർണ്ണ വിവേചനത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്. പുലിറ്റ്സർ സമ്മാനം നേടിയ നോവലാണിത്. പതിനൊന്ന് ഓസ്‌ക്കാർ അക്കാദമിക്ക് അവാർഡ് നേടിയ അഭ്രപാളിയിലും നോവൽ പിന്നീട് പകർത്തിയിരുന്നു. 1987-ൽ 'ടോണി മോറിസൺ' ബിലവെഡ്‌ (beloved) എന്ന നോവൽ പ്രസിദ്ധീകരിച്ചു. അമേരിക്കൻ പൗരാവകാശ സമരങ്ങളിൽ അടിമത്വത്തിൽ മുറിവേറ്റവരുടെ ജീവിതങ്ങളാണ് കഥാപാത്രങ്ങളിൽക്കൂടി ആവിഷ്‌കരിച്ചിരിക്കുന്നത്. 1988-ൽ മോറിസനും നോവൽ സാഹിത്യത്തിൽ പുലിറ്റ്സർ സമ്മാനം നേടി. 1993-ൽ അവർ നോബൽ സമ്മാനം നേടുകയും ചെയ്തു.


ആഫ്രിക്കൻ അമേരിക്കൻ ജനതയുടെ കഴിഞ്ഞ കാല നേട്ടങ്ങളെ ഒന്നു അവലോകനം ചെയ്യാം. പരുത്തി കടഞ്ഞെടുക്കുന്ന യന്ത്രം കണ്ടുപിടിച്ചത് കറുത്തവനായിരുന്നു. അതുപോലെ സ്റ്റോപ്പ് ലൈറ്റ്, ബൈസിക്കിൾ, എയർ കണ്ടിഷൻ, സെൽ ഫോൺ എന്നിവകളും ശാസ്ത്ര ലോകത്തിന് നൽകിയത് കറുത്തവർ തന്നെ. 'ജോർജ് വാഷിംഗ്ടൺ കാർവെർ' പൊട്ടെറ്റോ കൊണ്ട് 118 വിവിധതരം ഉത്‌പന്നങ്ങൾ മാർക്കറ്റിലിറക്കി. 'പെക്കൻ  നട്സ്' (Pecan) കൊണ്ട് 75 തരം ഉത്പന്നങ്ങളും കണ്ടുപിടിച്ചു. അക്കൂടെ ചീസ്, മിൽക്ക്, കോഫി, മഷി, സോപ്പ്, മെഡിസിനൽ ഓയിൽ, കോസ്മോറ്റിക്സ് മുതലാവകൾ ഉൾപ്പെടും. അദ്ദേഹത്തെ 'പീനട്ട് ബട്ടറി'ന്റെ (peanut butter) ഉപജ്ഞാതാവെന്നും അറിയപ്പെടുന്നു. ഒരു ബൊട്ടാണിസ്റ്റും കോളേജ് പ്രൊഫസറെന്ന നിലയിലും മൂന്നു പ്രസിഡണ്ടുമാരുടെ കീഴിൽ ജോലിയും ചെയ്തിട്ടുണ്ട്. 'തോമസ് എൽ ജെന്നിങ്ങ്സ്' ആദ്യത്തെ 'ഡ്രൈ ക്ളീനിങ് മെഷീൻ' കണ്ടുപിടിച്ചു. 1821-ൽ ഈ മെഷീന്റെ യുഎസ് പേറ്റന്റ് നേടി. ജെന്നിങ്ങ്സ് (Jennings,) അടിമത്വത്തിൽനിന്നും വിമോചിതനായി സ്വതന്ത്ര മനുഷ്യനായി ന്യൂയോർക്കിൽ താമസിച്ചിരുന്നു. അടിമത്ത വിരുദ്ധ പോരാളിയായിട്ടും ന്യൂയോർക്കിൽ പ്രവർത്തിച്ചു. കറുത്ത വർഗക്കാരുടെ ക്ഷേമത്തിനായി 1909-ൽ സ്ഥാപിച്ച എൻ.എ.എ.സി.പി. സംഘടനയുടെയും നേതാവായിരുന്നു. ഫ്രഡറിക്ക് ജോൺസ്‌, ഏകദെശം 61 കണ്ടുപിടുത്തങ്ങളുടെ അവകാശങ്ങൾ നേടിയ ആഫ്രോ അമേരിക്കനാണ്. 1943-ൽ മെഷീനിൽക്കൂടി ടിക്കറ്റെടുക്കുന്ന സംവിധാനം അദ്ദേഹം കണ്ടുപിടിച്ചു. ഇത് തീയേറ്ററുകൾക്കും ടിക്കെറ്റെടുക്കേണ്ടുന്ന മറ്റു കലാപരിപാടികൾക്കും വിനോദ വ്യവസായങ്ങൾക്കും ഉപകാരപ്രദമായി തീർന്നിരുന്നു. കൂടാതെ പോർട്ടബിൾ എക്‌സ്‌റേ മെഷീൻ, പോർട്ടബിൾ റഫറീജറേഷൻ, രണ്ടു ചക്ര ഗ്യാസ്‌ലൈൻ എൻജിൻ എന്നിവകൾ അദ്ദേഹത്തിൻറെ കണ്ടുപിടുത്തങ്ങളിൽപ്പെടുന്നു.


'റോബർട്ട് ലോറൻസ് (Robert Lawrence Jr) ആദ്യത്തെ ആഫ്രോ അമേരിക്കനായ ബഹിരാകാശ യാത്രികനായിരുന്നു. ദൗർഭാഗ്യവശാൽ 1967-ൽ ഒരു വിമാനാപകടത്തിൽ അദ്ദേഹം മരണപ്പെട്ടതുമൂലം ബഹിരാകാശ മിഷ്യൻ പൂർത്തിയാക്കാൻ സാധിച്ചില്ല. പതിനാറു വർഷത്തിനുശേഷം 'ഗയൻ ബ്ലുഫോർഡ്' ആ ദൗത്യം ഏറ്റെടുത്തു. അദ്ദേഹമാണ് കറുത്തവരുടെ ചരിത്രത്തിലെ ആദ്യത്തെ ബഹിരാകാശ യാത്രികൻ. 1992-ൽ ഡോക്ടർ 'മാ ജേമിസോൺ' ശൂന്യാകാശ യാത്ര നടത്തിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ സ്ത്രീയായിരുന്നു. അവരുടെ എട്ടു ദിവസത്തെ മിഷ്യൻ പ്രവർത്തനങ്ങളിൽക്കൂടി  അസ്ഥി കോശങ്ങളുടെ ('ബോൺ സെൽ') പരീക്ഷണങ്ങൾ നടത്തുകയും ശാസ്ത്ര ലോകത്തിന് നേട്ടങ്ങൾ നൽകുകയും ചെയ്തു. അവരോടൊപ്പം അമേരിക്കയുടെയും ജപ്പാന്റെയും മറ്റു ഗവേഷകരും ഗവേഷണങ്ങളിൽ പങ്കുചേർന്നിരുന്നു.


1945-ൽ 'ജോ ലൂയി' ഹെവി വെയിറ്റ് ബോക്സിങ് ചാമ്പ്യൻ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ 'ജോ' പട്ടാള സേവനം ചെയ്യവേ  പട്ടാളത്തിൽ വർണ്ണ വിവേചനം ഇല്ലാതാക്കാനും അദ്ദേഹം ഒരു നിമിത്തമായി. 1942-ൽ നാവികർക്ക് വേണ്ടി അദ്ദേഹത്തിന്റെ ശ്രമത്തിൽ ഒരു ഫണ്ട് ഉണ്ടാക്കിയിരുന്നു. താമസിയാതെ മിലിട്ടറിയിൽ വോളന്റീർ ജോലിയും തുടങ്ങി. കറുത്തവർക്ക് മാത്രമായ ഒരു യുണിറ്റിലായിരുന്നു പരിശീലനം നേടിയിരുന്നത്. അവിടുത്തെ സേവനശേഷം പട്ടാളത്തിൽ ഒരു സ്പെഷ്യൽ കേഡറിൽ അദ്ദേഹത്തെ ജോലിക്കെടുക്കുകയും ചെയ്തു. അന്നുമുതൽ പട്ടാളത്തിൽ കറുത്തവരോടുള്ള അവഗണന അവസാനിക്കുകയും കറുത്തവർക്കും പട്ടാളത്തിൽ അവസങ്ങൾ  നൽകാനും തുടങ്ങി.

1854-ൽ ഒഹായോയിൽ നിന്ന് വക്കീൽ പരീക്ഷ പാസായ 'ജോൺ മെർസെർ ലംഗ്സ്റ്റൻ' കറുത്ത വർഗക്കാരിൽനിന്നുമുളള ആദ്യത്തെ വക്കീലായി കരുതുന്നു. അദ്ദേഹം ഒഹായോയിൽ ബ്രൗൺ ഹേം എന്ന ടൗണിൽ 1855-ൽ ടൌൺ ക്ലർക്കായി നിയമിതനായപ്പോൾ, ചരിത്രത്തിൽ പബ്ലിക്ക് ഓഫിസിൽ നിയമിതനായ ആദ്യത്തെ ആഫ്രോ അമേരിക്കനായും അറിയപ്പെട്ടു. 'ഹാർലം' നവോദ്ധാനത്തിന്റെ കവിയായ 'ലംഗ്സ്റ്റൻ ഹ്യൂഗിന്റെ മുത്തച്ഛനും കൂടിയായിരുന്നു അദ്ദേഹം. ആഫ്രോ അമേരിക്കക്കാരിൽ 'തർഗൂഡ് മാർഷൽ' ആദ്യത്തെ യുഎസ് സുപ്രീം കോടതി ജഡ്ജിയായിരുന്നു. പ്രസിഡന്റ ലിണ്ടൻ ബി ജോൺസനാണ്' അദ്ദേഹത്തെ ജഡ്ജിയായി നിയമിച്ചത്. 1967 മുതൽ 1991 വരെ അദ്ദേഹം ജഡ്ജിയായി ഔദ്യോഗിക പദവിയിലുണ്ടായിരുന്നു.


കറുത്ത വർഗക്കാരിയായ 'ഷിർലേ ചിഷോം' (Shirley Chisholm) അമേരിക്കൻ കോൺഗ്രസ്സിലെ ആദ്യത്തെ തിരഞ്ഞെടുത്ത ഹൌസ് ഓഫ് റപ്രസെൻറ്റിറ്റീവ് ആയിരുന്നു. 1968-ൽ ന്യൂയോർക്കിനെ പ്രതിനിധികരിച്ച് ആ സ്ഥാനം വഹിച്ചിരുന്നു. നാലു വർഷത്തിനുശേഷം അവർ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. ആഫ്രോ അമേരിക്കൻ സ്ത്രീ സമൂഹത്തിൽ നിന്നും ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ക്രെഡിറ്റും അവർക്കു ലഭിച്ചു. അവർ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തകയായിരുന്നു. 1972-ലെ തിരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ മൂന്നുപ്രാവശ്യം  വധശ്രമത്തിൽനിന്നും അവർ രക്ഷപെടുകയുണ്ടായി. 'ഹീരാം റോഡാസ് റെവൽസ്' അമേരിക്കയുടെ ആദ്യത്തെ ആഫ്രോ അമേരിക്കൻ സെനറ്ററായി അറിയപ്പെടുന്നു. 1870 മുതൽ 1871 മാർച്ചു വരെ അദ്ദേഹം സ്റ്റേറ്റ് ഓഫ് മിസ്സിസിപ്പിയെ പ്രതിനിധാനം ചെയ്തിരുന്നു. 2009-ൽ ആഫ്രോ അമേരിക്കക്കാരിൽ ബാറാക്ക് ഒബാമയെ അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 2009 മുതൽ 2017 വരെ അദ്ദേഹം രണ്ടു പ്രാവിശ്യം അമേരിക്കയുടെ പ്രസിഡന്റ് പദവി അലങ്കരിക്കുകയും ചെയ്തു.


അമേരിക്കയിൽ വന്ന ആദ്യകാല ആഫ്രിക്കൻ കലാകാരന്മാരെല്ലാം അടിമകളായിരുന്നു. കലാരൂപങ്ങൾ ധാരാളമായുണ്ടെങ്കിലും അവരുടെ പേരുകളൊന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അടിമ മുതലാളിമാർ അവരെ ബലം പ്രയോഗിച്ച് അമേരിക്കയിൽ കൊണ്ടുവരികയായിരുന്നു. തങ്ങളുടെ  രാജ്യങ്ങളിൽനിന്നും പാരമ്പര്യമായി ലഭിച്ച കലാവിരുതുകളുമായിട്ടായിരുന്നു അവർ ഇവിടെ ജീവിതമാരംഭിച്ചിരുന്നത്. മെറ്റലിലും തടിയിലുമുള്ള ചിത്രപ്പണികൾ, കളിമണ്ണുകൊണ്ടുള്ള വാഹനങ്ങൾ, കുട്ട നെയ്യൽ, കൈകൾകൊണ്ടു നെയ്തെടുത്ത പുതപ്പുകൾ, എന്നിങ്ങനെ കറുത്തവരുടേതായ കലാവസ്തുക്കൾ അമേരിക്കൻ കലകളുടെ ചരിത്രത്തിനുതന്നെ അഭിമാനകരമാണ്. അമേരിക്കൻ മ്യൂസിയങ്ങളിൽ അതെല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുമുണ്ട്.


സാഹിത്യ രചയിതാക്കൾ, കഥാകൃത്തുക്കൾ, കവികൾ, നാടക കർത്താക്കൾ, സംഗീതജ്ഞർ, നടന്മാർ എന്നിങ്ങനെ നിരവധി കലാ സാഹിത്യ ലോകത്ത് പ്രവർത്തിച്ചിരുന്നവർ ന്യൂയോർക്കിൽ ഹാർലമിൽ ജീവിച്ചിരുന്നു. എഴുത്തുകാരുടെയും കലാകാരന്മാരുടെതുമായ ഒരു കോളനി തന്നെ അവിടെയുണ്ടായിരുന്നു. ആഫ്രോ അമേരിക്കരുടെ തനതായ വ്യക്തിത്വത്തെയും സംസ്ക്കാരങ്ങളെയും ജീവിതരീതികളെയും നിലനിർത്താനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. 1940-ൽ 'ഹാറ്റി മാക് ഡാനിയേൽ' എന്ന ആഫ്രോ അമേരിക്കൻ, ചലച്ചിത്ര നടനെന്ന നിലയിൽ  ആദ്യത്തെ ഓസ്കാർ അവാർഡ് കരസ്ഥമാക്കി. ആഫ്രോ അമേരിക്കനായ ജേക്കബ് ലോറൻസ് (1917-2000) കൗമാരപ്രായത്തിൽ ഹാർലമിൽ വന്നു താമസം തുടങ്ങി. ഹാർലം നവോദ്ധാന കാലങ്ങളിൽ അദ്ദേഹം കലാപരമായ വിഷയങ്ങളിൽ താല്പര്യമെടുത്ത് പഠിച്ചിരുന്നു. ആഫ്രിക്കൻ ജീവിതരീതികളെയും പഴമകളെയും പഠിക്കാൻ പിന്നീട് നൈജീറിയായിൽ യാത്ര ചെയ്തു. അദ്ദേഹം വരച്ച ച്ഛായാപടങ്ങളും മറ്റു കലാരൂപങ്ങളും ആഫ്രിക്കൻ സംസ്ക്കാരത്തെയും അവരുടെ ജീവിതരീതികളെയും പകർത്തയെടുക്കുന്നതായിരുന്നു. കൂടാതെ കറുത്തവരെ പീഡിപ്പിച്ച ചരിത്രങ്ങളും കലാരൂപങ്ങളിൽ ദൃശ്യവുമാണ്. അദ്ദേഹം വരച്ച ചിത്രങ്ങളെല്ലാം ശോകമയമായ ഭാവനകളോടെയുള്ളതായിരുന്നു.

1760 മുതൽ 1832 വരെ ജീവിച്ച 'ജോഷുവ ജോൺസൺ' ആണ് കറുത്തവരുടെ ഇടയിൽനിന്നും രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ആഫ്രോ അമേരിക്കൻ കലാകാരൻ. അടിമത്വത്തിലാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെപ്പറ്റി ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്നു. 1910-ൽ എടുത്ത സെൻസസിൽ ജോൺസൺ അടിമത്വത്തിൽ നിന്നും മോചിതനായ ഒരു സ്വതന്ത്ര ആഫ്രോ അമേരിക്കനായി കാണുന്നു. കലയെ തൊഴിലായി സ്വീകരിച്ചു ജീവിച്ച ജോൺസന്റെ ചിത്രങ്ങൾ കൂടുതലും യൂറോപ്പ്യൻ പശ്ചാത്തലത്തിലായിരുന്നു രചിച്ചിരുന്നത്. ജോൺസൺ വരച്ച ഓരോ പടങ്ങളിലേയും വസ്ത്ര ധാരണരീതികൾ ഭാവനകൾ നിറഞ്ഞതും വളരെ ശ്രദ്ധേയവുമാണ്.

കലാലോകത്ത് ആഗോള പ്രസിദ്ധനായ ആഫ്രിക്കൻ അമേരിക്കൻ 'ഹെൻറി ഒസ്സാവ ടാനർ' എന്നയാളായിരുന്നു. 1859-ൽ പെൻസിൽവാനിയായിൽ പിറ്റ്‌സ്ബർഗിലായിരുന്നു, അദ്ദേഹത്തിൻറെ ജനനം. പിതാവ് സ്‌കൂൾ ടീച്ചറും പാസ്റ്ററുമായിരുന്നു. ഒരു കലാകാരനാകണമെന്നുള്ള മോഹമുണ്ടായിരുന്നതിനാൽ 'പെൻസിൽവേനിയ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ' ചേർന്ന് കലകളുടെ ശാസ്ത്രീയ വശങ്ങളെ പഠിച്ചിരുന്നു. കൂടാതെ അദ്ദേഹം ആഫ്രിക്കൻ അമേരിക്കരുടെ ദൈനം ദിന ജീവിതത്തെപ്പറ്റിയും മനസിലാക്കിയിരുന്നു. ടാനർ വളരെ പ്രസിദ്ധനായെങ്കിലും സാമൂഹികമായി കൂടുതൽ സ്വാതന്ത്ര്യം മോഹിച്ച് അദ്ദേഹം ഫ്രാൻസിൽ പോയി ജീവിച്ചു. 1920 മുതൽ 1930 വരെയുള്ള കാലഘട്ടത്തിൽ ഹാർലം നവോദ്ധാന മുന്നേറ്റത്തിലും പങ്കാളിയായിരുന്നു.

ആരോൺ ഡഗ്ലസ് (Aaron Douglas (1899-1979) പ്രമുഖനായ ഒരു കലാകാരനായിരുന്നു. കൻസാസിൽ ജനിച്ച അദ്ദേഹം 1925-ൽ ഹാർലത്ത്‌ വന്നു. അദ്ദേഹത്തിൻറെ നിരവധി ചിത്രങ്ങൾ 'ഫിസ്ക് യൂണിവേഴ്സിറ്റി'യുടെ ഗ്രന്ഥപ്പുരകളിൽ ശേഖരിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷവും നിരവധി ആഫ്രോ അമേരിക്കൻ കലാകാരന്മാർ ഉയർന്നു വന്നിരുന്നു. 1950-ൽ യുവ ആഫ്രോ അമേരിക്കക്കാർ ഹാർലം നവോദ്ധാന കാലഘട്ടത്തോടെ കലാരംഗങ്ങളിൽ തിളങ്ങാനും തുടങ്ങി. 'റോമറെ ബെയർഡൻ' (Romare Bearden) 1911-ൽ ജനിക്കുകയും 1988'ൽ മരിക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു. ന്യൂസ്‌പേപ്പർ, പ്രിൻറിംഗ് എന്നീ മേഖലകളിൽ ചിത്രങ്ങൾ വരച്ചിരുന്നു. അദ്ദേഹത്തിന്റെ കലകളും സാഹിത്യ കഴിവുകളും ആഫ്രോ അമേരിക്കൻ സംസ്‌കാരങ്ങളെ എടുത്തുകാണിക്കുന്നതായിരുന്നു.

ഈ ലേഖനം ചുരുക്കുന്നതോടൊപ്പം വായനക്കാരെ അറിയുക, നിങ്ങളും ഞാനും വസിക്കുന്ന സ്വപ്ന  ഭൂമിയായ അമേരിക്ക പടുത്തുയർത്തിയത് കറുത്തവരായ ആഫ്രോ അമേരിക്കക്കാരുടെ വിയർപ്പുതുള്ളികൾകൊണ്ടായിരുന്നു.  കറുത്തവരായവരുടെ ചരിത്രമെന്നു പറയുന്നത് അമേരിക്കയുടെ ചരിത്രംതന്നെയാണ്. വൈറ്റ് ഹൌസിൽ പണിതുയർത്തിയിരിക്കുന്ന ഓരോ കല്ലുകൾക്കും കറുത്തവന്റെ ചരിത്രം പറയാനുണ്ട്. അന്നവർ അടിമകളായിരുന്നു. സ്വാതന്ത്ര്യത്തിനായി കൊളോണിയൽ ഭരണത്തിനെതിരെ തോക്കുകൾ ചൂണ്ടി വെടിവെച്ചുകൊണ്ടിരുന്ന പട്ടാളക്കാരായിരുന്നു, അവർ. സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി പടപൊരുതിയ കറുത്തവരുടെ പൂർവിക പിതാക്കന്മാരെ ലോകമാകമാനമുള്ള സ്വാതന്ത്ര്യമോഹികൾ ആദരിക്കുന്നു. നാമും ആദരിക്കുന്നു. ആഫ്രിക്കൻ അമേരിക്കൻ സംസ്ക്കാരമെന്നു പറയുന്നത് അമേരിക്കൻ സംസ്ക്കാരം തന്നെയാണ്. കറുത്തവരുടെ ചരിത്രം അവശിഷ്ടമാകാതെ ജീവിച്ചുകൊണ്ടുതന്നെയിരിക്കണം. പുസ്തകങ്ങളിൽ വായിച്ചുതന്നെ വരുവാനിരിക്കുന്ന തലമുറകളും മനസിലാക്കണം. ഇവിടെ ജീവിക്കുന്ന ഓരോ കുടിയേറ്റക്കാരനും നമ്മുടെ കറുത്ത സഹോദരന്മാരോട് കടപ്പാടുള്ളവരെന്നുള്ള കാര്യവും മറക്കരുത്.


ടോണി മോറിസൺ 


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...