Sunday, December 22, 2013

വൈദികരുടെ അനീതിക്കെതിരെ അന്തർദേശീയ ടെലികോണ്‍ഫ്രൻസും പ്രതികരണങ്ങളും


 By Joseph Padannamakkel

സ്വതന്ത്ര കത്തോലിക്കരുടെ ചർച്ചാവേദിയായ ഒരു ടെലിയോഗം 12/20/2013 വെള്ളിയാഴ്ച വിജയകരമായി നടത്തുകയുണ്ടായി. പ്രസിദ്ധ സാമൂഹിക പ്രവർത്തകനും വിവിധ മത സാംസ്ക്കാരിക സംഘടനകളുടെ സംഘാടകനും സഹകാരിയുമായ ശ്രീ തോമസ്‌ തോമസ് ന്യൂജേഴ്സിയുടെ നേതൃത്വത്തിലായിരുന്നു യോഗം ആരംഭിച്ചത്. അമേരിക്കൻ മലയാളി സമൂഹങ്ങളിൽ അറിയപ്പെടുന്ന പ്രസിദ്ധ എഴുത്തുകാരനും വാഗ്മിയും സംഘാടകനുമായ ശ്രീ ഏ.സി. ജോർജ് യോഗത്തിന്റെ മോഡറേറ്ററായി ചുമതലകൾ വഹിച്ചു. പാലായിലെ നവീകരണ പ്രസ്ഥാനങ്ങളുടെ അറിയപ്പെടുന്ന സമുന്നത നേതാവും സത്യജ്വാല എഡിറ്ററുമായ ശ്രീ ജോർജ് മൂലേച്ചാലിന്റെ പങ്കാളിത്വം സദസിന് ഉന്മേഷവും ആവേശവും നല്കുകയുണ്ടായി. സഭാ നവീകരണത്തെക്കുറിച്ചും കഴിഞ്ഞകാല സംഘടനാ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഹൃസ്വമായ ഒരു വിവരണം അദ്ദേഹം ടെലിസദസിന് നല്കി. പാലായിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെ.സി.ആർ.എം. സംഘടനയുടെ ചരിത്രങ്ങളെ വിലയിരുത്തുകയും ചെയ്തു. നവീകരീണ ഉത്തേജനവുമായി പാലായിലെ ഏതാനും ചിന്തകരായവർ കഴിഞ്ഞ രണ്ടുവർഷമായി പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയുടെ നടത്തിപ്പും തന്മൂലം അതിലെ ബുദ്ധിമുട്ടുകളും ശ്രീ ജോർജ് സദസ്യരെ ഓർമ്മപ്പെടുത്തുകയുണ്ടായി. 

 യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും തന്നെ വ്യത്യസ്ഥ മേഖലകളിൽ തനതായ വ്യക്തിമുദ്രകൾ പതിപ്പിച്ചവരായിരുന്നു. പുരോഹിത സ്വേച്ഛാധിപത്യത്തിനെതിരെയുള്ള രോഷമായിരുന്നു പൊതുവേ സദസിൽ പ്രകടമായത്. ബൌദ്ധിക തലങ്ങളിൽ അല്മായരെ എങ്ങനെ പുരോഗമന ചിന്താഗതിയിലേക്ക് നയിക്കാമെന്നും ചർച്ചകളിൽ പ്രതിധ്വനിച്ചിരുന്നു. ഈ ടെലികൊണ്ഫെറൻസ് സ്വതന്ത്രമായി ചിന്തിക്കുന്ന  അല്മായരുടെതായ നവമുന്നേറ്റത്തിന്റെ ഒരു നാഴികക്കല്ലായിരുന്നു. സർവ്വശ്രീ തോമസ്‌ തോമസ്‌ ന്യൂജേഴ്സി, എ.സി. ജോർജ് ടെക്സാസ്, ജോർജ് മൂലേച്ചാലിൽ, പാലാ എന്നിവരെക്കൂടാതെ ശ്രീമാന്മാരായ ജോസ് കല്ലിടിക്കിൽ ഇല്ലിനോയ്, ഷാജി ജോസഫ്‌ ന്യൂജേഴ്സി, തോമസ് കൂവള്ളൂർ ന്യൂയോർക്ക്, ചാക്കോ കളരിക്കൽ മിച്ചിഗണ്‍, ജേക്കബ് കല്ലുപുരയ്ക്കൽ മസ്സാച്ചുസറ്റ്സ്, ജോണ്‍ തോമസ്‌ ന്യൂജേഴ്സി,   ജോസഫ് പടന്നമാക്കൽ ന്യൂയോർക്ക് എന്നിവരും അതീവ താല്പര്യത്തോടെ ചർച്ചകളിൽ പങ്കെടുത്തിരുന്നു. സാമൂഹിക മത-സാംസ്ക്കാരിക തലങ്ങളിലും സംഘടനാ തലങ്ങളിലും ഗ്രന്ഥ കൃതികളിലും മികവുകൾ പ്രകടിപ്പിച്ച ഓരോ വ്യക്തികളെയും പേരെടുത്തു വിളിച്ച് മോഡറേറ്റർ ശ്രീ എ.സി. ജോർജ് സദസിനെ പരിചയപ്പെടുത്തുകയുണ്ടായി.

പ്രാർത്ഥനയോടെ ആരംഭിച്ച് ഫ്രാൻസീസ് മാർപാപ്പയ്ക്ക് സർവ്വവിധ പിന്തുണകളും നൽകിക്കൊണ്ടായിരുന്നു യോഗത്തിന് തുടക്കമിട്ടത്. സഭയുടെ നവചൈതന്യമുയർത്തി പരിവർത്തനങ്ങളുടെ പുത്തൻ യുഗത്തിലേക്ക് പ്രവേശിക്കാൻ വെമ്പൽ കൊള്ളുന്ന മാർപാപ്പായുടെ വാക്കുകൾക്ക് യാതൊരു വിലയും കല്പ്പിക്കാത്ത സീറോ മലബാർ പുരോഹിതരെയും അഭിഷിക്തരെയും എങ്ങനെ നേരിടണമെന്നായിരുന്നു ചർച്ചകളിലുടനീളം മുഴങ്ങി കേട്ടത്. അടുത്ത കാലത്ത് സംഭവിച്ച മനസാക്ഷിക്ക് നിരക്കാത്ത ഒരു പുരോഹിതന്റെ ഹൃദയ കാഠിന്യവും ശ്രീ കൂവള്ളൂർ യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. നാട്ടിൽനിന്നും കുട്ടികളെ നോക്കാൻ ന്യൂയോർക്കിലെ യോങ്കേഴ്സിൽ വന്ന ഒരു സ്ത്രീ മരിച്ചസമയം മൃതദേഹം സ്വന്തം ദേശത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ഒപ്പീസ് അർപ്പിക്കാൻ സ്ഥലത്തെ സീറോ മലബാർ വികാരിയോട് ബന്ധുക്കൾ അഭ്യർത്ഥിച്ചു. വികാരിയ്ക്ക് സുഖമില്ലാത്തതുകൊണ്ട് ഒപ്പീസിനായി സഹപാസ്റ്റരായ കപ്പൂച്ചിയൻ അച്ചനോട് ചോദിച്ചപ്പോൾ ഇടവകാംഗമല്ലാത്ത മരിച്ച സ്ത്രീക്കുവേണ്ടി ഒപ്പീസ് നൽകാൻ കാനോൻനിയമം അനുവദിക്കുന്നില്ലായെന്ന് മറുപടി കൊടുത്തു. മനസാക്ഷിക്ക് നിരക്കാത്ത ക്രൂരരായ ഇത്തരം പുരോഹിതരുടെ സേവനത്തിന്റെ ആവശ്യമുണ്ടോയെന്നും അല്മായരുടെ മുമ്പിലുള്ള ഒരു ചോദ്യചിന്ഹമായി മാറി. കാൽവരിയിൽ ക്രൂശിതനായ കൃസ്തു ഉന്നതങ്ങളിൽ കണ്ണുകൾ ഉയർത്തി ഇവരോട് ക്ഷമിക്കണമേയെന്ന് സ്വർഗസ്തനായ പിതാവിനോട് വിലപിച്ചത് കാനോൻ നിയമങ്ങൾ അനുസരിച്ചല്ലായിരുന്നു. 'കത്തോലിക്കാ' എന്ന വാക്കിന്റെ അർത്ഥം സാർവത്രികമെന്ന് മനസിലാക്കാതെ പോയത് പുരോഹിതന്റെ അജ്ഞതയെന്ന് കരുതണം. അന്ത്യശ്വാസം വലിക്കുമ്പോഴും മരണത്തിലുമല്ല പഴഞ്ചൻ ദൈവശാസ്ത്രം ഉയർത്തി പണം വിഴുങ്ങാനുള്ള അടവുകൾ പ്രയോഗിക്കേണ്ടതെന്നും പുരോഹിതൻ മനസിലാക്കേണ്ടതായിരുന്നു.

 ഇന്ന് സഭാനേതൃത്വം അലങ്കരിക്കുന്ന പുരോഹിതർ വാരുണ്യഗണങ്ങളായും അല്മായർ രണ്ടാം ക്ലാസ്സ് പൌരരായും സഭയുടെ ചട്ടങ്ങളനുസരിച്ച് വിശ്വസിക്കുന്നു. അല്മായരെ തന്നെ വിലയിരുത്തുന്നതും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലായിരിക്കും. അമേരിക്കൻ സീറോമലബാർ പള്ളികളിൽ ആര്യകുലത്തിലെ വർണ്ണവിവേചനം പോലെ സംഭാവന കൊടുക്കുന്നവരുടെ അളവനുസരിച്ച് എ ബി സി ഡി യെന്ന് വിശ്വാസികളെ തരം  തിരിച്ചിട്ടുണ്ട്. പരിഷ്കൃത രാജ്യമായ അമേരിക്കയിലെ മലയാളീ പള്ളികളിൽ സമ്പത്തനുസരിച്ച് ഇത്തരം വകതിരിവുണ്ടെന്നറിയുമ്പോൾ അതിശയോക്തിയെന്ന് തോന്നാം. ഷിക്കാഗോ രൂപതയുടെ കത്തീഡ്രലിന്റെ മുമ്പിലെ ഫലകത്തിൽ ഏറ്റവും കൂടുതൽ സംഭാവന കൊടുത്തവരുടെ പേരുകൾ എഴുതി വെച്ചിട്ടുണ്ട്. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്ന തത്ത്വം പുരോഹിത വചനങ്ങളിൽനിന്ന് നീക്കം ചെയ്തുകഴിഞ്ഞു.

ശ്രീ ചാക്കോ കളരിക്കൽ ഡയറിയിൽ കുറിച്ച ചർച്ചകളെ സംബന്ധിച്ച കുറിപ്പ് ഈ ലേഖനത്തിലുടനീളം ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ മുഴങ്ങികേട്ട ആശയ സംഹിതകളുടെ ചുരുക്കമാണ് താഴെ ഏതാനും ഖണ്ഡികയിൽ അക്കമിട്ട് വിവരിച്ചിരിക്കുന്നത്.

1.  അല്മായന്റെ പ്രശ്നങ്ങൾ ചെവികൊള്ളുകയെന്ന ഒരു കീഴ്വഴക്കം പുരോഹിതർക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പ്രശ്ന സങ്കീർണ്ണമായ ലോകത്തിൽ അല്മേനിയുടെ പ്രശ്നങ്ങളുമായി ഇടപഴുകുവാൻ പുരോഹിത ലോകത്തിനും അഭിഷിക്തർക്കും ഒരിക്കലും സമയം ലഭിക്കില്ല. അല്ലെങ്കിൽ അല്മേനിയുടെ അഭിപ്രായങ്ങളെ യാതൊരു പ്രതികരണങ്ങളുമില്ലാതെ പുച്ഛിച്ചു തള്ളും.

2. ആരെങ്കിലും സഭയ്ക്കെതിരെ സംസാരിച്ചാൽ, നവീകരണ ചിന്താഗതികൾ അവതരിപ്പിച്ചാൽ പിന്നീടവരെ സഭയുടെ ശത്രുക്കളായി പ്രഖ്യാപിക്കും. നാലു ദിക്കുകളിൽനിന്നും അവരെ നശിപ്പിക്കാൻ ശ്രമിക്കും. സഭയ്ക്കെതിരെ പ്രതികരിച്ച ബുദ്ധിജീവികളെയും പാഷണ്ഡികളെയും കൊന്നൊഴുക്കിയ  രക്തപ്പുഴകളുടെ കഥകൾ ചരിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്.

3. അൽമായ സംഘടനകൾ എന്ന പേരുമായി പുരോഹിത നേതൃത്വത്തിൽ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിലെ പ്രവർത്തകരും തീരുമാനങ്ങൾ എടുക്കുന്നവരും എന്നും പുരോഹിതരും അഭിഷിക്തരുമായിരിക്കും. പുരോഹിത കൽപ്പനകൾ എന്തായാലും അല്മേനി അനുസരിച്ചുകൊള്ളണം. അത്തരം സംഘടനകളിൽനിന്നും വിഭിന്നമായി അല്മേനികളെ മാത്രം ഉൾപ്പെടുത്തി പാലായിൽ ഒരു സംഘടന രൂപികരിച്ചതും ചർച്ചയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അല്മേനിക്ക് സംസാരിക്കാൻ അവകാശമില്ലാത്ത ഒരു സംഘടനയുടെ തീരുമാനങ്ങളെ തിരസ്ക്കരിക്കുകയാണ് യുക്തമായുള്ളതെന്നും  അഭിപ്രായങ്ങളുണ്ട്.

 4. കുഞ്ഞായിരിക്കുമ്പോൾ മുതൽ ചെറുകുഞ്ഞുങ്ങളെ അബദ്ധങ്ങൾ പഠിപ്പിച്ച് പുരോഹിതർ മസ്തിഷ്ക്ക പ്രഷാളനം ചെയ്തിരിക്കുകയാണ്. വരുന്ന തലമുറകളെ പുരോഹിതരുടെ മന്ത്രോപാസനങ്ങളിൽനിന്നും മോചിതരാക്കേണ്ടതുമുണ്ട്. സഭ അല്മെനികളുടെതെന്ന ബോധവല്ക്കരണം കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കണം. നന്മതിന്മകളെ വേർതിരിച്ച് യേശുവിന്റെ വചനങ്ങൾ ഉൾക്കൊണ്ട് പുരോഹിത സ്വേച്ഛാധിപത്യത്തിൽനിന്നും വിമുക്തിനേടി യുക്തിയിൽ അധിഷ്ടിതമായ ഒരു സഭയാണ് ഭാവി തലമുറകൾക്ക് ആവശ്യമായുള്ളത്.

 5. സേവനമെന്നു പറഞ്ഞ് യൂറോപ്പിലും അമേരിക്കയിലും എത്തുന്ന പുരോഹിതരിൽ ഭൂരിഭാഗവും വിചിത്രങ്ങളായ ജീവിതമാണ് അനുഷ്ടിക്കുന്നത്. യാതൊരു തരത്തിലും ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു സമൂഹമായി അവർ മാറിക്കഴിഞ്ഞു. അമേരിക്കയിൽ വരുന്ന മലയാളി പുരോഹിതരിൽ അനേകരെ നാടിന് ശാപമായതുകൊണ്ട് കയറ്റി അയക്കുന്നതാണെന്നും തോന്നിപ്പോവും. സംസ്ക്കാരശൂന്യരും മാന്യതയുടെ പരിധി വിട്ട് പെരുമാറുന്നവരുമുണ്ട്. ആദ്യമായി  വേണ്ടത് വിമാനം കയറി വരുന്ന ഇവരെ പ്രായമായ അല്മെനികളെ ബഹുമാനിക്കാൻ പഠിപ്പിക്കുകയെന്നതാണ്. എടാ, പോടാ, താൻ എന്നൊക്കെ പ്രായത്തിൽ കൂടിയവരെയും വിളിക്കാൻ മടിക്കില്ല. ഇതിന് കാരണം സെമിനാരിയിലെ പരുക്കൻ ജീവിതത്തിൽനിന്നും ഉൾക്കൊണ്ട അപക്വമായ പെരുമാറ്റമായിരിക്കാം. സംസ്ക്കാരമുള്ളവരുമായി അത്തരക്കാർക്ക്‌ ഒത്തുപോകാനും പ്രയാസമായിരിക്കും. അഹംബോധം തനിക്കുമാത്രമെന്ന് പുരോഹിതരും അഭിഷിക്തരും വിശ്വസിക്കുന്നു.

6. കുടുംബഭദ്രത തകർക്കുകയെന്നതും മലയാളീ പാസ്റ്റർമാരുടെ ഹോബിയാണ്. ഭർത്താവിനെതിരെ ഭാര്യയേയും മക്കളെയും തമ്മിലടിപ്പിക്കലും അമേരിക്കൻ ഐക്യനാടുകളിൽ പതിവായി തീർന്നിരിക്കുന്നു. ഷിക്കാഗോരൂപത വരുന്നതിനുമുമ്പ് മലയാളീ കുടുംബങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്നു. ഇന്ന് പലരും ബദ്ധവൈരികളായി പരസ്പരം മിണ്ടാതെ മല്ലടിച്ച് കുടുംബങ്ങൾ തമ്മിൽ ഇവർമൂലം അകന്നുപോയിരിക്കുന്നു. ആരുടെയെങ്കിലും ഭാഗംകൂടി എരിതീയിൽ എണ്ണയൊഴിച്ച് എഷണികൾ പറയാൻ ചിലർ നിപുണരുമാണ്. 

7.  വക്രബുദ്ധി നിറഞ്ഞ പുരോഹിതർക്ക് അല്മേനികളെയും അവരുടെ സ്ത്രീജനങ്ങളെയും സ്വാധീനിച്ച് സാമ്പത്തിക ചൂഷണം നടത്തുവാൻ പ്രത്യേകമായ വിരുതുണ്ട്‌. പലരും സ്വന്തം പേരിൽ കൊട്ടാരംപോലുള്ള വീടുകൾ ഭാരതത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പണി കഴിപ്പിച്ചുകഴിഞ്ഞു. കിട്ടുന്ന കുർബാനപ്പണം ഡോളറായി പോക്കറ്റിലിട്ട് നാട്ടിലെ പുരോഹിതരെക്കൊണ്ട് ചെറിയ തുകകൾ രൂപയായി കൊടുത്ത് കുർബാന അവിടെ ചൊല്ലിക്കും. അങ്ങനെ കുർബാനയെ ബിസിനസാക്കി വിയർക്കാത്ത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും.

 8. പൊതുവേ കുടിയേറ്റക്കാരായ അല്മേനികൾക്ക് അമേരിക്കയിൽ വന്നെത്തുന്ന പുരോഹിതരെക്കൊണ്ടുള്ള സഹികെട്ട കഥകളാണ് എന്നും പറയാനുള്ളത്. അതിന്റെ പ്രതിഫലനം ഓരോ വർഷവും സീറോ മലബാർ പള്ളികളിലും കാണുന്നുമുണ്ട്. പലരും കൂട്ടമായി ലാറ്റിൻ റീത്തിലുള്ള അമേരിക്കൻ പള്ളികളിൽ ചേർന്നു കഴിഞ്ഞു. ലാറ്റിൻ പള്ളിയിൽ പോയാൽ ധാർമ്മികാധപതനം കുഞ്ഞുങ്ങളിൽ ഉണ്ടാകുമെന്ന പുരോഹിത പ്രചാരണങ്ങൾ ഒന്നും തന്നെ വിലപ്പോകുന്നില്ല. ഒരു അല്മേനി ന്യായമായ എന്ത് കാര്യങ്ങള്ക്കായി പുരോഹിതനെ സമീപിച്ചാലും കാനോൻ നിയമം ഉയർത്തി പരിഹസിക്കുകയെന്നതും കൽദായ അമൃതം കഴിച്ച പുരോഹിതരുടെ സ്ഥിരം പരിപാടിയാണ്.

9. അമേരിക്കയിൽ വളരുന്ന രണ്ടാം തലമുറകൾ പ്രായപൂർത്തിയായി കഴിഞ്ഞാൽ സീറോ മലബാർ കുർബാനകളിൽ സംബന്ധിക്കാറില്ല. എഫ്.ഓ ബി. (Fresh on boat) എന്ന പേരും മലയാളിപ്പള്ളികൾക്ക് പുതിയ തലമുറകൾ നല്കിക്കഴിഞ്ഞു. അതിവേഗം ചലിക്കുന്ന ഒരു ലോകത്ത് ഇങ്ങനെയുള്ള ഒരു സമൂഹത്തെ തീറ്റിപ്പോറ്റാൻ അവർക്ക് സമയവുമില്ല. അമേരിക്കൻ പള്ളികളെപ്പോലെ സീറോമലബാർ പള്ളികളും ക്ഷയിക്കുന്ന ദയനീയസ്ഥിതിiയാണ് ഇപ്പോൾ കണ്ടുവരുന്നത്‌. ഇത്തരം പള്ളികളും അമേരിക്കയിൽ ശൂന്യമാകുന്ന കാലവും അതിവിദൂരമല്ല. അങ്ങനെയുള്ള സ്ഥിതിക്ക് കണക്കില്ലാത്ത മലയാളി പുരോഹിതരെ ഈ നാട്ടിലേക്കിറക്കുമതി ചെയ്‌താൽ അവരുടെയിടയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുയേയുള്ളൂ.
 
10. വിശ്വാസത്തിന്റെ പേരും പറഞ്ഞ് ഇന്ത്യയിലെ അനാചാരങ്ങൾ പ്രവാസികളെ അടിച്ചേല്പ്പിക്കുന്ന പുരോഹിതരുടെ പോക്കും ശരിയല്ല. തമ്മിലടിയും തൊഴുത്തിൽക്കുത്തുമില്ലാത്ത പള്ളികൾ ഷിക്കാഗോ രൂപതയുടെ കീഴിലില്ല. ഏത് വഴക്കിന്റെ കാരണവും വിശകലനം ചെയ്‌താൽ ആ പള്ളിയിലെ പുരോഹിതനെന്ന് കാണാം. ഫീസ് കൊടുക്കാൻ  താമസിച്ചെന്ന് പറഞ്ഞ് വേദപാഠ ക്ലാസുകളിൽനിന്ന് പിഞ്ചുകുഞ്ഞുങ്ങളെ ഇറക്കിവിടുന്ന സംഭവങ്ങൾ സാധാരണമാണ്. വില കൂടിയ കർട്ടൻ ജർമ്മനിയിൽനിന്ന് വരുത്തുക,  കുപിതരായ ഇടവക ജനം ആ കർട്ടൻ കീറിക്കളയുക,  അൾത്താരയിൽ ക്ലാവർ കുരിശ് പ്രതിഷ്ഠിക്കുക , അതിൽ അതൃപ്തരായ  മറ്റൊരു വിഭാഗം കുരിശിനെ തിരസ്ക്കരിച്ച് നീക്കം ചെയ്യുക എന്നിങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ഈ രൂപതാതിർത്തികളിൽ നടന്ന കോലാഹലങ്ങൾക്ക് കണക്കില്ല. ക്ലാവർ കുരിശിന്റെ പേരിൽ ഇന്നും രണ്ട് വിഭാഗങ്ങൾ തമ്മിൽ പരസ്പര മത്സരങ്ങളും വഴക്കും തുടരുന്നു. പുരോഹിതരും അല്മേനികളും തമ്മിൽ കയ്യേറ്റം വരെയുണ്ടായ കേസുകൾ കോടതികളുടെ പരിഗണനയിൽ ഉള്ളതായ പള്ളികൾ വരെയുണ്ട്.

11. സീറോ മലബാർ രൂപതയുടെ കീഴിലുള്ള പള്ളികളെല്ലാം വൻതുകകൾ സമാഹരിച്ച് നാട്ടിൽ എത്തിക്കുകയാണ് പതിവ്. പുരോഹിതരുടെ ബന്ധുക്കൾ നടത്തുന്ന ബ്ലേഡ് കമ്പനികളിൽ അവിടെ വിശ്വാസികളുടെ പണം നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മാതൃഭൂമിയിലും മറ്റ് പ്രമുഖ പത്രങ്ങളിലും ഈ വാർത്ത ഒരിക്കൽ അച്ചടിച്ചിട്ടുണ്ടായിരുന്നു.  
 
12. ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴിൽ ഒരു രൂപത സ്ഥാപിതമായ നാളുമുതൽ സ്നേഹത്തിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളെല്ലാം പരസ്പര ശത്രുതയിൽ കഴിയുകയാണ്. വളരെയധികം സൗഹാർദത്തിൽ കഴിഞ്ഞിരുന്ന ക്നനായി സമൂഹത്തിലും സീറോ മലബാർ സമൂഹത്തിലും വിഭാഗീയ ചിന്തകളുണ്ടാക്കി പുരോഹിതർ അവരുടെയിടയിൽ വിദ്വേഷം വളർത്തിക്കൊണ്ടിരിക്കുന്നു. ക്നാനായ സമൂഹത്തിന്റെ പണം മുഴുവൻ ഷിക്കാഗോ രൂപതയുടെ നിയന്ത്രണത്തിലുള്ളതും ആ സമൂഹത്തിനെ വേദനപ്പെടുത്തുന്നുണ്ട്.
 
കോണ്‍ഫെറൻസിൽ ശ്രീ ചാക്കോ കളരിക്കൽ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങൾ പ്രത്യേക ശ്രദ്ധയിൽ വന്നു. ആദ്യത്തേത് പാലായിൽ 2014 ഫെബ്രുവരി 20ന് നടക്കാൻ പോകുന്ന പുരോഹിതരുടെ പിന്തുണയില്ലാത്ത അല്മായസിനഡിന് പൂർണ്ണ പിന്തുണ നല്കുക, രണ്ടാമത്തേത് തിരുവനന്തപുരത്ത് ചർച്ച് ആക്റ്റ് പ്രാബല്യമാക്കാൻ ശ്രീമതി ഇന്ദു ലേഖ നടത്തുന്ന സത്യാഗ്രഹത്തിനെ അനുകൂലിക്കുക എന്നായിരുന്നു. രണ്ട് പ്രമേയങ്ങളും യോഗം ഏകാഭിപ്രായത്തോടെ പാസ്സാക്കി. മാസത്തിൽ ഒരിക്കൽ സമ്മേളനം തുടരാനും തീരുമാനിച്ചു. ശ്രീ എ.സി. ജോർജിന്റെയും തോമസ്‌ തോമസിന്റെയും നന്ദി പ്രകടനത്തോടെ ടെലി യോഗം താല്ക്കാലികമായി പിരിയുകയും ചെയ്തു.

 കേരളത്തിൽനിന്ന് ഇവിടെ വന്നിട്ടുള്ള പുരോഹിതർ ഭൂരിഭാഗവും  അമേരിക്കൻ സംസ്ക്കാരത്തെ തികച്ചും തെറ്റായി ധരിച്ചിരിക്കുന്നു. പലരുടെയും ധാരണ ഈ രാജ്യം സ്വതന്ത്രമായ ലൈംഗിക അഴിഞ്ഞാട്ടങ്ങൾ നിറഞ്ഞതാണെന്നാണ്. അതുകൊണ്ട് ബലാൽസംഗം എന്ന കുറ്റകൃത്യങ്ങളുമായി പുരോഹിതരും കുടുങ്ങാറുണ്ട്. ബാലാല്സംഗത്തിന് അമേരിക്കയിൽ കഠിനമായ ശിക്ഷ ലഭിക്കും. അത്തരം കേസുകൾ ഇന്ത്യയിലെങ്കിൽ സ്വാധീനത്തിൽ ഒതുക്കാൻ സാധിക്കും. എന്നാൽ ഈ നാട്ടിൽ അത് നടക്കില്ല. ഒരു അമേരിക്കൻ കൗമാരപ്പെണ്ണിനെ ഉമ്മവെച്ച കേസ്സിൽ ഇന്ത്യയിൽനിന്നുള്ള ഒരു പുരോഹിതൻ കുറ്റ വിസ്താരത്തിനായി ഇപ്പോഴും ജയിലിലാണ്. ചെയ്യാത്ത വകുപ്പുകളും അദ്ദേഹത്തിന്റെ പേരിൽ ചുമത്തിയിട്ടുണ്ട്. പെണ്‍പിള്ളേരോട് അതിരുവിട്ട പുരോഹിതരുടെ പെരുമാറ്റം എപ്പോഴാണ് അപകടത്തിൽ എത്തിക്കുന്നതെന്നും പറയാൻ സാധിക്കില്ല. അടുത്ത കാലത്താണ് ഷിക്കാഗോ  രൂപതയിലുള്ള വിവാഹിതയായ ഒരു സ്ത്രീയെ വികാരി വശീകരിച്ച് ഭർത്താവുമായി വേർപ്പെടുത്തി കുപ്പായം ഊരി നാട്ടിൽ കൊണ്ടുപോയി വിവാഹം കഴിച്ചത്. വിവാദ പുരോഹിതനായ അദ്ദേഹത്തെ അന്ന് അങ്ങേയറ്റം അരമന സംരക്ഷിക്കാനും ശ്രമിച്ചു. ഇങ്ങനെ അനേക സംഭവങ്ങൾവഴി  മലയാളി പുരോഹിതർ ഈ നാടിന്റെ മണ്ണിൽ കളങ്കം ചാർത്തിക്കഴിഞ്ഞു. 

 കുഞ്ഞായിരുന്നപ്പോൾ സഭയ്ക്കും മാർപാപ്പായ്ക്കും കീഴ്വഴങ്ങി ജീവിക്കാനാണ് വേദപാഠം ക്ലാസിൽ പഠിപ്പിച്ചത്. അങ്ങനെതന്നെ മാതാപിതാക്കളും പഠിപ്പിച്ചു. ഇന്ന് അഭിഷിക്തരായവരും പുരോഹിതരും ആദ്യം മാർപാപ്പായെ അനുസരിച്ചിട്ട് ഞങ്ങളെ ഉപദേശിക്കൂ. 'ഞാൻ ആര് വിധിക്കാൻ'   മാർപാപ്പായുടെ അധരങ്ങളിൽനിന്ന് ഉതിർന്നുവീണ മധുരപവിഴമായ വാക്കുകൾ ‌ചരിത്രതാളുകളിൽ തങ്കലിപികളിൽത്തന്നെ ഇടംപിടിച്ചു. "ഞാൻ ആര് നിങ്ങളെ വിധിക്കാനെന്ന് അഭിഷിക്തരും അങ്ങനെതന്നെ ഏറ്റു പറയണം. ചരിത്രം കണ്ടതിൽ നല്ല പാപ്പാ അനീതിക്കെതിരെ സംസാരിക്കുന്നു. ഒരു കുഞ്ഞിന്റെ മനസുള്ള നിഷ്കളങ്കനായ വലിയ മുക്കവൻ കഴിഞ്ഞ ഡിസംബർ പതിനാറാം തിയതി ഇങ്ങനെ പ്രാർത്ഥിച്ചു. "പ്രഭോ, അവിടുത്തെ തിരുപ്പിറവിക്ക് കാത്തിരിക്കുന്ന ഈ ദിനങ്ങളിൽ പ്രവാചക ചൈതന്യം ഞങ്ങളുടെ ഹൃദയങ്ങളിൽ ആഞ്ഞടിയ്ക്കണമേ. നാഥാ, മനസിനുള്ളിൽ നുഴഞ്ഞുകയറിയ പൌരാഹിത്യ ചൈതന്യത്തിൽനിന്നും ഞങ്ങളെ സ്വതന്ത്രമാക്കൂ. സമസ്ത ജനങ്ങളുടെയും 'സത്ത'  പ്രവാചക ചൈതന്യമായി രൂപാന്തരമാകാൻ അവിടുന്ന് വഴി കാണിച്ചാലും." മാർപാപ്പാ വത്തിക്കാനിൽ തടിച്ചുകൂടിയ ജനത്തോടായി അന്ന് പറഞ്ഞു,   "യേശുവിന്റെ പിന്നാലെപോയവർ പ്രവാചക ചൈതന്യം ഉൾക്കൊണ്ടവരായിരുന്നു. ജനം അവിടുത്തെ സ്വാഗതം ചെയ്തു. പ്രവാചക ചൈതന്യമേശാത്തവർ പൌരാഹിത്യവും കണ്ടെത്തി."  








 

 

j
 
   
   

Monday, December 16, 2013

കൈവിട്ടുപോയ പൈതൃകനാടും പ്രവാസികളുടെ പരിചിന്തനങ്ങളും


By
ജോസഫ് പടന്നമാക്കൽ 









ജന്മംകൊണ്ട് ഭാരതിയരും കർമ്മംകൊണ്ട് മറ്റുരാജ്യങ്ങളിൽ വസിക്കുന്നവരും സാധാരണ പ്രവാസികളായി അറിയപ്പെടുന്നു.  വിദ്യാഭ്യാസപരമായോ ഉദ്യോഗപരമായോ മറുനാടുകളിൽ വസിച്ച് സ്വന്തം നാട്ടിൽ മടങ്ങിവരാൻ പദ്ധതികൾ ഇട്ടവരെ മുമ്പൊക്കെ പ്രവാസികളായി കരുതിയിരുന്നു. എന്നാൽ ഇന്ന് വിദേശരാജ്യങ്ങളിൽ പൌരത്വം ഉണ്ടെങ്കിലും ഭാരതത്തിലെ ഓ.സി.ഐ. കാർഡ് വഴി ചില അവകാശങ്ങൾ രാജ്യത്ത്  ലഭിക്കുന്നതുകൊണ്ട് ഒരുവനെ പ്രവാസിയായി കരുതാം. അവരിൽ രണ്ടാം തലമുറക്കാരും ഉൾപ്പെടും. 


ആദ്യകാലംമുതൽ ഇരട്ടപൌരത്വം നേടുന്നതിനായി പ്രവാസിജനത ഇന്ത്യാസർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നുണ്ടായിരുന്നു. എന്നാൽ രാജ്യത്തിനുള്ളിൽ ഭീകരത കണക്കാക്കി അത്തരം ഒരു സാഹചര്യം ഒഴിവാക്കാനായി ഇരട്ടപൌരത്വം നല്കാൻ സർക്കാർ തയാറല്ലായിരുന്നു. അതിന് പകരമായി പ്രവാസികള്ക്ക് ചില ആനുകൂല്യങ്ങളുമായി ഓ.സി.ഐ (Overseas Citizen of India ) കാർഡ് നല്കി. 'പ്രവാസി ഭാരതീയപൗരനെന്ന' അർത്ഥമുള്ള പേര് കേൾക്കുമ്പോൾ ഇത് ഇന്ത്യൻ പൌരത്വത്തിന് തുല്യമായി തോന്നാം. പ്രവാസികളുടെ കണ്ണിൽ മണ്ണിടാൻ ആരോ ബുദ്ധിപൂർവം നല്കിയ പേരാണ് ഒ.സി.ഐ (O.C.I)എന്നുള്ളത്. ഇന്ത്യയിൽ ഐഡന്റിറ്റിയായി ഒസിഐ (O.C.I.) കാർഡ് കാണിച്ചാൽ ആരും സ്വീകരിക്കില്ല. ഒരു സെൽഫോണ്‍ കണക്ഷൻ കിട്ടുന്നതിനുപൊലും ഇതിന് നിയമസാധുതയില്ല. ഈ കാർഡ്‌ ആരംഭിച്ചപ്പോൾ കൃഷിഭൂമി മേടിക്കുന്നതിലും വോട്ടവകാശവും ഒഴിച്ച് എല്ലാ ആനുകൂല്യവും ഉണ്ടെന്നാണ് സർക്കാർ പ്രവാസികളെ ധരിപ്പിച്ചിരുന്നത്. ജീവിതകാലം മുഴുവനായ വിസായായും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് പാസ്പോർട്ട് പുതുക്കുന്ന സമയമെല്ലാം ഒ.സി.ഐ (O.C.I)കാർഡും പുതുക്കണമെന്നുള്ളതാണ്. ഇതിനെതിരായുള്ള പ്രവാസികളുടെ മുറവിളിക്ക് സർക്കാരോ അതിനോടനുബന്ധിച്ചുള്ള കാര്യാലയങ്ങളോ ശ്രദ്ധിക്കുന്നുമില്ല. ഒ.സി.ഐ(O.C.I) കാർഡുമുഖേന ഇന്ത്യാസർക്കാർ ഇത് പണം ഉണ്ടാക്കുന്ന ഒരു മാർഗമായി കണ്ടുകഴിഞ്ഞു. അതിനെതിരായ പ്രതികരണങ്ങൾക്ക് മന്ത്രിമാരും രാഷ്ട്രീയക്കാരും മോഹനവാഗ്ദാനങ്ങൾ നല്കി പ്രവാസികളിൽനിന്നും സ്വീകരണവും സമ്മാനങ്ങളും സൗജന്യ യാത്രാടിക്കറ്റും മേടിച്ച് മടങ്ങിപ്പോവും.

 
ഡൽഹിയിൽ ഒരു പ്രവാസികാര്യാലയം ഉണ്ട്. അവരുടെ പ്രധാന ജോലി ഓരോ വിശേഷദിവസങ്ങളിലും പാർട്ടികളും സംഗീതവും ഡാൻസും നടത്തുകയെന്നതാണ്. ക്യാബിനറ്റ്റാങ്കുള്ള ഒരു പ്രവാസിമന്ത്രിയുടെ കീഴിലുള്ള ഈ വകുപ്പ് ഇന്ന് സർക്കാരിന്റെ വെറും ഒരു വെള്ളാനയെന്ന് പറയാം. ഒരു പ്രവാസി എന്തെങ്കിലും ഒരു കാര്യം സാധിക്കാൻ അവിടെ ചെന്നാൽ കാര്യാലയങ്ങൾ തമ്മിൽ പരസ്പരം ഉരുണ്ടുകളിക്കും. ആഭ്യന്തരവകുപ്പിൽ ചെന്നാൽ വിദേശവകുപ്പിൽ പേപ്പറെന്ന് പറയും. അവിടെനിന്ന് പ്രവാസിവകുപ്പിലേക്കും വിടും. അങ്ങനെ ചുറ്റികളിപ്പിക്കുന്ന ചുവപ്പുനാടകളുള്ള കാര്യാലയങ്ങളാണ് നാടുമുഴുവൻ ഉള്ളത്. ജനിച്ച നാട്ടിലേക്ക് മടങ്ങിപ്പോയാൽ ഒരു പ്രവാസി അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് കാര്യസാദ്ധ്യതയ്ക്ക് ഉദ്യോഗസ്ഥർക്ക് കൊടുക്കേണ്ട കോഴയെന്നതായിരിക്കും. അതിനുള്ള പ്രായോഗിക കഴിവുകൾ പലർക്കും ഉണ്ടെന്നിരിക്കില്ല. ഒരോ ഇന്ത്യാഡേ പരേഡിലും കോണ്‍സുലർ ജനറിലിന്റെ വാഗ്ദാനങ്ങളും കാണും. ഒരേ വാഗ്ദാനങ്ങൾ എന്നും തിളങ്ങുന്ന ഇന്ത്യയുടെ പതാകയുടെ കീഴിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
  

ഭാരതത്തിൽ പ്രവാസിക്ക് സ്ഥലവാസികളെക്കാൾ കൂടുതൽ പരിഗണനയും ബഹുമാനവും നൽകുന്നത്  കാണാം. അവധിയ്ക്ക് വരുന്ന കാലങ്ങളിൽ കാറിൽസഞ്ചാരവും ജീവിതരീതിയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷണം കഴിക്കലും നാട് മുഴുവൻ നടന്ന് സ്വർണ്ണം, വസ്ത്രം ഷോപ്പിങ്ങും പ്രവാസിയെ ജനിച്ചനാട്ടിൽ വ്യത്യസ്ഥനാക്കുന്നു. ചിലർ പണക്കാരായി പൊങ്ങച്ച വർത്തമാനങ്ങളും മറുനാട്ടിലെ വീരകഥകളും തട്ടിവിടാറുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒരു വലയം എപ്പോഴും ചുറ്റിനും കാണും. പോക്കറ്റ് നിറയെ പണവുമായി നടക്കുമ്പോൾ അയാളുടെ മുമ്പുണ്ടായിരുന്ന സ്റ്റാറ്റസിന് തന്നെ ഒരു മാറ്റമായി. നേരെമറിച്ച് ഒരു പ്രവാസി ഡോക്റ്ററോ, എഞ്ചിനീയറോ എന്തുതന്നെ ഉയർന്ന തൊഴിൽ ചെയ്യുന്നയാളായാലും അമേരിക്കയിലോ കാനഡായിലോ ബ്രിട്ടനിലോ താമസിച്ചാൽ ആരും ഗൌനിക്കപോലുമില്ല. ആ അന്തസ് തിരികെ ലഭിക്കുന്നത് നാട്ടിൽക്കൂടി മോഡിയായി വസ്ത്രങ്ങൾ ധരിച്ച് കാറിൽ സഞ്ചരിക്കുമ്പോഴാണ്. വിദേശത്ത് ആരും ശ്രദ്ധിക്കാതിരുന്ന പ്രവാസി അവിടെ ഒന്നാംക്ലാസ് ശ്രേണിയിലുള്ള വിശിഷ്ട വ്യക്തിയായി കരുതപ്പെടും.  

 

കാലത്തിന്റെ നീർച്ചുഴിയിൽ സ്നേഹിച്ചിരുന്ന ബന്ധുജനങ്ങളുടെയും പ്രവാസികളുടെയും ചിന്തകൾ അപ്പാടെ മാറിപ്പോയി. ഇന്ന് ഏറ്റവും അസൂയപിടിച്ചവരായവർ ഒരിക്കൽ നമ്മെ സ്നേഹിച്ചിരുന്ന ബന്ധുജനങ്ങളും സുഹൃത്തുക്കളുമായിരിക്കും. സാമ്പത്തികമായ സുഖസൗകര്യങ്ങളും പണവും പ്രതാവും നേടിയെങ്കിലും പ്രവാസിക്ക് നഷ്ടപ്പെട്ടത് ഏറെയാണ്‌. കുടിയേറ്റക്കാരനായ പ്രവാസിയുടെ പ്രയത്നം മൂലം സ്വന്തം സഹോദരങ്ങളെയും കുടുംബത്തെയും മെച്ചപ്പെടുത്തിയെങ്കിലും അവരുടെയിടയിലും പ്രവാസി ഏകനാണ്. അവരാരും അയാളുടെ ദുഖത്തിൽ പങ്കുചേരില്ല. പുതിയ ജീവിതം, പുതിയ സമൂഹം, പുതിയ കൂട്ടുകാരായി സാവധാനം പഴയതിനെ മറക്കാനും തുടങ്ങും. പതിയെ പതിയെ സ്വന്തം ഇഷ്ടക്കാരുടെ മുമ്പിലും പ്രവാസി അപ്രധാനമാകും


 

അംബരചുംബികളായ കെട്ടിടങ്ങളുടെയും വീഥികളുടെയും മദ്ധ്യേ ചലിക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്ന പ്രവാസി പില്ക്കാല ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കുകയാണെങ്കിൽ സ്വന്തം ജീവിതാനുഭവങ്ങൾ പലതും തമാശ നിറഞ്ഞതെന്ന് തോന്നിപ്പോവും. മണ്ണെണ്ണവിളക്കിന്റെ പുകയിൽ പരീക്ഷയ്ക്ക് പഠിച്ചകാലങ്ങളും കാല്നടയായി ഒന്നും രണ്ടും മൈലുകൾ സ്കൂളിൽ നടന്നുപോയതും സ്കൂളില്പ്പോകാൻ കഷ്ടിച്ച് രണ്ടോ മൂന്നോ വസ്ത്രങ്ങൾകൊണ്ട് തൃപ്തിപ്പെട്ടതും ജീവിക്കാൻവേണ്ടി അന്നുള്ള മാതാപിതാക്കളുടെ നെട്ടോട്ടവും പായ്ച്ചിലുമെല്ലാം ഇന്നലത്തെപ്പോലെ മനസ്സിൽ തെളിഞ്ഞു വരും. വടക്കേഇൻഡ്യയിൽ അന്ന് ജോലിയെങ്കിൽ ഉപ്പേരിയും കപ്പ വറുത്തതും പഴഞ്ചൻവസ്ത്രങ്ങളും നിറച്ച തകരപ്പെട്ടികളുമായി തീവണ്ടിയിൽ സീറ്റ് പിടിക്കാൻ ഉന്തും തള്ളുമായി തത്രപ്പെട്ടതും ഈ പ്രവാസി തന്നെയായിരുന്നു. 

 
അതിനുശേഷം സ്വാനുഭവ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വന്നിരിക്കുന്നു. മാതാപിതാക്കളും  സഹോദരികളും സഹോദരരുമടങ്ങിയ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ മുമ്പിൽക്കണ്ട നാം അന്ന് ഒരു പക്ഷെ സ്വന്തം വീട്ടിൽനിന്ന് രക്ഷപ്പെടാൻ വിദേശത്ത് പോവുകയെന്ന തീരുമാനം എടുത്തത് ശരിയായിരിക്കാം. നമുക്ക് അക്കാലത്ത് മറ്റൊരു വഴിയില്ലായിരിക്കാം. ജനിച്ച നാടിനെയും സുഹൃത്തുക്കളെയും ഓടിച്ചാടി നടന്ന മലകളെയും കുന്നുകളെയും താഴ്വരകളെയും ഊടുവഴികളെയും അയൽവാസികളെയും തൊട്ടടുത്തുള്ള മുറുക്കാൻ ചായക്കടക്കാരെയും സ്വന്തം രാജ്യത്തെയും ഉപേക്ഷിച്ച് അന്ന് വിട പറയേണ്ടിവന്നു. ചിലർ ജനിച്ചനാട്ടിലെ ആറ്റിൻതീരത്തുകൂടി മീൻ പിടിച്ചുനടക്കാനും ഇന്ന് സ്വപ്നം കാണുന്നു. ഭൂരിപക്ഷം ജനങ്ങളും നമ്മുടെ നാടിനോട് എന്നേക്കുമായി വിടപറയേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചുകാണുകയില്ല.

അന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോൾ പൂർവികരാൽ നാം പടുത്തുയർത്തിയ നമ്മുടെ പാരമ്പര്യത്തെ, സംസ്ക്കാരത്തെ മങ്ങലേൽപ്പിച്ചുകൊണ്ട് പിന്തലമുറകൾക്കായി പുതിയ ഒരു സംസ്ക്കാരത്തെ സ്വീകരിക്കേണ്ടി വരുമെന്നും ഓർത്തുകാണില്ല. നമ്മോടൊപ്പവും നമുക്ക് ചുറ്റും ജീവിച്ചവരോടും മടങ്ങിവരുമെന്നുള്ള വാഗ്ദാനമായിട്ടാണ് ആദ്യമായി ഓരോരുത്തരും വിദേശത്തേക്ക് യാത്രതിരിക്കുന്നത്. എന്നാൽ നമ്മിൽ ചുരുക്കം ചിലർ മാത്രമേ ആ പ്രത്യാശ പൂർത്തിയാക്കിയിട്ടുള്ളൂ. 

 
നാം തെരഞ്ഞെടുത്തതായ രാജ്യത്ത് അവസരങ്ങൾ ഏറെയുണ്ടായിരുന്നുവെന്നതും സത്യമാണ്. ദൈനംദിന ജീവിതത്തിലെ സൌകര്യങ്ങൾ,   പരിഷ്കൃതമായ ഒരു ലോകം, കൂടുതൽ കൂടുതൽ ആഡംബര വസ്തുക്കൾ മേടിക്കാനുള്ള കഴിവ് വിലകൂടിയ കാറുകളും വീടുകളുമെല്ലാം പ്രവാസിജീവിതത്തിന്റെ സവിശേഷതകളാണ്. എന്നാൽ വാസ്തവത്തിൽ ഇന്ത്യയിൽനിന്ന് മറ്റൊരുരാജ്യത്ത് പുതിയതായി വരുന്ന ഒരാൾക്ക് ഭാഷയും വിദ്യാഭ്യാസ യോഗ്യതയും എന്നും പ്രശ്നമായിരുന്നു.  മറ്റൊരുരാജ്യത്തെ സാമൂഹിക പെരുമാറ്റങ്ങളും ആചാരങ്ങളുമെല്ലാം തികച്ചും പുതുമയായി അനുഭവപ്പെടും. നാം ഇന്ത്യയിൽ ആയിരുന്നപ്പോഴും ഇംഗ്ലീഷ് സംസാരിച്ചിരുന്നു. നമ്മുടെ വിദ്യാഭ്യാസകാലംതന്നെ കൂടുതലും ഇംഗ്ലീഷ് ഭാഷയിൽ ആയിരുന്നു. ഇന്ന് അധിവസിക്കുന്ന പുതിയ രാജ്യത്തിലെ ജീവിത സൌകര്യങ്ങളുമായി ഇടപഴുകുമ്പോൾ ഭാഷയുടെ പരിജ്ഞാനമല്ല പ്രധാനം.  ആശയവിനിമയത്തിന് അത്യാവശ്യമായുള്ളത് നമ്മുടെ സംസാരരീതിയുടെ മാറ്റമാണ്. പ്രത്യേകമായ ഉച്ഛാരണത്തോടുകൂടിയ ഇന്ത്യൻ ഇംഗ്ലീഷ് അല്ലെങ്കിൽ മംഗ്ലീഷ് ദൈനംദിനം ജീവിതത്തിൽ കണ്ടുമുട്ടുന്ന പ്രവാസിരാജ്യത്തുള്ള ജനങ്ങൾക്ക് മനസിലാകുവാനും പ്രയാസമാണ്. സംസാരിക്കുന്ന ഭാഷയിൽ വ്യാകരണമോ സ്പെല്ലിംഗോ പ്രശ്നമല്ല. സംസാരിക്കുന്ന രീതിയ്ക്കാണ് ജനങ്ങളുമായി ഇടപഴുകുവാൻ ആവശ്യമുള്ളത്. ഒരു രാജ്യത്ത് വരുമ്പോൾ അവിടുത്തെ നാടോടിഭാഷയിൽ പ്രാവണ്യം നേടണം. അമേരിക്കയുടെയും ബ്രിട്ടന്റെയും ഇംഗ്ലീഷ്ഭാഷകൾ തമ്മിൽ അന്തരം ഉണ്ട്. അതുപോലെ അമേരിക്കൻ ഭൂഖണ്ഡത്തിലെ തെക്കും വടക്കുമുള്ളവരുടെയും ഭാഷകളുടെ ഉച്ഛാരണ ശൈലിയിലും വിത്യാസം കാണാം. കൂടാതെ ശരീര ആംഗ്യവും നമ്മുടെ ആശയങ്ങളെ മറ്റുള്ളവരെ മനസിലാക്കുവാൻ ആവശ്യമായി വരുന്നു. പുതിയതായി ഒരു സമൂഹത്ത് ജീവിക്കുമ്പോൾ അവിടെ വിജയിക്കണമെങ്കിൽ ശരിയായ ആശയവിനിമയവും ആവശ്യമാണ്. അന്നാട്ടിലെ ഭാഷകളുടെ വൈദഗ്ദ്ധ്യം നേടാനും സമയമെടുക്കും. 

 
 പ്രവാസി രാജ്യത്ത് കാണുന്നതെല്ലാം എന്നും പുതമയാണ്. വ്യത്യസ്തമായ ഒരു ലോകവും സംസ്ക്കാരവുമായി എന്നും ഒത്തുപോവണം. ഭാഷ കൂടാതെ ഷോപ്പിംഗ്‌പ്രദേശങ്ങൾ, റോഡുകൾ, ഹൈവേകൾ, ഭൂപ്രദേശങ്ങൾ മനുഷ്യരുടെ പെരുമാറ്റചട്ടങ്ങൾ, വിവിധ സംസ്ക്കാരബന്ധങ്ങൾ എല്ലാം വിഭിന്നമാണ്. സർവ്വതും ഒറ്റ രാത്രികൊണ്ട്‌ മനസിലാക്കാൻ സാധിക്കുന്നതല്ല. അവസരങ്ങൾ ധാരാളം ഉണ്ടെന്നുള്ള പ്രതീക്ഷയിലാണ് നാം വിമാനം കയറുന്നത്. എന്നാൽ അത് മുഴുവൻ സത്യമായിരിക്കണമെന്നില്ല. നമ്മൾ ഉദ്ദേശിക്കുന്ന തൊഴിൽമേഖലകൾ കണ്ടെത്തണമെന്നില്ല. സ്വപ്നത്തിൽ കാണുന്ന ജോലി ലഭിക്കാത്തപ്പോൾ നിരാശനാകും.
 
 അമേരിക്കയിലെയും യൂറോപ്പിലെയും ഇന്ത്യാക്കാർ പ്രൊഫഷനൽ മേഖലയിലെ വിവിധതുറകൾ പലതും കീഴടക്കി. അവരിൽ ഡോക്ടർമാർ, എഞ്ചിനീയർമാർ, ഭരണത്തിലുള്ളവർ, ഉന്നത തൊഴിലുകളിലെ വമ്പൻ ബോസുമാർ അങ്ങനെ സമൂഹത്തിൽ അനേകരുണ്ട്. അവർക്കെല്ലാം സുഖകരമായ ജീവിതവും,   കൊട്ടാരംപോലുള്ള വീടുകളും ആധുനിക ജീവിത സൌകര്യങ്ങളുമുണ്ടാകാം. എന്നാൽ ജീവിതത്തിൽ വിജയികളായ ഇവരെ അന്നാട്ടിലുള്ളവർ ഗൗനിക്കാറില്ല. പ്രവാസികളെ ആ രാജ്യത്തുള്ളവർക്ക് പുച്ഛമായും കാണുന്നു. സംസ്ക്കാരമുള്ള ഉയർന്ന തൊഴിലുള്ളവരെയും അന്നാട്ടുകാർ അസൂയയോടെ കാണുന്നു. തൊഴിലില്ലായ്മ കാരണം അവിടെയുള്ളവരുടെ അവസരങ്ങളെ നഷ്ടപ്പെടുത്തി രാജ്യത്തെ തൊഴിലുകൾ ചൂഷണം ചെയ്തുവെന്നുള്ള ചിന്തകളാണ് പ്രവാസി താമസിക്കുന്ന നാട്ടിലെ നാട്ടുകാർക്കുള്ളത്.  

ജന്മനാട്ടിൽ പ്രവാസിയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടിന് തികച്ചും വിപരീതമായിട്ടാണ് വിദേശത്ത് താമസിക്കുമ്പോൾ ലഭിക്കുന്നത്. അഭിമാനപൂർവ്വം സ്വന്തം രാജ്യത്ത് തല ഉയർന്നുനടന്നവന് വിദേശത്ത് വരുമ്പോൾ തലതാഴ്ത്തി നടക്കണം. പ്രവാസികൾ പ്രത്യേകിച്ച് ഒന്നാംതലമുറകൾ സ്വന്തം അന്തസിനെ, മൂല്യങ്ങളെ അവരുടെ സാമൂഹിക ഉൽകൃഷ്ടയെ, വ്യക്തിത്വത്തെ ഈ നാട്ടിൽ പണയം വെച്ചുവെന്നതാണ് സത്യം. മഹാഭൂരിപക്ഷമുള്ള ജനതയിൽനിന്നും അകന്ന് ന്യൂനപക്ഷ ജനതയുമായി ഒത്ത് ജീവിതം പടുത്തുയർത്തണം. പുതിയ രാജ്യത്തിന്റെ നിയമങ്ങളും ആചാരങ്ങളും പഠിക്കണം. എല്ലാം ആരംഭംമുതൽ തുടങ്ങണം. മാതൃഭാഷയുടെ പുരോഗമനംമൂലം കാലാന്തരത്തിൽ സ്വന്തം ഭാഷയ്ക്കുതന്നെ വിത്യാസം വരും. പുതിയ സാഹചര്യങ്ങളും ജീവിതവുമായി പൊരുത്തപ്പെടണം. വിദേശിയുടെ ജീവിതരീതിയെ പഠിച്ച് അവരെ പിന്തുടരണം. അനേക വർഷങ്ങൾകൊണ്ട്‌ ഒരു പ്രവാസിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവൻ സ്വയം അറിയുന്നില്ല. അവൻ അറിയാതെ മറ്റൊരു മനുഷ്യനാകുന്നത് ഒരു പക്ഷെ പതിറ്റാണ്ടുകൾ കൊണ്ടായിരിക്കാം.  

  
തെരഞ്ഞെടുത്ത രാജ്യത്തുള്ള പ്രവാസിയുടെ ജീവിതം ഇത്രമാത്രം മാനസികസമ്മർദം നൽകുന്നുവെങ്കിൽ പിന്നെ എന്തുകൊണ്ട് സ്വന്തം രാജ്യത്ത് മടങ്ങിവരുന്നില്ലായെന്ന് ചോദ്യം ഉയരാം. വിദേശത്ത് താമസിക്കുമ്പോൾ സ്വന്തം ദേശത്തെക്കാൾ മറ്റ് പല നേട്ടങ്ങളുമുണ്ട്. ഉദാഹരണമായി പരിഷ്കൃത രാജ്യത്തുള്ള ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളുടെ മേന്മ സ്വന്തം രാജ്യത്ത് ലഭിക്കുകയില്ല. കുട്ടികളുടെ വിദ്യാഭ്യാസവും ജോലി അവസരങ്ങളും മെച്ചപ്പെട്ടത് അമേരിക്കാ, യൂറോപ്പ് മുതലായ രാജ്യങ്ങളിലായിരിക്കാം.

മറ്റൊരു രാജ്യത്തിന്റെ പൌരത്വം എടുത്തെങ്കിലും മിക്കവരുടെയും മനസിനുള്ളിൽ അവർ ഭാരതിയരെന്നുള്ള ചിന്തകളുമുണ്ട്. പുതിയ സംസ്ക്കാരവും പുതിയ ജീവിതവുമായി ഒത്തിണങ്ങിയ ഭൂരിഭാഗം പ്രവാസികളും അവരുടെ ബന്ധുജനങ്ങളെയും കുടിയേറാൻ സഹായിച്ചിട്ടുണ്ടാകാം. ചുറ്റും ബന്ധുജനങ്ങൾ പ്രവാസി രാജ്യത്തുള്ളപ്പോൾ സ്വന്തം രാജ്യത്തിലേക്ക് മടങ്ങിവന്നാലും ഒറ്റപ്പെട്ട ജീവിതമായിരിക്കാം അനുഭവപ്പെടുന്നത്. എന്നിരുന്നാലും സ്വപ്നങ്ങൾ കാണുകയെന്നത് മനുഷ്യസഹജമാണ്. എത്രമാത്രം നാം ഉന്നതങ്ങളിൽ എത്തി വിജയിച്ചാലും നമ്മുടെതായ പഴങ്കാല സംസ്ക്കാരത്തിന്റെ ഒർമ്മകൾ നമ്മെ പുറകോട്ടുള്ള കാലത്തേക്ക് വഹിച്ചുകൊണ്ട്    പോകും.  നല്ലൊരു ഭാവിക്കായി സ്വപ്നം കാണാത്തവർ ആരുമുണ്ടാവുകുയില്ല. അതേസമയം സ്വന്തം നാട്ടിലെ കുട്ടിക്കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ മനസ്സിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കും. ഇന്നലെകളുടെ ഭാരതത്തിലെ സാമൂഹികവും സാംസ്ക്കാരികവുമായ പരിവർത്തനഘട്ടങ്ങളും മനസിലെന്നും ഉദിച്ചുവന്നുകൊണ്ടിരിക്കും. കുറച്ചുപേർക്ക് മടങ്ങിപോവാൻ ആഗ്രഹം വന്നേക്കാം. കാരണം അവിടെ സുഹൃത്തുക്കളും ബന്ധുക്കളും പ്രായമായ മാതാപിതാക്കളും ജീവിച്ചിരിപ്പുണ്ടാകാം.

'മടങ്ങണോ  പ്രവാസി ജീവിതം തുടരണോ' എന്നിങ്ങനെ ഉത്തരം കാണാതെ പ്രവാസിയുടെ മനസ് സദാ ചഞ്ചലിച്ചുകൊണ്ടിരിക്കും. അമേരിക്കാപോലുള്ള രാജ്യത്ത് വളർന്ന പുതിയ തലമുറയിലെ ചെറുപ്പക്കാരായവർ അവർ ജനിച്ചുവളർന്ന മണ്ണിന്റെ സംസ്ക്കാരത്തെ പൂർണ്ണമായും തെരഞ്ഞെടുത്തുകഴിഞ്ഞു. അവരുടെ മാതാപിതാക്കളുടെ രാജ്യത്തോട് കൂറ് കണ്ടെന്നിരിക്കില്ല. അതേസമയം കുടിയേറ്റക്കാരായി വന്നവർക്ക് നാടുമായി എന്നും ഒരു ബന്ധം കാണും. സാമ്പത്തികവും കുടുംബ കാരണങ്ങളും കൊണ്ട് അവർ തെരഞ്ഞെടുത്ത പ്രവാസിജീവിതത്തിൽ സ്ഥിരമായിപ്പോവും.  മനസിലെ പോരാട്ടത്തിൽ ജനിച്ചനാടിനെ ത്യജിച്ച് അവസാനം പ്രവാസിമണ്ണിലും അന്ത്യം കുറിക്കും. ഭാഗികമായ ഇന്ത്യയിലെ താമസമല്ലാതെ ഭൂരിഭാഗം പ്രവാസികളും സ്ഥിരമായി മടങ്ങിപ്പോവാറില്ല.പുഴകൾ പാടുന്ന നാടും സ്നേഹം നല്കുന്ന വീടും നെഞ്ചിലടിക്കുന്ന മോഹങ്ങളും ഇന്ന് പ്രവാസിയുടെ
ഗാനങ്ങളിലില്ല.


 


 
 

 
 

 


 


 


 


 
 

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...