Thursday, August 31, 2017

സഭയുടെ നവീകരണവും ടെലി കൂടിയാലോചനകളും

ജോസഫ് പടന്നമാക്കൽ

കേരള കത്തോലിക്ക സഭയുടെ നവീകരണം സംബന്ധിച്ച ഒരു ടെലി യോഗം 2017 ഓഗസ്റ്റ്  ഇരുപത്തിയഞ്ചാം തിയതി ശ്രീ ചാക്കോ കളരിക്കൽ, ശ്രീ ജോസ് കല്ലിടുക്കൽ എന്നിവരുടെ നേതൃത്വത്തിൽ കൂടുകയുണ്ടായി.  യോഗത്തിൽ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള എഴുപതോളം പേർ പങ്കെടുത്തിരുന്നു.  അവരിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ഇരുപത്തിയഞ്ചു പ്രശസ്ത വ്യക്തികൾ യോഗത്തിൽ സജീവമായി ചർച്ചകളിൽ പങ്കെടുക്കുകയും സഭയുടെ ഇന്നത്തെ പോക്കിനെ സംബന്ധിച്ച കാര്യങ്ങളെ വിലയിരുത്തുകയും ചെയ്തു. സഭയുടെ ഭരണസംവിധാനത്തിലുള്ള അതൃപ്തിയും ചർച്ചകളിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളിൽ പ്രകടമായിരുന്നു. പുരോഹിതരെയും അവരെ മാത്രം അനുസരിക്കുന്ന അല്മായരെയും ഒഴിച്ചുനിർത്തി സഭയുടെ നവീകരണാശയങ്ങളുമായി യോജിക്കുന്നവരുടെ മാത്രം ഒരു സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ പൊന്തി വന്നിരുന്നു. ക്രിയാത്മകമായ ആശയങ്ങൾ സഭയ്ക്കുള്ളിൽ നിന്ന് വരുന്ന സമയമെല്ലാം അത്തരം അഭിപ്രായങ്ങൾ പറയുന്നവർക്കെതിരെ ശത്രുക്കളെപ്പോലെ പെരുമാറാനാണ് സഭാധികാരികൾ നാളിതുവരെ ശ്രമിച്ചിട്ടുള്ളത്. യാഥാസ്ഥിതിക വലയത്തിൽ നിന്നും സഭയെ മോചിപ്പിക്കാനാണ് ഫ്രാൻസീസ് മാർപാപ്പാ പോലും ശ്രമിക്കുന്നത്. മാർപ്പാപ്പായ്ക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ടുള്ള സഭാ മക്കളുടെ ഒത്തുരുമയും നവീകരണ ചിന്തകൾക്ക് ധാർമ്മിക പിന്തുണയാകും. 

കത്തോലിക്ക സഭയിലെ പൗരാഹിത്യ മേൽക്കോയ്മയിൽ ക്രിസ്തു ചൈതന്യം പാടെ നഷ്ടപ്പെട്ടിരിക്കുന്നു. കത്തോലിക്കരെ ക്രിസ്ത്യാനികളെന്നു വിളിക്കാൻ പോലും ഇതര സഭകൾ തയാറാവുന്നില്ല. ക്രിസ്തുവിൽ വിശ്വസിക്കുന്ന സഭകളുടെ ഏകീകരണം  ഒരു സംഘടന രൂപീകരിക്കുന്നതിൽക്കൂടി ലക്ഷ്യമിടുന്നുണ്ട്. സഭയുടെ നഷ്ടപ്പെട്ട ആത്മീയത വീണ്ടെടുക്കണം. പൗരാഹിത്യ മേഖല മുഴുവനായും ആഡംബരവും ധൂർത്തും നിറഞ്ഞിരിക്കുന്നു. പുരോഹിതർ ലളിതമായി ജീവിക്കണമെന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനത്തിന് കേരളത്തിലെ സീറോ മലബാർ സഭ യാതൊരു പ്രാധാന്യവും നൽകാറില്ല. കോടിക്കണക്കിന് ഡോളർ മുടക്കിയുള്ള പള്ളികൾ മേടിക്കലും ആഡംബര കാറുകളും പുരോഹിതർക്ക് താമസിക്കാനുള്ള ഫൈവ് സ്റ്റാർ പാർപ്പിടങ്ങളുമാണ് സഭയെ നയിക്കുന്നവർക്ക് താൽപ്പര്യം. കേരളത്തിലെ ദരിദ്രന്റെ കുടിലിനെപ്പറ്റിയോ വിശന്നു വലയുന്ന ദരിദ്രന് ഒരു നേരം ഭക്ഷണം കഴിക്കാൻ കൊടുക്കാനോ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനോ സഭാനേതൃത്വം താൽപ്പര്യപ്പെടാറില്ല.

കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം (Kerala Catholic Reformation Movement) കേരളത്തിലെ പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. കെ.സി.ആർ.എം എന്ന് ചുരുക്കിപ്പറയും.   ഈ സംഘടന സഭയിലെ പുരോഹിതരുടെയും മെത്രാന്മാരുടെയും  അഴിമതികൾക്കും അനീതികൾക്കുമെതിരെ സന്ധിയില്ലാ സമരം നടത്തിക്കൊണ്ടിരിക്കുന്നു. കോടതികളിൽക്കൂടി നീതി തേടിയും സമരം ചെയ്തും നിരാഹാരം ഇരുന്നും പ്രകടനങ്ങൾ നടത്തിയും കെ.സി.ആർ.എം. സംഘടന വളരെയേറെ നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. യാതൊരു മനഃസാക്ഷിയുമില്ലാതെ ദളിതന്റെ ശവ സംസ്ക്കാരം  നിഷേധിക്കലും അവരെ പീഡിപ്പിക്കലും  പുരോഹിതർക്ക് പതിവായിരുന്നു. കെ.സി.ആർ.എമ്മിന്റെ ധീരമായ പോരാട്ടങ്ങളെ ഭയന്ന് അത്തരം നീതി നിഷേധത്തിന്റെ കഥകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുരോഹിതർ ആവർത്തിക്കുന്നത് കേൾക്കുന്നില്ല.

സീറോ മലാബാർ സഭയുടെ പുരോഹിതരിൽ നിന്നും ശിങ്കടികളിൽനിന്നും സ്ത്രീകൾക്കെതിരെയും,  കന്യാസ്ത്രികൾക്കെതിരെയും പീഡനങ്ങൾ വർദ്ധിച്ചു വരുന്നു. പാപ പൊറുതിക്കും നിത്യരക്ഷയ്ക്കും കവാടങ്ങളായി കരുതുന്ന കുമ്പസാരക്കൂടുകൾ സ്ത്രീകളുടെ സ്വകാര്യ ജീവിതത്തിനും ഭീഷണിയാവുന്നു. മഠങ്ങളിൽ കൊലപാതകങ്ങൾ വരെ ഉണ്ടാകാറുണ്ട്. പണവും സ്വാധീനവും കൈക്കലാക്കിയിരിക്കുന്ന അഭിഷിക്ത ലോകം കേസുകൾ മായിച്ചു കളയാനാണ് ശ്രമിക്കുന്നത്. എവിടെ അസമത്വം ഉണ്ടാകുന്നുവോ അവിടെയെല്ലാം കെ.സി.ആർ. എം. എന്ന സംഘടന ശബ്ദം ഉയർത്തിയിട്ടുണ്ട്. രക്തശുദ്ധീകരണ വാദത്തിൽ ക്നാനായ ക്രിസ്ത്യാനികളെ പള്ളികളിൽ നിന്ന് പുറത്താക്കുന്നതിനെതിരെയും കെ.സി.ആർ.എം പ്രതികരിക്കുന്നു. മാന്യമായി ജീവിക്കുന്ന കുടുംബങ്ങളെ തകർക്കുന്ന ആസൂത്രിതമായ നയമാണ് പുരോഹിതർ പള്ളികളിൽ അനുവർത്തിച്ചു വരുന്നത്. പൗരാഹിത്യം ഉപേക്ഷിച്ചവരുടെ  സംഘടനയും കെ.സി ആർ.എം. നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അവർക്ക് ജീവിത സൗകര്യങ്ങളും പാർപ്പിടവും ഉണ്ടാക്കി കൊടുക്കാനുള്ള ശ്രമത്തിൽ സംഘടന തീവ്രമായുള്ള ശ്രമത്തിലുമാണ്.

അധികാരവും പണവും പുരോഹിതരെ ഏൽപ്പിക്കുന്നത് ആപത്തായിരിക്കുമെന്ന് കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ ചരിത്രം ഒന്നു കണ്ണോടിച്ചാൽ മനസിലാകും. ഒരു പുരോഹിതൻ കൊലക്കേസിലോ പീഡനങ്ങളിലോ അകപ്പെട്ടാൽ ഉന്നത സ്ഥാനങ്ങളിലെ സ്വാധീനമുപയോഗിച്ച്   കേസുകൾ തേച്ചുമായ്ച്ചും കളയും. അഭയാക്കേസിന് കോട്ടയം രൂപത എത്ര കോടികൾ മുടക്കിയെന്നതിനും കണക്കില്ല. മുൻ സുപ്രീം കോടതി ജഡ്ജി പരേതനായ കൃഷ്ണയ്യർ  തയ്യാറാക്കിയ ചർച്ച് ആക്റ്റ് നടപ്പാക്കാൻ മാറിമാറി വരുന്ന സർക്കാരുകൾ പോലും ഭയപ്പെടുന്നു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും മതപരമായ സ്വത്തുക്കൾക്ക് സർക്കാരിന്റെ നിയന്ത്രണമുണ്ട്. എന്നാൽ അല്മായർ നേർച്ചകളായി  നൽകിയ സഭാവക സ്വത്തുക്കളിൽമേൽ അധികാരം അതാത് രൂപതാ ബിഷപ്പുമാർക്കാണ്. അതിനെതിരെ ഏകീകൃതമായ ഒരു നിയമത്തിനായി കെ.സി.ആർ.എം. മുറവിളികൾ കൂട്ടിയിട്ടും ഈ ബില്ലിനെ നാളിതുവരെ നിയമമാക്കിയിട്ടില്ല. പുരോഹിതർക്ക് അല്മെനികളുടെ മേൽ ലഭിച്ചിരിക്കുന്ന അധികാരം വിട്ടുകൊടുക്കാൻ അവർ ഒരുക്കവുമല്ല.

ഇന്ന് നിലവിലുള്ള പള്ളികളോടനുബന്ധിച്ച സംഘടനകൾ എല്ലാംതന്നെ പുരോഹിതരുടെ നേതൃത്വത്തിലും തീരുമാനങ്ങളിലും പ്രവർത്തിക്കുന്നു.  പുരോഹിതരും അല്മായരും തമ്മിൽ പ്രശ്നങ്ങളുണ്ടായാൽ അത്തരം സംഘടനകൾ പുരോഹിതരുടെ ഇഷ്ടത്തിനൊപ്പമേ നിൽക്കുള്ളൂ. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുടെ കുടുംബത്തിലെ മാമ്മോദീസാ, കല്യാണം, വിവാഹം, മരണം മുതലായ ചടങ്ങുകളിൽ നിസ്സഹകരിക്കാൻ പുരോഹിതർക്ക് യാതൊരു മടിയുമില്ല. പള്ളികളുടെ മാസക്കുടിശിഖ  മുടക്കുന്നവർക്കോ, പള്ളിപണിക്കുള്ള വീതം കൊടുക്കാത്തവർക്കോ   പള്ളിയിൽ നിന്നും മുടക്കു കല്പിക്കുന്നതും സാധാരണമാണ്.

അല്മായനെന്നു പറഞ്ഞാൽ പുരോഹിതരുടെ മുമ്പിൽ നാക്കിറങ്ങി പോയ ഒരുതരം വർഗ്ഗമെന്നും കരുതണം. സിംഹാസനത്തിലിരിക്കുന്നവർക്ക് ആരെയും ഭയപ്പെടേണ്ട എന്ന മട്ടിലാണ് അല്മായരെ പേടിപ്പിച്ചുകൊണ്ടു ബിഷപ്പുമാരും പുരോഹിതരും സഭയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. മെത്രാനെന്നു പറഞ്ഞാൽ കൈമുത്തിപ്പിച്ചുകൊണ്ടു  എഴുന്നള്ളിച്ചു നടക്കേണ്ടവരല്ലെന്നും സാധാരണക്കാരുടെയിടയിൽ പ്രവർത്തിക്കാൻ ബാധ്യസ്ഥരെന്നും അവരെ മനസിലാക്കേണ്ടതായുണ്ട്.  അല്മായൻ പുരോഹിതരുടെ വളർത്തു നായയെന്ന മനോഭാവമാണ് ഇവർക്കുള്ളത്. ശക്തമായ പ്രതികരണങ്ങളിൽക്കൂടിയും സംഘടനയുടെ ബലത്തിലും മാറ്റങ്ങൾ കൂടിയേ തീരൂ. ബൗദ്ധികമായി ഇവരെ ചോദ്യം ചെയ്യാൻ സഭാ പൗരന്മാരുടെ ഒരു സംഘടനയുടെ ആവശ്യവും ഇവിടെ പ്രസക്തമാണ്.

കെ.സി.ആർ.എം സംഘടന, സഭയുടെ അനീതിക്കും അഴിമതിക്കുമെതിരെ എന്നും ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്നു.  പള്ളികളുടെ  ഗുണ്ടകളും പോലീസുകാരും പ്രതിക്ഷേധ പ്രകടനങ്ങൾ നടത്തുന്ന കെ.സി. ആർ. എം.പ്രവർത്തകരെ വിരട്ടുകയും ഭീക്ഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. പുരോഹിതരും മെത്രാന്മാരും  സഭാപൗരന്മാർക്കെതിരെയുള്ള ഗുണ്ടാ വിളയാട്ടത്തിൽ യാതൊന്നും അറിയാത്തവരെപോലെ നിശബ്ദരായി അഭിനയിക്കുകയും ചെയ്യും. അമേരിക്കയിലും പുരോഹിതർ വിശ്വാസികളെ കള്ളക്കേസുകളിൽ കുടുക്കി കോടതികളിൽ കയറ്റിയ സംഭവങ്ങളുമുണ്ട്.

പ്രസിദ്ധ സാഹിത്യകാരനും അമേരിക്കൻ മലയാളം പത്രങ്ങളിൽ സ്ഥിരം എഴുത്തുകാരനുമായ ശ്രീ എ.സി.ജോർജായിരുന്നു വീഡിയോ കോൺഫറൻസിനെ നയിച്ചിരുന്നത്. മോഡറേറ്ററെന്ന നിലയിൽ സദസിനെ ആരോഗ്യപരമായ ചർച്ചകളിൽ പങ്കെടുപ്പിക്കാൻ ശ്രീ ജോർജിന് പ്രത്യേകമായ ഒരു കഴിവുണ്ട്. നല്ലയൊരു വാഗ്മിയെന്ന നിലയിൽ അദ്ദേഹത്തിൻറെ അഭിപ്രായപ്രകടനങ്ങൾ സദസിനെയും പ്രീതിപ്പെടുത്തിയിരുന്നു. കോൺഫറൻസിൽ പങ്കെടുത്തവരെല്ലാം ബൗദ്ധിക തലങ്ങളിൽ നാനാതുറകളിൽ പ്രാവിണ്യം നേടിയവരും എഴുത്തുകാരും ഉയർന്ന തൊഴിൽ നിലവാരമുള്ളവരും സമൂഹത്തിൽ അറിയപ്പെടുന്നവരുമായിരുന്നു. അവർ പങ്കുവെച്ച അഭിപ്രായങ്ങൾ ക്രിയാത്മകവും വിജ്ഞാനം പകരുന്നതുമായിരുന്നു. ഈശ്വര പ്രാർഥനയോടെ യോഗം ആരംഭിച്ചു. അതിനുശേഷം വീഡിയോയിൽ പങ്കെടുത്തവരിൽ പലരും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

സഭാ ചരിത്രകാരനും   സാമൂഹിക സാംസ്ക്കാരിക പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമായ ശ്രീ ചാക്കോ കളരിക്കലിന്റെ ആമുഖത്തോടെയാണ് യോഗം ആരംഭിച്ചത്. ശ്രീ ചാക്കോയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു.

"പ്രിയപ്പെട്ട സഭാ പൗരന്മാരെ! എന്നെപ്പോലുള്ള പഴയകാല കുടിയേറ്റക്കാരുടെ ആദ്യകാലങ്ങളിലുണ്ടായിരുന്ന സാമൂഹിക കൂട്ടായ്മയിൽ എല്ലാ ജാതികളിലും മതങ്ങളിലുമുണ്ടായിരുന്നവർ പങ്കെടുത്തിരുന്നു. പുതിയ പുതിയ കുടിയേറ്റക്കാരും അവരുടെ ബന്ധുജനങ്ങളും വന്നു കഴിഞ്ഞപ്പോൾ ഓരോരുത്തരുടെയും മനസ്സിൽ നിറഞ്ഞിരുന്ന ജാതിയും മതവും പുറത്തു വരാൻ തുടങ്ങി. സാമൂഹിക ചിന്താഗതികളിലും സാഹോദര്യത്തിലും മത മൈത്രിയിലും ആചരിച്ചു വന്നിരുന്ന കൂട്ടായ്മകൾ ഓരോ മതക്കാരുടെയും കുത്തകയായി മാറ്റപ്പെട്ടു. വിഭാഗീയ സങ്കുചിത ചിന്താഗതികളോടെ മിക്ക സമ്മേളനങ്ങളും ഇന്ന് വിളിച്ചു കൂട്ടുന്നു. അങ്ങനെ സ്നേഹത്തിലും മതമൈത്രിയിലും കുടിയേറ്റക്കാർ ഒന്നിച്ചുകൂടിയുള്ള ആഘോഷങ്ങൾ കാലഹരണപ്പെട്ടുപോവുകയും ചെയ്തു. നമുക്കറിയാം അമേരിക്കയിലിന്ന് വൈറ്റ് സുപ്രമസിസ്റ്റ് ( White Supremacist) ആശയം തലപൊക്കി മെൽറ്റിംഗ് പോട്ട് (melting pot) എന്ന അമേരിക്കൻ വീക്ഷണത്തെ നശിപ്പിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു, നിറത്തിൻറെ പേരിലും കൂടാതെ വിദേശീയരോടുള്ള വേർതിരിവിൻറെ പേരിലുമുള്ള വിവേചനങ്ങളും  അമേരിക്കൻ മുഖ്യ ധാരയിലുമുണ്ട്.   ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള കലാപങ്ങൾ നിത്യസംഭവങ്ങളാണ്. ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ ലത്തീൻ, സീറോമലങ്കര, സീറോമലബാർ എന്നിങ്ങനെ മൂന്നുറീത്തുകളാണുള്ളത്. ലത്തീൻറീത്തിൽ പല സോഷ്യൽ സ്റ്റാറ്റസ്സിലുള്ളവരുണ്ട്. സീറോമലബാർ സഭയിൽ തെക്കുംഭാഗ/വടക്കുംഭാഗ/പുതുക്രിസ്ത്യാനി വേർതിരുവുകളുണ്ട്. മൂന്നുകോടതികൾ കോട്ടയം രൂപതയ്ക്ക് പ്രതികൂലമായി വിധിച്ചിട്ടും ലക്ഷങ്ങൾ ചിലവഴിച്ച് സുപ്രീംകോടതിയിൽ അപ്പീലിന് പോയിരിക്കയാണ്. എന്തിനുവേണ്ടി? ക്രിസ്തീയതയ്‌ക്കെതിരായി ജാതിവ്യവസ്ഥ നിലനിർത്താൻ!"

ശ്രീ ചാക്കോ തുടർന്നും പറഞ്ഞു, "ഇന്ന് ലോകം മുഴുവൻ മതം, ജാതി, രാഷട്രീയം, നിറം, രക്തം, ലിംഗം തുടങ്ങിയവകളിൽ അധിഷ്ഠിതമായ വിവേചനാത്മകചിന്ത വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സഭാപൗരന്മാരെന്ന നിലയ്ക്ക്, നമ്മുടെ ഉത്തരവാദിത്വങ്ങളിൽനിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ഇന്ന് പ്രവർത്തിയിൽ കൊണ്ടുവരേണ്ട സാഹോദര്യത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കാൻ കെല്പുള്ള, ചിന്താശക്തിയുള്ള, പ്രവർത്തനശേഷിയുള്ള കുറെ സുമനസ്കരെ യോജിപ്പിച്ചുകൊണ്ട് അമേരിക്കയിലും കാനഡയിലും എന്നുവേണ്ട ലോകം മുഴുവനും വ്യാപിക്കുന്ന രീതിയിലുള്ള ഒരു സംഘടന രൂപീകരിക്കുക എന്നാണ് ഞാൻ വിഭാവനം ചെയ്യുന്നത്. പള്ളിയോടും പട്ടക്കാരോടും സഭാമേലധ്യക്ഷന്മാരോടും വഴക്കടിക്കാനല്ല; വഴക്കടിച്ചിട്ടുകാര്യവുമില്ല. മറിച്ച്, ചർച്ച് സിറ്റിസൺസ് ഫ്രറ്റേർണിറ്റി (Church Citizens Fraternity ) - യെ ഊട്ടിവളർത്താനുള്ള ഒരു വേദിയായിട്ടാണ് ഞാൻ ഈ സംഘടനയെ കാണുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ ആദരവോടെയും തുറന്ന മനസോടെയും ഞാൻ കാണുന്നു."

ശ്രീ ചാക്കോയുടെ പ്രസംഗത്തിനുശേഷം സദസിലുണ്ടായിരുന്ന ഇരുപത്തിയഞ്ചിൽപ്പരം പേർ വ്യത്യസ്തങ്ങളായ  സുചിന്തിതാഭിപ്രായങ്ങളും പ്രകടിപ്പിച്ചിരുന്നു. വീഡിയോ കോൺഫെറെൻസിൽ വന്ന ഏതാനും പേരുടെ  അഭിപ്രായങ്ങൾ  താഴെ അക്കമിട്ടു വിവരിക്കുന്നു.

(1) 'സഭയിൽ നിന്ന് പുറത്തുപോവാനും സഭയ്ക്കുള്ളിൽനിന്ന് എന്തിനു യുദ്ധം ചെയ്യുന്നുവെന്നും' ചോദ്യമുണ്ടായി.

(2)'സഭയെന്നാൽ പുരോഹിതന്റെ തറവാട് സ്വത്തല്ല. ഓരോ അല്മായന്റെയും പൂർവികർ സ്വരൂപിച്ച സ്വത്തുകൊണ്ടാണ് പുരോഹിതർ മാത്രം ആഡംബരമായി ജീവിക്കുന്നത്. പുരോഹിതരുടെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്യുന്നവർ പുറത്തു പോവണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അവരുടെ ആഗ്രഹത്തിന് കീഴടങ്ങി പുറത്തു പോവുന്നവർ ഭീരുക്കളെന്നു മാത്രമേ ചിന്തിക്കാൻ സാധിക്കുള്ളൂ. നിശബ്ദരായിരിക്കരുത്, നമ്മളാൽ കഴിയുന്നതും ചെയ്യുക, സഭയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പ്രതികരിക്കുക തന്നെ വേണമെന്നുള്ള' അഭിപ്രായത്തിനായിരുന്നു കോൺഫെറെൻസിൽ കൂടുതൽ ശക്തിയുണ്ടായിരുന്നത്.

(3)'സമുദായ കാര്യങ്ങളെ സംബന്ധിച്ചുള്ള നേതൃത്വം കൊടുക്കേണ്ടത് അല്മായരാണ്, പുരോഹിതരല്ല. അല്മായരുടെ അദ്ധ്വാനം കൊണ്ട് നേടിയെടുത്ത പള്ളി സ്വത്തുക്കളിലും സാമ്പത്തിക കാര്യങ്ങളിലും ഇടപെടാൻ പുരോഹിതരെ അനുവദിക്കരുത്. നേർച്ചപ്പണത്തിന്റെ മുഴുവനായി കണക്കുകൾ അല്മായരെ ബോധ്യപ്പെടുത്തണം.'

(4)സുപ്രീം കോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യർ എഴുതിയുണ്ടാക്കിയ ചർച്ച് ആക്റ്റ് പാസാക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങൾ പുരോഹിതന്റെ കൈകളിൽനിന്നും കൈ വിട്ടുപോവുമെന്ന ഭയമാണ് അവർ ചർച്ച് ആക്റ്റിനെ എതിർക്കുവാനുള്ള കാരണമെന്നും' അഭിപ്രായങ്ങൾ വന്നിരുന്നു.

(5)'ഷിക്കാഗോയിൽ രൂപത സ്ഥാപിച്ചശേഷം രൂപതാധികാരികൾ പഴയ തലമുറയെയും ഇവിടെ ജനിച്ച പുതുതലമുറയെയും പരിപൂർണമായി അവഗണിച്ച ചരിത്രമാണുള്ളത്. ആത്മീയ ചിന്താഗതികളോടെയല്ല പുരോഹിതർ പ്രവർത്തിക്കുന്നത്. ആഫ്രിക്കയിലും എത്തിയോപ്പിയയിലും സേവനം ചെയ്യാൻ ഇവർക്ക് മനസ് വരില്ല. ഇറാക്കിലും സിറിയായിലും പോയാൽ തല പോകുമെന്നും അറിയാം. അമേരിക്കയിലെ  കുടിയേറിയവരുടെ മടിശീലയിലാണ് പുരോഹിതരുടെ നോട്ടം മുഴുവനും. ജോലി ചെയ്യാനും കഴിയില്ല. ജോലി ചെയ്യുന്നവന്റെ അദ്ധ്വാനഫലം പിടിച്ചെടുക്കുകയും വേണം. ഇടവകകൾ സ്ഥാപിച്ച് സ്വത്ത് വർദ്ധിപ്പിക്കണമെന്ന ഉദ്ദേശമേ രൂപതയ്‌ക്കുള്ളൂ.

(6)ഒരു ക്ലർക്കിനു ചെയ്യാനുള്ള ജോലിക്കു മാത്രം കൊച്ചുമെത്രാൻ, വലിയ മെത്രാൻ, ചാൻസലർ, മോൺസിഞ്ഞോർ, വികാരി എന്നിങ്ങനെ പദവികൾ രൂപതയിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ആഘോഷപരമായ പോസ്റ്റുകൾ അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം അധികപ്പറ്റാണ്. ദരിദ്രരരെ സഹായിക്കേണ്ടതിനുപകരം വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിവിശേഷമാണ് സഭയിലുള്ളത്.

(7) 'രൂപത സ്ഥാപിക്കുന്നതിനു മുമ്പ്  കൂടുതൽ എക്യൂമെനിക്കൽ കൂട്ടായ്മ ഉണ്ടായിരുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ തമ്മിൽ പരസ്പ്പരം ഒരു വിവേചനം കാണിച്ചിരുന്നില്ല. പല കുടുംബങ്ങളും സൗഹാർദത്തിലും സാഹോദര്യത്തിലും കഴിഞ്ഞിരുന്നു. സീറോ മലബാറിലെ പുരോഹിതരെ ഈ നാട്ടിൽ ഇറക്കുമതി ചെയ്ത ശേഷം അന്നുണ്ടായിരുന്ന സ്നേഹത്തിന്റെ കൂട്ടായ്മ ഇല്ലാതായി. ക്രിസ്തു തന്നെ പലതായി വിഭജിക്കപ്പെട്ടു. പല കുടുംബങ്ങളിലും ഇടപെട്ട്‌ പളളി ഭരിക്കേണ്ട പുരോഹിതർ കുടുംബം കലക്കികളായും മാറി.'

(8) 'പുരോഹിത ലോകം അല്മായരെ ബോദ്ധ്യപ്പെടുത്താൻ കള്ളങ്ങൾ നിറഞ്ഞ കഥകൾ സൃഷ്ടിക്കുന്നു.  സത്യസന്ധമായ ബോധവൽക്കരണം വിഭാവന ചെയ്യുന്ന ഒരു സംഘടനയുടെ ആവശ്യവും യോഗം ചർച്ച ചെയ്തു. വിശ്വാസികളുടെയിടയിൽ സഭയോടുള്ള ആത്മരോഷം മൂലം വേറെയും സംഘടനകൾ രൂപപ്പെട്ടിട്ടുണ്ട്. അത്തരം സംഘടനകളെല്ലാം അതാത് ഇടവകയിൽ മാത്രം ഒതുങ്ങിയിരിക്കുന്നു. ദേശീയ തലത്തിൽ ഒരു സംഘടന എന്തുകൊണ്ടും മാറ്റം വരുത്തും.'

(9) 'അല്മായരുടെ പണം സ്വീകരിക്കുന്നതൊഴിച്ച് പുരോഹിതരും മെത്രാന്മാരും അല്മായരെ ശ്രവിക്കാറില്ല. ഭൂരിഭാഗം പുരോഹിതർക്കും മെത്രാന്മാർക്കും ഇന്റെർനെറ്റുമായി പരിചയമില്ല. അല്മായർ ഒരു കത്തയച്ചാൽ കർദ്ദിനാൾ മുതൽ താഴോട്ടുള്ളവർ മറുപടിയും അയക്കില്ല. മുത്തുക്കുടകളുടെ കീഴെ കൈകളിൽ കുരിശു പിടിച്ച് അനുഗ്രഹിച്ചു മാത്രം നടന്നാൽ ആത്മീയതയാവില്ല. ആടുകളുടെ പിന്നാലെ നടന്നിരുന്ന  ഇടയന് ഇന്ന് മുന്നാലെ നടക്കാനാണ് ഇഷ്ടം.'

(10) 'അമേരിക്കയിൽ പള്ളിയും പട്ടക്കാരനും വന്നതിനുശേഷമാണ് ഇവിടെ കുടിയേറ്റ ജനതയുടെ സമാധാനം നഷ്ടപ്പെട്ടത്. എത്ര പണം കൊടുത്താലും ആർത്തി പിടിച്ച പുരോഹിതർക്ക് തൃപ്തി വരുകയില്ല. പള്ളിയോട് ഒത്തൊരുമിച്ചു നിന്നില്ലെങ്കിൽ സുഹൃത്തുക്കളും സ്വന്തം ബന്ധുജനങ്ങൾപോലും അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കും. കാരണം പുരോഹിതരുടെ വിശുദ്ധ നുണകൾ അത്രമാത്രം ശക്തിയേറിയതാണ്.'

(11)'അനാചാരത്തിലും അഴിമതിയിലും മുങ്ങിയിരിക്കുന്ന കേരള കത്തോലിക്ക സഭ അമേരിക്കയിൽ അടുത്ത തലമുറവരെ നിലനിൽക്കില്ല. ലോകം മുഴുവനും തന്നെ അനേകായിരം പള്ളികൾ പൂട്ടിക്കഴിഞ്ഞിരിക്കുന്നു. പള്ളികളുടെ സ്ഥാനങ്ങൾ തീയേറ്ററുകളും വ്യവസായ സ്ഥാപനങ്ങളുമായി മാറ്റപ്പെട്ടിരിക്കുന്നു. രണ്ടാം തലമുറയ്ക്ക് മലയാള ഭാഷയോ ആരാധനയിലെ മംഗ്ളീഷ് ഭാഷയോ മനസിലാക്കാനും സാധിക്കില്ല.'

(12)  'അമേരിക്കയിൽ വളരുന്ന ഒരു കുട്ടിയ്ക്ക് ഇന്ത്യ, അമേരിക്ക, വത്തിക്കാൻ എന്നിങ്ങനെ മൂന്നു രാജ്യങ്ങളെ സ്നേഹിക്കണം. ഒരു പെരുന്നാളിന് പോയാൽ മൂന്നു കൊടികളും പിടിക്കണം. കൂടാതെ ക്രിസ്ത്യനും കത്തോലിക്കനും സീറോമലബാറും ഒരേ സമയത്ത് ത്രിത്വം പോലെ ആചരിക്കണം. ഇതിൽ ക്രിസ്തു എവിടെയെന്നും വളരുന്ന കുഞ്ഞുങ്ങൾക്ക് അറിഞ്ഞു കൂടാ. വേദപാഠം ക്ലാസ്സിൽ പുരോഹിതരുടെ മംഗ്‌ളീഷും പഠിക്കണം. വിശുദ്ധ തോമസ് കേരളത്തിൽ വന്നുവെന്നും കേരള ക്രിസ്ത്യാനികൾ നമ്പൂതിരിമാരുടെ തലമുറകളെന്നും വിശ്വസിക്കണം. വളരുന്ന പിള്ളേരെ കേരള സംസ്ക്കാരം പഠിപ്പിക്കാൻ പുരോഹിതർ ശ്രമിക്കും. പെൺകുട്ടികൾ അമേരിക്കൻ രീതിയിൽ വേഷങ്ങൾ ഇട്ടാൽ അൾത്താരയിൽ നിൽക്കുന്ന പുരോഹിതർക്ക് ഇഷ്ടപ്പെടില്ല. സാരി ചുറ്റിയും കപ്പ തിന്നും ജീവിച്ചിരുന്ന മുതിർന്ന തലമുറകളുടെ സംസ്ക്കാരവും വേഷവും അമേരിക്കയിൽ വളരുന്ന കുഞ്ഞുങ്ങളിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. അവർക്ക് ക്രിസ്ത്യൻ വിശ്വസവും കത്തോലിക്കാ വിശ്വാസവും പോരാ, കുട്ടികളെ സീറോ മലബാറെന്നു വേർതിരിക്കണം. പെൺകുട്ടികളുടെ സാരികളേക്കാളും കണ്ണ് മഞ്ചിക്കുന്ന വേഷങ്ങളാണ് ഓരോ മെത്രാനും അണിഞ്ഞിരിക്കുന്നത്. രാജകീയ വേഷം ധരിച്ചാൽ അല്മായരിൽ നിന്നും കൂടുതൽ ബഹുമാനം ലഭിക്കുമെന്നും അഭിഷിക്തർ ചിന്തിക്കുന്നു. കാലം മാറിയിട്ടും യാഥാസ്ഥിതികരായ പുരോഹിതരുടെ ചിന്താഗതികൾക്ക് മാത്രം മാറ്റം വരുന്നില്ല.'

(13) 'അമേരിക്കയുടെ ഏതു സ്ഥലങ്ങളിലും റോമ്മായുടെ കീഴിലുള്ള കത്തോലിക്ക പള്ളികളുണ്ട്. ആ സ്ഥിതിക്ക് ഈ നാട്ടിൽ സീറോ മലബാർ സഭയുടെ സേവനത്തിന്റെ ആവശ്യമില്ല. ആത്മീയത തേടി സ്വന്തം റീത്തെന്നു പറഞ്ഞു പള്ളിതേടി പോവേണ്ടതുമില്ല. സ്ഥലത്തുള്ള ലത്തീൻ പള്ളികളിൽ കുർബാന കണ്ടിട്ട് സീറോ മലബാർ പള്ളികളിൽ കൊടുക്കേണ്ട പണം കൊണ്ട് ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ ദരിദ്രരാജ്യങ്ങളിലെ പാവങ്ങളെ സാമ്പത്തികമായി സഹായിച്ചാൽ അത് കൂടുതൽ ‌ ക്രിസ്തീയതയായിരിക്കും.'

(14) സീറോ മലബാർ പള്ളികളുടെ രീതികളും ആചാരങ്ങളും മുഴുവനായും ബൈബിളിനെതിരെയാണ്. പഴയ നിയമത്തിലെ പുരോഹിതരുടെ പുതിയ പതിപ്പാണ് സീറോ മലബാർ പുരോഹിതർ. മനുഷ്യകല്പനകളെയല്ല ദൈവകല്പനകളെയാണ് അനുസരിക്കേണ്ടത്. ഇന്ന് സഭയിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്നവരാണ് ഭൂരി ഭാഗവും. അതിനു നവീകരണം ആവശ്യമാണ്. നവീകരണത്തിനായി എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്നും സമഗ്രമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

(15)മനുഷ്യത്വവും മാനുഷികമൂല്യങ്ങളും സഭയ്ക്കാകെ നഷ്ടപ്പെട്ടിരിക്കുന്നു. അല്മായരുടെ നേർച്ചപ്പണം ഉപയോഗിച്ച് വക്കീൽ നോട്ടീസുവരെ അല്മായർക്കെതിരെ പുരോഹിതരും ശിങ്കടികളും നൽകുന്നു.  വലിയൊരു അല്മായ വിഭാഗം പുരോഹിതർ പറയുന്നതുമാത്രമേ ശ്രവിക്കുള്ളൂ. തെറ്റാണെങ്കിലും ചതിയാണെങ്കിലും പുരോഹിതനിൽ ഭൂരിഭാഗവും അമിതവിശ്വസം പുലർത്തുന്നതു കാണാം.  അതിനൊരു മാറ്റം വരണം.

(16) ലോകം മുഴുവനായി പതിനായിരക്കണക്കിന് ക്രിസ്തീയ സഭകളുണ്ടെന്നാണ് കണക്കായിരിക്കുന്നത്. ആദിമ സഭയിൽ പൗരാഹിത്യം ഉണ്ടായിരുന്നില്ല. ദിവ്യ ബലിയെ ചുറ്റിപ്പറ്റിയുള്ള ആചാരങ്ങൾ കത്തോലിക്കാ സഭയുടെ കുത്തകയായപ്പോൾ പൗരാഹിത്യ മേൽക്കോയ്മ അതിനുള്ളിൽ നുഴഞ്ഞു കയറി. പുരോഹിത മതം വന്നപ്പോൾ മുതൽ ക്രിസ്തുമാർഗവും സത് ഗുരുവും സഭയ്ക്ക് നഷ്ടപ്പെട്ടു.

(17) അമേരിക്കയിൽ കത്തോലിക്കരെ ക്രിസ്ത്യാനികളെന്നു പോലും ഭൂരി ഭാഗം ജനത അംഗീകരിച്ചിട്ടില്ല. കത്തോലിക്കരെന്നും മറ്റുള്ളവരെ ക്രിസ്ത്യാനികളെന്നുമാണ് അറിയപ്പെടുന്നത്. ഒരേ ക്രിസ്തുവിനുവേണ്ടി സഭകൾ തമ്മിൽ മത്സരിക്കുന്നു. സീറോ മലബാറും ലത്തീൻ സഭയും, ക്നാനായും തമ്മിൽ പരസ്പരം മത്സരത്തിലും വിദ്വെഷത്തിലും ചിലപ്പോൾ ശത്രുതാ മനോഭാവം പുലർത്തുകയും ചെയ്യുന്നു.

(18) ക്രിസ്ത്യാനിറ്റി തന്നെ ഒരു വ്യവസായ സ്ഥാപനമാണ്. അത് ക്രിസ്ത്യാനിയറ്റിയല്ല വാസ്തവത്തിൽ ചർച്ചിയാനിറ്റിയെന്നു വിളിക്കണം. നമുക്ക് വേണ്ടത് പൗരാഹിത്യത്തിന്റെ മേൽക്കോയ്മയുള്ള ഒരു മതമല്ല ആദിമ സഭകളുടെ ചൈതന്യം വീണ്ടെടുത്ത ക്രിസ്തുവിന്റെ സഭയാണ് വേണ്ടത്.

(19) നമ്മുടെ ഉദ്യമം വെറുപ്പിൽ നിന്നുമായിരിക്കരുത്, സ്നേഹത്തിൽനിന്നുമായിരിക്കണം. നമ്മുടെ ലക്ഷ്യം സഭയെ നശിപ്പിക്കുകയെന്നല്ല സഭയെ നന്മയുടെ പന്ഥാവിൽ നയിക്കണമെന്നുള്ളതായിരിക്കണം. പൂർണ്ണമായ ക്രിസ്തുമാർഗം മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം.

കേരളത്തിൽ പാലാ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന കെ.സി.ആർ.എം. എന്ന സംഘടനയുടെ ആശയങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ അമേരിക്കയിൽ ഒരു സംഘടന രൂപീകരിക്കാൻ  ഈ യോഗം തീരുമാനിക്കുകയുണ്ടായി. അമേരിക്കൻ സാംസ്ക്കാരിക ജീവിതത്തിൽ നമ്മുടെ സംസ്‌കാരവുമായി വ്യത്യസ്തമായ സാഹചര്യങ്ങളുണ്ടാവുമെങ്കിലും പുതിയ തലമുറകളെ  വഴിതെറ്റിക്കാതിരിക്കാനുള്ള എല്ലാ കരുതലുകളും ലക്ഷ്യമിട്ടായിരിക്കണം സംഘടന പ്രവർത്തിക്കേണ്ടതെന്നും യോഗത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. ഒരു സംഘടന രൂപീകരിക്കാനും ഭാവി പരിപാടികൾ തീരുമാനിക്കാനും സഭാപൗരന്മാർ സെപ്റ്റംബർ മുപ്പതാംതിയതി ഷിക്കാഗോയിൽ സമ്മേളിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഇന്ത്യയിലെ സുപ്രീം കോർട്ട് ' ട്രിപ്പിൾ തലാഖ് ' ക്കിനെതിരെ വിധി പ്രസ്താവിച്ചതിൽ ജഡ്ജിമാരെ അഭിനന്ദിക്കുന്ന ഒരു പ്രമേയം  ടെലികോൺഫെറൻസിൽ ഐകകണ്ഡേന  പാസാക്കി.  ശ്രീ ജോസ് കല്ലിടുക്കിലാണ് പ്രമേയം അവതരിപ്പിച്ചത്. കൂടാതെ ശ്രീ ചാക്കോ കളരിക്കൽ പറഞ്ഞു, "നാം രൂപീകരിക്കാൻ പോവുന്ന സഭാപൗരന്മാരുടെ ഈ സംഘടന ക്രൈസ്തവ മാതൃകയനുസരിച്ചായിരിക്കണം. ആഗോളവ്യാപകമായി പ്രതിഫലിക്കപ്പെടുകയും വേണം. സഭയുടെ നവീകരണം സംബന്ധിച്ച ക്രിയാത്മകമായ ആശയങ്ങളും ഉൾക്കൊണ്ടിരിക്കണം. സമാനമായ മറ്റു സംഘടനകളുമായി യോജിച്ച് സഭയിൽ തന്നെ മാറ്റങ്ങളുടേതായ ഒരു പുതുയുഗം തന്നെ സൃഷ്ടിക്കണം.  പവിത്രവും പരിപാവനവുമായ ഒരു സഭയാണ് നമുക്ക് ആവശ്യം."

ചോദ്യോത്തര വേളകൾക്കു ശേഷം വീഡിയോ കോൺഫെറൻസ് അവസാനിപ്പിക്കുകയും മോഡറേറ്റർ ശ്രീ എ.സി. ജോർജ് യോഗത്തിൽ സംബന്ധിച്ചവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


സീറോ മലബാർ കത്തീഡ്രൽ, ഷിക്കാഗോ 

Saturday, August 26, 2017

സാം പിട്രോഡയും ഡിജിറ്റൽ ഇന്ത്യയും വലിയ സ്വപ്നങ്ങളും




ജോസഫ് പടന്നമാക്കൽ

ഭാരതത്തെ ആധുനിക ടെക്കനോളജി യുഗത്തിലേക്ക് കൈപിടിച്ചു നടത്തിയ
പ്രസിദ്ധ  പ്രവാസി ഇന്ത്യനായ സത്യനാരായൻ ഗംഗാറാം പിട്രോഡയെ (Satyanarayan Gangaram Pitroda) അറിയപ്പെടുന്നത് 'സാം പിട്രോഡ'യെന്നാണ്. അമേരിക്കക്കാർക്ക് തന്റെ പേര് ഉച്ഛരിക്കാനുള്ള ബുദ്ധിമുട്ടുകാരണം പൗരത്വം എടുത്തപ്പോൾ അദ്ദേഹം സ്വന്തം പേര് ഔദ്യോഗികമായി മാറ്റുകയായിരുന്നു. ടെലികമ്മ്യുണിക്കേഷൻ എൻജിനിയർ, ടെക്കനോളജികളുടെ നൂതന ആവിഷ്ക്കാരകൻ,  കണ്ടുപിടുത്തക്കാരൻ, ശാസ്ത്രജ്ഞൻ, വ്യവസായിക പ്രമുഖൻ, സംഘാടകൻ, രാജ്യകാര്യങ്ങളിലെ നയരൂപീകരണങ്ങൾക്കായുള്ള ഉപദേഷ്ടാവ് എന്നീ നിലകളിൽ ശ്രീ സാം പിട്രോഡ തന്റെ വ്യക്തി മാഹാത്മ്യം തെളിയിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ പിതാവായി അറിയപ്പെടുന്നു.  ടെലിക്കോം കമ്മീഷന്റെ ആദ്യത്തെ ചെയർമാനായിരുന്നു. പതിറ്റാണ്ടുകളോളം ഇന്ത്യൻ വിവര സാങ്കേതിക ശാസ്ത്രത്തിന്റെ സർവ്വ ചുമതലകളും വഹിച്ചുകൊണ്ട് പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേശകനാവുകയും ചെയ്‌തു. ഇന്ത്യ മുഴുവനും ഇന്ത്യയിലെ ഗ്രാമങ്ങളും ഡിജിറ്റൽ ടെലി കമ്മ്യൂണിക്കേഷൻ വളർത്താനുള്ള ഉദ്യമങ്ങൾ ആരംഭിച്ചതും അദ്ദേഹമാണ്.

ഒറീസ്സായിലുള്ള ഒരു ഗുജറാത്തി കുടുംബത്തിൽ പിട്രോഡ 1942 മെയ് നാലാം തിയതി ജനിച്ചു. ഏഴു സഹോദരിൽ മൂന്നാമനായിരുന്നു. അദ്ദേഹത്തിൻറെ മാതാപിതാക്കൾ ഗുജറാത്തിൽ നിന്നു ഒറിസ്സായിൽ  സ്ഥിരതാമസക്കാരായി വന്നവരായിരുന്നു. ഈ കുടുംബം മഹാത്മാ ഗാന്ധിയിലും ഗാന്ധിയൻ തത്ത്വങ്ങളിലും ആകൃഷ്ടരായിരുന്നു. അദ്ദേഹത്തിൻറെ പിതാവിനെ ഒരു ഗാന്ധിയനായി അറിയപ്പെട്ടിരുന്നു. പിട്രോഡായെയും സഹോദരനെയും ഗാന്ധിസം പഠിക്കാൻ വേണ്ടി ഗുജറാത്തിൽ അയച്ചു. പിട്രോഡ ഗുജറാത്തിലുള്ള വല്ലഭ് വിദ്യാനഗർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. വഡോദരയിൽ മഹാരാജാ സായാജിറാവു യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിലും ഇലൿട്രോണിക്സിലും മാസ്റ്റേഴ്സ് ഡിഗ്രി നേടി. അതിനുശേഷം അമേരിക്കയിൽ ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീറിംഗ് വിഷയങ്ങളിൽ മാസ്റ്റേഴ്സ്  ഡിഗ്രിയെടുത്തു. പിട്രോഡ, കുടുംബമായി ഷിക്കാഗോയിൽ താമസിക്കുന്നു. അദ്ദേഹത്തിന് രണ്ടു മക്കളുമുണ്ട്‌. ഇന്ത്യയിലെ സേവന കാലത്ത് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് അദ്ദേഹം ഇന്ത്യൻ പാസ്പോർട്ട് എടുക്കുകയുണ്ടായി.

ഷിക്കാഗോയിൽ പഠനം കഴിഞ്ഞ കാലം മുതൽ അദ്ദേഹം ടെലികമ്മ്യൂണിക്കേഷനിൽ ടെക്കനോളജി ഗവേഷണത്തിലായിരുന്നു. ഷിക്കാഗോയിൽ 1966-ൽ അദ്ദേഹം ജി.ടി.ഇ യിൽ ജോലി ചെയ്തിരുന്നു. 1975-ൽ ഇലക്ട്രോണിക്ക് ഡയറി കണ്ടുപിടിച്ചു. നാലു വർഷം കൊണ്ട് അദ്ദേഹം ഡി.എസ്.എസ്.സ്വിച്ച് വികസിപ്പിച്ചെടുത്തു. 1978-ൽ അത് മാർക്കറ്റിൽ ഇറക്കി. വെസ്കോമിന്റെ ആ കമ്പനി 'റോക്കവേൽ' എന്ന ആഗോളവ്യാപകമായ ഒരു കമ്പനി വാങ്ങിക്കുകയും 1980-ൽ പിട്രോഡ അതിന്റെ പ്രസിഡന്റാവുകയും ചെയ്തു. നാലു പതിറ്റാണ്ടു കാലത്തെ എൻജിനീയറായി ജോലിചെയ്ത കാലയളവിൽ ടെലികമ്യൂണിക്കേഷനിൽ അനേക കണ്ടുപിടുത്തങ്ങളുടെ അവകാശപത്രങ്ങൾ (പേറ്റന്റ്) കരസ്ഥമാക്കുകയും ചെയ്തു. മൊബൈൽ ഫോൺ ട്രാൻസാക്ഷൻസ് ടെക്‌നോളജിയുടെ അവകാശവും (പേറ്റന്റ്) അദ്ദേഹത്തിനുണ്ട്. അതുമൂലം സാമ്പത്തികവും സാമ്പത്തികമല്ലാത്തതുമായ കാര്യങ്ങളിൽ മൊബൈൽ ഫോണിൽ കൂടി ക്രയവിക്രയങ്ങൾ നടത്താൻ സാധിക്കുന്നു. അമേരിക്കയിലും യുറോപ്പിലുമായി പിട്രോഡ നാനാവിധ ബിസിനസ്സുകളും ആരംഭിച്ചു. വെസ്‌കോം സ്വിച്ചിങ്, ലോണിക്സ്, എംടിഐ മാർട്ടെക് വേൾഡ് ടെൽ, സി-സാം മുതലായവ കമ്പനികൾ അതിൽ ഉൾപ്പെടുന്നു. 

1964-ൽ പിട്രോഡ അമേരിക്കയിൽ വരുന്നവരെ ടെലിഫോൺ ഉപയോഗിക്കുകയോ ആരുമായും ഒരിക്കലും ടെലിഫോൺ സംഭാഷണം നടത്തുകയോ ഉണ്ടായിട്ടില്ല. അനേക വർഷങ്ങൾക്കുശേഷം ഇന്ത്യയിൽ വരുകയും ഭാര്യയെ ടെലിഫോൺ ചെയ്യാൻ ശ്രമിച്ചിട്ട് സാധിക്കാതെ വരുകയും ചെയ്തു. 1980-ൽ പിട്രോഡ ഇന്ത്യയിൽ ടെലിഫോൺ വിപ്ലവം തന്നെ സൃഷ്ടിച്ചു. 1987-ൽ അദ്ദേഹത്തിന് ടെലി കമ്മ്യുണിക്കേഷൻസ്, ജല പദ്ധതി, ലിറ്ററസി, ക്ഷീരോത്‌പന്നങ്ങൾ (ഡയറി ആൻഡ് ഓയിൽ സീഡ്‌സ്) എന്നീ വകുപ്പുകളുടെ ടെക്കനോളജിപരമായ ചുമതലകളുണ്ടായിരുന്നു. യുണൈറ്റഡ് നാഷനിലും ടെക്കനോളജി വികസനമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്തിരുന്നു.

വിവര സാങ്കേതിക ടെക്നൊളജിയോടൊപ്പം ആശയ വിനിമയ ടെക്‌നോളജിയും നടപ്പാക്കുന്ന കാര്യത്തിൽ സാം പിട്രോഡ ഭാരതത്തിൽ ഒരു വിപ്ലവം സൃഷ്ട്ടിച്ചു. ദേശീയ വിവര കമ്മീഷന്റെ ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ ഉപദേശം കേരള സർക്കാരും ടെക്കനോളജി വികസനത്തിനായി തേടിയിട്ടുണ്ട്. സാങ്കേതിക വിദ്യകളെ സംബന്ധിച്ചുള്ള അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ ലോകമെമ്പാടും പ്രസിദ്ധമാണ്. നിരവധി ടെക്കനോളജി സംബന്ധമായ കണ്ടുപിടുത്തങ്ങളുടെ ക്രെഡിറ്റും അതിന്റെയെല്ലാം അവകാശ പത്രങ്ങളും (Patent) അദ്ദേഹത്തിനുണ്ട്. ഇന്ത്യയുടെ നാഷണൽ ഇൻഫോർമേഷൻ ഹൈവേ അതോറിറ്റിയുടെ മേധാവിയായിരുന്നു. 2009-ൽ ഭാരത സർക്കാർ പത്മ ഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.  

2005 മുതൽ 2009 വരെ നാഷണൽ ടെക്നോളജി കമ്മീഷന്റെ ചെയർമാനായി ചുമതലകൾ വഹിച്ചിരുന്നു. അദ്ദേഹം നാഷണൽ ടെക്നോളജി കമ്മീഷനിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഏകദേശം ഇരുപത്തിയേഴു സ്ഥലങ്ങളിലായി പ്രായോഗികമാക്കേണ്ട 300 ടെക്കനോളജിക്കൽ ശുപാർശകൾ പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരുന്നു. 2010-ൽ പിട്രോഡ നാഷണൽ ഇന്നൊവേഷൻ കൗൺസിൽ രൂപീകരിച്ചു. ക്യാബിനറ്റ് മന്ത്രിയുടെ പദവിയോടെ പബ്ലിക്ക് ഇൻഫോർമേഷൻ ഇൻഫ്രാ സ്ട്രച്ചറിൽ ഗവേഷണങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും ചുമതലയിൽ നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി-സാം (C-SAM) കമ്പനിയുടെ ഹെഡ് ഓഫിസ് ഷിക്കാഗോയിൽ സ്ഥാപിച്ചു. അതിന്റെ ഓഫിസുകൾ സിംഗപ്പൂർ, ടോക്കിയോ, പൂനാ, മുംബൈ, വഡോദര, എന്നിവടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

സാം പിട്രോഡ ലാഭേച്ഛയില്ലാതെ (Non Profit Organisation) പ്രവർത്തിക്കുന്ന അനേകം പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവും നിയന്ത്രകനും കൂടിയാണ്.  ബാംഗ്ളൂരിലുള്ള ഹെൽത്ത് സയൻസ് ആൻഡ് ടെക്കനോളജിയിൽ ആയുർവേദവും ഇന്ത്യയുടെ പരമ്പരാഗത ഔഷധങ്ങളും പ്രചരിപ്പിക്കുന്നു. പത്തൊമ്പത് ഏക്കർ വിസ്തീർണ്ണമുള്ള ആയുർവേദ തോട്ടം ബാംഗ്ളൂരിൽ അദ്ദേഹത്തിൻറെ മേല്നോട്ടത്തിലുണ്ട്. അവിടെ ഇരുന്നൂറിൽ കൂടുതൽ ശാസ്ത്രജ്ഞർ ജോലി ചെയ്യുന്നു. 7000 വിവിധതരം ഔഷധച്ചെടികൾ വളർത്തുന്നു. അതുകൂടാതെ ഔഷധങ്ങൾ വളരുന്ന മറ്റു തോട്ടങ്ങളുമുണ്ട്. അഞ്ഞൂറോളം ഏക്കർ വിസ്തൃതിയുള്ള ആയുർവേദ തോട്ടങ്ങളുടെ ചെയർമാൻ ശ്രീ സാം പിട്രോഡായാണ്.  

2009-ൽ സാം പിട്രോഡ 'ദി ഗ്ലോബൽ ക്‌നോളഡ്ജ് ഇനിഷിയേറ്റിവ്' (The Global Knowledge Initiative) എന്ന ഒരു സ്ഥാപനം സ്ഥാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും ഒന്നിച്ചാണ് ഇതിന്റെ പ്രവർത്തനം തുടരുന്നത്. ഈ സ്ഥാപനത്തിന്റെ ഹെഡ്ഓഫീസ് വാഷിംഗ്ടൺ ഡി.സിയാണ്. സയൻസും ടെക്‌നോളജിയും മുഖ്യ വിഷയങ്ങളായി ഗവേഷണം നടത്തുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ടാൻസാനിയാ, എത്തിയോപ്യ, കെനിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കാ എന്നിങ്ങനെ അനേക രാജ്യങ്ങളിൽ അവരുടെ പ്രവർത്തന ശൃങ്കലകൾ വ്യാപിച്ചുകിടക്കുന്നു. 2010-ൽ 'ഇന്ത്യ ഫുഡ് ബാങ്കിങ് നെറ്റ് വർക്ക്' (IFBN) സ്ഥാപിച്ചു. ഭക്ഷണം ശാസ്ത്രീയമായി ശേഖരിക്കലും വിതരണം ചെയ്യലുമാണ് ഈ മിഷ്യന്റെ ഉദ്ദേശ്യം. ഇന്ന് ഫുഡ് ബാങ്കുകൾ ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ബോംബെയിലും ബാഗ്ലൂരിലും ഡൽഹിയിലും കൽക്കട്ടായിലും ഇതിന്റെ ശാഖകൾ ഉണ്ട്.   

പിട്രോഡയുടെ ശ്രമഫലമായി പീപ്പിൾ ഫോർ ഗ്ലോബൽ ട്രാൻസ്ഫോർമേഷൻ (PGT) എന്ന പ്രസ്ഥാനം 2012-ൽ സ്ഥാപിച്ചു. ഇത് ചിന്തകരുടെ ഗ്രുപ്പാണ്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള ചിന്തകർ ഇതിൽ പ്രവർത്തിക്കുന്നു. ഗവേഷണങ്ങളെപ്പറ്റിയുള്ള പ്രഭാഷണ പരമ്പരകൾ തന്നെ അവിടെ നടത്താറുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടെകനോളജിയെ എങ്ങനെ വളർത്താമെന്നും പരസ്പ്പരം കൂടിയാലോചിക്കുന്നു. ബൗദ്ധിക തലങ്ങളിൽ പ്രവർത്തിക്കുന്ന ഈ ഗ്രുപ്പ് (Think Tank) അതിനുള്ള ശുപാർശകളും നൽകുന്നു. 

പിട്രോഡാ സാമൂഹിക പ്രസ്ഥാനങ്ങൾക്കൊപ്പം ഡസൻ കണക്കിന് കമ്പനികളുടെ സാരഥ്യവും  വഹിക്കുന്നു. വിക്രം സാരാഭായി കമ്മ്യൂണിറ്റി സയൻസ് സെന്റർ ചെയർമാൻ, വേൾഡ് വൈഡ് വെബ് ഫൗണ്ടേഷൻ മെമ്പർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐ.ഐ.ടി, ഷിക്കാഗോ മുതലായ കമ്പനികളുടെ തലപ്പത്ത് പ്രവർത്തിക്കുന്നുമുണ്ട്. അദ്ദേഹം ഗവേഷണപരമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ്. അദ്ദേഹത്തിൻറെ എല്ലാ ബുക്കുകളും വെബിൽ നിന്നും വായിക്കാൻ സാധിക്കും. അതിൽ ഡ്രീമിങ് ബിഗ് (Dreaming Big) എന്ന പുസ്തകം ആഗോള പ്രസിദ്ധമാണ്. കൂടാതെ മായങ്ക് ച്ഛയാ എഴുതിയ (Mayank Chhaya) പിട്രോഡായുടെ ജീവചരിത്രവും ഉണ്ട്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും സേവനത്തിന്റെയും അംഗീകാരമായി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും നിരവധി അവാർഡുകളും ഹോണററി ഡിഗ്രികളും ലഭിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിദ്ധീകരിച്ച തന്റെ ആത്മകഥ 'ഇക്കണോമിക്സ് ടൈംസിന്റെ' ലിസ്റ്റുപ്രകാരം ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഗ്രന്ഥമായിരുന്നു. 

പിട്രോഡയുടെ ഓഫിസിൽ ആരെയും സല്യൂട്ട് ചെയ്യുന്നതായ കൊളോണിയൽ സംസ്ക്കാരം അനുവദിച്ചിരുന്നില്ല. സർക്കാർ സ്ഥാപനമായ സി-ഡോട്ട് കമ്പനിയിൽ ഇന്ത്യയിൽ ആദ്യമായി അദ്ദേഹം അമേരിക്കൻ സംസ്ക്കാരം നടപ്പാക്കിയിരുന്നു. അദ്ദേഹം നയിച്ചിരുന്ന ഓഫിസിൽ മേലുദ്യോഗസ്ഥനെ കാണുമ്പോൾ എഴുന്നേൽക്കുകയോ 'സർ' എന്ന് വിളിക്കുകയോ പാടില്ലായിരുന്നു. പരസ്പ്പരം പേര് മാത്രം വിളിക്കണമെന്നായിരുന്നു ചട്ടം. മീറ്റിങ്ങുകളിൽ സംബന്ധിക്കുമ്പോൾ നിർഭയമായി സംസാരിക്കുകയും വേണ്ടി വന്നാൽ പിട്രോഡയെപ്പോലും കീഴ് ഉദ്യോഗസ്ഥരായ എഞ്ചിനീയർമാർ ചോദ്യം ചെയ്യാൻ തയ്യാറാവുകയും വേണമായിരുന്നു. കൂടെ ജോലി ചെയ്യുന്നവരോടെല്ലാം സഹോദരരെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. അവരുമായി നർമ്മ സംഭാഷണങ്ങളും ടെന്നീസു കളിച്ചു നടക്കാനും ഇഷ്ടമായിരുന്നു. അവിടെ ജോലിചെയ്യുന്ന എഞ്ചിനീയർമാർക്കെല്ലാം കമ്പനി ക്വാർട്ടേഴ്സും കാറും അനുവദിച്ചിരുന്നു. സന്തുഷ്ടരായ അദ്ദേഹത്തിൻറെ സഹപ്രവർത്തകർ അദ്ദേഹത്തോടൊപ്പം കമ്പനിയുടെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്തിരുന്നു. അഴിമതി വീരന്മാരായ സർക്കാർ ചുവപ്പുനാടകൾ അദ്ദേഹത്തെ ഒരു ശത്രുവിനെപ്പോലെ കണ്ടിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹത്തിനെതിരെ പാര വെക്കാനും അവർ ശ്രമിച്ചിരുന്നു. 

ഇന്ന് എഴുപതിൽപ്പരം ഫാക്റ്ററികൾ അദ്ദേഹം കുടുംബ വകയായി നടത്തുന്നുണ്ട്. മുപ്പതു വർഷം ഇന്ത്യയിൽ ജോലി ചെയ്തു. ഇന്ത്യയിലെ സേവനകാലത്ത് ഒരിക്കലും ശമ്പളം മേടിച്ചിട്ടില്ല. എന്നിട്ടും തെറ്റായ വിവരങ്ങൾ തന്നെപ്പറ്റി ജനം പറഞ്ഞുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജോലി ചെയ്തിരുന്നപ്പോൾ തനിക്ക് വരുമാനമുണ്ടായിരുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനായും വരുമാനം ഉണ്ടാക്കാനും അമ്പത്തിനാലാം വയസ്സിൽ വീണ്ടും അമേരിക്കയിൽ വരേണ്ടി വന്നു.

ഇന്ത്യയിൽ ടെലിഫോൺ ടെക്കനോളജി ആരംഭിച്ചപ്പോൾ രണ്ടു മില്യൺ ടെലിഫോൺ മാത്രമേയുണ്ടായിരുന്നുള്ളൂ. അന്ന് ഒരു വീട്ടിൽ ടെലിഫോൺ കണക്ഷൻ കിട്ടണമെങ്കിൽ പത്തുകൊല്ലം കാത്തിരിക്കണമായിരുന്നു. ഇന്ന് രാഷ്ട്രം മുഴുവനായി ബില്യൺ കണക്കിന് ടെലഫോൺ ഉണ്ട്. രാജ്യം നൂറ്റിയമ്പതു ബില്യൺ ഡോളർ തുകയ്ക്കുള്ള സോഫ്റ്റ് വെയർ പുറം നാടുകളിൽ അയക്കുന്നു.  ഐ.ടി. യുടെ വികസനം മൂലം ഇന്ത്യയ്ക്ക് ആഗോള നിലവാരത്തിൽ അംഗീകാരവും കിട്ടി. അതുമൂലം ധനവും ധനികരും ഇന്ത്യയിൽ ഉണ്ടായി. എങ്കിലും ടെക്കനോളജി ഇന്ത്യയിൽ വിപുലപ്പെടുത്താൻ ഇനിയും വളരെദൂരം സഞ്ചരിക്കേണ്ടതായുണ്ടെന്നും സാം പിട്രോഡ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിൽ ശരിയായ ബ്രോഡ് ബാൻഡ് കണക്ഷൻ ഇന്നും ലഭിച്ചിട്ടില്ല. ആധാർ കാർഡുകൾ ഐറ്റിയുടെ ഒരു വെല്ലുവിളിയായിരുന്നു. ബാങ്കിംഗിലും പെൻഷനിലും ജോലിക്കും ആധാർ കാർഡ് കൂടിയേ തീരൂ.

ഇന്ത്യയിൽ കോടതികളിലെ കേസ്സുകൾ കെട്ടുകെട്ടായി നോക്കാൻ സാധിക്കാതെയാണ് കിടക്കുന്നത്. മുപ്പത്തി രണ്ടു മില്യൺ കേസുകൾ ഫയലിൽ കിടപ്പുണ്ട്. അതിലെ പേപ്പർ വർക്ക് പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് പത്തു വർഷമെങ്കിലും എടുക്കും. ഇങ്ങനെ കെട്ടികിടക്കുന്ന കേസുകൾ സ്പീഡിൽ തീരുമാനം എടുക്കാൻ ഐറ്റി എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ലെന്നും ശ്രീ പിട്രോഡ ചോദിക്കുന്നു. മുപ്പത്തിരണ്ട് മില്യൺ ഫയലുകളിൽ നിന്ന് മൂന്നുലക്ഷമായി കുറയ്ക്കാനും ഒരു വർഷം കൊണ്ട് എല്ലാവർക്കും നീതി ലഭിക്കത്തക്ക സംവിധാനം ഉണ്ടാക്കാനും സാധിക്കുമെന്നു അദ്ദേഹം വിശ്വസിക്കുന്നു. ടെക്‌നോളജി അവിടെയുണ്ടെങ്കിലും അത് ഉപയോഗിക്കാനുള്ള മനസ്ഥിതി വേണമെന്നും ചിന്തിക്കുന്നു. അതിനായി ഇന്നത്തെ സിസ്റ്റം തന്നെ പരിപൂർണ്ണമായും മാറ്റേണ്ടിയിരിക്കുന്നു. ഇന്നുള്ള ടെക്‌നോളജി മുഴുവൻ കാലഹരണപ്പെട്ടതാണ്. അമ്പതും നൂറും കൊല്ലം മുമ്പ് ഡിസൈൻ ചെയ്ത സിസ്റ്റമാണ്. പഴങ്കാല രീതികൾ മാറ്റി ഇന്ത്യ മുഴുവനായും കംപ്യുട്ടർവൽക്കരിക്കേണ്ടതായുണ്ട്. 

സോഷ്യൽ മീഡിയായുടെ ദുരുപയോഗം ഒരു ദേശീയ വിപത്തായി അദ്ദേഹം കരുതുന്നു. കള്ളവും വെറുപ്പും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു. ഉദാഹരണമായി മോത്തിലാൽ നെഹ്രുവിനു അഞ്ചു ഭാര്യമാരുണ്ടായിരുന്നെന്നും അക്ബർ അദ്ദേഹത്തിൻറെ മകനായിരുന്നുവെന്ന കഥകളുമാണ് സോഷ്യൽ മീഡിയാകളിൽക്കൂടി പ്രചരിക്കുന്നത്. അഞ്ചു മില്യൺ ലൈക്കുകളാണ് ആ സന്ദേശത്തിനു ലഭിച്ചത്. പിന്നീട് ഇത്തരം അസത്യങ്ങൾ ചരിത്രമായി മാറും. ഇങ്ങനെയുള്ള വാർത്തകൾ സൃഷ്ടിക്കുന്നത് മീഡിയാ കമ്പനികളാണ്. കാരണം, കൂടുതൽ ക്ലിക്കിനു കൂടുതൽ പണം അവർ നേടുന്നു. സോഷ്യൽ മീഡിയാ ഇന്ന് ഗോസ്സിപ്പിന്റെ പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന വസ്തുതയും സാം പിട്രോഡ ചൂണ്ടി കാണിക്കുന്നുണ്ട്.  

ഫേസ് ബുക്കിലെയും ഗൂഗിളിലേയും കള്ളത്തരങ്ങൾക്കും ഏഷണികൾക്കും പരിഹാരം കാണാൻ, വെല്ലുവിളികളെ നേരിടാൻ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പാരീസിൽ ലാഭേച്ഛയില്ലാതെ (Non Profit) പ്രവർത്തിക്കുന്ന ഒരു സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. അദ്ദേഹം അതിലെ ഒരു ഡയറക്റ്ററുമാണ്. സോഷ്യൽ മീഡിയാകളിൽ ആർക്കും ഒളിച്ചിരുന്ന് എന്തും എഴുതാമെന്നുള്ള സ്ഥിതിവിശേഷമാണുള്ളത്. അതിനു പരിഹാരം കണ്ട് സത്യവും എത്തിക്‌സും പാലിക്കുന്ന സംവിധാനം സോഷ്യൽ മീഡിയാകളിൽ കണ്ടെത്തുകയെന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഫേസ് ബുക്ക്, ഗൂഗിൾ വഴി വെറുപ്പുകൾ പ്രചരിപ്പിക്കുന്നത് കൂടുതലും കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമെതിരെയാണ്. എല്ലാത്തരം വൃത്തികെട്ട മാന്യതയില്ലാത്ത വാക്കുകളും സോഷ്യൽ മീഡിയാകളിൽ പ്രചരിപ്പിക്കുന്നു. ഇന്ത്യ സർക്കാർ ആവശ്യത്തിനുള്ള ഫണ്ടുകൾ ഗവേഷണത്തിനായി ചെലവഴിച്ചാൽ അതിന്റെ ഗുണം ലഭിക്കുമെന്നും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാമെന്നും ശ്രീ സാം പിട്രോഡ അഭിപ്രായപ്പെടുന്നു. 

സാമ്പത്തിക ശാസ്ത്രത്തെപ്പറ്റിയും അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്. നഷ്ടത്തിലാകുമെന്നു ഭയന്ന് പണം മുടക്കാൻ കഴിവുള്ള പല കമ്പനികളും അതിനു തയ്യാറാകുന്നില്ല. അങ്ങനെ ബിസിനസിലേക്ക് പണം മുടക്കി ഒരു ഭാഗ്യ പരീക്ഷണത്തിന് ആരും ഒരുമ്പെടുകയില്ല. എല്ലാവർക്കും വ്യക്തമായ ലാഭം വേണം. മുടക്കിയ മുതൽ നഷ്ടപ്പെടാതെ പെട്ടെന്ന് ലാഭം കൊയ്യുകയും വേണം. അങ്ങനെയുള്ള ചിന്താഗതികളിൽ ബിസിനസ്സ് തുടങ്ങാനും ബുദ്ധിമുട്ടായിരിക്കും. ഗവേഷണങ്ങൾ ഉൾപ്പടെ യു.പി.എ സർക്കാരിന്റെ കാലത്ത് നഷ്ടം വരാൻ സാധ്യതയുണ്ടെങ്കിലും മുതൽ മുടക്ക് കണ്ടെത്താൻ ശ്രമിച്ചിരുന്നു. അങ്ങനെ ബിസിനസ്സിനായി അയ്യായിരം കോടി രൂപായുടെ ഫണ്ട് സ്വരൂപിച്ചിരുന്നു. ഇന്ന് സർക്കാരാണ് ഫണ്ട് മുഴുവൻ മാനേജ് ചെയ്യുന്നത്. നഷ്ടം വരാവുന്ന (risk) മുതൽ മുടക്കോടെയുള്ള ബിസിനസിനെ മാനേജ് ചെയ്യേണ്ടത് സർക്കാർ ഉദ്യോഗസ്ഥരല്ല. അവർക്കതിനുള്ള പ്രായോഗിക പരിശീലനവുമില്ല. വ്യവസായങ്ങളിൽ മുതൽമുടക്കിയുള്ള ബുദ്ധിമുട്ടുകൾ ഈ ഉദ്യോഗസ്ഥർ അനുഭവിച്ചിട്ടുമില്ല. ഈ ജോലി ആർക്കും ചെയ്യാൻ സാധിക്കുന്നതല്ല. "സർക്കാർ മുടക്കുന്ന ഫണ്ടുകൾ മാനേജ് ചെയ്യാൻ കമ്പനികളിൽ പണം മുടക്കി ബുദ്ധിമുട്ടനുഭവിച്ചവരെയും അതിൽ പരിശീലനം ഉള്ളവരെയും നിയമിക്കണമെന്നും" ശ്രീ സാം പിട്രോഡയുടെ ഒരു നിർദേശമാണ്. 

പിട്രോഡ പറയുന്നു, "താൻ ഒരു ബിസിനസ്സ് തുടങ്ങുന്നത് ആരോടും മത്സരിച്ചുകൊണ്ടല്ല. ടെക്കനോളജിയുടെ പുരോഗമനം എങ്ങനെ വികസിപ്പിക്കാമെന്നു പരീക്ഷണങ്ങൾ നടത്തും. ഏറിയൽ ഇന്റലിജൻസ് (Aerial Intelligence) എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചു. കൃത്രിമമായ സാറ്റലൈറ്റ് ബുദ്ധി വൈഭവം വഴി 'ഡേറ്റാകൾ' (Datas) ഞങ്ങൾ ശേഖരിക്കുന്നു. ഗോതമ്പ്, പഞ്ചസാര, സോയാബീൻ, കോഫീ, തേയില പൊട്ടറ്റോ എന്നിങ്ങനെ എത്രമാത്രം ഉൽപ്പാദിപ്പിക്കാമെന്നുള്ള വിവരങ്ങളും ഈ സാങ്കേതിക ടെക്കനോളജിയുടെ സഹായത്തോടെ ശേഖരിക്കുന്നു. അതിന്റെ ശരിയായ (algorithms) അല്ഗോരിതംസ് വികസിപ്പിക്കാൻ ഏകദേശം രണ്ടു കൊല്ലം എടുത്തു. സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റിയാണ് അതിൽ ഗവേഷണം നടത്തിയത്." ബിഗ് ഡേറ്റ ആൻഡ് അനലിറ്റിക്‌സ് (Big Data and analytics) എന്ന പേരിൽ മറ്റൊരു കമ്പനിയും അദ്ദേഹത്തിനുണ്ട്. ഇങ്ങനെ വ്യവസായങ്ങൾ തുടങ്ങുമ്പോൾ പുതിയ അവസരങ്ങൾ എന്തെന്ന് വ്യക്തമല്ല. 'അവ്യക്തമായ കാരണങ്ങളാൽ പണം നിക്ഷേപിക്കാൻ കഴിവുള്ളവരും അതിനു തയ്യാറാകുന്നില്ലെന്നും' അദ്ദേഹം പറയുന്നു. 

ഉദാരവൽക്കരണത്തിന്റെ ആനുകൂല്യത്തിൽ വൻകിട കമ്പനികൾ പ്രവർത്തനം ആരംഭിച്ചെങ്കിലും അവകളൊന്നും മാർക്കറ്റിൽ ഡിമാന്റുള്ള ഉൽപ്പന്നങ്ങളുടെ അടിസ്ഥാനത്തിലല്ല തുടങ്ങിയിരിക്കുന്നത്. തൊഴിലാളികളുടെ സുലഭത അനുസരിച്ചാണ് കമ്പനികളുടെ നിലനിൽപ്പുതന്നെ. ശ്രീ പിട്രോഡ ഐ.റ്റി. സേവനത്തിനായി പതിനായിരം പേരെ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ കൊണ്ടുപോയിരുന്നു. അതായിരുന്നു അദ്ദേഹത്തിൻറെ ഒരു സാഹസിത. യൂറോപ്പ്യൻമാരുടെ ബിസിനസ്സ് പകർത്തി പുതിയ കമ്പനികൾ തുടങ്ങിയതും അദ്ദേഹത്തിൻറെ മറ്റൊരു വ്യാവസായിക സാഹസികതയായിരുന്നു. യുവജനങ്ങളോട് രാജ്യത്തിലെ വ്യവസായ അവസരങ്ങളെപ്പറ്റി സംസാരിച്ചപ്പോൾ അദ്ദേഹം ഇന്ത്യയിലെ കാലഹരണപ്പെട്ട കാർ ഉത്ഭാദനം ഉദാഹരണമായി എടുത്തു പറഞ്ഞു. "നമുക്ക് സ്വയം ചിന്തിക്കത്തക്ക വികസനത്തിന് പറ്റിയ ഇന്ത്യൻ കാറുകൾ നിലവിലില്ല. അതിനു വിദേശ കാറുകളുടെ ടെക്കനോളജി ചിന്തിക്കേണ്ടി വരും. അതുകൊണ്ടു സ്വദേശിവൽക്കരണം എന്ന മനോഭാവം മാറ്റി മാനസികമായ ഒരു പരിവർത്തനം ആവശ്യമാണ്." അങ്ങനെ പുതിയ അവസരങ്ങളോടെ കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നു അദ്ദേഹം കരുതുന്നു. 

ഇന്ന് നാം വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കുന്നു. അതിൽ ഐ.റ്റിയുടെ പങ്കും ചിന്തിക്കണം. ആധുനികതകളിൽ വിവര സാങ്കേതിക വിദ്യകൾ തുറസായ ഒരു പുസ്തകം പോലെയാണ്. എല്ലാ വിഷയങ്ങളും വെബിൽ നിന്ന് ലഭിക്കും. മതം, ഫിസിക്സ്, കെമിസ്ട്രി, മാത്ത്, ആരോഗ്യം അങ്ങനെ പലതും ടെക്കനോളജി യുഗം വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്നു. പ്രൊഫസർമാർ പഠിപ്പിക്കുന്നു. സ്വയം പഠിക്കാൻ സാധിക്കുന്നു. ഇന്നത്തെ വെല്ലുവിളികളിൽ മറ്റുള്ളവർക്കും പ്രോത്സാഹനം നൽകാൻ സാധിക്കുന്നു. ടെക്‌നോളജി ഉണ്ടെങ്കിലും ഇന്നും നമ്മുടെ പാരമ്പര്യ ക്ലാസ്സ് മുറികൾ ഉപയോഗിക്കുന്നു. അദ്ധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ക്ലാസ്സിൽ വരുന്നു. അവിടെ പഴങ്കാലത്തിൽനിന്നും ഇന്നും മാറ്റം വന്നിട്ടില്ല. ക്ലാസ് മുറികളുടെ സഹായങ്ങൾ ഇല്ലാതെയുള്ള പരിപൂർണ്ണമായ ഒരു വിദ്യാഭ്യാസ പദ്ധതിയും ഐ.റ്റി. യുടെ പരിവർത്തനങ്ങളിൽക്കൂടി ഭാവിയിൽ പ്രതീക്ഷിക്കാം.  

യുവജനങ്ങളോടായും ശ്രീ സാം പിട്രോഡ സംവാദങ്ങൾ നടത്തുന്നതും പതിവാണ്. അദ്ദേഹം പറഞ്ഞു, "വികസനത്തിനായി താൻ സമൂലം ചിന്തിക്കാറുണ്ട്. വമ്പിച്ച അവസരങ്ങളാണ് ഈ തലമുറയ്ക്കുള്ളത്. നാമിന്ന് ജീവിക്കുന്ന ലോകം തന്നെ കാലഹരണപ്പെട്ടതാണ്. ഇന്നുള്ള നമ്മുടെ കഴിവുകൾ വിനിയോഗിച്ചാൽ തികച്ചും വ്യത്യസ്തങ്ങളായ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. വിദ്യാഭ്യാസത്തിലും, ആരോഗ്യ മേഖലകളിലും, ഗതാഗതത്തിലും ഊർജത്തിലും അവസരങ്ങൾ ഉണ്ട്. എല്ലാ വ്യവസായങ്ങളും ഒരു തലമുറയുടെ വിത്യാസത്തിൽ മാറ്റങ്ങൾ ആവശ്യമാണ്. വ്യവസായങ്ങളിലെല്ലാം നഷ്ടം വരുകയോ വരാതിരിക്കുകയോ ആവാം. അതുകൊണ്ടു ശരിയായ ബിസിനസ്സ് തുടങ്ങി എവിടെയാണ് പണം ഉണ്ടാക്കാൻ സാധിക്കുന്നതെന്നു ചിന്തിക്കണം. എന്നാൽ അതത്ര എളുപ്പമല്ല. നമ്മൾ വ്യത്യസ്തമായി ചിന്തിക്കണം. തുടങ്ങാൻ പറ്റിയ അനേക വ്യവസായങ്ങൾ രാജ്യത്തുണ്ട്. അതിനു തയാറാകുന്ന മനസ്ഥിതിയുള്ളവർ വളരെ കുറവേയുള്ളൂ. അതുകൊണ്ടാണ് പുതിയതായി തുടങ്ങുന്ന ബിസിനസ്സുകൾ വിജയിക്കാത്തത്." 

പിട്രോഡാ ആത്മാഭിമാനത്തോടെ സദസുകളിൽ പറയാറുണ്ട്, "ഞാനൊരു ആശാരിയുടെ മകനായിരുന്നു. യേശുവും ആശാരിയുടെ മകനായിരുന്നു. അതിൽ അഭിമാനിക്കുന്നു." യുവാക്കൾക്കായും അദ്ദേഹത്തിന്റെ ഉപദേശമുണ്ട്. "ഒരു കാർപ്പന്ററിന്റെ മകന് ഇത്രമാത്രം ചെയ്യാൻ സാധിക്കുമെങ്കിൽ ടെക്കനോളജി യുഗത്തിൽ ജീവിക്കുന്ന ഇന്നത്തെ യുവാക്കൾക്ക് ഇതിൽ കൂടുതൽ ചെയ്യാൻ സാധിക്കും. ഏഴു ദിവസം കഠിനമായി ജോലി ചെയ്യുന്നവർക്ക് ബൗദ്ധിക തലങ്ങളിൽ അങ്ങേയറ്റം ഉയരാമെന്നും" അദ്ദേഹം അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിൻറെ ജീവിതം വലിയ സ്വപ്നങ്ങൾ കാണുന്ന യുവാക്കൾക്ക് മാതൃകയാണ്. "താൻ സാധാരണ സാമൂഹികമായ പാർട്ടികളിലൊന്നും സംബന്ധിക്കാറില്ലെന്നും, പാഴായ വർത്തമാനം പറഞ്ഞു സമയം കളയാറില്ലെന്നും ഉത്തരവാദിത്വത്തോടെ ചെയ്യുന്ന ജോലിയാണ് പ്രധാനമെന്നും" പിട്രോഡ യുവാക്കളോട് പറയുന്നു. ഒരു രാഷ്ട്രത്തിന്റെ ചരിത്രം തന്നെ സാങ്കേതിക വിപ്ലവതരംഗങ്ങളിൽ മാറ്റിയെടുക്കാൻ ഈ മനുഷ്യനു സാധിച്ചു. സാം പിട്രോഡയുടെ ഹൃദയാവര്‍ജ്ജകമായ യാത്ര, ടെക്കനോളജി യുഗത്തിലെ ഭാരതീയ ജനതയെ അഭിമാനഭരിതരാക്കുന്നു. അദ്ദേഹത്തിൻറെ ജീവിതം ഭാരതത്തിലെ ജനതയുടെ തുടിപ്പുകളായി മാറിക്കഴിഞ്ഞു. യുവതലമുറയ്ക്ക് പ്രചോദനമരുളുന്ന വലിയ സ്വപ്നങ്ങളുടെയും ഉറച്ച തീരുമാനങ്ങളുടെയും മാതൃകയുമാണ് അദ്ദേഹം.  


















Sunday, August 20, 2017

സനാതന ചിന്തകളും മതപരിവർത്തനവും വാദമുഖങ്ങളും



ജോസഫ് പടന്നമാക്കൽ

ലോകം മുഴുവനും ക്രൂരമായ മതപീഡനം വിളയാടിയിരുന്ന കാലങ്ങളിൽ ഭാരതം എല്ലാ മതങ്ങൾക്കും അഭയം നൽകിയിരുന്നു. നമ്മുടെ നാട്ടുരാജാക്കന്മാർക്ക് മതസഹിഷ്ണതയും മറ്റു മതസ്ഥരോട് സൗഹാർദ്ദ ബന്ധങ്ങളുമുണ്ടായിരുന്നു. കൂടാതെ അതിഥികളെ സ്വീകരിക്കാനുള്ള വിശാല മനസ്ഥിതിയും  പ്രകടമായിരുന്നു. യഹൂദർക്ക് ക്രിസ്തുവിനു മുമ്പുമുതൽ ഈ രാജ്യത്ത് സിനഗോഗുകളും കച്ചവടങ്ങളുമുണ്ടായിരുന്നു. കൊച്ചിയിലെ യഹൂദ പാരമ്പര്യം ക്രിസ്തുവിനു മുമ്പ് തുടങ്ങിയതാണ്. ജറുസലേമിൽ റോമാക്കാർ യഹൂദരെ പീഡിപ്പിച്ചപ്പോൾ അവർക്ക് ഈ രാജ്യം അഭയം കൊടുത്തു. കേരളത്തിലെ പഴയ ക്രിസ്ത്യൻ പള്ളികളുടെ ചരിത്രമെടുത്താൽ ഇവിടെയുള്ള ഹൈന്ദവ രാജാക്കന്മാർ ആ പള്ളികൾക്കെല്ലാം സ്ഥലം ദാനം കൊടുത്തിരുന്നതായി കാണാം. പതിനഞ്ചാം നൂറ്റാണ്ടിലും പതിനാറാം നൂറ്റാണ്ടിലും വിദേശ മിഷണറീസ്മാർ ഗോവയിലും മംഗളൂരിലും കടലോര പ്രദേശങ്ങളിലും ക്രിസ്ത്യൻ സഭകൾ പ്രചരിപ്പിച്ചു.

ഒമ്പതാം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്നും മതപീഡനം കാരണം സൊറാസ്ട്രിയരും ഇന്ത്യയിൽ വന്നെത്തി. ടാറ്റാ പോലുള്ള വൻ വ്യവസായങ്ങൾ സ്ഥാപിച്ചത് അവരാണ്. ഫീൽഡ് മാർഷൽ ആയിരുന്ന മനുക്ഷയും സൊറാസ്ട്രിയൻ മതവിശ്വാസിയായിരുന്നു. ചൈനാ, ടിബറ്റ് കീഴടക്കിയപ്പോൾ അവിടെയുള്ള ബുദ്ധമതക്കാരായ അഭയാർഥികൾക്ക് അഭയം നൽകിയത് ഈ രാജ്യമാണ്. ദലൈലാമയുടെ അഭയ രാജ്യവും ഇന്ത്യയാണ്. ഇറാനിലെ പീഡനം മൂലം 'ബാഹായി' മതക്കാരും അഭയം തേടിയതും ഭാരതത്തിലായിരുന്നു. റോമ്മായിൽ ക്രിസ്ത്യാനികളെ സിംഹക്കൂടുകളിൽ വലിച്ചെറിയുന്ന കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ ഇവിടുത്തെ നാട്ടുരാജാക്കന്മാരുടെ പരിലാളനയിലും പരിപാലനത്തിലുമായിരുന്നു. പൗരാണിക കാലങ്ങളിലെ ചരിത്രത്തിലേയ്ക്ക് കണ്ണോടിച്ചാൽ എല്ലാ മതങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്തിരുന്ന ഏക രാജ്യം ഭാരതമെന്നു കാണാൻ സാധിക്കും.

വൈവിദ്ധ്യങ്ങളാർന്ന വിവിധ മതവിഭാഗങ്ങളുടെ നാടാണ് ഇന്ത്യ. ഹിന്ദു മതം, ബുദ്ധ, ജൈന, സിക്ക് മതങ്ങൾ എന്നിങ്ങനെ ലോകത്തിലെ നാലു പ്രധാനമതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. ഇന്ത്യയിൽ ഭൂരിഭാഗം ഹിന്ദുക്കളാണെങ്കിലും ചില പ്രദേശങ്ങൾ മറ്റു മതങ്ങൾ ഭൂരിപക്ഷങ്ങളായുമുണ്ട്. ഉദാഹരണമായി ജമ്മു കാശ്മീരിൽ മുസ്ലിമുകളാണ് ഭൂരിപക്ഷം. പഞ്ചാബിൽ സിക്കുകാരും നാഗാലാൻഡ്, മേഘാലയ, മിസോറം എന്നിവടങ്ങളിൽ ക്രിസ്ത്യാനികളുമാണ് ഭൂരിപക്ഷം. ഹിമാലയൻ പ്രദേശങ്ങളായ സിക്കിമിലും ഡാർജലിംഗിലും ലഡാക്കിലും, അരുണാചല പ്രദേശത്തിലും ബുദ്ധമതക്കാർ തിങ്ങി പാർക്കുന്നുമുണ്ട്. ന്യൂന പക്ഷങ്ങളിൽ ഇസ്‌ലാം മതമാണ് ഇന്ത്യയിൽ ഏറ്റവും വലിയ മതം. മുസ്ലിമുകൾ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പൗരാണിക കാലം മുതൽ ഇന്ത്യ മഹാരാജ്യം തന്നെ സഹിഷ്ണതയുടെ നാടായിരുന്നു.

ഇന്ത്യ ഉപ ഭൂഖണ്ഡത്തിൽ പീഡനങ്ങളുടെ ചരിത്രവുമുണ്ട്. ബുദ്ധമതക്കാരെയും ജൈനന്മാരെയും ബ്രാഹ്മണ മേധാവിത്വത്തിൽ ചില രാജാക്കന്മാർ പീഡിപ്പിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.  ബി.സി. രണ്ടാം നൂറ്റാണ്ടിൽ 'പുഷ്യമിത്ര ഷുങ്ക' എന്ന രാജാവ് ബുദ്ധ മതക്കാരെ പീഡിപ്പിച്ചിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ മിഹിരകുലയുടെ കാലത്ത് കാശ്മീരിൽ ബുദ്ധമതക്കാരെ ദ്രോഹിച്ചിരുന്നതായ ചരിത്രവുമുണ്ട്. പല്ലവ തമിഴ് രാജാക്കന്മാരുടെ കാലത്ത് വൈഷ്ണവർ ശൈവ മതക്കാരെ പീഡിപ്പിച്ചിരുന്നു. പാണ്ഡിയൻ രാജാക്കന്മാർ ജൈനന്മാരെ ഇല്ലായ്‌മ ചെയ്യാൻ ശ്രമിച്ചിരുന്നു. . അഫ്‌ഗാനിസ്ഥാനിലും സിൻഡിലും പഞ്ചാബിലുമുള്ള മുസ്ലിം രാജാക്കന്മാരും ഹിന്ദുക്കളെ പീഡിപ്പിച്ചിരുന്നു. ഔറങ്ങസീബിന് ഹിന്ദുക്കളോടും ജൈനന്മാരോടും സഹിഷ്ണതയുണ്ടായിരുന്നില്ല. ഗോവയിൽ വിദേശ മിഷിണറിമാർ  ആധിപത്യം സ്ഥാപിച്ചുകൊണ്ട് നൂറു കണക്കിന് അമ്പലങ്ങൾ തകർത്തു. അമ്പലങ്ങളിരുന്ന സ്ഥലങ്ങളിൽ പള്ളികൾ നിർമ്മിച്ചു.

ഭാരതത്തിലെ ഓരോ പൗരനും യുക്തമെന്നു തോന്നുന്ന മതത്തിൽ വിശ്വസിക്കാനുള്ള അവകാശം  ഭരണഘടന ഇരുപത്തഞ്ച് ഇരുപത്തിയാറു വകുപ്പുപ്രകാരം നൽകിയിട്ടുണ്ട്. അത്  മൗലികസ്വാതന്ത്ര്യമാണ്‌. ഇന്ത്യ മതേതരത്വ രാജ്യവുമാണ്. സമാധാനപരമായി ഓരോരുത്തർക്കും തങ്ങളുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശമുണ്ടെന്നും ഭരണഘടനയിൽ എഴുതി ചേർത്തിട്ടുണ്ടായിരുന്നു. എന്നിരുന്നാലും മതസഹിഷ്‌ണതയില്ലായ്മ ഭാരതത്തിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. 1984-ലെ സിക്ക് കലാപം, 2002-ലെ ഗുജറാത്ത് കലാപം, കാശ്മീരിലെ പണ്ഡിറ്റുകൾ സഹിക്കേണ്ടി വന്ന വർഗീയ വംശീകരണ നിഗ്രഹങ്ങൾ മുതലായവ ഉദാഹരണങ്ങളാണ്. 1984-ലെ സിക്കുകാർക്കെതിരെയുള്ള കലാപങ്ങളിൽ നാളിതുവരെ അന്ന് ബലിയാടായവർക്ക് നീതി ലഭിച്ചിട്ടില്ല. അന്നുണ്ടായ കൂട്ടക്കൊലകൾ ഇന്നും ചരിത്രത്തിന്റെ ഭാഗമായി അവശേഷിച്ചിരിക്കുന്നു.

സനാതന മതത്തിൽ ധർമ്മം എന്തെന്ന് മറ്റുള്ളവരെ പഠിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആരെയും സനാതനത്തിലേയ്ക്ക് നിർബന്ധിക്കാറില്ല. സനാതനത്തിൽ ശാസ്തങ്ങളുണ്ട്, സംഗീതവും നൃത്തവുമുണ്ട്. ജ്യോതിർ വിദ്യയും, ജ്യോതിഷ ശാസ്ത്രവും, വൈദ്യ ശാസ്ത്രവും, ഗണിത ശാസ്ത്രവും, സനാതനത്തിന്റെ പഠനങ്ങളാണ്. കൂടാതെ ജീവശാസ്ത്രം, സാമൂഹിക ശാസ്ത്രം, സാമ്പത്തികം, കൃഷി, രാഷ്ട്രീയം, യോഗ, വസ്തു ശാസ്ത്രം, ഇങ്ങനെ നൂറായിരം ആത്മീയ ശാസ്ത്രങ്ങൾകൊണ്ട് വേദങ്ങൾ സമ്പന്നമാണ്. വേദകാലങ്ങളിൽ മനുവിന്റെ നിയമങ്ങളെ മാനിച്ചിരുന്നു. അങ്ങനെ ആദ്ധ്യാത്മികതയുടെ അതിരറ്റു പുരോഗമിച്ച സിദ്ധാന്തങ്ങൾ വേദങ്ങളിൽ നിറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ അദൃശ്യ കാര്യങ്ങളും അജ്ഞേയമായി വർണ്ണിച്ചിരിക്കുന്നു. നാമായിരിക്കുന്ന ഈ സത്ത നാം നേടിയതും ഇനിയും നേടാൻ പോവുന്നതും നൂറായിരം പുനർജന്മങ്ങൾ തരണം ചെയ്തായിരിക്കുമെന്നും വേദഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളിൽ സസ്യഭുക്കുകളും മാംസാഹാരികളുമുണ്ട്. എന്ത് ഭക്ഷണം കഴിക്കണമെന്നു വൈദിക മതം നിഷ്ക്കർഷിക്കുന്നില്ല. പ്രേരണയും ചെലുത്തുന്നില്ല. വേദങ്ങളിൽ മാംസം നിഷിദ്ധങ്ങളെന്നു പറയുന്നുമില്ല.

സനാതന ധർമ്മം ഇസ്‌ലാമികളുടെയും ക്രിസ്ത്യാനികളുടെയും ധർമ്മങ്ങളെക്കാൾ വ്യത്യസ്തമാണ്. ഒരു ക്രിസ്ത്യാനിക്ക് ബൈബിളും മുസ്ലിമിന് ഖുറാനും അടിസ്ഥാന വേദഗ്രന്ഥമാക്കണമെന്നുണ്ട്. എന്നാൽ ഒരു ഹിന്ദുവിനെ സംബന്ധിച്ച് അങ്ങനെയൊരു ഗ്രന്ഥം നിർബന്ധമായി നിശ്ചയിച്ചിട്ടില്ല. ഓരോരുത്തരുടെയും മാനസിക സ്ഥിതിയനുസരിച്ചും ശാരീരിക നിലവാരമനുസരിച്ചും ബൗദ്ധികത കണക്കാക്കിയും അവരവർക്ക് ഇഷ്ടമുള്ള തത്ത്വങ്ങൾ തിരഞ്ഞെടുക്കാൻ വൈദിക മതങ്ങൾക്ക് സാധിക്കും. മതപരിവർത്തനം എന്നുപറഞ്ഞാൽ നിലവിലുള്ള വിശ്വസങ്ങളെ പരിത്യജിച്ചു മറ്റു മതങ്ങളുടെ വിശ്വസങ്ങളെ ഉൾക്കൊള്ളുകയെന്നുള്ളതാണ്. അത് സനാതനം അംഗീകരിച്ചിട്ടുമുണ്ട്. അതിന്റെ അർത്ഥം ഒരുവൻ ക്രിസ്ത്യാനിയായാലും ഇസ്‌ലാമായാലും ലക്ഷ്യം ഒന്നുതന്നെയെന്ന വിശ്വാസവും ഭാരതീയ മൂല്യങ്ങളിലുണ്ടായിരുന്നു.

ഒരുവൻ മതം മാറുന്നത് പല കാരണങ്ങളാലാകാം. വിശ്വസിച്ചുവന്നിരുന്ന മതത്തോടുള്ള വിശ്വാസവും കൂറും നഷ്ടപ്പെട്ടതാകാം. സ്വതന്ത്രമായ തീരുമാനം മൂലം മനം മാറ്റം വന്നതാകാം. മരിക്കുന്ന സമയം ഒരുവന്റെ മനസ്സിൽ വന്ന ഭയ വ്യതിചലനങ്ങളാകാം. വ്യത്യസ്തങ്ങളായ സാഹചര്യങ്ങൾ കൊണ്ടോ  മറ്റുള്ള മതങ്ങളിൽ നിന്നും വിവാഹം കഴിച്ചതുകൊണ്ടോ അല്ലെങ്കിൽ മറ്റുള്ളവരുടെ ഭീക്ഷണി കൊണ്ടോ പ്രേരണകൊണ്ടോ മതം മാറ്റം സംഭവിക്കാം. ചിലർ സാമ്പത്തിക ലാഭം മനസ്സിൽ കാണുന്നു. ഒരു കുട്ടിയെ നല്ല സ്‌കൂളിൽ ചേർക്കാനായി മതം മാറിയവരുമുണ്ട്. സാമൂഹികമായി കൂടുതൽ അന്തസ് കിട്ടുമെന്ന് വിചാരിച്ച് ചിലർ മതം മാറുന്നു. വിവാഹിതരാകുമ്പോൾ ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ മതം സ്വീകരിക്കുന്നവരുമുണ്ട്. താല്പര്യമില്ലാതെ നിർബന്ധിത മത പരിവർത്തനത്തിൽ  മതം മാറുന്ന ഒരാൾ താൻ കാത്തുസൂക്ഷിച്ചു വന്നിരുന്ന വിശ്വാസം മനസ്സിൽ രഹസ്യമായി സൂക്ഷിച്ചുകൊണ്ടിരിക്കും. പുറമെ പുതിയ മതത്തിലെ അംഗമെന്ന നിലയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അമിത വിശ്വാസം കൊണ്ട് മതം മാറിയ ചിലർ അവരുടെ കുടുംബത്തെ മുഴുവൻ പുതിയ മതത്തിലേക്ക് ചേർക്കാൻ  പ്രേരിപ്പിച്ചുകൊണ്ടുമിരിക്കും.

ഇന്ത്യയിലെ ജനങ്ങളിൽ 80 ശതമാനവും ഹിന്ദുക്കളാണ്. ഇന്ത്യ മതേതരത്വത്തിൽ വിശ്വസിക്കുന്നു. ഇസ്ലാം ഇന്ത്യയിലെ രണ്ടാമത്തെ മതവുമാണ്. രാജ്യത്ത് ക്രിസ്ത്യാനികൾ രണ്ടു ശതമാനമാണുള്ളത്. നാഗാലാന്റിലും മിസ്സോറിയയിലും മേഘാലയത്തിലും ക്രിസ്ത്യാനികളാണ് ഭൂരിപക്ഷമുള്ളത്. ക്രിസ്ത്യാനികൾ പ്രേരണ ചെലുത്തിയും സ്വാധീനിച്ചും മത പരിവർത്തനം നടത്തുന്നുവെന്ന് ഹിന്ദു യാഥാസ്ഥിതികർ പ്രചരണം നടത്തുന്നു. തീവ്ര ക്രിസ്ത്യൻ വിഭാഗങ്ങളുടെ മതപരിവർത്തന രീതികളിൽ കുറച്ചു സത്യമുണ്ടെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി സത്യമല്ലാത്ത പ്രചരണങ്ങളും ഹിന്ദു മതത്തിലെ തീവ്ര വാദികൾ നടത്താറുണ്ട്. സഹസ്രാബ്ധങ്ങളായി ഇന്ത്യ പുലർത്തിയിരുന്ന മതസൗഹാർദം അവർ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തെ സംബന്ധിച്ച് കാര്യമായൊന്നും അവരുടെ പ്രചരണങ്ങൾ ഫലവത്താകുന്നില്ല. മാത്രവുമല്ല ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള ഏതൊരാക്രമവും അന്തർദേശീയ വാർത്തകളായി പൊലിക്കുകയും ചെയ്യും. അത് ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതം പറ്റുമെന്ന് കേന്ദ്രം ഭരിക്കുന്നവർക്ക് അറിയുകയും ചെയ്യാം.

മതം മാറാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ അവിടെ നിയമത്തിന്റെ പ്രസക്തികളൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. അത് അയാളുടെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശസ്വാതന്ത്ര്യവുമാണ്. ഹിന്ദുവിന് മുസ്ലിമാകാനോ മുസ്ലിമിന് ഹിന്ദുവാകാനോ അവകാശമുണ്ട്. അവിടെ നിയമത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല. മതം മാറാൻ പാടില്ലായെന്ന ഒരു നിയമം കൊണ്ടുവന്നാലും ഇന്നത്തെ ഭരണഘടനയുടെ വെളിച്ചത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. അത് വെറുമൊരു പരിഹാസം മാത്രമേ ആകുന്നുള്ളൂ. എന്നാൽ നിർബന്ധിത മത പരിവർത്തനം വ്യത്യസ്തവും നിയമവിരുദ്ധവുമാണ്. അത്  രാഷ്ട്രീയത്തിലെ ഒരു പ്രധാന ചർച്ചാ വിഷയവുമായി കരുതുന്നു.

നിർബന്ധിത മതപരിവർത്തനം രാജ്യത്തിലെ ഓരോ വ്യക്തികളുടെയും അവകാശ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലായിരിക്കും. മതം തിരഞ്ഞെടുക്കാനും സ്വന്തം വിശ്വാസം തുടരാനും കാത്തു സൂക്ഷിക്കാനുമുള്ള അവകാശം ഓരോ പൗരനുമുണ്ട്. ഒരുവന്റെ വിശ്വാസത്തെ പ്രലോഭനങ്ങളിൽക്കൂടി മാറ്റുവാൻ ശ്രമിക്കുന്നത് ഒരു തരം മാനുഷ്യക പീഡനം തന്നെയാണ്. അതിനെയാണ് നിർബന്ധിത മതപരിവർത്തനമെന്നു പറയുന്നത്. നിർബന്ധിതമായ മതപരിവർത്തനം പൗരാണികമായി ആർജ്ജിതമായ നമ്മുടെ സംസ്ക്കാരത്തിനും യോജിച്ചതല്ല. അനേക മതങ്ങളുടെ ഉറവിടമാണ് ഭാരതം. സ്വന്തം പൈതൃക വിശ്വാസത്തിൽ അടിയുറച്ചു നിന്നതിനൊപ്പം വിദേശ മതങ്ങളെയും ഈ രാജ്യം സ്വാഗതം ചെയ്തിരുന്നുവെന്ന വസ്തുതയും നാം മറക്കരുത്.

മതങ്ങളെ വളർത്തേണ്ടത് പിടിയരി കൊടുത്തും ഭീക്ഷണിപ്പെടുത്തിയും പ്രലോഭനം വഴിയും ആയിരിക്കരുതെന്നാണ് നിർബന്ധിത മത നിരോധന ബില്ലുകൾകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തം മതം വളർത്താനായി അതിക്രൂരമായ കൊലപാതകങ്ങൾ വരെ നടന്നിട്ടുണ്ട്. ബലപ്രയോഗങ്ങളോടെയും അധികാര ഗർവുകളുടെ തണലിലും മത പരിവർത്തനം നടക്കുന്നുണ്ട്. ക്രിസ്ത്യൻ സഭയിലെ ചില ഉപവിഭാഗങ്ങൾ ഹൈന്ദവ ദേവന്മാരുടെ ബിംബങ്ങളെയും അവരുടെ ആചാരങ്ങളെയും പരിഹസിക്കുന്നതും പതിവായിരുന്നു. ഹൈന്ദവ ജനങ്ങളുടെ സഹിഷ്ണതകൾക്ക് മുറിവേൽക്കാനും അത്തരം ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിവരമില്ലാത്ത പ്രവർത്തികൾ കാരണമായിട്ടുണ്ട്.

 ഗാന്ധിജി പറഞ്ഞു, "എനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ നിയമങ്ങളുണ്ടാക്കാൻ കഴിയുമായിരുന്നെങ്കിൽ മതപരിവര്‍ത്തനം ഞാൻ ഇല്ലാതാക്കുമായിരുന്നു. ഹിന്ദു കുടുംബത്തിൽ ഒരു മിഷിനറിയുടെ ആഗമനോദ്ദേശ്യം ആ കുടുംബത്തിന്റെ സാംസ്ക്കാരികതയെ നശിപ്പിക്കുകയെന്നതാണ്. ധരിക്കുന്ന വസ്ത്രങ്ങളും ഭാഷയും ഭക്ഷണ പാനീയങ്ങൾവരെയും നമ്മുടെ പാരമ്പര്യത്തിൽനിന്നും അവർ നിഷ്ക്രിയമാക്കും."

രണ്ടു തരം പരസ്പരബന്ധമില്ലാത്ത വിശ്വാസങ്ങൾ രാഷ്ട്രീയക്കാരുടെയിടയിലുണ്ട്. അത് അവരുടെയിടയിലുള്ള വാദ വിവാദങ്ങളിലും പ്രകടമായി കാണാം. ആദ്യത്തെ വാദം ഇന്ത്യ മഹാരാജ്യം ഒരിക്കൽ ഹിന്ദുക്കൾ മാത്രമുള്ള രാജ്യമെന്നായിരുന്നു. രണ്ടാമത്തെ വാദം മുസ്ലിം ക്രിസ്ത്യൻ സമുദായത്തിലെ ഓരോ ഇന്ത്യക്കാരനും അവരുടെ ആദ്യമതത്തിലേയ്ക്ക് മതപരിവർത്തനം ചെയ്യുകയെന്നതാണ്. പരസ്‌പരമുള്ള മത വിശാസം എതിർക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ മുഴുവനായി മത പരിവർത്തനത്തിനെതിരായി ഒരു ബില്ല് അവതരിപ്പിക്കണമോയെന്ന വിഷയം വളരെ ഗൗരവമായി പരിഗണിക്കുന്നുമുണ്ട്. ഘർ വാപസിയെന്ന പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഊർജിതമായി നടക്കുകയും ചെയ്യുന്നു.

നരേന്ദ്ര മോദിയുടെ സർക്കാർ അധികാരമേറ്റ ശേഷം ന്യുനപക്ഷങ്ങളെ ഹിന്ദു മതത്തിൽ ചേർക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷങ്ങൾ പാർലമെന്റിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കാറുണ്ട്. ഭാരതീയ ജനതാ പാർട്ടിയോട് വിധേയത്വമുള്ള പാർട്ടികൾ അപ്പോഴെല്ലാം ഹിന്ദുക്കളുടെ മതപരിവർത്തന സംരംഭങ്ങൾ  സ്വമേധയാ എന്ന് പറഞ്ഞു നിഷേധിക്കുകയും ചെയ്യും. ബലമായിട്ടുള്ള മതപരിവർത്തനം നിരോധിക്കണമെന്നും അതിനായി പാർലമെന്റിൽ നിയമസംഹിതകൾ രചിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറയുകയുണ്ടായി. എന്നാൽ പ്രമുഖരായ നിയമജ്ഞരും രാഷ്ട്രീയ തന്ത്രജ്ഞരും അത്തരം ഒരു തീരുമാനം മത സ്വാതന്ത്ര്യത്തിന്റെ അടിത്തറ മാന്തുമെന്നും വാദിക്കുന്നു.

ഒറിസ്സാ, മദ്ധ്യപ്രദേശ്, ഗുജറാത്ത്,ഛത്തീസ്ഗഢ്,  ഹിമാചൽ പ്രദേശ്, അരുണാചൽ എന്നീ സംസ്ഥാനങ്ങൾ നിർബന്ധിത മത പരിവർത്തനത്തിനെതിരെയുള്ള നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. സർക്കാർ ഈ ബില്ലുകൾ നടപ്പിലാക്കാനുള്ള മാനദണ്ഡം എന്തെന്ന കാര്യത്തിൽ ഒരു തീരുമാനമെടുത്തിട്ടില്ല. രാജസ്ഥാനിലും നിർബന്ധിത മതപരിവർത്തനത്തെ ഇല്ലാതാക്കാനുള്ള ബില്ല് പാസാക്കിയിട്ടുണ്ട്. എന്നാൽ നാളിതുവരെ അത് പ്രാവർത്തികമാക്കിയിട്ടില്ല. ഈ സ്റ്റേറ്റുകളിലെല്ലാം നിയമം ഏതാണ്ട് ഒരു പോലെ തന്നെയാണ്. 'ബലം പ്രയോഗിച്ചോ, പണം കൊടുത്തോ, മറ്റു പ്രേരണകൾ നൽകിയോ മതം മാറ്റം നടത്തിയാൽ' കുറ്റകരമായിട്ടാണ് ഈ നിയമം അനുശാസിക്കുന്നത്. ദേവികോപം ഉണ്ടാകും, അല്ലെങ്കിൽ ദൈവകോപമുണ്ടാകുമെന്നല്ലാം പേടിപ്പിച്ചു മതം മാറ്റുന്ന പ്രവർത്തനങ്ങളെയും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടനയിലുള്ള  ക്രിമിനൽ നിയമം പ്രേരണ കൊണ്ടും ബലം കൊണ്ടും മതപരിവർത്തനം ചെയ്യിപ്പിക്കുന്നതിന് വിലക്കു കല്പിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമമനുസരിച്ച് അത്തരം നിർബന്ധപൂർവമുള്ള മതപരിവർത്തനം ശിക്ഷാർഹമാണ്. ബി.ജെ.പി. അത്തരം ഒരു നിയമം കൊണ്ടുവരുന്നുവെങ്കിൽ അതിലൊരു പുതുമയൊന്നുമില്ല. അത് നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന പഴയ നിയമം മാത്രമാണ്.

ഗുജറാത്തിലും ചണ്ഡീഗഡിലും ഹിമാചൽ പ്രദേശിലും ഒരാൾക്ക് മതം മാറണമെങ്കിൽ മതം മാറുന്നതിനു മുപ്പതു ദിവസംമുമ്പ് സ്ഥലത്തെ മജിസ്‌ട്രേറ്റിന്റെ അനുവാദം മേടിച്ചിരിക്കണം. ഒറിസ്സായിലും ഹിമാചൽ പ്രദേശിലും മതം മാറ്റത്തിന് മുപ്പതു ദിവസം മുമ്പ് അറിയിച്ചാൽ മതി. മജിസ്‌ട്രേറ്റിന്റെ അനുവാദമാവശ്യമില്ല.1960-ൽ ഒറിസ്സായിലും മദ്ധ്യപ്രദേശിലും നിയമം പാസ്സായെങ്കിലും മതമാറ്റത്തെ സംബന്ധിച്ച് സർക്കാരിനെ അറിയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും മദ്ധ്യപ്രദേശിൽ വിവാഹം കഴിഞ്ഞ ശേഷം മജിസ്ട്രെറ്റിനെ വിവാഹം ചെയ്ത വിവരം അറിയിക്കേണ്ടതായുണ്ട്. മജിസ്‌ട്രേറ്റിന്റെ അനുവാദം വേണമെന്നുള്ള നിയമ കുടുക്കുകൾ ബിജെപി ഇഷ്ടപ്പെടുന്നു. അങ്ങനെയെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം മത പരിവർത്തനത്തിന് ആരും തയാറാവുകയില്ലെന്ന് അവർ കരുതുന്നു. യാഥാസ്ഥിതികരായ ഹിന്ദുക്കൾ അതുമൂലം ബലം പ്രയോഗിച്ചു മറ്റു മതസ്ഥരെ ഹിന്ദുമതത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. അവർ മജിസ്‌ട്രേറ്റുമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യും.

അടുത്ത കാലത്ത് ബി.ജെ.പി. യുടെ ഘർവാപസി നീക്കം ഇതര മതസ്ഥരിൽ പ്രതിഷേധങ്ങൾ സൃഷ്ടിച്ചിരുന്നു. സ്വമനസ്സാലെ അവർ ഹൈന്ദവ മതത്തിലേക്ക് മടങ്ങി പോവുന്നുണ്ടെങ്കിൽ അതിനവർക്ക് അവകാശമുണ്ട്. ആയിരക്കണക്കിന് മുസ്ലിമുകളെ അവർ ഇതിനകം മതം മാറ്റി കഴിഞ്ഞു. അഹിന്ദുക്കൾ രാജ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നും അകന്നു പോയിയെന്നും പാരമ്പര്യവും കടമകളും മറന്നുവെന്നും അവരെ തിരിയെ ഹിന്ദു മതത്തിൽ കൊണ്ടുവരുന്നുവെന്നുമാണ് ഘർ വാപസിക്കാരുടെ വാദം. ഹിന്ദു മതത്തിലേക്ക് പുനഃപരിവർത്തനം എന്നുള്ളത് ഹിന്ദു തീവ്ര മതങ്ങളുടെ പതിറ്റാണ്ടുകളായുണ്ടായിരുന്ന അജണ്ടയായിരുന്നു. പക്ഷെ അതിന് ശക്തി കൂടിയത് അടുത്തകാലത്ത് ബി.ജെ.പി.യ്ക്ക് അധികാരം കിട്ടിയതിനുശേഷമാണ്.

നിർബന്ധിത മതം മാറ്റ ബില്ലുകൾ സ്വമനസ്സാലെ മതം മാറുന്നവരെ ബാധിക്കില്ലെങ്കിലും നിയമത്തെ  വളച്ചൊടിക്കാവുന്ന ധാരാളം പഴുതുകളിൽക്കൂടി മതപരിവർത്തനം നടത്താൻ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് സാധിക്കും. താഴ്ന്ന ജാതിക്കാരുടെയും ദളിതരുടെയും ജീവിതം വളരെ പരിതാപകരമായിരിക്കും. മതം മാറാൻ സാധിക്കാതെ എന്തിനാണ് ഒരു ദരിദ്രൻ ദാരിദ്ര്യം സഹിക്കേണ്ടി വരുന്നതെന്നും ചിന്തിക്കും. സ്വന്തം പെണ്മക്കളെ വിറ്റുപോലും ഇന്ത്യയിൽ ദാരിദ്ര്യം അകറ്റാൻ ശ്രമിക്കുന്നവരുണ്ട്. മതം മാറ്റം സാധിക്കില്ലെങ്കിൽ അവരുടെ പട്ടിണി മാറ്റാനുള്ള മറ്റൊരു ഉപാധികളുമില്ല.സ്വാഭാവികമായും ക്രിസ്ത്യൻ സഭകൾ നൽകുന്ന സംഭാവനകൾ സ്വീകരിച്ചു സാധുക്കൾക്ക് വിശപ്പടക്കേണ്ട ഗതികേടും വരുന്നു.

ക്രിസ്ത്യാനികളിലെ പാരമ്പര്യ വിഭാഗങ്ങൾ ഒരുവന്റെ മനഃസാക്ഷിക്കെതിരെ സ്വാധീനിച്ചുള്ള മതമാറ്റത്തെ അനുകൂലിക്കാറില്ല. എന്നിരുന്നാലും ഇതിന്റെ പേരിൽ അനേകം ക്രിസ്ത്യൻ സ്‌കൂളുകളും പള്ളികളും ഹിന്ദു യാഥാസ്ഥിതികർ തകർത്തിട്ടുമുണ്ട്. തെറ്റായ കുറ്റാരോപണങ്ങൾ നടത്തി വടക്കേ ഇന്ത്യയിലെ ക്രിസ്ത്യാനികൾ പലരും ജയിലിലുമുണ്ട്. ഹിന്ദുയാഥാസ്ഥിതികർ വർണ്ണാശ്രമ ധർമ്മം പുലർത്തി ഇന്ത്യയെ ഹൈന്ദവ രാജ്യമായി മാത്രം കാണാൻ ആഗ്രഹിക്കുന്നു. മത പരിവർത്തന നിയമങ്ങൾ സമൂലം നടപ്പാക്കി ഇന്ത്യയെ ബ്രാഹ്മണിക വൈദിക രാഷ്ട്രമാക്കണമെന്നുള്ളതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ കേരളത്തെ സംബന്ധിച്ചിടത്തോളം അത്തരം ലോബികളുടെ പ്രവർത്തനങ്ങൾ വിലപ്പോവില്ല.ഭരണഘടനയനുസരിച്ച് മതം പ്രസംഗിക്കാനും പ്രാക്ടീസ് ചെയ്യാനും പ്രചരിപ്പിക്കാനും ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്. അവിടെ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പ്രത്യേകമായ നിയമങ്ങളില്ല. ക്രിസ്ത്യൻ സഭകളുടെ ജീവകാരുണ്യ പ്രവർത്തികളെയും സാധുക്കളെ സഹായിക്കുകയുമെല്ലാം നിർബന്ധിത മതപരിവർത്തനമായി ഇന്ത്യയിലെ നീതിന്യായ കോടതികളിലെ ചില ജഡ്ജിമാർ വ്യാഖ്യാനിക്കുന്നുമുണ്ട്.

മതപരിവർത്തനം കാരണം കുടുംബങ്ങൾ തന്നെ തകർന്നു പോകുന്നു. മതം മാറുന്നതിനു മുമ്പുള്ള പ്രശ്നങ്ങൾക്ക് താൽക്കാലികമായി അറുതി വരുമെങ്കിലും പുതിയ മതത്തിൽ മറ്റു പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. മതം മാറിയതുകൊണ്ടു സ്വന്തം സമൂഹത്തിൽനിന്നും ഒറ്റപ്പെടാം. സഹോദരങ്ങളും ഉറ്റസുഹൃത്തുക്കളും തമ്മിലും പരസ്പ്പരം ശത്രുത സൃഷ്ടിക്കുന്നു. മതത്തിന്റെ പേരിൽ കൊലപാതകങ്ങളും കാരണമാകുന്നു. ചിലർ മതം മാറുന്നവർക്കെതിരെ മരണ ഭീഷണികളും മുഴക്കുന്നു. മാതാപിതാക്കൾ മതം മാറിയതുകൊണ്ടു തങ്ങളുടെ മക്കളെ ഉപേക്ഷിക്കുന്നു. സുഹൃത്തുക്കളും അകന്നു പോവുന്നു. ഹിന്ദുക്കളുടെ ഇടയിൽ തീവ്ര ദേശീയത വളരാൻ കാരണവും മത പരിവർത്തനമാണ്. താൽക്കാലിക ലാഭത്തിനു വേണ്ടിയും പ്രലോഭനം വഴിയും നിർബന്ധപൂർവം മത പരിവർത്തനത്തിനു ഒരുവനെ അടിമപ്പെടുത്തിയാൽ അത് ഒരു സമൂഹത്തിന്റെ തന്നെ വികാരങ്ങളെ വൃണപ്പെടുത്തലാണ്. പുതിയ മതം സ്വീകരിക്കുന്നവന്റെ കുടുംബ ബന്ധങ്ങളും തകർക്കും. അത്തരം സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നിർബന്ധിത മത പരിവർത്തനത്തിനെതിരായ ബില്ലിനെ സ്വാഗതം ചെയ്യേണ്ടതുമാണ്.

സനാതനികൾ വിശ്വസിക്കുന്നത് മതമെന്നുള്ളത് സ്വതന്ത്രമായ മനസാക്ഷിയനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവകാശമെന്നാണ്. സനാതന ധർമ്മം എല്ലാ മതങ്ങളെക്കാൾ അനാദി കാലം മുതൽ അസ്തിത്വം പുലർത്തിയിരുന്നു. സർവ്വ മതങ്ങളുടെയും അമ്മയാണ് സനാതന ധർമ്മം. അതിനുള്ളിൽ ഭൂമുഖത്തുള്ള എല്ലാ തത്ത്വ സംഹിതകളും ഗ്രഹിക്കാൻ സാധിക്കും. സനാതനത്തിലെ വേദഗ്രന്ഥങ്ങളിൽ സർവ്വ ശാസ്ത്രങ്ങളും അടങ്ങിയിരിക്കുന്നു. വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളുമായ എല്ലാ ദൈവങ്ങളുടെയും ഭാവനാ രൂപങ്ങൾ ഹൈന്ദവ മതത്തിലുണ്ട്. മനുഷ്യരുടെയും പ്രകൃതിയുടെയും വ്യത്യസ്തങ്ങളായ രൂപ ഭാവങ്ങൾ ഈ ധർമ്മത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സനാതന ധർമ്മം സർവ്വ ജീവജാലങ്ങളുടെയും പ്രപഞ്ചത്തിന്റെയും രക്ഷയുടെ കവാടമായ വലിയൊരു തണൽ മരമാണ്. സനാതന ലക്ഷ്യ പാതയിലേക്ക് അനേക വഴികളാണുള്ളത്. ആ വഴികളിൽ രൂപമുള്ള ദൈവങ്ങളും അരൂപികളായ ദൈവങ്ങളുമുണ്ട്. അങ്ങേയറ്റം ചിന്തനീയമായ തത്ത്വ ചിന്തകളുണ്ട്. ഏതറ്റം വരെയും അതിരുകളില്ലാതെ സനാതന മൂല്യങ്ങളെപ്പറ്റി വിവാദങ്ങളും നടത്താൻ സാധിക്കുന്നു. പരമാത്മാവിനെ തേടിയുള്ള അന്വേഷി ആ സത്തയെ കണ്ടെത്താനും ശ്രമിക്കുന്നു. ആത്മം തേടിയുള്ള ആ യാത്രയ്ക്ക് കഠിനമായ ഉപവാസവും ആത്മീയാചാരങ്ങളും  ധ്യാന നിരതമായ ഏകാന്തതയും ആവശ്യമാണ്. നന്മയിൽനിന്നുത്ഭൂതമാകുന്ന അനുഭൂതികളെ മനസിനുള്ളിലൊതുക്കി വൈരാഗ്യ ചിന്തകൾ പൂർണമായും ത്യജിക്കുകയും വേണം.













Tuesday, August 15, 2017

രാജീവ് ഗാന്ധിയുടെ ഉൽകൃഷ്ട വ്യക്തിത്വവും പൂര്‍ത്തിയാവാത്ത ജീവിതവും




ജോസഫ് പടന്നമാക്കൽ

രാജീവ് ഗാന്ധി, ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും അനുയായികളെ സ്വാധീനിയ്ക്കാൻ കഴിവുള്ള വ്യക്തിപ്രഭാവത്തോടുകൂടിയ ഒരു നേതാവുമായിരുന്നു. ചിലർ അദ്ദേഹത്തിൻറെ ആകാര ഭംഗിയിലും സൗന്ദര്യത്തിലുമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. മറ്റു ചിലർ  വ്യക്തിപരമായ കഴിവുകളെയും സ്വഭാവത്തെയും മാനിച്ചിരുന്നു. രാജ്യത്തിന്റെ ഭരണനിർവഹണ കാര്യങ്ങളിൽ പരിചയക്കുറവു കാരണം അദ്ദേഹത്തെ പരാജയപ്പെട്ട ഒരു പ്രധാനമന്ത്രിയായി കരുതുന്നവരുമുണ്ട്. നെഹ്രുവിനെപ്പോലെ ഇന്ത്യയുടെ സമത്വസുന്ദരമായ ഒരു ഭാവിക്കുവേണ്ടി അദ്ദേഹത്തിനും സ്വപ്നങ്ങളുണ്ടായിരുന്നു. ഉരുക്കുപോലെ മനസോടുകൂടിയ 'അമ്മ ഇന്ദിരാ ഗാന്ധിയുടെ സ്വപ്നം ബലവത്തായ ഒരു സ്വാശ്രയ  ഇന്ത്യയെപ്പറ്റിയായിരുന്നു. അമേരിക്കയ്ക്ക് ജോൺ എഫ് കെന്നഡി സുന്ദരനെന്ന പോലെ ഇന്ത്യക്ക് സുന്ദരൻ രാജീവ് ഗാന്ധി തന്നെയായിരുന്നു. രണ്ടു ചെറുപ്പക്കാരും അവരവരുടെ രാജ്യങ്ങളിൽ ജനപ്രീതിയുമാർജിച്ചിരുന്നു. രാഷ്ട്രീയ വൈരികളാൽ അവർ രണ്ടുപേരും ക്രൂരമായി കൊല്ലപ്പെട്ടു. സദാ പുഞ്ചിരി തൂകി ജനഹൃദയങ്ങൾ കീഴടക്കിയിരുന്ന രാജീവ് ഗാന്ധിയെന്ന പ്രധാനമന്ത്രിയെ ആർക്കും വെറുക്കാൻ സാധിക്കില്ലായിരുന്നു.

ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെ വിലയിരുത്തുമ്പോൾ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും  ചിന്താഗതികളും പരിഗണിക്കേണ്ടതായുണ്ട്. ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് ഒരു സ്വപ്ന ഭാരതമുണ്ടായിരുന്നു. അന്നുള്ള സ്വപ്നങ്ങളും വ്യത്യസ്തങ്ങളായിരിക്കാം!   ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യ ഒരു ദരിദ്രരാഷ്ട്രമായിരുന്നു. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിനും ഗോവ ഇന്ത്യയോട് കൂട്ടിച്ചേർക്കാനും രാഷ്ട്രത്തിന്റെ വളർച്ചക്ക് അസ്ഥിവാരമിടാനും അദ്ദേഹത്തിനു സാധിച്ചു. അടിയന്തിരാവസ്ഥ മൂലം സമൂലം അലങ്കോലപ്പെട്ട ഭരണത്തെ ശുദ്ധീകരിക്കാൻ മൊറാർജിയ്ക്ക് കഴിഞ്ഞു. ഉറങ്ങുന്ന സുന്ദരൻ ദേവഗൗഡയുടെ കാലത്തെ സാമ്പത്തിക ബഡ്‌ജറ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും നല്ല ബഡ്ജറ്റായി കരുതുന്നു. ശാസ്‌ത്രി ഒരു ആദരണീയനായ മനുഷ്യനായിരുന്നു. ഒരിക്കലും ചിരിക്കില്ലാത്ത നരസിംഹ റാവു സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നു. ഇന്ത്യയുടെ അറിയപ്പെടുന്ന പ്രധാനമന്ത്രിയായും റാവു ചരിത്രം കുറിച്ചിരിക്കുന്നു. മിതമായി സംസാരിക്കുന്ന വാജ്‌പേയി ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കി. അതുപോലെ വിദേശനയവും സാമ്പത്തികവും അദ്ദേഹത്തിൻറെ കാലത്ത് മെച്ചമുള്ളതായിരുന്നു. കൂടുതലും മൗനമായി ഇരിക്കുന്ന മൻമോഹൻ രാജ്യത്തെ ഒരു സാമ്പത്തിക ശക്തിയാക്കി. ഗുജറാളിന്റെയും വിദേശനയം നല്ലതായിരുന്നു. ഇന്ദിരാഗാന്ധി പോരാടുന്ന പ്രധാനമന്ത്രിയായിരുന്നു.1971-ലെ ബംഗ്ളാദേശ് യുദ്ധം ജയിക്കാനും ഇന്ത്യയെ ന്യൂക്ലിയർ ഇന്ത്യയാക്കാനും വൻശക്തികളോടു വിട്ടുവീഴ്ചയില്ലാതെ പെരുമാറാനും ഇന്ദിരയ്ക്ക് കഴിഞ്ഞു.

സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളിയായിരുന്ന യുവനേതാവ് ഫിറോസ് ഗാന്ധിയുടെയും ഇന്ത്യയിലെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെയും സീമന്ത പുത്രനായി രാജീവ് ഗാന്ധി 1944-ൽ മുംബൈയിൽ ജനിച്ചു. മഹാനായ മുത്തച്ഛൻ ജവഹർലാൽ നെഹ്രുവിന്റെ കൊച്ചുമകനായി ഒരു രാജകുമാരനെപ്പോലെ വളർന്നു. ആറാം വയസ്സിൽ മുംബൈയിലുള്ള ശിവനികേതൻ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കുഞ്ഞുനാളുമുതൽ നല്ലൊരു കലാകാരനായിരുന്നു. ചിത്ര രചനയിലും പെയിന്റിങ്ങിലും വളരെയധികം ചാതുര്യം തെളിയിച്ചിരുന്നു. ശാന്തനും ഒരു നാണംകുണുങ്ങിയുമായിട്ടാണ് വളർന്നത്. പത്താം വയസ്സിൽ ഡെറാഡൂണിലെ ഡൂൺ സ്‌കൂളിൽ പഠിച്ചു സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ഇംഗ്ലണ്ടിലെ കെയിംബ്രിഡ്ജ് യൂണിവേസിറ്റിയുടെ വകയായ ട്രിനിറ്റി കോളേജിൽ എഞ്ചിനീറിംഗ് ഐച്ഛിക വിഷയമായി എടുത്ത് പഠനം തുടങ്ങി. അവിടെ പഠനം പൂർത്തിയാക്കാൻ സാധിക്കാതെ ഇമ്പിരിയൽ കോളേജിൽ ചേർന്ന് ഇടയ്ക്ക് വെച്ച് വീണ്ടും പഠനം നിർത്തി. 1965-ൽ അദ്ദേഹം ഇന്ത്യയിൽ മടങ്ങി വന്നു.

ബ്രിട്ടനിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന സമയം സോണിയായെന്ന ഇറ്റാലിയൻ പെൺകുട്ടിയുമായി പ്രേമത്തിലായി. പിന്നീട് ഇന്ദിരയുടെ അനുവാദത്തോടെ ഹൈന്ദവാചാരപ്രകാരം വിവാഹിതനാവുകയും ചെയ്തു. പഠിക്കുന്ന കാലങ്ങളിൽ അക്കാദമിക്ക് നേട്ടങ്ങൾ ഉണ്ടാകണമെന്നോ ജീവിതത്തിൽ ഉയരണമെന്നോ വലിയ അഭിലാഷങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ സഹോദരൻ സജ്ജയന്റെ മരണശേഷമാണ് സ്വന്തം അമ്മയുടെ പ്രേരണകൊണ്ടു രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഈ ദമ്പതികൾക്ക് 1970-ൽ രാഹുലും 1972-ൽ പ്രിയങ്കയും ജനിച്ചു. രാജീവിന് ഒരു പൈലറ്റാകാനായിരുന്നു ആഗ്രഹം. ഫ്ലയിങ് ക്ലബിൽ പരിശീലനം നേടിക്കൊണ്ടിരുന്നു. എയർ ഇന്ത്യയിൽ പൈലറ്റായി ഉദ്യോഗം ലഭിച്ച രാജീവ് 5000 രൂപ ശമ്പളത്തിൽ സന്തോഷവാനായിരുന്നു. സംഗീതം, കമ്പ്യൂട്ടർ, സ്പോർട്സുകാർ ഓടിയ്ക്കൽ, വിമാനം പറത്തൽ എന്നിവകളിൽ താല്പര്യവുമായിരുന്നു.

1980 ജൂൺ 23-ന് സജയഗാന്ധി ഒരു വിമാനം പറപ്പിക്കലിനിടെ മരണപ്പെട്ടു. അതിനുശേഷം ഇന്ദിരയും സീനിയർ പാർട്ടി പ്രവർത്തകരും രാജീവിനെ രാഷ്ട്രീയത്തിൽ നിർബന്ധിച്ചു പ്രവേശിപ്പിക്കുകയായിരുന്നു. എം.പി യായിരുന്ന സജ്ജയ ഗാന്ധിയുടെ മണ്ഡലത്തിൽ രാജീവ് മത്സരിക്കുകയും വമ്പിച്ച ഭൂരിപക്ഷത്തോടെ പാർലമെന്റ് മെമ്പറായി തിരഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ എതിരാളി ശക്തനായ രാഷ്ട്രീയ നേതാവ് ശരദ് യാദവായിരുന്നു. 1981-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച രാജീവ് പാർലമെന്റിൽ എത്തി. താമസിയാതെ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് പദവിയും നേടി. അമ്മയുടെ ഉപദേശകനാവുകയും ചെയ്തു. ഒരു പൈലറ്റായി ജീവിതം തുടരാനുള്ള മോഹമൊക്കെ മാറ്റി വെച്ച് മുഴുവൻ സമയവും രാഷ്ട്രീയത്തിനായി സമയം കണ്ടെത്താനും തുടങ്ങി.

പാർലമെന്റ് അംഗമായിരിക്കെത്തന്നെ രാജീവ് ഗാന്ധി ഇന്ത്യയുടെ കായിക മത്സരങ്ങളിൽ പങ്കെടുത്ത  മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും ചെയ്തിരുന്നു. 1982-ലെ ഡൽഹിയിൽ നടത്തിയ ഏഷ്യൻ ഗെയിംസിൽ അവരുടെ വിജയത്തിനായി അങ്ങേയറ്റം പ്രവർത്തിച്ചു. അന്നത്തെ കായിക മന്ത്രി ഭൂട്ടാ സിംഗിനേക്കാൾ കായികമേളകളുടെ നടത്തിപ്പിൽ രാജീവിന്റെ നേതൃത്വത്തെ  സംഘാടകർ വിലമതിച്ചിരുന്നു. അദ്ദേഹം ഏഷ്യൻ ഗെയിംസിന്റെ പ്രവർത്തക സമിതിയിലുള്ള ഒരു അംഗവുമായിരുന്നു.

1984 ഒക്ടോബർ മുപ്പത്തിയൊന്നാം തിയതി ഒരു സിക്കുകാരൻ സെക്യൂരിറ്റിയുടെ കൈകൾകൊണ്ട് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ അടുത്ത പ്രധാനമന്ത്രി ആരായിരിക്കണമെന്നു കോൺഗ്രസ്സ് തീരുമാനിച്ചത് രാജീവ് ഗാന്ധിയെ മാത്രമായിരുന്നു. അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിടുകയും പുതിയ ഒരു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുകയും ചെയ്തു. അത്തവണ തിരഞ്ഞെടുപ്പിൽ ഒരു ചരിത്രവിജയം കോൺഗ്രസ്സ് നേടുകയും രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയോടുള്ള സഹതാപതരംഗങ്ങൾ രാജ്യമാകെ ആഞ്ഞടിച്ചിരുന്നു. അന്ന് അദ്ദേഹത്തിൻറെ പ്രായം നാൽപ്പത് വയസ്സായിരുന്നു. യുവത്വം അന്തർ ദേശീയ തലങ്ങളിൽ ഗുണപ്രദമാവുകയും ചെയ്തു.

ഇന്നു നാം കാണുന്ന ആധുനിക ഇന്ത്യ രാജീവ്ഗാന്ധിയുടെ മുപ്പതു വർഷം മുമ്പുള്ള ഇന്ത്യയെന്ന ഭാവനയിലുണ്ടായിരുന്ന സ്വപ്നമായിരുന്നു. ഇന്ത്യ യുവാക്കളുടെ ദേശമെന്നു ഇന്ന് മോദിജി പറയുംപോലെ രാജീവ് ഗാന്ധിയും പറയുമായിരുന്നു. 'യുവശക്തി രാഷ്ട്ര നിർമ്മാണത്തിനാവശ്യമെന്ന്' രാജീവിന്റെ വാക്കുകളായിരുന്നു. പ്രകൃതിയെ സംരക്ഷിക്കണമെന്ന് നാം മുറവിളി കൂട്ടാറുണ്ട്. സമയത്തു മഴ ലഭിക്കാത്തതും വരണ്ട കൃഷിഭൂമികളും വിളവുകൾ നശിക്കലും മനുഷ്യർ പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതുകൊണ്ടു സംഭവിക്കുന്നതാണ്. മനുഷ്യന്റെ ക്രൂരമായ പ്രകൃതി നശീകരണമാണ് ഹരിതകഭൂമിയെ ഇല്ലാതാക്കുന്നത്. രാജീവ് ഗാന്ധിയാണ് രാജ്യത്ത് പ്രകൃതിയെ സംരക്ഷിക്കുന്ന നിയമം ആദ്യം കൊണ്ടുവന്നത്. പിന്നീടു വന്ന സർക്കാരുകളൊന്നും ഇക്കാര്യം ഗൗരവമായി കരുതിയിട്ടുണ്ടായിരുന്നില്ല. ഇന്ന് പ്രകൃതി ദുരന്തങ്ങളെയും പരിസ്ഥിതി സംരക്ഷണങ്ങളെയും മോദി സർക്കാർ ഗൗരവമായി കണക്കാക്കുന്നുണ്ട്. 'ഇന്ത്യ പ്രകൃതിയെ സംരക്ഷിക്കുന്നതിൽ വളരെ പുറകിലെന്ന്' പ്രധാന മന്ത്രി മോദിജി ചൈന സന്ദർശിച്ച വേളയിൽ പറയുകയുണ്ടായി. 'അക്കാര്യത്തിനായി രാജ്യം പരിശ്രമിക്കുന്നുണ്ടെന്നും' മോദിജി പറഞ്ഞു.

രാജീവ് ഒരിക്കൽ പറഞ്ഞു, "ലോകത്ത് വ്യാവസായിക വിപ്ലവം ഉണ്ടായപ്പോൾ ഇന്ത്യയ്ക്ക് അന്ന് അവസരം നഷ്ടപ്പെട്ടു. ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുരോഗമിച്ച രാഷ്ട്രമാക്കണം. ഇന്ന് സംഭവിക്കുന്ന കംപ്യുട്ടർ വിപ്ലവം അതൊരിക്കലും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല." കംപ്യൂട്ടറും മൊബൈൽ കമ്യൂണിക്കേഷൻ ടെക്കനോളജിയും ഇന്ത്യയിൽ കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. പിന്നീട് ഇന്ത്യയെ അത് സോഫ്റ്റ് വെയർ ടെക്കനോളജിയായി വളർത്തിയെടുത്തു. ആധുനിക ടെക്കനോളജികൾ ഇന്ത്യയിൽ പ്രായോഗികമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യ ഒരു ടെക്‌നോളജി രാജ്യമാക്കുകയും അതേ സമയം ദാരിദ്ര്യം തുടച്ചു മാറ്റുകയും ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.

1960 നു മുമ്പ് ഇന്ത്യയിലെ നേതാക്കന്മാർ ഏതെങ്കിലും രാജ്യം സന്ദർശിക്കുന്നത് ഭിക്ഷയെടുക്കുന്ന  പാത്രവുമായിയെന്ന് ഒരു സംസാരമുണ്ടായിരുന്നു. ഇന്ത്യയുടെ ഹരിതക വിപ്ലവ വിജയത്തോടെ ആ ചിന്താഗതിയ്ക്ക് മാറ്റം വന്നു. ഇന്ന് നമ്മുടെ നേതാക്കന്മാർ വിദേശത്ത് പോകുന്നത് ഭിക്ഷ യാചിക്കാനല്ല. സ്വതന്ത്ര സാമ്പത്തിക ഉദാരവൽക്കരണത്തിൽ ഇന്ത്യയിൽ വ്യാവസായിക ഇൻവെസ്റ്റ്മെന്റ് ചെയ്യാനാണ്. നമ്മുടെ വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയെന്നതായിരുന്നു രാജീവിന്റെ സാമ്പത്തിക ശാസ്ത്രം. വിദേശ ഫണ്ടുകളും ഇൻവെസ്റ്റ്മെന്റും രാജ്യത്തു കൊണ്ടുവരുന്നതിനുമുമ്പ് രാഷ്ട്രത്തിൽ നിന്നുതന്നെ വിഭങ്ങൾ ശേഖരിച്ച് സ്വയം പര്യാപ്തി നേടുകയെന്നതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.   വ്യവസായ പരിഷ്ക്കരണവും ചെറിയ മുതൽമുടക്കും വഴി വ്യവസായങ്ങളെ പരമാവധി വളർത്തുകയെന്നതായിരുന്നു രാജീവിന്റെ പദ്ധതി. വിദേശ മുതൽമുടക്കിൽ രാജീവ് ഗാന്ധിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. അതുമൂലം രാജ്യത്തെ മറ്റു രാജ്യങ്ങൾക്ക് പണയപ്പെടുത്തുമെന്ന് അദ്ദേഹം ചിന്തിച്ചു. നമ്മുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയ ശേഷം വിദേശ നിക്ഷേപത്തിലേക്ക് ശ്രമിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്.

ഇന്ത്യ ഏഷ്യയുടെ വൻശക്തിയായിട്ടാണ് കണക്കാക്കുന്നത്. ഇരുപത്തിനാലു മണിക്കൂറുകൊണ്ട് 1988-ൽ 'മാൽദീവി'ലുണ്ടായ പട്ടാള വിപ്ലവത്തെ അടിച്ചമർത്താൻ രാജീവ് സർക്കാരിന് കഴിഞ്ഞു. ശ്രീ ലങ്കൻ തമിഴ് പുലികളുടെയും കടൽക്കൊള്ളക്കാരുടെയും സഹായത്തോടെ 'അബ്ദുൽ ലുതുഫൈ' എന്ന മുൻ ഭരണാധികാരിയുടെ നേതൃത്വത്തിൽ അവിടുത്തെ പട്ടാളം രാജ്യം പിടിച്ചെടുത്തിരുന്നു. ഒമ്പതു മണിക്കൂർ കൊണ്ട് ഇന്ത്യൻ എയർ ഫോഴ്സും പട്ടാളവും അവിടെ എത്തുകയും രാജ്യം മോചിപ്പിക്കുകയും ചെയ്തു. മാൽദീവിലെ പ്രസിഡന്റ് ഗയൂമിനെ (Gayoom) ഒളിത്താവളത്തിൽനിന്നും രക്ഷപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റേഗനും ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറും ഇന്ത്യയുടെ മാൽദീവ്‌ ഓപ്പറേഷനെ അഭിനന്ദിക്കുകയുമുണ്ടായി.

നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയെയും തുലനം ചെയ്യുമ്പോൾ രാജീവ് ഒരു പരാജിതനായ പ്രധാനന്ത്രിയെന്നു തോന്നിപ്പോവും. ഭരണകാര്യങ്ങളിൽ യാതൊരു പരിചയവുമില്ലാതെയാണ് അദ്ദേഹം ആ സ്ഥാനത്ത് വന്നത്. ശ്രീ ലങ്കൻ ഭീകരത, പഞ്ചാബ് ഭീകരത, ബോഫേഴ്സ് അഴിമതി, വ്യാവസായിക ദുരിതം, കാശ്മീർ ഭീകരത, ബാബ്‌റി മസ്ജിദിന്റെ പ്രശ്നങ്ങളുടെ തുടക്കങ്ങൾ എല്ലാം ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. നെഹ്‌റു കുടുംബത്തിലെ അംഗമെന്ന നിലയിലാണ് പലരും അദ്ദേഹത്തിൻറെ യോഗ്യത കല്പിച്ചിരിക്കുന്നത്.

ഇന്ത്യൻ സമാധാന സേനയ്ക്ക് യുണൈറ്റഡ് നാഷനുമായുള്ള രാജ്യാന്തര പ്രശ്നങ്ങളിൽ ആദരണീയമായ ഒരു സ്ഥാനമുണ്ടായിരുന്നു. വിദേശത്ത് സമാധാന സേനയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പട്ടാളം ഒരിക്കലും സമാധാനം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേകമായ മതിപ്പും ഇന്ത്യൻ  സേന നേടിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളിൽ ഇടപെട്ട് അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ പട്ടാളത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ശ്രീലങ്കയിൽ നമ്മുടെ പട്ടാളം പരാജയപ്പെടുകയാണുണ്ടായത്. ഒരു ലക്ഷം ഇന്ത്യൻ പട്ടാളത്തെ ശ്രീലങ്കയിൽ എൽ.റ്റി.റ്റി യുടെ ഭീകരപ്രവർത്തനത്തിന് അറുതി വരുത്താൻ അയച്ചിരുന്നു. 1200 പട്ടാളക്കാരാണ് അന്ന് ഇന്ത്യയ്ക്ക് നഷ്ടപെട്ടത്. ഒപ്പം ആയിരക്കണക്കിന്‌ തമിഴരുടെയും സിംഹാളിക്കാരുടെയും ജീവനും നഷ്ടപ്പെട്ടു. ഇന്ത്യയുടെ ഈ പരാജയം ലോക രാജ്യങ്ങളുടെയിടയിൽ തന്നെ നാണക്കേടുണ്ടാക്കുകയും ചെയ്തു.

രാജീവ് ഗാന്ധിയുടെ ഭരണത്തിന്റെ കാലാവധി പൂർത്തിയാക്കിയ ശേഷം നടത്തിയ തിരഞ്ഞെടുപ്പിൽ  കോൺഗ്രസിനു ഭൂരിപക്ഷം കിട്ടാതെ പരാജയപ്പെടുകയുണ്ടായി. ഇടക്കാലത്തു വന്ന ഇന്ത്യയുടെ പ്രധാനമന്ത്രി വി.പി. സിംഗാണ് പിന്നീട് ഇന്ത്യൻ പട്ടാളത്തെ മുഴുവൻ മടക്കിക്കൊണ്ടുവന്നത്. ഇന്ത്യൻ സമാധാന സേനയെ ശ്രീലങ്കയിൽ അയക്കുന്നതിനു മുമ്പ് രാജീവ് ഗാന്ധി, മന്ത്രിസഭയുടെയോ ഉപദേശസമിതിയുടെയോ അഭിപ്രായങ്ങൾ തേടിയിട്ടുണ്ടായിരുന്നില്ല. ഇന്ത്യൻ പട്ടാളത്തിന്റെ ദയനീയ പരാജയവും തിരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നു.

1987 വരെ കാശ്മീർ താഴ്വരകളിൽ വലിയ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പഞ്ചാബിനെക്കാളും ആസാമിനെക്കാളും അവിടം സമാധാനപരമായിട്ടായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ കാശ്മീരിൽ ഒരു തിരഞ്ഞെടുപ്പിന് തുടക്കമിട്ടത് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കാരണമായി. തിരഞ്ഞെടുപ്പിൽ കാശ്മീരിലെ ജനങ്ങൾ വളരെയധികം ആവേശഭരിതരായിരുന്നു. അവിടെ വിഘടന വാദികൾവരെ തിരഞ്ഞെടുപ്പിൽ ഉത്സാഹം കാണിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളെക്കാളും അവിടം പരിതാപകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമായി.  കാശ്‍മീരി ജനത അന്നത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ നിരാശരായി തീർന്നു. കോൺഗ്രസ്സും കോൺഗ്രസിനെ പിന്താങ്ങുന്നവരും ആ തിരഞ്ഞെടുപ്പിൽ ചതിയും വഞ്ചനയും നടത്തിയെന്ന് കാശ്മീരിൽ എതിർ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു. അസംതൃപ്തരായ എതിർ പാർട്ടികൾ മുജാഹിദീൻ എന്ന പാർട്ടി രൂപീകരിക്കുകയും കാശ്‍മീരിൽ വിഘടന വാദം ശക്തമാവുകയും ചെയ്തു. കാശ്മീർ ജനത അവരുടെ വോട്ടിംഗ് സംവിധാനത്തിന്റെ കൃത്രിമത്വത്തിൽ നിരാശരായി തീർന്നിരുന്നു. അന്നുമുതൽ മുജാഹിതീൻ പാർട്ടികൾ കാശ്മിരിൽ അസമാധാനം സൃഷ്ടിക്കാൻ തുടങ്ങി. ഇന്നും കാശ്മീരിൽ നീതിപൂർവമായ ഒരു തിരഞ്ഞെടുപ്പ് അവിടുത്തെ ജനത ആഗ്രഹിക്കുന്നു.

ഒരു പാവപ്പെട്ട മുസ്ലിം സ്ത്രീ 'തലാക്ക്' ചൊല്ലിയ ഭർത്താവിൽനിന്ന് മാസം ഇരുനൂറു രൂപ ലഭിക്കാൻ  ആവശ്യപ്പെട്ടുകൊണ്ടു കോടതിയെ സമീപിച്ചിരുന്നു. അവർക്ക് അഞ്ചുകുട്ടികളെയും സംരക്ഷിക്കണമായിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും സ്ത്രീയ്ക്ക് അനുകൂലമായി വിധിച്ചു. എന്നാൽ രാജീവ് ഗാന്ധി ഒരു പുതിയ നിയമം കൊണ്ടുവരുകയും യാഥാസ്ഥിതികരായ മുസ്ലിമുകളെ പ്രീതിപ്പെടുത്താൻ അവർക്ക് അനുകൂലമായ മറ്റൊരു നിയമമുണ്ടാക്കുകയും ചെയ്തു. ആ നിയമത്തെ മുസ്ലിം നിയമ പ്രൊട്ടക്ഷൻ ആക്ട് 1986 (Protection of Rights on Divorce Act 1986) എന്ന് പറയുന്നു. വോട്ടുബാങ്കായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം.

സോണിയാ ഗാന്ധിയും അവരുടെ ഇറ്റാലിയൻ ബന്ധവും വലിയ ഒരു അഴിമതിയിലേയ്ക്ക് വഴിതെളിയിച്ചു. സ്വീഡിഷ് കമ്പനിയായ ബോഫേഴ്സിൽ നിന്ന് ആയുധങ്ങൾ മേടിച്ചതിനെപ്പറ്റിയുള്ള വിവാദങ്ങളായിരുന്നു അത്. ബോഫേഴ്സ് കമ്പനിയിൽനിന്ന് ഇന്ത്യ ആയുധം മേടിച്ചതിൽ മില്യൺ കണക്കിന് ഡോളർ കൈക്കൂലി മേടിച്ചെന്നായിരുന്നു ആരോപണം. രാജീവ് ഗാന്ധി കൈക്കൂലി മേടിച്ചാലും ഇല്ലെങ്കിലും ദേശീയ സുരക്ഷിതത്വത്തെ സംബന്ധിച്ച വ്യക്തതകളില്ലാത്ത മുറിവുകൾ അദ്ദേഹത്തിന്റെ ഭരണത്തിന് ഏൽക്കേണ്ടി വന്നു.

'ഭോപ്പാൽ ഗ്യാസ് ട്രാജഡി' ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഒരു മഹാദുരന്തമായിരുന്നു. അതിനുശേഷം സർക്കാരും യൂണിയൻ കാർബേഡുമായി നടത്തിയ രഹസ്യ ഒത്തുതീർപ്പുകൾ ദുരിതമനുഭവിച്ചവരുടെ അർഹമായ നഷ്ടപരിഹാരം അവഗണിച്ചുകൊണ്ടായിരുന്നു.   ഗ്യാസ് ചോർന്നുണ്ടായ 'വിഷവായു' അന്തരീക്ഷത്തിൽ കലർന്ന സമയത്ത് യൂണിയൻ കാർബേഡിന്റെ ചീഫ് ഇന്ത്യയിലുണ്ടായിരുന്നു. അദ്ദേഹത്തെ സ്വതന്ത്രമായി ഇന്ത്യ വിട്ടുപോകാൻ രാജീവ് ഗാന്ധി  അനുവദിച്ചു. ദുരിതങ്ങൾക്കുശേഷം അതിന് ഇരയായവർക്ക് കാര്യമായ നഷ്ടപരിഹാരം ലഭിച്ചതുമില്ല. രാജീവ് ഗാന്ധിയുടെ പിടിപ്പുകേടും തെറ്റായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തതുമായിരുന്നു കാരണം.

രാജീവ് ഗാന്ധിയുടെ ഭരണകൂടം അഭിമുഖീകരിച്ച ഏറ്റവും വലിയ വംശഹത്യ സിക്ക് കലാപത്തിൽക്കൂടിയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഇന്ദിരാഗാന്ധിയുടെ മരണത്തിനുത്തരവാദി ഒരു സിക്കുകാരനായതുകൊണ്ടു സിക്ക് വംശഹത്യകൾ രാജ്യം മുഴുവൻ വ്യാപിച്ചിരുന്നു. ഏകദേശം 8000 സിക്കുകാർ ദൽഹി തലസ്ഥാനപ്രദേശങ്ങളിൽ വധിക്കപ്പെട്ടു. കൂടാതെ സിക്കുകാരുടെ ലുധിയാനയിലുള്ള ബോംബിങ്, കാനഡയിൽ നിന്ന് വന്ന എയർ ഇന്ത്യ സിക്കുകാർ ബോംബിട്ട് തകർത്തത് എന്നിവകൾ അദ്ദേഹത്തിൻറെ കാലത്തെ ദൗർഭാഗ്യകരങ്ങളായ ചരിത്രത്തിന്റെ കരിനിഴലുകളായിരുന്നു.

ശ്രീ ലങ്കയിൽ സമാധാന സേനയെ അയച്ചതും ബോഫേഴ്‌സ് അഴിമതികളും പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ കോൺഗ്രസ് പരാജയപെടാൻ കാരണമായിരുന്നു. അദ്ദേഹം മുത്തച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ പാർലമെൻറിൽ ഡിബേറ്റിൽ മിടുക്കനായിരുന്നില്ല. ചോദ്യോത്തര വേളകളിൽ  മറുപടി പറയാനറിയാതെ നിശ്ശബ്ദനായിരിക്കുമായിരുന്നു. ബൗദ്ധിക ചിന്തകളോടെ സംസാരിക്കാനും അറിഞ്ഞുകൂടായിരുന്നു. രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള പ്രായോഗിക പരിജ്ഞാനം വളരെ കുറവായിരുന്നു. പാർട്ടി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനുള്ള കഴിവുകേടുകാരണം പാർട്ടിയും തകരാൻ തുടങ്ങി. കഴിവുള്ള പാർട്ടി പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്ഥിതിയും നേതൃത്വത്തിനുണ്ടായിരുന്നില്ല.

1987 ജൂലായ്‌ 29 നു അദ്ദേഹം 'ശ്രീലങ്ക' സന്ദർശിക്കുകയും ശ്രീലങ്കൻ പ്രസിഡന്റ് ജയവർദ്ധനയുമായി ഒരു സമാധാന ഉടമ്പടി ഒപ്പിടുകയും ചെയ്തു. അവിടെ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഹോണർ ലഭിക്കുന്ന വേളയിൽ ഒരു പട്ടാളക്കാരൻ തോക്കുകൊണ്ട് അടിക്കുകയും അടികൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. ബോഫേഴ്സ് ഇടപാടിൽ കോഴ മേടിച്ചുവെന്ന ആരോപണം ഉണ്ടായപ്പോൾ അദ്ദേഹം വി.പി. സിംഗിനോട് രാജി വെക്കാൻ ആവശ്യപ്പെട്ടു. വി.പി.സിംഗ് രാജി വെച്ച് പിന്നീട് ബി.ജെ.പിയുടെ ഉപവിഭാഗമായ ജനതാദളിൽ ചേരുകയും ചെയ്തു.

1991 മെയ് 22-ലെ പ്രഭാതമുണർന്നത് ഞെട്ടിക്കുന്ന ഒരു വാർത്തയോടെയായിരുന്നു. നെഹ്‌റു കുടുംബത്തിൽ നിന്നും ഒരു രക്തസാക്ഷികൂടി രാഷ്ട്രത്തിനുവേണ്ടി ബലിയർപ്പിച്ചു. ഭാവി ഭാരതത്തിന്റെ സ്വപ്‌നമായിരുന്ന രാജീവ് ഗാന്ധിയുടെ മരണം ഒരു ഞെട്ടലോടെയായിരുന്നു ലോകം ശ്രവിച്ചത്. ഒരവസരംകൂടി പ്രധാനമന്ത്രിയാകാൻ അടുത്തു വരുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിശാഖ പട്ടണത്തിൽ തിരഞ്ഞെടുപ്പു പ്രചരണശേഷം തമിഴ് നാട്ടിലുള്ള ശ്രീപെരുംബത്തുർ എന്ന സ്ഥലത്തെത്തി. അവിടെ തിരഞ്ഞെടുപ്പ് റാലിയിൽ എത്തിയ ശേഷം കാറ് തുറക്കുകയും ഒരു പ്രസംഗം നടത്തുകയുമുണ്ടായി. അനേകം ജനം അദ്ദേഹത്തെ മാലയിട്ടു സ്വീകരിക്കുന്നുണ്ടായിരുന്നു. അവരിൽ കോൺഗ്രസ് പാർട്ടി പ്രവർത്തകരും സ്‌കൂൾ കുട്ടികളുമുണ്ടായിരുന്നു. അദ്ദേഹത്തിനെ ഒളിക്കൊല ചെയ്യാനെത്തിയ ഘാതക  'ധനു' എന്ന സ്ത്രീ സമീപിക്കുകയും തല കുനിഞ്ഞു പാദത്തെ നമസ്ക്കരിക്കുകയും ചെയ്തു. അവരുടെ ഡ്രസ്സിന്റെ അടിയിലായി ബെൽറ്റിന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന ആർ.ഡി.എക്സ് (RDX) ബോമ്പ് പൊട്ടുകയും അവരും പതിന്നാലു പേരും ഒപ്പം മരിക്കുകയും ചെയ്തു. രാജീവ് ഗാന്ധിയെ കോല ചെയ്യുന്ന ദൃശ്യങ്ങൾ ഒരു ഫോട്ടോഗ്രാഫർ പകർത്തുന്നുണ്ടായിരുന്നു. അയാളുടെ ക്യാമറ തെറിച്ചു പോയത് ഫിലിമുൾപ്പടെ ലഭിച്ചു. അതേ സംഭവസ്ഥലത്തു  അപ്പോൾത്തന്നെ ക്യാമറാക്കാരനും മരിക്കുകയുണ്ടായി.

ബോംബ് പൊട്ടിത്തെറിച്ചയുടൻ രാജീവിന്റെ ശരീരം തിരിച്ചറിയാത്ത വിധം ചിതറിപോയിരുന്നു. 'ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ' പോസ്റ്റ്മാർട്ടവും എമ്പാൾമിങ്ങും (Embalming) നടത്തുകയും ചെയ്തു. 1991 മെയ് ഇരുപത്തിനാലാം തിയതി ദേശീയ ബഹുമതികളോടെ ശവസംസ്ക്കാരാചാരങ്ങളും നടത്തി. അറുപതിൽപ്പരം രാജ്യങ്ങളിലെ നേതാക്കന്മാർ ശവദാഹ ക്രിയകൾക്കും ആചാരങ്ങൾക്കും സാക്ഷ്യം വഹിച്ചു. യമുനാ നദിയുടെ തീരത്ത് അദ്ദേഹത്തിൻറെ ഭൗതിക ശരീരം ചിതയിൽ വെച്ച് ഭസ്മമാക്കുകയും ചെയ്തു. അമ്മയുടെയും സഹോദരന്റെയും മുത്തച്ഛന്റേയും ദഹിപ്പിച്ച സ്ഥലത്തുതന്നെയായിരുന്നു അദ്ദേഹത്തിനും കർമ്മങ്ങൾ നടത്തിയത്. മൂന്നു പ്രധാനമന്ത്രിമാരുടെ ഭൗതിക ശരീരം നിർമ്മാർജനം ചെയ്ത ആ സ്ഥലത്തെ വീരഭൂമിയെന്നാണ് അറിയപ്പെടുന്നത്. രാജീവ് ഗാന്ധി  ഒരു ദേശീയ സേവകനായി ജീവിച്ചു. ദേശീയ ആരാധ്യനായി മരിച്ചു. നെഹ്‌റു കുടുംബത്തിലെ തിളങ്ങുന്ന നക്ഷത്രമായി നിത്യം ജീവിക്കുകയും ചെയ്യുന്നു.

രാജീവ് ഗാന്ധിയുടെ വധത്തെ സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ സുപ്രീം കോടതി ജസ്റ്റിസ് വർമ്മയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. രാജീവ് ഗാന്ധി വീണ്ടും അധികാരത്തിൽ വന്നാൽ അദ്ദേഹം ഇന്ത്യൻ സമാധാന സേനയെ വീണ്ടും അയക്കുമെന്ന് പറയുമായിരുന്നു. അത് തമിഴ് പുലികളെ വളരെയധികം പ്രകോപനം കൊള്ളിച്ചിരുന്നു. ജെ.എസ് വർമ്മാ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച്‌ രാജീവ് ഗാന്ധി തമിഴ്‌നാട്ടിൽ വന്നപ്പോൾ ആവശ്യത്തിനുള്ള സെക്യൂരിറ്റി കൊടുത്തുവെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.  എന്നാൽ സ്ഥലത്തെ കോൺഗ്രസ്സ് നേതാക്കന്മാർ സെകുരിറ്റിയെ മുറിച്ചു കടന്ന് സുരക്ഷിത ഉദ്യോഗസ്ഥർക്ക് തടസമുണ്ടാക്കിക്കൊണ്ടിരുന്നു. അതാണ് അദ്ദേഹത്തെ വധിക്കാനുള്ള വഴിതുറന്നു കൊടുത്തതെന്നായിരുന്നു നിഗമനം. നരസിംഹ റാവു, കമ്മീഷന്റെ റിപ്പോർട്ട് ആദ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച് രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അവിടെയെത്തുകയായിരുന്നു.



Feroz, Indira 


























കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...